ജാതിവഴികളിൽ ഇനിയും നടക്കേണ്ടതുണ്ട്​ സമരങ്ങൾ

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ സമരത്തിന്റെ സാമൂഹിക പ്രാധാന്യത്തെ അവഗണിക്കുന്നതും രാഷ്ട്രീയ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നതുമാണെന്ന് ​ചിന്തകനും സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ കേരളം എങ്ങനെയാണ് സാമൂഹികപ്രശ്നങ്ങളെ നോക്കിക്കാണുന്നത് എന്നതിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു ഈ സമ്മേളനങ്ങളെന്ന് എഴുതുന്ന അദ്ദേഹം വൈക്കം സത്യഗ്രഹത്തെ വർത്തമാനകാല കേരള അവസ്​ഥകളുമായി ബന്ധ​െപ്പട്ട്​ ചില ഗൗരവമാർന്ന ചിന്തകൾ മുന്നോട്ടുവെക്കുന്നു. ഐക്യകേരളത്തിന്റെ രൂപവത്കരണത്തിലേക്ക് നയിച്ച സുപ്രധാനമായൊരു സാമൂഹിക ഇടപെടലായിരുന്നു വൈക്കം സത്യഗ്രഹം....

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ സമരത്തിന്റെ സാമൂഹിക പ്രാധാന്യത്തെ അവഗണിക്കുന്നതും രാഷ്ട്രീയ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നതുമാണെന്ന് ​ചിന്തകനും സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ കേരളം എങ്ങനെയാണ് സാമൂഹികപ്രശ്നങ്ങളെ നോക്കിക്കാണുന്നത് എന്നതിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു ഈ സമ്മേളനങ്ങളെന്ന് എഴുതുന്ന അദ്ദേഹം വൈക്കം സത്യഗ്രഹത്തെ വർത്തമാനകാല കേരള അവസ്​ഥകളുമായി ബന്ധ​െപ്പട്ട്​ ചില ഗൗരവമാർന്ന ചിന്തകൾ മുന്നോട്ടുവെക്കുന്നു. 

ഐക്യകേരളത്തിന്റെ രൂപവത്കരണത്തിലേക്ക് നയിച്ച സുപ്രധാനമായൊരു സാമൂഹിക ഇടപെടലായിരുന്നു വൈക്കം സത്യഗ്രഹം. സമരത്തിന്റെ സൈദ്ധാന്തിക നേതൃത്വമായിരുന്ന ഗാന്ധിജി വൈക്കത്ത് എത്തുന്നതിന് തൊട്ടുമുമ്പ് 1925 ഫെബ്രുവരി 19ന് ‘യങ് ഇന്ത്യ’യിൽ എഴുതിയത് ‘‘സ്വരാജിനുവേണ്ടിയുള്ള സമരത്തേക്കാൾ ഒട്ടും അപ്രധാനമല്ലാത്ത ഒരു സമരമാണ് വൈക്കം സത്യഗ്രഹം’’ എന്നാണ്. ‘‘യുഗങ്ങളോളം നീണ്ടുനിന്ന അനീതിക്കും പക്ഷപാതിത്വത്തിനുമെതിരായ സമര’’മെന്നാണ് അദ്ദേഹം വൈക്കം സമരത്തെ വിശേഷിപ്പിച്ചത്. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിലും സർക്കാർതലത്തിലും വൈക്കത്ത് നടന്ന സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ കണ്ടത് ഈ സമരത്തിന്റെ സാമൂഹിക പ്രാധാന്യത്തെ അവഗണിക്കുന്നതും രാഷ്ട്രീയ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നതുമാണ്. രാഷ്ട്രീയ കേരളം എങ്ങനെയാണ് സാമൂഹിക പ്രശ്നങ്ങളെ നോക്കിക്കാണുന്നത് എന്നതിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു ഈ സമ്മേളനങ്ങൾ.

കോൺഗ്രസ് നേതൃത്വത്തിൽ 2023 മാർച്ച് 30ന് നടന്ന സമ്മേളനത്തിൽ പുതിയ കാലത്തിന്റെ അനാചാരമായി ചൂണ്ടിക്കാട്ടപ്പെട്ടത് കേന്ദ്രസർക്കാറിന്റെ ഏകാധിപത്യ വാഴ്ചയാണ്. അയിത്തത്തെ തകർത്ത കോൺഗ്രസ് ഈ ഏകാധിപത്യത്തെ ഇല്ലാതാക്കുമെന്ന് എ.ഐ.സി.സി ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പ്രഖ്യാപിച്ചപ്പോൾ വൈക്കം സത്യഗ്രഹത്തിന്റെ രാഷ്ട്രീയ വ്യാഖ്യാനമായി ഈ ദുരാചാരത്തെ നേരിടുന്നതിനായി കോൺഗ്രസ് നേതൃത്വം ഉയർത്തിക്കാട്ടിയത് രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയ ബിംബത്തെയാണ്. ഗാന്ധിജിയുടെയും നാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും മന്നത്ത് പത്മനാഭന്റെയും കെ.പി. കേശവ മേനോന്റെയും കെ. കേളപ്പന്റെയുമെല്ലാം പ്രതിച്ഛായകൊണ്ട് ഈ രാഷ്ട്രീയ ബിംബത്തെ അലങ്കരിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ പൈതൃകം തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ഖാർഗെയുടെ പ്രഖ്യാപനം സമത്വമാണ് സത്യഗ്രഹത്തിന്റെ സന്ദേശമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളെ തമസ്കരിച്ചു. വൈക്കം സത്യഗ്രഹത്തിൽനിന്ന് മാറിനിന്ന അയ്യൻകാളിയുടെ ഛായാചിത്രം എങ്ങനെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി എന്നത് ചോദ്യചിഹ്നമായി.

വൈക്കം സത്യഗ്രഹത്തോട് ഭാഗികമായെങ്കിലും നീതിപുലർത്തിയത് 2023 ഏപ്രിൽ ഒന്നിന് സർക്കാർതലത്തിൽ നടന്ന ശതാബ്ദി ആഘോഷമാണ്. ചടങ്ങ് ഉദ്ഘാടനംചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഒരേ സ്വരത്തിൽ പറഞ്ഞത്, മതരാഷ്ട്രീയത്തിന് ബദലാണ് വൈക്കം സത്യഗ്രഹമെന്നാണ്. ജാതിമത ശക്തികൾ കരുത്താർജിക്കുന്ന ഇക്കാലത്ത് വൈക്കത്തിന്റെ സന്ദേശം പ്രസക്തമാണെന്ന് സ്റ്റാലിൻ പറഞ്ഞപ്പോൾ മനുസ്മൃതി അടിസ്ഥാനമാക്കി മതരാഷ്ട്രമുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് വൈക്കത്തിന്റെ സന്ദേശം വെളിച്ചമാണെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ, രാഷ്ട്രീയ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞ ഉദ്ഘാടകൻ സാമൂഹിക ജനാധിപത്യത്തിന്റെ കാര്യത്തിൽ നിശ്ശബ്ദത പാലിച്ചു. അതിന് വൈക്കം സത്യഗ്രഹത്തിലെ പ്രമുഖരുടെ സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുകയും സ്മൃതിമണ്ഡപങ്ങൾ പുതുക്കിപ്പണിയുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്താൽ പോരാ, രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം സാമൂഹിക ജനാധിപത്യത്തെയും വ്യാഖ്യാനിക്കുവാനാകണം.


ഹിന്ദു ഏകതയിലൂന്നി വൈക്കം സത്യഗ്രഹത്തെ നോക്കിക്കാണുന്ന ബി.ജെ.പി 2023 മാർച്ച് 31ന് സംഘടിപ്പിച്ച ശതാബ്ദി ആഘോഷം ഉദ്ഘാടനംചെയ്​ത്​ കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ പറഞ്ഞത്, ‘‘സമൂഹം തട്ടുകളായി വേർതിരിഞ്ഞുനിന്ന കാലത്ത് അവയിലെ നന്മയുള്ളവർ നടത്തിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹം’’ എന്നാണ്. അത് ഹിന്ദുവിന്റെയും ഇന്ത്യയുടെയും നന്മയാണെന്നും തിന്മകളെ സ്വയം തിരുത്തി മുന്നേറുന്നതാണ് അതിന്റെ ചരിത്രമെന്നും മേഘ് വാൾ ചൂണ്ടിക്കാട്ടി. ലോകത്ത് മറ്റൊരിടത്തും കാണാത്ത ഹിംസാത്മകമായൊരു സാമൂഹിക നിർമിതിക്കെതിരെ വർണ ജാതി വ്യവസ്ഥക്കെതിരെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് കേരളത്തിൽ നടന്നൊരു സാമൂഹിക ഇടപെടലിനെയാണ് മേഘ് വാൾ ഹിന്ദുവിന്റെയും ഇന്ത്യയുടെയും നന്മയും സ്വയം തിരുത്തലുമായി ചിത്രീകരിച്ചത്. മേഘ് വാൾ ചൂണ്ടിക്കാണിച്ച നന്മയുടെയും സ്വയം തിരുത്തലിന്റെയും ഈ പൂമരം അയിത്തജാതിക്കാർ പോരാട്ടങ്ങളിലേക്ക് കടന്നുവരുന്നതുവരെ, നൂറ്റാണ്ടുകളായി പൂക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഈ അവകാശവാദത്തെ തള്ളിക്കളയുന്നതാണ്. നന്മ-തിന്മ ദ്വന്ദ്വത്തിലൂടെയും അതിന്റെ അഭിന്നതയിലൂടെയും വർണജാതി വ്യവസ്ഥയുടെ ഹിംസാത്മകത മൂടിവെക്കാൻ ശ്രമിക്കുകയാണ് മേഘ് വാൾ. മഹാബലിയെയും വാമനനെയും ഒരുപോലെ കാണാൻ കേരളീയർ പരിശീലിക്കപ്പെട്ടപോലെ. ഗാന്ധിജിയെയും ഗോദ്സെയെയും ഒരുപോലെ കാണാൻ ഇന്ത്യക്കാർ പരിശീലിക്കപ്പെടുന്നതുപോലെ.

വൈക്കം സത്യഗ്രഹം ഇന്നൊരു ചരിത്രസംഭവമല്ല, വ്യാഖ്യാനമാണ്. വസ്തുതകൾക്കല്ല, വ്യാഖ്യാനിക്കുന്നവരുടെ താൽപര്യങ്ങൾക്കാണ് പ്രാമുഖ്യം. മതനിരപേക്ഷ ജനാധിപത്യവാദികൾ അതിനെ സ്വേച്ഛാധിപത്യത്തിനും മതരാഷ്ട്രവാദത്തിനുമെതിരെ വ്യാഖ്യാനിക്കുമ്പോൾ സംഘ്പരിവാർ അതിനെ ഹൈന്ദവ ഏകീകരണത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും ഭാഗമായി വ്യാഖ്യാനിക്കുന്നു. സമരനേതൃത്വമായിരുന്ന ഗാന്ധിജി വൈക്കം സത്യഗ്രഹത്തെ കണ്ടത് ജാതിവ്യവസ്ഥയുടെ വിമലീകരണമെന്ന നിലയിലാണ്. ഹിന്ദുമതത്തിലെ അവരുടെ സഹോദരങ്ങളെ സ്പർശിക്കാത്തത് പാപമാണെന്ന് ഹിന്ദു മതാനുയായികൾ കരുതുന്നിടത്തോളം കാലം സ്വരാജ് നേടുകയെന്നത് അസാധ്യമാണെന്നാണ് ഗാന്ധിജി വൈക്കം സന്ദർശനത്തിന് പിന്നാലെ 1925 ഏപ്രിൽ 27ന് ‘യങ് ഇന്ത്യ’യിൽ എഴുതിയത്. അയിത്താചരണത്തിന് മതസമ്മതിയില്ലെന്നും അസ്പൃശ്യത എന്ന പാപത്തിന്റെ കറ കഴുകിക്കളഞ്ഞ് ഹൈന്ദവ മനസ്സുകൾ പരിപൂർണമായി വിശുദ്ധമാക്കിയാൽ ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും അത് ഗുണം ചെയ്യുമെന്നും ഹിന്ദുമതത്തിൽനിന്ന് അയിത്താചാരത്തെ തുടച്ചുനീക്കിയില്ലെങ്കിൽ അത് ഹിന്ദുമതത്തെ ഈ ഭൂഖണ്ഡത്തിൽനിന്ന് തുടച്ചുനീക്കുമെന്നും ഗാന്ധിജി 1930കളുടെ ആദ്യ പകുതിയിൽ എഴുതുന്നുണ്ട്. ഹിന്ദുവിന്റെ നന്മയല്ല, ഹിന്ദുമതത്തിന്റെ സർവനാശമെന്ന ഭീതിയാണ് ജാതിഹിന്ദുക്കളെ വൈക്കം സത്യഗ്രഹത്തിലേക്ക് തള്ളിനീക്കിയത്.

പിണറായി വിജയനും എം.കെ സ്റ്റാലിനും

അയിത്താചരണത്തിനെതിരായ ഒരു സാമൂഹിക മുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹമെങ്കിലും അതിന്റെ നേതൃത്വം സവർണ ഹിന്ദുക്കൾക്കായിരിക്കണമെന്നത് ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ സമീപനമായിരുന്നു. സത്യഗ്രഹത്തിന്റെ ഭാഗമായി 1924 മാർച്ച് 23ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.പി. കേശവമേനോൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ എല്ലാവരും ചേർന്നുള്ള ഒരു സമരത്തെക്കുറിച്ചാണ് പറഞ്ഞിരുന്നതെങ്കിലും താഴ്ന്ന ജാതിക്കാരോട് ഉയർന്ന ജാതി ഹിന്ദുക്കൾക്ക് നിഷ്കളങ്കത പ്രദർശിപ്പിക്കാനുള്ള അവസരമായാണ് അത് വിഭാവന ചെയ്യപ്പെട്ടത്. ‘‘തങ്ങളുടെ സഹോദരങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന പൈശാചികമായ ഈ ദുരാചാരം നമ്മുടെ രാജ്യത്തെ കെടുത്തുമെന്നും താണ ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം സ്ഥാപിച്ചുകൊടുക്കാനുള്ള ഭാരം ഉയർന്ന ജാതിക്കാരിലാണെ’’ന്നുമാണ് ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയത്.

ഞാൻ ഒരു ഹിന്ദുവാണെന്നും തീണ്ടലും അയിത്തവും അകറ്റുന്നതിനുള്ള ആവശ്യകതയിലും നീതിയിലും ഞാൻ പൂർണമായി വിശ്വസിക്കുന്നുവെന്നും തീണ്ടൽജാതിക്കാർക്ക് പൊതുസ്ഥലങ്ങളിൽകൂടി സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കാനായി ഞാൻ നിരന്തരം പരിശ്രമിക്കുന്നതാണെന്നുമായിരുന്നു ഈ സമരത്തിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തിരുന്നത്. ഈ സമീപനത്തിൽനിന്നാണ് ഗാന്ധിജിയുടെ ഉപദേശപ്രകാരം മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ നടന്നത്. ക്ഷേത്രപ്രവേശനം സവർണ ഹിന്ദു അജണ്ടയായത്. അയിത്തജാതിക്കാർ സ്വന്തം മോചനത്തിനായി പോരാടിക്കൊണ്ടിരുന്നപ്പോൾ അവർക്കുവേണ്ടി സവർണർ നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. അതുതന്നെയായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ നേട്ടവും കോട്ടവും.

വർണജാതി വ്യവസ്ഥയുടെ ഭീകരമുഖമായ അയിത്തത്തിനെതിരെ ജാതിഘടനയുടെ അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ നൈരന്തര്യത്തിലാണ് വൈക്കം സത്യഗ്രഹം അടയാളപ്പെടുത്തപ്പെട്ടത്. വൈക്കം സത്യഗ്രഹത്തിൽ ശതാബ്ദി ആഘോഷിക്കുമ്പോൾ കേരളീയർക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്നൊരു കാര്യം അയിത്താചാരമില്ലാത്ത ഒരു സമൂഹമാക്കി കേരളത്തെ മാറ്റിത്തീർക്കാനായി എന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്ന കേരളത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽനിന്നും പേരാമ്പ്രയിൽനിന്നും ഗോവിന്ദപുരത്തുനിന്നും വടയമ്പാടിയിൽനിന്നും കേട്ട അയിത്താചരണത്തിന്റെ വാർത്തകൾ വിസ്മരിച്ചുകൊണ്ടല്ല ഈ മാറ്റത്തെക്കുറിച്ച് പറയുന്നത്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ വൈദികകർമങ്ങൾ അനുഷ്ഠിക്കുന്നതിനായി ഇന്നും താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്താചാരം നിലനിൽക്കുന്നതുകൊണ്ടാണ്. ഈ കൂട്ടത്തിൽ വൈക്കം ക്ഷേത്രവുമുണ്ട്.

എന്നാൽ, നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് റിസർച്ചും അമേരിക്കയിലെ മെറിലാൻഡ് സർവകലാശാലയും സംയുക്തമായി 2014ൽ പുറത്തിറക്കിയ പഠനത്തിൽ പറയുന്നത് കേരളത്തിൽ രണ്ടു ശതമാനം ആളുകൾ മാത്രമേ അയിത്തം ആചരിക്കുന്നുള്ളൂവെന്നാണ്. പശ്ചിമ ബംഗാളിലാകട്ടെ, ഇത് കേവലം ഒരു ശതമാനം മാത്രമാണ്. ദീർഘകാലം കോൺഗ്രസും ഇപ്പോൾ ബി.ജെ.പിയും ഭരിക്കുന്ന ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശിൽ 53 ശതമാനമാളുകൾ അയിത്തമാചരിക്കുന്നവരാണെന്ന് ഈ പഠനം പറയുന്നു. ഹിമാചൽപ്രദേശ് 50 ശതമാനം, ഛത്തിസ്ഗഢ് 48 ശതമാനം, രാജസ്ഥാൻ 43 ശതമാനം, ഉത്തരാഖണ്ഡ് 40 ശതമാനം എന്നിങ്ങനെ നീണ്ടുപോകുന്നൊരു ലിസ്റ്റാണിത്. ബംഗാളും കേരളവും വ്യത്യസ്തമാകുന്നത് രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമാണ്.

പെരിയാർ ഇ.വി. രാമസ്വാമി നായ്​ക്കർ

അതേസമയം, ജാതിവ്യവസ്ഥയുടെ തീവ്രരൂപമായ അയിത്തം ഇല്ലാതാക്കാനായെങ്കിലും ജാതിവ്യവസ്ഥയുടെയും അയിത്താചാരത്തിന്റെയും ആത്മസത്തയായ വിഭാഗീകരണത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ പരസ്പരം വിഘടിപ്പിച്ചുനിർത്തുന്ന അപമാനകരമായ സാമൂഹികസ്ഥിതിയിൽ മാറ്റമൊന്നുമുണ്ടായില്ല. സ്വാമി വിവേകാനന്ദൻ 1896ൽ അമേരിക്കയിലെ ഹാർവഡ് യൂനിവേഴ്സിറ്റിയിൽ വേദാന്തത്തെക്കുറിച്ച് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞൊരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. ‘‘പരിമിതികൾ ഏറെയുണ്ടെങ്കിലും ഇന്ത്യയുടെ അഭിമാനകരമായൊരു നേട്ടമാണ് ജാതി നിർമിതി.’’ ഈ പരിമിതിയാണ് ഗാന്ധിജിയും കോൺഗ്രസും വൈക്കം സത്യഗ്രഹത്തിലൂടെ പരിഹരിക്കാൻ ശ്രമിച്ചത്. അയിത്താചാരംമൂലം ആധുനിക ലോകത്തിന്റെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ടിവന്ന ഇന്ത്യയുടെയും ഹിന്ദുവിന്റെയും ദുരവസ്ഥ ഇല്ലാതാക്കുന്നതിനും എന്നാൽ, ജാതിവ്യവസ്ഥ സംരക്ഷിച്ചുനിർത്തുന്നതിനുമുള്ള സവർണ ഹിന്ദുക്കളുടെ കൈയൊപ്പായിരുന്നു വൈക്കം സത്യഗ്രഹം.

അയിത്തജാതിക്കാർ അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സമരമായിരുന്നില്ല, അയിത്തജാതിക്കാരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സവർണ ഹിന്ദുക്കൾ നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. ഉടമകൾ അടിമകൾക്കുവേണ്ടി നടത്തിയ സമരം. അതിന് അയിത്തജാതിക്കാർ, നൽകേണ്ടിവന്ന വില തിരിച്ചറിഞ്ഞതുകൊണ്ടാകാം ‘‘ഒരു ജാതി’’യെന്നും ‘‘ജാതി ചോദിക്കരുതെ’’ന്നും പറഞ്ഞ നാരായണഗുരു സമരത്തിന്റെ ഭാഗമായപ്പോൾ സഞ്ചാരസ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്വാതന്ത്ര്യവും പോലുള്ള മൗലികമായ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പൊരുതിയ അയ്യൻകാളി അതിൽനിന്ന് വിട്ടുനിന്നത്. ജാതിവ്യവസ്ഥയെ പ്രതിസ്ഥാപിച്ചുകൊണ്ട് നീതിയുടെ തുല്യമായ പങ്കിടലിനുവേണ്ടി നവോത്ഥാനത്തിന്റെ കീഴാളധാര നിലകൊണ്ടപ്പോൾ മേലാളധാര അയിത്താചാരം വിലക്കി ജാതിഘടനയിലെ പരമ്പരാഗത മേൽക്കോയ്മ ശക്തമാക്കുവാനാണ് ശ്രമിച്ചത്. അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന സവർണജാഥ നിർവഹിച്ചത് അത്തരമൊരു ദൗത്യമായിരുന്നു. ചട്ടമ്പിസ്വാമി സൈദ്ധാന്തികമായി ചോദ്യം ചെയ്ത ബ്രാഹ്മണമേധാവിത്വത്തെ പ്രായോഗികമായി ചോദ്യം ചെയ്യുന്നതിനും ജാതിഘടനയിൽ തങ്ങളുടെ മേൽക്കോയ്മ ഉറപ്പാക്കുന്നതിനും വൈക്കം സത്യഗ്രഹവും സവർണജാഥയും നായർ സമുദായത്തെ സഹായിച്ചു. ഈ നായർ മേൽക്കോയ്മ സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിയാണ് ക്രൈസ്തവരെയും ഈഴവരെയും മുസ്‍ലിംകളെയും നിവർത്തന പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

തങ്ങളുടെ രക്ഷാകർതൃത്വം സവർണ ഹിന്ദുക്കൾ ഏറ്റെടുത്തത് അയിത്തജാതിക്കാരുടെ പോരാട്ടങ്ങൾക്ക് തിരിച്ചടിയായി. അവരുടെ സ്വാശ്രയബോധത്തിന് മങ്ങലേറ്റു. അവകാശങ്ങൾ പൊരുതിനേടുന്നതിനു പകരം അപേക്ഷിച്ച് നേടാൻ ശ്രമിക്കുന്നത് പതിവായി. സാധുജന പരിപാലന സംഘത്തിന്റെയും ചേരമൻ സംഘത്തിന്റെയുമെല്ലാം സ്ഥാനം ഹൈന്ദവമൂല്യബോധത്തിന്റെ അടയാളങ്ങളായ ജാതിനിർമിതികൾ കൈയടക്കി. ജാതിവിവേചനങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ അയിത്തജാതിക്കാർക്കിടയിൽ വളർന്നുവന്ന ഉണർവും പോരാട്ടവീര്യവും ഈ ജാതിനിർമിതികൾക്കുള്ളിൽ കെട്ടടങ്ങി. ജാതിഘടനയുടെ സ്വാഭാവിക അടിത്തറയായി ഇത് മാറി. ജാതിനിർമിതികളെ മറികടന്ന് മുന്നോട്ടുപോകാൻ കഴിയാതെപോയതുകൊണ്ടാണ് ഈഴവേതര അയിത്തജാതിക്കാർക്കും നിവർത്തന പ്രക്ഷോഭത്തിൽനിന്ന് മാറിനിൽക്കേണ്ടിവന്നത്. ജാതി കേവലം ഒരു സാമൂഹിക നിർമിതി മാത്രമായിരുന്നില്ല; അധികാര സമ്പ്രദായവും സാമ്പത്തികക്രമവും നിയമവ്യവസ്ഥയും അനുഷ്ഠാനവും പെരുമാറ്റരീതിയും മനോഭാവവുമായിരുന്നു. നവോത്ഥാനകാലത്തിന്റെ രാഷ്ട്രീയവ്യാഖ്യാനമായ ഐക്യ കേരളം പിറന്നുവീണത് ഈ ജാതിനിർമിതിക്കുള്ളിലാണ്.

ബി.ആർ അംബേദ്കർ

എന്നാൽ, ഐക്യ കേരളത്തിന്റെ ഗതി നിശ്ചയിച്ചത് ജാതിവ്യവസ്ഥയായിരുന്നില്ല. ഇന്ത്യൻ ഭരണഘടനയായിരുന്നു. വർണജാതി വ്യവസ്ഥയുടെ ആശയാടിത്തറയായി നൂറ്റാണ്ടുകളായി നിലനിന്നുപോന്ന മനുസ്മൃതിയുടെ സ്ഥാനത്താണ് ഭരണഘടന നിലവിൽവന്നത്. ഹിന്ദു മൂല്യവ്യവസ്ഥയുടെ ആത്മസത്തയായ വിഭാഗീകരണത്തെ നിരാകരിച്ചും ജനാധിപത്യ വ്യവസ്ഥയുടെ ആത്മസത്തയായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ ഉൾച്ചേർത്തുമാണ് ഭരണഘടന നിർമിക്കപ്പെട്ടത്. ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ സമാപന യോഗത്തിൽ 1949 നവംബർ 25ന് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന ഡോ. ബി.ആർ. അംബേദ്കർ സാഹോദര്യത്തെ വ്യാഖ്യാനിച്ചത് മുഴുവൻ ഇന്ത്യക്കാരെയും ഉൾക്കൊള്ളുന്ന മൂല്യബോധമായും സാമൂഹിക ജീവിതത്തെ ഐക്യപ്പെടുത്തുകയും ഏകീകരിക്കുകയും ചെയ്യുന്ന തത്ത്വമായുമാണ്. സാഹോദര്യമില്ലെങ്കിൽ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ആഴമില്ലാതാകുമെന്നും എന്നാൽ, അത് നേടിയെടുക്കുക ദുഷ്കരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജാതിവ്യവസ്ഥക്കെതിരായ അയിത്തജാതിക്കാരുടെ പോരാട്ടങ്ങളെ ഭരണഘടന അതിന്റെ ഭാഗമാക്കിയത് അയിത്താചാരം നിരോധിച്ചും ജാതിവിവേചനം വിലക്കിയും അയിത്തജാതിക്കാർക്ക് രാഷ്ട്രനിർമാണത്തിൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കിയുമാണ്. സമാനമായി മതവിവേചനത്തിനും ലിംഗവിവേചനത്തിനും വർഗവിവേചനത്തിനും വംശവിവേചനത്തിനുമെതിരായ പോരാട്ടങ്ങളെയും ഭരണഘടന അതിന്റെ ഭാഗമാക്കി. രാഷ്ട്രീയ ജനാധിപത്യത്തിന്റെയും സാമൂഹിക ജനാധിപത്യത്തിന്റെയും പാരസ്പര്യത്തിലാണ് ഭരണഘടന ഊന്നിയത്. തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റുകളാണ് അത് നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ, ഇന്ത്യയിലെവിടെയുമെന്നപോലെ കേരളത്തിലും രാഷ്ട്രീയ ജനാധിപത്യം മുന്നോട്ടുപോകുന്നതും സാമൂഹിക ജനാധിപത്യം സ്തംഭിച്ചുനിൽക്കുന്നതുമാണ് കണ്ടത്.

ഒരധികാര സമ്പ്രദായമെന്ന നിലയിൽ ജാതി എങ്ങനെയാണ് ജനാധിപത്യ ഭരണക്രമത്തിൽ ഇടപെടുകയും അതിന്റെ മേൽക്കോയ്മ നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഐക്യ കേരളത്തിൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ജനകീയ സർക്കാറിനെ അട്ടിമറിച്ച വിമോചന സമരം. കമ്യൂണിസ്റ്റ് വിരുദ്ധതയിലാണ് അടയാളപ്പെടുത്തപ്പെട്ടതെങ്കിലും അതിന്റെ ഉള്ളടക്കം എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായിക്കാണുന്ന ജനകീയ രാഷ്ട്രീയവും സംഘടിത ജാതി-മത ശക്തികളും തമ്മിലുള്ള സംഘർഷമായിരുന്നു. വൈക്കം സത്യഗ്രഹത്തിലൂടെയും സവർണ ജാഥയിലൂടെയും നേടിയ പൊതുസമ്മതവും ജാതി മേൽക്കോയ്മയുമാണ് മന്നത്ത് പത്മനാഭനെ വിമോചന സമരത്തിന്റെ സ്വാഭാവിക നേതൃത്വമാക്കിമാറ്റിയത്. നിവർത്തന പ്രക്ഷോഭത്തിൽ നായർ മേധാവിത്വത്തിനെതിരെ ഒന്നിച്ച സവർണ ക്രൈസ്തവർക്കും ഈഴവർക്കും മുസ്‍ലിംകൾക്കും വിമോചന സമരത്തിൽ മന്നം സ്വീകാര്യനായി. പി.ടി. ചാക്കോയും ആർ. ശങ്കറും പട്ടം താണുപിള്ളയും മുഹമ്മദ്കോയയും മന്നവുമെല്ലാം ഒന്നിച്ചുചേർന്നപ്പോൾ ജാതി മേൽക്കോയ്മയിൽ അധിഷ്ഠിതമായ ജനാധിപത്യ വിരുദ്ധ കേരളം പ്രക്ഷുബ്ധമായി. ഭരണഘടന നിർമാണസഭയിൽ അംഗങ്ങളായിരുന്ന പട്ടം താണുപിള്ളയുടെയും ആർ. ശങ്കറിന്റെയും വിമോചന സമരത്തിലെ പങ്കാളിത്തം ഭരണഘടനയെതന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതായിരുന്നു. ഭരണഘടനാ നിർമാണസഭയിലെ ഭൂരിപക്ഷ നിലപാടായ ഭരണഘടന ഉയർത്തിപ്പിടിക്കുവാനല്ല, സഭ തള്ളിക്കളഞ്ഞ ന്യൂനപക്ഷ നിലപാടുകളായ സങ്കുചിത ജാതിമത താൽപര്യങ്ങൾ സംരക്ഷിക്കുവാനാണ് ഇവർ ശ്രമിച്ചത്. കോൺഗ്രസ് നേതൃത്വത്തിൽ രാജ്യത്തെമ്പാടും സംഭവിച്ചതും ഇതുതന്നെയാണ്. ഭരണഘടനയിൽനിന്ന് അവർ സ്വായത്തമാക്കിയത് തെരഞ്ഞെടുപ്പും സർക്കാർ രൂപവത്കരണവും മാത്രമായിരുന്നു. അത് മാത്രമായിരുന്നു അവർക്ക് ജനാധിപത്യം.

ഇ.എം.എസ് ഗവൺമെന്റ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ പരിഷ്കരണ നിയമവും പരമ്പരാഗത ഭൂവുടമ വിഭാഗങ്ങളെയും സ്വകാര്യ വിദ്യാഭ്യാസ സംരംഭകരെയും അസ്വസ്ഥരാക്കുക സ്വാഭാവികമായിരുന്നു. ഭൂമിയുടെ ഉടമസ്ഥത പോലെത്തന്നെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ തൊഴിലുകളും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന ആശയം അവർക്ക് സ്വീകാര്യമായില്ല. വിമോചന സമരത്തിലെ കോൺഗ്രസിന്റെ പങ്കാളിത്തം ജാതിനിയമങ്ങളും ചട്ടങ്ങളും മൂല്യങ്ങളും ലംഘിക്കാൻ അവർ തയാറല്ല എന്നതിന്റെ പ്രഖ്യാപനമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യൂനിയൻ ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളുമെല്ലാം ജാതി മേൽക്കോയ്മയിൽ അധിഷ്ഠിതമായിരുന്നു. അതുകൊണ്ടാണ് ഇന്ത്യക്കൊരു ഭൂപരിഷ്കരണ നയം ആവിഷ്കരിക്കാൻ ഒരിക്കലും കഴിയാതെ പോയത്. ജാതിഘടനയുടെ മുകൾത്തട്ടുകളിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തകർക്കപ്പെടാതെ കീഴ്ത്തട്ടിലുള്ള മനുഷ്യർക്ക്, പ്രത്യേകിച്ചും ഭൂമിയിൽ പണിയെടുക്കുന്നവർക്കും ഭൂരഹിതരാക്കപ്പെട്ടവർക്കും ഭൂമിക്കുമേൽ ഉടമസ്ഥാവകാശം നേടാനാവില്ലായിരുന്നു. ഭൂമി കേവലം ഒരു വിഭവമായിരുന്നില്ല. സമ്പത്തും അധികാരവും പദവിയുമായിരുന്നു. ഭൂപരിഷ്കരണ നിയമത്തെ ചോദ്യം ചെയ്യുക വഴി വിമോചന സമരം ലക്ഷ്യംവെച്ചത് സാമ്പത്തികവും സാമൂഹികവുമായ നീതിയുടെ പങ്കുവെക്കലിനെ തടയുകയായിരുന്നു. വിമോചന സമരത്തിന്റെ പേരിൽ കേരള സർക്കാറിനെ പിരിച്ചുവിട്ട യൂനിയൻ ഗവൺമെന്റിന്റെ നടപടി രാഷ്ട്രീയ ജനാധിപത്യത്തെയും ഭരണഘടന ധാർമികതയെയും ചോദ്യംചെയ്യുന്നതായിരുന്നു. സഹകരണ ഫെഡറലിസമെന്ന ആശയത്തിനെതിരെയുള്ള ആദ്യത്തെ കടന്നാക്രമണമായിരുന്നു അത്. എല്ലാതരം മേൽക്കോയ്മകളെയും ഇല്ലാതാക്കി ഇന്ത്യയെ ഒരു ജനാധിപത്യ സമൂഹമാക്കി മാറ്റുകയെന്ന ഭരണഘടനാ ലക്ഷ്യത്തെയാണ് ഭരണഘടനാ നിർമാണത്തിന് നേതൃത്വം നൽകിയ നെഹ്റു സർക്കാർ ചോദ്യംചെയ്തത്.

കെ.ആർ. ഗൗരിയമ്മ

കമ്യൂണിസ്റ്റുകാർ അധികാരത്തിലെത്തുകയും വിമോചന സമരം നടക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ നവോത്ഥാനാനന്തര കേരളത്തിന്റെ ജനാധിപത്യ വിരുദ്ധ ഉള്ളടക്കം മറച്ചുവെക്കപ്പെടുമായിരുന്നു. വർഗ വിവേചനത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരായ കമ്യൂണിസ്റ്റ് നിലപാടുകളെ ചെറുക്കുക മാത്രമായിരുന്നില്ല, ജാത്യാധിപത്യവും പിതൃമേധാവിത്വവും സംരക്ഷിക്കുകയെന്നതും വിമോചന സമരത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. വിചിത്രമായൊരു കാര്യം വൈക്കം സത്യഗ്രഹത്തിൽ അയിത്തമില്ലാതാക്കാൻ പ്രതിജ്ഞയെടുത്തവർ അയിത്ത ജാതിക്കാരെ ഒപ്പമിരുത്തി നാടു ഭരിക്കാൻ തുനിഞ്ഞ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിനെ തെരുവിൽ ചോദ്യംചെയ്തുവെന്നതാണ്. നമ്പൂതിരിപ്പാടിന്റെ നാടു ഭരിക്കാനുള്ള യോഗ്യതയിൽ അവർക്ക് സംശയമുണ്ടായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ റവന്യൂമന്ത്രിയായിരുന്ന കെ.ആർ. ഗൗരിയെയും പട്ടികജാതി- വർഗ മന്ത്രിയായിരുന്ന പി.കെ. ചാത്തനെയും അവർക്ക് അംഗീകരിക്കാനായില്ല. ജാതിവിവേചനവും ലിംഗവിവേചനവും വിലക്കുന്ന ഭരണഘടനാ ധാർമികതയുടെ പ്രകാശനമായിരുന്നു കെ.ആർ. ഗൗരിയുടെ മന്ത്രിസ്ഥാനമെങ്കിൽ ഭരണഘടനാദത്തമായ പ്രാതിനിധ്യാവകാശത്തിന്റെ പ്രകാശനമായിരുന്നു പി.കെ. ചാത്തന്റെ മന്ത്രിസ്ഥാനം. എന്നാൽ, വിമോചന സമരം നയിച്ചവർക്ക് കെ.ആർ. ഗൗരി ഗൗരിച്ചോത്തിയും പി.കെ. ചാത്തൻ ചാത്തൻപുലയനുമായിരുന്നു. ജാതിഘടനയുടെ അടിത്തട്ടിലെ മനുഷ്യരെ എങ്ങനെയാണ് ഇവർ നോക്കിക്കണ്ടിരുന്നത് എന്നറിയാൻ ‘‘തമ്പ്രാനെന്ന് വിളിപ്പിക്കും പാളേൽ കഞ്ഞി കുടിപ്പിക്കും’’ എന്ന ഒറ്റ മുദ്രാവാക്യം മതിയായിരുന്നു. ‘‘ചാക്കോ നാടു ഭരിക്കട്ടെ, ചാത്തൻ പൂട്ടാൻ പോകട്ടെ’’ എന്ന മുദ്രാവാക്യം ഇേതാടൊപ്പം ചേർത്തുവായിക്കുക. ജാതി-മത നിയമങ്ങൾ ലംഘിച്ച് ടി.വി. തോമസിനെ വിവാഹം ചെയ്ത കെ.ആർ. ഗൗരിയെ ഇവർ നോക്കിക്കണ്ടത് അപമാനമായിട്ടാണ്. മന്ത്രിപ്പണി പരാജയമെന്ന് വിലയിരുത്തി കെ.ആർ. ഗൗരിക്ക് പറ്റിയ പണിയായി അവർ തെരുവിൽ വിളിച്ചുപറഞ്ഞത് കയറുപിരിക്കലും പുല്ലുപറിക്കലുമായിരുന്നു. ഐക്യ കേരളത്തിന്റെ ദിശ നിശ്ചയിച്ചത് ഭരണഘടനയായിരുന്നുവെങ്കിലും ആരാണ് കേരളം ഭരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ജാതിഘടനയുടെ മുകൾത്തട്ടിലുള്ളവരാണെന്നും അവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി കേരളം ഭരിക്കാൻ ആരെയും അനുവദിക്കില്ലെന്നും സ്ഥാപിക്കുകയായിരുന്നു വിമോചനസമരം. വൈക്കം സത്യഗ്രഹവും നിവർത്തന പ്രക്ഷോഭവും സാമൂഹിക സമത്വത്തിന്റെ അടരുകളുള്ള സമരങ്ങളായിരുന്നുവെങ്കിൽ വിമോചന സമരം ജനകീയ ഗവൺമെന്റുകൾക്ക് മുകളിൽ സവർണാധിപത്യം സ്ഥാപിക്കുന്നതിനായി സംഘടിത സമുദായങ്ങൾ നടത്തിയ രാഷ്ട്രീയ ഇടപെടലായിരുന്നു.

എന്നാൽ, സംഘടിതമായൊരു രാഷ്ട്രീയ അട്ടിമറിയെന്നതിനപ്പുറം വിമോചന സമരത്തിന്റെ പിന്നിലെ സാമുദായിക അടിയൊഴുക്കുകൾക്ക് കമ്യൂണിസ്റ്റുകാർ പ്രാധാന്യംനൽകിയില്ല. ജാതി മേൽക്കോയ്മയിൽ അധിഷ്ഠിതമായൊരു സമൂഹത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന യാഥാർഥ്യം അവർ അവഗണിച്ചു. അതുകൊണ്ടാണ് 1967ൽ വീണ്ടും അധികാരത്തിലെത്താനും ഭൂപരിഷ്കരണവുമായി മുന്നോട്ടുപോകാനും കഴിഞ്ഞ കമ്യൂണിസ്റ്റുകാർക്ക് ജാതിഘടനയുടെ അടിത്തട്ടിലുള്ള ദലിതരെയും ആദിവാസികളെയും ഭൂമിയുടെ അവകാശികളായി കാണാൻ കഴിയാതെ പോയത്. ‘‘കൃഷിഭൂമി കർഷകന്’’ എന്നതുപോലുള്ള മുദ്രാവാക്യങ്ങൾ ഈ വിഭാഗങ്ങളെ സംബോധന ചെയ്യുന്നതായിരുന്നില്ല. ജാതിഘടനക്കുള്ളിൽ ജന്മംകൊണ്ടുതന്നെ തീരുമാനിക്കപ്പെടുന്നതായിരുന്നു ഭൂമിക്കുമേലുള്ള ഉടമസ്ഥാവകാശം. ഭൂമിയും ജാതിയും തമ്മിലുള്ള ബന്ധം പരിഗണിക്കാതെ ജാതിസമ്പ്രദായത്തിന്റെ സ്വാഭാവിക യുക്തിക്ക് ദലിതരെ വിട്ടുകൊടുക്കുകയായിരുന്നു ഭൂപരിഷ്കരണം. വെറുപ്പിന്റെ നിയമംകൊണ്ട് നിഷേധിക്കപ്പെട്ട ഭൂവുടമാവകാശം സാഹോദര്യത്തിന്റെ നിയമംകൊണ്ട് പുനഃസ്ഥാപിക്കേണ്ടതായിരുന്നു. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും രാഷ്ട്രീയാധികാരത്തിലും നിയമനിർമാണത്തിലൂടെ പങ്കാളിത്തം ഉറപ്പാക്കപ്പെട്ടതുപോലെ. എന്നാൽ, ഭൂപരിഷ്കരണത്തിന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റുകാർ ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് കേരളത്തിൽ സമഗ്രവും വിപ്ലവകരവുമായ ഭൂപരിഷ്കരണം നടന്നുവെന്നാണ്. അതേസമയം, കേരളത്തിലുടനീളം പട്ടികജാതി വർഗക്കാർക്ക് മാത്രമായി ആയിരക്കണക്കിന് കോളനികൾ നിർമിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് ഇവർക്കൊന്നും പറയാനില്ല. കേരളത്തിൽ നിലനിൽക്കുന്ന ജാതിവിവേചനത്തിന്റെ തീവ്രരൂപമായിരുന്നു ഈ കോളനികൾ. ഘടനയുടെ മുകൾത്തട്ടിലുള്ളവർക്ക് തങ്ങളുടെ മേൽക്കോയ്മ ആസ്വദിക്കാൻ ഈ കോളനികൾ അനിവാര്യമായിരുന്നു. എന്നിട്ടും അതിന്റെ പുരോഗമന നാട്യത്തിൽനിന്നും ഐക്യകേരളം പറഞ്ഞുകൊണ്ടിരുന്നത് ജാതി നിലനിൽക്കുന്നില്ലെന്നാണ്.

ഘടനയുടെ മുകൾത്തട്ടിലുള്ളവർ കീഴ്ത്തട്ടിലുള്ളവരോട് കാണിക്കുന്ന വിവേചനവും നിന്ദയും അക്രമവും മാത്രമല്ല ജാതി. അടിത്തട്ടിലുള്ളവർ എങ്ങനെയാണ് പരസ്പരം പെരുമാറേണ്ടത് എന്ന് തീരുമാനിക്കുന്നതും ജാതിയാണ്. സവർണർ അവർണരെ താണവരാണെന്ന് കരുതുന്നതുപോലെ അവർ പരസ്പരം താണവരാണെന്നുകരുതി. വൈക്കം സത്യഗ്രഹം നാലു പതിറ്റാണ്ട് പിന്നിടുമ്പോൾ, എഴുപതുകളുടെ തുടക്കത്തിൽ സമരഭൂമിയിൽനിന്ന് ഏറെ അകലെയല്ലാത്ത ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്നിൽ ഈ ലേഖകൻ അമ്മ എന്ന് വിളിച്ച മങ്കയെ മങ്ക​െപ്പലയി എന്നും അച്ഛൻ എന്ന് വിളിച്ച മാധവനെ മാധവൻ പെലയനെന്നും മുത്തച്ഛൻ എന്നുവിളിച്ച അയ്യപ്പനെ അയ്യപ്പൻ പെലയനെന്നും വിളിക്കുന്ന സവർണരെ മാത്രമല്ല, ഈഴവ കുട്ടികളെയും കണ്ടു. അടുത്ത പഞ്ചായത്തായ മറവന്തുരുത്തിൽ ഞാൻ കുമാരൻ ചേട്ടൻ എന്നുവിളിച്ച വ്യക്തിയെ പറയൻ കുമാരനെന്ന് വിളിക്കുന്ന പുലയ കുട്ടികളെയും കണ്ടു. മേൽജാതിക്കാർ തങ്ങളോട് കാണിക്കുന്ന അതേ മനോഭാവം പുലരും പറയരും ഉള്ളാടന്മാരോട് കാണിക്കുന്നതും കണ്ടു. എന്നാൽ, ഇതിലെന്തെങ്കിലും നീതികേടോ അന്യായമോ ഉണ്ടെന്ന് അതിന് വിധേയരായവർപോലും കരുതിയില്ല.

ജാതി നിയമങ്ങൾക്കനുസൃതമായി ഘടനയുടെ മുകൾത്തട്ടിൽനിന്ന് അടിച്ചേൽപിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കുക മാത്രമാണ് എല്ലാവരും ചെയ്തത്. ഈ പെരുമാറ്റച്ചട്ടം ലംഘിക്കാൻ ആർക്കും അവകാശമില്ല. അതൊരു ജീവിതസമ്പ്രദായമാണ്. ജാതിനിയമങ്ങൾ ലംഘിച്ചുകൊണ്ട് 1980ൽ മറവന്തുരുത്ത് പഞ്ചായത്തിലെ ഇടവട്ടത്തുനിന്ന് എന്നോടൊപ്പം ജീവിക്കുവാൻ തീരുമാനിച്ച ജി. ആനന്ദവല്ലിയുടെ കുടുംബവും രക്തബന്ധുക്കളിൽ ഒരുവിഭാഗവും അയാൾക്ക് ഭ്രഷ്ട് കൽപിച്ചു. അവരിൽ ഉന്നത വിദ്യാഭ്യാസം നേടിയവരും ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ജാതിക്ക് പുറത്തുനിന്ന് വിവാഹം ചെയ്തതിനും കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി പെരുമാറിയതിനുമുള്ള ശിക്ഷയായിരുന്നു ഇത്. അർബുദ ബാധിതയായി മരണശയ്യയിൽ കഴിയുന്ന മകളെ കാണാൻ 26 വർഷങ്ങൾക്കുശേഷം കോട്ടയം മെഡിക്കൽ കോളജിലെത്തിയ ആനന്ദവല്ലിയുടെ മാതാപിതാക്കളെയും കണ്ടു. എന്നാൽ, ഇത്തരം യാഥാർഥ്യങ്ങളൊന്നും ഐക്യ കേരളം അംഗീകരിച്ചിരുന്നില്ല.

‘‘അധഃസ്ഥിതരെയും സ്ത്രീകളെയും അടിച്ചമർത്തുന്ന സവർണ മേധാവിത്വത്തിന്റെ നീതിശാസ്ത്രം മനുസ്മൃതി ചുട്ടെരിക്കുക’’ എന്ന സന്ദേശമുയർത്തി 1989 ആഗസ്റ്റിൽ അധഃസ്ഥിത നവോത്ഥാന മുന്നണി കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ പ്രചാരണജാഥക്ക് നേരെ ഉയർന്നുവന്ന ഒരു ചോദ്യമായിരുന്നു കേരളത്തിൽ എവിടെയാണ് ജാതി എന്നത്. ഇല്ലാത്ത ജാതി കുത്തിപ്പൊക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമുണ്ടായി. ജാതിനിയമങ്ങൾക്കും ചട്ടങ്ങൾക്കുമനുസരിച്ച് ജീവിക്കുകയും എന്നാൽ ജാതി ചോദിക്കുന്നതും പറയുന്നതും ചിന്തിക്കുന്നതും മോശമാണെന്ന് കരുതുകയും ചെയ്യുന്ന ഒരു ഹിപ്പോക്രാറ്റിക് സമൂഹമായിരുന്നു ഐക്യ കേരളം. ‘ജാതി ഇല്ല’ എന്നത് നവോത്ഥാനകാലത്തെ ഉയർത്തിക്കാട്ടി ഐക്യകേരളം നിർമിച്ചെടുത്ത ഒരു മിത്തായിരുന്നു. ഘടനയുടെ മുകൾത്തട്ടുകളിൽനിന്ന് പൊതുമണ്ഡലത്തിലേക്ക് കടന്നുവന്ന രാഷ്ട്രീയ സാംസ്കാരിക നായകന്മാരായിരുന്നു അതിന്റെ നിർമാതാക്കൾ. കോൺഗ്രസുകാർ മാത്രമല്ല, സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമെല്ലാം അതിലുണ്ടായിരുന്നു. ഈ മിത്ത് തകർക്കപ്പെടാതെ ജാതിഘടനയുടെ അടിത്തട്ടിൽ സാമൂഹിക ചലനം അസാധ്യമായിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ മണ്ണിൽ 1989 സെപ്റ്റംബർ ഒന്നിന് അധഃസ്ഥിത നവോത്ഥാന മുന്നണി മനുസ്മൃതി കത്തിച്ചുകൊണ്ട് സവർണ മേൽക്കോയ്മക്കെതിരെ നടത്തിയ പ്രത്യയശാസ്ത്ര സമരത്തെ പൊലീസ് സേനയെ ഉപയോഗിച്ച് കടന്നാക്രമിക്കുകയാണ് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സർക്കാർ ചെയ്തത്. പക്ഷപാതപരമായൊരു സമീപനമായിരുന്നു ഇത്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യാൻ പാടില്ലെന്ന തെറ്റായൊരു സന്ദേശമാണ് ഇത് ഐക്യ കേരളത്തിന് നൽകിയത്.

സാമൂഹിക പിന്നാക്കാവസ്ഥയിൽനിന്നും ദൈനംദിന ജീവിതാനുഭവങ്ങളിൽനിന്നും രൂപംകൊണ്ട ദലിത് പ്രസ്ഥാനങ്ങളാണ് ജാതിരഹിത കേരളമെന്ന സവർണ മിത്തിനെ തകർത്തത്. ജനിച്ചുവളർന്ന ജാതികളുടെയും മതങ്ങളുടെയും അതിരുകൾ മുറിച്ചുകടക്കുന്നതിന് അവരവരോടുതന്നെ പൊരുതി ജയിച്ചവരായിരുന്നു അവയുടെ നേതാക്കൾ. ജാതിഘടനയുടെ അടിത്തട്ടിലുള്ള മുഴുവൻ മനുഷ്യരോടും സാഹോദര്യം പ്രഖ്യാപിച്ചുകൊണ്ട് അവരുടെ ഭൗതികവും ധാർമികവുമായ ഉണർവിനും മുന്നേറ്റത്തിനും വേണ്ടി അവർ പ്രവർത്തിച്ചു. ജാതിവ്യവസ്ഥക്കെതിരായ പോരാട്ടമുഖത്ത് അവർ നവോത്ഥാന കാലത്തെ പുനർവായിച്ചു. തങ്ങൾക്കുവേണ്ടി നടന്ന വൈക്കം സത്യഗ്രഹത്തിലൂടെ നഷ്ടപ്പെട്ട വ്യക്തിത്വവും അന്തസ്സും സമരവീര്യവും വീണ്ടെടുത്തു. സ്വന്തം കർതൃത്വ നിർമാണത്തിലൂടെ അവർ സവർണ രക്ഷാകർതൃത്വത്തെ നിരാകരിച്ചു. ചരിത്രം തങ്ങളുടേത് മാത്രമാക്കിമാറ്റുന്ന സവർണ യുക്തിയെ സ്വന്തം ചരിത്രനിർമാണത്തിലൂടെ ചോദ്യംചെയ്തു. ജാതിവ്യവസ്ഥയും ജനാധിപത്യ വ്യവസ്ഥയും ഒന്നിച്ചുപോകില്ലെന്നും അയിത്തം ഇല്ലാതാക്കിയ പോലെ ജാതിയും ഇല്ലാതാക്കണമെന്നും കേരളത്തോട് പറഞ്ഞു. അയിത്തം നിലനിർത്തിക്കൊണ്ട് ഇന്ത്യക്ക് സ്വരാജ് നേടാനാവില്ലെന്ന് ഗാന്ധിജി പറഞ്ഞതുപോലെ ജാതി നിലനിർത്തിക്കൊണ്ട് ഇന്ത്യക്ക്- കേരളത്തിന് ഒരു ജനാധിപത്യസമൂഹമായി മാറാനാവില്ല. അംബേദ്കർ ചൂണ്ടിക്കാണിച്ചതുപോലെ ‘‘ജനാധിപത്യമെന്നത് ഒരു സർക്കാറിന്റെ രൂപം എന്നതിനപ്പുറമാണ്. അത് പരസ്പരബന്ധിതമായ ജീവിതമാണ്.’’ ജാതികൾപോലെ ഒറ്റപ്പെട്ടതും പരസ്പര പ്രവർത്തനമില്ലാത്തതും ആന്തരികസങ്കലനം അസാധ്യവുമായ ഒരു സമൂഹത്തിൽ ഇത്തരമൊരു ജീവിതം എളുപ്പമല്ല. ഒരു ജീവിത സമ്പ്രദായമെന്ന നിലയിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണിത്. ലോകത്തിന്റെ മുന്നിൽ ഇന്ത്യ മറച്ചുവെക്കുവാൻ ശ്രമിക്കുന്ന അപമാനകരമായൊരു മുഖമാണിത്.

കറുത്തവർക്കെതിരായ അക്രമങ്ങളിലൂടെ വർണവിവേചനത്തിന്റെ തീക്ഷ്ണതയും അമേരിക്കൻ ജനാധിപത്യത്തിന്റെ ന്യൂനതയും ലോകം അറിയുന്നതുപോലെ ദലിതർക്കെതിരായ അക്രമങ്ങളിലൂടെ ജാതിവിവേചനത്തിന്റെ തീക്ഷ്ണതയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ന്യൂനതയും ലോകമറിയുന്നു. ഈ അക്രമങ്ങൾ എല്ലാ സീമകളെയും ലംഘിക്കുകയും രാജ്യത്തിനുതന്നെ അപമാനമായി മാറുകയും ചെയ്തപ്പോഴാണ് 1989ൽ ഇന്ത്യ ഗവൺമെന്റ് ‘പട്ടികജാതി വർഗ അതിക്രമങ്ങൾ തടയൽ നിയമ​ം’ ഉണ്ടാക്കിയത്. ഈ അപമാന ഭീതിയിൽനിന്നാണ് 2009ൽ വർണവിവേചനവുമായി ബന്ധപ്പെട്ട് ജാതിപ്രശ്നം ചർച്ചചെയ്യാൻ ഐക്യരാഷ്ട്രസഭ തയാറായപ്പോൾ ഇന്ത്യ അതിനെ എതിർത്തത്. ‘‘ജാതി നമ്മുടെ ആഭ്യന്തരപ്രശ്നമാണെന്നും ജാതിയെ അന്താരാഷ്ട്രവത്കരിക്കാനുള്ള ഏതൊരു നീക്കവും നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും നമ്മുടെ സാമൂഹിക നിർമിതിയെയും തകർക്കു’’മെന്നുമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസിന്റെ നേതാവ് ഭയ്യാജോഷി അന്ന് പറഞ്ഞത്. ഇത്ര മഹത്തായ ഒരു സ്ഥാപനമാണ് ജാതിയെങ്കിൽ അതേക്കുറിച്ച് ലോകം ചർച്ചചെയ്യുന്നതിനെ എന്തിനാണിവർ ഭയക്കുന്നത്. ഇത്തരം ഭീതികൾക്കിടയിലേക്ക് 2023 ഫെബ്രുവരി 23ന് അമേരിക്കയിൽനിന്ന് വന്നൊരു വാർത്ത വാഷിങ്ടണിലെ സീറ്റെൽ നഗരത്തിൽ ജാതിവിവേചനം നിരോധിച്ചുവെന്നാണ്. ഇൗക്വാലിറ്റി ലാബ് എന്ന ദലിത് റൈറ്റ്സ് ഗ്രൂപ്പിന്റെ ഡയറക്ടർ തേൻമൊഴി സുന്ദരരാജൻ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത് വെറുപ്പിന്റെ മേൽ സ്നേഹം വിജയിച്ചുവെന്നും ജാതിവിവേചനം നിരോധിക്കുന്ന ആദ്യത്തെ അമേരിക്കൻ നഗരമായി സീറ്റെൽ മാറിയെന്നുമാണ്. അമേരിക്കയിൽ മൂന്നിൽ രണ്ട് ദലിതർ ജാതിവിവേചനം നേരിടുന്നവരാണെന്നും നാലിലൊന്നുപേർ ശാരീരികമോ മാനസികമോ ആയ കൈയേറ്റങ്ങൾക്ക് വിധേയരാണെന്നും 2016ൽ തങ്ങൾ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ മാനക്കേടിൽനിന്ന് തടിയൂരാനായി ‘ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ’ എന്ന സംഘടന പറഞ്ഞത് ജാതിവിവേചനം നിയമവിരുദ്ധമാക്കുകയല്ല, സൗത്ത് ഏഷ്യക്കാരെ ഒറ്റപ്പെടുത്തുകയാണ് ഈ നിയമനിർമാണത്തിന്റെ ലക്ഷ്യമെന്നാണ്. ജാതിവ്യവസ്ഥയെ പുൽകി ഇന്ത്യക്ക് ലോകത്തിന്റെ മുന്നിൽ തലയുയർത്തി നിൽക്കാനാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ജാതിവ്യവസ്ഥ എക്കാലവും നിലനിൽക്കണമെന്ന് സവർണ ഹിന്ദുക്കൾക്ക് ആഗ്രഹിക്കാമെങ്കിലും ജാതിവിവേചനം അനുഭവിക്കുന്നവർ അതിന് നൽകുന്ന സമ്മതം പിൻവലിക്കുന്നതോടെ അയിത്തത്തിന് സംഭവിച്ച അതേ ഗതിതന്നെയാണ് ജാതിക്കും സംഭവിക്കാൻ പോകുന്നത്. ജാതിവ്യവസ്ഥയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർ നടത്തുന്ന പോരാട്ടങ്ങളാണ് അതിന്റെ കാലം തീരുമാനിക്കുന്നത്. താൻ ജാതിവിവേചനം അനുഭവിക്കുന്നുവെന്ന് ഒരാൾ വിളിച്ചുപറയുന്നതുപോലും ജാതിവ്യവസ്ഥക്കെതിരായ വിപ്ലവകരമായ പോരാട്ടമാണ്. അത് സമാനമായ വിവേചനം നേരിടുന്ന മറ്റുള്ളവരെ സ്വാതന്ത്ര്യത്തിലേക്കും വിമോചനത്തിലേക്കും വിളിച്ചുണർത്തുന്നു. ഭീതിയായും ഉത്കണ്ഠയായും അപമാനമായും ഒരു ദുർഭൂതത്തെപ്പോലെ ഈ പോരാട്ടം സവർണ ഹിന്ദുക്കളെ പിന്തുടരുന്നുണ്ട്. അയിത്തജാതിക്കാർക്കുവേണ്ടി നടന്ന വൈക്കം സത്യഗ്രഹംപോലെ ദലിതർക്കുവേണ്ടി സവർണർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കു പിന്നിലും ഈ പോരാട്ടത്തെ പ്രതിരോധിക്കുകയും ജാതിവ്യവസ്ഥയുടെ നിലനിൽപ് ഉറപ്പാക്കുകയുമെന്ന ലക്ഷ്യം കാണാം.

കമ്യൂണൽ അവാർഡ് റദ്ദുചെയ്യുമ്പോഴും കെ.ആർ. നാരായണനെയും രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുർമുവിനെയും രാഷ്ട്രത്തിന്റെ പരമാധികാരികളായി നിയോഗിക്കുമ്പോഴുമെല്ലാം സവർണ ഹിന്ദുക്കളുടെ ലക്ഷ്യം ഇതുതന്നെയായിരുന്നു. ഈ ലക്ഷ്യത്തിനുള്ളിൽ ദലിതർക്കെതിരായ വിവേചനങ്ങളും അക്രമങ്ങളും ഇല്ലാതാകുകയല്ല, പെരുകുകയാണ് ചെയ്യുന്നത്. വർണജാതി വ്യവസ്ഥയുടെ തത്ത്വങ്ങൾക്കും മൂല്യങ്ങൾക്കുമനുസൃതമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അകറ്റിനിർത്തി സവർണ പൗരോഹിത്യവും പൂജയും ഹോമവും ചെങ്കോലുമായി 2023 മേയ് 28ന് നടന്ന പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ ലക്ഷ്യത്തിനുള്ളിലാണ് നടന്നത്. ഉദ്ഘാടകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ പാർലമെന്റ് മന്ദിരത്തെ പുതിയ ഇന്ത്യൻ അഭിലാഷത്തിന്റെ പ്രതിഫലനമായി കാണാമെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അവിടെ നടന്ന ചടങ്ങ് വർണജാതി വ്യവസ്ഥയെന്ന ദുരാചാരത്തിന്റെ പ്രതിഫലനമായിരുന്നു. ജാതി ഒരു ദുരാചാരമാണ്.


‘‘കേരളം പോലൊരു സമൂഹത്തിന് അംഗീകരിക്കാവുന്നതിനും അപ്പുറമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന ജാതിവിവേചനവും ഹിംസയുമെന്ന്’’ 2018 മേയ് 31ന് ‘മാതൃഭൂമി ദിനപത്ര’ത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എഴുതുകയുണ്ടായി. ഐക്യ കേരളം ഒന്നിച്ച് പുകഴ്ത്തിയ പട്ടികജാതി വർഗ കോളനികളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ‘‘ജാതിവിവേചനത്തിന്റെ ഘെട്ടോകൾ’’ എന്നാണ്. മൂന്നു പതിറ്റാണ്ടിലേറെ കാലമായി ദലിത് പ്രസ്ഥാനങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക യാഥാർഥ്യമായിരുന്നു ഇത്. എന്നാൽ, കൊച്ചിയുടെ ഹൃദയഭാഗത്ത്, ദർബാർ ഗ്രൗണ്ടിലെ ലളിതകലാ അക്കാദമിയിലേക്ക് പൊതുദർശനത്തിനായി ദലിത് ചിത്രകാരനും ശിൽപിയും അധ്യാപകനുമായ അശാന്തന്റെ മൃതദേഹവുമായെത്തിയ കലാപ്രവർത്തകരെ 2018 ഫെബ്രുവരി നാലിന് അടിച്ചോടിച്ച സംഭവത്തിൽ അപമാനവും ക്രൂരതയും വർഗീയതയും കണ്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ജാതീയത കണ്ടെത്താനായില്ല. അട്ടപ്പാടിയിലെ മധുവിന്റെ അറുകൊലയെ അപലപിച്ച രാഷ്ട്രീയ സാംസ്കാരിക കേരളത്തിന്റെ പൊതുവികാരം ഇന്ത്യക്ക് മുന്നിൽ കേരളം അപമാനിക്കപ്പെടുന്നുവെന്നതായിരുന്നു. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത നടപടിയെന്നാണ് ഈ ആൾക്കൂട്ട ഹിംസയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരം സംഭവങ്ങൾ നാം നേടിയ സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾക്ക് കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. ചിലർ ഈ സംഭവത്തിൽ മനുഷ്യത്വമില്ലായ്മ കണ്ടെത്തി. കോട്ടയത്ത് നടന്ന കെവിൻ പി. ജോസഫിന്റെ കൊലപാതകത്തെ ദലിതർ വിശേഷിപ്പിച്ചത് ജാതിഭീകരത എന്നാണ്. ദുരഭിമാനക്കൊലക്ക് പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തു. ലോകത്തിന്റെ മുന്നിൽ കേരളീയർക്ക് തലയുയർത്തി നിൽക്കാനാവണമെങ്കിൽ ജാതി എന്ന ദുരാചാരം ഇല്ലായ്മ ചെയ്യാനാകണം.

നമ്മുടെ സമൂഹത്തെ ആഴത്തിൽ തകർത്തുകൊണ്ട് സ്വാതന്ത്ര്യം നേടുമ്പോൾ നിലനിന്നിരുന്ന അസമത്വം ഇന്നും തുടരുകയാണെന്നും അതിനെ നേരിടുന്നതിന് ഭരണഘടനാ മൂല്യങ്ങൾ സഹായിക്കുമെന്നും 2023 ഫെബ്രുവരി 12ന് നാഗ്പൂരിൽ, മഹാരാഷ്ട്ര നാഷനൽ ലോ യൂനിവേഴ്സിറ്റിയിലെ ആദ്യത്തെ ബിരുദദാന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറയുകയുണ്ടായി. മറ്റൊരു സന്ദർഭത്തിൽ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതിൽനിന്ന് ദലിതരെ തടയുന്നത് നീതിയും ന്യായവുമാണെന്ന് കരുതിയിരുന്നതുപോലെയാണ് ജാതിയുടെ അതിരുകൾ ലംഘിച്ച് വിവാഹിതരാകുന്ന ആളുകൾക്കെതിരെ നടക്കുന്ന ദുരഭിമാന കൊലകളെ ഗ്രാമവാസികൾ കാണുന്നതെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, ഭരണഘടനയുടെ രൂപവത്കരണത്തിന് ശേഷവും നിയമം എന്നത് ആധിപത്യമുള്ള സാമൂഹിക ഗ്രൂപ്പുകളുടെ ധാർമികത ദുർബല ഗ്രൂപ്പുകൾക്കുമേൽ അടിച്ചേൽപിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്, മുൻ ലോക്സഭ സെക്രട്ടറി പി.ഡി.പി. ആചാരിയുടെ ഈ വാക്കുകൾ: ‘‘ജാതി മേൽക്കോയ്മയിൽ അധിഷ്ഠിതമായ സമൂഹത്തിൽ ജനാധിപത്യബോധവും ഭരണഘടനാ മൂല്യങ്ങളും പരിമിതമായിരിക്കും. ഇത് ഭരണഘടനയെ അട്ടിമറിക്കാനുള്ള സാധ്യത വർധിപ്പിക്കും.’’ ഈ സാധ്യതയുടെ വിനിയോഗമാണ് ആർ.എസ്.എസ്-സംഘ്പരിവാർ ശക്തികൾക്ക് രാഷ്ട്രീയം. നടക്കാതെ പോയ തങ്ങളുടെ സ്വപ്നം, ഭരണഘടനാ നിർമാണവേളയിൽ മനുസ്മൃതി ഭരണഘടനയായി അംഗീകരിക്കപ്പെടണമെന്ന തങ്ങളുടെ താൽപര്യം, നടപ്പാക്കിയെടുക്കുന്നതിനായി അവർ വിനിയോഗിച്ചുകൊണ്ടിരിക്കുന്നത് ഈ സാധ്യതയെയാണ്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുവാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കത്തെ അവഗണിച്ചുകൊണ്ട് മതനിരപേക്ഷ ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന ആർക്കും വൈക്കം സത്യഗ്രഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കാനാവില്ല. മറ്റൊരു ശതാബ്ദി ആഘോഷം 2025ൽ നടക്കാൻ പോകുകയാണ്. മതാധിഷ്ഠിത രാഷ്ട്രമെന്ന തങ്ങളുടെ ലക്ഷ്യത്തെ അവഗണിച്ച് മുന്നോട്ടുപോയ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ പരാജയപ്പെടുത്തി രാഷ്ട്രത്തിന്റെ പരമാധികാരം നേടാനായതിൽ ആഹ്ലാദിക്കുന്ന ആർ.എസ്.എസിന്റെ ജന്മശതാബ്ദി. വൈക്കം സത്യഗ്രഹം പിന്നിട്ട പതിറ്റാണ്ടുകളെ തങ്ങളുടേതാക്കി മാറ്റുന്നതിന് പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായി നേതൃത്വം നൽകിയ ആർ.എസ്.എസ് എന്ന ബ്രാഹ്മണ സംഘടനയുടെ വിജയാഘോഷമാണത്.

ബി.ജെ.പി ഭരണത്തെ ഏകാധിപത്യവും ഹിന്ദുത്വ ഫാഷിസവുമായി വിലയിരുത്തുന്ന മതനിരപേക്ഷ ജനാധിപത്യ ശക്തികൾ വിസ്മരിക്കാൻ പാടില്ലാത്തൊരു കാര്യം ആർ.എസ്.എസ് നിർമിക്കാൻ പോകുന്ന ഹിന്ദു രാഷ്ട്രത്തിന്റെ അടിത്തറ വിമലീകരിക്കപ്പെട്ട ജാതിവ്യവസ്ഥയാണ് എന്നതാണ്. ഹിന്ദുരാഷ്ട്രത്തിന്റെ അടിസ്ഥാന ഘടനയായിട്ടാണ് ആർ.എസ്.എസ് ജാതിവ്യവസ്ഥയെ നോക്കിക്കാണുന്നത്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിശാലമായ ഒന്നിപ്പിന് ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാനാകുമെങ്കിലും ഈ അടിത്തറ തകർക്കപ്പെടുന്നില്ലെങ്കിൽ തിരിച്ചുവരവ് സ്വാഭാവികമാണ്. സ്വരാജിനുവേണ്ടിയുള്ള സമരത്തോടൊപ്പം പ്രാധാന്യം അയിത്താചരണത്തിനെതിരായ സമരത്തിന് നൽകിയ വൈക്കം സത്യഗ്രഹംപോലെ മതനിരപേക്ഷ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തോടൊപ്പം പ്രാധാന്യം ജാതിക്കെതിരായ സമരത്തിന് നൽകാനായാൽ മാത്രമേ ഹിന്ദു രാഷ്ട്രത്തിന്റെ അടിത്തറ തകർക്കാനാകൂ. ജനാധിപത്യബോധത്തെയും ഭരണഘടനാ മൂല്യങ്ങളെയും തടയുന്ന ജാതിനിർമിതിയുടെ തകർച്ചയിലൂടെ മാത്രമേ ഹിന്ദു ഫാഷിസത്തെ ആത്യന്തികമായി പരാജയപ്പെടുത്താനാകൂ. ജനാധിപത്യത്തെക്കുറിച്ച് ഈ പൊതുധാരണക്കും ഒരു തിരുത്ത് ആവശ്യമുണ്ട്​. ജനാധിപത്യം എന്നത് ആയിത്തീർന്നൊരു സ്ഥിതിയല്ല, ആയിത്തീരേണ്ടൊരു സ്ഥിതിയാണ്.

Tags:    
News Summary - need for a dalith movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT