ഏപ്രിൽ 26ന് വിടവാങ്ങിയ കവിയും എഴുത്തുകാരനും ജനകീയ ചരിത്രകാരനും സാമൂഹികപ്രവർത്തകനും ചിന്തകനും പത്രാധിപരുമായിരുന്ന െക.കെ.എസ്. ദാസിനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും കുറിച്ചാണ് ഇൗ കുറിപ്പ്. എങ്ങനെയൊക്കെയാണ്കെ.കെ.എസ്. ദാസ് കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ധാരണകളെ തിരുത്തിയത്?
1970കളുടെ സാമൂഹിക-രാഷ്ട്രീയ സന്ദര്‍ഭത്തിൽ, കേരളത്തിലെ ധൈഷണികസംവാദങ്ങളും പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മുഖ്യധാരാ പ്രസ്ഥാനങ്ങളോട് പലവിധത്തിലും വിയോജിച്ചുകൊണ്ട് സവിശേഷമായ ചില പരീക്ഷണങ്ങള്‍ക്ക് തുടക്കംകുറിക്കുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം യാഥാർഥ്യമാകണമെങ്കിൽ സമൂഹത്തിലെ അസമത്വങ്ങളും വിവേചനങ്ങളും പരിഹരിക്കേണ്ടതുണ്ടെന്നും അതിനു നിലവിലുള്ള ജനാധിപത്യഭരണകൂടങ്ങളാല് അസാധ്യമാണെന്നും ചിന്തിച്ചുകൊണ്ട്, ഇന്ത്യയുടെ വിമോചനത്തിനു പുതിയൊരു വിമോചനപദ്ധതി ആവശ്യമാണെന്നുള്ള ചര്‍ച്ചകൾ ഉയര്‍ന്നുവന്നു.
ബംഗാളില്‍ ഉള്‍പ്പെടെ അക്കാലത്തുണ്ടായ തീവ്ര ഇടതുപക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസ്ഥാനങ്ങളുടെ ഭാഗമായുണ്ടായ മുന്നേറ്റങ്ങളുടെ അലയൊലികളായിരുന്നു കേരളത്തിന്റെ ചര്ച്ചാമണ്ഡലത്തിലും പുതിയ ധ്രുവീകരണങ്ങൾ സൃഷ്ടിച്ചത്. ആശയപരമായി പില്ക്കാലത്ത് പല നിലപാടുകളിലേക്ക് വ്യതിചലിച്ചെങ്കിലും എഴുത്തും വായനയും മറ്റിതര ആവിഷ്കാരങ്ങളും സാംസ്കാരിക ആക്ടിവിസത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുന്ന സന്ദര്ഭമിതായിരുന്നു.
ഇന്നത്തെ പത്തനംതിട്ട ജില്ലയുടെ (മുമ്പ് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു) കിഴക്കന്‍ മലയോര പ്രദേശമായ, താരതമ്യേന അവികസിതമായ ചാത്തന്തറയെന്ന ഗ്രാമത്തില്‍ ജനിച്ച കെ.കെ. ശങ്കരദാസ് എന്ന കെ.കെ.എസ്. ദാസ് ദേശീയവും സാര്‍വദേശീയവുമായ രാഷ്ട്രീയ-സാംസ്കാരിക പരിവര്‍ത്തനങ്ങൾ മനസ്സിലാക്കാൻ പ്രാപ്തനായത് കലാശാല വിദ്യാഭ്യാസത്തിനുവേണ്ടി ഗ്രാമത്തിനു വെളിയിലേക്ക് പോകാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് കരുതാം. വെണകുറിഞ്ഞി എസ്.എന്‍.ഡി.പി സ്കൂളിലെ പഠനകാലത്ത് കല-സാഹിത്യാഭിരുചികള്‍ പ്രകടിപ്പിക്കുമ്പോഴും തന്റെ രാഷ്ട്രീയധാരണകള്‍ രൂപപ്പെടുവാൻ അവിടത്തെ സാഹചര്യം സഹായകമായിരുന്നില്ല.
പിതാവായ കീച്ചന്‍പാറ കേശവൻ സമുദായത്തിലും പൊതുകാര്യങ്ങളിലും പുലര്‍ത്തിയ താൽപര്യം ദലിതരുടെയും ഇതര പാര്‍ശ്വവത്കൃത സമുദായങ്ങളുടെയും വിഷയങ്ങളിൽ ശ്രദ്ധിക്കുവാനായി സഹായിച്ച ഘടകമാണ്. എങ്കിലും എഴുത്തുകാരന്, കവി, സംഘാടകൻ, യുക്തിവാദി, പ്രക്ഷോഭകാരി തുടങ്ങിയ ബഹുമുഖ വ്യക്തിത്വത്തിലേക്ക് അദ്ദേഹത്തെ നയിച്ചതിനു പിന്നില്‍ ചങ്ങനാശ്ശേരി, കോട്ടയം പോലെ താരതമ്യേന വികസിച്ച മധ്യകേരളത്തിലെ നഗരങ്ങളും അവിടെ രൂപപ്പെടുത്തിയ സൗഹൃദങ്ങള്‍ക്കും ആഴമേറിയ സ്വാധീനമുണ്ടെന്നത് തീര്‍ച്ചയാണ്. അന്നത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയചലനങ്ങളും സമുദായപ്രവര്‍ത്തനങ്ങളുടെ നിശ്ചലതയുമൊക്കെയാവാം ഇന്ന് നാമറിയുന്ന കെ.കെ.എസ്. ദാസിനെ രൂപപ്പെടുത്തിയത്! എഴുപത്തിയേഴ് വര്‍ഷത്തെ ജീവിതത്തില്‍നിന്നും അനിവാര്യമായ വിടവാങ്ങലിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഓര്‍ക്കുമ്പോൾ ഈ മുഖവുര ഒഴിവാക്കാനാവില്ല.
ചരിത്രം തിരുത്തിയ ചരിത്രം
1972ലാണ് മഹാരാഷ്ട്രയില്‍ വിദ്യാസമ്പന്നരായ ദലിത് സമുദായത്തിലെ ചെറുപ്പക്കാരുടെ മുന്‍കൈയില്‍ ദലിത് പാന്തര്‍ പ്രസ്ഥാനം രൂപപ്പെടുന്നത്. ഏകതാനമായ അഭിപ്രായത്തെക്കാള്‍ വ്യത്യസ്ത നിലപാടുകള്‍ സംഘര്ഷപ്പെടുന്നതിലേക്ക് പ്രസ്ഥാനം മാറിയെങ്കിലും അത് സൃഷ്ടിച്ച ഭാവുകത്വപരവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങള്‍ ഇന്നും തുടരുന്നുവെന്നത് വസ്തുതയാണ്. ഏറക്കുറെ ഇതേ കാലത്തുതന്നെയാണ് കൃത്യമായി പറഞ്ഞാല്‍ 1975ല്‍ സീഡിയൻ (Socially Economically Indian Ancient Natives) എന്ന സംഘടന സ്ഥാപിതമാവുന്നത്. ഇ.എം. കോശി, കെ.കെ.എസ്. ദാസ്, ഡോ. കെ.കെ. മന്മഥന്, എം.ജെ. പ്രസാദ്, വി. പത്മനാഭന്, എസ്. രാജപ്പന്, കെ.കെ. ഗോപാലന് (ലിസ്റ്റ് അപൂർണം) തുടങ്ങിയ ചെറുപ്പക്കാരായ നേതൃത്വമായിരുന്നു അതിന്റെ മുന്നിലുണ്ടായിരുന്നത്.
ദലിത് പ്രസ്ഥാനം, സാഹിത്യം എന്നിവ അന്ന് പ്രയോഗത്തില്‍ കാണാനാവില്ല. കല്ലറ സുകുമാരന്റെ നേതൃത്വത്തിലുള്ള കേരള ഹരിജൻ ഫെഡറേഷൻ, സ്റ്റൈഫന്ററി സ്റ്റുഡന്റ്സ് അസോസിയേഷന് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാമൂഹിക സന്ദര്‍ഭത്തിലാണ് ദേശീയമായ കാഴ്ചപ്പാടും മാര്‍ക്സിയൻ പ്രത്യയശാസ്ത്രവും അടിത്തറയാക്കി, എന്നാൽ ഇന്ത്യയിലെ ജാതിപ്രശ്നത്തെ മുഖ്യസംവാദവിഷയമാക്കിയും ദലിത് സമുദായത്തിലെ ചെറുപ്പക്കാരുടെ സംഘാടനം ഉണ്ടാകുന്നത്. സീഡിയൻ സ്ഥാപിക്കപ്പെട്ട കാലം മുതൽ അതിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ.കെ.എസ്. ദാസായിരുന്നു.
കെ.കെ.എസ്. ദാസ്- പഴയ ചിത്രം,
1975 മേയ് ഒന്നാം തീയതി സീഡിയന്‍ മാസികയുടെ ആദ്യലക്കം പുറത്തുവരുന്നു. ഒരുപക്ഷേ, അന്നത്തെ സമുദായ മാസികകളും ഒറ്റപ്പെട്ട പ്രസിദ്ധീകരണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉള്ളടക്കത്തിലും ഭാവുകത്വപരവുമായ ഒരു വിച്ഛേദംതന്നെയായിരുന്നു ആ മാസിക. ദേശീയമായ പ്രശ്നങ്ങളും ഒപ്പം പ്രാദേശികമായ വിഷയങ്ങളും ചര്‍ച്ചക്കു വെക്കുന്ന ദ്വിമുഖമായ രീതിശാസ്ത്രമായിരുന്നു മാസിക സ്വീകരിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ നിർണയിക്കുന്നതില്‍ കെ.കെ.എസ്. ദാസ് വഹിച്ച പങ്ക് മാസികയുടെ ഉള്ളടക്കവും അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളും ചേര്‍ന്നുപോകുന്നതിന്റെ ഉദാഹരണമായി കാണാവുന്നതാണ്. ഇടുക്കി ജില്ലയിലെ മുട്ടത്ത് എസ്റ്റേറ്റ് ഉടമയാൽ കൊലചെയ്യപ്പെട്ട തൊമ്മന് എന്ന വ്യക്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, റാന്നി എം.എല്‍.എയുടെയും ചാത്തന്‍തറയിലെ കോൺഗ്രസ് നേതാക്കളുടെയും മുന്‍കൈയിൽ നടന്ന ഭൂമി കൈയേറ്റത്തെക്കുറിച്ചുള്ള ‘ഭൂമിയുടെ പേരില്‍ പകല്‍ക്കൊള്ള’ എന്ന വാര്‍ത്തയുമൊക്കെ തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളിലെ ജനകീയ-മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു.
അടിയന്തരാവസ്ഥക്കെതിരെയും കിസ്താ ഗൗഡ, ഭുമ്മയ്യ എന്നീ ആദിവാസികളുടെ വധശിക്ഷയില്‍ പ്രതിഷേധിച്ചുകൊണ്ടും നടത്തിയ ഇടപെടലുകൾ ദേശീയമായ വിമോചനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാണാവുന്നതാണ്. പില്ക്കാലത്ത്, കെ.കെ. കൊച്ചിനെപ്പോലുള്ള എഴുത്തുകാരന് ഈ മാസികയുടെ പത്രാധിപസ്ഥാനത്ത് എത്തുന്നുണ്ട്. 1980കളില്‍ സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ, ആദിവാസി വനനിയമത്തെക്കുറിച്ചുള്ള വ്യത്യസ്തമായ വായനകള്‍ സീഡിയന്‍ മുേന്നാട്ടുവെച്ചതായി ‘ദലിതൻ’ എന്ന ആത്മകഥയിൽ കെ.കെ. കൊച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. കൈയേറ്റക്കാരെയും അവരെ പിന്തുണക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയടക്കമുള്ള സംവിധാനങ്ങളെയും വിമര്ശനപക്ഷത്ത് നിര്‍ത്തുന്നതായിരുന്നു ആശയപ്രചാരണം. കെ.കെ. കൊച്ച് ഇപ്രകാരമെഴുതുന്നു: ഇതിനടിസ്ഥാനമായ സൈദ്ധാന്തിക പരികൽപനകൾ കൂടാതെയുള്ള അനുഭവങ്ങളും പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു.
ചാത്തന്‍തറ സ്വദേശിയായ കെ.കെ.എസ്. ദാസിനു മലയരയന്മാരെ അടുത്തറിയാമായിരുന്നു. ദീര്‍ഘകാലം വയനാട്ടിലായിരുന്നതിനാൽ ആദിവാസികളും കൈയേറ്റക്കാരുമായുള്ള വൈരുധ്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഡോ. കെ.കെ. മന്മഥനാകട്ടെ, ദേശീയരാഷ്ട്രീയത്തെക്കുറിച്ചും ആദിവാസികളുടെ ഭരണഘടനാവകാശങ്ങളെക്കുറിച്ചും വ്യക്തമായ പഠനമുണ്ടായിരുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായ അറിവുകളായിരുന്നു കെ.കെ.എസ്. ദാസിനെ നയിച്ചിരുന്നത് എന്ന് വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. തുടക്കത്തിലുള്ള മാര്‍ക്സിസ്റ്റ് വിശകലനങ്ങളുടെ രീതിശാസ്ത്രം എഴുത്തുകളില്‍ നിലനിര്‍ത്തുന്നതിനൊപ്പം ഡോ. ബി.ആര്. അംബേദ്കറുടെ ആശയാവലികളും അദ്ദേഹത്തിന്റെ തുടര്രചനകളിലേക്ക് കടന്നുവരുന്നത് സാമൂഹികശാസ്ത്രജ്ഞർ വിവക്ഷിക്കുന്ന പ്രയോഗത്തിന്റെ (Praxis) സാധ്യതകൂടി ആരായുന്നതുകൊണ്ടാവാം.
സര്‍ഗാത്മക ലോകവും ആവിഷ്കാര വീക്ഷണവും
കെ.കെ.എസ്. ദാസിന്റെ കവിതയുടെ ലോകം സമൂഹത്തിലെ അടിച്ചമര്‍ത്തലുകളോടുള്ള പ്രതിരോധവും വിമോചനപ്രതീക്ഷകളും ഒരുപോലെ പങ്കുവെക്കുന്നവയാണ്. ആഖ്യാനപരമായ പരീക്ഷണങ്ങളോ മാറുന്ന കാവ്യഭാവുകത്വത്തിനനുസരിച്ചുള്ള പരിഷ്കരണമോ ലക്ഷ്യമായി കരുതാത്ത അദ്ദേഹത്തിന്റെ രചനകളില്‍ തദ്ദേശീയസമുദായങ്ങളെ വിമോചന പോരാട്ടങ്ങള്‍ക്കായി രൂപപ്പെടുത്തുന്ന ആശയാവലികളാണ് കാണാന്‍ കഴിയുക. അടിസ്ഥാനപരമായ ഉൽപാദനശക്തിയായും ദേശീയജനതയായും തന്റെ സമുദായത്തെ ഭാവനചെയ്യുകവഴി ചരിത്രത്തിന്റെ നിയാമകവിഭാഗമായി അവരെ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നവയാണ് കെ.കെ.എസിന്റെ കവിതകളിലേറെയും. ഏറെ പൊതുശ്രദ്ധ ലഭിച്ച മലനാടിന്റെ മാറ്റൊലിയും കരുമാടിനൃത്തവും അംബേദ്കർ എന്ന ദീര്ഘകാവ്യവും പിന്തുടര്‍ന്ന രീതിയും വ്യത്യസ്തമല്ല.
സ്വന്തം രാഷ്ട്രീയവീക്ഷണങ്ങളുടെ പ്രത്യക്ഷമായ ആഖ്യാനവും പ്രകടനപരതയും കവിതകളുടെ സൗന്ദര്യാത്മകതയുടെ ഘടകങ്ങളെ ന്യൂനീകരിക്കുന്നുവെന്ന വിമര്‍ശനം പലരും ഉയര്‍ത്തിയെങ്കിലും അതിനോട് ഗുണപരമായി പ്രതികരിക്കുകയല്ല അദ്ദേഹം ചെയ്തതെന്ന് പില്ക്കാല രചനകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വാക്കുകള്‍ അദ്ദേഹത്തിന് രോഷത്തിനും പ്രതിരോധത്തിനും മാത്രമുള്ള ഉപാധിയാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് കവിതയിൽ അവയുടെ വിന്യാസം! ‘അംബേദ്കർ’ എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കുക:
ബോധിവൃക്ഷപത്രങ്ങളുടെ
സംഘതാളങ്ങളില്
അവന് കൈത്താളമായിരുന്നു
ദൈവത്തിന്റെ മക്കളും
മനുഷ്യരുടെ അടിമകളുമായ
പേരില്ലാ ജനതക്ക്
അവൻ പേരും പെരുമയും...
(അംബേദ്കർ)
വായനക്കു ശേഷം എന്ന ശീര്‍ഷകത്തിലുള്ള പിന്‍കുറിപ്പിൽ, പോൾ ചിറക്കരോട് ഈ കവിതയെക്കുറിച്ചു രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ‘‘അംബേദ്കറെ അനശ്വരതയുടെ ആത്മരൂപമായി കവി കാണുന്നു. ആത്മീയമായ മൂല്യവ്യവസ്ഥയുടെ അലംഘ്യത ഒരുവശത്തും നവമാനവീയമൂല്യങ്ങളുടെ തച്ചുടക്കലിന്റെ തത്ത്വശാസ്ത്രം മറുവശത്തും –ഇങ്ങനെയൊരു ദശാസന്ധിയിലാണല്ലോ അംബേദ്കർ യുക്തിഭദ്രമായ തന്റെ താര്ക്കികതയുമായി പ്രത്യക്ഷപ്പെട്ടത്! കൂടാതെ, മനോഹരമായ പദാവലികള്മാത്രം കവിതയിൽ കണ്ടു പരിചയിച്ചവര്‍ക്ക് ഒട്ടൊരു അന്ധാളിപ്പ് ഈ കവിതയുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
അയ്യൻകാളിയെക്കുറിച്ച് എഴുതിയ ‘മലനാടിന്റെ മാറ്റൊലി’യെന്ന ദീര്ഘകാവ്യവും എഴുപതുകളിലെ ആധുനികതാവാദ ഭാവുകത്വത്തിന്റെ പൊതുപ്രവണതകളോട് യോജിക്കാത്ത ഒന്നാണെന്ന് കാണാം. എങ്കിലും കെ.കെ.എസ്. ദാസ്, കല്ലട ശശി തുടങ്ങിയവര്‍ എഴുപതുകളുടെ അവസാനത്തോടെ മലയാള കവിതയില്‍ ഇത്തരം പ്രമേയങ്ങൾ കൊണ്ടുവന്നുവെന്നത് ശ്രദ്ധേയമാണ്. ഉത്തരാധുനികതയോ ദലിത് സാഹിത്യസംവാദങ്ങളോ വിപുലമായ ചര്‍ച്ചകളിൽ വരാത്ത സന്ദര്‍ഭത്തിൽ തിരസ്കൃതചരിത്രത്തിന്റെ പരിച്ഛേദമെന്നനിലയില് അയ്യന്‍കാളിയും അദ്ദേഹത്തിന്റെ ജനതയും വിമോചനപ്രതീക്ഷകളുടെ ചാലകശക്തിയാക്കാന്‍ കെ.കെ.എസ് ശ്രമിച്ചുവെന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.
അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ ഒന്നായ ഈ കവിതയിൽ പില്ക്കാല കവിതകളില്‍നിന്നും വ്യത്യസ്തമായി പദവിന്യാസത്തിലും തെരഞ്ഞെടുപ്പിലും തന്റെ സൗന്ദര്യബോധ്യങ്ങള്കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചില വരികള്‍ നോക്കുക: കൂരിരുള്‍ കരിമ്പടം/നാലായി ചീന്തിക്കീറി/ ഒരു കൊള്ളിമീന്‍ മിന്നി/വെള്ളിടി വെട്ടിച്ചിന്നി/ പാതകക്കാടും കത്തി-/ പ്പരക്കും തീനാളങ്ങള്‍/ ഉയരും പ്രതിരോധ –ജ്വാല കണ്ടുണര്‍ന്നു ഞാൻ... (മലനാടിന്റെ മാറ്റൊലി). പിന്നീട് കരുമാടി നൃത്തം, ഗോത്രത്തറ പോലുള്ള കവിതകളിൽ വാക്കുകൾ അഗ്നിനൃത്തമായും ചരിത്രത്തിന്റെ നിര്‍ദയമായ അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെയുള്ള മൂര്‍ച്ചയുള്ള ആയുധമായും വിഭാവനചെയ്യപ്പെടുന്നു. കെ.കെ.എസ് കവിതകള്‍ക്ക് ഒരു പ്രവാചകഭാഷയുണ്ട്. പക്ഷേ, രാഷ്ട്രീയഭാരംകൊണ്ട് കമ്പിൽ കെട്ടിയ കൊടിപോലെ അത് പാറിക്കളിക്കുന്നില്ല. തലകുത്തി നില്‍ക്കുകയാണ് എന്ന് പ്രഫ. ഐ. ഇസ്താക് നിരീക്ഷിച്ചത് ഇപ്രകാരം ഭാവുകത്വം പേറുന്ന കവിതകളെയാണ്.
സാഹിത്യകേന്ദ്രിതമായ ലേഖനങ്ങളിലും ചരിത്രത്തിലെ തിരസ്കാരങ്ങളെയും സാംസ്കാരികമായ വക്രീകരണത്തെയും നിശിതമായി വിമര്‍ശിക്കുന്ന സന്ദര്‍ഭം നിരവധിയാണ്. ഏതെങ്കിലും സിദ്ധാന്തം അടിസ്ഥാനമാക്കി സാഹിത്യപാഠങ്ങളെ നിര്‍ധാരണംചെയ്യുന്ന രീതിയായിരുന്നില്ല അദ്ദേഹം സ്വീകരിച്ചത്. വിഷയകേന്ദ്രിതം എന്നതിനേക്കാള്‍ വിഷയവൈവിധ്യങ്ങളിലൂന്നുന്ന ലേഖനസമാഹാരങ്ങളാണ് അധികവും. സാഹിത്യവിമര്‍ശനം പരിവര്ത്തനത്തിനുവേണ്ടിയുള്ളതാവണമെന്ന മുന്‍നിശ്ചയം പല ലേഖനങ്ങളെയും ആഴത്തെക്കാൾ പരപ്പുള്ളതാക്കി മാറ്റുന്നവയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ആവിഷ്കാരം സൈദ്ധാന്തിക സമരമാണ്. അതാണ് ജാതിവ്യവസ്ഥാവിരുദ്ധവും വര്ഗാധിപത്യവിരുദ്ധവുമായ സാംസ്കാരിക സമരം.
ഉൽപാദനബന്ധങ്ങളിലും ഉൽപാദനശക്തികളിലും ബഹുഘടനാസമൂഹത്തിന്റെ പാരമ്പര്യവും ചരിത്രവും എല്ലാമടങ്ങുന്ന സംസ്കാരത്തിന്റെ പ്രതിനിധാനമായി പുനരാവിഷ്കരിക്കുകയാണ് ചെയ്യേണ്ടതെന്ന് ദലിത് പ്രത്യയശാസ്ത്രം എന്ന കൃതിയില്‍ പറയുന്നത് അദ്ദേഹത്തിന്റെ എഴുത്തുകളുടെ സൈദ്ധാന്തികമായ പ്രഖ്യാപനംകൂടിയാണ്. ഇന്ത്യന്‍ സമൂഹത്തിലെ ജാതിയനുഭവങ്ങളും സ്ഥാപനവത്കരിക്കപ്പെട്ട അധികാരങ്ങളും മുഖ്യപ്രമേയമായും വിശകലനരീതിയായും കാണുന്ന ദലിത് വിമര്ശനപദ്ധതിയില്നിന്നും മാറി വര്‍ഗപരമായ ചൂഷണവും അധികാരബന്ധങ്ങളും പ്രധാനമാണെന്ന കാഴ്ചപ്പാടാണ് നമ്മള് കാണുന്നത്.
സമകാലിക ദലിത് പഠനങ്ങളില്‍നിന്നും മൗലികമായുള്ള ഈ വ്യതിയാനം കാരണം കെ.കെ.എസ്. ദാസിന്റെ വിമര്ശനപദ്ധതിയോട് നിരന്തരമായി കലഹിക്കുകയും വിയോജിക്കുകയും ചെയ്യുന്നവരും കുറവല്ല. കവിയെന്ന നിലയില്‍ സര്‍വകലാശാല പാഠപുസ്തകങ്ങളിലും (അവസാനമായി ശ്രീനാരായണ ഓപണ്‍ സര്‍വകലാശാലയുടെ പി.ജി സിലബസിലാണ് അദ്ദേഹത്തിന്റെ കവിത ഉള്‍പ്പെടുത്തി കണ്ടത്. മുമ്പ് എം.ജി സര്‍വകലാശാല സിലബസിലും ഉണ്ടായിരുന്നു). അന്തര്‍ദേശീയ പ്രസാധകരായ ഓക്സ് ഫഡ് യൂനിവേഴ്സിറ്റി പ്രസ്, പെന്ഗ്വിൻ എന്നിവയുടെ ആന്തോളജികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടെന്നുള്ളത് സവിശേഷമായി പറയേണ്ടിയിരിക്കുന്നു.
ആത്മകഥാപരമായ കുറിപ്പുകൾ കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ച ‘തന്മ’ മാസികയിൽ സീരിയലൈസ് ചെയ്ത് വന്നെങ്കിലും ആ മാസികയുടെ പ്രസാധനം പാതിവഴിയില്മുടങ്ങി എന്നാണറിവ്. അതുകൊണ്ട് സമഗ്രവും വിശദവുമായ അനുഭവാഖ്യാനം ഉണ്ടായില്ലെങ്കിലും ‘സ്വര്‍ഗത്തെ കടന്നാക്രമിച്ച ധീരന്മാര്’ എന്ന പുസ്തകത്തിലൂടെ ചില സമരസന്ദര്‍ഭങ്ങൾ രേഖപ്പെടുത്താൻ അദ്ദേഹം തുനിഞ്ഞിട്ടുണ്ട്. ‘സ്വര്‍ഗത്തെ കടന്നാക്രമിച്ച ധീരന്മാർ’, മതവിരുദ്ധസമരം, മതംഭരണകൂടം വിമോചനം, നക്സലിസം പറഞ്ഞാലും ദൈവമില്ലെന്നു പറയാന്‍ സമ്മതിക്കില്ല, ആവിഷ്കാര സ്വാതന്ത്ര്യ പ്രക്ഷോഭം തുടങ്ങിയ ലേഖനങ്ങളില്‍ ഭരണകൂടത്തിനും മതമൗലികവാദികള്‍ക്കും എതിരെ നടത്തിയ നീക്കങ്ങളില്‍ നേടിയ വിജയങ്ങളും പ്രതിസന്ധികളും വിശദീകരിക്കുന്നുണ്ട്.
ഇക്കാലത്ത് യുക്തിവാദ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന കെ.കെ.എസ്. ദാസ് അക്കാലത്തെ പല നേതാക്കളോടൊപ്പം ചിലവഴിച്ചതും വ്യക്തിപരമായ അടുപ്പവുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. രാജഗോപാല്‍ വാകത്താനം ഒരുകാലത്ത് സന്തതസഹചാരിയെപ്പോലെ ഒപ്പമുണ്ടായിരുന്നയാളായിരുന്നു. സീഡിയന്‍ പ്രസ്ഥാനം പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോൾ രൂപവത്കരിച്ച നാഷനൽ ദലിത് ലിബറേഷൻ ഫ്രണ്ടിന്റെ (NDLF) നേതാക്കളും പ്രവര്‍ത്തകരുമായ അഡ്വ. പി.ഒ. ജോണ്‍, രമേശന് അഞ്ചലശ്ശേരി, അപ്പുക്കുട്ടന് തുടങ്ങിയവരൊക്കെ പല സന്ദര്‍ഭങ്ങളിലായി ഇത്തരം ആഖ്യാനങ്ങളിൽ കടന്നുവരുന്നുണ്ട്. സമീപകാലത്ത് യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതൃത്വനിരയില്നിന്നും സജീവ പ്രവര്‍ത്തനങ്ങളിൽനിന്നും ഒഴിവായിനിന്നതും കാണാം.
പ്രത്യയശാസ്ത്ര സമരങ്ങള്‍
1980കളുടെ പകുതിയോടെ സീഡിയനോടൊപ്പം ബഹുജനസംവാദങ്ങള്ക്ക് പ്രയോജനകരമായ ഒട്ടേറെ ചെറുതും വലുതുമായ സംഘാടനങ്ങളില്‍ കെ.കെ.എസ്. ദാസ് പങ്കാളിത്തം വഹിക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ സാര്‍വദേശീയമായും ദേശീയമായും വര്ഗസംഘാടനത്തില്നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ സമൂഹത്തില്‍ ജാതിവ്യവസ്ഥയുടെ ഘടനാപരമായ പ്രാധാന്യം നക്സല്സംഘടനകളും ഇതര പുരോഗമന പ്രസ്ഥാനങ്ങളും അംഗീകരിക്കുന്നതിൽ ദലിത് സമുദായങ്ങളില്‍നിന്നും ഉയര്‍ന്നു വന്ന എഴുത്തുകാര്‍ക്കും സാംസ്കാരികപ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. വൈക്കത്ത് നടന്ന മനുസ്മൃതി കത്തിക്കല്‍ സമരം, വൈപ്പിനില്‍ വെച്ചു ആദിശങ്കരന്റെ കോലം കത്തിച്ചത്, ജാതിവിരുദ്ധ മതേതരവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ സമ്മേളനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു.
കെ.കെ.എസും ഈ കൂട്ടായ്മകളിലെല്ലാം ഏറിയും കുറഞ്ഞും നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. തലയോലപ്പറമ്പില്‍ നടന്ന ജാതിവിരുദ്ധ മതേതര വേദിയിൽ നടന്ന ഒരു സംവാദം കെ.കെ. കൊച്ച് തന്റെ ആത്മകഥയിൽ വിവരിക്കുന്നത് ഇപ്രകാരമാണ്: സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയത്തെക്കുറിച്ച് ചര്‍ച്ചകൾ നടക്കെ നിലവിലുള്ള സംവരണം ജാതീയതയെ വളര്‍ത്തുന്നതാണെന്നും അതിനാല്‍ സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും കമ്മിറ്റിയംഗമായ കേരള യുക്തിവാദി സംഘത്തിന്റെ എറണാകുളം ജില്ല പ്രസിഡന്റായിരുന്ന പി. പരമേശ്വരന് വാദിച്ചു.
കമ്മിറ്റിയില്‍ അധ്യക്ഷതവഹിച്ച കെ.എന്‍. രാമചന്ദ്രൻ നിശ്ശബ്ദത പാലിച്ചപ്പോൾ ഡോ. കെ.കെ. മന്മഥനും കെ.കെ.എസ്. ദാസും ഞാനും പരമേശ്വരെന്റ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തതോടെ യോഗം ബഹളത്തില്‍ കലാശിച്ചു. ഇതോടെ കെ.എന്‍. രാമചന്ദ്രൻ കമ്മിറ്റി പിരിച്ചുവിട്ടു. കേരളത്തിലെ പ്രബലമായ ഇടതു രാഷ്ട്രീയത്തിലും യുക്തിവാദികളിലും ഇന്ത്യൻ സാമൂഹിക യാഥാർഥ്യങ്ങളെക്കുറിച്ചും സാമൂഹികനീതിയെക്കുറിച്ചും പുനര്വിചാരം ഉണ്ടാക്കുന്നതിൽ ഇത്തരം വിയോജിപ്പുകളും ചര്‍ച്ചകളും കാരണമായിട്ടുണ്ടെന്നു കരുതാം.
സമ്പദ് ഘടനയുടെ പുനഃക്രമീകരണത്തിലൂടെ ജാതിനശീകരണം സാധ്യമാണെന്ന മാര്‍ക്സിയൻ വീക്ഷണം ചില സന്ദര്‍ഭങ്ങളിൽ കെ.കെ.എസ്. ദാസിന്റെ ലേഖനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സംസ്കാരവൈവിധ്യങ്ങള്‍, വിവാഹബന്ധങ്ങള്‍, ആചാരക്രമങ്ങള്‍, വിശ്വാസം, പാരമ്പര്യമായി തുടരുന്ന കീഴ് വഴക്കങ്ങൾ, സാംസ്കാരികമായ അധീശത്വം തുടങ്ങി ക്ലാസിക്കല്‍ മാര്‍ക്സിസം സാമൂഹികഘടനയുടെ മേല്പ്പുരയായി വിവക്ഷിക്കുന്ന ഘടകങ്ങൾ പ്രധാനപ്പെട്ട വിശകലനോപാധിയായി പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഊന്നല്‍ സാമ്പത്തികഘടനയുടെ പരിവര്‍ത്തനത്തിലൂടെ ജാതിനശീകരണം സാധ്യമാകുമെന്ന പരികൽപനയിലാണ്.
ദലിത് പ്രത്യയശാസ്ത്രം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതുന്നു: ‘‘സമ്പദ് ഘടനയിലെ അധികാരരൂപവും സാമൂഹികപദവിയുമാണ് ജാതി. അതിന്റെ വ്യവസ്ഥാപിത നിലനില്‍പ്പാണ് ജാതിബദ്ധ സമ്പദ്ഘടനയുടെ നിലനില്പ്. ജാതിനശീകരണമെന്നാല് സമ്പദ്ഘടനയുടെ ഉടമാബന്ധങ്ങളുടെ ഉന്മൂലനമാണ്. തുല്യതയുടെ മൂല്യബോധത്തിലും സാമൂഹികപ്രയോഗത്തിലും ജാതിസംസ്കാരത്തെ ഇല്ലാതാക്കലാണ്.’’ ഇപ്രകാരം, ഇന്ത്യയുടെ സാമൂഹികബന്ധങ്ങളില്‍ സാമ്പത്തികഘടനയുടെ പുനഃസംഘാടനത്തിലൂടെ തുല്യതയുടെ മൂല്യബോധം സൃഷ്ടിക്കപ്പെടുമെന്ന സങ്കൽപത്തിലൂടെ, സമകാലിക ദലിത്-കീഴാള പഠനങ്ങളുടെ സൈദ്ധാന്തികമായ കാഴ്ചപ്പാടുകളോട് വിയോജിക്കുകയാണ് കെ.കെ.എസ്. ദാസ് ചെയ്തത്.
സീഡിയന്റെ കാലം മുതൽ ഒപ്പംകൊണ്ടുനടന്ന വര്ഗരാഷ്ട്രീയസങ്കൽപനങ്ങൾ പൂർണമായും തള്ളിക്കളയാതെ സംഘര്‍ഷമേഖലകളെ അതായി നിലനിര്‍ത്തുന്ന ആശയപരമായ നിലപാടാണ് നമ്മള് ഇവിടെ കാണുന്നത്. കേരളത്തിലെ തീവ്ര ഇടതുപക്ഷമെന്ന് വ്യവഹരിക്കുന്ന പ്രസ്ഥാനങ്ങളുമായി പ്രായോഗികമായ ബന്ധം അവസാനകാലംവരെ അദ്ദേഹം സൂക്ഷിച്ചിരുന്നു.
സാമൂഹികപ്രവര്‍ത്തനങ്ങളുടെ തുടക്കത്തിൽ, ആദിവാസികള്‍ക്കിടയിൽ പ്രവര്‍ത്തിച്ച നക്സലൈറ്റ് നേതാവ് സന്തോഷ് റാണയെ മുട്ടപ്പള്ളിയില്വെച്ചു നടന്ന ദേശീയ സെമിനാറിലേക്ക് ക്ഷണിച്ചതും കർണാടക ദലിത് സംഘര്‍ഷ സമിതിയുടെ നേതാവായിരുന്ന ബോജാ താരകവുമായി അടുപ്പം നിലനിര്‍ത്തിയതും ആശയപരമായ അദ്ദേഹത്തിന്റെ നിലപാടുകൾ തന്നെയാണ് എന്ന് കാണാം. കവിയും വിപ്ലവകാരിയും ചേരുന്ന വ്യക്തിത്വത്തിന്റെ സന്ദിഗ്ധതകൾ തന്റെ കാഴ്ചപ്പാടുകളെ കീഴ്പ്പെടുത്തിയതിന്റെ ഉദാഹരണമായി ഇത്തരം ചര്‍ച്ചകളെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. എറണാകുളം ഫോര്‍ട്ട് കൊച്ചിയിൽ ഞാറ്റുവേല സംഘടിപ്പിക്കുന്ന ബോബ് മര്‍ലി അനുസ്മരണത്തിൽ എല്ലാ വര്‍ഷവും പങ്കെടുക്കുന്ന കെ.കെ.എസ്. ദാസ് ഇന്ത്യയിലെ വിപ്ലവപക്ഷത്തോടുള്ള സഹഭാവം ഒരുകാലത്തും ഉപേക്ഷിച്ചില്ല. എന്നാല്‍, ദലിത്-ആദിവാസി-ഭൂരഹിത സമൂഹങ്ങള്‍ക്കു വേണ്ടി നിരന്തരം സംസാരിക്കുകയും ചെയ്തു.
ഔദ്യോഗികം, വ്യക്തിപരം
ആറു പതിറ്റാണ്ടിലേറെ സാമൂഹിക-രാഷ്ട്രീയ-സര്‍ഗാത്മകപ്രവര്‍ത്തനങ്ങളിൽ മുഴുകുമ്പോഴും മൂന്നു പതിറ്റാണ്ടിലേറെ ഔദ്യോഗിക ജീവിതത്തിലും വിട്ടുവീഴ്ചയില്ലാതെ തുടരുന്നതില്‍ അദ്ദേഹം ജാഗ്രത കാണിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ താനിരുന്ന പദവികളിൽ ഒക്കെയും സംശുദ്ധതയും അധികാരികളുടെ സമ്മര്‍ദങ്ങള്‍ക്ക് വിധേയപ്പെടാതെയും പ്രവര്‍ത്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഉന്നതമായ ധാർമികതയാണ് കാണിക്കുന്നത്. തന്റെ സമുദായത്തിലെ അംഗങ്ങള്‍ക്ക് സംസാരിക്കാനും വലുപ്പ-ചെറുപ്പമില്ലാതെ വിഷയങ്ങള്‍ അവതരിപ്പിക്കാനും ഒരു കസേര എപ്പോഴും ഒഴിച്ചിട്ടിരുന്നു.
സ്വന്തം നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ഭരണാധികാരികളോടും ആശയപരമായി വിയോജിക്കുമ്പോഴും അടുപ്പവും ആദരവും നിലനിര്‍ത്താൻ ശ്രദ്ധിച്ചിരുന്നു. ചെറുതും വലുതുമായ പ്രാദേശികപ്രശ്നങ്ങളില്‍ ഇടപെടാനും ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ കൊടുക്കാനും കാണിച്ച വിശാലമായ താൽപര്യം ഭരണാധികാരികളിലും മതിപ്പ് സൃഷ്ടിച്ചു. നിര്‍ഭയത്വവും നിലപാടുകളിലെ ചാഞ്ചാട്ടമില്ലായ്മയും പൊതുജീവിതത്തിലെ സംശുദ്ധതയും ആശയപരമായി അദ്ദേഹത്തോട് വിയോജിക്കുന്നവര്‍പോലും അംഗീകരിക്കുന്ന കാര്യങ്ങളാണ്.
തുടക്കത്തില്‍ സ്വന്തം പ്രസാധകസംരംഭങ്ങളിലൂടെ തന്റെ പുസ്തകം പ്രസിദ്ധീകരിച്ച കെ.കെ.എസ്. ദാസിന്റെ പില്ക്കാല രചനകൾ (2008 മുതല്‍) സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ പുറത്തുവന്നത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് കിട്ടിയ വിപുലമായ പിന്തുണയുടെ മാതൃകയായി കാണാം. വിവിധ വിഭാഗങ്ങളിലായി ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച കെ.കെ.എസ്. ദാസിനു അംബേദ്കർ ഫെലോഷിപ്, കാരവന് അവാര്‍ഡ്, മാനവരത്ന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഒരാൾ ജീവിതത്തില്‍നിന്ന് പിരിയുമ്പോൾ അയാൾ അവശേഷിപ്പിച്ചുപോയവയുടെ മൂല്യവും പ്രാധാന്യവും പില്ക്കാല തലമുറകളാണ് വിലയിരുത്തേണ്ടത്. നിരുപാധികമായ പുകഴ്ത്തലുകള്ക്കുമപ്പുറത്ത് വിമര്‍ശനങ്ങളും അതിലുണ്ടാവാം. കേരളത്തിലെ ദലിത് പഠനങ്ങളും ഇതര സാമൂഹികവ്യവഹാരങ്ങളും പുതിയ രൂപഘടനയും രീതിശാസ്ത്രവും രൂപപ്പെടുത്തിയ സമകാലത്ത്, സമുദായത്തിന്റെ വിമോചനത്തിനും വികാസത്തിനും സമയവും ഊർജവും ചെലവഴിച്ചവർ വഹിച്ച പങ്ക് ഉചിതമായി ഓര്‍ക്കേണ്ടതുണ്ട്.
ചരിത്രവും സാമൂഹിക ചലനാത്മകതയും പൊതുദൃശ്യതയും സ്വയം ഉണ്ടാകുന്നതല്ല. കെ.കെ.എസ്. ദാസിന്റെ വിടവാങ്ങൽ മാഞ്ഞും മറഞ്ഞും പോയ നിരവധി വഴികളിലേക്കുള്ള പ്രവേശനംകൂടി സാധ്യമാക്കുന്നുണ്ട്. ഒപ്പം നമ്മുടെ പൊതുമണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക സ്ഥാപനങ്ങളുടെയും സ്ഥാനങ്ങളുടെയും തിരസ്കാരങ്ങള്‍ക്ക് പിന്നിലെ അധീശബോധത്തെക്കുറിച്ചുള്ള ആലോചനകള്ക്കുകൂടിയുള്ള സന്ദര്‍ഭമായിരുന്നു ആ വേര്‍പാട്. ‘നരകം ഒരു പ്രതീക്ഷയാണ്’ എന്ന കവിത കെ.കെ.എസ്. ദാസ് അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്:
പുഴ കടക്കുമ്പോള്‍ നാം
കരകളെ ഉമ്മവെക്കുന്നു
കരയും കടലും
മനുഷ്യനും പ്രകൃതിയും
സഹശയനം ചെയ്യുന്ന ഭൂമിയില്‍
ജീവിതത്തിന്റെ സൂര്യന് മരണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.