സഹകരണ മേഖല നിലനിർത്താൻ എന്തുചെയ്യണം?

കരുവന്നൂർ സഹകരണ ബാങ്കിലെയടക്കം തട്ടിപ്പുകൾ പുറത്തുവന്നതോടെ സഹകരണ മേഖലയുടെ നടത്തിപ്പിൽ പലതരം ചോദ്യങ്ങൾ ഉയരുന്നുണ്ട്​. മോദിസർക്കാർ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കു​​േമ്പാൾ നമ്മൾ എന്താണ്​ വേണ്ടത്​? ‘സഹകരണ’ത്തിന്റെ ചരിത്രവും വർത്തമാനവും എന്താണ്​? എന്താണ്​ നമുക്ക്​ മുന്നിലെ വഴികൾ?സാമൂഹികപ്രവർത്തകൻ കൂടിയായ ലേഖകന്റെ നിരീക്ഷണവും വിശകലനവും.കേരളത്തിലെ സഹകരണ മേഖല വലിയ വെല്ലുവിളികൾ നേരിടുകയാണ്. കരുവന്നൂരടക്കം നിരവധി വൻകിട സംഘങ്ങളിൽ പണം നിക്ഷേപിച്ചിരിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യർക്ക് സ്വന്തം ജീവിതകാല സമ്പാദ്യം മുഴുവൻ ഒറ്റയടിക്ക് ഒലിച്ചുപോയതിന്റെ ദുരനുഭവങ്ങൾ ഇന്ന് നമ്മുടെ...

കരുവന്നൂർ സഹകരണ ബാങ്കിലെയടക്കം തട്ടിപ്പുകൾ പുറത്തുവന്നതോടെ സഹകരണ മേഖലയുടെ നടത്തിപ്പിൽ പലതരം ചോദ്യങ്ങൾ ഉയരുന്നുണ്ട്​. മോദിസർക്കാർ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കു​​േമ്പാൾ നമ്മൾ എന്താണ്​ വേണ്ടത്​? ‘സഹകരണ’ത്തിന്റെ ചരിത്രവും വർത്തമാനവും എന്താണ്​? എന്താണ്​ നമുക്ക്​ മുന്നിലെ വഴികൾ?സാമൂഹികപ്രവർത്തകൻ കൂടിയായ ലേഖകന്റെ നിരീക്ഷണവും വിശകലനവും.

കേരളത്തിലെ സഹകരണ മേഖല വലിയ വെല്ലുവിളികൾ നേരിടുകയാണ്. കരുവന്നൂരടക്കം നിരവധി വൻകിട സംഘങ്ങളിൽ പണം നിക്ഷേപിച്ചിരിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യർക്ക് സ്വന്തം ജീവിതകാല സമ്പാദ്യം മുഴുവൻ ഒറ്റയടിക്ക് ഒലിച്ചുപോയതിന്റെ ദുരനുഭവങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. നന്നായി പ്രവർത്തിക്കുന്ന സംഘങ്ങളിൽനിന്നുപോലും പലരും നിക്ഷേപങ്ങൾ പിൻവലിക്കുന്നു. ഇതുതന്നെ അവയുടെ സാമ്പത്തിക സുസ്ഥിരത തകരാൻ കാരണമാകുന്നു. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾവെച്ച് ബി.ജെ.പി ഭരിക്കുന്ന യൂനിയൻ സർക്കാർ നടപ്പാക്കുന്ന ദേശീയ സഹകരണ നിയമപരിഷ്കാരങ്ങൾ സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവം അടിമുടി മാറ്റാൻതന്നെയാണ്.

ആ രാഷ്ട്രീയം പറയുമ്പോഴും കേരളത്തിൽ നിലവിലുള്ള സഹകരണ ബാങ്ക് കൊള്ളകൾ മറന്നുകളയാൻ കഴിയുകയുമില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ കൊള്ളകൾ ഫലപ്രദമായി തടയാൻ കഴിയാത്ത സാഹചര്യങ്ങൾ മുതലെടുത്ത് ഇവിടെ ഇടപെടാൻ യൂനിയൻ സർക്കാറിന് എളുപ്പം കഴിയുന്നു. അവർ നിർദേശിക്കുന്ന പരിഷ്കാരങ്ങളുടെ ഫലമായി ഈ കൊള്ള തടയാൻ കഴിയില്ലെന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. ഈ നിയമഭേദഗതികൾ നടപ്പാക്കാൻ ഏറെ ശ്രമിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വന്തം നാട്ടിലും യു.പിയിലും മറ്റും ഒട്ടനവധി വെട്ടിപ്പുകൾ നടന്ന നൂറുകണക്കിന് സംഘങ്ങളുണ്ട്. ബി.ജെ.പിയുടെ താൽപര്യങ്ങൾക്കെതിരായ ഒരുമിച്ചുള്ള പോരാട്ടം നടത്തേണ്ടതുതന്നെ.

എന്നാൽ, നിലവിൽ കേരളത്തിലെ സഹകരണ മേഖല ഇന്നത്തേതുപോലെ തുടരണം എന്ന് വാദിക്കുന്നത് ആ മേഖലക്കുതന്നെ ആത്മഹത്യാപരമാണ്. ഇവിടെ കാര്യമായ പ്രശ്നങ്ങളില്ലെന്നും ഇതെല്ലാം ഉടനെ പരിഹരിക്കപ്പെടുമെന്നും മറ്റുമുള്ള സർക്കാറിന്റെയും അവരെ പിന്തുണക്കുന്നവരുടെയും അവകാശ വാദങ്ങൾ തീർത്തും പൊള്ളയാണ്. (അതിന്റെ യാഥാർഥ്യങ്ങളിലേക്ക് പിന്നീട് വരാം.) അപഹാസ്യമായ ന്യായീകരണങ്ങൾ ഇന്നത്തെ പ്രതിസന്ധി ഗുരുതരമാക്കുകയേയുള്ളൂ.

ഒരു വലിയ പാത്രത്തിലെ ചോറിൽ കുറച്ചു കറുത്ത വറ്റുകളേയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. മറ്റു പൊതുമേഖലാ ഷെഡ്യൂൾഡ് ബാങ്കുകളിലും ഇതിന്റെ നൂറുമടങ്ങ് തുകക്കുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടി ഇതിന്റെ ഗൗരവം കുറക്കാൻ നടത്തുന്ന ശ്രമങ്ങൾ അതിലേറെ അപഹാസ്യമാണ്. ഒരു ഷെഡ്യൂൾഡ് - പൊതുമേഖലാ ബാങ്ക് തട്ടിപ്പിന്റെ ഫലമായി ഒരാളുടെ നിക്ഷേപംപോലും നഷ്ടപ്പെട്ടിട്ടില്ല. അതിന്റെ കാരണങ്ങളും പിന്നീട് വിശദീകരിക്കുന്നുണ്ട്.

ഈ കൊള്ളകൾക്ക് ഒരു കക്ഷി മാത്രമല്ല ഉത്തരവാദികൾ എന്നത് സത്യമാണ്. എല്ലാ കക്ഷികളിലും പെട്ടവർ ഭരിക്കുന്ന സംഘങ്ങളിൽ കുഴപ്പങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അത് സി.പി.എമ്മിനെ ഒരുതരത്തിലും രക്ഷപ്പെടുത്താൻ സഹായിക്കുന്നതല്ല. കേരളത്തിലെ വലിയൊരു ഭാഗം സംഘങ്ങളും (65 ശതമാനം) അവരുടെ കീഴിലാണ്. അവരാണ് തുടർച്ചയായി കഴിഞ്ഞ ഏഴര വർഷം സംസ്ഥാനം ഭരിക്കുന്നത്. ഏതു സംഘത്തിൽ തട്ടിപ്പു നടന്നാലും കണ്ടെത്താൻ ഉത്തരവാദപ്പെട്ട സഹകരണ വകുപ്പ് അവരുടെ കൈയിലാണ്. പ്രതിപക്ഷം എതിർത്തിട്ടും സുപ്രീംകോടതി വരെ പോയി കേരള ബാങ്ക് സ്ഥാപിക്കാൻ കാട്ടിയ ശുഷ്കാന്തിയുടെ നൂറിലൊന്ന് സർക്കാറിന് ഉണ്ടായിരുന്നെങ്കിൽ സ്ഥിതിഗതികൾ ഇത്ര വഷളാകുമായിരുന്നില്ല.

മാത്രവുമല്ല, കേവലം ചില സാമ്പത്തിക തിരിമറികൾക്കും വെട്ടിപ്പുകൾക്കുമപ്പുറം ഗുരുതരമായ നിയമലംഘനങ്ങളും കള്ളപ്പണം വെളുപ്പിക്കലും ഇവിടെ നടക്കുന്നു എന്ന സത്യം സർക്കാറോ പാർട്ടിയോ കണ്ടതേയില്ല. ഈ വിഷയങ്ങൾ പല വർഷങ്ങൾക്കു മുമ്പുതന്നെ ഉന്നത നേതാക്കളുടെ ശ്രദ്ധയിൽപെട്ടിരുന്നു എന്നുകൂടി കാണുമ്പോൾ ഇവരുടെ ഉത്തരവാദിത്തം വലുതാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംഘടനാബലം ഈ തട്ടിപ്പുകളുടെ ആഴം കുറക്കാനോ കൂട്ടാനോ സഹായിച്ചത്? ഇതിനെല്ലാം പുറമെ വലതുപക്ഷത്തിന്റെ രാഷ്ട്രീയ ധാർമികതയും സംസ്കാരവുംതന്നെയോ ഇടതുപക്ഷത്തിനുമുള്ളത്?

ഈ സാഹചര്യത്തിൽ കേരളത്തിലെ സഹകരണ മേഖലയുടെ ഭാവി കേവല കക്ഷിരാഷ്ട്രീയ തർക്കങ്ങൾക്കപ്പുറമുള്ള വിശദമായ സംവാദങ്ങൾക്ക് വിധേയമാക്കപ്പെടണം. ചുരുക്കത്തിൽ കേരളത്തിന്റെ നാഡികൾ എന്നുപറയാവുന്ന സഹകരണ മേഖല സംരക്ഷിക്കപ്പെടണമെങ്കിൽ നിരവധി കടുത്ത നടപടികൾ ആവശ്യമായിവരും എന്ന് തീർച്ചയാണ്.

ചരിത്രം

സഹകരണ പ്രസ്ഥാനത്തിന് കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. സഹകരണ പ്രസ്ഥാനം എന്ന സങ്കൽപം 19ാം നൂറ്റാണ്ടിൽ ഉയർന്നുവന്നത് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ മുതലാളിത്തം വളർന്നതിനൊപ്പമാണ്. റോബർട്ട് ഓവനാണ് ഈ ആശയത്തിന്റെ പിതാവായി അറിയപ്പെടുന്നത്. കേരളത്തിൽ ആദ്യത്തെ സഹകരണ സംഘം 1914ൽ നടപ്പാക്കിയ തിരുവിതാംകൂർ സഹകരണ സംഘം നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടത് തിരുവനന്തപുരത്തായിരുന്നു. (ഇതാണ് പിന്നീട് കേരള സംസ്ഥാന സഹകരണ ബാങ്ക് ആയി മാറിയത്.) ആ കേന്ദ്ര സംഘത്തിനു കീഴിൽ നിരവധി സംഘങ്ങൾ രൂപപ്പെട്ടു. ‘അപരിമിത ബാധ്യത’ എന്ന അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ അവക്ക് ദീർഘകാലം പിടിച്ചുനിൽക്കാനായില്ല.

കാരണം, ബാധ്യത ആസ്തിയേക്കാൾ വളരെ കൂടുതൽ വന്നുവെന്നതുതന്നെ. പല സംഘങ്ങളും പിരിച്ചുവിടേണ്ടി വന്നു. തുടർന്നാണ് 1918ൽ ‘പരിമിത ബാധ്യത’ എന്നരീതിയിൽ നിയമം മാറ്റിയത്. 10 മുതൽ 20 വർഷം വരെ കാലാവധിയുള്ള ദീർഘകാല വായ്പകൾ നൽകുന്നതിനായി 1932ൽ ഭൂപണയ ബാങ്കും തിരുവിതാംകൂറിൽ സ്ഥാപിച്ചു. കൊച്ചിയിലും 1913ൽ നിയമം ഉണ്ടായി. അതിനുകീഴിൽ ‘അഡ്വാൻസ്ഡ് സഹകരണ സംഘം’ രൂപവത്കൃതമായി. ബ്രിട്ടീഷ് സഹകരണ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചാണ് കൊച്ചിയിൽ കേന്ദ്ര സഹകരണ ബാങ്ക് നിലവിൽ വന്നത്. ഈ ബാങ്കും ഭൂപണയ ബാങ്കും ദീർഘകാല വായ്പകൾ നൽകുന്നുണ്ടായിരുന്നു. ഇവരുടെ പ്രവർത്തന മേഖല കൊച്ചി രാജ്യത്തിനകത്തു മാത്രമായിരുന്നു.

മദ്രാസ് സഹകരണ നിയമം അനുസരിച്ചാണ് മലബാർ ജില്ല - കാസർകോട് താലൂക്ക് ബാങ്കുകൾ പ്രവർത്തിച്ചിരുന്നത്. 1917ൽ കോഴിക്കോട് കേന്ദ്രമായിട്ടാണ് മലബാർ ജില്ല സഹകരണ ബാങ്ക് പ്രവർത്തിച്ചുതുടങ്ങിയത്. തിരുകൊച്ചി സംയോജനത്തോടെ 1949ൽ അവിടെ ഒരു നിയമം നടപ്പാക്കി. പിന്നീട് 1969ലാണ് സമഗ്രമായ കേരള സഹകരണ നിയമം നിലവിൽ വന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് ഈ നിയമത്തിൽ നിരവധി ഭേദഗതികൾ വരുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്കുവേണ്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്നതും പ്രഫഷനൽ ആയി നടത്തപ്പെടുന്നതുമായ ഒരു സജീവ സഹകരണ പ്രസ്ഥാനം വളർത്തിയെടുക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വ്യാപിച്ചുകിടക്കുന്ന നമ്മുടെ സഹകരണ പ്രസ്ഥാനം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി കണ്ടത് താഴെ പറയുന്ന കാര്യങ്ങളാണ്.

അനുയോജ്യമായ നയങ്ങളും നിയമങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും സൃഷ്ടിച്ച് ആഗോളതലത്തിലെ മത്സരങ്ങൾക്ക് വേണ്ടതരത്തിൽ സുസ്ഥിരവും കാര്യക്ഷമവുമായ ഒരു പ്രസ്ഥാനം രൂപപ്പെടുത്തുക, സഹകരണ പ്രസ്ഥാനത്തിന് ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകുക, ഗ്രാമീണ മേഖലയുടെ സമ്പാദ്യം സഹകരണ സംഘങ്ങൾ വഴി സമാഹരിക്കുക, എല്ലാവരെയും ഉൾക്കൊള്ളുന്നതും സമത്വ സങ്കൽപത്തിൽ അധിഷ്ഠിതവുമായ ഭരണനിർവഹണം ഉറപ്പാക്കുക, പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ തുടരുക.

 

ഈ ലക്ഷ്യബോധം ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നതിന്റെ ഫലമായി സംസ്ഥാനമൊട്ടാകെ മനുഷ്യജീവിതത്തെ ബാധിക്കുന്ന ഏതാണ്ടെല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന വിവിധ സംഘങ്ങൾ ഉണ്ടായി. കൃഷി, വ്യവസായം, വാണിജ്യം, തൊഴിൽ, പൊതുവിതരണം, ആരോഗ്യം, വിദ്യാഭ്യാസം, ഭവനനിർമാണം, കൈത്തറി, കയർ തുടങ്ങി പുസ്തക പ്രസിദ്ധീകരണം വരെ, കേരളത്തിലെ സഹകരണ പ്രസ്ഥാനം കൈവെക്കാത്ത മേഖലകളില്ല. അതത് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക സാങ്കേതിക വിപണന സഹായങ്ങൾ നൽകുക എന്നതായിരുന്നു അവയുടെ ലക്ഷ്യം. ഒറ്റക്ക് മൂലധന സമാഹരണം സാധ്യമാകുന്നവർ വിരളമായിരുന്നു. വിപണനത്തിനും സാങ്കേതിക നവീകരണത്തിനും വേണ്ടി നിരവധി അപ്പക്സ് സംഘങ്ങൾ രൂപപ്പെടുത്തി.

തൊഴിലാളികളുടെ സംഘങ്ങൾ ലോകത്തിനുതന്നെ മാതൃകയായി കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടപ്പോൾ പ്രതിരോധമായി സ. എ.കെ.ജി നേതൃത്വം നൽകി രൂപപ്പെടുത്തിയ ഇന്ത്യൻ കോഫി ഹൗസ് നമ്മുടെ അഭിമാനമാണ്. ദിനേശ് ബീഡി സംഘവും അതേ രീതിയിൽ വളർന്നുവന്നതാണ്. എഴുത്തുകാരുടെ സംഘമായ സാഹിത്യ പ്രവർത്തക സഹകരണ സംഘം പോലൊന്ന് ലോകത്തെവിടെയും കാണാൻ കഴിയില്ല. ഇത്രയൊക്കെ വളർന്നിട്ടും ഇന്ന് കേരളത്തിന്റെ സഹകരണ മേഖല വലിയൊരു വെല്ലുവിളി നേരിടുന്നു എന്നതൊരു വസ്തുതയാണ്.

അത് കേവലം കരുവന്നൂർ സംഘത്തിൽനിന്നും പുറത്തുവരുന്ന ചില ഒറ്റപ്പെട്ട വിവരങ്ങൾകൊണ്ടു മാത്രം ഉണ്ടായതല്ല. ഒട്ടനവധി സംഘങ്ങളിൽ ഇത്തരം കൊള്ളകൾ നടന്നിട്ടുണ്ട് എന്നതിന്റെ സൂചനയായി വേണം കരുവന്നൂരിനെ കാണാൻ. ഈ പ്രതിസന്ധി തരണം ചെയ്യാൻ ഇതുവരെ പ്രയോഗിച്ച കാപ്സ്യൂൾ മറുപടികളൊന്നും മതിയാകില്ല. മുഖ്യമന്ത്രി പറഞ്ഞ വലിയ ചെമ്പിലെ ചോറിൽ കാണുന്ന ചില കറുത്ത വറ്റുകൾ എന്ന ന്യായം എത്ര ദുർബലമാണ്. തർക്കശാസ്ത്രത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് സ്ഥാലി പുലാകം ന്യായം.

ഒരു വലിയ ചെമ്പിൽ വേവുന്ന ചോറിന്റെ പാകം അറിയാൻ ഒരു വറ്റ് പരിശോധിച്ചാൽ മതി എന്നതാണ് ആ യുക്തി. നിയമസഭയിൽ മന്ത്രി നൽകിയ മറുപടിയിൽത്തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് സംഘങ്ങളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി സമ്മതിക്കുന്നുണ്ട്. ബാക്കി സംഘങ്ങൾ ഒക്കെ നന്നായി നടക്കുന്നുവെന്ന് അതിന് അർഥമില്ല. എത്ര സംഘങ്ങളിൽ പരിശോധന നടത്തി, നടത്താത്ത എത്ര സംഘങ്ങൾ ബാക്കിയുണ്ട് എന്ന കണക്കുകൂടി കിട്ടിയാലേ ചിത്രം വ്യക്തമാകൂ.

പൊതുമേഖല ഷെഡ്യൂൾഡ് ബാങ്കുകളിൽ പതിനായിരക്കണക്കിന് കോടികളുടെ വെട്ടിപ്പാണ് നടക്കുന്നത് എന്നും അതുമായി താരതമ്യം ചെയ്താൽ കരുവന്നൂരിലെ 500 കോടിയൊക്കെ വളരെ ചെറുതാണെന്നും ഒരു മന്ത്രി പറഞ്ഞ വാദം എത്ര ബാലിശമാണ്. അത്തരം ബാങ്കുകൾ തകർന്നതിന്റെ ഫലമായി ഒരു നിക്ഷേപകനും ഒരു രൂപപോലും നഷ്ടം വന്നിട്ടില്ല. (സർക്കാറിന്റെ നികുതി വരുമാനം നഷ്ടമായിട്ടുണ്ടാകാം എന്നത് മറ്റൊരു കാര്യം.) സാധാരണ മനുഷ്യർ വഴിയാധാരമായിട്ടില്ല. ബാങ്കുകളുടെ മേൽ റിസർവ് ബാങ്കിനുള്ള നിയന്ത്രണ സംവിധാനങ്ങളും അതുവഴി സർക്കാറിനുള്ള ബാധ്യതയുമാണ് ജനങ്ങളെ അവിടെ രക്ഷിക്കുന്നത് (ഇത് തുടർന്നു വിശദീകരിക്കുന്നുണ്ട്).

സഹകരണ സംഘങ്ങളുടെ പ്രവർത്തന മേഖലകൾക്ക് കൃത്യമായ പരിധിയുണ്ട്. അത് നൽകുന്ന സാമൂഹിക വിശ്വാസ്യതയുടെ വിഷയം പിന്നീട് പറയാം. എന്നാൽ, കരുവന്നൂരടക്കം പല സഹ സംഘങ്ങളിലും പരിധിക്കു പുറത്തുനിന്നും പലരും നിയമങ്ങൾ മറികടന്ന് ഇടപെട്ടു എന്നത് ആർക്കും നിഷേധിക്കാൻ കഴിയില്ല. വടക്കാഞ്ചേരിക്കാരായ സതീഷും അരവിന്ദാക്ഷനും മറ്റും 30 കി.മീ. ദൂരെയുള്ള കരുവന്നൂർ സംഘത്തിൽ എങ്ങനെ എത്തി? ഇവർക്കാർക്കും ഈ ബാങ്കിന്റെ പരിധിയിൽ വീടില്ല, ഭൂമിയില്ല. ഇവർ അവിടെ എത്തിയത് കേവലം ചില വ്യക്തി-കുടുംബ ബന്ധങ്ങൾ വഴിയല്ല. അതിനുള്ള ഏക മാർഗം ഇവർ പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷിയുടേതാണ്.

അതു തേടിച്ചെല്ലുമ്പോഴാണ് പാർട്ടി ബന്ധങ്ങളും ബിനാമി ഇടപാടുകളും കള്ളപ്പണ വ്യാപാരവുമെല്ലാം പുറത്തുവരുന്നത്. പാർട്ടിയുടെ ഒരു പ്രാദേശിക സമിതിക്കുമാത്രം ഇത്തരം ജില്ലാ വ്യാപക തട്ടിപ്പ് സംവിധാനം ഒരുക്കാൻ കഴിയില്ല. തന്നെയുമല്ല ഇവിടത്തെ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ വർഷങ്ങൾക്കുമുമ്പ് തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും പറയുന്നു. അവർ ഇടപെടാതിരുന്നത് ഇതിൽ അവർക്കും പങ്കുണ്ടെന്നതിനാലാണെന്നു സംശയിച്ചാൽ തെറ്റില്ല.

കാര്യമായി ഒരു വരുമാനവുമില്ലാത്ത പാർട്ടി പ്രാദേശിക നേതാക്കൾ ദശലക്ഷങ്ങൾ നിക്ഷേപിക്കുന്നതും കോടികൾ ആസ്തിയുള്ള സ്ഥാപനങ്ങളിൽ പാർട്ണർ ആകുന്നതും മറ്റും ഉരുക്കുപോലുറച്ച സംഘടനാ സംവിധാനമുള്ള പാർട്ടിയുടെ നേതൃത്വമോ അണികളോ അറിഞ്ഞില്ലെന്ന് ആരു വിശ്വസിക്കും? അരവിന്ദാക്ഷനെന്ന ഒരു താഴേത്തട്ടിലുള്ള നേതാവിനെ ന്യായീകരിക്കാൻ സംസ്ഥാന സെക്രട്ടറിതന്നെ രംഗത്തുവരുക വഴി തട്ടിപ്പിന്റെ വ്യാപ്തി ചെറുതല്ലെന്നു മനസ്സിലാക്കാം. തന്നെയുമല്ല പരസ്പരം ഒറ്റിക്കൊടുക്കരുതെന്നാണ് പാർട്ടി സെക്രട്ടറി നൽകുന്ന നിർദേശം എന്നതും ശ്രദ്ധിക്കുക.

മറ്റു കക്ഷിക്കാർ ഭരിക്കുന്ന സംഘങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നു എന്നതാണ് മറ്റൊരു ന്യായീകരണം. ഇതിൽ സത്യമുണ്ട്. പക്ഷേ, അതിനേക്കാൾ വലിയ ചില സത്യങ്ങളുമില്ലേ? കേരളത്തിലെ സംഘങ്ങളിൽ വലിയൊരു പങ്കും സി.പി.എം നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ കൂടുതൽ തട്ടിപ്പിന് കാരണക്കാരും അവരാണ്. കഴിഞ്ഞ ഏഴര വർഷമായി സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്നത് പാർട്ടിതന്നെ. ഇവിടെ ശക്തമായ സഹകരണ നിയമങ്ങളും ചട്ടങ്ങളും ഓഡിറ്റിങ് സംവിധാനങ്ങളുമുണ്ട്.

എന്തുകൊണ്ട് ഈ പ്രശ്നങ്ങൾ നേരത്തേ മനസ്സിലാക്കാനും പരിഹരിക്കാനും പാർട്ടിക്കും സർക്കാറിനും കഴിഞ്ഞില്ലെന്ന ചോദ്യമുണ്ട്. പലരും എതിർത്തിട്ടും സുപ്രീംകോടതി വരെ പോയി കേരളാ ബാങ്ക് സ്ഥാപിക്കാൻ കാണിച്ച ശുഷ്കാന്തിയുടെ നൂറിലൊന്ന് കാണിച്ചിരുന്നു എങ്കിൽ പതിനായിരക്കണക്കിന് മനുഷ്യരുടെ പണം നഷ്ടപ്പെടില്ലായിരുന്നല്ലോ. അതുപോലെ സംഘങ്ങൾ പിടിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്നവർ അതു കാര്യക്ഷമമായി നടത്താൻ ഇടപെടാത്തത് എന്തുകൊണ്ട്?അതിനെല്ലാം പുറമെ വെറും ബൂർഷ്വാ പാർട്ടികൾ പ്രവർത്തിക്കുന്നതിനെ മാതൃകയാക്കിയാണോ സി.പി.എം പ്രവർത്തിക്കേണ്ടത്?

കരുവന്നൂരിനെ പറ്റി അൽപം

കേരളീയ സമൂഹത്തിൽ ഇന്നേറെ ചർച്ച ചെയ്യപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ പകൽക്കൊള്ള എന്ന വിഷയം രാഷ്ട്രീയകക്ഷികൾക്കും മാധ്യമങ്ങൾക്കും ഒരുപരിധി വരെ പൊതു സമൂഹത്തിനും സഹകരണസ്ഥാപനങ്ങളിലെ കൊള്ള, അതിനു കൂട്ടുപിടിക്കുന്ന സി.പി.എം എന്ന ഭരണകക്ഷിയുടെ (മറ്റു കക്ഷികളും ഏറിയും കുറഞ്ഞും ഉണ്ട് എങ്കിലും) അവസ്ഥ, അവർ നൽകുന്ന ന്യായീകരണങ്ങൾ, സഹകരണ മേഖലയെയും കേരളത്തിലെ സി.പി.എമ്മിനെയും തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഇടപെടലാണെന്ന വാദം എന്നിങ്ങനെ പലതുമാണ്. എന്നാൽ, വ്യക്തിപരമായി എനിക്ക് ഈ വിഷയം ആയിരക്കണക്കിന് വരുന്ന (അതിൽ എനിക്ക് നേരിട്ടുതന്നെ പരിചയമുള്ള നൂറുകണക്കിന്) കുടുംബങ്ങളുടെ, അതിലെ മനുഷ്യരുടെ തീരാവേദനകളാണ്. കാരണം, ഞാൻ ആ നാട്ടിൽ ജനിച്ചുവളർന്ന ഒരാളാണ് എന്നതുതന്നെ.

96 വയസ്സ് കഴിഞ്ഞ ലക്ഷ്മിക്കുട്ടി എന്ന തങ്കമ്മ. അടുത്ത അയൽക്കാരിയും ഒരുതരത്തിൽ അമ്മക്ക് തുല്യയുമാണ്. കിടപ്പു രോഗിയാണ്. തനിക്കു പലവിധത്തിൽ കിട്ടിയ (ഭർത്താവിന്റെ ചെറിയ പെൻഷൻ തുകയടക്കം) മൂന്നു ലക്ഷം രൂപ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഈ ബാങ്കിലുണ്ട്. മൂന്നുമാസം കൂടുമ്പോൾ അല്ലെങ്കിൽ വീട്ടിൽ എന്തെങ്കിലും ആവശ്യം വരുമ്പോൾ (മിക്കവാറും ചികിത്സക്കായിരിക്കും) ആ പലിശ വാങ്ങി ചെലവാക്കും. ബാങ്കിൽ പോകാതെതന്നെ എളുപ്പത്തിൽ പണം കൈയിൽ കിട്ടും. എന്നാൽ, കഴിഞ്ഞ മൂന്നു വർഷത്തോളമായി ആ പണം അവർക്ക് നഷ്ടമായതുപോലെയാണ്. ഈ അമ്മക്ക് ചികിത്സക്കുപോലും ഒരു പൈസ അവിടെനിന്നു കിട്ടുന്നില്ല.

ചെറിയ ചില തുകകൾ കിട്ടുമെന്ന സർക്കാർ പ്രഖ്യാപനം കേട്ട് ആരെങ്കിലും ചെന്നാൽ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് വന്നു വാങ്ങാനുള്ള കൂപ്പൺ കൊടുക്കും. പണം വാങ്ങാൻ ആ പറഞ്ഞ ദിവസം ചെന്നാൽ ഉടനെ ഈ അമ്മയുടെ ആധാർ കാർഡ് വേണമെന്ന് പറയും. അവർ അതെടുത്തിട്ടേയില്ല. പോയി എടുക്കാനുള്ള ആരോഗ്യമില്ല. ഇത്രയും കാലം ഈ പണം സംഘത്തിന്റെ കൈയിലിരുന്നപ്പോഴൊന്നും ആവശ്യമില്ലാതിരുന്ന ഒരു രേഖ ഇപ്പോൾ എങ്ങനെ ആവശ്യമായി എന്നറിയില്ല.

എന്തായാലും സ്വന്തം ജീവിതകാലത്തെ സമ്പാദ്യം ആ അമ്മയുടെ ചികിത്സക്കുപോലും ഉപകരിക്കുന്നില്ല. ഇതേ അമ്മയുടെ മകളുടെ ഭർത്താവ് സ്കൂൾ അധ്യാപകനായിരുന്നു. റിട്ടയർ ചെയ്തപ്പോൾ കിട്ടിയ 15 ലക്ഷത്തോളം രൂപ ഇവിടെ നിക്ഷേപിച്ചിരുന്നു. ഗുരുതരമായി രോഗം ബാധിച്ച് അദ്ദേഹം മരിച്ചത് തന്റെ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട വേദന കടിച്ചിറക്കിയാണ്.

 

എന്റെ ഒരു അധ്യാപകന്റെ മകനും എന്നോടൊപ്പം പഠിച്ച ഒരു വ്യക്തിയുമായ ജോസഫിന്റെ കാര്യം പറയാം. നാല് പെൺമക്കളാണ് അദ്ദേഹത്തിന്. ഉണ്ടായിരുന്ന കുറച്ചു ഭൂമി വിറ്റതും ജോലിയിൽനിന്നു പിരിഞ്ഞപ്പോൾ കിട്ടിയതും കൂട്ടി നല്ലൊരു തുക സംഘത്തിൽ നിക്ഷേപിച്ചിരുന്നു. പെൺമക്കളുടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായിരുന്നു അത്. അതിൽനിന്നു കുറെ പണമെടുത്തു രണ്ട് പെൺമക്കളുടെ വിവാഹം നടത്തി. മൂന്നാമത്തെ മകളുടെ വിവാഹനിശ്ചയം നടത്തിയ ഘട്ടത്തിലാണ് ഈ തട്ടിപ്പിന്റെ കഥകൾ പുറത്തുവരുന്നത്.

ഏതെങ്കിലും വിധത്തിൽ തന്റെ പണം കിട്ടാൻ അദ്ദേഹം സമീപിക്കാത്ത വാതിലുകളില്ല. തീർത്തും നിരാശനായി. വിവാഹം മുടങ്ങുമെന്ന അവസ്ഥ ഒഴിവായത് വരന്റെ വീട്ടുകാരുടെ മഹാമനസ്കതകൊണ്ടാണെന്ന് അദ്ദേഹം ഇക്കഴിഞ്ഞ ദിവസം കണ്ടപ്പോൾ പറഞ്ഞു. മാനം രക്ഷിക്കാൻ സ്വന്തം വീട് പണയം വെച്ച് കുറച്ചു പണം ഉണ്ടാക്കി. ഇനിയുള്ള മകളുടെ കാര്യത്തിലുള്ള ആശങ്ക അദ്ദേഹം മറച്ചുവെച്ചില്ല.

തോമസ് സാർ (പേര് മാറ്റി പറയുന്നു) ഒരു പൊതുമേഖല ബാങ്കിൽനിന്ന് ജി.എം തലത്തിൽ വിരമിച്ച വ്യക്തിയാണ്. പിരിഞ്ഞുപോന്നപ്പോൾ കിട്ടിയ വലിയൊരു തുക ആദ്യം താൻ തൊഴിൽ ചെയ്തിരുന്ന ബാങ്കിൽതന്നെ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ, ദൂരെയുള്ള അവിടെ ഇടക്കിടെ ഇടപാടുകൾക്കായി പോയി വരാനുള്ള ബുദ്ധിമുട്ട് ഓർത്തപ്പോൾ നാട്ടിൽ തൊട്ടടുത്തുള്ള സഹകരണ ബാങ്കിൽ ഇട്ടാൽ മതിയല്ലോ എന്നുകരുതി ആ തുക ഇങ്ങോട്ടു മാറ്റി.

ഇപ്പോഴത്തെ അവസ്ഥ പറയേണ്ടതില്ല. സ്വന്തം മകന്റെ പഠനാവശ്യത്തിന് വിദേശത്തേക്ക് പണമയക്കാൻ ഭാര്യയുടെ കൈയിലെ വള പണയം വെക്കാനായി വന്നിരിക്കുകയാണ് അദ്ദേഹം. ജീവിതകാല സമ്പാദ്യമായ ഒന്നരക്കോടി രൂപ നിക്ഷേപമുള്ള ആളാണ് എന്നും ഓർക്കുക. ഗൾഫിലും മറ്റും പോയി സമ്പാദിച്ച വലിയ തുകകൾ അവിടെ നിക്ഷേപിച്ച നിരവധി സുഹൃത്തുക്കളും എനിക്കുണ്ട്. ഇങ്ങനെ നഷ്ടപ്പെട്ട ആരും നിയമവിരുദ്ധമായ രീതിയിൽ പണം സമ്പാദിച്ചവരല്ല.

എന്റെ നാട്ടിൽ ഇരുപതിൽപരം ഓട്-ഇഷ്ടിക നിർമാണ കമ്പനികൾ ഉണ്ടായിരുന്നു. അവിടെ ശക്തമായ ട്രേഡ് യൂനിയൻ പ്രസ്ഥാനം ഉണ്ടായിരുന്നു. ആ വഴിക്കുകൂടിയാണ് കരുവന്നൂർ ഉൾപ്പെടുന്ന പൊറത്തിശ്ശേരി പഞ്ചായത്ത് (ഇന്നത് ഇരിഞ്ഞാലക്കുട നഗരസഭയുടെ ഭാഗമാണ്) ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും സി.പി.എമ്മിന്റ ശക്തികേന്ദ്രമായത്. എന്റെ രാഷ്ട്രീയപ്രവർത്തനം പിച്ചവെച്ചു നടന്ന മണ്ണാണിത്. ഈ പാവപ്പെട്ട തൊഴിലാളികളെല്ലാം അവരുടെ തുച്ഛമായ വരുമാനങ്ങൾ നിക്ഷേപിച്ചിട്ടുള്ളതും ഈ ബാങ്കിലാണ്. എനിക്ക് നേരിട്ടറിയാവുന്ന അത്തരത്തിലുള്ള ആയിരക്കണക്കിന് മനുഷ്യരാണ് നോട്ടു നിരോധനത്തിനെ തുടർന്നുള്ള ദിവസങ്ങളെന്നപോലെ ഇപ്പോൾ ദുരിതക്കയത്തിലായിരിക്കുന്നത്.

കരുവന്നൂർ സംഘത്തിന്റെ ചരിത്രം

എനിക്ക് ഓർമ തുടങ്ങുന്ന കാലത്തുതന്നെ ഈ സംഘം നാട്ടിലുണ്ട്. ഞങ്ങളിതിനെ സഹകരണ സംഘം എന്നല്ല വിളിക്കുക മറിച്ച് 112 സൊസൈറ്റി എന്നായിരുന്നു. ഇന്നാട്ടുകാർക്കു 112 എന്നതിന് ആ ഒരൊറ്റ അർഥമേയുള്ളൂ.

തീർത്തും വ്യക്തിപരമെന്നു പറയാവുന്ന ഒരു അനുഭവത്തിൽനിന്നു തുടങ്ങാം. കഴിഞ്ഞ വർഷത്തെ ഓണക്കാലം. എന്റെ സഹോദരിക്കൊപ്പം ദീർഘകാലം പ്രവർത്തിക്കുകയും പലവട്ടം വീട്ടിൽ വരുകമൂലം അടുത്ത കുടുംബസുഹൃത്താകുകയും ചെയ്ത സഹകരണ സാംസ്കാരിക സെക്രട്ടറി ശ്രീമതി മിനി ആന്റണി ഒരു യാത്രക്കിടയിൽ വീട്ടിൽ കിടപ്പുരോഗിയായ എന്റെ അമ്മയെ കാണാനെത്തി. (അമ്മ വിട്ടുപോയത് കഴിഞ്ഞ വർഷം ഡിസംബറിലാണ്) മിനി ആന്റണിക്ക് സഹകരണ വകുപ്പിന്റെ ചുമതല ഉണ്ടെന്ന് അമ്മയോട് പറഞ്ഞപ്പോൾ അവരുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ‘‘ഞങ്ങളുടെ 112നെ രക്ഷിക്കണം’’ എന്ന് അമ്മ പറഞ്ഞു.

ആദ്യം അമ്മ പറയുന്നതെന്താണെന്നു അവർക്ക് മനസ്സിലായില്ല. ഞങ്ങൾ വിശദീകരിച്ചു, 112 എന്ന് അമ്മ പറയുന്നത് കരുവന്നൂർ സഹകരണസംഘമാണെന്ന്. അമ്മക്ക് നേരിട്ടറിയാവുന്ന പലരും തങ്ങളുടെ പണം നഷ്ടപ്പെട്ട കാര്യം പറഞ്ഞിട്ടുണ്ടെന്നും കേട്ടപ്പോൾ അവർ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കണം. എറണാകുളത്ത് ജീവിക്കുന്ന 90 വയസ്സ് പിന്നിട്ട അമ്മയുടെ വേരുകൾ ഈ കരുവന്നൂരിലും ആ സംഘത്തിലും എത്ര ആഴത്തിലാണെന്ന് അവർക്ക് ബോധ്യപ്പെട്ടു കാണണം.

ഏറെ ദാരിദ്ര്യമുള്ള ഒരു പൂജാരി കുടുംബമായിരുന്നു എന്റേത്. എന്നാൽ, അത് പുറത്തുകാണിക്കാതിരിക്കാൻ അമ്മ പശുക്കറവയും കൃഷിയും വഴി ചെറിയ തുകകൾ സമ്പാദിച്ചിരുന്നു. സംഘത്തിലെ ആദ്യകാലത്ത് ക്ലർക്കും പിന്നീട് സെക്രട്ടറിയുമായി മാറിയ ലക്ഷ്മിക്കുട്ടി എന്ന അമ്മിണിച്ചേച്ചി ഞങ്ങളുടെ തൊട്ട അയൽ വീട്ടുകാരിയും ഏറെ അടുത്ത കുടുംബസുഹൃത്തുമായിരുന്നു. അന്നന്ന് കിട്ടുന്ന ചെറിയ തുകകൾ (രണ്ടോ മൂന്നോ അഞ്ചോ രൂപയാകും) അന്നന്ന് തന്നെ ചേച്ചിയെ ഏൽപിച്ച് നിക്ഷേപം നടത്തി.

കുറച്ചു നല്ല തുകയാകുമ്പോൾ എന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കും. അങ്ങനെ പശുവിനെയും സ്വർണാഭരണങ്ങളുമെല്ലാം അമ്മ വാങ്ങിയിട്ടുണ്ട്. അന്ന് പാവപ്പെട്ട മനുഷ്യർക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്തെങ്കിലും അടിയന്തരാവശ്യങ്ങൾ വന്നാൽ അഞ്ഞൂറു രൂപ വരെ കൈവായ്പ (വ്യക്തി വായ്പ) അവിടെനിന്നു പെട്ടെന്ന് കിട്ടും. ഒരു ഡയറക്ടർ ബോർഡ് അംഗം സാക്ഷ്യപ്പെടുത്തിയാൽ മതി. പലിശ ഉണ്ടാകും. എങ്കിലും കാര്യങ്ങൾ നടക്കും. അങ്ങനെയാണ് കേരളത്തിൽ മിക്ക ഇടങ്ങളിലും സഹകരണ സംഘങ്ങൾ പ്രവർത്തിച്ചുപോന്നത്.

അക്കാലത്തു സംഘങ്ങളിൽ കാര്യമായ കക്ഷിരാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഓർമയിൽ ആ സംഘത്തിന്റെ പ്രധാനവക്താവായിരുന്നത് ഗോവിന്ദൻകുട്ടി എന്ന ഒരു സുഹൃത്തായിരുന്നു. അദ്ദേഹത്തെ ‘കോഓപറേറ്റിവ് ഗോവിന്ദൻകുട്ടി’ എന്നാണ് ഞങ്ങളെല്ലാം വിളിച്ചിരുന്നത്. അവിടെ ഇടക്കാലത്ത് ഒരാൾ കാര്യമായ ഒരു വെട്ടിപ്പ് നടത്തി സ്ഥലം വിട്ടു.

ഏറെ മാന്യനായിരുന്ന അയാൾ കുറിക്കുള്ള പണം പലരിൽനിന്നും നേരിട്ട് ശേഖരിച്ചു ബാങ്കിൽ അടച്ചിരുന്നു. എന്നാൽ, ഇതിൽ അയാൾ വീഴ്ചവരുത്തി. കള്ളം കണ്ടുപിടിക്കുന്നതിനുമുമ്പ് അസമിൽ കേന്ദ്ര സർക്കാർ ജോലി കിട്ടി എന്നുപറഞ്ഞ് നാട്ടുകാരുടെ യാത്രയയപ്പും വാങ്ങി സ്ഥലംവിട്ടു. എന്നാൽ, ഈ തട്ടിപ്പു പിടിച്ചപ്പോൾ സംഘത്തിന്റെ പ്രസിഡന്റ് അടക്കമുള്ളവർ നേരിൽ പോയി അയാളെ കൊണ്ടുവന്നു പണം തിരിച്ചടപ്പിച്ചു. ഇതാണ് അക്കാലത്ത് അവിടെ നടന്ന ഒരു കുംഭകോണം.

ഇതെല്ലാം 1970കളിലാണ്. പഴയ ശൈലിയിലുള്ള ഒരു കോൺഗ്രസ് പ്രവർത്തകനായിരുന്നു നിസ്വാർഥനായ ഗോവിന്ദൻകുട്ടി. ആ സംഘം പിടിക്കാൻ സി.പി.എം തീരുമാനിച്ചു. അന്ന് അവിടെ (പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിക്കു കീഴെയാണ് ഞാൻ പ്രവർത്തിച്ചിരുന്നത്) വ്യക്തിപരമായി ഗോവിന്ദൻകുട്ടിയുടെ അടുത്ത സുഹൃത്തായിരുന്നിട്ടും പാർട്ടി തീരുമാനങ്ങളുടെ ഭാഗമായി സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ എന്റെകൂടി പ്രവർത്തനഫലമായി അദ്ദേഹം പരാജയപ്പെടുകയും പാർട്ടിയുടെ പാനൽ ഒട്ടാകെ ജയിക്കുകയും ചെയ്തു. തുടക്കത്തിൽ ഇത് സംഘത്തിന് ഗുണകരവുമായിരുന്നു. കൂടുതൽ ജനകീയ ബന്ധമുള്ളവർ അധികാരത്തിൽ വന്നതോടെ സംഘം വളർന്നു. മൊത്തം ഒരു കോടി പോലും അന്ന് (1978) ആസ്‌തിയില്ലാതിരുന്ന സംഘത്തിന്റെ ആസ്തി നൂറുകണക്കിന് കോടികളായി. നിക്ഷേപവും കുമിഞ്ഞുകൂടി.

പിന്നീട് നാം കാണുന്നത് മാറിയ പാർട്ടിയെയാണ്. സംഘടിതമായ കൊള്ളതന്നെ അവിടെ നടന്നു. ഒരു നിയമവും പാലിക്കാതെ ആരൊക്കെയോ വായ്പയെടുത്തു. പാവപ്പെട്ടവരുടെ പണമാണ് തങ്ങൾ കൈകാര്യംചെയ്യുന്നതെന്ന ബോധ്യമൊക്കെ പാർട്ടിക്ക് നഷ്ടമായിരുന്നു. 2016-17 കാലത്തുതന്നെ ഇവിടെ കാര്യങ്ങൾ ശരിയായല്ല പോകുന്നതെന്ന വിവരം പലർക്കുമുണ്ടായിരുന്നു.

എന്റെ വളരെ അടുത്ത സുഹൃത്തായ അന്തോണി ഇന്നലെ പറഞ്ഞ കാര്യമാണിത്. ചെറുകിട കച്ചവടം ചെയ്യുന്ന അയാൾ ഈ വിവരം അറിഞ്ഞ ഉടനെ വീട് നിർമാണത്തിനെന്ന പേരിൽ സ്ഥിരം നിക്ഷേപം പിൻവലിച്ച് പണം ഇങ്ങനെ തിരിച്ചെടുക്കുന്നതിൽ അന്നുതന്നെ ചില ഉദ്യോഗസ്ഥർ മുറുമുറുപ്പ് പ്രകടിപ്പിച്ചതായി അന്തോണി പറഞ്ഞു. എന്തായാലും അതുകൊണ്ട് വീടുണ്ടായി. അന്നത് ചെയ്തില്ലായിരുന്നെങ്കിൽ തന്റെ വീട് ഒരിക്കലും നിർമിക്കാൻ കഴിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സർവിസ് സംഘങ്ങൾക്കും ഒരു പ്രവർത്തന സ്ഥലപരിധിയുണ്ട്. ഈ സംഘത്തിന്റെ മേഖല പഞ്ചായത്തായിരുന്നു. ഇപ്പോൾ അത് നഗരസഭയിൽ ലയിപ്പിച്ചതിനാൽ പരമാവധി ഇരിഞ്ഞാലക്കുട നഗരസഭയെന്നും പറയാം. കേരളത്തിന്റെ പലഭാഗത്തുനിന്നുള്ളവരും ഇവിടെനിന്ന് കോടിക്കണക്കിനു രൂപ വായ്പയെടുത്തിട്ടുണ്ട്. ജാമ്യമായി നൽകിയതെല്ലാം ഒരുവിധ മൂല്യവും ഇല്ലാത്തവയായിരുന്നു. കരുവന്നൂർ പുഴക്കരയിൽ കളിമണ്ണെടുത്ത് പത്തു മീറ്റർ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

 

സെന്റിന് ആയിരം രൂപ പോലും വില കിട്ടാത്ത ആ ഭൂമിക്കു അഞ്ചു ലക്ഷം മതിപ്പു കാണിച്ചാണ് കോടികൾ വായ്പയെടുത്തത്. ആ ഭൂമി ജപ്തിചെയ്തിട്ട് എങ്ങനെ പണം തിരിച്ചുപിടിക്കാനാണ്? ഇത് ഏതെങ്കിലും കുറച്ച് ഉദ്യോഗസ്ഥരുടെ ക്രമക്കേടുകൾ മാത്രമല്ലെന്ന് നിരവധി തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. നാലഞ്ചു വർഷം മുമ്പുതന്നെ ഈ കൊള്ളയുടെ വിവരങ്ങൾ ചില സി.പി.എം സഖാക്കൾതന്നെ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്.

പേരിന് അന്വേഷണം നടത്തി, ഒരു കുഴപ്പവുമില്ലെന്ന് അണികൾക്ക് കാപ്‍സ്യൂളും നൽകി. ആ അന്വേഷണ സംഘത്തിലെ ചിലർതന്നെ ഈ കൊള്ളസംഘത്തിന്റെ ഭാഗമായെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. മൂന്ന് ജില്ലാ സെക്രട്ടറിമാർ ഇതിനകം തൃശൂരിൽ മാറിവന്നു. ആരും ഒന്നും ചെയ്തില്ല, കൊള്ള തുടർന്നു. ഇനി ഇതിൽ ഇ.ഡി ഇടപെട്ട് എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയൊന്നും വ്യക്തിപരമായി എനിക്കില്ല. തങ്ങളുടെ പണം എന്നെങ്കിലും കിട്ടുമെന്ന വിശ്വാസം പാർട്ടിക്കാർക്കു പോലുമില്ല.

എവിടെ പിഴച്ചു?

തീർത്തും പ്രാദേശികമായി മാത്രം പ്രവർത്തിക്കാൻ വേണ്ടി രൂപപ്പെട്ട സംഘങ്ങളും ബാങ്കും അവരുടെ ഇടപാടുകളുടെ വലുപ്പം വളരെയധികം വർധിപ്പിച്ചു. സഹ സംഘങ്ങൾ ബാങ്കുകളായി മാറിയത് വഴിയാണ് വളർന്നത്. വളർന്ന സ്കെയിലിൽ പ്രവർത്തിക്കാനാവശ്യമായ പ്രഫഷനൽ മാനേജ്മെന്റ് സംവിധാനമൊന്നും എവിടെയും രൂപപ്പെട്ടില്ല. കമ്പ്യൂട്ടർ മുതൽ എ.ടി.എം വരെയുണ്ടായി എന്നത് സത്യം. എന്നാൽ, ഒരു പ്രാദേശിക സംഘം വിപുലമായ ബാങ്ക് ആയി മാറുമ്പോൾ അതിനനുസരിച്ചുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടണം.

അതിന്റെ നേതൃത്വത്തിൽ വരുന്നവരുടെ യോഗ്യത ഒരു പ്രധാന പ്രശ്നമാണ്. ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്താനുള്ള ശേഷി വേണം. പ്രാദേശിക സംഘത്തിന് ഇതൊന്നും അത്ര വലിയ പ്രശ്നമല്ലായിരുന്നു. ഭരിക്കുന്നവരെ അംഗങ്ങൾക്കെല്ലാം നന്നായി അറിയാം. അവർക്ക് വിശ്വാസവുമുണ്ട്. അതായിരുന്നു സംഘത്തിന്റെ ലിക്വിഡിറ്റി സംബന്ധിച്ച സംശയങ്ങൾ ഉയരാതിരുന്നത്. അവിടെ കൈകാര്യം ചെയ്യപ്പെട്ടിരുന്നത് താരതമ്യേന ചെറിയ തുകകൾ മാത്രമായിരുന്നു. വായ്പയെടുക്കുന്നവരെയും നിക്ഷേപകരെയും ബോർഡിനും ഉദ്യോഗസ്ഥർക്കും നേരിട്ടുതന്നെ അറിയാമായിരുന്നു. ചുരുക്കത്തിൽ ഈ ചെറുതായ അവസ്ഥതന്നെയായിരുന്നു അതിന്റെ വിശ്വാസ്യതയും.

എന്നാൽ, ബാങ്ക് എന്നത് മറ്റൊരു സംവിധാനമാണ്. അതിനുമേൽ നിരവധി നിയന്ത്രണങ്ങളുണ്ട്. റിസർവ് ബാങ്ക് സൂക്ഷ്മമായി ബാങ്കുകളെ നിരീക്ഷിക്കുന്നു. അവരുടെ നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് റിസർവ് ബാങ്ക് നിയന്ത്രണത്തിലാണ്. ഒരു ബാങ്കിൽ ക്രമക്കേട് കണ്ടാൽ അവർ ഇടപെടും. നിക്ഷേപകർക്ക് ഒരു നഷ്ടവും വരില്ലെന്ന് റിസർവ് ബാങ്കും അവർ വഴി സർക്കാറും ഉറപ്പുനൽകുന്നു. തകരാറിലായ പല ബാങ്കുകളും നന്നായി പ്രവർത്തിക്കുന്ന ബാങ്കുകളിൽ ലയിപ്പിച്ച കഥകൾ നമുക്കറിയാം. എന്നാൽ, ഈ ഉറപ്പ് സഹകരണ ബാങ്കുകൾക്ക് നൽകാനാവില്ല.

അപ്പക്സ് ബാങ്കുകൾക്കും കഴിയില്ല. പിന്നെ ചെയ്യാവുന്നത് സർക്കാർ പണം എടുത്ത് നൽകലാണ്. അതിനുള്ള ശേഷി സംസ്ഥാന സർക്കാറിനില്ല. തന്നെയുമല്ല രാഷ്ട്രീയകക്ഷികൾ നടത്തുന്ന കൊള്ള ജനങ്ങളുടെ ചുമലിൽ വരുന്നത് ശരിയാണോ? റബ്കോ സംഘം കട്ടുമുടിച്ചതിന്റെ ഫലമായി സംസ്ഥാന സർക്കാറിന്റെ 300 കോടിയോളം രൂപ നൽകേണ്ടിവന്ന അനുഭവവുമുണ്ട്. ചുരുക്കത്തിൽ പരസ്പര സഹകരണം വഴി ഉണ്ടാകേണ്ട വിശ്വാസ്യതകൊണ്ടുമാത്രം ബാങ്കായി മാറിയ സംഘത്തിന് നിലനിൽക്കാനാകില്ല എന്നതാണ് ആദ്യമായി പഠിക്കേണ്ട പാഠം.

കേവലം വലുപ്പം കൂടിയത് മാത്രമല്ല പ്രശ്നം. പ്രാദേശികമായുണ്ടായിരുന്ന പരസ്പര സഹകരണത്തിന്റെ വിശ്വാസ്യതയുടെ വലയം തകർത്തതിൽ ഇതിന്റെ നടത്തിപ്പുകാരായി വന്ന രാഷ്ട്രീയ കക്ഷികൾക്ക് എത്രമാത്രം പങ്കുണ്ട് എന്നും പരിശോധിക്കപ്പെടണം. ഒരുരീതിയിൽ നോക്കിയാൽ കക്ഷിരാഷ്ട്രീയ ഇടപെടൽ ജനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കേണ്ടതാണ്. പ്രത്യേകിച്ചും തത്ത്വാധിഷ്ഠിത നിലപാടുള്ള ഇടതുപക്ഷത്തിന്റേത്.

തുടക്കത്തിൽ അതുണ്ടായിരുന്നു. അതുകൊണ്ടാണ് വളർച്ച ഉണ്ടായതും. എന്നാൽ, സംഘങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെക്കാൾ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ പ്രധാനമായതോടെ കാര്യങ്ങളിൽ മാറ്റം വന്നു. മറ്റു ബാങ്കുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഇവിടെ ഇല്ലാതിരുന്നത് ആദ്യഘട്ടത്തിൽ ജനങ്ങൾക്കും ഗുണകരമായിരുന്നു. നിക്ഷേപം, വായ്പ എന്നിവ എളുപ്പത്തിൽ സാധ്യമാണ്. എന്നാൽ, വളർച്ചയും കക്ഷിരാഷ്ട്രീയ താൽപര്യങ്ങളും ഈ ഇളവുകളെ തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി വിനിയോഗിച്ചു.

വായ്പക്കുള്ള ജാമ്യങ്ങളുടെ ഗുണനിലവാരവും വായ്പയെടുക്കുന്നവരുടെ തിരിച്ചടവ് ശേഷിയും കൃത്യമായി പരിശോധിക്കുക എന്നത് ബാങ്കുകളുടെ നിലനിൽപിന് അനിവാര്യമാണല്ലോ. എന്നാൽ, ബോർഡ് അംഗങ്ങളുടെ ‘ബോധ്യം’ മാത്രം മതിയെന്ന സൗകര്യം സമർഥമായി ഉപയോഗിച്ചെന്നു കാണാം. ബാങ്കുകൾക്കും കമ്പനികൾക്കുമുള്ള ജനാധിപത്യരീതിയല്ല സഹകരണ സംഘങ്ങളുടേത്. ബാങ്കിൽ ഓരോരുത്തരുടെയും ഓഹരിക്കനുസരിച്ചാണ് അധികാര പങ്കാളിത്തം. എന്നാൽ, സഹകരണ നിയമം അനുസരിച്ച് എല്ലാവർക്കും തുല്യ അധികാരമാണ്. സംഘത്തിൽ ആയിരം ഓഹരി ഉള്ളയാൾക്കും ഒരോഹരി ഉള്ളയാൾക്കും തുല്യ വോട്ടാണുള്ളത്. അതുകൊണ്ടുതന്നെ ബാധ്യതയും ഓഹരി അനുസരിച്ചല്ല. ഇതു മൂലം പണം തിരിച്ചുപിടിക്കുക എളുപ്പമല്ല.

ഇ.ഡി വന്നതെങ്ങനെ?

കേവലം സഹകരണ നിയമലംഘനം അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ ഇ.ഡിക്ക് കഴിയില്ല. എന്നാൽ, ഇവിടെ നടന്നിരിക്കുന്ന ഒരു കുറ്റം വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കലാണ്. അതിനുള്ള അവസരം ഒരുക്കിയതും സഹകരണ സംഘങ്ങളിലെ ഇളവുകളാണ്. എല്ലാ ബാങ്ക് ഇടപാടുകൾക്കും കെ.വൈ.സി ആവശ്യമാണ്. അക്കൗണ്ട് ഉടമയുടെ ആധാറും പാൻ കാർഡും മറ്റും ബാങ്ക് അറിഞ്ഞിരിക്കണം. ഒരാൾ തന്റെ അക്കൗണ്ടിൽ ഇടുന്ന പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ബാധ്യസ്ഥനാണ്.

അതുകൊണ്ടുതന്നെ 50,000 രൂപക്കുമേൽ പണമായി നമ്മൾ നിക്ഷേപിച്ചാൽ അക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കാൻ ബാങ്ക് ബാധ്യസ്ഥമാണ്. അവർക്ക് സംശയം തോന്നിയാൽ അയാളെ ചോദ്യംചെയ്യാം. എന്നാൽ, സഹകരണ ബാങ്കിൽ പേരിന് കെ.വൈ.സി ഒക്കെ ഉണ്ടെങ്കിലും നിക്ഷേപ വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കാറില്ല. ആ നിബന്ധന പാലിച്ചിരുന്നെങ്കിൽ സതീഷ് കുമാറോ അരവിന്ദാക്ഷനോ ഒക്കെ കരുവന്നൂർ ബാങ്കിൽ 50 ലക്ഷവും മറ്റും നിക്ഷേപിച്ചപ്പോൾ തന്നെ പിടിക്കപ്പെടുമായിരുന്നു.

ഇങ്ങനെ പല പേരുകളിൽ (ബിനാമി ആയും മറ്റും) നിക്ഷേപിക്കുന്ന പണം അവിടെനിന്നുള്ള ഒരു ചെക്ക് വഴി മറ്റൊരു ബാങ്കിൽ കൊടുക്കാം. ബാങ്ക് ചെക്ക് ആയതിനാൽ സ്രോതസ്സ് വെളിപ്പെടുത്തേണ്ടതുമില്ല. ഈ പഴുതുകൾ വഴിയാണ് 500 കോടി രൂപ കരുവന്നൂർ ബാങ്കിലൂടെ വെളുപ്പിച്ചതെന്നാണ് ഇ.ഡിയുടെ കേസ്. ഇത് 500 കോടിയാണോ 5 കോടിയാണോ എന്നതല്ല വിഷയം. ഒരു വലിയ തട്ടിപ്പിന് വഴിയൊരുക്കുന്നു എന്നതാണ്. ഈ കൊള്ളയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ അറിയാത്തവരല്ല ഇതു നടത്തിയത്. കൃത്യമായ ഓഡിറ്റിങ് നിയമങ്ങളുണ്ട്. രാഷ്ട്രീയസ്വാധീനം വഴി അതെല്ലാം അട്ടിമറിക്കപ്പെടുന്നു.

കേരള ബാങ്ക് എന്നത് ഒരു മിഥ്യയോ?

കേരള ബാങ്ക് എന്ന സംവിധാനംതന്നെ നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ട്. അതിലെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ തൽക്കാലം വിടാം. ഇത്രയധികം പണം കൈകാര്യംചെയ്യുന്ന ഒരു ബാങ്കിന്റെ, ഏറെ ഉത്തരവാദിത്തങ്ങളും അധികാരങ്ങളുമുള്ള ഡയറക്ടർമാരുടെ യോഗ്യത എന്തായിരിക്കണം? മറ്റേതു ബാങ്കിന്റെ കാര്യത്തിലുമുള്ള നിയമങ്ങൾ ഇവിടെയും ബാധകമാകേണ്ടതല്ലേ? ദീർഘകാല വീക്ഷണത്തോടെ നയപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ അവർക്ക് കഴിയണമല്ലോ.

കരുവന്നൂരിലെ ഇരകൾക്ക് പാർട്ടി പറഞ്ഞാൽ പണം നൽകാൻ തയാറാണെന്ന് കേരള ബാങ്കിന്റെ വൈസ് ചെയർമാൻ പറഞ്ഞത് നാം കേട്ടതാണ്. പ്രധാനമന്ത്രി നേരിട്ട് പറഞ്ഞാൽപോലും നിയമം വിട്ട് പണം നൽകാൻ ഒരു ബാങ്ക് മാനേജരും തയാറാകില്ല. ഇവിടെ ബാങ്ക് നോക്കേണ്ടത് പണം തിരിച്ചുകിട്ടുമോ എന്നതാണ്. പാർട്ടിക്ക് അത്തരം ഒരുറപ്പ് നൽകാൻ കഴിയുമോ? ചുരുക്കത്തിൽ ബാങ്ക് ആയി പ്രവർത്തിക്കുമ്പോൾ അതിന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥമാണ് എന്നറിയണം.

കേവലം ചില സാമ്പത്തിക താൽപര്യങ്ങൾ മാത്രമല്ല പാർട്ടികൾക്ക് ഇതിലുള്ളത്. സഹകരണം ഇന്ന് വലിയൊരു തൊഴിൽമേഖല കൂടിയാണ്. പാർട്ടിക്കു വേണ്ടപ്പെട്ടവരെ മാത്രമേ ഇവിടെയെല്ലാം നിയമിക്കൂ എന്നതൊരു രഹസ്യമല്ല. അതുകൊണ്ട് എത്ര വലിയ ക്രമക്കേടും തട്ടിപ്പും കണ്ടാലും അവർ മിണ്ടില്ല. കാരണം, അവർക്ക് ബാങ്കല്ല, പാർട്ടിയാണ് പ്രധാനം. ഇത്തരം ജോലികൾ കൈക്കൂലി വാങ്ങി നൽകുന്നവരുമുണ്ട്.

പാർട്ടിക്ക് പ്ര​േത്യക താൽപര്യമുള്ള സംഘങ്ങൾ ഉണ്ടാക്കുമ്പോൾ അതിൽ ഓഹരിയെടുക്കാൻ പ്രാഥമിക സംഘങ്ങളെ പ്രേരിപ്പിക്കാറുണ്ട്. പാർട്ടി-യൂനിയൻ സമ്മേളനങ്ങൾക്ക് സാമ്പത്തിക സഹായങ്ങളും പാർട്ടി പ്രസിദ്ധീകരണങ്ങളുടെ വ്യാപനവും സംഘങ്ങളുടെ ചെലവിൽപെടുത്താറുണ്ട്.

ഇത്തരം നിരവധി വഴിവിട്ട താൽപര്യങ്ങൾ ഉള്ളതുകൊണ്ടാണ് സംഘങ്ങൾ ഏതുവിധേനയും പിടിച്ചെടുക്കാനും നിലനിർത്താനും രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നത്. പലയിടത്തും സംഘർഷാത്മകമാണ് തെരഞ്ഞെടുപ്പുകൾ. ഒരിക്കൽ അധികാരത്തിലേറിയാൽ പിന്നൊരിക്കലും എതിരാളികൾക്ക് കടന്നുവരാൻ കഴിയാത്തവിധത്തിൽ ആളുകളെ ചേർക്കുന്നു.

സംഘം പിടിച്ചെടുക്കാൻ നടത്തിയ ഹീനശ്രമത്തിന്റെ നല്ലൊരു ഉദാഹരണമായിരുന്നു ഇന്ത്യൻ കോഫി ഹൗസ് ദക്ഷിണമേഖലാ സംഘം തെരഞ്ഞെടുപ്പ്. നിലവിലെ ബോർഡ് പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ വഴി ഒട്ടനവധി സ്വന്തക്കാരെ തിരുകിക്കയറ്റി. എ.കെ.ജി ഈ സംഘം രൂപവത്കരിച്ചപ്പോൾ ഉണ്ടാക്കിയ ഒരു നിബന്ധനയുണ്ട്. കോഫി ഹൗസിലെ തൊഴിലാളികളെ മാത്രമേ ഇതിൽ അംഗങ്ങളാക്കൂ എന്നതാണത്. അതുപോലും ലംഘിച്ചാണ് സി.പി.എം ആളെ തിരുകിക്കയറ്റിയത്. പക്ഷേ, ഹൈകോടതി ഇടപെട്ട് അതു തടഞ്ഞു.

എന്താണ് ചെയ്യേണ്ടത്?

സഹകരണസംഘങ്ങൾ അവയുടെ സ്ഥാപിത ലക്ഷ്യങ്ങൾ നേടാൻ കഴിയുന്നവിധത്തിൽ സംരക്ഷിക്കപ്പെടുക എന്നത് ഈ നാടിന്റെ ആവശ്യമാണ്. കേരളീയ ജീവിതത്തിന്റെ നാഡീവ്യൂഹമാണവ. അവയുടെ സാമൂഹിക ഉള്ളടക്കവും ആഭ്യന്തര ജനാധിപത്യവും സുതാര്യതയും തിരിച്ചുകിട്ടണം. സംഘങ്ങളാണ് പാർട്ടികളുടെ സാമ്പത്തിക സാമൂഹിക അടിത്തറ എന്ന സ്ഥാപനം അടിയന്തരമായി ഉപേക്ഷിക്കപ്പെടണം. പൊതുസമൂഹത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കണം. നിലവിൽ 16,500 സംഘങ്ങളുണ്ട്. എത്ര ശരിയായി പ്രവർത്തിക്കുന്നുവെന്നു കണ്ടെത്തണം.

ഇതിനെ ചില രാഷ്ട്രീയ കക്ഷികളുടെ, ചില നേതാക്കളുടെ പ്രശ്നം മാത്രമായി കാണാൻ കഴിയില്ല. അടിയന്തരമായി എന്ത് തിരുത്തലുകൾ ആവശ്യമാണെന്ന് കണ്ടെത്തണം. അതു ചെയ്യണം. പാർട്ടികളുടെ പ്രവർത്തന സംസ്കാരത്തിൽ വന്ന മാറ്റം ഒരു പ്രധാന തടസ്സമാകുമെന്നു തീർച്ച. അത് സമൂഹത്തിൽ വന്ന മാറ്റത്തിന്റെ ഫലംകൂടിയാണ്. കേന്ദ്രസർക്കാർ സഹകരണ സംഘങ്ങൾ കൈയടക്കാൻ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കണമെങ്കിൽ സംഘങ്ങൾ ആഭ്യന്തരമായി ശക്തിപ്പെടണം. ജനാധിപത്യവത്കരിക്കപ്പെടണം.

Tags:    
News Summary - weekly article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT
access_time 2024-11-04 05:30 GMT