ഓർമയുടെ അൽഗോരിതം, മറവിയുടെയും

അവസാനിക്കാത്ത ഒാർമകളുടെ, ഗൃഹാതുരതയുടെ ഒരു ഭാഗം അവസാനിക്കുന്നു. പാതാളംപോലെ ആഴമേറിയ, അറ്റമില്ലാത്ത ഒാർമകളിൽനിന്ന്​ ചിലതെല്ലാം. എം.പി. വീരേന്ദ്രകുമാറിനെയും ‘കാലാന്തര’ത്തിൽ കടന്നുവന്ന വ്യക്തികളെയും ഒാർമിച്ചാണ്​ ഇൗ അവസാന അധ്യായം തീരുന്നത്​.ഓർമയുടെ പാതാളങ്ങൾക്ക് അറ്റമില്ല. പുറപ്പെട്ടിടത്തേക്കല്ല തിരിച്ചുപോകുന്നതെങ്കിലും അതൊരു അറ്റംകാണാ യാത്രയാണ്. എത്ര ആഴത്തിലേക്ക് പാതാളക്കരണ്ടി ആഴ്ത്തിയാലും അറ്റമെത്തില്ല. അപ്പോൾ എവിടെയെങ്കിലും നിർത്താതെ വയ്യ. ഓർമക്കും മറവിക്കും അതി​ന്റേതായ ഒരു തിരഞ്ഞെടുപ്പുണ്ട്, ബോധത്തി​ന്റെയും അബോധത്തിന്റെയും അൽഗോരിതം. കാലത്തി​ന്റെ കയറ്റത്തിൽ, കുട്ടിക്കാലത്തി​ന്റെ...

അവസാനിക്കാത്ത ഒാർമകളുടെ, ഗൃഹാതുരതയുടെ ഒരു ഭാഗം അവസാനിക്കുന്നു. പാതാളംപോലെ ആഴമേറിയ, അറ്റമില്ലാത്ത ഒാർമകളിൽനിന്ന്​ ചിലതെല്ലാം. എം.പി. വീരേന്ദ്രകുമാറിനെയും ‘കാലാന്തര’ത്തിൽ കടന്നുവന്ന വ്യക്തികളെയും ഒാർമിച്ചാണ്​ ഇൗ അവസാന അധ്യായം തീരുന്നത്​.

ഓർമയുടെ പാതാളങ്ങൾക്ക് അറ്റമില്ല. പുറപ്പെട്ടിടത്തേക്കല്ല തിരിച്ചുപോകുന്നതെങ്കിലും അതൊരു അറ്റംകാണാ യാത്രയാണ്. എത്ര ആഴത്തിലേക്ക് പാതാളക്കരണ്ടി ആഴ്ത്തിയാലും അറ്റമെത്തില്ല. അപ്പോൾ എവിടെയെങ്കിലും നിർത്താതെ വയ്യ. ഓർമക്കും മറവിക്കും അതി​ന്റേതായ ഒരു തിരഞ്ഞെടുപ്പുണ്ട്, ബോധത്തി​ന്റെയും അബോധത്തിന്റെയും അൽഗോരിതം. കാലത്തി​ന്റെ കയറ്റത്തിൽ, കുട്ടിക്കാലത്തി​ന്റെ കിണർ ഇടിഞ്ഞുതൂർന്ന് കാടുപിടിച്ച് മൺമറഞ്ഞു കിടക്കുന്നതു കണ്ടത് ഒരു കാഴ്ചയായിരുന്നു. ഓർമയിലെ കിണറ്റിനടിയിൽ മേഘങ്ങൾ ഒഴുകിനടക്കും. ലോകം തലകീഴായി കിടക്കും. അത് പാതാളത്തിലേക്കുള്ള വഴിയാണ് എന്നു പറഞ്ഞുതരാൻ പണ്ടൊരു മാണിക്യമ്മയുണ്ടായിരുന്നു നാട്ടിൽ. നാട്ടറിവി​ന്റെ വംശനാശം വന്ന മാതൃക. കോഴിക്കോട്ട് പടിഞ്ഞാറെ നടക്കാവിൽ ഇല്ലാതായിപ്പോയ അയൽപക്കത്ത് ജീവിച്ചിരുന്ന ഇത്തിരി നൊസ്സുള്ള ആ മുത്തശ്ശിക്ക് ചിത്രകഥകളിലെ നാടോടികളുടെ ഛായയായിരുന്നു. അവരുടെ വെളിപാടുകൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു.

മതിലുകൾ വീടുകളുടെ അതിർത്തികൾ വെട്ടിമുറിക്കുന്നതിനും മുമ്പുള്ള കാലമായിരുന്നു അത്. മുറ്റത്തെ കിണറ്റിങ്കരയാണ് അന്നത്തെ പ്രധാന പൊതുവിടം. വീട്ടുസാധനങ്ങൾ വാങ്ങാൻ അതുവഴി നടക്കാവിലെ ചന്തയിൽ പോകുന്ന മാണിക്യമ്മ കുറച്ചുനേരം അവിടെ തങ്ങി നാട്ടുവർത്തമാനങ്ങൾ പങ്കുവെക്കും. സമയം തെറ്റാതെത്തുന്ന ആ ആകാശവാണിയിലൂടെ നാട് പരസ്പരം അറിഞ്ഞു. വർത്തമാനങ്ങളിൽ മതിമറന്നു. അവർ മൺമറഞ്ഞ വഴികൾപോലും ഇന്ന് നിലനിൽക്കുന്നില്ല.

വെള്ളം മുക്കുമ്പോൾ കണ്ണുപിഴച്ച് ബക്കറ്റ് കിണറ്റിലേക്ക് കൈവിട്ടുപോവുന്നത് അക്കാലത്തി​ന്റെ പതിവാണ്. വീടിന് പിറകിലുള്ള വിറക്പുരയുടെ ഉത്തരത്തിൽ ആർക്കുമെടുക്കാൻ പാകത്തിൽ കൊളുത്തിയിട്ട പാതാളക്കരണ്ടിയുണ്ടാകും. മൂർച്ചയേറിയ പിരിയൻ കൊളുത്തുകളുള്ള അതി​ന്റെ പരുക്കൻ ശിൽപസൗന്ദര്യം ചെമ്പോട്ടികളുടെ കരവിരുതാണ്. നടക്കാവിലെ പുരാതനമായ ഇംഗ്ലീഷ് പള്ളി പാർക്കിനടുത്ത് റോഡരികിലുണ്ടായിരുന്ന ആൽമരത്തി​ന്റെ അടിയിലെ പൊത്ത്പോലുള്ള ഒരു ചെറുകൂരയിലായിരുന്നു അവരുടെ പാർപ്പ്. കയറിൽ കെട്ടിയിറക്കി നെല്ലിപ്പടിയോളം ആണ്ടുപോകുന്ന പാതാളക്കരണ്ടിയുടെ പരതലിൽ കാണാതെപോയ പല സാധനങ്ങളും കിണറ്റിൽനിന്നും പൊന്തിവരും. ഒപ്പം കഥകളും. നഷ്ടകാലത്തി​ന്റെ ചൂണ്ടയാണത്.

മാണിക്യമ്മ കിണറ്റിങ്കരയിലെ സദസ്സിൽ എത്തിച്ചേരുമ്പോഴൊക്കെ അവരെ കളിയാക്കുന്നത് വല്യച്ഛ​ന്റെ മകൾ ബേബ്യേച്ചിയുടെ ഒരു ഹരമായിരുന്നു. ഒന്ന് ഇളക്കിവിട്ടാൽ മതി മാണിക്യമ്മയുടെ നൊസ്സ് ഇളകും. വാക്കുകൾക്ക് തീ പിടിക്കും. വെളിപാടുകളൊഴുകും. അങ്ങനെ തീപിടിച്ച ഒരു മുഹൂർത്തത്തിൽ അവർ സ്നേഹത്തോടെ ചേച്ചിയെ പ്രാകി: ‘‘ഞാൻ മരിച്ചാൽ എന്തായാലും ഒരു പ്രേതമായി നിന്നെ പിടിയ്ക്കാൻ വരുന്നുണ്ട്.’’ ചേച്ചിയും അതൊരു വെല്ലുവിളിയായി എടുത്തു. ‘‘ഹാവൂ, ഒരു പ്രേതത്തെ കാണാനുള്ള ഭാഗ്യം അങ്ങനെയെങ്കിലും ഉണ്ടാവുമല്ലോ."വൈകിയില്ല, പ്രാകലി​ന്റെ ചൂട് മാറും മുമ്പേ മാണിക്യമ്മ വെടിഞ്ഞു. പെട്ടെന്നൊരു ശൂന്യതയുണ്ടായി എല്ലാവർക്കും. നേരിയൊരു ഉൾക്കിടിലവും: ‘‘അഥവാ അവർ വാക്ക് പാലിച്ചാലോ’’ എന്ന്.

ഭൂമിയിൽ ആശ തീരാതെ മരിച്ചവർ പ്രേതങ്ങളാകും എന്നായിരുന്നു അന്നത്തെ ഉറച്ച വിശ്വാസം. കൂടാതെ സ്വർഗവും നരകവും ഒക്കെ ഓരോരുത്തരെയും കാത്തിരിക്കുന്ന വിധിയാണ് എന്നും. നിനച്ചിരിക്കാത്ത ഒരാർത്തനാദം കേട്ട് എല്ലാവരും വീടു വിട്ട് പുറത്തേക്കോടി വന്നപ്പോൾ പേടിച്ചുവിറച്ച് ബോധശൂന്യയായി കിണറ്റിങ്കരയിൽ വീണുകിടക്കുന്ന ബേബ്യേച്ചിയെയാണ് കണ്ടത്. നേരം ഒന്നിരുട്ടിയിട്ടേയുള്ളൂ. വെള്ളം മുക്കാൻ ബക്കറ്റ് കിണറ്റിലിട്ടതും അതിനുള്ളിൽനിന്നും വെളുത്ത പുകയായി മാണിക്യമ്മ ഉയർന്നുയർന്നു വരുന്നതാണ് ചേച്ചി കണ്ടത്. കിണറ്റിങ്കരക്കപ്പുറം പറമ്പി​ന്റെ അറ്റത്ത് പനമരങ്ങൾ കുലച്ചുനിൽക്കുന്ന കാലമാണത്. പനപോലെ വളർന്ന മാണിക്യമ്മ ചേച്ചിയെ മാടിവിളിച്ചു. കഷ്ടിച്ച് നിലവിളിക്കാനായി എന്നുമാത്രം. ബോധം തിരിച്ചുവന്നപ്പോഴും ആ മാടിവിളിക്കൽ മാഞ്ഞു പോയതേയില്ല. എല്ലാവർക്കും അതൊരു നടുക്കമായി. പ്രേതങ്ങൾ ഉണ്ടോ എന്നതിന് തെളിവ് തേടി നടന്നിരുന്നവർക്ക് അതൊരു സാക്ഷ്യമായി. മുന്നറിയിപ്പായി.

ദൈവങ്ങൾ ഉണ്ടോ ഇല്ലയോ എന്ന തർക്കം വീട്ടിൽ നടക്കുന്ന കാലമായിരുന്നു അത്. ദൈവങ്ങൾ ഉണ്ടെങ്കിൽ പ്രേതങ്ങളും ഉണ്ടാകും എന്നായിരുന്നു പൊതുമതം. എന്നാൽ, പിറ്റേന്ന് പാതാളക്കരണ്ടിയിട്ട് കിണറ്റിൽനിന്നും ബക്കറ്റ് വെളിയിലെടുത്തു. മറ്റടയാളങ്ങളൊന്നും പൊന്തിവന്നില്ല. മാണിക്യമ്മ വീണ്ടും പേടിപ്പിക്കാൻ വരുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. വരും വരും എന്ന പേടിയിൽ ഞങ്ങൾ കുട്ടിക്കാലം പിന്നിട്ടു. അവരെന്നും മനസ്സിൽ ജീവിച്ചു. രാത്രികളിൽ വെള്ളം മുക്കാൻ കിണറ്റിങ്കരയിൽ പോകുന്നത് മാത്രം പിന്നെ ഇത്തിരി പേടിയുള്ള കാര്യമായി മാറി. മാണിക്യമ്മ മരിക്കാത്ത നക്ഷത്രമായി. അമ്മൂമ്മമാരും മുത്തച്ഛന്മാരും ഒക്കെ വീടുകളിൽ നിറഞ്ഞുനിന്നിരുന്ന കാലമായിരുന്നു അത്. ഒന്ന് പാർക്കാൻ പോകാൻ പത്തുമാസം കാത്തിരിക്കണം, സ്കൂളൊന്നു പൂട്ടിക്കിട്ടാൻ. എന്നാൽ പെട്ടെന്നാണ് ഒന്നിനു പിറകെ ഒന്നായി ആ കഥാഭൂതങ്ങൾ ഒന്നൊന്നായി കാണാമറയ​േത്തക്ക് അപ്രത്യക്ഷരായത്. മാണിക്യക്കല്ല് കാക്കുന്ന സർപ്പങ്ങളെപ്പോലെ സ്വന്തം അട്ടങ്ങളിൽ ഒരായുഷ്കാലം അവർ കാത്തുസൂക്ഷിച്ച സ്ഥാവരജംഗമവസ്തുക്കളും ഓർമപ്പെട്ടികളുമെല്ലാം എങ്ങോട്ടോ അപ്രത്യക്ഷമായി.

കേ​ന്ദ്ര​മ​ന്ത്രി​യാ​യ ശേ​ഷം ‘മാ​തൃ​ഭൂ​മി’​യി​ലെ​ത്തി​യ അ​ര​ങ്ങി​ൽ ശ്രീ​ധ​ര​നൊപ്പം പ്രേംചന്ദ്​. ന്യൂ​സ് എ​ഡി​റ്റ​ർ രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പി​യാ​ണ് ന​ടു​വി​ൽ

‘വീട് പൊളിച്ച കല്ല്, മരം, ഓട് എന്നിവ വിൽപനക്ക്’ എന്ന് കരികൊണ്ടും ചോക്കുകൊണ്ടും എഴുതിെവച്ച ബോർഡുകൾക്ക് താഴെക്കൂടി കാലം കുത്തിയൊലിച്ചുപോയി. അതിൽ ചില ഓർമപ്പൊട്ടുകൾ എ​ന്റെ കൈകളിലൂടെയും കടന്നുവന്നു. അമ്മയുടേതടക്കം. മരിച്ചവരെ ഓർത്ത് ആരും മരിച്ചുപോകുന്നില്ല. മറവികളിലൂടെ ജീവിതം എന്ന അത്ഭുതം മുന്നോട്ടുപോകുന്നു. മഹാഭാരത കഥപോലെ. പുറപ്പെട്ടിടത്തേക്കുള്ള തിരിച്ചെത്തലുകളെല്ലാം അസാധ്യം എന്ന് പിന്നീടെപ്പോഴോ ഓരോരുത്തരും തിരിച്ചറിയുന്നു. എന്നാൽ, അവർ ബാക്കിവെച്ച ചില അടയാളങ്ങൾ ചികയാതെ പോകുന്നതിലും വലിയ നഷ്ടമില്ല. അങ്ങനെയാണ് ഞാൻ ‘പാതാളക്കരണ്ടി’ എന്ന നോവൽ എഴുതാനിടയാകുന്നത്. അതി​ന്റെ അടിവളമായി നിന്ന ഓർമകളുടെ ഒരു പങ്കാണ് ‘കാലാന്തരം’.

ഒരു വർഷം എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് ഈ പംക്തിയാണ്. സ്നേഹത്തോടെ ഈ പംക്തിയെ പരിചരിച്ചതിന് മാധ്യമം ആഴ്ചപ്പതിപ്പിനോട് നന്ദി പറയുന്നു. ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ട് എന്ന് വിചാരിക്കുന്നതുകൊണ്ടും ആരെങ്കിലും എവിടെയെങ്കിലും ഇത് വായിക്കാനുണ്ടാകും എന്ന് ധരിക്കുന്നതുകൊണ്ടുമാണ് എഴുതിപ്പോന്നത്. പത്താം അധ്യായം ‘പൂജാരികളുടെ എം.ടി’ എഴുതിയപ്പോൾ എനിക്കൊരു സമ്മാനം ലഭിച്ചു. ‘‘ചരിത്രം പലരൂപത്തിലും ബോധങ്ങൾ മാത്രമല്ല അബോധങ്ങളും മായ്ച്ചുകളയും’’ എന്നെഴുതിയ വരി തിരിച്ചയച്ച് എഴുത്തുകാരനായ സലിൻ മാങ്കുഴി എ​ന്റെ വിലാസമാവശ്യപ്പെട്ടു, ഒരു സമ്മാനം അയക്കുന്നു എന്നു പറഞ്ഞു: ‘എതിർവാ’ എന്ന സലി​ന്റെ നോവൽ പിറകെ കൊറിയറിൽ എത്തി. സലിൻ മാങ്കുഴിക്ക് നന്ദി. ‘കാലാന്തരം’ ആരെയോ തൊട്ടു എന്നറിഞ്ഞ നിമിഷമായിരുന്നു അത്.

എഴുത്തുകാരായ യു.കെ. കുമാരൻ, പി.കെ. പാറക്കടവുമൊക്കെ എപ്പോൾ കാണുമ്പോഴും ‘കാലാന്തരം’ വായിക്കുന്നു എന്നറിയിക്കുമ്പോൾ കിട്ടുന്നത് എഴുതുന്നത് പാഴായിപ്പോകുന്നില്ല എന്ന ബോധമായിരുന്നു. പ്രിയ എഴുത്തുകാർക്ക് നന്ദി. ‘ചിത്രഭൂമി’ക്കാലത്തെ തിരുത്തൽ കത്തുകളിലൂടെ കൈവന്ന സൗഹൃദമായ മുഹമ്മദ് ഷെരീഫ് കാപ്പ് ‘മാധ്യമ’ത്തിലെ കത്തുകളിലൂടെ പംക്തിയുടെ ഓർമയെ വിപുലമാക്കി. കാപ്പിനും നന്ദി. പി.വി.ജി വിടപറഞ്ഞപ്പോൾ മരിച്ചവീട്ടിലെ തിക്കിനും തിരക്കിനും നടുവിൽ ഒരൊറ്റ നിമിഷം മുന്നിലെത്തിയപ്പോൾ കവി ശ്രീകുമാരൻ തമ്പി കൈപിടിച്ച് പറഞ്ഞു: ‘‘ ‘കാലാന്തരം’ നന്നാകുന്നുണ്ട്’’ എന്ന്. ഒരു വ്യാഴവട്ടത്തിനു മുമ്പ്, ചിത്രഭൂമിക്കാലത്ത് കണ്ടതാണ് അവസാനം അദ്ദേഹത്തെ. കാണലും ഓർക്കലും മറവിയും ഒക്കെ മനുഷ്യ​ന്റെ എന്തൊരു തിരഞ്ഞെടുപ്പുകളാണ് എന്ന് പാട്ടുകളുടെ മഹാകവിയുടെ ആ സ്പർശം ഓർമപ്പെടുത്തി.

ഒട്ടും വൈറൽ അല്ലാത്ത എൺപത്തിയേഴുകാരനായ മുഹമ്മദ് ഷെരീഫ് എന്ന ഹൈക്കു കവിയെക്കുറിച്ച് ‘കാലാന്തരം’ നാൽപത്തിമൂന്നാം അധ്യായം വായിച്ച് തലമുതിർന്ന എഴുത്തുകാരൻ കെ.പി. നിർമൽകുമാർ അത് ഷെയർചെയ്ത് ഫേസ്ബുക്കിൽ എഴുതി: “പ്രേംചന്ദ് മാധ്യമം വാരികയിൽ എഴുതിയ ഈ ലേഖനം ഇപ്പോൾ ഞാൻ വായിച്ചതേയുള്ളൂ. ഫേസ്‌ബുക്കിൽ വന്നു മുഹമ്മദ് ഷെരീഫ് ആരെന്നു നോക്കി, പോസ്റ്റ് ചെയ്തിരിക്കുന്ന ഓരോ കവിതയുടെയും പിന്നിൽ ഞാൻ കാണുന്നു ആഴത്തിൽ ആലോചനയുള്ള ഒരു അസാധാരണ മനസ്സിന്റെ നിറസാന്നിധ്യം.

‘ഞാൻ ഒരു ചെറിയ നാളമായിരുന്നു. പിന്നെ ശോഭയുള്ള വിളക്കായി. ഇപ്പോൾ എരിഞ്ഞടങ്ങുന്ന മെഴുകുതിരിയും’ –കവി മുഹമ്മദ് ഷെരീഫ്.

‘എരിഞ്ഞടങ്ങുന്ന മെഴുകുതിരിയായി മാറേണ്ടിയിരുന്ന’ കവിയെ ‘ശോഭയുള്ള വിളക്കായി’ മാറ്റുവാൻ താങ്കളുടെ ഈ ലേഖനം തുണക്കട്ടെ. ആശംസകൾ.’’

മുഹമ്മദ് ഷെരീഫ് ഒരു വലിയ കവിതയാണ് എന്നത് എ​ന്റെയൊരു ഏകപക്ഷീയമായ തോന്നൽ മാത്രമല്ല എന്നതി​ന്റെ സാക്ഷ്യം കെ.പി. നിർമൽകുമാറി​ന്റെ വാക്കുകളിൽ ഞാൻ കാണുന്നു. മികച്ച രചനകൾ എവിടെ കണ്ടാലും അത് അംഗീകരിക്കാനുള്ള മനസ്സ് കാട്ടിയ, ‘ചേലക്കരയുടെ അതീത സ്വപ്നങ്ങൾ’ എന്ന ഒരൊറ്റ കഥകൊണ്ട് എ​ന്റെ യൗവനത്തെ വിസ്മയിപ്പിച്ച മലയാളത്തി​ന്റെ പ്രിയ എഴുത്തുകാരൻ കെ.പി. നിർമൽകുമാറിന് നന്ദി.

മുഹമ്മദ് ഷെരീഫി​ന്റെ മകൾ ഷഹനാസ് എം.സി വാട്സ്ആപ്പിൽ ഒരു മെസേജ് അയച്ചു: ‘‘87 വർഷത്തിനിടയിൽ എന്റെ ഡാഡിയുടെ ജീവിതത്തിലുണ്ടായ ഏറ്റവും നല്ലതും ഏറ്റവും ശ്രേഷ്ഠവുമായ ഒരു കാര്യമായിരിക്കും അദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം അച്ചടിച്ചുവന്നത്. ഡാഡിയെ ഇത്രയും സന്തോഷത്തോടെയും, ആത്മാഭിമാനത്തോടെയും മുമ്പ് കണ്ടിട്ടില്ല. എല്ലാ ദിവസവും എന്തെങ്കിലും എഫ്.ബിയിൽ എഴുതുന്നതിനാൽ, എല്ലാം വായിക്കാൻ എനിക്കുപോലും സാധിച്ചിട്ടില്ല. താൻ വെറുതെ എഫ്.ബിയിൽ കുറിച്ചിട്ട വലുതും ചെറുതുമായ കാവ്യശകലങ്ങളിൽ ചിലവ ഉൾപ്പെടുത്തി​ക്കൊണ്ടു തന്നെക്കുറിച്ച് ഒരു ലേഖനം ‘മാധ്യമം ആഴ്ചപ്പതിപ്പി’ൽ അച്ചടിച്ചുവരുക എന്നത് അദ്ദേഹം സ്വപ്നത്തിൽപോലും വിചാരിക്കാത്ത കാര്യമാകും. ഈ ദൗത്യം നിർവഹിച്ച നിങ്ങളോട് സ്നേഹവും ആദരവും നിറഞ്ഞ നന്ദി പറയട്ടെ.

അലസനായ ഒരു മനുഷ്യൻ... വ്യർഥമായ ഒരു ജീവിതം എന്നൊക്കെ സ്വയം വിശേഷിപ്പിക്കാറുള്ള ഡാഡി പൊടുന്നനെ ഞാനും എന്തൊക്കെയോ ആണ് എന്ന് വിചാരിച്ചുതുടങ്ങിയപോലെ...

എല്ലാം വെറുതെ...

വെറുതെ ഒരു ജീവിതം

വെറുതെ ഇരിക്കുന്നു

വെറുതെ എഴുതുന്നു

എന്ന് പറയുന്ന ഡാഡിയോട് ഇനി പറയാം...

ഈ വെറുതെ എഴുതിയത് വെറുതെയായില്ല എന്ന്.

സസ്നേഹം ഷാനി,

Daughter of Mohamed Sherief.’’

നിരവധി ബാലസാഹിത്യ കൃതികളുടെ പരിഭാഷകയാണ് ഷെഹനാസ് എം.സി. എനിക്ക് കിട്ടിയ ഒരു പുരസ്കാരമായി അവരുടെ ഈ വാക്കുകൾ ഞാൻ ഹൃദയത്തോട് ചേർത്തുവെക്കുന്നു. അദ്ദേഹത്തി​ന്റെ കവിതകൾ പുസ്തകമാക്കാൻ റെഡ് ചെറി ബുക്സി​ന്റെ ഷാനവാസ് കോനാരത്ത് മുന്നോട്ടുവന്നപ്പോൾ ​േഫസ്ബുക്ക് ചികഞ്ഞ് അദ്ദേഹത്തി​ന്റെ കവിതകൾ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഷെഹനാസ് സന്തോഷപൂർവം ഏറ്റെടുത്ത് പ്രസാധനത്തിൽ പങ്കാളിയാവുകയും ചെയ്തു. ‘മകൾ കണ്ടെത്തുന്ന ബാപ്പ’യുടെ കവിതകളായും ആ പുസ്തകം വായിക്കാം. ‘കാലാന്തരം’ അവസാനിക്കുമ്പോൾ ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യം ഈ വരുന്ന ജൂൺ ഒന്നിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് ‘മുഹമ്മദ് ഷെരീഫി​ന്റെ കവിതകൾ’ ഒരു പുസ്തകമായി പരിണമിക്കുന്നു എന്നതിലാണ്. ഷെഹനാസിനും ഷാനവാസിനും നന്ദി.

മുഹമ്മദ്​ ഷെരീഫ്​ കാപ്പ്​,മി​ത്ര​ൻ ആ​ന​ന്ദ്

‘അന്നയും റസൂലും’ (2013) സംവിധാനംചെയ്തത് രാജീവ് രവിയാണ്. അത് ആഷിക് അബു ചിത്രം എന്നാണ് ബീരാൻക്കയെക്കുറിച്ചുള്ള ‘കാലാന്തരം’ അധ്യായം 36ൽ ഞാൻ തെറ്റി എഴുതിയത്. തെറ്റ് തത്സമയം ചൂണ്ടിക്കാട്ടിയത് പഴയ മെഡിക്കോസ് സുഹൃത്ത്, മെഡിക്കൽ കോളജ് ഫിലിം ക്ലബ് സെക്രട്ടറിയുമായിരുന്ന, ‘ഉടലാഴം’ എന്ന സിനിമയുടെ സംരംഭകരിൽ ഒരാളുമായ ഡോ. മനോജ് ആണ്. തെറ്റുവരുത്തിയതിൽ ക്ഷമ ചോദിക്കുന്നു. തിരുത്തേണ്ടത് ചൂണ്ടിക്കാട്ടി ലേഖനത്തി​ന്റെ സ്ക്രീൻ ഷോട്ട് അയച്ച മനോജിന് നന്ദി.

ഫേസ്ബുക്ക് വന്നതോടെയാണ് കമ്പ്യൂട്ടറും കണക്കും അറിയാത്തവരിൽപോലും അൽഗോരിതം ഒരു വലിയ ചർച്ചയായയത്. എന്ത് കാണണം എന്നത് തീരുമാനിക്കപ്പെടുന്നതിന് പിറകിൽ ബോധത്തി​ന്റെയും അബോധത്തി​ന്റെയും ഒരുകൂട്ടം നിർദേശങ്ങൾ പണിയെടുക്കുന്നുണ്ടെങ്കിൽ ഓർമകൾക്കും മറവികൾക്കും പിറകിലെ അൽഗോരിതങ്ങളെക്കുറിച്ച് ആലോചിക്കുന്നത് രസാവഹമാണ്. ചിലർ ഫേസ്ബുക്കിൽ എന്തെഴുതിയിട്ടും ഒരു കാര്യവുമില്ല, ആരും അത് കാണില്ല. ചിലർ എന്തിട്ടാലും അത് വൈറലാകും. അത് ഫേസ്ബുക്കി​ന്റെ അൽഗോരിതം. എന്നുമില്ലെങ്കിലും വർഷങ്ങളായി ഞാൻ ശ്രദ്ധിക്കുന്ന ഫേസ്ബുക്ക് മിത്രൻ ആനന്ദ് എന്ന ഒരു മനുഷ്യ​ന്റേതാണ്.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എൻ.ഐ.ഡി) സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ് അസോസിയറ്റ് ആണ്. കല, സാഹിത്യം, തത്ത്വചിന്ത എന്നീ വിഷയങ്ങളിൽ ഇത്രയും അഗാധമായ പോസ്റ്റുകൾ പങ്കുവെക്കുന്ന മറ്റൊരാൾ എ​ന്റെ ഫേസ്ബുക്ക് സുഹൃത്ത് വൃന്ദത്തിൽ ഇല്ല. എന്നാൽ, അഞ്ചിൽ താഴെയാണ് ശരാശരി അദ്ദേഹത്തി​ന്റെ പോസ്റ്റുകൾക്ക് കിട്ടുന്ന ലൈക്ക്. ഒരു ലൈക്കുപോലും കിട്ടാത്തവയാണ് അധികവും. അദ്ദേഹത്തി​ന്റെ ശിഷ്യഗണങ്ങൾ ശ്രദ്ധിച്ചിരുന്നുവെങ്കിൽപോലും അവയോരോന്നും വൈറൽ ആകുമായിരുന്നു. അതാണ് ഈ ലോകത്തി​ന്റെ അൽഗോരിതം.

എം.പി. വീരേന്ദ്രകുമാർ: അധികാരത്തി​ന്റെ പാഠപുസ്തകം

എം.പി. വീരേന്ദ്രകുമാർ വിടപറഞ്ഞിട്ട് മേയ് 28ന് നാലുവർഷം തികയും. ‘മാതൃഭൂമി’യിൽ മാനേജിങ് ഡയറക്ടർ ആയിരുന്ന കാലത്തുടനീളം, പതിറ്റാണ്ടുകളായി അദ്ദേഹമായിരുന്നു അവിടത്തെ സർവാധികാരി. ‘മാതൃഭൂമി’യിൽ ഒരു പഴയകാല ഷെയർ ഉടമയായിരുന്ന അച്ഛ​ന്റെ കാലം മുതൽക്കുള്ള സൗഹൃദമാണ്. അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനെയുള്ള വിദ്യാർഥി ജനതാ പ്രവർത്തനകാലത്ത് കുറച്ചുകാലം എ​ന്റെ നേതാവുമായിരുന്നു. അന്ന് ജയിൽമോചിതനായി തിരിച്ചെത്തിയ ബന്ധുവും അയൽക്കാരനുമായ അരങ്ങിൽ ശ്രീധരേട്ട​ന്റെ വീട്ടിലാണ് ഞങ്ങളുടെ രാഷ്ട്രീയ ക്യാമ്പ്. ശ്രീധരേട്ടൻ ഹയറാർക്കി ഒട്ടും ഇല്ലാത്ത ആളാണ്. അതുകൊണ്ട് അവിടെ വരുന്ന ഏത് നേതാവിനോടും ഞങ്ങൾ ഹയറാർക്കി ഒട്ടുമില്ലാതെ പെരുമാറിപ്പോന്നു.

വീരേന്ദ്രകുമാറിനോടും. കെ.പി. മുഹമ്മദും പി.കെ. ശങ്കരൻകുട്ടിയും അരങ്ങിൽ രഘു ഏട്ടനും ഒക്കെ അവിടെ ശ്രീധരേട്ട​ന്റെ സന്തത സഹചാരികളായിരുന്നു. അധികം വൈകാതെ ഞാൻ, ആ ക്യാമ്പ് വിട്ട് അടിയന്തരാവസ്ഥയിലെ ജയിൽവാസം കഴിഞ്ഞ് പുറത്തെത്തിയ മധു മാസ്റ്ററുടെ ക്യാമ്പിലേക്കെത്തി. ‘അമ്മ’ നാടകത്തിന് സഹായം തേടി അക്കാലത്ത് ചാലപ്പുറത്തുള്ള വീരേന്ദ്രകുമാറി​ന്റെ വീട്ടിൽ മധു മാസ്റ്റർക്കൊപ്പം ഞാൻ പോയിട്ടുണ്ട്. രണ്ട് ജയിൽപക്ഷികൾ തമ്മിലുള്ള സൗഹൃദമായിരുന്നു അവിടെ കണ്ടത്. അവിടെയും ഒരു ഹയറാർക്കിയും ഉണ്ടായിരുന്നില്ല. വലിയ സ്നേഹവായ്പോടെ അദ്ദേഹം പെരുമാറി. അത് 1978ലാണ്. അധികാരത്തിന് മുന്നിലെ ‘കീടജന്മ’ങ്ങളെക്കുറിച്ച് ഒരോർമ കൂടി പങ്കു​െവച്ച് ‘കാലാന്തരം’ ഉപസംഹരിക്കാം.

1986ൽ ഞാൻ ‘മാതൃഭൂമി’യിൽ റിപ്പോർട്ടറായെത്തി. അവിടെ മറ്റൊരു വീരേന്ദ്രകുമാറിനെ കണ്ടു. ആദ്യകാലങ്ങളിൽ അദ്ദേഹവുമായുള്ള അടുപ്പം പരിഗണിച്ച് എന്നെയായിരുന്നു ബ്യൂറോ ചീഫ് വി. രാജഗോപാൽ വീരേന്ദ്രകുമാറി​ന്റെ പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യാൻ അയക്കാറ്. ഓരോന്നും എങ്ങനെ റിപ്പോർട്ട് ചെയ്യുന്നു എന്നത് വായിച്ചു കേൾപ്പിക്കുകയും വേണം. അതിലദ്ദേഹം സന്തുഷ്ടനായിരുന്നു. അങ്ങനെ അദ്ദേഹത്തി​ന്റെ ആദ്യത്തെ ഹൃദയാഘാതം വന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗത്തിലായിരുന്നു ചികിത്സ. ഒന്ന് ഭേദപ്പെട്ടപ്പോൾ ഒരിക്കൽ വീരേന്ദ്രകുമാറി​ന്റെ പേഴ്സനൽ മാനേജർ കൃഷ്ണേട്ടൻ വഴി എന്നെ വിളിച്ചുവരുത്തി. ഡോക്ടർമാരുടെ ഏതോ സംഘടനയോ മറ്റോ അവരുടെ സുവനീറിലേക്ക് മരണാനുഭവത്തെക്കുറിച്ച് ഒരു ലേഖനം വീരേന്ദ്രകുമാറിൽനിന്നും ആവശ്യപ്പെട്ടിരിക്കുന്നു.

 

എം.പി. വീ​േരന്ദ്രകുമാർ മരിച്ച ദിവസത്തെ എഡിറ്റോറിയൽ പേജ്​

ആശുപത്രിയിലിരുന്ന് അത് എഴുതാനാവില്ല. പറഞ്ഞുതരാം അതൊന്ന് എഴുതിക്കൊണ്ടുവരണം എന്ന് അദ്ദേഹം പറഞ്ഞു. കുറേനേരം മരണത്തെക്കുറിച്ച്, ഹൃദയാഘാതത്തെ അതിജീവിച്ച നേരത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. മരണം വ്യർഥമാക്കിയ ജീവിതമാണിത് എന്ന് ആൽബേർ കാമു പറഞ്ഞ ഒരു പരാമർശം ഞാനും ഓർമിപ്പിച്ചു. അതെ, അദ്ദേഹവും സമ്മതിച്ചു. ഞാൻ പിറ്റേന്ന് അദ്ദേഹത്തി​ന്റെ മരണസ്മൃതി പകർത്തി ലേഖനമാക്കി കൊണ്ടുക്കൊടുത്തു. വായിച്ചുനോക്കി ചെറിയ തിരുത്തുകൾ നിർദേശിച്ചു. വരുത്തിയ തിരുത്തിൽ അദ്ദേഹം സംതൃപ്തനായി. എന്നാൽ, ആ സന്തുഷ്ടകാലം അഞ്ചു വർഷങ്ങൾക്കകം അവസാനിച്ചു.

1991. ​െഡസ്കിൽ ആൾക്ഷാമം രൂക്ഷമായ കാലം. പത്രാധിപർ കെ.കെ. ശ്രീധരൻ നായർ ഒന്നിലും ഇടപെടുന്ന പതിവില്ല. മാനേജ്മെന്റ് തരുന്നതുകൊണ്ട് നടത്തിയെടുക്കണം എല്ലാം എന്നായിരുന്നു അദ്ദേഹത്തി​ന്റെ നിലപാട്. ഞാൻ യൂനിയൻ സെക്രട്ടറിയായി മാനേജ്മെന്റുമായുള്ള ആദ്യ ചർച്ചയിൽ എല്ലാ ആവശ്യങ്ങളും തിരസ്കരിക്കപ്പെടുന്നതുകണ്ട് സഹികെട്ട് ‘‘ഞങ്ങളുടെ ജോലിഭാരമറിയാൻ ഒറ്റരാത്രി ഒന്ന് ​െഡസ്കിൽ വന്നിരുന്നു നോക്കണം എം.ഡി’’ എന്ന് പറഞ്ഞതും വീരേന്ദ്രകുമാർ സീറ്റിൽനിന്നും എഴുന്നേറ്റു. ‘‘ഇത്രയൊക്കെ വിവരമായിപ്പോയോ, മാതൃഭൂമിയിൽ രണ്ട് എം.ഡി വേണ്ട, താങ്കൾക്ക് ഇവിടെ വന്നിരിക്കാം’’ എന്നുപറഞ്ഞ് അദ്ദേഹം ചർച്ചയിൽനിന്ന്​ ഇറങ്ങിപ്പോയി. അടുത്ത ആഴ്ചതന്നെ കൊല്ലം ബ്യൂറോയിലേക്ക് സ്​ഥലംമാറ്റ ഉത്തരവ് കൈയിൽ കിട്ടി. അതുമായി പത്രാധിപർ ശ്രീധരൻ നായരുടെ മുറിയിൽ കയറിച്ചെന്ന് അതിരൂക്ഷമായ ഭാഷയിൽ അദ്ദേഹത്തോട് അന്ന് സംസാരിച്ചിട്ടുണ്ട്. ‘‘എന്തിനിങ്ങനെ പത്രാധിപരായിരിക്കുന്നു’’ എന്നുവരെ! അദ്ദേഹം ഒന്നും മിണ്ടിയില്ല. ‘‘എനിക്ക് ഇടപെടാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല. നിന്റെ ട്രാൻസ്ഫർ ഞാൻ അറിഞ്ഞിട്ടുമില്ല. ഇത് ‘മാതൃഭൂമി’യാണ്, ഒന്നും ശാശ്വതമല്ല, എല്ലാം ശരിയാകും’’ എന്ന് അദ്ദേഹം ശാന്തമായി ഉപദേശിച്ചു.

 

കെ.​കെ. ശ്രീ​ധ​ര​ൻ നാ​യ​രും നടൻ ശ്രീനിവാസനും

ശരിയായിരുന്നു, മാതൃഭൂമിയിൽ മാത്രമല്ല എവിടെയും ഒന്നും ശാശ്വതമല്ല. ഒരു വർഷത്തെ കൊല്ലം വാസത്തിനുശേഷം എ​ന്റെ വിവാഹത്തിന് തൊട്ടു മുമ്പ് ഞാൻ കോഴിക്കോട്ട് ശ്രീധരൻ നായരുടെ ടീമിലേക്കു തന്നെ തിരിച്ചെത്തി. രൂക്ഷമായി സംസാരിച്ചപ്പോൾ പറഞ്ഞ വാക്കുകളൊന്നും എഡിറ്റർ മനസ്സിൽ വെച്ചില്ല. ‘‘ഞാൻ പറഞ്ഞില്ലേ, ഒന്നും ശാശ്വതമല്ല’’ എന്ന വിഖ്യാതമായ ഒരു ചിരി ആ മുഖത്തുണ്ടായിരുന്നു.

‘‘മാതാ അമൃതാനന്ദമയി ദേവി’’ എന്നമട്ടിൽ അമൃതാനന്ദമയിയെ മനുഷ്യദൈവമാക്കുന്ന ‘അമ്മ’ എന്നമട്ടിൽ വിശേഷണ പരമ്പരകൾ എഴുതിച്ചേർക്കുന്ന പതിവ് വേണ്ട എന്ന് സർക്കുലർ പുറപ്പെടുവിക്കാൻ ധൈര്യം കാട്ടിയ പത്രാധിപരായിരുന്നു കെ.കെ. ശ്രീധരൻ നായർ. തിരിഞ്ഞുനോക്കുമ്പോൾ അതൊരു കാലത്തി​ന്റെ വിസ്മയമാണ്.

മനുഷ്യദൈവങ്ങൾ കേരളത്തിൽ പച്ചപിടിച്ചു വരുന്ന കാലം. മാതാ എന്നും അമ്മ എന്നും വിശേഷണങ്ങൾ കൂട്ടിക്കൂട്ടി ഏറ്റവും കൂടുതൽ കാലം അമൃതാനന്ദമയിക്ക് വിശേഷണങ്ങൾ കടത്തിക്കൊണ്ടുവരുന്നത് എഡിറ്റോറിയൽ മീറ്റിങ്ങിൽ ശ്രദ്ധയിൽപെടുത്തപ്പെട്ടപ്പോഴാണ് എഡിറ്ററുടെ റൂളിങ് ഉണ്ടായത്. അതിനി വേണ്ട എന്ന്. പത്രത്തിലെ സെക്കുലറിസ്റ്റുകൾപോലും ഞെട്ടിപ്പോയ റൂളിങ്ങായിരുന്നു അത്. കാരണം സർക്കുലേഷൻ വർധിപ്പിക്കാൻ എന്തു പ്രീണനവുമാകാം എന്ന മത്സരബുദ്ധി പത്രങ്ങളിൽ വിഷവിത്തായി വിതക്കപ്പെട്ട കാലമായിരുന്നു അത്.

ഏതാനും വർഷങ്ങൾക്കുശേഷം ശ്രീധരൻ നായരെ പീരിയോഡിക്കൽസ് എഡിറ്ററാക്കി കെ. ഗോപാലകൃഷ്ണനെ പത്രാധിപരായി പുറത്തുനിന്നും കൊണ്ടുവന്നു. അപ്പോഴും ഒന്നും ശാശ്വതമല്ല എന്ന ചിരിയോടെ ശ്രീധരൻ നായർ സ്വന്തം മുറി ഒഴിഞ്ഞുകൊടുത്ത് ഹെഡ് ഓഫിസിൽനിന്നു പടിയിറങ്ങി. അതിനുശേഷം പുതിയ പത്രാധിപർ ചരിത്രപ്രസിദ്ധമായ ഒരു തിരുത്തുണ്ടാക്കി. ‘അമ്മ തന്നെ ദൈവം’ എന്ന്. ഉത്തരവൊന്നുമില്ല. ആ തലക്കെട്ടിൽ ‘മാതൃഭൂമി’ ദിനപത്രത്തിൽ ഒരു ഫുൾ പേജ് മാതാ അമൃതാനന്ദമയി സ്തുതി പുറത്തിറങ്ങി. എല്ലാവരും ഞെട്ടിപ്പോയി. ആർക്കും എതിർക്കാൻ ധൈര്യമുണ്ടായിരുന്നില്ല. പത്രാധിപർ കെ. ഗോപാലകൃഷ്ണന്റെ തുടക്കം പോസിറ്റിവായിരുന്നു എങ്കിലും പതുക്കെയാണ് അദ്ദേഹം ഒരു ‘ടെറർ’ ആയി മാറിയത്. ശ്രീധരൻ നായർ ഉത്തരവിട്ട ‘അമ്മ’ പ്രയോഗം മനുഷ്യദൈവത്തിന് വേണ്ട എന്ന നയം തിരുത്തി ‘അമ്മ ദൈവം തന്നെ’ എന്നച്ചടിച്ച നാൾ ഞങ്ങൾ കുറച്ചുപേർ എം.എം പ്രസിൽ പോയി ശ്രീധരൻ നായരെ കണ്ടു. അദ്ദേഹം ചിരിച്ചു: ഒന്നും ശാശ്വതമല്ല!

 

സലിൻ മാങ്കുഴി,ശ്രീകുമാരൻ തമ്പി,വാസു പ്രദീപ്​

കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തി​ന്റെയും ‘മാതൃഭൂമി’യുടെയും ചരിത്രത്തിൽ വീരേന്ദ്രകുമാറിനെപ്പോലെ വൈരുധ്യങ്ങൾ നിറഞ്ഞ മറ്റൊരു വ്യക്തിത്വമില്ല. ആരാധകരും എതിരാളികളും ഒരുപോലെ സുലഭം. എൽ.ഡി.എഫും യു.ഡി.എഫുമായി മാറിമാറി നിന്ന നീണ്ട രാഷ്ട്രീയ ജീവിതം. ഒരേസമയം വൻകിട തോട്ട ഉടമയും സോഷ്യലിസ്റ്റും. ട്രേഡ് യൂനിയൻ നേതാവും മുതലാളിയും. മനുഷ്യദൈവങ്ങളുടെ ആരാധകനും സംഘ്പരിവാർ വിരുദ്ധനും. കഴിവുള്ള ജേണലിസ്റ്റുകളോട് ഒരു പക അദ്ദേഹത്തിനുണ്ടായിരുന്നോ? പല കാലങ്ങളിൽ അദ്ദേഹവുമായി ഏറ്റുമുട്ടി പുറത്തുപോയി ‘മാതൃഭൂമി’ക്ക് പുറത്ത് വലിയ ചരിത്രം സൃഷ്ടിച്ച മാധ്യമപ്രവർത്തകരുടെ പട്ടിക നിരത്തിെവച്ചാൽ ഇതിനുള്ള ഉത്തരം കിട്ടും. എന്നാൽ, അക്കൂട്ടത്തിൽ ഏറ്റവും വിഖ്യാതമായ ചരിത്രം വി. രാജഗോപാലി​ന്റെയും കെ. ജയചന്ദ്ര​ന്റെയും ജീവിതമാണ്. ‘മാതൃഭൂമി’യുടെ എക്സിക്യൂട്ടിവ് എഡിറ്റർ വരെ എത്തിയ വി. രാജഗോപാലി​ന്റെ പതനം മാധ്യമചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു യുദ്ധത്തി​ന്റെ ചരിത്രമാണ്. മറ്റൊന്ന് കെ. ജയചന്ദ്രൻ ‘മാതൃഭൂമി’യിൽനിന്നും പോകുന്നതിന് ഇടയാക്കിയ സംഭവവികാസങ്ങളാണ്. വി. രാജഗോപാലും കെ. ജയചന്ദ്രനും മരണംവരെ അതൊന്നും എവിടെയുമെഴുതിയില്ല. എം.പി. വീരേന്ദ്രകുമാറും ആത്മകഥ മാത്രം എഴുതിയില്ല. ഇനി ആര് ആ ചരിത്രങ്ങൾ പറയും എന്ന് പറയാനുമാകില്ല.

35 വർഷത്തെ എ​ന്റെ ‘മാതൃഭൂമി’ ജീവിതത്തിനിടയിൽ മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറുമായി എത്രയോ സംവാദങ്ങൾ നടത്താനിടവന്നിട്ടുണ്ട്. അത് അധികാരത്തെക്കുറിച്ചുള്ള ഒരു പാഠപുസ്തകംതന്നെയായിരുന്നു. തിരക്കഥാകൃത്ത് ടി.എ. റസാക്കി​ന്റെ മരണത്തെ തുടർന്നുള്ള ഏറ്റുമുട്ടലായിരുന്നു അതിൽ ഏറ്റവും നീണ്ടുനിന്നത്. ടി.എ. റസാക്കി​ന്റെ അനുശോചന പരിപാടിയിൽ ഞാൻ മാതൃഭൂമിക്ക് എതിരെ പ്രസംഗിച്ചു എന്നായിരുന്നു കുറ്റാരോപണം. എം.ഡി നേരിട്ട് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയുംചെയ്തു. അത് തെളിയിക്കാനാവാതിരുന്നതുകൊണ്ട് പിന്നെ കുറേക്കാലം എന്നെ ഓഫിസിൽ പുകയിട്ട് നിർത്തി.

തൊട്ടുപിറകെയാണ് മലയാള സിനിമയിൽ തൊഴിലിടത്ത് ഒരു നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. അത് സിനിമയിൽ രണ്ട് ചേരികളെ സൃഷ്ടിച്ചു. ഡബ്ല്യു.സി.സി എന്ന സ്ത്രീ സംഘടന പിറന്നു. നടിക്കൊപ്പം നിൽക്കുന്നവരും നടനൊപ്പം നിൽക്കുന്നവരുമായി ഒരു പിളർപ്പുണ്ടായി. ഇനി താൻ സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ല എന്ന നടൻ പൃഥ്വിരാജി​ന്റെ പരസ്യപ്രസ്താവന വന്നത് ആ സമയത്താണ്. അന്നത്തെ എഡിറ്റോറിയൽ മീറ്റിങ്ങിൽ അത് ഒരു എഡിറ്റോറിയൽ വിഷയമാണെന്ന് ഞാൻ നിർദേശിച്ചപ്പോൾ എഡിറ്റർ എന്നോടുതന്നെ അത് എഴുതാൻ ആവശ്യപ്പെട്ടു. എന്നാൽ, തൊട്ടുപിറ്റേന്ന് ഞാൻ എഴുതിയത് എഡിറ്റോറിയലിന് പകരം ഒന്നാം പേജിൽ ഒരു ബൈലൈൻ സ്റ്റോറിയായാണ് വന്നത്. എ​ന്റെ സ്റ്റോറിയിൽ മലയാളത്തിലെ ഏറ്റവും സ്ത്രീവിരുദ്ധമായ ഡയലോഗുകളിൽ മൂന്നെണ്ണം ഉദ്ധരിച്ചിരുന്നു.

 

ടി.എ. റസാക്ക്​,കെ.പി. നിർമൽ കുമാർ

അതിലൊന്ന് തിരക്കഥാകൃത്ത് രഞ്ജിത്തി​ന്റേതായിരുന്നു. തൊട്ടു പിറ്റേന്നത്തെ മാതൃഭൂമി എഡിറ്റ് പേജിൽ ആ സ്റ്റോറിക്കുള്ള മറുപടി രഞ്ജിത്തി​ന്റെ ഒരു കത്തായി പ്രസിദ്ധീകരിച്ചു. ഞാൻ എഴുതിയതിന് എ​ന്റെ ഭാര്യാപിതാവായ ടി. ദാമോദരൻ മാസ്റ്ററുടെ സിനിമകളിലെ സ്ത്രീവിരുദ്ധ ഡയലോഗുകൾ ഇനി ആരു തിരുത്തും എന്ന് അധിക്ഷേപിക്കുന്ന ഒരു കത്തായിരുന്നു അത്. ദാമോദരൻ മാസ്റ്ററുടെ ഡയലോഗുകൾക്ക് ഞാൻ ഉത്തരവാദിയാകുന്നതെങ്ങനെ എന്ന് എഡിറ്റർക്ക് അറിയാത്തതല്ല. മൂന്നര വർഷം മാതൃഭൂമി എഡിറ്റ് പേജി​ന്റെ ചുമതല വഹിച്ച എനിക്ക് അങ്ങനെയൊരു കത്ത് മാതൃഭൂമിയിൽ വരുത്തണമെങ്കിൽ അതിന് ചില്ലറ സ്വാധീനം പോരെന്ന് വ്യക്തമായിരുന്നു. എഡിറ്ററുടെ തലക്ക് മുകളിൽനിന്നുള്ള കൃത്യ നിർദേശമില്ലെങ്കിൽ അങ്ങനെയൊരു കത്ത് എഡിറ്റ് പേജിൽ അച്ചടിക്കാനാകില്ല. അത് എനിക്കുള്ളതിനേക്കാൾ അന്ന് നടിയെ ആക്രമിച്ച കേസിൽ ജയിലിലായ നടനെ ജയിലിൽ പോയി കണ്ട രഞ്ജിത്ത് അടക്കമുള്ളവരെ വിമർശിച്ച ഡബ്ല്യു.സി.സി അംഗംകൂടിയായ എ​ന്റെ ജീവിതപങ്കാളി ദീദിക്കുള്ള പണിയായിരുന്നു. തൊട്ടുപിറകെ എനിക്ക് കോട്ടയത്തേക്കുള്ള ട്രാൻസ്ഫർ ഉത്തരവ് വന്നു. നടി ആക്രമിക്കപ്പെട്ട കേസി​ന്റെ ബാക്കിപത്രമായി ഒരു കുടുംബം ശിക്ഷിക്കപ്പെട്ടു.

എ​ന്റെ തൊഴിലിൽ ഞാൻ വരുത്തിയ ഒരു തെറ്റിനല്ലാതെ, മലയാള സിനിമയിൽ നടക്കുന്ന ഏറ്റുമുട്ടലി​ന്റെ ഭാഗമായി എന്നെ സ്ഥലം മാറ്റിയ ഉത്തരവ് വാങ്ങില്ലെന്നായിരുന്നു ആദ്യം എ​ന്റെ തീരുമാനം. എ​ന്റെ നിലപാട് മാനേജിങ് എഡിറ്റർക്ക് ബോധ്യമായിരുന്നു. എന്നാൽ, ഉത്തരവ് വാങ്ങാതിരുന്നാൽ എനിക്കെതിരെ പുറത്താക്കൽ നടപടിയോ മറ്റോ ഉണ്ടായാൽ ഒന്നും ചെയ്യാനാവാതെ പോകുമെന്നും കോട്ടയത്ത് ജോയിൻചെയ്ത് അന്നു തന്നെ ലീവെടുത്ത് തിരിച്ചുവന്നുകൊള്ളൂവെന്നും അദ്ദേഹം ഉപദേശിച്ചതനുസരിച്ച് ഞാൻ കോട്ടയത്ത് ജോയിൻചെയ്ത അന്നുതന്നെ ലീവെഴുതി വെച്ച് നാട്ടിലേക്ക് മടങ്ങി. ആറുമാസം നീണ്ട ലീവ് സമരമായിരുന്നു അത്. ക്രെഡിറ്റിൽ ഉള്ള ലീവ് കഴിഞ്ഞപ്പോൾ അത് ശമ്പളമില്ലാത്ത അവധിയായി.

 

പ്രേംചന്ദി​ന്റെ വിവാഹവേളയിൽ മമ്മൂട്ടിക്കൊപ്പം ടി. ദാമോദരനും

പല ഒത്തുതീർപ്പു നിർദേശങ്ങളും അതിനിടയിൽ വന്നു. മലപ്പുറത്തോ വയനാട്ടിലോ ജോയിൻചെയ്യാമോ എന്ന ചോദ്യം വന്നു. പലനിലക്കും സമ്മർദമുണ്ടായി. ഞാൻ വഴങ്ങിയില്ല. അങ്ങനെ ആ വർഷത്തെ മാതൃഭൂമി ഷെയർ ഹോൾഡേഴ്സി​ന്റെ മീറ്റിങ് വന്നു. തലേദിവസം മാതൃഭൂമി ഡയറക്ടർ പി.വി. ഗംഗാധരൻ എന്നെ വിളിച്ചുവരുത്തി പഴയ ഒത്തുതീർപ്പ് നിർദേശം ആവർത്തിച്ചു, അംഗീകരിക്കാനാകില്ല എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. ഷെയർ ഹോൾഡേഴ്സ് മീറ്റിങ്ങിൽ ആ വിഷയം ഉന്നയിച്ച് ബഹളമുണ്ടാക്കരുത് എന്ന് ആവശ്യപ്പെട്ടു. ഞാൻ സമ്മതിച്ചു. കമ്പനി ജനറൽ ബോഡിക്കുശേഷം എന്നെ ബോർഡ് റൂമിലേക്ക് തിരിച്ചുവിളിച്ചു. ഡയറക്ടർ നിരന്നിരിക്കുന്ന വേദിക്ക് മുന്നിലിരുത്തി എന്തുകൊണ്ടാണ് പി.വി.ജി പറഞ്ഞിട്ടും വയനാട്ടിലോ മലപ്പുറത്തോ ജോയിൻചെയ്യാത്തത് എന്ന് ചോദിച്ചു മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ.

പറ്റില്ല എന്ന് പറഞ്ഞതാണല്ലോ എന്നുപറഞ്ഞ് പിന്നെ ഒരു മണിക്കൂറോളം നേരം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അടിമത്തത്തി​ന്റെ ഭാരം ഞാൻ അവസാനമായി ആ ബോർഡ് റൂമിൽ എന്നെന്നേക്കുമായി ഇറക്കി​െവച്ചു. എന്തെങ്കിലും ഒരു മറുപടി എ​ന്റെ കുറ്റവിചാരണക്ക് എം.ഡി പറഞ്ഞില്ല. “ഇനി എന്നെ ഒഴിവാക്കുകയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഒരു വെള്ളക്കടലാസ് വീട്ടിലേക്ക് കൊടുത്തയച്ചാൽ മതി. ഞാൻ രാജിക്കത്ത് ഒപ്പിട്ടു തന്നേക്കാം. എനിക്ക് ‘മാതൃഭൂമി’യിൽ നിൽക്കാൻ ഈ പണിയില്ലെങ്കിലും പറ്റും. അച്ഛൻ ഏൽപിച്ച ഒരഞ്ചു രൂപയുടെ ഒരു ഓഹരി മതി എനിക്കിവിടെ നിൽക്കാൻ’’ എന്നും പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. എനിക്ക് എന്നെക്കുറിച്ച് തന്നെ അഭിമാനം തോന്നിയ സന്ദർഭമായിരുന്നു അത്.

അന്നു രാത്രി ​േജ്യഷ്ഠൻ കിഷൻചന്ദ് വിളിച്ചു പറഞ്ഞു: ‘‘അച്ഛനെ ഓർത്ത് ഞാൻ പറയുന്നത് കേൾക്കണം. വീരേന്ദ്രകുമാർ വിളിച്ച് വലിയ സങ്കടം പറഞ്ഞു. എം.ഡിയോട് ഇന്നുവരെ ‘മാതൃഭൂമി’യിൽ ഒരാളും സംസാരിച്ചിട്ടില്ലാത്ത രീതിയിൽ നീ സംസാരിച്ചു എന്ന്. നീ കോട്ടയത്ത് പോയി ജോയിൻ ചെയ്യണം. നീ പറയുന്നതൊക്കെ ശരിയായിരിക്കും. എന്നാൽ, കമ്പനി ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ട് അത് നടപ്പാക്കാനായില്ലെങ്കിൽ അത് ഒരു കമ്പനിക്കും അംഗീകരിക്കാനാവില്ല എന്ന് മനസ്സിലാക്കണം. ജോയിൻ ചെയ്താൽ മൂന്നുമാസത്തിൽ നിനക്ക് കോഴിക്കോട്ട് തന്നെ തിരിച്ചുതരാം എന്ന് എം.ഡി ഉറപ്പുനൽകിയിട്ടുണ്ട്. ഞാൻ പറയുന്നത് കേൾക്കണം’’ എന്ന്. ഞാനത് അനുസരിച്ചു. ഇത്തവണ ശമ്പളമില്ലാത്ത അവധി ദീദി എടുത്തു എന്നോടൊപ്പം കോട്ടയത്തേക്ക് വന്നു. നാലാം മാസം ഞാൻ കോഴിക്കോട്ട് തിരിച്ചെത്തി.

പത്രത്തിനകത്തെ സങ്കീർണമായ ഒരു ഡിപ്പാർട്മെന്റാണ് ജീവിച്ചിരിക്കുന്നവർക്കുവേണ്ടി ചരമക്കുറിപ്പ് തയാറാക്കുന്ന പ്രൊഫൈൽ വിഭാഗം. എപ്പോഴും അത് അപൂർണമായിരിക്കും. മരിക്കും എന്നു കരുതുന്നവരാകില്ല മരിക്കുന്നത്. അങ്ങനെ ചെയ്തുെവച്ച പേജുകൾ കാലഹരണപ്പെടും. എന്നെ എവിടെ ഇരുത്തും എന്ന് നിശ്ചയമില്ലാതിരുന്ന വേളയിൽ എവിടെയെങ്കിലുമൊന്ന് ഇരുത്തണമല്ലോ എന്നനിലക്ക് “ഇനി നീ അത് നോക്കിക്കോ’’ എന്ന് ആശ്വാസവാചകം പറഞ്ഞു മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രേട്ടൻ. മരിക്കുമെന്ന് കരുതി എന്നോ ആരെല്ലാമോ തയാറാക്കിയ ഒരുകൂട്ടം പേജുകൾ ചികഞ്ഞ് ഞാൻ മരിക്കാത്ത നക്ഷത്രങ്ങളുടെ താരാപഥത്തിലേക്ക് പ്രവേശിച്ചു.

‘മാതൃഭൂമി’യുടെ അവസാനത്തെ കുലപതി എന്ന് വിളിക്കാവുന്ന മാനേജിങ് ഡയറക്ടർ പലവിധത്തിലുള്ള രോഗബാധയാൽ ചികിത്സ തേടുന്ന കാലം വന്നു. മരണം ആ ജീവിതത്തിലേക്കും കടന്നുവരും എന്നും അതിനായി പത്രം പേജുകൾ തയാറാക്കിവെ​േക്കണ്ടതുണ്ടെന്നും അടക്കം പറയുന്നതുപോലെ അത്ര വിപുലമല്ലാത്ത മീറ്റിങ്ങിൽ തീരുമാനമുണ്ടായി. ഞാൻ എം.ഡിയെ വീട്ടിൽ പോയി കണ്ടു. പഴയ ഏറ്റുമുട്ടലുകളുടെയൊന്നും ഭാരമില്ലാതെ ലാഘവത്തോടെ ചിരിച്ചു. വർഷങ്ങൾക്കു മുമ്പ് ആദ്യ ഹൃദയാഘാതത്തി​ന്റെ അനുഭവത്തി​ന്റെ വെളിച്ചത്തിൽ മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തോടു ചേർന്ന പ്രത്യേക മുറിയിലിരുന്ന് മരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പുറത്ത് കാക്കകൾ നിർത്താതെ കരയുന്നത് ശ്രദ്ധിച്ച് സംസാരം നിർത്തിയത് ഓർമവന്നു. നിസ്സഹായത ആ മുഖത്ത് തളംകെട്ടി നിന്നിരുന്നു.

2020 മാർച്ച് 28ന് രാത്രി 11.35-40ന്, സ്റ്റോപ് പ്രസിൽ, എം.ഡി മരിച്ചു, ഇപ്പം ഒരു എഡിറ്റോറിയൽ വേണം എന്ന് ഓഫിസിൽനിന്നും വീട്ടിലേക്ക് വിളിച്ചറിയിച്ച നിമിഷം. എങ്ങനെ എഴുതും എന്നറിയാതെ നിന്നുപോയ എഴുത്തി​ന്റെ ഒരേയൊരു സന്ദർഭമായിരുന്നു. മരണവാർത്ത അറിയുന്നതുപോലും തൊട്ടുമുമ്പത്തെ നിമിഷമാണ്. 11.35ന്. അഞ്ചു മിനിറ്റിനകമാണ് ഓഫിസിൽനിന്നും എഡിറ്റർ മനോജ് കെ. ദാസി​ന്റെ തീരുമാനം വന്നത്. ഡെപ്യൂട്ടി എഡിറ്റർ രവിയേട്ടൻ, കെ. രവീന്ദ്രനാഥാണ് അത് വിളിച്ചറിയിക്കുന്നത്. ചിന്തിക്കാൻപോലും സമയമില്ല. ഓർമയിൽ ഒരു മിന്നൽചിത്രം വരക്കുമ്പോൾ വേണ്ട കരുതലുകൾക്കുപോലും സമയമില്ല. എഡിറ്റർ പത്രം അഴിച്ചുപണി നടത്തുന്നതി​ന്റെ കൊടും തിരക്കിലാണ്. മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രേട്ടനെ, ഡെപ്യൂട്ടി എഡിറ്റർ രവീന്ദ്രനാഥനെ, ചീഫ് ലൈബ്രേറിയൻ കെ.കെ. വിനോദ് കുമാറിനെ, എം.ഡിയുടെ പാർട്ടിക്കാരനായ ജ്യേഷ്ഠൻ കിഷൻചന്ദിനെ ഒക്കെ വിളിച്ചുനോക്കി. എല്ലാവരും മരിച്ച വീട്ടിലേക്ക് ഓടുകയാണ്. ഓർമയെയും വികാരത്തെയും മാത്രം ആശ്രയിക്കുക മാത്രമേ പിന്നെ വഴിയുണ്ടായിരുന്നുള്ളൂ:

‘‘ഞങ്ങൾക്ക് വാക്കുകളില്ല.’’ ചെറിയ വാക്കുകളിൽ തുടങ്ങി. അരമണിക്കൂറിനകം ഫോണിൽ എഴുതി എഡിറ്റ് പേജിലേക്ക് മെയിൽ ചെയ്തു. രണ്ടാമത് വായിച്ചുനോക്കാൻപോലും സമയമില്ലായിരുന്നു. മഹാമാരിയായിരുന്നു ലോകത്തപ്പോൾ. നേരിയ മഴയുണ്ടായിരുന്നു പുറത്ത്. ചാലപ്പുറത്തുള്ള വീട്ടിൽ മാസ്ക് ധരിച്ച മനുഷ്യർ മൃതദേഹത്തിന് ചുറ്റും കൂടിനിന്നിരുന്നു. ഹുവാൻ റൂൾഫോയുടെ ‘പെഡ്രോ പരാമോ’ ഓർമവന്നു. ത​ന്റെ ലാറ്റിനമേരിക്കൻ പര്യടനം കഴിഞ്ഞു വന്ന വേളയിൽ, ഓഫിസിലെ അനുഭവ വിവരണങ്ങൾക്കിടയിലാണ് ‘പെഡ്രോ പരാമോ’വിനെക്കുറിച്ച് വീരേന്ദ്രകുമാറിനോട് പറയാനിടവരുന്നത്. കേട്ട ഉടൻ, ആവേശം വന്ന അദ്ദേഹം അപ്പോൾതന്നെ അത് വീട്ടിൽ ചെന്ന് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ രാത്രിതന്നെ വായിച്ചു തീർത്ത് വിളിച്ചു. അപ്പോൾ എഴുതിക്കൊണ്ടിരുന്ന സാംസ്കാരിക യാത്രാ പര്യടനത്തി​ന്റെ ഓർമയാക്കി മാറ്റി ആ വായന. ‘പെഡ്രോ പരാമോ’യുടെ മരണം ‘കൊമാല’യിൽ പതുക്കെ ഉത്സവമായിമാറുന്നത് ഹുവാൻ റൂൾഫോ പരിചരിച്ച വിധമായിരുന്നു അദ്ദേഹത്തെ ആ നോവലിൽ ഏറ്റവും സ്പർശിച്ചിരുന്നത്.

എഡിറ്റ് പേജ് കാലത്ത് നൂറുകണക്കിന് എഡിറ്റോറിയലുകൾ എഴുതിയിട്ടും ഒരിക്കലും അതൊക്കെ ആരെഴുതി എന്നന്വേഷിക്കാത്തവർപോലും വീരേന്ദ്രകുമാറിനെക്കുറിച്ച് എഴുതിയ എഡിറ്റോറിയൽ ആരെഴുതി എന്ന് തിരഞ്ഞുപിടിച്ച് കണ്ടെത്തി നല്ല വാക്കുകൾ ചൊരിഞ്ഞു. ആ എഡിറ്റോറിയൽ എഴുതാനായത് പറയാനുള്ളതെല്ലാം മുഖാമുഖം പറഞ്ഞുതീർത്തതി​ന്റെ ഭാരം ഇറക്കിെവച്ചതുകൊണ്ട് മാത്രമാണ്. തിരിഞ്ഞുനോക്കുമ്പോൾ ജലം, പ്രാണവായു എന്നിവയുടെ പ്രവാചകനായിരുന്നു അദ്ദേഹം. ഭാവിയുടെ രാഷ്ട്രീയത്തിന് അദ്ദേഹത്തി​ന്റെ സംഭാവന അതാണ്. അതദ്ദേഹം മുന്നറിയിപ്പ് നൽകി. ബാക്കിയെല്ലാം കാലത്തിൽ അലിഞ്ഞുപോയാലും ആ മുന്നറിയിപ്പുകൾ ബാക്കിനിൽക്കും.

 

‘ഖസാക്കി​ന്റെ ഇതിഹാസ’ത്തിൽ ഒ.വി. വിജയൻ സഖാവ് നൈസാമലിയുടെ യാത്രയിൽ രേഖപ്പെടുത്തുന്നുണ്ട്: “അള്ളാപ്പിച്ചാ മൊല്ലാക്കയും താനുമായുള്ള യുദ്ധത്തിൽ പോലീസിനെന്തു കാര്യം?’’ ഓർമകളേക്കാൾ മറവികൊണ്ടാണ് ജീവിതം പടുത്തുയർത്തപ്പെടുന്നത്. അബോധത്തി​ന്റെ സഞ്ചാരങ്ങൾ പിടിച്ചുകെട്ടാനാവില്ല. മറവിയും ഒരോർമയാണ്. ഒരു തിരഞ്ഞെടുപ്പ്, ബോധത്തി​ന്റെയും അബോധത്തി​ന്റെയും. കോഴിക്കോടൻ നാടകചരിത്രത്തിലെ ഇതിഹാസമാണ് വാസു പ്രദീപ്. എന്നാൽ, അദ്ദേഹത്തി​ന്റെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള ത​ന്റേടം ഇനിയും നമ്മുടെ അച്ചടിസംസ്കാരം ആർജിച്ചിട്ടില്ല. എന്നെ പിന്തുടരുന്ന രണ്ട് സിനിമകളാണ് ആന്ദ്രേ താർക്കോവ്സ്കിയുടെ ‘നൊസ്റ്റാൾജിയ’യും ആനന്ദ് ഗാന്ധിയുടെ ‘ഷിപ് ഓഫ് തെസ്യൂസും’. കാറ്റും കോളും നിറഞ്ഞ കടലിലൂടെ യാത്ര പുറപ്പെട്ട ഈ ജീവിതത്തി​ന്റെ കപ്പലിലേക്ക്, പുറപ്പെട്ടിടത്തേക്ക് കാലാന്തരം ആരും തിരിച്ചെത്തുന്നില്ല.

1991 സെപ്റ്റംബർ 2ന് വിവാഹം കഴിഞ്ഞതു മുതൽ ഞാനെഴുതിയ എല്ലാ രചനകളും ആദ്യം വായിച്ചിട്ടുള്ളത്, തിരുത്തിയിട്ടുള്ളത് ജീവിതപങ്കാളി ദീദിയാണ്. എന്നാൽ, ‘കാലാന്തരം’ ഒരു ലക്കംപോലും ദീദിയും മകൾ മുക്തയും വായിച്ചിട്ടില്ല. ഞാൻ എന്തൊക്കെ എഴുതിക്കൂട്ടി, അടച്ചുപൂട്ടിയ കുഴിമാടങ്ങളിൽനിന്നും ഏതൊക്കെ ഭൂതങ്ങളാണ് എഴുന്നേറ്റുവരാൻ പോകുന്നത് എന്ന ആശങ്കയാലായിരുന്നു അത്. അവർ ഭയപ്പെട്ട ആ കുഴിമാടങ്ങളുടെ അരികത്തൂടെയേ ഞാൻ സഞ്ചരിച്ചുള്ളൂ. ഏതായാലും ഞങ്ങളുടെ ജീവിതത്തിൽ അവർക്കുകൂടി അവകാശപ്പെട്ട സമയം അപഹരിച്ചുള്ള ഈ എഴുത്തിന് ദീദിക്കും മുക്തക്കും നന്ദി. ‘കാലാന്തരം’ അത് വായിക്കാത്ത അവർക്കായി ഞാൻ സമർപ്പിക്കുന്നു.

(അവസാനിച്ചു)

അടിക്കുറിപ്പ്:

കഴിഞ്ഞ ജോൺ എബ്രഹാം ഓർമദിനത്തിന് തുടങ്ങിയ ഈ പംക്തി ഈ ജോൺ ഓർമദിനത്തിനാണ് അവസാനിപ്പിക്കുന്നത്. കൃത്യം ഒരു വർഷം. ഈ ജോൺ ഓർമദിനത്തി​ന്റെ സന്തോഷം, മേയ് 31ന് ജോണി​ന്റെ നാട്ടിൽ, കോട്ടയം സി.എം.എസ് കോളജിൽ, ജോൺ എബ്രഹാംകൂടി ഭാഗഭാക്കായിരുന്ന കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ജോൺ സിനിമകൾക്കൊപ്പം ‘ജോണും’ പ്രദർശിപ്പിക്കുന്നു എന്നതാണ്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT