ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമുവൽ ബക്കറ്റ്

2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയുടെ രചനകളെക്കുറിച്ചും എഴുത്തിന്റെ ലോകത്തെക്കുറിച്ചും എഴുതുകയാണ്​ നിരൂപകനും വിവർത്തകനുമായ ലേഖകൻ.ഓരോ വർഷവും സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നവേളയിൽ വായനയെ ഗൗരവമായി കാണുന്ന ആസ്വാദകരുടെ ആകാംക്ഷകൾ, അർഹിക്കുന്ന എഴുത്തുകാർക്ക് അത്​ ലഭിക്കുമോ എന്നതാണ്​. അങ്ങനെ അല്ലാതെപോയതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനെക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യാതിരിക്കുന്നതാണ് ഉത്തമം. 2023ലെ പുരസ്കാരത്തിന്​ പരിഗണിക്കപ്പെടുന്നതായി വന്ന പേരുകളിൽ ഹംഗറിയിലെ പീറ്റർ താദാസ്, മിർച്ചീയ കർത്തറസ്ക്യൂ (റുമേനിയ), യോൺ ഫോസെ...

2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയുടെ രചനകളെക്കുറിച്ചും എഴുത്തിന്റെ ലോകത്തെക്കുറിച്ചും എഴുതുകയാണ്​ നിരൂപകനും വിവർത്തകനുമായ ലേഖകൻ.

ഓരോ വർഷവും സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നവേളയിൽ വായനയെ ഗൗരവമായി കാണുന്ന ആസ്വാദകരുടെ ആകാംക്ഷകൾ, അർഹിക്കുന്ന എഴുത്തുകാർക്ക് അത്​ ലഭിക്കുമോ എന്നതാണ്​. അങ്ങനെ അല്ലാതെപോയതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനെക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

2023ലെ പുരസ്കാരത്തിന്​ പരിഗണിക്കപ്പെടുന്നതായി വന്ന പേരുകളിൽ ഹംഗറിയിലെ പീറ്റർ താദാസ്, മിർച്ചീയ കർത്തറസ്ക്യൂ (റുമേനിയ), യോൺ ഫോസെ (നോർവീജിയൻ), കാൾഭവെ ഹോസ്ഗാർഡ് (നോർവീജിയൻ), ചിലിയൻ കവി തൗൾ സൂരിറ്റ തുടങ്ങിയവർ മുൻനിരയിലുണ്ടായിരുന്നു. ചൈനീസ് വിമത എഴുത്തുകാരി കാൻസൂവിന്റെ പേരും പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. അവസാനം ഒക്ടോബർ 6ന്​ വൈകീട്ട് 4.30ന് (ഇന്ത്യൻ സമയം) പ്രഖ്യാപനം വന്നപ്പോൾ നോർവീജിയൻ എഴുത്തുകാരനായ യോൺ ഫോസെക്കാണത് ലഭിച്ചതെന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നി.

നോവൽ, നാടകം, ചെറുകഥ, കുട്ടികളുടെ രചന, കവിത, ലേഖനങ്ങൾ എന്നീ നിലകളിലെല്ലാം തന്റെ പ്രതിഭ തെളിയിച്ച യോൺ ഫോസെ സാഹിത്യത്തിലെ സമസ്ത മേഖലാ പ്രതിഭതന്നെയാണ്. അക്കാര്യത്തിൽ അദ്ദേഹത്തി​ന്റെ കൃതികൾ മുന്നേ വായിക്കുകയും അതേപ്പറ്റി ‘മാധ്യമം ആഴ്​ചപ്പതിപ്പി’ൽതന്നെ എഴുതുകയും ചെയ്​ത എനിക്ക്​ ​തെല്ലും സംശയമില്ല. അദ്ദേഹത്തിന്റെ നൂതനമായ നാടകങ്ങളും നോവലുകളും സാധ്യമായത് നോർവീജിയൻ ഭൂമികയിലെ നിശ്ശബ്ദതക്കുള്ളിൽ കഴിയേണ്ടിവരുന്നവർക്കൊരു ശബ്ദം പകർന്നുകൊടുത്തതിലൂടെയാണ്.

സ്വീഡിഷ് അക്കാദമി അദ്ദേഹത്തിന്റെ നാടകരചനകൾക്കാണ് കൂടുതൽ മുൻതൂക്കം കൊടുത്തതെന്ന് തോന്നുന്നു. അടുത്തകാലത്ത് അദ്ദേഹത്തിന്റെ നാടകങ്ങൾ ആയിരക്കണക്കിന് സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടു എന്നതുതന്നെ നാടകകൃത്തെന്ന നിലയിലുള്ള അദ്ദേഹത്തി​ന്റെ മികവിനെ എടുത്തുകാണിക്കുന്നു. അദ്ദേഹത്തിന്റെ നാൽപതോളം നാടകങ്ങൾ ആറ് വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ വാല്യം (അഞ്ച് നാടകങ്ങൾ) വായിക്കാനുള്ള ഭാഗ്യമുണ്ടായി. പ്രശസ്ത നാടകകൃത്തും ഡയറക്ടറുമായ ടി.എം. എബ്രഹാമിന്റെ പുസ്തകശേഖരത്തിൽനിന്നാണിത് സംഘടിപ്പിച്ച് വായിക്കാനും അതിനെക്കുറിച്ച് എഴുതാനും സാധിച്ചത്. ബാക്കിയുള്ള നാടകങ്ങൾ വൈകാതെ ലഭ്യമാകുമെന്നുതന്നെ വിശ്വസിക്കാം.

ആദ്യത്തെ വാല്യത്തിൽ ഒരു മോണോലോഗ് ചേർത്തിട്ടുണ്ട്. യൂറോപ്പിൽ സംഗീതത്തിന്റെ സൂക്ഷ്മമായ പശ്ചാത്തലങ്ങളോടെ അത് അവതരിപ്പിച്ചിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ അതിനെച്ചൊല്ലി അത്ഭുതപ്പെടാതിരിക്കാനും കഴിയില്ല. ഈ മോണോലോഗിനെക്കുറിച്ച് സ്വീഡിഷ് അക്കാദമിയും പരാമർശിച്ചിട്ടുണ്ട്.

മറ്റൊരു നൊബേൽ ജേതാവായ ജർമൻ എഴുത്തുകാരനും നാടകകൃത്തുമായ സാമുവൽ ബക്കറ്റിനോടാണ് യോൺ ഫോസെയെ സമകാലികമായ അവസ്ഥയിൽ ഉപമിച്ചുകാണുന്നത്. ഫോസെയുടെ രചനകൾ കലയിലും രൂപകൽപനയിലും നാടകത്തിലും മറ്റും ഏറ്റവും കുറച്ചു സാമഗ്രികൾ, നിറങ്ങൾ, ആകൃതികൾ മുതലായവ ഉപയോഗിക്കണമെന്ന സിദ്ധാന്തത്തിന് അനുസൃതമായി രചിക്കപ്പെട്ടവയാണ്. ഇംഗ്ലീഷിൽ ഇതിനെ ഒറ്റവാക്കിൽ ‘മിനിമലിസ്റ്റിക്’ എന്നുപറയും.

വളരെ ലളിതമായ ഭാഷയാണ് അദ്ദേഹം തന്റെ രചനകൾക്ക്​ ഉപയോഗിക്കുന്നത്. ഇവ പകർന്നുതരുന്ന സന്ദേശം താളാത്മകവും വിഷാദാത്മകവും നിശ്ശബ്ദവും ഏകാന്തവുമായ അനുശാസനങ്ങളാണ്​. ഉള്ളടക്കത്തെക്കാൾ കൂടുതൽ അദ്ദേഹം പ്രാധാന്യം കൊടുക്കുന്നത് രചനകളുടെ രൂപത്തിനാണ്. പറയാതെ പോകുന്നതിന് നേരിട്ട് രൂപംകൊടുക്കുന്നതിനേക്കാൾ കൂടുതൽ വാചാലതയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഫോസെ ഓരോ കാര്യങ്ങൾ നമുക്കുമുന്നിൽ അവതരിപ്പിക്കുമ്പോൾ അത് പെട്ടെന്നുതന്നെ നമ്മുടെ ജീവിതത്തിലും സംഭവിച്ചതാണല്ലോ എന്ന വിശ്വാസത്തിലമർന്ന് അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുവാനേ നമുക്ക്​ കഴിയൂ. നമ്മുടെ ജീവിതസമസ്യകളുമായിട്ടവ അത്രമേൽ ബന്ധപ്പെട്ടുകിടക്കുന്നു.

അദ്ദേഹത്തിന്റെ ഭാഷയുടെ നൈസർഗികമായ പരിവർത്തനവും നാടകീയമായ പ്രവൃത്തികളും പുറത്തുകൊണ്ടുവരുന്നത് ആകാംക്ഷയുടെ ഏറ്റവും ശക്തമായ മാനുഷിക വിക്ഷോഭങ്ങളെയാണ്. വളരെ ലളിതമായി പറയുകയാണെങ്കിൽ നമ്മളും മാനുഷികമായ നിസ്സഹായാവസ്ഥ ഉൾക്കൊള്ളേണ്ടതായി വരും.

പുരസ്കാരം ലഭിച്ചെന്ന വാർത്തയറിഞ്ഞപ്പോൾ, താനാകെ സമ്മോഹിതനും നന്ദിയുള്ളവനുമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ‘‘സാഹിത്യരചനയുടെ മാർഗത്തിൽ ഇത് അനിവാര്യവുമാണെന്ന് കരുതാനേ കഴിയൂ. നിരവധി വർഷങ്ങളായി എന്റെ നാമം ഈ പുരസ്കാര നിർണയത്തിൽ വന്നിട്ടുണ്ടെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.’’

നാടകങ്ങൾക്കൊപ്പം നോവലുകളും കവിതകളും ലേഖനങ്ങളുമൊക്കെ അവർ പരിഗണിച്ചിട്ടുണ്ടാകുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്. നോർവീജിയൻ ഭൂമികയുടെ പുത്രനാണെങ്കിലും അദ്ദേഹത്തിന്റെ രചനകൾ മുഴുവൻ അവിടത്തെ പത്തു ശതമാനം ജനത സംസാരിക്കുന്ന നൈനോർസ്കിലാണ് (Nynorsk). ഇതോടൊപ്പം ലോക സാഹിത്യത്തിൽനിന്നുള്ള മഹദ്‍രചനകളുടെ ഭാഷാന്തരീകരണവും അദ്ദേഹം നടത്തിയിട്ടുണ്ട്. കാൾ ഒവെ റോസ്ഗാർഡുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

നൊബേൽ പുരസ്കാര സമിതിയുടെ ചെയർമാനായ ആൻഡേർസൺ, യോൺ ഫോസെയുടെ മാനവികതയുടെ തലങ്ങളെ ഒപ്പം ചേർക്കുന്നുണ്ട്. മനുഷ്യന് നഷ്ടപ്പെട്ടുപോയ പൂർവദർശീയത്വത്തെ (orientation) കുറിച്ചും ഫോസെ തിരിച്ചറിയുന്നുണ്ട്. വിശുദ്ധിയുടെ തലങ്ങളിലേക്ക് ചാഞ്ഞുകിടക്കുന്ന അഗാധമായ അനുഭവങ്ങളിലേക്ക് അത് വഴികൾ തുറന്നുതരുന്നു.

ഫോസെയുടെ ആദ്യ രചനയായി വരുന്നത്​ ‘ബോട്ട് ഹൗസ്’ (Boathouse -1989) എന്ന നോവലാണ്​. ആദ്യ രചനയാണെങ്കിൽകൂടി നിരൂപകർ അതിനെ ആവേശത്തോടെയാണ് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തത്. 1995-1996 കാലയളവിൽ രചിച്ച രണ്ടു വാല്യങ്ങളായി പുറത്തുവന്ന ‘ദൗർമനസ്യം’ (Melancholy, part 1 & 2) ഫോസെയുടെ മാസ്റ്റർപീസ് രചനകളിൽ ഉൾപ്പെടുന്നവയാണ്. ജർമനിയിൽ ചിത്രകല പഠിക്കുന്ന ചെറുപ്പക്കാരനായ നോർവീജിയൻ ലാൻസ് ഹെർട്ടർവിഗിന്റെ ജീവിതകഥയാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്.

ജീവിതത്തിൽ അയാൾക്ക് നേരിടേണ്ടിവരുന്ന അ​രക്ഷിതാവസ്ഥകളും ലൈംഗികപരമായ ഒഴിയാബാധകളും അതോടൊപ്പം അയാൾക്ക് നേരിടേണ്ടിവരുന്ന ഭീകരമായ മാനസിക വിഭ്രാന്തികളും ചേരുമ്പോൾ സംഭവിക്കുന്ന മനുഷ്യാവസ്ഥകളുടെ ശക്തമായ സമന്വയമാണിവിടെ സംഭവിക്കുന്നത്. ഒരു ചിത്രകാരന്റെ ഭംഗുരമായ അവബോധങ്ങളുടെ തലങ്ങളിലേക്ക്​ ആ നോവൽ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരു ആധുനിക നോവൽ സ​േങ്കതത്തി​ന്റെ എല്ലാ സാധ്യതകളും സൂക്ഷ്മതയോടെ ഒട്ടും വാചാലതയില്ലാതെ ത​ന്റെ കൃതിയിൽ ഉപയോഗിച്ചിട്ടുണ്ട്​.

രണ്ടാം ഭാഗത്തിൽ ലാർസ് ഹെർട്ടർവിഗിന്റെ സഹോദരിയായ ഒലൈനിന്റെ ഒരു ദിവസത്തിലൊതുങ്ങി നിൽക്കുന്ന ചിന്തകളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. ചിത്രകാര​ന്റെ വല്ലാത്ത വിഷാദാത്മകമായ നിഗൂഢസീമകളിലേക്ക് നമ്മളും അമരുന്നു. ചിത്രകാരന്റെ മരണവും പിതാവിനെക്കുറിച്ച വേദനിപ്പിക്കുന്ന ഓർമകളും ചിത്രകാരനായ ലാർസിന്റെ മനുഷ്യജീവിയെന്നുള്ള നിലയിലെ പരിമിതികളും നമ്മെ വേദനിപ്പിക്കുന്നു. ലോക നോവൽ സാഹിത്യത്തിലെ ഒരു ​ക്ലാസിക്കാണിത്.

മറ്റൊരു മഹത്തായ രചനയായി, മഹാ ക്ലാസിക്കായി എടുത്തുകാണിക്കാൻ കഴിയുന്നത് മൂന്നു വാല്യങ്ങളായി വരുന്ന, ഏഴു ഭാഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന, ഏതാണ്ട് 1250 പേജുകളിലൂടെ കടന്നുവരുന്ന ‘സെപ്റ്റോളജി’(Septology)യാണ്. ആദ്യത്തെ പുസ്തകമായ ‘അപരനാമ’ത്തിൽ (The Other Name) ഒന്നും രണ്ടും ഭാഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ജീവിതത്തിൽ നാമെന്താണെന്ന് ചിന്തിപ്പിക്കുന്ന ഒരു ചോദ്യത്തിൽനിന്നാണിത് ആരംഭിക്കുന്നത്.

പ്രായമായിക്കൊണ്ടിരിക്കുന്ന ചിത്രകാരനും വിധുരനുമായ എയ്സിൽ നോർവേയുടെ തെക്കുപടിഞ്ഞാറൻ തീരത്താണ് താമസിക്കുന്നത്. തന്റെ പൂർവകാല സ്മൃതികളുടെ വിട്ടുപിരിയാത്ത നിയോഗങ്ങളെ കുറിച്ചയാൾ ചിന്താകുലനാകുന്നു. അയാൾ​ക്ക് ആകക്കൂടിയുള്ള കൂട്ടുകാരൻ അയൽക്കാരനായ എസ്‍ലിയക്കാണ്. അയാൾ ഒരു കൃഷിക്കാരനും മീൻപിടിത്തക്കാരനുമാണ്. നഗരത്തിൽ ജീവിക്കുന്ന ബെയറും നോവലിലെ മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. അവിടെ ബിയോർഗ്‍വിന്നിൽ മറ്റൊരു അപരനായ എയ്സിൽ താമസിക്കുന്നുണ്ട്. അയാളും ഒരു ചിത്രകാരനാണ്. ഏകാന്തമായ ജീവിതം നയിക്കുന്ന അയാൾ മദ്യത്തിന് അടിമയുമാണ്. ഇവിടെ നോവലിൽ എയ്സിലും അപരനായ എയ്സിലും തനിപ്പകർപ്പുകളാണ് (Doppelgangers).

രണ്ട് രീതികൾ, ഒരേ ജീവിതത്തിന്റേതായ രണ്ട് മുഖങ്ങൾ. ഇവർ രണ്ടു പേരും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള അസ്തിത്വപരമായ ചോദ്യങ്ങൾ നേരിടുന്നു. സ്നേഹവും പ്രകാശവും നിഴൽപ്പാടുകളും ഒരേസമയം അവരെ മാനസികമായ പോരാട്ടങ്ങൾക്ക് വിധേയമാക്കുന്നു. പ്രത്യാശകളില്ലാത്ത ഒരു പരുക്കൻ ലോകത്തിന്റെ നിയോഗങ്ങൾ അവർക്കേറ്റുവാങ്ങേണ്ടതായും വരുന്നുണ്ട്. അവസാനഭാഗങ്ങളിൽ പലതരം അന്വേഷണതലങ്ങളുടെ ചിത്രീകരണമാണ്. 1250 പേജുകളിൽ നിറയുന്ന ഈ നോവൽ ആധുനിക മനുഷ്യാവസ്ഥകളുടെ പേടിപ്പെടുത്തുന്ന സാധ്യതകളെ എടുത്തുകാണിക്കുന്നു.

എടുത്തുപറയേണ്ട മറ്റൊരു ഫിക്ഷനൽ രചന നോവൽത്രയമാണ് (Trilogue). നോർവീജിയനിൽനിന്നിത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മെയ്-ബ്രിറ്റ് അകെർഹോൾഡാണ്. നാടകകൃത്ത് ഇബ്സന്റെ രചനകളുടെ സ്വാധീനം ഫോസെയുടെ രചനകളിലുണ്ടെന്ന് കരുതുന്ന നിരൂപകർ ഈ രചനയെയാണ് എടുത്തുകാണിക്കുന്നത്.

ഫോസെയുടെ ഭാഷാലാളിത്യവും അവതരണത്തിലെ ഏകാഗ്രതയും ചേർന്ന് വായനയെ ലളിതമാക്കുകയും ചെയ്യുന്നു. ആധുനിക നോവൽ സാഹിത്യത്തിൽ വരുന്ന രചനകളുടെ ആകെ വലുപ്പം ഒരു പരിധിവരെ വായനയെ പ്രതിരോധത്തിലാക്കും. ഇവിടെ കമിതാക്കളായ രണ്ടുപേർ ഈ ലോകത്ത് അവരുടേതായ ഒരിടം കണ്ടെത്താൻ ശ്രമിക്കുന്നവരുമാണ്. പാർക്കാൻ ഒരിടമില്ലാതെ, നിദ്രാവിഹീനരായി അവർ കോരിച്ചൊരിയുന്ന മഴയത്ത് ബെ​ർജിനിലൂടെ അലയുമ്പോൾ ജനിക്കാൻ പോകുന്ന തങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ഓർത്ത് ദുഃഖിതരുമാണ്.

ചരിത്രപരവും സാംസ്കാരികവും ദൈവശാസ്ത്രപരവുമായ സൂചിതങ്ങളിലൂടെയും ഫോസെ നമ്മെ കൊണ്ടുപോകുന്നത് ഒരു ആധുനികമായ അനീതിയുടെ ദൃഷ്ടാന്തകഥയിലൂടെയും പ്രതിരോധങ്ങളിലൂടെയും കുറ്റകൃത്യങ്ങളിലൂടെയും വീണ്ടെടുപ്പുകളിലൂടെയുമാണ്. ഈ നോവലിന് മൂന്നു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം നിദ്രാവിഹീനതയും (Wakefulness) രണ്ടാം ഭാഗം നിർവേദനങ്ങളുമാണ് (Weariness). സ്നേഹത്തി​ന്റെ നിഗൂഢഭാവങ്ങളിലേക്കുള്ള ഫോസെയുടെ വേദനിപ്പിക്കുന്ന ആവാഹനം സർഗാത്മകമായ ധന്യതയുടെ തലങ്ങളെ അനാവരണംചെയ്യുന്നു. ഈ നോവൽ ഫോസെക്ക് വിഖ്യാതമായ നോടർഡിക് കൗൺസിൽ സാഹിത്യ പുരസ്കാരം (2015) നേടിക്കൊടുത്തു.

എടുത്തുപറയേണ്ട മറ്റൊരു പുസ്തകം ‘ഒരു ബാല്യകാലത്തിൽനിന്നുള്ള അരങ്ങുകൾ’ (Scenes from a Childhood) കഥകളുടെ ഒരു സമാഹാരമാണ്. നോവലും നാടകങ്ങളുമെഴുതുന്നതുപോലെ കഥാരംഗത്തും തന്റെ പ്രതിഭ ലളിതമായ പ്രമേയാവിഷ്കാരംകൊണ്ടും ഭാഷകൊണ്ടും തെളിയിച്ചിരിക്കുകയാണ് ഗ്രന്ഥകർത്താവ്​. രചനയുടെ ഒരു ഇളക്കിമറിക്കുന്ന അല്ലെങ്കിൽ ചുവടുതെറ്റിക്കുന്ന ഗുണം ഇതിനെ മറ്റു രചനകളിൽനിന്നും വേറിട്ടുനിർത്തുന്നു.

ബാല്യകാലത്തിലെ അനുഭവങ്ങളുടെ വിട്ടുപോകാത്ത നിമിഷങ്ങളെ ഫോസെ വീണ്ടെടുക്കുമ്പോൾ അതിന് ആത്മകഥാംശപരമായ ഒരു സ്പർശവും അനുഭവിപ്പിക്കാൻ കഴിയുന്നുണ്ട്. ‘എനിക്ക് ഗിത്താർ ട്യൂൺ ചെയ്യുവാൻ കഴിയുന്നില്ല’ (I just can't get the guitar Tuned)’, ‘എന്റെ പിതാമഹി മെത്തയിൽ കിടക്കുകയാണ്’, ‘നിങ്ങൾക്ക് ഫിഡിൽ വായിക്കാമായിരുന്നു’, ‘ദ ക്യാബിൻ’ തുടങ്ങിയ മിനിക്കഥകളും അവസാനമായി ചേർത്തിരിക്കുന്നു. ‘എന്റെ നായ തീർച്ചയായും എന്നിലേക്ക് മടങ്ങിവരും’ എന്ന നോവലും മികച്ച രചനയായി അനുഭവപ്പെടും. അയൽക്കാർക്കിടയിലുള്ള തർക്കങ്ങൾ ഒരുതരം അനുതാപശൂന്യമായ ക്ലൈമാക്സിലേക്ക് പടർന്നുപോകുന്നത് ആഖ്യാനപാടവത്തിന്റെ മികവിനെ എടുത്തുകാണിക്കുന്നു. ചെറുകഥ​ ഫോസെയുടെ ഭാവനകൾക്ക് നന്നായി വഴങ്ങുന്ന ഒന്നാണെന്ന് ആ സമാഹാരത്തിലെ കഥകൾ എടുത്തുകാണിക്കുന്നു.

‘ഒരു തിളക്കം’ (A Shining) എന്ന പേരിലുള്ള ഫോസെയുടെ പുതിയ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിക്കഴിഞ്ഞു. അതിന്റെ ആഗമനത്തിനായി കാത്തിരിക്കാം. യോൺ ഫോസെയു​ടെ ലേഖനങ്ങളുടെ സമാഹാരമായ ‘ഒരു മാലാഖ സ്റ്റേജിലൂടെ കടന്നുപോകുമ്പോഴും, മറ്റു ലേഖനങ്ങളും’ ഏറ്റവും മികച്ച രചനയാണെന്ന് കമ്പ്യൂട്ടർ മാധ്യമങ്ങളിൽ പരതിയപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞു.

ജീവിതത്തിലെ അലഞ്ഞുതിരിയുന്ന ഒരു കളിക്കാരനാണ് യോൺ ഫോസെ. സാഹിത്യത്തിലെ മഹാ പ്രതിഭകളെപ്പോലെ തന്റേതായ സാഹിത്യരൂപത്തെ സ്വരൂപിച്ചെടുക്കാൻ ഫോസെക്ക് കഴിഞ്ഞു. പടിഞ്ഞാറൻ നോർവേയിലെ ബർജൻ എന്ന നഗരം ഫോസെയുടെ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രംതന്നെയാണ്. ആദ്യം ഒരു നാടകകൃത്തായി സാഹിത്യരചന ആരംഭിച്ച ഫോസെയുടെ വൈവിധ്യമാർന്ന രചനകൾ ലോകസാഹിത്യത്തിലെ സർഗാത്മകമായ വിസ്മയങ്ങളായി. ‘‘എഴുത്ത് എപ്പോഴും ലളിതവും ജീവിതത്തെപ്പോലെതന്നെ പരിധികളിലൊതുക്കാനാകാത്തതുമായിരിക്കണം’’ –ഫോസെയുടെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ വരാൻപോകുന്ന കാലത്തിലേക്കുള്ള ജാലകങ്ങൾ തുറന്നുതരുന്നു.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT