കേരളപ്പിറവി പിണറായി സർക്കാർ ‘കേരളീയം’ എന്ന വിപുലമായ പരിപാടികളോെട ആഘോഷിക്കുകയാണ്. സർക്കാർ അവകാശപ്പെടുന്നതുപോലെ നമ്മൾ ‘പുരോഗതി’ നേടിയവരാേണാ? എന്താണ് ഭൂമി, കൃഷി, വ്യവസായം അടക്കമുള്ള മേഖലകളിലെ അവസ്ഥ? ‘‘വിധേയത്വത്തിന്റെ പുത്തൻ ചേരുവകൾ നിരത്തുന്ന കെട്ടുകാഴ്ചകളല്ല, വെല്ലുവിളിയെ നേരിടുന്ന ഗൗരവമുള്ള അന്വേഷണങ്ങളാണ് നമുക്ക് വേണ്ടത്’’ എന്ന് ‘ഭൂമി, ജാതി, ബന്ധനം’ എന്ന കൃതിയുടെ കർത്താവും മാർക്സിസ്റ്റ് ചിന്തകനുമായ ലേഖകൻ വാദിക്കുന്നു.
അവകാശവാദങ്ങളുടെ ലഹളയാണ് പിണറായി സർക്കാറിന്റെ ‘കേരളീയം’. സാക്ഷരത, പൊതുജനാരോഗ്യം, ആയുസ്സ്, മാതൃ-ശിശു മരണനിരക്കിലെ കുറവ്, ക്ഷേമപ്രവർത്തനങ്ങൾ, കല-സാംസ്കാരിക മേന്മ, സാർവത്രിക വിദ്യാഭ്യാസം... അങ്ങനെ, അങ്ങനെ നീണ്ടുപോകുന്നുണ്ട് നേട്ടങ്ങളുടെ പട്ടിക. ഭൗതികവും ബൗദ്ധികവുമായ പുരോഗതി നേടിയ ഈ സമൂഹത്തെ ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാണ് ‘കേരളീയം’. കാലത്തിനനുസരിച്ച് മുന്നേറി ജ്ഞാനസമൂഹമായി, പുതിയ കണ്ടുപിടിത്തങ്ങളുടെ സമൂഹമായി മാറാൻ കേരളം ഒരുങ്ങുകയാണെന്നും അത് പ്രഖ്യാപിക്കുന്നു.
ഭരണവർഗ ബുദ്ധിജീവികൾ പതിവായി സ്വീകരിക്കുന്ന ഒരു വിദ്യയുണ്ട്. കേരളത്തിലുള്ള വിവിധ വർഗ, ജാതി, സാമൂഹിക, ലിംഗ വിഭാഗങ്ങളുടെ ജീവിതാവസ്ഥകളുടെ താരതമ്യം ചെയ്യില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തെ മുൻനിർത്തിയായിരിക്കും എപ്പോഴുമുള്ള ആഖ്യാനം. കേരളത്തിനകത്ത് പെരുകുന്ന അസമാനതകളെ മറച്ചുവെക്കാനാണിത്. കേരളത്തെ അറിയണമെങ്കിൽ അതു പോരാ. നമുക്കിടയിലേക്ക്, നമ്മുടെ ചുറ്റുപാടുകളിലേക്ക് നോക്കണം. ചില പഴയ കണക്കുകൾ ഇവിടെ ഉദ്ധരിക്കാം. 1968ല്‍ 4.64 ഇരട്ടിയായിരുന്ന ധനികരും ദരിദ്രരും തമ്മിലുള്ള ആപേക്ഷിക അന്തരം 1992ല്‍ 5.98 ഇരട്ടിയായി വർധിച്ചിരുന്നു. 2009- 2010ല്‍ നാട്ടിന്‍പുറത്തും നഗരങ്ങളിലും ദരിദ്രരും ധനികരും തമ്മിലുള്ള അന്തരത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. 2005-2010 കാലത്ത് കേരളത്തിലെ ഗ്രാമങ്ങളിലെ ഉപഭോഗ അസമത്വം 22 ശതമാനവും പട്ടണങ്ങളില്‍ 25 ശതമാനവും വർധിച്ചു.
സമ്പന്നരായ 10 ശതമാനം 41.2 ശതമാനം വരുമാനത്തിനുടമകളാണ്. ഏറ്റവും ദരിദ്രരായ താഴേ തട്ടിലുള്ള 10 ശതമാനത്തിന് 2 ശതമാനംപോലും ഇല്ല. കാര്‍ഷിക പണിക്കാരും കര്‍ഷകരും അവിദഗ്ധ തൊഴിലാളികളും പരമ്പരാഗത വ്യവസായ തൊഴിലാളികളും ചേര്‍ന്നതായിരുന്നു പരമദരിദ്രരില്‍ 49 ശതമാനം. ഇവരോടൊപ്പം മത്സ്യത്തൊഴിലാളികളെയും കൂട്ടിയാല്‍ ഇത് 60 ശതമാനത്തോടടുക്കും. കുടിലില്‍ താമസിക്കുന്ന, കക്കൂസില്ലാത്ത, കുടിവെള്ളത്തിന് 300 മീറ്ററിലധികം പോകേണ്ട, വൈദ്യുതി ഇല്ലാത്ത ആദിവാസി കുടുംബങ്ങൾ 40.1 ശതമാനം, ദലിത് 26.9, മത്സ്യത്തൊഴിലാളി 26.1, സംസ്ഥാനമാകെ 19.2. ആളോഹരി കടഭാരത്തിൽ കേരളമാണ് മുൻപന്തിയിൽ.
ജാതീയ വിവേചനങ്ങൾ ഇല്ലാതാക്കി, ചുരുങ്ങിയപക്ഷം തീരെ കുറച്ചു എന്ന് അവകാശപ്പെടുന്ന കേരളത്തിൽ ആദിവാസി, ദലിത് വിഭാഗങ്ങളില്‍ 38 ശതമാനം ഔദ്യോഗിക ദാരിദ്ര്യരേഖക്ക് കീഴിലായിരുന്നപ്പോള്‍, സവർണരില്‍ അത് 14 ശതമാനം മാത്രമായിരുന്നു. പിന്നാക്ക ജാതികളില്‍ 20 ശതമാനവും. മതവിഭാഗങ്ങളില്‍ കൂടുതലും മുസ്ലിംകളായിരുന്നു ഈ ഗണത്തിൽ, ഏതാണ്ട് 29 ശതമാനം (നഗരചേരികളില്‍ അവരാണ് ഏറ്റവുമധികം.) ഹിന്ദുക്കളില്‍ 23 ശതമാനം, ക്രിസ്ത്യാനികളില്‍ 14 ശതമാനം. ദരിദ്രരില്‍ ഏതാണ്ട് മൂന്നിലൊന്നും പഴയ മലബാര്‍ (വടക്കന്‍) ജില്ലകളിലാണ്.
സ്ത്രീകളുടെ പ്രത്യേക കണക്ക് കണ്ടിട്ടില്ലെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് അവര്‍ക്കുള്ള വിഭവദാരിദ്ര്യം സൃഷ്ടമാണ്. ആസ്തിയില്‍ ഇന്നും മുഖ്യ ഇനമായ ഭൂമി മിക്കവാറും പുരുഷ ഉടമസ്ഥതയിലാണല്ലോ. സ്ത്രീകള്‍ നയിച്ച് നിലനിര്‍ത്തേണ്ട കുടുംബങ്ങള്‍ അഖിലേന്ത്യ ശരാശരിയേക്കാള്‍ കൂടുതലുണ്ട് കേരളത്തില്‍. ഇത്തരം കുടുംബങ്ങളില്‍ ഭൂരിപക്ഷവും താഴേ തട്ടിലാണെന്ന വസ്തുത ദാരിദ്ര്യ വിഷയത്തിലുള്ള സ്ത്രീ-പുരുഷ അന്തരത്തിന്റെ പരോക്ഷ സൂചനയായി പരിഗണിക്കാം. ചുരുക്കത്തില്‍, ദാരിദ്ര്യവും അസമത്വവും അവസരനിഷേധവും എല്ലാവര്ക്കും, എല്ലായിടത്തും, ഒരുപോലെയല്ല.
ചൂഷക, മർദക സാമൂഹിക ബന്ധങ്ങള്‍ ഇതിനെ അസമാനമാക്കുന്നു. തിരിച്ച്, ഇതെല്ലാം ചേര്‍ന്ന് ആ ബന്ധങ്ങള്‍ക്ക് ബലംനൽകുകയും ചെയ്യുന്നു. ഇതാണ് കേരളം. ഈ കേരളത്തെയാണ് ആളോഹരി വരുമാനത്തിൽ ഇടനില രാജ്യങ്ങളുടെ നിലയിലെത്തിക്കും എന്ന് പിണറായി സർക്കാർ അവകാശപ്പെടുന്നത്. ആരുടെ വരുമാനം, എങ്ങനെ വർധിക്കും എന്ന് സംശയിക്കുന്നവർക്ക് കരുവന്നൂർ തന്നെ ഉറപ്പ്!
‘കേരള മാതൃക’യുടെ പെരുമ്പറ മുഴക്കുന്ന സി.പി.എം ബുദ്ധിജീവികൾ ഭൂപരിഷ്കരണത്തെയാണ് അതിന് അടിത്തറയായി അവതരിപ്പിക്കുന്നത്. ‘കേരളീയ’വും അതാവർത്തിക്കുന്നു. ഭൂമിയുടെയും വരുമാനത്തിന്റെയും കൂടുതൽ സമത്വപൂർണമായ വിതരണം സാധ്യമായി, നാട്ടിൻപുറ ദരിദ്രരുടെ ജീവിതങ്ങളിൽ ഗണ്യമായ മാറ്റമുണ്ടായി എന്ന് അത് അവകാശപ്പെടുന്നു. മറ്റെല്ലാം മാറ്റിെവച്ചിട്ട് ഇതിന്റെ വാസ്തവം എന്താണെന്ന് നോക്കാം.
1949ൽ തിരു-കൊച്ചിയും 1956ൽ ഐക്യ കേരളവും രൂപംകൊള്ളുന്നതിനു മുമ്പുതന്നെ കേരളത്തിലെ ഭൂപരിഷ്കരണ നിയമനിർമാണം ആരംഭിച്ചിരുന്നു. 1959ലെ നിയമം വഴി പാട്ടാവകാശത്തില് സ്ഥിരത, ഒഴിപ്പിക്കല്‍ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന വ്യവസ്ഥകൾ, കുടികിടപ്പിന് സ്ഥിരാവകാശം മുതലായ പരിഷ്കരണങ്ങള്‍ക്ക് നിയമസാധുത ലഭിച്ചു. എന്നാൽ, ഇതിനു മുമ്പുതന്നെ പല ഭൂപ്രഭുക്കളും തങ്ങളുടെ ഭൂസ്വത്തിൽ അധികഭാഗവും ബിനാമികളുടെ പേരിലാക്കിക്കഴിഞ്ഞിരുന്നു. 1959ലെ ഭൂപരിഷ്കരണത്തിനു മുമ്പ് ഇവരുടെ ഭൂവിസ്തൃതിയിലുണ്ടായ കുറവ് അതിനുശേഷം ഉണ്ടായതിനേക്കാള്‍ ഏതാണ്ട് 4.5 ഇരട്ടിയാണ്!
അതായത് ഭൂകുത്തക സുരക്ഷിതമാക്കി നിലനിര്‍ത്തുന്നതില്‍ അവര്‍ ഏറക്കുറെ വിജയിച്ചു. തോട്ടം ഭൂമിയെ ഭൂപരിഷ്കരണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. മാത്രമല്ല, ഭൂമി തോട്ടമാക്കാൻ പോവുകയാണെന്ന് ഗസറ്റിൽ പ്രഖ്യാപനം നടത്തിയാൽ അതിനെ ഭൂപരിഷ്കരണത്തിൽനിന്ന് ഒഴിച്ചുനിർത്തുന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തി. ഭൂപ്രഭുക്കൾക്ക് ഭൂമിക്കുമേലുള്ള കുത്തക നിലനിർത്താനുള്ള സകല അവസരവും ഇങ്ങനെ ഒരുക്കിക്കൊടുത്തു.
1959ലെ കാര്‍ഷികബന്ധ നിയമം വരുമ്പോഴേക്കും കരഭൂമിയെ സംബന്ധിച്ചിടത്തോളം, തിരുവിതാംകൂറില്‍ മുക്കാല്‍ പങ്കില്‍ അധികവും, കൊച്ചിയില്‍ ഏതാണ്ട് പകുതിയും പരമ്പരാഗത പാട്ടക്കുടിയാന് വ്യവസ്ഥയില്‍നിന്ന് പുറത്തുവന്നു കഴിഞ്ഞിരുന്നു. നിലത്തിന്റെ കാര്യത്തില്‍, പാട്ടവ്യവസ്ഥക്കുതന്നെയായിരുന്നു എല്ലായിടത്തും മുന്‍തൂക്കം. എന്നാൽ, പരമ്പരാഗത പാട്ടവ്യവസ്ഥ ഏറക്കുറെ അപ്രത്യക്ഷമായ ഇടങ്ങളിൽ തന്നെ പുതിയ പാട്ടബന്ധങ്ങൾ ഉടലെടുത്തതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂവുടമസ്ഥതയുടെ ജാതീയഘടനയിലും മാറ്റങ്ങൾ ഉണ്ടായി. നായന്മാരും സുറിയാനി ക്രിസ്ത്യാനികളും പ്രബല ഭൂവുടമകളായി സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. ജാതിശ്രേണിയിലെ ഉന്നതസ്ഥാനവും ഭൂകുത്തകയും തമ്മിലുള്ള ബന്ധം, ദലിതരുടെ ഭൂരഹിതാവസ്ഥ^ജാതി-ജന്മിത്തത്തിന്റെ ഈ രണ്ടു സവിശേഷതകളും തുടര്‍ന്നും നിലനിന്നു.
ഒറ്റക്കെടുത്താല്‍ കാര്ഷികാധ്വാനശക്തിയിലെ ഏറ്റവും വലിയ വിഭാഗമായി ദലിതര്‍ തുടര്‍ന്നെങ്കിലും, ഈ കാലഘട്ടമായപ്പോഴേക്കും മറ്റു ജാതികളിലെ പാപ്പരായവരും ഒഴിപ്പിക്കപ്പെട്ടവരുമായ കുറെയധികം പേര് കൂടി കൃഷിപ്പണിക്കാരായി മാറി. ഭൂരഹിതരുടെ എണ്ണം പെരുകി. 1959ലെ നിയമവും, അത് റദ്ദായ ശേഷം വന്ന 1963ലെ നിയമവും, 1969ൽ ഈ നിയമത്തിൽ വരുത്തിയ ഭേദഗതിയും ഈ ഭൗതിക സാഹചര്യത്തെ അടിസ്ഥാനപരമായി സ്പർശിച്ചിട്ടില്ല.
കാര്‍ഷികബന്ധം എന്ന പദവി ജന്മി-കുടിയാന് ബന്ധത്തിന് മാത്രമായി അവ ഒഴിച്ചുനിര്‍ത്തി. അടിയാളത്തത്തിന്റെ കൊളോണിയല്‍ പരിഷ്കരണഫലമായിരുന്നു കുടികിടപ്പു വ്യവസ്ഥ. ഈ പരിഷ്കരണങ്ങൾ എല്ലാംതന്നെ അതിന് കാര്ഷികോല്പാദനത്തിലുണ്ടായിരുന്ന അനിഷേധ്യ പങ്ക് അവഗണിച്ചു. വെറുമൊരു ആവാസരീതിയായി കുടികിടപ്പിനെ ചുരുക്കിക്കാട്ടി. കുടികിടപ്പിന് സ്ഥിരാവകാശം നല്കിയ മുൻകാല പരിഷ്കരണങ്ങളുടെ തുടർച്ചയായി കുടികിടപ്പുകാർക്ക് നാട്ടിൻപുറത്ത് 10 സെന്റും നഗരങ്ങളിൽ 4 സെന്റും നൽകിയതല്ലാതെ 1969ലെ ഭേദഗതി മറ്റൊന്നും ചെയ്തില്ല.
പാഴ്ഭൂമി കൃഷിയോഗ്യമാക്കുന്നതിലും വയല്പണിയിലും തെങ്ങ് കൃഷിയിലും കാര്‍ഷികോപകരണങ്ങളുടെ നിർമിതിയിലുമൊക്കെ ഭൂരഹിത കര്ഷകരെന്നനിലക്ക് ഈ കുടികിടപ്പുകാര്‍ ചെലുത്തിയ അധ്വാനത്തിന് ന്യായമായും ലഭിക്കേണ്ടിയിരുന്നത് കാർഷികാധ്വാനത്തിന്റെ പദവിയായിരുന്നു. അതിനു പകരം കൂലിപ്പണിയുടെ സ്ഥാനമാണ് അനുവദിക്കപ്പെട്ടത്. അവരുടെ കാര്‍ഷികാധ്വാനം സ്വാഭാവികമായും ഉന്നയിച്ച കൃഷിഭൂമിക്കുമേലുള്ള അവകാശം പരിഗണനാവിഷയംപോലും ആക്കാതിരിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. തലമുറകളുടെ അധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്ത ഫലഭൂയിഷ്ഠ ഭൂമിക്കുമേലുള്ള അവകാശത്തിനു പകരം മിച്ചഭൂമിയെന്ന ഔദാര്യമാണ് ഇവര്‍ക്കു വിധിച്ചത്. ഇത് ഏറ്റെടുത്തപ്പോഴാകട്ടെ കണക്കുകൂട്ടിയതിൽനിന്നും വളരെ കുറവുമായിരുന്നു.
നിയമാനുസൃതമായി പാട്ടഭൂമി വീണ്ടെടുക്കുന്ന ഭൂവുടമ ആ ഭൂമിയിൽ കുടിയാൻ ചെയ്ത വികസനപ്രവർത്തനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഈ നിയമം നിർദേശിച്ചു. ഇങ്ങനെ കുടിയാന് താല്പര്യം സംരക്ഷിച്ചു. അതേസമയം, ഈ വികസനത്തില്‍ പങ്കുണ്ടായിരുന്ന കുടികിടപ്പുകാരായ കര്‍ഷകരുടെ അധ്വാനത്തെ പരിഗണിച്ചതുപോലുമില്ല. കുടിയാന്റെ കൈവശഭൂമിയിലെ കുടികിടപ്പവകാശം വാങ്ങുന്ന ഭൂരഹിത കര്‍ഷകര്‍ നല്കുന്ന വില ആ കുടികിടപ്പില്‍നിന്ന് ജന്മിക്കും ഇടജന്മിക്കും കുടിയാനും കിട്ടുമായിരുന്ന ലാഭവീതത്തിന്റെ അനുപാതത്തില്‍ പങ്കുവെക്കണമെന്ന് നിർദേശിക്കാന്‍ ഇതേ നിയമം പ്രത്യേകം ശ്രദ്ധിച്ചു!
10 സെന്റിന്റെ ഉടമസ്ഥാവകാശം ദലിത് ഭൂരഹിത കര്‍ഷകര്‍ക്കിടയില്‍ അന്ന് വലിയ ഉണർവ് സൃഷ്ടിച്ചു എന്നതില്‍ സംശയമില്ല. പക്ഷേ, കൃഷിഭൂമിയിന്മേലുള്ള അവകാശം നഷ്ടപ്പെടുന്ന കനത്ത വില നല്‍കിക്കൊണ്ടാണ് ഭാഗികമായ ഈ അവകാശം ലഭിച്ചത്. തലമുറകൾ പിന്നിടുംതോറും 10 സെന്റ് ഭൂമി ഭാഗംെവച്ച് നാലും അഞ്ചും വീടുകളുള്ള ചെറിയ കോളനികളായി മാറിയതോടെ അന്നത്തെ മധുരം അവര്‍ക്കുതന്നെ കയ്ക്കാന്‍ തുടങ്ങി. ലക്ഷംവീടു കോളനികളോടൊപ്പം അവയും ചേർന്ന് നാട്ടിൻപുറ ചേരികളുടെ എണ്ണം പെരുകി. പരിമിതമായ സ്ഥലവും സൗകര്യങ്ങളും മാത്രമുള്ള ഫ്ലാറ്റ് സമുച്ചയങ്ങളാക്കി ആ ചേരികളെ മാറ്റുന്നതാണ് സി.പി.എമ്മിന്റെ പുതിയ പരിഷ്കാരം.
‘10 സെന്റ്' ഭൂരഹിതാവസ്ഥ പുതിയ പാട്ടകൃഷിക്ക് ഉത്തേജനമായിത്തീർന്നു. ഭൂവുടമസ്ഥതയും കൃഷിയും തമ്മിലുള്ള ബന്ധത്തിൽ വന്ന മാറ്റം അതിന് സഹായകമായി. കേരളത്തിലെ ഭൂബന്ധങ്ങളുടെയും പാട്ടസമ്പ്രദായത്തിന്റെയും തൽസ്ഥിതി മനസ്സിലാക്കാൻ 1967ൽ ഒരു സർവേ നടത്തുകയുണ്ടായി. കുടിയാന് കുടുംബങ്ങളിൽ ഒരാളെങ്കിലും കൃഷിയിലേര്‍പ്പെട്ട കുടുംബങ്ങള്‍ നാലില്‍ ഒന്നു മാത്രമാണെന്ന് അത് രേഖപ്പെടുത്തി. ഉടമ ‘കൃഷിക്കാര്‍’ക്കിടയില് മൂന്നില്‍ ഒന്ന് കുടുംബങ്ങൾ മാത്രമാണ് കൃഷിയെ ആശ്രയിച്ചിരുന്നത്. ഇതില്‍തന്നെ മൂന്നില്‍ രണ്ട് കുടുംബങ്ങളിൽ മാത്രമാണ് ആരെങ്കിലുമൊരാള്‍ കൃഷിയിലേര്പ്പെട്ടിരുന്നത്. ചുരുക്കത്തില്‍, കുടിയാന് കുടുംബങ്ങളിലും ഉടമകൃഷിക്കാരുടെ കുടുംബങ്ങളിലും, മുഖ്യമായും കൃഷിയെ ആശ്രയിക്കുന്നവയും ഒരാളെങ്കിലും കൃഷിയില്‍ ഏര്‍പ്പെടുന്നവയും വളരെയധികം കുറഞ്ഞിരുന്നു.
കൃഷിയില്‍നിന്ന് അകലുന്ന ഭൂനിയന്ത്രണത്തിന്റെ ഗൂരുതരമായ പ്രശ്നമാണ് സർവേ ഇങ്ങനെ എടുത്തുകാട്ടിയത്. 1970ലെ ഭൂപരിഷ്കരണ നടപടി ഇത് പരിഗണിച്ചതേയില്ല. കുടിയാന്ബന്ധം മാത്രം പരിഗണിച്ച ആ നിയമം, കൃഷിയിലേര്പ്പെടാത്തവരിലേക്ക് ഭൂവുടമസ്ഥത കൈമാറുന്നതിന് നിയമസാധുത്വം നല്കി. കൃഷിയില്നിന്നകലുന്ന ഭൂവുടമസ്ഥരുടെ ഒരു പുതിയ വിഭാഗത്തെ സൃഷ്ടിച്ച് പ്രശ്നം ഒന്നുകൂടി തീവ്രമാക്കുകയും ചെയ്തു.
ഉല്പാദനക്ഷമമായ ആസ്തിയിലെ പ്രധാനഘടകമായ ഭൂമിക്ക് ഉപജീവനത്തില്‍ അപ്രധാന സ്ഥാനം വന്നതോടെ ഭൂമിയുടെ ഉൽപാദനമൂല്യം പടിപടിയായി അപ്രസക്തമായി. ആസ്തി എന്ന നിലക്കുള്ള മൂല്യം മുൻപന്തിയിലേക്ക് വന്നു. അതോടെ, ഊഹക്കച്ചവടത്തിന് അനുകൂല സാഹചര്യവുമായി. ചുരുക്കത്തില്‍, നാടുവാഴിത്ത വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞതായി സി.പി.എം നേതൃത്വം വിശേഷിപ്പിക്കുന്ന ഭൂപരിഷ്കരണം തന്നെയാണ് പിന്നീടുള്ള ഭൂമിയിലെ ഊഹക്കച്ചവടത്തിനും പുതിയ പാട്ടകൃഷിക്കും ശക്തമായ അടിത്തറയിട്ടത്.
ഭൂപരിഷ്കരണം കാർഷികമേഖലയെ ഉത്തേജിപ്പിച്ചു, ഉൽപാദനം വർധിച്ചു എെന്നാക്കെ ‘കേരളീയം’ അവകാശപ്പെട്ടിട്ടുണ്ട്. കേരളത്തെ കുറിച്ച് ഒരു അറിവുമില്ലാത്ത ഏതോ കൂലി എഴുത്തുകാരന്റെ സൃഷ്ടിയായിരിക്കണം ഇത്. കാർഷികോൽപാദനം തുടർച്ചയായി കുറഞ്ഞതാണ് യാഥാർഥ്യം. ജന്മിക്ക് കരാർപാട്ടം നല്‍കേണ്ട ഭാരം ഒഴിഞ്ഞുകിട്ടിയപ്പോള്, കൃഷിചെയ്യാന്‍ ധാരാളം ഭൂമി സ്വന്തമായി കിട്ടിയവര്‍ ഒന്നുകൂടി ഉത്സാഹത്തോടെ അതില്‍ ഏര്പ്പെടുകയല്ലേ ചെയ്യുക? പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ഭൂപരിഷ്കരണത്തിനു ശേഷം ഇവരില്‍ ഒരു വലിയ ഭാഗം കൃഷിയില്‍നിന്ന് അകന്നു. അതാണ് എന്നും ചർച്ചാവിഷയമായിരുന്നത്.
ഭൂപരിഷ്കരണം രൂപംനൽകിയ ഉൽപാദനബന്ധങ്ങളെ ഒഴിച്ചുനിർത്തിയാണ് ഈ ചർച്ച മിക്കവാറും നടക്കുന്നത്. കരഭൂമിയിൽ അധികവും ഇതിനോടകം പാട്ടവ്യവസ്ഥകളിൽനിന്ന് സ്വതന്ത്രമായിരുന്ന കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. ഭൂപരിഷ്കരണം വഴി സംഭവിച്ച ഭൂവുടമസ്ഥതയിലെ കൈമാറ്റം മുഖ്യമായും വയൽഭൂമിയിലാണ് നടന്നത്. അതുകൊണ്ട് ആ പരിഷ്കരണം ഒരുവശത്ത് തോട്ടം സമ്പദ്ഘടനയെ ഉത്തേജിപ്പിച്ചു. കൃഷി ആവശ്യമില്ലാത്ത ഭൂവുടമസ്ഥക്ക് നിയമസാധുത്വം നൽകുക വഴി നെൽകൃഷിയെ പൊതുവിൽ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഹരിതവിപ്ലവത്തിന്റെ ഫലമായി കുറഞ്ഞ വിലയ്ക്ക് ആന്ധ്രയിൽനിന്നും മറ്റും നെല്ല് വരാൻ തുടങ്ങിയതോടെ ഇവിടത്തെ നെൽവില കുറഞ്ഞതും ഇതിന് പ്രേരകമായി.
വ്യത്യസ്ത കാർഷികവിളകളുടെ വിസ്തൃതിയും ഉൽപാദനവും നോക്കിയാൽ ഇത് സ്പഷ്ടമായും കാണാനാകും. റബർ, കാപ്പി, തേയില മുതലായ വിളകളിൽ വമ്പിച്ച വർധനയും ഭക്ഷ്യോൽപാദനത്തിൽ, പ്രത്യേകിച്ചും നെൽകൃഷിയിൽ, തുടർച്ചയായ ഇടിവുമാണ് ഉണ്ടായത്. അതായത് കാർഷികോൽപാദനം മൊത്തത്തിൽ കുറയുകയായിരുന്നില്ല. കൊളോണിയൽ കാലത്ത് രൂപംകൊണ്ട തോട്ടം സമ്പദ്ഘടനയുടെ പരിഷ്കാരവും സുദൃഢീകരണവുമാണ് ഭൂപരിഷ്കരണത്തിലൂടെ നടന്നത്. കേരളത്തിന്റെ ആശ്രിതത്വം തുടർന്നു.
ഇന്ത്യൻ ഭരണഘടനക്ക് അനുസൃതമായി, കേന്ദ്ര സർക്കാറിന് കീഴ്പ്പെട്ട് നിൽക്കുന്ന ഒരു സംസ്ഥാന സർക്കാറിന്റെ പരിമിതികളെ ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മുകാർ സ്വയം ന്യായീകരിക്കുന്നത്. അതൊരു നുണയാണ്. സർക്കാറല്ല അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ 1956ലെ സംസ്ഥാന സമ്മേളനമാണ് ഇതിന് അടിത്തറയിട്ടത്. സ്വാശ്രിത, സമഗ്ര വികസനത്തിന് അവശ്യമായ ഭക്ഷ്യ സ്വയംപര്യാപ്തത അവഗണിച്ച് ‘ലാഭകരമായ’ തോട്ടംകൃഷി പ്രോത്സാഹിപ്പിക്കാനാണ് ഈ സമ്മേളനം അംഗീകരിച്ച ‘വികസന പരിപാടി’ നിർദേശിച്ചത്. 1951ൽ തെലങ്കാന സായുധസമരം പിൻവലിച്ച് സമൂഹത്തിന്റെ വിപ്ലവകരമായ പുനര്‍നിർമാണം കൈയൊഴിഞ്ഞവര്‍ എത്തിച്ചേര്‍ന്ന ഈ ദല്ലാള്‍ വികസനസങ്കൽപം പിന്നീടൊരിക്കലും അവര്‍ ഉപേക്ഷിച്ചിട്ടില്ല.
മുഖ്യ തൊഴിൽമേഖലയായ ഭക്ഷ്യവിള കൃഷിയുടെ ശോഷണവും വ്യവസായരംഗത്തിന്റെ പരിമിത വളര്‍ച്ചയും ചേര്‍ന്ന് തീക്ഷ്ണമാക്കിയ തൊഴിലില്ലായ്മ മനുഷ്യവിഭവ കയറ്റുമതിക്ക് ഉത്തേജനമായി. കേരളം അതിന്റെ ഒരു പ്രധാന കേന്ദ്രമായി മാറി. തൊഴിലന്വേഷിച്ചുള്ള മലയാളികളുടെ യാത്ര കൊളോണിയല്‍ കാലം മുതല്‍ തുടങ്ങിയതാണെങ്കിലും ഇന്നത്തെ പ്രവാസം എണ്ണപെരുപ്പത്തില് മാത്രമല്ല വ്യത്യസ്തമാകുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യത്വത്തിന്റെ മറ്റു കേന്ദ്രങ്ങളിലേക്കും ഇന്ത്യയിലെ നഗരങ്ങളിലേക്കും മുമ്പ് മലയാളികള്‍ പണിയെടുക്കാന്‍ പോയിരുന്നത് കൂടുതലും അഭ്യസ്തവിദ്യരായ മധ്യവര്ഗത്തില്നിന്നായിരുന്നു. ഗുമസ്തരും അധ്യാപകരുമായി.
1970കളോടെ ഇത് മാറി. അടിസ്ഥാന തൊഴിൽശക്തിയായും നഴ്സിങ് പോലുള്ള സേവന തൊഴിലാളികളായും അധ്വാനിക്കാന്പോകുന്നവരുടെ ഒഴുക്കായി മുഖ്യം. ഇതുമൂലമുണ്ടായ തൊഴില്ശക്തിക്കുറവ് നികത്താന്‍ ആദ്യം തമിഴ്നാട്ടില്‍നിന്നും, പിന്നെ കിഴക്കന്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും പണിക്കാർ എത്തി. ആഗോള ചൂഷകശൃംഖലയിലെ പുതിയ കണ്ണികള്‍ രൂപംകൊണ്ടു. ഇങ്ങനെ കൊളോണിയല്‍ കാലം മുതല്‍ ആരംഭിച്ച, നേരിട്ടോ മറഞ്ഞോ ഉള്ള, സാമ്രാജ്യത്വ വിധേയത്വബന്ധങ്ങളുടെ തുടര്‍ച്ചയുണ്ട് ഇന്നത്തെ കേരളത്തിന്.
ഭൂമിയുടെ യഥാർഥ ഉടമകളാകേണ്ടവരെ അതിൽനിന്ന് ഒഴിച്ചുനിർത്തിയ ഭൂപരിഷ്കരണംപോലെയാണ് പിണറായി സർക്കാർ ഇപ്പോൾ നടപ്പാക്കുന്ന പുനർഗേഹം പദ്ധതി. തീരദേശത്തെ മത്സ്യത്തൊഴിലാളികളെയാണ് ഇത് ലക്ഷ്യംവെക്കുന്നത്. കടലാക്രമണത്തിൽനിന്ന് രക്ഷപ്പെടുത്താനെന്ന പേരിൽ അവരെ തീരത്തുനിന്ന് ഒഴിപ്പിക്കുന്നു. നിലവിലുള്ള സ്ഥലം സർക്കാറിന് വിട്ടുകൊടുക്കണം. പുതുതായി സ്ഥലം വാങ്ങി വീടുവെക്കാൻ 10 ലക്ഷം രൂപ നൽകും. ഈ പദ്ധതിയിൽ പങ്കാളിയാകാൻ വിസമ്മതിക്കുന്നവർക്ക് കടൽക്ഷോഭം മൂലം ഭാവിയിൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾക്ക് സർക്കാറിൽനിന്ന് ഒരു സഹായവും ലഭിക്കില്ല എന്ന ഭീഷണിയുമുണ്ട്. ഫലത്തിൽ മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന ഒരു താമസമാറ്റമാകും ഇത്. 10 ലക്ഷത്തിലെ 4 ലക്ഷം പുതിയ വീടു വെക്കാൻ തികയില്ല. 6 ലക്ഷത്തിന് 3 സെന്റ് കിട്ടാനും പോകുന്നില്ല. ബന്ധുസഹായമോ സമ്പാദ്യമോ ഇല്ലാത്തവർ കടം വാങ്ങുകയേ നിവൃത്തിയുള്ളൂ.
തൊഴിലിടമായ കടലിൽനിന്ന് അകന്ന് താമസിക്കേണ്ടിവരുന്നതു മൂലമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും. ചിതറിപ്പോകുന്നതുകൊണ്ട് അവരുടെ കൂട്ടായ്മയും ശിഥിലമാകും. ഭൂമി വാങ്ങാൻ 6 ലക്ഷം നൽകുന്നത് എന്തോ സൗജന്യമാണെന്ന മട്ടിലാണ് സി.പി.എമ്മുകാരുടെ പ്രചാരണം. അവരുടെ കൈയിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിക്കും വീടിനും നഷ്ടപരിഹാരം നൽകാത്ത സ്ഥിതിക്ക് അതിന്റെ വിലയായേ അത് കണക്കാക്കാനാവൂ. സെന്റിന് ഏറ്റവും ചുരുങ്ങിയത് 2 ലക്ഷമെങ്കിലും വിലയുള്ള തീരദേശത്ത് ഇത് യഥാർഥത്തിൽ കിട്ടേണ്ട വിലയുടെ ചെറിയൊരംശം മാത്രമേ വരൂ.
കടലാക്രമണങ്ങളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി തീരദേശ രക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നതിനു പകരമാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. ഉദാഹരണത്തിന്, ചെല്ലാനത്തെ കടലാക്രമണത്തിന്റെ യഥാർഥ കാരണം വല്ലാർപാടം കണ്ടെയ് നർ ടെർമിനലിനു വേണ്ടി കൊച്ചി അഴിമുഖത്ത് തുടർച്ചയായി നടത്തുന്ന ഡ്രഡ്ജിങ് ആണെന്ന് അവിടെയുള്ള മത്സ്യത്തൊഴിലാളികളും ചെല്ലാനം-കൊച്ചി ജനകീയ വേദിപോലുള്ള ബഹുജന കൂട്ടായ്മകളും പലയാവർത്തി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡ്രഡ്ജ് ചെയ്ത് എടുക്കുന്ന മണൽ ചെല്ലാനം തീരത്ത് നിക്ഷേപിച്ചാൽ ആ തീരത്തിന്റെ ആഴം കുറച്ച് കടലാക്രമണം തടയാനാകും. എന്നാൽ, അതിന് അധികാരികൾ ഒരുക്കമല്ല.
അത് ദൂരെ കടലിൽ തള്ളുകയോ വിൽക്കുകയോ ആണ് ചെയ്യുന്നത്. തീരദേശവാസികളുടെ സംരക്ഷണത്തിനല്ല, അവരെ കുടിയൊഴിപ്പിക്കാനാണ് പുനർഗേഹം പദ്ധതി. തീരദേശം മുഴുവൻ ടൂറിസം വ്യാപിപ്പിക്കാനും, ബഹുരാഷ്ട-ഇന്ത്യൻ കുത്തകകൾക്ക് വമ്പിച്ച വെയർഹൗസ് സൗകര്യങ്ങൾ ഒരുക്കാനുമാണ് അത് നടപ്പാക്കുന്നത്. ഇതെല്ലാം മുൻകൂട്ടി കണ്ട ഭൂമാഫിയ കൂട്ടങ്ങൾ ഇപ്പോൾതന്നെ വലിയതോതിൽ സ്ഥലം വാങ്ങിക്കൂട്ടിത്തുടങ്ങി. തീരദേശവാസികളെ സുരക്ഷിതരാക്കാനോ മത്സ്യബന്ധന മേഖലയെ നവീകരിച്ച് സ്വാശ്രിതത്വം നേടിയെടുക്കാനോ അല്ല, ആശ്രിതത്വത്തിന്റെ ബന്ധനം മുറുക്കാനാണ് പുനർഗേഹം.
ആശ്രിതത്വത്തിന്റെ ഈ പാത പിൻപറ്റുന്നതിൽ സി.പി.എം നയിക്കുന്ന എൽ.ഡി.എഫും കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫും ഉറ്റ സഹയാത്രികരാണ്. വിദേശ മൂലധനം ക്ഷണിച്ചുവരുത്താന്‍ ആന്റണി സർക്കാർ 2000ൽ ‘ജിം’ (ആഗോള മുതൽമുടക്ക് മേള) സംഘടിപ്പിച്ചു. ആന്റണിയുടെ ‘ജിമ്മി’ന് തുടര്‍ച്ചയായി വി.എസ് മന്ത്രിസഭ 2009ല്‍ ‘വിം’ (ലോക നിക്ഷേപക മേള) സംഘടിപ്പിച്ചു. “വികസനം രാഷ്ട്രീയത്തിന് അതീതമായിരിക്കണം” എന്ന നിർദേശത്തിലൂടെ ആധുനിക കേരളത്തിലെ ഭരണാധികാരികളുടെ സാമ്രാജ്യത്വവിധേയത്വത്തിന് ഇ.എം.എസ് പൊതുവായൊരു സൈദ്ധാന്തിക ന്യായം ചമക്കുകയുംചെയ്തു.
വിധേയത്വത്തിന്റെ പുനര്‍സംഘാടനത്തിന് നീതീകരണം നൽകാന് യു.ഡി.എഫിനെക്കാള്‍ പാടുപെടുന്നത് സി.പി.എം ആണ്. എ.കെ.ജി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരള പഠന കോണ്‍ഗ്രസുകളുടെ മുഖ്യവിഷയം അതാണ്. ഇപ്പോൾ നടക്കാൻ പോകുന്ന സെമിനാറുകളുടെയും അജണ്ട അതായിരിക്കും. ‘കേരള വികസന രേഖ’ എന്ന തലക്കെട്ടില്‍ എ.കെ.ജി പഠനകേന്ദ്രം 2012ൽ ‘മാര്‍ക്സിസ്റ്റ് സംവാദ’ത്തിന്റെ സ്പെഷല്‍ പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കാര്‍ഷികരംഗം ഉള്‍പ്പെടെയുള്ള പ്രാഥമിക മേഖല ശോഷിച്ച് വ്യവസായ, സർവിസസ് മേഖലകള്‍ വളരുന്നതാണ് വികസനം എന്ന മുതലാളിത്ത ധാരണ സി.പി.എം സൈദ്ധാന്തികര്‍ അതിൽ അതേപടി ഏറ്റെടുക്കുന്നു.
‘‘സർവിസ് മേഖലയിലെ ഇപ്പോഴത്തെ വളര്‍ച്ച വിദേശത്തുനിന്നുള്ള വരുമാനത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ വരുമാനത്തിലുള്ള ഇടിവു...’’ പ്രശ്നങ്ങളുണ്ടാക്കുമെന്നതാണ് അവര്‍ക്ക് ആകെയുള്ള ആശങ്ക. ഇതിന്റെ വെളിച്ചത്തില്‍, സുസ്ഥിര സർവിസ് മേഖലയുടെ സൃഷ്ടി വേണമെന്ന് സി.പി.എം നിർദേശിക്കുന്നു. ഇതു കേട്ടിട്ട് അവര്‍ സ്വയാശ്രയ വികസനത്തിലേക്കാണ് നീങ്ങുന്നതെന്ന് ആരെങ്കിലും ധരിച്ചെങ്കിൽ തെറ്റി. മനുഷ്യവിഭവ കയറ്റുമതിയിലൂടെയുള്ള വിദേശവരുമാനത്തിനു പകരം വിദേശ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുംവിധം ഇവിടെതന്നെ സർവിസ്, വ്യവസായ മേഖലകൾ ഒരുക്കുന്നതാണ് ‘സുസ്ഥിരത’ കൈവരിക്കാനുള്ള സി.പി.എം പരിഹാരം.
വിദ്യാസമ്പന്നരായ തൊഴില്‍സേനയും താരതമ്യേന കുറഞ്ഞ ശമ്പളത്തിന് തുടക്കക്കാരായ പ്രഫഷനലുകളും ഇവിടെ ലഭ്യമായതുകൊണ്ട് അതിന്റെ അഭിപ്രായത്തിൽ ഇതിൽ ‘‘കേരളത്തിന്റെ സാധ്യതകള്‍ വലുതാണ്’’. എന്നുെവച്ചാൽ ചൂഷണം ചെയ്യാനും മിച്ചം സമാഹരിക്കാനും കൂടുതൽ സാധ്യത കേരളത്തിലുണ്ടെന്ന ഉറപ്പാണ് വിദേശ മുതലാളിമാർക്ക് അതിന് നൽകാനുള്ളത്. അവിടെയായാലും ഇവിടെയായാലും വൈദേശിക ആവശ്യമായിരിക്കും ഈ മേഖലയെ ചലിപ്പിക്കുന്ന മുഖ്യഘടകം എന്ന ലളിതസത്യം മനസ്സിലാക്കാനാവാത്തത്ര മണ്ടന്മാരാണോ ഇവർ? അല്ല. അതൊക്കെ മനസ്സിലാകും. അത് മനസ്സിലാക്കിയാലും മാറ്റാനാവാത്ത ഒന്നാണ് അവരെ നയിക്കുന്ന വിധേയത്വബോധം.
സാമ്രാജ്യത്വ സമ്പദ്ഘടനയിൽനിന്ന് വേർപെട്ട ഒരു നിലനിൽപ് അവരുടെ ചിന്താലോകത്ത് അസാധ്യമാണ്. അങ്ങനെയൊന്ന് വിഭാവനം ചെയ്യാനാവശ്യമായ വിപ്ലവനിലപാട് അവർ ദശകങ്ങൾക്കു മുമ്പുതന്നെ കൈയൊഴിഞ്ഞുകഴിഞ്ഞു.
സ്വന്തം കാലില്‍നിന്ന് രാജ്യത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന സംരംഭങ്ങൾ വികസിപ്പിക്കാൻ നമ്മുടെ യുവതലമുറക്ക് വേണ്ടുവോളം ശേഷിയുണ്ട്. പലതരം പ്രതിബന്ധങ്ങളെ മറികടന്ന് വിവിധ മേഖലകളിൽ വികസിച്ചുവന്നവ ഇതിന്റെ തെളിവാണ്. അവ വിപണിയിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുമുണ്ട്. എന്നാൽ, അധികകാലം അങ്ങനെ നിലനിൽക്കാൻ കഴിയുന്നില്ല. സാമ്രാജ്യത്വ കുത്തകകളുടെയും ഇന്ത്യൻ ദല്ലാൾ കുത്തകകളുടെയും അതിഭീമമായ മൂലധനശേഷി അവരെ നിഷ്പ്രഭമാക്കുന്നു. കേരളത്തിൽ പേരെടുത്ത പല സംരംഭങ്ങളും ഈ ഭീമന്മാരുടെ കൈപ്പിടിയിലായി.
ഇതാണ് നമ്മൾ നേരിടുന്ന യാഥാർഥ്യം. ഇതാണ് തിരിച്ചറിയേണ്ടത്. താഴെയറ്റത്ത് വിഭവ, അവസര ദാരിദ്ര്യം. നടുനിവർത്താനാകാതെ കുമ്പിട്ടുനിൽക്കേണ്ടി വരുന്ന മധ്യഭാഗം. മേലെയറ്റത്ത് നാടിനെയും നാട്ടാരെയും വിദേശ, ഇന്ത്യൻ യജമാനന്മാർക്ക് വിൽക്കുന്ന മാമാപണിയിലൂടെ കൊഴുക്കുന്നവർ. ഇതാണ് കേരളം. ഇതാണ് തിരിച്ചറിയേണ്ടത്. ഇതിനെയാണ് മറികടക്കേണ്ടത്. വിധേയത്വത്തിന്റെ പുത്തൻ ചേരുവകൾ നിരത്തുന്ന കെട്ടുകാഴ്ചകളല്ല, ഈ വെല്ലുവിളിയെ നേരിടുന്ന ഗൗരവമുള്ള അന്വേഷണങ്ങളാണ് നമുക്ക് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.