കാലാവസ്ഥ വ്യതിയാനവും മത്സ്യങ്ങളുടെ ലഭ്യതക്കുറവും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഗുരുതരമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു. അശാസ്ത്രീയ മത്സ്യബന്ധന രീതികളും അവക്ക് കാരണമാണെന്ന് അധികാരികളും ഏജൻസികളും ചൂണ്ടിക്കാട്ടുന്നു. കടലിലെ നിർമാണ പ്രവൃത്തികൾ, കടലിൽ നടത്തുന്ന ഡ്രെഡ്ജിങ് എന്നിവമൂലം കടൽ കലങ്ങി മറിയുന്നതിനാൽ മത്സ്യക്കൂട്ടങ്ങൾ കൂട്ടത്തോടെ തീരം വിടുന്നതായി മത്സ്യത്തൊഴിലാളികളും പറയുന്നു. എന്നാൽ, അവരുടെ ഈ തനതു അനുഭവങ്ങൾക്ക് സർക്കാർ രേഖകളിൽ ഇടമില്ല. അതിനാൽ, ആത്യന്തികമായി മത്സ്യത്തൊഴിലാളികൾതന്നെയാണ് ഈ മത്സ്യലഭ്യത കുറവിന് കാരണക്കാർ എന്നാണ് അധികാരികൾ പറഞ്ഞുവെക്കുന്നത്.
മത്തിയുടെ ലഭ്യതക്കുറവ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 1995 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ നെയ് മത്തി (oil sardine) ലഭ്യത 2021ൽ ഏറ്റവും കുറവ് രേഖപ്പെടുത്തി. 3297 ടൺ നെയ് മത്തി മാത്രമാണ് ലഭിച്ചത്.
ലാൻഡിങ് സെന്ററുകളിലെ മത്തിയുടെ വാർഷിക മൂല്യം, 2014ൽ ഉണ്ടായിരുന്ന 608 കോടി രൂപയിൽനിന്ന് ഇടിഞ്ഞ് 30 കോടിയിലെത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് 75 ശതമാനം കുറവാണിത്. ഇത് മേഖലക്ക് 578 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് കണക്കുകൾ തയാറാക്കുന്നതിന് നേതൃത്വം നൽകിയ സി.എം.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എൻ. അശ്വതി പറഞ്ഞു. ഔട്ട്ബോർഡ് റിങ് സീനുകളിൽ കടലിൽ പോകുന്ന ചെറുകിട മത്സ്യത്തൊഴിലാളികൾ പ്രധാനമായും ഈ മത്സ്യത്തെ ഉപജീവനത്തിനായി ആശ്രയിച്ചിരുന്നതിനാലാണ് മത്തി ഇത്രയധികം കുറയാൻ ഇടയാക്കിയതെന്നും അവർ പറയുന്നു.
എന്നാൽ, വരൾച്ചയും കൊടുങ്കാറ്റുകളും പ്രളയവും കടലിലെ ചൂടിന്റെ ഉയർച്ചയും എല്ലാം മത്തിയുടെ ലഭ്യതക്കുറവിനു കാരണമായെന്നാണ് കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ പ്രസിഡന്റ് ചാൾസ് ജോർജ് പറയുന്നത്. 2013നു ശേഷം തീരക്കടലിൽ ചൂടുകൂടി. 2014ൽ അധിക മഴ ലഭിച്ചു. ഇതുമൂലം കടലിലേക്ക് കൂടുതൽ ജലം ഒഴുകിയെത്തിയപ്പോൾ തീരക്കടലിലെ ഉപ്പിന്റെ അംശം താഴ്ന്നു. ഓക്സിജന്റെ അളവിലും കുറവുണ്ടായി. ഇങ്ങനെയാണ് മത്തി തീരം വിട്ടത്. 2015ല് എല് നിനോ1 പ്രതിഭാസം മൂലം കേരളതീരത്ത് പതിവായി ഉണ്ടാവാറുള്ള അപ് വെല്ലിങ്2 ക്രമം തെറ്റി, ഇത് മത്തിയുടെ വരവിന് തിരിച്ചടിയായി. കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി ഫിഷിന്റെ എണ്ണം ക്രമാതീതമായി കൂടിയതും ചാളയെ ഭക്ഷിക്കുന്ന സംരക്ഷിത ഇനത്തിൽപെട്ട കടൽപന്നികള് കൂട്ടത്തോടെ തീരക്കടലിൽ എത്തിയതും മത്സ്യസമ്പത്തിനെ ക്രമാതീതമായി പ്രതികൂലാവസ്ഥയിലാക്കി.
മത്തി, മണങ്ങ്, മുള്ളൻ, ആവോലി എന്നിവ കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൾ, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നാണ് സി.എം.എഫ് .ആർ.ഐ ആസ്ഥാനത്ത് നടന്ന ശിൽപശാലയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.എം. നജുമുദ്ദീൻ പറഞ്ഞത്. മത്തിക്കുഞ്ഞുങ്ങൾ കുറയാനുള്ള കാരണം പലതുണ്ടെന്ന് അദ്ദേഹം പറയുന്നു.
കാലാവസ്ഥാ വ്യതിയാനം ഇതിനൊരു കാരണമാണ്. നെയ് മത്തി എന്നയിനത്തിന്റെ ലഭ്യത ഇതിനുമുമ്പ് കുറയുകയും കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. കുഞ്ഞൻ മീനുകളെ പിടിക്കുന്നത് കൂടുതലും വലിയ യന്ത്രവത്കൃത ബോട്ടുകളാണ്. അവർ പിടികൂടുന്നത് കൂടുതലും കിളിമീൻ, അരണമീൻ എന്നിവയൊക്കെയാണ്. വലിയ മോട്ടോർ വള്ളങ്ങളാണ് ഉപരിതല മത്സ്യങ്ങളായ മത്തിപോലുള്ളവയുടെ കുഞ്ഞുങ്ങളെ പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2021ലെ കണക്കുകൾ
2020നെ അപേക്ഷിച്ച് 2021ൽ 54 ശതമാനം വർധനയാണ് ഉണ്ടായത്. കേരളത്തിൽ ആകെ 5.55 ലക്ഷം ടൺ മത്സ്യലഭ്യത ഉണ്ടായി. എന്നാൽ, 2020 ലോകമെങ്ങും കോവിഡ് മഹാമാരിയുടെ പിടിയിലമർന്നതിനാൽ മത്സ്യബന്ധനത്തിലും കുറവ് ഉണ്ടാക്കാൻ ഇടയാക്കി. അതിനാൽ 2020, 2021 കണക്കുകൾ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. 2021 മേയ്, ജൂൺ മാസങ്ങളിലും ഒരുപാട് മത്സ്യബന്ധന തൊഴിൽ ദിനങ്ങൾ നഷ്ടമായി. കടലിൽ ജോലിചെയ്യുന്ന ദിവസങ്ങളുടെ എണ്ണം 237ൽനിന്ന് 140 ആയി കുറഞ്ഞു. ചുഴലിക്കാറ്റുകളും കനത്ത മഴയും മഹാമാരിയുംമൂലം തൊഴിൽദിനമാണ് നഷ്ടമായതെന്ന് സി.എം.എഫ്.ആർ.ഐ കണക്കുകളിൽ പറയുന്നു.
2020ൽ കേരളത്തിൽ 7714 കോടി രൂപയുടെ മത്സ്യം പിടിച്ചപ്പോൾ 2021ൽ ഇത് 11,639 കോടി രൂപയുടേതാണ്. ലാൻഡിങ് സെന്ററുകളിൽ എത്തിയ മത്സ്യത്തിന്റെ മൂല്യമാണിത്. എന്നാൽ, ചെറുകിട മത്സ്യവിപണിയിലെ കണക്കുകൾ നോക്കുമ്പോൾ 2020ൽ 10,215 കോടി രൂപയും 2021ൽ 14,304 കോടി രൂപയുമാണ് കേരളം കൊയ്തത്. ഇന്ത്യ ഒട്ടാകെയുള്ള കണക്കുപ്രകാരം, ഫിഷ് ലാൻഡിങ് സെന്റർ തലത്തിൽ 2020 ൽ 46,962 കോടി രൂപയും 2021ൽ 53,648 കോടി രൂപയും മൂല്യമുള്ള മത്സ്യസമ്പത്തെത്തി. റീട്ടെയ്ൽ തലത്തിൽ ഇത് 2020 ൽ 67,194 കോടിയും 2021ൽ 76,640 കോടിയും നേട്ടമുണ്ടാക്കി. ഇന്ത്യയിലെ മൊത്തം കണക്കിൽ ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടത്തുന്ന തീരദേശ സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം കേരളത്തിനാണ് (5.51 ലക്ഷം ടൺ). ഒന്നാം സ്ഥാനത്തു ഗുജറാത്തും (5.76 ലക്ഷം ടൺ) രണ്ടാം സ്ഥാനത്ത് തമിഴ്നാടുമാണ് (5.62 ലക്ഷം ടൺ).
2021ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച വിഭവങ്ങളുടെ പട്ടികയിൽ ചാള എന്ന് വിളിക്കപ്പെടുന്ന ലെസ്സർ മത്തി (65,326 ടൺ), ഇന്ത്യൻ അയല (56,029 ടൺ), സ്കാഡ് (53,525 ടൺ) എന്നിവയാണുള്ളത്. ഇവയെല്ലാം ധാരാളമായിതന്നെ ലഭിക്കുന്നുണ്ട്.
കിളിമീൻപോലുള്ള മത്സ്യങ്ങളെ പിടിക്കുമ്പോൾ അവയുടെ കുഞ്ഞുങ്ങളെകൂടി കോരിക്കൊണ്ടുവരുന്ന പ്രവണതയുണ്ട്. ട്രോളിങ് നിരോധനകാലങ്ങളിലും ഇത്തരത്തിൽ കൂട്ടത്തോടെ വാരുന്ന പ്രവണത ദൃശ്യമാണെന്നു പരിശോധനകളിൽ വ്യക്തമായി. മറൈന് എൻഫോഴ്സ്മെന്റ് വിഭാഗം സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് എട്ട് വള്ളങ്ങളാണ് സമീപകാലത്ത് പിടികൂടിയത്. ട്രോളിങ് നിരോധനം വന്നശേഷം മാർക്കറ്റിലേക്ക് കുഞ്ഞൻ അയലകളും മത്തികളും ധാരാളമായി എത്തുന്നുണ്ട്. വിഴിഞ്ഞത്തുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ, ഇത്തരത്തിൽ കുഞ്ഞൻ മത്സ്യങ്ങളെ പിടികൂടുന്ന ബോട്ടുകളെ തടയുകയും അധികാരികൾക്ക് കൈമാറുകയും ചെയ്തിരുന്നു. മത്സ്യങ്ങളുടെ പ്രജനനകാലമായതിനാലാണ് ജുവനൈൽ (കുഞ്ഞുങ്ങൾ) മത്സ്യങ്ങളെ പിടികൂടരുതെന്നു മത്സ്യത്തൊഴിലാളികൾതന്നെ ആവശ്യപ്പെടുന്നത്. കേരളത്തിലെ നിയമം അനുസരിച്ച് ഓരോ മത്സ്യത്തിനും നിശ്ചിത അളവ് വലുപ്പം ഉണ്ടായിരിക്കണം. അതു ലംഘിക്കുന്ന തരത്തിൽ മത്സ്യബന്ധനം നടത്തിയാൽ അടുത്ത തലമുറ മത്സ്യക്കൂട്ടങ്ങൾ ഉണ്ടാകില്ല. ഇത്തരത്തിൽ കഴിഞ്ഞ വർഷം ഈ ഗണത്തിൽ മാത്രം 74 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
2022 ജൂൺ 30ന് ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാൻ നിയമസഭയെ അറിയിച്ചത് ചെറുമത്സ്യങ്ങളെ പിടിച്ച വളം/മത്സ്യത്തീറ്റ നിർമാണ കമ്പനികൾക്ക് കൈമാറുന്ന പ്രവണത ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ്. അത് തടയാനായി കേരളതീരത്തു സുലഭമായ 58 ഇനം മത്സ്യങ്ങളുടെ പിടിച്ചെടുക്കാവുന്ന കുറഞ്ഞ വലുപ്പം നിശ്ചയിച്ച് കേരള സർക്കാർ നേരത്തേതന്നെ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. 2021 -22 വർഷത്തിൽ കടൽ മത്സ്യലഭ്യത 6.02 മെട്രിക് ടൺ ആയി വർധിച്ചെന്നും മത്സ്യവിഭവ പരിപാലനത്തിന് മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കിയ സമിതികൾ പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം പറയുന്നു.
സി.എം.എഫ്.ആർ.ഐയുടെ കണക്കനുസരിച്ച് 2021ലെ മത്സ്യബന്ധനത്തിന്റെ 74.4 ശതമാനം മെക്കനൈസ്ഡ് ബോട്ടുകൾ വഴി പിടികൂടിയതാണ്. മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ വഴി 25.2 ശതമാനം പിടികൂടി. 0.4 ശതമാനം മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങൾ വഴി പിടികൂടിയതാണ് (Major Landings എന്ന ഗ്രാഫ് കാണുക).
സൂചിക
1. കാലാവസ്ഥാ പഠനത്തിൽ ഉഷ്ണമേഖലാപ്രദേശത്തെ ചുഴലിക്കാറ്റിന്റെ ഗതിനിയന്ത്രിക്കുന്ന കാറ്റായ വാണിജ്യവാതങ്ങൾ വീശുമ്പോൾ ഉപരിതലത്തിൽ ചൂടുള്ള വെള്ളം നീങ്ങുന്നു. അതേസമയം നീങ്ങിപ്പോകുന്ന ഈ ചൂടുള്ള ജലത്തിന് പകരമായി കടലടിത്തട്ടിൽനിന്നും തണുത്ത ജലം കയറിവരുന്നു. ഇതാണ് അപ് വെല്ലിങ്. ഇതാണ് സാധാരണ അവസ്ഥ.
2. എല് നിനോയും ലാനിനയും ഈ സാധാരണ അവസ്ഥകളെ തകർക്കുന്ന വിരുദ്ധ കാലാവസ്ഥ പാറ്റേണുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.