സാമ്പത്തിക പ്രതിസന്ധിയുടെയും മറ്റും പേരുപറഞ്ഞ് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നിർബന്ധമായും മാറ്റിവെക്കേണ്ട വിഹിതത്തിൽനിന്ന് 560 കോടി രൂപ സംസ്ഥാന സർക്കാർ വെട്ടിമാറ്റിയിരിക്കുകയാണ്. എന്താണ് ഇതിന്റെ പരിണതി? എന്തുകൊണ്ട് ഇൗ വെട്ടിമാറ്റൽ? ഇത് എത്രമാത്രം ആശാസ്യമാണ്?
2025 ഫെബ്രുവരി ഏഴ്. രണ്ടാം പിണറായി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരണം നടക്കുകയാണ് നിയമസഭയിൽ. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്താൽ ഉഴലുന്ന കേരളത്തിന് അതിജീവിക്കാൻ എന്ത് മാജിക്കായിരിക്കും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പെട്ടിയിൽനിന്ന് പുറത്തെടുക്കുക? അതോ, മുൻവർഷം പ്രഖ്യാപിച്ചതുപോലെ ‘പ്ലാൻ ബി’യുടെ പ്രഖ്യാപനമായിരിക്കുമോ ബജറ്റ് പ്രസംഗം? ഭരണ-പ്രതിപക്ഷ ഭേദമന്യേ കെ.എൻ. ബാലഗോപാലിന്റെ സർപ്രൈസിനായി കാത്തിരിക്കുകയാണ്. മുൻഗാമി തോമസ് ഐസക്കിനെപ്പോലെ ബജറ്റ് പ്രസംഗത്തിന് ആമുഖമായി പാത്തുമ്മയുടെ ആടും കലോത്സവ വേദിയിലെ കവിതയുമൊന്നുമില്ല; നേരിട്ട് കാര്യത്തിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം.
അതാകട്ടെ, ഏതൊരു കേരളീയനെയും സന്തോഷിപ്പിക്കുന്നൊരു വാർത്തയും. അതിങ്ങനെയായിരുന്നു: ‘‘സർ, കേരളജനതക്ക് വലിയ സന്തോഷം നൽകുന്ന ഒരു സന്തോഷവാർത്ത പറഞ്ഞുകൊണ്ട് 2025-26 വർഷെത്ത സംസ്ഥാന ബജറ്റ് പ്രസംഗം ആരംഭിക്കാം. സമീപ വർഷങ്ങളിൽ സംസ്ഥാന സർക്കാറിനെ ബാധിച്ച രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത. ധനഞെരുക്കം രൂക്ഷമായ ഘട്ടത്തിലും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് കാര്യമായ മുടക്കംവരാതെ മുന്നോട്ടുപോകാൻ കേരളത്തിന് കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ധനഞെരുക്കത്തിന്റെ തീക്ഷ്ണത ഗണ്യമായി കുറഞ്ഞുതുടങ്ങി എന്ന് മാത്രമല്ല, വരും വർഷങ്ങളിൽ ഏറെ മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് കാര്യങ്ങൾ പുരോഗമിക്കും എന്ന കാര്യവും വ്യക്തമായിരിക്കുകയാണ്.’’
കേന്ദ്രത്തിന്റെ എല്ലാ തരം ‘ഉപരോധ’ങ്ങളെയും കേരളം മറികടന്നിരിക്കുന്നുവെന്നും ധനപ്രതിസന്ധിയെ അതിജീവിച്ചിരിക്കുന്നുവെന്നുമാണല്ലോ ഈ ‘സന്തോഷ വർത്തമാന’ത്തിന്റെ അർഥം. ഓർക്കുക, രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റായിരുന്നു അത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേയുള്ള ബജറ്റും. സ്വാഭാവികമായും, ജനപ്രിയ പ്രഖ്യാപനങ്ങളും മറ്റുമായിരിക്കും ആരും പ്രതീക്ഷിക്കുക. ക്ഷേമ പെൻഷൻ വർധന, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൂടുതൽ ആനുകൂല്യങ്ങൾ, പുതിയ ശമ്പള പരിഷ്കരണ കമീഷൻ പ്രഖ്യാപനം, വയനാട് ദുരന്ത പുനരധിവാസത്തിനായി ഇതിനകം പ്രഖ്യാപിക്കപ്പെട്ടതിനു പുറമെയുള്ള ആശ്വാസ പദ്ധതികൾ, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും വികസനത്തെയും ത്വരിതപ്പെടുത്തുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനം തുടങ്ങിയ കാര്യങ്ങൾ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ട സ്ഥിതിക്ക് ഉണ്ടാവേണ്ടതായിരുന്നു.
പക്ഷേ, ബജറ്റ് പ്രസംഗം മുഴുവനായപ്പോൾ പൊതുവിൽ നിരാശയാണ് ഫലം. ഇപ്പറഞ്ഞ വിഷയങ്ങളിലൊന്നും കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല; ക്ഷേമ പെൻഷൻ കുടിശ്ശികയൊക്കെ സമയബന്ധിതമായി പൂർത്തിയാക്കുമെന്നുമുള്ള വാഗ്ദാനങ്ങളുടെ ആവർത്തനം മാത്രം. ബജറ്റ് എസ്റ്റിമേറ്റ് പരിശോധിക്കുമ്പോൾ ഇതുതന്നെ അവസ്ഥ. 2024-25ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത് 1.62 ലക്ഷം കോടി രൂപ. ഇക്കുറി 1.79 ലക്ഷം കോടി രൂപയും. സന്തോഷവാർത്തക്കനുസൃതമായുള്ള ഒരു വർധനയും ഇല്ലെന്നർഥം. ചുരുക്കത്തിൽ, സംസ്ഥാനമിപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിക്കിടക്കുന്നുവെന്ന വ്യക്തമായ സൂചനതന്നെയായിരുന്നു ആമുഖഭാഷണത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളത്രയും.
പ്ലാൻ ബി കടുംവെട്ട്
സാമ്പത്തിക പ്രതിസന്ധി നമുക്ക് മുന്നിലുള്ള യാഥാർഥ്യമാണ്. ഇക്കാര്യത്തിൽ ഒന്നാം പ്രതി കേന്ദ്രസർക്കാറാണെന്നതിൽ സംശയമേതുമില്ല. സംസ്ഥാനത്തുനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണത്തിലെ വിഹിതം ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുന്നു. പത്താം ധനകാര്യ കമീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്ന വിഹിതം പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലത്തെത്തിയപ്പോൾ 1.92 ആയി കുറഞ്ഞു. കേന്ദ്ര ധന കമീഷൻ പ്രാദേശിക സർക്കാറുകൾക്ക് അനുവദിക്കുന്ന ഗ്രാന്റും വെട്ടി; തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതവും കുറച്ചു. ജി.എസ്.ടി വന്നതോടെ, സ്വന്തം നിലയിൽ നിരക്ക് നിശ്ചയിച്ച് നികുതി പിരിക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശം ഇല്ലാതായി എന്നു മാത്രമല്ല, വരുമാനത്തിൽ സംസ്ഥാനത്തിന് കടുത്ത ഇടിവ് സംഭവിക്കുകയുംചെയ്തു. ഈ ഇടിവ് നികത്താനായി ആവിഷ്കരിക്കപ്പെട്ട ജി.എസ്.ടി നഷ്ടപരിഹാര സംവിധാനമാകട്ടെ, പൂർണമായും നിലച്ചുപോവുകയുംചെയ്തു.
കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിലാണെങ്കിൽ കേരളം എന്നൊരു വാക്കുപോലും മഷിയിട്ടു നോക്കിയാൽ കാണില്ല; സമ്പൂർണ അവഗണന. ഇതുകൊണ്ടുകൂടിയാണ് ഈ സമീപനത്തെ ‘സാമ്പത്തിക ഉപരോധം’ എന്ന് വിശേഷിപ്പിക്കേണ്ടിവരുന്നത്. ഇത് പുതിയ കാര്യമല്ല. പത്ത് വർഷമായുള്ളതാണ്. ഈ നില തുടർന്നാൽ, പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. പിന്നെയും ഉപരോധം തുടർന്നപ്പോൾ എല്ലാവരും പ്ലാൻ ബി എവിടെയെന്ന് ചോദിച്ചുകൊണ്ടിരുന്നു. പ്ലാൻ ബി എവിടെയും പ്രത്യക്ഷപ്പെട്ടില്ല. പുതിയ ബജറ്റിലെങ്കിലും അതുണ്ടാകുമെന്ന് കരുതി. അപ്പോഴാണ് സന്തോഷവാർത്തയുമായുള്ള ബജറ്റ് പ്രസംഗം.
ബജറ്റിൽ പ്ലാൻ ബി അന്വേഷിച്ച് പോയവർക്ക് നിരാശയായിരിക്കും ഫലം. പ്രഖ്യാപിക്കുംമുമ്പേ നടപ്പാക്കിത്തുടങ്ങിയതാണ് പ്ലാൻ ബിയെന്ന് സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും ബോധ്യപ്പെടും. അതിലൊന്ന് തീർത്തും പോസിറ്റിവ് ആണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ പ്രതിരോധിക്കാനും അതിജീവിക്കാനും സ്വന്തം നിലയിൽ വരുമാനം കണ്ടെത്തുക എന്നതാണത്. നികുതി, നികുതി ഇതര വരുമാനം വർധിപ്പിക്കുന്നതിൽ സർക്കാർ വലിയ അളവിൽ വിജയിച്ചിട്ടുണ്ട്.
നാല് വർഷംകൊണ്ട്, നികുതി-നികുതിയിതര വരുമാനം 54,000 കോടിയിൽനിന്ന് ലക്ഷം കോടിയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. പക്ഷേ, അപ്പോഴും കേന്ദ്രവിഹിതത്തിലുണ്ടായിരിക്കുന്ന ഇടിവിന്റെ നാലിലൊന്ന് മാത്രമാണ് ഈ രീതിയിൽ പരിഹരിക്കാനാവുക. അപ്പോഴും ഞെരുക്കം തുടരുമെന്നർഥം. അത് പരിഹരിക്കാൻ എന്ത് ചെയ്യണം? അവിടെയാണ് ‘പ്ലാൻ ബി’യുടെ രണ്ടാം ഘട്ടം. കടുംവെട്ട് ആണത്. പദ്ധതിവിഹിതത്തിൽ വൻതോതിൽ കുറവ് വരുത്തുക. ഇത്തരത്തിൽ നടത്തിയ വലിയൊരു ‘കടുംവെട്ടി’ന്റെ കഥ ഈയിടെ വെളിപ്പെടുകയുണ്ടായി.
തിരക്കഥ ഇങ്ങനെ
2024 ആഗസ്റ്റ് 17ന് ധനകാര്യ വകുപ്പ് അത്യസാധാരണമായൊരു ഉത്തരവ് പുറപ്പെടുവിക്കുന്നു. ഉത്തരവിന്റെ ആമുഖം ഇങ്ങനെ വായിക്കാം: ‘‘കേന്ദ്ര ധന കൈമാറ്റത്തിൽ വന്ന ഇടിവും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉണ്ടായിട്ടുള്ള കുറവും സംസ്ഥാനത്ത് ധനഞെരുക്കം സൃഷ്ടിച്ചിട്ടുണ്ട്.
എന്നാൽ, വിവിധ ക്ഷേമ പദ്ധതികളിലെ കുടിശ്ശിക, മറ്റു ആനുകൂല്യങ്ങൾ എന്നിവ സർക്കാറിന് സമയബന്ധിതമായി കൊടുത്തുതീർക്കേണ്ടതുണ്ട്. പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിവിഹിതത്തിൽ ആവശ്യമായ ക്രമീകരണം നടത്തേണ്ടതുണ്ട്.’’
ബജറ്റിലും മറ്റുമായി പ്രഖ്യാപിച്ച പദ്ധതികൾക്ക് ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുൻഗണനാക്രമം നിശ്ചയിക്കുകയാണെന്നേ ഈ ഉത്തരവ് വായിച്ചാൽ തോന്നൂ. മുൻഗണന നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു ഉദ്യോഗസ്ഥ കമ്മിറ്റിക്കും ധനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിതല കമ്മിറ്റിക്കും രൂപം നൽകുകയാണെന്നും ഉത്തരവിൽ പറയുന്നു. ഒരു സാമ്പത്തിക വർഷത്തെ പദ്ധതിവിഹിതത്തിൽ സവിശേഷ സാഹചര്യം മുൻനിർത്തി മുൻഗണനകൾ മാറ്റിപ്പണിയുന്നതിൽ ഒരു തെറ്റുമില്ല. അതിന് കൂടിയാലോചന നടത്തുന്നതിനായി പ്രത്യേകം കമ്മിറ്റി ചേരുന്നത് നല്ലതുമാണ്. പിന്നെ എങ്ങനെയാണ് ഇത് ഒരു ‘അസാധാരണ ഉത്തരവ്’ ആകുന്നത്? അതറിയണമെങ്കിൽ, ഇതിന്റെ തുടർച്ചയിൽ ആഗസ്റ്റ് 31ന് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് കൂടി പരിശോധിക്കണം.
മേൽസൂചിപ്പിച്ച കമ്മിറ്റി ചേരുകയും മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ടി ഉത്തരവ്. അതിലെ ഒന്നാമത്തെ മാർഗനിർദേശം ഇങ്ങനെ വായിക്കാം: 2024-25 വർഷം 10 കോടി രൂപക്ക് മുകളിൽ അടങ്കലുള്ള തുടർ േപ്രാജക്ടുകൾ, പദ്ധതികൾ ഉൾപ്പെടെ ഭരണാനുമതി നൽകിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് ചീഫ് സെക്രട്ടറി, ധനകാര്യ, ആസൂത്രണ വകുപ്പ് സെക്രട്ടറിമാർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ സമിതി പരിശോധിച്ച് പദ്ധതി മാറ്റിവെക്കുകയോ അനിവാര്യത കണക്കിലെടുത്ത് വകുപ്പിന് ഭരണാനുമതി നൽകിയ ആകെ തുകയുടെ 50 ശതമാനമായി നിജപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.
കാര്യങ്ങൾ വളരെ ലളിതമാണ്. 10 കോടിക്ക് മുകളിലുള്ള ഭരണാനുമതിയുള്ള പദ്ധതികൾ മേൽപറഞ്ഞ ഉദ്യോഗസ്ഥസംഘം പരിശോധിച്ച് അനിവാര്യമാണോ എന്ന് തീരുമാനിക്കും. അനിവാര്യമാണെന്ന് ബോധ്യപ്പെട്ടില്ലെങ്കിൽ പദ്ധതി നിർത്തിവെക്കും; ബോധ്യപ്പെട്ടാൽ പാതി കാശ് അനുവദിക്കും. പത്ത് കോടിക്ക് താഴെയുള്ള പദ്ധതിയാണെങ്കിൽ പദ്ധതിവിഹിതത്തിന്റെ 50 ശതമാനംകൊണ്ട് തൃപ്തിപ്പെടണമെന്നാണ് രണ്ടാമത്തെ മാർഗനിർദേശം. ചുരുക്കിപ്പറഞ്ഞാൽ, പദ്ധതിവിഹിതം വെട്ടാനാണ് ഈ രണ്ട് ഉത്തരവുകളും. ഇതാണ് പ്ലാൻ ബി!
560 കോടി നഷ്ടമായ വഴി
2025 ജനുവരി 22. അവസാന സമ്പൂർണ ബജറ്റിന്റെ പണിപ്പുരയിൽ ധനകാര്യ മന്ത്രി വ്യാപൃതനായിരിക്കുമ്പോഴാണ് സംസ്ഥാന പട്ടിക വർഗ വകുപ്പിന്റെ ‘പ്ലാൻ ബി’ സംബന്ധിച്ച ഉത്തരവ് (G.O.(Rt)No.41/2025/SCSTD) പുറത്തുവന്നത്. പട്ടികവർഗ വകുപ്പിന്റെ കീഴിലുള്ള 49 പദ്ധതികളിൽ നടത്തിയ പരിശോധനകളും മാറ്റങ്ങളുമാണ് അതിലുള്ളത്. 49ൽ 21 എണ്ണം ഒഴികെ ബാക്കിയെല്ലാ പദ്ധതികളിലും വിഹിതം ഗണ്യമായി കുറച്ചിരിക്കുകയാണ്.
ഒഴിവാക്കിയ 21ൽ രണ്ടെണ്ണം പരിശോധന കൂടാതെ അനുവദിച്ച ഫണ്ട് പൂർണമായും ഉപയോഗിക്കാൻ അനുമതി നൽകി. പ്രീ മെട്രിക് സ്കോളർഷിപ്, ലൈഫ് ഭവനപദ്ധതി എന്നിവയാണവ. ബാക്കിയെല്ലാം വെട്ടിക്കളഞ്ഞിട്ടുണ്ട്. 25 കോടി വകയിരുത്തിയ ഭക്ഷ്യസഹായ പദ്ധതി 20 കോടിയാക്കി; ഭൂരഹിത പട്ടികവർഗക്കാരുടെ പുനരധിവാസത്തിന് നീക്കിവെച്ച 42 കോടി 22 കോടിയിലേക്ക് ചുരുക്കി; ആദിവാസികളുടെ സ്വയംതൊഴിൽ, നൈപുണ്യ വികസനം എന്നിവക്കായുള്ള 90 കോടി 51 കോടിയാക്കി; 40 കോടിയുടെ കോർപസ് ഫണ്ടിൽനിന്ന് (ക്രിട്ടിക്കൽ ഗ്യാപ് ഫില്ലിങ് സ്കീം) 10 കോടി കുറച്ചു; 70 കോടിയുടെ ഭവന നിർമാണ പദ്ധതി 53 കോടിയാക്കി; ആദിവാസി സുസ്ഥിര വികസനത്തിനായി പ്രഖ്യാപിച്ചിരുന്ന സ്പെഷൽ ഫണ്ട് 40 കോടിയിൽനിന്ന് 12 കോടിയിലേക്ക് വെട്ടി; മോഡൽ റെസിഡൻഷ്യൽ, ആശ്രാം, ഏകലവ്യ സ്കൂൾ, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമാണം പൂർണമായും വെട്ടി. ഇങ്ങനെ പോകുന്നു കടൂംവെട്ടിന്റെ കണക്കുകൾ. മൊത്തം 502 കോടിയുടെ പദ്ധതികൾ 390.24 കോടിയിലേക്ക് ചുരുക്കി. പദ്ധതിവിഹിതത്തിൽതന്നെ 112 കോടിയുടെ കടുംവെട്ട് (വിശദാംശങ്ങൾ പട്ടിക ഒന്നിൽ). സാമ്പത്തിക വർഷം പിന്നിടാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ, ഇതിൽ എത്ര ചെലവഴിച്ചുവെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
എ.പി. അനിൽകുമാർ,പട്ടികജാതി-വർഗ ക്ഷേമമന്ത്രി ഒ.ആർ. കേളു
ആദിവാസി ഫണ്ട് കടുംവെട്ടിനുള്ള ഉത്തരവ് വന്ന് മൂന്നാം നാൾ സമാനമായ മാർഗനിർദേശങ്ങൾ പട്ടികജാതി വകുപ്പും പുറപ്പെടുവിച്ചു (G.O.(Rt)No.61/2025/SCSTD). 20 പദ്ധതികൾക്ക് മുൻഗണന നിശ്ചയിച്ചപ്പോൾ 20 എണ്ണത്തിൽ പലതും വല്ലാതെ ചുരുങ്ങിപ്പോയി. പാതിവഴിയിൽ നിലച്ച വീടുകളുടെ പുനർനിർമാണം/ പഠനമുറി നിർമാണം പദ്ധതിക്കായി ഏകദേശം 220 കോടി നീക്കിവെച്ചിരുന്നത് 170 കോടിയാക്കി. ഒരൊറ്റ പദ്ധതിയിൽ മാത്രം വെട്ടിപ്പോയത് 50 കോടി! ഭൂരഹിതർക്കുള്ള ഭവന നിർമാണത്തിനായി രണ്ട് പദ്ധതികളിലൂടെ ബജറ്റിൽ വകയിരുത്തിയത് 170 കോടി; മുൻഗണന നിശ്ചയിച്ചപ്പോൾ ബാക്കിയായത് 70 കോടി.
ലൈഫിൽ ദലിതർക്കായി പ്രത്യേകം അനുവദിച്ച 300 കോടി 120 കോടിയുമാക്കി. സമാനമായി, സർക്കാറിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച അംബേദ്കർ ഗ്രാമീണ വികസന പദ്ധതിക്കായി നീക്കിവെച്ച തുകയുടെ 40 ശതമാനവും വെട്ടി. മൊത്തം 1370 കോടിയുടെ പദ്ധതികളായിരുന്നു ഉണ്ടായിരുന്നത്. അത് 920 കോടിയിലേക്ക് ചുരുങ്ങി. നഷ്ടം 450 കോടി (വിശദാംശങ്ങൾ പട്ടിക രണ്ടിൽ). രണ്ട് വകുപ്പിന്റേതും കൂടി ചേർത്താൽ ആകെ 562 കോടി.
അവകാശ നിഷേധങ്ങൾക്കായി ആദിവാസി വിഭാഗങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങളിൽ ഒന്ന്
കഴിഞ്ഞ വർഷം എസ്.ടി വിഭാഗത്തിന് ആകെ വകയിരുത്തിയത് 974 കോടിയാണ്. പട്ടികവർഗ വിഭാഗത്തിന് നീക്കിവെച്ചത് 1687 കോടിയും. മൊത്തം കണക്കാക്കിയാൽ 2661 കോടി രൂപ. ഇതിൽനിന്നാണ് 562 കോടി സർക്കാർ തിരിച്ചു പിടിച്ചിരിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പ്രഖ്യാപിക്കപ്പെട്ട വിഹിതത്തിന്റെ 21 ശതമാനം തുകയും സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ കടുംവെട്ടിന് വിധേയമാക്കിയിരിക്കുകയാണ് സർക്കാർ. സാമ്പത്തിക ഞെരുക്കത്താലും, ചെലവുചുരുക്കലിന്റെ ഭാഗമായും പദ്ധതിവിഹിതം വെട്ടുന്നത് ഇതാദ്യമായല്ല. പല വകുപ്പുകളിലും ഇതുണ്ടാകും. എന്നാൽ, പദ്ധതിവിഹിതത്തിന്റെ അഞ്ചിലൊന്നും ഇമ്മട്ടിൽ മറ്റേതെങ്കിലും വകുപ്പിൽനിന്ന് പിടിച്ചെടുക്കാനാകുമോ? നമ്മുടെ നാട്ടിൽ ദലിത്-ആദിവാസി ഫണ്ട് മാത്രമേ ഇത്തരത്തിൽ കൈകാര്യംചെയ്യാനാകൂ. സർക്കാറിന്റെ അഭിമാന പദ്ധതികളിൽപോലും ദലിതരും ആദിവാസികളും പുറത്താണെന്ന് വ്യക്തമാകാൻ ഇതിലും വലിയ തെളിവ് ഇനി എന്തുവേണം?
ഭവന പദ്ധതിയിൽ മാത്രം വെട്ടിയത് 350 കോടി
562 കോടിയുടെ കടുംവെട്ടിൽ 350 കോടിയും നേരത്തേ വകയിരുത്തിയിരുന്നത് ഭവന നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു. എസ്.സി വിഭാഗത്തിലെ ഭൂരഹിതർക്കുള്ള ഭവന നിർമാണത്തിനായി വകയിരുത്തിയ 170 കോടി 70 കോടിയായതിന് പുറമെ, പാതിവഴിയിൽ നിലച്ച വീടുകളുടെ പുനർനിർമാണം/ പഠനമുറി നിർമാണം പദ്ധതിക്കായി നീക്കിവെച്ചതിൽനിന്ന് 50 കോടിയും സർക്കാർ തിരിച്ചുപിടിച്ചു. ഇതിനുപുറമെ ലൈഫിലും 180 കോടിയുടെ വെട്ടൽ വന്നതോടെ നഷ്ടം 330 കോടിയായി. എസ്.ടി വിഭാഗത്തിന് നഷ്ടമായ കോടികളുടെ കണക്കുകൂടി ചേർത്താൽ ആകെ നഷ്ടം 350 കോടി വരും. ഓർക്കുക, പദ്ധതിവിഹിതത്തിൽനിന്നാണ് ഈ വെട്ടൽ. അനുവദിക്കപ്പെട്ടതിൽ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ എത്ര ശതമാനം ചെലവഴിച്ചുവെന്ന് ഇനിയും വ്യക്തമല്ല.
നമ്മുടെ സംസ്ഥാനത്ത് ദലിത്, ആദിവാസി വിഭാഗങ്ങൾക്ക് ഏറ്റവും അടിയന്തരമായി ആവശ്യമുള്ളത് സ്വന്തമായി ഭൂമിയും അതിലൊരു വീടുമാണ്. ലൈഫ് പദ്ധതിയെക്കുറിച്ചൊക്കെ സർക്കാർ അഭിമാനത്തോടെ സംസാരിക്കാറുണ്ടെങ്കിലും, സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോഴും ഭൂമിയും വീടും സ്വപ്നം മാത്രമായി നിലനിൽക്കുന്നുവെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ മുക്കാൽ ലക്ഷത്തോളം പട്ടികജാതി കുടുംബങ്ങൾക്ക് ഇപ്പോഴും സ്വന്തമായി ഭൂമിയില്ലെന്ന് നിയമസഭാ രേഖകൾ പറയുന്നു. തൃപ്പൂണിത്തുറ എം.എൽ.എ കെ. ബാബുവിന്റെ ചോദ്യത്തിന് പട്ടികജാതി-വർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ നൽകിയ മറുപടിയിൽ ഇതിന്റെ വിശദാംശങ്ങളുണ്ട് (പട്ടിക മൂന്ന്). ആ കണക്കുകൾ ഇങ്ങനെ സംഗ്രഹിക്കാം: സംസ്ഥാനത്ത് 73,687 പട്ടികജാതി കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല;
62,750 പട്ടികജാതി കുടുംബങ്ങൾ ഭവനരഹിതരാണ്; ഭൂരഹിതർ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലും കുറവ് വയനാട്ടിലുമാണ്; സംസ്ഥാനത്തെ 5736 ആദിവാസി കുടുംബങ്ങൾക്കും ഭൂമിയില്ല. ഇതിൽ ഏതാണ്ട് പകുതിയും വയനാട്ടിലാണ്. 10,777 ആദിവാസി കുടുംബങ്ങൾ ഭവനരഹിതരായുണ്ട്.
ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനു വേഗം പോരെന്നും നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന സംസ്ഥാനത്തെ ഭൂരഹിതരായ ആദിവാസികൾക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വാങ്ങുന്നതിന് ഓരോ വർഷവും ശരാശരി 50 കോടി നീക്കിവെക്കുന്നെങ്കിലും ചെലവഴിക്കുന്നത് തുലോം കുറവാണ്.
10 വർഷത്തെ കണക്കെടുത്താൽ ശരാശരി ആറു കോടി രൂപമാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. മേൽസൂചിപ്പിച്ച ഉത്തരവ് പ്രകാരം, തീരാൻ പോകുന്ന സാമ്പത്തിക വർഷം ശരാശരിക്കും താഴെയാണ് വകയിരുത്തിയിരിക്കുന്നത് -42 കോടി. അതിൽനിന്ന് 20 കോടി വെട്ടുകയുംചെയ്തു. അപ്പോൾ ചെലവഴിച്ചിരിക്കുന്നത് ഒന്നോ രണ്ടോ കോടി രൂപ മാത്രമായിരിക്കും. അഥവാ, ഒരുവശത്ത് ആദിവാസി, ദലിത് വിഭാഗങ്ങളുടെ ഭവന പുനരധിവാസത്തിനായി തീർത്തും അപര്യാപ്തമായ തുക വകയിരുത്തുന്നു; മറുവശത്ത്, പ്രസ്തുത സംഖ്യയിൽനിന്ന് യഥേഷ്ടം വെട്ടിമാറ്റുകയുംചെയ്യുന്നു. ഈ നില തുടർന്നാൽ ഭൂരഹിതരില്ലാത്ത കേരളം അടക്കമുള്ള സ്വപ്നപദ്ധതികൾ എന്നു യാഥാർഥ്യമാകും?
അടിയന്തര പ്രമേയവും ധനമന്ത്രിയുടെ മറുപടിയും
ആദിവാസി, ദലിത് ഫണ്ടുകൾ വെട്ടിയ കാര്യം, 2025 ഫെബ്രുവരി 13ന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവന്നു. മുൻ പട്ടികജാതി വകുപ്പ് മന്ത്രികൂടിയായ എ.പി. അനിൽകുമാറാണ് പ്രമേയാവതരണത്തിന് അനുമതി നൽകിയത്. മേൽ സൂചിപ്പിച്ച കടുംവെട്ടുകൾക്ക് പുറമെ, രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഈ സാമൂഹിക വിഭാഗങ്ങൾ എങ്ങനെയെല്ലാം അവഗണിക്കപ്പെടുന്നുവെന്ന് 10 മിനിറ്റ് നീണ്ട പ്രസംഗത്തിൽ അദ്ദേഹം അക്കമിട്ട് നിരത്തി. എന്നാൽ, ഫണ്ട് വകമാറ്റിയിട്ടില്ലെന്നും മുൻഗണന നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നുമാണ് വകുപ്പ് മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കിയത്. വകുപ്പ് മന്ത്രിയുടെ മറുപടി ഭരണപക്ഷത്തിനുപോലും തൃപ്തമാകാത്തതിനാലാകാം, വിശദീകരണവുമായി ധനകാര്യ മന്ത്രിയും എഴുന്നേറ്റു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് നടത്തിയ വാക്കൗട്ട് പ്രസംഗവും ഏറെ ശ്രദ്ധേയമായിരുന്നു.
അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘‘എസ്.സി വിഭാഗത്തിന് 10 ശതമാനവും എസ്.ടി വിഭാഗത്തിന് 2 ശതമാനവും പദ്ധതിവിഹിതം നീക്കിവെക്കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. ഇത്തരത്തില്‍ നല്കിയ പദ്ധതിവിഹിതം സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത് കുട്ടികളുടെ വിദ്യാഭ്യാസവും പാര്‍പ്പിട പദ്ധതിയും അടക്കമുള്ള ക്ഷേമപദ്ധതികളെയും ഗൗരവതരമായി ബാധിച്ചു എന്നതാണ് ഞങ്ങളുടെ ആക്ഷേപം. കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി പദ്ധതി അടങ്കലില്‍ വളര്‍ച്ചയില്ല. മറ്റു പല സംസ്ഥാനങ്ങളും 20 ശതമാനത്തില്‍ അധികം വളര്‍ച്ച നേടുന്ന സാഹചര്യത്തിലാണിത്. പദ്ധതി അടങ്കല്‍ വര്‍ധിക്കാതിരിക്കുമ്പോള്‍ അത് എസ്.സി, എസ്.ടി വിഭാഗങ്ങളെ ബാധിക്കും. മൂന്നു നാല് വര്‍ഷമായി ഈ വിഭാഗങ്ങള്‍ക്ക് കിട്ടുന്ന വിഹിതത്തില്‍ വര്‍ധനയുണ്ടാകുന്നില്ല. അതിനിടയിലാണ് നിലവിലുള്ള പദ്ധതിവിഹിതവും വെട്ടിച്ചുരുക്കുന്നത്. എന്നിട്ടും ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ലെന്നാണ് മന്ത്രി ആവര്‍ത്തിച്ച് പറയുന്നത്.’’
സംസ്ഥാനത്തെ ആദിവാസി, ദലിത് വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാറിന്റെ സമീപനം എന്തെന്ന് ഇതിൽനിന്ന് വ്യക്തം. സഭാ ചർച്ചക്കിടെ, തീർത്തും വിചിത്രമായൊരു വാദം ധനമന്ത്രി നടത്തി. കിഫ്ബി നിർമിക്കുന്ന റോഡുകളിലൂടെ പട്ടികജാതിക്കാര്‍ പോകുന്നില്ലേയെന്നും ആശുപത്രികളിലും സ്കൂളുകളിലും പട്ടികജാതിക്കാര്‍ പോകുന്നില്ലേയെന്നുമായിരുന്നു മന്ത്രിയുടെ ചോദ്യം. അപ്പോൾ, അൽപസ്വൽപം വെട്ടിക്കളയുന്നതിൽ കുഴപ്പമില്ലെന്ന്! എങ്ങനെയുണ്ട് ന്യായം. ഇതാണ് ന്യായമെങ്കിൽ എസ്.എസി, എസ്.ടി വകുപ്പുകൾ പിന്നെ എന്തിനാണ് സാർ? എസ്.സി വിഭാഗത്തിന് 10 ശതമാനവും എസ്.ടി വിഭാഗത്തിന് 2 ശതമാനവും പദ്ധതിവിഹിതം നീക്കിവെക്കണമെന്നത് സര്‍ക്കാറിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് മന്ത്രിക്ക് അറിയില്ലേ? ഇനി മന്ത്രി പറഞ്ഞ കിഫ്ബിയുടെ കണക്ക് എടുത്താലോ? അഥവാ, ബജറ്റിന് പുറത്ത് സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക്.
മുഖ്യമന്ത്രി നിയമസഭയിൽ നല്കിയ വിശദീകരണം (2024 ഒക്ടോബർ) അനുസരിച്ച് കിഫ്ബി ചെലവഴിച്ച 30,000 കോടിയോളം രൂപയില്‍ 81.06 കോടി മാത്രമാണ് എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. വെറും ഒന്നേകാൽ ശതമാനം. നോക്കൂ, ഇത് സഞ്ചിതനിധിയില്നിന്നും കിഫ്ബിയിലേക്ക് മാറ്റിയ പണമാണ്. എന്നുവെച്ചാൽ കിഫ്ബി ഇല്ലാതിരിക്കുകയും സഞ്ചിത നികുതിയിൽതന്നെ കിടക്കുകയും ചെയ്തിരുന്നുവെങ്കിൽ ആ തുകയുടെ പത്ത് ശതമാനം എസ്.സി വിഭാഗത്തിനും രണ്ട് ശതമാനം എസ്.ടി വിഭാഗത്തിനും ലഭിച്ചേനെ. അഥവാ, 3600 കോടി. അവിടെയാണ് വെറും 81 കോടി ലഭിച്ചിരിക്കുന്നത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ബജറ്റ് വിഹിതത്തിലെ വെട്ടിനേക്കാൾ എത്രയോ മടങ്ങാണ് ബജറ്റിതര വിഹിതത്തിൽ സംഭവിച്ചിരിക്കുന്നത്. എന്നിട്ടും കിഫ്ബിയുണ്ടല്ലോ, സർക്കാർ ആശുപത്രികളുണ്ടല്ലോ എന്നൊക്കെയാണ് ഭരണപക്ഷം ന്യായീകരിക്കുന്നത്. എന്തൊരു വൈരുധ്യമാണിത്?
പാതിവഴിയിൽ മുടങ്ങുന്ന പഠനം
മേൽ സൂചിപ്പിച്ച അടിയന്തര പ്രമേയ ചർച്ചക്കിടെ, സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ധനകാര്യ വകുപ്പിന് കൈമാറിയ കത്തിലെ ഏതാനും വരികൾ എ.പി. അനിൽകുമാർ സഭയിൽ വായിച്ചു. അതിങ്ങനെയായിരുന്നു: ‘‘പോസ്റ്റ് മെട്രിക് സ്കോളർഷിപ് ഒന്നും രണ്ടും വർഷം മാത്രം വൈകി വിതരണം ചെയ്യുമ്പോൾ പട്ടികജാതി- വർഗ വിദ്യാർഥികൾ സ്ഥാപന മേധാവികളുടെ മുന്നിലും സഹപാഠികളുടെ മുന്നിലും പരിഹാസപാത്രമായി നിൽക്കുന്ന ദയനീയമായ അവസ്ഥ നിലനിൽക്കുന്നു.
ഫീസ് സമയബന്ധിതമായി നൽകാനാവാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുക, ടി.സിയും സർട്ടിഫിക്കറ്റുകളും തടയുക, ഹൗസ് സർജൻസി തടയുക, ക്ലാസിൽ കയറ്റാതിരിക്കുക തുടങ്ങി വിദ്യാർഥികളുടെ പഠനവും ഭാവിയും വരെ തകരാറിലാക്കുന്നതായ നിരവധി പരാതികൾ ലഭിക്കുന്നു.’’ ദലിത്, ആദിവാസി വിദ്യാർഥികളുടെ പഠനത്തിനായി നിരവധി പദ്ധതികളും സ്കോളർഷിപ്പുകളുമൊക്കെ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും കൃത്യമായി വിതരണംചെയ്യപ്പെടുന്നില്ലെന്ന് ഈ കത്ത് വ്യക്തമാക്കുന്നു. വകുപ്പ് മന്ത്രിതന്നെ, നിയമസഭയിൽ പറഞ്ഞത് 69 കോടി രൂപ സ്കോളർഷിപ്പുകൾക്കായി വകയിരുത്തി എന്നാണ്. എന്നാൽ, കുടിശ്ശിക എത്ര എന്ന് പറയാൻ അദ്ദേഹം തയാറല്ല. അതുപറഞ്ഞാൽ, കള്ളി വെളിച്ചത്താകും.
ആദിവാസി വിദ്യാർഥികളെ വിദ്യാലയങ്ങളിലേക്ക് വാഹനങ്ങളിൽ എത്തിക്കുന്ന ‘വിദ്യാവാഹിനി’ പദ്ധതിക്ക് ആറ് മാസമായി തുക അനുവദിച്ചിട്ടില്ല. ഇക്കാരണംകൊണ്ടുതന്നെ, വാഹന ഉടമകൾ പദ്ധതിക്കായി വാഹനം വിട്ടുനൽകാത്ത സാഹചര്യം ഉടലെടുത്തു. ഇതുമൂലം, നിരവധി കുട്ടികളുടെ പഠനം തടസ്സപ്പെട്ടു. ആദിവാസി വിദ്യാർഥികൾ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് തടയാനായി ആവിഷ്കരിച്ച പദ്ധതികളാണ് ഇവയെല്ലാം. ആ പദ്ധതികളെല്ലാം ഇപ്പോൾ നിലച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ദലിത്-ആദിവാസി വിദ്യാർഥികളുടെ പഠനം വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.
സർക്കാറിന്റെ ഈ കടുംവെട്ടിൽ ഏറ്റവും നിർജീവമായി പോയത് ഉന്നതി പദ്ധതിയാണ്. പട്ടികവിഭാഗക്കാരുടെയും പിന്നാക്കക്കാരുടെയും ആനുകൂല്യങ്ങൾ ഒരു കുടക്കീഴിലാക്കി വിതരണംചെയ്യുന്നതിനായി സർക്കാർ രൂപവത്കരിച്ച പദ്ധതിയായിരുന്നു ‘ഉന്നതി’. കഴിഞ്ഞ ആറുമാസമായി ഉന്നതിയിൽ പ്രവർത്തനമൊന്നും നടക്കുന്നില്ല എന്നുതന്നെ പറയാം. പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുകയും സഹായവിതരണം ഉറപ്പാക്കുകയുമായിരുന്നു ഉന്നതിയുടെ ലക്ഷ്യം. ഈ പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വിദേശത്ത് പഠിക്കാൻ പോകുന്ന എസ്.സി, എസ്.ടി വിദ്യാർഥികൾക്കുള്ള ധനസഹായം– ഉന്നതി ഓവർസീസ് സ്കോളർഷിപ്. 25 ലക്ഷം രൂപയാണ് പരമാവധി സ്കോളർഷിപ്പായി നൽകുന്നത്.
12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിദ്യാർഥികള്‍ക്ക് 25 ലക്ഷവും 12 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് 20 ലക്ഷവും 20 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 15 ലക്ഷം രൂപയും ലഭിക്കും. പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് വരുമാന പരിധി നോക്കാതെ 25 ലക്ഷം രൂപയും ലഭിക്കുമായിരുന്നു. പദ്ധതിയുടെ ആദ്യ വർഷം (2023-24) ആയിരത്തിലധികം അപേക്ഷകരുണ്ടായിരുന്നു. അതിൽനിന്ന് 418 പേർ സ്കോളർഷിപ്പിന് യോഗ്യത നേടി. എന്നാൽ തൊട്ടടുത്ത വർഷം അതിന്റെ പകുതിപോലും അപേക്ഷകരില്ല. ഒരൊറ്റ കാരണമേയുള്ളൂ: തൊട്ടുമുമ്പുള്ളവർക്ക് കൃത്യമായി പണം കിട്ടിയില്ല. ഓരോ സെമസ്റ്റർ കഴിയുമ്പോഴും അടുത്ത സെമസ്റ്ററിലേക്കുള്ള ഫീസും താമസച്ചെലവും യാത്രച്ചെലവും ഉൾപ്പെടെ വിതരണം ചെയ്യുന്നതായിരുന്നു രീതി.
വിദേശത്തുള്ള നാനൂറോളം കുട്ടികളിൽ നൂറിലധികം പേർക്ക് രണ്ടാം ഗഡു ലഭ്യമാകാതെ വന്നതോടെയാണ് പദ്ധതി അവതാളത്തിലായത്. ഇതിനിടെ, ഉന്നതിയുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിലുണ്ടായ തർക്കങ്ങളും വിഴുപ്പലക്കലുകളും പദ്ധതിയെ സാരമായി ബാധിച്ചു.
കഴിഞ്ഞ 15 വർഷത്തിനിടെ, സംസ്ഥാനത്ത് 19,000ലധികം ആദിവാസി വിദ്യാർഥികൾ പഠനം നിർത്തിപ്പോയതായി വിദ്യാഭ്യാസ വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിൽതന്നെ കോവിഡിനുശേഷമുള്ള കണക്കുകൾ പൂർണമല്ല. തൊട്ടുമുമ്പുള്ള വർഷം (2019-20) സംസ്ഥാനത്ത് പഠനം പാതിവഴിയിൽ നിർത്തിയ നാലായിരത്തോളം പേരിൽ 861ഉം ആദിവാസികളായിരുന്നു. ഏതാണ്ട് 22 ശതമാനം. 2020-21ൽ, 84ഉം 21-22ൽ 211ഉം 22-23ൽ, 355ഉം 23-24ൽ 468ഉം ആദിവാസി വിദ്യാർഥികളാണ് പല കാരണങ്ങളാൽ പഠനം വഴിയിലുപേക്ഷിച്ചത്. ഈ കണക്കുകൾ നിലനിൽക്കുമ്പോഴും മന്ത്രിയും സർക്കാറും നിയമസഭയിൽ പറയുന്നത് ‘ശ്രദ്ധയിൽപെട്ടിട്ടില്ല’ എന്നാണ്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ഉപസംഹാരം
സംസ്ഥാനം അതിതീവ്രമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് നമുക്ക് മുന്നിലുള്ള യാഥാർഥ്യമാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ എളുപ്പത്തിൽ അതിജയിക്കാനുമാകില്ല. ഈ സാഹചര്യത്തിൽ ചെലവ് ചുരുക്കുകയല്ലാതെ നമുക്കു മുന്നിൽ മറ്റു മാർഗങ്ങളില്ല. ആ അർഥത്തിൽ, സർക്കാറിന്റെ ചെലവു ചുരുക്കൽ പരിപാടികളെയും മുൻഗണന മാറ്റി നിശ്ചയിക്കുന്നതിനെയും പരിധിയിൽ കവിഞ്ഞ് വിമർശിക്കുന്നതിൽ അർഥമില്ല. അതേസമയം, ചെലവ് ചുരുക്കുമ്പോൾ പാലിക്കേണ്ട മുൻഗണനകൾ ഒരിടത്തും പരിഗണിക്കപ്പെട്ടില്ല എന്നതാണ് ഇവിടത്തെ പ്രശ്നം.
സ്വതവേ, താരതമ്യേന ചെറിയ തുക മാത്രം മാറ്റിവെക്കപ്പെട്ട ആദിവാസി-ദലിത് വകുപ്പുകളിൽനിന്ന് ഒരു തത്ത്വദീക്ഷയുമില്ലാതെ ഫണ്ട് വെട്ടിമാറ്റപ്പെടുമ്പോൾ അത് വിവേചന ഭീകരതയാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സഹിക്കുന്ന വിഭാഗംകൂടിയാണിവർ. അതിനാൽ, മുൻഗണന മാറ്റിപ്പണിയുമ്പോൾ അവർക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, അവർക്ക് അത്യാവശ്യം വേണ്ട ഭവനപദ്ധതി ഫണ്ടിൽനിന്നുപോലും 350 കോടി വെട്ടിപ്പോയിരിക്കുകയാണ്. ആ അർഥത്തിൽ ഇരട്ട വിവേചനമാണ് ഇവർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വിവേചനം അവസാനിപ്പിച്ചേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.