മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
അനേക വർഷങ്ങൾക്കു മുമ്പ് ഒരിക്കൽ ഞാൻ പ്രസിദ്ധ എഴുത്തുകാരൻ കോവിലനോട് ചോദിച്ചു: ‘‘അയ്യപ്പേട്ടാ, എന്നും കഥയെഴുതാനുള്ള വിഷയങ്ങൾ എവിടെനിന്നാണ് ലഭിക്കുക?’’ അതിനു മറുപടിയായി അദ്ദേഹം പറഞ്ഞു:
‘‘ബാങ്കിൽ നിത്യവും ആവശ്യങ്ങളുമായി ശ്രീകുമാറിനു മുന്നിൽ എത്തുന്നവരെ ശ്രദ്ധിക്കണം. ഒരെഴുത്തുകാരന്‍റെ കണ്ണോടെ കാണണം. അവരുടെ ജീവിത പ്രതിസന്ധികൾ... സങ്കീർണ പ്രശ്നങ്ങൾ... അതിലൊക്കെയും കഥകൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും. അവ എളുപ്പത്തിൽ ലഭിക്കുന്ന അസംസ്കൃത വസ്തുക്കളാണ്.’’
ഞാൻ കണ്ണും കാതും തുറന്നു. അനേകം ജീവിതങ്ങൾ കണ്ടു, അവർ പറഞ്ഞ കഥകൾ കേട്ടു. അവയിൽ ചിലത് എന്നോടു മന്ത്രിച്ചു –ഇത് നിനക്കുള്ള കഥ. നിനക്കുമാത്രം എഴുതാനായി കാത്തുവെച്ചിട്ടുള്ളത്.
അങ്ങനെ എന്‍റെ കഥകളുണ്ടായി. കാലം കരുതിവെച്ച കഥാവിഷയങ്ങളോരോന്നായി ഞാൻ എഴുതാൻ ശ്രമിച്ചു. കോവിലന്‍റെ നിരീക്ഷണം കൃത്യമായിരുന്നു. പിന്നീട് കഥക്കുള്ള വിഷയങ്ങൾ തേടി നടക്കേണ്ടി വന്നിട്ടില്ല. ബാങ്കിങ് മേഖലയിൽ കഥകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. കാരണം, അത് പണത്തിന്‍റെ ആകർഷകവും എന്നാൽ നിർദയവുമായ ലോകമാണ്. ജീവിതങ്ങളിൽ അതിക്രമിച്ചു കയറി എക്കാലവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഉഷ്ണമേഖല. അവിടെ സമ്പത്ത് സമാഹരണത്തിന്‍റെയും സമ്പദ് ചോർച്ചകളുടെയും വക്രബുദ്ധികളുടെയും ചതികളുടെയും വെട്ടിപ്പിടിക്കലുകളുടെയും നഷ്ടങ്ങളുടെയും കഥകൾ എന്നും സജീവമായിരിക്കും. അവയിൽ പലതും ബാങ്കിങ് മേഖലയിൽ പ്രവൃത്തി ചെയ്യുന്ന കാലത്ത് എനിക്ക് എഴുതാൻ പാടില്ലാത്തവയായിരുന്നു. എന്നും സാധാരണക്കാരായ ഇടപാടുകാരുടെ വികാരങ്ങളോടൊപ്പമായിരുന്നു എന്‍റെ മനസ്സ്. നഷ്ടവ്യഥകൾ അനുഭവിക്കുന്നവരോടൊപ്പം. ബാങ്കിങ് രംഗത്ത് ഭരണതലത്തിലുണ്ടായ ചില നയതീരുമാനങ്ങളെ വിയോജിപ്പോടെയെങ്കിലും നടപ്പാക്കുമ്പോൾ സമാധാനപ്പെട്ടത്, എന്‍റെ അപ്രിയങ്ങളെയും ഭിന്നാഭിപ്രായങ്ങളെയും പിന്നീട് എഴുത്തിലൂടെ ശക്തമായി രേഖപ്പെടുത്തി വെക്കാമല്ലോ എന്നായിരുന്നു.
സാമ്പത്തിക ബാധ്യതാക്കുരുക്കിൽപെട്ട് നട്ടംതിരിയുന്ന വായ്പക്കാർക്ക് സഹായകമാകുന്ന ആശ്വാസനടപടിയായിട്ടാണോ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (one-time settlement scheme) യുടെ പരിണിതഫലം ഉണ്ടായിട്ടുള്ളത് എന്നത് വിലയിരുത്തപ്പെടേണ്ട ഒരു വിഷയമാണ്. വായ്പക്കാരനോ കുടുംബത്തിനോ അപ്രതീക്ഷിതമായി സംഭവിക്കുന്ന തിരിച്ചടികളിലാണ് സാധാരണയായി വായ്പാ തിരിച്ചടവിൽ മുടക്കം സംഭവിക്കുക. ഗഡുമുടക്കങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ പരിഹരിച്ച് പോകാനായില്ലെങ്കിൽപ്പിന്നെ കുടിശ്ശികയിൽനിന്ന് കരകയറുക പ്രയാസമാകും. ആകസ്മികമായി ഉണ്ടാകുന്ന ബിസിനസ് തകർച്ച, മരണം, വ്യാധി, അപകടം, ചതി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ കടക്കാരൻ സാമ്പത്തികത്തകർച്ച നേരിടാം (അധിക നേട്ടങ്ങൾക്കായി മനപ്പൂർവം കടം തിരിച്ചടക്കാത്ത സമ്പന്ന വായ്പക്കാർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നില്ല).
പലപ്പോഴും പ്രതിസന്ധികളെ മറികടക്കാൻ ആവശ്യമായ സഹായങ്ങളോ കാലദൈർഘ്യമോ വായ്പക്കാർക്കു ലഭിക്കാതെ പോകുന്നു. വായ്പ കുടിശ്ശികക്കാർ ഏതു സാമ്പത്തിക സ്ഥാപനത്തിനും ഒരു ബാധ്യതയാണ്. അവരെ നിഷ്ക്രിയ ആസ്തി (Non Performing Assets) കളുടെ ഉടമകൾ എന്ന വെറുക്കപ്പെട്ടവരുടെ പ്രത്യേക വിഭാഗമാക്കി മാറ്റി നിർത്തുകയാണ് ചെയ്യുന്നത്. അവർക്ക് സഹതാപമോ കാരുണ്യമോ മനുഷ്യത്വപരമായ പരിഗണനയോ ഉത്തമർണനിൽനിന്നും ലഭിച്ചു എന്നു വരില്ല. കാരണം, കിട്ടാക്കടങ്ങൾ ബാങ്കുകളുടെ വരുമാനവും ലാഭവും ആസ്തിയും കുറക്കും. NPA വായ്പകളുടെ വർധന ബാങ്കുകളുടെ നിലവാരത്തകർച്ചയുടെയും ഭരണനിർവഹണശേഷിക്കുറവിന്‍റെയും ലക്ഷണമായിട്ടാണ് കണക്കാക്കുക. അത്തരം ചീത്ത വായ്പകൾ (Bad debts) തുടച്ചുമാറ്റി ബാലൻസ് ഷീറ്റ് വെളുപ്പിച്ചെടുക്കാൻ ബാങ്കർക്കു കഴിയണമെന്നാണ് നിശ്ചയം. അതിനായി കിട്ടാക്കടങ്ങളുടെ തോത് കുറക്കാൻ കനത്ത സമ്മർദങ്ങളും നിരന്തര ശ്രമങ്ങളും ഉണ്ടാകും. അതിലൊന്നാണ് ഒ.ടി.എസ്.
മുഹമ്മദ് ഹനീഫ് (യഥാർഥ പേരല്ല) എന്ന ചെറുപ്പക്കാരൻ ബാങ്കിൽ വന്ന് എന്നെ കാണുന്നത് ഒരു വായ്പ ആവശ്യത്തിനു വേണ്ടിയായിരുന്നു. മിടുക്കനായ ആ സംരംഭകന് ഒരു ചെറിയ നിർമാണ യൂനിറ്റ് ഉണ്ടായിരുന്നു. പാചകത്തിന് ആവശ്യമായ വിശേഷ സൗകര്യങ്ങളുള്ള ‘ഇൻഡക്ഷൻ സ്റ്റൗ’ ആയിരുന്നു അയാൾ ഉൽപാദിപ്പിച്ചിരുന്നത്. യന്ത്രഭാഗങ്ങൾ വാങ്ങി അസംബ്ൾ ചെയ്തെടുക്കുകയായിരുന്നു. നിർമാണവും വിപണനവും അയാൾ തനിച്ചുതന്നെ നിർവഹിച്ചു. തന്‍റെ പരിചയങ്ങളും സൗഹൃദങ്ങളും അയാൾ അതിനുപയോഗപ്പെടുത്തി.
ഒരു കൊച്ചു വീട്ടിലായിരുന്നു ഹനീഫ് അസുഖക്കാരിയായ ഉമ്മയോടും വിവാഹപ്രായമെത്തിയ സഹോദരിയോടുമൊപ്പം കഴിഞ്ഞിരുന്നത്. അയാളുടെ ബാപ്പ നേരത്തേ മരിച്ചിരുന്നു. ചെറിയൊരു ഷെഡിലായിരുന്നു വർക്ക് ഷോപ്. ഹനീഫിന്‍റെ വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിനുണ്ടായിരുന്നത്. എന്നാലും ആ യുവാവിന് ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ടായിരുന്നു. വൈകാതെ തന്‍റെ ബിസിനസ് വളരുമെന്നും ലാഭം വന്നു ചേരുമ്പോൾ മറ്റ് ചില ഗാർഹിക ഉപകരണങ്ങൾകൂടി നിർമിച്ച് തന്‍റെ ബ്രാൻഡിനെ വ്യാപകവും പ്രശസ്തവുമാക്കാമെന്നും അയാൾ സ്വപ്നം കണ്ടിരുന്നു. അയാൾ പറഞ്ഞു:
‘‘ഓർഡറിനൊന്നും പ്രയാസമില്ല സാറേ. ഒരൽപം വർക്കിങ് ക്യാപിറ്റൽ സഹായം കിട്ടിയാൽ ഞാൻ രക്ഷപ്പെടും.’’
മറ്റൊരു ബാങ്കിൽനിന്നും യൂനിറ്റ് തുടങ്ങാനെടുത്ത കടം കൃത്യമായി തിരിച്ചടക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ളപ്പോൾ സാധാരണഗതിയിൽ വീണ്ടുമൊരു ബാങ്ക് വായ്പക്ക് സാധ്യതയില്ല. പക്ഷേ, അയാൾ തീർത്തു പറഞ്ഞു: ‘‘എനിക്കു വിശ്വാസമുണ്ട് സർ. ലോൺ കിട്ടിയാൽ ആറു മാസം. അതുമതി. ഞാൻ എല്ലാ കടവും തീർക്കും.’’
വായ്പ തിരിച്ചടവ് ഉറപ്പാക്കാൻ വീടിരിക്കുന്ന രണ്ടു സെന്റ് ഭൂമി ബാങ്കിൽ പണയപ്പെടുത്താൻ ഹനീഫ് തയാറായിരുന്നു.
‘‘അത്ര തീർച്ചയില്ലാതെ ഞാൻ കിടപ്പാടം പണയപ്പെടുത്തുവോ സാറേ?’’
ആ ചോദ്യത്തിനു മുന്നിൽ മറ്റു വിശദീകരണങ്ങൾ ആവശ്യമില്ലായിരുന്നു. ഒരു ചെറുപ്പക്കാരൻ രക്ഷപ്പെടുന്ന കാര്യമാണ്. പ്രത്യേക അനുവാദമായിട്ടായിരുന്നു വായ്പ നൽകിയത്. സാധാരണക്കാരന്‍റെ കടം കൊള്ളലുകളിൽ ഭാഗ്യ-ഭൗർഭാഗ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. അത് കേവലം സാമ്പത്തിക മാനേജ്മെന്റിന് അപ്പുറമുള്ള പ്രവചനാതീതമായ മറ്റെന്തോ ആണ്. ഒരു ബാങ്ക് ബാധ്യതയിൽനിന്ന് അതിവേഗം സമ്പന്ന നിലയിൽ എത്തിച്ചേർന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അതേസമയം കടങ്ങൾ പെരുകി കുടുംബമാകെ മുടിഞ്ഞതിന്‍റെ കഥകളും അപൂർവമല്ല. ഓരോ മാസത്തെയും വായ്പ തിരിച്ചടവ്, അത് നടക്കും വരെ തീർച്ചപ്പെടാത്ത ഒന്നാണ്. ഏതു സമയത്തും ഒരു ദുരിതം കടന്നുവന്ന്, ഒരു രോഗം ആക്രമിച്ച്, ഒരു അടിയന്തര ആവശ്യം നിർബന്ധിച്ച് വായ്പാ ഗഡു സംഖ്യ കവർന്നെടുത്തേക്കാം. അത്തരം മുടക്കങ്ങൾ അതതു സമയം നികത്തി തിരിച്ചടവ് ക്രമപ്പെടുത്താത്ത പക്ഷം വായ്പാ തുക പെരുകി നിലവിട്ടു പോയേക്കാം. സാധാരണക്കാരന് കടക്കാരനാവുക എന്നത് ജീവിതംവെച്ചുള്ള കളിയാണ്. മുഹമ്മദ് ഹനീഫും തന്‍റെ ജീവിതംവെച്ച് കളിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഉമ്മയുടെ രോഗം മൂർച്ഛിക്കുകയും ദീർഘമായ ചികിത്സ വേണ്ടിവരികയും ചെയ്തതോടെയാണ് ഹനീഫിന്‍റെ കണക്കുകൂട്ടലുകൾ തെറ്റാൻ തുടങ്ങിയത്. അതിനിടയിൽ വീടിന്‍റെ ഒരുഭാഗം ഇടിഞ്ഞുവീഴുകയും മറ്റൊരു ഭാഗത്ത് ചോർച്ച ഉണ്ടാവുകയും ചെയ്തത് പരിഹരിക്കേണ്ടതായും വന്നു. രണ്ട് വായ്പകളുടെയും തിരിച്ചടവ് മുടങ്ങി. കുടിശ്ശിക തീർത്ത് കൃത്യമാക്കണമെന്ന ഉദ്ദേശ്യത്തിൽ അധിക വരുമാനം നേടാനായി ഹനീഫ് കഠിനമായി പ്രയത്നിക്കാൻ തുടങ്ങി. എന്നാൽ, ഉൽപന്നത്തിന്‍റെ വിൽപന മന്ദീഭവിക്കുകയും സ്പെയർ പാർട്ടുകൾ കടമായി കിട്ടാൻ തടസ്സമുണ്ടാവുകയും ചെയ്തതോടെ പ്രതീക്ഷകൾ തകരാൻ തുടങ്ങി.
മാസങ്ങൾ പിന്നിട്ടതോടെ കുടിശ്ശിക വളരാൻ തുടങ്ങി. ബാങ്കുകാർ ഹനീഫിനെ തേടിയെത്തി. കുടിശ്ശിക തുക എത്ര ശ്രമിച്ചാലും തനിക്ക് അടച്ചുതീർക്കാൻ കഴിയാത്തവിധം വളർന്നുപോയെന്ന് അയാൾ അറിഞ്ഞു. ഒന്നിനു പിറകേ മറ്റൊന്നായി വന്നെത്തിയ ബാങ്ക് നോട്ടീസുകൾക്കു മുന്നിൽ നിസ്സഹായനും നിശ്ശബ്ദനുമാവാൻ മാത്രമേ ഹനീഫിനാവുമായിരുന്നുള്ളൂ. ഒടുവിൽ വസ്തുവിന്റെ ജപ്തി നോട്ടീസ് കിട്ടിയതോടെ അയാൾ എന്‍റെയടുത്ത് ഓടിയെത്തി. അത്തരം നോട്ടീസുകൾ കിട്ടിയവരൊക്കെ പറയാറുള്ളതുപോലെ അയാളും പറഞ്ഞു:
‘‘സർ, സഹായിക്കണം. കുറച്ച് സമയം അനുവദിക്കണം. അതിനുള്ളിൽ ഞാൻ അടച്ചു തീർത്തോളാം.’’
സമയം നീട്ടിനൽകിയത് ഒരു പ്രാവശ്യമായിരുന്നില്ല. ഓരോ തവണയും നോട്ടീസ് കിട്ടിയപ്പോൾ അയാൾ വന്നു. എന്നും പറയാറുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു, അടക്കാൻ സമയം നീട്ടിത്തരണം.
‘‘കാര്യങ്ങൾ മെച്ചപ്പെട്ടുവരുന്നുണ്ട് സർ. പുതിയ ചില ഓർഡറുകൾ കിട്ടിയിട്ടുണ്ട്. തൽക്കാലം അടയ്ക്കാൻ കുറച്ചു ഫണ്ട് ഒരു കൂട്ടുകാരൻ സംഘടിപ്പിച്ചു തരാമെന്നു പറഞ്ഞിട്ടുണ്ട്. തുടർന്ന് കിട്ടുന്നതുപോലെ അടച്ച് കുടിശ്ശിക തീർക്കാം. പിന്നീട് മാസാമാസം അടച്ചാൽ മതിയല്ലൊ.’’
ഒരിക്കൽ ഞാനയാളോടു കയർത്തു: ‘‘ഹനീഫ് എത്രാമത്തെ പ്രാവശ്യാണ് ഇതേ കാര്യത്തിന് എന്‍റെയടുത്തു വരുന്നത്? വായ്പയിലേയ്ക്ക് എന്തെങ്കിലും അടച്ചോ? പലിശ കുന്നുകൂടി വരുന്നു. കാലാവധി എത്ര നീട്ടിയിട്ടെന്താ താൻ എങ്ങനെ അടയ്ക്കും?’’
അയാൾ ഒന്നും മിണ്ടിയില്ല. ഞാൻ ഒന്നുകൂടി പറഞ്ഞു:
‘‘എന്‍റെ ഇഷ്ടംപോലെയൊന്നും ചെയ്യാൻ പറ്റില്ല. ഇതിനൊക്കെ നിയമമുണ്ട്. ചോദ്യംചെയ്യാൻ ആളുകളുണ്ട്. ഇത്രയും ചെയ്തതു തന്നെ എന്‍റെ അധികാര പരിധി വിട്ടാണ്. ഇനി ഹനീഫ് പ്രതീക്ഷിക്കണ്ട. പൊയ്ക്കോ.’’
ഹനീഫിന്‍റെ മുഖം വിളറി. അയാളുടെ കണ്ണുകളിൽനിന്നും കണ്ണീർ ഒഴുകി. അൽപം കഴിഞ്ഞ് അയാൾ പറഞ്ഞു: ‘‘ഞാൻ അടയ്ക്കും സർ. കടം തീർക്കും, ഉറപ്പാണ്. ഞാൻ ബാങ്കിനെ വഞ്ചിക്കില്ല.’’
അയാളുടെ വാക്കുകൾ നിവൃത്തികേടിേന്റതായിരുന്നു. അവയിൽ കാപട്യമുണ്ടായിരുന്നില്ല. പകരം ബാധ്യത അവസാനിപ്പിക്കാനുള്ള ആത്മാർഥവും സത്യസന്ധവുമായ ആഗ്രഹമുണ്ടായിരുന്നു. കഠിനമായ ശ്രമത്തിനുള്ള മനഃസ്ഥിതിയും. ഒരു കൈത്താങ്ങു കിട്ടിയാൽ അയാൾ കയറിപ്പിടിച്ച് രക്ഷപ്പെട്ടേക്കാം. കിടപ്പാടം ജപ്തി ചെയ്താൽ വയ്യാത്ത ഉമ്മയെയും പെങ്ങളെയുംകൊണ്ട് അയാൾ തെരുവിലിറങ്ങേണ്ടിവരും.
മനസ്സാക്ഷിയുടെ താൽപര്യപ്രകാരം ഞാൻ മുൻകൈയെടുത്ത് ജപ്തി നടപടികൾ മാറ്റിവെച്ചു. ഹനീഫിന് സമയം കിട്ടി, രക്ഷപ്പെടാനുള്ള അവസാന അവസരം. ഇത് കഥയിൽ പറയാത്ത എന്‍റെ അനുഭവം.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, അടവില്ലാത്ത വായ്പകൾ (NPA loans) മൊത്തമായി അടച്ച് തീർക്കുന്നവർക്ക് പലിശയിലും മറ്റ് ചാർജുകളിലും ഇളവ് നൽകുന്ന സ്കീമായി അറിയപ്പെടുന്നു. സാധാരണ നിലയിൽ ഗതികെട്ടവരാണ് വായ്പാ തിരിച്ചടവിൽ മുടക്കം വരുത്തുക. അങ്ങനെയുള്ളവരെ ആകർഷിക്കാൻ ഒ.ടി.എസ് എന്ന പച്ചപ്പുല്ല് കാണിക്കുന്നു. കിടപ്പാടമോ മറ്റ് ആസ്തികളോ വിറ്റിട്ടേ അവർക്ക് ബാധ്യത തീർക്കാനാവൂ. അല്ലെങ്കിൽ പകരം വെക്കാൻ മറ്റൊരു വായ്പയിൽ ചെന്നു കുരുങ്ങണം.
‘ഒറ്റത്തവണ തീർപ്പാക്കപ്പെടുന്നില്ല’ എന്ന കഥ 2018ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ‘ഖലാസി’ എന്ന കഥാസമാഹാരത്തിൽ ഇത് ചേർത്തിട്ടുണ്ട്. ഇത് ആദിവാസി യുവാക്കളായ നൂറിന്‍റെയും ബേരന്‍റെയും ശ്യാമിന്‍റെയും കഥയാണ്.
ഒറ്റത്തവണ സ്കീമിന്റെ യഥാർഥ ഗുണഭോക്താക്കൾ വൻകിടക്കാരാണെന്ന് പരക്കെ പറയപ്പെടുന്നുണ്ട്. സ്വാധീനമുള്ള ഒരു കമ്പനി ഗ്രൂപ്പ് എടുത്ത വൻ തുകയുടെ ബാങ്ക് വായ്പ മനഃപൂർവം തിരിച്ചടക്കാതെ ഒടുവിൽ അതിൽ പലിശയായി കോടികൾ എഴുതിത്തള്ളിയത് കേസാവുകയും ബന്ധപ്പെട്ട ഉന്നതർ ജയിലിലാവുകയും ചെയ്ത സംഭവം മനസ്സിൽ വന്നു. എങ്കിലും, പ്രതീക്ഷയോടെ ബേരന് പലിശ ഇളവായി ചെറിയ തുക അനുവദിക്കാൻ ഞാൻ ബാങ്ക് മാനേജരോട് അപേക്ഷിച്ചു: ‘‘മൊത്തം കടം ഒറ്റത്തവണയായി തീർക്കുകയാണ് സാറേ. പലിശയിൽ ഇളവ് അനുവദിച്ചു കൊടുക്കണം. കടക്കാരൻ ആദിവാസിയാണ്.’’
മാനേജർ മറുപടി പറഞ്ഞു: ‘‘വലിയ ഇളവൊക്കെ കോർപറേറ്റ്സിനാ... ഞങ്ങൾക്കൊക്കെ ഇക്കാര്യത്തിൽ ചെയ്യാവുന്നതിന് പരിമിതിയുണ്ട്. തീരുമാനങ്ങളൊക്കെ എടുക്കുന്നത് ഉന്നത തലത്തിലാ.’’
മുഹമ്മദ് ഹനീഫിന്‍റെ ജീവിതാനുഭവങ്ങളായിരുന്നു എഴുതാനായി എന്‍റെ മനസ്സിലുണ്ടായിരുന്നതെങ്കിലും കഥയിലെ പ്രധാനികൾ എപ്പോഴോ ആദിവാസി യുവാക്കളായ ബേരനും ചാമനുമായി മാറി. ഇത്തരം മാറാട്ടങ്ങളും കൂടുവിട്ട് കൂടുമാറലുകളുമെല്ലാം കഥയെഴുത്തിന്‍റെ രാസപ്രക്രിയയിൽ സംഭവിച്ചു പോകാറുണ്ട്. അതിൽ എഴുത്തുകാരന് വിശദീകരണമില്ല. എക്കാലത്തും അവഗണനകളും ഒറ്റപ്പെടുത്തലുകളും പാർശ്വവത്കരണങ്ങളും ചതികളും അനുഭവിച്ചുവരുന്ന പട്ടിക വർഗക്കാർക്ക് ആനുകൂല്യങ്ങളും സംവരണങ്ങളും മുൻഗണനകളും അവസരങ്ങളുമൊക്കെ നൽകണമെന്ന പൊതുനയത്തിനു വിരുദ്ധമാണ് യാഥാർഥ്യമെന്ന് എനിക്ക് പറേയണ്ടിയിരുന്നു. അങ്ങനെ അഞ്ചുലക്ഷം വായ്പക്കായി ബാങ്കിനെ സമീപിച്ച, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന തൊഴിലെടുക്കുന്ന ബേരനു മുന്നിൽ തടസ്സങ്ങൾ പലത് ഉയർന്നു വന്നു. സിബിൽ റേറ്റിങ്, വരുമാന സർട്ടിഫിക്കറ്റ്, ഇൻകം ടാക്സ് റിട്ടേൺ...
മാനന്തവാടിയിലെ മുതിരേരിയിൽ ഇരുള പണിയാർ സമുദായക്കാരാണ് സഹോദരങ്ങളായ ബേരനും ചാമനും. അവരെ എനിക്കു പരിചയപ്പെടുത്തിയത് ഡോ. സലിലയാണ്. കഥയിൽ പറയുന്ന ഹോമിയോ ഡോക്ടർ സലില യഥാർഥത്തിൽ അതേ പേരുകാരിയാണ്. അനേക വർഷങ്ങളായി ആഴ്ചയിൽ രണ്ടു ദിനങ്ങൾ മരുന്നുകളും ആശ്വാസവുമായി അവർ ആദിവാസി ഊരുകളിലെത്തും. അവിടെ ചികിത്സക്കായി അവരെ കാത്തിരിക്കുന്ന കുടുംബങ്ങൾ ഏറെയുണ്ട്. രോഗം മാത്രമല്ല, ദാരിദ്യ്രം, തൊഴിലില്ലായ്മ, മറ്റ് ജീവിത പ്രയാസങ്ങൾ എല്ലാം പറയാനുള്ള ഡോക്ടറമ്മയാണ് അവർക്ക് സലില. കഥയിൽ എഴുതിയിട്ടുള്ള ബേരന്‍റെയും ചാമന്‍റെയും സംഭാഷണങ്ങൾ സലിലയെ കാണിച്ച് പരിശോധിപ്പിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണ് പൂർത്തീകരിച്ചത്.
പിന്നീട് ഹനീഫിനെ ഞാൻ കാണുന്നത് പണയവസ്തു ലേലം ചെയ്യാൻ ബാങ്ക് തീരുമാനിച്ച് ലേല പരസ്യം പ്രസിദ്ധീകരിച്ചപ്പോഴാണ്. അയാൾ പരിഭ്രാന്തനായിരുന്നു. അയാൾ സംസാരിച്ചു തുടങ്ങും മുമ്പുതന്നെ ഞാൻ പറഞ്ഞു: ‘‘ഇനി സമയവും അവധിയുമൊന്നുമില്ല ഹനീഫേ. ആരു വിചാരിച്ചാലും നടക്കില്ല. പരസ്യപ്പെടുത്തിയ ദിവസംതന്നെ തന്‍റെ കിടപ്പാടം ലേലം ചെയ്തുപോകും. നിസ്സാര സംഖ്യക്ക് ആരെങ്കിലും ലേലം വിളിച്ചുകൊണ്ടുപോയാൽ അത്ഭുതപ്പെടാനില്ല.’’
അപ്പോൾ കരച്ചിലടക്കിയ മുഖഭാവത്തോടെ ഹനീഫ് അൽപനേരം നിശ്ചലനായി നിന്നു. എന്നിട്ട് താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു: ‘‘അടച്ചു തീർക്കാൻ എനിക്ക് ഒരു മാസംകൂടി അനുവദിക്കണം സർ. ഇനി ഒരിക്കലും ഈയൊരാവശ്യവുമായി സാറിന്‍റെ മുന്നിൽ ഞാൻ വരില്ല.’’
അപ്പോൾ ആദ്യമായി ഞാൻ തീർത്തും കർക്കശക്കാരനായി. ‘‘ചോദിച്ചതിലും കൂടുതൽ സമയം തന്നിട്ടുണ്ട്. എന്നിട്ടും താൻ ഒന്നും ചെയ്തില്ല. എല്ലാറ്റിനും ഒരു പരിധിയുണ്ട്. ബാങ്കല്ലേ. താനിവിടെ നിന്നിട്ട് ഒരു കാര്യവുമില്ല.’’
‘‘ഒരു മാസം... ഒരൊറ്റ മാസം മതി സാറേ. എല്ലാം തീർക്കാനാവും. ഉറപ്പാണ്. അതില്ലെങ്കിൽ എല്ലാം പാഴാവും. മൂന്നു ജീവിതങ്ങൾ ഇല്ലാതാവും.’’
അറിയാതെ മിഴിനീർ ഒഴുകിവരുന്നത് തടയാൻ ശ്രമിച്ചുകൊണ്ട് ഹനീഫ് അൽപനേരം എന്‍റെ മുന്നിൽ നിശ്ശബ്ദനായി നിന്നു. എന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ പരിക്ഷീണനായി തിരിഞ്ഞു നടന്നു.
അപ്പോൾ എനിക്കൊരു ഉൾവിളിയുണ്ടായി. ഞാനയാളെ തിരിച്ചു വിളിച്ചു. ‘‘ഹനീഫ്, സമയം കിട്ടിയാൽ താനെങ്ങനെയാണ് തിരിച്ചടയ്ക്കുക? എവിടുന്നാണ് പണം കിട്ടുക? അതറിയട്ടെ.’’
ഹനീഫ് കഠിനമായ വൈകാരിക അവസ്ഥകളിലൂടെ കടന്നുപോകുന്നത് അയാളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഒടുവിൽ തൊണ്ടയിടറിക്കൊണ്ട് അയാൾ പറഞ്ഞു:
‘‘ഞാനെന്‍റെ ഒരു കിഡ്നി വിറ്റു സർ.’’
ഞാൻ ഞെട്ടിപ്പോയി. എന്‍റെ തല കറങ്ങി. വാക്കുകൾ നഷ്ടപ്പെട്ടു.
ഹനീഫ് തുടർന്നു: ‘‘ലാബ് ടെസ്റ്റുകളും പരിശോധനകളുമൊക്കെ കഴിഞ്ഞു. ഒ.കെയാണ്. അൽപം തുക അഡ്വാൻസ് കിട്ടി. ഒരു മാസത്തെ കാലാവധിക്ക് എഗ്രിമെന്റ് ഒപ്പിട്ടു. ഇനി കുറെ നടപടി ക്രമങ്ങളുണ്ട്. അവ പൂർത്തിയാവുന്നതോടെ പണം കിട്ടും. അതിലിനി ഒരു മാറ്റവുമുണ്ടാവില്ല. ഇത് വൃക്ക വെച്ചുള്ള സത്യമാണ് സർ.’’
മിണ്ടാൻ പറ്റാത്തവിധം എന്‍റെ തൊണ്ട വരണ്ടുപോയിരുന്നു. ഹനീഫ് പ്രതീക്ഷയോടെ എന്‍റെ മുഖത്തു നോക്കി നിൽക്കുകയാണ്. ഒടുവിൽ ഞാൻ അൽപ ശബ്ദത്തിൽ പറഞ്ഞു: ‘‘ശരി.’’
ഒറ്റവാക്കുത്തരത്തിന്‍റെ അർഥം പൂർണമായും ഗ്രഹിക്കാനാവാതെ ശങ്കയോടെ അയാൾ എന്‍റെ മുഖത്തു നോക്കിക്കൊണ്ട് അൽപനേരം കൂടി അവിടെ നിന്നു. എന്നിട്ട് ചോദിച്ചു:
‘‘എന്നാ ഞാൻ പോട്ടെ സർ?’’
ഞാൻ തലയാട്ടി. ഈ രംഗങ്ങളൊന്നും കഥയിൽ ഞാനെഴുതിയില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയില്ല. കഥയിൽ വൃക്ക വിൽക്കുന്നത് ബേരനാണ്. ചതിക്കപ്പെട്ട സഹോദരൻ ചാമനുമായി ബന്ധപ്പെട്ട ബാധ്യത തീർക്കാൻ. കഥയെഴുത്തിൽ ഒന്നും മുൻകൂട്ടി നിശ്ചയിക്കാനാവില്ല. എഴുത്തിന്‍റെ മുഹൂർത്തങ്ങളിൽ എവിടുന്നോ ബോധപൂർവമല്ലാതെ വന്നെത്തുന്ന തോന്നലുകളും േപ്രരണകളുമാണ് എല്ലാം നിശ്ചയിക്കുന്നത്. അത് അന്തർജ്ഞാനമാവാം (Intuition) എഴുത്തിൽ അങ്ങനെയുള്ള നിഗൂഢതകൾ പലതുണ്ട്.
ഹനീഫിന്‍റെ വസ്തുവിന്റെ ലേല നടപടികൾ നടന്നില്ല. എന്‍റെ ശ്രമം ഇല്ലാതെ തന്നെ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഒരുകൂട്ടം വസ്തുക്കളുടെ ലേലം ബാങ്കുതന്നെ നീട്ടിവെക്കുകയായിരുന്നു. പിന്നീട് ഞാനതിനെക്കുറിച്ച് തിരക്കിയില്ല. കുറച്ചു നാൾക്കു ശേഷം ഞാനാ ചുമതലയിൽനിന്നും മാറി. കാലം കുറെ പിന്നിട്ടശേഷം ഈ സംഭവം എഴുതുമ്പോൾ ബാങ്കിൽ ഹനീഫിന്‍റെ പേരിൽ വായ്പാബാധ്യത ഉണ്ടായിരുന്നില്ല. അയാൾ താമസിച്ചിരുന്ന വീടിന്‍റെ സ്ഥാനത്ത് പുതിയൊരു ഇരുനില വീട് പണിതുയർന്നിരുന്നു. അയാളെപ്പറ്റി ആ പരിസരത്ത് ആർക്കും അറിവില്ലായിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.