ചമ്രവട്ടത്തെ കെടുകാര്യസ്ഥതകൾ

കേരളത്തിന്​ പലരീതിയിൽ പ്രയോജനകരമായ ചമ്രവട്ടം പദ്ധതി യാഥാർഥ്യമായതി​ന്റെ പിന്നിലെ കഥ വിവരിക്കുകയാണ്​ സമരസമിതി നേതാവായിരുന്ന ലേഖകൻ. അവി​െട നടന്ന അഴിമതികൾ എന്തെല്ലാമാണ്​? എന്തായിരുന്നു അതി​ന്റെ സ്വഭാവം?സെക്ര​േട്ടറിയറ്റിലെ ജോലിയുടെ ഭാഗമായി തൃശൂർ ജില്ല പെർഫോമൻസ് ഓഡിറ്റ് വിങ്ങിൽ പ്രവർത്തിക്കുന്ന അവസരത്തിലാണ് നാട്ടിലെ ഏറ്റവും വലിയ ജലസേചന –കുടിവെള്ള – ഗതാഗത ​േപ്രാജക്ടായ ചമ്രവട്ടം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികളിൽ ഇടപെടാൻ എനിക്ക്​ അവസരം ലഭിച്ചത്. ഉദ്യോഗസ്ഥ വിഭാഗത്തിന്റെയും ഭരണകൂടങ്ങളുടെയും കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ചമ്രവട്ടം ​െറഗുലേറ്റർ കം...

കേരളത്തിന്​ പലരീതിയിൽ പ്രയോജനകരമായ ചമ്രവട്ടം പദ്ധതി യാഥാർഥ്യമായതി​ന്റെ പിന്നിലെ കഥ വിവരിക്കുകയാണ്​ സമരസമിതി നേതാവായിരുന്ന ലേഖകൻ. അവി​െട നടന്ന അഴിമതികൾ എന്തെല്ലാമാണ്​? എന്തായിരുന്നു അതി​ന്റെ സ്വഭാവം?

സെക്ര​േട്ടറിയറ്റിലെ ജോലിയുടെ ഭാഗമായി തൃശൂർ ജില്ല പെർഫോമൻസ് ഓഡിറ്റ് വിങ്ങിൽ പ്രവർത്തിക്കുന്ന അവസരത്തിലാണ് നാട്ടിലെ ഏറ്റവും വലിയ ജലസേചന –കുടിവെള്ള – ഗതാഗത ​േപ്രാജക്ടായ ചമ്രവട്ടം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികളിൽ ഇടപെടാൻ എനിക്ക്​ അവസരം ലഭിച്ചത്. ഉദ്യോഗസ്ഥ വിഭാഗത്തിന്റെയും ഭരണകൂടങ്ങളുടെയും കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ചമ്രവട്ടം ​െറഗുലേറ്റർ കം ബ്രിഡ്ജ്.

ജനങ്ങൾക്ക് ഏറ്റവും പ്രയോജനമുള്ള പദ്ധതി ആവിഷ്കരിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒന്നും ചെയ്യാതെ നിസ്സംഗരായി നിൽക്കുന്ന ഉദ്യോഗസ്ഥ-ഭരണ വിഭാഗങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായ പ്രക്ഷോഭത്തിന് തയാറായപ്പോൾ മാത്രമാണ് നിവൃത്തിയില്ലാതെ പദ്ധതി യാഥാർഥ്യമാക്കാൻ ഭരണകൂടം മുന്നോട്ടുവന്നത്. 2005 ഏപ്രിൽ ഒന്നിനാണ് ചമ്രവട്ടം പദ്ധതി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് ഒരു ജനകീയ പ്രക്ഷോഭത്തിന് സോളിഡാരിറ്റി തുടക്കം കുറിച്ചത്. എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ച് സമരം ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു.

ചമ്രവട്ടം പദ്ധതിയുടെ ഭാഗമായ റോഡ് ചെന്നുചേരുന്ന സ്ഥലത്തെ താമസക്കാരനും ഈ പദ്ധതി വരുന്നുതിനുവേണ്ടി തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്ന സാഹിത്യകാരൻ സി. രാധാകൃഷ്ണനാണ് ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്. സമരസമിതി ചെയർമാൻ എന്ന പദവി എന്നെയാണ് ഏൽപിച്ചിരുന്നത്. അബ്ദുറഹീം പാലാറ ചീഫ് കോഓഡിനേറ്ററും കെ.പി. അയ്യൂബ്, അൻവർ തിരൂർ എന്നിവർ കോഓഡിനേറ്റർമാരും എൻ.കെ. സാജിദ് മാസ്റ്റർ വൈസ് ചെയർമാനും കെ. ഇസ്മായിൽ, പി. അബ്ദുസ്സലാം, ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ, പി. മുഹമ്മദ്, എം. അലി എൻജിനീയർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന വിപുലമായ സമരസമിതിക്ക് രൂപം നൽകുകയുണ്ടായി.

ഇതുമായി ബന്ധപ്പെട്ട വിശദമായ പഠനങ്ങൾ ഞങ്ങൾ നടത്തി. എല്ലാ ജനപ്രതിനിധികളെയും രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ള പ്രമുഖരെയും കണ്ടു. എല്ലാവരും സമരത്തിന് പിന്തുണ നൽകി. 1982ൽ പൊന്നാനി കോൾ കൃഷിമേഖലയിൽ ജലസേചനം ലക്ഷ്യമാക്കി സർക്കാറിന്റെ പരിഗണനയിലുള്ള പദ്ധതിയായിരുന്നു ചമ്രവട്ടം ​െറഗുലേറ്റർ കം ബ്രിഡ്ജ് പ്രോജക്ട്. 4000 ഏക്കർ വിസ്തീർണമുള്ളതും കുന്നംകുളം വെട്ടിക്കടവ് മുതൽ പൊന്നാനി ബിയ്യംവരെ വ്യാപിച്ച് കിടക്കുന്നതാണ് പൊന്നാനി കോൾ മേഖല. ഭാരതപ്പുഴയിൽ ചമ്രവട്ടത്ത് ​െറഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ച് പോത്തനൂർ കനാലിലൂടെ വെള്ളം കോൾ നിലങ്ങളിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി.

ജലസേചനത്തിന് പുറമെ രണ്ട് ജില്ലകളിലെ പതിനാല് പഞ്ചായത്തുകളും പൊന്നാനി മുനിസിപ്പാലിറ്റിയും ഉൾക്കൊള്ളുന്ന വിശാലമായ ഭൂപ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഈ പദ്ധതിക്ക് കഴിയും. മാത്രമല്ല, പദ്ധതിയിലെ പാലം വരുന്നതോടെ എറണാകുളം-കോഴിക്കോട് ദൂരം 41 കി.മീറ്റർ കുറക്കാനും കഴിയും. ഇങ്ങനെ പൊതുവെ കേരളത്തിന്റെയും പ്രത്യേകിച്ച്‌ പദ്ധതിപ്രദേശത്തിന്റെയും വികസനത്തെ സഹായിക്കുന്ന ഒരു പദ്ധതിയാണിത്. ഇത്രയും പ്രാധാന്യമുള്ളതുകൊണ്ടാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇതിനായി ഭരണകൂടം രംഗത്തുവന്നത്. മലബാർ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ കാലം മുതൽ കേളപ്പജി മുതലുള്ള നമ്മുടെ നേതാക്കൾ ഈ പദ്ധതിക്കുവേണ്ടി ശബ്ദമുയർത്തിയിരുന്നു. നാടിന്റെയും നാട്ടുകാരുടെയും പക്ഷത്ത് നിൽക്കുന്ന നേതാക്കളുടെയെല്ലാം സ്വപ്നവും വലിയ പ്രതീക്ഷയുമായി ഈ പദ്ധതി മാറി.

1984ൽ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മൂന്ന് സുപ്രധാന പദ്ധതികൾ നടപ്പാക്കുന്നതിന് തീരുമാനിച്ചത്. കുറ്റ്യാടി, മൂവാറ്റുപുഴ, ചമ്രവട്ടം എന്നിവയായിരുന്നു അത്. ഈ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയും പദ്ധതി നടപ്പാക്കാനുള്ള തസ്തികകൾ സൃഷ്ടിച്ച് ഉദ്യോഗസ്ഥസംഘത്തെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിൽ കുറ്റ്യാടിയും മൂവാറ്റുപുഴയും സമയബന്ധിതമായി പൂർത്തീകരിച്ചു. 

ചമ്രവട്ടം പ്രോജക്ടിനുവേണ്ടി ജലസേചന എക്സി. എൻജിനീയറുടെ നേതൃത്വത്തിൽ ഒരു മേജർ ഡിവിഷനും അതിന് കീഴിൽ മൂന്ന് സബ് ഡിവിഷനുകളിലുമായി വലിയൊരു ഉദ്യേഗസ്ഥസംഘത്തെ നിയോഗിച്ചു. 1984ൽ പ്രവർത്തിച്ചുവരുന്ന ഈ സംഘത്തിൽ ഒരു എക്സി. എൻജിനീയർ, മൂന്ന് അസി. എക്സി. എൻജിനീയർമാർ, ഒമ്പത് അസി. എൻജിനീയർമാർ, ഡിസൈനിങ് അസിസ്റ്റന്റുമാർ, ഒന്നും രണ്ടും ഗ്രേഡ് ഡ്രാഫ്റ്റ്സ് മാന്മാർ, ഉപരി, അധോമണ്ഡല ഗുമസ്തൻമാർ, ടൈപ്പിസ്റ്റുകൾ, ഡ്രൈവർമാർ തുടങ്ങി 120ൽപരം ഉദ്യോഗസ്ഥരാണ് 30 വർഷത്തോളം ഇവിടെ പ്രവർത്തിച്ചത്.

1985 ജനുവരി 18ന് അന്നത്തെ ജലസേചന മന്ത്രിയും പൊന്നാനി എം.എൽ.എയുമായിരുന്ന എം.പി. ഗംഗാധരന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി കെ. കരുണാകരൻ പദ്ധതിക്ക് തറക്കല്ലിട്ടു. ഉത്സവപ്രതീതിയോടെയാണ് തറക്കല്ലിടൽ നടന്നത്. 16 കോടി രൂപയായിരുന്നു പദ്ധതിക്ക് അന്നത്തെ അടങ്കൽ തുക. തുടക്കത്തിൽ വൻതുക ചെലവഴിച്ച് ഓഫിസ്, ക്വാർട്ടേഴ്സ് നിർമാണം എന്നിവ നടന്നു. കമ്പി പോലുള്ള അസംസ്കൃത സാധനങ്ങൾ വാങ്ങുന്നതിനും നല്ലൊരു തുക ചെലവഴിച്ചു. പദ്ധതിക്കുവേണ്ടി തുടക്കത്തിൽ വാങ്ങിയെങ്കിലും 16 ലക്ഷം രൂപയുടെ കമ്പി തുരുമ്പെടുത്ത് നശിച്ചു. മുകളിൽ പറഞ്ഞ വൻ ഉദ്യോഗസ്ഥപ്പടക്ക് മാസംതോറും കോടിക്കണക്കിന് രൂപ ശമ്പളയിനത്തിൽ മാത്രം നൽകിക്കൊണ്ടിരുന്നു.

 

2007ൽ ജ​ല​വി​ഭ​വ മ​ന്ത്രി എ​ൻ.​കെ.​ പ്രേ​മ​ച​ന്ദ്ര​ന് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കു​ന്നു

കാര്യമായ ഒരു പണിയും ഇല്ലാത്തതുകൊണ്ട് ഇവർ ഓഫിസിൽ സമയം ചെലവഴിച്ചു. പലരും ശമ്പളം വാങ്ങാൻ മാത്രം ഓഫിസിൽ വന്നു. എൻജിനീയർമാരുടെ ഒരു വൻസംഘമുണ്ടായിട്ടും ഒന്നും നടന്നില്ല. പ്ലാനുകൾ വെട്ടിയും തിരുത്തിയും ഇവർ കാലം കഴിച്ചു. ജലസേചന വകുപ്പിലെ പ്രമോഷനുകൾക്ക് വേണ്ടി മാത്രം ഈ ഉദ്യോഗസ്ഥവിഭാഗത്തെ സർക്കാർ തീറ്റിപ്പോറ്റി. മൂർത്തമായ ഒരു നിർദേശംപോലും ഈ പദ്ധതിക്ക് വേണ്ടി ഇവർക്ക് സമർപ്പിക്കാൻ സാധിച്ചില്ല.

വർഷംതോറും ഉപ്പുവെള്ളം കയറാതിരിക്കാൻ 20 ലക്ഷം രൂപവരെ ചെലവഴിച്ച് താൽക്കാലിക ബണ്ട് ചമ്രവട്ടത്ത് കെട്ടിവന്നിരുന്നു. പദ്ധതി വന്നിരുന്നെങ്കിൽ ഈ പാഴ് ചെലവ് ഒഴിവാക്കാമായിരുന്നു. കോടികളാണ് ഇതിനുവേണ്ടി ചെലവഴിച്ചത്. മൂന്ന് ലക്ഷം രൂപപോലും ചെലവുവരാത്ത ബണ്ട് പണിയാണ് 20 ലക്ഷത്തിന് വർഷംതോറും കരാർ കൊടുത്തിരുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും നടത്തുന്ന ഈ അഴിമതി ബണ്ട്, പദ്ധതി യാഥാർഥ്യമായാൽ നഷ്ടമാകും എന്ന് ഈ വിഭാഗം കരുതിയിരുന്നു. പരമാവധി പദ്ധതി വരാതിരിക്കാൻ ഇതും കാരണമായിരുന്നു.

ജലസേചന വകുപ്പിലെ ഈ ഉ​േദ്യാഗസ്ഥരെ വെച്ച് പദ്ധതി പ്രാവർത്തികമാക്കാൻ പറ്റുകയില്ല എന്ന് ഭരണാധികാരികൾക്ക് തന്നെ ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ 1996 -2001ലെ നായനാർ സർക്കാറിന്റെ കാലത്ത് പാലോളി മുഹമ്മദ് കുട്ടി എം.എൽ.എയും മന്ത്രിയുമായ സമയത്ത് ഒരു അതോറിറ്റി രൂപവത്കരിച്ച് ഒരു ശ്രമം നടത്തിയിരുന്നു. ബി.ഒ.ടി അടിസ്ഥാനത്തിൽ പാലം നിർമിക്കാനും നീക്കമുണ്ടായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവള അതോറിറ്റി ചെയർമാനായ കുര്യൻ ഐ.എ.എസിന് ചമ്രവട്ടം പദ്ധതിയുടെ ചുമതല നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു ഉദ്ഘാടന ചടങ്ങ് കൂടി അന്ന് ഗംഭീരമായി നടന്നു. അന്നത്തെ ജലസേചന മന്ത്രി രാമകൃഷ്ണപിള്ളയാണ് പദ്ധതി നടത്തിപ്പ് വീണ്ടും ഉദ്ഘാടനംചെയ്തത്. 

പിന്നീട് വന്ന യു.ഡി.എഫ് സർക്കാറും കാര്യമായ ഒരു നീക്കവും നടത്തിയില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലസേചന മന്ത്രിയായിരുന്ന സമയത്ത് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ​െഡവലപ്മെന്റ് കോർപറേഷൻ എന്ന പേരിൽ കമ്പനി രൂപവത്കരിച്ച് 70 കോടി ചെലവിൽ ​െറഗുലേറ്റർ കം ബ്രിഡ്ജ് ഒഴിവാക്കി ബാരേജ് കം ബ്രിഡ്ജ് എന്നുമാത്രം ചുരുക്കി പദ്ധതിക്ക് രൂപംനൽകിയിരുന്നു. അതുപോലും മുന്നോട്ടുപോയില്ല. മലബാറിനോടുള്ള അവഗണനയുടെ പ്രതീകംകൂടിയാണ് ചമ്രവട്ടം പദ്ധതി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ പദ്ധതി നടപ്പാക്കാൻ ഉറച്ച നിലപാട് രൂപപ്പെടുത്താൻ ആരും മുന്നോട്ടുവന്നില്ല.

ഈ ഘട്ടത്തിലാണ് ജനകീയസമരം ശക്തമാക്കാൻ തീരുമാനിക്കുന്നത്. 2005 ഏപ്രിൽ ഒന്നിന് ചമ്രവട്ടത്ത് നടന്ന സമരപ്രഖ്യാപനത്തിനുശേഷം സമരപരിപാടികൾ തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കുടിവെള്ളപ്രശ്നം രൂക്ഷമായ പദ്ധതിപ്രദേശത്തെ ജനങ്ങളെ അണിനിരത്തി സെക്രട്ടേറിയറ്റിലേക്ക് ഒരു കുടിനീർ മാർച്ച് നടത്താൻ സമരസമിതി തീരുമാനിച്ചു. 2006 ജനുവരി 30നായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.

മാർച്ചിന്റെ സംഘാടനത്തിനും തലസ്ഥാനത്തെ മാധ്യമപ്രവർത്തകരെ വിഷയം ധരിപ്പിക്കുന്നതിനും വാർത്തസമ്മേളനം നടത്തുന്നതിനുമായി സമരസമിതി ചെയർമാനായ ഞാനും കൺവീനറായ അയ്യൂബ് തിരൂരും രണ്ടുദിവസം മുമ്പുതന്നെ തിരുവനന്തപുരത്ത് എത്തി. കോൺഗ്രസ് നേതാവ് വി.എം. സുധീരനെക്കൊണ്ട് മാർച്ച് ഉദ്ഘാടനംചെയ്യിക്കാനാണ് തീരുമാനിച്ചിരുന്നത്. മാർച്ച് നടക്കുന്ന തലേദിവസം കാലത്ത് ഞാനും അയ്യൂബ് തിരൂരും സുധീരനെ ക്ഷണിക്കാൻ വീട്ടിലെത്തി. തലേദിവസം നജീബ് കുറ്റിപ്പുറം ഞങ്ങൾ വരുന്ന വിവരം വിളിച്ചുപറഞ്ഞിരുന്നു.

മുൻകൂട്ടി ഒരു പരിചയവുമില്ലാത്ത ഞങ്ങളെ വളരെ ഹൃദ്യമായാണ് അദ്ദേഹം വീട്ടിൽ സ്വീകരിച്ചിരുത്തിയത്. ചമ്രവട്ടം പദ്ധതിയുടെ ഒരു ചിത്രം ഞങ്ങൾ അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു. മണലൂർക്കാരനായ സുധീരന് ചമ്രവട്ടം പദ്ധതി വന്നാലുണ്ടാകുന്ന ഗുണവശങ്ങൾ നന്നായി അറിയാമായിരുന്നു. കോൾ മേഖലയിലൂടെ വെള്ളം ഒഴുകുമ്പോൾ അതിന്റെ നേട്ടം മണലൂർ വരെ ലഭിക്കുമെന്ന് കണക്കുവെച്ച് ഞങ്ങൾക്ക് പറഞ്ഞു തന്നു. ഈ സമരം ഉദ്ഘാടനംചെയ്യാൻ ഞാൻ എത്തുമെന്നും ജലസേചന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനോട് വിഷയം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ മുന്നിൽ വെച്ച് തന്നെ തിരുവഞ്ചൂരിനെ വിളിച്ച്​ സമരസമിതി നേതാക്കളുമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ക്ഷണം സ്വീകരിച്ചതിന് ശേഷം സുധീരൻ ഞങ്ങളെ യാത്രയയക്കാൻ മുറ്റത്തേക്കിറങ്ങി തോളിൽ കൈയിട്ട് സ്വന്തം പാർട്ടിയിൽനിന്നും മറ്റ് മാഫിയകളിൽനിന്നും നേരിടേണ്ടിവന്ന അനുഭവ കഥകൾ ഒരു നിഷ്കളങ്ക കുട്ടിയെപ്പോലെ ഞങ്ങളോട് ഒരു മണിക്കൂറോളം വിശദീകരിച്ചത് അത്ഭുതത്തോടെ കേട്ടുനിന്നു. 2004ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്ന് വി.എം. സുധീരൻ മത്സരിച്ചിരുന്നു. രണ്ടായിരം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. കരിമണൽ ഖനനത്തിന് എതിരെ സമരത്തിന് നേതൃത്വം നൽകിയ സുധീരനെ തോൽപിക്കാൻ കരിമണൽ ലോബി പണമിറക്കി പരസ്യമായി വർക്ക് ചെയ്തു.

കൂടാതെ യു.ഡി.എഫിലെ പ്രമുഖരായ പല നേതാക്കളും രഹസ്യമായി തന്നെ തോൽപിക്കാൻ പണി എടുക്കുകയുണ്ടായെന്നും സുധീരൻ ഞങ്ങളോട് പറഞ്ഞു. സമരസ്ഥലത്ത് കാണാമെന്ന് പറഞ്ഞ് ഞങ്ങൾ യാത്രയായി. രാവിലെ 11 മണിക്ക് വാർത്താസമ്മേളനത്തിൽ ഞങ്ങൾ വിഷയങ്ങൾ കാര്യമായി അവതരിപ്പിച്ചു. മലബാറിലെ ഒരു വിഷയമായതുകൊണ്ട് പത്രക്കാർക്ക് ഒരു താൽപര്യവുമില്ലായിരുന്നു. പിറ്റേദിവസം പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും മാർച്ച് ആരംഭിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സലീം മമ്പാട്, അയ്യൂബ് തിരൂർ തുടങ്ങിയവർ നയിച്ച മാർച്ച് സെക്രട്ടേറിയറ്റ് നടയിൽ സമാപിച്ചു. മാർച്ച് വി.എം. സുധീരൻ ഉദ്ഘാടനംചെയ്തു.

മാർച്ചിന് ശേഷം ചർച്ചകൾക്കായി ഞങ്ങളെ ജലസേചന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചേംബറിലേക്ക് ക്ഷണിച്ചു. ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തി മുഴുവൻ ചാനലുകളും പത്രക്കാരും നിമിഷനേരംകൊണ്ട് മന്ത്രിയുടെ ചേംബറിൽ നിറഞ്ഞു. ചാനൽ മൈക്കുകൾ മന്ത്രിക്ക് നേരെ വെച്ച് വാർത്താസമ്മേളനം തുടങ്ങി. മലപ്പുറം ജില്ലയിൽ വർഷങ്ങളായി നടക്കാതെ പോയ ചമ്രവട്ടം പദ്ധതി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അതിനുവേണ്ട എല്ലാ നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പത്രക്കാരുടെ മുന്നിൽ പ്രഖ്യാപിച്ചു.

സമരനേതാക്കളുടെ സാന്നിധ്യത്തിൽ എന്തിനാണ് പ്രഖ്യാപനം നടത്തുന്നത് എന്ന് പത്രക്കാർ ചോദിച്ചപ്പോൾ അവർ ഈ പദ്ധതി നടത്തിക്കിട്ടുന്നതിന് മലബാറിൽനിന്ന് വളരെ പ്രയാസം സഹിച്ചാണ് വന്നത്, അവരുടെ ആവശ്യം ന്യായമാണെന്ന് കണ്ടതുകൊണ്ടാണ് ഞങ്ങൾ പദ്ധതി നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രഹസനമായ ഒരു നാടകമായിരുന്നു അത്. സുധീരൻ പറഞ്ഞതുകൊണ്ട് മാത്രം ഒരു പ്രഖ്യാപന പ്രഹസനം നടത്തുകയായിരുന്നു മന്ത്രി. ഞങ്ങൾക്ക് അപ്പോൾതന്നെ അത് ബോധ്യപ്പെട്ടു. പിന്നീട് 2006ൽ യു.ഡി.എഫ് സർക്കാർ പോകുന്നതുവരെ ഒരു നീക്കവും നടന്നില്ല.

സമരം പദ്ധതിപ്രദേശത്ത് ചലനം സൃഷ്ടിച്ചു. 2006 മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പിണറായി വിജയൻ നടത്തിയ കേരളയാത്രയിൽ തിരൂരിൽവെച്ച് പ്രോജക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. പൊന്നാനി എ.വി ഹൈസ്കൂളിൽ വെച്ച് എല്ലാ രാഷ്ട്രീയക്കാരെയും പങ്കെടുപ്പിച്ച് ജനസഭ സംഘടിപ്പിച്ചു. പാലോളി മുഹമ്മദ് കുട്ടിയും അതിൽ പങ്കെടുത്തു.

ചമ്രവട്ടം പദ്ധതി നടപ്പാക്കാൻ തയാറുള്ളവർക്ക് മാത്രം വോട്ട് എന്ന മുദ്രാവാക്യം പദ്ധതിപ്രദേശത്ത് വ്യാപകമായി. തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ച ചമ്രവട്ടം പദ്ധതിയായി മാറി. നിർദിഷ്ട സ്ഥാനാർഥികൾ തങ്ങൾ ജയിച്ചാൽ ആദ്യത്തെ പരിഗണന ചമ്രവട്ടം പദ്ധതി നടപ്പാക്കലാണെന്ന് പ്രഖ്യാപനം നടത്തി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു. പൊന്നാനിയിൽനിന്ന് വിജയിച്ച പാലോളി മുഹമ്മദ് കുട്ടി വീണ്ടും തദ്ദേശ സ്വയംഭരണ മന്ത്രിയായി. അദ്ദേഹം ചമ്രവട്ടം പദ്ധതിക്ക് പ്രഥമ പരിഗണന നൽകി പ്രവർത്തനം തുടങ്ങിയിരുന്നു. ധനകാര്യ, ജലസേചന, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേകം യോഗം വിളിച്ച് പദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങൾ ആരംഭിച്ചു. കാർഷിക ധനകാര്യ ഏജൻസിയായ നബാർഡിന്റെ സഹായത്തോടെ പദ്ധതി നടത്തിപ്പിന് രൂപരേഖയായി.

ഒരു കി.മീ. നീളവും നാല് മീറ്റർ ഉയരവും 10.5 മീറ്റർ വീതിയിലും 70 ഷട്ടറുകളും ഉൾക്കൊള്ളുന്ന പദ്ധതിക്ക് 130 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയത്. ഇതിൽ നബാർഡ് 95.12 കോടി രൂപ വകയിരുത്തി. ജലസേചന വകുപ്പിലെ എൻജിനീയറിങ് വിഭാഗത്തെ ഒഴിവാക്കി നിർമാണ ചുമതല ഹൈദരാബാദിലുള്ള രാംകി ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് നൽകി. 2009 ആഗസ്റ്റ് 13ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രവൃത്തി ഉദ്ഘാടനം നടത്തി.

അപ്രോച്ച് റോഡുകളുടെ പണി പൂർത്തീകരിക്കാനുള്ളതുകൊണ്ട് പണി പൂർണതോതിൽ ഉദ്ഘാടനംചെയ്യാൻ എൽ.ഡി.എഫ് സർക്കാറിനായില്ല. അപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2011 മാർച്ച് ആറിന് ജനം പാലത്തിലൂടെ നടന്ന് ജനകീയ ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ പൂർണാർഥത്തിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. 2012 മേയ് 17ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അങ്ങനെ ജനങ്ങളുടെ പാലം എന്ന സ്വപ്നം യാഥാർഥ്യമായി.

അഴിമതിയുടെ കഥകൾ

ചമ്രവട്ടം പദ്ധതിയിൽ വൻ അഴിമതിയാണ് നടന്നത്. പണിത 70 ഷട്ടറുകളും പ്രവർത്തനക്ഷമമായില്ല. ഷട്ടറുകൾ പൂട്ടിയാലും പാലത്തിന് അടിയിലൂടെ വെള്ളം ഒഴുകാൻ തുടങ്ങി. ഈ പദ്ധതികൊണ്ട് പ്രധാനമായും ഉദ്ദേശിച്ച ജലസേചനവും കുടിവെള്ള പ്രശ്നവും പരിഹരിക്കാതെ പോയി. ജനങ്ങൾ വീണ്ടും പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് നീങ്ങി. വൻ അഴിമതിയിൽ പങ്കാളികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. പിന്നീട് വന്ന പിണറായി സർക്കാർ പാലം ബലപ്പെടുത്തുന്നതിനും ഷട്ടറുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും 29 കോടി രൂപയുടെ പദ്ധതി വീണ്ടും വെച്ചു.

പണി നടന്നുകൊണ്ടിരിക്കുന്നു. നിലവാരം കുറഞ്ഞ ഇരുമ്പ് മറകളാണ് പണിക്ക് ഉപയോഗിക്കുന്നത് എന്ന ആക്ഷേപം വ്യാപകമായി ഉയർന്നു. ഒന്നാം പിണറായി സർക്കാർ തുടങ്ങിവെച്ച നവീകരണ പദ്ധതി ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. പാലം പണിയും നവീകരണവും അഴിമതിയുടെ ഉറവ വറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഉദ്യോഗസ്ഥരും ഭരണവിഭാഗവും ഒളിഞ്ഞും തെളിഞ്ഞും ഇതിന് കൂട്ടുനിൽക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള രാം കി ഇൻഫ്രസ്ട്രക്ചർ എന്ന തട്ടിക്കുട്ട് കമ്പനിക്കാണ് പദ്ധതിയുടെ നിർമാണ ചുമതല നൽകിയിരുന്നത്. നാലു മീറ്റർ മാത്രം ആഴത്തിൽ ഇരുമ്പ് ഷീറ്റ് താഴ്ത്തി കോൺക്രീറ്റ് ചെയ്തായിരുന്നു വെള്ളം തടഞ്ഞ് നിർത്താൻ ശ്രമിച്ചത്. നേരത്തേ വെള്ളം ഒഴുകുന്നതിന് പൈപ്പുകൾ സ്ഥാപിച്ചിരുന്നു. അത് നീക്കംചെയ്യാതെ ആയിരുന്നു കോൺക്രീറ്റ് ചെയ്തിരുന്നത്. 70 ഷട്ടറുകളുള്ള പാലത്തിന്റെ മുഴുവൻ ഷട്ടറുകൾ അടച്ചാലും വെള്ളം താഴെ കോൺക്രീറ്റ് ചെയ്ത ഭാഗത്ത് കൂടി ഒഴുകിക്കൊണ്ടിരുന്നത് പദ്ധതിയുടെ പ്രധാന ലക്ഷ്യമായ ജലസേചനവും കുടിവെള്ള പ്രശ്നം പരിഹരിക്കലും നടക്കാതെ പോയി.

ഇപ്പോൾ അനുവദിച്ച 29 കോടി ഉപയോഗിച്ച് പ്രവർത്തനം നടത്തി തുടങ്ങിയപ്പോഴാണ് പാലം പണിയിലെ വൻ അഴിമതി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നാല് മീറ്റർ മാത്രം ആഴത്തിലിട്ട കോൺക്രീറ്റ് ഒഴിവാക്കാൻ നോക്കിയപ്പോഴാണ് എല്ലാവരും ഞെട്ടിയത്. സിമന്റ് കാര്യമായി ഉപയോഗിക്കാത്തതുകൊണ്ട് കോൺക്രീറ്റ് അവശിഷ്ടങ്ങൾ പിക്കാസ് ഉപയോഗിച്ച് കോരി എടുക്കാൻ പാകത്തിലാണ് ഉണ്ടായിരുന്നത്. ഈ കള്ളപ്പണിക്കൊക്കെ മേൽനോട്ടം വഹിച്ചതും ബില്ലുകൾ എഴുതി കൊടുത്തതും എല്ലാം ജലവിഭവ വകുപ്പിലെ എൻജിനീയർമാരായിരുന്നു.

പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന ഭരണാധികാരികളുടെ സമ്മർദം മുതലാക്കി കരാറുകാരും എൻജിനീയർമാരും ഒത്തുകളിക്കുകയായിരുന്നു. വൻ അഴിമതി നടത്തിയ ആരും ഇതിൽ ശിക്ഷിക്കപ്പെട്ടില്ല. ഇങ്ങനെ​െയങ്കിൽ പാലത്തിന്റെ ഉറപ്പ് കൂടി പരിശോധിച്ചാൽ പലതും പുറത്തുവരും. പാലാരിവട്ടം മാതൃകയിൽ പാലം പണിയിലെ അപാകതകൾ വൈകാതെ പരിശോധിക്കാൻ സർക്കാർ തയാറായാൽ വൻ ദുരന്തം ഒഴിവാക്കാനാവും.

ഇപ്പോൾ 11 മീറ്റർ ആഴത്തിലാണ് പൈലിങ് നടത്തി ഷീറ്റ് അടിച്ച് താഴ്ത്തി കോൺക്രീറ്റ് ചെയ്യുന്നത്. അതും ഈ എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നത് സംശയത്തിന് ഇടനൽകുന്നുണ്ട്. ഖജനാവിലെ പണം കൊള്ളയടിക്കുക എന്ന ഉദ്യോഗസ്ഥ-ഭരണ ലോബികളുടെ ഒത്തുകളി എല്ലാ നിർമാണ പ്രവർത്തനങ്ങളിലും നമുക്ക് കാണാൻ കഴിയും.

ഭരണവർഗവും ഉദ്യോഗസ്ഥവിഭാഗവും നടത്തുന്ന ഇതിലെ മറ്റൊരു അഴിമതി നാം നിസ്സംഗരായി നോക്കിനിൽക്കുകയാണ്. ചമ്രവട്ടം പദ്ധതി ആവിഷ്കരിക്കുന്നതിന് ഇവിടേക്ക് നിയോഗിച്ച ഒരു എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ പട അതേപടി ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. ഇപ്പോൾ നടപ്പാക്കിയ പദ്ധതിയിൽ കാര്യമായ ഒരു റോളും ഇവർ എടുത്തിട്ടില്ല. ഇപ്പോഴും എടുക്കുന്നില്ല. പിന്നെ എന്തിനാണ് കോടികൾ ശമ്പള ഇനത്തിലും മറ്റ് ബത്തകളുടെ ഇനത്തിലും ചെലവഴിക്കുന്ന, കാര്യമായ ഒരു പണിയുമില്ലാത്ത ഈ ഉദ്യോഗസ്ഥപ്പടയെ ഖജനാവിലെ പണം ചെലവഴിച്ച് തീറ്റിപ്പോറ്റുന്നത്? ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണിത്. ഈ എൻജിനീയർമാരെക്കൊണ്ട് മറ്റു മേഖലകളിൽ പണിയെടുപ്പിക്കാൻ സർക്കാർ എന്തുകൊണ്ട് തയാറാകുന്നില്ല? ഉദ്യോഗസ്ഥരുടെ പ്രമോഷനുവേണ്ടി മാത്രം പലിശക്ക് കടമെടുക്കുന്ന ഖജനാവിൽനിന്ന് വർഷംതോറും കോടികൾ ചെലവഴിക്കേണ്ടതുണ്ടോ?

സാധാരണ ഒരു പ്രോജക്ട് അവസാനിച്ചാൽ അതിന്റെ മെയ്ന്റനൻസിന് ആവശ്യമായ ഉദ്യോഗസ്ഥരെ മാത്രം നിലനിർത്തി ബാക്കിയുള്ളവരെ പിൻവലിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാൽ, ജലസേചന വകുപ്പിൽ മാത്രം ഇത് നടക്കുന്നില്ല. ആരും ഈ അഴിമതി ചോദ്യംചെയ്യുന്നില്ല എന്നതാണ് ഖേദകരം. യൂനിയനുകളുടെ സമ്മർദമാണ് ഇത്തരം അനാവശ്യ ചെലവുകൾ ഇല്ലാതാക്കാൻ കഴിയാത്തതെന്നാണ് ഭരണമേഖലയിലുള്ളവർ പറയുന്നത്.

സംസ്ഥാനത്തെ വകുപ്പുകളിൽ ഒരു വെള്ളാനയാണ് ജലസേചന വകുപ്പ്. 1990കളിലാണ് പൊതുമരാമത്ത് വകുപ്പ് (PWD) വിഭജിച്ച് ജലസേചനവകുപ്പ് രൂപവത്കരിക്കുന്നത്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പണിയുന്ന, ധാരാളം വർക്കുകൾ വന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് വകുപ്പിൽപോലും ചീഫ് എൻജിനീയർമാർ ഇത്രയും ഇല്ല. എന്നാൽ, സംസ്ഥാനത്ത് പുതിയ ഒരു പദ്ധതിയും നടപ്പാക്കാത്ത ജലസേചന വകുപ്പിൽ (ഇപ്പോൾ ജലവിഭവ വകുപ്പ്) ആറ് ചീഫ് എൻജിനീയർമാരാണുള്ളത്. അവരെ സഹായിക്കാൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ, എക്സിക്യൂട്ടിവ് എൻജിനീയർമാർ, അസി. എക്സി. എൻജിനീയർമാർതുടങ്ങി ഉന്നത ശമ്പളം പറ്റുന്ന വലിയൊരു ഉദ്യോഗസ്ഥവൃന്ദം തന്നെ ഈ വകുപ്പുകളുടെ തലപ്പത്ത് കാര്യമായ ജോലിയൊന്നുമില്ലാതെ, പ്രമോഷന് വേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ട പോസ്റ്റുകളിൽ ഇരിക്കുന്നു.

എല്ലാ ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലും മുനിസിപ്പൽ-കോർപറേഷനുകളിലും വർക്കുകൾ നടത്തുന്നതിന് LSGD എൻജിനീയറിങ് വിഭാഗത്തിന് മേൽനോട്ടം നടത്താൻ ഒരു ചീഫ് എൻജിനീയർ മാത്രമാണുള്ളത്. ജലസേചന വകുപ്പിൽ നിലവിലുള്ള ജോലി ആറ് വിഭാഗങ്ങളായി തിരിച്ച് ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.

വടക്കൻ ജില്ലകളിലെ പണിപൂർത്തിയായ 11 വൻകിട ജലസേചന പദ്ധതികളുടെ നടത്തിപ്പിനും പണി പൂർത്തീകരിക്കാത്ത രണ്ട് ​േപ്രാജക്ടുകളുടെ നടത്തിപ്പിനും (ഈ പദ്ധതികൾ പതിറ്റാണ്ടുകൾമുമ്പ് ആരംഭിച്ചതാണെങ്കിലും ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല) കോഴിക്കോട് കേന്ദ്രമായി പ്രോജക്ട് -1 എന്ന പേരിൽ ഒരു ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥ പടതന്നെയുണ്ട്. തെക്കൻ ജില്ലകളിലെ പൂർത്തീകരിച്ച 13 പദ്ധതികൾ നോക്കുന്നതിന് പ്രോജക്ട് -2 എന്ന പേരിൽ ഒരു ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ മറ്റൊരു ഉദ്യോഗസ്ഥപ്പട തിരുവനന്തപുരം ആസ്ഥാനമായും പ്രവർത്തിക്കുന്നു. ഇത് കൂടാതെ Irrigation and Administration എന്ന് പറഞ്ഞ ഒരു വിങ് ഒരു ചീഫ് എൻജിനീയറുടെ നേതൃത്വത്തിലും കുട്ടനാട് പാക്കേജിനും ഇൻലാൻഡ് നാവിഗേഷനും വേണ്ടി മറ്റൊരു ചീഫ് എൻജിനീയറും പരിവാരങ്ങളും പ്രവർത്തിക്കുന്നു. മെക്കാനിക്കൽ വിഭാഗത്തിന് ഒരു ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ 79 എൻജിനീയർമാർ പ്രവർത്തിക്കുന്നു.

 

2005 ഏ​പ്രി​ൽ ഒ​ന്നി​ന് പൊ​ന്നാ​നി​യി​ൽ ന​ട​ത്തി​യ സ​മ​ര പ്ര​ഖ്യാ​പ​ന റാ​ലി

ഇതുകൂടാതെ ഇല്ലാത്ത പദ്ധതികൾക്ക് ഡിസൈൻ ചെയ്യാൻ ഒരു ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ 56 പേർ തലസ്ഥാനത്തുണ്ട്. ജലസേചന വകുപ്പിന്റെ കീഴിലുള്ള Irrigation Design And Research Board (IDRB) 1986ലാണ് സ്ഥാപിതമായത്. വൻകിട ജലസേചന പദ്ധതികൾക്ക് വേണ്ടി ഡാമും മറ്റും രൂപകൽപന ചെയ്യുക എന്നതാണ് ദൗത്യം. എന്നാൽ, ഇപ്പോൾ വൻകിട ജലസേചന പദ്ധതികളൊന്നും സർക്കാർ ആസൂത്രണം ചെയ്യുന്നില്ല. പക്ഷേ ചീഫ് എൻജിനീയറുടെ കീഴിൽ മൂന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ, 12 എക്സി. എൻജിനീയർമാർ, 14 എ.എക്സി.മാർ തുടങ്ങി 56 പേർ ഇവിടെയുണ്ട്. ജലസേചന വകുപ്പ് സെക്രട്ടറി ഇവരുടെ ഒരു വർഷത്തെ കണക്ക് എടുത്തപ്പോൾ മിക്കവർക്കും കാര്യമായ പണിയൊന്നുമി​െല്ലന്ന റിപ്പോർട്ടാണ് നൽകിയത്.

ഇവരെ വീട്ടിലിരുത്തി ശമ്പളം അവിടെ എത്തിച്ചാൽ സർക്കാറിന് ലാഭം അതായിരിക്കുമെന്നും പറയുന്നുണ്ട്. ചെറിയ ജലസേചന പദ്ധതികളുടെയും തടയണകളുടെയുംരൂപകൽപനയാണ് ഇപ്പോൾ ചെയ്യുന്ന പ്രധാന പണി. ഫീൽഡിൽനിന്ന് നൽകുന്ന വിവരങ്ങൾവെച്ച് ഓഫിസിലിരുന്ന് ഡിസൈൻ തയാറാക്കും. ഒടുവിൽ പണിയാൻ ചെല്ലുമ്പോൾ ഏഴ് മീറ്റർ ആഴം പറഞ്ഞിടത്ത് 14 മീറ്റർ ഉണ്ടാകും. വിചിത്രമാണ് ഇവരുടെയൊക്കെ പ്ലാനുകൾ!

ജലസേചന വകുപ്പിൽ പണി പൂർത്തിയാക്കിയതും അല്ലാത്തതുമായ പദ്ധതികളുടെ തണലിൽ കാര്യമായ പണിയില്ലാതെ ഇങ്ങനെ ഒട്ടേറെ എൻജിനീയർമാരുണ്ട്. ഇവരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാൻ പലരും ശ്രമിച്ചു. പക്ഷേ, നടന്നില്ല. കാരണം ഇവരുടെ സംഘബലംതന്നെ.

ജലസേചന വകുപ്പിൽ പല പദ്ധതിസ്ഥലങ്ങളിലും നിർമാണ ഘട്ടത്തിൽ അനുവദിച്ച പോസ്റ്റുകൾ അവ പൂർത്തീകരിച്ചിട്ടും ഇവരുടെ പ്രമോഷനുകൾക്കുവേണ്ടി മാത്രം നിലനിർത്തുകയാണ്. തൃശൂർ ജില്ലയിൽ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളിക് ഡിപ്പാർട്മെന്റിലും അനേകം പേർ കാര്യമായ പണിയൊന്നുമില്ലാതെ ശമ്പളം പറ്റി ജീവിക്കുന്നു. എൻജിനീയർമാരെ അന്വേഷിച്ച് ജില്ല ഓഫിസുകളിലും മറ്റും പോയാൽ അവർ ഫീൽഡിൽ പോയതാണെന്ന മറുപടിയാണ് നമുക്ക് സ്ഥിരമായി ലഭിക്കുക.

ഇപ്പോൾ ജലസേചന വകുപ്പിൽ 3251 എൻജിനീയർമാരുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ എൻജിനീയർമാരുടെ അഭാവം കാരണം കോൺട്രാക്റ്റ് ബേസിൽ എൻജിനീയർമാരെ എടുത്തുകൊണ്ടിരിക്കുകയാണിപ്പോൾ. ഒരു വർക്കിങ് അറേഞ്ച്മെന്റിലൂടെയെങ്കിലും ജലസേചന വകുപ്പിൽ കാര്യമായ പണിയില്ലാ ത്ത എൻജിനീയർമാരെ അങ്ങോട്ട് മാറ്റിനൽകാവുന്നതാണ്. പക്ഷേ, ആരോട് പറയാൻ? കടമെടുത്ത നമ്മുടെ ഖജനാവിൽനിന്ന് കോടികൾ ചോരുന്നതിൽ ആർക്കും ഒരു പരിഭവവുമില്ല.

അഞ്ച് പതിറ്റാണ്ടിൽ മുപ്പതിലേറെ ജലസേചന പദ്ധതികൾ വഴി കോടികളാണ് ഖജനാവിൽനിന്ന് ചോർന്നത്. അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതികളിൽ പലതും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പാതിവഴിയിലാണ്. ഈ പദ്ധതികളെല്ലാം കേരളത്തിൽ കൃഷി വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചവയാണ്. എന്നാൽ, കൃഷി വളർന്നി​െല്ലന്ന് മാത്രമല്ല തളരുകയാണ് ചെയ്തത്. വളർന്നത് കരാറുകാരും എൻജിനീയർമാരും ഇടനിലക്കാരും മാത്രം.

ഇടമലയാർ, കാരാപ്പുഴ, ബാണാസുര സാഗർ തുടങ്ങിയ പദ്ധതികൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. 1974ൽ മൂവാറ്റുപുഴ പദ്ധതി തുടങ്ങുമ്പോൾ അടങ്കൽ തുക 21 കോടി രൂപയായിരുന്നു. 2015ൽ പണി ഭാഗികമായി പൂർത്തീകരിച്ചപ്പോൾ 945 കോടിയായി. അടങ്കലിന്റെ 45 ഇരട്ടി. ഇടമലയാർ പദ്ധതി 1981ൽ തുടങ്ങുമ്പോൾ അടങ്കൽ 17 കോടി രൂപ. ഇനിയും പൂർത്തീകരിക്കാത്ത പദ്ധതിക്ക് 2018 വരെ ചെലവായത് 460 കോടി രൂപ. അടങ്കലിന്റെ 27 ഇരട്ടി. ചമ്രവട്ടം പദ്ധതി 1984ൽ 16 കോടി അടങ്കൽവെച്ച് തുടങ്ങി. ഇപ്പോൾ 150 കോടി കവിഞ്ഞു. പത്ത് മടങ്ങ്. ഇതുപോലെ ഓരോ ജലസേചന പദ്ധതി എടുത്താലും കോടികളാണ് ചോർന്നത്.

കുടിവെള്ളം ലഭിക്കാൻ വേനൽക്കാലത്ത് വൻതുക ചെലവാക്കി ബണ്ട് കെട്ടൽ പ്രക്രിയ പാലം വന്നതിന് ശേഷവും ചമ്രവട്ടത്ത് വീണ്ടും തുടരുന്നു. ഇവിടെ നമുക്ക് മനസ്സിലാകുന്ന ഒരു യാഥാർഥ്യമുണ്ട്. നിർമാണ മേഖലയിലെ അഴിമതി ഏത് സർക്കാർ വിചാരിച്ചാലും ഇല്ലായ്മ ചെയ്യാൻ കഴിയില്ല എന്നതിന് ചമ്രവട്ടം പദ്ധതി സാക്ഷ്യമാണ്. ഒരു പാലാരിവട്ടം പാലം മാത്രമല്ല, ഒട്ടുമിക്ക വൻകിട നിർമാണത്തിലും അഴിമതി കൊടികുത്തിവാഴുകയാണ്. കിഫ്ബി വഴി പണിത വൻകിട കെട്ടിടങ്ങളും മെട്രോമാൻ ശ്രീധരന്റെ മേൽനോട്ടത്തിൽ പണിത കൊച്ചി മെട്രോ പോലും അഴിമതിയിൽ കുരുങ്ങിയിരിക്കുകയാണ്. ഈ അഴിമതി വൃത്തത്തിൽനിന്ന് എന്ന് നമുക്ക് മോചനം ലഭിക്കും?

(മുൻ ഗവ. അഡീഷനൽ സെക്രട്ടറിയാണ്​ ലേഖകൻ. ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ എന്ന ഒാർമക്കുറിപ്പുകൾ അടുത്ത്​ പ്രസിദ്ധീകരിച്ചു)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT