വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച ‘മുസ്ലിം’ മാസികയുടെ ചരിത്രദൗത്യങ്ങളും ഇടപെടലുകളും പരിശോധിക്കുന്നു. 1906 ജനുവരി മുതൽ 1930 ജൂൺ വരെ ഇടക്ക് നിലച്ചും ഇടക്ക് കുതിച്ചും ഇടക്കിടക്ക് കിതച്ചും 25 വർഷത്തോളം എങ്ങനെയാണ് ‘മുസ്ലിം’ നിലനിന്നത്? പത്രപ്രവർത്തന ചരിത്രത്തിൽപോലും വേണ്ടവിധം രേഖപ്പെടുത്താത്ത ഒരു അധ്യായംഅന്വേഷിക്കുകയാണ് ചരിത്രകാരനായ ലേഖകൻ.
കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന് അച്ചടിയുടെ വ്യാപനമാണ്. അച്ചടിസംസ്കാരം (Print Culture) തുറന്നുനൽകിയ വഴിയിലൂടെ ജനസാമാന്യങ്ങളുടെ ഇടയിലേക്ക് കടന്നുകയറാൻ സാമൂഹിക പരിഷ്കർത്താക്കൾക്ക് സാധിച്ചു. വിവിധ സമുദായങ്ങളുടെ ഇടയിൽ പരിഷ്കരണ ആശയങ്ങൾ തുറന്നുനൽകുന്നതിനുവേണ്ടി നിലനിന്ന പത്രികകളായിരുന്നു ‘നസ്രാണി ദീപിക’ (1887), ‘സുജനാനന്ദിനി’ (1891), ‘മലയാളി’ (1901), ‘വിവേകോദയം’ (1904), ‘മുസ്ലിം’ (1906), ‘സാധുജന പരിപാലിനി’ (1911), ‘കേരള കൗമുദി’ (1911) തുടങ്ങിയവ. നവോത്ഥാന കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ ചെറുതല്ലാത്ത സംഭാവന നൽകിയവയായിരുന്നു ഇത്തരം പത്രികകൾ.
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ഇടയിൽ അന്ധവിശ്വാസ നിർമാർജനം, അനാചാര ധ്വംസനം, വിദ്യാഭ്യാസ അഭിവൃദ്ധി എന്നിവ ലക്ഷ്യംെവച്ച് വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച ‘മുസ്ലിം’ മാസിക വിവിധ ദശാസന്ധികളിലൂടെ പരിണമിച്ച് അതിന്റെ ഉദ്യമങ്ങൾ പൂർണതയിലേക്ക് എത്തിച്ചുവെന്നുവേണം കരുതാൻ. 1906 ജനുവരി മുതൽ 1930 ജൂൺ വരെ ഇടക്ക് നിലച്ചും ഇടക്ക് കുതിച്ചും ഇടക്കിടക്ക് കിതച്ചും 25 വർഷത്തോളം നിലനിന്ന ഒരു പത്രികയായിരുന്നു ‘മുസ്ലിം’. ഈ കാലയളവിൽ വിവിധ മാനേജ്മെന്റുകളുടെ കീഴിൽ വിവിധ പത്രാധിപന്മാരുടെ പരിലാളനയിൽ മാസികയായും വൃത്താന്തപത്രമായും വിവിധരൂപത്തിൽ ‘മുസ്ലിം’ നടന്നുവന്നു. 1906 ജനുവരി ഒന്നിന് തിരുവനന്തപുരം വക്കത്തുള്ള ‘സ്വദേശാഭിമാനി’ പ്രസിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രത്തിന്റെ നയപ്രഖ്യാപനത്തിൽതന്നെ സമുദായ പരിഷ്കരണമാണ് ലക്ഷ്യമെന്ന് പ്രസ്താവിക്കുന്നുണ്ട്: ‘‘സമുദായത്തിൽ ആവശ്യപ്പെട്ട പരിഷ്കാരങ്ങൾ ഇന്നവയെന്ന് പറഞ്ഞ് അതതു വർഗക്കാർക്കു മനസ്സിലാക്കി കൊടുക്കുകയും, ആ വഴിയായി കഴിയുന്നിടത്തോളം പരിഷ്കാരം വരുത്തുകയും ചെയ്യുന്നതിൽ ആദ്യം ശ്രമിക്കാമെന്നുള്ളതാണ്. കേരളത്തിലെ പല ജാതിക്കാരും അവരവരുടെ അഭിവൃദ്ധിക്കായി വേണ്ടത് പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്ന ഈ കാലത്ത് മുസൽമാന്മാർക്ക് ഇങ്ങനെ ഒരുദ്യമം അത്യന്താവശ്യമാകുന്നു.”[1]
വക്കം മൗലവിയുടെ ഉടമസ്ഥതയിൽ രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്ന ‘സ്വദേശാഭിമാനി’ പത്രമായും സമുദായ പരിഷ്കരണാശയങ്ങൾ നിറഞ്ഞ ‘മുസ്ലിം’ മാസികയായും ഒരേസമയം പ്രവർത്തിച്ചു. മുസ്ലിംകളുടെ ഇടയിൽ നവോത്ഥാനത്തിനുള്ള പരിശ്രമങ്ങൾ ഉൾച്ചേർന്നുവരുന്ന ആശയങ്ങളിലൂടെ ‘മുസ്ലി’മിന് വിവിധ കോണുകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. സമകാല സാംസ്കാരിക - സാഹിത്യ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന പ്രഗല്ഭരായിരുന്നു അതിലേക്ക് ആവശ്യമായ രചനകൾ നൽകിവന്നിരുന്നത്. വക്കം മൗലവിയുടെയും അനുയായികളുടെയും നവോത്ഥാന ചിന്തകൾകൊണ്ട് സമ്പന്നമായിരുന്നു പല ലക്കങ്ങളും. പൊതുവെ കേരളത്തിൽ അങ്ങോളമിങ്ങോളം മലയാളി മുസ്ലിംകൾ പാർത്തുവന്നിരുന്ന സ്ഥലങ്ങളിൽ ‘മുസ്ലി’മിന്റേതായി ധാരാളം ആരാധകരെ സൃഷ്ടിക്കാൻ മൗലവിക്ക് കഴിഞ്ഞു. ‘സ്വദേശാഭിമാനി’ പത്രത്തിന്റെ നിരോധനം പിൽക്കാലത്ത് ‘മുസ്ലി’മിന്റെ പ്രസിദ്ധീകരണ കാര്യങ്ങളിൽ തിരുവിതാംകൂർ സർക്കാറിന്റെ നിരീക്ഷണവും ഇടപെടലുകളും ശക്തിപ്പെടുത്താൻ കാരണമായിട്ടുണ്ട്. അതുപോലെ മലബാർ കലാപകാലത്ത് ‘മുസ്ലിം’ പ്രസിദ്ധീകരിച്ച ചില വിമർശന കുറിപ്പുകൾ പത്രത്തിനെതിരെയുള്ള ബ്രിട്ടീഷ് ഇടപെടലിനും കാരണമായിട്ടുണ്ട്. അത്തരത്തിലുള്ള ചില നീക്കങ്ങളാണ് ഇവിടെ തുടർന്ന് പ്രതിപാദിക്കുന്നത്.
1910 സെപ്റ്റംബർ 26ന് ‘സ്വദേശാഭിമാനി’ പത്രവും അച്ചുകൂടവും തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടിയതോടെ അതേ മാനേജ്മെന്റിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ‘മുസ്ലിം’ നിലച്ചു. 1912ൽ പുനഃപ്രസിദ്ധീകരണം ആരംഭിെച്ചങ്കിലും പത്രത്തിന്റെ ഉടമസ്ഥതയും പ്രസാധനവും തുടർന്നുകൊണ്ടുപോകാൻ മൗലവി വളരെയധികം ബുദ്ധിമുട്ടി. മാത്രമല്ല, നിരന്തരം ‘മുസ്ലിം’ മാസികയുടെ മേൽ സർക്കാറിന്റെ ദൃഷ്ടി പതിഞ്ഞുകൊണ്ടുമിരുന്നു. മിക്കപ്പോഴും ‘മുസ്ലി’മിന്റെ താളുകളിൽ പ്രത്യക്ഷപ്പെടുന്ന വസ്തുതകൾ എന്താണെന്ന് അറിയാൻ സർക്കാർ താൽപര്യം കാണിച്ചു. 1913 ഡിസംബർ 22ന് ഇന്റലിജൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഹെഡ് ട്രാൻസ് ലേറ്ററോട് ‘മുസ്ലി’മിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ പ്രകൃതത്തെ കുറിച്ചറിയാനും രാഷ്ട്രീയകാര്യങ്ങളോ പൊതു വാർത്തകളോ ഉൾപ്പെട്ടുവരുന്നുണ്ടോ എന്നറിഞ്ഞ് റിപ്പോർട്ട് നൽകാനും ദിവാൻ പേഷ്കാർ ആവശ്യപ്പെടുകയുണ്ടായി.
[2] 1914 ഏപ്രിൽ 4ന് ഇതുസംബന്ധമായ അന്വേഷണ റിപ്പോർട്ട് ഹെഡ് ട്രാൻസ് ലേറ്റർ സർക്കാറിന് സമർപ്പിച്ചു. അതിൽ ‘മുസ്ലിം’ മാസിക രാഷ്ട്രീയമായ ഒന്നും പ്രസിദ്ധീകരിച്ച് വരുന്നില്ല എന്നു മാത്രമല്ല, അതിൽ ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളുടെ സാമൂഹിക-സാംസ്കാരിക ഇടപെടലുകളെക്കുറിച്ചുമുള്ള വിഭവങ്ങൾ മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്നും മറുപടി നൽകി. 1916-17 കാലഘട്ടത്തിൽ ‘മുസ്ലിം’ പ്രസിദ്ധീകരിച്ച വാർത്തകളൊക്കെതന്നെ സമുദായത്തിന്റെ അഭിവൃദ്ധി ലക്ഷ്യംെവച്ചുള്ളവയായിരുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും നടന്നുവന്ന പരിഷ്കരണ ഉദ്യമങ്ങളും സംഘടനകളുടെ രൂപവത്കരണവും സർക്കാർ വിദ്യാഭ്യാസ കാര്യങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളും ശാസ്ത്രലോകത്തെ പുതിയ പ്രവണതകളും മതപരിഷ്കരണങ്ങളും എല്ലാം ലേഖനങ്ങളായി വന്നുകൊണ്ടിരുന്നു. എന്നിരുന്നാലും ഇടക്കിടക്ക് ‘മുസ്ലി’മിന്റെ മേൽ സർക്കാറിന്റെ ശ്രദ്ധയുണ്ടായിട്ടുണ്ട്.
തിരുവിതാംകൂർ പത്ര റെഗുലേഷൻ അനുസരിച്ച് ഓരോ പത്രത്തിന്റെയും മേൽനോട്ട ചുമതല ജില്ല മജിസ്ട്രേറ്റിനായിരുന്നു. 1917 സെപ്റ്റംബർ 10ന് തിരുവിതാംകൂർ ചീഫ് സെക്രട്ടറി ജില്ല മജിസ്ട്രേറ്റിനോട് ‘മുസ്ലിം’ എന്ന പത്രികയെക്കുറിച്ച് അത് മുസ്ലിം സമുദായത്തിൽ വരുത്തിക്കൊണ്ടിരിക്കുന്ന ചലനങ്ങളെക്കുറിച്ചും റിപ്പോർട്ട് തേടി. അടിയന്തര റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായി വന്ന അന്വേഷണത്തിൽ ‘സ്വദേശാഭിമാനി’ പത്രം സംബന്ധിച്ച ചില വിവരങ്ങൾകൂടി കടന്നുവന്നു – ‘സ്വദേശാഭിമാനി’ പത്രത്തിന്റെ ഭാഗമായിരുന്ന വ്യക്തിയാണോ ഇപ്പോൾ ‘മുസ്ലിം’ പത്രം നടത്തുന്നത് എന്ന നിലയിലേക്കാണ് അന്വേഷണം വന്നത്.
1922 സെപ്റ്റംബർ 14ന് പുറത്തുവന്ന ‘മുസ്ലിം’. ഇതിലാണ് ‘വടക്കൻ കത്ത്’ എന്ന പേരിൽ ബ്രിട്ടീഷ് വിരുദ്ധ ലേഖനം വന്നത്
1917 ഒക്ടോബർ 28ന് ഇതേ അന്വേഷണക്കുറിപ്പിൽ പ്രസ്തുത കാര്യങ്ങൾ രേഖപ്പെടുത്തിയത്: ‘‘അന്തരിച്ച രാമകൃഷ്ണപിള്ള നടത്തിയിരുന്ന ‘സ്വദേശാഭിമാനി’ അച്ചടിച്ച വക്കത്തെ പ്രസിൽനിന്നാണോ ‘മുസ്ലിം’ പത്രിക അച്ചടിക്കുന്നത്? അതിന്റെ നടത്തിപ്പുകാരന് പഴയ രേഖകളിൽ പറയുന്ന കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?’’ എന്ന രീതിയിലായിരുന്നു. അതിനു ലഭിച്ച മറുപടിയിൽ, “മുസ്ലിം മാസികയുടെ അച്ചടിയും പ്രസാധനവും മുഹമ്മദ് കുഞ്ഞ് എന്ന വ്യക്തിയാണ് നടത്തുന്നത്. മുസ്ലിം സമുദായത്തിൽപെട്ട സമ്പന്നനും മതപണ്ഡിതനുമായ അദ്ദേഹത്തിന് ‘സ്വദേശാഭിമാനി’ അച്ചുകൂടം നടത്തിവന്നിരുന്നവരുമായി ബന്ധമുണ്ട്. എന്നാൽ, ‘സ്വദേശാഭിമാനി’യുടെ അച്ചടിയുമായി ബന്ധപ്പെട്ട പഴയകാല രേഖകളിൽ അദ്ദേഹത്തിനെതിരെ ഒന്നുംതന്നെ പറഞ്ഞുകാണുന്നില്ല.’’[3]
1917 ആഗസ്റ്റ് 26 മുതൽ തുടക്കത്തിൽ മാസികയായി നടന്നുവന്നിരുന്ന ‘മുസ്ലിം’ മാസത്തിൽ മൂന്ന് എന്ന നിലയിൽ പ്രസാധനം പുനഃക്രമീകരിച്ചു. പത്രമാധ്യമങ്ങളുടെ നടത്തിപ്പിൽ വരുന്ന മാറ്റങ്ങൾ അതത് സമയങ്ങളിൽ ജില്ല മജിസ്ട്രേറ്റിന് സത്യവാങ്മൂലത്തിലൂടെ ബോധ്യപ്പെടുത്തണം എന്ന നിയമം തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നു. 1904ലെ (1079 ME) റെഗുലേഷൻ II അനുച്ഛേദം 10 പ്രകാരം പത്രമാധ്യമങ്ങൾക്ക് അതത് കാലങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ജില്ല മജിസ്ട്രേറ്റ് മുമ്പാകെ നടത്തിപ്പുകാർ സാക്ഷ്യപത്രത്തിൽ എഴുതിനൽകണമെന്നാണ് വ്യവസ്ഥ. ഇതിൻപ്രകാരം ‘മുസ്ലിം’ പ്രസിദ്ധീകരണം മാറ്റുന്നത് സംബന്ധിച്ച് 1917 ആഗസ്റ്റ് മാസത്തിൽ (കൊ.വ. 1093 ചിങ്ങം 6) മുഹമ്മദ് കുഞ്ഞ് നൽകിയ സത്യപ്രസ്താവനയിൽ പറയുന്നത്: ‘‘കടയ്ക്കാവൂർ അധികാരത്തിൽ വക്കം ദേശത്ത് കിഴക്കേ മുള്ളുവിളാകത്തു സ്ഥാപിച്ചിരിക്കുന്ന ‘മുസ്ലിം’ പ്രസിൽനിന്നും മാസിക പത്ര ഗ്രന്ഥമായി ഞാൻ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിവന്നിരിക്കുന്നതും ഇയാണ്ട് ചിങ്ങമാസം 16 മുതൽ മാസത്തിൽ മൂന്നുതവണ വീതം വർത്തമാനപത്രമായി ടി പ്രസിൽ നിന്നുതന്നെ അച്ചടിച്ച് പ്രസിദ്ധപ്പെടുത്താൻ പോകുന്നതുമായ ‘മുസ്ലിം’ എന്ന വർത്തമാനപത്രത്തിന്റെ അച്ചടികാരനും പ്രസാധകനും ടി വക്കത്തു മണക്കാട്ടിൽ അലിയാരു കുഞ്ഞു മുഹമ്മദ് കുഞ്ഞായ ഞാൻ തന്നെയാകുന്നു.’’ ‘മുസ്ലി’മിന്റെ ഈ ഘട്ടം വളരെ ക്ലേശകരമായിരുന്നു. എന്നിരുന്നാലും വക്കം മൗലവിയുടെ ആശയങ്ങൾക്കുവേണ്ട അംഗീകാരം ലഭിച്ചുതുടങ്ങിയ അക്കാലത്ത് മലയാളി മുസ്ലിംകളിൽ അക്ഷരജ്ഞാനമുള്ള ബഹുഭൂരിപക്ഷവും ‘മുസ്ലി’മിന്റെ ആരാധകരായിത്തീർന്നു.
1091 തുലാം (1916) മാസത്തിലെ ‘മുസ്ലിം’ മാസിക. തിരുവനന്തപുരം ശ്രീചിത്ര ഗ്രന്ഥശാലയിൽ സൂക്ഷിച്ചിട്ടുള്ളത്
യാഥാസ്ഥിതികരായ വലിയൊരു വിഭാഗം അതിന്റെ എതിരാളികളായും നിലനിന്നിരുന്നു. രണ്ടു വർഷത്തോളം കുതിച്ചും കിതച്ചും പത്രിക മുന്നോട്ടുപോയി. ക്രമേണ മാസത്തിൽ മൂന്നു ലക്കങ്ങൾ പുറത്തിറക്കുകയെന്നത് വളരെ ശ്രമപ്പെട്ട ഒന്നായി മാറി. എല്ലാവിധത്തിലും ബുദ്ധിമുട്ട് ഏറിയ വേളയിൽ പത്രികയെ നിലനിർത്തുന്നതിനുള്ള പുതുവഴികളും സംഘാടകർ ആലോചിച്ചുകൊണ്ടിരുന്നു. വക്കം മൗലവിയുടെ ആശയങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചുവന്നിരുന്ന ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ സംഘത്തിന്റെ സഹായം ഈ അവസരത്തിൽ ‘മുസ്ലി’മിന് ലഭിച്ചു. തുടർന്ന് 1919 ഒക്ടോബറിൽ വക്കത്തുനിന്ന് പ്രസിദ്ധീകരണം ആലപ്പുഴയിലേക്ക് മാറ്റാൻ മൗലവിയും അനുയായികളും തീരുമാനിച്ചു.
‘മുസ്ലി’മിന്റെ ആലപ്പുഴ കാണ്ഡo
തിരുവിതാംകൂറിലെ ആദ്യത്തെ മുസ്ലിം പുരോഗമന പ്രസ്ഥാനമായി കണക്കാക്കാവുന്ന ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ സംഘത്തിന് (1914) സ്വന്തമായൊരു അച്ചുകൂടം ആരംഭിക്കുന്നതിനുള്ള ആഗ്രഹമുണ്ടായിരുന്നു. പുതിയ അച്ചടി പ്രസാധനശാല വരുന്നതുവരെ ‘കേരളസന്താനം’ പ്രസിൽനിന്നും ‘മുസ്ലിം’ അച്ചടിച്ചു. 1920 ഫെബ്രുവരി 11 ന് (കൊ.വ. 1095 മകരം 26) ലജ്നത്തുൽ മുഹമ്മദിയ്യയുടെ ജോയന്റ് സെക്രട്ടറിയും ആലപ്പുഴ മുൻസിഫ് കോടതി വക്കീലുമായിരുന്ന പി.എസ്. മുഹമ്മദിന്റെ കാര്യദർശിത്വത്തിൽ ‘മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി’ എന്ന പേരിൽ ഒരു അച്ചുകൂടം 50,000 രൂപ മൂലധനം െവച്ചുകൊണ്ട് ജോയന്റ് സ്റ്റോക്ക് കമ്പനിയായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. [4] തുടർന്ന് ‘മുസ്ലി’മിന്റെ അച്ചടി പുതിയ പ്രസിലേക്ക് മാറ്റി. ഇതുസംബന്ധമായി പ്രസ് കാര്യദർശി പി.എസ്. മുഹമ്മദ് 1920 മേയ് 3ന് (കൊ.വ. 1095 മിഥുനം 2) മജിസ്ട്രേറ്റിന് നൽകിയ സത്യവാങ്മൂലത്തിൽ പ്രസ്താവിക്കുന്നത്: ‘‘പുസ്തകങ്ങൾ മുതലായവ അച്ചടിക്കുന്നതിന് മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി എന്ന പേരോടുകൂടി ഒരു പ്രസ് കൊല്ലം ഡിവിഷനിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പ്രവൃത്തിയിൽ ടി മുറിയിൽ ആശുപത്രി റോഡിന് തെക്കു വരട്ടുച്ചത്തുറ റോഡിനു കിഴക്കു നവറോജി വക സ്ഥലത്തിനു വടക്കു ഇടവഴിക്കു മേക്കുള്ള വസ്തുവിൽ ലജ്നത്തുൽ മുഹമ്മദിയ്യ വക പുരയിടത്തിൽ ടി കമ്പനി മാനേജിങ് സെക്രട്ടറിയായ ആലപ്പുഴ മുൻസിഫ് കോർട്ട് വക്കീൽ ചേർത്തല താലൂക്ക് ആര്യാടു പ്രവൃത്തിയിൽ തെക്കനാര്യാട്ടു മുറിയിൽ പുത്തൻവീട്ടിൽ പി.എസ്. മുഹമ്മദായ ഞാൻ ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.’’ [5]
1920 മുതൽ എ. മുഹമ്മദ് കുഞ്ഞിന്റെ പത്രാധിപത്യത്തിൽ ആലപ്പുഴയിൽനിന്നും ‘മുസ്ലിം’ പ്രതിവാര പത്രമായി പുറത്തുവന്നു തുടങ്ങി. ലജ്നത്തുൽ മുഹമ്മദിയ്യയുടെ സഹായത്താൽ പ്രവർത്തിച്ചുവന്നിരുന്ന പത്രത്തിന് കൂടുതൽ അഭിവൃദ്ധി നേടാൻ സാധിച്ചു. കുറച്ചു നാളുകൾക്കകം ആഴ്ച പത്രം (വ്യാഴാഴ്ചയിൽ) എന്നത് ആഴ്ചയിൽ രണ്ടുവീതമുള്ള പത്രം (എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും) എന്ന നിലയിലേക്ക് പ്രസിദ്ധീകരണം മാറി. ‘സ്വതന്ത്ര മുസ്ലിം പത്രം’ (An Independent Muslim Organ) എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു ‘മുസ്ലിം’ പത്രികയുടെ പ്രസിദ്ധീകരണം നടന്നത്. ഇക്കാലത്ത് സംഭവിച്ച പൗരസമത്വവാദ പ്രക്ഷോഭം (1918-22), മലബാർ കലാപം (1921-22) എന്നിങ്ങനെ പല കാര്യങ്ങളിലും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ നടത്താൻ പത്രത്തിന് സാധിച്ചു. 1922ന്റെ അവസാനത്തോടെ മുഹമ്മദ് കുഞ്ഞ് പത്രാധിപസ്ഥാനം ഒഴിയുകയും എ.എം. അബ്ദുൽ ഖാദർ (1922-23) പുതിയ പത്രാധിപരായി വരുകയും ചെയ്തു. പുതിയ പല മാറ്റങ്ങളും കൊണ്ടുവരുന്നതിന് അദ്ദേഹം പരിശ്രമിച്ചു. കുറച്ചുനാളുകൾക്കുശേഷം ഉന്നതപഠനത്തിനായി അലീഗഢിലേക്ക് പോകേണ്ടിവന്നതിനാൽ അബ്ദുൽ ഖാദർ പത്രാധിപസ്ഥാനം ഒഴിഞ്ഞു. തുടർന്ന് ഗംഗാധരൻ ഉണ്ണിത്താൻ (1923- 24) പത്രാധിപസ്ഥാനത്തേക്ക് വന്നു. [6] സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വാർത്തകൾ ചർച്ചചെയ്തു വന്ന പത്രം പ്രതിവാരം 750 കോപ്പികളോളം അച്ചടിച്ച് വിതരണം ചെയ്തുവന്നു. തിരുവിതാംകൂറിൽ മാത്രമല്ല, മലബാർ പ്രദേശങ്ങളിലും ‘മുസ്ലിം’ പത്രികക്ക് നല്ല പ്രചാരണം ലഭിച്ചു. (1921 നവംബർ 17ലെ ‘മുസ്ലി’മിന്റെ ഒരു കോപ്പി തിരുന്നാവായയിലെ ഒരു സമ്പന്ന കുടുംബത്തിൽനിന്നും 2022ൽ കണ്ടെടുത്തത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കാം.)
നിരവധി പ്രൗഢഗംഭീരമായ എഡിറ്റോറിയൽകൊണ്ട് ‘മുസ്ലിം’ പത്രത്തെ പത്രാധിപൻമാർ സമ്പന്നമാക്കി. മാത്രമല്ല, മുസ്ലിംകളുടെ ഇടയിൽ പരിഷ്കാര പരിശ്രമങ്ങൾ നടത്തുന്നവരുടെ വാക്കുകൾക്ക് പത്രം പ്രാധാന്യം നൽകിയിരുന്നു. മുസ്ലിം സമുദായത്തെ വിദ്യാഭ്യാസ-വൈജ്ഞാനിക രംഗത്തേക്ക് നയിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ പത്രം നടത്തി. തുടക്കക്കാലം മുതൽ വക്കം മൗലവി ആഗ്രഹിച്ചിരുന്ന പ്രവർത്തനപാത പിന്തുടരുന്നതിന് ‘മുസ്ലിം’ പരിശ്രമിച്ചു. എന്നാൽ, 1926ൽ സാമ്പത്തിക പ്രതിസന്ധിമൂലം പത്രത്തിന്റെയും പ്രസിന്റെയും പ്രവർത്തനം നിലച്ചു. ലജ്നത്തിന്റെ പ്രവർത്തകർ മറ്റൊരു പ്രസിൽനിന്ന് പത്രിക പ്രസിദ്ധീകരിക്കുന്നതിന് ആഗ്രഹിച്ചു. പല കോണിൽനിന്നും നിരന്തരം ആവശ്യം പുറപ്പെട്ടുവന്നതോടെ കൊ.വ. 1095ൽ (1929-30) പി.എസ്. മുഹമ്മദ് എഡിറ്ററായി ‘മുസ്ലിം’ മാസികയായി പുനഃപ്രസിദ്ധീകരണം ആരംഭിച്ചു. എന്നാൽ, സാമ്പത്തിക ക്ലേശത്താൽ മുന്നോട്ടുപോകാൻ സാധിക്കാതെ 1930 ജൂണിൽ (1106 ഇടവം) ‘മുസ്ലി’മിന്റെ വെളിച്ചം എന്നേക്കുമായി അണഞ്ഞു. എന്നാൽ, ആ വെളിച്ചം പകർന്നുനൽകിയ പാതയിലൂടെ അപ്പോഴേക്കും മുസ്ലിം സമുദായം വളരെ ദൂരം മുന്നേറിക്കഴിഞ്ഞിരുന്നു.
‘മുസ്ലിം’ പത്രത്തിനെതിരെ ബ്രിട്ടീഷ് നടപടിക്കു ശ്രമം
1922 സെപ്റ്റംബർ 14നും ഒക്ടോബർ 19നും ’വടക്കൻകത്ത്’ എന്ന പംക്തിയിൽ ‘വിദൂഷകൻ’ എന്ന പേരുവെച്ച് മലബാർ കലാപകാലത്തെ പൊലീസുകാരുടെ ദുർനടപടി വർണിക്കുന്ന കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു. ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥവൃന്ദത്തിനുമെതിരെ ശക്തമായ വിമർശനങ്ങൾ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ഇത്തരം പംക്തികൾ ആധുനിക പത്രത്തിന്റെ മുഖമുദ്രതന്നെയായി മാറിയിട്ടുണ്ട്. പണ്ടുകാലം മുതൽ ഇത്തരക്കാരെ തിരിച്ചറിയാൻ കഴിയാത്ത ‘വിദൂഷകൻ’, ‘ശനിയൻ’, ‘നാരദൻ’ എന്നിങ്ങനെയുള്ള പേരുകളിലായിരിക്കും പരിഹാസവും വിമർശനവും നടത്തുക. ഇതുവഴി പല പത്രങ്ങൾക്കെതിരെയും പത്രാധിപർക്കെതിരെയും നടപടികൾ വന്നിട്ടുണ്ട് എന്നതും ചരിത്രത്തിൽ കാണാം. നല്ല നർമബോധവും പാണ്ഡിത്യവും നിരീക്ഷണപാടവവും ഇത്തരം പംക്തികൾ തയാറാക്കുന്നവർക്ക് ആവശ്യമാണ്. 1922 സെപ്റ്റംബർ 14ന് വന്ന ‘വടക്കൻ കത്ത്’ ഇപ്രകാരമായിരുന്നു: ‘‘എന്താണങ്ങുന്നേ, ഓണം അല്ല. തിരുവോണംതന്നെ കഴിഞ്ഞുകൂടി. വട്ടങ്ങളുടെ മഹിമ പറഞ്ഞറിയിപ്പാൻ പ്രയാസം. ‘മുസ്ലിം’ വായനക്കാരുടെ സംതൃപ്തിക്കു വേണ്ടി അൽപമെങ്കിലും ഇവിടെ ഉദ്ധരിക്കാം -കാളൻ, സാമ്പാറു തോരൻ, രസ,മവിയലെരി ശ്ശേരി... ഇത്രത്തോളമേ ഞാൻ ഇവിടെ പറയുന്നുള്ളൂ. ഓണം പ്രമാണിച്ച് എനിക്ക് ഉണർത്തിക്കാനുള്ള ഒന്നു രണ്ട് സംഗതികൂടി പറയാതിരിക്കുന്നത് ഭംഗിയല്ല. അതിൽ ഒരുകൂട്ടരുടെ നമ്മുടെ പണിക്കരാശാന്റെ സമമാണെന്ന് ഓർത്താൽ മതി: ‘‘നാലഞ്ചുണ്ടു കിടാങ്ങളവർക്കില്ലൊരു കാശില്ലെൻ കരത്തിങ്കലിക്കാലത്തായവരെ പുലർത്തുവതിനായ്...’’
മൂന്നാമത്തെ കൂട്ടർ കഴിഞ്ഞകാലം പൊലീസ് ഇൻസ്പെക്ടർമാരും മറ്റു പ്രവൃത്തി എടുത്തവരുമാണ്. കഴിഞ്ഞ തിരുവോണനാളിൽ പലവിധ കാഴ്ചകളോടുകൂടി വന്നവർ ഇപ്പോൾ തിരിഞ്ഞുനോക്കുകകൂടി ചെയ്യുന്നില്ല. എന്താ ചെയ്യുക, അന്നത്തെ കാലമല്ലല്ലോ, ഈ മാർഷൽ നിയമവും പോയി, കേസ് ഉണ്ടാക്കിയാൽ സാക്ഷികൾക്കും പ്രയാസമല്ല. പൊലീസ് വർഗത്തിന് ലഭിച്ച ഭക്ഷണങ്ങളും സമ്പാദ്യങ്ങളുമെങ്ങനെ അടക്കിവെക്കണമെന്നറിവാൻ കഴിയാതെ പ്രയാസപ്പെടുന്നുണ്ടെന്നും ആ ബാധ്യത മുഴുവൻ യൂറോപ്യൻ ഉദ്യോഗസ്ഥർ ഏറ്റെടുത്തതായി മെസഞ്ചർ കൊടുത്തിരിക്കുന്നു... പൊലീസ് വീടുകളും മറ്റും പരിശോധിക്കുന്നതിനെ ഭയപ്പെട്ടും ജയിൽവാസം സ്വീകരിക്കേണ്ടിവരുമെന്നതിനെയും ലഹളക്കാലത്ത് സ്വയാർജിതമായ പണങ്ങളും പണ്ടങ്ങളും യൂറോപ്യൻ സി.ഐ.ഇ പക്കൽ ഏൽപിച്ചെന്നും അദ്ദേഹം ഇപ്പോൾ ഒരു രഹസ്യസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇപ്പോൾ ആ സ്ഥലവും കാര്യങ്ങളും പ്രാപ്തനായ ഒരു സബ് ഇൻസ്പെക്ടറുടെ സാമർഥ്യത്തോടെ പ്രവർത്തിപ്പാൻ അറിയാത്തതുകൊണ്ട് പ്രവൃത്തിയിൽനിന്നും പിരിെച്ചന്നും പൊലീസേമാൻ പ്രസ്താവിക്കുന്നു. വിദൂഷകനെതിരെ യുദ്ധംചെയ്യുവാൻ ഇവിടെയുള്ള ചില ദുർമൂർത്തികൾ ഒരു പ്രത്യേക പത്രാധിപരെ ഒരു പൊതു പണസമാഹാരത്തോടുകൂടി മലബാറിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വാഗൺ മരണം സംബന്ധിച്ച ഇന്ത്യാ ഗവൺമെന്റിന്റെ പ്രവൃത്തി വളരെ വിശേഷപ്പെട്ടതെന്നും അതിനു ഗവൺമെന്റിന് നേരെ നന്ദി കാണിക്കാൻ ഒരു പൊതുജനയോഗം കൂടുന്നതായും അറിയുന്നുണ്ട്. കുറ്റകരമായ ഉദാസീനതക്ക് ആൻറൂസ്സു അവകാശിയാണെങ്കിൽ എന്തുകൊണ്ടും ഹിച്ച്കോക്ക് സായിവും ഇവാൻ സായിവും അതിനർഹരല്ലേ? നാം എന്താചെയ്യുക, എല്ലാം അവരുടെ പ്രവൃത്തി അല്ലേ... വണ്ടിയിൽ മരണപ്പെട്ടവർ എഴുപതേയുള്ളൂ. മറ്റു മരണങ്ങൾക്ക് വല്ല ചോദ്യവും ഉത്തരവും ഉണ്ടോ? ആ കൂട്ടത്തിൽ ഇതിനെയും ഗണിച്ചേക്കാം. തൊല്ലയൊഴിഞ്ഞില്ലേ?’’ [7]
മലബാറിൽ നടന്ന പ്രക്ഷോഭകാലത്തെ ബ്രിട്ടീഷ് പൊലീസ് നടപടികളെ അതിരൂക്ഷമായി വിമർശിക്കുന്ന ഈ ആക്ഷേപഹാസ്യത്തെ ബ്രിട്ടീഷുദ്യോഗസ്ഥർ വളരെ ഗൗരവമായി തന്നെ കണ്ടു. മദ്രാസ് സർക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗം ഓരോ ആഴ്ചകളിലെയും വിവിധ ഭാഷാപത്രങ്ങളിൽനിന്നും ബ്രിട്ടീഷ് വിരുദ്ധ വാർത്തകൾ ശേഖരിച്ചവയിൽ പ്രധാനപ്പെട്ട ഒന്നായി ഇത് മാറി. 1922ലെ മദ്രാസ് വീക്കിലി ന്യൂസ് പേപ്പർ അബ്സ്ട്രാക്ട് നമ്പർ -38ൽ പ്രസ്തുത കുറിപ്പു സംബന്ധമായ വിശദമായ റിപ്പോർട്ട് വന്നു. വിമർശനത്തിൽ കടന്നുകൂടിയ സി.ഐ.ഇ എന്ന പരാമർശം (Companion of Indian Empire) ഹിച്ച്കോക്ക് സായിപ്പിനെ കുറിക്കുന്നതാണെന്ന് ഈ പത്രം വായിക്കുന്ന മലബാറുകാർക്ക് മനസ്സിലാകും. നല്ലനിലയിൽ ബ്രിട്ടീഷ് സേവനം നടത്തിവന്ന അദ്ദേഹത്തെ പോലുള്ളവരെ അവമതിക്കുന്ന ഇത്തരം പ്രസ്താവനകൾ കണ്ടില്ലെന്നു നടിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിയില്ല. ഇത് സംബന്ധമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി മദ്രാസ് സർക്കാർ തിരുവിതാംകൂറിലെ ബ്രിട്ടീഷ് െറസിഡന്റിന് കത്തുനൽകി. തിരുവിതാംകൂർ സർക്കാർ നിയമവൃത്തങ്ങളുമായി ആലോചിച്ച് ‘മുസ്ലിം’ പത്രത്തിനെതിരെ തിരുവിതാംകൂർ പീനൽകോഡ് സെഷൻ 503, 504, 505 പ്രകാരം നിയമനടപടി സ്വീകരിക്കുന്നതിനായി െറസിഡന്റിന്റെ ഓഫിസിൽനിന്നും കോൺഫിഡൻഷ്യൽ കത്ത് വന്നു.
1913ൽ ‘മുസ്ലിം’ രാഷ്ട്രീയ കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ടോ എന്നറിയിക്കാൻ അധികാരികൾ നടത്തിയ എഴുത്തുകുത്ത്
തുടർന്ന് 1922 ഒക്ടോബർ 19ന് മലബാർ പൊലീസിനെ പരിഹസിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച കുറിപ്പും ബ്രിട്ടീഷുകാരെ വെറിപിടിപ്പിച്ചു. അതിൽ പറയുന്നതിന്റെ രത്നച്ചുരുക്കം ഇപ്രകാരമായിരുന്നു: ‘‘കലാപകാരികൾ കൊള്ളയടിച്ചു എന്ന നിലയിൽ പൊലീസ് ഇൻസ്പെക്ടർമാർ വിവിധരീതിയിൽ കൈക്കലാക്കിയ ഉരുപ്പടികൾ കുഴിച്ചിടപ്പെട്ട നിലയിൽ ആയതിനാൽ അവ കണ്ടെടുക്കുന്നതിന് പുരാവസ്തു വകുപ്പിന്റെ സഹായം തേടുന്നതിന് നിയമസഭയിൽ ആവശ്യം ഉന്നയിക്കുന്നതിന് ഇടപെടൽ വേണം... മാർഷൽ നിയമം നിലനിന്ന കാലത്ത് പൊലീസുകാർ കാട്ടിക്കൂട്ടിയ കാര്യങ്ങൾ ഒന്നുംതന്നെ ക്രൂരതകളല്ലെന്നു സമർഥിക്കാൻ ഖാൻ സാഹിബുമാർ ഖാൻബഹദൂർമാരെ ഉപദേശിക്കുന്നു... ഇംഗ്ലീഷ് അനുയായികളായ ഉദ്യോഗസ്ഥർ ഹിച്ച്കോക്കിനെപ്പോലെ ജനങ്ങളുടെ സ്നേഹവും കരുതലും നേടിയെടുത്ത ഖാൻ ബഹദൂർമാർ കലാപത്തിന്റെ ചരിത്രത്തിൽ ഉണ്ടായിവന്നിട്ടുണ്ട്.’’ [8] പ്രസ്തുത കുറിപ്പും മദ്രാസിലെ ബ്രിട്ടീഷ് ഇന്റലിജൻസ് ശേഖരിക്കുകയും അതും തിരുവിതാംകൂർ അധികാരികളുടെ മുമ്പാകെ നിയമനടപടി സ്വീകരിക്കുന്നതിനായി െറസിഡന്റ് വഴി അയക്കുകയും ചെയ്തു. രണ്ട് കേസുകളും ഒരുമിച്ച് പരിശോധിക്കുന്നതിനും ഇത് സംബന്ധമായി നിയമവശങ്ങൾ നോക്കുന്നതിനുമായി തിരുവിതാംകൂർ ചീഫ് സെക്രട്ടറി അന്നത്തെ ഹെഡ് സർക്കാർ വക്കീൽ (ഇന്നത്തെ അഡ്വക്കേറ്റ് ജനറൽ) അനന്തറാവുവിന് അയച്ചുകൊടുത്തു. കാര്യങ്ങൾ ശ്രദ്ധാപൂർവം മനസ്സിലാക്കിയ അദ്ദേഹം തിരുവിതാംകൂർ സർക്കാറിന് പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ചില സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാർക്കെതിരെ വന്ന ആക്ഷേപങ്ങൾക്ക് ബ്രിട്ടീഷിന്ത്യൻ നിയമപ്രകാരം അവിടത്തെ കോടതിയെയാണ് സമീപിക്കേണ്ടിയിരുന്നത്. മലബാറിലെ വായനക്കാർ ഇതിനകം സി.ഐ.ഇ ഹിച്ച്കോക്ക് ആണെന്ന് മനസ്സിലാക്കിയിട്ടുണ്ടാകും, അതാദ്യംതന്നെ തടയേണ്ടിയിരുന്നു. അതിനായി ബ്രിട്ടീഷ് മലബാറിൽ ‘മുസ്ലി’മിന്റെ കോപ്പികൾ കടക്കുന്നതിനെ തടയിടുകയാണ് വേണ്ടിയിരുന്നത്. ഇനിയെങ്കിലും ഇത്തരം പെരുമാറ്റങ്ങൾക്ക് ബ്രിട്ടീഷ് നിയമം പാലിക്കുകതന്നെ വേണം. എന്നാൽ, തിരുവിതാംകൂർ നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാണ് നിലവിൽ െറസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവിതാംകൂറിനെ ബാധിക്കാത്ത ഒന്നായതിനാൽ തിരുവിതാംകൂർ നിയമവും ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ വന്നിട്ടുള്ളത്. മാത്രമല്ല, 1082ലെ (1907) തിരുവിതാംകൂറുമായുണ്ടാക്കിയ കുറ്റവാളികളെ കൈമാറൽ റെഗുലേഷൻ- I (Travancore Extradition Regulation) അനുച്ഛേദങ്ങൾ രണ്ട്, മൂന്ന് പ്രകാരം വേണം തിരുവിതാംകൂർ പ്രവർത്തിക്കാൻ എന്നും അദ്ദേഹം സർക്കാറിനെ ബോധ്യപ്പെടുത്തി. (അനുച്ഛേദം 2 പ്രകാരം ബ്രിട്ടീഷുകാർക്കെതിരെ ബ്രിട്ടീഷിന്ത്യക്കാരനോ നാട്ടുരാജ്യങ്ങളിലെ പ്രജയോ ആയ ഒരുവൻ കുറ്റംചെയ്തശേഷം തിരുവിതാംകൂറിൽ അഭയം തേടിയാൽ അവനെ കണ്ടെത്തി അറസ്റ്റുചെയ്ത് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാൻ െറസിഡന്റിന് ആവശ്യപ്പെടാം. അനുച്ഛേദം 3 പ്രകാരം ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ കീഴടങ്ങാൻ അത്തരക്കാരോട് ആവശ്യപ്പെടാം).
1919ൽ ആലപ്പുഴയിലെ ‘കേരള സന്താനം’ പ്രസിൽനിന്ന് ‘മുസ്ലിം’ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പത്രാധിപർ എ. മുഹമ്മദ് കുഞ്ഞ് കൊല്ലം ഡിവിഷൻ മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ സത്യപ്രസ്താവന
തുടർന്ന് പ്രത്യക്ഷനടപടികളൊന്നും പത്രത്തിനെതിരെ ചുമത്താതിരുന്നതിനാൽ നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടെയുള്ള പത്രങ്ങളിൽ വരുന്ന ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങൾ ശേഖരിച്ച് അതിനുമേൽ നടപടിയെടുക്കാൻ മദ്രാസ് ഗവൺമെന്റ് ചുമതലപ്പെടുത്തിയിരിക്കുന്ന മദ്രാസ് സിറ്റി പൊലീസ് അസിസ്റ്റന്റ് കമീഷണർ ഖലീമുല്ല ഖാൻ അതിൽ ഇടപെട്ടു. 1923 ജനുവരി 10ന് അദ്ദേഹം നൽകിയ കത്തിൽ ‘മുസ്ലി’മിൽ പ്രത്യക്ഷപ്പെട്ട കുറിപ്പുകൾക്ക് വേഗത്തിൽ നടപടി എടുക്കുന്നതിൽ തിരുവിതാംകൂർ അധികാരികൾ അമാന്തിക്കരുതെന്ന് അറിയിച്ചു. രണ്ട് ഗവൺമെന്റുകളുടെയും താൽപര്യത്തിൽ വരുന്ന കേസ് ആയി കണ്ടുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യയിലെവിടെങ്കിലും നിയമനടപടികൾക്ക് തയാറാകണം എന്നാണ് അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടത്. തുടർന്ന് മദ്രാസ് ഗവൺമെന്റിന്റെ നിർദേശങ്ങൾ ഹെഡ് സർക്കാർ വക്കീൽ വിശദമായി പരിശോധിക്കുകയും തിരുവിതാംകൂർ റെഗുലേഷന്റെ പരിധിയിൽ വരുന്നതല്ല എന്നതിനാലും ബ്രിട്ടീഷ് നിയമങ്ങളാൽ പരിഹരിക്കപ്പെടേണ്ടതാണ് പ്രസ്തുത കേസ് എന്നനിലയിലും നിലവിലെ പരാതികൾ അവസാനിപ്പിക്കുന്നതിനും ഭാവിയിൽ തിരുവിതാംകൂർ റെഗുലേഷന്റെ പരിധിയിൽ വരുന്ന എന്തെങ്കിലും വസ്തുതകൾ പ്രസ്തുത പത്രത്തിൽ പ്രസിദ്ധീകരിക്കുകയാണെങ്കിൽ നടപടിയെടുക്കുന്നതിനായി ‘മുസ്ലിം’ പത്രത്തിന്റെ ഇനിയുള്ള എല്ലാ ലക്കങ്ങളും സർക്കാർ ചെലവിൽ വരുത്തുന്നതിനും ട്രാൻസ് ലേഷൻ വകുപ്പ് വഴി തർജമപ്പെടുത്തി ദിവാന്റെ ഓഫിസിൽ പതിവായി എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതാന്നെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചു. 1923 ഏപ്രിൽ 6ന് ‘മുസ്ലി’മിന്റെ തുടർന്നുള്ള എല്ലാ പ്രതികളും വരുത്തി പരിശോധിക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിക്കുകയും ചെയ്തു. [9]
കേരളത്തിലെ സാംസ്കാരികരംഗത്ത് പിന്നാക്കം നിന്നിരുന്ന ഒരു സമുദായത്തെ പുരോഗമനസ്വഭാവമുള്ള പത്രവായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയതിന് ‘മുസ്ലിം’ എന്ന മലയാള വൃത്താന്തപത്രത്തോടും വക്കം മൗലവിയോടും ആധുനിക മലയാളി മുസ്ലിംകൾ കടപ്പെട്ടിരിക്കുന്നു. എന്നാൽ, ഒരു സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഉണർവിനും ആധുനികീകരണത്തിനും പരിഷ്കരണത്തിനും സഹായിച്ച ‘മുസ്ലി’മിന്റെ ചരിത്രം വേണ്ടത്ര പഠനവിധേയമായിട്ടില്ല. വക്കത്തുനിന്നുമിറങ്ങിയ മാസിക ഘട്ടത്തിലുള്ള അതിന്റെ ചരിത്രം ചിലപഠനങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും 1919 മുതൽ 1930 വരെ ആലപ്പുഴയിൽനിന്നും പുറത്തുവന്ന ‘മുസ്ലിം’ വൃത്താന്തത്തിന്റെ ചരിത്രം ആധുനിക പത്രചരിത്രങ്ങളുടെ ഇടയിൽ ഒരിക്കൽപോലും കടന്നുവന്നിട്ടില്ല എന്നത് ഖേദകരവുമാണ്.
l
കുറിപ്പുകൾ:
1. എം. മുഹമ്മദ് കണ്ണ്, വക്കം മൗലവി ജീവചരിത്രം, എൻ.ബി.എസ്, കോട്ടയം, 1981, പു. 58.
2. File No. 89/1920, Judicial, Kerala State Archives (KSA), Trivandrum, pp. 2-8.
3. Ibid.
4. The Statistics of Travancore, Fourth Issue, 1098 ME (1922-23), The Government Press, Trivandrum, 1924, p.92.
5. File No. 89/1920, KSA, p.12
6. The Statistics of Travancore, Fifth Issue, 1924-25, The Government Press, Trivandrum, 1925, p.236.
7. മുസ്ലിം, 1922 സെപ്റ്റംബർ 14, ആലപ്പുഴ, പു. 5.
8. File No. 4 / 1923, Judicial, KSA, Trivandrum, pp. 8 - 10.
9. Ibid.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.