ഇന്ത്യയിൽ ബുദ്ധമതത്തിനേറ്റ തിരിച്ചടികൾക്ക് പലതരം വ്യാഖ്യാനങ്ങളാണുള്ളത്. കൊളോണിയൽ ചരിത്രകാരൻമാരുടെ ഭാഷ്യങ്ങൾക്ക് ഒരു തിരുത്ത് എഴുതുകയാണ് ലേഖകൻ. കേരളത്തിൽ എങ്ങനെയാണ് ബുദ്ധമതം തിരോഭവിച്ചത് എന്ന അന്വേഷണം ഇക്കാലത്ത് കൂടുതൽ പ്രസക്തമാകുന്നു.
കൊളോണിയൽ ചരിത്രകാരന്മാരുടെ വാദമനുസരിച്ച്, ബഖ്തിയാർ ഖൽജി നളന്ദയിലേക്ക് നടത്തിയ പടയോട്ടമാണ് ബുദ്ധമതത്തിന്റെ പതനം ഇന്ത്യയിൽ സാധ്യമാക്കിയത്. അതനുസരിച്ച്, ബഖ്തിയാർ ഖൽജിയുടെയോ ഏതെങ്കിലും മുസ്ലിം സൈന്യത്തിന്റെയോ ഒരുവിധത്തിലുള്ള സാന്നിധ്യവും ഇല്ലാതിരുന്ന ദക്ഷിണേന്ത്യയിലും വിശേഷിച്ച് കേരളത്തിലും ബുദ്ധമതം എങ്ങനെ ഇല്ലാതായി?
സി.ഇ. 13ാം നൂറ്റാണ്ടിനുമുമ്പേ കേരളത്തിലും ബുദ്ധമതത്തിന് അധഃപതനം നേരിടേണ്ടിവന്നു. അത് ഉത്തരേന്ത്യൻ നാടുകളിൽ ബുദ്ധമതത്തിന് നേരിടേണ്ടിവന്ന അവസ്ഥയിൽനിന്ന് ഭിന്നമായിരുന്നുവോ? നൂറ്റാണ്ടുകളോളം ബുദ്ധമതത്തിന്റെ കളിത്തൊട്ടിലുകളായി പരിലസിച്ച ഭൂപ്രദേശങ്ങളിൽനിന്ന് അത് എങ്ങനെ തിരോഭവിച്ചു? കാരണം, അത് ബുദ്ധമതത്തിന്റെ ഉന്മൂലന ചരിത്രത്തെപ്പറ്റി മാത്രമുള്ള പഠനമല്ല. ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷമുള്ള നമ്മുടെ ചരിത്രസാഹിത്യത്തിൽ സംഭവിച്ച ദിശാമാറ്റത്തിന്റെകൂടി വഴിയാണ്.
കേരളത്തിലെ ബുദ്ധമതത്തിന്റെ പതനത്തെപ്പറ്റി ചിന്തിക്കുന്നതിനു മുമ്പ് തമിഴ്നാട്ടിൽ അതിന് എന്തു സംഭവിച്ചു എന്ന് ആരായേണ്ടതുണ്ട്. ബുദ്ധ-ജൈന മതങ്ങൾക്കെതിരെ സംയുക്തമായാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾ നടന്നത്. ജൈനമതക്കാരായിരുന്ന പല്ലവ, പാണ്ഡ്യ രാജാക്കന്മാരുടെ മതംമാറ്റമായിരുന്നു അതിൽ പ്രധാനം. രാജാക്കന്മാർ ഹിന്ദുമതത്തിലെ ശൈവ, വൈഷ്ണവ ചിന്താധാരകളിലേക്ക് മാറിയതോടെ ബുദ്ധ-ജൈന മതങ്ങൾക്ക് എല്ലാ അർഥത്തിലുമുള്ള ശക്തിക്ഷയം സംഭവിച്ചു. ഏഴാം ശതകത്തിൽ ജീവിച്ച ശൈവമതാചാര്യനായ തമിഴ് കവിയാണ് തിരുജ്ഞാന സംബന്ധർ. അദ്ദേഹം പാണ്ഡ്യ രാജാവിനെ രാജ്ഞിയുടെയും മന്ത്രിയുടെയും സഹായത്തോടെ ശൈവ മതക്കാരനാക്കി. തുടർന്ന് ശൈവമതം സ്വീകരിക്കാൻ കൂട്ടാക്കാത്ത 8000 ജൈന മത വിശ്വാസികളെ കഴുവേറ്റിയതായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുജ്ഞാനസംബന്ധർക്ക് സമശീർഷരായ ജൈനസന്യാസിമാരെയാണ് അന്ന് വധിച്ചത്. അതിന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു ആഘോഷം മധുരയിലെ ക്ഷേത്രത്തിൽ സമീപകാലം വരെയും നടന്നിരുന്നതായി ഇളംകുളം കുഞ്ഞൻപിള്ള സൂചിപ്പിക്കുന്നു.1 ‘തേവാറം ഹബ്ബ’ എന്ന പേരിലാണ് മധുര മീനാക്ഷി ക്ഷേത്രത്തിലും മറ്റു ശൈവ ദേവാലയങ്ങളിലും ആ ആഘോഷം നടത്തിയിരുന്നത്. കളിമണ്ണിൽ കുഴച്ചുണ്ടാക്കിയ ജൈന പുരോഹിതന്മാരുടെ പ്രതിമകൾ ശൂലത്തിലേറ്റുന്ന പ്രത്യേകതരം ഉത്സവമായിരുന്നു അത്. 1967 വരെയും ആ ഉത്സവം അവർ ആഘോഷിച്ചു വന്നു. 1967ന് ശേഷം ആ ആഘോഷത്തിൽനിന്ന് ജൈന പുരോഹിതൻമാരുടെ പ്രതിമകളെ ശൂലത്തിലേറ്റുന്ന ആചാരം തമിഴ്നാട് സർക്കാർ നിരോധിച്ചതായി ഡോ. പി.ഡി. പത്മകുമാർ രേഖപ്പെടുത്തിയിരിക്കുന്നു.2 എന്നാൽ, തിരുജ്ഞാന സംബന്ധരുടെ ‘തേവാരം’ എന്ന ശൈവമത ഗ്രന്ഥത്തിലെ ‘ആലവായീ പതികം’ എന്ന ഭാഗത്ത് ആ ചരിത്രം മറ്റൊരു വിധത്തിലാണ് പരാമർശിച്ചതെന്ന് വി.വി.കെ. വാലത്ത് വ്യക്തമാക്കിയതായി കാണാം. ശൈവമതക്കാരനായ സംബന്ധമൂർത്തി (തിരുജ്ഞാന സംബന്ധർ) തഞ്ചാവൂരിൽനിന്ന് സി.ഇ. 640ൽ മധുരയിലെത്തി. അവിടത്തെ പാണ്ഡ്യ രാജാവിനെ സ്വാധീനിച്ച് ബുദ്ധഭിക്ഷുക്കളെ വകവരുത്തി. ആയിരക്കണക്കിന് ബുദ്ധഭിക്ഷുക്കളെ വാദത്തിൽ തോൽപിച്ചെന്ന് വരുത്തി ശൂലത്തിൽ തറച്ചു കൊന്നു. മധുരയിലെ ശിവക്ഷേത്രത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന വൈഗാ നദിയുടെ തീരത്താണ് ആ കൂട്ടക്കൊല അരങ്ങേറിയത് എന്നും ‘ആലവായീ പതിക’ത്തിൽ ഉള്ളതായി അദ്ദേഹം സൂചിപ്പിക്കുന്നു.3 മാത്രവുമല്ല, മധുരയിലെ ശിവക്ഷേത്രത്തെ ‘ആലവായിൽ’ എന്ന് പറഞ്ഞിരുന്നതായി സാംസ്കാരിക ചരിത്രകാരനായ എസ്.കെ. വസന്തൻ രേഖപ്പെടുത്തിയിട്ടുണ്ട്. മധുരയിലെ ശിവക്ഷേത്രത്തിന്റെ മാതൃകയിലാണ് കേരളത്തിലെ ആലുവായിൽ പണിത ശിവക്ഷേത്രം. അതാണ് ആലുവായ് എന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെന്നും വ്യക്തമാക്കിയിരിക്കുന്നു. ആലുവയെപ്പറ്റി പരാമർശിക്കാൻ നാണുഗുരു (ശ്രീനാരായണ ഗുരു) ‘ആലവായ്' എന്നാണത്രേ എഴുതാറുള്ളത്.4
ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്ങ് (ചിത്രകാരന്റെ ഭാവനയിൽ)
സി.ഇ. ഏഴും എട്ടും ഒമ്പതും നൂറ്റാണ്ടുകളിൽ ബുദ്ധ-ജൈന മതക്കാർക്ക് എതിരെ ഹിന്ദുമതത്തിലെ ശൈവരും വൈഷ്ണവരും ശക്തമായ പോരാട്ടമാണ് നടത്തിയിരുന്നത്. അതിന് നേതൃത്വം നൽകിയിരുന്നത് തമിഴ് ഭാഷയിലെ പ്രമുഖ കവികളായിരുന്നു. തമിഴ് സാഹിത്യത്തിൽ സമുന്നത സ്ഥാനമാണ് ആ കവികൾക്കുള്ളത്. മുകളിൽ പരാമർശിച്ച തിരുജ്ഞാന സംബന്ധരുടെയും തിരുമങ്കൈ ആഴ്വാരുടെയും മണിക്യവാചകരുടെയും കവിതകളിൽ മതഭക്തിയെക്കാളും മുന്നിട്ട് നിൽക്കുന്നത് മതവിദ്വേഷമാണെന്നാണ് ഇളംകുളം കുഞ്ഞൻപിള്ളയുടെ വീക്ഷണം. നാഗപട്ടണത്തെ ബുദ്ധവിഹാരത്തിൽനിന്ന് ബുദ്ധന്റെ സ്വർണപ്രതിമ മോഷ്ടിച്ചാണ് വൈഷ്ണവ ഭക്തകവിയായ തിരുമങ്കൈ ആഴ്വാർ ശ്രീരംഗം ക്ഷേത്രം പണികഴിപ്പിച്ചതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.5 ആ കാലത്ത് ബുദ്ധ-ജൈന മതങ്ങൾക്ക് എതിരെ ഹിന്ദുമതത്തിലെ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങൾ ആവിഷ്കരിച്ച വിദ്വേഷാഗ്നി തമിഴ്നാട്ടിലോ ദക്ഷിണേന്ത്യയിലോ പരിമിതമായിരുന്നില്ല. ഉപഭൂഖണ്ഡമാകെ അത് അലയടിച്ചു. ഒടുവിൽ ജന്മനാട്ടിൽനിന്നും ബുദ്ധമതം പിഴുതെറിയപ്പെട്ടതായി പ്രമുഖ ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ ടി.എ. ഗോവിനാഥ റാവു വ്യക്തമാക്കിയിട്ടുണ്ട്. ബ്രാഹ്മണർ അതിനെ കൊന്നതായും ബുദ്ധമത വിശ്വാസികളെ ആട്ടിയോടിച്ചതായും അദ്ദേഹം സൂചിപ്പിക്കുന്നു.6
സി.ഇ. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ ആരംഭിച്ച ബുദ്ധമത ധ്വംസനം കേരളത്തിലും ശക്തിപ്പെട്ടു. അതോടെ ഇവിടെയും ബുദ്ധമതം അധഃപതിക്കാൻ തുടങ്ങി. കാഞ്ചിയിൽനിന്നും കേരളതീരത്തേക്കുള്ള യാത്രയിൽ ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്ങിന് നിരവധി ബുദ്ധവിഹാരങ്ങളുടെ തകർന്ന അവശിഷ്ടങ്ങളാണ് കാണാൻ കഴിഞ്ഞത്. അവയിൽ പലതിനും മതിലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശ്വാസികളാവട്ടെ നന്നേ കുറവും. അതേസമയം നൂറുകണക്കിന് ദേവീക്ഷേത്രങ്ങൾ അവിടെ ഉയർന്നുവന്നതും അദ്ദേഹം കണ്ടു.7 ശൈവ വൈഷ്ണവ ഭക്തിയുടെ ഭാഗമായി ഹിന്ദുമതത്തിൽ ഉണ്ടായ നവീകരണമാണ് കേരളത്തിൽ ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും നാശത്തിന് കാരണമായത് എന്നാണ് എസ്. ശങ്കു അയ്യർ വ്യക്തമാക്കിയത്.8 എട്ടാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായ കുമാരിലഭട്ടൻ ബുദ്ധമതത്തെ അങ്ങേയറ്റം ആക്ഷേപിച്ചു. ബുദ്ധമത പണ്ഡിതൻമാരെയും ആചാര്യൻമാരെയും ശങ്കരാചാര്യർ വാദങ്ങളിൽ തോൽപിച്ചു. അതെല്ലാം ബുദ്ധമതത്തിന് കടുത്ത ഹാനിയാണ് വരുത്തിയത്. അവയുടെ ശക്തമായ അനുരണനത്തിൽനിന്ന് മുക്തമാവാൻ കേരളത്തിനും കഴിഞ്ഞിരുന്നില്ല.9 അതിന്റെ തുടർച്ചയായിട്ടാണ് കേരളത്തിൽ ബുദ്ധമതത്തിന്റെ ഉന്മൂലനം നടന്നതെന്നാണ് ഗവേഷകന്മാരുടെ വിലയിരുത്തൽ. ആലവാങ്കെന്ന അലകുപാര ഉപയോഗിച്ച് നടത്തിയ മതഹിംസയുടെ സ്മാരകമാണത്രേ ആലുവായ് എന്ന സ്ഥലനാമമെന്ന് ബുദ്ധമത ഗവേഷകനായ ഡോ. അജയ് ശേഖർ രേഖപ്പെടുത്തിയിട്ടുണ്ട്.10 അഫ്ഗാനിസ്താനിലെ ബാമിയാനിലും ചൈനയിലെ ഹുനാൻ പ്രവിശ്യയിലും ഉണ്ടായിരുന്നതുപോലുള്ള ‘പെരിയ പാവ രൂപങ്ങളായ’ (വലിയ വിഗ്രഹങ്ങൾ) ബുദ്ധപ്രതിമകൾ ഉണ്ടായിരുന്ന ഊരെന്ന അർഥത്തിലാണ് ‘പെരുമ്പാവൂർ’ എന്ന സ്ഥലനാമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.11 അതിന്റെ സമീപത്തെ ഇരിങ്ങോൾ കാവും കല്ലിൽ ജൈനക്ഷേത്രവും മാത്രമല്ല, ആ മേഖലതന്നെ ബുദ്ധ-ജൈന മതങ്ങളുടെ അധിവാസ കേന്ദ്രമായിരുന്നു എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്; പെരുമ്പാവൂരിന്റെ വടക്കായി സ്ഥിതിചെയ്യുന്ന ‘അശോക മന്നന്റെ ഊരായ’ അശമന്നൂരിലെ കഴുവേറ്റിക്കല്ലും അതിലേക്കുള്ള സൂചനയാണ്. കേരളത്തിൽ ബൗദ്ധരെയും ജൈനരെയും കഴുവേറ്റി കൊന്നതിന്റെ പുരാവസ്തു തെളിവാണ് അശമന്നൂരിലെ ആ കഴുവേറ്റിക്കല്ല്. ഒരു കരിങ്കൽ സ്തൂപത്തിൽ തറക്കപ്പെട്ട മനുഷ്യശരീരമാണ് അതിലെ ദൃശ്യം. തലയും കൈയും ഒരുവശത്തേക്കും കാലുകൾ മറുവശത്തേക്കും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ആ കരിങ്കല്ലിൽ കൊത്തിയിട്ടുള്ള മനുഷ്യരൂപം. ‘കൊലക്കല്ല്’ എന്ന് നാട്ടുകാർ പറഞ്ഞിരുന്ന ആ ശിൽപം വയലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വീണു കിടക്കുകയായിരുന്നു. ചരിത്രഗവേഷകനായ വി.വി.കെ. വാലത്താണ് അത് കണ്ടെത്തിയത്.12 കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ മാത്രമല്ല, കുടകിലും മൈസൂരുവിലുമെല്ലാം അത്തരം കൊലക്കല്ലുകൾ ഉണ്ടെന്നാണ് ചരിത്രകാരന്മാർ നൽകുന്ന സൂചന. കേരളത്തിൽ അത്തരത്തിലുള്ള മറ്റൊരു കൊലക്കല്ല്, കോട്ടയം ജില്ലയിലെ പുരാതനമായ തൃക്കൊടിത്താനം അമ്പലത്തിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയതായി ഡോ. അജയ് ശേഖറും വ്യക്തമാക്കിയിട്ടുണ്ട്.13 മധുരയിലേതിന് സമാനമായി കേരളത്തിലും ബുദ്ധ-ജൈന മതങ്ങൾ ക്രൂരമായി ഹിംസിക്കപ്പെട്ടതിന്റെ ഭൂതകാല ചരിത്രമാണ് അശമന്നൂരിലെയും തൃക്കൊടിത്താനത്തെയും കഴുവേറ്റിക്കല്ലുകൾ.
കരുനാഗപ്പള്ളിയിലെ മരുതൂർകുളങ്ങരയിലുള്ള ബുദ്ധപ്രതിമ (www.bodhimalayalam.org)
കേരളത്തിലെ ബുദ്ധമതത്തിന്റെ പതനത്തിന് പിന്നിലും സംബന്ധ മൂർത്തിയുടെ സ്വാധീനം ഉണ്ടെന്നാണ് ചരിത്രകാരൻമാരുടെ വിലയിരുത്തൽ. ഇന്നത്തെ ആലുവാ മണപ്പുറത്തു വെച്ചും ബുദ്ധഭിക്ഷുക്കളോട് തർക്കിച്ച് ജയിക്കാൻ സംബന്ധ മൂർത്തി വെല്ലുവിളി ഉയർത്തിയിട്ടുണ്ടാവാം എന്നാണ് വി.വി.കെ. വാലത്തിന്റെ പക്ഷം. അതിന്റെ തുടർച്ചയായിട്ടാവാം പെരിയാറിന്റെ തീരത്തും (ആലുവാപ്പുഴ) പെരുമ്പാവൂരിന്റെ പരിസരങ്ങളിലും കൊലമരങ്ങൾ നാട്ടപ്പെട്ടത്. വാദത്തിൽ തോൽപിക്കപ്പെട്ട ഭിക്ഷുക്കളെ വൈഗാ നദിയുടെ തീരത്തെന്നപോലെ ആലുവാപ്പുഴയുടെ തീരത്തും ശൂലത്തിൽ കയറ്റിയിരിക്കണം എന്നാണ് വി.വി.കെ. വാലത്തിന്റെ നിരീക്ഷണം. വൈഗയുടെ തീരത്ത് അരങ്ങേറിയ ആലവായി, ആലുവാപ്പുഴയുടെ തീരത്തും ആവർത്തിച്ചതിന്റെ സൂചനകൾ ആലുവാ എന്ന സ്ഥലനാമത്തിൽതന്നെ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ പഠനം.14 മധുരയിലെ വൈഗാ നദീതീരത്തെന്നപോലെ പിൽക്കാലത്ത് ആലുവാപ്പുഴയുടെ തീരത്തും പിതൃക്കളുടെ സ്മരണ പുതുക്കൽ ജനങ്ങളുടെ പതിവായി. പിൽക്കാലത്ത് ബുദ്ധമതക്കാരുടെ അനാഥരായ തലമുറ അറിഞ്ഞോ അറിയാതെയോ ഹിന്ദുമതത്തിലെ താണ ജാതിക്കാരായി മാറി. അതോടെ, ബലിയിടലിന്റെ ആദ്യം പറഞ്ഞ ഉദ്ദേശ്യം വിസ്മരിക്കപ്പെട്ടു. പകരം ഹിന്ദു മതാചാരമായി ആ ബലിധാനങ്ങൾ പ്രതിഷ്ഠ നേടുകയാണുണ്ടായത്. ശൈവമത വിജയത്തിന്റെയും ബുദ്ധമത ഉന്മൂലനത്തിന്റെയും പ്രതീകമാണ് ആലുവ ശിവരാത്രിയും ശിവക്ഷേത്രവുമെന്ന് ആ പഠനത്തിൽ ഊന്നിപ്പറയുകയാണ് വി.വി.കെ. വാലത്ത്.15
രാജാക്കന്മാരുടെ സഹായത്തോടെ ബുദ്ധമത ധ്വംസനം ആസൂത്രിതമായി നടത്തിയ ശൈവ വൈഷ്ണവ ആചാര്യന്മാരുടെ അതിക്രമങ്ങളെപ്പറ്റി സാമൂഹിക ചരിത്രകാരനും നിയമജ്ഞനുമായ എൻ.ആർ. കൃഷ്ണനും രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധവിഹാരങ്ങൾ തകർത്തും ബുദ്ധഭിക്ഷുക്കളെ ഉന്മൂലനംചെയ്തും ബുദ്ധമത ഗ്രന്ഥങ്ങൾ ചുട്ടുകരിച്ചും ശൈവ-വൈഷ്ണവ ആചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രാഹ്മണ മേധാവിത്വം നടത്തിയ ക്രൂരതകളെ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു.16 ആ ക്രൂരതകൾക്ക് നേതൃത്വം നൽകിയവരിൽ ഒരാൾ ശൈവ ഭക്ത കവിയായ സംബന്ധ മൂർത്തിയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം രാജകിങ്കരന്മാർ ആയിരക്കണക്കിന് ബുദ്ധഭിക്ഷുക്കളെ പശ്ചിമ തീരത്തു നിന്ന് ബന്ധനസ്ഥരാക്കി മധുരയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവരെയെല്ലാം, വൈഗാ നദീതീരത്ത് നിരത്തി നിർത്തിയ ശൂലങ്ങളിൽ കയറ്റി ജീവനോടെ കൊല്ലുകയായിരുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ആ കൂട്ടക്കൊലയുടെ സ്മരണക്കായി വൈഗാ നദീതീരത്ത് ‘കഴുവേറ്റിത്തിരുവിക’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ആഘോഷം മധുരയിലെ ബ്രാഹ്മണർ കൊണ്ടാടുന്നതായും എൻ.ആർ. കൃഷ്ണൻ സൂചിപ്പിക്കുന്നു.17
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിലനിന്ന ബുദ്ധ-ജൈന കേന്ദ്രങ്ങൾ നശിപ്പിക്കാൻ നേതൃത്വം നൽകിയ ശൈവ മതാചാര്യനായിരുന്നു സംബന്ധ മൂർത്തി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല വൈഷ്ണവ മതാചാര്യനായ വില്വമംഗലത്ത് സ്വാമിയുടെയും പ്രവർത്തനമെന്ന വിലയിരുത്തലാണ് ഈഴവരെ പറ്റിയുള്ള പഠനങ്ങളിൽ. ബുദ്ധവിഹാരങ്ങൾ നശിപ്പിക്കുന്നതിന് ബ്രാഹ്മണ വൈദികർ പ്രത്യേക വിഭാഗത്തെ പരിശീലിപ്പിച്ചതായി എൻ.ആർ. കൃഷ്ണൻ സൂചിപ്പിച്ചിരിക്കുന്നു. അരനൂറ്റാണ്ട് കാലം അവരുടെ ആക്രമണം നീണ്ടുനിന്നു. കൊടുങ്ങല്ലൂരിൽനിന്ന് ആരംഭിച്ച, സ്വാമിയാരുടെ നേതൃത്വത്തിലുള്ള ജൈത്രയാത്ര ബുദ്ധമതത്തിന്റെ കേരളത്തിലെ വേരറുത്തതായി ഈഴവരെ സംബന്ധിച്ച ചരിത്രഗ്രന്ഥങ്ങളിൽ കാണാം. എന്തെല്ലാം ആക്രമണ മാർഗങ്ങളാണ് അവർ അവലംബിച്ചത്? പടയണി തുള്ളിയും തീവെച്ച് നശിപ്പിച്ചും മദ്യാഭിഷേകവും ജന്തുഹിംസയും നടത്തിയും ബൗദ്ധവിഹാരങ്ങളെ ഹിന്ദു ക്ഷേത്രങ്ങളാക്കി രൂപാന്തരപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.18
ബുദ്ധമതം കേരളത്തിൽ അധഃപതിക്കാൻ ഇടയായ മുഖ്യകാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രധാന സംഭവമാണ്, പള്ളിബാണ പെരുമാൾ എന്ന പേരിൽ അറിയപ്പെടുന്ന ബാണപെരുമാളുടെ ബുദ്ധമതാശ്ലേഷവും തുടർന്നുണ്ടായ സംഭവങ്ങളും. ദ്രാവിഡ നാട്ടിലെ ബാണപുരത്തുനിന്ന്, ബാണപ്പെരുമാളെ രാജാധികാരം ഏറ്റെടുക്കാൻ കൊടുങ്ങല്ലൂരിലേക്ക് (അല്ലൂർ) ക്ഷണിച്ചത് ബ്രാഹ്മണരായിരുന്നു. പന്തീരാണ്ട് 12 കൊല്ലം കേരളം വാഴാൻ അവർ, പള്ളിബാണ പെരുമാളോട് കൽപിച്ചു. അങ്ങനെ ഭരണം നടത്തുന്ന കാലത്ത് ബുദ്ധമത പ്രബോധകന്മാർ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെത്തി. അവരുടെ പ്രബോധനത്തിൽ ആകൃഷ്ടനായ പള്ളിബാണ പെരുമാൾ ബുദ്ധമതം സ്വീകരിച്ചു. ‘‘ഇതത്രേ നേരാകുന്നത്’’ എന്നാണ് ബുദ്ധമത തത്ത്വങ്ങൾ അദ്ദേഹത്തിന് ബോധിച്ചതിനെപ്പറ്റി ‘കേരളോൽപത്തി’യിൽ19 പരാമർശിച്ചത്. മാത്രവുമല്ല മറ്റുള്ളവരെ ബുദ്ധമതം സ്വീകരിക്കാൻ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ, അതിൽ അതൃപ്തരായ ബ്രാഹ്മണർ തൃക്കരിയൂരിൽ ചെന്ന് ജംഗമ മഹർഷിയോട് സങ്കടം ഉണർത്തി. പരദേശത്തുനിന്ന് എത്തിയ ആറ് ശാസ്ത്രികൾ അവിടെ ഉണ്ടായിരുന്നു. ഒടോചാര്യൻ, ഭാട്ടബാണൻ, ഭാട്ടവിജയൻ, ഭാട്ടമയൂരൻ, ഭാട്ടഗോപാലൻ, ഭാട്ടനാരായണൻ എന്നിവരായിരുന്നു അവർ. ഭാട്ടബ്രാഹ്മണർ എന്നും അവർ അറിയപ്പെടുന്നു. അവർ കൊടുങ്ങല്ലൂരിൽനിന്നു വന്ന ബ്രാഹ്മണരെ സഹായിക്കാൻ തയാറായി. കൊടുങ്ങല്ലൂരിലെത്തിയ അവർ പള്ളിബാണ പെരുമാളെ കണ്ട് ബുദ്ധമതക്കാരുമായി വാദപ്രതിവാദത്തിന് അവസരം ചോദിച്ചു. രാജാവ് അതിന് അവസരം ഒരുക്കി. തോൽക്കുന്നവരുടെ നാവ് മുറിച്ച് നാട്ടിൽനിന്ന് പുറത്താക്കണമെന്ന ഉപാധിയും ഭാട്ടബ്രാഹ്മണർക്ക് ഉണ്ടായിരുന്നു. ആ വാദ പ്രതിവാദത്തിൽ ബുദ്ധ പണ്ഡിതൻമാർ പരാജയപ്പെട്ടു. തുടർന്ന് അവരെ ശിക്ഷിക്കാൻ ബാണപെരുമാൾ നിർബന്ധിതനായി. അതിൽ മനംനൊന്ത് അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. ‘‘ബൗദ്ധശാസ്ത്രം ഞാൻ അനുസരിക്കക്കൊണ്ട് എനിക്ക് മറ്റൊന്നിലും നിവൃത്തി ഇല്ല’’20 എന്ന് പറഞ്ഞാണത്രേ അദ്ദേഹം കൊടുങ്ങല്ലൂർ വിട്ടത്.
എന്നാൽ, അവിടെ നടന്ന വാദപ്രതിവാദത്തിൽ ഭാട്ടബ്രാഹ്മണർ വിജയിച്ചതിനെപ്പറ്റി വ്യത്യസ്തമായ മറ്റൊരു വീക്ഷണവും നിലനിൽക്കുന്നുണ്ട്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ‘കേരളം’ കാവ്യത്തിൽ അത്തരത്തിലുള്ള ഒരു ചരിത്രസംഭവം പരാമർശിച്ചിരിക്കുന്നു. പള്ളിബാണ പെരുമാളുടെ കാലത്ത് ബൗദ്ധരും ബ്രാഹ്മണരും തമ്മിൽ നടന്ന വാദപ്രതിവാദത്തിൽ ആർക്കും വിജയം സിദ്ധിച്ചതായി രാജാവിന് തോന്നിയില്ല. അതിനാൽ ‘ഫണികുംഭ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, ആ കാലത്തെ ഒരു സത്യപരീക്ഷ നടത്തി വിജയികളെ കണ്ടെത്താൻ പള്ളിബാണ പെരുമാൾ തീരുമാനിച്ചു.
‘‘മീമാംസക പ്രവര ബൗദ്ധരിലാർക്കു സാക്ഷാൽ
പ്രാമാണ്യമെന്നു, ഫണികുംഭ പരീക്ഷയാലേ
തീർമാനമാക്കുവതിനന്നൊരു, സർവലോക
സാമാന്യമാം സഭ, മഹാപ്രഭു നിശ്ചയിച്ചു.’’ (കേരളം 4:40) 21
അതനുസരിച്ച് കല്ലുകൊണ്ട് ഉണ്ടാക്കിയ കുടത്തിൽ ഒരു പാമ്പിനെ അടച്ചുവെച്ചു. വാദപ്രതിവാദത്തിന് തയാറായി നിൽക്കുന്ന ഭാട്ടബ്രാഹ്മണരോടും ബുദ്ധമത പണ്ഡിതന്മാരോടും ‘‘ഇതെന്ത്?’’ എന്ന് ആരാഞ്ഞു. ബൗദ്ധർ പാമ്പെന്ന് പറഞ്ഞപ്പോൾ ബ്രാഹ്മണർ പങ്കജമെന്ന് (താമര) മറുപടി നൽകി. ഒടുവിൽ സംശയം തീർക്കാൻ കുടം പൊട്ടിച്ച് നോക്കിയപ്പോൾ അതിൽ താമരയാണത്രേ ഉണ്ടായിരുന്നതെന്ന് ‘കേരളം’ എന്ന കാവ്യത്തിന്റെ നാലാം സർഗത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രേഖപ്പെടുത്തിയിട്ടുണ്ട്.22 പിന്നീട് കൊടുങ്ങല്ലൂർ വിട്ടശേഷം കിളിരൂരിലും നീലമ്പേരൂരിലുമായിരുന്നു പള്ളിബാണ പെരുമാളുടെ ശിഷ്ടജീവിതം. അതിന്റെ അടയാളങ്ങൾ ആ പ്രദേശങ്ങളിൽ ഇന്നും നിലനിൽക്കുന്നതായി മുൻ അധ്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നീലമ്പേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ ചേരമാൻ പെരുമാൾ സ്മാരകത്തിലാണ് പള്ളിബാണ പെരുമാൾ അന്ത്യവിശ്രമം കൊള്ളുന്നത്. അതുകൊണ്ടാവാം പള്ളിബാണ പെരുമാൾ എന്ന് പിൽക്കാല ചരിത്രത്തിൽ അദ്ദേഹം അറിയപ്പെട്ടത്. പൊതിയാർമല, മടവൂർപാറ എന്നിവിടങ്ങളിലെ വിഹാരങ്ങൾ; നീലമ്പേരൂർ, കിളിരൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നും നിലനിൽക്കുന്ന വിഹാരങ്ങൾ, ശ്രീമൂലവാസം തുടങ്ങിയവ കേരളത്തിലെ ആദ്യകാല ബുദ്ധമത സ്മാരകങ്ങളും കേന്ദ്രങ്ങളുമാണ്. അമ്പലപ്പുഴയിലെ കരുമാടി, കരുനാഗപ്പള്ളിയിലെ മരുതൂർകുളങ്ങര, മാവേലിക്കരയിലെ അച്ചൻകോവിലാർ, ഭരണിക്കാവിലെ പള്ളിക്കൽ, അടൂർപള്ളിക്കൽ, ചെങ്ങന്നൂർ, തൃശൂർ ജില്ലയിലെ കോട്ടപ്പുറം, പാലക്കാട് ജില്ലയിലെ ആലത്തൂർ, പട്ടാമ്പി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച 15 ബുദ്ധമതാവശിഷ്ടങ്ങളെയും അവയുടെ ചരിത്രപരമായ പ്രാധാന്യത്തെയുമാണ് മുകളിൽ ഇതുവരെ പരാമർശിച്ചത്. ആ വിഗ്രഹങ്ങളും സ്മാരകങ്ങളും കേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രചരിച്ച ബുദ്ധമതത്തിന്റെ സ്വാധീനം വിളിച്ചോതുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അത്തരം വിഗ്രഹങ്ങളെല്ലാം ഒരുകാലത്ത് സംഘാരാമങ്ങളിൽ ആരാധിച്ചിരുന്നതായി വി.ആർ. പരമേശ്വരൻപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.23 മുകളിൽ പരാമർശിച്ച വിവിധ ദേശങ്ങളിലെ ബുദ്ധമത സ്ഥാപനങ്ങളും സ്മാരകങ്ങളുമായ വിഹാരങ്ങൾ, വിഗ്രഹങ്ങൾ, ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള മറ്റു നിർമിതികൾ തുടങ്ങിയ പുരാവസ്തു തെളിവുകളും; ക്ഷേത്രാചാരങ്ങൾ, ഉത്സവങ്ങൾ, സ്ഥലനാമങ്ങൾ പോലുള്ള ഇതര സാംസ്കാരിക മുദ്രകളുമെല്ലാം വിരൽ ചൂണ്ടുന്നത് കേരളത്തിൽ ബുദ്ധമതത്തിന് ഒരുകാലത്ത് ഉണ്ടായിരുന്ന വലിയ പ്രചാരത്തെയാണ്. അത്തരത്തിലുള്ള ബുദ്ധവിഗ്രഹങ്ങളോ സ്മാരകങ്ങളോ സാംസ്കാരിക മുദ്രകളോ കണ്ടെത്തിയ പ്രദേശങ്ങളെല്ലാം, ബുദ്ധമത വിശ്വാസികളുടെ അധിവാസ കേന്ദ്രങ്ങളായിരുന്നു എന്നാണ് ചരിത്രകാരന്മാർ നൽകുന്ന സൂചന. ഓരോ പ്രദേശത്തും മതപരമായ സ്ഥാപനങ്ങൾ ഉയർന്നുവരുന്നത്, അതത് ദേശത്തെ വിശ്വാസികൾക്ക് മതപരമായ അനുഷ്ഠാനങ്ങൾ നിർവഹിക്കാൻ വേണ്ടിയാണ്. അതിനുമാത്രം അംഗങ്ങൾ ആ പ്രദേശങ്ങളിലെല്ലാം ബുദ്ധമതത്തിന് ഉണ്ടായിരുന്നു എന്ന് കൂടിയാണ് അതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. അതിനാൽ ബുദ്ധവിഗ്രഹങ്ങളും സ്മാരകങ്ങളും കണ്ടെത്തിയ ദേശങ്ങളെല്ലാം ആദ്യകാല ബുദ്ധമത കേന്ദ്രങ്ങളായിരുന്നു എന്നതിൽ തർക്കമില്ല. ക്രിസ്തു വർഷത്തിന്റെ ആദ്യ ദശകങ്ങളിൽ വർത്തമാനകാലത്തെ കേരളംകൂടി ഉൾപ്പെട്ട ചേര, ചോള, പാണ്ഡ്യ ദേശങ്ങൾ രാഷ്ട്രീയമായി അനൈക്യത്തിലാണ് വർത്തിച്ചത്. എങ്കിലും അവയെല്ലാം സാംസ്കാരികമായി ഒന്നായിരുന്നു. സഹ്യപർവതമോ രാജാക്കൻമാർ തമ്മിലുള്ള യുദ്ധങ്ങളോ ജനങ്ങളുടെ ഐക്യത്തിനും ആദാന പ്രദാനങ്ങൾക്കും തടസ്സമായിരുന്നില്ല. ചേര-ചോള-പാണ്ഡ്യ എന്ന പേരിലുള്ള ആ മൂന്ന് ദേശങ്ങളാണ് തമിഴകമെന്ന് സ്വദേശത്തും, ത്രൈരാജ്യം എന്ന് വിദേശത്തും അറിയപ്പെട്ടിരുന്നത്. അതിനാൽ, തമിഴകത്തിന്റെ ഒരു ഭാഗത്ത് ഉണ്ടാവുന്ന ചലനങ്ങൾ ഇതര ഭാഗങ്ങളെയും സ്വാധീനിച്ചു. അതുകൊണ്ടാണ് തമിഴകത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം ബുദ്ധ-ജൈന മതങ്ങൾ കേരളത്തിലും പ്രചാരം നേടിയതും അതേ കാരണത്താൽതന്നെ തകർന്നതും.
അവലംബം:
1. എഡി. ഡോ. എൻ. സാം -ഇളംകുളം കുഞ്ഞൻപിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ -പു: 245. കേരള സർവകലാശാല - കാര്യവട്ടം, 2005.
2. ഡോ. പി.ഡി. പത്മകുമാർ -വിവർത്തനം: വി.വി. ജിതേന്ദ്ര പ്രസാദ് -ജൈനധർമം കേരളത്തിൽ -പുറം: 70. വയനാട് ജൈന സമാജം -കൽപറ്റ; മാതൃഭൂമി ബുക്സ് -കോഴിക്കോട്- 2006.
3. വി.വി.കെ. വാലത്ത് -ചരിത്രകവാടങ്ങൾ - പുറം: 61, 62, നാഷനൽ ബുക്ക് സ്റ്റാൾ -കോട്ടയം- 1977.
4. എസ്.കെ. വസന്തൻ -കേരള സംസ്കാര ചരിത്ര നിഘണ്ടു. വാല്യം: ഒന്ന്. പുറം: 117. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് -തിരുവനന്തപുരം.
5. ഇളംകുളം കുഞ്ഞൻപിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ -പുറം: 245.
6. T.A. Gopinatha Rao -Travancore Archaeological Series - Vol - Two and Three-Page: 123. Department of Cultural Publications - Government of Kerala -Thiruvananthapuram - 1992 (1908).
7. Translation from the Chinese of Hietn Tsiang- (AD - 629). Samuel Beal - Buddhist Records of The Western World, Vol: Two - Page: 231. Asian Educational Services New Delhi - 2003 (1884).
8. എസ്. ശങ്കു അയ്യർ - ബുദ്ധ-ജൈന മതങ്ങൾ കേരളത്തിൽ - കേരളചരിത്രം- വാല്യം: രണ്ട്. പുറം: 323. ഹിസ്റ്ററി അസോസിയേഷൻ - എറണാകുളം, 1974.
9. അതേ ഗ്രന്ഥം - പുറം: 323.
10. ഡോ. അജയ് ശേഖർ -പുത്തൻ കേരളം- പുറം: 16. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് -തിരുവനന്തപുരം- 2019.
11. അതേ ഗ്രന്ഥം -പുറം: 105.
12. വി.വി.കെ. വാലത്ത് -കേരളത്തിലെ സ്ഥലനാമ ചരിത്രങ്ങൾ - എറണാകുളം ജില്ല. പുറം: 131. കേരള സാഹിത്യ അക്കാദമി - തൃശൂർ, 2006 - (1991).
13. പുത്തൻ കേരളം - പുറം: 105.
14. വി.വി.കെ. വാലത്ത് -ചരിത്ര കവാടങ്ങൾ- പുറം: 62. നാഷനൽ ബുക്ക് സ്റ്റാൾ- കോട്ടയം - 1977.
15. അതേ ഗ്രന്ഥം -പുറം: 62, 63.
16. എൻ.ആർ. കൃഷ്ണൻ -ഈഴവർ അന്നും ഇന്നും- പുറം: 41. കറന്റ് ബുക്സ് -തൃശൂർ- 1967.
17. അതേ ഗ്രന്ഥം -പുറം: 41.
18. അതേ ഗ്രന്ഥം -പുറം: 41.
19. ഹെർമൻ ഗുണ്ടർട്ട് -കേരളോൽപത്തി- പുറം: 123. നാഷനൽ ബുക്ക് സ്റ്റാൾ - കോട്ടയം- 2014, (1868).
20. അതേ ഗ്രന്ഥം - പുറം: 124.
21. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ -കേരളം- പുറം: 97. കേരള ബുക്ക് ഹൗസ്- കൊടുങ്ങല്ലൂർ- 1959.
22. അതേ ഗ്രന്ഥം -പുറം: 96, 97.
23. വി.ആർ. പരമേശ്വരൻ പിള്ള -പ്രാചീന ലിഖിതങ്ങൾ- പുറം: 121. നാഷണൽ ബുക്ക് സ്റ്റാൾ- കോട്ടയം 1964.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.