‘‘അലൻ-താഹ കഥയിൽ എനിക്കിപ്പോഴും അറിയാത്തത് 2019 നവംബർ 2 പുലർച്ചയിൽ ഐ.വി. ബാബു എങ്ങനെ അറിഞ്ഞു അവർക്കെതിരെ യു.എ.പി.എ ചുമത്താൻ പോകുന്നു എന്ന വസ്തുതയാണ്. ഒരുപക്ഷേ, പൊലീസിലെ സുഹൃത്തുക്കൾ രഹസ്യമായി പറഞ്ഞുകൊടുത്തതാവാം, അത് ബാബു വെളിപ്പെടുത്തിയിട്ടില്ല.’’ –‘കാലാന്തരം’ അവസാനിക്കും മുമ്പ് താൻ നേരിട്ട ‘എലിമിനേഷൻ റൗണ്ടു’കളെക്കുറിച്ചും ‘കാലാന്തരം’ എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും എഴുതുന്നു.
സെൽഫികളുടെ പ്രളയകാലമാണിത്. അതിനും മുമ്പ് ഒരു മണൽത്തരിയായി ‘ഞാൻ’ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതിന്റെ ഒരോർമയാണ് ‘കാലാന്തരം’. ഇത് എന്റെ ആത്മകഥയല്ല, ഞാനിതിലെ ഒറ്റനായകനുമല്ല. സെൽഫികൾക്കു മുമ്പുള്ള കാലം അതിവേഗം മറവി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കടന്നുപോയ സ്മരണകളിലേക്ക് തിരിച്ചെത്താൻ സമയവുമില്ല ആർക്കും. ഓർമകളുടെ ഒരു എലിമിനേഷൻ റൗണ്ട് ഉണ്ട്, പലരീതിയിൽ പ്രവർത്തിക്കും. അത് വേദനയുണ്ടാക്കും. ജീവിതയാത്രയുടെ ഒരു പ്രത്യേക സന്ദിഗ്ധാവസ്ഥയിൽ മറവിയിൽ കുരുങ്ങിപ്പോയതിന്റെ കുരുക്കു നിവർത്താൻ ചില കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ട് എന്ന തോന്നലിലാണ് ഞാനിത് എഴുതിത്തുടങ്ങിയത്. പറഞ്ഞുതുടങ്ങിയപ്പോൾ നിർത്താനാവാതെ നീണ്ടുപോയതാണ്.
അടുത്ത ലക്കത്തോടെ ഞാനിത് അവസാനിപ്പിക്കുകയാണ്. ഈ ഓർക്കൽ അത്ര സുഖമുള്ള പണിയൊന്നുമല്ല. പകരം അതൊരു വേദനയുമാണ്. കാരണം, പലരെയും അതിൽ ഉൾപ്പെടുത്താനാകില്ല. പലതും ഓർക്കാനാവില്ല, ഓർത്താലും പറയാനാവില്ല. ഏതായാലും പോയവർഷത്തെ ജോൺ ഓർമദിനത്തിൽ തുടങ്ങിയ ഓർമകൾ ഈ വർഷത്തെ ജോൺ ഓർമദിനത്തിൽ അവസാനിപ്പിക്കുന്നു. ജോൺ ‘കാലാന്തര’ത്തിന് ഒരു നിമിത്തമാണ്. അത്രമാത്രം.
കുട്ടിക്കാലത്ത് സ്വാതന്ത്ര്യസമര സേനാനിയായ അച്ഛൻ ഇരുത്തി പഠിപ്പിച്ച ഗാന്ധിജിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ആത്മകഥ ജീവിതത്തിലുടനീളം ഒരു വലിയ വെല്ലുവിളിയായിരുന്നു. കള്ളം പറയരുത്, അത് തലക്കു മീതെ പതിച്ച ഗാന്ധിജിയുടെ, അച്ഛന്റെയും ശാസനയായിരുന്നു. ഞാൻ കള്ളം പറയാറില്ല. എന്നാൽ, സത്യം മാത്രം പറഞ്ഞ് ജീവിക്കാനാവില്ല എന്ന് ഗാന്ധിജിയുടെ ജീവിതം എന്നെ പഠിപ്പിച്ചതുകൊണ്ട് സത്യങ്ങൾ എങ്ങനെ പറയാതിരിക്കാം എന്ന അഭ്യാസമാണ് പിന്നെ അതിജീവനത്തിനായി ഞാൻ കണ്ടുപിടിച്ച വഴി.
ചില കാര്യങ്ങൾ പ്രേംചന്ദ് എന്താണ് ഒരിക്കലും പറയാത്തത് എന്ന് പ്രിയസുഹൃത്ത് ഡോ. പി.വി. രാമചന്ദ്രൻ ഇടക്കിടെ കുത്തിക്കുത്തി ചോദിക്കാറുണ്ട്. മറുപടിയായി ഞാൻ ചിരിക്കാറേ ഉള്ളൂ. ‘കാലാന്തര’ത്തിൽ അതുകൊണ്ടുതന്നെ പലതും പറയാതെ വിട്ടിട്ടുണ്ട്. ചില കാര്യങ്ങൾ പറയാനുള്ള പാകത എനിക്കിനിയും വന്നിട്ടില്ല എന്ന് ഞാൻ സ്വയം അറിയുന്നു. എപ്പോഴെങ്കിലും അത് വന്നുവെന്ന് തോന്നിയാൽ, ജീവിച്ചിരിപ്പുണ്ടെങ്കിൽ, സമയം അനുവദിക്കുമെങ്കിൽ അതിന് ഇടംകിട്ടുമെങ്കിൽ ചിലതൊക്കെ എഴുതിയേക്കാം എന്നുമാത്രം.
ഒരു സംഭവകഥ പറയാം. കഥ എന്നുപറയാൻ കാരണം അതിലെ എല്ലാ കാര്യങ്ങളും എനിക്കറിയാത്തതുകൊണ്ടു മാത്രമാണ്. 2019 നവംബർ ഒന്ന്: ‘മാതൃഭൂമി’യിൽ പുതിയ പത്രാധിപരായി മനോജ് കെ. ദാസ് ഒന്നാം ഊഴത്തിൽ ചുമതല ഏറ്റ ദിവസം. പ്രിയസുഹൃത്ത്, ‘ഊണും ബോണസും ചില കൈപ്പിഴകളും’ എഴുതിയ എ. നന്ദകുമാർ, ഞങ്ങളുടെ ജോൺ സിനിമയുടെ സന്തതസഹചാരി മരിച്ച ദിവസം. വൈകീട്ട് ആറുമണിക്കാണ് പത്രാധിപരുടെ ആദ്യ എഡിറ്റോറിയൽ യോഗം, അതേ സമയത്താണ് നന്ദന്റെ ഭൗതികശരീരം അവസാനത്തെ വിടപറച്ചിലായി കോഴിക്കോട് ആർട്ട് ഗാലറിയിൽ എത്തുന്നത്. അപ്പോൾ എഡിറ്ററുടെ ആദ്യയോഗം ഒഴിവാക്കണം.
മധു മാസ്റ്റർ,എ. നന്ദകുമാർ
നേരത്തേ തന്നെ പത്രാധിപരുടെ മുറിയിൽ കയറി വിവരം പറഞ്ഞു, മര്യാദക്ക് സർ എന്ന് വിളിച്ചാണ് അകത്ത് കയറിയത്: “എന്നെ മനോജ് എന്ന് വിളിച്ചാൽ മതി. ഇനിമേൽ എന്നെ സർ എന്ന് വിളിക്കില്ല എന്ന് ഉറപ്പുതന്നാൽ പോകാൻ അനുവദിക്കാം, അല്ലെങ്കിൽ വിടില്ല’’ എന്ന് മനോജ് കെ. ദാസുമായുള്ള ആദ്യ എൻകൗണ്ടർ. സമ്മതിച്ച് പുറത്തിറങ്ങി. നന്ദന്റെ സ്ഥിരം താവളമായ ആർട്ട് ഗാലറി പരിസരം വികാരംമുറ്റിയ സൗഹൃദങ്ങളിൽ നിറഞ്ഞുനിന്നു. ആൾക്കൂട്ടത്തിൽ ഷുഹൈബും മകൻ അലനുമുണ്ട്. രണ്ടുപേരും അടുത്തുവന്ന് കൈപിടിച്ചു നിന്നു. ഷുഹൈബും ‘ജോണി’ലെ നടനാണ്. നന്ദനെ യാത്രയയച്ച് പിരിഞ്ഞ ആ സന്ധ്യയിൽ അവസാനം യാത്രപറഞ്ഞത് ഷുഹൈബിനോടും അലനോടുമായിരുന്നു.
കൺമുന്നിൽ വളർന്ന് ഞങ്ങളേക്കാൾ വലുതായിപ്പോയ കുട്ടിയാണ് അലൻ. ഒരു പൊടിയായിരിക്കുന്ന കാലത്ത് കാൾ മാർക്സിന്റെ ‘കാപിറ്റൽ’ വേണമെന്ന് പറഞ്ഞ് വീട്ടിൽ വന്ന വായനക്കാരനാണ്. മകൾ മുക്തക്ക് കൊച്ചനിയനായിരുന്നു. അവളോട് സംശയങ്ങൾ ചോദിച്ചാണ് അവൻ സിനിമയിൽ ആവേശംകൊണ്ടത്. കോഴിക്കോട്ടെ ആദ്യ വനിതാ ഫിലിം ഫെസ്റ്റിവൽ നടന്നപ്പോൾ അകത്ത് കടക്കാൻ പ്രായമായില്ല എന്നു പറഞ്ഞിട്ടും മുക്തയുടെ സഹായിയായി ഒപ്പം നിന്ന കുട്ടിയാണ്. പുസ്തകങ്ങളെയും മനുഷ്യരെയും അത്ര ആവേശത്തോടെ തേടി നടക്കുന്ന മറ്റൊരു യൗവനം ഞാൻ കണ്ടിട്ടില്ല. പുതിയ എന്തിലും അമിതാവേശമാണ്, പറഞ്ഞുതുടങ്ങിയാൽ നിർത്തില്ല. ഫെമിനിസത്തെക്കുറിച്ച് ദീദി പറയുന്നത് കേൾക്കാൻ കാതോർത്തിരിക്കുന്ന അലൻ ഒരു മായാത്ത ചിത്രമാണ്. ഏഥൽ ലിലിയൻ വോയിനിച്ചിന്റെ ‘കാട്ടുകടന്നലി’ലെ ആർതർ എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്ന കൗമാരം.
നന്ദന്റെ ഓർമയിലാണ്, ഉറങ്ങാനാവാത്ത ആ രാത്രി ഉറങ്ങാൻ കിടന്നത്. അവന്റെ മൃതദേഹത്തോടൊപ്പം പോകാതിരുന്നതിലുള്ള കുറ്റബോധവുമുണ്ട്. അന്നുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത സഹോദരങ്ങൾ എത്തിയാണ് അതുവരെ അവൻ ജീവിതം ധൂർത്തടിച്ച കോഴിക്കോടൻ സൗഹൃദങ്ങളിൽനിന്നും പിരിച്ചെടുത്ത് കൊണ്ടുപോയത്. തെരുവിലെ നൃത്തം നിലക്കുമ്പോൾ നർത്തകൻ ഒറ്റക്കാവുന്നു. കണ്ടുനിന്നവരും കൈയടിച്ചവരും വീടുകളിലേക്ക് മടങ്ങുന്നു. പുലർച്ചെ ഒരു ഫോൺകോളാണ് വിളിച്ചുണർത്തുന്നത്. സുഹൃത്ത് ഐ.വി. ബാബുവാണ് വിളിക്കുന്നത്. “എടാ, നമ്മുടെ ഷുഹൈബിന്റെ അലനെ പൊലീസ് പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. രക്ഷിക്കാൻ ആരെയെങ്കിലും ഒന്ന് വിളിച്ചുപറയണം. ഇല്ലെങ്കിൽ പൊലീസ് യു.എ.പി.എ ചുമത്തും.’’
‘‘യു.എ.പി.എയോ?’’
‘‘അതെ യു.എ.പി.എ.’’
ബാബു തീവണ്ടിയിൽ ഒരു യാത്രയിലായിരുന്നു. ആപത്തിന്റെ നേരത്ത് പെട്ടെന്ന് മനസ്സിലേക്കോടി വന്ന മുഖം പഴയ സഖാവും കേളുഏട്ടൻ പഠനകേന്ദ്രം സാരഥിയുമായ കെ.ടി. കുഞ്ഞിക്കണ്ണന്റെ മുഖമാണ്. കുഞ്ഞിക്കണ്ണനെ വിളിച്ചുണർത്തി വിവരം പറഞ്ഞു. കുഞ്ഞിക്കണ്ണന്റെയും കൺമുന്നിൽ വളർന്ന കുട്ടിയാണ് അലൻ. അവനും അതിശയിച്ചു.
‘‘യു.എ.പി.എയോ?’’
‘‘അതെ, യു.എ.പി.എ, ഐ.വി. ബാബു അറിയിച്ചതാണ്. അലൻ പന്തീരാങ്കാവ് പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഒന്ന് വിളിക്കുമോ?’’
ബാബുവിന് തെറ്റിയതാവും. യു.എ.പി.എ ലോക്കൽ പൊലീസിന് അങ്ങനെ സ്വയം ചുമത്താവുന്ന വകുപ്പല്ല. ഞാൻ അന്വേഷിച്ച് വിവരം തരാം.
അലൻ-താഹ ചരിത്രം അവിടെ തുടങ്ങുന്നു. സമയം വേഗത്തിൽ കുതിച്ചു. കുഞ്ഞിക്കണ്ണനും പാർട്ടിയും ഒക്കെ ഇടപെട്ടു. പക്ഷേ ഒന്നും നടന്നില്ല. ഒന്നും നടത്താനായില്ല. യു.എ.പി.എ അലന്റെ ജീവിതത്തെ തകർത്ത് തരിപ്പണമാക്കി. ആ ചുഴിയിൽ ഷുഹൈബും സബിതയും അടങ്ങുന്ന ആ കൊച്ചു കമ്യൂണിസ്റ്റ് കുടുംബം നീറി. ഒരായുസ്സ് കമ്യൂണിസ്റ്റ്കാരിയായി ജീവിച്ച സാവിത്രി ടീച്ചറുടെ പേരക്കുട്ടിയാണ് അലൻ. അവന്റെ അമ്മ അധ്യാപികയായ സബിതയും സഖാവ് തന്നെ. അടിയന്തരാവസ്ഥക്കുശേഷമുള്ള കുന്നിക്കൽനക്സലൈറ്റായ ഷുഹൈബ് പിന്നെ കുറ്റിച്ചിറയിലെ സി.പി.എമ്മിന്റെ സാംസ്കാരിക പ്രവർത്തകനായിരുന്നു. ജയിൽമോചിതനായി എത്തിയ മുരളി കണ്ണമ്പള്ളിയെ കേൾക്കാൻ പോയി എന്നതാണ് അലന്റെ അറിയപ്പെടുന്ന ഏക മാവോയിസ്റ്റ് ലിങ്ക്.
അലൻ പാടുന്നു:
“മിണ്ടരുത്!
പാടരുത്!
പ്രതികരിക്കരുത്!
പ്രേമിക്കരുത്!
നിക്കരുത്!
ഇരിക്കരുത്!
തിന്നരുത്!
തൂറരുത്!
കാരണം നിങ്ങൾക്ക് UAPA കേസിൽ ജാമ്യവ്യവസ്ഥയുണ്ട്!
ഒരുകൂട്ടം ആളുകൾ ഒരാളെ അന്യായമായി അടിച്ചാൽ വഴി മാറി പോവുക!
കാരണം നിങ്ങൾക്ക് UAPA കേസിൽ ജാമ്യവ്യവസ്ഥയുണ്ട്!
നിങ്ങളൊരു മനുഷ്യനല്ലേ?
പ്രതികരിക്കില്ലേ?
അല്ല നിങ്ങൾ UAPA ചുമത്തപ്പെട്ട തുറന്ന ജയിലിലെ തടവുകാരൻ!
പഠിക്കുക പക്ഷേ പോരാേടണ്ട! ക്ലാസിൽ ഭരണഘടനയുടെ മഹത്ത്വം കേൾക്കൂ,
പക്ഷേ പ്രതിഷേധിക്കാനുള്ള മൗലികാവകാശം വിനിയോഗിക്കരുത്!
CrPC എടുക്കുന്ന മാഷിനോട് UAPAയെ കുറിച്ചുപോലും മിണ്ടരുത്!
ക്ലാസിൽ അടങ്ങി ഇരിക്കൂ, കോളേജിൽ അടങ്ങി ഇരിക്കൂ,
നാട്ടിലും
വീട്ടിലും
അടങ്ങിയിരിക്കൂ.
കാരണം നിങ്ങൾക്ക് UAPA കേസിൽ ജാമ്യവ്യവസ്ഥയുണ്ട്!
ജീവിക്കൂ പക്ഷേ ചിരിക്കരുത്!
ജീവിക്കൂ എന്നാൽ ആസ്വാദനം വേണ്ട!
ചങ്ങല പൊട്ടും. പൊട്ടിക്കും.’’
യു.എ.പി.എ കേസിൽ ഒടുവിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ അലൻ 2023 മാർച്ച് 11 ഫേസ്ബുക്കിൽ പിൻ ചെയ്തുവെച്ച കവിതയാണിത്. അലന്റെയും താഹയുടെയും ജീവിതത്തിന് അവന്റെ മുൻഗാമികളായ ഞങ്ങളുടെ മുഴുവൻ തലമുറക്കും ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ കരുതുന്നു.
പണ്ട് എ. വാസു ഏട്ടൻ ജയിൽമോചിതനായി എത്തിയശേഷം കോഴിക്കോട് ടൗൺഹാളിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തിൽ ഒരു തരിയായി കേൾക്കാൻപോയ എന്റെ യൗവനം ഞാനും ഓർത്തു. റെഡ് ബുക്കും മാവോ സാഹിത്യവും ഞങ്ങളുടെ തലമുറക്ക് കിട്ടുന്നത് വാസു ഏട്ടന്റെ പൊറ്റമ്മലുള്ള വർഗീസ് സ്മാരക ബുക്സ്റ്റാളിൽനിന്നാണ്. വാസു ഏട്ടനോട് വിയോജിക്കാം. എന്നാൽ, അതുപോലെ ഒത്തുതീർപ്പില്ലാത്ത പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്ന മനുഷ്യനെ വേറെ കാണാനാവില്ല. തലയിൽ മുണ്ടിടാതെ, തല ഉയർത്തിപ്പിടിച്ചു തന്നെ നടന്ന്, നീതിക്കായി പോരാടിയ ചരിത്രത്തിന്റെ പേരാണ് വാസു ഏട്ടൻ. മീശ പറഞ്ഞാലും വാസു പറയില്ല എന്ന് തന്റെ യൗവനംകൊണ്ട് ചരിത്രം സൃഷ്ടിച്ച അതേ വാസു ഏട്ടൻ അതേ നീതിബോധത്താൽ ശബ്ദിച്ചുകൊണ്ടേയിരുന്നു. എല്ലാ ഏറ്റുമുട്ടൽ കൊലകൾക്കെതിരെയും തളരാത്ത ശബ്ദമായി നിലകൊണ്ടു. രാഷ്ട്രീയ വിയോജിപ്പുകൾ മറ്റൊരു കാര്യമാണ്. എന്നാൽ, വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടത്തിയവരാണ് കുറ്റക്കാർ. അതിനെതിരെ പ്രതിഷേധിച്ചവരല്ല.
യു.എ.പി.എയുടെ ഇന്നത്തെ കണക്ക് ഭൂതകാലത്തിലേക്ക് തിരിച്ചിട്ടാൽ അന്ന് റെഡ് ബുക്ക് വായിച്ച ഒരു തലമുറ മുഴുവനും മാവോവാദികളാണ്. ഫ്രെയിം ചെയ്താൽ എല്ലാവരും വായിച്ച കുറ്റത്തിന് അകത്തു കിടക്കേണ്ടവരാണ്. അധികാരത്തിന്റെ പരിണാമം പുതിയ ബാഷ്പീകരണ തന്ത്രങ്ങൾ ചമക്കുന്നതും ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രയോഗംതന്നെയാണ്. ചിന്താക്കുറ്റത്തിന്റെ ശിക്ഷ ബാഷ്പീകരണമാണ് എന്ന് ഓർവെൽ പണ്ടേ പറഞ്ഞതുപോലെ.
ഞാൻ മാവോയിസ്റ്റ് ആയിരുന്നിട്ടില്ല. ആകാതിരുന്നത് നക്സലൈറ്റ് ആയിരുന്ന എന്റെ ഗുരു മധു മാസ്റ്റർ അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലിൽനിന്നും പുറത്തുവന്നത് മാവോയിസ്റ്റ് അല്ലാതായി മാറിക്കഴിഞ്ഞശേഷമാണ്. മാവോയുടെ ചൈനയിൽ നടന്ന കൂട്ടക്കൊലകൾ സ്റ്റാലിന്റെ റഷ്യയിൽ നടന്ന കൂട്ടക്കൊലകളേക്കാൾ എത്രയോ കൂടുതലും ഭയാനകവും ആയിരുന്നു എന്ന് അന്നേ തിരിച്ചറിയപ്പെട്ടിരുന്നു. അതേകാലത്ത് ജയിലിൽനിന്നു പുറത്തുവന്ന് ആ രാഷ്ട്രീയം തുടരേണ്ട എന്ന് തീരുമാനിച്ച ടി.എൻ. ജോയ്ക്കും അതേ ധാരണകളുണ്ടായിരുന്നു. കെ. വേണുവിനും അത് തിരിച്ചറിയാതിരിക്കാൻ വഴിയൊന്നുമില്ല. എന്നാൽ, വേണു അതേ രാഷ്ട്രീയം തുടർന്നു. ഭൂതാവിഷ്ടർ രാഷ്ട്രീയത്തിന്റെ തുടർച്ചകൾ എവിടെ വരെ എത്തിക്കും എന്ന ദസ്തയേവ്സ്കിയുടെ പ്രവചനങ്ങൾ ശരിയായിരുന്നു എന്ന് റഷ്യൻ വിപ്ലവം കാട്ടിത്തരുന്നുണ്ട്. അത്രയും ഉൾക്കാഴ്ചകൾ മധു മാസ്റ്റർക്ക് അന്നേ ഉണ്ടായിരുന്നു.
അലൻ-താഹ കഥയിൽ എനിക്കിപ്പോഴും അറിയാത്തത് 2019 നവംബർ 2 പുലർച്ചയിൽ ഐ.വി. ബാബു എങ്ങനെ അറിഞ്ഞു അവർക്കെതിരെ യു.എ.പി.എ ചുമത്താൻ പോകുന്നു എന്ന വസ്തുതയാണ്. ഒരുപക്ഷേ, പൊലീസിലെ സുഹൃത്തുക്കൾ രഹസ്യമായി പറഞ്ഞുകൊടുത്തതാവാം, അത് ബാബു വെളിപ്പെടുത്തിയിട്ടില്ല.
കമ്യൂണിസ്റ്റ് ആചാര്യനായ ഐ.വി. ദാസിന്റെ മകൻ മലയാളത്തിലെ സൂക്ഷ്മഗ്രാഹിയായ ഒരു മാധ്യമപ്രവർത്തകൻ മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത കമ്യൂണിസ്റ്റുമായിരുന്നു. സഖാവ് ടി.പി. ചന്ദ്രശേഖരന്റെ വധമാണ് എന്റെ ഓർമയിൽ ബാബുവിനെ മാറ്റിത്തീർക്കുന്നത്. ടി.കെ. രാമചന്ദ്രന്റെ സെക്കുലർ കലക്ടിവ് പോരാട്ടങ്ങളിലെ ഒരു ശക്തിയായിരുന്നു ഐ.വി. ബാബു. എലിമിനേഷൻ റൗണ്ടിൽ ബാബു അങ്ങനെ അനഭിമതനായി, പുറത്തായി. ഏതായാലും സ്വന്തം ജയിൽ അനുഭവങ്ങൾ എഴുതിത്തുടങ്ങിയ അലൻ മലയാളത്തിന്റെ പ്രത്യാശയാണ്.
എലിമിനേഷൻ റൗണ്ട് എന്തെന്ന് അനുഭവംകൊണ്ട് അറിയാത്തവരുണ്ടാകില്ല. അതിനൊരു മലയാളം പരിഭാഷ ഇല്ലെന്നാണ് ഗൂഗ്ൾ ട്രാൻസ് ലേറ്റ്, പറയുന്നത്. ഇത്തിരി ഇടങ്ങൾ വെട്ടിപ്പിടിക്കാനുള്ള മത്സരപരീക്ഷകൾക്കുവേണ്ടിയുള്ള സൂക്ഷ്മയുദ്ധങ്ങൾ മുതൽ എല്ലാം ചാമ്പലാക്കുന്ന മഹായുദ്ധങ്ങൾ വരെ അത് നീണ്ടുകിടക്കുന്നു. ബോധത്തേക്കാൾ അബോധങ്ങൾ വേഷം മാറി സഞ്ചരിക്കുന്ന മരണത്തിന്റെ, ജീവിതത്തിന്റെയും നാടകവേദിയാണത്. ചിന്താക്കുറ്റത്തിന്റെ ശിക്ഷ ബാഷ്പീകരണമാണ് എന്ന് ഓർവെൽ സിദ്ധാന്തിച്ചത് കണക്കിലെടുത്ത് എലിമിനേഷൻ റൗണ്ടിനെ ബാഷ്പീകരണവട്ടം എന്ന് ചുരുക്കി എഴുതാനാവും.
മലബാർ ക്രിസ്ത്യൻ കോളജ് കാലത്ത് ഒരു ഗോട്ടി പെറുക്കൽ മത്സരത്തിൽ പങ്കെടുത്തതാണ് എന്റെ ഓർമയിൽ ഞാൻ പങ്കാളിയായ ആദ്യത്തെ ബാഷ്പീകരണവട്ടം. ഒരു നിശ്ചിതവട്ടത്തിൽ ടീച്ചർമാർ ഗോട്ടികൾ വാരിവിതറിയിടുന്നു. വിസിലൂതുമ്പോൾ ആ വട്ടത്തിന് ചുറ്റും നിർത്തിയ കുട്ടികൾ ഗോട്ടികൾ പെറുക്കിയെടുത്ത് സ്വന്തമാക്കണം. എന്നെയും ആ വട്ടത്തിൽ നിർത്തിയിരുന്നു. അതെങ്ങനെ വന്നു എന്ന് മനസ്സിലായില്ല.
ഏതെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ വീട്ടിൽ അച്ഛനോ അമ്മയോ ഒരിക്കലും മക്കളെയൊരിക്കലും തയാറെടുപ്പിച്ചിട്ടില്ല. ഓട്ടത്തിലും ചാട്ടത്തിലും പാട്ടിലും കഥ പറച്ചിലിലും പങ്കെടുക്കാത്തവർക്കായി ടീച്ചർമാർതന്നെ ഒരുക്കിയ മത്സരമായിരുന്നു ഗോട്ടികളി. അടുത്ത കൂട്ടുകാർ ഗോട്ടി പെറുക്കാനായി നടത്തിയ പോരാട്ടം എന്നെ അമ്പരപ്പിച്ചു. തരുത്തുനിന്നു പോയി. റൗണ്ടിന് പുറത്തുനിന്നും ടീച്ചർ ആക്രോശിക്കുന്നുണ്ടായിരുന്നു ഗോട്ടി പെറുക്കാൻ. എന്നാൽ കൂട്ടുകാർ വാശിയോടെ ഗോട്ടിക്കായി പോരാടുന്നിടത്ത് ഒരു തട്ടിമാറ്റലിന് എനിക്ക് കഴിഞ്ഞില്ല. ഞാൻ ചിരിച്ചുകൊണ്ട് നിന്നുപോയി. കളി കഴിഞ്ഞ് ടീച്ചർമാരുടെ ചീത്തവിളി കേട്ടു. നീ നിന്നുപോവുകയേയുള്ളൂ എന്ന്. പിന്നെയൊരിക്കലും അത്തരം കളികളിൽ ഞാൻ ഏർപ്പെട്ടിട്ടില്ല. ആ ഓർമ പിന്നെ എന്നെ പിന്തുടർന്നു. പേടിപ്പിച്ചു.
െഎ.വി. ബാബു,മൈത്രേയനും ടി.എൻ. ജോയിയും (നജ്മൽ ബാബു)
സ്കൂളിലും കോളജിലും പഠിക്കുമ്പോൾ കിട്ടിയ എല്ലാ സമ്മാനങ്ങളും കൂട്ടുകാരൻ ജോയ് മാത്യുവിന്റെ നാടകങ്ങളിൽ വേഷം കെട്ടിയതിനും അതിൽ ഒപ്പം നിന്നതിനും കിട്ടിയതായിരുന്നു. അവിടെ ബാഷ്പീകരണ വട്ടങ്ങൾ എന്റെ ഭയമായിരുന്നില്ല, അവന്റെ ഭയമായിരുന്നു. മുതിർന്നപ്പോൾ എഴുതുന്ന ആർക്കും എന്നപോലെ ആദ്യത്തെ ബൈലൈൻ എന്റെ ആകാംക്ഷയായിരുന്നില്ല. അത് താനേ വന്നുചേർന്നതാണ്. ആർത്തിയൊന്നുമില്ലായിരുന്നു. അതായിരുന്നു അന്നത്തെ ഡി-സ്കൂളിങ് സൊസൈറ്റി.
1983ൽ, ‘മാതൃഭൂമി’ വാരാന്തപ്പതിൽ, അന്നതിന്റെ പത്രാധിപരായിരുന്ന കെ.സി. നാരായണൻ എഴുതാൻ ഏൽപിച്ച ലേഖനം വഴിയാണ് എഴുത്ത് ജീവിതത്തിന്റെ ഭാഗമായത്. സച്ചിദാനന്ദന്റെ ആദ്യ ബൃഹദ് കവിതാ സമാഹാരത്തെക്കുറിച്ചും അതിന്റെ പ്രകാശനച്ചടങ്ങിനെയും കുറിച്ച ഒരു ലേഖനമായിരുന്നു അത്. എഴുതാനുള്ള ആർത്തിയില്ലാതാവാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. അന്നത്തെ കോഴിക്കോടിന്റെ വായനസംസ്കാരത്തിന്റെ പലവഴികളിൽ ഞാനൊക്കെ ചെന്നുപെട്ടത് വായനയെ അഗാധമായ അന്വേഷണത്തിന്റെ ഭാഗമാക്കിയ വലിയ മനുഷ്യർക്കിടയിലായിരുന്നു. അത് സ്വയം മാർക്കറ്റ് ചെയ്യുന്ന, അതിനായി പരസ്പരം ഉന്മൂലനം ചെയ്യുന്ന ആരും അന്ന് അക്കൂട്ടത്തിലുണ്ടായിരുന്നില്ല.
നാടകത്തിൽ മധു മാസ്റ്റർ, താജ്, ജയപ്രകാശ് കുളൂര്, സാഹിത്യത്തിലും സാംസ്കാരിക രാഷ്ട്രീയത്തിലും സേതു, ടി.കെ. രാമചന്ദ്രൻ, രാമചന്ദ്രൻ മൊകേരി, ചലച്ചിത്ര ചിന്തയിലും സാംസ്കാരിക വിമർശനത്തിലും ചിന്ത രവീന്ദ്രൻ, എ. സോമൻ, തത്ത്വചിന്തയിൽ നിസാർ അഹമ്മദ്, കവിതയിൽ പോൾ കല്ലാനോട്, ബാലചന്ദ്രൻ ചുള്ളിക്കാട്, സച്ചിദാനന്ദൻ, മനഃശാസ്ത്രത്തിൽ രാധാകൃഷ്ണൻ, രാഷ്ട്രീയചിന്തയിൽ മന്ദാകിനി എന്ന മാ, എ. വാസു, അജിത, ടി.എൻ. ജോയി, ഫെമിനിസത്തിൽ ഗംഗ, ജെ. ഗീത, എൻ.കെ. രവീന്ദ്രൻ, ജീവിതാന്വേഷണങ്ങളിൽ അനന്തകൃഷ്ണൻ, മൈത്രേയൻ, ഫിലിം സൊസൈറ്റി ആക്ടിവിസത്തിൽ ചെലവൂർ വേണു, ഒഡേസ അമ്മദ്, കോയ മുഹമ്മദ്, സംഗീതത്തിൽ മുകുന്ദനുണ്ണി, പരിസ്ഥിതിപ്രവർത്തനങ്ങളിൽ ശോഭീന്ദ്രൻ മാഷ്, ആരോഗ്യശാസ്ത്രത്തിൽ ബ്രഹ്മപുത്രൻ, സുരേഷ് കുമാർ, കൃഷ്ണകുമാർ, കുരിയാക്കോസ്, ഐ. രാജൻ, സുരേഷ് ബാബു, ഇ.പി. മോഹനൻ, മോഹൻ മാമുണ്ണി, വേണു, സൗഹൃദത്തിൽ ടി.പി. യാക്കൂബ്, ടി.പി. രാജീവൻ, ജോയ് മാത്യു, വാസു, കുന്നത്തൂർ രാധാകൃഷ്ണൻ, ഷുഹൈബ്, പി.സി. ജോസി… ആ പട്ടിക നീണ്ടതാണ്. കോഴിക്കോട്ടെ ‘രണചേതന’യും ബോധി ബുക്സും കൊടുങ്ങല്ലൂരിലെ ‘സൂര്യകാന്തി’യും ചിങ്ങോലിയിലെ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടുമൊക്കെ തീ പിടിച്ച കടലുകളുടെ കലങ്ങിമറയലായിരുന്നു. ആ കാലത്തിൽ ഒഴുകിനടക്കാൻ കഴിഞ്ഞത് ആഹ്ലാദകരമായ ഒരനുഭവമായിരുന്നു.
ടി.എൻ. ജോയിയോ സേതുവോ ഒക്കെ എഴുതി തുടങ്ങുംവരെ കാത്തിരിക്കേണ്ടെന്നും അവരുടെയൊക്കെ മനസ്സിലുള്ള ‘പെർഫക്ഷൻ’ എന്നത് എപ്പോൾ സംഭവിക്കുമെന്ന് പറയാനാവില്ലെന്നും പറഞ്ഞ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത് മൈത്രേയനായിരുന്നു. ആദ്യത്തെയും അവസാനത്തെയും കഥ –ചതുരങ്ങൾ– എഴുതുന്നത് 1984ലെ മെഡിക്കൽ കോളജ് മാഗസിനിൽ കൂട്ടുകാരനായ ഡോ. സുരേഷ് കുമാർ “നീ ഒരു കഥ എഴുത്’’ എന്നാവശ്യപ്പെട്ടതുകൊണ്ട് മാത്രമെഴുതിയതായിരുന്നു. ഡോ. മോഹൻ മാമുണ്ണിയായിരുന്നു എന്റെ ആദ്യത്തെ പത്രാധിപർ. അതിന്റെ തുടർച്ചയായാണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ 1985ൽ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചലച്ചിത്രപഠനവും 1986ൽ ‘മാറ്റിവച്ച തലകൾ’ എന്ന ഫെമിനിസത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും എഴുതുന്നത്.
എൺപതുകളിൽ ബോധി ലെൻഡിങ് ലൈബ്രറിയുടെ പതനത്തിനുശേഷം ജോയ് മാത്യു സ്വന്തമായി ബോധി പബ്ലിഷിങ് ഹൗസ് തുടങ്ങിയപ്പോൾ അവനാണ് ആദ്യമായി ഒരു പുസ്തകമെഴുതാൻ ആവശ്യപ്പെട്ടത്. നീ എന്തുമെഴുതിക്കോ, ഞാൻ പ്രസിദ്ധീകരിക്കാം എന്ന്. അന്നത് ചിന്തിക്കാനുള്ള ധൈര്യമില്ലായിരുന്നു. ടി.എൻ. ജോയ്, സേതു, നിസാർ അഹമ്മദ്, രാധാകൃഷ്ണൻ, ടി.കെ. രാമചന്ദ്രൻ, അനന്തകൃഷ്ണൻ, എ. സോമൻ... ആരും അന്ന് ഒരു പുസ്തകവും ഇറക്കിയിട്ടില്ല. ഞാൻ പുസ്തകമെഴുതുന്നത് എന്തൊരു അന്യായമാവും എന്ന ഉറച്ച തീരുമാനത്തിലാണ് ആ ഓഫർ അന്ന് സ്നേഹപൂർവം നിരസിച്ചത്. പിന്നെ ജോയ് മാത്യു ‘സങ്കടൽ’ എന്ന നാടകമെഴുതി സ്വയം പ്രസിദ്ധീകരിച്ചപ്പോൾ ഞാനതിന് ആമുഖപഠനമെഴുതി. അവന്റെ ‘ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു’ എന്ന നാടകത്തിന് ’മാതൃഭൂമി’ വാരാന്തപ്പതിപ്പിൽ പഠനമെഴുതി.
1986ൽ ‘മാതൃഭൂമി’യിൽ ഒരു റിപ്പോർട്ടറായി ചേർന്നതിൽ പിന്നെയാണ് എഴുത്ത് ഒരു പണിയായി മാറുന്നത്. അതിൽപിന്നെ എന്തൊക്കെ എഴുതി എന്ന് എനിക്ക് തന്നെ ഓർമയില്ല. എഴുതുക എന്നത് ആഹ്ലാദകരമായ ഒരു പണിയായിരുന്നു. അതിനായി പത്രാധിപരുടെ അധികാരത്തിനായി കാത്തുനിൽക്കേണ്ടി വന്നതുമില്ല. ഒന്നിനു പിറകെ ഒന്നായി വാർത്തകൾ തേടി വന്നു. ജോൺ എബ്രഹാമിന്റെയും പത്മരാജന്റെയും മരണങ്ങൾ മുന്നിൽ വന്നുനിന്നത് അക്കാലത്താണ്. ഫിലിം ഫെസ്റ്റിവലുകളും സിനിമകളും പുസ്തകങ്ങളും ഒരു ലഹരിയായി കടന്നുവന്നു.
ആ എഴുത്തുകളെ പുസ്തകമാക്കണമെന്നോ, അതിനെയൊക്കെ അതത് വർഷങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കോ മികച്ച സിനിമാ നിരൂപണത്തിനോ ഉള്ള ഒരു പുരസ്കാരങ്ങൾക്കും അപേക്ഷിക്കണമെന്നോ എഴുതുന്ന വേളയിൽ ചിന്തിച്ചിരുന്നതേയില്ല. 2007ലാണ് ആദ്യമായി ഒരു പുസ്തകം എന്ന ചിന്ത ആദ്യമായി വന്നത്. അത് മാതൃഭൂമി ബുക്സിൽനിന്നും ചിന്ത പബ്ലിഷിങ് ഹൗസിലേക്ക് പടിയിറങ്ങിപ്പോയ ഗോപീനാരായണൻ എന്ന സുഹൃത്തിന്റെ പ്രേരണയായിരുന്നു. ഞാനപ്പോൾ മാതൃഭൂമിയുടെ സിനിമാ പ്രസിദ്ധീകരണമായ ‘ചിത്രഭൂമി’യുടെ ചുമതലയിലായിരുന്നു.
1983-2007 വരെയുള്ള 25 വർഷക്കാലത്ത് എഴുതിയ സാംസ്കാരിക രാഷ്ട്രീയ വിമർശനം, ചലച്ചിത്ര ചിന്ത, പുസ്തകനിരൂപണം എന്നിങ്ങനെ സാമാന്യം വലിയൊരു ശേഖരംതന്നെ തപ്പിയെടുത്ത് ഗോപീനാരായണന് ‘ചിന്ത’യിലേക്ക് അയച്ചുകൊടുത്തു. കുറേക്കാലം ചിന്തയിൽ ചിന്തിച്ചിരുന്നശേഷം ഗോപി അത് തിരിച്ചയച്ചു തന്നു. ലേഖന സമാഹാരം സിനിമ മാത്രമല്ല എന്ന് പറഞ്ഞായിരുന്നു മടക്കിയത്. എങ്കിൽ അതിൽനിന്നും സിനിമാ ലേഖനങ്ങൾ മാത്രം എടുക്കാമായിരുന്നല്ലോ എന്ന ചോദ്യത്തിന് ഗോപി മറുപടി പറഞ്ഞില്ല. അത് അവിടത്തെ ‘എലിമിനേഷൻ റൗണ്ടി’ൽപെട്ടതായിരുന്നു. ചിന്തയുടെ അന്നത്തെ മുതലാളിക്ക് അതിഷ്ടപ്പെട്ടില്ല. പുസ്തകം എന്ന ചിന്ത പിന്നെ പത്തു വർഷത്തേക്ക് അടച്ചുപൂട്ടിെവച്ചു.
35 വർഷം നീണ്ട മാധ്യമയാത്രയിൽ പലവട്ടം ഞാൻ പലതരം എലിമിനേഷൻ റൗണ്ടിൽ കുടുങ്ങി പുറത്തായിട്ടുണ്ട്. അതിൽ ഏറ്റവും വലിയ ആഘാതമേൽപിച്ചത് പ്രിയസുഹൃത്തും തിരക്കഥാകൃത്തുമായ ടി.എ. റസാക്കിന്റെ മരണത്തെ തുടർന്നുള്ള വെട്ടിനിരത്തലാണ്. ആ കഥ പറയാൻ ഞാനിപ്പോഴും അതിൽനിന്നും മുക്തനായിട്ടില്ല. എന്റെ ജീവിതം അടിമുടി മാറ്റിത്തീർത്ത ഒരു ബാഷ്പീകരണവട്ടമായിരുന്നു അതേ തുടർന്നുള്ള കോട്ടയത്തേക്കുള്ള സ്ഥലംമാറ്റവും ജീവിതസമരവും.
േഗാപിനാരായണൻ,മനോജ് കെ. ദാസ്
അത് ഒരു ഉന്മൂലനംതന്നെയായിരുന്നു. അത് സൃഷ്ടിച്ച ശൂന്യതയെ അതിജീവിക്കുവാനായത് മൂന്ന് പുസ്തകങ്ങളിലൂടെയാണ്. ഫിലിം ഫെസ്റ്റിവൽ യാത്രകളുടെ പുസ്തകം – ‘കാഴ്ചയുടെ ഭൂപടത്തിൽ ഓർമകളുടെ വസന്തം’, പി.സി. ജോസിയുടെ പുസ്തക പ്രസാധക സംഘം, ചലച്ചിത്ര പഠനങ്ങൾ – ‘നൂറ്റാണ്ടുകളുടെ മൗനം’ റെഡ് ചെറി ബുക്സിന്റെ ഷാനവാസ് കോനാരത്ത്...
എന്റെ അറുപതു മരണങ്ങളെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ– ‘മരിയ്ക്കാത്ത നക്ഷത്രങ്ങൾ’ ഡി.സി ബുക്സ് പുറത്തിറക്കി. മൂന്നുംകൂടി കോഴിക്കോട്ട് മാതൃഭൂമി ബുക്സ്റ്റാളിൽ വെച്ച് കോട്ടയംകാലത്ത് പ്രകാശനംചെയ്തു. ‘ജോൺ’ സിനിമക്ക് തുടക്കമിടുന്നതും ആ നീണ്ട അവധിക്കാലത്തായിരുന്നു.
കോവിഡായിരുന്നു അടുത്ത ‘എലിമിനേഷൻ റൗണ്ട്’. ഭൂമിയിലെ ജീവിതംതന്നെ ഉന്മൂലനം ചെയ്യപ്പെട്ടു പോയേക്കാവുന്നതിന്റെ മുനമ്പിലൂടെ കാലം നടന്നു. പ്രിയ വഴികാട്ടികളായ വിഖ്യാത നിശ്ചല ഛായാഗ്രാഹകരായ പുനലൂർ രാജേട്ടനും ശിവൻ ചേട്ടനും നഷ്ടമാകുന്നത് ആ കോവിഡ് കാലത്താണ്. ആ ശൂന്യതയിലിരുന്നാണ് ഞാൻ ‘പാതാളക്കരണ്ടി’ പൂർത്തിയാക്കുന്നത്. അത് ഒരു നൂറ്റാണ്ടിന്റെ ഓർമയുടെ കഥയായിരുന്നു. അതാരെങ്കിലും ശ്രദ്ധിക്കുമെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു. എനിക്ക് തെറ്റിപ്പോയിരുന്നു. എഴുത്തിന്റെ മുതലാളിമാർ ആരുംതന്നെ അത് കണ്ടതായിപ്പോലും നടിച്ചില്ല.
പലർക്കും ഞാൻ നേരിട്ട് അയച്ചുകൊടുത്തിരുന്നു. പ്രസാധകൻ റിവ്യൂ കോപ്പിയും എത്തിച്ചുകൊടുത്തിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ഞാൻ 35 വർഷം പണിയെടുത്ത ‘മാതൃഭൂമി’യിൽ ‘കൈപ്പറ്റി’ എന്ന പംക്തിയിൽ മൂന്ന് സെന്റിമീറ്റർ കോളത്തിൽ വരാൻമാത്രം പ്രസാധകന് രണ്ടുതവണ പുസ്തകം അയച്ചു കൊടുക്കേണ്ടി വന്നു. പിന്നെ അതൊരു ക്ലാസിക് എലിമിനേഷൻ റൗണ്ട് ആയി ഞാൻ സ്വീകരിച്ചു. ആഹ്ലാദിച്ചു. ഒരിക്കൽ മുതലാളിക്ക് അനഭിമതനായാൽ അത് ആയുഷ്കാല അനഭിമതനായിരിക്കുന്നതിന് തുല്യമാണെന്ന അടിമവിചാരം അത്ര എളുപ്പത്തിൽ മായ്ക്കാനാവില്ല.
‘ദേശാഭിമാനി’ ആഴ്ചപ്പതിപ്പിലേക്ക് കഥാകൃത്തും സുഹൃത്തുമായ വി.ആർ. സുധീഷ് ‘പാതാളക്കരണ്ടി’ വായിച്ച് ഇഷ്ടപ്പെട്ട് ഒരു ലേഖനം അയച്ചുകൊടുത്തിരുന്നു. പത്രാധിപ സുഹൃത്ത് ഷിബു മുഹമ്മദ് അത് ‘കൊടുക്കുന്നു’ എന്ന് വിളിച്ചറിയിക്കുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഷിബു വിളിച്ചുപറഞ്ഞു, സുധീഷിന്റെ ലേഖനം കാണാനില്ല എന്ന്! സുധീഷിനോട് ഒന്നുകൂടി എഴുതാൻ പറയുമോ എന്ന്! ആ സമയത്ത് പാർട്ടിയെ വിമർശിച്ച് ഞാൻ എന്തെങ്കിലും പോസ്റ്റിട്ടിരുന്നോ എന്ന് ഓർമയില്ല. ഉണ്ടാവാം. എന്നാലും ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കുതന്നെ സംശയമായി. ‘കാലാന്തരം’ എന്ന ഈ പംക്തിക്ക് അതാണ് പ്രേരകമായത്. ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്നൊരു ആലോചന.
ഈ ‘എലിമിനേഷൻ’ റൗണ്ടിലെ തിരസ്കാരം സമ്പൂർണമായിരുന്നു എന്ന് പറയുന്നത് ശരിയാവില്ല. കേരളത്തിലെ സാന്ത്വന പരിചരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിളിക്കാവുന്ന ഡോ. എം.ആർ. രാജഗോപാൽ ‘പാതാളക്കരണ്ടി’ വായിച്ച് മൂന്ന് തവണയായി ഫേസ്ബുക്കിൽ എഴുതി. ‘ചന്ദ്രിക’ വാരാന്തപ്പതിപ്പ് അത് ലേഖനമായി കൊടുത്തു. മധുസൂദനൻ ‘മലയാളം’ വാരികയിലും ജയറാം ‘കലാപൂർണ’യിലും വിശദമായ പഠനമെഴുതി. മുകുന്ദനുണ്ണിയും ബീനാ വിജയലക്ഷ്മിയും അവരുടെ ബ്ലോഗിൽ നിരീക്ഷണക്കുറിപ്പുകളെഴുതി. അതെല്ലാം ഓരോരോ ഉരക്കല്ലുകളായിരുന്നു. കൊൽക്കത്ത കൈരളിസമാജം, എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്തിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറോളം നോവൽ ചർച്ചചെയ്തു. അങ്ങനെ റദ്ദാക്കാൻ കഴിയുന്നതല്ല ജീവിച്ച ജീവിതം എന്ന് പറയണമെന്ന് തോന്നി. അതാണ് ഈ ‘കാലാന്തരം’. 35 വർഷത്തെ അർധ അടിമക്കാലം ബാക്കിെവച്ചത് ഏറെയാണ്. അതു പക്ഷേ കഥയല്ല. കാലാന്തരം.
പി.ജെ. മാത്യൂ,എ. സേതുമാധവൻ
‘മാധ്യമം ആഴ്ചപ്പതിപ്പി’ൽ വരുന്ന കത്തുകൾ, പ്രതികരണങ്ങൾ ശ്രദ്ധിക്കാറുണ്ട്. കേരളത്തിലെ തലമുതിർന്ന മാധ്യമപ്രവർത്തകനായ പി.ജെ. മാത്യു സാറിന്റെ അവിചാരിതമായെത്തിയ ഒരു എസ്.എം.എസ് പ്രതികരണമാണ് ഈ പംക്തി തുടരാൻ പ്രേരണയായത്. എഴുത്തുകാരികളായ ശാരദക്കുട്ടിയും ഗ്രേസിയുമൊക്കെ ഇതു വായിക്കുന്നു എന്നറിയിച്ചത് പരസ്പരമറിയാതെ എവിടെയോ ഇരിക്കുന്ന ആരെയെല്ലാമോ ഇത് സ്പർശിക്കുന്നു എന്ന വിചാരം ഓർമകളിലേക്ക് കൂടുതൽ ആഴത്തിൽ ചികഞ്ഞിറങ്ങാൻ പ്രചോദനമായി. എല്ലാവർക്കും ഞാൻ നന്ദിപറയുന്നു.
എന്റെ ഓർമയിൽ രണ്ടു തെറ്റാണ് ഇതിൽ വരുത്തിയത്. ഒന്ന് എം.ടി. വാസുദേവൻ നായർക്ക് 2016 പത്മപ്രഭാ പുരസ്കാരം നൽകിയിട്ടുണ്ട് എന്നെഴുതിയതാണ്. അത് തെറ്റാണ്, പത്മപ്രഭാ പുരസ്കാരം എം.ടിക്ക് നൽകിയിട്ടില്ല. സമഗ്രസംഭാവനക്കുള്ള മാതൃഭൂമി ഫിലിം അവാർഡും മാതൃഭൂമി പുരസ്കാരവുമാണ് നൽകിയത്. ഈ തെറ്റ് ചൂണ്ടിക്കാണിച്ചത് ഡി.സി ബുക്സിലെ സുഹൃത്ത് രാംദാസ് ആണ്. ‘കാലാന്തരം’ പത്താം അധ്യായം –പൂജാരികളുടെ എം.ടി എന്ന അധ്യായത്തിലാണ് ആ തെറ്റ് വന്നത്. തിരുത്തിയ രാംദാസിന് നന്ദി. മറ്റൊരു തെറ്റ് കോഴിക്കോട് അബ്ദുൽ ഖാദർ പാടിയ “പരിതാപമിതേ ഹാ’’ എന്ന പാട്ട് ‘ലോകനീതി’യിലാണ് എന്ന് തെറ്റി എഴുതിയത്. ‘നവലോകം’ എന്ന സിനിമയിലാണ് ആ പാട്ട്. ‘കാലാന്തരം’ അധ്യായം 36ൽ –ഒറ്റക്കോളത്തിൽ ഒതുങ്ങാത്ത ജീവിതങ്ങൾ– ആണ് ആ തെറ്റ് വരുത്തിയത്. ‘മാധ്യമം’ വായനക്കാരൻ റഷീദ് പി.സി. പാലമാണ് കത്തുകളിലൂടെ ആ തെറ്റ് ചൂണ്ടിക്കാട്ടിയത്. റഷീദിന് നന്ദി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.