1998 ഫെബ്രുവരി 20ന് മാധ്യമം ആഴ്ചപ്പതിപ്പ് പിറവിയെടുക്കുേമ്പാൾ പത്രാധിപസമിതി അംഗമായിരുന്നു ലേഖകൻ. ആഴ്ചപ്പതിപ്പിന്റെആദ്യദിനങ്ങളെക്കുറിച്ചും 'സെൻസറിങ്ങി'നെ പറ്റി ആനന്ദ് ഉയർത്തിയ ആരോപണത്തിൽ എന്താണ് ശരിക്കും സംഭവിച്ചത് എന്നതിനെക്കുറിച്ചും വ്യക്തമാക്കുകയാണ് ഇൗ ഒാർമക്കുറിപ്പിൽ അദ്ദേഹം.
മലപ്പുറം ന്യൂസ് ബ്യൂറോയുടെ ചുമതലയിൽനിന്ന് താൽക്കാലികമായി മാധ്യമം ആഴ്ചപ്പതിപ്പിലേക്ക് മാറ്റം. എനിക്ക് തന്ന ചുമതല ഒരു ട്രയൽ കോപ്പി ഇറക്കാനായിരുന്നു. പറഞ്ഞ സമയത്തിനകം ട്രയൽ കോപ്പി തയാറാക്കി. കുറച്ചു കോപ്പികൾ പ്രിന്റ് ചെയ്തു. അപ്പോഴേക്കും സി. രാധാകൃഷ്ണൻ ആഴ്ചപ്പതിപ്പിന്റെ പത്രാധിപചുമതലയിലേക്ക് വന്നു. അതോടെ ആഴ്ചപ്പതിപ്പ് ഇറക്കാനുള്ള തയാറെടുപ്പുകളായി. നേരത്തേതന്നെ ആരംഭിച്ച െഡസ്കിൽ കെ.പി. രാമനുണ്ണിയുണ്ടായിരുന്നു. അദ്ദേഹം എം.ടി, സേതു തുടങ്ങിയവരുടെ കഥകളും ചില കവിതകളും ലേഖനങ്ങളുമെല്ലാം ഫയൽ ചെയ്തുകഴിഞ്ഞിരുന്നു. ആദ്യത്തെ നാലു ലക്കങ്ങളുടെ പ്ലാനിങ്ങിൽ ഞാനും പങ്കാളിയായി. കവർഫോട്ടോകൾ ശേഖരിക്കാനായി പിന്നത്തെ ശ്രമം. എന്റെ സങ്കൽപത്തിൽ മറ്റൊരു മാതൃഭൂമിയോ കലാകൗമുദിയോ ആയിരുന്നില്ല. അതിൽനിന്നെല്ലാം വ്യത്യസ്തമായ ഐഡന്റിറ്റിയുള്ള ആഴ്ചപ്പതിപ്പായിരുന്നു. ആദ്യലക്കങ്ങളുടെ കവർ തന്നെ വ്യത്യസ്തമാകണം. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതാകണം. റസാഖ് കോട്ടക്കലിന്റെ സഹായം തേടാൻ എഡിറ്റർ പറഞ്ഞിരുന്നു. അതുപ്രകാരം റസാഖുമായി സംസാരിച്ചു. അേദ്ദഹത്തിന് ആഴ്ചപ്പതിപ്പിനെ കുറിച്ച് കുറെ സങ്കൽപങ്ങളുണ്ടായിരുന്നു. ഞാനെന്റെ സങ്കൽപങ്ങൾ പറഞ്ഞതോടെ റസാഖ് ആവേശത്തിലായി. ഒരുനാൾ കാമറയുമായി ഓഫിസിൽ വന്നു. രണ്ടാളും കോഴിക്കോട് വലിയങ്ങാടിയിൽ പോയി. റസാഖ് കുറച്ച് പടങ്ങളെടുത്തു. അടഞ്ഞുകിടക്കുന്ന തുരുമ്പിച്ച ഗേറ്റും അടച്ചിട്ട പഴയ വാതിലുകളും മറ്റും. അതൊന്നും റസാഖ് എന്ന ഫോട്ടോഗ്രാഫർക്ക് തൃപ്തി നൽകിയില്ല. ഞങ്ങൾ വീണ്ടും വെയിലുകൊണ്ട് നടന്നു. പെട്ടെന്ന് റസാഖ് നിന്നു. പഴയ പാസ്പോർട്ട് ഓഫിസിനടുത്ത് അടച്ചിട്ട കടയുടെ വരാന്തയിൽ വെളുത്ത കുപ്പായവും മുണ്ടും ഉടുത്ത് വെളുത്ത തലേക്കെട്ടുമായി ഒരു വൃദ്ധൻ ഇരുന്ന് ബീഡി വലിക്കുന്നു. ഞങ്ങളും അയാളുടെ അടുത്തിരുന്നു. പരിചയപ്പെട്ടു. പുതുതായി തുടങ്ങുന്ന ആഴ്ചപ്പതിപ്പിനായി വലിയങ്ങാടിയുടെ പടമെടുക്കാൻ വന്നതാണെന്നു പറഞ്ഞു. റസാഖിന്റെ ശ്രദ്ധ മുഴുവൻ വൃദ്ധന്റെ മുഖത്തായിരുന്നു. ഒരു പടമെടുക്കാൻ അയാളുടെ അനുമതി വാങ്ങി. പല കോണുകളിൽനിന്ന്, പല ദൂരങ്ങളിൽ കുറെ പടങ്ങളെടുത്തു. ഈ വൃദ്ധന്റെ പടം എന്തിന് ഇതിനു മാത്രമെടുക്കുന്നു എന്നെനിക്ക് മനസ്സിലായില്ല. അപ്പോൾ ഞാനൊന്നും ചോദിച്ചില്ല.
അതു കഴിഞ്ഞതോടെ പടമെടുക്കാനുള്ള താൽപര്യം റസാഖിൽനിന്ന് അപ്രത്യക്ഷമായിരുന്നു. ഞാൻ പൂർണ നിരാശയിലുമായി. ഇനി പടമെടുപ്പൊന്നും ഇന്ന് നടക്കില്ല. ഞങ്ങൾ ഒരു ഓട്ടോ പിടിച്ച് ട്രാൻസ്പോർട്ട് സ്റ്റാൻഡിലേക്കു പോയി. കവർഫോട്ടോ ഈ ആഴ്ച കിട്ടണം. എങ്കിലേ പ്ലാൻ അനുസരിച്ച് ഒന്നാം ലക്കം ഇറക്കാനാവൂ. സ്റ്റാൻഡിലെത്തിയപ്പോൾ ഒരു കോട്ടയം ബസിൽ കയറി. എന്നെയും നിർബന്ധിച്ച് കയറ്റി. കോട്ടക്കലേക്കാണ് ടിക്കറ്റെടുത്തത്. വൈകുന്നേരം കോട്ടക്കൽ ക്ലിന്റ് സ്റ്റുഡിയോയിലെത്തി.
സ്റ്റുഡിയോയിൽനിന്ന് വലിയങ്ങാടിയിലെ വൃദ്ധന്റെ പത്ത് പടങ്ങൾ പ്രിന്റ് എടുത്തു. പിന്നെ ആ പടങ്ങളുംകൊണ്ടിരിപ്പായി. പടങ്ങൾ മാറ്റിമാറ്റിവെച്ച് കളി തുടങ്ങി. ഈ കളി മടുത്തപ്പോൾ ഞാൻ പുറത്തിറങ്ങി. വെറുതെ കുറച്ചു നടന്നു. ആ വൃദ്ധന്റെ പടം മുഖചിത്രമാക്കാനാവില്ലെന്ന് മനസ്സ് പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞ് തിരിച്ചു ചെന്നപ്പോഴും റസാഖ് പടങ്ങൾകൊണ്ടുള്ള കളി തുടരുകയായിരുന്നു. ഇപ്പോൾ അവൻ ഒരുതരം ഉന്മാദാവസ്ഥയിലാണോ എന്ന് ഞാൻ സംശയിച്ചു. അരമണിക്കൂറോളം കഴിഞ്ഞു. മൂന്ന് പടങ്ങൾ ഒഴികെ ബാക്കി പടങ്ങൾ ഒഴിവാക്കി. പടങ്ങൾ ഒന്നിനു മുകളിൽവെച്ചും അടിയിൽവെച്ചുമായി കളി. ഒരു ഘട്ടത്തിൽ അവൻ പറഞ്ഞു. ഇതാണ് കവർഫോട്ടോ. എനിക്കൊന്നും മനസ്സിലായില്ല. പിന്നെ റസാഖ് പടങ്ങൾ മുറിച്ചു. മൂന്ന് ഭാവങ്ങൾ ഒരേ മുഖം. അവ പ്രത്യേകരൂപത്തിൽ ഒട്ടിച്ചശേഷം എന്നെ കാണിച്ചു. അവൻ ഉന്മാദാവസ്ഥയിലൊന്നുമല്ല ഇപ്പോൾ. ഞാൻ സങ്കൽപിച്ചതൊന്നുമല്ല അതെന്ന് എനിക്കും ബോധ്യമായി. തികച്ചും വ്യത്യസ്തമായ ഒരു കൊളാഷ്. ഒന്നാം ലക്കത്തിന്റെ കവർ അതുതന്നെയെന്ന് ഞാൻ ഉറപ്പിച്ചു. അതുതന്നെയായിരുന്നു ഉദ്ഘാടന ലക്കത്തിന്റെ കവർ. അന്നത് നല്ലനിലയിൽ സ്വീകരിക്കപ്പെട്ടു.
അടുത്ത നാലോ അഞ്ചോ ലക്കങ്ങൾ കൂടി പുറത്തിറങ്ങിയശേഷം ഞാനെന്റെ പഴയ ലാവണത്തിലേക്ക് തിരിച്ചുപോയി. പിന്നെ വർഷങ്ങൾക്ക് ശേഷമാണ് ആഴ്ചപ്പതിപ്പിലെത്തുന്നത്. അപ്പോഴേക്കും ആഴ്ചപ്പതിപ്പിന്റെ ബാലാരിഷ്ടതകൾ മാറി എന്റെ ആദ്യ സങ്കൽപത്തിനൊത്ത വ്യത്യസ്തവും ശക്തവുമായ ഒരു പ്രസിദ്ധീകരണമായി മാറിയിരുന്നു. പിന്നീട് ഒരു വർഷത്തോളം ആഴ്ചപ്പതിപ്പിൽ തുടർന്നു. പ്രഫ. എം.എൻ. വിജയന്റെ ആത്മകഥാപരമായ കുറിപ്പുകൾ ആ സമയത്താണ് ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നത്. കുവൈത്ത് അധിനിവേശകാലത്ത് എം.എ. റഹ്മാന്റെ ഡയറിക്കുറിപ്പുകൾ, എൻ. പ്രഭാകരന്റെ പ്രശസ്തമായ നോവൽ, സാറാജോസഫിന്റെ മാറ്റാത്തി തുടങ്ങി ശ്രദ്ധേയമായ നിരവധി കൃതികൾ ആഴ്ചപ്പതിപ്പിന്റെ സ്വീകാര്യത കൂട്ടി.
ഓർമയിൽ രണ്ട് മരണങ്ങൾ അന്നും ഇന്നും നോവിക്കുന്നതാണ്. ആദ്യ ലക്കം അച്ചടിക്കും മുമ്പ് ഒരു കവിതക്ക് ചിത്രം വരച്ചു തന്ന കുറ്റ്യാടിയിലെ പ്രവീൺ എന്ന ചിത്രകാരന്റെ മരണമായിരുന്നു ആദ്യത്തേത്. പാമ്പുകടിയേറ്റായിരുന്നു മരണം. ഇന്ന് മാതൃഭൂമിയിലെ സ്റ്റാഫ് ആർട്ടിസ്റ്റ് കൂടിയായ കെ. ഷെരീഫ്, പ്രവീൺ എന്നിവരാണ് ഓഫിസിൽ വന്നത്. ഷെരീഫ് പറഞ്ഞതും പ്രവീണിന്റെ ചിത്രങ്ങളെ കുറിച്ചായിരുന്നു. ഷെരീഫ് എന്തുകൊണ്ടോ ഒരു ചിത്രകാരനെന്ന നിലയിൽ സ്വയം പരിചയപ്പെടുത്തിയിരുന്നില്ല. പ്രവീണിന്റെ മരണത്തിനു ശേഷം ഏറെ കഴിഞ്ഞാണ് ആഴ്ചപ്പതിപ്പിൽ ഷെരീഫിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ചിത്രീകരണ രീതിയിലുള്ള വലിയ മാറ്റമാണ് ആ ചിത്രങ്ങൾ പ്രകടിപ്പിച്ചത്. അത്ഭുതകരമായ സൗന്ദര്യവും ഭാവനയും ശൈലിയുമായിരുന്നു ആ ചിത്രങ്ങൾക്ക്.
രണ്ടാമത്തെ മരണം ഞാനേറെ ബഹുമാനിക്കുന്ന നോവലിസ്റ്റ് കോവിലന്റേതായിരുന്നു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമുള്ളതിനാൽ കോവിലന് എഴുതാൻ പറ്റുന്നില്ലെന്നും പറയുന്നത് കേട്ട് ആരെങ്കിലും ആ നോവൽ എഴുതിക്കൊടുക്കാനായാൽ മലയാളത്തിന് കോവിലന്റെ ഒരു നോവൽകൂടി കിട്ടുമെന്നും സുഹൃത്ത് ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞിരുന്നു. സി.പി.എം നേതാവ് ഇമ്പിച്ചിബാവയുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു കോവിലൻ മനസ്സിൽ എഴുതിക്കൊണ്ടിരുന്ന നോവൽ. എന്റെ വീക്കിലി ഓഫ് ഒഴിവാക്കി ഞായറാഴ്ചകളിൽ കോവിലന്റെ വീട്ടിലെത്തി ഞാനെഴുതിക്കൊള്ളാം എന്നു സമ്മതിച്ചു. കോവിലന്റെ ഏറ്റവും പുതിയ നോവൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാമല്ലോ എന്ന സ്വാർഥത മാത്രമായിരുന്നില്ല ആ തീരുമാനത്തിന് പിന്നിൽ. കോവിലന്റെ ഒരു നോവൽ ആരോഗ്യകാരണങ്ങളാൽ എഴുതപ്പെടാതെ പോകരുതെന്ന ആത്മാർഥമായ ആഗ്രഹംകൂടിയായിരുന്നു. അടുത്ത ആഴ്ച മുതൽ നോവൽ എഴുതാനും തുടങ്ങി. രണ്ടാഴ്ചകളിൽ രണ്ട് ഭാഗങ്ങൾ ഞാനെഴുതിയെടുത്തിരുന്നു. ഇമ്പിച്ചിബാവയുടെ ഒളിവു ജീവിതമായിരുന്നു രണ്ടാം ഭാഗം. മൂന്നാമത്തെ ആഴ്ച ഞാനവിടെ എത്തിയെങ്കിലും കടുത്ത ചുമയുള്ളതിനാൽ സംസാരിക്കാൻ പ്രയാസമായിരുന്നു. മൂന്നാം ഭാഗം എഴുതാനാകാതെ ഞാൻ തിരിച്ചു പോന്നു. അടുത്ത മൂന്നാലാഴ്ചകളിൽ അസുഖവിവരമറിയാൻ വിളിച്ചുകൊണ്ടിരുന്നു. അതിനിടയിൽ കോവിലൻ ആശുപത്രിയിലുമായി. കുറെ നാൾ കഴിഞ്ഞ് കേട്ടത് അദ്ദേഹത്തിന്റെ മരണവാർത്തയായിരുന്നു. തന്റെ അന്ത്യാഭിലാഷമായ ആ നോവൽ മനസ്സിൽ അടക്കിപ്പിടിച്ച് അേദ്ദഹം യാത്രയായിരിക്കുന്നു. ഒരുപാട് വേദന തോന്നിയതിനാൽ മൃതദേഹം കാണാൻപോലും പോയില്ല.
വളരെ അടുത്ത ചില സുഹൃത്തുക്കളുമായും ഏറെ ബഹുമാനിക്കുന്ന ചില വ്യക്തികളുമായും ആ ഒരു വർഷം അനാവശ്യ സംഭാഷണങ്ങളുണ്ടാവുകയോ പിണങ്ങുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങളായിരുന്നില്ല കാരണം. ആഴ്ചപ്പതിപ്പിന്റെ നന്മ മാത്രമായിരുന്നു. ഇപ്പോൾ ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ ശൂന്യമായ മനസ്സിൽ ആലോചിക്കുമ്പോൾ അത്തരം കലഹങ്ങളും പിണക്കങ്ങളുമൊഴിവാക്കേണ്ടതായിരുന്നു എന്ന തോന്നലുമുണ്ട്. അതിലൊന്ന് പി. ഗീതയുമായുണ്ടായ ടെലിഫോൺ സംഭാഷണമായിരുന്നു. ഗീത പട്ടാമ്പി കോളജിൽ എന്റെ സീനിയറായിരുന്നു. ഭർത്താവ് അടുത്ത സുഹൃത്തും. മലയാള സിനിമകെള കുറിച്ച് വിമർശനപരമായ ആസ്വാദന കുറിപ്പ് എഴുതുന്നതിനെ കുറിച്ചായിരുന്നു അഭിപ്രായവ്യത്യാസം. ഒരേസമയം കച്ചവട - മസാല പടങ്ങളെ എതിർക്കുകയും അവയെ ആഴ്ചപ്പതിപ്പിലെ നിരൂപണത്തിലൂടെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നതിലെ ശരിയില്ലായ്മയായിരുന്നു ഞാൻ പറഞ്ഞത്. നല്ല സിനിമകളെ കുറിച്ച് എഴുതിക്കൂടേ എന്ന ചോദ്യം അവരെ ചൊടിപ്പിച്ചിരിക്കണം. സംഭാഷണത്തിലെ സൗഹൃദം മാറി ഒരുവിധം തർക്കത്തിലെത്തിയപ്പോൾ പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് തൽക്കാലം നിർത്തി. ഇന്നാലോചിക്കുമ്പോൾ ഗീതയുടെ ഭാഗത്തെ ശരികൾ ഞാൻ കാണേണ്ടതായിരുന്നു എന്ന തോന്നലാണ്. കച്ചവട സിനിമകളിലെ സ്ത്രീ വിരുദ്ധതയും പുരുഷാധിപത്യവും വിമർശിക്കാനും ആഴ്ചപ്പതിപ്പിൽ ഇടം നൽകേണ്ടതായിരുന്നു.
ബാബരി മസ്ജിദ് തകർക്കപ്പെട്ടത് 1992ൽ. പത്ത് വർഷം തികഞ്ഞ് 2002 ഫെബ്രുവരിയിൽ ഗുജറാത്ത് കലാപവും. ഇന്ത്യൻ ജനാധിപത്യ-മതേതര ബോധത്തെ കീഴ്മേൽ മറിക്കാനുള്ള ശ്രമവും നവ ഫാഷിസത്തിന്റെ വ്യാപന ശ്രമവുമായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെട്ടത്. അതിനാൽ ആഴ്ചപ്പതിപ്പിൽ പ്രഫ. എം.എൻ. വിജയന്റെ മറവിയുടെ മനഃശാസ്ത്രം, യുദ്ധവും സമാധാനവും തുടങ്ങിയ തുടർലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് എഴുത്തുകാരനും ദാർശനികനുമായ ആനന്ദിന്റെ ഒരഭിമുഖത്തിന് സുഹൃത്തുകൂടിയായ അരവിന്ദാക്ഷനോട് അഭ്യർഥിച്ചത്. അദ്ദേഹം സംഭാഷണം എന്ന നിലയിൽ ദീർഘമായ അഭിമുഖം തയാറാക്കി അയച്ചുതന്നു. അതിന്റെ ആദ്യ നാല് ലക്കങ്ങൾ ആഴ്ചപ്പതിപ്പിൽ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ആ ഭാഗങ്ങളിൽ പറഞ്ഞ കാര്യങ്ങൾ അഞ്ചാം ഭാഗത്ത് ആവർത്തിക്കുന്നതിനാൽ ആ ഭാഗം ഞാൻ മാറ്റിവെച്ചു. മുഴുവൻ ഭാഗവും പ്രസിദ്ധീകരിക്കണമെന്ന് ആനന്ദും അരവിന്ദാക്ഷനും കത്തിലും ഫോണിലുമായി ആവശ്യപ്പെട്ടു. എഡിറ്റർ ഒ. അബ്ദുറഹ്മാൻ എന്നെ വിളിച്ച് കാര്യം തിരക്കി. നാല് ലക്കങ്ങളിൽ പറഞ്ഞ കാര്യങ്ങൾ തന്നെ അഞ്ചാം ഭാഗത്തും ആവർത്തിക്കുന്നതിനാലാണ് മാറ്റിവെച്ചതെന്ന് ഞാൻ പറഞ്ഞു. എങ്കിലും അത് മാറ്റിവെക്കേണ്ടിയിരുന്നില്ല എന്നും അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കണമെന്നും അറിയിച്ചു. അത് പ്രകാരം അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഈ സംഭാഷണം ആനന്ദ് പുസ്തകമാക്കി- നഷ്ടപ്രദേശങ്ങൾ എന്ന പേരിൽ. അതിന്റെ രണ്ട് പേജ് ആമുഖത്തിൽ ഇങ്ങനെ പറയുന്നു: മത തീവ്രവാദ / മൗലികവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടാൻ താൽപര്യമില്ലായിരുന്നു.
ആനന്ദിന് ആഴ്ചപ്പതിപ്പിനെ കുറിച്ചുണ്ടായിരുന്ന മുൻവിധി ഈ വാക്കുകളിൽ വ്യക്തം. അതനുസരിച്ചുതന്നെയായിരുന്നു നിലപാടുകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.