എല്ലാകാലത്തും അവഗണനകൾക്കിരയായവർ, പ്രബലരുടെ താൽപര്യങ്ങൾക്കു മാത്രം പരിഗണിക്കപ്പെട്ടവർ. അത്തരക്കാരിലെ ഒരുവൻ.
സാമൂഹികപദവിയോ സാമ്പത്തികശേഷിയോ ഇല്ലാത്ത അവർണരിൽ ഒരാളുടെ മകൻ. നാരേണൻ എന്ന നാരായൻ. കുഗ്രാമങ്ങളുടെ കുഗ്രാമമായ ഒരിടത്ത് വലിയ കല്ലുകൾക്കും പാറകൾക്കും മരങ്ങൾക്കുമിടയിൽ, വാരിയും കഴുക്കോലും പനയോലയുംകൊണ്ടു മേഞ്ഞു മറച്ച ഒരു കുഞ്ഞുവീട്. അവിടെ നാലാൾക്കു നിന്നുതിരിയാൻ പറ്റുകില്ല. ആ വീട്ടിലെ തള്ളയില്ലാത്ത കൊച്ചൻ. രണ്ടാനമ്മയുടെ ഭരണവും.
ചെറുപ്പക്കാരനായ അപ്പൻ അങ്ങേരുടെ പെണ്ണാവശ്യത്തിന് കെട്ടിക്കൊണ്ടുവരുന്നവളെ, അയാളുടെ ആദ്യ സംബന്ധത്തിലെ മകനോ മകളോ രണ്ടാനമ്മ, എളാമ്മ, ഏതു പേരാണ് വിളിക്കേണ്ടത്? എന്തു വിളിച്ചാലും അവൾക്കു തൃപ്തിയുമല്ല. ഭക്ഷണവകകൾക്കു ക്ഷാമമുണ്ടെങ്കിൽ, മറ്റു പലതും ഇല്ലാത്തതിനും കാരണക്കാർ തള്ളയില്ലാത്ത മക്കളാണോ? ചോദ്യംചെയ്യപ്പെടും എന്ന പേടികൊണ്ടായിരിക്കും കൊല്ലാത്തത്. എന്നാൽ, കൊല്ലാക്കൊലയേക്കാൾ എത്രയോ ഭേദമാണ് കൊല്ലുന്നത്. ഒരുതവണത്തെ വേദനയല്ലേയുള്ളൂ, അതോടെ തീരുമല്ലോ.
വിധി മറ്റൊരു തരത്തിലായിരുന്നു. ഇല്ലായ്മകളും വല്ലായ്മകളും സഹിച്ച് അവനും കുറേശ്ശ വളരുകയായിരുന്നു. ചിലർ പറയും ദൈവാനുഗ്രഹമാണെന്ന്. എന്തൊക്കെയായാലും ഒരു സത്യമുണ്ട്. ഹതഭാഗ്യനായവനെ ദുരിതങ്ങളിൽനിന്നു കരകയറ്റണമെന്നോ, കഷ്ടപ്പെടുത്താതെ തിരിച്ചുവിളിക്കണമെന്നോ സ്രഷ്ടാവ് തീരുമാനിച്ചില്ലായിരിക്കാം.
കുട്ടിക്കാലവും ചെറുപ്പത്തിെൻറ തുടക്കവും എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടിയ ആ കുഗ്രാമത്തെപ്പറ്റി ഒാർമയിലുള്ളത് കല്ലും മുള്ളും മാത്രമാണ്. അതങ്ങനെ കിടന്നോെട്ട. ഇടക്കൊക്കെ അതിലേതെങ്കിലുമൊക്കെ തല നീട്ടുമെങ്കിൽ മനഃപൂർവമല്ല.
നാരായണൻ എന്ന പേരിലെ 'ണ' ഇല്ലാത്തവനെ, പലരും അവജ്ഞയോടെ വിളിച്ചത് നാരേണൻ എന്നാണ്. വിളിക്കുന്നവർക്കും വിളിേകൾക്കുന്നവനും അതിെൻറ അർഥമെന്താണ് എന്നറിയില്ലെങ്കിലും. ഒരുകൂട്ടമാളുകൾക്കിടയിലേക്ക് നാരായണൻ വന്നുപെട്ടതെങ്ങനെയെന്ന് ആരുംതന്നെ ചിന്തിക്കാറില്ല. കാരണം, നാരായണൻ ദൈവത്തിെൻറ പേരുകളിലൊന്നാണ്. ദൈവങ്ങൾതെന്ന എത്രയാണ്? നാരേണെൻറ കൂട്ടർക്കും ചില ദൈവങ്ങളുണ്ട്. അവരവിടെ ഇരുന്നോെട്ട.
അയൽപക്കങ്ങളിലെ പിള്ളേർ, വട്ടുകളിക്കാനും തെങ്ങോല മെടഞ്ഞു പന്തുണ്ടാക്കി കളിക്കാനും പോകുേമ്പാൾ, അപ്പെൻറ തെറിയും തല്ലും പേടിച്ച്, ചപ്രത്തലമുടിയും മണ്ണുനിറമായ പഴയ തോർത്ത് ഉടുതുണിയാക്കി നാരേണൻ, അപ്പെൻറയും എളാമ്മയുടെയുമൊപ്പം പാറക്കരികിൽ കരിമണ്ണിൽ കപ്പയോ ചേേമ്പാ നടാൻ പോകും. ചുട്ടുപൊള്ളുന്ന വെയിലാണെങ്കിലും കല്ലും കുറ്റിയും വേണ്ടതിലേറെയുള്ള കാലായിൽ, അപ്പൻ വിത്തുവിതക്കുേമ്പാൾ കിളക്കാനും പോകണം. തിരിച്ചുപോരുേമ്പാൾ ഒരു കെട്ടു വിറകോ തടിക്കഷണമോ ചുമന്നു കൊണ്ടുവരണം.
പട്ടിക്കു കൊടുക്കുംപോലെ എന്തെങ്കിലും വിളമ്പിെവച്ചിട്ട് എളാമ്മ പറയും: ''വന്നുതിന്നോടാ...'' കഞ്ഞിയോ പുഴുക്കോ, വയർ നിറയാനൊന്നുമില്ല. എളാമ്മ എന്തുചെയ്യാനാ, അവർ പെറ്റുകൂട്ടുന്ന മക്കൾ നാലെണ്ണം ജീവനോടെയുണ്ട്. അവരുടെ വയറു നിറക്കണം. തിന്നു കഴിഞ്ഞു കൈ കഴുകുേമ്പാഴായിരിക്കും പുതിയ കൽപന, രണ്ടു പാള വെള്ളം കൊണ്ടുപോര്. അതിനു പടിഞ്ഞാെറ തോട്ടിലെ ഒാലിക്കൽ പോകണം. വെള്ളം കൊണ്ടുവരുേമ്പാൾ മറ്റൊരാവശ്യം. ''എടാ പോത്തേ, ആ വെറകൊന്നു വെട്ടിക്കീറ്.'' വീട്ടിലൊരു ജാംബവാൻകാലത്തെ മുതുക്കൻ കോടാലിയുണ്ട്. വിറകുവെട്ടിയാൽ ചതയും. മുറിയുകയില്ല. സാധാനം കൊല്ലെൻറ ആല കണ്ടത് എന്നാണെന്നറിയില്ല.
ചില ദിവസങ്ങൾ രാവിലെ അപ്പൻ പറയും: ''എടാ നീയാപ്പനഞ്ചോട്ടിലൊന്നു ചെല്ല്.'' മകൻ മുറ്റത്തുനിന്ന് നോക്കും. പറമ്പിെൻറ അതിരു കയ്യാലക്കപ്പുറം. അടുത്ത പറമ്പിലെ ചെത്തു പനയിേലക്ക്. പനയിൽ ഏണി ചാരിക്കെട്ടിയിട്ടുണ്ട്്. ഇരുന്നു കുതിർപ്പൊരുക്കാൻ - തിരുമ്മാൻ കുലക്കു ചുറ്റുമായി മടലിലും കവിളിലും താങ്ങി. ചെറിയ തടികൾകൊണ്ട് ത്രികോണം- വെച്ചുകെട്ടാനും ഇടക്കു കുലയഴിച്ചു കുതിർപ്പുകൾ തിരുമ്മാനും ചെത്തുകാരനെ അപ്പൻ സഹായിക്കും- പ്രതിഫലം കുറേശ്ശ കള്ള്. കാലത്തേ ചെത്താൻ വരുേമ്പാൾ ചെത്തുകാരൻ ഒന്നു കൂവും. അപ്പനറിയാനാണ്. ഉടനെ അങ്ങോട്ടു ചെല്ലാൻ പറ്റുകയില്ലെങ്കിൽ അപ്പൻ മകനോടു പറയും -ഒന്നങ്ങു ചെന്നേച്ചുവാടാ. ''നീ കള്ളു കുടിക്കുവോ?'' ചെത്തുകാരൻ ചോദിക്കും. എളാമ്മക്കു നാരേണൻ പനച്ചുവട്ടിൽ പോകുന്നത് പിടിക്കുകയില്ല. ഒരുദിവസം അവരപ്പനോട് പറഞ്ഞു: ''എന്തിനാ അവനെപ്പറഞ്ഞു വിടണേ? കള്ളെല്ലാം അവൻ മോന്തും.'' അതവളുടെ കുശുമ്പാണെന്ന് അപ്പൻ കരുതിക്കാണും.
മുറ്റത്തിനടുത്തൊരു മുള്ളിലവിൽ വെറ്റിലക്കൊടിയുണ്ട്. പിള്ളേർക്കു കേറി വെറ്റിലയെടുക്കാൻ ഒരു മുളയേണി ഇലവിൽ ചാരികെട്ടിവെച്ചിട്ടുണ്ട്. കുടുംബക്കാരിയായ ഒരമ്മാമ്മ ചിലപ്പോൾ വരും. എളാമ്മക്ക് അമ്മാമ്മയെ കണ്ടുകൂടാ. എന്നാലും അവർ വരും. ഒരു ദിവസം, എളാമ്മ നാരേണനെ പോത്തേന്നു വിളിച്ചത് അമ്മാമ്മ കേട്ടുനിന്നു. അവർ വടിയുമൂന്നി വാതുക്കൽ വന്നു. ''നീ ആ കൊച്ചിനെ എന്നതാടീ വിളിച്ചേ... പോത്തേന്നോ? നീ തീറ്റിപ്പോറ്റി എല്ലും തോലുേമ ഒള്ളത്. നെെൻറ നാക്കെറങ്ങിപ്പോകും ഒാർത്തോ.'' തെൻറ മക്കളെ പ്രാകുമെന്നോർത്തായിരിക്കും. എളാമ്മ വായ് തുറന്നില്ല.
കൂതിയുംകുത്തി ഇരിക്കാൻ നേരമില്ലാത്ത നാരേണൻ പള്ളിക്കൂടത്തിലും പോകുന്നുണ്ട്. പിടിയില്ലാത്തൊരു സ്ലേറ്റും ഒരുമുറി കല്ലുപെൻസിലും. അന്നൊന്നും സ്കൂളിൽ യൂനിഫോമും ഉച്ചക്കഞ്ഞിയും ഉണ്ടായിരുന്നില്ല. ഒന്നാം ക്ലാസുകാരനും ഉച്ചകഴിഞ്ഞു ക്ലാസുണ്ട്. മേടിച്ചപ്പോൾ വെളുപ്പായിരുന്ന ചുട്ടിക്കരയൻ തോർത്താണ് നാരേണെൻറ വേഷം. പല പിള്ളേർക്കും ഉടുപ്പില്ല. മുണ്ടും നിക്കറുമേയുള്ളൂ.
വകയിലൊരപ്പാപ്പെൻറ സ്വാർഥതയാണ് നാരേണനു പള്ളിക്കൂടത്തിൽ പോകാൻ അവസരമായത്. അപ്പാപ്പെൻറ ഇളയമകൻ കുഞ്ഞുട്ടന് ഏഴു വയസ്സായപ്പോൾ പള്ളിക്കൂടത്തിൽ വിടാൻ തീരുമാനിച്ചു. എന്നാൽ, അവനു കൂട്ടാരുമില്ല. ആറു വയസ്സു തികയാത്ത നാരേണനെയും ഏഴായെന്നു പറഞ്ഞു ചേർക്കാമെന്നായി. കുഞ്ഞുട്ടന് പൊതിച്ചോറുണ്ടാകും. നാരേണന് പിടിയില്ലാത്ത സ്ലേറ്റും.
കാഴ്ചക്കു സുമുഖനല്ലാത്ത, ശരീരപുഷ്ടിയുമില്ലാത്ത, നാരേണനെ പല പിള്ളേരും പിച്ചുകയും തോണ്ടുകയും കൊഞ്ഞനം കുത്തിക്കാണിക്കുകയും ചെയ്യും. എന്തൊക്കെ സഹിച്ചാലും നാരേണന് പള്ളിക്കൂടം ഒരാശ്വാസ സ്ഥലമായിരുന്നു. ഉച്ചക്ക് മുറുമുറെ പഞ്ഞമായതിനാൽ എന്തെങ്കിലും തിന്നുന്ന കാര്യം ആലോചിക്കണ്ട. വേറെ ചില ദരിദ്രവാസികൾ അവനു കൂട്ടായി.
എരിയുന്ന വയറുമായി ക്ലാസിൽ സാറിെൻറ മുഖത്തും അദ്ദേഹമെഴുതുന്ന ബോർഡിലും അതീവ ശ്രദ്ധയോടെ നോക്കിയിരിക്കും. ഒരിക്കൽ ക്ലാസ് ടീച്ചർ നാരേണനോടു വീട്ടിലെ കാര്യങ്ങൾ ചോദിച്ചു. എല്ലാം തുറന്നുപറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു വിങ്ങിപ്പൊട്ടി. ആ ടീച്ചർ ഒരമ്മയായിരുന്നു. അവർക്കു വല്ലാതെ നൊന്തു. സ്വന്തം കണ്ണുകൾ തുടച്ചു. നാേരണെൻറ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു. ''നീ നന്നായി വരും, മനസ്സിരുത്തി പഠിക്കണം കേേട്ടാ.''
സ്കൂളിലേക്ക് ഒരുമിച്ചു പോകും വരും, കുട്ടികളാണെങ്കിലും നാരേണനും കുഞ്ഞുട്ടനും രണ്ടു തരക്കാരായിരുന്നു. മറ്റു കുട്ടികളിലെ വികൃതിരാമന്മാർ നാരേണനെ മാന്തുകയും തള്ളുകയുമൊക്കെ ചെയ്യുേമ്പാൾ മോങ്ങാനല്ലാതെ തിരിച്ചടിക്കാൻ അവനു കഴിയുകില്ല. കുഞ്ഞുട്ടന് അതു തീരെ പിടിക്കുകില്ല. അവൻ പലപ്പോഴും പറയും. ''നീയെെൻറ കൂടെ വന്നില്ലെങ്കിലും ഞാൻ പോകും. നീ ചുമ്മാ കെന്തിപ്പട്ടിയെപ്പോലെ, നെെൻറ കയ്യെന്നാ കാണിച്ചു. എന്താ? എടാ, നെന്നെ ഇടിച്ചാലും തൊഴിച്ചാലും നീ മോങ്ങും. ഇങ്ങോട്ടു മാന്തിയാ മോന്തക്കുതന്നെ വീക്കണം.'' ''ങും.'' പിന്നെപ്പിന്നെ നാരേണനും ചെറിയ കുഞ്ഞുട്ടനാകാൻ തുടങ്ങി. പൊരുതുക മാത്രമേ രക്ഷയുള്ളൂ എന്ന തിരിച്ചറിവുണ്ടായി.
കുഞ്ഞുട്ടൻ മൂന്നിൽ രണ്ടുകൊല്ലം തോറ്റു. അേപ്പാൾ നാരേണൻ മൂന്നും കടന്നു നാലിലായി. അവൻ അഞ്ചിലായപ്പോൾ കുഞ്ഞുട്ടൻ പറഞ്ഞു: ''ഞാനിഞ്ഞി വന്നില്ലെടാ. മതി.'' നാരേണന് ആശ്വാസമായി. കുഞ്ഞുട്ടനു നേരെ വരുന്ന ഏറോ അടിയോ തനിക്കു െകാള്ളുകില്ലല്ലോ.
ഉച്ചപ്പട്ടിണിക്കാരായ നാലഞ്ചുപേരോടൊപ്പം നാരേണനും ഉച്ചഭക്ഷണത്തിനു മറ്റുള്ളവരെല്ലാം പോയ നേരത്ത് അൽപമുറക്കെ വർത്തമാനം പറഞ്ഞു. സ്കൂളിലെ സീനിയർ പ്യൂൺ ആ വഴി വന്നത് ആരും ശ്രദ്ധിച്ചില്ല. പ്യൂൺ എല്ലാവരോടുമായിട്ടാണ് പറഞ്ഞത് ''ഒഴിവുസമയത്ത് ഇങ്ങനെ ക്ലാസിലിരിക്കരുത്.'' നാരേണൻ ആ നിർദേശം കർശനമായി പാലിച്ചുപോന്നു.
ഉച്ചപ്പട്ടിണിക്കാർ മിക്കവരും പഠിത്തം മതിയാക്കിപ്പോകും. നാരേണന് അങ്ങനെ പോകാൻ പറ്റുമായിരുന്നില്ല. എങ്ങോട്ട്, എന്തിന്, എങ്ങനെപോകും?
പഞ്ഞം സഹിച്ചുതെന്ന. നരേണൻ തേർഡ് ഫോറവും ഫോർത്തും കഴിഞ്ഞ് ഫിഫ്ത്തിലായി. മുതിർന്ന കുട്ടികളിൽ ഒരാൾ. സ്കൂൾ ഗ്രൗണ്ടിൽ വോളിബാൾ, ബാഡ്മിൻറൺ മുതലായ കളികളുണ്ട്. നാരേണൻ അതൊക്കെ കണ്ടുനിൽക്കുമെങ്കിലും പെങ്കടുക്കുകില്ല. വിശന്നൊട്ടിയ വയറുമായി ഒാടാനും ചാടാനും പറ്റുകില്ലല്ലോ.
സ്കൂൾ വാർഷികം ഗംഭീരമായി ആഘോഷിക്കണം. ഫിഫ്തിലും സിക്സ്തിലും മലയാളം പഠിപ്പിക്കുന്ന ആശാരി സാർ. ഒരുദിവസം നാരേണനെ ടീച്ചേഴ്സ് റൂമിലേക്കു വിളിച്ചു. ഒരു പുസ്തകം അദ്ദേഹത്തിെൻറ കൈയിലുണ്ട്. ''നീ വായനശാലയിലെ പുസ്തകങ്ങൾ വായിക്കാറുണ്ടല്ലൊ?'' അതൊരു കുറവായിട്ടാണോ സാർ പറയുന്നതെന്ന് നാരേണനു സംശയം. ''സാർ ഞാൻ...'' ''വായന നല്ല കാര്യമാണ്. തെറ്റുകൂടാതെ സ്ഫുടമായി സംസാരിക്കാനും നിനക്കറിയാം ഇല്ലേ?'' ''സാർ... അത്...'' നമുക്കേ, സ്കൂൾ വാർഷികത്തിന്, ഒരു നാടകമവതരിപ്പിക്കണം. ഇതാണാ നാടകം.
വായനശാലയിലും ആ പുസ്തകമുണ്ട്. അതു വായിച്ചിട്ടുമുണ്ട്. കാര്യം കുറച്ചൊക്കെ മനസ്സിലാവുകയും ചെയ്തിട്ടുണ്ട്. യേശുവിനെ കുരിശിൽ തറക്കാനായി കയ്യാഫസിനും കൂട്ടർക്കും വിട്ടുകൊടുക്കുേമ്പാൾ ന്യായാധിപൻ കൂടിയായ പിലാത്തോസ് പറഞ്ഞല്ലോ, ഇൗ നീതിമാെൻറ രക്തത്തിൽ എനിക്കു പങ്കില്ലെന്ന്. പശ്ചാത്തലത്തിൽ ചാട്ടവാറടിയും ആക്രോശങ്ങളും മുഴങ്ങുേമ്പാൾ, ഒരു നീതിമാനെ ക്രൂശിക്കാൻ വിട്ടുകൊടുത്ത കുറ്റബോധം, പിലാത്തോസിനെ വല്ലാതെ ഉലക്കുന്നു. അടുത്തുവന്ന ഭാര്യ സൂസന്ന കാരണം ചോദിക്കുന്നു. കുറ്റബോധം കൈകഴുകിയാൽ പോകുമോ? പിലാത്തോസിെൻറ കൈകളിലേക്കു വെള്ളമൊഴിച്ചുകൊടുക്കുന്നത് സൂസന്നയാണ്. പിലാത്തോസിെൻറ കൈകൾ വിറക്കുന്നു. അതൊക്കെ വായിച്ചതോർത്തെടുത്തു.
സംഗതി കുറച്ചു ഗൗരവമുള്ളതാണ്. ആശാരി സാർ നാടകം ചിലരെക്കൊണ്ട് സംഭാഷണ രീതിയിൽ വായിപ്പിച്ചു. കയ്യാഫസ്സാകാൻ ആളുണ്ട്. സൂസന്നയാകാമെന്നു സമ്മതിച്ചത് ഒരധ്യാപികയാണ്. ആ ടീച്ചറേക്കാൾ ഒരിെഞ്ചങ്കിലും പൊക്കം കൂടുതലുള്ള ആളാകണം പിലാത്തോസ്. പൊക്കക്കാരനെ കിട്ടാത്തതല്ല കുഴപ്പം. കഥാപാത്രം പിലാത്തോസാണ്. അധ്യാപകർ ഒാരോ കാരണം പറഞ്ഞ് ഒഴിഞ്ഞു. കത്തോലിക്കർ ഒരുപാടുള്ള സ്ഥലമാണ്. ആദ്യമൊക്കെ പിലാത്തോസാകാമെന്നു സമ്മതിച്ച അച്ചായന്മാർ പിന്നെ പറ്റില്ലെന്നായി. അവർക്കു പേടിയുണ്ട്. നാടകം കഴിഞ്ഞാലും സ്കൂളിൽ വരുേമ്പാൾ പിള്ളേരു വിളിക്കും പിലാത്തോസേ... ആദ്യം സമ്മതിച്ച ടീച്ചർക്കും മനംമാറ്റം. മറ്റൊരധ്യാപികയെ ആശാരി സാർ പ്രേരിപ്പിച്ചു.
പിലാത്തോസായി വേഷമിടാൻ അച്ചായന്മാർ വേണ്ട. ആശാരി സാർ നാരേണനോടു പിലാത്തോസായിത്തന്നെ സംഭാഷണം വായിക്കാൻ പറഞ്ഞു. ഒന്നും രണ്ടുമല്ല. മൂന്നു തവണ. സ്റ്റേജിൽ ഭാവഹാവാദികൾ, ചലനം, പോക്കുംവരവും എങ്ങനെയൊക്കെ വേണമെന്ന് പറഞ്ഞു. പിന്നെയൊരു ചോദ്യം? ''എന്താ പറ്റുകില്ലേ?'' ''ഞാൻ കഴിയുംപോലെ ശ്രമിക്കാം സാർ''. ''നാരേണാ, ഇൗ സ്കൂളിലെ ഒറ്റ മാപ്ലക്കും ഇതൊരു നാടകമാണെന്ന തിരിച്ചറിവില്ല. ഒരുത്തനോടു ചാച്ചൻ പറഞ്ഞുപോലും: എടാ, പിലാത്തോസാ യേശുവിനെ കുരിേശൽ തറയ്ക്കാൻ വിട്ടുകൊടുത്തത്. വേണ്ട. നീ ആ വേഷമൊന്നും കെട്ടണ്ട. മറ്റൊരാൾ പറഞ്ഞു: നിന്നെ പള്ളിക്കൂടത്തിൽ വിടുന്നതേ... നാടകം കളിക്കാനല്ല. അവെൻറയൊരു ആശാരി സാറും നാടകവും. ക്രിസ്ത്യാനിയുടെ ദൈവത്തെ ക്രൂശിക്കണ നാടകമേ അയാൾക്കു കിട്ടിയൊള്ളോ?''
ഹെഡ്മാസ്റ്ററും ആശാരി സാറും മറ്റുചില അധ്യാപകരും എന്തായാലും ഇൗ നാടകംതന്നെ അവതരിപ്പിക്കണമെന്നു തീരുമാനിച്ചു. വിശദീകരണങ്ങൾ ആശാരി സാറിെൻറ വക. അധ്യാപകരിൽ പലരും സഹകരിക്കാൻ തയാറായി. നാടകാഭിനയം കലയാണ്. അതിനോടു വെറുപ്പെന്തിനാ?
അഭിനേതാക്കളെല്ലാം ഒരു മുറിയിൽ അഭിനയിച്ചായിരുന്നു റിഹേഴ്സൽ. കഥാപാത്രങ്ങളുടെ ഡയലോഗുകൾ നോട്ടുബുക്കുകളിൽ പകർത്തി, ചിലരൊക്കെ വീട്ടിൽ കൊണ്ടുപോയി വായിച്ച് അഭിനയിച്ചു പഠിച്ചു. കഥാപാത്രങ്ങളുടെ ഭാവഹാവാദികളും ചലനങ്ങളും, എങ്ങോട്ടുതിരിഞ്ഞ് എങ്ങനെ നിൽക്കണം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരു ജോസഫ് സാറും കൂടി. സ്കൂൾ വാർഷികത്തിന് അധ്യാപകരും വിദ്യാർഥികളും കൂടി ബൈബിൾ നാടകമവതരിപ്പിക്കുന്നു എന്നായിരുന്നു പ്രചാരണം.
െഡസ്ക്കുകൾ േചർത്തിട്ട് സ്റ്റേജ് കർട്ടനുകളും മൈക്കും. പൊതുയോഗത്തിനു കൂടിയതിനേക്കാൾ കൂടുതൽ പേർ നാടകം കാണാൻ വന്നു. കുറച്ചുദൂരെയുള്ള പള്ളിയിലെ രണ്ടച്ചന്മാരും രണ്ടു മൂന്നു കന്യാസ്ത്രീകളും കാഴ്ചക്കാരായിരുന്നു.
ആശാരി സാർ ബുദ്ധിപൂർവം ഒന്നു ചെയ്തു. നാടകം തുടങ്ങുംമുമ്പ് അച്ചന്മാരിൽ മുതിർന്നയാളെ സ്റ്റേജിൽ കൂട്ടിക്കൊണ്ടു വന്നു. നാടകം ഉദ്ഘാടനം ചെയ്യണം. സൗമ്യനായ ആ അച്ചൻ പറഞ്ഞു: ''ആദ്യമായി ഒരു ബൈബിൾ നാടകം ഇവിടെ അരങ്ങേറുകയാണ്. ഇൗ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളുമാണ് അഭിനയിക്കുന്നത്. എല്ലാവരും ഒന്നോർക്കണം. നാടകാവതരണം കലാപ്രകടനമാണ്. നാടക രചയിതാവ് എഴുതിെവച്ചിട്ടുള്ള സംഭാഷണങ്ങൾ തന്മയത്വമായി അഭിനേതാക്കൾ പറയുന്നതാണ്. അതുകേട്ട് ആരും രോഷം പ്രകടിപ്പിക്കരുത്. നമുക്കഭിമാനിക്കാം നമ്മുടെ ഇടയിലും കലാകാരന്മാരും കലാകാരികളുമുണ്ടെന്ന്. ഇതാ നാടകം തുടങ്ങുന്നു. കാൽവരിയിലെ കൽപപാദപം.''
രസകരമായൊരനുഭവം, സൂസന്നയായി വേഷമിട്ട അധ്യാപികയെ പലരുമറിയും. പിലാത്തോസായി അഭിനയിച്ചവൻ ഏതു ചാക്കോയുടെ മകനാണ്? അവനൊരു ക്രിസ്ത്യാനിയല്ല എന്നറിഞ്ഞപ്പോൾ ആശ്വാസം.
അച്ചന്മാരും ചില പ്രമാണിമാരും ആശാരി സാറിെന സമീപിച്ചു. പള്ളിയിലെ പെരുന്നാൾ അടുത്തുവരുകയാണ്. ഇൗ നാടകം അവിടെ കളിക്കണം. ഒരു ക്രിസ്ത്യാനിപ്പയ്യനെ പിലാത്തോസിെൻറ വേഷം കെട്ടിച്ചുവേണം. ഒരു ക്രിസ്ത്യനായ ഹെഡ്മാസ്റ്റർക്കുപോലും ആ നിർദേശം സ്വീകാര്യമല്ലായിരുന്നു. ആശാരി സാർ പറഞ്ഞു: ''ഇതൊരു നാടകസംഘമല്ല. സ്കൂൾ വാർഷികത്തിന് ഏറെ പാടുപെട്ട് അവതരിപ്പിച്ചതാണ്. അതു നന്നായിരുന്നു എന്നറിയിച്ചതിൽ സന്തോഷം.'' ഹെഡ്മാസ്റ്റർ ആശാരിസാറിനോടെന്നപോലെ പറഞ്ഞു: ''സാറെ, ഡി.ഇ.ഒയുടെ അനുമതിയില്ലാതെ എങ്ങനെയാ? ഇവരോട് ഞാൻ എന്താ പറയേണ്ടത്? മറ്റു സ്ഥലങ്ങളിൽ േപായി നാടകമവതരിപ്പിക്കാൻ പ്രയാസമാ സാറെ.''
പിറ്റേന്ന്, നാരേണൻ ക്ലാസിലേക്കു ചെല്ലുേമ്പാൾ 'പിലാത്തോസ്' എന്ന വിളിയുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.