മലബാർ കലാപവും ഈഴവരും തമ്മിൽ എന്ത്​​?

1921ലെ മലബാർ സമരത്തെ കേന്ദ്രമാക്കി മുസ്​ലിംകളും ഇൗഴവരും തമ്മിലുള്ള ബന്ധത്തെ പല കോണുകളിൽനിന്ന്​ വിശകലനംചെയ്യുകയാണ്​ ഇൗ പഠനം. മലബാർ കലാപത്തോട് ഈഴവ, തിയ്യ സമുദായം സ്വീകരിച്ച വ്യത്യസ്​ത നിലപാടുകൾ എന്താണ്​, ഇൗഴവ സമുദായ ചരിത്രത്തിലെ വിവിധ ധാരകൾ ഏതൊക്കെയാണ്​, ഇൗഴവ സമുദായത്തി​ന്റെ പിൽക്കാല രാഷ്ട്രീയം നിർണയിക്കുന്നതിൽ മലബാർ കലാപവും മതംമാറ്റത്തെ കുറിച്ചുള്ള ആഖ്യാനങ്ങളും വഹിച്ച പങ്ക് എത്രയാണ്​ തുടങ്ങിയ വിഷയങ്ങളാണ്​ ഇൗ പഠനത്തിൽ മുഖ്യമായി പരിശോധിക്കുന്നത്​. കേരളചരിത്രത്തിൽ ഒരു മഹാസംഭവമെന്ന നിലയിലും പിൽക്കാലത്തെ അസംഖ്യം ആഖ്യാനങ്ങൾകൊണ്ടും നിർണായകമായിരുന്നു മലബാർ കലാപം (Malabar Rebellion). അത്...

1921ലെ മലബാർ സമരത്തെ കേന്ദ്രമാക്കി മുസ്​ലിംകളും ഇൗഴവരും തമ്മിലുള്ള ബന്ധത്തെ പല കോണുകളിൽനിന്ന്​ വിശകലനംചെയ്യുകയാണ്​ ഇൗ പഠനം. മലബാർ കലാപത്തോട് ഈഴവ, തിയ്യ സമുദായം സ്വീകരിച്ച വ്യത്യസ്​ത നിലപാടുകൾ എന്താണ്​, ഇൗഴവ സമുദായ ചരിത്രത്തിലെ വിവിധ ധാരകൾ ഏതൊക്കെയാണ്​, ഇൗഴവ സമുദായത്തി​ന്റെ പിൽക്കാല രാഷ്ട്രീയം നിർണയിക്കുന്നതിൽ മലബാർ കലാപവും മതംമാറ്റത്തെ കുറിച്ചുള്ള ആഖ്യാനങ്ങളും വഹിച്ച പങ്ക് എത്രയാണ്​ തുടങ്ങിയ വിഷയങ്ങളാണ്​ ഇൗ പഠനത്തിൽ മുഖ്യമായി പരിശോധിക്കുന്നത്​. 

കേരളചരിത്രത്തിൽ ഒരു മഹാസംഭവമെന്ന നിലയിലും പിൽക്കാലത്തെ അസംഖ്യം ആഖ്യാനങ്ങൾകൊണ്ടും നിർണായകമായിരുന്നു മലബാർ കലാപം (Malabar Rebellion). അത് മുസ്​ലിം സമൂഹത്തെ മാത്രമല്ല, അവർക്കൊപ്പം ജീവിക്കുകയും മരിക്കുകയും ചെയ്ത ഇതര ജനവിഭാഗങ്ങളെയും സ്വാധീനിച്ചു. സ്വാഭാവികമായും പല നിലയിൽ വൈവിധ്യപൂർണമായ ഒരു ചരിത്രജീവിതം സ്വന്തമായുള്ള ഈഴവ, തിയ്യ സമുദായങ്ങളെയും അത് സ്വാധീനിക്കുകയുണ്ടായി.

മലബാർ കലാപവും ഈഴവരും (തിയ്യരും) തമ്മിലുള്ള ബന്ധത്തിൽ ആദ്യം ശ്രദ്ധയാകർഷിക്കുന്നത് കുമാരനാശാ​ന്റെ ‘ദുരവസ്ഥ’യിലെ ചില പ്രയോഗങ്ങളാണ്. ദുരവസ്ഥക്ക് അനുകൂലവും പ്രതികൂലവുമായ ആഖ്യാനങ്ങൾ​കൊണ്ട് മലബാർ കലാപത്തെ കുറിച്ചുള്ള ഈഴവ ഇടപെടലുകളെ ഒതുക്കുകയാണ് സാധാരണ ചെയ്യുന്നത്. സമ്പന്നമായ ചരിത്രമുള്ള രണ്ട് സമൂഹങ്ങളെ പരസ്​പരം എതിർനിർത്തി അതി​ന്റെ വൈവിധ്യങ്ങളെ മറച്ചു​വെക്കുന്നുവെന്നതാണ് ഇതി​ന്റെ പ്രധാന പ്രശ്നം. കാരണം, അത്തരം ഒതുക്കിവെക്കലുകൾ ചരിത്രത്തിലെ ചില പ്രതിസന്ധികളെ അദൃശ്യമായി സൂക്ഷിക്കാൻ ചരിത്രകാരന്മാരെ പ്രാപ്തരാക്കും.

അതുവഴി തങ്ങളുടെ ലളിതവത്കൃത യുക്തിയിലേക്ക് ഒരു ജനതയുടെ ചരിത്രത്തെ വെട്ടിച്ചുരുക്കാനും അവർക്ക് കഴിയും. കീഴാള ചരിത്രത്തെ ലളിതമായും വൈവിധ്യരഹിതമായും നോക്കിക്കാണുകയാണല്ലോ സവർണ ചരിത്രരചനാധാരയുടെ മുഖ്യസവിശേഷത. അത് അധികാരത്തി​ന്റെയും യുക്തിയാണ്. കീഴാള സമൂഹമെന്ന നിലയിൽ ഈഴവരും തിയ്യരും എങ്ങനെയാണ് മലബാർ കലാപത്തെ നോക്കിക്കണ്ടതെന്നാണ് ഈ കുറിപ്പ് പ്രാഥമികമായും പരിശോധിക്കുന്നത്.

ഈഴവരെയും തിയ്യരെയും പര്യായപദമെന്ന നിലയിൽ പരിഗണിക്കുന്നതിൽ യഥാർഥത്തിൽ ചില പ്രശ്നമുണ്ടെങ്കിലും ഈ ലേഖനത്തി​ന്റെ പൊതുസമീപനം തുടർന്നങ്ങോട്ട് അങ്ങനെത്തന്നെയാണ്. ഈഴവരുടെയും തിയ്യരുടെയും ചോവാന്മാരുടെയും സാമുദായികജീവിതം പിൽക്കാലത്ത് ഏറക്കുറെ ഏക വഴിയിലൂടെയാണ് ഒഴുകിയിരുന്നതെന്നതാണ് അതിനുള്ള ന്യായം. വ്യത്യസ്​തങ്ങളായ ജാതികളെ ഒരു ജാതിയെന്ന മട്ടിൽ തിരിച്ചറിയുന്നതും ജാതിസ്വത്വ നിർമിതിയുടെ ഭാഗമാണെന്നതാണ് മറ്റൊരു ന്യായം. അക്കാലത്തെ ഈഴവ, തിയ്യ നേതാക്കളും ഈ വാക്കുകൾ പരസ്​പരം മാറിയുപയോഗിച്ചിരുന്നു.

ഈ പഠനത്തിനു നാല്​ ഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്ത് മലബാർ കലാപത്തോട് ഈഴവ, തിയ്യ സമുദായത്തിലെ വ്യത്യസ്​ത നിലപാടുകൾ പരിശോധിക്കുന്നതിനു മുന്നോടിയായി, സമുദായചരിത്രത്തിലെ വിവിധ ധാരകൾ വേർതിരിച്ചു വിശദീകരിക്കുന്നു. രണ്ടാം ഭാഗത്ത് ഈഴവ-തിയ്യ സമുദായത്തി​ന്റെ മാപ്പിള കലാപത്തോടുള്ള പ്രതികരണങ്ങളാണ്. മൂന്നാം ഭാഗം ഈ സമുദായത്തി​ന്റെ പിൽക്കാല രാഷ്ട്രീയം നിർണയിക്കുന്നതിൽ മലബാർ കലാപവും മതംമാറ്റത്തെ കുറിച്ചുള്ള ആഖ്യാനങ്ങളും വഹിച്ച പങ്ക് വിശകലനംചെയ്യുന്നു. നാലാം ഭാഗം ഉപസംഹാരമാണ്.

ഭാഗം ഒന്ന്

ഈഴവ പ്രസ്​ഥാനങ്ങൾ: മലബാർ, കൊച്ചി, തിരുവിതാംകൂർ

നാം പൊതുവെ കരുതുന്നതുപോലെ ഈഴവ, തിയ്യ പ്രസ്​ഥാനങ്ങൾക്ക് കേരളത്തിലെമ്പാടും ഏകമാനമായ ഒരൊറ്റ ജീവചരിത്രമല്ല, ഉള്ളത്. ചരിത്രസാഹചര്യങ്ങളിലുള്ള വ്യത്യസ്​തതകൾ അവയുടെ രാഷ്ട്രീയചരിത്രത്തിലും വ്യത്യാസം വരുത്തി. 1888ൽ ഈഴവചരിത്രത്തിലെ ഏറ്റവും സുപ്രധാന സംഭവമായ അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോൾ മലബാറിലെ സമാന ജാതിയിൽപെട്ട അയ്യത്താൻ ഗോപാലൻ വൈദ്യപരീക്ഷ പാസായി ജോലിയിൽ പ്രവേശിച്ചിരുന്നു.

അയ്യത്താൻ ഗോപാലനു മുമ്പ് ചൂര്യയി കണാരൻ ഡെപ്യൂട്ടി കലക്ടറായി. ഒണ്ടെൻ അമ്പു ശിരസ്​തദാറായി. മലബാറിലെ പത്ത് താലൂക്കുകളിൽ തിയ്യരായിരുന്നു ശിരസ്​തദാർമാർ. അയ്യത്താൻ ഗോപാല​ന്റെ അതേ കാലത്തുതന്നെ വൈദ്യപരീക്ഷ പാസായ ഡോ. പൽപ്പുവിന് പഠനം മാത്രമല്ല, അതിനുശേഷമുള്ള തൊഴിലന്വേഷണവും കീറാമുട്ടിയായി. ആ യാത്രയാണ് ഡോ. പൽപ്പുവിലെ പോരാളിയെ സൃഷ്ടിച്ചത്.

ഈഴവരും ചോവാന്മാരും അടക്കമുള്ള, പിൽക്കാലത്ത് ഈഴവ പൊതുജാതിയുടെ ഭാഗമായ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം കൊച്ചി, തിരുവിതാംകൂർ രാജാക്കന്മാരുമായുള്ള ബന്ധം എന്നും സംഘർഷഭരിതമായിരുന്നു. അതിജീവനത്തിനുവേണ്ടി അവർക്ക് സവർണ അധികാരികളുമായി നിരന്തര പോരാട്ടങ്ങളിലേർപ്പെടേണ്ടിവന്നു. ഗുരുവി​ന്റെയും ഡോ. പൽപ്പുവി​ന്റെയും കുമാരനാശാ​ന്റെയും രാഷ്ട്രീയവും പ്രത്യയശാസ്​ത്രവും വികസിച്ചുവന്ന സാഹചര്യം അതാണ്. അവർ എസ്​.എൻ.ഡി.പി പോലുള്ള പ്രസ്​ഥാനങ്ങളിലൂടെ സമുദായത്തി​ന്റെ മതപരവും സാമൂഹികവുമായ ആവശ്യങ്ങൾ മുന്നോട്ടു​െവച്ചു.

മലബാറിലാകട്ടെ 19ാം നൂറ്റാണ്ടി​ന്റെ അവസാനം മുതൽ ആരംഭിച്ച ദേശീയപ്രസ്​ഥാനത്തിൽ തമിഴ് ബ്രാഹ്മണർക്കായിരുന്നു പ്രാമുഖ്യം. നായന്മാരും ദേശീയപ്രസ്​ഥാനത്തിൽ സജീവമായി. തിയ്യരും മാറിനിന്നില്ല. 1887ൽ മദിരാശിയിൽ ചേർന്ന ആദ്യ കോൺഗ്രസ്​ സമ്മേളനത്തിൽ മലബാറിൽനിന്നു പങ്കെടുത്തവരിൽ ഒരാൾ തിയ്യനായിരുന്നെങ്കിൽ 1903ൽ അത് രണ്ടായി ഉയർന്നു. ദേശീയപ്രസ്​ഥാനത്തിൽ പങ്കെടുത്ത എല്ലാവരുംതന്നെ കേരളത്തിനു പുറത്ത് ജോലിചെയ്തിരുന്ന കേരളീയരായിരുന്നു, തിയ്യരും വ്യത്യസ്​തരായിരുന്നില്ല. മലബാറിലെ കോൺഗ്രസ്​ അക്കാലത്ത് മറുനാടൻ മലയാളിയുടെ ദേശീയതാബോധത്തി​ന്റെ ഭാഗമായിരുന്നു.

തലശ്ശേരി-കോഴിക്കോട് പോലുള്ള ബ്രിട്ടീഷ് മലബാർ പ്രദേശത്ത് കോൺഗ്രസിന് വ്യവസ്​ഥാപിതമായ സംഘടനയുണ്ടാവും മുമ്പ് ബ്രഹ്മസമാജത്തിന് ശാഖയുണ്ടായി. 1898ൽ കോഴിക്കോട്ടെ ബ്രഹ്മസമാജ ശാഖക്ക് തുടക്കമിട്ടത് തിയ്യനും കോഴിക്കോട്ടുകാരനുമായ ഡോ.അയ്യത്താൻ ഗോപാലനാണ്. മദ്രാസിൽ ബ്രഹ്മസമാജ സമ്പ്രദായത്തിൽ നടന്ന ആദ്യ വിവാഹം അദ്ദേഹത്തിന്റേതാണ്. 1894 ഡിസംബറിലായിരുന്നു അത്. രണ്ടാമത്തെ വിവാഹവും ഒരു തിയ്യ യുവതിയുടേതായിരുന്നു, അയ്യത്താൻ ഗോപാലന്റെ സഹോദരിയും ഡോക്ടറുമായ ജാനകിയമ്മയുടേതായിരുന്നു, അത്. അത്രമാത്രം ആ തിയ്യ കുടുംബം ബ്രഹ്മസമാജവുമായി ചേർന്നുനിന്നു.

ടി.കെ. മാധവൻ,നാരായണ ഗുരു, വാഗ്ഭടാനന്ദൻ

അയ്യത്താൻ ഗോപാലൻ മാത്രമല്ല, മലബാറിൽ പ്രവർത്തനമാരംഭിച്ച ബ്രഹ്മസമാജത്തിൽ പല നിലകളിലുള്ള മറ്റു തിയ്യരും ഭാഗമായി. മലബാറിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യവും മദിരാശിയുമായുള്ള നിരന്തര സമ്പർക്കവും അവരെ അതിനു സഹായിച്ചു. മറ്റു പ്രദേശങ്ങളിൽ ജാതീയമായ വേർതിരിവുകളും വിവേചനങ്ങളും ശക്തമായിരുന്നപ്പോൾ ബ്രിട്ടീഷ് കോയ്മയുടെ കീഴിൽ മലബാറിൽ കീഴ്ജാതിയിലെ ഉപരിവിഭാഗത്തിന് വികാസം സാധ്യമായിരുന്നു. ഈ സാഹചര്യത്തിൽ ബ്രഹ്മസമാജംപോലുള്ള പരിഷ്കൃത ഹൈന്ദവ തത്ത്വശാസ്​ത്രത്തിൽ കീഴാളരായ തിയ്യർ ഉത്സാഹത്തോടെ പങ്കാളികളായി.

കൊളോണിയൽ ഭരണകൂടത്തിലെ തിയ്യ ഉദ്യോഗസ്​ഥർ മാത്രമല്ല, തിയ്യ നാട്ടുപ്രമാണിമാരും ബ്രഹ്മസമാജത്തിൽ ചേർന്നു പ്രവർത്തിച്ചു. അക്കാലത്തെ തിയ്യ പ്രമാണിയും ദ്രവ്യസ്​ഥനുമായിരുന്ന കല്ലിങ്ങൽ രാരിച്ചൻമൂപ്പൻ ബ്രഹ്മസമാജത്തിൽ ചേർന്നു. ഹിന്ദുമതം ശുദ്ധിചെയ്തതാണ് ബ്രഹ്മസമാജമെന്നായിരുന്നു അദ്ദേഹത്തെപ്പോലുള്ളവരുടെ ന്യായം. അതിൽ അന്ധവിശ്വാസങ്ങൾക്കും അസമത്വങ്ങൾക്കും സ്​ഥാനമില്ലെന്നും അവർ കരുതി.

ആദ്യകാലത്ത് നാരായണഗുരു കോഴിക്കോട്ട് ക്ഷേത്രം സ്​ഥാപിക്കാൻ എത്തിയ സമയത്ത് രാരിച്ചൻ മൂപ്പൻ ക്ഷേത്രവിരോധിയായിരുന്നു. എങ്കിലും ഗുരുവി​ന്റെ േപ്രരണയിൽ മനസ്സ് മാറി. ക്ഷേത്രത്തിനാവശ്യമായ സ്​ഥലം ദാനം നൽകിയത് രാരിച്ചൻ മൂപ്പനാണ്. തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര സ്​ഥാപന സമയത്തും തിയ്യർ രണ്ട് ചേരിയിലായിരുന്നു. ബ്രഹ്മസമാജക്കാർ ക്ഷേത്രം വേണ്ടെന്ന നിലപാടിലും മറിച്ചുള്ളവർ ക്ഷേത്രവാദികളും. തർക്കം തീർക്കാൻ 1906ൽ ഗുരു തലശ്ശേരിയിൽ നേരിട്ടുപോയി. പ്രമുഖർ വിവിധ ചേരിയിലായി അണിനിരന്നു. കണ്ണൻ വക്കീലും കൊറ്റ്യത്ത് രാമുണ്ണി വക്കീലും ബ്രഹ്മസമാജത്തെ അനുകൂലിച്ചു. എന്തായാലും ഗുരു ബ്രഹ്മസമാജക്കാരെ ഒതുക്കി, ക്ഷേത്രനിർമാണം ആരംഭിച്ചു.

തിയ്യ നേതാവും എഴുത്തുകാരനുമായ മൂർക്കോത്ത് കുമാരൻ ബ്രഹ്മവിദ്യാ സംഘത്തിൽ അംഗമായിരുന്നെന്നു മാത്രമല്ല, മിസ്​ ഡബ്ല്യൂ.ബി. ക്രിസ്​റ്റി എഴുതിയ തിയോസൊഫ് ഫോർ ബിഗിനേഴ്സ്​ എന്ന ഗ്രന്ഥം ബ്രഹ്മവിദ്യാ പ്രാരംഭപാഠം എന്ന പേരിൽ തർജമ ചെയ്യുകപോലും ചെയ്തിട്ടുണ്ട്. ബ്രഹ്മവിദ്യാ സംഘക്കാരുടെ പാഠപുസ്​തകമായിരുന്നു അത്. 1913-18 കാലത്ത് ‘സനാതനധർമ’ത്തിൽ ഇത് ഖണ്ഡശ്ശഃ പ്രസിദ്ധപ്പെടുത്തി. പിൽക്കാലത്താണ് അദ്ദേഹവും ഗുരുവുമായി കൂടുതൽ അടുക്കുന്നത്.

1916 മുതലാണ് മലബാറിൽ ചിട്ടയായ ദേശീയപ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാല ദേശീയവാദികൾ ആനിബസന്റിന്റെ സ്വാധീനത്തിലായിരുന്നു. അവർ ഒരേസമയം ഹോംറൂൾ നേതാക്കളും കോൺഗ്രസുകാരുമായിരുന്നു. കെ.പി. കേശവമേനോൻ ഹോം റൂളി​ന്റെയും കോൺഗ്രസിന്റെയും മലബാർ ജില്ല കമ്മിറ്റി അംഗമായിരുന്നു. 1916ലെയും ’17ലെയും സമ്മേളനത്തിൽ ആനിബസന്റ് പങ്കെടുത്തു. ദേശീയവാദികളിൽ വലിയൊരു വിഭാഗം അക്കാലത്ത് തിയോസഫിക്കൽ സൊസൈറ്റിയുടെ (ബ്രഹ്മവിദ്യാ സംഘം) വക്താക്കളായിരുന്നു. ഇക്കാലത്തെ പല തിയ്യ പ്രമാണികളും ബ്രഹ്മവിദ്യാ സംഘത്തിൽ അംഗങ്ങളായി ചേർന്നു. ​േകാഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തി​ന്റെ പ്രതിഷ്ഠാ സമയത്ത് ആനിബസന്റിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ചില പുസ്​തകങ്ങളിൽ കാണുന്നു.

ഈഴവ, തിയ്യ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിക്കുകയും മലബാർ കലാപവുമായി ബന്ധപ്പെടുകയുംചെയ്ത സി. കൃഷ്ണൻ ബ്രഹ്മസമാജത്തിൽനിന്നാണ് പ്രവർത്തനം ആരംഭിച്ചത്. ദൈവത്തിൽ പൂർണവിശ്വാസം വേണമെന്ന നിർബന്ധം ബ്രഹ്മസമാജവുമായുള്ള അദ്ദേഹത്തി​ന്റെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. അയ്യത്താൻ ഗോപാല​ന്റെ ഒഴിവിൽ കുറച്ചുകാലം സെക്രട്ടറിയായും പ്രവർത്തിച്ചു. പൊതുവെ കോൺഗ്രസ്​ വിരുദ്ധനായി കരുതപ്പെട്ടിരുന്ന കൃഷ്ണൻ 1917 ഡിസംബറിലെ കൽക്കത്ത കോൺഗ്രസിൽ പങ്കെടുത്തു.

 

കുമാരനാശാൻ,മൂർക്കോത്ത് കുമാരൻ,സി. കൃഷ്ണൻ,ഡോ. പൽപ്പു

തിയ്യ ജാതിയിൽ പിറന്ന വാഗ്ഭടനാനന്ദനാണ് ഇവരിൽനിന്നൊക്കെ വ്യത്യസ്​തനായ മറ്റൊരാൾ. ബ്രഹ്മസമാജക്കാരനായാണ് വാഗ്ഭടാനന്ദ​ന്റെയും തുടക്കം. വിഗ്രഹാരാധനയുടെ കടുത്ത എതിരാളിയായിരുന്നു, അദ്ദേഹം. ആത്മവിദ്യാസംഘം എന്ന കൂട്ടായ്മ രൂപവത്കരിച്ച വാഗ്ഭടാനന്ദൻ എല്ലായ്പോഴും ഹിന്ദുവിനെയാണ് അഭിസംബോധന ചെയ്തത്. ‘‘ഹിന്ദു സഹോദരങ്ങളെ ഐക്യപ്പെടുത്തുക, കേരളത്തെ ഉദ്ധരിക്കുക, മഹാപുരുഷത്വത്തെ ആർജിച്ചുകൊള്ളുക’’ എന്നദ്ദേഹം ആഹ്വാനംചെയ്തു. ‘‘ശ്വാവു കൂടി സഹിക്കാത്ത ആട്ടും തുപ്പും സഹിച്ച് എത്ര ലക്ഷം ഹിന്ദുക്കളാണ് ഇന്നും നമ്മുടെ നാട്ടിൽ ജീവച്ഛവങ്ങളായി ജീവിച്ചുപോരുന്നത്?’’ എന്നതായിരുന്നു അദ്ദേഹം ഉയർത്തിയ ചോദ്യം. ഋഷീശ്വരന്മാരുടെ മഹാസന്ദേശത്തെ അനുസരിച്ചുള്ളതാണ് ത​ന്റെ ആദർശമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

അന്യന്മാരുടെ ഉന്തും തള്ളുംകൊണ്ട് ജീവനാഡി തളരുകയും പരമ്പരാർജിതങ്ങളായ തങ്ങളുടെ സ്​ഥാനങ്ങൾ ശൂന്യങ്ങളാവാൻ പോകുന്നതു കണ്ട് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായിത്തീരുകയും ചെയ്തിരിക്കുന്നുവെന്ന് വാഗ്ഭടാനന്ദൻ സങ്കടപ്പെടുന്നു. ഹിന്ദുമതമാണ് ജാതിയെ നിലനിർത്തുന്നതെന്ന് അദ്ദേഹം അംഗീകരിക്കുന്നില്ല. മറിച്ച് മതപ്രതിപത്തിയില്ലായ്മയാണ് കാരണമെന്ന് കരുതി. ജാതിവാദികളെ ഭാരത​േദ്രാഹികളായാണ് വാഗ്ഭടാനന്ദൻ വിശേഷിപ്പിച്ചത്. ജാതിയെ ഹിന്ദുസമുദായ നിർമിതിയുടെ തടസ്സമായി അദ്ദേഹം കണ്ടു. സി. കൃഷ്ണനും വാഗ്ഭടാനന്ദനും അയ്യത്താൻ ഗോപാലനും വാഗ്ഭടാനന്ദനുമൊക്കെ മലബാർ കലാപവുമായി നേരിട്ടും അല്ലാതെയും സംവദിച്ച നേതാക്കളാണ്.

അടുത്തതായി ഈഴവ-തിയ്യ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച കുമാരനാശാനെയും ടി.കെ. മാധവനെയും കുറിച്ചു ഇനി അന്വേഷിക്കാം. രണ്ടുപേരും വ്യത്യസ്​ത രീതിയിൽ മലബാർ കലാപവുമായി ബന്ധപ്പെട്ടവരുമാണ്. ഗുരുവുമായി മാനസികമായ അടുപ്പമുണ്ടായിരുന്ന ആശാൻ ത​ന്റെ ഊർജം കണ്ടെത്തിയത് ബംഗാളിൽനിന്നാണ്. ഇതേകുറിച്ച് സി.ഒ. കേശവ​ന്റെ ആശാൻ ജീവചരിത്രത്തിന് എഴുതിയ അവതാരികയിൽ എൻ. ഗോപാലപിള്ള നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ‘‘വംഗദേശത്തെ വാസം ആ ഉദ്ബുദ്ധതക്കു നവോന്മേഷം നൽകി.

ഒരു നവപ്രബുദ്ധതയുടെ അരുണോദയത്തെ വിളംബരംചെയ്യുന്ന കളകണ്ഠകൂജിതങ്ങൾകൊണ്ട് മുഖരിതമായിരുന്നു അന്നു ബംഗാളദേശം. സാഹിത്യത്തിലും കലയിലും ശാസ്​ത്രത്തിലും തത്ത്വചിന്തയിലും ഭാരതീയ സംസ്​കാരത്തി​ന്റെ പ്രാചീനമായ മഹിമയുടെ അഭിനവമായ ആവിഷ്കരണംകൊണ്ട് ഒരു നൂതന പ്രഭാപ്രസരം അന്നു വംഗദേശത്തു പരന്നിരുന്നു. ആ കാന്തിനദിയിൽ മുഴുകി ആശാ​ന്റെ അന്തരമാത്മാവു നീന്തിയെന്നതു നിസ്​തർക്കമാണ്.’’

ടി.കെ. മാധവനാകട്ടെ സനാതന ഹിന്ദുമതത്തിൽ ആവോളം വിശ്വസിച്ചിരുന്ന ദേശീയതാവാദിയായിരുന്നു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിലൂടെയാണ് അദ്ദേഹം ദേശീയതാവാദത്തിലേക്ക് കടന്നുവന്നതുതന്നെ. സാമുദായിക സംഘടനയുടെ സംഘാടകൻ എന്ന നിലയിൽ എസ്​.എൻ.ഡി.പിയെ ജനകീയമാക്കിയ മാധവൻ ദേശീയപ്രസ്​ഥാനത്തിനും ഹിന്ദുമതസംഘടനക്കും എസ്​.എൻ.ഡി.പിക്കുമിടയിൽ പാലമായി വർത്തിച്ചു. ഈഴവ സമുദായത്തി​ന്റെ പരിണാമദശയിൽ വ്യത്യസ്​തമായ നിലകളിൽ ഇടംകണ്ടെത്തിയ വിവിധ ധാരകളെ പ്രതിനിധാനംചെയ്തവരായിരുന്നു ഈ നേതാക്കൾ.

മലബാറിലെ തിയ്യർക്ക് ബ്രഹ്മസമാജത്തോടും ബ്രഹ്മവിദ്യാസംഘത്തോടും ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും തിരുവിതാംകൂറിലെ ഈഴവസമൂഹം അതിനെ സംശയത്തോടെയാണ് വീക്ഷിച്ചത്. എം. ഗോവിന്ദൻ ബി.എ, ബി.എൽ പത്രാധിപരായി ആരംഭിച്ച ‘വിവേകോദയ’ത്തിന്റെ രണ്ടാം ലക്കത്തിൽതന്നെ (1904 മിഥുനം) ബ്രഹ്മവിദ്യാസംഘത്തി​ന്റെ നിലപാടുകളെ ആക്രമിച്ചുകൊണ്ട് എഡിറ്റോറിയൽ കുറിപ്പെഴുതി: ‘‘ഈ പേരിൽ (തിയോസഫി) ഒരു വലിയ സമാജം ഭൂഗോളത്തി​ന്റെ പല ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്. ഇന്നാളൊരിക്കൽ തിരുവനന്തപുരത്തും മറ്റും വന്നു ചില പ്രസംഗങ്ങൾ ചെയ്ത മതാമ്മ ഇതി​ന്റെ ഒരു നായികയാണ്.

 

ആനിബസന്റ്

ഈയിടെ ആലപ്പുഴെ ഈ സമാജത്തി​ന്റെ വിശ്വാസങ്ങളെ പുതുതായി കൈക്കൊണ്ട ചിലർ ചേർന്നു, ആഢ്യബ്രാഹ്മണത്വം ചമയുകയും കൃതയുഗധർമങ്ങളെ ഉടനെ കെട്ടിവലിച്ചു തിര്യെ കൊണ്ടുവന്നുകളയാമെന്നോ മറ്റോ വിചാരിച്ച് സാഹസപ്പെടുകയും റോഡിൽകൂടി നടക്കുന്ന സാധുക്കളായ സഹോദരങ്ങളെ സമസൃഷ്ടിസ്​നേഹം കൂടാതെ ആട്ടിയോടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവരുന്നതായി ഞങ്ങൾ അറിയുന്നു. ഇത് വാസ്​തവമാണെങ്കിൽ ഇതിനെപ്പറ്റി ഞങ്ങൾക്ക് പലതും പറവാനുണ്ട്. മിസ്സസ്​ ബെസ​ന്റിന്റെ ‘ഗൂഢവിജ്ഞാന’ത്തി​ന്റെയും അസാധാരണ പാണ്ഡിത്യത്തി​ന്റെയും ഫലം ഇതാണെങ്കിൽ ശോചനീയം തന്നെ.’’

ഈ ഭാഗം നമുക്ക് ഇങ്ങനെ ഉപസംഹരിക്കാം: ജാതീയമായ അസ്വാരസ്യങ്ങൾ ഏറെ അനുഭവപ്പെട്ടിട്ടില്ലാത്ത മലബാറിലെ തിയ്യരുടെ രാഷ്ട്രീയചരിത്രത്തിൽ ബ്രഹ്മസമാജംപോലുള്ള പ്രസ്​ഥാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അയ്യത്താൻ ​േഗാപാലനായാലും വാഗ്ഭടാനന്ദനായാലും ഒരുകാലത്ത് സി. കൃഷ്ണനായാലും ഒക്കെ തങ്ങളുടെ സാമൂഹികചിന്തയിൽ ഹിന്ദുമത തത്ത്വചിന്ത ബ്രഹ്മസമാജത്തിലൂടെയും ബ്രഹ്മവിദ്യാസംഘത്തിലൂടെയും ഒടുവിൽ ആത്മവിദ്യാസംഘത്തിലൂടെയും വികസിപ്പിച്ചവരാണ്.

അവരിൽ പലരും ദേശീയവാദത്തി​ന്റെ വക്താക്കളുമായിരുന്നു. സി. കൃഷ്ണനായിരുന്നു ഇവരിൽ വ്യത്യസ്​തൻ. ദേശീയതാവാദത്തോട് വിപ്രതിപത്തിയുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. എങ്കിലും ഒരു ഘട്ടത്തിൽ കോൺഗ്രസ്​ സമ്മേളനങ്ങളിലും ബ്രഹ്മസമാജത്തിലും ഭാഗമായി അദ്ദേഹം. എസ്​.എൻ.ഡി.പിയുടെ മലബാർ പ്രവേശം വൈകിയത് ഈ രാഷ്ട്രീയ പരിതഃസ്​ഥിതിയിലായിരുന്നു.

തിരുവിതാംകൂർ-കൊച്ചി പ്രദേശങ്ങളിലാവട്ടെ എസ്.എൻ.ഡി.പിക്കായിരുന്നു പ്രാമുഖ്യം. മലബാറിലെപ്പോലെ ബ്രഹ്മസമാജത്തിനും സമാനമായ സംഘങ്ങൾക്കും ഇവിടെ പ്രചാരം കുറവായിരുന്നു. ബംഗാളിൽനിന്ന് രാഷ്ട്രീയ ഊർജം കൈമാറിക്കിട്ടിയ ആശാൻ ചില ഘട്ടങ്ങളിൽ ഹിന്ദു സാംസ്​കാരിക ദേശീയതയുടെ ഭാഗമായെങ്കിലും രാഷ്ട്രീയ ദേശീയതയോട് നീരസം പ്രകടിപ്പിച്ചു. അക്കാലത്തെ ഈഴവ നേതാക്കളിൽ പലരും രാഷ്ട്രീയ ദേശീയതയോട് അകലം സൂക്ഷിച്ചിരുന്നു.

അതിൽനിന്ന് വ്യത്യസ്​തമായ നിലപാട് സ്വീകരിച്ചത് ടി.കെ. മാധവനാണ്. ക്ഷേത്രപ്രവേശന വാദമാണ് ടി.കെയെ കോൺഗ്രസിനോടടുപ്പിക്കുന്നത്. സമുദായപ്രവർത്തനം ഏറെക്കഴിയും മുമ്പുതന്നെ അദ്ദേഹം കോൺഗ്രസിൽ ചേർന്ന് ദേശീയവാദിയാവുകയും സനാതന ഹിന്ദുവായി സ്വയം പ്രഖ്യാപിക്കുകയും ഹിന്ദുമഹാസഭയുമായി സഹകരിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ഈഴവരിൽനിന്ന് ടി.കെക്ക് നിരവധി അനുയായികളുണ്ടായിരുന്നു.

ഭാഗം രണ്ട്

ഈഴവരുടെ സ്വത്വ രൂപവത്കരണവും മാപ്പിളമാരും

1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട ആഖ്യാനങ്ങൾ തുടങ്ങുന്നതിനു എത്രയോ വർഷം മുമ്പു തന്നെ ഈഴവർക്കിടയിൽ ‘മാപ്പിള കലാപ’ങ്ങളും ടിപ്പുവും ഒരു സജീവ സാന്നിധ്യമായി നിലനിന്നിരുന്നു. അതിന് കുമാരനാശാ​ന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന വിവേകോദയം തന്നെയാണ് തെളിവ്. തിയ്യരുൾപ്പെട്ട ഒരു മതംമാറ്റക്കേസുമായി ബന്ധപ്പെട്ട അസ്വസ്​ഥതകൾക്കുശേഷം കലക്ടറായ ഇന്നിസിനെതിരെയുണ്ടായ വധശ്രമം റിപ്പോർട്ട് ചെയ്ത വിവേകോദയത്തി​ന്റെ ഭാഷ ശ്രദ്ധേയമായിരുന്നു. ‘‘ഈയിടെ മലബാറിലെ മാപ്പിളമാരിൽ (മുഹമ്മദീയർ) ചിലർ മതഭ്രാന്തു നിമിത്തം തോക്കുകളും മറ്റും ശേഖരിച്ച് ഒരു ലഹളക്കൊരുങ്ങുകയും കലക്ടർ ഇന്നിസ്​ സായ്പവർകളെ വെടിവെക്കുകയും ചെയ്കയുണ്ടായി.

ഭാഗ്യവശാൽ കലക്ടർക്ക് വെടികൊണ്ടില്ലെന്നു തന്നെയല്ല ലഹളക്കാരെയെല്ലാം ഇപ്പോൾ പിടിച്ചടക്കുകയും ചെയ്തിരിക്കുന്നു. അവരെ പിടിക്കുവാൻ പോലിസ്​ ചെയ്ത ശ്രമത്തിൽ രണ്ട് പോലിസുകാർക്ക് മുറിവേൽക്കുകയും ലഹളക്കാരിൽ നാല് പേർ മരിക്കുകയും ചെയ്തിരിക്കുന്നു.’’ വിവേകോദയം 1090 കുംഭം (1915). 1921ലെ കലാപം നടക്കുന്നതിനും ഏകദേശം ആറ് കൊല്ലം മുമ്പാണ് ഇന്നിസിന് വെടിയേറ്റില്ലെന്ന ആശ്വാസം തുറന്നുപറഞ്ഞുകൊണ്ട് ഈ റിപ്പോർട്ട് ‘വിവേകോദയം’ പ്രസിദ്ധീകരിക്കുന്നത്.

രാരിച്ചൻ മൂപ്പൻ, അയ്യത്താൻ ഗോപാലൻ, ടിപ്പു സുൽത്താൻ

 കാരിക്കുട്ടി

അടുത്ത വർഷം 1091 മീനത്തിൽ (1916) വിവേകോദയത്തിൽ ‘കാരിക്കുട്ടി’ എന്ന പേരിൽ ഒരു ദീർഘകഥ പ്രസിദ്ധീകരിച്ചു. രചയിതാവ് എൻ. കൃഷ്ണൻ. അറിഞ്ഞിടത്തോളം അദ്ദേഹം എസ്.എൻ.ഡി.പി ആക്ടിങ് ജനറൽ സെക്രട്ടറിയായിരുന്നു.

‘മൈസൂരിലെ വ്യാഘ്രം മലയാളത്തിൽ കടന്നു മദിക്കുന്ന’ കാലമാണ് കഥയുടെ പശ്ചാത്തലം. ‘‘കണ്ണിൽ കണ്ട ക്ഷേത്രങ്ങളെല്ലാം ഇടിച്ചു തകർത്ത് കയ്യിൽ കിട്ടിയവരെയെല്ലാം മുഹമ്മദീയരാക്കുകയോ കൊല്ലുകയോ ചെയ്തുമാണ് ആ താരകാസുര​ന്റെ പുറപ്പാടുണ്ടായത്.’’ ടിപ്പു സുൽത്താൻ വന്നതോടെ മുഹമ്മദീയർ ചെറിയവനും വലിയവനും ഒരുപോലെ ഹിന്ദുക്കളെ ഉപദ്രവിക്കാൻ തുടങ്ങി. കുടുമയോ കഴുത്തോ എന്നായിരുന്നുവ​േത്ര ഭടന്മാരുടെ ചോദ്യം. ‘‘ഹിന്ദുക്കളിലെ ഭീരുക്കൾ കുടുമയെന്ന് പറഞ്ഞ് മതം മാറി മുഹമ്മദീയരാകും.’’ അല്ലാത്തവർ ഓടിപ്പോവുകയും കൊല്ലപ്പെടുകയോ ചെയ്യും. പാലക്കാട് തമ്പടിക്കുന്ന ടിപ്പുവിനെ നേരിടാൻ പോയ രാമനുണ്ണി വലിയ നായരുടെയും സൈന്യത്തി​ന്റെയും വർത്തമാനമില്ലാതായതോടെ വിഷമിച്ചിരിക്കുന്ന കൃഷ്ണനുണ്ണി നായരെ അവതരിപ്പിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്.

ടിപ്പുവി​ന്റെ പട ചെയ്തുകൂട്ടിയ നിരവധി കൊലപാതക കഥകളുടെ ആഖ്യാനമാണ് തുടർന്നങ്ങോട്ട്. അതിനിടയിൽ കൃഷ്ണനുണ്ണിനായരുടെ സഹോദരൻ യുദ്ധക്കളത്തിൽവെച്ചു മരിച്ചു. മാത്രമല്ല, ഇവരുടെ വീടിനടുത്തുവരെ ടിപ്പുവി​ന്റെ പട എത്തുകയും ചെയ്തു. പടയോട്ടം നടത്തുന്ന ടിപ്പുവി​ന്റെ സൈന്യത്തെ അവതരിപ്പിക്കുന്ന ഭാഗമാണ് അടുത്തത്. കൊലയും കൊള്ളയും നടത്തിയാണ് അവരുടെ ജൈത്രയാത്ര. ടിപ്പുവി​ന്റെ പടയോട്ടക്കാലത്ത് ഓടിപ്പോരേണ്ടിവന്ന ഒരു യുവാവാണ് കഥയിലെ നായകൻ, പേര് കാരിക്കുട്ടി. കിട്ടിയിടത്തോളം ഭാഗങ്ങളിൽ മുഹമ്മദീയ കഥാപാത്രങ്ങളിൽ നേതാവിന് മാത്രമേ പേരുള്ളൂ, കുഞ്ഞിമരക്കാർ.

പിന്നെയൊക്കെ ‘മുഹമ്മദീയ’രാണ്. അവരുടെ ഒരു ചെറുസംഘം ഒരു പെൺകുട്ടിയെ പിടികൂടി നേതാവി​ന്റെ കൈയിലെത്തിക്കുന്നു. കാരിക്കുട്ടി മുഹമ്മദീയരിൽനിന്ന് കുഞ്ഞിക്കാവിനെ രക്ഷിക്കുന്നു. ലഭ്യമായ കഥാഭാഗങ്ങളിൽനിന്ന് മനസ്സിലാവുന്നത് കാരിക്കുട്ടി നായരാണെന്നാണ്. നായരും ഈഴവരും ഒരു പൊതു സമുദായത്തിൽനിന്ന് പിരിഞ്ഞുണ്ടായവരാണെന്ന ചരിത്രം സൃഷ്ടിക്കുന്ന കാലമായിരുന്നു അതെന്ന് ഓർക്കാം.

പുനരാഖ്യാനങ്ങൾ

മലബാർ കലാപത്തിനു മുമ്പും ശേഷവും ഈഴവമാധ്യമങ്ങളിലും എഴുത്തുകാരിലും മാപ്പിളപ്പേടിയും മാപ്പിളവിരുദ്ധതയും ഏറിയും കുറഞ്ഞും നിലവിൽ വന്നിരുന്നു. ഇക്കാലത്ത് ‘കേരളകൗമുദി’ നിരവധി വടക്കൻ പാട്ടുകൾ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചു. തീർച്ചയായും ഈഴവ പാരമ്പര്യത്തെ വീണ്ടെടുക്കുകയായിരുന്നു ഇതിൽ പലതി​ന്റെയും പ്രാഥമിക ദൗത്യമെങ്കിലും അങ്ങനെയല്ലാത്ത കൃതികളും അക്കാലത്ത് പുറത്തുവന്നു.

നാദാപുരത്തങ്ങാടിയിൽനിന്ന് ജോനകരെ അടിച്ചോടിച്ച ഈഴവയായ ഉണ്ണിയാർച്ചയുടെ കഥ തന്നെ പല എഴുത്തുകാരും 1920 കാലത്ത് പുനരാഖ്യാനംചെയ്തു. സി.വിയുടെ മകനായിരുന്ന കെ. ദാമോദരൻ ബി.എയാണ് വടക്കൻ പാട്ട് കഥകൾ പുനരാഖ്യാനം ചെയ്ത പ്രധാനികളിലൊരാൾ. കണ്ണപ്പച്ചേകവരുടെയും ആരോമൽച്ചേകവരുടെയും ഉണ്ണിയാർച്ചയുടെയുമൊക്കെ കഥകളാണ് കെ. ദാമോദരൻ പ്രസിദ്ധപ്പെടുത്തിയത്.

ഈഴവരുടെ സുവർണകാലത്തെ കുറിച്ചുള്ള ചില സങ്കൽപങ്ങളാണ് പ്രധാനമായും ഈ കൃതികൾ ഉയർത്തിപ്പിടിച്ചിരുന്നത്. ഉണ്ണിയാർച്ച ജോനകർക്കു മുകളിൽ നേടിയ വിജയം ഇതി​ന്റെ ഹൈലൈറ്റായിരുന്നു. ഈ കൃതി പിന്നീട് ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷം സി. കേശവൻ പ്രസാധകനായി ‘ഈഴവരുടെ ഇതിഹാസ’മെന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ചു. ഈ പുസ്​തകത്തിൽ ഈ കഥകളോടൊപ്പം ഈഴവരുടെ ഉൽപത്തിയെക്കുറിച്ചുള്ള ചരിത്രലേഖനവും പ്രസിദ്ധപ്പെടുത്തി.

മറ്റു വടക്കൻപാട്ട് പുനരാഖ്യാനങ്ങൾ കുറച്ചുകൂടി വ്യത്യസ്​തമായിരുന്നു. അവയിൽ ചിലത് ഇന്ത്യൻ രാഷ്ട്രീയത്തി​ന്റെ പശ്ചാത്തലത്തിൽ ഈഴവ, മാപ്പിള പ്രശ്നം ചർച്ചക്കെടുക്കുന്നവയായിരുന്നു. അതുപോലുള്ള രണ്ട് കൃതികളാണ് ‘വടക്കൻപാട്ടിലെ വീരാംഗന’മാരും ‘വടക്കൻപാട്ടിലെ വീരതരുണിമാരും’. രണ്ടി​ന്റെയും രചയിതാവ് ബോധാനന്ദ സ്വാമികളുടെ ജീവചരിത്രകാരനായ കെ.ആർ. ഭാസ്​കരനാണ്. മലബാർ കലാപശേഷം 1926 കാലത്ത് സിലോണിൽനിന്നിറങ്ങിയിരുന്ന ‘മലയാളി’യിലാണ് ഇതു വെളിച്ചം കണ്ടത്. പിന്നീടത് ഒറ്റപ്പുസ്​തകമായി പ്രസിദ്ധപ്പെടുത്തി. ദാമോദര​ന്റെ കൃതിയിൽനിന്ന് വ്യത്യസ്​തമായി കുറേകൂടി സമകാലികമായിരുന്നു ഈ കൃതിയുടെ ആഖ്യാനതലം.

ധീരവനിത എന്ന കഥ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടിയുടെ കഥയാണ്. വടക്കൻപാട്ട് ശേഖരങ്ങളിൽ ഇത് ഉൾപ്പെട്ടിട്ടില്ലെന്നും താൻ ഒരു പാട്ടുകാരനിൽനിന്ന് കേട്ടെഴുതിയതാണെന്നുമാണ് ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ കഥ ഉണ്ണിയാർച്ചയുടേതും. ഇത് രണ്ടും കൊച്ചിയിൽ ആറ്, ഏഴ് ക്ലാസുകളിൽ ഉപപാഠപുസ്​തകങ്ങളുമായിരുന്നു. ഈഴവ സമുദായം ആത്മീയമായ അധഃപതനത്തിലാണെന്നും അതിനെ മറികടക്കുന്നതിനുള്ള ശ്രമത്തി​ന്റെ ഭാഗമാണ് ഇതെന്നുമാണ് ഇത് പുസ്​തകമായി ഇറങ്ങിയപ്പോൾ ഗ്രന്ഥകർത്താവ് വിശദീകരിച്ചത്.

വീരാംഗനയുടെ കഥ രസകരമാണ്: മാതുക്കുട്ടി യൗവനയുക്തയായ കോമളാംഗിയായ ഈഴവ യുവതിയാണ്. അവൾ എഴുത്തുപള്ളിക്കൂടത്തിൽ പോകുമ്പോൾ ജോനകരായ ആലിയും കൂട്ടരും വഴിയിൽ തടഞ്ഞതും അതവൾ വിജയപൂർവം നേരിട്ട് തിരിച്ചെത്തിയതുമാണ് കഥയുടെ ആദ്യഭാഗം. അവളെ നേരിട്ടെതിർക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ജോനകമൂപ്പൻ പണം കൊടുത്ത് മാതുവി​ന്റെ അമ്മയെ വശത്താക്കി. അവൾ പുറത്തുപോയ സമയത്ത് മാതുവി​ന്റെ കിടപ്പറയിൽ അമ്മ അയാളെ ഒളിപ്പിച്ചു. ഇതറിയാതെ വീട്ടിലെത്തിയ മാതു മുറിയിലേക്ക് കയറിയ ഉടൻ മാപ്പിള അവളെ കയറിപ്പിടിക്കുന്നു. അവൾ കുതറിമാറി പുറത്തേക്കോടി.

അടുത്തുള്ള കിണറ്റിൻകരയിൽ ചെന്ന് ഒരു കല്ലെടുത്ത് കിണറ്റിലേക്കിട്ട് ഒളിച്ചിരുന്നു. കല്ല് വീണ ശബ്ദം കേട്ട മാതുവിന്റെ അമ്മ കരുതിയത് മകൾ ആത്മഹത്യ ചെയ്തെന്നാണ്. പശ്ചാത്താപവിവശയായ അവർ കിണറ്റിൽ ചാടി ആത്മഹത്യചെയ്തു. ശബ്ദം ജോനകമൂപ്പനും കേട്ടിരുന്നു. മാതു കിണറ്റിലാണെന്ന് കരുതി ‘‘മാതുക്കുട്ടിയുടെ ശവമെങ്കിലും ഒന്നു പുണരുന്നതിന്നു കൊതിച്ചിരുന്ന ആ വിടപ്രമാണി പുരയുടെ മോന്തായം പൊളിച്ച് ഓടിവന്ന് കിണറ്റിലേക്ക് ഒരു ചാട്ടം ​വച്ച് കൊടുക്കുന്ന’’തോടെ കഥ തീരുന്നു.

 

തലശ്ശേരി ജഗന്നാഥ ക്ഷേത്രം

‘ഒരു വീരതരുണി’ പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയുടെ കഥ സമകാലികമായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ്. കടത്തനാട്ട് രാജാവി​ന്റെ തുല്യപദവിക്കാരായിട്ടാണ് ആരോമലുണ്ണിയെയും മറ്റും വർണിച്ചിരിക്കുന്നത്. ഈ പുസ്​തകത്തിന്റെ അവതാരികയിൽ ഈ കൃതി എഴുതാനുണ്ടായ സാഹചര്യം സാമൂതിരി കോളജ് പ്രിൻസിപ്പലായിരുന്ന രാമവർമത്തമ്പാൻ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ബ്രാഹ്മണവിധേയന്മാരായ രാജാക്കന്മാർ മാപ്പിളജാതിക്കു ജനസംഖ്യ കൂട്ടിയ കാലത്തു കടത്തനാട്ടു രാജാക്കന്മാർ ആ നാട്ടിലുള്ള മതപരിവർത്തിതരെ ഒക്കെ പൂർവജാതിയിലേക്ക് പ്രയാശ്ചിത്തംകൂടി കൂടാതെ എടുക്കുകയാണ് ചെയ്തിട്ടുള്ളത്... കേരളീയരുടെ യഥാർഥമായ വീര്യശൗര്യാദികൾ കാണണമെങ്കിൽ കടത്തനാട് മുതലായ ദിക്കിൽചെന്ന് പുരാതന പാട്ടുകൾ ശേഖരിക്കണമെന്നും അദ്ദേഹം എഴുതുന്നു.

ഓരോ പദ്യം എടുത്തെഴുതിയശേഷം അതിന് സമകാലിക സാഹചര്യത്തിൽ ഗ്രന്ഥകർത്താവ് വിശദീകരണം നൽകിയിരിക്കുകയാണ്. അയ്യപ്പൻകാവിലേക്ക് പോകാനൊരുങ്ങിയ ഉണ്ണിയാർച്ചയോട് അച്ഛനും അമ്മയും ഭർത്താവും നാദാപുരം അങ്ങാടിയിൽ മദോന്മത്തരായ ജോനകമാപ്പിളമാർ റോന്തുചുറ്റുന്നുണ്ടെന്ന് മുന്നറിയിപ്പു നൽകുന്നു. എന്നിട്ടും അവൾ പോകുന്നു. യാത്ര പുറപ്പെടുന്ന ഉണ്ണിയാർച്ചയെ ശിഷ്യരും ജോനകരുടെ പേര് പറഞ്ഞ് ഭയപ്പെടുത്തുന്നുണ്ട്. ജോനകപ്പുളപ്പുള്ള നാടാകുന്നുവെന്നാണ് വിശദീകരണം. ‘സ്വാഭാവിക’മായും കാമന്ധനായ മാപ്പിള മൂപ്പൻ ഉണ്ണിയാർച്ചയെ നോട്ടമിടുന്നു.

ജോനകരെ പോരിന്നു വിളിക്കുന്ന ഉണ്ണിയാർച്ചയെ ഭാരതീയർ ബഹുമാനിക്കാതിരിക്കുമോ എന്നാണ് ഇടയിൽ കയറി ഗ്രന്ഥകാര​ന്റെ ചോദ്യം. ഗുസ്​തിക്കളരിയുടെ അഭാവമാണ് കേരളീയരുടെ ശോചനീയാവസ്​ഥക്ക് കാരണം. അതിപ്പോഴും ഉണ്ടായിരുന്നെങ്കിൽ നായന്മാർക്കും ഈഴവർക്കും ഇപ്പോഴത്തെ അടിമത്തം പേറേണ്ടിവരില്ലായിരുന്നു. ‘‘പറന്നുവെട്ടുന്ന പഴംപയറ്റു മറന്നുപോയോ മലയാളനാടേ’’ എന്നാണ് സ്വരാജ്യാഭിമാനിയായ കവിയുടെ ചോദ്യം. കെ. ദാമോദര​ന്റെ കൃതിയിൽ പരോക്ഷമായി മാത്രം പരാമർശിച്ചിരുന്ന മാപ്പിളപ്രമേയം ഈ കൃതിയിൽ കുറച്ചുകൂടി വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു.

ഈഴവർ സ്​ഥാപിച്ച ചില ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങളിൽ മാപ്പിളകലാപത്തി​ന്റെ സൂചനകൾ പതിഞ്ഞുകിടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗുരു സ്​ഥാപിച്ച പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ചേർന്നമംഗലം ശിവക്ഷേത്രത്തിലെ ഐതിഹ്യം അങ്ങനെയൊന്നാണ്. ഈ ക്ഷേത്രത്തിലെ വിഗ്രഹം മലബാറിൽനിന്ന് 1836-53 കാലത്തെ മാപ്പിള കലാപകാലത്ത് ഓടിപ്പോന്ന് കുടിയേറിപ്പാർത്ത ബ്രാഹ്മണരുടേതായിരുന്നുവെന്നാണ് ഐതിഹ്യം. ബ്രാഹ്മണർ പിന്നീടത് ഉപേക്ഷിച്ചു. പോകുംമുമ്പ് വിഗ്രഹം ഇളക്കിയെടുത്ത് കിണറ്റിലെറിഞ്ഞു.

ദശകങ്ങൾക്കുശേഷം വയ്ക്കത്തോട്ടത്തിൽ കൃഷ്ണൻ എന്ന ഈഴവൻ കിണറ്റിലൊരു വിഗ്രഹമുണ്ടെന്ന് സ്വപ്നംകണ്ടു. അദ്ദേഹം നടത്തിയ അന്വേഷണത്തിലാണ​േത്ര വിഗ്രഹം കണ്ടെത്തിയത്. പിന്നീടാണ് അദ്ദേഹം ഗുരുവിനെപ്പോയി കാണുന്നതും ക്ഷേത്രം സ്​ഥാപിക്കണമെന്ന് അഭ്യർഥിച്ചതും. അമൃതംകുളം ശിവക്ഷേത്രത്തിനും ഇതുപോലൊരു ബ്രാഹ്മണ പലായന ഐതിഹ്യമുണ്ട്. ഇത്തരം ഐതിഹ്യങ്ങൾ ഏതു കാലത്താണ് പ്രചരിച്ചതെന്ന കാര്യം വ്യക്തമല്ല. ഈഴവരെ ബ്രാഹ്മണരുമായി ബന്ധപ്പെടുത്തുന്നതി​ന്റെ ഭാഗമായിരുന്നു ഇത്തരം ഐതിഹ്യങ്ങളെങ്കിലും അതിലെ മാപ്പിളവിരുദ്ധത ശ്രദ്ധേയമാണ്.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT