നാഞ്ചിയമ്മ 'അയ്യപ്പനും കോശിയും' എന്ന സിനിമയിൽ പാടിയ പാട്ടിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചപ്പോൾ മലയാളികളായ ബഹുഭൂരിപക്ഷം പേരും അഭിമാനിച്ചു. തികഞ്ഞ ആഹ്ലാദത്തിലാണ് ഏറെപ്പേരും ആ അവാർഡിനെ ഹൃദയത്തിലേറ്റിയത്. എന്നാൽ, ചില ചെറിയ ഇടങ്ങളിൽനിന്നും നാഞ്ചിയമ്മയുടെ ദേശീയ അംഗീകാരത്തിനെതിരെ കരച്ചിലുകളും ഉയർന്നുവന്നു. കലയുടെ ലോകത്തെ വിശാലമായി കാണാനുള്ള ശേഷിയില്ലായ്മ മാത്രമല്ല വിമർശനങ്ങളുടെ അടിസ്ഥാനവികാരം, വംശീയതയിൽ വേരാഴ്ന്ന...
നാഞ്ചിയമ്മ 'അയ്യപ്പനും കോശിയും' എന്ന സിനിമയിൽ പാടിയ പാട്ടിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചപ്പോൾ മലയാളികളായ ബഹുഭൂരിപക്ഷം പേരും അഭിമാനിച്ചു. തികഞ്ഞ ആഹ്ലാദത്തിലാണ് ഏറെപ്പേരും ആ അവാർഡിനെ ഹൃദയത്തിലേറ്റിയത്. എന്നാൽ, ചില ചെറിയ ഇടങ്ങളിൽനിന്നും നാഞ്ചിയമ്മയുടെ ദേശീയ അംഗീകാരത്തിനെതിരെ കരച്ചിലുകളും ഉയർന്നുവന്നു.
കലയുടെ ലോകത്തെ വിശാലമായി കാണാനുള്ള ശേഷിയില്ലായ്മ മാത്രമല്ല വിമർശനങ്ങളുടെ അടിസ്ഥാനവികാരം, വംശീയതയിൽ വേരാഴ്ന്ന ജാതീയത ഉൽപാദിപ്പിക്കുന്ന മൂപ്പോരിളമ ബോധ്യമാണിവിടെ മറനീക്കി പുറംചാടിയത്.
സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരുപാടുപേർ അവാർഡ് കൈയണയാൻ കാത്തു കാത്ത് ജീവനോടെയിരിപ്പാണെന്നും അവരൊക്കെ ഇതൊക്കെ എങ്ങനെയൊക്കെ സഹിച്ചിറക്കും എന്നതരത്തിലാണ് വിലാപത്തിലെ എണ്ണിപ്പെറുക്കലുകൾ വെളിപ്പെട്ടത്. അവർ അളന്നിട്ടുകൊടുക്കുന്ന പിച്ചിനൊപ്പിച്ച് നാഞ്ചിയമ്മക്ക് പാടിയൊപ്പിക്കാനാവുമോ തുടങ്ങിയ വരേണ്യവിഹ്വലതകളും വൈറലായി.
കർണാട്ടിക് മ്യൂസിക്കിന്റെ അളവുകോൽവെച്ചു നടത്തുന്ന ഇത്തരം വിമർശനങ്ങളെ പ്രൊക്യൂസ്റ്റസിന്റെ കട്ടിലിനോടാണ് ഉപമിക്കാനാവുക. ചതിയിൽപെടുത്തി കൊണ്ടുവരുന്ന ഇരയുടെ ശരീരം െപ്രാക്യൂസ്റ്റസിന്റെ കട്ടിലിനെക്കാൾ വലുതാണെങ്കിൽ കൈയും കാലും അരിഞ്ഞു തള്ളുകയും ചെറുതാണെങ്കിൽ ചുറ്റികകൊണ്ട് അടിച്ചുനീട്ടുകയും ചെയ്യുന്ന കഥാപാത്രമാണ് പ്രൊക്യൂസ്റ്റസ്. ലോകത്ത് ഇന്ത്യയിൽതന്നെ പലതരം സംഗീതധാരകളുണ്ട്. അതിലൊരു സംഗീതധാര മാത്രമാണ് കർണാട്ടിക് മ്യൂസിക്. എന്നാൽ, കേരളീയ പൊതുബോധം എല്ലാ പാട്ടുകളെയും കർണാടിക് മ്യൂസിക്കിന്റെ അളവുകോൽകൊണ്ട് അളന്നുതൂക്കി വിധി കൽപിക്കുന്നു. ഇന്ത്യയിൽ മാത്രം അനേക ഗോത്രവിഭാഗങ്ങളെയും തദ്ദേശീയ ജനവിഭാഗങ്ങളെയും സംബന്ധിക്കുന്ന ഫോക് മ്യൂസിക്കിന്റെ വ്യതിരിക്തതകൾ ധാരാളമുണ്ട്. സൂഫിസത്തിന്റെയും ഗസൽ സംഗീതത്തിന്റെയും ലോകവും സവിശേഷധാരയാണ്. നാഞ്ചിയമ്മയുടെ സവിശേഷമായ സംഗീതംകൂടി മുഴങ്ങിനിന്നതുകൊണ്ടുതന്നെയാണ് 'അയ്യപ്പനും കോശിയും' എന്ന സിനിമക്ക് നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചത്. ആ സന്ദർഭത്തിൽപോലും നാഞ്ചിയമ്മക്കു കിട്ടിയ പുരസ്കാരത്തിനു നേരെ മാത്രം കല്ലേറ് നടത്തുന്നതിൽ കലാബാഹ്യമായ കാര്യങ്ങൾ തന്നെയാണുള്ളത്.
ആദിവാസികൾക്കും ദലിതർക്കും ലഭിക്കുന്നതെല്ലാം സവർണതയുടെ ഔദാര്യപ്പൊതികളും സവർണതക്കുള്ള കിട്ടലുകളാണ് യഥാർഥ കിട്ടലുകളുമെന്ന ബോധം ജാതിവെറിയുടെ തുടർച്ചയായി നിലനിന്നുപോരുന്നതാണ്. വംശീയത തന്നെയാണതിന്റെ അടിസ്ഥാന വികാരം. തങ്ങളുടേത് മാത്രമായ സാംസ്കാരിക/സാമ്പത്തിക ഇടത്തിലേക്ക് ബഹുജനങ്ങൾ കയറിവരുന്നതിനെതിരായുള്ള മുറുമുറുപ്പാണ് അതിൽ മുഖ്യമായും ഉള്ളത്. കീഴാളർക്കെതിരെയുള്ള വർണവെറിയരുടെ ആക്രമണവാസന സാംസ്കാരികരംഗത്ത് കാലങ്ങളിലൂടെ തുടരുന്നതാണ്.
'ഫോർ ദ പീപ്പിൾ' എന്ന സിനിമയിലെ ജാസി ഗിഫ്റ്റിന്റെ ''ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ'' എന്ന പാട്ടിനെ ഇകഴ്ത്തിക്കൊണ്ട് ശുദ്ധിവാദികളുടേതായി മുപ്പത്തിയഞ്ചോളം ലേഖനങ്ങളാണ് മുഖ്യധാരയിൽ അക്കാലത്ത് എഴുതപ്പെട്ടത്. സാംസ്കാരിക മേൽക്കോയ്മ കീഴ്മേൽ മറിയുന്നതറിയുമ്പോഴുള്ള സവർണസ്വത്വത്തിന്റെ സുപ്തഭയങ്ങളാണ് ആ എഴുത്തുഭാഷണങ്ങളിലൂടെ മറനീക്കി പുറംചാടിയത്. അതിനെയെല്ലാം വിലയിരുത്തിക്കൊണ്ട് സാമൂഹികവിമർശകനായ കെ.കെ. ബാബുരാജ് 2004ൽ എഴുതിയ ലേഖനത്തിൽ ഇപ്രകാരം സൂചിപ്പിക്കുന്നു: ''കീഴാളരുടെയും ബഹുജനങ്ങളുടെയും അഭിരുചികൾ ക്ഷുദ്രവും ആസ്വാദനബോധം താഴ്ന്നതുമാണെന്ന കാഴ്ചപ്പാട് ഈ മേഖലയിലെ വംശീയതയെ ഉറപ്പിക്കാനും മൂലധനത്തെ ചിലരുടെ കൈകളിൽ മാത്രമായി കേന്ദ്രീകരിക്കാനുമുള്ള അടവായും കണക്കാക്കേണ്ടതുണ്ട്'' (പുറം 52, മറ്റൊരു ജീവിതം സാധ്യമാണ്, അദർ ബുക്സ്).
കൊട്ടാര കേന്ദ്രീകൃതമായ സംഗീത പാരമ്പര്യം സ്വാതിതിരുനാൾ തുടങ്ങിയ രാജാക്കന്മാരുടെയും അവരുടെ ആശ്രിതരും വൈതാളികരുമായ ചെറുലോകങ്ങളെയും ചുറ്റിനിൽക്കുന്നതായിരുന്നു. ബഹുജനങ്ങളെ കുറിച്ചോ മനുഷ്യജീവിതത്തെക്കുറിച്ചോ എഴുതാനോ ഈണം ചേർക്കാനോ കഴിയാതെ അഭൗമസാങ്കൽപിക ലോകത്തെ പ്രകീർത്തിച്ചുള്ള കീർത്തന സാഹിത്യത്തിലും സംഗീതത്തിലും ഉഴറിനിന്നതാണ് കൊട്ടാര കേന്ദ്ര സംഗീത പാരമ്പര്യ ലോകം. ബഹുജനസംഗീതം അപ്പോഴും അടിത്തട്ടിൽ വികസിക്കുകയായിരുന്നു. ജൈവികവും നൈസർഗികവുമായ ആ സംഗീതധാര ഉത്തരാധുനിക കാലത്ത് സവിശേഷമായി ഉയർന്നുവരികയുണ്ടായി.
സി.ജെ. കുട്ടപ്പന്റെ തൊണ്ണൂറുകളിലെ ഇടപെടലുകളിലൂടെ നാടൻപാട്ടുകൾ മുഖ്യധാരയിൽ ഇടം നേടിയെടുത്തു. കലാഭവൻ മണിയുടെ ബഹുജനസംഗീതം അടിത്തട്ടിന്റെ പാട്ട് പാരമ്പര്യത്തെ കൂടുതൽ വികസ്വരമാക്കുകയുണ്ടായി. പി.എസ്. ബാനർജി, മത്തായി സുനിൽ, പ്രസീത ചാലക്കുടി, പ്രദീപ് പാണ്ടനാട്, പ്രകാശ് കുട്ടൻ, രാഹുൽ കൊച്ചാപ്പി, ദിവാകരൻകുട്ടി, ജിതേഷ് കക്കടിപ്പുറം എന്നിങ്ങനെ നീളുന്ന ബഹുജന ബഹുസ്വര പാട്ടുകാർ പുതിയ കാലത്തിന് വേറിടലിന്റേതായ മറ്റൊരു സംഗീതലോകത്തെ നിർമിച്ചു നൽകി.
സിനിമാ പാട്ടുകളിൽ മലയാളിയുടെ പോപുലർ കൾചറിന്റെ ഭാവുകത്വപരമായ കാലഗണനകൾ അടയാളപ്പെടുന്നുണ്ട്. ചിത്രീകരണദൃശ്യം മറന്നിട്ടും കാലങ്ങൾ കടന്നുനിൽക്കുന്ന പാട്ടുകളാണ് നമുക്കേറെയുമുള്ളത്.
ബഹുജന സ്വഭാവത്തിലാണ് ആദ്യകാല സിനിമാ പാട്ടുകൾ വളർന്നത്. 'നീലക്കുയിൽ', 'ചെമ്മീൻ', 'നദി', 'ഭാര്യ' തുടങ്ങിയ സിനിമാഗാനങ്ങളിലെ മതേതര ജാതിനിരപേക്ഷ ആവിഷ്കാരങ്ങൾ അഭിമാനകരമാണ്. എന്നാൽ, എൺപതുകൾക്കു ശേഷം കർണാട്ടിക് മ്യൂസിക്കിന്റെ ആണ്ടുപൂണ്ടുള്ള വിളയാട്ടം ശക്തമായി. അതുകൊണ്ടാണ് നമ്മുടെ പാട്ടുകളേറെയും അമ്പലപ്പാട്ടുകൾ മാത്രമായിപ്പോയത്. ഒ.എൻ.വിയും കൈതപ്രവും മാത്രമല്ല, യൂസുഫലി കേച്ചേരി വരെ ''ജാനകീ ജാനേ... രാമാ രാമാ...'' സ്വഭാവമുള്ള ഭജനപ്പാട്ടുകൾ സിനിമക്കായി എഴുതിക്കൂട്ടി. പ്രണയഭാവനകളെല്ലാം രാധയിലും കൃഷ്ണനിലും കോലക്കുഴലിലും മയിൽപ്പീലിയിലും മാത്രം തളംകെട്ടിനിന്നു. സംഗീതം സോപാനസംഗീതത്തിന്റെ പെരുക്കങ്ങളായി മാറി. മലയാള സിനിമാ പാട്ടുകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്നത് സോപാനമെന്ന പദമാണ്. ഉപനയനവും മറക്കുടയും മഞ്ഞൾപ്രസാദവും ഗോപുരവാതിലും ആൽത്തറയും ആവർത്തിച്ചാവർത്തിച്ച് ക്ലീഷേയായി. മുൻചൊന്ന ക്ഷേത്രകലയാക്കിയെടുക്കലിന്റെ സൂചകമാണ് മേൽച്ചൊന്ന പദാവർത്തനങ്ങൾ.
ഇത്തരത്തിൽ തറഞ്ഞുപോയ സിനിമാസംഗീതധാരയിലാണ് ജാസി ഗിഫ്റ്റിന്റെ പാട്ടുകൾ പിളർപ്പുണ്ടാക്കിയത്. അപ്പോഴും പിന്മടക്കവാസന ന്യൂജെൻ സിനിമാക്കാർപോലും പ്രകടിപ്പിക്കുന്നത് കാണാം. വിനീത് ശ്രീനിവാസന്റെ 'അരവിന്ദന്റെ അതിഥികൾ' പോലുള്ള സിനിമകളിലെ പാട്ടുകൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാണ്.
ജാസി ഗിഫ്റ്റിന്റെ ''ലജ്ജാവതിയേ നിെന്റ കള്ളക്കടക്കണ്ണിൽ...'' എന്ന പാട്ട് സിനിമയിൽ പതിഞ്ഞുപോയ ഡിവോഷനൽ കെട്ടുകാഴ്ചകൾക്ക് ഷോക്ക്ട്രീറ്റ്മെന്റായിരുന്നു. എം.എൻ. കാരശ്ശേരിയെപോലുള്ളവർ ആറാഴ്ചപോലും നിലനിൽക്കാത്ത പാട്ട് എന്നാണ് ജാസി ഗിഫ്റ്റിന്റെ ''ലജ്ജാവതിയേ'' എന്ന പാട്ടിനെ വിമർശനവിധേയമാക്കിയത്. എന്നാൽ, ജാസി ഗിഫ്റ്റിന്റെ ലജ്ജാവതി മാത്രമല്ല തുടർന്നുണ്ടായ നിരവധി പാട്ടുകൾ മലയാളത്തിൽ വൻഹിറ്റുകൾ തീർക്കുക മാത്രമല്ല തമിഴ് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിലും പ്രധാനമായി തീർന്നിട്ടുണ്ട്. കാരശ്ശേരിയെപ്പോലുള്ളവരുടെ മനസ്സിലാക്കലുകളിലും തീർപ്പുകളിലുമല്ല ബഹുജന ആസ്വാദനലോകം നിലനിൽക്കുന്നത് എന്നതിന് കാലംതന്നെ തെളിവുകൊടുത്തിരിക്കുന്നു.
പുതിയകാലത്ത് നിരവധി പാട്ടുകൾക്ക് ഈണം നൽകിയ ഗിരീഷ് കുട്ടന്റെ സംഗീതാവബോധവും ഫോക്കിന്റെയും ബഹുജനധാരയുടേതുമാണ്. അസംഖ്യം നാടൻ പാട്ടു വേദികളിലൂടെ മുന്നണിയിൽ പാടിനിൽക്കുന്ന മത്തായി സുനിൽ കൂടുതൽ പോപുലറായ സിനിമാ ഗാനത്തിലേക്ക് എത്തിയതിലൂടെ മാറ്റങ്ങൾ ഉണ്ടായി. 'കമ്മട്ടിപ്പാടം' എന്ന സിനിമയിലെ ''അക്കാണും മാമലയൊന്നും നമ്മുടതല്ലെൻ മകനേ...'' എന്ന അൻവർ അലിയെഴുതി വിനായകൻ സംഗീതസംവിധാനം നിർവഹിച്ച ഗാനം മത്തായി സുനിലിന്റെ ശബ്ദത്തിൽ വന്നതിനെ തുടർന്ന് ഫോക് സംഗീതത്തെ മാറ്റിനിർത്തി, സ...പ...സ മാത്രം പാടി സിനിമാ പാട്ടുകൾക്ക് നിൽക്കാനാവില്ല എന്ന അവസ്ഥയുണ്ടായി.
ശാസ്ത്രീയഗാന സർക്കസുകളിൽനിന്ന് സിനിമാ ഗാനങ്ങൾ നൈസർഗിക സംഗീതത്തിലേക്കു വളർന്നു. മറ്റൊരു സംഗീതധാര ഗസൽ ഗായകരുടേതാണ്. മിസ്റ്റിസിസത്തിന്റെ മതാതീത സംഗീതമാണിവിടെ ഉൾച്ചേരുന്നത്. സമീർ ബിൻസിയുടെ പാട്ടുകൾ ബഹുസ്വരതയുടെ സംഗീതമാണ് ഉയർത്തുന്നത്. ശാസ്ത്രീയ സംഗീതധാര തനിയാവർത്തനത്താൽ കറവവറ്റിയ പശുവായി മാറിയിട്ടുണ്ട്. ഇത് പുതിയ കാലമാണ്. ഉറച്ചിരുന്നു പാട്ടു കേൾക്കുന്ന കാലം അസ്തമിച്ചിട്ടുണ്ട്. ചടുലതയിൽ ആരെയും തുള്ളിക്കുന്ന പാട്ടുകൾ കാണാം. ഇനിയുള്ള കാലം വഴിതുറക്കുന്നത് അധ്വാനത്തിന്റെയും ചലനത്തിന്റെയും വഴിയിൽ രൂപംകൊണ്ട നാടൻസംഗീതത്തിന്റെയുമാണ്. അതിന്റെ ചേർത്തെടുക്കലിലാണ് സച്ചിയെ പോലൊരു മികച്ച സംവിധായകൻ നാഞ്ചിയമ്മയുടെ ഗോത്രസംഗീതത്തെ തന്റെ സിനിമയോടു ചേർത്തുനിർത്തിയത്. അതിനെ ഉൾക്കൊള്ളാൻ വിശാലമായൊരു ജൂറിയുണ്ടായതും അഭിമാനകരമാണ്. സിനിമ മുന്നോട്ടുവെക്കുന്ന സന്ദർഭത്തെ പ്രേക്ഷകരിൽ ചലനമാക്കാൻ സംഗീത ഇടപെടലിന് എത്രകണ്ട് കഴിയുന്നുണ്ട് എന്നത് മാത്രമാണ് സിനിമാ പാട്ടിന്റെ അവാർഡു നൽകുന്നതിന്റെ മാനദണ്ഡം. നാഞ്ചിയമ്മയുടെ പാട്ട് അക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്. അല്ലാതെ ശാസ്ത്രീയ സംഗീത മത്സരത്തിൽ പങ്കെടുക്കുകയല്ല നാഞ്ചിയമ്മ ചെയ്തിട്ടുള്ളത് എന്നെങ്കിലും വിമർശകർ മനസ്സിലാക്കുന്നത് നന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.