ആടുജീവിതം സിനിമ റിലീസ് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ നോവലും നജീബും ബെന്യാമിനും വാര്‍ത്തകളില്‍ നിറയുമ്പോള്‍ പഴയ ഒരു ഓര്‍മ പങ്കുവയ്ക്കുകയാണ് കവിയും എഴുത്തുകാരനുമായ കുഴൂര്‍ വിത്സണ്‍.
ആടുജീവിതം സിനിമ റിലീസിൻ്റെ ഭാഗമായി നജീബും ബെന്യാമിനും റീലുകളിൽ നിറയുമ്പോൾ എൻ്റെ ഓർമ്മകളിലും ആടുജീവിതത്തിൻ്റെ ആദ്യറീലുകൾ മറിയുന്നുണ്ട്. നജീബിൻ്റെ ശബ്ദം നോവലിൻ്റെ അടിസ്ഥാനത്തിൽ പുറം ലോകം ആദ്യം കേട്ടത് 2008 ൽ ദുബായിൽ നിന്നും പ്രക്ഷേപണം ചെയ്ത ഏഷ്യാനെറ്റ് ലുലു ന്യൂസ് അവറിലായിരുന്നു. അത് എയർ ചെയ്യാനുള്ള അവസരം എനിക്കുണ്ടായി. യു എ യിലെ ഒരു റേഡിയോ പ്രക്ഷേപകനെന്ന നിലയിൽ അൽപ്പസ്വൽപ്പം സാഹസികത അതിലുണ്ടായിരുന്നു . ഒന്നരപതിറ്റാണ്ടിനിപ്പുറം ആ ദിനങ്ങളുടെ ഓർമ്മ സന്തോഷം പകരുന്നു. ആ സന്തോഷമാണു ഈ കുറിപ്പിനു ആധാരം.
2008 ആഗസ്റ്റിലാണു ബഹ്റൈനിൽവെച്ച് ആടുജീവിതം പ്രകാശിതമാവുന്നത്. കഥാപാത്രത്തിനു നൽകി കൊണ്ട്, എഴുത്തുകാരൻ്റെ സാന്നിദ്ധ്യത്തിൽ ആടുജീവിതത്തിൻ്റെ ഒന്നാം പ്രതി പ്രകാശനം ചെയ്തത് എൻ്റെ എഴുത്തുജീവിതത്തിലെ ഏറ്റവും തിളക്കമുള്ള റീലുകളിൽ ഒന്നാണ്. ബ്ലോഗെഴുത്ത് സജീവമായിരുന്ന 2008 ൽ ആടുജീവിതത്തിൻ്റെ പി.ഡി.എഫ്.മെയിലിൽ അയച്ചിട്ട് ബെന്യാമിൻ വിളിച്ചു: "വിത്സൻ, എൻ്റെ പുതിയ നോവൽ അയച്ചിട്ടുണ്ട്,വായിച്ചിട്ടു പറയണം". ഏഷ്യാനെറ്റ് റേഡിയോ വാർത്താജീവിതത്തിൻ്റെ തിരക്കിൽ രണ്ടു മൂന്നു ദിവസം ഞാനത് തൊട്ടു നോക്കിയില്ല. ജി മെയിൽ ചാറ്റിൽ ബെന്യാമിൻ വീണ്ടും ഓർമിപ്പിച്ചപ്പോൾ ഞാനാ നോവലിൻ്റെ പ്രിൻ്റെടുത്തു.
വായന മുറുകിയ മൂന്നാം ദിവസം അവധിയെടുത്ത് അടുജീവിതം വായിക്കേണ്ട അവസ്ഥയായി. ഗൾഫിലെ ജോലിക്കാർക്ക് ഇക്കാര്യം കൂടുതൽ ഫീൽ ചെയ്യും. പ്രക്ഷേപണം ചെയ്യപ്പെടുന്ന ഓരോ വാക്കിലും അറബ് അധികാരത്തിൻ്റെ ശിങ്കിടികളുടെ നിരീക്ഷണമുള്ള റേഡിയോ കാലമാണ്. ഗൾഫ് ജീവിതം അവിടെയുള്ള എഴുത്തുകാർക്ക് എന്നതുപോലെ പ്രക്ഷേപകർക്കും തുറന്നു പറയാൻ പറ്റില്ലെന്ന പരിമിതിയുമുണ്ട്. യു എ ഇ യിലെ കലാകാരന്മാർക്കും, മാദ്ധ്യമപ്രവർത്തകർക്കുമാണെങ്കിൽ ശവം തീനി ഉറുമ്പുകൾ എന്ന നാടകത്തിൻ്റെ പ്രവർത്തകർ അനുഭവിച്ച കുരിശുജീവിതത്തിൻ്റെ ഓർമ്മകളും പേടിയായുണ്ട്. ആ കഥകൾ പറഞ്ഞ് ഇരുത്തം വന്ന മൂത്ത ചേട്ടന്മാർ, മാധ്യമപ്രവർത്തനത്തിലെ ഞങ്ങളുടെ സാഹസികതകളെ ഒരു പരിധി വരെ തടഞ്ഞിരുന്നു. അതിനെയൊക്കെ മറി കടന്ന വി എം സതീഷിനെപ്പോലുള്ള മാധ്യമപ്രവർത്തകരെ ബഹുമാനത്തോടെ ഓർക്കുന്നു. വീണ്ടും ആടുജീവിതത്തിൻ്റെ പേജുകളിലേക്ക്.
ആടുജീവിതത്തിലെ നജീബ് ആ ദിവസങ്ങളിൽ ഉള്ളിലിരുന്ന് വിങ്ങി. അങ്ങനെ ഒരു ദിവസം വീണു കിട്ടി. രാവിലത്തെ റേഡിയോ ടോക്കും വാർത്തകളുമാണ് അന്ന് പ്രധാനമായും ചെയ്തിരുന്നത്. വൈകുന്നേരം ന്യൂസ് അവർ ചെയ്യേണ്ട ആർ ബി ലിയോയുടെ പകരക്കാരനായിരുന്നു അന്നു ഞാൻ. ആടുജീവിതം എന്ന നോവൽ ന്യൂസ് അവറിൽ സ്റ്റോറിയാക്കാൻ തീരുമാനിച്ചു. ലൈവാണ്. നല്ല പണിയാണെന്ന് പിന്നീടു മനസ്സിലായി.നോവലിലെ അറബ് വിരുദ്ധ വികാരം അധികം പുറത്തുകാട്ടാതെ സംഗതി അവതരിപ്പിക്കണം. ഇടക്കിടെ സാഹസികത പുറത്തെടുക്കുന്ന എന്നെ തളയ്ക്കാൻ നിരീക്ഷണം നടത്തുന്ന മുതിർന്ന പ്രക്ഷേപണ ഉദ്യോഗസ്ഥരുടെ കാതുകളെ വെട്ടിക്കണം. ന്യൂസ് അവർ തുടങ്ങി. മലയാളത്തിൽ ആകെ പത്തിരുപതു പേർ മാത്രം വായിച്ചിട്ടുള്ള ഒരു നോവൽ ഗൾഫ് പൊതുജനസമക്ഷം ആദ്യമായി അവതരിപ്പിക്കുകയാണ്.ഒരു ലൈനിൽ ബെന്യാമിൻ. മറ്റൊരു ലൈനിൽ സാക്ഷാൽ നജീബ്. ആർക്കും പരിക്കുപറ്റാതെ ആമുഖം അവതരിപ്പിച്ചു.
നജീബിൻ്റെ കാര്യത്തിൽ ഞാൻ പെട്ടു. നജീബ് മിണ്ടുന്നത് മിനിറ്റുകൾ ഇടവിട്ടാണ്. റേഡിയോയിലെ ഏറ്റവും വിലപിടിപ്പുള്ള സമയമാണ് ഇഴഞ്ഞുനീങ്ങുന്നത്. നജീബിൽനിന്ന് കഥകളെല്ലാം ക്ഷമയോടെ കേട്ടെഴുതിയ ബെന്യാമിനെ അപ്പോൾ മനസ്സാ നമിച്ചു. ചങ്കിടിപ്പോടെ എങ്ങനെയോ ന്യൂസ് അവർ അവസാനിപ്പിച്ചു. നീണ്ട നീണ്ട വർത്തമാനങ്ങൾക്ക് പിന്നീട് ഈ നജീബ് കാരണമാകും എന്നൊന്നും അന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. ഇന്നിപ്പോൾ ഫീഡുകളിലും റീലുകളിലും നജീബ് നിറയുമ്പോൾ ഒപ്പം സന്തോഷവും നിറയുന്നു.
പിന്നെയും ഒരു ദിവസം ബെന്യാമിൻ വിളിച്ചു: "കവിതകളുടെ ചൊൽക്കാഴ്ച അവതരിപ്പിക്കാൻ വിത്സൻ ബഹ്റൈനിൽ വരുന്നുണ്ടല്ലോ; ആടുജീവിതം പ്രകാശനം ചെയ്യണം" വലിയ എഴുത്തുകാരെ നാട്ടിൽനിന്നു കൊണ്ടുവന്ന് ചെയ്യേണ്ട സംഗതിയാണെന്ന് ഞാനും വിനീതനായി. ബെന്യാമിൻ്റെ സ്നേഹനിർബ്ബന്ധത്താൽ അതും നടന്നു. അക്കാലത്ത് ബഹ്റൈനിൽ സജീവമായിരുന്ന പ്രേരണയായിരുന്നു സംഘാടകർ.
ബഹ്റൈൻ സൗത്ത് പാർക്ക് അനാരത്ത് ഹാളിൽ നടന്ന പ്രകാശനത്തിനു ശേഷം ബഹ്റൈൻ ബ്ലോഗേഴ്സ് മീറ്റും ബെന്യാമിൻ്റെ വീട്ടിൽവെച്ചുണ്ടായി. നജീബിനെ ബെന്യാമിനു പരിചയപ്പെടുത്തിയ സുനിൽ മാവേലിക്കരയും, രാജു ഇരിങ്ങലും, ബാജി ഓടം വേലിയും ഷംസ് ബാലുശ്ശേരിയുമെല്ലാം ആ രാത്രി സജീവമായിട്ടുണ്ടായിരുന്നു എന്നാണോർമ്മ. അന്നു രാത്രി ഞാൻ നജീബിനോടു സംസാരിക്കാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷെ ഞങ്ങൾ അന്നു മിണ്ടിയതെല്ലാം നാടുജീവിതമായിരുന്നെന്നു തോന്നുന്നു.
ബെന്യാമിനെ ഇടയ്ക്ക് വേദികളിൽവെച്ച് കാണാറുണ്ട്. ബെന്യാമിൻ്റെ നാടുജീവിതം മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിക്കു വേണ്ടി റിപ്പോർട്ട് ചെയ്യാൻ കുളനടയിൽ പോയതും മറക്കാവതല്ല. ആടുജീവിതത്തേക്കാൾ ഒറ്റപ്പെട്ട കുളനടയിലെ പ്രവാസ ഭവനങ്ങൾ ഞങ്ങൾ കണ്ടു. ബെന്യാമിൻ പെൺ പ്രവാസത്തിൻ്റെ ചരിത്രവും പറഞ്ഞു. കവി മോഹൻ അറയ്ക്കലായിരുന്നു കൂടെയുണ്ടായിരുന്നത്. ആടുജീവിതത്തിലെ മരുഭൂമി വർണ്ണന സംബന്ധിച്ച ആരോപണങ്ങളിൽ, ചിലർ എന്നെ ടാഗ് ചെയ്തതും, അത് ബെന്യാമിൻ്റെ ശ്രദ്ധയിൽ പെടുത്തിയതും ഞങ്ങൾക്കിടയിലെ സ്നേഹം നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടാകാം. ഞാനതേക്കുറിച്ച് ആകുലപ്പെട്ടിട്ടില്ല.
ബ്ലോഗ് കാലത്ത്, സത്യത്തിനും നീതിക്കും വേണ്ടി വാദിക്കുന്ന ഒരു ബെന്യാമിനെ ഞാൻ കണ്ടിരുന്നു. കാലം അതിനു മാറ്റം വരുത്തിയെന്ന് തോന്നുന്നു. നജീബിനെ പിന്നെ കണ്ടിട്ടേയില്ല. ആടുജീവിതം സംബന്ധിച്ച ഒരു വിവാദ വാർത്ത വന്ന സമയത്ത് സത്യമറിയാൻ നാട്ടിൽ വച്ച് ഒരിക്കൽ നജീബിനെ വിളിച്ചതോർക്കുന്നു. അന്ന് റിപ്പോർട്ടറിലായിരുന്നു എൻ്റെ വാർത്താ വായന. ഇപ്പറഞ്ഞ ഓർമ്മക്കഥയിലെ ആളുകളെല്ലാം ഇപ്പോൾ നാടുജീവിതത്തിലാണ്. ഒന്നിരപ്പതിറ്റാണ്ടു മുമ്പ് യാത്രയാരംഭിച്ച ആടുജീവിതവും നജീബും ബെന്യാമിനും സിനിമയിലൂടെ മറ്റൊരു ചരിത്രമാവുമ്പോൾ കാണികളിലൊരാളായി നിറഞ്ഞ മനസ്സോടെ കൈയടിക്കുന്നു, സ്നേഹം നേരുന്നു.
നജീബിൻ്റെ ആദ്യത്തെ റേഡിയോ അഭിമുഖം 2018ലെ പ്രളയംവരെ എൻ്റെ കമ്പ്യൂട്ടർ ഡിസ്കിൽ ഉണ്ടായിരുന്നു. ആ വർത്തമാനം ജലത്തിൽ അലിഞ്ഞുപോയി. പ്രളയത്തിൻ്റെ നഷ്ട പരിഹാരം ധൂർത്തടിച്ചവരും മോഷ്ടിച്ചവരും അത് കാണാതെ പോയത് വലിയ സങ്കടമായിത്തന്നെ അവശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.