വക്കം മൗലവിയുടെ പത്രത്തിലെ ‘ഫലസ്​തീൻ’

വക്കം മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പത്രാധിപത്യത്തിൻ കീഴിൽ 110 വർഷം മുമ്പ്​ പ്രസിദ്ധീകരിച്ച ‘ഫലസ്​തീൻ’ വാർത്ത കണ്ടെടുക്കുകയും വിശകലനം ചെയ്യുകയുമാണ്​ ലേഖകൻ.മതവിജ്ഞാനത്തെയും ആധുനിക വിദ്യാഭ്യാസത്തെയും സമന്വയിപ്പിച്ച് ഒരു സമുദായത്തിന്‍റെ ഉയിർത്തെഴുന്നേൽപിനും അതിലൂടെ സാമൂഹിക നീതിയും സമത്വവും എല്ലാ വിഭാഗത്തിനും കരഗതമാക്കാനും പരിശ്രമിച്ച നവോത്ഥാന നായകനാണ്​ വക്കം മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍ മൗലവി. അദ്ദേഹം ഒരു നൂറ്റാണ്ടു മുമ്പ് നേരിട്ട് നടത്തിയ നിഷ്പക്ഷ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു ചരിത്രരേഖയാണ് ഇൗ ലേഖനത്തിൽ വിശകലനംചെയ്ത് ഉദ്ധരിക്കുന്നത്. ‘‘ചൈനയില്‍ പോയിട്ടായാലും അറിവ്...

വക്കം മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പത്രാധിപത്യത്തിൻ കീഴിൽ 110 വർഷം മുമ്പ്​ പ്രസിദ്ധീകരിച്ച ‘ഫലസ്​തീൻ’ വാർത്ത കണ്ടെടുക്കുകയും വിശകലനം ചെയ്യുകയുമാണ്​ ലേഖകൻ.

മതവിജ്ഞാനത്തെയും ആധുനിക വിദ്യാഭ്യാസത്തെയും സമന്വയിപ്പിച്ച് ഒരു സമുദായത്തിന്‍റെ ഉയിർത്തെഴുന്നേൽപിനും അതിലൂടെ സാമൂഹിക നീതിയും സമത്വവും എല്ലാ വിഭാഗത്തിനും കരഗതമാക്കാനും പരിശ്രമിച്ച നവോത്ഥാന നായകനാണ്​ വക്കം മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍ മൗലവി. അദ്ദേഹം ഒരു നൂറ്റാണ്ടു മുമ്പ് നേരിട്ട് നടത്തിയ നിഷ്പക്ഷ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു ചരിത്രരേഖയാണ് ഇൗ ലേഖനത്തിൽ വിശകലനംചെയ്ത് ഉദ്ധരിക്കുന്നത്. ‘‘ചൈനയില്‍ പോയിട്ടായാലും അറിവ് നേടുക’’ എന്ന ഏഴാം നൂറ്റാണ്ടിലെ പ്രവാചക വചനം പിന്തുടര്‍ന്നു തനിക്ക് ലഭ്യമായ അറിവുകള്‍ പകര്‍ന്നുകൊടുക്കാന്‍ വക്കം എന്ന തന്‍റെ കൊച്ചുഗ്രാമത്തിനടുത്തുള്ള അഞ്ചുതെങ്ങിലേക്ക് ഒരു ഓട്ടോമാറ്റിക് ഫ്ലാറ്റ്ബെഡ് പ്രിന്‍റിങ് പ്രസ് ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്തതും ‘സ്വദേശാഭിമാനി’ പത്രം തുടങ്ങി രാമകൃഷ്ണ പിള്ളക്ക് അതിന്‍റെ സ്വതന്ത്ര ചുമതല നല്‍കിയതും തുടര്‍ന്ന് ഭരണകൂടം കണ്ടുകെട്ടിയതു വരെയുള്ള ധീരമായ പത്രപ്രവര്‍ത്തനവുമൊക്കെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത് ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

അതോടൊപ്പം ചര്‍ച്ചചെയ്യേണ്ട, വിസ്മൃതിയില്‍ ആണ്ടുപോയ ഒരു അധ്യായമാണ് അദ്ദേഹത്തിന്‍റെ നേരിട്ടുള്ള പത്രാധിപത്യത്തില്‍ വക്കത്തുനിന്നും പ്രസിദ്ധീകരിച്ച മുസ്‍ലിം (The Muslim) എന്ന പ്രസിദ്ധീകരണം. ആ കാലഘട്ടത്തില്‍ മദ്രാസില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ദ ഹിന്ദു’ എന്ന ഇംഗ്ലീഷ് പത്രത്തിനെ ഓര്‍മിപ്പിക്കുന്ന ഒരു മലയാള പത്രം പുറത്തിറക്കിയത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ടുപോയ ബഹുഭൂരിപക്ഷം മുസ്‍ലിം സമുദായാംഗങ്ങളെയും ബോധവത്കരിക്കാന്‍ ശുദ്ധമലയാളത്തിലേക്ക് ഖുര്‍ആനും മറ്റു ഭാഷകളിലെ ഉത്കൃഷ്ട ഗ്രന്ഥങ്ങളും വാർത്തകളും വിവര്‍ത്തനം ചെയ്തും വിശകലനംചെയ്തുമായിരുന്നു.

അതോടൊപ്പം ഇന്ത്യയിലെയും ലോകത്തെയും സമകാലിക വിഷയങ്ങളെയും വളരെ നിഷ്പക്ഷതയോടെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നത്‌ അന്നത്തെ മലയാള പത്രപ്രവര്‍ത്തന രംഗത്ത് വേറിട്ട അനുഭവമായിരുന്നു.

ഇന്നത്തെ ശ്രദ്ധേയമായ ഒരു വിഷയത്തില്‍ കൊല്ലവര്‍ഷം 1089 (1913) മീനം പുസ്തകം 3 ലക്കം 8ല്‍ പ്രസിദ്ധീകരിച്ച ‘ബൈത്തുല്‍ മുഖദ്ദസ്സും യഹൂദന്മാരും’ എന്ന ഒരു വാര്‍ത്തയെ അവലോകനംചെയ്യാം. ബാൾക്കൺ യുദ്ധങ്ങൾക്കുശേഷം ഒന്നാം ലോകയുദ്ധം തുടങ്ങുന്നതിനു മുമ്പ് യഹൂദ മതവിശ്വാസികള്‍ എണ്ണത്തിലും സ്വാധീനത്തിലും ശക്തിയല്ലാതിരുന്നപ്പോള്‍ പുണ്യഭൂമി തുര്‍ക്കിയാണ്​ കൈവശം വെച്ചിരുന്നത്​.

തുർക്കിയോട്​ യഹൂദര്‍ വളരെ നയപൂര്‍വം സ്വീകരിച്ച നിലപാടും എന്നാല്‍, ഒരു യുദ്ധത്തിലൂടെ ആ പ്രദേശം അറബികളില്‍നിന്നും വിട്ട് വന്‍ശക്തികളുടെ കൈയിലേക്ക് എത്തിയാലേ തങ്ങള്‍ക്കു സ്വതന്ത്ര അധികാരമുള്ള ഒരു രാജ്യമെന്ന മോഹം സഫലീകരിക്കൂ എന്നുമുള്ള രഹസ്യമായ ഉദ്ദേശ്യത്തെയും പത്രം തുറന്നുകാട്ടുന്നു.

യഹൂദരോട് സൗമ്യ നിലപാട് സ്വീകരിച്ച തുര്‍ക്കിയുടെ ഉള്ളിലുള്ള ഉദ്ദേശ്യവും തുറന്നുകാട്ടി വാര്‍ത്ത അവസാനിപ്പിക്കുന്നത് അന്നത്തെ മുസ്‍ലിം ലോകത്ത് ബൗദ്ധികമായി ഇടപെട്ടിരുന്ന ഇസ്‍ലാമിക പണ്ഡിതൻ റഷീദ് രിദായുടെ വളരെ പ്രായോഗികമായ ഒരു ഉപദേശം ചൂണ്ടിക്കാണിച്ചായിരുന്നു. പത്രത്തിന്‍റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള അന്നത്തെ നിലപാട് പിന്നീടുള്ള എല്ലാ സംഭവ വികാസങ്ങളുമായി ഇന്ന് കൂട്ടിവായിക്കേണ്ടതാണ്. ആ വാര്‍ത്ത ഉള്‍പ്പെട്ട ചരിത്രരേഖ അതേ രൂപത്തില്‍ ഇവിടെ ഉദ്ധരിക്കുകയാണ്:

“ഏകദേശം ഇരുനൂറു സംവത്സരക്കാലത്തോളം തുടര്‍ന്നുകൊണ്ടുനിന്നിരുന്നതും ലോകത്തെ ആകപ്പാടെ കലക്കിമറിച്ചതുമായ ‘‘ക്രൂസ്’’ യുദ്ധത്തിന്‍റെ കാരണം ‘‘ബൈത്തുല്‍ മുഖദ്ദസ്’’ അല്ലെങ്കില്‍ “ജറുസലോം” പട്ടണത്തെ മുഹമ്മദീയരുടെ കൈവശത്തില്‍നിന്നും വിടുര്‍ത്തി കൃസ്ത്യരുടെ അധീനത്തില്‍ ആക്കണമെന്ന് ചില കൃസ്ത്യ പാതിരിമാര്‍ക്കുണ്ടായ ഉദ്വേഗമായിരുന്നുവെന്നുള്ളത് പ്രസിദ്ധമാണല്ലോ. എത്രയോ രക്തപ്രവാഹത്തിനും ധനനാശത്തിനും തമ്മിൽതല്ലിനും ഇടയാക്കിയ ഈ യുദ്ധത്തില്‍ വച്ചു മുസ്ലിമീങ്ങളുടെ ശക്തിക്ക് ഒട്ടേറെ ക്ഷയം പറ്റിയെങ്കിലും ആ വിശുദ്ധനഗരം അവരുടെ പക്കല്‍നിന്നും വിട്ടുപോകുവാനിടയാകാതെ ഇന്നോളം അവരുടെ അധീനത്തില്‍ തന്നെയിരിക്കുന്നു.

കൃസ്ത്യരും യഹൂദരും മുഹമ്മദീയരും ഒരുപോലെ പരിശുദ്ധ സ്ഥലമായി വിശ്വസിക്കുന്ന ഈ ഭൂമിയെ സ്വാധീനത്തില്‍ വച്ച് കൊള്ളുവാന്‍ അവരില്‍ ഓരോ കൂട്ടര്‍ക്കും ആഗ്രഹം ഉണ്ടായിരിക്കുക സ്വാഭാവികമാണല്ലോ. പലരാലും ഒരുപോലെ ആഗ്രഹിക്കപ്പെടുന്ന ഒരു വസ്തു അവരില്‍ ശക്തന്മാരുടെ അധീനതയില്‍ പെടേണ്ടതായിരിക്കെ അങ്ങനെ കാണാതെയിരിക്കുന്നുവെങ്കില്‍ അതിനു പ്രതിബന്ധമായ എന്തോ അന്യഹേതു അവിടെ ഉണ്ടായിരിക്കണമെന്നുള്ളത് നിശ്ചയമാണ്. ഇങ്ങനെയുള്ള ഒരു കാരണത്താല്‍ തന്നെയാണ് ഇപ്പോള്‍ ലോകത്തില്‍ പല വിധത്തിലും ശക്തന്മാരായിരിക്കുന്ന കൃസ്ത്യ രാജാക്കന്മാര്‍ ഈ സ്ഥലത്തേക്ക് കൈനീട്ടാതെയിരിക്കുന്നത്.

യഹൂദന്മാരാകട്ടെ, അവര്‍ക്ക് ലോകത്തില്‍ യാതൊരു ശക്തിയുമില്ലാത്തതുകൊണ്ട് മാത്രം ഈ ആഗ്രഹസിദ്ധിക്ക് വഴികാണാതെ വലയുന്നുവെന്നെയുള്ളൂ. എന്നാലും അവര്‍ എപ്പോഴും ജറുസലെമിനെ സ്വപ്നം കണ്ടുംകൊണ്ട്‌ തന്നെയാണിരിക്കുന്നത്. ഇതിനും പുറമേ അവര്‍ക്ക് ലോകത്തില്‍ ഒരു ശക്തി ഉറപ്പിക്കണമെന്നുള്ള മോഹവുമുണ്ടു. ഈ രണ്ടാഗ്രഹങ്ങളെയും ഒന്നോടെ സാധിക്കുമാറു ഇപ്പോള്‍ ലണ്ടനിലെ ഒരു യഹൂദസഭാ ദേശാന്തരങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന യഹൂദരെ ഒക്കെ ഒന്നായി ചേര്‍ത്തു “ബൈത്തുല്‍ മുഖദ്ദസ്സി”ല്‍ ഒരു നവീന രാജ്യാധിപത്യം സ്ഥാപിക്കുവാന്‍ ആലോചിച്ചുവരുന്നതായി കാണുന്നു.

ഒരു ചാണ്‍ സ്ഥലത്തെ സംബന്ധിച്ചെടത്തോളംതന്നെയും മഹാശക്തികള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത് ഈ ഭൂമിയില്‍ വിദേശികളും അശക്തന്മാരുമായ ഏതാനും യഹൂദന്മാര്‍ക്ക് ഒരു രാജ്യാധിപത്യം സ്ഥാപിക്കണമെന്നുണ്ടായിരിക്കുന്ന ആശയുടെ ഗൌരവത്തെയും അതിന്‍റെ കൈവശക്കാരായിരിക്കുന്ന തുര്‍ക്കികള്‍ക്കു അതിനെ സ്വാധീനത്തില്‍തന്നെ വെച്ചുകൊള്ളത്തക്കവണ്ണം പരിരക്ഷണം ചെയ്യുന്ന വിഷയത്തിലുള്ള അലക്ഷ്യതയേയും കുറിച്ച് അത്ഭുതപ്പെടാതെ കഴികയില്ല.

 

‘മുസ്‍ലിം’ മാസിക

മൂസവിയും ഈസവിയും ആയ രണ്ടു മതങ്ങളുടെ ഉത്ഭവസ്ഥലവും “വഹ്”യുടെ പതനസ്ഥാനവുമായിരിക്കുന്ന ഈ പരിശുദ്ധഭൂമിയെ യൂറോപ്പിലെ വന്‍ കോയ്മകളില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് അനുവദിച്ച് വിട്ടുകൊടുക്കുന്നതല്ലെന്നും ഈ സ്ഥലം തുര്‍ക്കിയുടെ കയ്യില്‍ നിന്നിളകുന്ന പക്ഷം തീര്‍ച്ചയായും അത് സകല കോയ്മകളുടെയും മേല്‍നോട്ടത്തിന്‍ കീഴില്‍ ഒരു സ്വതന്ത്ര രാജ്യമായി ഭവിക്കുകയെയുള്ളൂവെന്നും യഹൂദര്‍ മനസ്സിലാക്കീട്ടുണ്ട്. അതിനാല്‍ മഹാശക്തികള്‍ തമ്മില്‍ പിണക്കത്തിനിടവരാതിരിക്കത്തക്കവണ്ണം ഈ സ്ഥലത്തിനെ തങ്ങള്‍ കൈവശക്കാരായി വരുന്ന വിഷയത്തില്‍ ആ മഹാശക്തികളെ തൃപ്തിപ്പെടുത്താമെന്ന് അവര്‍ ആശിക്കുകയും അതിലേക്ക് ശ്രമിക്കുകയും ചെയ്തുവരുന്നുണ്ട്.

ഇപ്രകാരംതന്നെ തുര്‍ക്കിയിലെ ഭാരണാധിക്രുതന്മാരായിരിക്കുന്ന ഇത്തിഹാദീങ്ങളെ (യുവജന സംഘക്കാരെ) യും ഈ വിഷയത്തില്‍ സമ്മതപ്പെടുത്താമെന്ന് അവര്‍ ആശിക്കുന്നു; എന്നല്ല, അവരെ സമ്മതിപ്പിച്ചു കഴിഞ്ഞുവെന്നും പറയപ്പെടുന്നു. അറബികളോടുള്ള നീരസത്താല്‍ അവരെ അന്യരുമായി കൂട്ടിമുട്ടിക്കുന്നതിനു വേണ്ടിയാണു തുര്‍ക്കിയിലെ ഭാരണാധിക്രുതന്മാര്‍ യഹൂദന്മാര്‍ക്ക് അനുകൂലികളായി നില്‍ക്കുന്നതെന്ന് അറബികളുടെ ഇടയില്‍ നടക്കുന്ന ഒരു വര്‍ത്തമാനം വാസ്തവമായിരുന്നാലും അല്ലെങ്കിലും പൂര്‍വന്മാരായ അനവധി രാജാഭിമാനികളുടെ പരിശുദ്ധ രക്തത്തിന്മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ വിശുദ്ധ ഭൂമിയെ തുര്‍ക്കികള്‍ യഹൂദന്മാര്‍ക്ക് അനുവദിച്ച് വിട്ടുകൊടുക്കുവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അതില്‍പ്പരം സങ്കടകരമായി മറ്റൊന്നില്ല.

ഈ വിഷയത്തില്‍ അല്‍ മനാറിന്‍റെ അധിപരായ സയ്യിദ് റഷീദുരിസാ അവര്‍കള്‍ ബൈത്തുല്‍ മുഖദ്ദസ്സിലെ അറബികളോട് ഇപ്രകാരം ഉപദേശിക്കുന്നു. “അറബികള്‍ രണ്ടിലൊരു സംഗതി ചെയ്യേണ്ടത് ആവശ്യമാകുന്നു. ഒന്നുകില്‍ അറബി പ്രമാണികള്‍ യഹൂദ പ്രമാണികളുമായി ചേര്‍ന്നു രണ്ടുകൂട്ടരുടെയും ഗുണത്തെ പരിപാലിക്കത്തക്ക വിധത്തില്‍ ഒരു ഉടമ്പടി ഉണ്ടാക്കുക. ഇത് അതിന്‍റെ ശരിയായ മാര്‍ഗത്തിലൂടെ പ്രവേശിക്കുന്നതായാല്‍ സാധ്യവുമാണ്‌. അത് സാധ്യമല്ലെന്ന് കാണുന്നപക്ഷം യഹൂദരുമായി സര്‍വ്വ പ്രകാരേണയും എതിര്‍ത്ത് നില്‍ക്കുന്നതിനു സര്‍വവിധ ശക്തികളെയും സംഭരിച്ച് സന്നദ്ധരായിരിക്ക.”

ഒന്നാം ലോകയുദ്ധത്തിനിടയിൽ (1917) ബ്രിട്ടീഷ് ഗവൺമെന്റ് പുറപ്പെടുവിച്ച ‘ബാൽഫർ പ്രഖ്യാപനം’ – ഫലസ്തീനിൽ ‘ജൂത ജനതക്ക് ദേശീയ ഭവനം’ – യുദ്ധം തുടങ്ങുന്നതിനു മുമ്പ് മൗലവി ഇതിൽ സൂചിപ്പിക്കുന്ന യഹൂദ സഭയായ സയണിസ്റ്റ് ഫെഡറേഷൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലൻഡിന്റെ നേതാവിന് 1917 നവംബർ 2ന് അയച്ച ഒരു കത്തിൽ നിന്നാണ് ഉടലെടുക്കുന്നത്. അതുതന്നെയാണ് മൗലവി അന്ന് ഈ വാര്‍ത്തയിലൂടെ വസ്തുനിഷ്ഠമായി മുൻകൂട്ടി കണ്ട വിശകലനത്തിന്‍റെ പര്യവസാനവും ഇന്ന് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന സംഭവവികാസങ്ങളുടെ തുടക്കവും.

=============

കടപ്പാട്: പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ പോകുന്ന രേഖകളുടെ സമ്പാദനത്തില്‍ മങ്ങാട് അബ്ദുല്‍ റഹ്മാനോടും വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിനോടും.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT