മലയാള സിനിമയെ പലതരത്തിൽ നയിക്കുകയും മാറ്റിമറിക്കുകയും ചെയ്ത രണ്ടു പേരാണ് ടി. ദാമോദരനും പി.വി. ഗംഗാധരനും. അവർ കോഴിക്കോട് ഗണപത് ബോയ്സ് സ്കൂളിലെ സഹപാഠികളായിരുന്നു. ആ കൂട്ടുകെട്ടിന്റെ ഒാർമകൾ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും പലവിധത്തിൽ പടരുന്നു. ടി. ദാേമാദരനിൽ തുടങ്ങുന്ന ഒാർമകൾ പി.വി. ഗംഗാധരനിലേക്ക് നീളുന്നു..ഇൗ ലക്കത്തിൽ ഭാര്യാപിതാവ് കൂടിയായ ടി. ദാമോദരനെക്കുറിച്ചാണ് പ്രധാനമായും എഴുതുന്നത്.
‘‘ജീവിതം കരയിപ്പിച്ചപ്പോഴും
ഭയപ്പെടുത്തിയപ്പോഴും
ചുണ്ടിന്റെ അറ്റത്ത് കടിച്ചുപിടിച്ച
ഒരു ചിരിയുണ്ടായിരുന്നു,
അസ്സൽ ചിരി.
ചിരിക്കാതെ കണ്ടിട്ടില്ല.
നനവുള്ള കുട്ടിക്കൂറ പൗഡറിന്റെ
അതേ വാസന
നെറ്റിയിൽ ചേർന്നുകിടന്ന
ചെറിയ പൊട്ട്
കഴുത്തിലേക്ക് ഇറങ്ങിക്കിടന്ന
കട്ടിക്കയർ മാലയും
പിരിയൻ വളകളും
മൈലാഞ്ചിയുടെ ചുവപ്പ് കൂടിയ
ചെറിയ കൈനഖങ്ങൾ
നടന്നുതളർന്നു തഴമ്പിച്ച കാലടികൾ
ഇളം ചൂടുള്ള ദേഹം
ഞങ്ങൾക്കു വേണ്ടി
വെളുത്ത പുതപ്പിന്നടിയിൽ നിന്നു.
എരിക്കുന്ന കനലിലേക്കും
ഒഴുകുന്ന നദിയിലേക്കും
തീ ദിശമാറിപ്പറന്നപ്പോൾ
ഒരിക്കലെങ്കിലും ഓർത്തിരുന്നുവോ നീ
ഞങ്ങൾക്ക് വേണ്ടത്
നിന്നെ ആയിരുന്നുവെന്ന്?
നാലു കൊല്ലത്തിനിപ്പുറവും
മാർച്ച് 4, 12.10ന് നിലച്ച
ഞങ്ങളുടെ ഘടികാരം
ഇപ്പോഴും നിശ്ചലമാണ്.’’
ഞങ്ങൾ പാപ്പാത്തി എന്നു വിളിക്കുന്ന മകൾ മുക്ത 2011 മാർച്ച് 4ന് വിടപറഞ്ഞ അവളുടെ അമ്മൂമ്മയെ 2015 മാർച്ച് 4ന് ഓർത്തത് ഇങ്ങനെയാണ്. ഘടികാരം നിശ്ചലമാകുന്ന അത്തരം അമ്മ അനുഭവങ്ങൾ ഓരോരുത്തർക്കുമുണ്ടാകും. അങ്ങനെയൊരു അമ്മൂമ്മയെ നഷ്ടമായി കഷ്ടിച്ച് ഒരു വർഷം കഴിഞ്ഞ് മകൾക്ക് അവളുടെ അമ്മച്ഛനെയും നഷ്ടമായി: 2012 മാർച്ച് 28ന് പകൽ. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കുളിച്ച് പുറപ്പെട്ട് തന്റെ ചാരുകസേരയിൽ ചാഞ്ഞിരുന്ന് ഒന്ന് വായിക്കാനിരുന്നപ്പോഴായിരുന്നു ആ മരണം. ‘ഗോൾഡൻ എക്സിറ്റ്’ എന്നൊരു പേരുണ്ട് നമ്മുടെ മരണത്തിനെന്ന് അപ്പോഴാണറിഞ്ഞത്. നിശ്ചല ഘടികാരങ്ങൾ പിന്നെയും ഓർമയിൽ സ്പന്ദിക്കുന്നു.
അമ്മ പുഷ്പ ദാമോദരന്റെ മരണം ചരമം പേജിലെ ഒരു ഒറ്റക്കോളം വാർത്തയായിരുന്നു. മറിച്ച് അച്ഛൻ, തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററുടെ മരണം തത്സമയം ചാനലുകളിൽ ആഘോഷമായി. പിറ്റേന്ന് പത്രങ്ങളും അത് ആഘോഷിച്ചു. ജീവിച്ചിരുന്ന കാലത്ത് പത്രത്തിനും ചാനലിനും ഒരഭിമുഖം കൊടുക്കാത്ത ദാമോദരൻ മാഷ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.
തന്റെ അമ്മച്ഛന്റെ ജീവിതത്തിൽ എന്തായിരുന്നു അമ്മമ്മ എന്ന അറിവിന്റെ ഓർമയാണ് മകൾ മുക്തക്ക് ‘Bereaved Spouses’ എന്ന ഡോക്യുമെന്ററി പരമ്പര എടുക്കാൻ പ്രേരണയായത്. അതിൽ അടൂരിന്റെ ജീവിതപങ്കാളിയെക്കുറിച്ച് എടുത്ത ‘സുനന്ദ’ ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചിരുന്നു. മറ്റൊന്ന് സംവിധായകൻ ശിവന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള ‘ചന്ദ്രമണി’യാണ്. മറ്റു പലതും പാതിയിൽ നിൽക്കുന്നു.
‘അഹിംസ’ (1981) കാലം: മാധവി സ്വാമി, പി.വി. സ്വാമി, പത്മനാഭൻ നായർ, മമ്മൂട്ടി, ജിയോ കുട്ടപ്പൻ, പി.വി. ചന്ദ്രൻ, പി.വി. ഗംഗാധരൻ, കുതിരവട്ടം പപ്പു, ടി. ദാമോദരൻ, വി. രാജഗോപാൽ
അമ്മയെക്കുറിച്ച് എഴുതാൻ ദീദിക്കിപ്പോഴും കഴിഞ്ഞിട്ടില്ല. 2008ൽ ഒരു വർഷം അതിജീവിച്ചവർ അഞ്ചു ശതമാനമാണ് എന്ന ഒരു മെഡിക്കൽ റിപ്പോർട്ട് മുന്നിൽവെച്ച് ജീവിച്ചുതുടങ്ങിയപ്പോൾ “ഞാൻ ആ അഞ്ചു ശതമാനത്തിൽ പെട്ടുകൊള്ളാം’’ എന്നായിരുന്നു അർബുദ ചികിത്സ നേരിടുന്ന വേളയിൽ ദീദി പറഞ്ഞത്. എന്നാൽ അമ്മ അന്നു മുതൽ ഒരു പ്രാർഥന തുടങ്ങി, “മകളുടെ രോഗം എനിക്ക് തന്ന് എന്നെ അങ്ങോട്ടെടുക്കണേ” എന്ന്. ആ പ്രാർഥന ദൈവം കേട്ടു എന്നവർ അവസാനശ്വാസത്തിലും വിശ്വസിച്ചു. 2011 മാർച്ച് 4ന് മരണത്തിന് രണ്ടാഴ്ച മുമ്പ് ഒരു രോഗനിർണയത്തിന്റെ മുനമ്പിൽ െവച്ച് ചികിത്സയെടുക്കാൻ വിസമ്മതിച്ചു നിന്നപ്പോൾ അവരെ പ്രേരിപ്പിക്കാൻ വന്ന കുടുംബസുഹൃത്തും അന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്റെ ഡയറക്ടറുമായ ഡോ. സുരേഷ് കുമാറിനോട് അമ്മ സ്വബോധത്തോടെ പറഞ്ഞത്, “അത് ഞാനും ദൈവവുമായുള്ള ഒരു ഡീൽ’’ ആണെന്നായിരുന്നു.
ആ അവസ്ഥയിൽ ചികിത്സിച്ചാലും ചികിത്സിച്ചില്ലെങ്കിലും ഇത്ര ദിവസമേ ഭൂമിയിൽ ബാക്കിയുള്ളൂ എന്ന് നിരീക്ഷിച്ച ഡോ. സുരേഷ് രോഗം നേരിടുന്ന അമ്മയുടെ നിലപാട് മാനിക്കണം എന്ന ഉപേദശമാണ് കുടുംബത്തിന് നൽകിയത്. ബുദ്ധിമുട്ടായിരുന്നു ആ തീരുമാനം. എന്നാലും, കുടുംബം അതിനോടൊപ്പം നിന്നു. അമ്മ ആശുപത്രിയിൽ പോകാതെ വീട്ടിൽ സ്വന്തം മുറിയിൽ കിടന്ന് എല്ലാവരെയും കണ്ട് വിടപറഞ്ഞു. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ഹോം കെയർ ടീം അവസാന ശ്വാസം വരെ ഒപ്പം നിന്നു. മാധവിക്കുട്ടിയുടെ ‘കോലാട്’ എന്ന കഥ അപ്പോൾ ഓർത്തു: പോകുമ്പോഴും മുറ്റത്ത് താൻ നട്ടുവളർത്തിയ ചെടികൾ നനക്കാൻ മറക്കരുത് എന്നും പാപ്പാത്തിയെ ശ്രദ്ധിക്കണം എന്നുമാണ് ദീദിയെ ഓർമപ്പെടുത്തിയത്.
മരണത്തിന്റെ സാക്ഷരതയാണ് ഡോ. സുരേഷ് ഇപ്പോൾ ലോകത്തെ പഠിപ്പിക്കാൻ നടക്കുന്നത്. അതിന്റെ കാര്യത്തിൽ മനുഷ്യർ എത്രമാത്രം നിരക്ഷരരാണ് എന്ന് ആശുപത്രിയിലെ ഐ.സി.യുവിന് പകരം കിടപ്പുമുറിയിൽ കിടന്ന് മരിക്കാൻ അമ്മയെ അനുവദിച്ചപ്പോൾ എല്ലാവരും അനുഭവിച്ചു. എന്നാൽ, അവസാനം ഇലകൊഴിയുന്ന ലാഘവത്തോടെ അമ്മ കണ്ണടച്ചു. അമ്മയുടെ മരണം ഏറ്റവും ദുസ്സഹമാക്കിയത് അച്ഛന്റെ ജീവിതമായിരുന്നു. അമ്മ വിടപറഞ്ഞ മാർച്ച് 4ന് നിശ്ചലമായതാണ് അച്ഛന്റെ ജീവിതവും. പിന്നെ കണ്ടത് ഉള്ളിലെവിടെയോ എന്തോ നിലച്ചുപോയ ഒരച്ഛനെയാണ്. ടി. ദാമോദരൻ മാസ്റ്റർ പതുക്കെ പിൻവാങ്ങുകയായിരുന്നു.
സ്ട്രോക്ക് വന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഐ.വി. ശശിയെക്കൊണ്ട് ഒരു സിനിമ ചെയ്യിക്കാൻ അടുത്ത സഹപ്രവർത്തകർ ചേർന്ന് പല സിനിമകളും ആസൂത്രണംചെയ്തിരുന്ന കാലമായിരുന്നു അത്. അതിലൊന്ന് ഐ.വി. ശശിയും മാഷും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന ഒരു സിനിമയായിരുന്നു. ജിയോ കുട്ടപ്പേട്ടനും ലിബർട്ടി ബഷീറും ഒക്കെ അതിന് മുന്നിൽ നിന്നിരുന്നു. മാഷെ മദിരാശിയിൽ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പാർപ്പിച്ചാണ് ശശിയേട്ടൻ മാഷിന്റെ അവസാന തിരക്കഥ എഴുതിപ്പിച്ചത്. എന്റെ ഓർമയിൽ സിനിമയാകും മുമ്പ് ഡി.ടി.പി എടുത്ത് ബൈൻഡ് ചെയ്ത മാഷിന്റെ ആദ്യത്തെ തിരക്കഥയാകും അത്. അത് വായിച്ച് മമ്മൂട്ടി വിളിച്ചു, “മാഷേ ഗംഭീരമായിട്ടുണ്ട്, നമ്മളത് ചെയ്യുന്നു” എന്ന്. പിന്നെ ഒരു ചെറു തിരുത്തൽ അഭ്യർഥനയും മമ്മൂട്ടി മുന്നോട്ടുെവച്ചു. അതുകേട്ട് ഒരു ചെറു ചിരിയോടെ മാഷ് പറഞ്ഞു: “സാധാരണഗതിയിൽ ഞാൻ സമ്മതിക്കാൻ പാടില്ലാത്തതാണ്, എന്നാൽ നിങ്ങളുമായുള്ള ഒരു ഇരുപ്പുവശംവെച്ച് അത് പരിഗണിക്കാം.
നോക്കട്ടെ’’ എന്ന്. പക്ഷേ സിനിമ നടന്നില്ല. ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെടുന്നതിന് മുമ്പായിരുന്നു അത്. വധിക്കപ്പെട്ടതോടെ രാഷ്ട്രീയം മാറി. 2012 മാർച്ച് 28ന് മാഷ് വിടപറഞ്ഞു. 2012 മേയ് 14ന് ടി.പി വധിക്കപ്പെട്ടു. 12 ഓർമവർഷം പിന്നിടുന്നു അതിനൊക്കെ. ആ സിനിമ ദീദിയെക്കൊണ്ട് കാലാനുസൃതമായി മാറ്റി സിനിമയാക്കാൻ മരിക്കുംവരെ ശശിയേട്ടൻ ശ്രമിച്ചിരുന്നു. നടന്നില്ല. രാഷ്ട്രീയ സിനിമ എന്നത് മൂലധനം അത്രമേൽ ഭയക്കുന്ന ഒന്നായി മാറിയിരുന്നു അപ്പോഴേക്കും. മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ ആചാര്യന് അത് തിരിച്ചറിയാനാവാതെ പോയി. അവസാന സ്വപ്നം നിറവേറ്റാതെ 2017 ഒക്ടോബർ 24ന് ഐ.വി. ശശിയും വിടപറഞ്ഞു.
മാനാഞ്ചിറ മൈതാനം: റഫറിയായി ടി. ദാമോദരൻ
മാഷ് പോയപ്പോൾ ഞാൻ ‘ചിത്രഭൂമി’യുടെ ചുമതലയിലാണ്. അന്ന് ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ന്റെ ചുമതല ഉണ്ടായിരുന്ന സഹപ്രവർത്തകൻ വിളിച്ചു ചോദിച്ചു: ‘‘മാഷെക്കുറിച്ച് ഒരു ലേഖനം നമ്മുടെ വി.ആർ. സുധീഷ് എഴുതിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്, അത് പോരേ’’ എന്ന്. കൊള്ളാം, സുധീഷിന് മാഷെ അറിയാം. മിഠായിത്തെരുവിന്റെയും കോഴിക്കോട്ടങ്ങാടിയുടെയും കഥകൾ മാഷ് പറയുന്നത് കേൾക്കാൻ സുധീഷ് എന്നും കാതോർത്തിട്ടുണ്ട്. ഓർമപറച്ചിലിന്റെ ആ കലയെക്കുറിച്ച് സുധീഷ് എഴുതിയിട്ടുമുണ്ട്.
ഐ.വി. ശശിക്കൊപ്പം ദാമോദരൻ മാഷ് ചെയ്ത ആദ്യകാല സിനിമകൾ ഒരർഥത്തിൽ കോഴിക്കോട്ടങ്ങാടിയുടെ ഓർമയുടെ ചരിത്രംകൂടിയാണ്. എന്നാൽ, അതിൽ മാഷ് പറയാൻ ബാക്കിവെച്ച ഒട്ടേറെ കാര്യങ്ങളുമുണ്ട് എന്ന് സുധീഷിന് അറിയാമായിരുന്നു. 2011 ൽ അമ്മ വിടപറഞ്ഞ ശൂന്യതയിൽ ഇരിക്കുന്ന സമയത്ത് മാഷെക്കൊണ്ട് തന്റെ ആത്മകഥ എഴുതിപ്പിക്കാൻ സുധീഷ് കാര്യമായി ശ്രമിച്ചിരുന്നു. എഴുതും എന്നോ എഴുതില്ല എന്നോ മാഷ് സുധീഷിനോട് പറഞ്ഞില്ല. നോക്കാം എന്നു പറഞ്ഞു നിർത്തി. എന്നാൽ, എഴുതില്ല എന്നൊരു തീരുമാനം മാഷിനുണ്ടായിരുന്നു.
അമ്പതുകളിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം, കോഴിക്കോട്ടെ സാമൂതിരി വംശത്തിന്റെ അവസാന കാലം, വൈക്കം മുഹമ്മദ് ബഷീറിന്റെയും എം.ടി. വാസുദേവൻ നായരുടെയും പുനലൂർ രാജന്റെയും കോഴിക്കോടൻ മണ്ണിലേക്കുള്ള പറിച്ചുനടൽ, വീറ്റ്ഹൗസ്, പാരഗൺ, ബീച്ച് ഹോട്ടൽ, അളകാപുരി, ഇംപീരിയൽ സൗഹൃദങ്ങൾ, കോഴിക്കോടിനെ ഞെട്ടിച്ച മുല്ലവീട്ടിൽ അബ്ദുറഹ്മാൻ സാഹിബിന്റെ കൊലപാതകം, തൂക്കിക്കൊല്ലുന്നതുവരെയുള്ള സ്രാങ്കിന്റെ ജയിൽജീവിതം, കോഴിക്കോട്ടെ ഫോട്ടോഗ്രഫി സ്റ്റുഡിയോകൾ കേന്ദ്രീകരിച്ചുള്ള സാംസ്കാരിക സൗഹൃദങ്ങൾ, മാതൃഭൂമിയും കെ.പി. കേശവമേനോൻ എന്ന നാടകക്കാരനും എം.വി. ദേവൻ, പി. ഭാസ്കരൻ മാഷും ഉറൂബും തിക്കോടിയനും കെ.എ. കൊടുങ്ങല്ലൂരും രാഘവൻ മാസ്റ്ററും വിനയനും കക്കാടും കരുമല ബാലകൃഷ്ണനും നിറഞ്ഞുനിന്ന ആകാശവാണിക്കാലം, കോഴിക്കോട് അബ്ദുൽ ഖാദറും ബാബുരാജും ശാന്താദേവിയും പി.എ. കാസിമും ഒക്കെ ഉണ്ടായിരുന്ന കുറ്റിച്ചിറയിലെ തട്ടുംപുറങ്ങളിലെ ഗസൽ രാത്രികൾ, ഒളിമ്പ്യൻ അബ്ദുറഹ്മാൻ ഉൾപ്പെട്ട ഫുട്ബാൾ സൗഹൃദങ്ങൾ, നാഗ്ജി ഫുട്ബാൾ, ലീഗ്, ബ്രദേഴ്സ് സ്പോർട്സ് ക്ലബ്, ബ്രദേഴ്സ് മ്യൂസിക് ക്ലബ്, മാനാഞ്ചിറയിലെ ഫുട്ബാൾ ഉത്സവങ്ങൾ, റണ്ണിങ് കമന്ററിയുടെ കാലം, കെ.ടി. മുഹമ്മദും തിക്കോടിയനും ആഹ്വാൻ സെബാസ്റ്റ്യനും വിലാസിനിയും വാസുപ്രദീപും കുഞ്ഞാണ്ടിയും ചേമഞ്ചേരി നാരായണൻ നായരും കുതിരവട്ടം പപ്പുവും നെല്ലിക്കോട് ഭാസ്കരനും ബാലൻ കെ. നായരും കുഞ്ഞാവയും ഒക്കെ നിറഞ്ഞുനിന്ന കോഴിക്കോടൻ നാടക കാലം, ദേശപോഷിണി നാടകോത്സവങ്ങൾ, ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ എന്ന തന്റെ നാടകത്തിന്റെ ക്ലൈമാക്സ് മാറ്റിച്ചതിനെച്ചൊല്ലി കോഴിക്കോടൻ സൗഹൃദങ്ങളിലുണ്ടായ വിള്ളൽ, എ. വിൻസെന്റ് മാഷിന്റെ ‘മുറപ്പെണ്ണ്’ മുതൽ മലയാള സിനിമ കോഴിക്കോട്ട് വേരുപിടിച്ചതിന്റെ കയറ്റിറക്കങ്ങൾ, ജി. അരവിന്ദനും പി.എൻ. മേനോനും പട്ടത്തുവിളയുമാക്കെ വേരുപിടിച്ച കോഴിക്കോട്, എം.ടിയുടെ ആദ്യഭാര്യ പ്രമീളാ നായരുടെ എഴുത്തും മരണവും, കെ.ടി.സി എന്ന വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത പി.വി. സ്വാമി, മാവൂർ ഗ്വാളിയോർ റയോൺസിന്റെ പിറവിയും പതനവും, ഗൃഹലക്ഷ്മി ഫിലിംസിന്റെ പിറവിയും പതനവും, അടിയന്തരാവസ്ഥയുടെ ഓർമകൾ പേറുന്ന ഈച്ചരവാര്യരും മകൻ രാജനുമായുള്ള സൗഹൃദം, തന്നെ തിരക്കഥാകൃത്താക്കിയ സംവിധായകൻ ഹരിഹരൻ, വെള്ളിത്തിരയിൽ രാഷ്ട്രീയമെഴുതിച്ച ഐ.വി. ശശി… ആറ് പതിറ്റാണ്ടിന്റെ കോഴിക്കോടൻ ജീവിതത്തിന്റെ ഒരു ബൃഹദ് അധ്യായമാണ് എഴുതപ്പെടാത്ത ആ ആത്മകഥയിലൂടെ രേഖപ്പെടുത്തപ്പെടാതെ മാഞ്ഞുപോയത്.
1968ലെ കോഴിക്കോട് ആകാശവാണി നാടകോത്സവ വാർത്ത -ആകാശവാണി മാഗസിനിൽ
1956 നവംബർ ഒന്നിന്, കേരളപ്പിറവി മുതൽക്കാണ് ടി. ദാമോദരൻ എന്ന ദീർഘദൂര ഓട്ടക്കാരൻ കേരള ചരിത്രത്തിലൂടെ ഓടിത്തുടങ്ങുന്നത്. അതിന്റെ ദീപശിഖാ പ്രയാണത്തിൽ പതാകയേന്താൻ തിരഞ്ഞെടുക്കപ്പെടുന്നത് അന്നത്തെ മികച്ച യൂനിവേഴ്സിറ്റി അത് ലറ്റ് എന്ന നിലക്കാണ്. അമ്പതുകളുടെ രണ്ടാം പാതി മുതൽ മരണം വരെ, ആറ് പതിറ്റാണ്ട് നീണ്ട ആ ദീർഘദൂര ഓട്ടത്തിൽ നാടകം, സ്പോർട്സ്, യുക്തിവാദി, കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, അധ്യാപകൻ, കോച്ച്, റഫറി, കമന്റേറ്റർ, സിനിമ എന്നീ അധ്യായങ്ങളുണ്ട്. അതിലെ അവസാന അധ്യായം മാത്രമാണ് സിനിമ.
തന്നെത്തന്നെ മാഷ് ഒരിക്കലും സിനിമക്കാരനായി കണ്ടിട്ടേയില്ല എന്ന് അദ്ദേഹത്തെ പരിചയമുള്ള എല്ലാവർക്കും അറിയാമായിരുന്നു. എന്റെ ഓർമയിൽ അവസാനകാലത്ത് ‘പച്ചക്കുതിര’ക്കുവേണ്ടി ആർ.കെ. ബിജുരാജ് മൂന്നു ലക്കങ്ങളിലായി ചെയ്ത ഒരു ജീവിതംപറച്ചിൽ മാത്രമാണ് മാഷിന്റേതായി പുറത്തുവന്ന ഏക ഹ്രസ അഭിമുഖം. അതും മാഷ് ഒറ്റ ദിവസം പറഞ്ഞത് റെക്കോഡ് ചെയ്തെടുത്തത്. രണ്ടാമതൊരു ദിവസം ആ അഭിമുഖം ബിജുരാജിനും തുടരാനായിട്ടില്ല. നീണ്ട ആ ഓർമജീവിതം അതോടെ ചരിത്രത്തിലേക്ക് അപ്രത്യക്ഷമായി.
ഓർമപറച്ചിലായിരുന്നു മാഷിന്റെ കല. 1991-2012 കാലത്ത് ആ ഓർമപറച്ചിലിന് ഞാനും സാക്ഷിയായിട്ടുണ്ട്. അതിൽ സിനിമ ഒരു ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാടകകാലം കഴിഞ്ഞാൽ ആകാശവാണി ഫുട്ബാൾ കമന്റേറ്റർ എന്ന നിലക്കാണ് വലിയൊരു കാലം മാഷ് അറിയപ്പെട്ടതു തന്നെ. കെ.പി. കേശവമേനോൻ പത്രാധിപരായിരുന്ന കാലത്ത് തുടങ്ങിയതാണ് ദാമോദരൻ മാഷിന്റെ ‘മാതൃഭൂമി’ ബന്ധം. കേശവമേനോന്റെ ‘മഹാത്മ’ എന്ന നാടകത്തിലെ നടനായിരുന്നു മാഷ്. നാടകകൃത്തായിരുന്ന കെ.പി. കേശവമേനോൻ നാടകചരിത്രങ്ങളിൽ അങ്ങനെ ഓർക്കപ്പെട്ടു കേട്ടിട്ടില്ല. അദ്ദേഹമാണ് മാഷെ ആകാശവാണിയുടെ ഭാഗമാക്കുന്നത്. അക്കാലത്ത് ചരിത്രകാരൻ എം.ജി.എസ്. നാരായണനും എൻ.വി. കൃഷ്ണവാരിയരുമൊക്കെ നാടകകൃത്തുക്കളായിരുന്നു. ആകാശവാണിയും മാതൃഭൂമിയുമായിരുന്നു അന്നത്തെ കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രം.
1968ൽ എം.ജി.എസിന്റെയും എൻ.വിയുടെയും ഒപ്പം ആകാശവാണി നാടകോത്സവത്തിൽ ദാമോദരൻ മാഷും നാടകം അവതരിപ്പിച്ചിരുന്നു, മാഷിന്റെ ശേഖരത്തിലുണ്ടായിരുന്ന ആകാശവാണി എന്ന മാഗസിനിലാണ് ഞാൻ കണ്ടത്. 1968 ഏപ്രിൽ 21 മുതൽ 27 വരെ നടന്ന ആകാശവാണി കോഴിക്കോട് റേഡിയോ നിലയത്തിന്റെ നാടകോത്സവമായിരുന്നു അത്. വള്ളൻ കുമാരൻ എന്ന ചരിത്രനാടകമാണ് എം.ജി.എസ് അവതരിപ്പിച്ചത്. കാളിദാസന്റെ സംസ്കൃത നാടകമായ ‘വിക്രമോർവശീയം’ ആസ്പദമാക്കി ‘രാജസൂയം’ എന്ന നാടകം കൃഷ്ണവാര്യരും അവതരിപ്പിച്ചു. തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, ടി. വേണുഗോപാൽ, കെ. പത്മനാഭൻ നായർ എന്നിവരായിരുന്നു അന്നത്തെ മറ്റ് ആകാശവാണി നാടകകൃത്തുക്കൾ.
പി.വി.ജി, ഐ.വി. ശശി, ടി. ദാമോദരൻ, മോഹൻലാൽ
ടി. വേണുഗോപാൽ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും പിന്നെ ദീർഘകാലം പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായിരുന്ന വേണുക്കുറുപ്പ് തന്നെ എന്ന് മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും ചിത്രഭൂമിയുടെ സ്ഥാപകനുമായ ഗോപി പഴയന്നൂർ സാക്ഷ്യപ്പെടുത്തിത്തന്നു. ഈശ്വരമംഗലം എന്ന പേരിൽ വേണുക്കുറുപ്പ് കവിതകളും എഴുതിയിരുന്നു എന്നതും പലർക്കും അറിയില്ല. കെ. പത്മനാഭൻ നായർ എന്നത് റേഡിയോ പ്രക്ഷേപണത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കെ. പത്മനാഭൻ നായർതന്നെയാണെന്ന് പ്രക്ഷേപണ ചരിത്രകാരനായ ഡി. പ്രദീപ് കുമാറും സ്ഥിരീകരിച്ചുതന്നു.
പിൽക്കാലത്ത് ഒരു സ്പോർട്സ് അധ്യാപകനും കോച്ചും റഫറിയും എന്നനിലക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശാസ്ത്രീയ സ്പോർട്സ് ജേണലിസത്തിന് തറക്കല്ലിടുന്നത് ആ സൗഹൃദത്തിന്റെ വെളിച്ചത്തിലാണ്. വിംസിയും മുഷ്താഖുമൊക്കെ വരുന്നത് പിന്നീടാണ്. കളി നിയമങ്ങൾ പഠിച്ച്, അതു പഠിപ്പിക്കുന്ന ഒരാൾ എഴുതിയ കളിയെഴുത്തുകളായിരുന്നു ദാമോദരൻ മാഷിന്റെ സ്പോർട്സ് ജേണലിസം. അതുമാത്രം മതിയായിരുന്നു മാതൃഭൂമിയുടെ ചരിത്രത്തിൽ അദ്ദേഹത്തെ അടയാളപ്പെടുത്താൻ. എന്നാൽ, അതുണ്ടായില്ല. മാഷിന്റെ കമന്ററിയുടെ സ്റ്റൈൽ പഴയ ഫുട്ബാൾ ആരാധകർ ഇന്നും ഓർക്കാറുണ്ട്. അതു മുഴുവൻ കാലത്തിലേക്ക് ഒഴുകിപ്പോയി. ആകാശവാണിയിൽ ഒന്നുപോലും ബാക്കിയില്ല.
നീണ്ട അന്വേഷണത്തിനൊടുവിൽ രണ്ടു മിനിറ്റുള്ള ഒരു ചെറു ക്ലിപ്പിങ് കമന്ററിയിൽ മാഷിന്റെ മുൻഗാമികൂടിയായ പത്മനാഭൻ നായരുടെ മകളുടെ ഭർത്താവ് സംഗീതജ്ഞനായ പാലാ സി.കെ. രാമചന്ദ്രൻ തന്റെ ശേഖരത്തിൽനിന്നു കോപ്പി ചെയ്തു തന്നത് മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ. വലിയൊരു ശേഖരം വീട്ടിലുണ്ടായിരുന്നതാണ്. എന്നാൽ, 2008ലെ ദീദിയുടെ രോഗകാലത്ത് പഴയ ഫോട്ടോഗ്രാഫുകൾ നിറഞ്ഞ ആൽബങ്ങൾ പൂപ്പു പിടിച്ചില്ലാതായ കൂട്ടത്തിൽ ആ കാസറ്റുകളും പൂപ്പ് തിന്നുതീർത്ത് പുറ്റാക്കി മാറ്റി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.