കുപ്പു ദേവരാജ്​, അമ്മിണിയമ്മാൾ, വാസുവേട്ടൻ -ആ ചിത്രങ്ങളുടെ കഥ ഫോട്ടോഗ്രാഫർ പറയുന്നു

ഒരു ​ഫോ​േട്ടാ ജേണലിസ്​റ്റിന്​ കാലത്തെ അടയാളപ്പെടുത്തുന്ന, കാലത്തെ മറികടക്കുന്ന ന്യൂസ്​ ഫോ​േട്ടാ ലഭിക്കുക എങ്ങനെയെന്ന്​ പ്രവചിക്കുക എളുപ്പമല്ല. നിലമ്പൂരിൽ ഭരണകൂടം വെടിെവച്ചു കൊന്ന മാവോവാദി നേതാവ്​ കുപ്പു ദേവരാജി​ന്റെ മൃതദേഹം സംസ്​കാരത്തിനുമുമ്പ്​ പൊതുദർശനത്തിനു ​െവച്ചപ്പോൾ ‘മാധ്യമം’ സീനിയർ ഫോ​േട്ടാഗ്രാഫർ പി. അഭിജിത്തിന്​ ലഭിച്ചത്​ അപൂർവ ചിത്രങ്ങളാണ്​. ആ ചിത്രങ്ങൾ ഇന്നും പ്രസക്തം. നമ്മളെടുക്കുന്ന ചില വാർത്താ ചിത്രങ്ങൾ കാലത്തെ അതിജീവിക്കും. ആളുകളുടെ മനസ്സിൽ പലതരം അനുരണനം തീർത്തുകൊണ്ടേയിരിക്കും. പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു പടം ഒന്നോ രണ്ടോ ദിവസം...

ഒരു ​ഫോ​േട്ടാ ജേണലിസ്​റ്റിന്​ കാലത്തെ അടയാളപ്പെടുത്തുന്ന, കാലത്തെ മറികടക്കുന്ന ന്യൂസ്​ ഫോ​േട്ടാ ലഭിക്കുക എങ്ങനെയെന്ന്​ പ്രവചിക്കുക എളുപ്പമല്ല. നിലമ്പൂരിൽ ഭരണകൂടം വെടിെവച്ചു കൊന്ന മാവോവാദി നേതാവ്​ കുപ്പു ദേവരാജി​ന്റെ മൃതദേഹം സംസ്​കാരത്തിനുമുമ്പ്​ പൊതുദർശനത്തിനു ​െവച്ചപ്പോൾ ‘മാധ്യമം’ സീനിയർ ഫോ​േട്ടാഗ്രാഫർ പി. അഭിജിത്തിന്​ ലഭിച്ചത്​ അപൂർവ ചിത്രങ്ങളാണ്​. ആ ചിത്രങ്ങൾ ഇന്നും പ്രസക്തം. 

നമ്മളെടുക്കുന്ന ചില വാർത്താ ചിത്രങ്ങൾ കാലത്തെ അതിജീവിക്കും. ആളുകളുടെ മനസ്സിൽ പലതരം അനുരണനം തീർത്തുകൊണ്ടേയിരിക്കും. പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു പടം ഒന്നോ രണ്ടോ ദിവസം ചർച്ചചെയ്യപ്പെടുന്നപോലെയല്ല അത്. നീണ്ട നാളുകളിൽ പലതരത്തിൽ, പലതലങ്ങളിൽ വാർത്താചിത്രം ചർച്ചയാകും.

അത്തരത്തിൽ ചർച്ചചെയ്യപ്പെട്ട ഒരു ചിത്രമാണ് ‘മരണമുഖത്തെ മനുഷ്യാവകാശം’ എന്ന പൊളിറ്റിക്കൽ ചിത്രം. നിലമ്പൂരിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി കുപ്പുദേവരാജി​ന്റെ മൃതദേഹം സംസ്കാരത്തിനായി കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് ​െവക്കുന്നു. തീയതി 2016 ഡിസംബർ 9. അതിനും ഏതാനും ദിവസങ്ങൾക്ക്​ മുമ്പാണ്​ ഭരണകൂടം കുപ്പു ദേവരാജിനെയും അജിതയെയും വെടി​െവച്ചു​കൊന്നത്​.

കുപ്പു ദേവരാജിന്റെ സഹോദരൻ ശ്രീധറിനെ അന്നത്തെ സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ പ്രേമദാസ് കൈയേറ്റം ചെയ്യുന്നതായിരുന്നു എനിക്ക്​ ലഭിച്ച ചിത്രം. മൃതദേഹം സംസ്കരിക്കാൻ വൈകുന്നുവെന്നാരോപിച്ചാണ്, സഹോദര​ന്റെ മൃതദേഹത്തിനരികെ നിൽക്കുന്ന ശ്രീധറി​ന്റെ ടി ഷർട്ടി​ന്റെ കോളറിൽ കുത്തിപ്പിടിച്ചത്. രാഷ്ട്രീയ രക്തസാക്ഷിയുടെ മൃതദേഹത്തിന് സമീപം മനസ്സു തകർന്ന് നിസ്സഹായയായി കുപ്പുവി​ന്റെ അമ്മ അമ്മിണിയമ്മാൾ ഇരിപ്പുണ്ട്​.

കുപ്പു ദേവരാജി​ന്റെ മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടത്തിനുശേഷം പുറത്തേക്ക്​ കൊണ്ടുവരു​േമ്പാൾ അമ്മ അമ്മിണി അമ്മാൾ കാണുന്നു

2016 ഡിസംബർ ഒമ്പതിന്, മനുഷ്യാവകാശ ദിനത്തി​ന്റെ തലേന്നാണ് ബ്യൂറോ ചീഫ് ഉമർ പുതിയോട്ടിലി​ന്റെ നിർദേശപ്രകാരം ഞാൻ ചിത്രങ്ങളെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിലെത്തുന്നത്. അവിടെ ​െവച്ചാണ് വെളുത്ത തലമുടിയുമായി ഇരിക്കുന്ന അമ്മിണിയമ്മാളിനെ ആദ്യം കാണുന്നത്. മെഡിക്കൽ കോളജ് പരിസരത്ത് രാഷ്ട്രീയ നേതാക്കളെയും കുപ്പുവി​ന്റെ ബന്ധുക്ക​െളയും സുഹൃത്തുക്കളെയും കൊണ്ട് നിറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിക്ക് മുന്നിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ നിരവധിയാളുകൾ ഉണ്ടായിരുന്നു. മൃതദേഹം പൊലീസ് മേൽനോട്ടത്തിൽ കോഴിക്കോട് ശ്മശാനത്ത് സംസ്കരിക്കാനാണ് തീരുമാനിച്ചത്. നഗരത്തിൽ സംഘ്പരിവാറി​ന്റെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് പറയുന്നുണ്ടായിരുന്നു. പൊറ്റമ്മലിൽ ചെറിയതോതിൽ പ്രതിഷേധവും ഉണ്ടായി. മാവൂർ റോഡ് ശ്മശാനം പൊലീസ് വലയത്തിലായിരുന്നു. മനുഷ്യാവകാശ പ്രവർത്തകൻ എ. വാസുവി​ന്റെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

മൃതദേഹം പൊതുദർശനത്തിനു ​െവച്ചു കഴിഞ്ഞപ്പോൾ പൊലീസ് മൃതദേഹം ​െവച്ച ഇടത്തിന് ചുറ്റും വലയം തീർത്തു. ഇതിനിടെ യൂനിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും സിവിൽ ഡ്രസിലുള്ള സ്പെഷൽ ബ്രാഞ്ച് എ.സിക്കും ഫോൺകാളുകൾ വരുന്നുണ്ട്​. പെട്ടെന്നാണ് ‘‘ബോഡി നിങ്ങളെടുക്കുന്നോ... അതോ ഞങ്ങളെടുക്കണോ..? നിങ്ങളെടുത്തില്ലെങ്കിൽ ഞങ്ങളെടുക്കും...’’ എന്ന് പറഞ്ഞ് സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ പ്രേമദാസ് മുന്നോട്ടുവന്നത്. കുറച്ചുകൂടി സമയം അനുവദിക്കൂവെന്ന് വാസുവേട്ടൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. പറ്റില്ലെന്ന് പറഞ്ഞ് കൂടിനിന്ന എല്ലാവരെയും ഞെട്ടിച്ച് അസി. കമീഷണർ കുപ്പുവി​ന്റെ സഹോദരൻ ശ്രീധറി​ന്റെ കോളറിൽ കയറിപ്പിടിച്ചത്​ പെട്ടെന്നായിരുന്നു. ശ്രീധറി​ന്റെയും അവിടെയുണ്ടായിരുന്ന സ്ത്രീകളുടെയും ഉച്ചത്തിലുള്ള അലർച്ചയിൽ, മുദ്രാവാക്യം വിളിയിൽ അസി. കമീഷണർ പിടിവിട്ടു.

നിമിഷനേരത്തിനുള്ളിൽ സംഭവിച്ച ആ ദൃശ്യം ഞാൻ കാമറയിൽ പകർത്തിക്കഴിഞ്ഞിരുന്നു. പടം പതിഞ്ഞുവെന്നറിഞ്ഞ നിമിഷം ഞാനവിടെനിന്ന്​ പുറത്തേക്ക്​ മാറി. പടം കിട്ടിയെന്നറിഞ്ഞ്​ ചിലപ്പോൾ പൊലീസ്​ എ​ന്റെ നേരെ തിരിഞ്ഞേക്കാം. മൃതദേഹത്തിന് മുന്നിലിരിക്കുന്ന മകൻ നഷ്ടപ്പെട്ട അമ്മയുടെ മറ്റൊരു മകനു നേരെ നടന്ന മനുഷ്യാവകാശ ലംഘനം പിറ്റേന്ന് മനുഷ്യാവകാശ ദിനത്തിൽ ‘മാധ്യമം’ പത്രത്തിൽ അച്ചടിച്ചു വന്നു. ഫേസ്ബുക്കിൽ ചിത്രം വൈറലായി. കേരളത്തിലെ ആഴ്ചപ്പതിപ്പുകളിലും മാസികകളിലും ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. 2016ലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള കണ്ണൂർ പ്രസ് ക്ലബി​ന്റെ പാമ്പൻ മാധവൻ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്കാരവും കേരള കൗമുദി ഫോട്ടോ എഡിറ്റർ എസ്.എസ്. റാമി​ന്റെ ഓർമക്കായി ഏർപ്പെടുത്തിയ മികച്ച രാഷ്ട്രീയ ചിത്രത്തിനുള്ള സംസ്ഥാന ഫോട്ടോഗ്രഫി പുരസ്കാരവും ഈ ചിത്രത്തിന് ലഭിച്ചു.

കോഴിക്കോട്​ മാവൂർ റോഡ്​ പൊതുശ്​മശാനത്തിൽ സംസ്​കരിക്കുന്നതിനുമുമ്പ്​ കുപ്പു ദേവരാജി​ന്റെ മൃതദേഹത്തിന്​ എ. വാസു അഭിവാദ്യം അർപ്പിക്കുന്നു

‘മരണമുഖത്തെ മനുഷ്യാവകാശം’ വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെട്ടു. കുപ്പു ദേവരാജ​ന്റെ അമ്മ അമ്മിണിയമ്മാൾ ജൂലൈ രണ്ടാം വാരം വിടവാങ്ങി. അമ്മിണിയമ്മാൾ മരണപ്പെട്ട വിവരമറിഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് ഈ ചിത്രമാണ്. സോഷ്യൽ മീഡിയകളിൽ വീണ്ടും പഴയ ചി​ത്രം നിറഞ്ഞു.

അന്ന്​ മാവോവാദികളുടെ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച എ. വാസു ഇപ്പോൾ അതേ ‘കുറ്റ’ത്തി​ന്റെ പേരിൽ റിമാൻഡിലാണ്. പിഴ കെട്ടി​െവച്ച് ജാമ്യത്തിൽ പോകാനുള്ള കോടതി നിർദേശത്തോട്, ‘‘എട്ടു പേരെ കൊന്നവർക്ക് കേസില്ല. തെറ്റൊന്നും ചെയ്യാത്ത ഞാനെന്തിന് പിഴയടക്കണം?’’ എന്നാണ് 93കാരനായ വാസുവേട്ടൻ പ്രതികരിച്ചത്​.

Tags:    
News Summary - story behind a viral photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:30 GMT
access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT