വൈക്കം സത്യഗ്രഹം ആരെയാണ് മാറ്റിയത്? യഥാർഥത്തിൽ കോൺഗ്രസിനെയും ഗാന്ധിജിയെയുമാണോ മാറ്റിമറിച്ചത്? വൈക്കം ‘ഓർമപ്പെരുന്നാൾ’ സംഘടിപ്പിച്ചതുകൊണ്ട് കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുമോ? സത്യഗ്രഹം എന്നത് ഗാന്ധിയൻ പ്രതിഷേധരീതിയാണ്. 1906ലാണ് ഗാന്ധി സത്യഗ്രഹം എന്ന സമരരീതി വികസിപ്പിച്ചത്. അഹിംസ മാർഗം തിരഞ്ഞെടുത്ത ഗാന്ധിജി അതിന് അനുയോജ്യമായ ഒരു പദം കണ്ടെത്താൻ സൗത്ത് ആഫ്രിക്കയിൽ നടത്തിയിരുന്ന ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പത്രത്തിൽ അനുയോജ്യമായ...
വൈക്കം സത്യഗ്രഹം ആരെയാണ് മാറ്റിയത്? യഥാർഥത്തിൽ കോൺഗ്രസിനെയും ഗാന്ധിജിയെയുമാണോ മാറ്റിമറിച്ചത്? വൈക്കം ‘ഓർമപ്പെരുന്നാൾ’ സംഘടിപ്പിച്ചതുകൊണ്ട് കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുമോ?
സത്യഗ്രഹം എന്നത് ഗാന്ധിയൻ പ്രതിഷേധരീതിയാണ്. 1906ലാണ് ഗാന്ധി സത്യഗ്രഹം എന്ന സമരരീതി വികസിപ്പിച്ചത്. അഹിംസ മാർഗം തിരഞ്ഞെടുത്ത ഗാന്ധിജി അതിന് അനുയോജ്യമായ ഒരു പദം കണ്ടെത്താൻ സൗത്ത് ആഫ്രിക്കയിൽ നടത്തിയിരുന്ന ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പത്രത്തിൽ അനുയോജ്യമായ പദം നിർദേശിക്കുന്നവർക്ക് സമ്മാനത്തുക വാഗ്ദാനംചെയ്തു. പല പദങ്ങൾ വന്നു. ഗാന്ധിജിയുടെ ഒരു ബന്ധുവായ മഗൻലാൽ ഗാന്ധി ‘സദ്ഗ്രഹ’ എന്ന പദം നിർദേശിച്ചു. ‘സദ്ഗ്രഹ’ എന്നത് നല്ല കാര്യങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനമെന്ന അർഥത്തിലായിരുന്നു.
അതിനെക്കുറിച്ച് ചിന്തിച്ചാണ് ഗാന്ധിജി സത്യഗ്രഹം എന്ന ക്രിയാത്മക രാഷ്ട്രീയ പ്രവർത്തനത്തിന്റെ രാഷ്ട്രീയ നൈതിക (political ethics) രൂപപ്പെടുത്തുന്നത്. അത് ഗാന്ധിജി വിവിധ നൈതികധാരകൾ ഉൾക്കൊണ്ട് നിരന്തര സഹനസമര മാർഗത്തിലൂടെ വികസിപ്പിച്ചതാണ്. ബുദ്ധ/ജൈന ധർമത്തിലെ അഹിംസ. അതുപോലെ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ പ്രബോധിപ്പിച്ച സ്നേഹ-സത്യ മാർഗം. ശത്രുക്കളെപ്പോലും സ്നേഹിക്കുക എന്നത്. ഗാന്ധിജിയുടെ അചഞ്ചല ദൈവവിശ്വാസവും പ്രത്യാശയും സ്നേഹവും സത്യത്തോടുള്ള പ്രതിബദ്ധതയും നിർഭയം പ്രവർത്തിക്കാനുള്ള ആത്മധൈര്യവുമൊക്കെ ഉൾക്കൊണ്ട ജീവിത-സമര-രാഷ്ട്രീയ നൈതികതയാണ് സത്യഗ്രഹം.
ഗാന്ധിജി 1906ൽതന്നെ ഇതിനെക്കുറിച്ച് ചിന്തിച്ച് ‘ഇന്ത്യൻ ഒപ്പീനിയനി’ൽ എഴുതിയിട്ടുണ്ട്. സത്യം സൂചിപ്പിക്കുന്നത് സ്നേഹത്തെയാണ്. സത്യത്തിനുവേണ്ടിയുള്ള ആഗ്രഹം സ്നേഹത്തിൽകൂടി ആർജിക്കുന്ന ശക്തികൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ രാഷ്ട്രീയ പ്രസ്ഥാനം നടത്തുന്ന സമരത്തെ ഞാൻ ‘സത്യഗ്രഹ’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിെന്റ ശക്തി സത്യത്തിലും സ്നേഹത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ ഇതുവരെ ഉപയോഗിച്ച ‘പാസിവ് റെസിസ്റ്റൻസ്’ എന്ന ഇംഗ്ലീഷ് പദം ഉപയോഗിക്കില്ല.
ഗാന്ധിജിയുടെ ഏറ്റവും വലിയ സംഭാവന തനതായി ചിന്തിച്ചുണ്ടാക്കിയ ഇന്ത്യക്ക് രാഷ്ട്രീയഭാഷയിലൂടെ ഒരു പുതിയ രാഷ്ട്രീയ ഇമേജിനേഷനും എത്തിക്സും അതിന് അനുയോജ്യമായ ഒരു രാഷ്ട്രീയ പ്രവർത്തനപദ്ധതിയും നൽകിയതാണ്. അതുപോലെ ഗാന്ധിജി ജോൺ റസ്കിന്റെ ‘Unto this Last’ എന്ന പുസ്തകം ഗാന്ധിയുടെ സത്യഗ്രഹമാർഗത്തിന് പുതിയമാനം നൽകി. ഗാന്ധി ‘Un to this Last’ ഗുജറാത്തിയിൽ പരിഭാഷപ്പെടുത്തി. അതിനു കൊടുത്ത പേരാണ് ‘സർവോദയം’. അവിടെനിന്നാണ് ഗാന്ധിജി മെയ് അനങ്ങിയുള്ള തൊഴിലും രാഷ്ട്രീയവും പ്രധാനമാണ് എന്ന തിരിച്ചറിവിൽ എത്തുന്നത്. ഗാന്ധിയുടെ ആശ്രമ മാതൃകയെ സ്വാധീനിച്ചത് ടോൾസ്റ്റോയി ആവിഷ്കരിച്ച കമ്യൂൺ രീതിയാണ്. ഗാന്ധി അതുകൊണ്ടാണ് സൗത്ത് ആഫ്രിക്കയിലെ അദ്ദേഹത്തിന്റെ സമൂഹത്തിനു ‘ടോൾസ്റ്റോയി ഫാം’ എന്ന പേരിട്ടത്. പേക്ഷ, ഗാന്ധി അതും തനതായ രീതിയിൽ ഇന്ത്യൻ ഭാഷ- സംസ്കാരത്തിന് അനുയോജ്യമായി ‘ആശ്രമം’ എന്നാക്കി മാറ്റി.
കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മൃതിയാത്രയിൽനിന്ന്
ഗാന്ധിജിയുടെ സത്യഗ്രഹവും സർവോദയവും, സ്വരാജ്, സംഘർഷും സംവാദും, അഹിംസ മാർഗവും, നിർഭയ പ്രവർത്തനവും എല്ലാം സാകല്യമായ ഒരു ജീവിതവീക്ഷണത്തിന്റെയും നൈതികബോധ്യങ്ങളുടെയും മാർഗരേഖയാണ്. ഗാന്ധിജിയുടെ രാമരാജ്യം എല്ലാവർക്കും തുല്യ നീതിയും അവകാശങ്ങളും ആഹാരവും വസ്ത്രവും സത്യവും സ്നേഹവുമൊക്കെയുള്ള ഉട്ടോപ്യയായിരുന്നു. ഗാന്ധിജിയുടെ രാഷ്ട്രീയഭാഷ നീതിമാർഗത്തിെന്റ സരളഭാഷയാണ്. ഗാന്ധിജി ഉപയോഗിച്ച ഭാഷയും ആശയങ്ങളും സരളവും അതേസമയം ശക്തവുമായിരുന്നു (simple and powerful). അദ്ദേഹം സംസാരിച്ചത് പതിയ സ്വരത്തിൽ പതുക്കെ ആയിരുന്നു. അതുകൊണ്ടുതന്നെ കൃത്യതയോടും സ്പഷ്ടതയോടുമാണ്. അതുകൊണ്ടുതന്നെ എല്ലാ സാധാരണക്കാർക്കും മനസ്സിലാകുന്ന ഭാഷ. അതുകൊണ്ടാണ് അദ്ദേഹത്തെ കേൾക്കാൻ ആളുകൾ കൂടിയത്. അങ്ങനെയാണ് ഒരു നഗര വരേണ്യ നെറ്റ് വർക്കായിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ഗാന്ധി ജനകീയ പ്രസ്ഥാനമാക്കിമാറ്റിയത്. അതിെന്റ ശക്തി സത്യത്തിന്റെയും സ്നേഹത്തിന്റെയും ശക്തിയാണ്. ‘ട്രൂത്ത് ഫോഴ്സ്’ എന്നാണ് ഗാന്ധി അതിനെ വിളിച്ചത്.
ഗാന്ധിജിക്കു മുമ്പും പിമ്പും ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്ങനെ തനതായ രാഷ്ട്രീയ ഭാവനയും ഭാഷയും നൈതികബോധ്യങ്ങളും ആർക്കും പരീക്ഷിക്കാനായില്ല. കാരണം, അദ്ദേഹത്തിന്റെ ജീവിതം സത്യാന്വേഷണ പരീക്ഷണമായിരുന്നു. അദ്ദേഹം ജീവിച്ചതും വധിക്കപ്പെട്ടതും ജീവിതംതന്നെ സത്യഗ്രഹമാക്കിയതിനാലാണ്.
1915 ജനുവരിയിൽ വന്ന ഗാന്ധി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വരാൻ ശ്രമിക്കാതെ വഴിമാറി നടന്നു. അതിന് ഒരു കാരണം ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അക്കാലത്തും വിവിധ ഗ്രൂപ്പുകളുണ്ട്. അന്ന് അത് ആശയപരമായ നിലപാടുകൾകൊണ്ടായിരുന്നു. ഇപ്പോഴത്തെ പോലെ ആമാശയ അധികാര താൽപര്യങ്ങൾ മാത്രം അല്ലായിരുന്നു അന്നത്തെ കോൺഗ്രസിലെ ഗ്രൂപ്പുകൾ.
ഗാന്ധിയെ ഇന്ത്യയിലേക്കു വരുത്താൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് ഗോപാൽകൃഷ്ണ ഗോഖലെയായിരുന്നു. അദ്ദേഹം കോൺഗ്രസിലെതന്നെ ലിബറൽ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. ഗോഖലെ സൗത്ത് ആഫ്രിക്കയിൽ 1912ൽ പോയി ഗാന്ധിയുടെ സത്യഗ്രഹ പ്രവർത്തനങ്ങളെ കണ്ടു ബോധ്യപ്പെട്ട് ഗോപാൽ കൃഷ്ണ ഗോഖലെ എഴുതിയ ലേഖനങ്ങളിൽകൂടിയാണ് ഗാന്ധിയെ ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനവും ഇന്ത്യൻ നാഷനൽ കോൺഗ്രസും അറിഞ്ഞത്. ഗാന്ധിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ മുൻകൈയെടുത്ത് സി.എഫ്. ആൻഡ്രൂസിനെ സൗത്ത് ആഫ്രിക്കയിൽ അയച്ചതും ഗോപാൽ കൃഷ്ണ ഗോഖലെയാണ്. ഗാന്ധിജി 1915 ജനുവരി 14ന് ഇന്ത്യയിലെത്തി. 1915 ഫെബ്രുവരി 19ന് വെറും 48ാം വയസ്സിൽ ഗോപാൽ കൃഷ്ണ ഗോഖലെ മരിച്ചു. കോൺഗ്രസ് 1907ലെ സൂറത്ത് എ.െഎ.സി.സി സമ്മേളനത്തോടുകൂടി ഗ്രൂപ് പ്രവർത്തനങ്ങളാൽ പൂരിതമായി. തിലകിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക റാഡിക്കൽ ഗ്രൂപ്പും ഗോഖലെയുടെ നേതൃത്വത്തിലുള്ള ലിബറൽ മോഡറേറ്റ് ഗ്രൂപ്പും തമ്മിലുള്ള അടിപിടിയിലും കസേര ഏറിലുമൊക്കെയാണ് ആ സമ്മേളനം പര്യവസാനിച്ചത് (ഇതൊന്നും ഇന്ന് തുടങ്ങിയതല്ല). അതുകൊണ്ടൊക്കെ തന്നെ ഗോഖലെയുടെ ആളായി കണ്ട ഗാന്ധിജി വഴിമാറി ഗ്രാമങ്ങളിൽ പോയി പ്രവർത്തിച്ചു. ഗുജറാത്തിലെ ഖേദ താലൂക്കിലും ബിഹാറിലെ ചമ്പാരനിലും സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ചുള്ള സത്യഗ്രഹ പ്രവർത്തനം തുടങ്ങി. അതുകഴിഞ്ഞ് ഇന്ത്യയിൽ എല്ലായിടത്തും സന്ദർശിച്ച ഗാന്ധി ഇന്ത്യയിൽ വന്ന് അഞ്ചു കൊല്ലം കഴിഞ്ഞ് 1920ലാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ സജീവമാകുന്നത്.
1920ൽ 64ാമത്തെ വയസ്സിൽ തിലക് മരിച്ചതോടുകൂടി ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ ഒന്നാം തലമുറ നേതാക്കൾ പോയതിനുശേഷമാണ് ഗാന്ധിജി ഇന്ത്യൻ നാഷനൽ കോൺഗ്രസിന് പുതിയ ദിശാബോധവും പുതിയ രാഷ്ട്രീയ സംഘടനാശ്രമവും നടത്തിയത്.
ഗാന്ധിജി കോൺഗ്രസിന്റെ നേതൃത്വത്തിൽ വന്നതിനുശേഷമുള്ള പ്രധാന സമ്മേളനമായിരുന്നു 1923ലെ കാക്കിനാട സമ്മേളനം. കോൺഗ്രസ് ഒരു സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടൊപ്പം ഒരു സാമൂഹിക പരിഷ്കാര പ്രസ്ഥാനമാകണം എന്ന ഗാന്ധിയുടെ കാഴ്ചപ്പാട് ആദ്യമായി ആവിഷ്കരിച്ചത് കാക്കിനാട എ.െഎ.സി.സി സമ്മേളനത്തിലായിരുന്നു. 1921ൽ ടി.കെ. മാധവൻ ഗാന്ധിജിയെ തിരുനെൽവേലിയിൽ ബാരിസ്റ്റർ ജോർജ് ജിസേഫിന് ഒപ്പം കാണുന്നു. അങ്ങനെ 1923 ലെ കാക്കിനാട എ.ഐ.സി.സിയിൽ ടി.കെ. മാധവനെ ക്ഷണിക്കുന്നു. അവിടെ ടി.കെ. മാധവൻ തൊട്ടുകൂടായ്മയെക്കുറിച്ചും അയിത്തം നിർത്തേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അങ്ങനെ എ.ഐ.സി.സി അയിത്തത്തിനും തൊട്ടുകൂടായ്മക്കും എതിരെ പ്രമേയം പാസാക്കി. അങ്ങനെ ഒരു സ്വാതന്ത്ര്യസമര സംഘടന എന്നതിന് ഉപരി സാമൂഹിക മനഃസ്ഥിതിക്കും സാമൂഹിക മുൻവിധികൾക്കും തൊട്ടുകൂടായ്മക്കും എതിരായ സത്യഗ്രഹ പ്രസ്ഥാനമായി പുതിയ ദിശാബോധം നൽകിയത് ഗാന്ധിയാണ്. 1924 കോൺഗ്രസ് ചരിത്രത്തിലെ മാറ്റങ്ങളുടെ വർഷം ആയിരുന്നു. ഇന്ത്യയിൽ തൊട്ടുകൂടായ്മക്കും അയിത്തത്തിനും എതിരായ ആദ്യ സത്യഗ്രഹ സമരമാണ് വൈക്കം സത്യഗ്രഹം. അത് സാമൂഹിക പരിഷ്കരണത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ആദ്യ സത്യഗ്രഹ പരീക്ഷണമായിരുന്നു.
1924ൽ ഗാന്ധിജി എ.െഎ.സി.സി പ്രസിഡന്റായി. അതുവരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒരു നെറ്റ് വർക്ക് രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന് കൃത്യമായ സംഘടനാ രൂപവും മാർഗവും സത്യഗ്രഹ നൈതികതയും വന്നത് 1924ലാണ്. 1925 മാർച്ച് 8-19 വരെയാണ് ഗാന്ധിജിയുടെ വൈക്കം സത്യഗ്രഹ യാത്ര. ആ യാത്രയിലാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിനെ സന്ദർശിക്കുന്നത്. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളയാത്രയായിരുന്നു. വൈക്കം സത്യഗ്രഹത്തിൽ ഗാന്ധിജിയും കോൺഗ്രസും പ്രധാന പങ്കുവഹിച്ചു എങ്കിലും യഥാർഥത്തിൽ വൈക്കം സത്യഗ്രഹം കോൺഗ്രസിനെയും ഗാന്ധിജിയെയും മാറ്റിമറിച്ചു. ഗാന്ധിജി തൊട്ടുകൂട്ടായ്മക്ക് എതിരെ പ്രവർത്തനം ആരംഭിച്ചു.
1924ൽ ഗാന്ധിജി ‘നവജീവനി’ൽ അദ്ദേഹത്തിന്റെ നിലപാട് എഴുതി: ‘‘എനിക്ക് പെെട്ടന്ന് മാഞ്ഞുപോകുന്ന ഭൂമിയിലെ അധികാരത്തിൽ താൽപര്യമില്ല.’’ 1924ൽ ഒരു പ്രാവശ്യം മാത്രമാണ് ഗാന്ധി എ.െഎ.സി.സി പ്രസിഡന്റായത്. അതിനുശേഷം വൈക്കം സത്യഗ്രഹ സന്ദേശം ഇന്ത്യയിൽ മുഴുവൻ പ്രാവർത്തികമാക്കുന്നതിന് 1931ൽ അദ്ദേഹം ഹരിജൻ സേവാ സംഘത്തിന് രൂപംനൽകി. 1933ൽ അദ്ദേഹം ‘ഹരിജൻ’ എന്ന പത്രം തുടങ്ങി.
വൈക്കം സത്യഗ്രഹം സാമൂഹികമാറ്റത്തിനും അയിത്തവ്യവസ്ഥക്കുമെതിരെയുള്ള ഗാന്ധിയൻ സത്യഗ്രഹപരീക്ഷണത്തിന്റെ തുടക്കമായിരുന്നു. അതോടെ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒരേസമയം ആധുനിക സാമൂഹിക പരിഷ്കരണ പ്രസ്ഥാനവും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള രാഷ്ട്രീയ സത്യഗ്രഹ പ്രസ്ഥാനവുമായി പരിണമിച്ചു. ഗാന്ധിജി എന്നും കോൺഗ്രസ് അധികാര സ്ഥാനമാനങ്ങളിൽനിന്നും ഇന്ത്യയിലെ പാർലമെന്ററി അധികാര സ്ഥാനങ്ങളിൽനിന്നും മാറിനടന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനം സാമൂഹിക പ്രവർത്തനവും പരിവർത്തനവുമാണ് എന്ന സത്യഗ്രഹ മാർഗമാണ് കോൺഗ്രസ് രാഷ്ട്രീയ നൈതികതയുടെ അടിസ്ഥാനം.
കെ.പി.സി.സി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു
ഗാന്ധിയുടെ പാഠങ്ങളെ മറന്ന് ഗാന്ധിജിയുടെ പടങ്ങളും ഗാന്ധി പടങ്ങളുള്ള കറൻസി നോട്ടുകളും ഗാന്ധി സത്യഗ്രഹം എന്നത് ടോക്കണിസവുമായതാണ് ഇന്ന് കോൺഗ്രസും രാജ്യവും നേരിടുന്ന വെല്ലുവിളി. ഇപ്പോഴത്തെ കോൺഗ്രസിലുള്ള അധികാര കസേര മത്സരങ്ങളും അധികാര പ്രസംഗ മത്സരങ്ങളും ആമാശയ-അധികാര ആഗ്രഹങ്ങളും എല്ലാ സത്യഗ്രഹ ആദർശ ആശയങ്ങൾക്കും എതിരാെണന്ന് അറിയുമ്പോൾ മഹാത്മാഗാന്ധി തിരിഞ്ഞുനടക്കും. ഗാന്ധിയിൽനിന്നും നെഹ്റുവിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാതെ അവരുടെ പടം കാണിച്ച് ആചാരാനുഷ്ഠാനങ്ങൾ മാത്രം പിൻപറ്റിയാൽ കോൺഗ്രസും രാജ്യവും ജീർണോന്മുഖമാകും.
വൈക്കം സത്യഗ്രഹ ‘ഓർമപ്പെരുന്നാൾ’ ആചാരാനുഷ്ഠാനമെന്നതിലുപരി സ്വയം വിമർശന സത്യഗ്രഹ പാഠങ്ങളാകണം. അെല്ലങ്കിൽ കോൺഗ്രസ് ആചാര-അധികാര പാർട്ടി മാത്രമാകും. ഗാന്ധി വൈക്കം സത്യഗ്രഹത്തിൽ കാട്ടിത്തന്ന സത്യഗ്രഹം ഒഴിച്ച്, അധികാര കിടമത്സരങ്ങളും വാചകമേളകളും ഓർമപ്പെരുന്നാളും സംഘടിപ്പിച്ചതുകൊണ്ടു മാത്രം കോൺഗ്രസ് ഉയിർെത്തഴുന്നേൽക്കില്ല എന്ന് തിരിച്ചറിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.