ഇൗ തെരഞ്ഞെടുപ്പ് കേരളത്തിനെ സംബന്ധിച്ചും പലവിധത്തിൽ നിർണായകമാണ്. കീഴാള പ്രാതിനിധ്യം, സംവരണം, ജാതി സെൻസസ്, വനിതാ പ്രാതിനിധ്യം, ന്യൂനപക്ഷ പ്രശ്നം, മുസ്ലിം രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങൾ എങ്ങനെെയാക്കെയാണ് പ്രതിഫലിക്കുന്നതെന്ന് വിലയിരുത്തുകയാണ് ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ. പ്രാദേശിക വിഷയങ്ങളിൽ ഊന്നുകയും എന്നാൽ ദേശീയ രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഈ പൊതു തെരഞ്ഞെടുപ്പില്‍ സംവാദകേന്ദ്രമാവുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതുവരെ കാണാത്തതരത്തിലുള്ള ഗൗരവവും സങ്കീർണവുമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ദേശീയരാഷ്ട്രീയത്തിന്റെ അജണ്ടകളായിരിക്കും വിപുലമായി ചര്ച്ചചെയ്യപ്പെടുകയെന്ന കാര്യത്തിൽ സംശയമില്ല. ചുരുങ്ങുന്ന ജനാധിപത്യം, ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ തകര്‍ച്ച, ന്യൂനപക്ഷസമൂഹങ്ങളെ പ്രത്യേകിച്ചും മുസ്ലിം സമുദായത്തിന്റെ ആസൂത്രിതമായ അപരവത്കരണം, രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, ഇലക്ടറല്‍ ബോണ്ട് എന്ന ഔദ്യോഗികമായ അഴിമതി, ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, പ്രതിപക്ഷ രാഷ്ട്രീയത്തോടുള്ള വേട്ടയാടല്‍ സമീപനം, മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ പ്രശ്നങ്ങള്‍, ബി.ജെ.പിയിതര സർക്കാറുകളോടുള്ള വിവേചനപരമായ സമീപനത്തിലൂടെ ഫെഡറൽ ഘടനയെ ദുര്‍ബലപ്പെടുത്തൽ, പൗരത്വ ഭേദഗതി നിയമം, തുടങ്ങി കഴിഞ്ഞ പത്തുവര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ വിലയിരുത്തൽ നടത്തേണ്ട സന്ദര്‍ഭത്തെയാണ് പൊതു തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്.
രണ്ടു പതിറ്റാണ്ട് മുമ്പ്, ‘മതേതരത്വം സംരക്ഷിക്കാന്‍’, ‘ഹിന്ദുത്വവര്‍ഗീയതയെ എതിര്‍ക്കാൻ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പരിചിതമായ സന്ദര്‍ഭവും രാഷ്ട്രഘടനയും ഏറെ മാറുകയും ജനാധിപത്യ സങ്കൽപംതന്നെ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു. ക്രിസ്റ്റഫ് ജെഫ് ലോട്ട് വംശീയജനാധിപത്യമെന്നും (Ethnic Democracy), ഉത്തരേന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങളെക്കുറിച്ച് സവിശേഷമായി ഗവേഷണം ചെയ്യുന്ന ബദ്രി നാരായണൻ, ഹരീഷ് എസ്. വാങ്ഡെ തുടങ്ങിയവര്‍ കീഴാളഹിന്ദുത്വത്തിന്റെ (Subaltern Hindutva) രൂപപ്പെടലെന്നും വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയ-സാമൂഹിക പ്രതിഭാസം ലക്ഷണമൊത്ത ഫാഷിസ്റ്റ് ഭരണകൂടമായി പരിവര്‍ത്തിക്കുകയും ചെയ്ത ദേശീയസാഹചര്യമാണ് നിലനില്‍ക്കുന്നത്.
വൈവിധ്യങ്ങളെ നിരാകരിക്കുകയും അതേ സ്ഥാനത്ത് പൗരരുടെ ഭക്ഷണം, ഭാഷ, വസ്ത്രധാരണം, വിശ്വാസം തുടങ്ങി സ്വകാര്യവും പൊതുവായതുമായ കാര്യങ്ങളിൽ ഏകപക്ഷീയമായി ബ്രാഹ്മണിക്കൽ അധീശത്വം അടിച്ചേൽപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട് പുതിയ സാംസ്കാരിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ ഇന്ത്യയുടെ ജനാധിപത്യപരവും സാംസ്കാരികവുമായ നിലനില്പ് അപകടത്തിലായ ചരിത്രസന്ദര്‍ഭമാണ് നമുക്ക് മുന്നിലുള്ളത്. ആഴത്തിലും വ്യാപ്തിയിലും ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അവസരമാണ് ഈ പൊതു തെരഞ്ഞെടുപ്പെന്നു കാണാം.
പ്രാദേശികമായ വൈവിധ്യങ്ങള്‍
1990കളോടെ ഇന്ത്യയില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ദേശീയമായും പ്രാദേശികമായും ഉണ്ടായിരുന്ന രാഷ്ട്രീയമേല്ക്കോയ്മ തകരുകയും അതത് സംസ്ഥാനങ്ങളിൽ സവിശേഷമായ അജണ്ടകളുടെ ഭാഗമായി രൂപപ്പെട്ട പാര്‍ട്ടികൾ ഒരേസമയം ദേശീയ പാര്‍ട്ടികളെ നിയന്ത്രിക്കുകയും സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി. എന്നാല്‍, എന്‍.ഡി.എ സംവിധാനത്തിന്റെ ഭാഗമായാണ് ബി.ജെ.പി ഇന്ത്യ ഭരിക്കുന്നതെങ്കിലും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കഴിഞ്ഞ ഒരു പതിറ്റാണ്ടായി അവര്‍ക്കുണ്ട് എന്നത് വസ്തുതയാണ്. പ്രതിപക്ഷ രാഷ്ട്രീയമാകട്ടെ എണ്ണത്തിലും പ്രാദേശികമായ അധികാരത്തിലും പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യവും സവിശേഷമായ സങ്കീർണത സൃഷ്ടിച്ചിട്ടുണ്ട്.
ഇൻഡ്യ മുന്നണിയാകട്ടെ വൈരുധ്യങ്ങളാലും രാഷ്ട്രീയമായ എതിര്‍ചേരികളുടെ കൂടിച്ചേരൽ എന്നനിലയിലും ഭരണപക്ഷത്തിനു വിമര്‍ശിക്കാനും ബഹുജനങ്ങള്‍ക്കിടയിൽ സന്ദേഹങ്ങൾ തീര്‍ക്കാനും കഴിയുന്ന വിധത്തിലുള്ള ഒരു സംശ്ലേഷണമായി വിശേഷിപ്പിക്കാം. ഉദാഹരണത്തിന് കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും ഇൻഡ്യ മുന്നണിയിലാണെങ്കിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പരസ്പരം തോൽപിക്കാൻ മത്സരിക്കേണ്ട അവസ്ഥയിലാണ്.
തൊട്ട് അയല്പക്കത്തുള്ള തമിഴ്നാട്ടിലാകട്ടെ ഇരുമുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ രാഷ്ട്രീയമായി അങ്ങേയറ്റം പാരസ്പര്യത്തിലാണ്. പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസും സി.പി.എമ്മും പഞ്ചാബില്‍ പ്രധാനപ്പെട്ട കക്ഷികളായ കോൺഗ്രസും ആം ആദ്മി പാര്‍ട്ടിയും എല്ലാം ഈ വൈരുധ്യങ്ങള്ക്കുള്ളില്തന്നെയാണ്. എങ്കിലും സംഘ്പരിവാർ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ ആശയപരമായ ഭിന്നതകൾ മാറ്റിവെച്ചു സുശക്തമായ ഒരു മുന്നണിയെന്ന സങ്കൽപം ജനങ്ങള്‍ക്ക് മുന്നില്‍വെക്കാന്‍ ചുരുങ്ങിയകാലംകൊണ്ട് കഴിഞ്ഞുവെന്നത് നിസ്സാരമായി കാണാനാവില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചര്‍ച്ചചെയ്യുമ്പോൾ ഇതില്‍നിന്നൊക്കെ ഭിന്നമായ ഒരു ചിത്രമാണ് നമുക്ക് ലഭിക്കുക.
1982ലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഇന്നത്തെ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണി രാഷ്ട്രീയം ചെറിയ വ്യത്യാസങ്ങളോടെ ഇന്നും തുടരുന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ നിരവധിയായ ഇതര സംസ്ഥാനങ്ങളിലാകട്ടെ പുതിയ രാഷ്ട്രീയ പാര്‍ട്ടികൾ രൂപംകൊള്ളുകയും നിലവിലുള്ള പ്രബലമായ രാഷ്ട്രീയകക്ഷികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തപ്പോള്‍ കേരളത്തിലാകട്ടെ ഇരുമുന്നണികളും ഇന്നും ശക്തമായ ഭരണകക്ഷികളായി നിലനില്ക്കുന്നു. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിച്ചെങ്കിലും കേവലം 2.5 ശതമാനം വോട്ടുകള്‍കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നതും ചരിത്രം. കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ദീര്‍ഘകാലമായുള്ള ഭരണാധികാര സുസ്ഥിരത കീഴ്വഴക്കവും പാരമ്പര്യവുമായി ആസ്വദിക്കാൻ കോൺഗ്രസിനും സി.പി.എമ്മിനും കഴിഞ്ഞിരുന്നു.
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രകടനപത്രികയുമായി
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമാണ് ചരിത്രപരമായ ഒരു തിരുത്തായി മാറിയതെന്ന് പറയാം. സംസ്ഥാനം തുടര്‍ച്ചയായി നേരിട്ട ദുരന്തങ്ങളും മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണമെന്ന പേരിൽ ശബരിമല വിഷയം മുഖ്യ പ്രചാരണ പ്രമേയമാക്കിയതുമാണ് തുടര്‍ഭരണത്തിന് വഴി തെളിച്ചതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലോക് നീതി–സി.എസ്.ഡി.എസ് നടത്തിയ പോള്‍ സര്‍വേയിൽ ശബരിമല പ്രശ്നം ഒരു പ്രധാനവിഷയമായി ഭൂരിപക്ഷം ജനങ്ങളും പരിഗണിച്ചില്ലെന്നു സൂചിപ്പിക്കുന്നുണ്ട്.
തന്നെയുമല്ല, ക്രൈസ്തവരിലെയും മുസ്ലിംകളിലെയും പാവപ്പെട്ടവരില്‍നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായി 10 ശതമാനം കൂടുതല്‍ വോട്ട് 2021ല്‍ എൽ.ഡി.എഫിന് ലഭിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനർഥം, കേരളത്തിലെ മേല്ജാതിഹിന്ദുവും സംഘ്പരിവാറും ആസൂത്രണം ചെയ്ത അജണ്ട കോണ്‍ഗ്രസ് ഏറ്റെടുത്തതിന്റെ ഭാഗമായി അവരുടെ പരമ്പരാഗതമായ വോട്ടുകളില്‍ കുറവുവന്നുവെന്നാണ്. ഇപ്പോഴത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അത്തരം വിഷയങ്ങൾ പ്രതിഫലിക്കുന്നില്ലെങ്കിലും പൗരത്വനിയമം, ഫലസ്തീന് എതിരെയുള്ള ഇസ്രായേല്‍ ആക്രമണത്തിലെ നിലപാട് എന്നീ കാര്യങ്ങളില്‍ മുസ്ലിം ന്യൂനപക്ഷത്തെ ഒപ്പംനിര്ത്തുന്നത് നിർണായകമാണെന്ന് ഇരു മുന്നണികളും കരുതുന്നുണ്ട്.
മുസ്ലിം രാഷ്ട്രീയവും ദേശീയാഖ്യാനങ്ങളും
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ പാര്‍ലമെന്റിൽ മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം പടിപടിയായി കുറക്കാനുള്ള സംഘ്പരിവാര്‍ ശ്രമം പൂർണമായും വിജയിക്കുന്നതിന്റെ സൂചനകളാണ് ലഭ്യമാകുന്നത്. ശക്തമായ സമുദായസാന്നിധ്യവും വിവിധമേഖലകളിലുള്ള പ്രാമുഖ്യവും ദേശീയാഖ്യാനങ്ങളില്‍ കേരളത്തിലെ മുസ്ലിംകള്ക്ക് വിമതപരിവേഷം നൽകാൻ ഹിന്ദുത്വശക്തികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ലവ് ജിഹാദ് ആഖ്യാനം മുതല്‍ കേരളാ സ്റ്റോറിപോലുള്ള മുസ്ലിം വെറുപ്പ് ഉൽപാദിപ്പിക്കുന്ന സിനിമകള്‍വരെ ഇതിന്റെ ഭാഗമായി ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ സന്ദര്‍ഭത്തിൽ കേരളത്തിലെ വിവിധങ്ങളായ രാഷ്ട്രീയകക്ഷികൾ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വിധേയരും മതേതരത്വം സംരക്ഷിക്കാനും അധികാരത്തിലെത്താനും വിട്ടുവീഴ്ചക്ക് തയാറാകുന്ന കര്‍തൃത്വമില്ലാത്ത രാഷ്ട്രീയകക്ഷിയായാണ് മുസ്ലിം ലീഗിനെക്കുറിച്ചുള്ള സമീപകാല ആഖ്യാനങ്ങളെല്ലാംതന്നെ. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍, പ്രത്യേകിച്ചും മുസ്ലിം അദൃശ്യതയുടെ ചരിത്രസന്ദര്‍ഭത്തിൽ മുസ്ലിംകൾ ഉന്നയിക്കുന്ന ആവശ്യങ്ങളെ പിന്തുണക്കുന്നതിനു പകരം നിശിതമായ വിചാരണക്ക് വിധേയമാക്കാനാണ് പലരും തയാറാകുന്നത്. കേരളത്തിലെ അഞ്ചാം മന്ത്രിസ്ഥാനം മുതല്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.കെ. അബ്ദുറബ്ബിന്റെ കാലത്തെ എസ്.എസ്.എല്‍.സി വിജയശതമാനത്തിനെതിരെ ഉണ്ടായ പരിഹാസംവരെ ഓര്‍ക്കാവുന്നതാണ്.
ഇതിന് പലപ്പോഴും പിന്തുണയും പ്രചാരണവും നല്‍കുന്നത് കേരളത്തിലെ സി.പി.എമ്മിന്റെ സമീപകാല സൈദ്ധാന്തിക ചര്‍ച്ചകളെ നയിക്കുന്ന കെ.ടി. കുഞ്ഞിക്കണ്ണന് ‘കേരളം: സമൂഹവും രാഷ്ട്രീയവും’ എന്ന പുസ്തകത്തില്‍ മുസ്ലിം ലീഗിനെക്കുറിച്ച് നടത്തുന്ന ഒരു നിരീക്ഷണം ഇപ്രകാരമാണ്: മുസ്ലിം ലീഗ് അധികാരത്തിൽ പങ്കുവഹിക്കാൻ തുടങ്ങിയ 1967 മുതല്‍ അതിന്റെ നേതാക്കള്‍ പിന്തുടര്‍ന്ന ഇസ്ലാമിക് നടപടികള്‍ മുസ്ലിം ബഹുജനത്തെ അകറ്റാനേ ഉപകരിച്ചിട്ടുള്ളൂ. ആര്.എസ്.എസ്, ജനതാദള്‍, ബി.ജെ.പി, ഹിന്ദു മുന്നണിയുടെ വളര്‍ച്ചക്ക് സഹായകരമാവുകയാണ് അവരുടെ പല നടപടികളും. 1984ലെ പൊതു തെരഞ്ഞെടുപ്പില്‍ ഹിന്ദുമുന്നണി കാഴ്ചവെച്ച പ്രകടനം കേരളജനതയെ പൊതുവിലും മുസ്ലിം ജനസാമാന്യത്തെ പ്രത്യേകിച്ചും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ് (പുറം: 94).
ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്ക് കാരണം മുസ്ലിംകള്‍ക്കിടയിലെ തീവ്രനിലപാടുകളും പ്രവര്‍ത്തനങ്ങളുമാണെന്ന ഹിന്ദുത്വവാദികളുടെ നിലപാടുകളെ അല്പം കൗശലപൂര്‍വം വിന്യസിക്കുകയാണ് ഇവിടെയുമെന്ന് സൂക്ഷ്മനോട്ടത്തില്‍ കാണാം. നിരന്തരം അപരവത്കരണത്തിനു നിയമപരമായും പൊതുബോധത്തിലൂടെയും വിധേയമാകുന്ന ഒരു സമുദായത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് ഇപ്രകാരം വിലയിരുത്തുന്നത്. മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തിലുണ്ടായ പൗരത്വബില്ലിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ മതപരമായ ചിഹ്നങ്ങൾ കണ്ടപ്പോള്‍ ഉണ്ടായ കേരളത്തിലെ മതേതര അസ്വസ്ഥത മറ്റൊരു ഉദാഹരണമാണ്. മാറിയ ദേശീയ രാഷ്ട്രീയസാഹചര്യത്തിൽ മതേതരത്വവും മുസ്ലിം അപരവത്കരണവും മുഖ്യപ്രമേയമാകേണ്ട സന്ദര്‍ഭത്തിൽ കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലവും മുഖ്യധാരാ വ്യവഹാരങ്ങളും അതില്‍നിന്നും പിന്നോട്ടുപോകുന്നതാണ് കാണുന്നത്.
നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും പ്രചാരണത്തിനിടെ
വനിതാ പ്രാതിനിധ്യത്തിന്റെ പ്രശ്നങ്ങള്‍
ഇന്ത്യയിലെ രാഷ്ട്രീയ സമൂഹവും ഭരണകൂടവും സ്വേച്ഛാധിപത്യത്തിനും ആള്ക്കൂട്ടനീതിക്കും പ്രാധാന്യം നല്കുമ്പോള് തിരുത്തല്‍ശക്തിയായി മാറേണ്ട സിവില്‍സമൂഹം ദുര്‍ബലമാകുന്നതിന്റെ സൂചനകൾ കാണാം. വിയോജിപ്പുകളെ ഇല്ലാതാക്കിയും വിമതശബ്ദങ്ങളെ ദേശവിരുദ്ധതയുടെ കള്ളിയിലാക്കിയും ഗുജറാത്തിലെ സിവില്‍ സമൂഹപ്രസ്ഥാനങ്ങളെ ഇല്ലാതാക്കിയതിനെക്കുറിച്ച് ചരിത്രകാരനും അക്കാദമിഷ്യനുമായ അച്യുത് യാഗ്നിക് എഴുതിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തില്‍ സജീവമായ സിവില്‍ സമൂഹ പ്രസ്ഥാനങ്ങളും കീഴാള-ദലിത്-സ്ത്രീ വാദ പ്രസ്ഥാനങ്ങളും വിപുലമായ അഭിപ്രായരൂപവത്കരണത്തിന്റെ മണ്ഡലത്തില്‍നിന്നും പിന്‍വാങ്ങുകയും പലതും മുഖ്യധാരാ വ്യവഹാരങ്ങളുടെ ഭാഗമാവുകയും ചെയ്തു.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ആശയപരമായും പ്രായോഗികമായും സ്വാധീനിക്കുന്ന വിധത്തില്‍ വികസിച്ചില്ലെന്നു മാത്രമല്ല; കക്ഷിരാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനു സാംസ്കാരികമായി പിന്തുണ നല്കുന്ന അവാന്തരവിഭാഗങ്ങളായി പലതും മാറുകയും ചെയ്തു. സ്ത്രീപ്രാതിനിധ്യം, കീഴാള സാമൂഹികനീതി, അധികാര പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകളെ ഭരണകൂടങ്ങള്‍ക്കും പാര്ട്ടിപ്രാമാണികതക്കും അവഗണിക്കാനുള്ള കാരണമായി ഇത്തരം ദൗര്‍ബല്യങ്ങള്‍കൂടി പങ്കുവഹിക്കുന്നുവെന്നത് വസ്തുതയാണ്.
2011ലെ സെന്‍സസ് പ്രകാരം 1085 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാരാണ് കേരളത്തിലുള്ളത്. എന്നാല്‍, പാര്‍ലമെന്ററി രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ് കേരളത്തിന്റെ സ്ഥാനമെന്ന് കാണേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി പതിനൊന്ന് വനിതകള്‍മാത്രമാണ് കേരളത്തില്‍നിന്ന് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇരുപത് ലോക്സഭാ മണ്ഡലങ്ങളും ഒമ്പതു രാജ്യസഭാ സീറ്റുകളും ഉള്ളപ്പോഴാണ് ഏറെ പരിമിതമായ പങ്കാളിത്തമെന്നത് ശ്രദ്ധേയമാണ്. ആനി മസ്ക്രീന്, സുശീല ഗോപാലൻ, ഭാര്‍ഗവി തങ്കപ്പൻ, സാവിത്രി ലക്ഷ്മണന്, എ.കെ.പ്രേമജം, പി. സതീദേവി, സി.എസ്. സുജാത, പി.കെ. ശ്രീമതി, ടി.എന്‍. സീമ, രമ്യ ഹരിദാസ്, ജെബി മേത്തര്‍ എന്നിവരാണ് ഈ വനിതകള്‍.
2023 സെപ്റ്റംബര്‍ 21ന് ഇന്ത്യയുടെ രണ്ടു നിയമനിർമാണ സഭകളിലും വനിതാ സംവരണ ബില്‍ പാസാക്കിയതാണെന്നുകൂടി ഓര്‍ക്കണം. ഇക്കഴിഞ്ഞ ലോക് സഭയിൽ 15 ശതമാനം സ്ത്രീപങ്കാളിത്തം ഉള്ളപ്പോൾ കേരളത്തില്‍നിന്നും ഒറ്റ അംഗം മാത്രമാണ് ഉണ്ടായിരുന്നത്. 2014ല്‍ രൂപവത്കരിക്കുകയും സമീപകാലത്ത് പ്രവര്‍ത്തനങ്ങൾ സജീവമാക്കുകയുംചെയ്ത തുല്യപ്രാതിനിധ്യ പ്രസ്ഥാനം ഇതുസംബന്ധിച്ച് ചില ചര്‍ച്ചകൾ ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത്തരം വിഷയങ്ങളിൽ പ്രായോഗികമായി ഏറെ വിമുഖരും ആണാധിപത്യത്തെ പലവിധത്തില്‍ ന്യായീകരിക്കുന്നവരുമാണ്. പ്രഫ. കുസുമം ജോസഫും എം. സുല്‍ഫത്തും നേതൃത്വം കൊടുക്കുന്ന തുല്യ പ്രാതിനിധ്യ പ്രസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇപ്രകാരം വായിക്കാം: നിലവിൽ ലോക്സഭയിലെ സ്ത്രീപ്രാതിനിധ്യം 14.4 ശതമാനവും രാജ്യസഭയില്‍ 12.24 ശതമാനവും കേരള നിയമസഭയില്‍ 7.86 ശതമാനവും മാത്രമാണ് ഉള്ളത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതിൽ ഏഴ് സീറ്റ് സ്ത്രീകള്‍ക്ക് നല്കി യു.ഡി.എഫും എല്‍.ഡി.എഫും മാതൃക കാണിക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, യു.ഡി.എഫ് ഇരുപതില്‍ ഒന്നും (5 ശതമാനം) എല്‍.ഡി.എഫ് മൂന്നും (15 ശതമാനം) സീറ്റുകളാണ് വനിതകള്‍ക്കായി നീക്കിവെച്ചത്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പൊതുവേ കാണിക്കുന്ന സ്ത്രീ പ്രാതിനിധ്യവിരുദ്ധതക്ക് ഇതിൽപരം മറ്റ് ഏത് ഉദാഹരണം നല്‍കാനാവും? ജയസാധ്യതയുള്ള മണ്ഡലങ്ങളാണോ വനിതകള്‍ക്ക് നല്‍കിയതെന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഡോ. എ.കെ. ജയശ്രീയെപ്പോലുള്ള സ്ത്രീവാദപ്രവര്‍ത്തകർ കേരളത്തിലെ ഇലക്ഷൻ പ്രവര്‍ത്തനങ്ങളെയും അധികാരവ്യവഹാരങ്ങളെയും ആണുങ്ങളുടെ ഉത്സവമായാണ് വിശേഷിപ്പിച്ചത്. സ്വതന്ത്രവിമര്ശനവും സ്വതന്ത്രമായ സംഘാടനവും പുതിയ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ദുര്‍ബലമാകുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഈ പ്രാതിനിധ്യമില്ലായ്മകൂടിയാണ്.
നേതൃത്വനിരയിലേക്ക് സ്വതന്ത്രരായി ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ അഭാവമാണ് ഈ പങ്കാളിത്തമില്ലായ്മക്ക് പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാരമ്പര്യത്തിന്റെയോ മറ്റേതെങ്കിലും ഘടകങ്ങളുടെയോ പേരിൽ സ്ത്രീകളുടെ രാഷ്ട്രീയസാന്നിധ്യത്തിന്റെ മൂല്യം ഇകഴ്ത്തിക്കാണിച്ചും പാര്‍ട്ടികളുടെ തന്നെ വനിതാവിഭാഗം നേതാക്കളായി മാത്രം പരിഗണിച്ചുമൊക്കെയാണ് ഈ അവഗണനയെ പുരുഷാധിപത്യ ബോധ്യങ്ങളുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾ കൈകാര്യംചെയ്യുന്നത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വക്താവും കേരളത്തിലെ ചാനൽ ചര്‍ച്ചകളിലെ സ്ഥിരസാന്നിധ്യവുമായ ഡോ. ഷമ മുഹമ്മദിന്റെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചുള്ള വിമര്‍ശനത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍; തീര്‍ത്തും ഉദാസീനനായി ‘അവരൊന്നും ഈ പാര്‍ട്ടിയുടെ ആരുമല്ല’ എന്ന് പറയുന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ വാക്കുകളിൽ ഈ സമീപനം പ്രകടമാണ്. മുഖ്യാധാരാ രാഷ്ട്രീയവ്യവഹാരങ്ങളിൽ സ്ത്രീപ്രാതിനിധ്യം നിയമവത്കരിക്കപ്പെടാത്തിടത്തോളം കാലം 10 ശതമാനത്തില്താഴെയായി അവരുടെ സാന്നിധ്യം തുടരുമെന്നർഥം.
ജാതി സെന്‍സസും ഇടതുപക്ഷവും
ഈ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസും രാഹുല്‍ഗാന്ധിയും ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായി ഉയര്‍ത്തിക്കാണിക്കുന്ന ജാതി സെന്‍സസ് ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം അനിവാര്യമാണെന്ന് ബിഹാറിലെ ജാതി സെന്‍സസിന്റെ കണക്കുകൾ ബോധ്യപ്പെടുത്തുന്നുണ്ട്. 64 ശതമാനം അതീവ പിന്നാക്ക വിഭാഗങ്ങളാണ് ബിഹാറിൽ ഉള്ളതെന്നും അവര്‍ക്ക് ദേശീയതലത്തിലും സംസ്ഥാനത്തും ലഭിക്കുന്ന പങ്കാളിത്തം തുച്ഛമാണെന്നും കണക്കുകള്‍ തെളിയിക്കുന്നു. രാഹുല്‍ഗാന്ധി തന്നെ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചത്; കേന്ദ്ര സര്‍ക്കാറിൽ സെക്രട്ടറി പദവിയിലുള്ള നൂറു പേരില്‍ കേവലം മൂന്നു പേര്‍മാത്രമാണ് ഒ.ബി.സി സമുദായത്തില്‍പ്പെട്ടവർ എന്നാണ്.
തൊഴില്‍-വിദ്യാഭ്യാസ മേഖലകളിൽ നിലനില്‍ക്കുന്ന ഭീമമായ അവസരസമത്വ നിഷേധത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തല്ക്കാലം അത് വിശദീകരിക്കുന്നില്ല. ദലിത്-ആദിവാസി-പിന്നാക്ക പ്രാതിനിധ്യമില്ലായ്മയല്ല മറിച്ച്; മേല്‍ജാതി ഹിന്ദുക്കളുടെ അമിതമായ പ്രാതിനിധ്യമാണ് സംവരണ ചര്‍ച്ചകളുടെ ഭാവിപ്രമേയമായി മാറേണ്ടത് എന്നാണിത് സൂചിപ്പിക്കുന്നത്. പക്ഷേ, ഇക്കാര്യത്തില്‍ കേരളത്തിലെ പ്രബലമായ ഇരുമുന്നണികളും സംവാദങ്ങളില്‍നിന്നും പാലിക്കുന്ന അകലം ശ്രദ്ധിക്കേണ്ടതുണ്ട്. സവര്‍ണ സംവരണം (E.W.S) ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയപ്പോൾ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാർ തിരക്കിട്ട് നടപ്പാക്കിയത് ഓര്‍ക്കുക.
സി.പി.എം, സി.പി.ഐ തുടങ്ങിയ ഇടതു പാര്‍ട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയെങ്കിലും അവര്‍ ഭരിക്കുന്ന ഏക സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ ജാതിസെന്‍സസ് സ്ഥാനം പിടിച്ചിട്ടില്ല എന്നത് സവിശേഷമായി കാണേണ്ടതുണ്ട്. ആവര്‍ത്തിച്ച് ഉന്നയിക്കുന്ന അഴിമതി, സ്വജനപക്ഷപാതം, വ്യക്തിപരമായ ആക്ഷേപങ്ങള്‍ എന്നിവക്ക് പകരം നയപരമായ കാര്യങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പിലെ സംവാദങ്ങൾ കേന്ദ്രീകരിക്കേണ്ടത്. ഇക്കാര്യത്തിൽ മലയാളത്തിലെ ജനപ്രിയ മാധ്യമപ്രവര്‍ത്തനവും കാര്യമായ പങ്കുവഹിക്കുന്നുെണ്ടന്ന് കാണാം.
നമ്മുടെ ജനാധിപത്യ പ്രക്രിയകളിലും അധികാരപങ്കാളിത്തത്തിനുവേണ്ടിയുള്ള മത്സരത്തിലും നിരന്തരം പ്രതിപക്ഷമാകേണ്ട ബാധ്യത ദലിത്-ആദിവാസി-നവസാമൂഹിക പ്രസ്ഥാനങ്ങള്ക്കില്ലെങ്കിലും കേരളത്തിലെ ചെറുതും വലുതുമായ സമുദായ -ആക്ടിവിസ്റ്റ് സംഘടനകളും ക്രിയാത്മകമായ ഒരു അജണ്ട മുന്നോട്ടുവെക്കുന്നില്ലെന്ന പരിമിതി നിലനില്‍ക്കുന്നുണ്ട്. മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളിൽ സംവരണ മണ്ഡലങ്ങളില്‍ ഒഴികെ ഈ വിഭാഗങ്ങളുടെ സാന്നിധ്യം പ്രഹേളികയായി തുടരുകയാണ്! കേരളത്തിലെ മുഖ്യമന്ത്രി കഴിഞ്ഞാൽ, ഭരണരംഗത്തും പാര്‍ട്ടി പദവിയിലും എന്തിനേറെ ജനസമ്മതിയിലും മുന്നിലുള്ള കെ. രാധാകൃഷ്ണനെ ഒരു ജനറല്‍ സീറ്റിൽ മത്സരിപ്പിക്കുന്ന കാര്യം ഇടതുപക്ഷത്തിനു ആലോചിക്കാനേ കഴിയുന്നില്ല.
പാര്‍ലമെന്ററി രംഗത്ത് കോണ്‍ഗ്രസിന്റെ എം.പിമാരിൽ ഏറ്റവും സീനിയറായ കൊടിക്കുന്നിൽ സുരേഷിന്റെയും അവസ്ഥ ഇതുതന്നെയാണ്. അതേസമയം, തൊട്ടയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി വി.സി.കെയില്‍നിന്നും കോണ്‍ഗ്രസിലേക്ക് വന്ന കെ. സെല്വപെരുംതകൈയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സമീപനാളില്‍ അദ്ദേഹം ടി.എന്‍.സി.സി പ്രസിഡന്റിന്റെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. കേരളത്തിലെ പുരോഗമന -ജാതിബദ്ധ സമൂഹത്തിനു ഉപരിപ്ലവമായ വിപ്ലവചിന്തയില്‍ അഭിരമിക്കുന്നതാണ് താൽപര്യം. കെ. രാധാകൃഷ്ണന് താരതമ്യേന അപ്രധാനമായ ദേവസ്വം വകുപ്പ് കൊടുത്തപ്പോഴുണ്ടായ ആഘോഷമാണ് ഓർമയിൽ വരുന്നത്.
കേരളത്തിലെ ദലിത്-ആദിവാസി ജീവിതം ഇതര സമുദായങ്ങളുടെ വികാസവുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ പിന്നിലാണെന്നത് പറയേണ്ട കാര്യമില്ല. വിദ്യാഭ്യാസത്തിലൂടെയും നാമമാത്രമായ സര്ക്കാര്ജോലിയിലൂടെയും ഒരു ചെറു ന്യൂനപക്ഷം ജീവിതം അല്പം മെച്ചപ്പെടുത്തിയത് ഒഴിച്ചാല്‍ കേരളത്തിന്റെ ഒരു അപരലോകമാണ് ദലിതരുടെയും ആദിവാസികളുടെയും ദലിത് ക്രൈസ്തവരുടെയും ജീവിതം.
ദലിത് സമുദായ മുന്നണിയുടെ നയരേഖയുടെ ആമുഖം ഇങ്ങനെ പറയുന്നു: ‘‘പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിൽ ഉള്‍പ്പെടുന്നതും ക്രൈസ്തവ-ബൗദ്ധ-ഇസ്ലാം മതങ്ങളിൽ വിശ്വസിക്കുന്നവരുമായ ദലിത് സമൂഹം കേരള ജനസംഖ്യയിലെ 20 ശതമാനമാണ്. എഴുപതു ലക്ഷത്തോളം അംഗങ്ങള്‍ ഉള്ള ഈ സമുദായം ഇന്നും സമസ്ത മേഖലകളിലും പിന്നാക്കാവാസ്ഥ നേരിടുകയാണ്. സംവരണത്തിലൂടെ ലഭിച്ച തൊഴിൽ അവസരങ്ങളിലൂടെ നാമമാത്രമായ കുടുംബങ്ങള്‍ക്ക് മാത്രമാണ് മെച്ചപ്പെട്ട സാമൂഹിക സാഹചര്യത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടുള്ളത്. ബഹുഭൂരിപക്ഷവും ഭൂരഹിതരും കോളനിവാസികളുമായി തുടരുകയുമാണ്. തൊഴിലില്ലായ്മ, ദാരിദ്ര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, സാമൂഹിക വിവേചനം അതിക്രമങ്ങൾ എന്നിവയെല്ലാം അതിജീവിച്ച് മുന്നേറാൻ കഴിയാത്ത അവസ്ഥയില്‍തന്നെയാണ് ദലിതര്‍ ജീവിക്കുന്നത്.’’
ജാതിയെന്ന സാമൂഹികാനുഭവവും വ്യവസ്ഥയെന്നനിലയിൽ അതിനുള്ള വ്യാപ്തിയും ബലവും കേരളത്തിലെ പുരോഗമന നാട്യങ്ങളിൽ അദൃശ്യമാവുന്നതല്ല എന്ന സത്യം നാം അംഗീകരിച്ചേ മതിയാകൂ. കേരളത്തിലെ സ്ഥാനാര്‍ഥി നിർണയത്തിൽ ജനസംഖ്യാപരമായി ന്യൂനപക്ഷമായ സമുദായങ്ങള്‍ക്ക് കിട്ടുന്ന അമിതമായ പങ്കാളിത്തം ആവര്‍ത്തിച്ചു ചര്‍ച്ചചെയ്തിട്ടുള്ളതാണ്. പക്ഷേ, ഈ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം-ഈഴവ-ദലിത് സമുദായങ്ങളുടെ ആനുപാതികമായ പങ്കാളിത്തം പ്രധാനപ്പെട്ട വിഷയമേയായില്ല. പൊതു തെരഞ്ഞെടുപ്പുകൾ/ അധികാരപങ്കാളിത്തം എന്നിവ എല്ലാവിഭാഗങ്ങളെയും തുല്യനിലയിൽ ഉള്‍ക്കൊള്ളുമ്പോഴേ ജനാധിപത്യപരമാകൂ.
ചുരുക്കത്തിൽ, പ്രാദേശിക വിഷയങ്ങളിൽ ഊന്നുകയും എന്നാൽ, ദേശീയരാഷ്ട്രീയത്തിന്റെ പ്രാധാന്യം ഈ പൊതു തെരഞ്ഞെടുപ്പില്‍ സംവാദകേന്ദ്രമാവുകയും ചെയ്യേണ്ടതുണ്ട്. ഇൻഡ്യ മുന്നണിയിലെ പല നേതാക്കളും ആവര്‍ത്തിച്ചപോലെ, ഇനിയൊരു ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഈ തെരഞ്ഞെടുപ്പ് അവസാനത്തേതായിരിക്കും. അല്പം വൈകാരികമായി തോന്നാമെങ്കിലും സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തെയും ഭരണകൂടനടപടികളും ശ്രദ്ധിക്കുന്നവര്‍ക്ക് തള്ളിക്കളയാനാവാത്ത പ്രസ്താവനയാണത്. കേരളത്തിലെ വ്യത്യസ്ത സമുദായങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും താന്‍പോരിമയുടെ കെട്ടുകാഴ്ചയാക്കി തെരഞ്ഞെടുപ്പിനെ മാറ്റാതെ, ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആലോചിച്ച് ജനാധിപത്യ പ്രക്രിയകളിൽ ഇടപെടുകയാണ് ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.