ഏകസിവിൽകോഡ്: തീവ്ര വലതുപക്ഷ ഹിന്ദു അജണ്ടയുടെ ട്രോജൻ കുതിര -സെബാസ്​റ്റ്യൻ പോൾ എഴുതുന്നു

‘‘അപകടകരമായ മതാധിഷ്ഠിത ദേശീയത വിനാശകരമായി പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രസംവിധാനത്തിൽ ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷത്തിന്റെ നിയമത്തെ സംയോജിപ്പിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്’’ എന്ന്​ അഭിഭാഷകനും മുതിർന്ന മാധ്യമപ്രവർത്തകനും ജനപ്രതിനിധിയുമായ ലേഖകൻ എഴുതുന്നു. ഏക സിവിൽ കോഡി​ന്റെ നിയമ ചരിത്രവും വശങ്ങളും വ്യക്തമാക്കുന്ന ‘‘തീവ്ര വലതുപക്ഷ ഹിന്ദു അജണ്ടയാണ് യു.സി.സി എന്ന പേരിൽ അറിയപ്പെടുന്നത്’’എന്നും വിശദമാക്കുന്നു.മണിപ്പൂർ എരിയുമ്പോൾ നരേന്ദ്ര മോദി കണ്ടെത്തിയ നീറോയുടെ വീണയാണ് ഏക സിവിൽ കോഡ്. കശ്മീരും അയോധ്യയും സിവിൽ കോഡും ചേർന്ന് രൂപപ്പെടുന്ന...

‘‘അപകടകരമായ മതാധിഷ്ഠിത ദേശീയത വിനാശകരമായി പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രസംവിധാനത്തിൽ ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷത്തിന്റെ നിയമത്തെ സംയോജിപ്പിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്’’ എന്ന്​ അഭിഭാഷകനും മുതിർന്ന മാധ്യമപ്രവർത്തകനും ജനപ്രതിനിധിയുമായ ലേഖകൻ എഴുതുന്നു. ഏക സിവിൽ കോഡി​ന്റെ നിയമ ചരിത്രവും വശങ്ങളും വ്യക്തമാക്കുന്ന ‘‘തീവ്ര വലതുപക്ഷ ഹിന്ദു അജണ്ടയാണ് യു.സി.സി എന്ന പേരിൽ അറിയപ്പെടുന്നത്’’എന്നും വിശദമാക്കുന്നു.

മണിപ്പൂർ എരിയുമ്പോൾ നരേന്ദ്ര മോദി കണ്ടെത്തിയ നീറോയുടെ വീണയാണ് ഏക സിവിൽ കോഡ്. കശ്മീരും അയോധ്യയും സിവിൽ കോഡും ചേർന്ന് രൂപപ്പെടുന്ന ത്രികോണത്തിൽ രാഷ്ട്രീയത്തിന്റെ വിജയഫോർമുല കണ്ടെത്താൻ യത്നിക്കുന്ന ബി.ജെ.പിക്ക് ഇടക്കിടെ ഉന്നയിക്കാവുന്ന വിഷയമായി സിവിൽ കോഡ് അവശേഷിക്കുന്നു. ജൂൺ 27ന് ഭോപാലിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്​താവനയെ ഇത്തരത്തിൽ ലാഘവത്തോടെ കാണാൻ ഇന്ത്യയിലെ വ്യത്യസ്​ത ജനവിഭാഗങ്ങൾക്കായില്ല. അനുഭവത്തിൽനിന്ന് ലഭിക്കുന്ന ജാഗ്രതയായിരിക്കാം അത്. പ്രായോഗികമല്ലാത്ത അനഭിലഷണീയതയായി നിയമ കമീഷൻ തള്ളിക്കളഞ്ഞ നിർദേശത്തെ സജീവമാക്കി നിലനിർത്തുന്നതിൽ പ്രകടമായ ദുരുപദിഷ്​ടതയുണ്ട്.

ഏകരൂപമായ സിവിൽ നിയമസംഹിത സംപ്രാപ്തമാക്കുന്നതിന് രാഷ്ട്രം യത്നിക്കേണ്ടതാണെന്ന് ഭരണഘടന നിർദേശിക്കുന്നു. കോടതിക്ക് നടപ്പാക്കാൻ കഴിയാത്തതും എന്നാൽ , നയരൂപവത്കരണത്തിൽ മൗലികമായിരിക്കുന്നതുമായ കാര്യങ്ങളാണ് നിർദേശകതത്ത്വങ്ങൾ എന്ന പേരിൽ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്രകാരം 17 മാർഗനിർദേശകതത്ത്വങ്ങൾ ഭാഗം നാലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമനിർമാണവേളയിൽ അനുവർത്തിക്കേണ്ടതായ നിർദേശമെന്ന നിലയിൽ പ്രസക്തമായതിനാലാണ് ഏക സിവിൽ കോഡിനുവേണ്ടിയുള്ള ശ്രമം അഭിലഷണീയമാണെന്ന നിലപാട് ഇ.എം.എസ്​ സ്വീകരിച്ചിട്ടുള്ളത്.

വ്യക്തിനിയമങ്ങളുടെ ഭരണഘടനാനുസൃതമായ നവീകരണത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു ഭരണഘടനയോട് വിധേയപ്പെടുന്ന നിലപാട്. ഭരണഘടനയുടെ ഭാഗം 3 ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളുടെയും അവകാശങ്ങളുടെയും നിരാസമാകരുത് നിർദേശകതത്ത്വങ്ങളുടെ പ്രയോഗം. ഏകീകരണം ഭിന്നിപ്പിനും ധ്രുവീകരണത്തിനും അന്യവത്കരണത്തിനും കാരണമാകരുത്. ജാതിയും ഉപജാതിയും വർഗവും ഗോത്രവും എല്ലാമായി മുന്നൂറോളം വിഭാഗങ്ങളെ എണ്ണിപ്പറയാവുന്ന രാജ്യത്ത് എല്ലാവർക്കും എല്ലാവരുടെയും വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല തനിമയും സ്വത്വവും നിലനിർത്താൻ അവകാശമുള്ളതിനാൽ എല്ലാവർക്കും ഒരേ നിയമം എന്ന തത്ത്വം പ്രായോഗികമാക്കുന്നതിൽ പ്രയാസങ്ങളുണ്ടാകും. നീക്കം ദുരുദ്ദേശ്യത്തോടെയാകുമ്പോൾ അപകടസാധ്യത പതിന്മടങ്ങ് വർധിക്കും.

നരേന്ദ്ര മോദിയും അമിത് ഷായും

നിർമിച്ചവരുടെ ഉദ്ദേശ്യമെന്തെന്ന അന്വേഷണത്തിന്റെ അടിസ്​ഥാനത്തിലാണ് കോടതികൾ നിയമത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ആലോചനാവേളയിൽതന്നെ ആ പരിശോധന നടത്തുന്നതിനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. നിയമത്തിന്റെ സാധുതയും നിലനിൽപും അതിന്റെ സ്വീകാര്യതയിലാണ്. കർഷകനിയമങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭം അതിനു തെളിവാണ്. പൗരത്വ നിയമഭേദഗതിയെ അപകടത്തിന്റെ തുടക്കമായി കണ്ടതും അതുകൊണ്ടാണ്. ആശങ്കകൾ അകറ്റി നിയമത്തിന് സ്വീകാര്യതയുണ്ടാക്കുന്നതിനു വേണ്ടിയാണ് നിയമനിർമാണം പാർലമെന്റിന്റെ പ്രവർത്തനം മാത്രമായി പരിമിതപ്പെടുത്താത്തത്. ജനങ്ങളുടെ ശബ്ദത്തിനും ഇടപെടലിനും അവിടെ ഇടമുണ്ട്. ജനങ്ങളാൽ സ്വീകരിക്കപ്പെടാത്ത നിയമങ്ങളും നിയമനിർമാണ നിർദേശങ്ങളും സ്വീകരിക്കാൻ മാത്രം വ്യാപ്തി പാർലമെന്റിലെ ചവറ്റുകുട്ടക്കുണ്ട്.

അടിയന്തര പ്രാധാന്യത്തോടെ സമയബന്ധിതമായി നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല അനുച്ഛേദം 44 ഭരണഘടനയിൽ ചേർത്തതെന്ന് കോൺസ്​റ്റിറ്റ്യുവന്റ് അസംബ്ലി ഡിബേറ്റുകൾ വായിച്ചാൽ മനസ്സിലാകും. ഭരണഘടനക്കു മുന്നേ ഹിന്ദു വ്യക്തിനിയമങ്ങളും കുടുംബനിയമങ്ങളും നവീകരിക്കുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ശ്രമം തുടങ്ങിയിരുന്നു. അവയെ എതിർത്ത യാഥാസ്​ഥിതികരെ ആശ്വസിപ്പിക്കുന്നതിനുവേണ്ടി തയാറാക്കിയതാണ് അനുച്ഛേദം 44. ഹിന്ദു വ്യക്തിനിയമങ്ങളിൽ സമഗ്രമായ മാറ്റം വരുത്തിക്കൊണ്ട് ഹിന്ദു കോഡ് നിയമങ്ങൾ അവതരിപ്പിച്ച് പാസാക്കിയെടുത്ത നിയമമന്ത്രി ബി. ആർ. അംബേദ്കർ അനുച്ഛേദം 44 നൽകുന്ന നിർദേശം അവഗണിച്ചു. അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനെ പ്രധാനമന്ത്രി നെഹ്റു അനുനയിപ്പിച്ച് മെരുക്കിയെടുത്തു. പാർലമെന്ററി ജനാധിപത്യത്തിൽ പാർലമെന്റിനോട് ഉത്തരവാദിത്തമുള്ള പ്രധാനമന്ത്രി നൽകുന്ന നിർദേശത്തിന് വിധേയമായാണ് രാഷ്ട്രപതി പ്രവർത്തിക്കേണ്ടതെന്ന പാഠവും ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവരെ നെഹ്റു പഠിപ്പിച്ചു. അതിനെത്തുടർന്നാണ് ഹിന്ദു കോഡിൽ രാജേന്ദ്ര പ്രസാദ് ഒപ്പു​െവച്ചത്. അനുച്ഛേദം 44 രാഷ്ട്രീയ അജണ്ടയിലെ മുഖ്യ ഇനമായിരുന്നുവെങ്കിൽ ഹിന്ദു കോഡ് ബില്ലുകൾക്കു പകരം ഏകരൂപമായ സിവിൽ നിയമസംഹിതക്ക് അംബേദ്കൾ രൂപം നൽകുമായിരുന്നു.

സങ്കീർണവും ഗഹനവുമായ ഭരണഘടന തയാറാക്കിയ അംബേദ്കറിന് എല്ലാവർക്കും ബാധകമായ വ്യക്തിനിയമം രൂപപ്പെടുത്താൻ പ്രയാസമുണ്ടാകുമായിരുന്നില്ല. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഹിന്ദുക്കൾക്ക് ബാധകമാകുന്ന സമഗ്രമായ നിയമനിർമാണത്തിനു മാത്രം തയാറായ അംബേദ്കർ മറ്റ് മതങ്ങൾക്കും വർഗങ്ങൾക്കും വിഭാഗങ്ങൾക്കും അവരുടേതായ രീതികളും ആചാരങ്ങളും അനുവർത്തിക്കുന്നതിന് അനുവാദം നൽകുകയായിരുന്നു. ചില പ്രദേശങ്ങളെപ്പോലും അദ്ദേഹം ഏകനിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. വടക്കു കിഴക്കൻ സംസ്​ഥാനങ്ങളിലെ ഉൾപ്പെടെ ആദിവാസി-ഗോത്ര വിഭാഗങ്ങൾ തനതായ ദായക്രമവും വിവാഹരീതികളും അനുവർത്തിക്കുന്നവരാണ്. ഇവരുടെ വ്യത്യസ്​തമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഭരണഘടനാപരമായ പരിരക്ഷയുണ്ട്. നാഗാലാൻഡിലെ തനതു ജനവിഭാഗങ്ങൾക്ക് ബാധകമായ അനുച്ഛേദം 371 (എ), മണിപ്പൂരിലെ കുന്നിൻപ്രദേശങ്ങൾക്കുവേണ്ടിയുള്ള അനുച്ഛേദം 371 (സി), അസം, മേഘാലയ, ത്രിപുര, മിസോറം തുടങ്ങിയ സംസ്​ഥാനങ്ങളിലെ ഗോത്രപ്രദേശങ്ങൾക്ക് ബാധകമായ അനുച്ഛേദങ്ങൾ എന്നിവ ഉദാഹരണം. പീഠികയിലെ നമ്മൾ എന്ന അർഥവത്തായ പ്രയോഗത്തിൽ വേറിട്ടുനിൽക്കുന്നവരും വ്യത്യസ്​തതകൾ നിലനിർത്തുന്നവരുമായ വിഭാഗങ്ങളും ഉൾപ്പെടുന്നു.


പുരാതനമായ സ്​മൃതികളിലും സംഹിതകളിലും അധിഷ്ഠിതമായി പ്രാകൃതമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും സാധുത നൽകിയിരുന്ന ഹിന്ദു നിയമങ്ങളിൽ മാറ്റം അനിവാര്യമായിരുന്നു. രാജാ റാം മോഹൻ റായ് മുൻകൈയെടുത്ത് യാഥാർഥ്യമാക്കിയ സതി നിരോധനം അതിന്റെ തുടക്കമായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ നൂറ്റാണ്ടിൽ ഹിന്ദു സ്​ത്രീകൾ അനുഭവിച്ചിരുന്ന അവശതയും അവഗണനയും അപമാനവും വിവരണാതീതമായിരുന്നു. ഇതരമതങ്ങളിലെ അവസ്​ഥയും ഭിന്നമായിരുന്നില്ല. എല്ലാം ഏകദണ്ഡുപയോഗിച്ച് പരിഹരിക്കാൻ കഴിയുമായിരുന്നില്ല. വ്യത്യസ്​തതകൾ നിലനിർത്തിക്കൊണ്ടുള്ള പരിഹാരശ്രമമാണ് പിന്നീട് നടന്നത്. ഇന്ത്യൻ രാഷ്ട്രഗാത്രത്തിന്റെ അഴകാണ് ഈ വ്യത്യസ്​തതകൾ. ഇവയുടെ സങ്കലനത്തിലാണ് ജനാധിപത്യത്തിന്റെ ശുഭ്രകാന്തി തെളിയുന്നത്.

ഭരണഘടനയുടെ ചൈതന്യത്തിൽ വ്യക്തിനിയമങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് സുപ്രീംകോടതി നൽകിയ വിധികൾ പല വഴികളിലൂടെ അനുച്ഛേദം നാൽപത്തിനാലിന്റെ സാക്ഷാത്കാരത്തിലേക്കുള്ള സഫലമായ യാത്രകളായിരുന്നു. യാത്രകൾ ചിലപ്പോൾ വഴിതെറ്റുകയും തുടങ്ങിയേടത്തുതന്നെ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ഏക വ്യക്തിനിയമത്തിനുവേണ്ടി സരള മുദ്ഗൽ കേസിൽ തങ്ങൾ നടത്തിയ ആഹ്വാനം കൽപനയായിരുന്നില്ലെന്നും ഓബിറ്റർ ഡിക്ട എന്നറിയപ്പെടുന്ന സാന്ദർഭികമായ പരാമർശം മാത്രമായിരുന്നുവെന്നും സുപ്രീംകോടതിക്ക് വിശദീകരിക്കേണ്ടി വന്നു. ദിശാബോധത്തിനുവേണ്ടി ഭരണഘടനയെ ആശ്രയിക്കുന്ന ജഡ്ജിമാർ ഏക സിവിൽ നിയമത്തെക്കുറിച്ച് സർക്കാറിനോട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ഉത്തരത്തിനുവേണ്ടി സർക്കാർ നിയമ കമീഷനെ സമീപിച്ചിട്ടുണ്ട്. കമീഷനാകട്ടെ ഇക്കാര്യത്തിൽ ഇതഃപര്യന്തം വ്യക്തത വരുത്തിയിട്ടുമില്ല. നിർദിഷ്​ട നിയമനിർമാണത്തിന്റെ കരട് പോലും പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് തെരുവിലെത്തിയപ്പോൾ തിരക്കിട്ട് പാചകക്കൂട്ടുകൾ തിരയുന്ന സർക്കാറിനും ഇക്കാര്യത്തിൽ വ്യക്തതയില്ല. ചിലപ്പോൾ ഒന്നും സംഭവിക്കാതെ അവസാനിച്ചേക്കാവുന്ന വൃഥായജ്ഞമായി എല്ലാം അവസാനിച്ചുകൂടെന്നുമില്ല.

കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭരണഘടനാപരമായ അത്യാചാരങ്ങൾക്ക് നിർവിശങ്കം മുതിർന്നിട്ടുള്ള ബി.ജെ.പി ദുരുപദിഷ്​ടമായ ഏത് കടുംകൈക്കും തയാറായേക്കും. ബാബരി മസ്​ജിദിന്റെ കാര്യത്തിലെന്നപോലെ കണ്ണടച്ചു തുറക്കുംമുമ്പ് അവർ നിഗ്രഹം പൂർത്തിയാക്കും. അതുകൊണ്ടാണ് ജനങ്ങളെ ജാഗ്രത്താക്കുന്നതിനുള്ള ശ്രമങ്ങൾ മുൻകൂട്ടി നടത്തുന്നത്. ഏക വ്യക്തിനിയമത്തോട് വിയോജിപ്പുള്ളവർക്ക് യോജിച്ചൊരു പ്ലാറ്റ്ഫോമിൽ ജനങ്ങളോട് സംസാരിക്കാൻ കഴിയാത്തത് ഭരണകൂട വൈതാളികരുടെ നീക്കങ്ങൾക്ക് കരുത്താകും. ഏക സിവിൽ നിയമം മതവിഷയമല്ല. ഭരണഘടനാപരമായ വിഷയത്തെക്കുറിച്ച് ഭരണഘടനയുടെ ഭാഷയിലാണ് സംസാരിക്കേണ്ടത്.

വ്യക്തിനിയമങ്ങളിലെ വ്യത്യസ്​തകൾക്കുള്ള അംഗീകാരം അനുച്ഛേദം നാൽപത്തിനാലിൽതന്നെ വ്യക്തമായുണ്ടെന്ന് 1952ൽ ബോംബെ ഹൈകോടതി ചീഫ് ജസ്​റ്റിസ്​ എം.സി. ബഗ്ള ചൂണ്ടിക്കാട്ടി. ഹിന്ദുക്കൾക്ക് മാത്രം ബഹുഭാര്യാത്വം വിലക്കുന്ന 1946ലെ ബോംബെ നിയമത്തിന്റെ സാധുത ശരി​െവച്ചുകൊണ്ടാണ് ബഗ്ള ഇപ്രകാരം പറഞ്ഞത്. ജസ്​റ്റിസ്​ ഗജേന്ദ്രഗാഡ്കർ ഈ അഭിപ്രായത്തോട് യോജിച്ചു. അനുച്ഛേദം 44 നിലനിൽക്കെത്തന്നെ ഹിന്ദുക്കൾക്ക് മാത്രമായി ബഹുഭാര്യത്വം നിഷേധിക്കുന്ന, പ്രത്യക്ഷത്തിൽ വിവേചനപരമെന്നു തോന്നിയേക്കാവുന്ന, നിയമമാണ് ശരിവെക്കപ്പെട്ടത്. ക്രിസ്​ത്യൻ വിവാഹനിയമം നിലനിൽക്കെത്തന്നെ കാനൻ നിയമം അനുസരിച്ചാണ് ക്രിസ്​തീയ വിവാഹം ശുശ്രൂഷ ചെയ്യപ്പെടേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞു. മൗലികാവകാശങ്ങൾ വ്യക്തിനിയമങ്ങളെ നിഷേധിക്കുകയോ ഹനിക്കുകയോ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി പലവട്ടം പറഞ്ഞു.

ബോംബെ ഹൈകോടതി

ഹിന്ദു നിയമത്തിന്റെ േക്രാഡീകരണത്തിനുശേഷവും വിവേചനപരമായ ആനുകൂല്യങ്ങൾ ചില വിഭാഗങ്ങൾക്ക് ലഭിക്കുന്നുണ്ട്. സർക്കാർ ഖജനാവിന് വൻതോതിൽ നഷ്​ടം വരുത്തുന്ന രീതിയിൽ കൂട്ടുകുടുംബവ്യവസ്​ഥക്ക് നൽകുന്ന നികുതിയിളവ് നിർത്തലാക്കാൻ ബി.ജെ.പി ഉദ്ദേശിക്കുന്നുണ്ടോ? അവിഭക്ത ഹിന്ദു കുടുംബം എന്ന അയഥാർഥ നിയമസംജ്ഞ ഇല്ലാതാകുമോ? വിവാഹം മുതൽ ദായക്രമം വരെയുള്ള കാര്യങ്ങളിൽ ഹിന്ദു മതവിഭാഗങ്ങളിൽ പ്രകടമായിരിക്കുന്ന വ്യത്യാസങ്ങൾ അവസാനിപ്പിക്കുമോ? സപ്തപദി മുതൽ ഗാന്ധർവം വരെ വിവാഹരീതികൾ പലതുണ്ട്. ദയഭാഗ, മിതാക്ഷര സമ്പ്രദായങ്ങൾ പിന്തുടർച്ചയുടെ കാര്യത്തിൽ വ്യത്യസ്​തവും വിഭിന്നവുമായ രീതികളാണ്. ഹിന്ദു കോഡ് നിലവിൽ വന്നതിനുശേഷവും ഹിന്ദു നിയമങ്ങളിലും ആചാരങ്ങളിലും നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഏക സിവിൽ കോഡിന്റെ പ്രയോക്താക്കൾക്ക് ആദ്യമേ പുറത്തുവിടാമായിരുന്നു.

വ്യക്തിനിയമത്തിനുപരി പൊതുനിയമത്തെ സുപ്രീംകോടതി പ്രതിഷ്ഠിച്ച രണ്ടു സന്ദർഭങ്ങളാണ് ഷാബാനു ബീഗം ജീവനാംശക്കേസും മേരി റോയ് പിന്തുടർച്ചാവകാശക്കേസും. ഉപേക്ഷിക്കപ്പെടുന്ന മുസ്​ലിം സ്​ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് അനുച്ഛേദം 44 വ്യക്തമായി പരാമർശിച്ചുകൊണ്ട് വൈ.വി. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. വിധിയുടെ മൗലികഭാവത്തിൽ നിയമനിർമാണത്തിലൂടെ പാർലമെന്റിന്റെ ഇടപെടൽ ഉണ്ടായെങ്കിലും ഏക സിവിൽ കോഡിലേക്ക് കോടതി വേറിട്ട വഴി വെട്ടുകയായിരുന്നു.


വ്യക്തിനിയമത്തേക്കാൾ മുസ്‍ലിംകൾക്ക് ബാധകമാകുന്നത് രാജ്യത്തെ ക്രിമിനൽ നിയമമാണെന്ന പ്രഖ്യാപനം പിന്നീടുണ്ടായി. ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ് 125 വ്യക്തിനിയമത്തിനു മേലേ ആധിപത്യം സ്​ഥാപിച്ചു. പിതൃസ്വത്തിൽ സഹോദരന്മാർക്കൊപ്പം അവകാശമുണ്ടെന്ന് സ്​ഥാപിച്ച മേരി റോയ് പിന്തുടർച്ചയെ സംബന്ധിച്ച കേരളത്തിലെ ക്രിസ്​ത്യാനികളുടെ പാരമ്പര്യത്തിനും പ്രാദേശികനിയമത്തിനും മേലെയാണ് ഇന്ത്യൻ പിന്തുടർച്ചാ നിയമം എന്ന വിധി സമ്പാദിച്ചു.

ഷാബാനു മുതൽ മുത്തലാഖ് വരെ നിരവധി കേസുകളിൽ, മേരി റോയ് ഉൾപ്പെടെ, സുപ്രീംകോടതി ശ്രമിച്ചത് വ്യക്തിനിയമങ്ങളുടെ ഭരണഘടനാനുസൃതമായ നവീകരണമാണ്. ശരീഅത്തിന്റെ പേരിലോ കാനൻ നിയമത്തിന്റെ അടിസ്​ഥാനത്തിലോ ഈ പ്രവർത്തനത്തിനെതിരെ ഫലപ്രദമായ എതിർപ്പുണ്ടാകുന്നില്ല. ഇനി തരണംചെയ്യാനുള്ള ദൂരം കുറവാണ്. ലഭ്യമാകുന്ന സന്ദർഭങ്ങൾ ഉചിതമായി പ്രയോഗിച്ച് ജുഡീഷ്യറിയും പാർലമെന്റും ചേർന്ന് ആ ദൗത്യം പൂർത്തിയാക്കും. അതിനുപകരം അവ്യക്തതയിൽ ആവൃതവും ദുരുദ്ദേശ്യത്താൽ സംശയാസ്​പദവുമാകുന്ന നിയമനിർമാണം ഭരണഘടന വിഭാവന ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന വൈവിധ്യത്തിനു ഹാനികരമാകും. വൈവിധ്യം ഒഴിവാക്കി ഏകത്വത്തിനുവേണ്ടി ശ്രമിക്കുന്നത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്റെ ശോഭ കെടുത്തും. ആചാരങ്ങളുടെ വൈവിധ്യം നിലനിർത്തിക്കൊണ്ടാവണം അനാചാരങ്ങൾ അവസാനിപ്പിക്കേണ്ടത്. ആചാരങ്ങൾ നിലനിൽക്കുമ്പോഴും വിവാഹം ഇന്ന് സ്​റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നിയമപരമായ പ്രവൃത്തിയായിട്ടുണ്ട്.

പള്ളിയിൽനിന്നോ ക്ഷേത്രത്തിൽനിന്നോ ലഭിക്കുന്ന സർട്ടിഫിക്കറ്റിനല്ല, വിവാഹ രജിസ്​ട്രാർ നൽകുന്ന സർട്ടിഫിക്കറ്റിനാണ് ഔദ്യോഗികമായി സാധുതയുള്ളത്. മെല്ലെ മെല്ലെ, ആരുമറിയാതെ, നാം ഏക വ്യക്തിനിയമത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.

അപകടകരമായ മതാധിഷ്ഠിത ദേശീയത വിനാശകരമായി പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രസംവിധാനത്തിൽ ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷത്തിന്റെ നിയമത്തെ സംയോജിപ്പിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. വ്യത്യസ്​തത ഭരണഘടന വിഭാവന ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആദർശയോഗ്യമായ അവസ്​ഥയാണ്. ഏകതാവാദം അതിനു തടസ്സമാണ്. നാനാത്വത്തിൽനിന്നാണ് ഏകത്വം ഉണ്ടാകേണ്ടത്. പൊതുനിയമത്തിലായാലും വ്യക്തിനിയമത്തിലായാലും ഭരണഘടനക്ക് നിരക്കാത്ത നീതിരാഹിത്യമുണ്ട്. അത് വിവേചനത്തിനു കാരണമാകുന്നു. ഏക വ്യക്തിനിയമം എന്ന ആശയത്തിലൂടെ എല്ലാ നിയമങ്ങളും ഭരണഘടനക്ക് അനുസൃതമാക്കുകയെന്ന നിലപാടാണ് ഭരണഘടന വെളിപ്പെടുത്തുന്നത്. അതാണ് ഗുണപരവും സർഗാത്മകവുമായ ഏകീകരണം. ന്യൂനപക്ഷത്തിനുമേൽ ഭൂരിപക്ഷത്തിന്റെ ആധിപത്യവും അധിനിവേശവും എന്ന ആശങ്ക അസ്​ഥാനത്താക്കിക്കൊണ്ട് പാർലമെന്റും ജുഡീഷ്യറിയും ചേർന്ന് അവധാനതയോടെ നടത്തേണ്ട കാര്യമാണത്. െപ്രാക്രൂസ്​റ്റസിന്റെ രാക്ഷസശയ്യയിൽ വലിച്ചുനീട്ടിയോ വെട്ടിച്ചുരുക്കിയോ ക്രമീകരിക്കാവുന്നതല്ല ആ പ്രക്രിയ. രണ്ട് പ്രവർത്തനവും സമത്വത്തിനോ തുല്യതക്കോ കാരണമാകുന്നില്ല. മതസിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായി വ്യക്തിനിയമങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയ 1772ൽ ആരംഭിച്ചതാണ്. അവയെ 1949ലെ ഭരണഘടനയുമായി പൊരുത്തപ്പെടുത്തുന്ന ചരിത്രപരമായ പ്രവർത്തനം സാവധാനത്തിൽ അവധാനതയോടെ നടത്തേണ്ടതാണ്. പൊടുന്നനെയല്ല തുടർപ്രക്രിയയിലൂടെയാണ് അത് സാധ്യമാകേണ്ടത്.

ഭരണഘടനാപരമായ ധാർമികതയെക്കുറിച്ച് ഭരണഘടനാ നിർമാണവേളയിൽ അംബേദ്കറും ശബരിമല വിധിയിൽ ജസ്​റ്റിസ്​ ചന്ദ്രചൂഡും പറഞ്ഞു. ധാർമികതയുടെ അടിസ്​ഥാനം നീതിയാണ്. നീതിക്ക് നിരക്കാത്ത വ്യവസ്​ഥകൾ ഏത് നിയമത്തിലുണ്ടെങ്കിലും നീക്കം ചെയ്യണം. ഭരണഘടനയുടെ വെളിച്ചത്തിൽ ചിന്തേരിട്ട് മിനുക്കിയെടുക്കുന്ന നിയമങ്ങൾ പ്രശോഭിതമാകും. ആ വെളിച്ചത്തിൽ വ്യത്യാസങ്ങൾ ഇല്ലാതാകും. സ്വയം സംഭവിക്കുന്ന ജൈവപരമായ ഏകീകരണത്തിലൂടെ അനുച്ഛേദം 44 യാഥാർഥ്യമായിക്കഴിഞ്ഞുവെന്ന അത്ഭുതകരമായ തിരിച്ചറിവ് അപ്പോൾ രാഷ്ട്രത്തിനുണ്ടാകും. വെട്ടിനിരത്തലിനു സമാനമായ നിർദിഷ്​ട ഏകീകരണം ഹിന്ദുരാഷ്ട്രം എന്ന ആർ.എസ്.​എസ്​ അജണ്ടയിലേക്കുള്ള പ്രവേശകം മാത്രമാണ്. അതിനെ കേവലമായ ഹിന്ദു-മുസ്​ലിം അഭിപ്രായവ്യത്യാസമായല്ല കാണേണ്ടത്. ഭരണഘടനയുടെ പേരിൽ ഭരണഘടനയെ ദുർബലപ്പെടുത്തുന്ന തീവ്ര വലതുപക്ഷ ഹിന്ദു അജണ്ടയാണ് യു.സി.സി എന്ന പേരിൽ അറിയപ്പെടുന്നത്. േട്രാജൻ കുതിരയെ നിർമിച്ചവരുടെ കൗശലം ഇവിടെയും പ്രകടമാണ്.

Tags:    
News Summary - uniform civilcode -explained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT