ഇടംകൈ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച്, തെല്ലു കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ നടന്നുവരുന്ന ചെറിയ 'വലിയ' മനുഷ്യനാണ് എന്റെ ഓർമയിലെ ഉസ്മാൻക്ക.കണ്ടാൽ തോന്നില്ല കളിക്കളത്തിൽ വർഷങ്ങളോളം എതിരാളികളെയിട്ടു വെള്ളംകുടിപ്പിച്ചിരുന്ന കളിക്കാരൻ (നാടൻ ഭാഷയിൽ കുപ്പിക്കണ്ടം) ആയിരുന്നു ഈ കൊച്ചുമനുഷ്യൻ എന്ന്. നേരിട്ട് പറഞ്ഞിട്ടുണ്ട് അക്കാര്യം. സൗമ്യമായ ചിരിയായിരുന്നു...
ഇടംകൈ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച്, തെല്ലു കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ നടന്നുവരുന്ന ചെറിയ 'വലിയ' മനുഷ്യനാണ് എന്റെ ഓർമയിലെ ഉസ്മാൻക്ക.
കണ്ടാൽ തോന്നില്ല കളിക്കളത്തിൽ വർഷങ്ങളോളം എതിരാളികളെയിട്ടു വെള്ളംകുടിപ്പിച്ചിരുന്ന കളിക്കാരൻ (നാടൻ ഭാഷയിൽ കുപ്പിക്കണ്ടം) ആയിരുന്നു ഈ കൊച്ചുമനുഷ്യൻ എന്ന്. നേരിട്ട് പറഞ്ഞിട്ടുണ്ട് അക്കാര്യം. സൗമ്യമായ ചിരിയായിരുന്നു മറുപടി. ഒപ്പം ഒരു ആത്മഗതവും: ''കളിക്കാനിറങ്ങിയാൽ പിന്നെ വേറൊരു ചിന്തയുമില്ല. ഒരൊറ്റ പോക്കാണ്. ചിലപ്പോൾ തോന്നും ഇത്രയേറെ പാഷൻ വേണ്ടിയിരുന്നോ ഫുട്ബാളിനോട് എന്ന്... കുറച്ച് അധികമായിപ്പോയില്ലേ?''
ഒട്ടുമില്ല എന്ന് എന്റെ മറുപടി. ആ പാഷനാണ് പ്രതിഭാശാലികളായ പന്തുകളിക്കാരുടെ രണ്ടോ മൂന്നോ തലമുറകളെ കേരളത്തിന് സമ്മാനിച്ചത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രശസ്തിയുടെ പടവുകൾ കയറിപ്പോയ ശിഷ്യരുടെ അസുലഭ നേട്ടങ്ങൾക്ക് പിന്നിൽ അജ്ഞാതനായി മറഞ്ഞിരിക്കാൻ മാത്രം ആഗ്രഹിച്ച സി.പി.എം. ഉസ്മാൻ കോയ എന്ന പരിശീലകൻ എനിക്കെന്നും അത്ഭുതമായിരുന്നു. മീഡിയയുടെ അകമഴിഞ്ഞ പിന്തുണയോടെ, ഇല്ലാത്ത കഴിവുകൾപോലും പൊലിപ്പിച്ചുകാട്ടാൻ നെട്ടോട്ടമോടുന്നവർക്കിടയിൽ ഇതാ തന്നെക്കുറിച്ചു സംസാരിക്കാൻപോലും വിമുഖനായ ഒരു മനുഷ്യൻ.
അധികം നിർബന്ധിച്ചാൽ മനസ്സില്ലാമനസ്സോടെ ഉസ്മാൻക്ക പറയും: ''ഗോഡ് ഈസ് ഗ്രേറ്റ്.'' എല്ലാ അഭിമാന നേട്ടങ്ങളും അംഗീകാരങ്ങളും ആ മൂന്നേ മൂന്നു വാക്കുകളിൽ ചിമിഴിലെന്നോണം ഒതുക്കും മിതഭാഷിയായ ഉസ്മാൻക്ക.
വിക്ടർ മഞ്ഞിലയിലൂടെയാണ് ഞാൻ ഉസ്മാൻക്കയിൽ എത്തുന്നത്. അത്യപൂർവമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ സ്നേഹസാക്ഷ്യമായിരുന്നു എന്നും ആ കൂട്ടുകെട്ട്. ആദ്യം ശിഷ്യനായി, പിന്നെ സഹപരിശീലകനായി, എന്നും ഉസ്മാൻക്കയുടെ ഹൃദയത്തോട് ചേർന്നുനിന്നു മുൻ ഇന്ത്യൻ ഗോൾകീപ്പർ വിക്ടർ. അനാവശ്യമായ ഈഗോകളുടെ ഇടപെടലുകളില്ലാത്ത സംശുദ്ധമായ ഒരു സൗഹൃദം.
1972ലെ കാലിക്കറ്റ് യൂനിവേഴ്സിയുടെ ആദ്യ അഖിലേന്ത്യാ കിരീടവിജയത്തിന് ശേഷം ക്യാപ്റ്റൻ വിക്ടർ മഞ്ഞിലയും പരിശീലകൻ ഉസ്മാൻ കോയയും
മൈതാനങ്ങളുടെ ഓരത്തുകൂടി ഇരുവരും 'യുവമിഥുന'ങ്ങളെപ്പോലെ നടന്നുപോകുന്ന കാഴ്ച കാണുമ്പോൾ പ്രസ് ഗാലറിയിൽ ഇരുന്ന് ഞങ്ങൾ റിപ്പോർട്ടർമാർ അടക്കം പറയും: ''വന്നല്ലോ കല്യാൺജി ആനന്ദ്ജി.''
വിക്ടറാണ് ഉസ്മാൻക്കക്ക് എന്നെ പരിചയപ്പെടുത്തിയത്; 1980കളുടെ മധ്യത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ വെച്ച്. ആദ്യ സമാഗമത്തിനിടെ തുടക്കക്കാരനായ കളിയെഴുത്തുകാരനോടുള്ള ഉസ്മാൻക്കയുടെ നർമം കലർന്ന പ്രതികരണം ഓർമയുണ്ട്: ''വിക്ടർ മഞ്ഞിലയാണ് റിയൽ സ്റ്റാർ. നമ്മളിങ്ങനെ കൂടെ നിൽക്കുന്നേയുള്ളൂ...''
ഉടൻ വന്നു ചിരിച്ചുകൊണ്ട് വിക്ടറിന്റെ മറുപടി: ''രവിമേനോന് അറിയാം ഉസ്മാൻക്കയില്ലെങ്കിൽ വിക്ടറും ഇല്ല എന്ന്.''
സത്യം. ആ പരസ്പരധാരണ, അസൂയാർഹമായ ആ കെമിസ്ട്രി, ഇന്ന് ചരിത്രത്തിന്റെ ഭാഗം.
1970കളിലും 80കളിലും കേരള ഫുട്ബാളിനെ ചുമലിലേറ്റി നടന്ന പ്രതിഭകൾ പലരും ഉസ്മാൻ കോയയുടെകൂടി സൃഷ്ടികളാണ് എന്നറിയുക; 'ശിൽപി' അത് സമ്മതിച്ചുതരാൻ ഇടയില്ലെങ്കിലും. ''ഓരോ കളിക്കാർക്കും ഓരോ നിയോഗമുണ്ട്. എന്റെ പിന്തുണയില്ലെങ്കിലും അവരെല്ലാം വലിയ കളിക്കാരായി വളർന്നേനെ. ഞാൻ ആ വളർച്ചക്ക് ഒരു നിമിത്തമായി എന്ന് മാത്രം'' - ഉസ്മാൻക്ക പറയും.
വിക്ടർ മഞ്ഞില, ദേവാനന്ദ്, ഡോ. മുഹമ്മദ് ബഷീർ, രത്നാകരൻ, ഹമീദ്, പൗലോസ്, ഇട്ടി മാത്യു, സി.എം. രഞ്ജിത്ത്, കെ.എഫ്. ബെന്നി, സോളി സേവ്യർ, പാപ്പച്ചൻ, ഷറഫലി, ജോ പോൾ അഞ്ചേരി... നിശ്ചയദാർഢ്യവും അർപ്പണബോധവും സത്യസന്ധതയും മുഖമുദ്രകളായ 'ഉസ്മാൻകോയ സ്കൂളി'ൽ തേച്ചുമിനുക്കപ്പെട്ട പ്രതിഭകളുടെ നിര ഇനിയും നീളും.
ഏഴാം വയസ്സിൽ അപ്രതീക്ഷിതമായി പിണഞ്ഞ ഒരു വീഴ്ചയാണ് ഉസ്മാൻക്കയുടെ ഇടംകൈക്ക് വിനയായത്. വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കേറ്റ ഭാഗം മുറിച്ചു മാറ്റാതെ നിവൃത്തിയില്ല എന്നായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്ത്. കൂട്ടത്തിലൊരാൾ മാത്രം ഒരു പരീക്ഷണത്തിന് തയാറായി –ഡോ. യു.ജി. മേനോൻ. സുദീർഘമായ ശസ്ത്രക്രിയയിലൂടെ ഉസ്മാന്റെ കൈ ചില്ലറ പോറലുകളോടെ രക്ഷിച്ചെടുത്തത് മേനോനാണ്. പെരുവിരലും കുറച്ചു മാംസവും നഷ്ടപ്പെട്ടു എന്നൊരു ദുഃഖം മാത്രം. പക്ഷേ, ആ നഷ്ടങ്ങൾപോലും കളിക്കളത്തിൽ 'നേട്ട'ങ്ങളാക്കി മാറ്റുകയായിരുന്നു ഉസ്മാൻകോയ.
''സെന്റ് ജോസഫ്സ് സ്കൂളിൽ പഠിക്കുന്ന കാലത്ത് പതിവായി ടി.പി. ആന്റണി മാഷിന്റെ കോച്ചിങ് ക്യാമ്പ് കാണാൻ പോകും. കളിയോടുള്ള ഭ്രമംകൊണ്ടാണ്.'' -ഉസ്മാൻക്കയുടെ ഓർമ. ഒരിക്കൽ ചെന്നപ്പോൾ കുട്ടികളെ ഹെഡിങ് പഠിപ്പിക്കുകയാണ് മാഷ്. കണ്ടുനിന്ന ഉസ്മാനും ഒരു കൈ നോക്കാൻ മോഹം. പയ്യന്റെ മുഖത്തു നിന്ന് ഉള്ളിലെ കളിക്കമ്പം തിരിച്ചറിഞ്ഞ മാഷ് അവന്റെ മുന്നിലേക്ക് പന്ത് ഉയർത്തിയിട്ടു കൊടുക്കുന്നു. അപ്രതീക്ഷിതമായിരുന്നു ആ പരീക്ഷണമെങ്കിലും ഉസ്മാൻ പതറിയില്ല. ഒരൊറ്റ കുതിപ്പിന് പന്തിൽ തലവെക്കുന്നു അവൻ. കൃത്യതയാർന്ന ഒരു ഹെഡർ.
ആ ഒരൊറ്റ നിമിഷമാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതെന്നു പറയും ഉസ്മാൻകോയ. പിറ്റേന്ന് മുതൽ മുതിർന്നവർക്കൊപ്പം പരിശീലനത്തിൽ പങ്കുകൊള്ളാൻ ഉസ്മാനെ അനുവദിക്കുന്നു ആന്റണി മാഷ്. കളിക്കളത്തിൽ ഉസ്മാൻ കോയയുടെ വീരഗാഥ തുടങ്ങിയിരുന്നതേയുള്ളൂ.
മലബാർ ക്രിസ്ത്യൻ കോളജ് വിദ്യാർഥിയായിരിക്കേ തുടർച്ചയായി അഞ്ചു വർഷം യൂനിവേഴ്സിറ്റി കുപ്പായം. തുടർന്ന് സംസ്ഥാന ജൂനിയർ, സീനിയർ ടീമുകൾക്കും കളിച്ചശേഷം കളിക്കളം വിട്ട ഉസ്മാൻകോയ 1969ലാണ് പട്യാല എൻ.ഐ.എസിൽനിന്ന് ഒന്നാം റാങ്കോടെ കോച്ചിങ് ബിരുദം നേടിയത്. ഗുരു, സാക്ഷാൽ ഒളിമ്പ്യൻ കിട്ടു.
അടുത്ത വർഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പരിശീലകനായി ചുമതലയേൽക്കുന്നു അദ്ദേഹം. മറ്റൊരു ജൈത്രയാത്രയുടെ കിക്കോഫ്. കാലിക്കറ്റിനെ ഏഴു തവണ അഖിലേന്ത്യാ അന്തർസർവകലാശാല കിരീടത്തിലേക്കും 18 തവണ ദക്ഷിണമേഖലാ ചാമ്പ്യൻഷിപ്പിലേക്കും നയിച്ചശേഷമായിരുന്നു പരിശീലകവേഷത്തിൽനിന്നുള്ള പിൻവാങ്ങൽ. അരനൂറ്റാണ്ടു മുമ്പ് 1971-72ൽ കാലിക്കറ്റ് ആദ്യമായി അന്തർ സർവകലാശാലാ ജേതാക്കളാകുമ്പോൾ അമരത്തുണ്ടായിരുന്ന മുപ്പത്തൊന്നുകാരന് ഇന്ന് പ്രായം 82.
ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന വിജയം ഏതെന്ന് ചോദിച്ചിട്ടുണ്ട് ഉസ്മാൻക്കയോട്. 1973-74ൽ പട്യാലയിൽ നടന്ന അന്തർ സർവകലാശാലാ ചാമ്പ്യൻഷിപ് എന്നായിരുന്നു ഉത്തരം. ഉത്തരേന്ത്യൻ മണ്ണിൽ കാലിക്കറ്റിന്റെ ആദ്യ അഖിലേന്ത്യാ വിജയം എന്നത് മാത്രമല്ല കാരണം. പ്രതികൂല കാലാവസ്ഥ ഉൾപ്പെടെ പല കടുത്ത വെല്ലുവിളികളും അതിജീവിച്ചു നേടിയ കിരീടംകൂടിയായിരുന്നു അത്.
ഫുട്ബാളാണ് ഉസ്മാൻക്കക്ക് എല്ലാം. ചീറിപ്പായുന്ന പന്തിന്റെ മൂളക്കം ഹൃദയസംഗീതമായി കൊണ്ടുനടക്കുന്ന അസ്സൽ കോഴിക്കോട്ടുകാരൻ. ''ഫുട്ബാൾ ജീവിതംതന്നെയാണെനിക്ക്. അവസാന ശ്വാസംവരെ അതെന്റെ രക്തത്തിലുണ്ടാവും'' -ഉസ്മാൻക്ക പറയും.
എനിക്കും ഉൾക്കൊള്ളാൻ കഴിയും ആ വാക്കുകൾ. എനിക്ക് മാത്രമല്ല, കാൽപന്തിന്റെ മനംമയക്കുന്ന ഈണം ഇടനെഞ്ചിൽ ലഹരിയായി കൊണ്ടുനടക്കുന്ന ആർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.