‘ആത്മാപ്പുളി’യുടെ സത്യസന്ധത

‘കാലാന്തര’ത്തിൽ ഇത്തവണ എഴുതുന്നത്​ സുഹൃത്തുകൂടിയായ പത്രപ്രവർത്തകനും എഴുത്തുകാരനും വിവർത്തകനുമായ കുന്നത്തൂർ രാധാകൃഷ്​ണ​െനക്കുറിച്ചാണ്​. എടക്കാട് ഗ്രാമത്തിൽ ഒരു ‘പാട്ടവിളക്കി’ന്റെ വെളിച്ചത്തിൽ ഭൂതകാലം ചികഞ്ഞുനടക്കുന്ന ഒരേകാന്തപഥികനാണ് അദ്ദേഹമെന്ന്​ ലേഖകൻ.ഖസാക്കിന് മാത്രമല്ല ഇതിഹാസമുള്ളത്, എടക്കാടിനുമുണ്ട്. ഖസാക്കി​ന്റേത് എഴുതിയത് ഒ.വി. വിജയൻ, എടക്കാടി​ന്റേത് കുന്നത്തൂർ രാധാകൃഷ്ണൻ. ആരെയും മോഹിപ്പിക്കുന്ന ഭൂതാവിഷ്ടമായ ഭാഷകൊണ്ട് ‘ഖസാക്കി​ന്റെ ഇതിഹാസം’ തലമുറകളെ വശീകരിച്ചു. ഖസാക്കിനോളം പ്രശസ്തമായ മറ്റൊരു നാട് കേരളത്തിലില്ല. പാലക്കാട്ടെ തസ്രാക്കിലേക്ക് ഖസാക്കി​ന്റെ വേരുകൾ തേടി...

‘കാലാന്തര’ത്തിൽ ഇത്തവണ എഴുതുന്നത്​ സുഹൃത്തുകൂടിയായ പത്രപ്രവർത്തകനും എഴുത്തുകാരനും വിവർത്തകനുമായ കുന്നത്തൂർ രാധാകൃഷ്​ണ​െനക്കുറിച്ചാണ്​. എടക്കാട് ഗ്രാമത്തിൽ ഒരു ‘പാട്ടവിളക്കി’ന്റെ വെളിച്ചത്തിൽ ഭൂതകാലം ചികഞ്ഞുനടക്കുന്ന ഒരേകാന്തപഥികനാണ് അദ്ദേഹമെന്ന്​ ലേഖകൻ.

ഖസാക്കിന് മാത്രമല്ല ഇതിഹാസമുള്ളത്, എടക്കാടിനുമുണ്ട്. ഖസാക്കി​ന്റേത് എഴുതിയത് ഒ.വി. വിജയൻ, എടക്കാടി​ന്റേത് കുന്നത്തൂർ രാധാകൃഷ്ണൻ. ആരെയും മോഹിപ്പിക്കുന്ന ഭൂതാവിഷ്ടമായ ഭാഷകൊണ്ട് ‘ഖസാക്കി​ന്റെ ഇതിഹാസം’ തലമുറകളെ വശീകരിച്ചു. ഖസാക്കിനോളം പ്രശസ്തമായ മറ്റൊരു നാട് കേരളത്തിലില്ല. പാലക്കാട്ടെ തസ്രാക്കിലേക്ക് ഖസാക്കി​ന്റെ വേരുകൾ തേടി ഇന്നും സാഹിത്യ വിദ്യാർഥികൾ തീർഥാടനം നടത്തുന്നു. എടക്കാട് അപ്രശസ്തമാണ്, കുന്നത്തൂർ രാധാകൃഷ്ണൻ എന്ന എഴുത്തുകാരനെപ്പോലെത്തന്നെ. എന്നാൽ, മറവി പറ്റാത്ത ഓർമകൾകൊണ്ട് ആ മനുഷ്യൻ വരച്ചിടുന്ന ലോകം എടക്കാടിനും ഒരു ജീവിതമുണ്ടെന്ന് അത് ഓർമപ്പെടുത്തുന്നു. ആലും മാവും പുളിയും കെട്ടുപിണഞ്ഞ് ഒരൊറ്റ മരമായി തണൽ വിരിച്ച എടക്കാട് ഗ്രാമത്തി​ന്റെ ജീവിതമാണ് കുന്നത്തൂർ രാധാകൃഷ്ണൻ എഴുതിയ ‘ആൽമര സ്മരണകൾ’.

ആലും മാവും പുളിയും ചേർന്ന ഒറ്റമരത്തെ ആത്മാപ്പുളി എന്നാണ് എടക്കാട്ടുകാർ വിളിക്കുന്നത്. അങ്ങനെയൊരു പേരുണ്ടായത് എങ്ങനെയെന്ന് പറയാൻ ഓർമയുള്ളവർ ആരും ഇപ്പോൾ അവിടെയില്ല. എന്നാൽ, അറുപതുകളുടെ മധ്യത്തിൽ മാത്രം വിദ്യുച്ഛക്തി എത്തിയ കോഴിക്കോട്ടെ ആ ഗ്രാമത്തി​ന്റെ സൂക്ഷ്മജീവിതം അത്രമേൽ സൂക്ഷ്മമായി ഒപ്പിയെടുത്തു​െവച്ചിട്ടുണ്ട് ‘ആൽമര സ്മരണകൾ’. അതൊരു പുസ്തകത്തിൽ അവസാനിച്ചില്ല. ഓർമയെഴുത്ത് വീണ്ടും തുടർന്നു; ‘പാട്ടവിളക്കാ’യി.

എടക്കാട് ഗ്രാമത്തിൽ ഒരു ‘പാട്ടവിളക്കി’ന്റെ വെളിച്ചത്തിൽ ഭൂതകാലം ചികഞ്ഞുനടക്കുന്ന ഒരേകാന്തപഥികനാണ് കുന്നത്തൂർ രാധാകൃഷ്ണൻ. എടക്കാട്ടുകാരനായ ആദ്യത്തെ നക്സലൈറ്റും ‘അമ്മ’ നാടകത്തിലൂടെ മലയാള നാടകവേദിയിൽ ചരിത്രം സൃഷ്ടിച്ച വ്യക്തിയുമായ മധു മാസ്റ്ററുടെ ശിഷ്യനാണ് രാധാകൃഷ്ണൻ. മുപ്പത് വർഷം കോഴിക്കോട്ട് മാധ്യമപ്രവർത്തകനായിരുന്നു എങ്കിലും പണിയെടുത്ത പത്രങ്ങൾ അത്ര വലുതല്ലാത്തതുകൊണ്ടുള്ള ഒരദൃശ്യത ആ പേരിന് ചുറ്റും വേണ്ടുവോളമുണ്ട് എന്നുമാത്രം. എങ്കിലും രാധാകൃഷ്ണ​ന്റെ ഓർമയെഴുത്തുകൾ അഗാധമാണ്. ഓർമകളും.

പണ്ട് അടിയന്തരാവസ്ഥ കഴിഞ്ഞ ഉടൻ അടിയന്തരാവസ്ഥയിൽ മലയാളികളായ കഥാകൃത്തുക്കൾ എന്തെഴുതി എന്നന്വേഷിച്ച് ലോകത്തേക്ക് ഇറങ്ങിപ്പുറപ്പെട്ട രാധാകൃഷ്ണ​ന്റെ സൃഷ്ടിയാണ് ‘അതേ കഥയുടെ പുനരാഖ്യാനം’ എന്ന കഥാസമാഹാരം. രോഗബാധിതനായ എ. സോമൻ എഴുതേണ്ടിയിരുന്ന പഠനം ടി.കെ. രാമചന്ദ്രൻ എഴുതി. ഇന്നും അടിയന്തരാവസ്ഥയെക്കുറിച്ച് പഠിക്കാനിറങ്ങുന്നവരുടെ ഓർമപ്പുസ്തകമാണത്. ആ ഒരു പുസ്തകം മാത്രം മതി കുന്നത്തൂർ രാധാകൃഷ്ണനെ വായനയുടെ ചരിത്രത്തി​ന്റെ രചയിതാക്കളിൽ ഒരാളാക്കാൻ.

 

എ. അയ്യപ്പനൊപ്പം കുന്നത്തൂർ രാധാകൃഷ്​ണൻ

‘ആൽമര സ്മരണകൾ’ കോവിഡ് കാലത്തുണ്ടായതാണ്. പണിയില്ലാതെപോയ ഏകാന്തതയെ മറികടക്കാൻ ഒരു അച്ചടി മാധ്യമപ്രവർത്തകൻ ഫേസ്ബുക്കിൽ അഭയം കണ്ടെത്തിയതി​ന്റെകൂടി ചരിത്രമാണത്. ആ എഴുത്ത് കോവിഡിനുശേഷവും നിർത്താതെ തുടർന്നു. അതാണ് ‘പാട്ടവിളക്ക്’. രാധാകൃഷ്ണൻ അന്വേഷിച്ചു നടക്കുന്നത് ഇല്ലാതായിപ്പോയ കാലത്തി​ന്റെ പാട്ടവിളക്കി​ന്റെ വെളിച്ചത്തിൽ മാത്രം കാണാവുന്ന മനുഷ്യരെയും ഓർമകളെയുമാണ്. മുഖ്യധാരയുടെ കണ്ണഞ്ചിപ്പിക്കുന്ന ലേസർ ബൾബുകളുടെ വെളിച്ചത്തിൽ അത് കാണാനാവില്ല.

രണ്ടേ രണ്ട് മണ്ണെണ്ണവിളക്കുകൾ മാത്രം വഴികാട്ടാനായുണ്ടായിരുന്ന എടക്കാട് ‘ആൽമര സ്മരണകളി’ലുണ്ട്. അവിടെ അമ്പതുകളിലും അറുപതുകളിലും വീടുകളെ പ്രകാശഭരിതമാക്കിയത് ചിമ്മിനി വിളക്കുകളായിരുന്നു. ഗ്രാമത്തിൽ ആദ്യമായി പെട്രോമാക്സ് വന്ന വീട്ടിൽ അത് കാണാൻ പോയ കുട്ടികളുടെ കൂട്ടത്തിൽ ഒരാളായിരുന്നു രാധാകൃഷ്ണൻ. ഇന്ത്യ-ചൈന യുദ്ധവും ഇന്ത്യ-പാക് യുദ്ധവും വറുതിയിലാഴ്ത്തിയ ഗ്രാമങ്ങളിൽ അന്ന് എടക്കാടും പെടും. അന്ന് റേഷൻ പഞ്ചസാര മറിച്ചു വിറ്റ് പണക്കാരായവർ എടക്കാട്ടുമുണ്ടായിരുന്നു. എന്നാൽ “റേഷനരി കിട്ടുന്നത് തന്നെ മഹാഭാഗ്യം എന്നു കരുതിയ പാവങ്ങൾ പഞ്ചസാരയെക്കുറിച്ച് ചിന്തിച്ചതേയില്ല. മാത്രമല്ല പഞ്ചസാര അക്കാലത്ത് ആഡംബര വസ്തുവുമായിരുന്നു’’ -രാധാകൃഷ്ണൻ രേഖപ്പെടുത്തുന്നുണ്ട്.

 

എ. വാസുവിനൊപ്പം

മധു മാസ്റ്റർ ആത്മകഥ എഴുതിയിട്ടില്ല. അടിയന്തരാവസ്ഥക്ക് ശേഷം ജയിൽമോചിതനായ മാഷ് വയനാട്ടിൽ നിന്നും ‘പടയണി’ എന്ന നാടകവുമായി കോഴിക്കോട്ട് മുത്തപ്പൻകാവിന് സമീപം അമ്മയുടെ വീട്ടിൽ താമസമാക്കുന്നത് മുതൽക്കുള്ള മധു മാഷെയേ പൊതുവിൽ കോഴിക്കോടൻ സൗഹൃദങ്ങൾക്കറിയൂ. എടക്കാടാണ് മധു മാസ്റ്ററുടെ നാട് എന്നുപോലും മിക്കവാറും പേർക്കുമറിയില്ല. അയൽക്കാരനായിരുന്ന മധു മാഷി​ന്റെ എടക്കാടൻ ജീവിതം രേഖപ്പെടുത്തുന്നുണ്ട് രാധാകൃഷ്ണൻ ‘ആൽമര സ്മരണകളി’ൽ.

എടക്കാട് ഗ്രാമത്തിലെ കൊല്ലരുകണ്ടി ചന്തുവി​ന്റെയും നാരായണിയുടെയും പത്തു മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച മധുസൂദനനാണ് മധു മാഷായി പരിണമിച്ചത്. കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളജിൽ മധുസൂദനൻ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കുന്ന കാലത്ത് ആറാം ക്ലാസുകാരനായിരുന്നു രാധാകൃഷ്ണൻ. യുക്തിവാദ പ്രസ്ഥാനം അക്കാലത്ത് എടക്കാട്ട് ശക്തമായിരുന്നു. അതുവഴിയാണ് മധുസൂദനൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുക്കുന്നത്. വർഗീസി​ന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മധുമാഷെ അന്ന് സാക്ഷാൽ എ.കെ.ജിയാണ് ജാമ്യത്തിലെടുത്തത്. എടക്കാട്ടെ ആത്മാപ്പുളി മരച്ചുവട്ടിൽനിന്നാണ് മധു മാഷി​ന്റെയും യാത്ര തുടങ്ങുന്നത്.

രാധാകൃഷ്ണ​ന്റെ ‘ജലയുദ്ധം’ എന്ന നോവലിന് മധു മാഷാണ് അവതാരിക എഴുതുന്നത്. “മനുഷ്യരാശി ഭൂമുഖത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടാൻ വരെ കാരണമായേക്കാവുന്ന ജലശൂന്യതയെ ആധാരമാക്കി ഒരുക്കിയ ‘ജലയുദ്ധം’ ഭാവനാസമ്പത്തിൽ തിളങ്ങുന്ന കൊച്ചുനോവലാണ്’’ എന്ന് അവതാരികയിൽ മാഷ് കുറിച്ചിട്ടു.

ശംസുൽ ഇസ്‍ലാം രചിച്ച ‘സവർക്കർ മിത്തും യാഥാർഥ്യവും’ റൊമീലാ ഥാപ്പറുടെ ‘ചരിത്രം, വർത്തമാനം, ഹിന്ദുത്വം’, എഡ്ഗാർ വാലസി​ന്റെ ‘ജോക്കർ’ എന്നീ പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് രാധാകൃഷ്ണനാണ്. എഴുത്തുകൊണ്ട് ജീവിക്കാനുള്ള തീവ്രശ്രമത്തി​ന്റെ ഭാഗമായി നിരവധി പുസ്തകങ്ങളുടെ രചയിതാവായിരുന്നിട്ടുണ്ട്. എന്നാൽ, ഓർമയാണ് കുന്നത്തൂർ രാധാകൃഷ്ണ​ന്റെ എഴുത്തി​ന്റെയും ജീവിതത്തി​ന്റെയും ബലം.

 

ഓർമയെഴുത്തി​ന്റെ അടുത്ത അധ്യായമായി ‘പാട്ടവിളക്ക്’ ഐ ബുക്സ് പുസ്തകമാക്കുകയാണ്. പത്രാധിപരില്ലാത്ത എഴുത്താണ് അതും. ‘നീ ത​ന്നെ നി​ന്റെ വെളിച്ചം’ എന്ന പാട്ടവിളക്കി​ന്റെ മുനിഞ്ഞു മുനിഞ്ഞുകത്തുന്ന വെളിച്ചവും സൗന്ദര്യവും ഒന്നു വേറെത്തന്നെയാണ്. എടക്കാടി​ന്റെ സ്വയം നിർമിത ചരിത്രകാര​ന്റെ എഴുത്തിൽ ഓർമയുടെ ഒരു ഖനിതന്നെ ഇനിയും കുഴിച്ചെടുക്കാനുണ്ട്. അതിലൊന്നിൽ ഞാനും ഭാഗഭാക്കായിട്ടുണ്ട്. അത് ഒരു സംസ്കാരത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള ഓർമയാണ്.

മധു മാഷ് ജയിലിൽനിന്നും പുറത്തുവന്ന് ‘അമ്മ’ നാടകം തുടങ്ങിയതിനിടയിലുള്ള ജനകീയ സാംസ്കാരിക വേദിയുടെ ആദ്യ രൂപവത്കരണ യോഗങ്ങളിൽ ഒന്ന്. അന്തിക്കാട് സമ്മേളനമാണ് എന്നാണോർമ. മധു മാഷ് സാംസ്കാരികവേദിയുടെ കരട് പ്രമേയത്തിന് ഒരു ബദൽ രേഖ അവിടെ അവതരിപ്പിച്ചു. എന്നാലത് നിഷ്കരുണം തള്ളിക്കളയപ്പെട്ടു. മാഷെ വേദിയിൽനിന്നും അടിച്ചിറക്കുന്നതിന് തുല്യമായി അപമാനിച്ചു വിട്ടു. കണ്ണീരോടെയാണ് മാഷ് ഒറ്റക്ക് ആ സമ്മേളന വേദിയിൽനിന്നും മടങ്ങിയത്.

മധു മാഷ് അവതരിപ്പിച്ച ബദൽരേഖയുടെ ചുരുക്കം ഇതാണ്: രാഷ്ട്രീയമാണ് ആധിപത്യത്തിൽ (politics in command) എന്ന ആശയം ഒരു സാംസ്കാരിക സംഘടന ഒരുനിലക്കും പിന്തുടരേണ്ടതില്ല. സംസ്കാരമായിരിക്കണം ആധിപത്യത്തിൽ (culture in command). അത് ബഹുസ്വരമായിരിക്കണം. പിൽക്കാല മാർക്സിനേക്കാൾ ആദ്യകാല മാർക്സി​ന്റെ ഹ്യൂമനിസമാണ് കൂടുതൽ പ്രസക്തം. പാർട്ടിയുടെ അനുബന്ധ സംഘടന ആവേണ്ടതില്ല സാംസ്കാരിക വേദി, അത് തീർത്തും സ്വതന്ത്രമായിരിക്കണം. പാർട്ടിയുടെ ഉന്മൂലന സിദ്ധാന്തം (ചാരു മജുംദാർ ലൈൻ) അംഗീകരിക്കാൻ സാംസ്കാരികവേദി ബാധ്യസ്ഥവുമല്ല എന്നതൊക്കെയായിരുന്നു മധുമാഷി​ന്റെ വാദമുഖങ്ങൾ. പാർട്ടി ലൈൻ രാഷ്ട്രീയമായി പിന്തുടരേണ്ടതില്ല എന്ന ചിന്തതന്നെ അന്ന് ചിന്തിക്കാൻപോലുമാകാത്ത ചിന്താക്കുറ്റമായിരുന്നു.

നാട്ടിൽ തിരിച്ചെത്തിയ മധു മാഷ് ശിഷ്യഗണങ്ങളായ ഞങ്ങളെയൊക്കെ വിളിച്ചുകൂട്ടി പുതിയ പാർട്ടി രൂപവത്കരണം പ്രഖ്യാപിച്ചു. സാംസ്കാരിക പ്രവർത്തനം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ള ഒരു രാഷ്ട്രീയ പാർട്ടി! പാർട്ടിയുടെ സാംസ്കാരിക പ്രവർത്തനത്തിനായി വ​ജ്ര എന്ന ഫിലിം സൊസൈറ്റിയും സാംസ്കാരിക പഠനകേന്ദ്രവും മാഷ് രൂപംകൊടുത്തു. രാജ്യത്തി​ന്റെ അവസ്ഥയെക്കുറിച്ച് പഠിച്ചാൽ മാത്രമേ ഒരു പാർട്ടി പരിപാടി രൂപവത്കരിക്കാനാവൂ എന്നും പാർട്ടി പരിപാടി ഇല്ലാത്തതുകൊണ്ട് തന്നെ സാമ്പ്രദായികമായ എല്ലാ പ്രവർത്തനങ്ങളും അസാധ്യമാണെന്നും തീരുമാനമായി. കരിമ്പനപ്പാലം വാസുവും ഞാനും ഒക്കെ അതിൽ അംഗങ്ങളായി.

 

കുന്നത്തൂർ രാധാകൃഷ്ണനെ പാർട്ടി രൂപവത്കരണത്തിനാണ് മാഷ് ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത്: “ഉറച്ച സഖാവാണ്, വിശ്വസിക്കാം, ഒന്നും പുറത്തുപോകില്ല.’’ പെട്ടെന്ന് പുതിയൊരാൾ വന്നതി​ന്റെ അസ്വാസ്ഥ്യമുണ്ടായിരുന്നു. തിളങ്ങുന്ന കണ്ണുകളുള്ള ഒരു തൊഴിലാളിവർഗ സഖാവായിരുന്നു അന്ന് എടക്കാടുകാരനായ കുന്നത്തൂർ രാധാകൃഷ്ണൻ. മാവോയിസം വരെ കമ്യൂണിസത്തി​ന്റെ പേരിൽ നടന്ന കൂട്ടക്കൊലകളെല്ലാം രാഷ്ട്രീയം മേധാവിത്വത്തിൽ എന്ന അധികാരത്തി​ന്റെ പ്രത്യയശാസ്ത്രം പിന്തുടർന്നതുകൊണ്ടുള്ള അപഭ്രംശമാണെന്നും അതൊന്നും കമ്യൂണിസമല്ലെന്നും പാർട്ടി നിലപാടെടുത്തു. അഞ്ചാൾ വിചാരിച്ചാലും ഒരു കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കാം എന്നതും ഒരു പുതിയ പാഠമായിരുന്നു.

വജ്രയുടെ ആഭിമുഖ്യത്തിൽ വെസ്റ്റ്ഹിൽ ഗീത തിയറ്ററിൽ ഒരു ഋത്വിക് ഘട്ടക് ഫിലിം ഫെസ്റ്റിവൽ ഏറ്റെടുത്ത് നടത്തിയത് മാത്രമാണ് ആ കാലത്തി​ന്റെ നല്ല ഓർമ. ‘സുവർണരേഖ’, ‘അജാന്ത്രിക്’, ‘മേഘേ ദഖാ താരാ’ എന്നീ സിനിമകൾ ബോധത്തിൽ ഒരട്ടിമറിതന്നെ നടത്തി. സംസ്കാരത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച പുതിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകൾ ഘട്ടക്കിൽ തെളിഞ്ഞു കണ്ടതായി മധുമാഷ് പ്രഖ്യാപിച്ചു. ശിഷ്യന്മാരായ ഞങ്ങൾ അത് ശരിവെച്ചു. ടാഗോറി​ന്റെ ‘രക്തകരബി’ എന്ന നാടകം മലയാളത്തിലാക്കി. അത് അവതരിപ്പിക്കാൻ മാഷ് ഒരുക്കം തുടങ്ങി. പുരന്തരദാസ് അതിന് സംഗീതം പകർന്നു. മാർക്സി​ന്റെ 1844ലെ തത്ത്വചിന്താ കുറിപ്പുകൾ വലിയൊരു ഭാഗം പരിഭാഷപ്പെടുത്തി. ടാഗോറി​ന്റെ വിദ്യാഭ്യാസ ദർശനമാണ് വേണ്ടത് എന്ന ധാരണയുണ്ടായി.

 

മധു മാസ്​റ്റർക്കൊപ്പം കുന്നത്തൂർ രാധാകൃഷ്​ണൻ

മധു മാഷെ ബേപ്പൂർ സ്കൂളിൽനിന്നും പേരാമ്പ്ര സ്കൂളിലേക്ക് സർക്കാർ ട്രാൻസ്ഫർ ചെയ്തതോടെ ആ പാർട്ടി അന്തരീക്ഷത്തിൽ അലിഞ്ഞ് ഇല്ലാതായി. രാധാകൃഷ്ണൻ പിന്നെ ജേണലിസ്റ്റായി. എത്രയോ പത്രങ്ങളിൽ, എത്രയോ വർഷം. എത്രയോ അനുഭവങ്ങളും ഓർമകളും രാധാകൃഷ്ണൻ എഴുതി. എന്നാൽ ഒരിക്കൽപോലും ഇങ്ങനെയൊരു പാർട്ടി സ്വന്തം ഭൂതകാലത്ത് ഉണ്ടായിരുന്നതായി എവിടെയും എഴുതിയില്ല. നാല് പതിറ്റാണ്ട് കാത്തുസൂക്ഷിച്ചു ആ രഹസ്യം! ത​ന്റെ ഗുരുനാഥൻ മധു മാഷിന് കൊടുത്ത വാക്കായിരിക്കുമോ അത്? ആവാം, നിലപാട് വിട്ട് ഒരു കളിയില്ല രാധാകൃഷ്ണന്. ‘ആത്മാപ്പുളി’ എഴുത്തിലും ‘പാട്ടവെളിച്ച’ത്തിലും ആ സത്യസന്ധതയുണ്ട്. കൊട്ടിഗ്ഘോഷിക്കപ്പെടുന്ന എഴുത്തുകളിൽ ഒരിക്കലും കാണാനാവാത്ത ഒന്നാണത്. വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധത.

(തുടരും) 

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT