യാഥാർഥ്യങ്ങളെ ദൃശ്യാന്തരംചെയ്ത മീഡിയ ആക്ടിവിസ്റ്റ്

ആക്ടിവിസ്​റ്റും ഡോക്യുമെന്ററി സംവിധായകനുമായ കെ.പി. ശശി വിടവാങ്ങിയിട്ട്​ ഡിസംബർ 25ന്​ ഒരു വർഷം തികയും. കെ.പി. ശശിയെയും അദ്ദേഹത്തി​ന്റെ പ്രവർത്തനങ്ങളെയും ഓർക്കുകയാണ്​ സുഹൃത്തായ ലേഖകൻ. മീഡിയ ആക്ടിവിസത്തെ പിന്തുടരാൻ താൽപര്യമുള്ള പുതുതലമുറക്ക് സമ്പൂർണമായ സ്കൂളും പാഠശാലയും മാതൃകയുമായിരിക്കും കെ.പി. ശശിയെന്ന്​ എഴുതുന്നു.‘‘കവിത കലാപത്തിന്റെ ഭാഷയല്ല കലാപം കവിതയാണ്...’’ ദലിത് ആദിവാസി അവകാശ പോരാട്ടങ്ങളുടെ സന്ദർഭത്തിൽ എഴുത്തുകാരനായ ജി. ശശി മധുരവേലി എഴുതിയ ‘കവി’ത എന്ന കവിതയിലെ വരികളാണിത്. ഈ വരികൾ മനസ്സിൽ വരുമ്പോഴെല്ലാം പലപ്പോഴും ഓർമയിൽ തെളിയുക കെ.പി. ശശി എന്ന പ്രതിഭാധനനായ...

ആക്ടിവിസ്​റ്റും ഡോക്യുമെന്ററി സംവിധായകനുമായ കെ.പി. ശശി വിടവാങ്ങിയിട്ട്​ ഡിസംബർ 25ന്​ ഒരു വർഷം തികയും. കെ.പി. ശശിയെയും അദ്ദേഹത്തി​ന്റെ പ്രവർത്തനങ്ങളെയും ഓർക്കുകയാണ്​ സുഹൃത്തായ ലേഖകൻ. മീഡിയ ആക്ടിവിസത്തെ പിന്തുടരാൻ താൽപര്യമുള്ള പുതുതലമുറക്ക് സമ്പൂർണമായ സ്കൂളും പാഠശാലയും മാതൃകയുമായിരിക്കും കെ.പി. ശശിയെന്ന്​ എഴുതുന്നു.

‘‘കവിത കലാപത്തിന്റെ ഭാഷയല്ല

കലാപം കവിതയാണ്...’’

ദലിത് ആദിവാസി അവകാശ പോരാട്ടങ്ങളുടെ സന്ദർഭത്തിൽ എഴുത്തുകാരനായ ജി. ശശി മധുരവേലി എഴുതിയ ‘കവി’ത എന്ന കവിതയിലെ വരികളാണിത്. ഈ വരികൾ മനസ്സിൽ വരുമ്പോഴെല്ലാം പലപ്പോഴും ഓർമയിൽ തെളിയുക കെ.പി. ശശി എന്ന പ്രതിഭാധനനായ മനുഷ്യസ്നേഹിയെയാണ്.

ഇന്ത്യയിൽ പൊതുവെ പ്രതിഭയുള്ള മനുഷ്യർക്ക്‌ സാമൂഹിക പ്രിവിലേജുകളുടെ പശ്ചാത്തലംകൂടി ഉണ്ടെങ്കിൽ അവരുടെ ഏത് മേഖലയിലും വളരെ പെട്ടെന്ന് ഔന്നത്യവും വിജയവും അന്തസ്സും നേടിയെടുക്കാൻ കഴിയും. എല്ലാ സൗകര്യങ്ങളും പ്രിവിലേജുകളും എ​െന്നന്നേക്കുമായി ഏറ്റവും സാധാരണമായി ഉപേക്ഷിച്ചു തെരുവും അതിന്റെ അനാഥരായ ജനതയെയും അവരുടെ വേദനകളും/ ജീവിത സംഘർഷങ്ങളും ക്ലേശങ്ങളും/ദുരിതങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും അഭിസംബോധന ചെയ്ത ബുദ്ധപഥത്തിന്റെ ചേർച്ച/ സാമ്യത കെ.പി. ശശിയെന്ന ശശിയേട്ടനിൽ ഞാൻ കണ്ടിരുന്നു.

ഇവിടെ ചേർത്തുവെക്കുന്ന ബുദ്ധന് വരേണ്യമുഖ്യധാര സൗന്ദര്യശാസ്ത്രം ഉൽപാദിപ്പിച്ച സൗമ്യ / ധ്യാന /പത്മാസന / ദിവ്യ/ ആത്മീയ ചിഹ്നരൂപമല്ല ഉള്ളത്, മറിച്ച് ഏറ്റവും ചലനാത്മകവും പ്രവർത്തനനിരതവും സാമൂഹിക പുനർനിർമാണത്തിന് ചാലകശക്തിയും പ്രബുദ്ധതയും ആയിത്തീർന്ന ബുദ്ധൻ ആണ്. ബുദ്ധന്റെ സാമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങളെ വീണ്ടെടുക്കാൻ വേണ്ടിയുള്ള അംബേദ്കറിന്റെ ശ്രമങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇന്ത്യയുടെ ആദ്യത്തെ സാമൂഹിക ജനാധിപത്യത്തിന്റെയും വിമർശന സാമൂഹികതയുടെയും (critical social) മൂർത്തമായ പ്രതീകമാണ് ബുദ്ധൻ.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരന്റെ മകൻ, ഇന്ത്യയിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (JNU) ’70കളിലെ വിദ്യാർഥി, മുതിർന്ന പത്രസ്ഥാപനത്തിലെ കാർട്ടൂണിസ്റ്റ് എന്ന ഔദ്യോഗിക ജീവിതം തുടങ്ങിയ പ്രിവിലേജുകൾ മാത്രം മതിയാവും കെ.പി. ശശിക്ക് സുരക്ഷിതമായ വ്യക്തിജീവിതം പടുത്തുയർത്താൻ. വലിയ അധികാരസ്ഥാനങ്ങളിലേക്കോ ഉന്നതപദവികളിലേക്കോ മറ്റു ബ്യൂറോക്രസിയിലെ സ്വാധീനങ്ങളിലേക്കോ തന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ടില്ല കെ.പി. ശശി. മരണം വരെ എത്തിക്സ് എന്ന മൂല്യത്തെ ഒരു വിട്ടുവീഴ്ചക്കും തയാറാവാതെ ഉയർത്തിപ്പിടിച്ചു. ഭരണകൂടത്തിന്റെയും കോർപറേറ്റ് ലോബികളുടെയും നുണപ്രചാരണങ്ങൾക്കും അധിനിവേശങ്ങൾക്കും എതിരെ അടിച്ചമർത്തപ്പെട്ടവരുടെ (oppressed race) മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടു.

ഇന്ത്യൻ ഗ്രാമീണ ജനതയുടെ അരക്ഷിതമായ ജീവിതങ്ങൾ/ സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികൾ/ ദുർബലരുടെ/ സ്ത്രീത്വത്തിന്റെ / ലിംഗ നീതിയുടെ പ്രശ്നങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ അടരുകളെ തെരുവ് എന്ന വലിയ തുറസ്സിന്റെ മധ്യേ നിന്നു ഏറ്റവും ജനകീയമായി, സമാന്തരമായി, ക്രിയേറ്റിവായി ശശിയേട്ടൻ അഡ്രസ് ചെയ്തു. ഒട്ടും കംഫർട്ടല്ലാത്ത, വെല്ലുവിളികൾ നിറഞ്ഞ, വേണ്ടത്ര ഭൗതിക സാഹചര്യങ്ങൾ ഇല്ലാതിരുന്നിട്ടും ഏറ്റവും കംഫർട്ടായ സർഗാത്മകതയിലും വിപുലമായ സൗഹൃദത്തിലും നിരന്തരം സജീവമായി സാധാരണ ജനതയുടെ നീതിക്കും അവകാശങ്ങൾക്കുമായി പ്രതിരോധത്തിന്റെ കലാപത്തെ കവിതയാക്കി മാറ്റി ശശിയേട്ടൻ.

 

കെ.പി. ശശി വരച്ച കാർട്ടൂണുകൾ

‘അമേരിക്ക അമേരിക്ക’ എന്ന മ്യൂസിക് വിഡിയോ ആദ്യമായി കാണുന്നത് ചങ്ങനാശ്ശേരിയിലെ സി.എസ്. ഐ യൂത്ത് സെന്ററിൽ വെച്ചായിരുന്നു. കേരളത്തിന്റെ മതേതര സമൂഹത്തിനും കീഴാള സാമൂഹിക പ്രസ്ഥാനങ്ങൾക്കും നിസ്തുലങ്ങളായ സംഭാവനകൾ നൽകിയ സ്ഥലമാണ് യൂത്ത്‌ സെന്റർ. 1980കളിൽ സി.എസ്.ഐ സഭയിൽ ജനാധിപത്യ പങ്കാളിത്തമുന്നയിച്ച് ദലിതർ പ്രത്യക്ഷ സമരങ്ങൾ ആരംഭിക്കുകയും അത് അന്തർദേശീയ തലത്തിൽതന്നെ ശ്രദ്ധേയമാകുകയും ചെയ്തു. ജനകീയ വിമോചന വിശ്വാസ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭം വിമോചന ദൈവശാസ്ത്രത്തിന്റെയും ദലിത് വൈജ്ഞാനിക/ നവ ജനാധിപത്യ ബോധ്യങ്ങളുടെയും വിമോചനത്തിന്റെയും ആശയങ്ങളിൽ പ്രേരിതമായിരുന്നു. കേരളത്തിന്റെ ഒട്ടുമിക്ക പുരോഗമന പ്രസ്ഥാനങ്ങളുടെയും സോഷ്യൽ ആക്ടിവിസ്റ്റുകളുടെയും സമാന്തര കലാ സാംസ്കാരികാവിഷ്കാരങ്ങളുടെയും പൊതു ഇടമായിരുന്നു സി.എസ്.ഐ യൂത്ത് സെന്റർ.

കെ.പി. ശശി എന്ന മനുഷ്യാവകാശ പ്രവർത്തകനെ/ കലാകാരനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് ഇവിടെ വെച്ചാണ്. ജെയിംസ് എച്ച്. കോണ്‍ (കറുത്ത ദൈവശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്), ഡോ. പ്രകാശ് അംബേദ്കർ, അസ്ഗർ അലി എൻജിനീയർ, ഡോ. എം.എം. തോമസ്, ഫാദർ എം.ജെ. ജോസഫ്, കല്ലറ സുകുമാരൻ, പ്രഫ. ടി.എം. യേശുദാസൻ, പി. ഗോവിന്ദപ്പിള്ള, ബിഷപ്പ് പൗലോസ് മാർ പൗലോസ്, പോൾ ചിറക്കരോട്, കുമരകം ബാബു, സി.ജെ. കുട്ടപ്പൻ, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, സണ്ണി കവിക്കാട് (കവി), സണ്ണി എം. കപിക്കാട് തുടങ്ങിയവരുടെ സൈദ്ധാന്തിക/സാമൂഹിക/ രാഷ്ട്രീയ സംവാദങ്ങൾക്കും ചർച്ചക്കും ആവിഷ്കാരങ്ങൾക്കും സാന്നിധ്യം ലഭിച്ച സോഷ്യൽ സ്പേസ് (social space) കൂടിയായിരുന്നു സി.എസ്.ഐ യൂത്ത് സെന്റർ. അവിടെ മീഡിയ പ്രവർത്തകനും സാമൂഹിക ചിന്തകനുമായ ഷിബി പീറ്ററുടെ കമ്പ്യൂട്ടറിൽ യൂട്യൂബും മറ്റ് സോഷ്യൽ മീഡിയ സംവിധാനങ്ങളും ഇല്ലാതിരുന്ന സമയത്താണ് ‘അമേരിക്ക അമേരിക്ക’ എന്ന ശശിയേട്ടന്റെ മ്യൂസിക് വിഡിയോ കാണുന്നത്.

നാലു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഫാഷിസ്റ്റ്/ ന്യൂക്ലിയർ/ ബോംബിങ്/ യുദ്ധവിരുദ്ധ മ്യൂസിക് വിഡിയോ ഷിബി പീറ്ററുടെ അടുത്ത് പോകുമ്പോൾ എല്ലാം പലയാവർത്തി കണ്ടിരുന്നു. വളരെ പ്രചോദനകരമായ ഡോക്യുമെന്ററി ആയിരുന്നു അത്. അമേരിക്കയിലെ ഫാഷിസ്റ്റ് ഭരണകൂട നീക്കങ്ങൾക്കെതിരെയുള്ള കാമ്പയിനിങ്ങിൽ ശശിയേട്ടന്റെ ഈ ഡോക്യുമെന്ററി പ്രചാരണായുധമാക്കിയിരുന്നതായി ഞാൻ കേട്ടിരുന്നു. ശശിയേട്ടനെ ഉടനെതന്നെ നേരിൽ കാണണം എന്ന് ആഗ്രഹിച്ചു.

93 മുതലാണ് അവ്യവസ്ഥിതങ്ങളായ എന്റെ യാത്രകളും അലച്ചിലുകളും പ്രവാസങ്ങളും തുടങ്ങുന്നത്. കലാ പ്രവർത്തനങ്ങളും സന്നദ്ധ സേവന പ്രവർത്തനങ്ങളും ജോലിതേടലും ആക്ടിവിസവുമായി ഇന്ത്യയിലെമ്പാടും യാത്രചെയ്യുകയും താമസിക്കുകയും ചെയ്തു. തമിഴ്നാട്ടിലും, ആന്ധ്രപ്രദേശിലും കർണാടകയിലും ഒഡിഷയിലും ഡൽഹിയിലും തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ. ചിലയിടത്തു നോൺ ഗവൺമെന്റ് ഓർഗനൈസേഷനിൽ കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്തു. ചില ഇടത്ത് കലാ ക്യാമ്പുകൾ/ എക്സിബിഷൻ തുടങ്ങിയവയുടെ ഭാഗമായി.

 

ചിലയിടത്ത് സിനിമ, ഡോക്യുമെന്ററി കലാസംവിധായൻ/ സഹായി, ചിലയിടത്ത് ആദിവാസി ദലിത് ഭൂസമരങ്ങളുടെ/ അവകാശ പ്രക്ഷോഭങ്ങളുടെ ഭാഗമായി, ചിലയിടത്ത് ആദിവാസി സാംസ്കാരികോത്സവങ്ങളോടൊപ്പം, ചിലയിടത്ത് സ്കെച്ച് ബുക്കുമായി അലഞ്ഞു/ചിലയിടത്ത് ആത്മീയ/ തീർഥാടന/ കേന്ദ്രങ്ങളിൽ, ശാന്തിനികേതൻ / ഫേൺഹിൽ/ അഡയാർ കൃഷ്ണമൂർത്തി ഫൗണ്ടേഷൻ തുടങ്ങിയ അറിവുകേന്ദ്രങ്ങളിൽ. ഈ സ്വകാര്യ ചരിതം കുറിക്കാനുള്ള സാംഗത്യം ഈ കാലയളവിൽ ഞാൻ കണ്ടുമുട്ടിയവർ പരിചയപ്പെട്ടവർ പലരുംതന്നെ മുന്നേ ശശിയേട്ടന്റെ സൗഹൃദത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ളവരായിരുന്നു. എന്റെ പേരും ശശി എന്നായതിനാൽ ശശിയേട്ടനെ നേരിൽ കാണാത്തവർ പലരും കെ.പി. ശശിയാണെന്ന് വിചാരിച്ചു എന്നോടു സംസാരിച്ചിട്ടുണ്ട്.​

ശശിയേട്ടനിലേക്ക് അടുക്കാനുള്ള പാലം

മുംബൈയിൽ പ്രവർത്തിക്കുന്ന വികാസ് അധ്യായൻ കേന്ദ്രവും പ്രസിദ്ധ സൈദ്ധാന്തികനായ ഗോപാൽ ഗുരു തുടങ്ങിയവരും നേതൃത്വം കൊടുക്കുന്ന ദലിത് ഇന്റലക്ച്വൽ കലക്ടിവ്‌സും (DIC) കേരള ലളിതകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ചിരുന്ന സൗത്ത് ഇന്ത്യൻ പെയിന്റേഴ്സ് ക്യാമ്പുകൾ പലപ്പോഴായി വാഗമണ്ണിലെ ആശാ സദനിൽവെച്ച് നടക്കാറുണ്ടായിരുന്നു. ലാറി ബേക്കർ നിർമിച്ച മനോഹരങ്ങളായ വീടുകളുടെ/ കോട്ടേജുകളുടെ സമുച്ചയമാണ് ആശാ സദൻ. ഇന്ത്യയിൽ ചില പ്രധാന കേന്ദ്രങ്ങളിൽ ഈ ക്യാമ്പുകളിലെ പെയിന്റിങ്ങുകളുടെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടു പ്രാവശ്യം ഡോ. ജോർജ് കെ. അലക്സിനോടും ഡോ. എം.ബി. മനോജിനോടുമൊപ്പം ചിത്രകലാ ക്യാമ്പിന്റെ കോഓഡിനേറ്റർമാരിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു.

ഡി. വിനയചന്ദ്രൻ, പ്രഫ. ടി.എം. യേശുദാസൻ, രാഘവൻ അത്തോളി, പി.ജെ. ബിനോയ്, അജയ് ശേഖർ, എസ്. ജോസഫ്, കെ.കെ. ബാബുരാജ്, എൻ.എം. റിംസൺ, രാജൻ എം. കൃഷ്ണൻ, സക്കീർ ഹുസൈൻ, രതീദേവി, തോലിൽ സുരേഷ്, അനിരുദ്ധ് രാമൻ, എം.ആർ. രേണുകുമാർ, ബിനു എം. പള്ളിപ്പാട്, ഷാജി ചേലാട്, ശാന്തൻ, വി.വി. വിനു, ബൈജു നീണ്ടൂർ, കമൽ കഞ്ഞിലാൻ, പ്രസാദ് കുമാർ, വേണു, ജയലാൽ, മിനൻ, തബലിസ്റ്റ് ഹരിനാരായണൻ, സി.ജെ. കുട്ടപ്പൻ, എം.ടി. ജയൻ, ബാബു തൂമ്പൻ, സുബ്രമണ്യൻ കനവ്, രമേഷ് വയനാട് തുടങ്ങിയവർ വ്യത്യസ്ത ക്യാമ്പുകളുടെ സാന്നിധ്യങ്ങളായിരുന്നു.

2008ൽ ‘Breaking the Long Silence’ എന്ന പേരിൽ നടന്ന പെയിന്റിങ് ക്യാമ്പിനെക്കുറിച്ച് അതേ പേരിൽ തന്നെ മുസ്തഫ ദേശമംഗലം ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. കെ.പി. ശശിയുടെ സഹപ്രവർത്തകനായിരുന്ന മുസ്തഫ ദേശമംഗലം ക്യാമ്പിൽ താമസിച്ചാണ് ഈ വിഡിയോ ഡോക്യുമെന്റേഷൻ ചെയ്തത്. ഈ സമയങ്ങളിൽ ശശിയേട്ടന്റെ സമാന്തര സിനിമാലോകത്തെക്കുറിച്ചും മീഡിയ ആക്ടിവിസത്തെക്കുറിച്ചും മുസ്തഫ ഷെയർ ചെയ്തിരുന്നു. മറ്റൊന്ന്​ ശശിയേട്ടന്റെ അടുത്ത സുഹൃത്തായ സതീഷ് കെയുടെ ‘Nothing about us without us’ എന്ന ഡോക്യുമെന്ററിയുടെ സഹായിയായി ഞാൻ വർക്ക് ചെയ്തിരുന്നു.

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കലായാത്ര ‘നവയാനം’ കാസർകോട് നിന്നും തിരുവനന്തപുരം വരെ സംഘടിപ്പിച്ചിരുന്നു. ഡോ. ഗീവർഗീസ് മോർ കൂറിലോസ് നേതൃത്വം കൊടുക്കുന്ന തീരം എന്ന സന്നദ്ധ സംഘടനയായിരുന്നു ഈ സാംസ്കാരിക യാത്ര കോഓഡിനേറ്റ് ചെയ്തിരുന്നത്. ഈ യാത്രയിലുടനീളം ഞാനും സതീഷും ഉണ്ടായിരുന്നു. ശശിയേട്ടനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ആവേശത്തോടെയല്ലാതെ സതീഷ് സംസാരിച്ചിരുന്നില്ല. ഐതിഹ്യകഥകൾ പറയുന്നതുപോലെ കെ.പി. ശശിയെക്കുറിച്ചുള്ള ആഖ്യാനം തുടരുകയും ആവർത്തിക്കുകയും ചെയ്യും.

 

2010 ജനുവരിയിൽ അഡയാറുള്ള MIDSൽ (Madras Institute of Development Studies) മാൽക്കം ആദിശേഷയ്യാ സെന്റിനറി സെലിബ്രേഷന്റെ ഭാഗമായി പെയിന്റിങ് എക്സിബിഷനും ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലും സെമിനാറും Imaging Dalit Reality- Politics & Visual Representations എന്ന പേരിൽ സംഘടിപ്പിച്ചിരുന്നു. MIDSലെ അധ്യാപകനായ ഡോ. സി. ലക്ഷ്മണൻ ആയിരുന്നു ഈ പ്രോഗ്രാമിന്റെ കോഓഡിനേറ്റർ. മുസ്തഫയുടെ ‘Breaking the Long Silence’ എന്ന ഡോക്യുമെന്ററിയിൽ കീഴാള കലാ സാംസ്കാരിക/രാഷ്ട്രീയ പ്രതിനിധാനത്തെയും സമകാലിക പ്രസക്തിയെയും കുറിച്ചും ഡോ. സി. ലക്ഷ്മണൻ സംസാരിച്ചിട്ടുണ്ട്. ശശിയേട്ടനും സുഹൃത്തുക്കളായ ആർ. പി. അമുദ്ദൻ, സി. ശരത് ചന്ദ്രൻ, ബാബുരാജ് പാണ്ഡവത്ത്, മുസ്തഫ ദേശമംഗലം തുടങ്ങിയ ഡോക്യുമെന്ററി ഫിലിം മേക്കേഴ്സും MIDSലെ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തു.

ഇവരെ കൂടാതെ, ഡോ. ആനന്ദ് തെൽതുംബ്ഡെ, കലാ സാമൂഹിക ചിന്തകരായ പ്രഫ. സദാനന്ദ് മേനോൻ, പ്രഫ. മരിയ സാലേത്ത്, തിയോഡർ ഭാസ്കരൻ, പ്രഫ. മാധവ് പ്രസാദ് തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു. ചിത്രപ്രദർശനം ഡോ. തെൽതുംബ്ഡെ ഉദ്ഘാടനംചെയ്തു. പരസ്പരം ആമുഖങ്ങൾ ആവശ്യമില്ലാതെ പൂർവ ബന്ധങ്ങൾപോലെ ഞാനും ശശിയേട്ടനുമായുള്ള ആഴമുള്ള സൗഹൃദം MIDSൽവെച്ച് ദൃഢമായി.

ഇവിടെവെച്ച് സമകാലിക ദലിത് കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ (പരിഭാഷ: ഡോ. അജയ് ശേഖർ/ എഡിറ്റേഴ്സ്: ഡോ. എം.ബി. മനോജ്, ഡോ. ജോർജ് കെ. അലക്സ്) ‘Writing in the Dark’ എന്ന ബുക്കിനായി ഞാൻ വരച്ച ചിത്രങ്ങൾ ശശിയേട്ടൻ കണ്ടിരുന്നു. ഈ ചിത്രങ്ങളിലെ ചിത്രീകരണ ശൈലി ഇഷ്ടപ്പെട്ട അദ്ദേഹം നമുക്കൊരുമിച്ച് ചില വർക്കുകൾ ചെയ്യണമെന്ന് പറഞ്ഞു. മനസ്സിൽ ഉണ്ടായിരുന്ന ചില ​പ്രോജക്ടുകൾ ശശിയേട്ടൻ ഷെയർ ചെയ്തു. ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിന്റെ ഭാഗമായി ശശിയേട്ടന്റെ 25 മിനിറ്റ് ദൈർഘ്യമുള്ള ‘In The Name of Medicine’ പ്രദർശിപ്പിച്ചു. ഇന്ത്യയിലെ മരുന്നു വിപണിയുടെ നൈതികതയെ ഈ ഡോക്യുമെന്ററി ചോദ്യം ചെയ്യുന്നു. ഏറ്റവും അപകടം നിറഞ്ഞതും നിരോധിക്കപ്പെട്ടതുമായ ഫാർമസ്യൂട്ടിക്കൽ മരുന്നുകളെക്കുറിച്ച് ഇവിടെ വിമർശനാത്മകമായി പ്രതിപാദിക്കുന്നു.

കണ്ഡമാൽ ഐക്യദാർഢ്യ കാമ്പയിൻ

2008ലാണ് ഒഡിഷയിലെ കണ്ഡമാലിൽ ഇന്ത്യയെ നടുക്കിയ വർഗീയ കലാപങ്ങൾ/ വർഗ നിഗ്രഹങ്ങൾ (Genocide) ഹിന്ദുത്വ മൗലികവാദശക്തികൾ തുടങ്ങിവെച്ചത്​. ആസൂത്രിതമായ ആക്രമണങ്ങളായിരുന്നു. 2010ലും കലാപം അണയാതെ കത്തിനിന്നു. ശശിയേട്ടൻ ബാംഗ്ലൂരിൽനിന്നും വിളിച്ചു. വർഗീയ കലാപത്തിൽ തകർന്ന കണ്ഡമാലിൽ അവിടത്തെ പൂർവികരായ ദലിത്/ ആദിവാസി​/ ക്രൈസ്തവ ജനതക്ക് സാധാരണമായ സ്വൈരജീവിതവും സമാധാനവും പുലരാനും ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും ശശിയേട്ടന്റെ ഇനിഷ്യേറ്റിവിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കണ്ഡമാൽ ഐക്യദാർഢ്യ കാമ്പയിന്റെ ഭാഗമായി ഒഡിഷയിൽ പോകാനും കലാപാനന്തര കണ്ഡമാലിനെ ചിത്രം വരച്ച് പൊതുധാരയിൽ പ്രദർശിപ്പിക്കണമെന്നും എന്നോട് പറഞ്ഞു. ഒഡിഷ ​െഡവലപ്മെന്റ് ഫോറത്തിന്റെ (ODAF). ഡയറക്ടർ വില്യം സ്റ്റാൻലി എന്റെ പ്രോഗ്രാമിനെ സപ്പോർട്ട് ചെയ്യുമെന്നും പറഞ്ഞു.

വില്യം സ്റ്റാൻലി എന്റെ പഴയ ബോസ് ആയിരുന്നു. അദ്ദേഹം ഡയറക്ടറായ IRDWSI (Integrated Rural Development of Weaker Section in India) യുടെ പ്രധാന ഓഫിസ് ഒഡിഷയിലെ കൊറാപ്പുട്ടിൽ സെമിലിഗുഡയിലാണ്. മാൽക്കം ഗിരി/ കൊറാപ്പുട്ട്/ റായ് ഗാഡ എന്നീ ജില്ലകൾ സമ്പൂർണമായും ആദിവാസി ഗോത്രമേഖലകളാണ്. പ്രധാനമായും ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു IRDWSIയുടെ പ്രവർത്തനങ്ങൾ. ആയിരത്തിലധികം വരുന്ന ഗ്രാമങ്ങൾ/ വ്യത്യസ്തങ്ങളായ ഗോത്രവിഭാഗങ്ങൾ/വൈവിധ്യങ്ങളായ കലാ സംസ്കാരങ്ങൾ/ ആചാരനുഷ്ഠാനങ്ങൾ / സവിശേഷങ്ങളായ വേഷഭൂഷാദികൾ... നിലനിൽപിനായുള്ള പ്രതിരോധങ്ങൾ (മൈനിങ് കമ്പനികളുടെ നിഴലുകൾ ഗോത്രമണ്ണിൽ പതിഞ്ഞു തുടങ്ങിയിരുന്നു.) രണ്ടു വർഷം ഈ പ്രദേശങ്ങളിൽ താമസിക്കുകയും വർക്ക് ചെയ്യുകയും ചെയ്തു ഞാൻ.

 

ആദിവാസി ഗോത്രകലയും സവിശേഷങ്ങളായ സംസ്കാരങ്ങളും വരകളിലൂടെ ഡോക്യുമെന്റ് ചെയ്യുക എന്നതായിരുന്നു എന്റെ ജോലി. IRDWSIയുടെ വിവിധ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ശശിയേട്ടൻ ഇവിടെ വന്നിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു. ചില ആൽബങ്ങളിൽ ശശിയേട്ടന്റെ ചിത്രങ്ങൾ ഞാൻ കണ്ടിരുന്നു. ഒഡിഷയിലെ ഗോത്രഭൂമിയുമായിട്ടുള്ള എന്റെ പൂർവബന്ധം കണ്ഡമാൽ യാത്രക്ക് സഹായകരമായി.

കണ്ഡമാൽ യാത്ര / കാഴ്ച

2010 മാർച്ചിൽ ശശിയേട്ടന്റെ നിർദേശപ്രകാരം ഞാനും ചെന്നൈ ഫൈൻ ആർട്സ് ​െഗസ്റ്റ് ലെക്ചറർ വെങ്കിടേശനും ചേർന്ന് കണ്ഡമാലിലേക്ക് പോയി. ഒരു മാസക്കാലം കണ്ഡമാലിൽ താമസിക്കുകയും കലാപം നടന്ന ഗ്രാമങ്ങളിലൂടെ ഞങ്ങൾ യാത്രചെയ്യുകയും ചെയ്തു. ശശിയേട്ടന്റെ സുഹൃത്തുക്കളായ ഫാദർ അജയ് സിങ്/ ദീരേന്ദ്ര പാണ്ഡേ / ഉദ്കൽനായക് /ബൈകുന്ത് ദീഗൽ തുടങ്ങിയവർ എല്ലാവിധ സഹായങ്ങളും ചെയ്തു തന്നു.

കത്തിവെന്ത ഗ്രാമങ്ങൾ/അറുകൊലക്ക് വിധേയരായവരുടെ ബന്ധുജനങ്ങൾ/ ഭാഗികമായി ജീവൻ തിരികെ ലഭിച്ച് അംഗഭംഗം വന്നവർ/ ദുരിതക്ലേശങ്ങളിൽ മരണത്തോട് മല്ലടിക്കുന്ന വൃദ്ധജനങ്ങൾ/ കുട്ടികൾ നഷ്ടപ്പെട്ട അമ്മമാർ/ ലൈംഗിക പീഡനങ്ങൾക്ക് ഇരകളായി നോർമൽ ജീവിതം അസാധ്യമായവർ, തകർക്കപ്പെട്ട് തരിപ്പണമായ നിരവധി ദേവാലയങ്ങൾ/ സ്കൂളുകൾ/ അംഗൻവാടികൾ/ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ/സന്നദ്ധ സേവന കേന്ദ്രങ്ങൾ അങ്ങനെ അങ്ങനെ... കണ്ഡമാലിലെ ദുരിതക്കാഴ്ചകളുടെ യാഥാർഥ്യം 2010ലും പുനരധിവാസമോ സാധാരണ ജീവിതങ്ങളോ ഇല്ലാതെ അപരിഹാരമായി തുടരുന്നു എന്നുള്ളതാണ്. ആസൂത്രിത ആക്രമണങ്ങൾക്ക് നേരിട്ട് പങ്കെടുത്തവർ കുറ്റവാളികളോ ക്രിമിനൽ പ്രതികളോ ആവാതെ കണ്ഡമാലിൽ സ്വൈരവിഹാരം നടത്തുന്നു എന്നുള്ളതും ഒരു ദുരന്തമായി അവശേഷിക്കുന്നു.

കലാപാനന്തര കണ്ഡമാലിനെ ബന്ധപ്പെട്ട് ഞാനും വെങ്കിടേശനുമായി ചേർന്ന് നാൽപതോളം ഡ്രോയിങ്ങുകൾ പൂർത്തിയാക്കി ശശിയേട്ടന് സ്കാൻ ചെയ്തു അതിന്റെ സോഫ്റ്റ് കോപ്പികൾ അയച്ചുകൊടുത്തു. ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ കണ്ഡമാൽ ഫോട്ടോഗ്രാഫുകളും വിഡിയോ ഫുട്ടേജുകളും പോസ്റ്ററുകളും ഞങ്ങളുടെ ഡ്രോയിങ്ങുകളും കാമ്പയിന്റെ ഭാഗമായി പ്രദർശിപ്പിക്കപ്പെട്ടു. ഓൺലൈൻ എക്സിബിഷനുകൾ അനിവർ അരവിന്ദ് കോഓഡിനേറ്റ് ചെയ്തു. മേധാ പട്കർ, ഗുൽസാഗർ, ജാവേദ് അക്തർ, ശബ്നാ ആസ്മി, ഷബ്നം ഹാഷ്മി (സഫ്ദർ ഹശ്മിയുടെ സഹോദരി), ആനന്ദ് പട് വർധൻ, ബിനായക സെൻ, ഡോ. രാം പുനിയാനി തുടങ്ങിയവരെ ഈ കാമ്പയിന്റെ ഭാഗമാക്കാൻ ശശിയേട്ടന് കഴിഞ്ഞു എന്നുള്ളത് ശശിയേട്ടന്റെ വ്യക്തിബന്ധത്തിന്റെ വ്യാപ്തിയെയും ഇഷ്യൂസിനോടുള്ള ആർജവത്തെയും തുറന്നുകാട്ടുന്നു.

കണ്ഡമാലിനെക്കുറിച്ച് എന്റെയും ശശിയേട്ടന്റെയും ദീർഘമായ ആർട്ടിക്കിൾ ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വന്നു. എല്ലാ ഡിസംബർ മാസത്തിലും കണ്ഡമാൽ അനുസ്മരണങ്ങൾ ‘Call for the protest’ എന്ന പേരിൽ കേരളത്തിലും കേരളത്തിന്റെ വെളിയിലും സംഘടിപ്പിക്കാൻ ചില പ്രധാന പുരോഗമന പ്രസ്ഥാനങ്ങളെ ശശിയേട്ടൻ സന്നദ്ധരാക്കാറുണ്ട്.

 

കേരളത്തിൽ സോളിഡാരിറ്റി എന്ന സംഘടന പല കാലങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ, സവിശേഷമായ ഇടപെടലുകൾ നടത്തിയിരുന്നു. കണ്ഡമാൽ കലാപഭൂമിയുമായി എനിക്കുള്ള ബന്ധത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ Call for the protestൽ പലപ്പോഴായി എന്നെയും ക്ഷണിച്ചിട്ടുണ്ട്. ഒരുപക്ഷേ ശശിയേട്ടൻ ഏറ്റവും കൂടുതൽ എ​ഫർട്ട് എടുത്തതും കൂടുതൽ എനർജി നൽകിയതുമായ മനുഷ്യാവകാശ പോരാട്ടങ്ങളിൽ ഒന്നായിരുന്നു കണ്ഡമാൽ.

കണ്ഡമാലിലെ കമ്യൂണൽ കലാപങ്ങളെയും അതിന്റെ സോഷ്യൽ ബയോഗ്രഫിയെയും കുറിച്ച് 2016ൽ 95 മിനിറ്റ് ദീർഘമായ ഡോക്യുമെന്ററി ‘Voices from the Ruins’ എന്ന പേരിൽ ശശിയേട്ടൻ പുറത്തിറക്കിയിരുന്നു. അനവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ടാണ് ഈ ഡോക്യുമെന്ററി ശശിയേട്ടൻ പൂർത്തീകരിച്ചത്. ഈ ഡോക്യുമെന്ററി അനവധിയായ ബഹുജന സംവാദങ്ങളിലേക്ക് ക്ഷണിക്കുന്നതും മാനുഷികത ഉള്ളവരെ ഹൃദയഭേദകമായി അസ്വസ്ഥപ്പെടുത്തുന്നതുമാണ്. എന്റെ കണ്ഡമാൽ ചിത്രങ്ങൾ ഈ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിട്ടുണ്ട്.

ഗുജറാത്ത് കലാപത്തിന് സമാനമായ വംശഹത്യതന്നെയായിരുന്നു കണ്ഡമാലിലും. ശശിയേട്ടൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ സമാനമായ ആസൂത്രിത ആക്രമണങ്ങൾ നടക്കുന്ന മണിപ്പൂരിലേക്കും വണ്ടി കയറിയേനെ.

വിബ്ജിയോർ: വൈവിധ്യങ്ങളുടെ മഴവില്ല്

ഏഷ്യയിലെതന്നെ ഏറ്റവും സർഗാത്മകമായ സമാന്തര സിനിമ/ മീഡിയ/ സോഷ്യൽ ആക്ടിവിസ്റ്റുകളുടെ / പരിസ്ഥിതിപ്രവർത്തകരുടെ/ വിമത ലൈംഗികരുടെ /വിദ്യാർഥികളുടെ / വിപുലമായ, സവിശേഷമായ കൂട്ടായ്മയാണ് വിബ്ജിയോർ. പ്രധാനമായും ശശിയേട്ടന്റെ ദേശീയ/അന്തർദേശീയ ബന്ധങ്ങൾ വിബ്ജിയോർ ഫിലിം ഫെസ്റ്റിന്റെ പശ്ചാത്തലശക്തിയും അതിന്റെ അനന്യതയുമാണ്.

2010ൽ സൗത്ത് ഇന്ത്യൻ പെയിന്റേഴ്സ് ക്യാമ്പിലെ പെയിന്റിങ്ങുകൾ വിബ്ജിയോർ ഫെസ്റ്റിന്റെ ഭാഗമായി തൃശൂർ ലളിതകല ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. രാജൻ എം. കൃഷ്ണൻ ആയിരുന്നു പ്രദർശനം ഉദ്ഘാടനംചെയ്തത്.

2011ൽ എന്റെയും വെങ്കിടേശന്റെയും കണ്ഡമാൽ ഡ്രോയിങ്ങുകൾ വിബ്ജിയോറിൽ പ്രദർശിപ്പിച്ചു. മേധാ പട്കർ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. അന്ന് സാംസ്കാരിക വേദിയിൽ പ്രസംഗിക്കുമ്പോൾ മേധാ പട്കർ ഞങ്ങളുടെ ചിത്രങ്ങളെ പരാമർശിച്ചിരുന്നു. ജനതയുടെ ജീവിക്കാനുള്ള ചെറുത്തുനിൽപുകൾക്കും പ്രതിരോധ രാഷ്ട്രീയത്തിനും ഒരു ഡ്രോയിങ്ങിനോ വരകൾക്കോ പോലും സവിശേഷമായ സമരായുധമാകുവാൻ കഴിയുമെന്ന് മേധാ പട്കർ പറഞ്ഞു. ശശിയേട്ടനെ കൂടുതൽ കാണുന്നതും ബന്ധപ്പെടുന്നതും ബംഗളൂരുവിൽ വെച്ചായിരുന്നു.

ബംഗളൂരുവിൽ മാർത്തഹള്ളിയിൽ 50 പെയിന്റേഴ്സിന്റെ രണ്ടാഴ്ച നീണ്ടുനിന്ന പെയിന്റിങ് പ്രദർശനം ‘Mansoon Fest’ എന്ന പേരിൽ അംബ്രോസ് കൂളിയത്തിന്റെ ലൂമിയർ റസ്റ്റാറന്റിൽവെച്ച് ഞാനും ജോബിൻ ആൻഡ്രൂസുംകൂടി സംഘടിപ്പിച്ചിരുന്നു. ഈ സമയങ്ങളിൽ എല്ലാം ഞാനും ജോബിനും ശശിയേട്ടനെ കാണാൻ പോകുമായിരുന്നു. ജോബിൻ ‘Look for the small print’ തുടങ്ങിയ ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്.

ബംഗളൂരുവിൽ SCMIയിൽവെച്ചാണ് ശശിയേട്ടന്റെ ‘ഗാവ് ചോദാബ് നഹിൻ’ എന്ന ശ്രദ്ധേയ സംഗീത വിഡിയോ കാണുന്നത്. കുടിയൊഴിപ്പിക്കലിനും കോർപറേറ്റ് അധിനിവേശങ്ങൾക്കും ഭീഷണി നേരിടുന്ന ഇന്ത്യയിലെ ആദിമഗോത്ര ജനതയുടെ ചെറുത്തുനിൽപും പ്രതിരോധവും ചടുലമായ താളത്തിൽ ഹൃദയത്തിൽ എന്നും മുഴങ്ങിനിൽക്കും. കോഴിക്കോടും തൃശൂരിലും ചില ​േപ്രാജക്ടുകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു. കോഴിക്കോട് ബീച്ചിൽ 2010ൽ സോളിഡാരിറ്റി യൂത്ത് സ്പ്രിങ്ങിൽ ഗസ്സയിലെ (ഇപ്പോഴും ഗസ്സ കത്തുന്നു) ദുരന്തങ്ങളെ ഓർമിപ്പിക്കുന്ന Installation ശശിയേട്ടന്റെ നിർദേശപ്രകാരമാണ് ഞാൻ ചെയ്തത്.

 

‘ഫാബ്രിക്കേറ്റഡ്’ എന്ന ശശിയേട്ടന്റെ ഡോക്യുമെന്ററിയുടെ ചില വർക്കുകളുടെ കൂടെ ഞാനും ഉണ്ടായിരുന്നു. പ്രധാനമായും അബ്ദുന്നാസിർ മഅ്ദനിയുടെ വിചാരണ ഇല്ലാതെ തുടരുന്ന തടവുജീവിതവും നീതിരാഹിത്യവും മഅ്ദനിയെപ്പോലെ ഇന്ത്യൻ തടവറയിൽ കഴിയുന്ന നിരപരാധികളുടെ മനുഷ്യാവകാശങ്ങളും ‘ഫാബ്രിക്കേറ്റഡി’ൽ അഭിസംബോധന ചെയ്യുന്നു. മുസ്‍ലിം ന്യൂനപക്ഷങ്ങളും ദലിതരും ആദിവാസി ബഹുജനങ്ങളും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്ന് ‘ഫാബ്രിക്കേറ്റഡ്’ ഡോക്യുമെന്ററി കാണിച്ചുതരുന്നു.

ഇടക്ക് ശശിയേട്ടൻ എഴുതിയ ഇംഗ്ലീഷ് കവിതകൾ എനിക്കയച്ചുതന്നു. ആ കവിതകൾക്കായി Illustrations ചെയ്യണമെന്ന് പറഞ്ഞു. ആ ചിത്രങ്ങൾ പിന്നീട് വരക്കാം എന്നു കരുതി വരക്കാതെ ഞാനായിട്ട് മാറ്റിവെച്ചതാണ്. ഇപ്പോൾ ശശിയേട്ടൻ ഓർമയായപ്പോൾ തെല്ലൊരു വിഷമത്തോടെയാണ് അത് ഓർക്കുന്നത്.

ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിൽ ശശിയേട്ടന്റെ വിയോഗം ഉണ്ടായത് വളരെ ആകസ്മികമാണെന്ന് ഞാൻ വിചാരിക്കുന്നു. മുമ്പൊരു ക്രിസ്മസ് ദിനത്തിലാണ് കണ്ഡമാൽ വർഗീയ ശക്തികളാൽ കത്തുന്നത്. മീഡിയ ആക്ടിവിസ്റ്റ് Epistemologyയിലെ ആധുനികമായ, വിപുലമായ പ്രതിബദ്ധത പേറുന്ന വാക്കാണ്. ആ വാക്കിന്റെ സൂക്ഷ്മവും ദീപ്തവും ധീരവുമായ പ്രതിനിധാനവും പ്രതീകവുമായിരുന്നു കെ.പി. ശശി. മീഡിയ ആക്ടിവിസത്തെ പിന്തുടരാൻ താൽപര്യമുള്ള പുതു തലമുറക്ക് സമ്പൂർണമായ സ്കൂളും പാഠശാലയും മാതൃകയുമായിരിക്കും ശശിയേട്ടൻ.

(ചിത്രകാരനും ചലച്ചിത്രപ്രവർത്തകനുമാണ്​ ലേഖകൻ)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT
access_time 2024-11-04 05:30 GMT