ചെകുത്താനും കടലിനും നടുവിൽ ഒരു നാട്

കരിമണൽ ഖനനംമൂലം ഗുരുതരമായ പ്രതിസന്ധിയിലമർന്ന തോട്ടപ്പള്ളിയിലെ ജനത അതിജീവനത്തിനായി നടത്തുന്ന സമരം 1000 ദിവസം പിന്നിട്ടു. എന്താണ്​ സമരത്തി​ന്റെ വർത്തമാനങ്ങൾ? തോട്ടപ്പള്ളിയിൽ എന്താണ്​ നടക്കുന്നത്​? -കവിയും എഴുത്തുകാരനുമായ ലേഖകൻ തോട്ടപ്പള്ളിയുടെ ചെറുത്തുനിൽപ്​ വിശദമാക്കുന്നു.‘‘പഠിച്ച സ്കൂളിൽ ഞങ്ങൾ അന്തിയുറങ്ങിയിട്ടുണ്ട് ചിലപ്പോഴൊക്കെ അറിവ് അഭയമാകുന്നതു പോലെ കലത്തിനുള്ളിലെ നനഞ്ഞ പുസ്തകംഇരുട്ടിലിരിക്കുമ്പോൾ ഇടിമുഴങ്ങി വിളക്കിനെ കാറ്റ് വിരട്ടുമ്പോൾ തിളങ്ങും കൊള്ളിയാൻ വെട്ടത്തിൽ ഞങ്ങൾക്കൊരു കുടുംബഫോട്ടോയുണ്ട്’’ -സ്കൂൾ (ബിനു എം. പള്ളിപ്പാട്) വർഷത്തിൽ മൂന്നോ നാലോ...

കരിമണൽ ഖനനംമൂലം ഗുരുതരമായ പ്രതിസന്ധിയിലമർന്ന തോട്ടപ്പള്ളിയിലെ ജനത അതിജീവനത്തിനായി നടത്തുന്ന സമരം 1000 ദിവസം പിന്നിട്ടു. എന്താണ്​ സമരത്തി​ന്റെ വർത്തമാനങ്ങൾ? തോട്ടപ്പള്ളിയിൽ എന്താണ്​ നടക്കുന്നത്​? -കവിയും എഴുത്തുകാരനുമായ ലേഖകൻ തോട്ടപ്പള്ളിയുടെ ചെറുത്തുനിൽപ്​ വിശദമാക്കുന്നു.

‘‘പഠിച്ച സ്കൂളിൽ

ഞങ്ങൾ അന്തിയുറങ്ങിയിട്ടുണ്ട്

ചിലപ്പോഴൊക്കെ

അറിവ് അഭയമാകുന്നതു പോലെ

കലത്തിനുള്ളിലെ നനഞ്ഞ പുസ്തകം

ഇരുട്ടിലിരിക്കുമ്പോൾ

ഇടിമുഴങ്ങി വിളക്കിനെ കാറ്റ് വിരട്ടുമ്പോൾ

തിളങ്ങും കൊള്ളിയാൻ വെട്ടത്തിൽ

ഞങ്ങൾക്കൊരു കുടുംബഫോട്ടോയുണ്ട്’’

-സ്കൂൾ (ബിനു എം. പള്ളിപ്പാട്)

വർഷത്തിൽ മൂന്നോ നാലോ മാസം വെള്ളപ്പൊക്കത്താൽ വീടുപേക്ഷിച്ച് സ്കൂളുകളിലെ ക്യാമ്പുകളിൽ ജീവിക്കാൻ നിർബന്ധിതരാകുന്ന കുട്ടനാടൻ ജനതയുടെ നേർക്കാഴ്ചയാണ് ബിനു എം. പള്ളിപ്പാടി​ന്റെ ‘സ്കൂൾ’ എന്ന കവിത. പത്തനംതിട്ടയുടെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന മഴ, കടൽ തൊടുന്നത് പമ്പയിലൂടെ ആലപ്പുഴയിലാണ്. കടലിൽ വേലിയേറ്റമുള്ളപ്പോൾ നദീജലം വലിഞ്ഞു പോകാതെ മാസങ്ങളോളം കേരളത്തി​ന്റെ നെല്ലറയെ ജലപ്പരപ്പ് മാത്രമാക്കിത്തീർക്കുന്നു. സമുദ്രനിരപ്പിൽനിന്ന് മൂന്നു മീറ്റർ വരെ താഴ്ചയുള്ള കുട്ടനാടൻ, അപ്പർ കുട്ടനാടൻ പ്രദേശങ്ങൾ എല്ലാ വർഷവും ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്ന ഇടങ്ങളാണ്.

അണക്കെട്ടുകളുടെ നിയന്ത്രണത്തിലെ അശ്രദ്ധമൂലമുണ്ടായ 2018ലെ പ്രളയത്തിൽ കുട്ടനാടൻ പ്രദേശങ്ങളും താരതമ്യേന ഉയർന്ന ചെങ്ങന്നൂരും പത്തനംതിട്ടയും വരെ വെള്ളപ്പൊക്കത്തിലാഴ്ന്നതിന് നമ്മൾ സാക്ഷികളാണല്ലോ. പത്തനംതിട്ടയിൽ ഉത്ഭവിക്കുന്ന പമ്പയാറ് ചെങ്ങന്നൂർ, ഇടത്വ വഴി തോട്ടപ്പള്ളി തീരത്താണ് കടലുമായി കൂടിച്ചേരുന്നത്. ഒലിവ് റിഡ്ലി എന്ന വിഭാഗത്തിൽപെട്ട കടലാമകളുടെ പ്രജനന തീരമായ തോട്ടപ്പള്ളിയിലെ പൊഴി ഒരു വാൽവുപോലെ പ്രവർത്തിക്കുന്നു. പൊഴി തുറക്കുമ്പോൾ നദീജലം കടലുമായി കൂടിക്കലരുന്നു.

പ്രളയ ദുരന്തനിവാരണമെന്ന പേരിൽ പൊഴിമുഖത്ത് നിന്നും 2019 മുതൽ ധാതുക്കളടങ്ങിയ കരിമണൽ, വൻതോതിൽ ഗവൺമെന്റിന്റെ ഒത്താശയോടെ കടത്തിക്കൊണ്ട് പോകുകയാണ്. തീരദേശത്തെ എഴുനൂറോളം വീടുകൾ തകർന്നു. 1500 വീടുകൾ കടലാക്രമണ ഭീഷണിയിലുമാണ് ഇന്ന്. KMML, IREL തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും അവർ വഴി CMRL എന്ന സ്വകാര്യ കമ്പനിയുമാണ് തീരത്തുനിന്ന് കരിമണൽ കടത്തുന്നത്. ഇതിനെതിരെ കരിമണൽ ഖനന വിരുദ്ധ ജനകീയ സമരസമിതി നടത്തിവരുന്ന നിരാഹാര സത്യഗ്രഹം ആയിരം ദിനങ്ങൾ പിന്നിട്ടത് ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനാണ്.

സമീപകാലത്ത് ഉയർന്നുവരുന്ന വാർത്തകളിൽനിന്ന് ഖനനത്തിന് പിന്നിലേ പല രഹസ്യങ്ങളും, അഴിമതികളും ജനങ്ങളിലേക്ക് എത്തുന്നുണ്ടെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ ഈ ഗുരുതര വിഷയത്തെ ചെറിയ വാർത്തകളാക്കി ഒതുക്കുകയാണ് ചെയ്യുന്നത്. CMRL കമ്പനിയിൽനിന്ന്, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് കോടികൾ മാസപ്പടിയായി വാങ്ങിയെന്ന ആരോപണം ഖനനാനുമതിക്കുള്ള പ്രത്യുപകാരമാണ് എന്ന്​ സമരപ്രവർത്തകരടക്കം വാദിക്കുന്നു. ജപ്പാനിൽനിന്നും മറ്റും ഇറക്കുമതി ചെയ്തിരുന്ന ഇൽമനൈറ്റ് അടക്കമുള്ള ധാതുക്കൾ, തോട്ടപ്പള്ളിയിലെ കരിമണലിൽനിന്ന് ലഭിക്കുന്നതിലൂടെ 48 കോടിയോളം രൂപ കരിമണൽ മാഫിയ നേടിയെന്നതും അടുത്തകാലത്ത് പ്രധാന വാർത്തയായിരുന്നു. കാൽച്ചുവട്ടിലെ മണ്ണ് കൊള്ളക്കാർ കൊണ്ടുപോകുന്നതിനെതിരെയാണ് തോട്ടപ്പള്ളി സമരം.

 

തോട്ടപ്പള്ളി എന്ന വാൽവ്

കുട്ടനാട്ടിലെ കൃഷി മെച്ചപ്പെടുത്താൻ 1954ൽ സ്ഥാപിച്ച തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തുന്നതിനനുസരിച്ച് നദീജലം കടലിലേക്ക് ഒഴുകും. തീരത്തിന് സമാന്തരമായി മുന്നൂറോളം മീറ്റർ നീളത്തിൽ സ്വാഭാവികമായി രൂപംകൊള്ളുന്ന മണൽത്തിട്ടയാണ് പൊഴി.

നിരവധി തൊഴിലാളികൾ ചേർന്ന് വർഷംതോറും പൊഴി മുറിക്കുകയും നദീജലമൊഴുകാനുള്ള ഒരു വാൽവായി തോട്ടപ്പള്ളി പൊഴി പ്രവർത്തിക്കുകയും ചെയ്യുന്നു. പൊഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണലാണ് പ്രളയത്തിന് കാരണമെന്നാണ് കേരള ഗവൺമെന്റിന്റെ വാദം. ഈ മണൽ നീക്കംചെയ്ത് പൊഴിമുഖം എന്നെന്നേക്കുമായി തുറക്കുന്നതിലൂടെ നദീജലം കടലിലേക്ക് സുഗമമായി വലിയുകയും പ്രളയഭീഷണിയിൽനിന്ന് കുട്ടനാടിനെ കരകയറ്റാം എന്നുമാണ് പലതവണയായി സർക്കാർ കോടതിയിൽ വാദിച്ചിട്ടുള്ളത്.

എക്കലും ചളിയും മണലും മാലിന്യങ്ങളും അടിഞ്ഞ അണക്കെട്ടുകളുടെ കൃത്യമായ ശേഷി ഉപയോഗപ്പെടുത്താൻ കഴിയാഞ്ഞതും, ഒരേസമയം മുപ്പതോളം ഡാമുകൾ തുറന്നുവിട്ടതുമാണ് മഹാപ്രളയത്തിലേക്ക് എത്തിച്ചതെന്ന് കേന്ദ്ര ജല കമീഷ​ന്റെ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തോട്ടപ്പള്ളിയിലെ കരിമണലിലാണ് പലർക്കും 2002 മുതൽ കണ്ണ്.

2018ലെ പ്രളയത്തെ തുടർന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ പൊഴിമുഖത്തുനിന്ന് രണ്ട് ലക്ഷം ടൺ മണൽ നീക്കാൻ ജലസേചന വകുപ്പിനോട് ഉത്തരവിടുന്നു. മതിയായ സാങ്കേതികവിദ്യയി​െല്ലന്ന കാരണത്താൽ ജലസേചന വകുപ്പ് മണൽ നീക്കാൻ താൽപര്യപത്രം ക്ഷണിച്ച് വിജ്ഞാപനം ഇറക്കി. കാലങ്ങളായി കരിമണലിൽ കണ്ണുവെച്ചിരുന്ന KMML, IREL തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ മണൽ നീക്കത്തിനുള്ള പ്രവൃത്തികൾ ഏറ്റെടുക്കുകയും ജലസേചന മന്ത്രി കൃഷ്ണൻകുട്ടിയുടെ അനുമതിയോടെ മണൽ നീക്കം ചെയ്യൽ എന്നപേരിൽ ഖനനം തുടങ്ങുകയും ചെയ്​തു.

ഒലിവ് റിഡ്ലി (Olive Ridly) ഗണത്തിൽപെടുന്ന കടലാമകൾ പ്രജനനം നടത്തുന്ന തോട്ടപ്പള്ളി തീരത്ത്, അതോടെ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും നിറഞ്ഞു. കടലിലെ മത്സ്യസമ്പത്തിനെ ഇല്ലാതാക്കുന്ന കടൽച്ചൊറികളും മറ്റുമാണ് ഈ കടലാമകളുടെ പ്രധാന ഭക്ഷണം. എന്നാൽ, ഖനനത്തോടെ ആമകളുടെ എണ്ണം ഗണ്യമായി കുറയുകയും കടൽച്ചൊറികൾ പെരുകി മത്സ്യസമ്പത്തിൽ വലിയ കുറവുണ്ടാകുകയും ചെയ്​തു. തീരദേശത്തെ മണൽ കടത്തുന്നതോടെ സ്വാഭാവികമായുള്ള പൊഴിനാക്കി​ന്റെ രൂപവത്കരണത്തെ തടയുകയും കടൽച്ചളിയുടെ സ്വാഭാവിക നിക്ഷേപത്തെ ബാധിക്കുകയും ചെയ്യുന്നു. ചാകര, തീരദേശത്തെ ശുദ്ധജലലഭ്യത എന്നിവയെയും ഖനനം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

 

മണ്ണിനുവേണ്ടി സമരം

കേരളത്തിൽനിന്നും കയറ്റുമതി ചെയ്ത കയറിൽ അപൂർവ ധാതുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് ഹെർഷംബർഗ് എന്ന ജർമൻകാരനാണ്. 1932ൽ എഫ്.എക്സ് പെരേര ആൻഡ് സൺസ് എന്ന കമ്പനി കൊല്ലം ജില്ലയിലെ ചവറയിൽ ഖനനം ആരംഭിക്കുന്നു. 1933ൽ ട്രാവൻകൂർ മിനറൽ കോർപറേഷൻ രൂപം കൊള്ളുകയും മണലിൽനിന്ന് ധാതുക്കൾ വേർതിരിക്കാനായി ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് എന്ന സർക്കാർ സ്ഥാപനം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. എന്നാൽ, 2000ൽ അധികാരത്തിലിരുന്ന യു.ഡി.എഫ്​ ഗവൺമെന്റ് നടത്തിയ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് തോട്ടപ്പള്ളിയിലെ ഖനനം. പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം കരിമണൽ ഖനനവും സംസ്കരണവും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ നടത്തുക എന്നതായിരുന്നു പദ്ധതി.

എന്നാൽ, തീരത്തുടനീളം രൂപംകൊണ്ട കരിമണൽ ഖനനവിരുദ്ധ ജനകീയ സമരസമിതി യൂനിറ്റുകൾ സമരമുഖത്തേക്ക് ഒത്തുചേർന്നതോടെ, സമരം ശക്തിപ്രാപിച്ചു. അതോടെ രണ്ടുവർഷക്കാലം നീണ്ടുനിന്ന ഖനനം ഉപേക്ഷിച്ച് കരിമണൽ ലോബി തീരം വിടുകയും ചെയ്തു. ഈ സമരത്തിൽ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ നടത്തിയ ഇടപെടലുകൾ സമരത്തിന് ശക്തിപകർന്നു. പരിസ്ഥിതിപ്രവർത്തക മേധ പട്കറും അന്ന് തീരജനതക്കൊപ്പം സമരത്തിൽ പങ്കുചേർന്നിരുന്നു. 2004ൽ സമരം ശക്തമായപ്പോൾ, സമരവിരുദ്ധരെ ജനം തള്ളിക്കളയും എന്ന അവസ്ഥ മനസ്സിലായപ്പോഴാണ്​ സി.പി.എം സമരത്തിനൊപ്പം ചേർന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ദുരന്തനിവാരണത്തി​ന്റെ മറവിൽ

ഖനനത്തിനെതിരെ ഹരജികൾ ഓരോ തവണയും കോടതിയിലെത്തുമ്പോൾ, സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ റിപ്പോർട്ട്, IIT മദ്രാസ് നടത്തിയ പഠനം എന്നിവ മുൻനിർത്തി കുട്ടനാടിനെ പ്രളയദുരിതത്തിൽനിന്ന് രക്ഷിക്കാനാണ് പൊഴിമുഖത്തെ മണ്ണെടുപ്പ് എന്നാണ് സർക്കാർ വാദിക്കുന്നത്. ഈ രണ്ട് റിപ്പോർട്ടുകൾക്കും 2018ലെ പ്രളയവുമായി ഒരു ബന്ധവുമില്ലാത്തതാണ്. സ്വാമിനാഥൻ ഫൗണ്ടേഷ​ന്റെ റിപ്പോർട്ട് 2007ൽ വന്നിട്ടുള്ളതും മദ്രാസ് lITയുടെ പഠനം 2011ലേതുമാണ്​.. കുട്ടനാടി​ന്റെ ഇക്കോ സിസ്റ്റത്തെ പോഷിപ്പിച്ച് കാർഷികമേഖലയിൽ കുതിപ്പുണ്ടാക്കാമെന്നാണ് സ്വാമിനാഥൻ റിസർച് ഫൗണ്ടേഷ​ന്റെ റിപ്പോർട്ട്. സ്റ്റഡി ഫോർ മോഡേണൈസേഷൻ ഓഫ് തണ്ണീർമുക്കം & തോട്ടപ്പള്ളി സ്പിൽവേ എന്ന വിഷയത്തിലാണ് മദ്രാസ് IIT പഠനം നടത്തിയത്.

ഈ രണ്ട് റിപ്പോർട്ടുകളും 2018ലെ പ്രളയത്തിന് മുമ്പ് മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് വന്നവയാണ്. ഇതിൽ പ്രധാനമായും വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 11 കി.മി നീളമുള്ള സ്പിൽവേ കനാലിലെ ചളി നീക്കംചെയ്യണമെന്നും വീതി 300 മീറ്ററായി വർധിപ്പിക്കണമെന്നും മറ്റുമാണ് പറഞ്ഞിട്ടുള്ളത്. കേരള സർക്കാർ ഈ രണ്ട് പഠനങ്ങളെ മറയാക്കി പൊഴിമുഖത്ത് ഖനനത്തിനായി ആസൂത്രണം നടത്തതി. ഇതിൽ മദ്രാസ് IITയുടെ റിപ്പോർട്ട് വിവരാവകാശ പ്രകാരം ആവശ്യപ്പെടുമ്പോൾ ലഭ്യമല്ല എന്നാണ് മറുപടി ലഭിക്കുന്നത്.

2019ൽ തുടങ്ങിയ ഖനനത്തെ എതിർത്ത് പുറക്കാട് പഞ്ചായത്ത് ഹൈകോടതിയിൽ നൽകിയ കേസിൽ, പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഉപയോഗിച്ച്, നീക്കംചെയ്യുന്ന മണൽ സംരക്ഷിക്കാമെന്ന ഉറപ്പിൽ KMML സംഭരിച്ചുവെങ്കിലും, അവർ വാക്കു പാലിച്ചില്ല. സംഭരിക്കപ്പെട്ട മണൽ സംസ്കരിച്ച് ഉപയോഗിക്കുകയും ചെയ്തു. കലക്ടറുടെ ഉത്തരവ് മുതൽ മാസപ്പടി വരെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചാൽ കരിമണൽ മാഫിയക്കുവേണ്ടി കൃത്യമായ ആസൂത്രണത്തോടെയാണ് ഓരോ ഉത്തരവുമെന്ന് വ്യക്തമാകും. മണലും എക്കലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളെ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കാതെ പൊഴിമുഖത്തെയും ഹാർബറിലെയും മണൽമാത്രം നീക്കുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമാണ്.

2020 മേയ് 21ന് കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ, ഒറ്റരാത്രിയിൽ നൂറുകണക്കിന് പൊലീസുകാരെ തോട്ടപ്പള്ളിയിൽ വിന്യസിക്കുകയും, സാമൂഹികവനവത്കരണ പദ്ധതിയിലുൾപ്പെട്ട നാനൂറോളം കാറ്റാടിമരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്തു. തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങളും ലോറികളും തോട്ടപ്പള്ളി തീരം കൈയടക്കുകയായിരുന്നു. ലോഡുകളുടെ തൂക്കം നോക്കണമെന്ന കലക്ടറുടെ ഉത്തരവിനെ കാറ്റിൽപറത്തിയാണ് ലോറികൾ തീരംവിട്ടത്. ഈ സംഭവത്തോടെ യു.ഡി.എഫ്, ബി.ജെ.പി, ധീവരസഭ തുടങ്ങിയ സംഘടനകൾ ഒരുമിച്ച് സമരം ആരംഭിച്ചെങ്കിലും ഒന്നരമാസത്തിൽ പ്രക്ഷോഭങ്ങൾ കെട്ടടങ്ങി.

തുടക്കം മുതൽ സമരത്തെ അനുകൂലിച്ച് തീരത്തുണ്ടായിരുന്ന എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്), വെൽഫെയർ പാർട്ടി, ജനകീയ പ്രതിരോധ സമിതി, ധീവരസഭ, തീര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകൾ തോട്ടപ്പള്ളിയിൽ യോഗം ചേർന്നു. അവർ ഡോ. കെ.എസ്. മനോജ്, രക്ഷാധികാരിയും എസ്. സുരേഷ് കുമാർ ചെയർമാനും ബി. ഭദ്രൻ, നാസർ ആറാട്ടുപുഴ, കെ.ജെ. ഷീല എന്നിവർ വൈസ് ചെയർമാന്മാരുമായി കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി രൂപവത്കരിച്ച​ു.

 

രാഹുൽ ഗാന്ധി സമരപ്രവർത്തകരെ കേൾക്കുന്നു 

2021 ജൂൺ 10ന് അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ആരംഭിച്ചു. ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്ന നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സമരത്തി​ന്റെ എഴുപത്തിയഞ്ചാം ദിനത്തിൽ നടന്ന പ്രതിഷേധസംഗമം കുറിലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയാണ് ഉദ്ഘാടനം ചെയ്തത്. സി.ആർ. നീലകണ്ഠൻ, എസ്. സീതി ലാൽ, പി.ടി. ജോൺ തുടങ്ങിയ പരിസ്ഥിതിപ്രവർത്തകർ സമരത്തിൽ ഒപ്പം ചേർന്നു. കൂടംകുളം സമരനായകൻ ഡോ. എസ്.പി. ഉദയകുമാറാണ് സത്യഗ്രഹത്തി​ന്റെ ഇരുന്നൂറാം ദിനം ഉദ്ഘാടനംചെയ്തത്.

സൂനാമി ദുരന്തത്തി​ന്റെ ഓർമദിനമായിരുന്നു അന്ന്. സമരത്തി​ന്റെ ഒന്നാം വാർഷികം പരിസ്ഥിതിപ്രവർത്തക സുമൈറ അബ്ദുലാലിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തി​ന്റെ പല കോണുകളിൽനിന്നുള്ള സാമൂഹിക- പരിസ്ഥിതി പ്രവർത്തകർ തോട്ടപ്പള്ളിയിലെ സമരത്തോടൊപ്പം ചേരുമ്പോഴും കേരള ഗവൺമെന്റോ ഇടതുപക്ഷക്കാരായ പരിസ്ഥിതിപ്രവർത്തകരോ തോട്ടപ്പള്ളിയിലുയർന്ന മുദ്രാവാക്യങ്ങൾ കേട്ടതായി ഭാവിച്ചതേയില്ല. ഖനനവിരുദ്ധ സമരത്തി​ന്റെ നാനൂറ്റി അറുപത്തിയാറാം ദിവസം രാഹുൽ ഗാന്ധി സമരവേദി സന്ദർശിച്ച് തീരത്തിന്റെ അവസ്ഥ വിലയിരുത്തി. സമരം ദേശീയശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം സമിതിക്ക് ഉറപ്പു നൽകി. എന്നാൽ, സമരം വീണ്ടും നീണ്ടു.

സകലതും ഓർത്തുവെക്കപ്പെടും

നിയമം ലംഘിച്ചുള്ള ഖനനവും അളവിൽ കവിഞ്ഞ മണൽക്കടത്തും 2021 ജൂലൈ 23ന് സമരസമിതി പ്രവർത്തകരും ജനങ്ങളും ചേർന്ന് തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ മുപ്പതോളം പൊലീസുകാർ സംസാരിക്കുന്നതിനിടയിൽതന്നെ ലാത്തിച്ചാർജും ക്രൂരമായ മർദനവും അഴിച്ചുവിട്ടു. സമരസമിതി ചെയർമാൻ സുരേഷ് കുമാർ, വൈസ് ചെയർമാൻ ബി. ഭദ്രൻ, കെ.പി. സുബൈദ, യൂത്ത് കോൺഗ്രസ് നേതാവ് പ്രണവ് രാജു, എ.കെ.ഡി.എസ് കരയോഗം പ്രസിഡന്റ് വിപിൻ എന്നിവരെ തല്ലിച്ചതച്ചു. ഇവരെ, ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ തടങ്കലിൽ വെക്കുകയുമാണുണ്ടായത്.

ഗുരുതര പരിക്കുകളേറ്റ ഇവരെ വൈകുന്നേരത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​െപാലീസ് അക്രമണത്തിൽ പ്രതിഷേധിച്ച് തോട്ടപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. അങ്ങനെ സമരം കൂടുതൽ ശക്തമായി. പൊലീസ് മർദനങ്ങളുടെയും കള്ളക്കേസുകളുടെയും സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തോടൊപ്പം നിയമയുദ്ധവും നടത്താൻ സമിതി തീരുമാനിച്ചത്. 2021 ജൂലൈ 30ന് ഹൈകോടതി സിംഗിൾ ​െബഞ്ചിനു മുമ്പാകെ അഡ്വ. ലിജു വി. സ്റ്റീഫൻ മുഖാന്തരം കേസ് രജിസ്റ്റർചെയ്തു. എന്നാൽ, ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ സിംഗിൾ ​െബഞ്ചിൽ കേസ് തള്ളി. ഡിവിഷൻ ​െബഞ്ചിന്​ സമർപ്പിച്ച അപ്പീലും ഇതേപോലെ തള്ളപ്പെട്ടു.

ഈ രണ്ട് സന്ദർഭങ്ങളിലും എൽ.ഡി.എഫ് ഭരിക്കുന്ന പുറക്കാട് പഞ്ചായത്ത് സമരത്തിന് എതിരായാണ് നിലകൊണ്ടതെന്ന് മാത്രമല്ല സ്വന്തം വക്കീലിനെ ഉപയോഗിച്ച് ഖനനത്തെ അനുകൂലിക്കുകയും ചെയ്തു. ഖനനത്തിനു പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരാൻ സമരസമിതി ലോകായുക്ത കോടതിയിൽ നൽകിയ കേസിൽ ഇന്നും വാദം നടന്നുവരുകയാണ്. കേരള ഗവൺമെന്റിന്റെ ദുരന്തനിവാരണമെന്ന നാടകത്താൽ നീതി നിഷേധിക്കപ്പെട്ട സമരസമിതി, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, സഞ്ജയ് ഉപാധ്യായ, അഡ്വ. ജയിംസ് പി. തോമസ്, ലിജു വി. സ്റ്റീഫൻ എന്നിവരിലൂടെ സുപ്രീംകോടതയിൽ റിട്ട് ഫയൽ ചെയ്യുകയും, കേസിൽ നിയമപോരാട്ടം തുടരുകയുമാണ്.

നാടാകെ ഓണമുണ്ണുമ്പോൾ, വട്ടമേശക്കു ചുറ്റും നേതാക്കൾ വിരുന്നിലിരിക്കുമ്പോൾ, തിരുവോണദിനവും തീരദേശജനത സമരത്തിലായിരുന്നു. വാഴയിലയിൽ പ്രതീകാത്മകമായി കരിമണൽ വിളമ്പി സമരാനുകൂലികൾ ഉപവാസം അനുഷ്ഠിച്ചു. ഫാദർ കുടിയാംശ്ശേരി, പാർഥസാരഥി വർമ, കവി സത്യൻ കോമല്ലൂർ, നാസർ ആറാട്ടുപുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി തിരുവോണം തോട്ടപ്പള്ളിക്കാരുടെ ഉപവാസ സമരദിനമാണ്.

കാൺമാനില്ല

എൺപത്തിമൂന്നാം ദിവസത്തെ സത്യഗ്രഹിയും സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ പൊരിയ​ന്റെപറമ്പിൽ സജീവനെ 2021 സെപ്റ്റംബർ 29 മുതൽ കാൺമാനില്ല. സജീവ​ന്റെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതികൾ പൊലീസ് അന്വേഷിക്കാതെ ഒഴിവാക്കുന്നതിനാൽ, സജീവ​ന്റെ ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് പേരിന് മാത്രം അന്വേഷണം നടത്തിയത്. സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തി​ന്റെയും സമരസമിതിയുടെയും ആവശ്യം സർക്കാർ മുഖവിലക്കെടുത്തില്ല.

മക​ന്റെ മടങ്ങിവരവ് കാത്തിരുന്ന സജീവ​ന്റെ അമ്മ, മകനെ കാണാതെ കണ്ണീരോടെ എന്നെന്നേക്കുമായ് കണ്ണുകളടച്ചു. സജീവ​ന്റെ തിരോധാനത്തിനു പിന്നിലെ കരിമണൽ മാഫിയയുടെ പങ്ക് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷിക്കേണ്ടതാണ്.

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ നിയമസഭയിൽ ഒരു ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചത് വടകര എം.എൽ.എ കെ.കെ. രമയാണ്. എന്നാൽ ഫിഷറീസ്, വ്യവസായ വകുപ്പ് മന്ത്രിമാരായ സജി ചെറിയാനും പി. രാജീവും ചേർന്ന് കെ.കെ. രമയെ അസംബ്ലിയിൽ അധിക്ഷേപിക്കാനാണ് അന്ന് ശ്രമിച്ചത്. ഇതിൽ പ്രതിഷേധിച്ച് സമരസമിതിയും തീരദേശ ജനതയും പി. രാജീവി​ന്റെ കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

മണലിന് മാസപ്പടി

2002ലെ സമരത്തെ തുടർന്ന് പിന്മാറാൻ നിർബന്ധിതരായ കരിമണൽ മാഫിയ, രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടുകൾ ഉപയോഗപ്പെടുത്തി വീണ്ടും തീരത്തെ കാർന്നുതിന്നാനെത്തിയപ്പോൾ രൂപംകൊണ്ടതാണ് ഇപ്പോൾ 1000 ദിവസങ്ങൾ താണ്ടിയ കരിമണൽ ഖനന വിരുദ്ധസമരം. 2001ഓടുകൂടി സി.എം.ആർ.എൽ, വി.വി മിനറൽസ് എന്നീ കമ്പനികൾ കരിമണൽ നിക്ഷേപമുള്ള പ്രദേശങ്ങളിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന്​ സമരസമിതി പ്രവർത്തകർ ആരോപിക്കുന്നു. ധാതുമണൽ വേർതിരിക്കാനുള്ള ഇടങ്ങളും തയാറാക്കിയിരുന്നു.

കരിമണൽ മാഫിയ വിലക്കെടുത്ത രാഷ്ട്രീയ പാർട്ടികളെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി CMRLന് തടസ്സം കൂടാതെ ധാതുമണൽ നേടുന്നതിനായി KSIDC എന്ന പൊതുമേഖലാ സ്ഥാപനത്തെ CMRന്റെ പങ്കാളിയാക്കിയാക്കിയതായും 2018ലെ വെള്ളപ്പൊക്ക ദുരന്തത്തെ അവസരമാക്കി, ഖനനം തുടങ്ങുകയുംചെയ്തതായും സമരസമിതി വ്യക്​തമാക്കുന്നു.

ആദ്യം തോട്ടപ്പള്ളി ഹാർബറിലായിരുന്നു വർഷങ്ങളോളം കരിമണൽ ഖനനം. പൊഴിമുഖത്തുനിന്ന് മണൽ നീക്കലെന്ന പേരിൽ ആരംഭിച്ച ഖനനത്തോടെ, ജപ്പാനിൽനിന്നും ലോഡിന് 4,37,000 രൂപക്ക് ലഭിച്ചിരുന്ന ഇൽമനൈറ്റ് ചവറയിൽനിന്ന് 2.5 ലക്ഷം രൂപക്ക് കൊച്ചിയിലെ സ്വആകാര്യ കമ്പനിക്ക്​ ലഭിക്കുന്നു. ഈ ഇൽമനൈറ്റ്, അവർ KMMLന് മറിച്ചുവിൽക്കുന്നത് ലോഡിന് 15 മുതൽ 27 ലക്ഷം വരെ വിലയിട്ടാണ്. ​െഎ.ആർ.ഇ.എല്ലിനും കെ.എം.എം.എൽനും ഇടനില കമ്പനിയായ സി.എം.ആർ.എല്ലിനും ഇതുവഴി കോടികൾ ലാഭമുണ്ടാക്കുന്നു.

ഈവേ ബില്ലുകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുന്നതാണ്. സി.എം.ആർ.എൽ രാഷ്ട്രീയ-െപാലീസ്-മാധ്യമപ്രവർത്തകർക്ക് 135 കോടിയോളം രൂപ നൽകിയതെന്തിന് എന്ന ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോഡി​ന്റെ ചോദ്യത്തിന് കമ്പനിയുടെ സി.എഫ്​.ഒ കെ. സുരേഷ് കുമാർ നൽകിയ മറുപടി, പരിസ്ഥിതി മലിനീകരണ വിവാദങ്ങൾ ഒഴിവാക്കാനും യഥേഷ്ടം ഇൽമനൈറ്റ് ലഭിക്കാൻ വേണ്ടിയുമാണെന്നാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര തുടങ്ങിയ പ്രദേശങ്ങൾ ഗുരുതരമായ തീരശോഷണമാണ് നേരിടുന്നത്.

ലഭ്യമായ കണക്കുപ്രകാരം സി.എം.ആർ.എൽ ഖനനത്തിലൂടെ പ്രതിവർഷം 12 കോടിയോളം രൂപ ലാഭം നേടുന്നുണ്ട്. 803 ലോഡുകളാണ് കഴിഞ്ഞവർഷം മാത്രം ഇവിടെ നിന്ന്​ കൊണ്ടുപോയതെന്ന്​ ഒരു കണക്ക്​ വ്യക്​തമാക്കുന്നു. ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ ഒരു ലോഡിന് 9.65 ലക്ഷം രൂപ വില നൽകുന്ന ധാതുക്കൾ ചവറയിൽനിന്ന് (IREL) ലഭിക്കുന്നത് 7.7 ലക്ഷത്തിനാണ്. ഒരു ലോഡിൽനിന്ന് തന്നെ രണ്ടു ലക്ഷത്തോളം ലാഭം സ്വകാര്യ കമ്പനി നേടിയാൽ 4 വർഷത്തിൽ, കുറഞ്ഞത് 48 കോടി രൂപക്കു മുകളിൽ ലാഭം നേടാനാകും.എന്നാൽ, അനധികൃതമായി കടത്തിയ മണലി​ന്റെ അളവ് ലഭ്യമല്ല. അതിനാൽ, ഓരോ വർഷവും ശതകോടികളുടെ ലാഭമാണ് ഖനനത്തി​െൻറ യഥാർത്​ഥ നടത്തിപ്പികാർ നേടിയതെന്ന്​ അനുമാനിക്കാം.

രണ്ട് ലക്ഷം ടൺ മണൽ നീക്കാനുള്ള അനുമതിയിൽ 54 ലക്ഷം ടൺ മണലാണ് പൊഴിമുഖത്തുനിന്നും കടത്തിക്കൊണ്ടുപോയത്. ഇതിന്റെ പ്രത്യാഘാതമായി 476 വീടുകൾ കടലാക്രമണത്തിൽ തകർന്നു. 1600 വീടുകൾ തകർച്ചാഭീഷണിയിലുമാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്തി​ന്റെ ഇന്നത്തെ അവസ്ഥ ഖനനത്തി​ന്റെ പരിണിതഫലങ്ങളാൽ ദുരിതപൂർണമാണ്. 1955ലെ ലിത്തോ മാപ് പ്രകാരം 79.5 ചതുരശ്രമീറ്റർ ആയിരുന്ന ആലപ്പാട് പഞ്ചായത്തി​ന്റെ വിസ്തൃതി 2019ൽ വെറും 7.6 ചതുരശ്ര മീറ്റർ മാത്രമായി ശോഷിച്ചിരിക്കുന്നു.

പണ്ട് ആലപ്പാട് ഖനനത്തിനെതിരെ സമരം നടക്കുമ്പോൾ, വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി പറഞ്ഞത്: ഇത് വെറും മണലല്ല, പൊന്മണലാണ്, ഖനനത്തോട് സഹകരിച്ചാൽ കേരളം ഗൾഫായി മാറുന്നത് കാണാമെന്നാണ്. എന്നാൽ, കടലേറ്റവും തീരശോഷണവുംമൂലം തകർന്ന വീടുകളുപേക്ഷിച്ച് ജനങ്ങൾ പലായനംചെയ്ത അവസ്ഥയാണ് ആലപ്പാടിനെ തേടിയെത്തിയത്.

 

പരിസ്​ഥിതി പ്രവർത്തക സുമേറ അബ്​ദുൽ ലാലി സമരമുഖത്ത്​

നാല് വർഷക്കാലം നീണ്ടുനിന്ന തോട്ടപ്പള്ളിയിലെ ഖനനത്തിനുള്ള അനുമതി റദ്ദാക്കിയുള്ള വ്യവസായ വകുപ്പ് ഉത്തരവിറങ്ങിയത് 2023 ഡിസംബർ 18നാണ്. മാസപ്പടി വിവാദം ജനശ്രദ്ധയിലേക്കെത്തുന്നത് കണ്ട ഭയത്താലാവാം അനുമതി റദ്ദാക്കിയത്. കരിമണൽ ഖനനം പൊതുമേഖലയിൽ നിയന്ത്രിക്കാൻ കേന്ദ്ര നിയമ ഭേദഗതിയുണ്ടായിട്ടും കേരള ഗവൺമെന്റ് കണ്ണടച്ചു. ഒരു തീരത്തെ വിറ്റു തിന്ന് മാസപ്പടി വാങ്ങുന്ന ഭരണാധികാരികൾക്കോ, അവരുടെ അണികൾക്കോ തോട്ടപ്പള്ളിയിലെ ജനതയുടെ അവസ്ഥ ഒരിക്കലും മനസ്സിലാവുകയില്ല, കാരണം ഒരു നേതാവി​ന്റെയും വീട്ടിലേക്ക്, ഭിത്തി തകർക്കാൻ ശക്തിയുള്ള തിരമാലകൾ ഇരമ്പിപ്പാഞ്ഞെത്തില്ലെന്നതാണ്.

നേരത്തെ വ്യക്​തമാക്കിയപോലെ ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡി​ന്റെ വിധിയിൽ പുറത്തുവന്ന വിവരപ്രകാരം 135 കോടിയോളം രൂപയാണ് ഒരു സാമ്പത്തിക വർഷം, രാഷ്ട്രീയ-മാധ്യമ പ്രവർത്തകർക്ക് കൊച്ചിയിലെ ധാതുമണൽ കമ്പനി നൽകുന്നത്. വെറും ഒരു വർഷത്തെ കണക്കാണിത്. IREL എടുക്കുന്ന മണലിലെ മുഴുവൻ ഇൽമനൈറ്റും KMMLന് നൽകണമെന്ന വ്യവസ്ഥ നിലനിൽക്കേ പ്രതിമാസം നൂറോളം ലോഡ് ഇൽമനൈറ്റാണ് സ്വകാര്യ കമ്പനിക്ക്​ ചുളുവിലക്ക് നൽകുന്നത്. KMMLന് നിലവിൽ 33 ശതമാനം ഉൽപാദനം കുറഞ്ഞു. ​അതേ സമയം സ്വകാര്യ കമ്പനി കോടികളുടെ ലാഭമുണ്ടാക്കി.

പെറ്റുവീണോടിക്കളിച്ച നാടി​ന്റെ സംരക്ഷണത്തിനായി പോരാടുന്ന ജനകീയസമരം ആയിരം ദിവസങ്ങൾ പിന്നിടുകയാണ്. ആമസോൺ കാടു കത്തുന്നതിനെപ്പറ്റിയും ആഗോളതാപനത്തെപ്പറ്റിയുമൊക്കെ വിലപിക്കുന്ന, ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു പ്രബുദ്ധ മലയാളിയും തോട്ടപ്പള്ളിയിൽനിന്നുയരുന്ന മുറവിളികേട്ട് ഓടിയെത്തില്ല, കണ്മുന്നിൽ കണ്ടാലും തീരദേശ ജനതക്കൊപ്പം അവർ ചേരില്ല. കേട്ടിട്ടും കേൾക്കാത്തതായ്, കണ്ടിട്ടും കാണാത്തതായ് നടിക്കുന്നവരെ ഉണർത്തുന്നതെങ്ങനെ?

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT