സോവിയറ്റ് യൂനിയനും ചൈനക്കുമിടയിലെ പ്രത്യയശാസ്ത്ര തര്‍ക്കം രൂപപ്പെട്ടപ്പോള്‍ ലോകത്ത് ആധിപത്യത്തിനായി മത്സരിക്കുന്ന രണ്ട് ചേരികളുണ്ടായിരുന്നു. ഒരു ഭാഗത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത/സാമ്രാജ്യത്വ ചേരി. മറുഭാഗത്ത് സോവിയറ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്/തൊഴിലാളിവര്‍ഗ ചേരി. രണ്ട് കൂട്ടരും, കേരളത്തിലെ മുന്നണികളെപ്പോലെ,...
സോവിയറ്റ് യൂനിയനും ചൈനക്കുമിടയിലെ പ്രത്യയശാസ്ത്ര തര്‍ക്കം രൂപപ്പെട്ടപ്പോള്‍ ലോകത്ത് ആധിപത്യത്തിനായി മത്സരിക്കുന്ന രണ്ട് ചേരികളുണ്ടായിരുന്നു. ഒരു ഭാഗത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത/സാമ്രാജ്യത്വ ചേരി. മറുഭാഗത്ത് സോവിയറ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്/തൊഴിലാളിവര്‍ഗ ചേരി. രണ്ട് കൂട്ടരും, കേരളത്തിലെ മുന്നണികളെപ്പോലെ, കൈയില്‍ കെട്ടിത്തൂക്കിയ ലേബലുകളില്‍ 'ജനാധിപത്യ' എന്ന വിശേഷണം എഴുതിച്ചേർത്തിരുന്നു. മാര്‍ക്സിന്റെ സിദ്ധാന്തപ്രകാരം സാമ്രാജ്യത്വം അതിന്റെ ആന്തരികവൈരുധ്യങ്ങളുടെ ഭാരത്തില്‍ വീണു തകരേണ്ട കാലമാണ്. വീണു തകര്‍ന്നത് കമ്യൂണിസ്റ്റ് ലോകമായിരുന്നു. അതിന്റെ പേരില്‍ മാര്‍ക്സിന്റെ നിഗമനം തെറ്റിയെന്നു പറയാനാവില്ല. സാമ്രാജ്യത്വ രാജ്യങ്ങളിലെന്നപോലെ, കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ആന്തരികവൈരുധ്യങ്ങളുണ്ടാകാമെന്ന് അദ്ദേഹം ഓര്‍ത്തില്ല. വൈരുധ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മുതലാളിത്തത്തിനു പ്രായേണ കൂടുതല്‍ കഴിവുള്ളതുകൊണ്ടാണ് ആദ്യം കമ്യൂണിസ്റ്റ് ലോകം നിലംപതിച്ചത്.
ഇന്ത്യയില്‍ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒാഫ് ഇന്ത്യ ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി. അതിനേക്കാള്‍ ജനപിന്തുണയുള്ള പ്രതിപക്ഷകക്ഷികള്‍ രാജ്യത്ത് അന്നുണ്ടായിരുന്നു. എന്നാല്‍, അവയുടെ പിന്തുണ നേര്‍ത്ത് പരന്നുകിടക്കുകയായിരുന്നു. സി.പി.ഐയുടേത് ഏതാനും ഇടങ്ങളില്‍ സാന്ദ്രീകരിച്ചു. കൂടുതല്‍ മെച്ചപ്പെട്ട സീറ്റുനിലയുടെ അടിസ്ഥാനത്തില്‍ സി.പി.ഐയെ കോൺഗ്രസിനെതിരായ ദേശീയ ബദലായി ജനം കാണാന്‍ തുടങ്ങി. സോവിയറ്റ് യൂനിയനും ചൈനക്കുമിടയില്‍ 1960കളില്‍ രൂപപ്പെട്ട പ്രത്യയശാസ്ത്ര തര്‍ക്കം പാർട്ടിയെ പിളർത്തി. അതോടെ, അതിനു ദേശീയ ബദല്പദവി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
പ്രത്യയശാസ്ത്ര തര്‍ക്കത്തിലെ ഒരു വിഷയം ഇന്ത്യയിലെ ഭരണകൂടത്തോടു സ്വീകരിക്കേണ്ട സമീപനമായിരുന്നു. സോവിയറ്റ് യൂനിയന്‍ ചൈനയെ സഹോദരരാജ്യമായും ഇന്ത്യയെ മിത്രമായും കണ്ടു. ഇന്ത്യയെ വിലയിരുത്തുന്നതില്‍ സോവിയറ്റ് പ്രത്യയശാസ്ത്ര വിശാരദര്‍ക്ക് തുടര്‍ച്ചയായി തെറ്റ് പറ്റിയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും ഭരണം ദേശീയ ബൂര്‍ഷ്വാസിയെ ഏൽപിച്ചിട്ട് സാമ്രാജ്യത്വം പിന്നില്‍ നില്‍ക്കുകയാണെന്നുമായിരുന്നു ആദ്യ വിലയിരുത്തല്‍. അതിന്റെ തുടര്‍ച്ചയായി സാഹചര്യങ്ങള്‍ സായുധവിപ്ലവത്തിന് അനുയോജ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. അങ്ങനെയാണ് ബി.ടി. രണദിവെ കല്‍ക്കത്താ തീസിസ് കൊണ്ടുവന്നതും പാര്‍ട്ടി സായുധസമരം തുടങ്ങിയതും. അത് അതിവേഗം ഉപേക്ഷിക്കപ്പെട്ടു. എസ്.എ. ഡാംഗെയും ഇ.എം.എസ്. നമ്പൂതിരിപ്പാടും ഉള്‍പ്പെടെ പലരും അക്കാലത്ത് മാര്‍ഗനിർദേശങ്ങള്‍ തേടി അങ്ങോട്ടു പോയിരുന്നു. ഒടുവില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ സ്വയം വിലയിരുത്തി തീരുമാനങ്ങളെടുക്കാന്‍ സോവിയറ്റ് പാര്‍ട്ടി ഉപദേശിച്ചതായി പറയപ്പെടുന്നു.
മാവോ സെ തുങ്ങും നികിത ക്രൂഷ്ചേവും 1959ൽ
ഇന്ത്യയിലെ ഭരണകൂടത്തെ വിലയിരുത്തുന്നതില്‍ സിപി.ഐയില്‍ അഭിപ്രായഭിന്നതയുണ്ടായി. ഔദ്യോഗിക നേതൃത്വം, സോവിയറ്റ് സമീപനം പിന്‍പറ്റി, കോണ്‍ഗ്രസ് 'ഭരണകൂടത്തി'ന് അനുകൂലമായ നിലപാട് എടുത്തപ്പോള്‍ വിമതപക്ഷം സര്‍ക്കാര്‍വിരുദ്ധ നിലപാടെടുത്തു. ആരാണ് യഥാർഥ ഇടതുപക്ഷം എന്നത് തര്‍ക്കത്തില്‍ ഉൾക്കൊണ്ടിരുന്ന വിഷയമാണ്. സോവിയറ്റ് പാർട്ടിക്കെതിരെ ചൈന ഉയര്‍ത്തിയ പ്രധാന ആക്ഷേപം അവര്‍ തിരുത്തല്‍വാദികള്‍ ആണെന്നതായിരുന്നു. ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമതര്‍ ഉന്നയിച്ച ആരോപണം അവര്‍ വലതന്മാരാണെന്നതായിരുന്നു. ഇന്ന് ആ അധിക്ഷേപ വാക്കുകള്‍ കേള്‍ക്കാറില്ല. സോവിയറ്റ് പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ തിരുത്തല്‍ ചൈന പാര്‍ട്ടി ഇതിനകം നടത്തിയിരിക്കുന്നു. സി.പി.ഐയേക്കാള്‍ എത്രയോ വലത്തോട്ട് സി.പി.എം സഞ്ചരിച്ചിരിക്കുന്നു.
ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇടതുപക്ഷത്തെ മറികടന്ന് പല വലതുപക്ഷ കക്ഷികളും വളര്‍ന്നു. തുടര്‍ച്ചയായി ദേശവ്യാപകമായി വളര്‍ന്ന ഒരു കക്ഷിയേയുള്ളൂ. അത് ഭാരതീയ ജനതാ പാര്‍ട്ടിയാണ്. ഒടുവില്‍ അത് ഏറക്കുറെ സ്വന്തം കരുത്തില്‍ കേന്ദ്രത്തില്‍ അധികാരം നേടാനാവുന്ന തലത്തിലെത്തി. സി.പി.എം നയിക്കുന്ന ഇടതുമുന്നണി ആദ്യം മൂന്നു സംസ്ഥാനങ്ങളിലും പിന്നീട് ഒരു സംസ്ഥാനത്തും ഒതുങ്ങുന്ന സാഹചര്യമുണ്ടായി.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് രണദിവേക്ക് കല്‍ക്കത്ത തീസിസിന്റെ ഉത്തരവാദിയെന്നനിലയില് സ്ഥാനം ഒഴിയേണ്ടിവന്നു. എന്നാല്‍ വലതുപക്ഷത്തിന്റെ വളർച്ച കൈയും കെട്ടി നോക്കിനിന്നതിനു ഏതെങ്കിലും നേതാവ് വില കൊടുക്കേണ്ടിവന്നതായി അറിയില്ല. വിജയ പരാജയങ്ങളുടെ അളവുകോല്‍ മാറിയിരിക്കുന്നു.
ചൈന ഇപ്പോള്‍ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. രണ്ടാം വന്‍ശക്തിയായി ഉയരാനുള്ള ശ്രമത്തിലുമാണ്. പേക്ഷ, അമേരിക്കയെ ചോദ്യംചെയ്യാന്‍ കഴിയുന്നതലത്തിലേക്ക് ചൈന വളര്‍ന്നിരിക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സമീപകാല പ്രസ്താവന പ്രചോദനത്തിനായി കിഴക്കോട്ടു നോക്കിയിരിക്കുന്ന അണികളെ ആവേശഭരിതരാക്കാനുള്ള പൊടിക്കൈ മാത്രമാണ്.
കഴിഞ്ഞകൊല്ലം അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 20.5 ട്രില്യൺ ഡോളറായിരുന്നു. ചൈനയുടേത് 13.4 ട്രില്യൺ ഡോളറും. ജനസംഖ്യയില്‍ ഏറെ പിന്നിലാണെങ്കിലും അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ചൈനയുടെ ഒന്നരയിരട്ടിയുണ്ട്. മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ജപ്പാന് 5.4 ട്രില്യണുമായി ഏറെ പിന്നിലാണ്.
കൂട്ടത്തില്‍ പറയട്ടെ, മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ എത്തേണ്ടിയിരുന്ന ഇന്ത്യ 2.7 ട്രില്യൺ ഡോളറോടെ ഏഴാം സ്ഥാനത്താണ്. നരേന്ദ്ര മോദിയുടെ നോട്ടു നിരോധനം, നാല് മണിക്കൂറില്‍ നടപ്പാക്കിയ രാജ്യവ്യാപക അടച്ചുപൂട്ടല്‍ തുടങ്ങിയവയാണ് ഇന്ത്യയെ കീഴോട്ടു തള്ളിയത്.
മുതലാളിത്ത സ്വഭാവമുള്ള ഒരാഗോള സമ്പദ് വ്യവസ്ഥയുടെ ഭാഗമായാണ് അമേരിക്കയും ചൈനയും ഇന്ന് നില്‍ക്കുന്നത്. ആ വ്യവസ്ഥ തകരുന്നില്ലെന്നു ഉറപ്പാക്കേണ്ടത് ഇരു രാജ്യങ്ങളുടെയും പൊതുവായ ആവശ്യമാണ്. കാരണം അത് തകര്‍ന്നാല്‍ ഇരുവര്‍ക്കും വലിയ ചേതമുണ്ടാകും.
മാര്‍ക്സിസം-ലെനിനിസത്തിനും മാവോചിന്തക്കും ശേഷം 'സോഷ്യലിസ്റ്റ് വിപണി സമ്പദ് വ്യവസ്ഥ' എന്ന് ചൈനയിലെ പാര്‍ട്ടി എഴുതിവെച്ചപ്പോള്‍ ഫലത്തില്‍ അത് കമ്യൂണിസ്റ്റല്ലാതായി. ചൈനയും മറ്റേതാനും രാജ്യങ്ങളും ഇന്ന് കമ്യൂണിസ്റ്റ് എന്ന വിശേഷണത്തിന് അര്‍ഹമാകുന്നത് രാജ്യം അടക്കിഭരിക്കുന്ന കക്ഷിയുടെ പേര് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നായതുകൊണ്ടാണ്. ആധുനിക കാലത്ത് ഒരു രാജ്യത്തിനു വന്‍ശക്തിയാകാന്‍ സാമ്പത്തികശേഷിയും സൈനികബലവും മാത്രം പോരാ. ശാസ്ത്ര-സാങ്കേതിക വിദ്യയിലും അറിവിന്റെ ഉൽപാദനത്തിലും മുന്‍നിര രാജ്യമാവുകയും വേണം. ചൈന ആ തലത്തില്‍ എത്തിയിട്ടില്ല. പക്ഷേ, എത്താനുള്ള കഴിവ് അത് ആർജിച്ചുകൊണ്ടിരിക്കുകയാണ്.
സോവിയറ്റ് യൂനിയന്റെ ദുര്യോഗത്തിനും ചൈനയുടെ അതിവേഗ വളര്‍ച്ചക്കും പ്രത്യയശാസ്ത വിഷയത്തില്‍ അവരെടുത്ത വ്യത്യസ്ത നിലപാടുകളുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവും കാണാനില്ല. അതേസമയം, ആ കാലഘട്ടത്തില്‍ ആഗോള പ്രസ്ഥാനത്തിന് മൊത്തത്തില്‍ തളര്ച്ചയുണ്ടായെന്നതിനു തെളിവായി വല്ലാതെ ചുരുങ്ങിയ കമ്യൂണിസ്റ്റ് ലോകം നമ്മുടെ മുന്നിലുണ്ട്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തര്ക്കത്തിനുശേഷമുണ്ടായ മാറ്റങ്ങളില്‍ ദേശീയതയും 'കമ്യൂണിസ്റ്റ് അന്തർദേശീയത'യും പ്രസക്ത ഘടകങ്ങളായിരുന്നെന്ന് കാണാം. ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളെ ഇവ തമ്മിലുള്ള സംഘട്ടനമായി കണ്ടാല്‍ ദേശീയതക്കു മുന്നില്‍ കമ്യൂണിസ്റ്റ് അന്തർദേശീയത പരാജയപ്പെട്ടെന്നു പറയേണ്ടിവരും. അതോടെ സോവിയറ്റ് യൂനിയന്റെ പതനത്തിനും ചൈനയുടെ കുതിപ്പിനും യുക്തിസഹമായ വിശദീകരണം സാധ്യമാവുകയും ചെയ്യും.
വ്ലാദിമിർ ലെനിൻ ഒക്ടോബർ വിപ്ലവ വിജയവേളയിൽ
മാവോ സെ തുങ്ങും നികിത ക്രൂഷ്ചേവും 1959ൽലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ സാര്‍ ചക്രവർത്തിയെയും കുടുംബാംഗങ്ങളെയും വധിച്ചപ്പോള്‍ റഷ്യയുടെ മാത്രമല്ല, സാറിന്റെ സാമ്രാജ്യം മുഴുവനുമാണ് അദ്ദേഹത്തിന്റെ കൈകളിലെത്തിയത്. സാമ്രാജ്യത്തിലെ ഇതര പ്രദേശങ്ങളെ സ്വയംഭരണാവകാശമുള്ള സ്വതന്ത്ര സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളായി അംഗീകരിച്ചുകൊണ്ടാണ് യൂനിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് -യു.എസ്.എസ്.ആര് അഥവാ സോവിയറ്റ് യൂനിയന്‍- രൂപകല്പന ചെയ്യപ്പെട്ടത്. സോവിയറ്റ് യൂനിയന്റെ ഭരണഘടനയുടെ ആദ്യ വകുപ്പനുസരിച്ച് ഒരു റിപ്പബ്ലിക്കിനു എപ്പോള്‍ വേണമെങ്കിലും യൂനിയനില്‍നിന്ന് വിട്ടുപോകാന്‍ അവകാശമുണ്ടായിരുന്നു. യഥാർഥത്തില്‍ അങ്ങനെയൊരവകാശമില്ലെന്ന് അവര്‍ മനസ്സിലാക്കിയത് ഏറെ വൈകിയാണ്. ഒരു സമഗ്രാധിപത്യ സംവിധാനം എങ്ങനെയാണ് വിട്ടുപോകല്‍ അനുവദിക്കുക? ഭാഗ്യവശാല്‍ സാറിന്റെ മുന്‍ കോളനികളില്‍ സ്വാതന്ത്ര്യവാഞ്ഛ വളരുകയും അവര്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഘട്ടമായപ്പോഴേക്കും സോവിയറ്റ് യൂനിയന്‍ അത് തടയാനുള്ള കഴിവ് ചോര്‍ന്നിരുന്നു. റഷ്യന്‍ റിപ്പബ്ലിക്കിലെ നേതൃത്വവും അതിനിടെ ദേശീയതയുടെ സ്വാധീനത്തിലായി കഴിഞ്ഞിരുന്നു.
നാലു മാസമായി യുക്രെയ്നില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഒരു ലക്ഷ്യം പഴയ സാമ്രാജ്യം ചെറിയതോതിലെങ്കിലും പുനഃസ്ഥാപിക്കുകയാണ്. ഇതെല്ലാം കണ്ടുകൊണ്ട്, ഇംഗ്ലീഷ് ശൈലീകാരന് പറയുന്നതുപോലെ, മാര്‍ക്സ് ലണ്ടനിലെ കല്ലറയില്‍ കിടന്നു കരയുകയാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.