മനുഷ്യനു വേണ്ടി ഒരു പ്രസിദ്ധീകരണം

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികാഘോഷ ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ നടത്തിയ മുഖ്യ പ്രഭാഷണത്തിന്റെ പൂർണ രൂപം. മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇവിടെ വരാനും സംസാരിക്കാനും എന്നേക്കാൾ അർഹതയുള്ള അധികം ആളുകളൊന്നും ഇവിടെ ഇല്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ഇത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഞാൻ കുറച്ച് കാലം വക്കീലായിരുന്നു. അവിടെ തെളിവുകളാണ് പ്രധാനം. മാധ്യമം ആഴ്ചപ്പതിപ്പ് 25 കൊല്ലം മുമ്പേ ആരംഭിച്ചു. അത് തുടങ്ങുന്നതിന് മുമ്പു തന്നെ അതിന്റെ ഭാരവാഹികൾ എന്നോട് ഒരു ഇന്റർവ്യൂവിന് ആവശ്യപ്പെട്ടിരുന്നു. അന്ന് കണ്ണൂരിൽ 'മാധ്യമ'ത്തിന്റെ പ്രതിനിധിയായ...

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികാഘോഷ ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ നടത്തിയ മുഖ്യ പ്രഭാഷണത്തിന്റെ പൂർണ രൂപം. 

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇവിടെ വരാനും സംസാരിക്കാനും എന്നേക്കാൾ അർഹതയുള്ള അധികം ആളുകളൊന്നും ഇവിടെ ഇല്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ഇത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഞാൻ കുറച്ച് കാലം വക്കീലായിരുന്നു. അവിടെ തെളിവുകളാണ് പ്രധാനം. മാധ്യമം ആഴ്ചപ്പതിപ്പ് 25 കൊല്ലം മുമ്പേ ആരംഭിച്ചു. അത് തുടങ്ങുന്നതിന് മുമ്പു തന്നെ അതിന്റെ ഭാരവാഹികൾ എന്നോട് ഒരു ഇന്റർവ്യൂവിന് ആവശ്യപ്പെട്ടിരുന്നു. അന്ന് കണ്ണൂരിൽ 'മാധ്യമ'ത്തിന്റെ പ്രതിനിധിയായ അനിൽ കുരുടത്തിലൂടെയായിരുന്നു അത്. അനിൽ വളരെ പ്രാപ്തനായ യുവാവായിരുന്നു. എനിക്ക് ഏറെ സ്നേഹവും ബഹുമാനവുമുള്ള ചെറുപ്പക്കാരൻ. ഒരു ഇന്റർവ്യൂ നമുക്ക് കൂടിയേ തീരൂ. ഇങ്ങനെ ഒരു പുതിയ വാരിക തുടങ്ങുന്നുണ്ടെന്നും പറഞ്ഞു. അപ്പോഴൊക്കെ അതിൽനിന്ന് ഒഴിഞ്ഞുമാറി. കാരണവും ഞാൻ വ്യക്തമാക്കി.

എനിക്ക് വളരെ കുട്ടിക്കാലം മുതൽക്കുതന്നെ രാഷ്ട്രീയമായ ഉറച്ച വിശ്വാസങ്ങളുണ്ട്. അത് ഇന്നും ഉണ്ട്. ഒരാളുടെ മുന്നിലും ഞാൻ തല കുനിച്ചിട്ടില്ല. ഞാൻ അനിലിനോട് പറഞ്ഞു, എടോ, ഞാൻ ജമാഅത്തെ ഇസ്‍ലാമിയിലോ മൗലാന മൗദൂദിയിലോ വിശ്വസിക്കുന്നവനല്ല. ഞാൻ പറയുന്നത് രോചകമായി തോന്നണമെന്നില്ല. പിന്നെ എന്തിനാണ് വെറുതെ ഒരു വിഷമം വിളിച്ചുവരുത്തുന്നത്. അങ്ങനെ അല്ല എന്ന് പറഞ്ഞ് ദിവസവും എന്നെ ശല്യപ്പെടുത്തുന്ന അനിൽ ഒരുദിവസം പറഞ്ഞു. ഇതാ, മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കം വന്നു. രണ്ടാം ലക്കം... മൂന്നാം ലക്കം... ഒടുവിൽ അനിലിനോടുള്ള സ്നേഹംകൊണ്ട് മാത്രം ഞാൻ അഭിമുഖത്തിന് സമ്മതിച്ചു. പക്ഷേ ഒരു കണ്ടീഷൻ വെച്ചു. ഞാൻ പറയുന്നത് മുഴുവൻ വാരികയിൽ വരണം. വള്ളി പുള്ളി കോമ വ്യത്യാസം വരരുത്. ഒരു കാര്യവും നിങ്ങൾ ഒഴിവാക്കരുത്. ഒന്നും കൂട്ടിച്ചേർക്കാനും പാടില്ല. ഇത്തരം പ്രവൃത്തികൾ മലയാളത്തിലെന്നല്ല മറ്റുഭാഷകളിൽ ഇപ്പോഴും നടക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അത് പറഞ്ഞത്. അപ്പോൾ അനിൽ പറഞ്ഞു, ഒരിക്കലും സംഭവിക്കുകയില്ല. ഞാൻ ചോദിച്ചു, സംഭവിച്ചാലോ? അന്ന് ഞാൻ രാജിവെക്കും എന്നായിരുന്നു മറുപടി. കുറച്ച് സമയം ആലോചിച്ച ശേഷം ഞാൻ പറഞ്ഞു. അനിലേ ഞാൻ തയാറാണ്. എപ്പോൾ വേണമെങ്കിലും റെഡി. ആ അഭിമുഖം നടന്നു. അത് കവർസ്റ്റോറിയായി ആഴ്ചപ്പതിപ്പിന്റെ പത്താമത്തെ ലക്കത്തിൽ വന്നു. സത്യത്തിൽ അത് ഒന്നാമത്തെ ലക്കത്തിൽ വരേണ്ടതായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, ഞാൻ 'മാധ്യമ'ത്തിന്റെ പ്രസാധകർക്ക്, അതിന്റെ സാരഥികൾക്ക് അവർ വിശ്വസിക്കുന്ന രാഷ്ട്രീയസംഹിതകൾക്ക് രുചിക്കാത്ത കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു. കോപ്പി കൈയിൽ കിട്ടിയപ്പോൾ വളരെ ധൃതിയിൽ ആ ഭാഗങ്ങളിലേക്ക് മറിച്ച് പോയപ്പോൾ എല്ലാം ഞാൻ പറഞ്ഞതുപോലെ തന്നെ, ഒന്നും എടുത്തുകളഞ്ഞിട്ടില്ല, ഒന്നും കൂട്ടിച്ചേർത്തിട്ടില്ല. അന്ന് തുടങ്ങിയ ബന്ധമാണ് അനുസ്യൂതമായി ഒരു വിരക്തിയുമില്ലാതെ ഇന്നും തുടർന്നുവരുന്നത്. 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ സഹോദര പ്രസിദ്ധീകരണങ്ങളായ ദിനപത്രം, മാധ്യമം ഞായർപതിപ്പ്, മീഡിയവൺ എന്നിവിടങ്ങളുമായി ബന്ധം പുലർത്താൻ ഈ കാലയളവിൽ എനിക്ക് സാധിച്ചിട്ടുണ്ട്. എനിക്ക് ഒരിക്കലും സങ്കടപ്പെടേണ്ടിവന്നിട്ടില്ല. പരിഭവം പറയാനും ഇടവന്നിട്ടില്ല. എനിക്ക് എന്റെ രാഷ്ട്രീയവിശ്വാസം, 'മാധ്യമ'ത്തിന് അവരുടെ വിശ്വാസം. മാധ്യമം ആഴ്ചപ്പതിപ്പിനെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം പറയാനുണ്ട്. ഇത് ഒരു രാഷ്ട്രീയ വാരികയല്ല. അത് ഒരു സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണം മാത്രമായിട്ടാണ് അന്ന് മുതൽ ഇന്നും എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഏത് മികച്ച സാഹിത്യപ്രസിദ്ധീകരണങ്ങളെയും ആനുകാലികങ്ങളെയും തട്ടിച്ചുനോക്കിയാൽ ആരംഭകാലം മുതൽ ഇന്നോളം ഒട്ടും പിറകിലല്ല.

ഇനി മറ്റൊരു കാര്യം, ''മനുഷ്യനു വേണ്ടി ഒരു പ്രസിദ്ധീകരണം തുടങ്ങുന്നു''. വളരെ മനോഹരമായ മുദ്രാവാക്യം. അപ്പോൾ ചോദിക്കാം, ഇതുവരെയുള്ള മറ്റു പ്രസിദ്ധീകരണങ്ങൾ മനുഷ്യർക്കു വേണ്ടി അല്ലായിരുന്നോവെന്ന്. സത്യത്തിൽ മനുഷ്യനായി പിറന്നതുകൊണ്ടു മാത്രം ഒരുവൻ മനുഷ്യനാവുമോ. ആലോചിക്കേണ്ടതാണ്. പൂണൂലിട്ടതുകൊണ്ടോ ഭസ്മംപൂശിയതുകൊണ്ടോ ഒരുവൻ ബ്രാഹ്മണനാവണമെന്നില്ല. അവൻ ബ്രഹ്മജ്ഞാനിയാവണം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലെതന്നെയാണ് മനുഷ്യന്റെ കാര്യത്തിലും. സത്യത്തിൽ ഇതിന്റെ സ്ഥാപകർക്ക് അഭിമാനിക്കാം. ഇത് മനുഷ്യർക്കു വേണ്ടിയുള്ള പ്രസിദ്ധീകരണംതന്നെയാണ്. മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നും എഴുതിയാൽ കിട്ടുന്നതിനേക്കാൾ കൂടുതലൊന്നും 'മാധ്യമം' ഇതുവരെ തന്നിട്ടില്ല. ചിലപ്പോൾ കുറവുമായിരിക്കാം. തരാറുണ്ട്, തരാതിരുന്നിട്ടില്ല. അല്ലെങ്കിൽ നിങ്ങൾ വിചാരിക്കും പണം കൊടുത്ത് പറയിക്കുന്നതാണെന്ന്. അല്ലേ അല്ല

മാധ്യമം രജത ജൂബിലി ഉദ്ഘാടന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ ജ്ഞാനപീഠ ജേതാവ് ദാമോദർ മൗജോക്കൊപ്പം

'മാധ്യമ'ത്തിന്റെ എല്ലാ വിഭാഗങ്ങളിലുംപെട്ട പ്രസിദ്ധീകരണങ്ങളുമായി തുഞ്ചൻപറമ്പിൽ ഇവർ നടത്തിയ വളരെ പ്രസിദ്ധമായ സാഹിത്യസമ്മേളനങ്ങളിലാവട്ടെ, അതല്ലെങ്കിൽ ഈ അടുത്തകാലത്ത് പുതുതായി ഒരു പ്രസിദ്ധീകരണവിഭാഗം ആരംഭിച്ചപ്പോൾ, ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നപ്പോൾ -ഇങ്ങനെ എല്ലാ സംരംഭങ്ങളിലും ഭാഗഭാക്കാവാൻ ഭാഗ്യം സിദ്ധിച്ച ഏകവ്യക്തി ഒരുപക്ഷേ ഞാനായിരിക്കും. ഏറ്റവും ഒടുവിൽ പ്രസിദ്ധീകൃതമായ സ്മരണികയെന്നോ വിശേഷാൽ പതിപ്പെന്നോ എന്താ വിളിക്കുന്നത്... ആ പ്രസിദ്ധീകരണത്തിലും എന്റെ ഓർമകളുണ്ട്. ഇനിയും തുടർന്നെഴുതാൻ കഴിയും എന്നാണ് എന്റെ വിശ്വാസം, നിങ്ങൾ ആവശ്യപ്പെടുന്ന കാലംവരെ. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് പതിനായിരങ്ങൾ പങ്കെടുത്ത മഹാസമ്മേളനത്തിൽ ഞാൻ ഒരു കാര്യം പറയുകയുണ്ടായി. ചില പത്രങ്ങളിൽ അത് അച്ചടിച്ച് വന്നിട്ടുണ്ട്. ഞാൻ മീഡിയവൺ മാധ്യമത്തിന്റെ പേരെടുത്ത് പറയാതെ ഒരു ദൃശ്യമാധ്യമത്തിന്റെ ദുര്യോഗത്തെ കുറിച്ചാണ് സംസാരിച്ചത്. ജനങ്ങൾ വളരെ ശ്രദ്ധാപൂർവം സഹാനുഭൂതിയോടെയാണ് അത് ശ്രദ്ധിച്ചത്. ഞാൻ പറഞ്ഞു, കാലം മാറുകയാണ്. ഞാൻ നിയമം പഠിച്ച ഒരു വ്യക്തിയാണ്. ഒരുവൻ കുറ്റംചെയ്തിട്ടുണ്ടെങ്കിൽ എന്താണ് കുറ്റമെന്ന് അവൻ അറിയണം. അവന്റെ വക്കീൽ അറിയണം, അവനെതിരായ തെളിവുകളുടെ കോപ്പികൾ അവന് കിട്ടണം. വിധിക്കപ്പെട്ട് കഴിഞ്ഞാൽ എെന്തങ്കിലും പറയാൻ ഉണ്ടോ എന്ന് കോടതി ചോദിക്കും. നാട്ടിലുള്ള പൊതുരീതിയാണിത്. പക്ഷേ, അടുത്തകാലത്തായി മറ്റൊരു രീതി വന്നിട്ടുണ്ട്. ഒരു വ്യക്തിയോടോ സ്ഥാപനത്തോടോ അനിഷ്ടം ഉണ്ടായാൽ അവരെ ചാർജ് ചെയ്ത് ജയിലിൽ ഇടുക. ദൃശ്യമാധ്യമങ്ങളൊക്കെ അവയുടെ പ്രസിദ്ധീകരണം ക്ലിപ്തകാലഘട്ടത്തിലേക്കാണ്. അത് കഴിഞ്ഞാൽ ലൈസൻസ് വീണ്ടും പുതുക്കണം. 'മീഡിയവണി'ന്റെ കാലം കഴിഞ്ഞപ്പോൾ അവർക്ക് അത് പുതുക്കി കൊടുക്കുകയുണ്ടായില്ല. എന്തുകൊണ്ടാണ് എന്നുള്ളത് പറയുകയുമുണ്ടായില്ല. 'മീഡിയവൺ' ഹൈകോടതിയിൽ പോയപ്പോൾ ഗവൺമെന്റ് ഒരു സീൽ വെച്ച രഹസ്യകവർ ജഡ്ജിക്ക് സമർപ്പിച്ചു. ഇതിന്റെ ഉള്ളിലെന്താണ്..? ഒരു കാലി കവറാണോ, വെറും വെള്ളക്കടലാസ് മാത്രമാണോ ഇതൊന്നും 'മീഡിയവണി'ന്റെ അധികാരികൾക്കോ വക്കീലിനോ അറിയില്ല. പൊതുവെ ഇന്ത്യയിൽ നടന്നിട്ടുള്ളത് ഇതുപോലുള്ള സീൽ വെച്ച കവറുകൾ കിട്ടിയാൽ, ഗവൺമെന്റിന്റെ ഇംഗിതത്തിനെതിരായി ഒരു ജഡ്ജിയും പിന്നീട് പ്രവർത്തിക്കില്ല. അതുപോലെ തന്നെയാണ് കേരള ഹൈകോടതിയിലും സംഭവിച്ചത്. 'മീഡിയവണി'ന്റെ പ്രസിദ്ധീകരണം പുനരാരംഭിക്കാൻ അനുമതി ലഭിച്ചില്ല. ഡിവിഷൻ ബെഞ്ചിലേക്ക് പോയി, അവിടെയും ഇത് ആവർത്തിച്ചു. പിന്നീട് അവസാന ആശ്രയമായ സുപ്രീംകോടതിയിലേക്ക് പോയി. ഇന്ത്യയിൽ അല്ലെങ്കിൽ 'മാധ്യമം' തന്നെ പറയുന്ന, മനുഷ്യരിൽ യഥാർഥ മനുഷ്യരിൽ എനിക്കുള്ള വിശ്വാസം ഉറപ്പിക്കുന്ന അനുഭവമാണ് സുപ്രീംകോടതിയിൽനിന്നുണ്ടായത്. അവിടത്തെ ചീഫ് ജസ്റ്റിസ് സംശയരഹിതമായ രീതിയിൽ ശകലം ദേഷ്യത്തോടുകൂടി ചാട്ടവാറുകൾപോലുള്ള വാക്കുകൾ ഉപയോഗിച്ചുകൊണ്ട് പറഞ്ഞു: ''ഇത് എനിക്ക് അംഗീകരിക്കാൻ കഴിയുകയില്ല, ഈ സീൽ വെച്ച കവറുകൾ, എന്താണ് ചേംബറിൽ നടക്കുന്നത് എനിക്കറിയില്ല. എന്താണ് നടക്കുന്നതെന്ന് പ്രതിക്കറിയില്ല, പ്രതിയുടെ അഭിഭാഷകനറിയില്ല.'' അദ്ദേഹം അതിനിശിതമായി, ഇതിനോട് എനിക്ക് യോജിക്കാൻ കഴിയുകയില്ല എന്ന് അർധശങ്കക്കിടയില്ലാത്തവിധം പറയുകയും ചെയ്തു. കോടതി അന്തിമമായ തീർപ്പ് കൽപ്പിച്ചിട്ടില്ല. പക്ഷേ, എന്താണ് വരാൻ പോകുന്നത് എന്ന് അന്ന് കോടതിയിൽ പറഞ്ഞ വാക്കുകൾ ധാരാളം. ഒരു കാര്യം, 'മീഡിയവണി'നോട് നിങ്ങൾ പ്രസിദ്ധീകരണം തുടർന്നോളൂ... അന്തിമവിധി വരുംവരെ എന്നു പറയുകയുംചെയ്തു. ഈ വസ്തുതകൾ, അങ്ങനെയുള്ള കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് ആ മഹാസമുദ്രത്തോട് ഞാൻ പറഞ്ഞപ്പോൾ വളരെ ആവേശകരമായ പ്രതികരണമാണ്, പ്രോത്സാഹനജനകമായ പ്രതികരണമാണ് സദസ്സിൽനിന്നുണ്ടായത്. ഇത് ശുഭോദർക്കമായ ഒരു കാര്യമാണ്. മൂന്നാറും ടാറ്റാ ടീയുമൊക്കെ കോർപറേറ്റുകൾ വിചാരിച്ചപോലെ നടക്കണമെന്നില്ല. ഇവിടെ എല്ലാ കോടതികളും ഒരുപോലെ ചിന്തിക്കണം എന്നുമില്ല. തീർച്ചയായും കാറ്റ് വീശുകയാണ്. 25 കൊല്ലക്കാലം ഒരു പ്രസിദ്ധീകരണത്തിന്റെ ജീവിതത്തിൽ അത്ര നീണ്ട കാലയളവല്ല. പക്ഷേ, ഈ 25 കൊല്ലക്കാലവും സാർഥമായാണ് ജീവിച്ചതെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. ഇനിയും ഇതേ രീതിയിൽ മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആശിച്ചുകൊണ്ട് നിങ്ങളുടെ രാഷ്ട്രീയ പ്രമാണങ്ങളിൽ വിശ്വാസം ഇല്ലാത്തവരും നിങ്ങൾക്ക് ഇവിടെ പ്രവർത്തിക്കാനുള്ള പൂർണസ്വാതന്ത്ര്യത്തിന് ഒരു വിഘാതവും കൽപിക്കുമെന്ന് എനിക്കു തോന്നുന്നില്ല. വല്ലവരും അത്തരം വിഘാതങ്ങൾ കൽപിക്കുന്നവരാണെങ്കിൽ അത് അന്തിമവിശകലനത്തിൽ വിലപ്പോകുകയുമില്ല. മാധ്യമം ആഴ്ചപ്പതിപ്പിനും അതിന്റെ എല്ലാ പ്രസിദ്ധീകരണവിഭാഗങ്ങൾക്കും എല്ലാവിധ മംഗളങ്ങളും നേർന്ന് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.

എഴുത്ത്:  ഫഹീം ചമ്രവട്ടം

Tags:    
News Summary - madhyamam weekly silver jubilee t padmanabhan Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT