ബിജു കാഞ്ഞങ്ങാട്​

വാക്കുകൾ ചാലിച്ചാൽ തെളിയുന്ന ഇമേജുകൾ

കവി ബിജു കാഞ്ഞങ്ങാട്​ വിടപറഞ്ഞിട്ട്​ മാർച്ച്​ 14ന്​ ഒരു വർഷമാകും. കവിയെയും അദ്ദേഹത്തി​​ന്റെ കവിതകളെയും കുറിച്ച്​ ഒാർക്കുകയാണ്​ സുഹൃത്തും കവിയുമായ ലേഖകൻ.

‘‘ഞാന്‍ മരിക്കുമ്പോള്‍

ഗൂഢഭാഷയിലുള്ളൊരു സന്ദേശം

വിട്ടുപോകും...’’

ബിജു കാഞ്ഞങ്ങാടിനെ അനുശോചിക്കാൻ, ഇക്കഴിഞ്ഞ മാർച്ച് പതിനാലിനും പതിനഞ്ചിനുമൊക്കെ സോഷ്യൽ മീഡിയയിൽ പലരും ഉപയോഗിച്ച വരിയാണിത്. എനിക്ക് ഏറെ പ്രിയപ്പെട്ട കാവ്യസൗഹൃദങ്ങളിൽ ഒരാളായിരുന്നു ബിജു കാഞ്ഞങ്ങാട്. അത്രമേൽ ഹൃദയബന്ധമുണ്ടായിരുന്ന കാവ്യസൗഹൃദം. ആ ആത്മബന്ധം അകാലത്തിൽ മുറിഞ്ഞുപോയതറിഞ്ഞ ഷോക്കിൽ അന്ന് എന്റെ മനസ്സിൽ ആദ്യം തികട്ടിവന്ന വരിയും മറ്റൊന്നായിരുന്നില്ല.

ബിജുവിനെ നേരിട്ടും വായിച്ചും അറിഞ്ഞിട്ടുള്ള ആരിലും അത്തരം ഒരവസ്ഥയിൽ ആ സമാനതക്ക് സാധ്യതയുണ്ടെന്നും അന്നേരം ഞാൻ വിചാരിച്ചിരുന്നു. സോഷ്യൽ മീഡിയ ആ വിചാരത്തെ ബലപ്പെടുത്തുകയായിരുന്നു. അതിനാൽ ആ വരികൾ എടുത്തുപറയാതെ ബിജുവിനെ കുറിച്ച് എഴുതുന്നതും ഉചിതമല്ല. കാരണം, നിഗൂഢഭാഷയിലുള്ളൊരു രഹസ്യസന്ദേശംപോലെയായിരുന്നു തന്റെ സർഗപ്രവൃത്തിയിലും സൗഹൃദത്തിലും ബിജു. തന്റെ മരണം ഗൂഢഭാഷയിലുള്ളൊരു സന്ദേശത്തിന്റെ വിട്ടുപോകൽ പോലെയെന്ന് ബിജു കരുതിയിരുന്നിരിക്കണം..? സഹൃദയർക്ക് അങ്ങനെ അനുഭവപ്പെട്ടേക്കാമെന്ന് ബിജുവിനും തോന്നിയിട്ടുണ്ടാവാം..? ആ തോന്നലാകുമോ ഇത്തരമൊരു വരി കുറിക്കാൻ ബിജുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക..? ഉറപ്പില്ല. പക്ഷേ, ബിജു മരിച്ച വിവരം അറിഞ്ഞ പലരിലും ആ വരി തികട്ടിവന്നിരുന്നു എന്നത് യാഥാർഥ്യം.

ജീവനുള്ള ഏതെങ്കിലുമൊന്ന് നിശ്ചലമായി പോകുമ്പോൾ അതിന്‍റെ അതുവരെയുള്ള അവസ്ഥയില്‍നിന്നും വേര്‍പെടാൻ രണ്ടു ഘടകങ്ങളാണ് മുഖ്യമായുമുള്ളത്. ശരീരമെന്ന് ഭൗതികമായി നാം വ്യാഖ്യാനിക്കുന്ന ഒന്നും മനസ്സെന്ന് കാലാകാലങ്ങളായി നമ്മള്‍ ധരിച്ചുവശാക്കിയിട്ടുള്ള മറ്റൊന്നും. ഉടലൊഴിയുമ്പോള്‍ രണ്ടും വേര്‍പിരിയുക വിപരീത ദിശകളിലേക്കാവും. ഒന്നു മണ്ണിലേക്കെന്നത് തീര്‍ച്ചയാണ്. മറ്റൊന്നോ വിണ്ണിലേക്കെന്ന് സങ്കൽപിക്കുകയല്ലാതെ തരമില്ല.

കവിതക്കു സംവദിക്കാന്‍ ഏകീകരിച്ചു തീര്‍പ്പാക്കിയ ഒരു തലമില്ല എന്നതുപോലെ മരണം എന്ന അവസ്ഥക്കും അതില്ല. ഭാവമോ രൂപമോ ഘടനയോ ഇല്ല. മുളകൾ അശേഷമില്ലാത്ത വരണ്ട ഇടങ്ങള്‍ സംവദിക്കുന്നതുപോലെയല്ല തഴപ്പുകള്‍ പൊടിച്ചെത്തിയ ഈറനിടങ്ങള്‍ സംവദിക്കുന്നത്. ആ യാഥാർഥ്യം ജീവിച്ചിരിക്കൽ, മരിച്ചുപോകൽ എന്നീ അവസ്ഥകളിലും അന്തർലീനമാണ്. രണ്ടിടങ്ങൾക്കും രണ്ടുതരം സംവേദന മാർഗങ്ങളുണ്ട്. ഒന്ന് ലളിതവും മറ്റേത് ലേശം കഠിനവുമാണെന്നു മാത്രം.

സസൂക്ഷ്മം നിരീക്ഷിച്ചാല്‍ മാത്രം വെളിപ്പെടാൻ കൂട്ടാക്കുന്ന അസംഖ്യം ഏടുകളാല്‍ സമൃദ്ധമാണ് നമ്മുടെ ഈ പ്രകൃതിയും പ്രപഞ്ചവും ഒക്കെ. ഒറ്റനോട്ടത്തിലോ അലസനോട്ടത്തിലോ ഒരുപക്ഷേ നിത്യസാന്നിധ്യത്തിലോ പോലും അകംപുറം പ്രകടമാക്കാന്‍ ആ ഏടുകളിലെ പലഭാഗങ്ങളും മടിക്കും. ഏറെ ആഴത്തിലുള്ള ഏതെങ്കിലുമൊരു നോട്ടത്തിനോ സശ്രദ്ധസാമീപ്യത്തിനോ മാത്രമായി കാലപരിധിയില്ലാതെ അവ കഴിഞ്ഞുകൂടിയെന്നും വരാം. അത്തരം അനേകങ്ങളായ ഏടുകളുടെ കലവറയിലാണ് താനും ജീവിക്കുന്നതെന്ന കൃത്യമായ ബോധ്യം ഉണ്ടായിരുന്ന കവിയും ചിത്രകാരനുമായിരുന്നു ബിജു.

ആ തിരിച്ചറിവോടെ തന്നെയാണ് ബിജു അതിൽ സദാ മുഴുകിയിരുന്നത്. അതിലെ ആ നിഗൂഢഭാഷ പഠിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അറിയുന്നവയിൽ അധികവും ആവിഷ്കാരങ്ങളായി പരുവപ്പെടും വരെ ആ നില തുടർന്നു. ബിജുവിന്റെ സൃഷ്ടികളിലൊക്കെ വല്ലാത്തൊരു നിഗൂഢത അതിനാൽതന്നെ പ്രകടവുമായിരുന്നു. അത് ബിജുവും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാന്‍ മരിക്കുമ്പോള്‍ ഗൂഢഭാഷയിലുള്ള ഒരു സന്ദേശം വിട്ടുപോകുമെന്ന് ബിജു രേഖപ്പെടുത്തി ​െവച്ചത്. ‘‘ആള്‍ക്കൂട്ടങ്ങളെ വിചിത്രവും സുന്ദരവുമായ കാട്ടുപൂക്കളായിക്കൂടി കാണാനാകണേ’’ എന്ന് വിളിച്ചുണർത്താൻ തുനിഞ്ഞത്. ‘‘കാടും പടലവും മൂടിയ ഒരു ഞരക്കം കരഞ്ഞൊലിക്കുന്നുണ്ടെ’’ന്ന് തൊട്ടുവിളിച്ചു കാട്ടിത്തരാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തത്... ബിജുവിന്‍റെ ഒട്ടുമിക്ക കാവ്യസമാഹാരങ്ങളും അത്തരം സൂക്ഷ്മാംശങ്ങളുടെ കലവറയാണ്.

പിക്റ്റോഗ്രഫിക് തലങ്ങളിൽ ആവേശത്തോടെ അഭിരമിച്ചിരുന്നതിനു പിന്നിലെ കാരണവും മറ്റൊന്നായിരുന്നില്ല. ക്ലാസിക് ചിത്രങ്ങളിൽനിന്നും അധികമാരും വായിച്ചെടുക്കാത്ത അടരുകളെ കണ്ടെത്തി കാവ്യപ്പെടുത്താൻ ബിജു പ്രത്യേക താൽപര്യം കാട്ടിയതും അതുകൊണ്ടാകണം. പ്രതിഭാധനനായ ഒരു ചിത്രകാരനിൽ അതേ അനുപാതത്തിൽ ഒരു കവികൂടി ഉണർന്നു പ്രവർത്തിച്ചിരുന്നതിന്റെ വല്ലാത്തൊരു ഭാവവും (അതോ ഭാരമോ) പേറിയായിരുന്നു ബിജു ജീവിച്ചിരുന്നത്. ക്ലാസിക് ചിത്രങ്ങളെ പലതായും തനതായും വായിച്ചെടുത്തു പറയാനുള്ളൊരു വ്യഗ്രത പണ്ടുമുതൽക്കേ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ ആദ്യഘട്ടങ്ങളിൽ വല്ലപ്പോഴുമുള്ള സംഭാഷണങ്ങളിൽ ബിജു എന്നെ ആ തലത്തിലേക്ക് പലപ്പോഴും കൂട്ടിക്കൊണ്ടു പോകുമായിരുന്നു. അതിശയത്തോടും കൗതുകത്തോടും അന്നതു കേട്ടിരുന്ന എന്നെ ഇടക്കിടെ ഓർത്തെടുക്കാറുമുണ്ട്.

‘പച്ചക്കുതിര’ മാസിക ആരംഭിക്കുന്ന ആദ്യകാലത്ത് (1998ൽ ആണെന്നാണ് ഓർമ) സച്ചിദാനന്ദൻ മാഷിന് കവിതകൾ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്ന ഒരു പംക്തിയുണ്ടായിരുന്നു. ആ പംക്തിയിൽ ബിജുവും ഞാനും നിരന്തരം കവിതകളുമായി പ്രത്യക്ഷപ്പെട്ടിരുന്നു. ആ ഘട്ടത്തിലാണ് ഞങ്ങൾ വ്യക്തിപരമായ സൗഹൃദത്തിലേക്ക് പ്രവേശിക്കുന്നത്. വിലാസം സംഘടിപ്പിച്ച് നിരന്തരം കത്തുകൾ എഴുതിക്കൊണ്ടാണ് സൗഹൃദത്തിനു തുടക്കം കുറിച്ചത്. പിന്നെയത് വല്ലപ്പോഴുമുള്ള ഫോൺ സംഭാഷണമായി. ഏറെക്കാലം അത് അങ്ങനെ തുടർന്നു. ഇടക്കെപ്പോഴോ ഇങ്ങേത്തലക്കലെ ഞാൻ നിശ്ശബ്ദമായതോടെ അതു നിലച്ചു.

ശേഷം 2017ലാണ് ആ കാവ്യസൗഹൃദം പുനരാരംഭിക്കുന്നത്. അപ്പോഴേക്കും ബിജു പാശ്ചാത്യ കാവ്യസങ്കേതമായ എക്ഫ്രസിസ് (Ekphrasis) രീതിയോട് ചേർന്നുനിൽക്കുന്ന തരത്തിലുള്ള രചനകളുമായി സജീവമായിക്കഴിഞ്ഞിരുന്നു. ആ മാനദണ്ഡത്തിലുള്ള കവിതകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചു വന്നുകൊണ്ടുമിരുന്നു. ഫോൺനമ്പർ സംഘടിപ്പിച്ച് ബിജുവിനെ ഞാൻ ആ വേളയിലെപ്പോഴോ വിളിച്ചു. കുറേ സംസാരിച്ചു. ‘‘ഏതു വഴിയിലൂടെ വേണമെങ്കിലും പോകാം. രാത്രിയിലൂടെയാണെങ്കിൽ മാത്രം സ്വന്തം കാലൊച്ചകളെ ഉപേക്ഷിക്കണം. നിലാവപ്പോൾ തെളിഞ്ഞുകാണാം.’’

ദീർഘകാലത്തിനുശേഷമുള്ള ആ സംഭാഷണത്തിനിടയിൽ ബിജു പറഞ്ഞ ഈ വാചകങ്ങൾ ഇപ്പോഴും മനസ്സിൽ അതേപടിയുണ്ട്. ഒരു വനവാസക്കാലം വിട്ടുനിന്ന ശേഷമുള്ള കാവ്യജീവിതത്തിലേക്കുള്ള എന്റെ മടങ്ങിവരവിനെ പ്രചോദിപ്പിക്കാൻ കരുതിക്കൂട്ടിത്തന്നെയാണ് ബിജുവത് പറഞ്ഞതെന്നു തിട്ടം. സൗഹൃദം കൂടുതൽ ദൃഢപ്പെടാനും അതു വഴി​െവച്ചു. ആ എഴുത്തുകളെ പക്ഷേ, ആരുമത്രക്കങ്ങ് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നിട്ടും ഏതൊരു മടുപ്പുമില്ലാതെ പതിവു ജാഗ്രതയോടെ തുടരുന്ന ബിജുവിനെ മാറിനിന്നു നോക്കിക്കാണാൻ കൂടി ഞാൻ ശ്രമിച്ചിരുന്നു.

 

പഴയ കൃതികളൊക്കെ ഒന്നുകൂടിയൊന്ന് മറിച്ചുനോക്കി. വീണ്ടും വായിക്കാൻ ശ്രമിച്ചു. രണ്ടാം ഘട്ട സൗഹൃദത്തിനിടയിൽ സംഭവിച്ച ‘ഒച്ചയിൽനിന്നുള്ള അകലം’ (ലോഗോസ്), ‘മഴയുടെ ഉദ്യാനത്തിൽ’ (ഡി.സി ബുക്സ്) തുടങ്ങിയ കൃതികളൊക്കെ വായിച്ച് പരസ്പരം വായനാനുഭവങ്ങൾ പങ്കു​െവച്ചു. ആ ബോധ്യത്തിലാവണം അവസാനം പ്രസിദ്ധീകൃതമായ ‘പക്ഷികളെ കുറിച്ചുള്ള കൃതി’ ഏറ്റുവാങ്ങാൻ എന്നെ ക്ഷണിച്ചത്.

പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എന്തുകൊണ്ടാവും ബിജു കാഞ്ഞങ്ങാട് എന്ന കവി പതിറ്റാണ്ടുകളായി കവിതയിലൂടെ ചിത്രങ്ങളെ ഭാഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ അധികമാരും ശ്രദ്ധിക്കാതെ പോകുന്നതെന്ന്. ആ രീതി മലയാള കവിതയിലെ പുതിയൊരു ഭാവുകത്വ തലമായി ആരും കാണാന്‍ ശ്രമിക്കാത്തതെന്ന്..? ഉത്തരം കണ്ടെത്താനേ കഴിഞ്ഞില്ല. ഏറെ പഴക്കമുള്ളൊരു സംവേദന തലമാണല്ലോ ചിത്രഭാഷ (പിക്റ്റോഗ്രാഫ്). നമ്മുടെ ആദിമമായ ആശയവിനിമയ മാർഗം.

അതിന്റെ സർഗാത്മകമായ വളര്‍ച്ചയുടെ മറ്റൊരു തലമാണ് ചിത്രകല. അതു പ്രദാനംചെയ്യുന്നത് നിശ്ശബ്ദവും സൂക്ഷ്മവുമായ അടരുകളെയാണ്. അതിൽ ഒളിഞ്ഞിരിക്കുന്ന പൊരുളാഴങ്ങളെ മറ്റൊരു സാഹിത്യമേഖലയുടെ പരിധിയില്‍ നിര്‍ത്തി ഭാഷപ്പെടുത്തുക അത്ര ലളിതമല്ല. എന്നിട്ടും ബിജുവിനെയോ ആ ഭാവുകത്വ പരിസരത്തെയോ അധികമാരും ഗൗനിക്കുന്നില്ല.

ചിത്രകലയിലെ സൂക്ഷ്മതകളെ കാവ്യപ്പെടുത്താനുള്ള ബിജുവിന്‍റെ വൈഭവം മറ്റു മലയാള കവികളിലാർക്കും ഉണ്ടായിരുന്നുമില്ല. ചിത്രരചന വശമുള്ള ധാരാളം കവികൾ നമുക്കുണ്ടെങ്കിലും ചിത്രങ്ങളിലെ കാവ്യഭാഷ അവർക്കാർക്കും വഴങ്ങുമായിരുന്നില്ല. ബിജു മികച്ചൊരു ചിത്രകാരന്‍കൂടിയാണെങ്കിലും ചിത്രങ്ങളെ കാവ്യാത്മകമായി വ്യാഖ്യാനിക്കാനുള്ള അധിക ശേഷികൂടി ഉണ്ടായിരുന്നു. വിഖ്യാത ചിത്രങ്ങളെ തനതുരീതിയിൽ കാവ്യാംശം ലേശവും ചോർന്നുപോകാത്ത ഒരു പ്രത്യേകതരം ശൈലിയിൽ കാവ്യപ്പെടുത്തുകയാണ് ബിജു ചെയ്തിരുന്നത്. വിവിധ ആനുകാലികങ്ങളിലൂടെ നിരന്തരമതു നിർവഹിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

അത്തരം കവിതകളെ മാത്രം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കൃതിയാണ് ‘മഴയുടെ ഉദ്യാനത്തിൽ’.ഏറെ ശ്രദ്ധയോടെ വായിക്കേണ്ടുന്ന ഒരു കൃതിയാണത്. മലയാളത്തിൽ അത്തരമൊരു കാവ്യപുസ്തകം വേറെയില്ല. ചിത്രങ്ങളെ കാവ്യഭാഷയിലൂടെ വായിച്ചു പറയുന്ന കവിതകളാണ് അതിലെ എല്ലാ കവിതകളും. ആ ചിത്രങ്ങളെ നമ്മൾ അതിനുമുമ്പു കണ്ടതുപോലെയൊന്നുമല്ല ബിജുവിലൂടെ കാണാനാകുന്നത്. ഡാവിഞ്ചിയുടെ ‘മൊണാലിസ’ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നതൊന്നുമല്ല ബിജുവിലൂടെ പറയാൻ ശ്രമിക്കുന്നത്. മൈക്കലാഞ്ജലോയുടെ ‘പിയെത്ത’യെ നമ്മളാരും കണ്ടതുപോലല്ല ബിജു കാണുന്നത്.

വാൻഗോഗിന്റെ ‘ദ ആർട്ടിസ്റ്റ്സ് ചെയറും’ ‘ഓൾഡ് മാൻ ഇൻ സോറോ’യും ചേർത്തു​െവച്ച് നമ്മൾ വായിച്ചിട്ടേ ഉണ്ടാകില്ല. അങ്ങനെ അവ ചേർന്നിരുന്നാൽ വ്യത്യസ്തമായി എന്തെങ്കിലും നമുക്കു തോന്നാനും തരമില്ല. പക്ഷേ, ആ ചേർന്നിരിപ്പിനെ ‘സങ്കടങ്ങൾക്ക് ഒരു കസേര’ എന്ന് തലക്കെട്ടിട്ട് പൊരുത്തപ്പെടുത്തി മറ്റൊരു നിലയിൽ പറയാൻ ബിജുവിനേ സാധ്യമാകൂ. ജോൺ കോൺസ്റ്റബിളിന്റെ ‘The Hay Wain’ നമുക്ക് ഒരസാധാരണ ഗ്രാമീണചിത്രണമാണ്. വൈവിധ്യമാർന്നൊരു ലാൻഡ്സ്കേപ്. എത്രകാലം നമ്മളതിൽ സസൂക്ഷ്മം നോക്കിയിരുന്നാലും കോൺസ്റ്റബിൾ വരഞ്ഞു തെളിച്ച ഇടങ്ങളിൽ പകുതിയിൽപോലും പ്രവേശിക്കാനാകില്ല.

എന്നാൽ ബിജു ആ ചിത്രത്തെ ‘പുല്ലു കൊണ്ടുവരുന്ന വണ്ടി’യാക്കി, വണ്ടിയിൽ പുല്ലു നിറയ്ക്കുന്ന പണിക്കാരെയും അവരുടെ നേതാവിന്റെ അദൃശ്യസാന്നിധ്യത്തെയും അരിവാളേന്തിയ ഒരുവളുടെ സാന്നിധ്യവും അസാന്നിധ്യവുമൊക്കെ തെളിച്ചുകാട്ടി നമ്മളെ മറ്റൊരു മൂഡിലേക്ക് കൊണ്ടെത്തിക്കും. എഡ്ഗർ ദഗാസിന്റെ നർത്തക ചിത്രങ്ങളെ മുൻനിർത്തിയുള്ള ബിജുവിന്റെ വായന അസാധാരണമാണ്. പാട്ടിനും വെളിച്ചത്തിനുമിടയിൽ നർത്തകിയെ നിർത്തിയുള്ള ആ കാവ്യവായനക്കുശേഷം ചിത്രത്തിൽ നോക്കിയാൽ അതുവരെ ചിത്രത്തിൽനിന്നും തെളിഞ്ഞുകിട്ടാത്ത പലതും തനിയേ തെളിഞ്ഞുവരും. നർത്തകരുടെ നിഴലുകളിൽ പ്രത്യേകതരമൊരു പ്രകാശം പ്രതിഫലിക്കുന്നതായി നമുക്കു തോന്നിപ്പോകും.

അതുപോലെ ക്ലോദ് മോനേയെയും റിനോയറിനെയും നിക്കോളാ പോസിനെയും ബാസിലെയെയും സാൽവദോർ ദാലിയെയുമൊന്നും നമ്മൾ വായിച്ചറിഞ്ഞതുപോലൊന്നുമല്ല ബിജു വായിച്ചു പറയുന്നത്. ക്ലിന്റിന്റെ ചിത്രങ്ങളെപ്പോലും ബിജു കാവ്യപ്പെടുത്തുന്നത് മറ്റൊരു രീതിയിലാണ്. ടാഗോറിന്റെ ​ൈകയെഴുത്തു പ്രതിയുടെ ഫോട്ടോ ബിജുവിന് ഫോട്ടോയേ അല്ല. അനേകം പൊരുളടരുകളുള്ളൊരു ചിത്രമാണ്. അതിലെ തിരുത്തലുകൾ നിറംചാലിച്ചു വെളിപ്പെടുന്ന വിവിധ ഇമേജുകളാണ്. ഒരു മഹാകാവ്യത്തിനു വകയുള്ള ആശയങ്ങൾപോലുമാണ്. ഇത്തരത്തിൽ വൈവിധ്യമാർന്നൊരു രചനാശൈലിയാണ് ബിജു പിന്തുടർന്നിരുന്നത്. മലയാളത്തിൽ മറ്റാരും പരീക്ഷിക്കുക കൂടി ചെയ്തിട്ടില്ലാത്തൊരു ശൈലി. എന്നിട്ടും അതൊന്നും അധികമാരും ശ്രദ്ധിച്ചിരുന്നില്ല.

മനപ്പൂർവമാണോ എന്നുപോലും പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. ചിത്രകാരന്മാരായ കവികളെ കുറിച്ച് എസ്. ജോസഫ് മാഷ് കുറച്ചുകാലം മുമ്പ് എഫ്.ബിയിൽ ഒരു തുടർകുറിപ്പു ചെയ്തിരുന്നു. കുറിപ്പിൽ ഒരിടത്തുപോലും ബിജുവിനെ പരാമർശിച്ചു കണ്ടില്ല. അതിലെ അനീതി അന്നുതന്നെ ഞാൻ ജോസഫ് മാഷുമായി പങ്കു​െവക്കുകയും ചെയ്തു. മനപ്പൂർവമായിരുന്നില്ല ജോസഫ് മാഷ് അങ്ങനെ ചെയ്തത്. അത്രമേൽ വിശാലമായി ബിജു തന്റെ കാവ്യാവിഷ്കാരത്തിനുമേൽ നിലയുറപ്പിച്ചിട്ടും ഒരാളുടെ ഓർമയിലേക്ക് പെട്ടെന്ന് ഓടിയെത്താനാകുംവിധം മുതിരാൻ ബിജുവിന് കഴിഞ്ഞിരുന്നില്ല.

 

അത് ബിജുവിന്റെ പോരായ്മയേയല്ല. മലയാള കാവ്യഭാവുകത്വങ്ങളെ വിലയിരുത്തുന്നവരിൽ സംഭവിക്കുന്ന വീഴ്ചയാണ്. ചിത്രങ്ങളെ ഭാഷപ്പെടുത്തുന്ന കവിതകളിൽ മാത്രമല്ല ബിജു തന്റെ മികവ് തെളിയിച്ചിട്ടുള്ളത്. എഴുതിക്കൂട്ടിയ മറ്റെല്ലാ കവിതകളിലും ആ പ്രതിഭയുടെ തോത് പ്രകടമാണ്. അവയിലെല്ലാം സസൂക്ഷ്മ ദർശനങ്ങളുടെ ഓളം ശ്രവിക്കാനാകും. ‘ഒച്ചയിൽനിന്നുള്ള അകലം’പോലുള്ള കാവ്യസമാഹാരങ്ങൾ മനസ്സിരുത്തിയൊന്നു വായിക്കാൻ ആരെങ്കിലും മുതിർന്നാൽ അത് അനുഭവിക്കാനാകും. കവിതയുടെ രൂപമോ ഭാവമോ ഭാവുകത്വ പരിണാമത്തിലൂടെ കാവ്യമേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളിലെ മൂല്യങ്ങളെയോ തിരിച്ചറിയാൻ ശ്രമിക്കാതെ ഒരു വരിപോലും ബിജു എഴുതിയിരുന്നില്ല.

ബിജു വെട്ടിക്കളഞ്ഞ വരികളിൽപോലും അതുണ്ടാകാൻ സാധ്യതയില്ല. ആ കാവ്യജീവിതത്തെ ഏറക്കുറെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ ഞാൻ ബിജുവിനെ ആ നിലയിൽതന്നെ മനസ്സിൽ പരുവപ്പെടുത്തി ​െവച്ചിരിക്കുന്നു. അതിൽ കുറച്ചെങ്കിലും ഇവിടെ പറയാനായതിന്റെ ചാരിതാർഥ്യത്തിൽ ഞാനീ കുറിപ്പ് അവസാനിപ്പിക്കുന്നു.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT