ഫുട്ബാളിൽ പെലെക്കും ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാനും ബോക്സിങ്ങിൽ മുഹമ്മദ് അലിക്കുമുള്ള സ്ഥാനം ഹോക്കിയിൽ ധ്യാൻചന്ദിനുമുണ്ട്. ഒരു കാലഘട്ടത്തിൽ തങ്ങളുടെ കളികളിൽ ലോകത്തെ മുഴുവൻ ആകർഷിക്കാനും പ്രചോദിപ്പിക്കാനും കഴിഞ്ഞതാണ് ഇവരെയെല്ലാം സ്പോർട്സ് ഇതിഹാസങ്ങളിലെ ആദ്യസ്ഥാനക്കാരാക്കിയത്. കാലമേറെ കടന്നുപോയിട്ടും ഇവരൊക്കെ സ്പോർട്സ് േപ്രമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ഇവരുടെയൊക്കെ മാസ്മരപ്രകടനം കണ്ടിട്ടില്ലാത്ത തലമുറയിലും...
ഫുട്ബാളിൽ പെലെക്കും ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാനും ബോക്സിങ്ങിൽ മുഹമ്മദ് അലിക്കുമുള്ള സ്ഥാനം ഹോക്കിയിൽ ധ്യാൻചന്ദിനുമുണ്ട്. ഒരു കാലഘട്ടത്തിൽ തങ്ങളുടെ കളികളിൽ ലോകത്തെ മുഴുവൻ ആകർഷിക്കാനും പ്രചോദിപ്പിക്കാനും കഴിഞ്ഞതാണ് ഇവരെയെല്ലാം സ്പോർട്സ് ഇതിഹാസങ്ങളിലെ ആദ്യസ്ഥാനക്കാരാക്കിയത്. കാലമേറെ കടന്നുപോയിട്ടും ഇവരൊക്കെ സ്പോർട്സ് േപ്രമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ഇവരുടെയൊക്കെ മാസ്മരപ്രകടനം കണ്ടിട്ടില്ലാത്ത തലമുറയിലും അവർ ജീവിക്കുന്നു.
ധ്യാൻചന്ദിനൊപ്പം ഇന്ത്യൻ കായികരംഗത്ത് ചെസിൽ വിശ്വനാഥൻ ആനന്ദിനെയും ദീർഘദൂര നീന്തലിൽ മിഹിർ സെന്നിനെയും അത്ലറ്റിക്സിൽ മിൽഖാ സിങ്ങിനെയും ബോക്സിങ്ങിൽ മേരി കോമിനെയും ബാഡ്മിന്റണിൽ പ്രകാശ് പദുക്കോണിനെയും ബില്യാർഡ്സിൽ വിൽസൻ ജോൺസിനെയുമൊക്കെ ഉയർത്തിക്കാട്ടാം. ഇവർക്കുശേഷമെത്തിയ ചിലരെങ്കിലും നേട്ടങ്ങളിൽ ഒരുപടി മുന്നിലെത്തിയിരിക്കാം. പക്ഷേ, മേൽപറഞ്ഞവരുടെയൊക്കെ പ്രകടനം കാലഘട്ടത്തിനൊപ്പം വേണം വായിച്ചെടുക്കാൻ.
ഹെൽമറ്റ് ധരിക്കാതെ ലോകത്തിലെ മികച്ച ഫാസ്റ്റ് ബൗളർമാരെ നേരിട്ട ഡോൺ ബ്രാഡ്മാനെ ഇന്നത്തെ താരങ്ങളോട് എങ്ങനെ താരതമ്യപ്പെടുത്തും. അന്ന് ഉപയോഗിച്ചിരുന്ന ബാറ്റിന്റെ സാങ്കേതികമികവ് ഇന്നത്തേതിനോളം വരില്ലെന്നും ഓർക്കണം. ഇന്ത്യയിലേക്കുവന്നാൽ, 1975ൽ മദ്രാസിലെ ചെപ്പോക്കിൽ ആന്റി റോബർട്സ് ഉൾപ്പെട്ട വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർമാരെ നേരിട്ട് പുറത്താകാതെ 97 റൺസ് നേടിയ ഗുണ്ടപ്പ വിശ്വനാഥിനെ ഓർമവരും. ഹെൽമറ്റ് ധരിക്കാതെ, നെഞ്ചിലും കൈമുട്ടിനു താഴെയുമൊന്നും പാഡ് അണിയാതെയാണ്, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച 'സ്റ്റൈലിഷ് ബാറ്റർ' ക്രീസിൽ നിന്നത്.
മിതാലി രാജ് എന്ന വനിതാ ക്രിക്കറ്റ് ഇതിഹാസത്തെ ഇവരോടൊപ്പമല്ലേ സങ്കൽപിക്കേണ്ടത്? രണ്ടു തലമുറയെ മുന്നിൽനിന്നു നയിക്കുകയും മൂന്നാമതൊരു തലമുറക്ക് പ്രചോദനമാകുകയും ചെയ്ത മിതാലിക്കു തുല്യയായി ക്രിക്കറ്റിൽ മിതാലി മാത്രം. 1937 മുതൽ ഒന്നര വ്യാഴവട്ടം ഇംഗ്ലണ്ടിനെ നയിച്ച മോളി ഹൈഡിനെയാണ് വനിതാ ക്രിക്കറ്റിലെ റാണിയായി ചരിത്രം രേഖപ്പെടുത്തുന്നതെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിലെ റാണിയാണ് മിതാലി രാജ്.
മിതാലി രാജ് വിടവാങ്ങൽ പ്രഖ്യാപിച്ചിട്ട് ഏതാനും ആഴ്ചകൾ കഴിഞ്ഞു. ഹർമൻപ്രീത് കൗർ ട്വന്റി20ക്കു പുറമെ ഏകദിനങ്ങളിലും ഇന്ത്യൻ നായികയായി സ്ഥാനമേറ്റു. ഹർമൻപ്രീതിന്റെ നേതൃത്വത്തിൽ ഇന്ത്യൻ വനിതാ ടീം ശ്രീലങ്കയിൽ എത്തുകയും ചെയ്തു. പക്ഷേ, മിതാലി രാജിനെക്കുറിച്ചുള്ള ചർച്ചകളും അവലോകനങ്ങളും താരതമ്യങ്ങളും തുടർക്കഥയാകുന്നു. വനിതാ ക്രിക്കറ്റിൽ മിതാലിക്കു തുല്യയായി മിതാലി മാത്രം എന്നു പറയുമ്പോഴും സചിൻ ടെണ്ടുൽകറുമായി മിതാലിയെ താരതമ്യം ചെയ്യാനാണ് ഏറെപ്പേർ ശ്രമിച്ചത്.
സചിനും മിതാലിയും പതിനാറാം വയസ്സിൽ ഇന്ത്യൻ ടീമിലെത്തി. മിതാലി 22 വർഷവും 274 ദിവസവും ഇന്ത്യക്കു കളിച്ചു. സചിൻ 22 വർഷവും 91 ദിവസവും. വനിതകൾക്കു ടെസ്റ്റ് കളിക്കാൻ അവസരം കുറവായിരുന്നതിനാൽ മിതാലി രണ്ടു പതിറ്റാണ്ടിനുള്ളിൽ ടെസ്റ്റ് ക്യാപ് ധരിച്ചത് ഒരു ഡസൻ മത്സരങ്ങളിൽ മാത്രം. നേടിയത് 699 റൺസ്. ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറികളും.
മിതാലിയും സചിനും കളിച്ച കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഇവരുടെ സംഭാവന വളരെ വലുതായിരുന്നു. മിതാലിക്കൊപ്പം രണ്ടു പതിറ്റാണ്ട് ശ്രദ്ധിക്കപ്പെട്ട ഏകനാമം ഫാസ്റ്റ് ബൗളർ ജൂലൻ ഗോസ്വാമിയുടേതാണ്. മറിച്ച് സചിന്റെ കാലത്തോ? ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർ ബാറ്റർമാരായി മാത്രമുണ്ടായിരുന്നു. ബൗളർമാർ വേറെ.
പിന്നോട്ടുള്ള ചരിത്രമെടുത്താലോ? പോളി ഉമ്രിഗർ, ദിലീപ് സർദേശായ്, സുനിൽ ഗാവസ്കർ, ഗുണ്ടപ്പാ വിശ്വനാഥ്, ദിലീപ് വെങ്സർക്കാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, കപിൽദേവ് തുടങ്ങി ലോകം ശ്രദ്ധിച്ചൊരു താരനിരയുടെ തുടർച്ചക്കാരനാണു സചിൻ ടെണ്ടുൽകർ. ഭാരത് രത്ന ലഭിച്ച ആദ്യ കായികതാരം (ഇതുവരെ ഏകതാരം) സചിൻ ആണ്. ഫോം നഷ്ടപ്പെടുത്താതെ സചിൻ ഒരു കാലഘട്ടം മുഴുവൻ ഇന്ത്യക്കുവേണ്ടി കളിച്ചു എന്നതും സത്യം. ഇടക്ക് നായകനുമായിരുന്നു. പക്ഷേ, സചിനു മുമ്പും ഇന്ത്യൻ ക്രിക്കറ്റിനു ശ്രദ്ധേയമായൊരു പാരമ്പര്യമുണ്ടായിരുന്നു. സചിനുശേഷം മഹേന്ദ്ര സിങ് ധോണിയും വിരാട് കോഹ് ലിയുമൊക്കെ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിച്ചു. കപിൽദേവിന്റെ നേതൃത്വത്തിൽ 1983 ൽ ഇന്ത്യ ലോകകപ്പ് നേടിയിരുന്നു എന്നും ഓർക്കണം.
മറുവശത്ത് മിതാലി രാജിനു മുമ്പുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രമെന്താണ്? ശാന്താ രംഗസ്വാമി, അഞ്ജു ചോപ്ര, സന്ധ്യ അഗർവാൾ തുടങ്ങി ഏതാനും പേരുകൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ഡയനാ എഡുൾജിയും സുധാ ഷായും സൂസൻ ഇട്ടിച്ചെറിയയുമൊക്കെ മോശമല്ലാത്ത പ്രകടനം നടത്തിയെന്നും പറയാം.
ലോകകപ്പിലെ ഒരു സെമിഫൈനൽ പ്രവേശവും ടെസ്റ്റിലും ഏകദിനത്തിലും കൈവരിച്ച ഏതാനും വിജയങ്ങളും മാത്രം എടുത്തുപറയാം. വനിതാ ക്രിക്കറ്റിൽ ഇന്ത്യയെ കരുത്തുറ്റ ഒരു എതിരാളിയായി ആരും എണ്ണിയിരുന്നില്ല. പ്രഫഷനലിസം വനിതാ ക്രിക്കറ്റിൽ എത്തിയിരുന്നുമില്ല. റിസർവേഷൻ ഇല്ലാതെ െട്രയിനിൽ യാത്രചെയ്ത, 1970കളിലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങളിൽനിന്ന് വ്യത്യസ്തരല്ലായിരുന്നു 1990കളിലും 21ാം ശതകത്തിന്റെ ആദ്യ നാളുകളിലും നമ്മുടെ വനിതാ ക്രിക്കറ്റ് താരങ്ങൾ.
വനിതകളുടെ രണ്ടാം ഏകദിന ലോകകപ്പിന് 1978ൽ ഇന്ത്യ ആതിഥേയത്വം വഹിച്ചെങ്കിലും നാലു രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ഏറ്റവും പിന്നിലായിരുന്നു ഇന്ത്യ. 97ൽ ലോകകപ്പ് വീണ്ടും ഇന്ത്യയിൽ വിരുന്നെത്തിയെങ്കിലും ആതിഥേയർക്കു തിളങ്ങാനായില്ല. 2000ത്തിൽ ഇന്ത്യ സെമിയിൽ കടന്നു. അഞ്ജു െജയിൻ നയിച്ച ഇന്ത്യൻ ടീം മൂന്നാം സ്ഥാനം നേടി. പൂർണിമ റാവുവിന്റെ ബാറ്റിങ് മികവും ശ്രദ്ധിക്കപ്പെട്ടു. നേരത്തേ 82ൽ ശാന്താ രംഗസ്വാമിയും വിക്കറ്റ് കീപ്പർ ഫൗസിയ കലേലിയും ശ്രദ്ധനേടി.
ഇന്ത്യൻ വനിതകൾ വിദേശത്ത് ആദ്യമായൊരു ടെസ്റ്റ് ജയിച്ചത് 2002ൽ ദക്ഷിണാഫ്രിക്കയിലാണ്. പക്ഷേ, ആ പര്യടനത്തിൽ ഏകദിന പരമ്പരയിൽ പരാജയപ്പെട്ടു. അഞ്ജു ചോപ്രയായിരുന്നു നായിക. ടെസ്റ്റിൽ ഇന്ത്യ നേടിയ ഒമ്പതിന് 404 എന്ന ഒന്നാം ഇന്നിങ്സ് സ്കോറിൽ അഞ്ജു ചോപ്രക്കും (80) അഞ്ജു ജെയിനും (52) ഹേമലതാ കലക്കും (64), മമതാ മേബനും (50) ഒപ്പം അർധസെഞ്ച്വറി നേടിയ മിതാലി രാജ് (55) അതേ വർഷം ആഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ടോന്റനിൽ 214 റൺസ് നേടി ടെസ്റ്റ് ക്രിക്കറ്റിലെ അതുവരെയുള്ള ഉയർന്ന സ്കോറിന് ഉടമയായി. 10 മണിക്കൂറിൽ 407 പന്ത് നേരിട്ട് 19 ബൗണ്ടറി ഉൾപ്പെടെ നേടിയ സ്കോർ. സന്ധ്യ അഗർവാളിന്റെ ഇന്ത്യൻ റെക്കോഡിനൊപ്പം (190) ആസ്േട്രലിയയുടെ കാരൻ ബോൾട്ടിന്റെ ലോകറെക്കോഡും (209) പഴങ്കഥയായി (2004ൽ പാകിസ്താന്റെ ബലൂച് ഇംഗ്ലണ്ടിനെതിരെ 242 റൺസ് നേടി റെക്കോഡ് തിരുത്തി).
രണ്ടുതവണ ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനലിൽ എത്തിച്ച ഏക ക്യാപ്റ്റൻ (പുരുഷ–വനിത വിഭാഗങ്ങളിൽ). രണ്ടു പതിറ്റാണ്ടിലേറെ ഏകദിനം കളിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം. ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലുമായി 10,000ത്തിലധികം റൺസ് നേടിയ രണ്ടു വനിതകളിൽ ഒരാൾ. മിതാലി 10,868 റൺസ്; ഇംഗ്ലണ്ടിന്റെ എഡ്വാർഡ്സ് 10,273 റൺസ്. 200ലധികം ഏകദിനങ്ങൾ കളിച്ച രണ്ടുപേരിൽ ഒരാൾ. മിതാലി 232; ജൂലൻ 201.
ഭരതനാട്യം ഉപേക്ഷിച്ച് ക്രിക്കറ്റിൽ ശ്രദ്ധയൂന്നിയ മിതാലി നൃത്തച്ചുവടുകൾ മറക്കാതെ ബാറ്റ് വീശിയപ്പോൾ ചേതോഹരമായ എത്രയോ ൈഡ്രവുകൾ നാം കണ്ടു. മനോഹരമായ ഫുട് വർക്കിനു പിന്നിൽ 10 വയസ്സുവരെ നൃത്തം പഠിച്ചതിന്റെ പിൻബലമുണ്ടായിരുന്നു. ആ ഫുട് വർക്കിൽ പ്രകടമായ ആത്മവിശ്വാസം ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ എത്രയോ ഉയരങ്ങളിൽ എത്തിച്ചു.
1999ൽ ഏകദിനത്തിലും 2002ൽ ടെസ്റ്റിലും അരങ്ങേറിയ മിതാലി രാജ് 2004-05 മുതൽ ഇന്ത്യൻ നായികയായി. അന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ അവസ്ഥ ദയനീയമായിരുന്നു. രഞ്ജി േട്രാഫി കളിക്കുന്ന സംസ്ഥാന ടീമിനു ലഭിച്ച പരിഗണനപോലും ഇന്ത്യൻ വനിതാ താരങ്ങൾക്കു ലഭിച്ചില്ല. 2012ൽ ശ്രീലങ്കയിൽ നടന്ന വനിതകളുടെ ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി ബംഗളൂരുവിൽ വാർത്താസമ്മേളനത്തിനെത്തിയ ഇന്ത്യൻ നായിക മിതാലി രാജ് 10 മിനിറ്റ് മാധ്യമപ്രവർത്തകരെ കാത്ത് ഏകയായി ഇരുന്നു. ഒടുവിൽ, ആർക്കും താൽപര്യമില്ലാത്തതിനാൽ വാർത്താസമ്മേളനം ഉപേക്ഷിക്കുന്നു എന്ന ഇന്ത്യൻ മാനേജറുടെ ഫോൺകാൾ മിതാലിയെ എത്രത്തോളം വിഷമിപ്പിച്ചിരിക്കും. ശശാങ്ക് കിഷോർ എന്ന ക്രിക്കറ്റ് ലേഖകൻ ഇക്കാര്യവും ഏതാനും ആഴ്ചകൾക്കുശേഷമുണ്ടായ മറ്റൊരു സംഭവവും എഴുതിയിരുന്നു.
ശ്രീലങ്കയിലെ, മേൽപറഞ്ഞ ലോകകപ്പിൽനിന്ന് ഇന്ത്യ പുറത്തായി. നാട്ടിലേക്കു മടങ്ങും മുമ്പ് മിതാലി സ്പോർട്സ് ലേഖകരെ കാണാൻ എത്തി. പ്രസ് കോൺഫറൻസിന് ആകെയുണ്ടായിരുന്നത് ശശാങ്ക് കിഷോറും ഒരു കാമറാമാനും മാത്രം. പലരുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതായി ടി.വിയിൽ കാണിക്കാൻ ആളില്ലാത്തിടങ്ങളിലേക്കു നോക്കി സംസാരിക്കാൻ മിതാലി നിർബന്ധിതയായത്രേ.
മിതാലി രാജ് രാഷ്ട്രപതിയിൽനിന്ന് പത്മശ്രീ ഏറ്റുവാങ്ങുന്നു (2015)
അഞ്ചുവർഷം കഴിഞ്ഞു. 2017ൽ ഇംഗ്ലണ്ടിൽ വനിതകളുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ പൊരുതിത്തോറ്റ ഇന്ത്യൻ ടീം മടങ്ങിയെത്തിയപ്പോൾ മുംബൈ വിമാനത്താവളത്തിൽ ആരാധകരുടെ തിരക്കായിരുന്നു. പ്രതികരണം ചോദിച്ച റിപ്പോർട്ടർമാരെ മിതാലി ഓർമിപ്പിച്ചു. 2005ലും ഇന്ത്യ ഫൈനലിൽ കടന്നിരുന്നു. അന്നും നായിക മിതാലിതന്നെ. ആരും ശ്രദ്ധിക്കാത്ത 2005ൽനിന്ന് എല്ലാവരും ശ്രദ്ധിച്ച 2017ലേക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ യാത്രയിൽ മുന്നിൽനിന്നു നയിച്ചത് മിതാലി ദൊരെയ് രാജ് ആണ്. 39ാം വയസ്സിൽ വിടവാങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ 25 ലക്ഷത്തിലധികം ആരാധകർ മിതാലിക്കുണ്ടായിരുന്നു.
കുടുംബജീവിതംപോലും വേണ്ടെന്നുവെച്ച് ക്രിക്കറ്റിനായി സമർപ്പിച്ച രണ്ടു പതിറ്റാണ്ട്. പുരുഷ താരങ്ങൾക്കൊപ്പം മിതാലി എണ്ണപ്പെട്ടപ്പോൾ അംഗീകരിക്കപ്പെട്ടത് ഇന്ത്യൻ വനിതാ ക്രിക്കറ്റാണ്. വനിതാ ക്രിക്കറ്റിൽ സമാനതകൾ ഇല്ലാത്ത നേട്ടങ്ങൾക്ക് ഉടമ. ലോൺ ടെന്നിസിൽ ബില്ലിജീൻ കിങ് നടത്തിയതുപോലെ തുല്യതക്കു വേണ്ടിയുള്ള പോരാട്ടമാണ് ക്രിക്കറ്റിൽ മിതാലിയും കാഴ്ചവെച്ചത്. ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരമേതെന്നു ചോദിച്ച റിപ്പോർട്ടറോട് ഇഷ്ടപ്പെട്ട വനിതാ താരമേതെന്നു പുരുഷന്മാരോട് ചോദിക്കാറുണ്ടോയെന്ന മറുചോദ്യം ഉയർത്തിയ മിതാലി കടന്നുവന്ന കനൽവഴികൾ മറന്നില്ലെന്നു വ്യക്തം. അവഗണനയുടെ കാലത്തുനിന്ന് അംഗീകാരത്തിന്റെ യുഗത്തിലേക്കുള്ള യാത്ര അവരെ ഒരു പോരാളിയാക്കി; നിശ്ചയദാർഢ്യമുള്ള പോരാളി. പോരാട്ടങ്ങൾ ഒന്നൊന്നായി ജയിച്ചപ്പോൾ മിതാലി വനിതാ ക്രിക്കറ്റിൽ റാണിയല്ല, രാജ്ഞിതന്നെയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.