തോറ്റത് ഇന്ത്യയിലെ പെൺകുട്ടികൾ

വനിത ഗുസ്​തി താരങ്ങൾ ലൈംഗിക അതിക്രമ പരാതി നൽകിയ ബ്രിജ്ഭൂഷൺ ശരൻ സിങ്ങി​ന്​ പകരം മകൻ കരൺ ഭൂഷണിന്​ ബി.ജെ.പി കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ സീറ്റു നൽകിയിരിക്കുന്നു. ഇതുവഴി ബി.ജെ.പി വെല്ലുവിളിക്കുന്നത്​ ​ഗുസ്​തി താരങ്ങളെ മാത്രമല്ല, സ്​ത്രീത്വത്തെ തന്നെയാണെന്ന്​ എഴുതുകയാണ്​ മുതിർന്ന സ്​പോർട്​സ്​ ജേണലിസ്​റ്റായ ലേഖകൻ.‘‘രാജ്യത്തെ പെൺകുട്ടികൾ തോറ്റു. ബ്രിജ്ഭൂഷൺ വിജയിച്ചു. ഞങ്ങൾ ഞങ്ങളുടെ കായിക ജീവിതമാണ് നഷ്ടപ്പെടുത്തിയത്, എത്രയോ ദിവസം വെയിലും മഴയും സഹിച്ച് വഴിയോരത്ത് ഉറങ്ങി. ഇന്നുവരെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ല. ഞങ്ങൾ മറ്റൊന്നും ആവശ്യപ്പെട്ടില്ല; നീതിമാത്രമാണ് ആവശ്യപ്പെട്ടത്. അറസ്റ്റ്...

വനിത ഗുസ്​തി താരങ്ങൾ ലൈംഗിക അതിക്രമ പരാതി നൽകിയ ബ്രിജ്ഭൂഷൺ ശരൻ സിങ്ങി​ന്​ പകരം മകൻ കരൺ ഭൂഷണിന്​ ബി.ജെ.പി കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ സീറ്റു നൽകിയിരിക്കുന്നു. ഇതുവഴി ബി.ജെ.പി വെല്ലുവിളിക്കുന്നത്​ ​ഗുസ്​തി താരങ്ങളെ മാത്രമല്ല, സ്​ത്രീത്വത്തെ തന്നെയാണെന്ന്​ എഴുതുകയാണ്​ മുതിർന്ന സ്​പോർട്​സ്​ ജേണലിസ്​റ്റായ ലേഖകൻ.

‘‘രാജ്യത്തെ പെൺകുട്ടികൾ തോറ്റു. ബ്രിജ്ഭൂഷൺ വിജയിച്ചു. ഞങ്ങൾ ഞങ്ങളുടെ കായിക ജീവിതമാണ് നഷ്ടപ്പെടുത്തിയത്, എത്രയോ ദിവസം വെയിലും മഴയും സഹിച്ച് വഴിയോരത്ത് ഉറങ്ങി. ഇന്നുവരെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ല. ഞങ്ങൾ മറ്റൊന്നും ആവശ്യപ്പെട്ടില്ല; നീതിമാത്രമാണ് ആവശ്യപ്പെട്ടത്. അറസ്റ്റ് പോകട്ടെ, ഇന്ന് അദ്ദേഹത്തിന്റെ പുത്രന് ടിക്കറ്റ് (ലോക്സഭാ സീറ്റ്) നൽകുകവഴി നിങ്ങൾ രാജ്യത്തെ കോടിക്കണക്കിനു പെൺകുട്ടികളുടെ ആത്മധൈര്യമാണു തകർത്തത്.’’ ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടിയ ഏക ഇന്ത്യൻ വനിതയായ സാക്ഷി മാലിക് മേയ് നാലിന് കുറിച്ചു. യു.പിയിലെ കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി നിലവിലെ എം.പിയും റെസ് ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൻ സിങ്ങിന്റെ പുത്രൻ കരൺ ഭൂഷണെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സാക്ഷി പ്രതികരിച്ചത്.

ബ്രിജ്ഭൂഷണെതിരെ ലൈംഗിക അതിക്രമ പരാതിയുമായി വനിത ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ നടത്തിയ സമരത്തിൽ സാക്ഷിക്കൊപ്പം നേതൃത്വം നൽകിയ വിനേഷ് ഫോഗട്ടിന് ഇപ്പോൾ പരസ്യമായി പ്രതികരിക്കാനാവില്ല. കാരണം, പാരിസ് ഒളിമ്പിക്സിനു യോഗ്യത നേടി നിൽക്കുകയാണ് വിനേഷ്. പ്രത്യക്ഷത്തിൽ അല്ലെങ്കിൽ പോലും ബ്രിജ്ഭൂഷൺ നിയന്ത്രിക്കുന്ന ഗുസ്തി ഫെഡറേഷൻ തന്നെ ഉത്തേജകത്തിൽ കുടുക്കി അയോഗ്യയാക്കുമോ എന്ന ആശങ്ക അടുത്ത നാളിൽ വിനേഷ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വിനേഷിന്റെ സപ്പോർട്ട് സ്റ്റാഫിനെ യോഗ്യതാ മത്സരങ്ങളിൽ അയക്കാതിരിക്കാൻ ഫെഡറേഷൻ ശ്രമിച്ചുവെന്നതായിരുന്നു വിനേഷി​ന്റെ പരാതി. അവസാന നിമിഷമാണ് പ്രശ്നം പരിഹരിച്ചത്.

ആറുതവണ എം.പിയായ ബ്രിജ്ഭൂഷൺ, പാർലമെന്റിന്റെ പുതിയ മന്ദിരത്തി​ന്റെ ഉദ്ഘാടനച്ചടങ്ങിൽ തലയുയർത്തി നിന്നപ്പോൾ, ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലുമൊക്കെ രാജ്യത്തിനു മെഡൽ നേടിയ, വനിതകൾ ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ പൊലീസ് നടുറോഡിൽ വലിച്ചിഴക്കുകയായിരുന്നു. അവരുടെ പ്രതിഷേധം പാർലമെന്റിനു മുന്നിലേക്കെത്തുമോയെന്നു ഭയന്നായിരുന്നു നടപടി. ബ്രിജ്ഭൂഷൺ ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു. തല താഴ്ത്തി നിൽക്കുന്നത് ഇന്ത്യയിലെ പെൺകുട്ടികളും. രാജ്യത്തെ പെൺകുട്ടികളുടെ ആത്മവീര്യം കെടുത്തിയ നടപടിയെന്നു പറഞ്ഞ സാക്ഷി മാലിക് ശ്രീരാമ​ന്റെ പേരിൽ വോട്ട് തേടുന്നവർ ശ്രീരാമൻ കാട്ടിയ മാതൃക പിന്തുടരണമെന്ന് ഓർമിപ്പിച്ചു.

കർണാടകയിൽ ലൈംഗിക പീഡന കേസിൽപെട്ട ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണക്കായി പ്രചാരണം നടത്തി വെട്ടിലായ ബി.ജെ.പി, യു.പിയിൽ ബ്രിജ്ഭൂഷൺ ശരൻ സിങ്ങിനെ ഒരുവിധം ഒഴിവാക്കി മുഖം രക്ഷിക്കാനാണു ശ്രമിച്ചത്. അവസാന നിമിഷംവരെ പിൻവാങ്ങില്ലെന്നു ശഠിച്ച ബ്രിജ്ഭൂഷൺ ശരൻ സിങ് ഒടുവിൽ മകനുവേണ്ടി വഴിമാറുകയായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു നാൾ ബാക്കിനിൽക്കെയാണ് കൈസർഗഞ്ചിലെ സ്ഥാനാർഥിയെ ബി.ജെ.പി പ്രഖ്യാപിച്ചത്. യു.പിയിൽ ബി.ജെ.പി 69 സീറ്റുകളിലും സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അഞ്ചാം ഘട്ടത്തിലായി മേയ് 20നാണ് കൈസർഗഞ്ചിൽ തെരഞ്ഞെടുപ്പ്. ഇതിനിടെ സ്വന്തംനിലയിൽ പ്രചാരണം തുടങ്ങിയിരുന്ന ബ്രിജ്ഭൂഷണെതിരെ കഴിഞ്ഞ 13ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തിരുന്നു. 25 വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബ്രിജ്ഭൂഷൺ അന്ന് ഗ്രാമം ചുറ്റിയത്.

കൈസർഗഞ്ചിൽ സ്വതന്ത്രനായി മത്സരിച്ചാലും ബ്രിജ് ഭൂഷൺ ശരൻ സിങ് ജയിക്കും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സ്വതന്ത്രനായി മത്സരിക്കാൻ ബി.ജെ.പി അനുവദിക്കുമെന്നു കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ബന്ധുവിനോ മകനോ സീറ്റ് നൽകാമെന്ന വാഗ്ദാനം നിരസിച്ച ബാഹുബലി നേതാവ് പ്രചാരണവുമായി മുന്നോട്ടുപോയി. ഒരു മണിക്കൂർ മുമ്പ് സീറ്റ് കിട്ടിയാലും താൻ ജയിക്കുമെന്ന് ബ്രിജ്ഭൂഷൺ പറഞ്ഞിരുന്നു. 2019ൽ 5,81,358 വോട്ട് നേടിയ ബ്രിജ്ഭൂഷൺ ബി.എസ്.പിയിലെ ചന്ദ്രദേവ് രാം യാദവിനെ തോൽപിച്ചത് രണ്ടു ലക്ഷത്തിലേറെ വോട്ടി​ന്റെ വ്യത്യാസത്തിലാണ്. ഇക്കുറി ജനങ്ങൾ തനിക്ക് അഞ്ചു ലക്ഷത്തി​ന്റെ ഭൂരിപക്ഷം നൽകുമെന്ന് പറഞ്ഞ ബ്രിജ്ഭൂഷൺ 99.9 ശതമാനവും താനായിരിക്കും സ്ഥാനാർഥിയെന്നും പറഞ്ഞിരുന്നു. ‘‘ദൈവം അങ്ങനെ നിശ്ചയിച്ചാൽ എനിക്കെന്തു ചെയ്യാൻ കഴിയും?’’ മാധ്യമപ്രവർത്തകരോട് അദ്ദേഹം ചോദിച്ചു.

റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പിൽ ത​ന്റെ അനുയായി സഞ്ജയ് കുമാർ സിങ്ങിനെ വിജയിപ്പിച്ച് അത് ത​ന്റെ വിജയമായി ആഘോഷിച്ച ബ്രിജ്ഭൂഷനോട് ഗുസ്തി സംഘടനയുടെ കാര്യങ്ങളിൽനിന്നു മാറിനിൽക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മാലിക് മത്സരരംഗം വിടുകയും വിനേഷ് ഫോഗട്ടും ബജ്റങ് പൂനിയയും ദേശീയ ബഹുമതികൾ മടക്കിനൽകുകയും ചെയ്തപ്പോൾ സാക്ഷി മാലിക്കിനെ വാരാണസിയിൽ പ്രധാനമന്ത്രിക്കെതിരെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി മമത ബാനർജി മുന്നോട്ടുവന്നിരുന്നു.

1999 മുതൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചു ജയിച്ചുപോന്ന ബ്രിജ്ഭൂഷൺ 2009ൽ ബി.ജെ.പിയോട് തെറ്റി സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി ജയിച്ചു. ഇത്തവണയും അഖിലേഷ് യാദവിനെ പുകഴ്ത്തിപ്പറഞ്ഞ് മറുവശത്തൊരു വഴി അദ്ദേഹം തുറന്നിട്ടിരുന്നു. പക്ഷേ, അഖിലേഷ് ഇൻഡ്യ മുന്നണിയുടെ ഭാഗമായതോടെ ആ വഴി അടഞ്ഞു. ബ്രിജ്ഭൂഷണ് സീറ്റ് അനുവദിച്ചാൽ ഹരിയാനയിൽ ഉൾപ്പെടെ വൻ തിരിച്ചടി ഉണ്ടാകുമെന്ന് മനസ്സിലാക്കി ബി.ജെ.പി നേതൃത്വം അതിനു തടയിട്ടു.

പക്ഷേ, അപ്പോഴും ജയിച്ചത് ബ്രിജ്ഭൂഷൺതന്നെ. പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡന കേസ് ചൂണ്ടിക്കാട്ടി ‘നാരീശക്തി സംരക്ഷണം’ എന്ന ബി.ജെ.പി മുദ്രാവാക്യം പൊള്ളയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവരുകയും ചെയ്തു. (പ്രജ്വൽ ഷൂട്ട് ചെയ്തെന്നു കരുതുന്ന 2976 അശ്ലീല വിഡിയോകളാണത്രെ കർണാടകയിൽ പ്രചരിച്ചത്). ബംഗാളിൽ തൃണമൂലിനെതിരെ സന്ദേശ്ഖാലി വിഷയവുമായി പ്രചാരണം നടത്തുന്ന ബി.ജെ.പിക്ക് കർണാടകയിൽ വിശദീകരണമില്ലാതെ വന്നു. മൈസൂരുവിൽ പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രജ്വൽ വേദിയിൽ ഉണ്ടായിരുന്നത് പ്രതിപക്ഷം ആയുധമാക്കി. എന്നിട്ടും ബ്രിജ്ഭൂഷണെ പിണക്കാതെ ബി.ജെ.പി നോക്കി.

ത​​ന്റെ നാട്ടിൽ 54 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ബ്രിജ്ഭൂഷൺ, കുട്ടികൾക്ക് സ്കോളർഷിപ്, പെൺകുട്ടികളുടെ വിവാഹം തുടങ്ങി ഒട്ടേറെ സഹായ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഗോണ്ട-അയോധ്യ ഹൈവേക്ക് സമീപം ബ്രിജ്ഭൂഷൺ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 80,000 വിദ്യാർഥികൾ പഠിക്കുന്നു. 3500 അധ്യാപകർ ജോലിയെടുക്കുന്നു. ലഖ്നോയിൽനിന്ന് 45 കിലോമീറ്റർ മാത്രം അകലെ നവഗഞ്ചിൽ വിദ്യാഭ്യാസ സ്ഥാപനത്തിനു പുറമെ ഹോട്ടലും ഷൂട്ടിങ് റേഞ്ചും റെസ് ലിങ് അക്കാദമിയുമുണ്ട്. നാലു ജില്ലകൾ പൂർണമായും ബ്രിജ്ഭൂഷണി​ന്റെ നിയന്ത്രണത്തിലാണ്.

അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ആദ്യം അറസ്റ്റിലായ ബി.ജെ.പി നേതാക്കളിൽ ഒരാളാണ് ബ്രിജ്ഭൂഷൺ എന്നു കേട്ടിരുന്നു. മൂന്നോ നാലോ ജില്ലയിൽ സ്വാധീനമുള്ള ബ്രിജ്ഭൂഷണ് തൊട്ടടുത്ത മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കാൻ കഴിയും.

1996ൽ ബ്രിജ്ഭൂഷൺ ജയിലിലായിരിക്കെ ഭാര്യ കേത് കി സിങ്ങിനെ ഗോണ്ടയിൽ മത്സരിപ്പിച്ചു ജയിപ്പിച്ച ചരിത്രവുമുണ്ട്. 1991ലും 99ലും ഗോണ്ടയിൽനിന്നും 2004ൽ ബൽറാംപൂരിൽനിന്നും ലോക്സഭയിലെത്തിയ ബ്രിജ്ഭൂഷൺ 2009ലും 2014ലും 2019ലും കൈസർഗഞ്ചിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2009ൽ സമാജ് വാദി പാർട്ടിയിലായിരുന്ന ബ്രിജ്ഭൂഷണെ 2014ൽ എസ്.പി വീണ്ടും സ്ഥാനാർഥിയാക്കിയെങ്കിലും അദ്ദേഹം ബി.ജെ.പിയിലേക്കു മടങ്ങുന്നുവെന്ന സൂചന കിട്ടിയപ്പോൾ അവസാന നിമിഷം പിൻവലിച്ച് പകരം വിനോദ് കുമാർ സിങ്ങിനു സീറ്റ് നൽകി. പക്ഷേ, ബ്രിജ്ഭൂഷൺ ജയിച്ചു. പിന്നെ ബി.ജെ.പിക്കൊപ്പം. പുത്രൻ പ്രദീക് വർധൻ സിങ് നിലവിൽ ഗോണ്ടയിൽ എം.എൽ.എയാണ്. ബ്രിജ്ഭൂഷണെതിരെ വനിത ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക അതിക്രമ പരാതി രാജ്യമെങ്ങും ചർച്ചയായതാണ്. മാത്രമല്ല, തുടരന്വേഷണം വേണമെന്ന ബ്രിജ്ഭൂഷണി​ന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളുകയുംചെയ്തിരുന്നു. 2023 ജൂൺ 15നാണ് ബ്രിജ്ഭൂഷണെതിരായ ലൈംഗിക അതിക്രമ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തത്. 354 എ, 354 ഡി, 506 വകുപ്പുകൾ ചേർത്തിരുന്നു. പക്ഷേ, ജൂലൈ 20ന് അദ്ദേഹത്തിനു ജാമ്യം ലഭിച്ചു. സാക്ഷി മാലിക് ചൂണ്ടിക്കാട്ടിയതുപോലെ അറസ്റ്റ് മാത്രം നടന്നില്ല.

ബ്രിജ്ഭൂഷണി​ന്റെ ഇളയ പുത്രനാണ് കരൺ ഭൂഷൺ. ഈ മുപ്പത്തിനാലുകാരനെ റെസ് ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റാക്കാൻ നോക്കിയപ്പോഴാണ് ഗുസ്തി താരങ്ങൾ രണ്ടാമതും സമരം തുടങ്ങിയത്. കരൺ യു.പി റെസ് ലിങ് അ​േസാസിയേഷൻ പ്രസിഡന്റാണ്. എട്ടു വർഷം വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രസിഡന്റായത്. കൈസർഗഞ്ചിൽ കരൺഭൂഷണെ വിജയിപ്പിച്ചെടുക്കാൻ ബ്രിജ് ഭൂഷണു സാധിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കടിഞ്ഞാൺ ബ്രിജ്ഭൂഷ​ണി​ന്റെ കരങ്ങളിലായിരിക്കും. അയോധ്യക്കു സമീപമുള്ള പ്രദേശമായതിനാൽ പരാജയം ബി.ജെ.പിക്ക് ചിന്തിക്കാനാവില്ല. ഒരുപക്ഷേ, കർണാടകയിലെ പ്രജ്വൽ രേവണ്ണ പ്രശ്നം ഉയർന്നുവന്നില്ലായിരുന്നെങ്കിൽ ബ്രിജ്ഭൂഷൺ പാർട്ടിയുടെ അനൗദ്യോഗിക പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചേനെ. അതുണ്ടായില്ലെന്നു മാത്രം.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT