സങ്കുചിത മതരാഷ്ട്രവാദത്തിലേക്ക് സകല സാമൂഹിക സ്ഥാപനങ്ങളെയും ഇടങ്ങളെയും ചുരുക്കുന്ന നയപരിപാടി അജണ്ടയാക്കി മാറ്റിയിരിക്കുകയാണ് വർത്തമാനകാല ഇന്ത്യൻ ഭരണകൂടം. ഏകാത്മക ഹിന്ദുത്വത്തെ വിവിധ സങ്കേതങ്ങളിലൂടെ ജനമനസ്സുകളിൽ രൂഢമൂലമാക്കുക എന്നതാണ് ഇതിനവർ സ്വീകരിക്കുന്ന പൊതുമാർഗം. സാംസ്കാരികവും സാമൂഹികവുമായ സ്ഥാപനങ്ങളും ചിഹ്നങ്ങളും ബിംബങ്ങളും കാര്യമായി തന്നെ ഭരണകൂടവും തീവ്ര വലത് ഗ്രൂപ്പുകളും ഇതിനായി ഉപയോഗിക്കുന്നുമുണ്ട്. ഭാവനാസൃഷ്ടിയായ ദേശരാഷ്ട്ര വിചാരത്തിലേക്കും വൈവിധ്യങ്ങളെ നിഷേധിച്ച് എല്ലാറ്റിനെയും ഏകശിലാരൂപത്തിലേക്കും മാറ്റിയെടുക്കാൻ നടത്തിയ കഴിഞ്ഞകാല ശ്രമങ്ങളിൽ നേടിയ വിജയമാണ് വലതുപക്ഷത്തെ അടുത്ത ഘട്ടത്തിലേക്ക് കൂടുതൽ തീവ്രതയോടെ നീങ്ങാൻ ഉത്തേജിപ്പിക്കുന്നത്. ദേശരാഷ്ട്ര ബിംബത്തെ രൂപപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയ്യുന്ന പ്രധാന സ്ഥാപനമായ വിദ്യാഭ്യാസത്തിൽ ഇടപെടാൻ ആർ.എസ്.എസ് അടക്കമുള്ള സംഘടനകളെ പ്രേരിപ്പിക്കുന്നതും ഇതാണ്. ഹിന്ദു രാഷ്ട്ര നിർമാണത്തിൽ ഒഴിവാക്കാനാവാത്ത ഘടകം ആയിട്ടാണ് ചരിത്രത്തിെൻറ തിരുത്തി എഴുത്തിനെ ഇവർ കാണുന്നത്. ഇന്ത്യയെന്നാൽ ഹിന്ദുവെന്നും ഹിന്ദുവെന്നാൽ ഹിന്ദുത്വമെന്നും, ചരിത്രവും മത മിത്തുകളും തമ്മിൽ വ്യത്യാസം ഉണ്ടാകരുതെന്നുമുള്ള ധാരണയാണ് ഇക്കൂട്ടർ വെച്ചുപുലർത്തുന്നത്. ഇപ്പോൾ കൈക്കൊള്ളുന്ന ഭൂരിപക്ഷമത രാഷ്ട്രീയത്തെ ഹിന്ദുത്വ രാഷ്ട്രത്തിെൻറ അടിത്തറയാക്കി മാറ്റാനുള്ള കൃത്യമായ അജണ്ടയുടെ ഭാഗമാണിത്.
ഏഴ് പതിറ്റാണ്ട് മുേമ്പ സ്കൂൾ വിദ്യാഭ്യാസത്തിൽ ഇടപെട്ടിരുന്ന സംഘ്പരിവാർ സംഘടനകൾ കേന്ദ്ര അധികാരത്തിെൻറ പിന്തുണയിൽ രാജ്യമാകെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒറ്റ ചരിത്ര സിലബസ് എന്ന നയമാണ് ഏറ്റവും പുതുതായി മുന്നോട്ട് െവച്ചിരിക്കുന്നത്. ഇതിനായി യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) രാജ്യത്തെ മുഴുവൻ ചരിത്ര ബിരുദ വിദ്യാർഥികൾക്കുമായി ഒരു ചരിത്ര സിലബസ് തയാറാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ തീവ്ര വലതുപക്ഷം നടത്തുന്ന ഇടപെടലിെൻറ ഉൽപന്നമാണിത്. ഫെഡറൽ ഘടനയും, വ്യത്യസ്ത സാമുദായിക കൂട്ടങ്ങളും, ഭാഷ പ്രാദേശിക സ്വത്വങ്ങളും ചേർന്ന് രൂപപ്പെട്ട ഇന്ത്യയിൽ ഏക സാംസ്കാരിക രൂപിയായ ഒരു സമൂഹം സൃഷ്ടിച്ചെടുക്കുക പ്രയാസമുള്ള കാര്യമാണ്. അതേസമയം, ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സമാനമായ ആശയം കൈമുതലാക്കിയവർക്ക് അത് ദീർഘകാല അജണ്ടയുടെ ഭാഗവും വിദ്യാഭ്യാസം പൊതുവിലും ചരിത്രം പ്രത്യേകിച്ചും അതിനുവേണ്ടിയുള്ള ഏറ്റവും മികച്ച ഉപകരണവുമാണ്. ചരിത്രപഠനത്തിലും രചനയിലും ഇന്ത്യൻ വലതുപക്ഷം കഴിഞ്ഞ നാളുകളിൽ നടത്തിയ ഇടപെടലുകളെയും ഇപ്പോൾ ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുതന്നെയുണ്ടാവുന്ന ചരിത്ര നിരാസത്തെയും വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ.
കാല ദേശ വ്യത്യാസമില്ലാതെ അതീവ പ്രശ്നവത്കരിക്കപ്പെട്ട ബൗദ്ധിക സാംസ്കാരിക പ്രക്രിയയാണ് ചരിത്രരചന. ബഹുസ്വരതകൊണ്ടും വൈവിധ്യങ്ങൾകൊണ്ടും ഇന്ത്യയെപ്പോലെയുള്ള ഒരു ദേശ രാഷ്ട്രത്തിൽ ഈ പ്രക്രിയ എഴുതുംതോറും, ഗവേഷണങ്ങൾ പുരോഗമിക്കും തോറും സങ്കീർണമാക്കപ്പെടുന്ന ഒരു ജ്ഞാനോൽപാദന മേഖലയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ കൃത്യമായ ഇടപെടലുകൾ തുടങ്ങിയ കാലഘട്ടമായിരുന്നു 18ാം നൂറ്റാണ്ടിെൻറ അവസാന ഭാഗവും 19ാം നൂറ്റാണ്ടിെൻറ തുടക്കവും. വീരനായകരെ സൃഷ്ടിക്കുന്ന ആത്മകഥാംശപരമായ സാമ്രാജ്യത്വ ചരിത്രരചന പാരമ്പര്യവും അതിനോട് ഒരേ സമയം വൈരുധ്യമായും ഒട്ടുമുക്കാലും ഒത്തുചേർന്നും രൂപപ്പെട്ട ദേശീയ ചരിത്ര രചനാ പ്രതിരോധവും ചേർന്നാണ് ആധുനിക ഇന്ത്യൻ ചരിത്ര രചനയെ സൃഷ്ടിച്ചത്. ആദ്യകാല ആംഗലേയ പൗരസ്ത്യവാദികൾ മുതലാളിത്തപൂർവ, ആധുനികപൂർവ കർഷക സമൂഹത്തിെൻറ നന്മകളെ തേടുന്ന കാൽപനിക സമീപനമാണ് ചരിത്രരചനയിൽ സ്വീകരിച്ചത്. തുടർന്നുവന്ന പ്രയോജനവാദപര സ്വാധീനത്തിലുള്ള ചരിത്രരചനകൾ കൊളോണിയൽ മുതലാളിത്തത്തിെൻറയും ഭരണകൂടത്തിെൻറയും ആശയപരമായ ന്യായീകരണ ഉപകരണമായി മാറി. ബ്രിട്ടീഷ് ഭരണകർത്താക്കൾക്ക് ഗുണകരമാവുന്ന രീതിയിൽ ലിബറൽ ചരിത്രകാരന്മാർ തങ്ങളുടെ രീതിശാസ്ത്രം ഉപയോഗിച്ച് കാര്യമായി എഴുതി. ഇവരുടെ എഴുത്തുകളിൽ ഇന്ത്യ രാഷ്ട്രീയപരമായും സാംസ്കാരികപരമായും മാത്രമല്ല പാരിസ്ഥിതികപരമായും മോശപ്പെട്ട ഉഷ്ണമേഖല ആയി വ്യാഖ്യാനിക്കപ്പെട്ടു.
കൊളോണിയൽ ചരിത്രത്തെ എതിർക്കാനായി ദേശീയ ചരിത്രകാരന്മാർ നടത്തിയ ചരിത്ര വ്യാഖ്യാനങ്ങൾ പൗരസ്ത്യവാദികൾ വിഭാവനം ചെയ്തത് പോലുള്ള ഒരു 'മഹത്തായ ഇന്ത്യൻ പാരമ്പര്യം' എന്ന ചാട്ടപ്പലകയിൽനിന്നുമാണ് തങ്ങളുടെ ചരിത്ര വ്യാഖ്യാനതന്ത്രങ്ങൾക്ക് രൂപം കൊടുത്തത്. കൊളോണിയൽ ചരിത്രകാരന്മാർ വിഭാവനം ചെയ്ത ഹിന്ദു/പുരാതന, മുസ്ലിം/മധ്യകാല രൂപരേഖക്ക് ഉള്ളിലാണ് ഇവരും ചരിത്രരചന നടത്തിയത്. പിൽക്കാലത്ത് വർഗീയവാദികൾക്ക് തങ്ങളുടെ ഇംഗിതമനുസരിച്ച് ചരിത്ര പാഠപുസ്തകങ്ങളുടെ ഉള്ളടക്കം നിർമിക്കാനിത് സഹായിക്കുന്നുണ്ട്. സമകാലിക വർഗീയ സംഘർഷങ്ങളിൽനിന്നും ഉണ്ടാകുന്ന വികാര തള്ളലുകളെ ഭൂതകാലത്തേക്കുവരെ കൊണ്ടുപോയി കെട്ടാൻ അവർക്ക് സാധിക്കുന്നതും ഇതുകൊണ്ടാണ്.
സ്വാതന്ത്ര്യ സമരത്തെ ഒരു മതേതര പരിപാടിയായി മാത്രം കണ്ട ആദ്യകാല ദേശീയ ചരിത്ര പാഠപുസ്തകങ്ങൾ വ്യക്തികളിലും രാഷ്ട്രീയ സംഭവങ്ങളിലുമാണ് മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഫാഷിസമെന്ന് നെഹ്റു തന്നെ വിശേഷിപ്പിച്ച വർഗീയതയെയും വിഭജനത്തിന് കാരണമായ മൂർത്ത സാഹചര്യങ്ങളെയും സാമൂഹിക ശാസ്ത്ര ഉൾക്കാഴ്ചയോടുകൂടി വിശകലനം ചെയ്യുന്നതിലും, ബോധന പ്രക്രിയയുടെ ഭാഗമാക്കുന്നതിലും ചരിത്ര പാഠ്യപദ്ധതി പരാജയപ്പെട്ടു. വിഭജനത്തിെൻറ പഴി മുഴുവനും മുസ്ലിം ലീഗിെൻറ തലയിൽ കെട്ടിവെക്കുമ്പോഴും, കമ്യൂണിസ്റ്റുകളെ രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികളെ പിന്തുണച്ചതിെൻറ പേരിൽ വിമർശിക്കുമ്പോഴും, ഇന്ത്യാ വിഭജനത്തിനും വർഗീയ സംഘർഷങ്ങൾക്കും മറുഭാഗത്ത് ഉണ്ടായിരുന്ന ആർ.എസ്.എസിനെയോ ഹിന്ദുമഹാസഭയെക്കുറിച്ചോ ഗാന്ധിവധത്തിലവർക്കുള്ള പങ്കിനെപ്പറ്റിയോ ഒരക്ഷരംപോലും പറഞ്ഞുമില്ല. ഒരുപക്ഷേ കൊളോണിയൽ ചൂഷണത്തിെൻറ നീണ്ടകാല സ്വാധീനത്തിൽ നിന്ന് പുറത്തുകടന്ന സ്വാതന്ത്ര്യാനന്തര പുത്തൻ സാമൂഹിക നിർമാണത്തിലേക്ക് മാറിയ ദേശരാഷ്ട്രം മറക്കാനാഗ്രഹിച്ച ഇരുണ്ടകാല സംഭവങ്ങളാണിവ എന്നതുകൊണ്ടായിരിക്കാം അന്നത്തെ ഈ ഒഴിവാക്കലുകൾ. പൊതുവിൽ ചരിത്ര പാഠപുസ്തകങ്ങളിലെ മനപ്പൂർവമായ മൗനം ഇവരെ കുറ്റമുക്തരാക്കുകയായിരുന്നു എന്നതിൽ സംശയമില്ല. പിൽക്കാലത്ത് ഒരു സാംസ്കാരിക സംഘടന എന്ന ലേബലിൽ പ്രത്യക്ഷപ്പെടാൻ ആർ.എസ്.എസിന് ഇത് സഹായകമായി.
പൊതുവിൽ 1970 വരെയുള്ള ചരിത്രരചനയുടെ ചരിത്രം നോക്കിയാൽ ആദ്യകാല മാർക്സിയൻ സ്വാധീനം ഉണ്ടായിരുന്നവർ, ലിബറൽ ദേശീയ ചരിത്രകാരന്മാർ, രീതിശാസ്ത്ര കൃത്യതയും ഭൗതികവാദ നിലപാട് സ്വീകരിച്ചവരുമായ ചരിത്രകാരന്മാർ എന്നിവരെ കണ്ടെത്താൻ സാധിക്കും. കാലഘട്ടത്തിെൻറ പൊതു പ്രത്യേകതയായ ലിബറലിസത്തിെൻറ സ്വാധീനം ആധുനിക ഇന്ത്യൻ ചരിത്രരചനയെ സ്പർശിച്ചു. ഹിന്ദു - മുസ്ലിം സാമൂഹിക ഐക്യത്തിനും, മതമൈത്രിക്കും, പ്രത്യേകിച്ചും സ്വാതന്ത്ര്യസമരത്തിൽ ഉണ്ടായിരുന്ന മതപരമായ ഐക്യത്തിനും പ്രാധാന്യം നൽകിയ ചരിത്രരചനകൾ ഉണ്ടായി. എഴുപതുകളോടെ മാർക്സിയൻ രീതിശാസ്ത്രത്തിെൻറ സമഗ്രമായ ഉപയോഗത്തിലൂടെ ആധുനിക പൂർവ, ആധുനിക ഇന്ത്യൻ ചരിത്രത്തെപ്പറ്റിയുള്ള മെച്ചപ്പെട്ട കൃതികൾ പുറത്തുവന്നു. പുരാതന ഇന്ത്യൻ ചരിത്രത്തിെൻറ അന്ധമായ മഹത്ത്വവത്കരണത്തിൽനിന്ന് മാറി മാർക്സിയൻ ചരിത്രപഠന സിദ്ധാന്തങ്ങളിലൂടെ പുതിയ തെളിച്ചവും ശാസ്ത്രീയതയും ഇക്കാലത്ത് വരുന്നുണ്ട്. മുൻകാല യാന്ത്രികവാദ സമീപനങ്ങളിൽനിന്ന് വ്യത്യസ്തമായി വിമർശനാത്മക സാമൂഹികശാസ്ത്ര വിശകലന രീതി പിന്തുടർന്ന ഇവർ പുരാരേഖകളുടെയും മറ്റു ചരിത്ര സ്രോതസ്സുകളുടെ ചരിത്രവത്കരണത്തിലൂടെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെ മനസ്സിലാക്കി അതിനെ നിഷേധിക്കാതെതന്നെ വ്യാഖ്യാനിക്കാൻ ശ്രമിച്ചു. എൺപതുകളിൽ ഉയർന്നുവന്ന സബാൾട്ടേൺ സാമൂഹിക ചരിത്രപഠനങ്ങൾ സമൂഹത്തിലെ ചെറിയവരുടെയും (കീഴാളർ), അധഃസ്ഥിതരുടെയും, പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകളുടെയും എന്തിന് മറന്നുപോയ പാരിസ്ഥിതികമാനങ്ങളുടെയും ചരിത്രം പുനർനിർമിക്കാൻ തുടങ്ങി. ചരിത്രം കൊട്ടാരങ്ങളിൽനിന്ന് കുടിലുകളിലേക്കും വരേണ്യരിൽ നിന്ന് അധഃസ്ഥിതരിലേക്കും സംഭവങ്ങളിൽനിന്ന് സാമൂഹിക പ്രക്രിയയിലേക്കും വെളിച്ചം വീശുന്ന സാമൂഹിക ശാസ്ത്ര വിഷയമായി മാറി.
ചരിത്രരചനയിലും രീതിശാസ്ത്രത്തിലും വിപ്ലവകരമായ മാറ്റങ്ങൾ ഒരുവശത്ത് ഉണ്ടാകുന്നതിനോടൊപ്പംതന്നെ വലതുപക്ഷ വർഗീയ ധാരകളും സമാന്തരമായി നിലനിന്നിരുന്നു. പൊതുവിൽ മതേതര നിലപാട് പിന്തുടർന്ന നെഹ്റുവിെൻറ കാലത്ത് തന്നെയാണ് ഇന്ത്യാ ചരിത്രത്തെ മതപരമായ കണ്ണാടിച്ചില്ലിലൂടെ നോക്കിയ ഭാരതീയ വിദ്യാഭവെൻറ പുസ്തക സീരീസുകൾ പുറത്ത് വന്നത്. ഇപ്പോഴും ഈ പുസ്തകങ്ങൾ സ്കൂളുകളിലും കോളജുകളിലും അംഗീകൃത റഫറൻസായി തുടരുന്നുണ്ട്. ദ ഹിസ്റ്ററി ആൻഡ് കൾച്ചർ ഓഫ് ദി ഇന്ത്യൻ പീപ്പിൾ എന്ന പേരിൽ ആർ.സി. മജുംദാർ ജനറൽ എഡിറ്ററായി ഭാരതീയ വിദ്യാഭവൻ ബഹുവാല്യങ്ങളിലായി ഇന്ത്യാ ചരിത്രത്തെ പ്രസിദ്ധീകരിച്ചിരുന്നു. സർക്കാർ ഫണ്ടും സ്വകാര്യ പിന്തുണയും ആവോളം ലഭിച്ച ഈ പദ്ധതിയിൽ ഇന്ത്യൻ ഭൂതകാലത്തെ അവതരിപ്പിച്ചതിനോട് വലിയ എതിർപ്പ് അക്കാലത്തുതന്നെ ഉണ്ടായിരുന്നു. വേദകാലഘട്ടം എന്ന പേര് നൽകിയ ഒന്നാം വാല്യത്തിൽ തന്നെ ഇന്ത്യ ആര്യന്മാരുടെ യഥാർഥ ജന്മദേശമാണ് എന്നുതുടങ്ങിയ സൂചന നൽകുന്നുണ്ട്. 'ചരിത്രത്തിലെ വസ്തുതകൾ' എന്നപേരിൽ പ്രസിദ്ധീകരിച്ച അധ്യായത്തിൽ ഹിന്ദു ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കാൻ ഒരു മടിയും ഇല്ലാത്തവരായിരുന്നു മുസ്ലിംകളെന്നും, എട്ടാം നൂറ്റാണ്ടു മുതൽ രാഷ്ട്രീയ അധികാരം നഷ്ടപ്പെട്ട കാലംവരെയും അവർ ഇതുതന്നെയാണ് ചെയ്തിരുന്നതെന്നും, അക്ബർ ഒഴികെയുള്ള എല്ലാ മുഗൾ ഭരണാധികാരികളും മതഭ്രാന്തന്മാരായിരുന്നുവെന്നും, മുന്നൂറ് വർഷത്തെ മുസ്ലിം ഭരണത്തിന് കീഴിൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിലേക്കാളും ഹിന്ദുക്കൾ അനുഭവിച്ചെന്നും അടക്കമുള്ള അത്യന്തം വിഷലിപ്തമായ വിശകലനങ്ങളാണ് ആ പ്രസിദ്ധീകരണത്തിൽ ഉണ്ടായിരുന്നത്. മുഗൾ ഭരണത്തിനെതിരെ പ്രാദേശിക മുസ്ലിം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായ എതിർപ്പിനെ മുഗൾ സാമ്രാജ്യത്വത്തോടുള്ള പോരാട്ടമായും, മറുഭാഗത്ത് ഹിന്ദു ഭരണാധികാരികളുടെ എതിർപ്പിനെ മുഗൾ ഭരണകൂടത്തിനോട് ഉള്ള പോരാട്ടം എന്നതിനെക്കാളും മുസ്ലിം മേധാവിത്വത്തിനെതിരെ ഹിന്ദുക്കൾ നടത്തിയ പ്രതിരോധമെന്ന പേരിലുമാണ് അവതരിപ്പിച്ചത്.
ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ സങ്കുചിത മതവാദം കടന്നുവന്നതിൽ പ്രത്യേകിച്ച് അത്ഭുതപ്പെടേണ്ട കാര്യമില്ല. ഭാരതീയ വിദ്യാഭവെൻറ ചരിത്ര പുസ്തകങ്ങളുടെ ജനറൽ എഡിറ്റർ ആർ.സി. മജുംദാർ മിക്കവാറും ആർ.എസ്.എസ് ഔദ്യോഗിക മുഖപത്രമായ ഓർഗനൈസറിന് വേണ്ടി ലേഖനമെഴുതിയിരുന്നയാളായിരുന്നു. മതേതരത്വം, സോഷ്യലിസം മുതലായവയെപ്പറ്റി കാര്യമായി പറഞ്ഞിരുന്ന കോൺഗ്രസ് സർക്കാറുകൾ ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരണങ്ങൾക്കായി പണം നൽകുകയും സബ്സിഡി അനുവദിക്കുകയും ചെയ്തു. ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ബൃഹത്തായ ഒരു പദ്ധതി ഇതിനിടക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപപ്പെടുത്തി. വിദ്യാഭവെൻറ ചരിത്ര നിലപാടുകൾ എല്ലാ ഭാഷകളിലേക്കും എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഈ പദ്ധതി വലിയതോതിൽ വിമർശനത്തിന് വിധേയമായി. തുടർന്ന് 1972ൽ നിലവിൽ വന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് (ICHR) പ്രസ്തുത ചുമതല വിദ്യാഭ്യാസ മന്ത്രാലയം നൽകി. അന്നത്തെ ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷനായ ആർ.എസ്. ശർമ ഈ പദ്ധതി മരവിപ്പിച്ച്, പകരം മെച്ചപ്പെട്ട ചരിത്ര കൃതികൾ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.
1973ലാണ് സ്വതന്ത്രമായി എഴുതാനും അധ്യാപനം നടത്താനുമുള്ള ചരിത്രകാരെൻറ അക്കാദമിക അവകാശത്തിന് മേൽ ആദ്യത്തെ സംഘടിത ആക്രമണം ഉണ്ടാവുന്നത്. മറാത്ത്വാഡ സർവകലാശാലയിലെ ചരിത്ര അധ്യാപകൻ ഡോ. പി.വി. റാനഡെക്കാണ്, ശിവജിയെപ്പറ്റി വിമർശന പഠനം നടത്തിയതിെൻറ പേരിൽ മറാത്ത സങ്കുചിതവാദികളുടെയും വർഗീയവാദികളുടെയും ആക്രമണം നേരിട്ടത്. തൊട്ട് പിന്നാലെ ചണ്ഡിഗഢിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിെൻറ 34ാം സമ്മേളനം ഡോ. റാനഡെക്ക് പൂർണ പിന്തുണ നൽകി, ചരിത്രകാരെൻറ അക്കാദമിക സ്വാതന്ത്ര്യത്തെപ്പറ്റി പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം നടത്തി. അതിപ്രകാരമായിരുന്നു: ''ഒരു ചരിത്ര വ്യക്തിത്വവും സ്ഥാപനവും ചിന്താധാരയും ചരിത്രകാരെൻറ വിമർശനത്തിനും സത്യാന്വേഷണത്തിനും മേലെയല്ല. അതിനി എത്ര വലിയ വിവാദ വിഷയം ആണെങ്കിലും തെൻറ കണ്ടെത്തൽ പൊതുസമൂഹപക്ഷം അവതരിപ്പിക്കുക എന്നത് ചരിത്രകാരെൻറ സാമൂഹിക കടമയാണ്. വർത്തമാനകാലത്തിലെ ഏതെങ്കിലും വിശ്വാസത്തിനോ മുൻവിധിക്കോ എതിരാണ് ആ കണ്ടെത്തൽ എങ്കിലും ചരിത്രകാരെൻറ അഭിപ്രായ പ്രകടനത്തെ തടയാൻ അതൊരു കാരണമല്ല. ഭൂതകാലത്തിെൻറ കൃത്യമായ വിശകലനത്തിലൂടെ മുൻവിധികളെ ഇല്ലാതാക്കുക എന്നതാണ് ചരിത്രകാരന് സമൂഹത്തോട് ചെയ്യാനാവുക.'' അടിയന്തരാവസ്ഥക്കാലത്ത് യൂനിവേഴ്സിറ്റി അധ്യാപകർക്കായി പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതിനു മുമ്പ് അധ്യാപകരോട് ആലോചിക്കണം എന്ന് ആവശ്യപ്പെട്ട് ബോംബെ സർവകലാശാല അധ്യാപക സംഘടന അധ്യക്ഷൻ ഡോ. എൽ.ബി. കെന്നി അടിയന്തരാവസ്ഥക്കാലത്ത് മുഴുവനും ജാമ്യമില്ലാ തടവുകാരനായി ജയിലിൽ അടയ്ക്കപ്പെടുകയുണ്ടായി.
1977ൽ ജനതാ സർക്കാർ അധികാരത്തിൽ വരുന്നതോടെ വിദ്യാഭ്യാസവകുപ്പിൽ അടക്കം വലതുപക്ഷ സ്വാധീനം ഔദ്യോഗികമായി പ്രകടമായി. പ്രത്യേകിച്ചും തീവ്രവാദ സ്വഭാവമുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിെൻറയും അതിെൻറ പുനരുത്ഥാനവാദപരവും തീവ്രവർഗീയപരവുമായ സ്വാധീനം. അക്കാലഘട്ടത്തിലെ മാർക്സിസ്റ്റ് - ലിബറൽ ചരിത്രകാരന്മാരുടെ പാഠപുസ്തകങ്ങളെ പറ്റി വലിയ വിമർശനമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. റോമില ഥാപ്പർ രചിച്ച മധ്യകാല ഇന്ത്യ, ബിപൻ ചന്ദ്രയുടെ ആധുനിക ഇന്ത്യ, അമൽസ് ത്രിപാഠി, ബിപൻ ചന്ദ്ര, ബരുൺ ദേ എന്നിവർ ചേർന്ന് എഴുതിയ സ്വാതന്ത്ര്യ സമരം, ഹർബൻസ് മുഖിയ, റോമില ഥാപ്പർ, ബിപൻ ചന്ദ്ര എന്നിവരുടെ വർഗീയതയും ഇന്ത്യൻ ചരിത്രരചനയും, ആർ.എസ്. ശർമയുടെ പുരാതന ഇന്ത്യ എന്നീ പുസ്തകങ്ങൾ പിൻവലിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചത്. ഇതിൽ ആദ്യത്തെ മൂന്ന് പുസ്തകങ്ങൾ നാഷണൽ ബുക്ക് ട്രസ്റ്റും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലും അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് മുേമ്പ അംഗീകരിച്ചതായിരുന്നു. മധ്യകാല ഇന്ത്യ, ആധുനിക ഇന്ത്യ എന്നിവ ഹരിയാന, ഡൽഹി, കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏഴ് മുതൽ പത്ത് വർഷങ്ങളായി സ്കൂൾ പാഠപുസ്തകങ്ങളായി ഉപയോഗിക്കുന്നവയുമായിരുന്നു. പതിനൊന്നാം ക്ലാസിൽ ഉപയോഗിച്ചിരുന്ന ആർ.എസ്. ശർമയുടെ പുരാതന ഇന്ത്യ വലിയ സമ്മർദം ഉണ്ടായതിനെതുടർന്ന് സി.ബി.എസ്.ഇക്ക് പിൻവലിക്കേണ്ടതായി വന്നു. ആ കാലഘട്ടത്തിലെ മുഖ്യധാരാ പത്രമാസികകളിലൂടെ ഈ ചരിത്രകാരന്മാരുടെ ചരിത്രരചന സമ്പ്രദായത്തെയും പാണ്ഡിത്യത്തെയും തീവ്ര വലതുപക്ഷം സ്ഥിരമായി അവഹേളിച്ചിരുന്നു.
ഈ സമയത്ത് തന്നെ വിദ്യാഭ്യാസ സംരക്ഷണത്തിനെന്ന പേരിൽ തട്ടിക്കൂട്ടി ഉണ്ടാക്കിയ സൻസ്കൃതി ബച്ചാവോ കമ്മിറ്റി രക്ഷാകർത്താക്കളോട് പാഠപുസ്തകങ്ങൾക്കെതിരെ പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്തു. ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണ ലഭിച്ച യാഥാസ്ഥിതിക ചരിത്രകാരന്മാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഹിസ്റ്ററി ആൻഡ് കൾച്ചറൽ സൊസൈറ്റി എന്ന സംഘടന ചരിത്രകാരന്മാർക്കും അവരുടെ കൃതികൾക്കും എതിരെ അക്കാദമിക അഭിപ്രായം രൂപവത്കരിക്കാൻ ഒരു സമ്മേളനം നടത്തി. അസമീസ് വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ എഴുതിയെന്ന ആരോപണത്തിെൻറ പേരിൽ രണ്ട് സർവകലാശാല അധ്യാപകരെ അസമിലെ ദിബ്രുഗഢ് സർവകലാശാലയിൽ ഇക്കാലത്ത് വിലക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയം ആയിരുന്നിട്ടുകൂടി കേന്ദ്രം ഭരിച്ചിരുന്ന ജനത സർക്കാർ അമിത താൽപര്യത്തോടുകൂടി ഇക്കാര്യത്തിൽ ഇടപെടുകയുണ്ടായി. ഭരണകൂടത്തോട് ചേർന്നുനിന്ന ചരിത്രകാരന്മാരായ കെ.എ. നിസാമി (അന്നത്തെ ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷൻ), രവീന്ദ്രൻ എന്നവർ അടങ്ങിയ ഒരു പരിഭാഷ കമ്മിറ്റി വളരെ ഉത്സാഹത്തോടെ നിരവധി വിമർശനങ്ങൾ ഇതിനോടകം നേരിെട്ടങ്കിലും ഭാരതീയ വിദ്യാഭവൻ രചനകളെ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള കർത്തവ്യം ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തങ്ങളുടെ നിയന്ത്രണത്തിൽ വന്നതിലുള്ള സന്തോഷം 1979 മാർച്ച് 4ന് ഇറങ്ങിയ ഓർഗനൈസർ ലേഖനത്തിൽ ആർ.എസ്.എസ് വ്യക്തമാക്കുന്നുണ്ട്. സ്ഥിരം അധിക്ഷേപ പദാവലികൾ ഉപയോഗിച്ച് ഇടതുപക്ഷ ചരിത്രകാരന്മാരെ അധിക്ഷേപിക്കുകയാണ് ലേഖനത്തിൽ ഉടനീളം. അതേസമയം ആർ.എസ്.എസിന് ചരിത്ര രചന സംവിധാനത്തിൽ ഇത്തരമൊരു കടന്നുകയറ്റം സാധ്യമാക്കിയത് ഏതാനും ചില ചരിത്രകാരന്മാരുടെ സ്വാധീനത്താലാണ് എന്ന് ഇർഫാൻ ഹബീബ് നിരീക്ഷിക്കുന്നുണ്ട്.
അധികം നീണ്ടുനിൽക്കാത്ത ജനതാ സർക്കാർ പരീക്ഷണത്തിന് ശേഷം വീണ്ടും വിദ്യാഭ്യാസത്തിൽ ഔദ്യോഗിക സ്വാധീനം ചെലുത്താൻ പാകത്തിൽ സംഘ്പരിവാറിന് അവസരം ലഭിച്ചത് വാജ്പേയി സർക്കാറിെൻറ കാലത്താണ്. 1998ൽ അധികാരത്തിലെത്തിയപ്പോൾ കൃത്യമായ ഗൃഹപാഠം ചെയ്താണ് സംഘ്പരിവാർ നീങ്ങിയത്. ജനത സർക്കാറിെൻറ കാലത്ത് പ്രധാനപ്പെട്ട അക്കാദമിക് സമിതികളുടെ തലപ്പത്തിരിക്കുന്നവരിൽ അധികവും സംഘ്പരിവാർ നയങ്ങളെ എതിർത്ത ആളുകളായിരുന്നുവെന്നു മനസ്സിലാക്കി തങ്ങളുടെ താൽപര്യപ്രകാരം പ്രവർത്തിക്കുന്നവരെ മുൻകൂട്ടിതന്നെ വാജ്പേയി സർക്കാറിെൻറ കാലത്ത് നിയമിച്ചു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന അക്കാദമിക് സമിതികൾ ആയ നാഷണൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT), ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ICHR), ഇന്ത്യൻ സാമൂഹിക ശാസ്ത്ര ഗവേഷണ കൗൺസിൽ (ICSSR) മുതലായവയെല്ലാം തുടക്കത്തിലേ നിയന്ത്രണത്തിൽ കൊണ്ടുവന്നു. സ്വാതന്ത്ര്യപൂർവ കാലം മുതലേ സ്കൂൾതല വിദ്യാഭ്യാസത്തിൽ ഉപദേശം നൽകിയിരുന്ന സെൻട്രൽ അഡ്വൈസറി ബോർഡ് ഫോർ എജുക്കേഷ(CABE) നെ അവഗണിച്ച് രണ്ടാം ബി.ജെ.പി സർക്കാറിെൻറ കാലത്തെ മാനവശേഷി മന്ത്രി മുരളി മനോഹർ ജോഷി പുതിയൊരു ദേശീയ കരിക്കുലം ചട്ടക്കൂട് (National Curriculum Framework) മുന്നോട്ടുെവച്ചു. സ്വയംപര്യാപ്തമായ ഗ്രാമീണ സമൂഹവും സാമ്പത്തിക പുനർവിതരണ ക്രമവും ഉണ്ടായിരുന്ന പരമ്പരാഗത മഹത്തായ ഭാരതീയ കുടുംബ ഘടനയിലും കാർഷിക സമൂഹത്തിലും ഉണ്ടായ മാറ്റങ്ങളെപ്പറ്റി വ്യസനിച്ച് പഴയ സുവർണകാലം വീണ്ടെടുക്കുന്ന വിദ്യാഭ്യാസ മാതൃക സൃഷ്ടിക്കുകയാണ് ഉദ്ദേശ്യലക്ഷ്യം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുൻകാലങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകിയിരുന്ന ജനാധിപത്യ മൂല്യങ്ങൾ, സാമൂഹിക നീതി, വൈവിധ്യങ്ങളിൽ അധിഷ്ഠിതമായ ദേശീയ അഖണ്ഡത എന്നിവക്കു പകരം മൂല്യബോധനത്തിനായി വിദ്യാഭ്യാസ ചട്ടക്കൂടിൽ പ്രമുഖസ്ഥാനം.
ജനതാ സർക്കാറിെൻറ കാലഘട്ടത്തിൽ നടന്ന ചരിത്ര നിഷേധ നയപരിപാടി പൂർവാധികം ശക്തിയായി വാജ്പേയി സർക്കാറിെൻറ കാലത്തും നടന്നു. ചരിത്ര പാഠപുസ്തക കമ്മിറ്റി അധ്യക്ഷൻ സ്ഥാനത്തുനിന്ന് ചരിത്രകാരൻ ഡി.എൻ. ഝായെ പുറത്താക്കി. മുൻകാലത്തും നോട്ടപ്പുള്ളികൾ ആയിരുന്ന ബിപിൻ ചന്ദ്ര, ആർ.എസ്. ശർമ, റോമില ഥാപ്പർ, അർജുൻ ദേവ്, സതീഷ് ചന്ദ്ര എന്നിവർ രചിച്ച പാഠപുസ്തകങ്ങൾ പഠനപദ്ധതിയിൽനിന്ന് ഒഴിവാക്കി പകരം മുരളി മനോഹർ ജോഷിയുടെയും അദ്ദേഹത്തിെൻറ വിശ്വസ്തനായ ജെ.എസ്. രാജ്പുത്തിെൻറയും നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ പാഠപുസ്തകങ്ങൾ അംഗീകരിച്ചു. എന്നിട്ടും ശിക്ഷ ബചാവോ ആന്ദോളൻ എന്ന വലതുപക്ഷ സംഘടനയുടെ അധ്യക്ഷനായ ദീനനാഥ് ബാത്രയുടെ അഭിപ്രായത്തിൽ മുരളി മനോഹർ ജോഷി മെല്ലപ്പോക്കുകാരനായിരുന്നു. ഇതേ ദിനനാഥ് ബാത്ര തന്നെയാണ് വിഖ്യാത ഇൻഡോളജിസ്റ്റ് വെൻഡി ഡോണിഗറുടെ ഹിന്ദു: ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി എന്ന കൃതി ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിക്കാൻ വലിയ കോലാഹലം നടത്തിയത്. ഒരു സംഘം ആര്യ സമാജകർ രാജ്പുത്തിനെ സമീപിച്ച് റോമില ഥാപ്പർ, ആർ.എസ്. ശർമ, അർജുൻ ദേവ് തുടങ്ങിയ ചരിത്രകാരന്മാരെ അറസ്റ്റ് ചെയ്യണമെന്നുവരെ ഇക്കാലത്ത് ആവശ്യപ്പെട്ടു. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ തിരുകി കയറ്റുന്ന വർഗീയതയെ എതിർത്തവരെ അന്നത്തെ ആർ.എസ്.എസ് സർസംഘ്ചാലക് കെ.എസ്. സുദർശൻ ഹിന്ദു വിരുദ്ധരായ യൂറോ ഇന്ത്യക്കാരാണെന്ന് 2001 നവംബറിൽ ഇറങ്ങിയ ഓർഗനൈസറിൽ കുറ്റപ്പെടുത്തുന്നുണ്ട്. പാഠപുസ്തകങ്ങൾ അംഗീകരിക്കുന്നതിനു മുമ്പ് മതനേതൃത്വവുമായി കൂടിക്കാഴ്ച നടത്തണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ ഉണ്ടാവാൻ പാടില്ലെന്നും ആർ.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടു. അക്കാദമിക രംഗത്ത് ഉണ്ടായ വലതുപക്ഷ വിമർശനങ്ങളെ ഏതാണ്ട് എല്ലാം തന്നെ ഇടതുപക്ഷത്തിെൻറ ബൗദ്ധിക തീവ്രവാദം എന്ന പേരിൽ അടച്ചാക്ഷേപിക്കുകയാണ് ഉണ്ടായത്. ഒരുഘട്ടത്തിൽ അതിർത്തി കടന്നുള്ള തീവ്രവാദത്തെക്കാൾ പ്രശ്നക്കാരാണ് ഇവർ എന്നുകൂടി പറയുകയുണ്ടായി.
കേന്ദ്ര അധികാരം ലഭിക്കുന്നതിനു മുമ്പ്തന്നെ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പു വിജയങ്ങൾ ഉണ്ടായ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് തങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന വലതുപക്ഷ വർഗീയ സംഘടനകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അനുവാദം നൽകിയിരുന്നു. ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സിലബസ്, അധ്യാപകപരിശീലനം, കായികപരിശീലനം, സന്മാർഗ പഠനം എന്നീ രംഗങ്ങളിൽ കാര്യമായ ആർ.എസ്.എസ് സ്വാധീനം എഴുപതുകൾക്ക് ശേഷം ഉണ്ടായിരുന്നു. ഇതോടൊപ്പംതന്നെ പരിഗണിക്കേണ്ടതാണ് ആർ.എസ്.എസ് സമാന്തരമായി നടത്തുന്ന വിദ്യാഭാരതി സ്കൂളുകൾ. ഏഴ് പതിറ്റാണ്ട് കാലമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഏകൽ വിദ്യാലയ, വനവാസി കല്യാൺ യോജന, സരസ്വതി ശിശു മന്ദിർ, വിദ്യാഭാരതി എന്നീ പേരുകളിലായി അവർ പറയും കണക്ക് പ്രകാരം തന്നെ നാൽപത് ലക്ഷത്തിനടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. 1992ൽ ബിപൻ ചന്ദ്ര അധ്യക്ഷനായ ദേശീയ സ്റ്റിയറിങ് കമ്മിറ്റി ആർ.എസ്.എസ് നിയന്ത്രിക്കുന്ന ഈ സ്കൂളുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്ര നിരാസത്തെയും ശാസ്ത്ര യുക്തിയുടെ അട്ടിമറിക്കലിനെയും സംബന്ധിച്ച് എൻ.സി.ഇ.ആർ.ടിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
തീവ്രവർഗീയ നിലപാടിനോട് ഒപ്പം തന്നെ കച്ചവട സമീപനവും ചേരുംപടി ചേർന്നതാണ് നരേന്ദ്ര മോദി സർക്കാറിെൻറ വിദ്യാഭ്യാസ നയം. നിലവിലുള്ള സ്ഥാപനങ്ങളെ പ്രവർത്തന രഹിതമാക്കി കമ്പോളത്തിന് ഏൽപ്പിച്ചുകൊടുക്കുക എന്നത് പൊതുവായി സ്വീകരിച്ചിരിക്കുന്ന നിലപാടാണ്. വിഖ്യാതമായ ചരിത്ര പഠന സ്ഥാപനങ്ങളെ മുതൽ പൊതുവായി ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന യു.ജി.സിയെ അടക്കം നശിപ്പിക്കുക എന്നത് ഏതാണ്ടൊരു നിലപാടായി തന്നെ സ്വീകരിച്ചിട്ടുണ്ട്. നിശ്ശബ്ദമായി തങ്ങളുടെ പുതുചരിത്ര നിർമിതിക്ക് സമൂഹത്തിെൻറ പൊതുവിലുള്ള മൗനസമ്മതം നേടിയെടുക്കാൻ വലതുപക്ഷം ശ്രമിക്കുകയും, കുറെയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദേശത്തിെൻറ ആകെ കാഴ്ചാനുഭവത്തിലും, ഓർമയിലുമുള്ള താജ് മഹൽ പോലെയൊരു സാമൂഹിക ഓർമയുടെ മഹാശിലയെ വർഗീയവത്കരിക്കാൻ സംഘ്പരിവാർ ശ്രമിച്ചത് വർത്തമാനകാല അനുഭവമാണ്. ചരിത്ര സ്മാരകങ്ങളുടെ മേലുള്ള ഇത്തരം ഭരണകൂട പിന്തുണയോടെയുള്ള കടന്നുകയറ്റം ചരിത്രത്തെ വളച്ചൊടിക്കാനും സമാന്തര ഓർമകൾ ഔദ്യോഗികമായിതന്നെ സൃഷ്ടിച്ചെടുത്ത് വരും നാളുകളിൽ സത്യമാക്കാനുമുള്ള ശ്രമമാണ്.
ഇതിെൻറ അടുത്ത ഘട്ടമെന്ന നിലക്ക് ഇന്ത്യാ ചരിത്ര ഗവേഷണത്തിലെയും അധ്യാപനത്തിലെയും ഉദാത്തമാതൃക സ്ഥാപനമായ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ സെൻറർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിനെ (സി.എച്ച്.എസ്) തകർക്കുക എന്നതിലാണ് സംഘ്പരിവാർ ശ്രദ്ധ കാണിച്ചത്. എല്ലാകാലത്തും വർഗീയ ഫാഷിസ്റ്റ് (അ)ചരിത്രകാരന്മാരുടെ മുന്നിൽ ഒരു കോട്ടയെന്നോണം നിലകൊണ്ട സ്ഥാപനമാണത്. ശാസ്ത്രീയ ചരിത്രരചനാ രീതികളുടെയും സാമൂഹികശാസ്ത്ര സിദ്ധാന്തങ്ങളുടെയും പിൻബലത്തിൽ ഇന്ത്യയുടെ ബഹുസ്വരതയും സ്വത്വബോധങ്ങളെയും മാനിച്ച് ഇന്ത്യാചരിത്രത്തെ പുനഃസൃഷ്ടിച്ച നിരവധി ചരിത്രകാരന്മാർ ഇവിടെനിന്നുള്ളവരാണ്. വാജ്പേയി സർക്കാറിെൻറ കാലത്തേ ഈ മസ്തിഷ്കങ്ങളെ മുസോളിനി ഗ്രാംഷിയുടെ കാര്യത്തിൽ ചിന്തിച്ചപോലെ പ്രവർത്തനരഹിതമാക്കാൻ ശ്രമം നടന്നിരുന്നു. ഒറ്റതിരിഞ്ഞ് ചരിത്രകാരന്മാരെ ഒതുക്കാൻ സാധിക്കാതെ വന്നപ്പോൾ അവരുടെ പ്രഭവകേന്ദ്രം തന്നെ തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. സി.എച്ച്.എസ് എന്ന മഹത്തായ ചരിത്ര ഗവേഷണ സ്ഥാപനത്തെ ശ്വാസംമുട്ടിച്ചു കൊല്ലണം എന്ന ആശയം സത്യത്തിൽ ശാസ്ത്രീയ ചരിത്ര രീതിയെ ശ്വാസംമുട്ടിച്ചുകൊല്ലുന്നതിന് തുല്യമാണ്.
ചരിത്ര പഠനത്തിൽ ഇടപെടുക എന്ന ദീർഘകാല പദ്ധതിയുടെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിെൻറ പൂർത്തീകരണമെന്ന നിലക്ക് യു.ജി.സി ഈ വർഷമാദ്യം ബിരുദ തലത്തിലേക്ക് രാജ്യത്തിന് പൊതുവായൊരു ചരിത്ര സിലബസ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ കമ്പോളത്തിെൻറ ഏറ്റവും പ്രിയപ്പെട്ട ഫലധിഷ്ഠിതയെന്ന (outcome based) ആമുഖ വാഗ്ദാനത്തോടെയാണ് ഈ പുതിയ പഠനപദ്ധതി യു.ജി.സി മുന്നോട്ട് െവച്ചിരിക്കുന്നത്. കെട്ടുകഥകൾക്കും മത പുസ്തകങ്ങൾക്കും പ്രാധാന്യം നൽകിയും, മുസ്ലിം ഭരണാധികാരികളെ തീരെ അപ്രാധാന്യത്തോടെ പരിഗണിച്ചുമാണ് സിലബസ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്. സംഘ്പരിവാർ താൽപര്യത്തിനനുകൂലമായി കാവി പുതപ്പിച്ചും ചരിത്ര വസ്തുതകളെ തെറ്റിദ്ധരിപ്പിച്ചും നിർമിച്ചിരിക്കുന്ന വെറുപ്പിെൻറ ഉപകരണമാണ് ഈ പാഠ്യപദ്ധതി. സിലബസിൽ ഉപയോഗിച്ചിരിക്കുന്ന പ്രാകൃത സംസ്കാരം, പ്രാകൃത ജീവിതം എന്നുതുടങ്ങിയ പ്രയോഗങ്ങൾ നരവംശശാസ്ത്ര - സാമൂഹികശാസ്ത്ര പഠനങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ അക്കാദമിക മേഖലയിൽ ഉപയോഗിക്കുന്നവപോലുമല്ല. സിലബസിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ വൈകല്യമുള്ളതും, വ്യാകരണപിശക് ഏറെയുള്ളതുമാണ്. മുൻകാലങ്ങളിൽ ചില മാർഗനിർദേശങ്ങൾ മാത്രം നൽകിയിരുന്ന യു.ജി.സി ആദ്യമായിട്ടാണ് ഇത്തരമൊരു ചരിത്ര സിലബസുമായി പ്രത്യക്ഷപ്പെടുന്നതും, അതിൽനിന്ന് ഏറിയാൽ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ മാറ്റം മാത്രമേ വരുത്താവുള്ളൂ എന്നും നിർദേശിക്കുന്നത്.
ആദിമ ഇന്ത്യ ചരിത്രത്തിൽനിന്ന് ആർ.എസ്. ശർമയെയും മധ്യകാല ചരിത്രത്തിൽനിന്ന് ഇർഫാൻ ഹബീബിനെയും മനപ്പൂർവം ഒഴിവാക്കിയിട്ടുണ്ട്. ഡി.എൻ. ഝാ, റോമില ഥാപ്പർ എന്നിവരുടെ കൃതികളെ വായനപട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിലബസിൽ ആദ്യാവസാനം പ്രത്യക്ഷപ്പെടുന്ന ചരിത്രകാരൻ ആർ.സി. മജുംദാറാണ്. തീരെ അറിയപ്പെടാത്ത സംഘ് അനുകൂല വലതുപക്ഷ മിത്തെഴുത്തുകാരുടെ രചനകൾ കാര്യമായി സഹായക ഗ്രന്ഥപട്ടികയിൽ കയറിപ്പറ്റിയിട്ടുണ്ട്. സിലബസിലെ ഒന്നാം പേപ്പറിെൻറ പേര് ഭാരതം എന്ന ആശയമെന്നാണ് (Idea of Bharat). അതിലെ ഒന്നാം യൂനിറ്റിൽ തന്നെ ഭാരതവർഷ എന്ന ആശയം, ഭാരതത്തിെൻറ ശാശ്വത, മത ഗ്രന്ഥങ്ങളുടെ മഹത്ത്വം എന്നിവയാണ് പ്രതിപാദിക്കുന്നത്. ഇന്ത്യ എന്നതിന് പകരം മിത്തിക്കൽ പരിവേഷം നൽകി ഭാരതം എന്ന സംജ്ഞയാണിവിടെ പ്രയോഗിച്ചിരിക്കുന്നത്.
ആദിമ ഇന്ത്യ ചരിത്രം കൈകാര്യംചെയ്യുന്ന മൂന്നാം പേപ്പർ ഹാരപ്പൻ സംസ്കാരത്തിന് സരസ്വതി സംസ്കാരമെന്ന പേര് ചാർത്തി നൽകുന്നതിനോട് ഒപ്പം അറ്റകൈക്ക് സരസ്വതി സംസ്കാരവും വേദകാലവും തമ്മിലുള്ള ബന്ധവും കണ്ടെത്താൻ ശ്രമിക്കുകയാണ്. ഹാരപ്പൻ സാംസ്കാരിക ജനത തന്നെയാണ് വേദകാലജനതയെന്നും, അവർ പുറത്തുനിന്ന് വന്നവരല്ല, മറിച്ച്, തദ്ദേശവാസികളാണെന്നുമുള്ള ദീർഘകാല വലതുചരിത്ര ബോധ്യം പഠപുസ്തകത്തിലൂടെ അടിച്ചേൽപിക്കാനാണ് നീക്കം. 'ആര്യൻ വരവെന്ന മിത്ത്' എന്ന് സിലബസിൽ തന്നെ പ്രയോഗിക്കുമ്പോൾ പിന്നീടുള്ള ചർച്ചകളെ മുഴുവനും അവിടെ തന്നെ റദ്ദ് ചെയ്യുകയാണ്. ഡൽഹി സുൽത്താൻ, മുഗൾ ഭരണകാലത്തിന് മുമ്പുള്ള ഇന്ത്യ ചരിത്രത്തെ പൂർണമായും രാജവംശങ്ങളുടെ മാറ്റം മാത്രമുണ്ടാകുന്ന രാഷ്ട്രീയ കണ്ണാടിയിലൂടെയാണ് കാണുന്നത്. ഉപഭൂഖണ്ഡത്തിലെ ഉൽപാദന, വിതരണ പ്രക്രിയയിലും സാമൂഹിക രൂപവത്കരണത്തിലും നിർണായക മാറ്റം വരുന്ന ഈ കാലഘട്ടത്തിൽ അവയെപ്പറ്റി ഒരു സൂചനയും പഠനപദ്ധതിയിലില്ല. ഡൽഹി സുൽത്താൻ - മുഗൾ കാലഘട്ടത്തെ സംബന്ധിച്ച ഏഴാം പേപ്പറിൽ സമൂഹത്തെ ഹിന്ദുവെന്നും, മുസ്ലിമെന്നും രണ്ടായി തിരിച്ചുള്ള വിശകലനമാണ് നടത്തുന്നത്. ഒരേ സാമൂഹിക, സാമ്പത്തിക പരിവർത്തനത്തിനും രാഷ്ട്രീയ മേൽക്കോയ്മക്കും വിധേയരായ മനുഷ്യരെയും കാലത്തെയും മത ബൈനറി വെച്ചുകൊണ്ടുള്ള വിഭജനത്തിെൻറ വിശ(ഷ)കലനമാണ് നടത്തിയിരിക്കുന്നത്. രാഷ്ട്രത്തിെൻറ ചരിത്രം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാനായി മധ്യകാലത്തെ പറ്റിയുള്ള പഠനത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സിലബസിെൻറ ആമുഖത്തിൽ തന്നെ പറഞ്ഞിരിക്കുന്നത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണിത് ചെയ്തതെന്ന സംശയത്തെ ഉറപ്പിക്കുന്നു.
ദേശീയ പ്രസ്ഥാനത്തിെൻറ ചരിത്രത്തിലേക്ക് വന്നാൽ ഗാന്ധി, നെഹ്റു, അംബേദ്കർ, പട്ടേൽ എന്നിവരെക്കുറിച്ച സൂചനകളൊന്നും തന്നെയില്ല. വർഗീയത, ഗാന്ധിവധം, ദലിത് രാഷ്ട്രീയം എന്നിവയെപ്പറ്റിയൊക്കെ സിലബസ് നിശ്ശബ്ദമാണ്. സ്വാതന്ത്ര്യാനന്തര രാഷ്ട്ര രൂപവത്കരണത്തിൽ നെഹ്റുവും പഞ്ചവത്സര പദ്ധതിയും അത്ര നിഷ്കളങ്കമല്ലാതെ അപ്രത്യക്ഷമായിട്ടുണ്ട്. സിലബസിൽ ഇന്ത്യാ ചരിത്രത്തോടൊപ്പം ലോകചരിത്രവും ഒപ്പം പരിഗണിക്കുന്നുണ്ടെങ്കിലും കടുത്ത യൂറോ കേന്ദ്രീകൃതവാദമാണ് കാണാനാവുക. അതുകൊണ്ട് തന്നെ മധ്യേഷ്യ, ആഫ്രിക്ക എന്നീ പ്രദേശങ്ങൾ ചരിത്രപഠനത്തിന് പുറത്തായി. താൽപര്യത്തിന് വേണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന ഭാഗത്തു മാത്രമാണ് ആഫ്രിക്കയുടെ സാന്നിധ്യം. കൊളോണിയൽ കാലത്തിെൻറ ഉൽപന്നവും പിൽക്കാലത്ത് ദേശീയ ചരിത്രകാരന്മാർ പിൻപറ്റിയതുമായ പരമ്പരാഗത പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന കാലഗണന തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.
ഈ പാഠ്യപദ്ധതിയുടെ ഒരു ഘട്ടത്തിലും ചരിത്ര പഠനത്തിലെ നവീനമായ ഒരു തരംഗത്തെപ്പോലും ഉൾക്കൊള്ളാനായിട്ടില്ല. ജൻഡർ, പരിസ്ഥിതി മുതലായ പുതുപഠനങ്ങൾ നടക്കുന്ന മേഖലകൾ ഒന്നുമേ സിലബസിലില്ല. സൈദ്ധാന്തിക സമീപനം ഒട്ടുമേ ഇല്ലാത്ത പോസിറ്റിവിസ്റ്റ് രാഷ്ട്രീയ ചരിത്ര പഠനമാണിത്. ചരിത്ര രചനയുടെ ചരിത്രം വിശകലനം ചെയ്യുന്ന ഹിസ്റ്റോറിയോഗ്രഫി പേപ്പറുകളോ ഗവേഷണത്തെ പരിചയപ്പെടുത്തുന്ന ഭാഗങ്ങളോ ഒന്നുമേതന്നെയില്ല. അതേ സമയം ഹെറിറ്റേജ് എന്ന പേരിൽ മതാത്മക പാരമ്പര്യത്തെ ഒരു പേപ്പറായി അവതരിപ്പിക്കുന്നുമുണ്ട്. സിലബസിൽ കോർ ഭാഗത്തിൽ വന്നിരിക്കുന്ന സാമ്പ്രദായിക ചരിത്രപഠനത്തിന് വെളിയിലുള്ള ഒരേയൊരു പേപ്പർ ഇന്ത്യയിലെ കമ്യൂണിക്കേഷൻ ചരിത്രമാണ്. പക്ഷേ, വിവരസാങ്കേതിക വിദ്യയിലെ പ്രത്യയശാസ്ത്രത്തെപ്പറ്റിയോ അതിെൻറ രാഷ്ട്രീയത്തെപ്പറ്റിയോ ഒരു സൂചനയും നൽകാൻ പ്രസ്തുത പേപ്പറിനാവുന്നില്ല. അതേ സമയം ഈ സിലബസിെൻറ മുഴുവൻ രൂപപ്പെടൽ പദ്ധതിയോടും പ്രത്യയശാസ്ത്ര സമീപനത്തോടും ഈ പേപ്പർ ചേർന്ന് നിൽക്കുന്നു. പാശ്ചാത്യ വിവര സാങ്കേതിക വിദഗ്ധരുടെ അഭിപ്രായത്തിൽ മനുഷ്യർ ഈ നൂറ്റാണ്ടിൽ വിവരം (അറിവ്) ഉൽപാദിപ്പിക്കുന്നവരെക്കാൾ അത് സ്വീകരിക്കുന്നവരാണ്. ഹോമോ കമ്യൂണിക്കൻസ് എന്ന പുതിയ നാമംപോലും മനുഷ്യർക്ക് ഇവർ നൽകുന്നുണ്ട്. അതായത് നിങ്ങൾക്ക് വേണ്ടത് ഞങ്ങൾ തരുമെന്നത് ഒരു പ്രഖ്യാപനംപോലെ പറയാതെ പറയുന്നു, ചെയ്യുന്നു. സോഷ്യൽ മീഡിയ വിവര സ്ഫോടനത്തിെൻറ കുന്നുകൂടലിൽ സ്തംഭിച്ചുനിൽക്കുന്ന അതേ മനുഷ്യരെതന്നെയാണ് ഈ സിലബസിലൂടെയും വലതുപക്ഷം കാണുന്നത്.
ഇടപെടൽ ഉന്നതവിദ്യാഭ്യാസമേഖലയിൽ മാത്രമാക്കി ഒതുക്കുന്നുമില്ല കേന്ദ്ര ഭരണകൂടം. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലും സംസ്ഥാനങ്ങളുടെ പ്രാദേശിക പാഠ്യപദ്ധതിയെ അവഗണിച്ച് മുകളിൽനിന്ന് ഒരു പൊതു പാഠ്യപദ്ധതി അടിച്ചേൽപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ശ്യാമപ്രസാദ് മുഖർജി സ്മൃതി ന്യാസ് ട്രസ്റ്റിെൻറ പബ്ലിക് പോളിസി റിസർച്ച് സെൻറർ കേരളത്തിലെ ചരിത്ര പാഠപുസ്തകങ്ങളെ ഗുജറാത്തുമായി താരതമ്യം ചെയ്ത് റിപ്പോർട്ട് തയാറാക്കുകയുണ്ടായി. വേദകാലഘട്ടത്തെക്കുറിച്ചും രജപുത്ര സ്ത്രീകളെക്കുറിച്ചും കേരളത്തിലെ പാഠപുസ്തകങ്ങളിലില്ലെന്ന അസംബന്ധ നിരീക്ഷണം റിപ്പോർട്ടിലുണ്ട്. കേരളത്തിലെ നവോത്ഥാന പരിഷ്കരണത്തിനും മുന്നേറ്റത്തിനും നിർണായക പങ്കുവഹിച്ച സാമൂഹികപരിഷ്കർത്താക്കളെയും അവരുടെ പ്രവർത്തനങ്ങളെയും പറ്റി പറയുന്ന ഇടങ്ങളെക്കുറിച്ച് റിപ്പോർട്ട് അസ്വസ്ഥത പ്രകടിപ്പിക്കുകയുണ്ടായി.
സിലബസ് നിർമിച്ച് രംഗത്ത് വന്ന വലതുപക്ഷം അതുകൊണ്ടുമാത്രം തൃപ്തരായിട്ടില്ല. വിദ്യാഭ്യാസത്തെ സംബന്ധിച്ച പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി സ്കൂൾ പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും രൂപകൽപനയും സംബന്ധിച്ച് കൂടുതൽ മാറ്റം വരുത്തലുകൾക്ക് തയാറെടുക്കുകയാണ്. പാഠപുസ്തകങ്ങളിൽ ദേശീയ നായകരെ പറ്റിയുള്ള 'ചരിത്ര വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമർശങ്ങൾ' നീക്കം ചെയ്യുക, ഇന്ത്യാ ചരിത്രത്തിലെ എല്ലാ കാലഘട്ടങ്ങൾക്കും 'തുല്യമായ പ്രാതിനിധ്യം' ഉറപ്പാക്കുക, 'ചരിത്രത്തിലെ' പ്രശസ്തരായ ഗാർഗി, മൈത്രേയി, ഝാൻസി റാണി, ചാന്ദ് ബീബി, സൽക്കാരി ബായി എന്നീ സ്ത്രീകളുടെ പങ്കു ഉയർത്തി കാണിക്കുക എന്നിവയാണ് പ്രധാന ശ്രദ്ധയൂന്നുന്ന മേഖലകളായി പറഞ്ഞിരിക്കുന്നത്. കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെ ചരിത്ര പാഠപുസ്തകങ്ങൾ ഈ മാനദണ്ഡങ്ങൾ അനുസരിച്ചല്ല എന്നും, അവയൊക്കെയും മാറ്റിയെഴുതണം എന്നും നിർദേശം ഉയർന്നിട്ടുണ്ട്.
സാമൂഹിക ശാസ്ത്ര മാനവിക വിഷയങ്ങളുടെ വികാസ ചരിത്രം പരിശോധിച്ചാൽ ചരിത്രമെന്ന വിഷയത്തെ അധികാരികൾ എന്തുകൊണ്ടു ഭയപ്പെടുന്നു എന്നത് മനസ്സിലാക്കാം. 19ാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ സർവകലാശാലകളിലേക്ക് ശാസ്ത്ര വിഷയങ്ങളുടെ കൂടെ സ്വന്തം ശക്തിയാൽ കടന്നുവന്ന വിഷയമാണ് ചരിത്രം. അധികാരഭരണ സംവിധാനങ്ങൾ ചരിത്രത്തെ അന്നും ഭയത്തോടെയാണ് കണ്ടിരുന്നത്. ദേശ രാഷ്ട്രങ്ങളുടെ പുരോഗതി അക്കങ്ങളിൽ നിരത്തിയ സാമ്പത്തിക ശാസ്ത്രവും, അതിന് സഹായകരമായി നിന്ന സ്റ്റാറ്റിസ്റ്റിക്സുമൊക്കെ സ്റ്റേറ്റ് സയൻസുകളായിട്ടാണ് അന്ന് കണ്ടിരുന്നത്. ഭരണകൂടങ്ങളുടെ മുന്നേറ്റങ്ങൾ അക്കമിട്ട് നിരത്തിയ വിഷയങ്ങളെപ്പോലെയായിരുന്നില്ല ചരിത്രം. മഹാന്മാരുടെയും നേതാക്കളുടെയും ചരിത്രത്തിന് പ്രസക്തിയുണ്ടായിരുന്ന കാലത്തും, ചരിത്രകാരന്മാർ രാഷ്ട്രീയ സാമ്പത്തിക ചരിത്രത്തെ പ്രശ്നവത്കരിച്ച് അധികാര സ്വരൂപങ്ങളുടെ അനീതിയും ചൂഷണ രാഷ്ട്രീയവും തുറന്നു കാണിച്ചിട്ടുണ്ട്. ഫാഷിസ്റ്റ് ഭരണസംവിധാനങ്ങൾ അതുകൊണ്ടു തന്നെ ചരിത്ര രചനയെയും ചരിത്രകാരന്മാരെയും എല്ലാ കാലത്തും വരുതിയിൽ നിർത്താൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇന്നു കാണുന്ന ചരിത്രവിദ്വേഷത്തിനു കാരണവും ഇതേ സ്വേച്ഛാധിപത്യ രാഷ്ട്രീയ മനോഭാവത്തിെൻറ പ്രതിഫലനമാണ്.
ഭരണകൂടത്തിെൻറ ആശയപരമായ അന്ധതയും ചരിത്രമെന്ന വിഷയത്തെക്കുറിച്ചുള്ള അപക്വമായ നിരക്ഷരതയുമാണ് യു.ജി.സി മുന്നോട്ടുെവച്ചിരിക്കുന്ന ഏകീകൃത ചരിത്ര സിലബസിൽ സ്ഫുരിക്കുന്നത്. തെളിവു സാമഗ്രികളുടെ വിമർശപഠനങ്ങളിലൂടെ വർഷങ്ങൾ ഗവേഷണം ചെയ്ത് കണ്ടെത്തിയ ചരിത്ര വസ്തുതകളെ ഒരു സിലബസിലൂടെ എന്നേക്കുമായി മായിച്ചുകളയാനുള്ള ശ്രമം ചരിത്ര പഠനങ്ങളുടെ ശക്തിയെയും അതിനു വഴിതെളിച്ച ചരിത്രകാരന്മാരെയും ഭരണകൂടം ഭയക്കുന്നതു കൊണ്ടുതന്നെ. പുരാതന ഇന്ത്യയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടത്തിയ റോമില ഥാപ്പറും മധ്യകാല ഇന്ത്യയെ ശാസ്ത്രീയപരമായി അവതരിപ്പിച്ച ഇർഫാൻ ഹബീബും ആധുനിക ഇന്ത്യാ ചരിത്രത്തെ സാമ്പത്തിക / വൈജ്ഞാനിക ചരിത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ച ബിപൻ ചന്ദ്രയും ചരിത്രരചന മാത്രം നടത്തിയവരല്ല. ഇന്ത്യാ ചരിത്രത്തെ വീണ്ടെടുത്ത ഇന്ത്യാക്കാരാണ്. കൊളോണിയൽ ചരിത്ര രചനയുടെ ഹിന്ദു - മുസ്ലിം - ബ്രിട്ടീഷ് ചട്ടക്കൂടിെൻറ ദുഷിപ്പിനെ ഇല്ലാതാക്കിയവർ. ഇവരുടെ പഠനങ്ങളെ അവഗണിക്കുക വഴി കൊളോണിയൽ ഭരണകൂട ചരിത്രവഴിയിലേക്ക് തിരിയുകയും, അതിലും അപകടകരമായ മത-ജാതി രാഷ്ട്രീയ വെറിയുടെ പ്രചാരണ പ്രക്രിയയെ ചരിത്രമെന്ന് വിളിക്കുന്ന ലജ്ജാകരമായ അവസ്ഥയെ പ്രതിഷ്ഠിക്കുകയും ചെയ്യുകയാണ് ഭരണകൂട രാഷ്ട്രീയം.
ചരിത്രത്തെയും ചരിത്രകാരന്മാരെയും ഭയക്കുന്ന ഭരണകൂടം ചരിത്രപഠനത്തെ കൂച്ചുവിലങ്ങിടാൻ തുടങ്ങിയതിെൻറ പരിസമാപ്തിയാണ് യു.ജി.സി ഏകീകൃത സിലബസ്. ചരിത്രമെന്നത് ഏതോ വർഗത്തിെൻറ മഹനീയ കാലഘട്ടത്തിെൻറ പുനരാവിഷ്കാരമാണെന്ന പഴയ സാമ്രാജ്യ ധാരണ തന്നെയാണ് ഇതിൽനിന്നു വെളിവാക്കുന്നത്. ചരിത്ര പഠനങ്ങളിൽ വന്നിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളും സമീപന രീതികളും അറിയാതെ, വിഷ ചരിത്രങ്ങളെ (toxic history) സൃഷ്ടിക്കുന്ന ചരിത്ര സിലബസ് വെറും പ്രചാരണ തന്ത്രം മാത്രമാണ്. ഒരു വശത്ത് അത് വർഗീയതയെയും സങ്കുചിത രാഷ്ട്രീയത്തെയും പ്രോത്സാഹിപ്പിക്കുമ്പോൾ മറുഭാഗത്ത് ചരിത്രപഠനമെന്ന ജ്ഞാനശാഖയെതന്നെ കശാപ്പ് ചെയ്യുന്ന ഇരുതല വാളാണ്. പുതുചരിത്ര ഗവേഷണ രീതികൾ പുതിയ ചരിത്രങ്ങളെ സൃഷ്ടിക്കുന്ന കാലത്ത് ചരിത്ര രചനയെ സംബന്ധിച്ച കോഴ്സിൽ നൂതന വിഷയങ്ങളുടെയോ രീതിശാസ്ത്രങ്ങളുടെയോ കണികപോലും കണ്ടുപിടിക്കാനില്ല. സിലബസ് നിർമാതാക്കളുടെ ബൗദ്ധിക പാപ്പരത്തം ഒരു തലമുറ വിദ്യാർഥികളുടെ മുഴുവൻ ചിന്താശേഷിയെ നശിപ്പിക്കുന്ന അവസ്ഥയാണിത് സൃഷ്ടിക്കുന്നത്. കാലാവസ്ഥയുടെയും മഹാമാരികളുടെയും ആരോഗ്യത്തിെൻറയും മനോഭാവമാറ്റങ്ങളുടെയും മറ്റും പുത്തൻ ചരിത്രങ്ങൾ ധാരാളം രചിക്കപ്പെടുന്ന കാലത്ത് കൊളോണിയൽ കാലഘട്ടത്തിലെ ചരിത്രപഠനങ്ങളിലേക്കും ഇന്ത്യയുടെ ഒരുകാലത്തുമില്ലാതിരുന്ന ഏതോ പഴയ സുവർണകാല ചരിത്രത്തിലേക്കുമുള്ള തിരിച്ചുപോക്ക് ചരിത്രത്തെ ഭയക്കുന്നതുകൊണ്ടു മാത്രമാണ്.
റഫറൻസ്
● Aditya Mukherjee, Mridula Mukherjee, Sucheta Mahajan. RSS, School Texts and the Murder of Mahatma Gandhi. New Delhi: Sage India, 2008
● Open the Social Science, Report of the Gulbenkian Commission on the Restructuring of Social Sciences. California: Stanford University Press, 1999
● Majid Hayat Siddiqi. History - Writing in India in History Workshop, Oxford University Press, 1989, No. 10 (Autumn, 1980)
● Bhupendra Yadav. History of the Undoing of History in Economic and Political Weekly, Vol. 37, No. 3, January 19 - 25, 2002
● Aligarh Historians Group. The RSS Coup in ICHR: Its First Fruits in Social Scientist, Vol. 7, No. 11, January, 1979
● Nandini Sundar. Teaching to Hate: RSS' Pedagogical Programme in Economic and Political Weekly, Vol. 39, No. 16, April 2004
● Learning Outcomes based Curriculum Framework for BA History Undergraduate Programme 2021, University Grants Commission, New Delhi
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.