ആഗോളതാപനത്തിന്റെ ചുവപ്പ് സിഗ്​നൽ

കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ പെരുപ്പവും തമ്മിൽ എന്താണ്​ ബന്ധം​? എന്താണ്​ ജീവജാലങ്ങളെ ബാധിക്കുന്നതരത്തിൽ എത്തിച്ചേർന്ന കാലാവസ്ഥാ മാറ്റത്തി​ന്റെയും ആഗോളതാപനത്തി​ന്റെയും അടിസ്ഥാന പ്രശ്നം? എന്താണ്​ ഭാവി? -കുസാറ്റ്​ മുൻ വൈസ്​ ചാൻസലർ കൂടിയായ ലേഖക​ന്റെ നിരീക്ഷണവും വിശകലനവും.1995ൽ ബർലിനിലാണ് ആദ്യത്തെ കാലാവസ്ഥാ സമ്മേളനം നടന്നത്. ഏറ്റവുമൊടുവിൽ ഈ വിഷയത്തെപ്പറ്റി ചർച്ചകൾ സംഘടിപ്പിച്ചത് 2023 നവംബർ 30 തൊട്ട് ഡിസംബർ 12 വരെ ദുബൈയിൽ ചേർന്ന COP 28 എന്നറിയപ്പെടുന്ന യോഗത്തിലാണ്. 170 രാജ്യങ്ങൾ ബർലിൻ സമ്മേളനത്തിലും 198 രാജ്യങ്ങൾ ദുബൈ സമ്മേളനത്തിലും പ​ങ്കെടുത്തു. പൊതുസമ്മേളനത്തിന് കൺവെൻഷൻ എന്നും അതിലെ...

കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ പെരുപ്പവും തമ്മിൽ എന്താണ്​ ബന്ധം​? എന്താണ്​ ജീവജാലങ്ങളെ ബാധിക്കുന്നതരത്തിൽ എത്തിച്ചേർന്ന കാലാവസ്ഥാ മാറ്റത്തി​ന്റെയും ആഗോളതാപനത്തി​ന്റെയും അടിസ്ഥാന പ്രശ്നം? എന്താണ്​ ഭാവി? -കുസാറ്റ്​ മുൻ വൈസ്​ ചാൻസലർ കൂടിയായ ലേഖക​ന്റെ നിരീക്ഷണവും വിശകലനവും.

1995ൽ ബർലിനിലാണ് ആദ്യത്തെ കാലാവസ്ഥാ സമ്മേളനം നടന്നത്. ഏറ്റവുമൊടുവിൽ ഈ വിഷയത്തെപ്പറ്റി ചർച്ചകൾ സംഘടിപ്പിച്ചത് 2023 നവംബർ 30 തൊട്ട് ഡിസംബർ 12 വരെ ദുബൈയിൽ ചേർന്ന COP 28 എന്നറിയപ്പെടുന്ന യോഗത്തിലാണ്. 170 രാജ്യങ്ങൾ ബർലിൻ സമ്മേളനത്തിലും 198 രാജ്യങ്ങൾ ദുബൈ സമ്മേളനത്തിലും പ​ങ്കെടുത്തു. പൊതുസമ്മേളനത്തിന് കൺവെൻഷൻ എന്നും അതിലെ നിശ്ചയങ്ങൾ നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കുന്ന യോഗത്തിന് കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) എന്നും പറയുന്നു.

ഇമ്മാതിരി കൂടിയാലോചനകളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ബിസിനസ് പ്രമുഖർ, യുവാക്കൾ, കാലാവസ്ഥ ശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ, രാഷ്ട്രപ്രതിനിധികൾ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടാകും. ആഗോളതാപനം ഒരു യഥാർഥ പ്രശ്നമാണോ എന്നതായിരുന്നു ആദ്യകാലങ്ങളിലെ പ്രധാന തർക്കവിഷയം. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലം കാർബൺഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥേൻ തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ വർധിക്കുന്നുവെന്നും ആകാശത്തേക്കുള്ള താപവികിരണം തടസ്സപ്പെടുത്തുമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിച്ചത്. ഹരിതഗൃഹപ്രഭാവം (Greenhouse effect) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രക്രിയ വാസ്തവമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതും എൽനിനോ (El nino) എന്ന് പറയുന്ന ഉഷ്ണജലപ്രവാഹവും ഇല്ലായിരുന്നെങ്കിൽ ഭൂമി ആവാസയോഗ്യമാകുമായിരുന്നില്ലെന്നാണ് എതിർകക്ഷികളുടെ ശാഠ്യവാദം.

ക്രമേണ ആഗോളതാപനത്തിന്റെ ഗൗരവം ബഹുഭൂരിപക്ഷം ജനങ്ങൾക്കും ബോധ്യമായെന്നു പറയാം. 2015ൽ പാരിസിൽ ചേർന്ന COP 21 സമ്മേളനത്തിൽ, ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികളുടെ ഒരു രൂപരേഖ തയാറായി. അന്തരീക്ഷ താപനില വർധന, വൻതോതിലുള്ള വ്യവസായവത്കരണം ആരംഭിക്കുന്നതിനു മുമ്പുള്ള താപനിലയെ അപേക്ഷിച്ച്, 2 ഡിഗ്രി സെൽഷ്യസിന് താഴെ നിർത്തണമെന്ന് പൊതുധാരണ ഉണ്ടായി.

ഈ വിഷയത്തിൽ വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങളെ അറിവും പണവുംകൊണ്ട് സഹായിക്കണമെന്നും തീരുമാനിച്ചു. പ്രസ്തുത മേഖലയിൽ അന്താരാഷ്ട്ര സഹകരണം ഉണ്ടായിരിക്കണമെന്നുള്ള നിർദേശം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഓരോ രാജ്യവും സ്വീകരിക്കുന്ന നടപടികളുടെ ഒരു പു​രോഗതി റിപ്പോർട്ട് അഞ്ചു വർഷം കൂടുമ്പോൾ തയാറാക്കണമെന്നും നിശ്ചയിച്ചു. എന്നാൽ, ‘പാരിസ് ഉടമ്പടി’യുടെ സ്ഥിരീകരണം സംഭവിച്ചത് വളരെ സാവധാനത്തിലാണ്.

2017ൽ പരിശോധിച്ചപ്പോൾ കണ്ടത് 125 രാജ്യങ്ങൾ മാത്രമേ അത് നടത്തിയിട്ടുള്ളൂ എന്നാണ്. സ്ഥിരീകരണ പ്രക്രിയ ഇപ്പോഴും ഒച്ചിന്റെ വേഗത്തിൽ ഇഴഞ്ഞുനീങ്ങുന്നു. 2016 ഏപ്രിൽ 22നാണ് പ്രസ്തുത ഉടമ്പടി ആത്യന്തികമായി തയാറാക്കപ്പെട്ടത്. ഒരുമാസത്തെ ഇടവേളക്കുശേഷം, അതിൽ 55 രാജ്യങ്ങൾ ഒപ്പുവെച്ചു. ഹരിതഗൃഹ വാതകങ്ങളുടെ 55 ശതമാനവും ഈ രാജ്യങ്ങളിൽനിന്നാണത്രെ ഉദ്ഭവിക്കുന്നത്!

 

‘ദ സിക്സ്ത് എക്സ്റ്റിങ്ഷൻ’, എ​ലി​സ​ബ​ത്ത് കോ​ർ​ബ​റ്റ് 

ഫോസിൽ ഇന്ധനങ്ങൾക്ക് പകരക്കാർ

ഹരിത സാ​ങ്കേതികവിദ്യ (Green technology) എന്നുപറയുന്നത്, സാമ്പ്രദായിക സാ​ങ്കേതികവിദ്യക്ക് പകരമാകേണ്ടതാണ്. ഫോസിൽ ഇന്ധനോപയോഗം വെട്ടിക്കുറക്കുക എന്നതാണ് ലക്ഷ്യമെങ്കിലും ഈ രംഗത്ത് പറയത്തക്ക പുരോഗതി ഉണ്ടായിട്ടില്ലെന്നു തന്നെയല്ല, ഇതിന് ചില പരിമിതികളുമുണ്ട്. എണ്ണക്കും കൽക്കരിക്കും പകരം പ്രകൃതിവാതകങ്ങൾ ഉപയോഗിച്ചുള്ള സാ​ങ്കേതികവിദ്യ നിർദേശിക്കപ്പെടുകയും ഭാഗികമായി നടപ്പിൽവരുകയും ചെയ്തിട്ടുണ്ട്. റഷ്യ, ഇറാൻ, ഖത്തർ, യു.എസ്, തുർക്മെനിസ്താൻ എന്നീ രാജ്യങ്ങളിലാണ് പ്രകൃതിവാതകത്തിന്റെ വമ്പിച്ച ശേഖരമുള്ളത്. ശരാശരി വാർഷിക ഉപയോഗത്തിന്റെ 52.3 ഇരട്ടി പ്രകൃതിവാതകമേ ഭൂമിയിൽ മൊത്തത്തിൽ അവശേഷിച്ചിട്ടുള്ളൂ.

ഇന്നത്തെ രീതിയിൽ ഏകദേശം 52 വർഷത്തെ ഉപയോഗത്തിനുള്ള പ്രകൃതിവാതകമേ ഉള്ളൂ എന്നർഥം. ജനസംഖ്യാ വിസ്ഫോടനം ഈ കണക്ക് തീർച്ചയായും തെറ്റിക്കും! മധ്യ ഏഷ്യ, തെക്കേ ​അമേരിക്ക, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലും വാതകനിക്ഷേപങ്ങളുണ്ടെങ്കിലും അവയുടെ ഗുണനിലവാരം മികച്ചതല്ല. അവയുടെ 70-90 ശതമാനവും ഒരു ഹരിതഗൃഹ വാതകമായ മീഥേൻ ആണ്. പ്രകൃതിവാതകങ്ങളുടെ കൂട്ടത്തിൽപെട്ട ഷെയ്ൽ (shale) മീഥേനെ അപേക്ഷിച്ച് കൂടുതൽ പരിസ്ഥിതി സൗഹൃദപരമാണത്രെ.

ആഗോളതാപനത്തെ നേരിടുന്നതിന് പ്രകൃതിവാതകത്തേക്കാൾ മെച്ചപ്പെട്ട പരിഹാരമെന്ന് കരുതപ്പെടുന്നത് പുനരുപയോഗ സാധ്യതയുള്ള (Renewable) ഊർജസ്രോതസ്സുകളാണ്. സൂര്യപ്രകാശവും കാറ്റും ജലവും ഈ വകുപ്പിൽപ്പെടുന്നു. ഹരിതഗൃഹ വാതകവമനത്തിനിടയാക്കാത്ത തരത്തിലുള്ള സാ​ങ്കേതികവിദ്യയാണ് ഇവയെ ആധാരമാക്കി വികസിപ്പിച്ചിട്ടുള്ളതെങ്കിലും അതിന് കാര്യക്ഷമത (Efficiency) വളരെ കുറവാണ്. വൻതോതിൽ ഊർജവിനിയോഗം ആവശ്യമുള്ള മേഖലകളിൽ ഇവ പര്യാപ്തമല്ല. കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഗാർഹികാവശ്യങ്ങൾക്ക് ജലവൈദ്യുതിയെയാണ് ആശ്രയിക്കുന്നതെങ്കിലും അത് മതിയാകുന്നില്ല.

ഹരിതഗൃഹ വാതകവമനപ്രശ്നങ്ങളില്ലാത്തതാണ് അണുശക്തി. ഇതിനെ അധിഷ്ഠിതമാക്കിയുള്ള വൈദ്യുതി ഉൽപാദനം വളരെ ചെലവുള്ള പ്രക്രിയയാണ്. ജലവൈദ്യുതിയാണ് ഏറ്റവും ലാഭകരം. ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകൾ യാഥാർഥ്യമായാലേ അണുശക്തി അധിഷ്ഠിത വൈദ്യുതിച്ചെലവ് കുറച്ച് ഉപയോഗിക്കാൻ കഴിയൂ. ഫ്യൂഷൻ ഗവേഷണരംഗത്ത്, വല്ലപ്പോഴുമുണ്ടാകാറുള്ള ചെറുചലനങ്ങളൊഴികെ, ഈ മേഖലയിൽ പറയത്തക്ക പുരോഗതി ഉണ്ടായിട്ടില്ല.

ജനപ്പെരുപ്പം പോലെത്തന്നെ പ്രശ്നമാണ് വാഹനപ്പെരുപ്പവും. കേരളത്തിലെ റോഡുകളിൽ ഓടിയിരുന്നത് 1,40,00,000 വാഹനങ്ങളാണെന്ന് 2020ലെ ഡേറ്റ കാണിക്കുന്നു. 2022ലെ കണക്കുപ്രകാരം ഇന്ത്യൻ റോഡുകളിൽ ഗതാഗതം നടത്തിയത് 362,63,00,000 വാഹനങ്ങളാണ്. ഇതിനൊക്കെ പുറമെ, വികസിച്ചുകൊണ്ടിരിക്കുന്ന നിർമിതബുദ്ധി ഉപയോഗംമൂലം ഊർജ ബജറ്റ് വർധിക്കുകയും ചെയ്യുന്നു. മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി സാ​ങ്കേതികവിദ്യ ഫോസിൽ ഇന്ധനങ്ങളെ നേരിട്ട് ആശ്രയിക്കുന്നു. ഇതെല്ലാം ആഗോളതാപനത്തെ വർധിപ്പിക്കുന്നു.

എന്നാൽ, വ്യത്യസ്തങ്ങളായ ഊർജസ്രോതസ്സുകളെ കോർത്തിണക്കി ഒരു നെറ്റ്‍വർക്കായി ഉപയോഗിക്കുന്നതിന് നിർമിതബുദ്ധി പ്രയോജനപ്പെടുമെന്ന് വിദഗ്ധർ അവകാശപ്പെടുന്നു. ഇത് മൊത്തം ഊർജ ഉപയോഗം കുറക്കുമെന്ന് പ്രതീക്ഷയുണ്ട്. എന്നാൽ, ഈ നേട്ടം കൈവരിക്കുന്നതിന് കാലതാമസം നേരിടുമത്രെ. വലിയതോതിൽ ഹരിതഗൃഹവാതകങ്ങൾ ഉൽപാദിപ്പിക്കുന്ന ഒരു സ്രോതസ്സ് മാലിന്യമാണ് (Garbage).

അടുക്കളമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വ്യവസായ മാലിന്യവും ഇതിൽപെടും. ഒരു വ്യക്തി പ്രതിദിനം ശരാശരി അരക്കിലോ മാലിന്യം ഉൽപാദിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ ലോക ജനസംഖ്യ 800 കോടിയാണെന്ന് ഏകദേശമായി സങ്കൽപിച്ചാൽ, മനുഷ്യൻ ഒരുദിവസം ഉൽപാദിപ്പിക്കുന്നത് 40 ലക്ഷം ടൺ മാലിന്യമാണ് എന്നു കാണാം. ഇതിൽനിന്നുള്ള വമനങ്ങൾ ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്നുവെന്ന് സ്പഷ്ടം.

 ദു​ബൈ​യി​ൽ ചേ​ർ​ന്ന 198 രാ​ജ്യ​ങ്ങ​ൾ പ​െങ്കടുത്ത COP 28 സ​മ്മേ​ള​ന​ം

അടിസ്ഥാനപ്രശ്നം

കാലാവസ്ഥ വ്യതിയാനത്തിന് നിമിത്തമായത് വ്യവസായവത്കരണമാണെന്ന് പറയാറുണ്ട്. അതിന്റെ ഫലമായി, ഐശ്വര്യം വർധിക്കുകയും കൂടുതലാളുകൾ ജനിക്കുകയും കൂടുതൽ കാലം ജീവിക്കുകയുംചെയ്തത് ഒരേസമയം നേട്ടവും കോട്ടവുമായി ഭവിച്ചു എന്നതാണ് ശരി. വികസനത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്ന രാഷ്ട്രീയക്കാർ, അതിന്റെ ഫലമായ താപനത്തെപ്പറ്റി മിണ്ടാറില്ല!

ലോക ജനസംഖ്യ അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരർഥത്തിൽ ഇത് നല്ലതാണെങ്കിലും അന്തരീക്ഷത്തിലെ വമനവാതക സാന്നിധ്യവും വർധിച്ചുവരുന്നു. 2023ലെ കണക്കുകൾ സൂചിപ്പിക്കുന്നത് ലോക ജനസംഖ്യയുടെ ഇപ്പോഴത്തെ വളർച്ച 0.88 ശതമാനം എന്ന നിരക്കിലാണെന്നാണ്. 2020ലെ നിരക്ക് 0.98 ശതമാനമായിരുന്നതിൽനിന്ന് നേരിയ കുറവ്. പക്ഷേ, ഇതുകൊണ്ടൊന്നും രക്ഷയില്ല! 1959ലെ ജനസംഖ്യയുടെ ഇരട്ടിയായിരുന്നു 1999ലേത്. ഇത് സംഭവിച്ചത് 40 വർഷത്തെ കാലയളവിലായിരുന്നു എന്നത് പേടിപ്പെടുത്തുന്ന വസ്തുതയാണ്.

ജനസംഖ്യ വർധിക്കുന്നത് ഗുണോത്തരശ്രേണി യിൽ (Geometic progression) ആണെന്ന് 1798ൽ തോമസ് റോബർട്ട് മാൽത്തൂസ് പ്രവചിച്ചതോർക്കുക. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ 25 വർഷത്തിൽ ജനസംഖ്യ ഇരട്ടിയാകുമത്രെ. 2023ന്റെ മധ്യത്തിൽ ലോക ജനസംഖ്യ ഏകദേശം 804 കോടി ആയിരുന്നെന്ന് യു.എന്നിന്റെ കണക്കുകൾ കാണിക്കുന്നു. 2022ൽ ഇത് ഏകദേശം 791 കോടി ആയിരുന്നു. 13 കോടിയുടെ വർധന. ഇത് സൂചിപ്പിക്കുന്നത് 1.06 ശതമാനമേ ഉള്ളൂവെങ്കിലും കേരള ജനസംഖ്യയുടെ ഏകദേശം നാലിരട്ടിയാണ്.

ലോകത്ത് ദിനംപ്രതി രണ്ടുലക്ഷത്തിൽപരം ആളുകൾ പിറക്കുന്നുണ്ടിപ്പോൾ. ഇപ്പോഴത്തെ ജനസംഖ്യ കൈകാര്യംചെയ്യുന്നത് 1.8 ഭൂമികൾ അല്ലെങ്കിൽ ഭൂമിയുടെ വലുപ്പവും സൗകര്യവുമുള്ള ഗ്രഹങ്ങളാണത്രെ. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇതിനകം നമ്മൾ നമ്മുടെ പ്രിയപ്പെട്ട ഭൂമിയുടെ ‘കപ്പാസിറ്റി’ അതിലംഘിച്ചിരിക്കുകയാണ്! അനിയന്ത്രിതമായ ഈ രീതിയിലുള്ള ജനസംഖ്യാ വിസ്ഫോടനം ലോകത്തെ ദുരന്തങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടുമോ?

 

ജനപ്പെരുപ്പം സൂചിപ്പിക്കുന്ന അപകടഭീഷണിയെപ്പറ്റി നമ്മൾ ചർച്ചചെയ്തു. ആഗോളതാപനവും ചുവപ്പ് സിഗ്നലാണ് കാണിക്കുന്നത്. ജനസംഖ്യാ വിസ്ഫോടനമാണ് താപനത്തിന് നിമിത്തമായതെന്ന് ഏതു കുഞ്ഞിനും മനസ്സിലാക്കാം.

COP 28ൽ ഉരുത്തിരിഞ്ഞ ധാരണപ്രകാരം, ഹരിതഗൃഹവാതക വമനം 2050ഓടെ പൂജ്യത്തിലെത്തിക്കണം. താപനില ഉയർച്ച 1.5 ഡിഗ്രി സെൽഷ്യസിന് കീഴെ നിർത്തണമെങ്കിൽ 2030നകം വമനങ്ങളുടെ അളവ് ഇപ്പോഴത്തേതിൽനിന്ന് 50 ശതമാനമെങ്കിലും കുറക്കണം. 2027ൽ ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസെന്ന കടമ്പ കടക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ അറിവ്.

2023 ജനുവരി മുതൽ നവംബർ വരെയുള്ള നിരീക്ഷണങ്ങളിൽനിന്ന് മനസ്സിലാകുന്നത് താപനില വർധന 1.46 ഡിഗ്രി സെൽഷ്യസ് ആയിരുന്നെന്നാണ്. ഇക്കൊല്ലത്തെ ക്രിസ്മസ് കാലത്ത് ലോകത്ത് മിക്ക സ്ഥലങ്ങളിലും തണുപ്പില്ലായിരുന്നു. ലോകരാഷ്ട്രങ്ങൾ കാലാവസ്ഥ മാറ്റത്തെ ഇപ്പോഴും ഒരക്കാദമിക പ്രശ്നമായി മാത്രം കരുതുന്നില്ലേയെന്ന് സംശയിക്കണം. യുദ്ധങ്ങളും സേനാവിന്യാസങ്ങളും ചോരപ്പുഴ ഒഴുക്കുന്നതിന് പുറമെ, താപനനിരക്ക് കൂട്ടുകയുംചെയ്യും. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ വമനകാരി സൈന്യങ്ങളാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീകരതകൾ നമ്മൾ അനുഭവിച്ചുതുടങ്ങിയിട്ടേ ഉള്ളൂ. പഴയതുപോലെ, ക്ലിപ്തമായ ഒരു ഋതുചക്രം ഇന്നില്ല. ഋതുബന്ധിതമല്ലാത്ത അതിവൃഷ്ടിയും അനാവൃഷ്ടിയും സമകാലിക പ്രതിഭാസങ്ങളാണ്. അന്തരീക്ഷ താപനില ഉയരുന്നതനുസരിച്ച്, ജല ബാഷ്പീകരണവും വർധിക്കുന്നു. ഫലമോ? മേഘവിസ്ഫോടനം, പെരുമഴ, പ്രളയം... ഇതൊക്കെ എവിടെ, ​എപ്പോൾ സംഭവിക്കുമെന്ന് കൃത്യതയോടെ പ്രവചിക്കാനും സാധ്യമല്ല. ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ രൂപംകൊള്ളുന്ന ന്യൂനമർദമോ ചക്രവാതമോ വൻകരയിൽ പല സ്ഥലങ്ങളിലും ക്രമാതീതമായ തോതിൽ മഴ പെയ്യിക്കുന്നു.

താപനംമൂലം ഹിമാലയംപോലുള്ള പർവതനിരകൾ, ധ്രുവപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്ന് ചരിത്രാതീതകാലം മുതൽ അടിഞ്ഞുകൂടിയിട്ടുള്ള മഞ്ഞുകട്ടകൾ ഉരുകിയൊലിച്ച് സമുദ്രനിരപ്പുയർത്തുന്നു. ദ്വീപുരാജ്യങ്ങളെന്ന് വിശേഷിപ്പിക്കുന്ന ഒരുകൂട്ടം രാജ്യങ്ങളുണ്ട്. തായ്‍വാനടക്കം, ഇവയുടെ മൊത്തം സംഖ്യ 47 ആണ്. ഇന്തോനേഷ്യയാണ് കൂട്ടത്തിൽ ഏറ്റവും വലുത്. 17,504 കുഞ്ഞുദ്വീപുകളടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണിത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ആദ്യ ഇരകൾ ഒരുപക്ഷേ, ദ്വീപുരാജ്യങ്ങളാവും. ഇവയിൽ ഉൾപ്പെട്ടേക്കാമെന്ന് ഭയക്കുന്ന ഒരു രാജ്യമാണ് മാലദ്വീപുകൾ. ഇവിടെ കരയിൽ ഏറ്റവും കൂടിയ പൊക്കം 2.5 മീറ്ററാണ്. ശരാശരി 1.5 മീറ്റർ ഉയരമേ കരക്കുള്ളൂ. 2020കളിലോ അതിനുമുമ്പോ പല ദ്വീപുരാജ്യങ്ങളും മുങ്ങിപ്പോകുമെന്നാശങ്കയുണ്ട്.

 

ആറാമത്തെ ജൈവനിർമൂലനം (The Sixth Extinction) എന്നൊരു പുസ്തകം എലിസബത്ത് കോർബറ്റ് എഴുതിയിട്ടുണ്ട്. കാലാവസ്ഥ പ്രതിസന്ധിക്ക് നമ്മളാണ് ഉത്തരവാദികൾ എന്നതിന് പുറമെ, മനുഷ്യവർഗം ചെലുത്തുന്ന അതിജീവനപരമായ സമ്മർദംമൂലം, അനേകം ജീവജാതികൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരാകുമെന്നും ഇവർ വാദിക്കുന്നു. പനാമ മഴക്കാടുകൾ, ഗ്രേറ്റ് ബാർബർ റീഫ്, ആൻഡീസ് പർവതമേഖല തുടങ്ങിയ പ്രദേശങ്ങളിൽ സംഭവിച്ച പരിസ്ഥിതി നശീകരണത്തെ ഇവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. 21ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഭൂമിയിലെ ജീവജാലങ്ങളുടെ 20 മുതൽ 50 ശതമാനം വരെ നശിക്കുമെന്നും കോൾബെർട്ട് പ്രവചിക്കുന്നു.

1,25,000 വർഷത്തെ ചരിത്രത്തിൽ 2023പോലെ ചൂടുണ്ടായ മറ്റൊരു വർഷം ഉണ്ടായിട്ടില്ലത്രെ. 2050നകം താപനില 1.5 ഡിഗ്രി സെൽഷ്യസ്, 2100നകം 3.2 ഡിഗ്രി സെൽഷ്യസ് എന്നീ കടമ്പകൾ കടക്കുമെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. കടൽനിരപ്പ് എത്ര മീറ്റർ വരെ ഉയരുമെന്ന് ഒരു നിശ്ചയവുമില്ല. മഹാദുരന്തം തന്നെയാണ് നമ്മെ ഭൂമിയിൽ കാത്തിരിക്കുക. ഹരിത സാ​ങ്കേതികവിദ്യ നടപ്പിൽവന്നാലും രാഷ്ട്രീയ നേതാക്കൾ വാഗ്ദാനം ചെയ്യുന്നതരം വികസനമല്ല നമുക്ക് വേണ്ടത്.

ആകാശ കോളനികൾ സ്ഥാപിക്കുന്നതിലാവണം മനുഷ്യശ്രദ്ധ പതിയേണ്ടത്. ചന്ദ്രനിലും ചൊവ്വയിലും ഛിന്നഗ്രഹങ്ങളിലുമൊക്കെ മനുഷ്യർക്ക് കുടിയേറിപ്പാർക്കാനുതകുന്ന പദ്ധതികളാവണം പുതുപുത്തൻ വികസന മാതൃക. ജനനനിയന്ത്രണംപോലുള്ള ഉട്ടോപ്യൻ പദ്ധതികളെക്കുറിച്ച് പേർത്തും പേർത്തും പറഞ്ഞ് കാലം കഴിക്കാതിരിക്കാം.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT