കഥകളിൽ ചിന്താവിസ്മയം തീർത്ത ഫ്രാൻസ് കാഫ്ക വിടവാങ്ങിയിട്ട് ജൂൺ 3ന് നൂറുവർഷം തികയുന്നു. എന്തായിരുന്നു കാഫ്കയുടെ സാഹിത്യസംഭാവന? ആ രചനകൾ ഇപ്പോഴും കാലത്തോട് എന്താണ് സംവദിക്കുന്നത്? കാഫ്കയുടെ വികാരപ്രപഞ്ചം നമ്മെള എങ്ങനെയൊക്കെയാണ് മൂടുന്നത്? -വിമർശകൻ കൂടിയായ ലേഖകൻ കാഫ്കയുടെ ജീവിതത്തിലൂടെയും എഴുത്തിലൂടെയും സഞ്ചരിക്കുന്നു.
1
ഫ്രാൻസ് കാഫ്ക മരിച്ചിട്ട് (ജൂൺ 3, 2024) നൂറു കൊല്ലം പൂർത്തിയാവുന്നു. ലോകത്തുനിന്ന് വിടപറഞ്ഞ് അധികം വൈകുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ കൃതികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അതൊരു തുടക്കം മാത്രമായിരുന്നു. കാഫ്കയുടെ ഒരേ പുസ്തകത്തിന്റെ ആറോ ഏഴോ വ്യത്യസ്ത വിവർത്തനങ്ങൾ ഒരേ ഭാഷയിൽതന്നെ കാണാനാവും. തന്റെ കൃതികളുടെ അച്ചടിയും പ്രസാധനവും സംബന്ധിച്ച് ഔദ്യോഗികമായ നിർദേശമൊന്നും കാഫ്ക നൽകിയിരുന്നില്ല. എന്നാൽ, തന്റെ മരണശേഷം ഡയറിയും കൈയെഴുത്തുപ്രതിയും കത്തുകളും നശിപ്പിച്ചുകളയണമെന്ന അദ്ദേഹത്തിന്റെ കുറിപ്പ് പിന്നീട് സുഹൃത്തും എഴുത്തുകാരനുമായ മാക്സ് ബ്രോഡ് കണ്ടെടുക്കുകയുണ്ടായി.
താൻ എഴുതിയ, പ്രസിദ്ധീകരിച്ച കൃതികളിൽ, ‘The Judgement’, ‘Metamorphosis’, ‘Penal Colony’, ‘The Stoker’, ‘A Country Doctor’, ‘Hunger Artist’ തുടങ്ങിയവ മാത്രമേ നിലനിൽക്കൂ എന്ന് അദ്ദേഹം കരുതി. കാഫ്ക ജീവിച്ചിരിക്കുമ്പോൾ അച്ചടിച്ച രചനകളുടെ ആകെ വലുപ്പം ഏതാണ്ട് അഞ്ഞൂറ് പുറങ്ങളിൽ താഴെയായിരുന്നു എന്നതോർക്കണം. കാഫ്കയുടെ മരണത്തിനു മൂന്നു വർഷം മുമ്പ് ഒരു സ്വകാര്യസംഭാഷണത്തിൽ അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികളും മറ്റു കടലാസുകളൊന്നും ഇല്ലാതാക്കാൻ ഒരുക്കമല്ലെന്നു ബ്രോഡ് അറിയിക്കുന്നുണ്ട്. അതിനാൽതന്നെ അദ്ദേഹത്തിന്റെ നിർദേശങ്ങൾ താൻ പാലിക്കുമെന്ന് കാഫ്ക ഒരിക്കലും കരുതുകയില്ലെന്ന ‘ധൈര്യ’ത്തിലാണ് ബ്രോഡ് പിന്നീട് വിഖ്യാതമായ നോവലുകളടക്കമുള്ള കൃതികൾ പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കപ്പെടാത്തവയാണ് അമൂല്യം എന്ന തത്ത്വത്തിലൂന്നിയായിരുന്നു ബ്രോഡിന്റെ മനോഭാവം എന്ന് പറയാതെ വയ്യ.
കാഫ്കയുടെ അവശേഷിക്കുന്ന കൈയെഴുത്തുപ്രതികളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇസ്രായേലിലെ തെൽ അവീവ് കോടതിയിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന വ്യവഹാരം നമുക്ക് അറിവുള്ളതാണ്. വർഷങ്ങളോളം നീണ്ട ആ വാദം 2012ലാണ് അവസാനിച്ചത്. കത്തിച്ചുകളയാനായി കാഫ്ക തന്റെ സുഹൃത്തായ മാക്സ് ബ്രോഡിനെ ഏൽപിച്ച എണ്ണമറ്റ കൈയെഴുത്തുപ്രതികളിൽനിന്നാണ് ലോകം ഇന്നറിയുന്ന കാഫ്കയെ നമുക്ക് ലഭിച്ചത്. അനേകം കെട്ടുകളായി സൂക്ഷിച്ചുവെച്ചിരിക്കുന്ന കടലാസുകളുടെ ഉടമസ്ഥത ആർക്കാണെന്ന തർക്കം വിവാദവിഷയമായിത്തീർന്നിരുന്നു. 1939ൽ ബ്രോഡ് നാസികളിൽനിന്ന് രക്ഷ തേടി പ്രാഗിൽനിന്ന് പലായനംചെയ്തു. കൈയെഴുത്തുപ്രതികളിൽ ഭൂരിഭാഗവും കാഫ്കയുടെ മരുമകൾക്ക് ബ്രോഡ് 1956ൽ നൽകിയിരുന്നു.
ജർമൻ സംസാരിക്കുന്ന ബ്രോഡിന്റെ കൈവശമുള്ള ഈ ‘സ്വത്തുവകകൾ’ ചുറ്റിപ്പറ്റിയുള്ള നിയമനടപടികളിൽ കക്ഷി ചേർന്നത് മൂന്നു കൂട്ടരായിരുന്നു. ബ്രോഡിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച എസ്റ്റർ ഹോഫിന്റെ മകളായ ഇവാ ഹോഫ് ആയിരുന്നു അവരിൽ പ്രധാനി. 1934ൽ പ്രാഗിലാണ് ഇവാ ജനിച്ചത്. നാസികളുടെ ആക്രമണത്തിൽനിന്ന് രക്ഷനേടാനായി അഞ്ചു വയസ്സ് പൂർത്തിയാകുമ്പോഴേക്കും അവൾക്കും മാതാപിതാക്കൾക്കും സഹോദരിക്കും പ്രാഗ് വിടേണ്ടിവന്നു. ഇസ്രായേലിലെ നാഷനൽ ലൈബ്രറിയും ജർമനിയിലെ മാർബക്കിലുള്ള സാഹിത്യ ആർക്കൈവും മറ്റു കക്ഷികളായി.
ഇവയെല്ലാം എസ്തറിനുകൂടി ബോധിച്ച ഒരു പൊതുശേഖരവ്യവസ്ഥയിലേക്ക് (public archive) മാറ്റാം എന്നാണ് ബ്രോഡ് വ്യവസ്ഥചെയ്തിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ഇച്ഛാനുസൃതമുള്ള കാര്യങ്ങൾ ഇതുവരെ നടപ്പായില്ലെന്നും നാൽപതു വർഷത്തോളം എസ്തറും ഇവയും ചേർന്ന് വൈകിച്ചുവെന്നും കോടതി കണ്ടെത്തി. അങ്ങനെ കാഫ്കയുടെ സർഗാത്മക കൈയൊപ്പ് പതിഞ്ഞ, ബ്രോഡിന്റെ കൈവശമുള്ള എല്ലാ കടലാസുകളും ഇസ്രായേൽ പബ്ലിക് ആർക്കൈവിന് കൈമാറാൻ വിധിയായി.
2
ഒരു വശത്ത് ജർമൻ സംസ്കാരത്തിന്റെ ഭാഗമായ കാഫ്ക, പ്രാഗിൽ ഒരു ജർമൻകാരനായി ജീവിച്ചു. എന്നാൽ, മറുവശത്ത് ജർമൻകാർ അദ്ദേഹത്തെ ജൂതനായി കണക്കാക്കി, അങ്ങനെ യഥാർഥ വ്യക്തിത്വം ഇതിനു രണ്ടിനുമിടയിലായി പരിഗണിക്കപ്പെട്ടു. അച്ഛന്റെ അവഗണനയും ഇതോടൊപ്പം ചേരുന്നതോടെ ഒരുതരത്തിൽ അദ്ദേഹത്തിന് വിരക്തിയുണ്ടാവുന്നുണ്ട്. കുടുംബവുമായുള്ള ഹിതകരമല്ലാത്ത ബന്ധം മനുഷ്യരിൽനിന്ന് തന്നെ ഉൾവലിയാൻ കാഫ്കയെ പ്രേരിപ്പിച്ചു. ഒരു ഇടത്തരം ജൂതകുടുംബത്തിൽ ജനിച്ച കാഫ്കക്ക് മൂന്ന് സഹോദരിമാരാണ് ഉണ്ടായിരുന്നത്. ജീവിതത്തെ പ്രായോഗികബുദ്ധിയോടെ നോക്കിക്കണ്ട അച്ഛനും അമ്മയും കാഫ്കയുടെ ലോകത്തുനിന്ന് ഏറെ അകലെയായിരുന്നു. മനുഷ്യരിൽനിന്നും ദൈവത്തിൽനിന്നും സമദൂര സിദ്ധാന്തം കൽപിച്ച കാഫ്ക ഏകാകിയും വിഷാദവാനുമായി കാണപ്പെട്ടതിൽ അസ്വാഭാവികതയൊന്നുമില്ല.
ജൂതനായതുമൂലം ജർമൻ സമൂഹത്തിൽനിന്നും അദ്ദേഹം അനഭിമതനായി. എന്നാൽ, ജൂതരുടെ ആചാരാനുഷ്ഠാനങ്ങളുമായി കാഫ്കക്ക് ബന്ധം ഇല്ലായിരുന്നു. അവരുടെ ഇടയിലെ ഒറ്റപ്പെട്ടവനായി കാഫ്കയെ ഗണിക്കുന്നതിൽ തെറ്റില്ല. മതവും ജീവിതവും ഇഴചേർന്നു കിടക്കുന്ന ഒരു ഇടം കാഫ്കക്ക് സ്വീകാര്യമായിരുന്നില്ല. യാഥാർഥ്യത്തിൽനിന്ന് വേറിട്ട ഒന്നായി അദ്ദേഹം മതത്തെ വീക്ഷിച്ചു. അക്കാലത്തുതന്നെ അദ്ദേഹം സ്പിനോസയുടെയും നീത്ഷെയുടെയും ആശയങ്ങളെ പിന്തുടർന്നു. ഈ വിധത്തിലുള്ള വായനയിലൂടെയും ചിന്തകളിലൂടെയും കാഫ്ക വളരെ ചെറുപ്പത്തിൽതന്നെ മുതലാളിത്തത്തെയും മതത്തെയും തള്ളിപ്പറഞ്ഞു. മാത്രമല്ല, സ്വയം ഒരു സോഷ്യലിസ്റ്റും നിരീശ്വരവാദിയുമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചെക് രാഷ്ട്രീയ സാംസ്കാരിക അടിയൊഴുക്കുകളെ പറ്റി ധാരണയുണ്ടെങ്കിലും ജർമൻ സംസ്കാരത്തോടുള്ള മമത അദ്ദേഹത്തിൽ ദൃഢമായി നിലനിന്നു. ജൂതമതത്തിൽ ജനിച്ച അദ്ദേഹം ഒരു മതേതരവാദിയായി പരിണമിക്കുകയായിരുന്നു.
ജർമൻ ഭാഷക്കൊപ്പം ചെക്കും അദ്ദേഹം നന്നായി കൈകാര്യം ചെയ്തിരുന്നു. പ്രാഗ് സർവകലാശാലയിൽനിന്ന് നിയമം പഠിച്ച അദ്ദേഹം ഒരു ഇൻഷുറൻസ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ക്ഷയരോഗം അധികരിച്ചത് കാരണം 1922ൽ കാഫ്കക്ക് ജോലിയിൽനിന്ന് വിരമിക്കേണ്ടിവന്നു. വൈകാതെ അദ്ദേഹം ജീവൻ വെടിയുകയും ചെയ്തു. 1912ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചത്. പതിനെട്ടു കഥകളുടെ സമാഹാരമായിരുന്നു ഇത്. 1912 മുതൽ മരണമടയുന്ന 1924 വരെയുള്ള കാലയളവിൽ നാല് സ്ത്രീകളുമായി അടുത്തിടപഴകിയ കാഫ്കക്ക് എന്നാൽ പല കാരണങ്ങളാൽ ആരെയും വിവാഹം കഴിക്കാനായില്ല. ആദ്യ കാമുകിയായ ഫെലിസുമായുള്ള ബന്ധം വഷളാകുന്ന സമയത്തു തന്നെയായിരുന്നു ഒന്നാം ലോകയുദ്ധവും പൊട്ടിപ്പുറപ്പെടുന്നത്. സ്വതേ അന്തർമുഖനായിരുന്ന കാഫ്ക ഏകാന്തത എന്ന മഹാദുരന്തത്തിലേക്ക് നിപതിച്ച നാളുകളായിരുന്നു അവ.
പ്രാഗ് എന്ന തടവറയിൽപെട്ട് സ്വാതന്ത്ര്യം നഷ്ടമായ അവസ്ഥയിലായി അദ്ദേഹം. കാഫ്കയുടെ ചില ഘട്ടങ്ങളിലെ തീരുമാനങ്ങൾ മറ്റുള്ളവരിൽ അമ്പരപ്പ് സൃഷ്ടിച്ചു. യുദ്ധം ആരംഭിച്ച സമയത്ത് പട്ടാളത്തിൽ ചേർന്നുകൊണ്ട് യുദ്ധമുന്നണിയിൽ പ്രവർത്തിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഫെലിസിനു അവിശ്വസനീയമായി തോന്നി. ദൈനംദിന ലോകത്തിലെ ഒച്ചപ്പാടുകൾപോലും സഹിക്കാനാവാതെ ചെവി അടച്ചുവെച്ച് നടന്നിരുന്ന കാഫ്കയുടെ ഈ ഇച്ഛ ഫെലിസിനു അംഗീകരിക്കാനായില്ല. ഇങ്ങനെ സന്ദേഹങ്ങളുടെയും സന്ദിഗ്ധതകളുടെയും ചുറ്റുവട്ടത്ത് കഴിയുക എന്നത് അദ്ദേഹത്തിന്റെ ശീലമായി മാറി.
‘അച്ഛൻ’ എന്ന ബിംബം കാഫ്കയുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും ഒരു പേടിസ്വപ്നമായിരുന്നു. അച്ഛന്റെ രൂപം, ഭാവം, ശബ്ദം, ശരീരം ഒക്കെ കാഫ്കയെ പലതരത്തിൽ അലട്ടിയ അംശങ്ങളായിരുന്നു. വാത്സല്യത്തോടുള്ള ഓരോ നോട്ടമോ സ്പർശമോ തലോടലോ തനിക്ക് അച്ഛനിൽനിന്ന് ലഭിച്ചിരുന്നില്ല എന്ന് കാഫ്ക പറയുന്നുണ്ട്. മുന്നോട്ടുള്ള വഴി കൃത്യതയോടെ വരച്ചു തരുന്നതിനു പകരം അതിന്റെ സാധ്യതകളെ ഇല്ലാതാക്കാനായിരുന്നു അച്ഛന്റെ താൽപര്യം എന്നും കാഫ്ക ചൂണ്ടിക്കാട്ടുന്നു. കാഫ്കയുടെ മുത്തച്ഛന്മാർ ബൊഹീമിയയിലെ ഗ്രാമീണരായ ജൂതരായിരുന്നു. മധ്യ യൂറോപ്പിലെ ജൂതരുടെ ഭാഷയായ യിദ്ദിഷിൽ അവർ സംവദിച്ചു. എന്നാൽ, കാഫ്കയുടെ പിതാവ് ചെക് ഭാഷയാണ് സംസാരിച്ചത്. 1870കളിൽ അദ്ദേഹം പ്രാഗിലെത്തി. തയ്യൽ സാമഗ്രികളും സ്ത്രീകൾക്കായുള്ള വസ്തുക്കളും വിൽക്കുന്ന ഒരു സ്ഥാപനം ആരംഭിച്ചു.
പ്രാഗിലേക്ക് എത്തിച്ചേർന്നപ്പോൾ ജർമൻ സംസാരിക്കുന്ന സമൂഹവുമായി അടുപ്പം പുലർത്തിക്കൊണ്ട് മകനെ ജർമൻ സംസാരിക്കാൻ ശീലിപ്പിച്ചാണ് അച്ഛൻ വളർത്തിയത്. തന്റെ കുടുംബം രാഷ്ട്രീയ അധികാരത്തിന്റെ ഭാഷ പഠിക്കണമെന്നും അതിൽ വ്യാപരിക്കണമെന്നുമുള്ള ഇച്ഛ പ്രകടമാക്കിയ ഹെർമൻ കാഫ്ക മക്കൾക്കായി ജർമൻ ഭാഷയിലുള്ള വിദ്യാഭ്യാസം സ്വീകരിക്കുന്നു. ജർമൻ ജൂതരും ചെക് സമൂഹവുമായുള്ള കലഹങ്ങൾ കുഞ്ഞുന്നാളിൽ തന്നെ കാഫ്ക കണ്ടുതുടങ്ങി. അദ്ദേഹം പഠിച്ച വിദ്യാലയത്തിൽ വരെ അവർ പരസ്പരം പോരടിക്കാറുണ്ടായിരുന്നു. ‘A Report to an Academy’ എന്ന കാഫ്കയുടെ കഥ ജൂതരുടെ ഏകീകരണത്തിന്റെ ഒരു ഹാസ്യാനുകരണംപോലെ മിക്കപ്പോഴും കണക്കാക്കപ്പെട്ടിട്ടുണ്ട്. പിതാക്കന്മാരെ ക്രൂരരും സംസ്കാരശൂന്യരായുമായിട്ടായിരുന്നു ഫ്രാൻസ് കാഫ്ക കണ്ടിരുന്നത്. ഒരു പരമ്പരാഗത ജൂത കുടുംബത്തിൽ ജനിച്ച അമ്മ ജൂലി ലോവി അച്ഛനെക്കാൾ ‘ഭേദ’മാണെന്ന് കാഫ്ക പറയുന്നുണ്ട്.
കാഫ്കയുടെ അച്ഛനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമാണ് ‘The Judgement’ എന്ന കഥയിലുള്ളത്. സാഹചര്യങ്ങളിൽനിന്ന് അകലം പാലിച്ച്, നിയന്ത്രണവിധേയനായി ജീവിക്കാനും എഴുതാനും വേണ്ടിയാണ് കാഫ്ക അച്ഛനെ ഓർമിക്കുന്ന കഥാപാത്രത്തെ ഭാവനയിൽ കണ്ടത്. അച്ഛന് എഴുതിയ കത്തുകളിൽ, തന്നെ അലട്ടുന്ന മനോവിചാരങ്ങളെ കുറിച്ച് കാഫ്ക വ്യക്തമാക്കുന്നുണ്ട്. ‘‘ചിലപ്പോൾ ലോകത്തിന്റെ ഭൂപടം വിരിച്ചുനീട്ടി, അതിന്റെ കുറുകെ നിങ്ങൾ കിടക്കുന്നതായി ഞാൻ സങ്കൽപിക്കുന്നു. നിങ്ങളുടെ പരിധിയിൽ വരാത്ത പ്രദേശങ്ങളിൽ മാത്രം താമസിക്കുന്നത് പരിഗണിക്കാമെന്ന് എനിക്ക് തോന്നുന്നു.’’ 1919 നവംബറിൽ ക്ഷയരോഗത്തിനു ചികിത്സയിലിരിക്കെ അച്ഛന് എഴുതിയ കത്തിലും അദ്ദേഹത്തിന്റെ വിദ്വേഷം പ്രകടമാണ്.
അച്ഛന്റെ കാർക്കശ്യവും അമ്മയുടെ അധികം അടുപ്പം കാണിക്കാത്ത പെരുമാറ്റവുമാണ് കാഫ്കയെ ബാധിച്ചത്. ‘The Judgement’ൽ വൃദ്ധനായ പിതാവ് മകനായ ജോർജ് ബെൻഡെമാനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും മുക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്യുന്നുണ്ട്. ഒരു ന്യായാധിപൻ വിധി പ്രസ്താവിക്കുന്നതുപോലെയായിരുന്നു ആ സന്ദർഭം. അത് ശിരസ്സാവഹിച്ചുകൊണ്ട് മകൻ നദിയിൽ ചാടി ജീവനൊടുക്കുകയാണ്. യഥാതഥ ശൈലിയിൽ ആരംഭിക്കുന്ന ഈ കഥ അസ്തിത്വവാദത്തിലേക്ക് വഴുതിവീഴുന്നു. ലോകം എത്രമേൽ അനിശ്ചിതമാണെന്ന തത്ത്വം കഥയിലേക്ക് എഴുത്തുകാരൻ തുന്നിവെക്കുകയും അച്ഛൻ വിധികർത്താവിന്റെ സ്ഥാനം ഏറ്റെടുത്ത് നായകനെ നിയന്ത്രിക്കുന്ന ശക്തിയായിത്തീരുന്നുമുണ്ട്. അടുത്ത ക്ഷണം സംഭവിക്കുന്നതുപോലും മുൻകൂട്ടി ഉറപ്പിക്കാൻ മനുഷ്യർക്കാവില്ല എന്ന സൂചനയും ‘വിധിന്യായം’ പങ്കുവെക്കുന്നു.
‘The Judgement’ പൂർത്തിയാക്കി രണ്ടു മാസങ്ങൾക്ക് ശേഷമാണ് കാഫ്ക ‘The Metamorphosis’ എഴുതിത്തുടങ്ങുന്നത്. പറഞ്ഞറിയിക്കാൻ സാധിക്കാത്ത മനഃസ്താപം ഗ്രിഗർ സാംസയെ രൂപപരിണാമത്തിനു വിധേയനാക്കി. യഥാതഥ ശൈലിക്കൊപ്പം ഭാവപ്രയോഗങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് രൂപപ്പെടുത്തിയ കഥയിൽ ഗ്രിഗർ സാംസ ഒരു കീടമായി മാറുന്നു. മെലിഞ്ഞ അനേകം കാലുകളും കട്ടിയുള്ള പുറന്തോടും ഒക്കെയായി വിചിത്രജീവിയായി സാംസ പരിണമിക്കുന്ന കാഴ്ച കാഫ്ക വരച്ചുകാട്ടുന്നു. അന്യവത്കരണത്തിന്റെ ഉച്ചസ്ഥായിയിൽ, കുടുംബവും സമൂഹവുമായി പാടെ അകന്നുപോകുന്ന മനുഷ്യന്റെ പരിതാപകരമായ സ്ഥിതിയാണ് സാംസയിലൂടെ ചിത്രീകരിക്കുന്നത്. കാഫ്ക എന്ന വ്യക്തിയുടെ ഭയവും വ്യാകുലതയും അദ്ദേഹം അനുഭവിച്ച ആന്തരികമായ പ്രവാസവും ഈ കഥയുടെ അടിയൊഴുക്കായി വർത്തിക്കുന്നുണ്ട്.
ഷഡ്പദ രൂപത്തിൽ അയാളെ കാണുന്ന അച്ഛന്റെ പ്രതികരണം അച്ഛനും മകനുമായുള്ള വെറുപ്പ് കലർന്ന മനോഭാവത്തെ തീർച്ചപ്പെടുത്തുകയാണ്. മരണമാണ് തനിക്കും കുടുംബത്തിനും ഏറ്റവും അഭികാമ്യം എന്ന് തിരിച്ചറിയുന്ന സാംസ അതിജീവനത്തിനായി ശ്രമിക്കുന്നില്ല എന്ന് ശ്രദ്ധിക്കണം. ചുരുക്കത്തിൽ ബെൻഡെമാനും സാംസയും ഒരേ വഴിയിലൂടെ നീങ്ങുന്ന കഥാപാത്രങ്ങളാണ്. പിതാവായ ഹെർമൻ കാഫ്കയുടെ സമീപനം കാഫ്കയെ എത്ര ആഴത്തിൽ തകർത്തു എന്നതിന്റെ ദൃഷ്ടാന്തമായി ഈ കഥാപാത്രങ്ങളെ കാണാം. അച്ഛന്റെ വിവിധ മനോഭാവങ്ങളുമായി കാഫ്കക്ക് പൊരുത്തപ്പെടാനേ സാധിച്ചില്ല.
മതവും രാഷ്ട്രീയവും ഒക്കെ അതിന്റെ ഭാഗമായി. ജൂതരാജ്യത്തിന്റെ വക്താക്കളായി സുഹൃത്തുക്കൾ ഉണ്ടായെങ്കിലും സോഷ്യലിസത്തിൽ കാഫ്ക അതിയായി വിശ്വസിച്ചു. കാഫ്കയുടെ സോഷ്യലിസ്റ്റ് ചായ്വ് ചെറുപ്പകാലത്ത് തന്നെ പ്രകടമായി. കാഫ്ക തന്റെ രാഷ്ട്രീയാനുഭാവം പുറംലോകത്തെ അറിയിക്കുന്നതിനായി ബട്ടൺഹോളിൽ ചുവന്ന കാർണേഷൻ ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ സോഷ്യലിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് സൈദ്ധാന്തികമായ തരത്തിലായിരുന്നു. അദ്ദേഹം തൊഴിലാളികളുടെ സാഹോദര്യത്തിനായി ഒരു പുതിയ സോഷ്യലിസ്റ്റ് ക്ഷേമരാഷ്ട്രം സങ്കൽപിക്കുന്നുപോലുമുണ്ട്. എങ്കിലും വായനയിലും എഴുത്തിലെ പരീക്ഷണശ്രമങ്ങളിലും മാത്രമാണ് അദ്ദേഹം ഗാഢമായ ശ്രദ്ധ നൽകിയത്.
ഇതേപോലെ കാഫ്കയുടെ മാനസികാവസ്ഥയെ സങ്കീർണമാക്കിയതും സ്വാധീനിച്ചതുമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ സ്ത്രീകളായ ഫെലീസ് ബൗർ, ജൂലിയ വോഹിർസെക്ക്, മിലേന യെസൻസ്ക, ഡോറ ഡിയമന്റ് എന്നിവർ. ഏതാണ്ട് അഞ്ഞൂറ് കത്തുകളാണ് കാഫ്ക ഫെലീറ്റക്ക് അയച്ചിട്ടുള്ളത്. ഒരുതവണ നിശ്ചയിച്ചുറപ്പിച്ച അവരുടെ വിവാഹം നടക്കാതെ വരുകയും പിന്നീട് വർഷങ്ങൾക്കുശേഷം വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതും നടന്നില്ല. ഫെലീറ്റയുമായി ഒരുതരം ആരാധനയുണ്ടായിരുന്ന കാഫ്ക, അവരുമായി വൈകാരികമായ ആകർഷകത്വവും അടുപ്പവും പുലർത്തിയിരുന്നോ എന്ന് സംശയമാണ്. താരതമ്യേന കൂടുതൽ ആഴത്തിലുള്ള ബന്ധം അദ്ദേഹം മിലേനയുമായി സ്ഥാപിക്കാൻ ശ്രമിച്ചു.
തന്റെ മനഃസ്താപം ഏറ്റു പറയുന്നതിലും കാഫ്ക മടി കാണിച്ചില്ല. മരണത്തിന്റെ മാലാഖ എപ്പോൾ വേണമെങ്കിലും തന്നെ പുണരാം എന്ന് കാഫ്ക വിശ്വസിച്ചു. എന്നാൽ, കാഫ്കയുടെ അപക്വമായ ധാരണകൾ മിലേനയെ ചൊടിപ്പിച്ചിരുന്നു. അസുഖബാധിതനായ അദ്ദേഹം ആശ്വാസത്തിനായി ഒരു ഹോട്ടലിൽ താമസിക്കുന്ന ദിവസങ്ങളിലാണ് ജൂലിയെ കണ്ടുമുട്ടുന്നത്. പതിനഞ്ചു വയസ്സിനു താഴെയുള്ള ഡോറയുമായി ചേർന്ന് ഫലസ്തീനിൽ ഒരു ഹോട്ടൽ തുടങ്ങി വെയ്റ്റർ ആയി ജോലി ചെയ്യാനും അദ്ദേഹം ആലോചിച്ചിരുന്നു. ലൈംഗികാഭിലാഷത്തിന്റെ ഏറ്റക്കുറച്ചിലുകൾമൂലം അലഞ്ഞുതിരിയുന്ന ഒരു ജൂതനെപ്പോലെയാണ് താനെന്നു കാഫ്ക ഒരിക്കൽ മിലേനയോട് പറഞ്ഞു. വിവേകശൂന്യവും വൃത്തികെട്ടതുമായ ലോകത്തിലൂടെ വിവേകമില്ലാത്ത, അലയുന്ന ഒരുവനായി കാഫ്ക തന്നെ സ്വയം കാണുകയാണുണ്ടായത്. ‘അമേരിക്ക’ എന്ന നോവലിലെ കാൾ പ്രകടമാക്കുന്ന ഇടുങ്ങിയ സ്ഥലങ്ങളെ കുറിച്ചുള്ള ഭീതിയും ഇവിടെ പ്രസക്തമാണ്.
വ്യവസായ വിപ്ലവത്തെയും സാങ്കേതികവിദ്യകളെയും സ്വാഗതം ചെയ്യുന്ന കാഫ്ക, ആത്മാവിനെ തകർക്കുകയും കത്തെഴുതുന്നവരെയും സ്വീകർത്താവിനെയും ഒരുപോലെ പ്രേതങ്ങളാക്കി മാറ്റുകയും ചെയ്യുന്ന കപട ആശയവിനിമയത്തിന്റെ വഞ്ചനാപരമായ രൂപമാണ് കത്തുകളെന്നു അഭിപ്രായപ്പെടുന്നുണ്ട്. ‘‘കത്തുകളിലൂടെയുള്ള ചുംബനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല, പകരം പ്രേതങ്ങൾ വഴിയിൽ മദ്യപിക്കുന്നു’’ എന്നും അദ്ദേഹം പറയുന്നു. അങ്ങനെ ആധുനികമായ സാധ്യതകളെ ആശ്ലേഷിച്ചിരുന്ന കാഫ്ക പുതിയ ഇടങ്ങളുടെ തുറവി കാംക്ഷിച്ചു.
ജീവിതത്തിൽനിന്ന് സാഹിത്യത്തിലേക്കുള്ള പ്രയാണം പരാജയപ്പെടുന്നത് സാഹിത്യത്തിന് ജീവിതവുമായി അഭേദ്യബന്ധമുള്ളതിനാലായിരുന്നു എന്ന വിശ്വാസം കാഫ്ക മുറുകെ പിടിക്കുന്ന ഒന്നായി മാറി. ‘‘ഞാൻ സാഹിത്യം ഉൾക്കൊള്ളുന്നു: ഞാൻ മറ്റൊന്നുമല്ല’’ എന്നുറക്കെ പ്രഖ്യാപിച്ച കാഫ്കയുടെ വ്യക്തിത്വം മരണാനന്തരമാണ് സ്പഷ്ടമായി തെളിയുന്നത്. കാഫ്കയുടെ ആഖ്യാനങ്ങളിലെ സംഭവങ്ങളുടെ യുക്തിഭദ്രത കൃത്യമായി മനസ്സിലാക്കാൻ വായനക്കാരും ഒട്ടൊക്കെ പരിശ്രമിക്കേണ്ടി വരും.
മാനസിക വ്യാപാരത്തിന്റെയും വിജ്ഞാന ശാസ്ത്രത്തിന്റെയും അകമ്പടി അവയെ ഗൂഢപ്രശ്നമാക്കി മാറ്റാറുമുണ്ട്. ആശയക്കുഴപ്പവും അനിശ്ചിതത്വവും കാഫ്കയുടെ ആഖ്യാനങ്ങളെ നിഗൂഢമായ അനുഭവമാക്കിത്തീർക്കുന്നു. ‘The Trial’ലും ‘The Castle’ലും ഒരേ പ്രമേയത്തിന്റെ രണ്ടു വശങ്ങളാണ് ചർച്ചചെയ്യുന്നത് എന്ന് വ്യക്തമാണ്. 1914ലും 1922ലുമായി എഴുതി പൂർത്തിയാകാതെ പോയ നോവലുകളാണ് ഇവ. ‘ദ ട്രയലി’ൽ ജോസഫ് കെയുടെ കിടപ്പുമുറിയിൽ അജ്ഞാതരായ മനുഷ്യർ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചില കുറ്റങ്ങളുടെ പേരിൽ അയാളെ നിയമവിചാരണക്ക് വിധേയനാക്കാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്യുന്നു. നിയമസംവിധാനം അയാൾക്ക് എതിരെ നിലകൊള്ളുകയാണ്. ജോസഫ് കെയുടെ വാദങ്ങൾ ഉന്നയിക്കാനായി അഭിഭാഷകനെ അനുവദിച്ചിരുന്നില്ല. അങ്ങനെ പഴുതുകളെല്ലാം അടച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു അയാൾക്കെതിരെ നടമാടിയത്.
‘The Castle’ ആകട്ടെ കെ യെ സംബന്ധിച്ചിടത്തോളം, അയാൾ ആയിരുന്നോ ലാൻഡ് സർവേയർ എന്ന സംശയം ബാക്കിയാകുന്നു. ഇത്തരം അയുക്തികളും വിരോധാഭാസങ്ങളും കാഫ്ക ആഖ്യാനത്തിൽ സാമർഥ്യപൂർവം വിളക്കിച്ചേർത്തിട്ടുണ്ട്. വ്യക്തിപരമായ തലത്തിലെ അനിശ്ചിതത്വത്തെ സർഗാത്മകമായി പ്രതിരോധിക്കാനുള്ള എഴുത്തുകാരന്റെ ശ്രമംകൂടിയാണ് ഈ കൃതികൾ എന്ന് നിസ്സംശയം പറയാം. ഇവിടെ ജോസഫ് കെയും കെയും സന്ദിഗ്ധതകളിൽ ഉഴറുന്ന മനുഷ്യരുടെ പ്രതിനിധികളാണ്. റോബർട്ടോ കലാസോയുടെ ശ്രദ്ധേയമായ ‘K’ എന്ന പുസ്തകത്തിൽ ‘ദി ട്രയലി’നെയും ‘ദി കാസിലി’നെയും കൃത്യമായ കാഴ്ചപ്പാടോടെ അപഗ്രഥിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണിൽ ഈ ലോകത്ത് പരോക്ഷമായി നിലനിൽക്കുന്നതെന്ന് കരുതപ്പെടുന്ന, മറഞ്ഞിരിക്കുന്ന ഗൂഢയിടത്തിന്റെ ജാലക കാഴ്ചയാണ് ഈ രണ്ടു കൃതികളിലെ ഓരോ വരിയും പ്രദാനംചെയ്യുന്നത്. ആ മറഞ്ഞിരിക്കുന്ന ലോകം നല്ലതാണോ മോശമാണോ, സ്വർഗീയമാണോ നരകതുല്യമാണോ എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല എന്നും കലാസോ ചൂണ്ടിക്കാട്ടുന്നു.
3
കാഫ്കയുടെ മാനങ്ങൾ ഏറ്റവുമധികം സംഗതമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ ഒരു പൊതു പ്രശ്നമായിരുന്ന ഉത്കണ്ഠയുടെ വേറിട്ടതും ആഴത്തിലുള്ളതുമായ ദൃഷ്ടാന്തമായി കാഫ്കയെ സമീപിക്കുന്നതിൽ തെറ്റില്ല. അതുപോലെ കാഫ്കയുടെ ജീവിതകാലം പ്രാധാന്യമർഹിക്കുന്നുമുണ്ട്. 1883ൽ ജനിക്കുകയും 1924ൽ മരിക്കുകയും ചെയ്ത കാഫ്ക സോവിയറ്റ് യൂനിയന്റെ ജനനം, മുതലാളിത്ത അമേരിക്കയുടെ ഏകീകരണം, നാസി ജർമനിയുടെ പിറവി എന്നിവക്ക് സാക്ഷ്യം വഹിച്ചു. ഇതേ കാലഘട്ടത്തിൽ പല യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും സാമ്പത്തിക പരിവർത്തനവും സംഭവിച്ചിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ ജീവിതം നിഴലുകൾപോലെയാണ്. ഉപരിപ്ലവമായി ചിന്തിച്ചാൽ ഒരു അരാഷ്ട്രീയ എഴുത്തുകാരനായി തോന്നാവുന്ന കാഫ്ക എന്നാൽ പ്രായോഗികതലത്തിൽ അങ്ങനെ ആയിരുന്നില്ല.
അദ്ദേഹത്തിന്റെ നോട്ടങ്ങൾ അരാജകത്വത്തെ വിമർശിക്കുന്ന വിധമായിരുന്നു. പേടിസ്വപ്നമായി മാറുന്ന ലോകവും ഭീതിദമായ ഒന്നാം ലോകയുദ്ധവും സാമാന്യേന സംജാതമായ അരക്ഷിതത്വവും അനിഷ്ട സംഭവങ്ങൾ നിറഞ്ഞ ജീവിതവും അദ്ദേഹത്തെ ചിന്താധീനനാക്കി. പിന്നീട് നാസി ജർമനിയുടെ കോൺസൻട്രേഷൻ ക്യാമ്പിൽവെച്ച് കാഫ്കയുടെ മൂന്നു സഹോദരിമാർ വധിക്കപ്പെട്ടു. മാത്രമല്ല, കാഫ്കയുടെ പുസ്തകങ്ങൾക്കും ദുര്യോഗം വന്നു ചേർന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടത് ആരും ചോദ്യംചെയ്തില്ല. യൂറോപ്യൻ ജൂതന്മാരെ ഉന്മൂലനം ചെയ്തതിനുശേഷം ഹിറ്റ്ലറിന്റെ സംഘം 1945ൽ ചെക് ജർമൻകാരെ പുറത്താക്കി.
രണ്ടാം ലോകയുദ്ധം കഴിഞ്ഞ്, ഫ്രഞ്ച് അസ്തിത്വവാദികളാണ് കാഫ്കയെ വീണ്ടെടുത്തത് എന്നൊരു വാദം നിലവിലുണ്ട്. ഉത്കണ്ഠകളുടെയും ആകുലതകളുടെയും പിതാവായി അവർ കാഫ്കയെ വിലയിരുത്തി. കാമുവിന് മുന്നേ നടന്നയാളായി ഫ്രഞ്ച് ബുദ്ധിജീവി സംഘം കാഫ്കയെ അവരോധിച്ചു. പ്രാഗ് വസന്തത്തിന്റെ കാലത്ത് സോവിയറ്റ് യൂനിയന്റെ അധികാര മേൽക്കോയ്മക്കെതിരെയുള്ള സാംസ്കാരിക ബിംബമായി കാഫ്ക പരിണമിച്ചു. ഇതേ കാലയളവിൽ സോവിയറ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള കിഴക്കൻ ബ്ലോക്ക് രാജ്യങ്ങൾ കാഫ്കയുടെ കൃതികൾ വായിക്കണമെന്ന് സാർത്ര് ആഹ്വാനം ചെയ്തിരുന്നു.
യഥാർഥ ജീവിതം മറ്റൊരിടത്ത്, ആർക്കും അപ്രാപ്യമാവാത്തതോ ഒരുപക്ഷേ അതിമാനുഷിക തലത്തിലോ മനുഷ്യത്വം തീരെ ഇല്ലാത്ത നിലയിലോ ആവാം സ്ഥിതിചെയ്യുന്നത്. Kafkan എന്നോ Kafkaesque എന്നോ വിളിക്കപ്പെടുന്ന വാക്ക് അദ്ദേഹം മരിച്ചിട്ട് ഒരു നൂറ്റാണ്ടിനിപ്പുറം അങ്ങേയറ്റം പ്രസക്തമായിക്കഴിഞ്ഞു. ‘‘എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ (1883-1924) അല്ലെങ്കിൽ അദ്ദേഹത്തിന്റെ രചനകളുടേതോ അല്ലെങ്കിൽ ബന്ധപ്പെട്ടതോ’’ എന്നാണ് ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടു ‘Kafkasque’ന് നൽകിയ നിർവചനം. നമ്മുടെ സ്വകാര്യമായ എല്ലാ പെരുമാറ്റരീതികളും മറ്റൊരു ‘ശക്തി’ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാവുകയും അതിയാഥാർഥ്യം നിറഞ്ഞ ഒരു ലോകത്തിലേക്ക് നമ്മൾ പ്രവേശിക്കുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് ഈ വാക്ക് പ്രതിനിധാനം ചെയ്യുന്നത്.
കാഫ്ക കാമുകി െഫലീസിനൊപ്പം,കാഫ്ക അച്ഛനെഴുതിയ കത്ത്
ചുറ്റുപാടും പരതിയാൽ ജോസഫ് കെ മാരെ ധാരാളമായി കാണാവുന്ന അവസ്ഥയാണ് ഇന്ന് ഉരുവപ്പെട്ടിട്ടുള്ളത്. നിയമ/ഭരണ സംവിധാനം പൗരവർഗത്തിനുമേൽ സദാ ജാഗരൂകരായി നിരീക്ഷണം നടത്തുകയും പീഡനപദ്ധതികൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ദുഃസ്ഥിതിയെ അവതരിപ്പിച്ചുകൊണ്ട് ‘ദുർഗത്തിൽ’ അകപ്പെട്ട മനുഷ്യരുടെ നിസ്സഹായതകളെ കാഫ്ക വിശദീകരിക്കുന്നു. മിലൻ കുന്ദേര നിരീക്ഷിക്കുന്നതുപോലെ കാഫ്കയുടെ ലോകത്തിൽ ഫയലുകൾക്കാണ് മുൻഗണന. ഫയലുകളിൽ കുരുങ്ങി ജീവിതം അനിശ്ചിതവലയത്തിലേക്ക് ഭ്രമണംചെയ്യുന്നതിന്റെ ദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെ കഥാഗാത്രങ്ങൾ. അധികാരത്തിനു പരമോന്നതഭാവം കൈവരുന്നതോടെ അത് സ്വയം സംഹിതകൾ രചിച്ചുതുടങ്ങുന്നു എന്ന സൂചന കുന്ദേര തരുന്നുണ്ട് (Kafka’s World: Milan Kundera).
സമകാല ലോകത്തിന്റെ രാഷ്ട്രീയ പ്രതിസന്ധികൾ കാഫ്ക രചിച്ച നോവലുകളിലെ സന്ദർഭങ്ങൾക്ക് സദൃശമാവുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. വീട്ടിലേക്കുള്ള മടക്കയാത്ര എന്ന ലളിതമായ ആശയം യത്നമില്ലാതെ പ്രാവർത്തികമാക്കാൻ സാധ്യമല്ലാതാകുന്ന സമകാലത്ത്, ലോകം കാഫ്കയിലേക്ക് തിരിച്ചുപോകുന്നു. നദിയിൽ സ്വന്തം നിഴൽ കണ്ടാലും ഭയപ്പെടുന്ന കാലുഷ്യം നിറഞ്ഞ നാളുകളിൽ ആകുലതകളും നിരാസങ്ങളും വിഷമതകളും നേരിടാനും അസ്തിത്വ പ്രതിസന്ധികളുടെ ദിശകൾ അനുമാനിക്കാനും കാഫ്കയെന്ന സൂത്രവാക്യം നമുക്ക് സഹായകമാകുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വ്യാകുലതയും ആധിയും മൂലം ‘രാജ്യഭ്രഷ്ട’നായി ജീവിക്കേണ്ടിവന്ന കാഫ്കയുടെ ആന്തരിക സംഘർഷങ്ങൾ അദ്ദേഹം ജീവിച്ച കാലത്തിന്റെകൂടി വ്യഥകളായി കണക്കാക്കാം.
അഭിജാതവർഗം രചിക്കുന്ന നിയമസംഹിതക്കു മുന്നിൽ വാദങ്ങളൊന്നും ഉന്നയിക്കാനാവാതെ വരുന്ന സാധാരണക്കാർ ഇരകളായിത്തീരുന്ന കാഴ്ചയാണ് കാഫ്കയുടെ കഥാലോകത്തിൽ സംഭവിക്കുന്നത്. അധികാരം ഒരേ ദിശയിൽ, ക്രമത്തിലധിഷ്ഠിതമായി സഞ്ചരിക്കുന്ന ഘടകമായി അധികാരത്തെ കാണാനാവില്ല എന്ന് കാഫ്ക സ്ഥാപിക്കുന്നുണ്ട്. ‘The Castle’ എന്ന നോവലിൽ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും വഴി ലംബമാനമായും തിരശ്ചീനമായും ചലിക്കുന്ന ഘടകമാണെന്ന് അദ്ദേഹം കൃത്യതയോടെ അവതരിപ്പിക്കുന്നുണ്ട്. സർവേയറും ഗ്രാമവാസികളും കോട്ടയുമായി ബന്ധപ്പെട്ടു നടത്തുന്ന വ്യവഹാരങ്ങളിലൂടെ ഇത് വ്യക്തമാണ്. അധികാരത്തിന്റെ പരശ്ശതം മുഖങ്ങൾ സൂക്ഷ്മവും സ്ഥൂലവുമായ തലത്തിലുള്ള വ്യവഹാരങ്ങൾക്ക് തിരക്കഥ രചിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് കാഫ്ക അവതരിപ്പിക്കുന്നത്. സമഗ്രാധിപത്യം ഒരു കൊച്ചു ഗ്രാമത്തിൽ നടത്തുന്ന വിളയാട്ടം അധികാരമെന്ന വ്യവസ്ഥയുടെ പൊതുസ്വഭാവമാണ്.
സ്ഥല/കാല/ സമയ ഭേദമില്ലാതെ അധികാരത്തിന്റെ ഈ വിളയാടൽ പ്രവചനസ്വഭാവത്തോടെ അപഗ്രഥിക്കാൻ കാഫ്കക്കായി. മാത്രമല്ല, വർഷങ്ങളും നൂറ്റാണ്ടുകളും കഴിയുന്നതോടെ കാഫ്കയുടെ കാഴ്ചപ്പാടിന് കൂടുതൽ വ്യക്തത വരുകയാണ്. ‘ദി കാസിൽ’ എന്ന നോവലിൽ, അദൃശ്യവും അപ്രാപ്യവുമായ അധികാരത്തിനെതിരെ കേന്ദ്ര കഥാപാത്രം പ്രവർത്തിക്കുന്നു. അതുപോലെ, ‘ദി ട്രയലിൽ’, സാധാരണക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത, അലിഖിത നിയമവുമായി പോരാടാൻ സമാനമായ തലത്തിൽ മുഖ്യ കഥാപാത്രത്തെ സാഹചര്യങ്ങൾ സമ്മർദപ്പെടുത്തുന്നു.
4
ഗുസ്താവ് ജനാച് കാഫ്കയുമായി നടത്തിയ സംഭാഷണം പിന്നീട് ശ്രദ്ധയാകർഷിച്ച പുസ്തകമായിത്തീർന്നു. ‘Conversations with Kafka’ എന്ന ഈ ഗ്രന്ഥത്തിൽ കാഫ്കയുടെ ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള വേറിട്ടുള്ള വിചാരങ്ങൾ കാണാം. ‘‘നാം ആകാശത്ത് നക്ഷത്രങ്ങളുടെ അപാരതപോലെ അനന്തമായതും മഹത്തായതും അഗാധവുമായതുമാണ് ജീവിതം. ഒരാളുടെ വ്യക്തിപരമായ അസ്തിത്വത്തിന്റെ ഇടുങ്ങിയ താക്കോൽപ്പഴുതിലൂടെ മാത്രമേ ഒരാൾക്ക് അതിനെ നോക്കാൻ കഴിയൂ. എന്നാൽ, അതിലൂടെ കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അയാൾക്ക് ഗ്രഹിക്കാൻ സാധിക്കുന്നു. അതിനാൽ എല്ലാറ്റിനുമുപരിയായി ഒരാൾ ഇപ്പറഞ്ഞ താക്കോൽപഴുത് വൃത്തിയായി സൂക്ഷിക്കണം’’, കാഫ്കയുടെ ഈ വാക്കുകൾ ഈ താക്കോൽദ്വാരത്തെ സംബന്ധിച്ച കാഴ്ചപ്പാട് വികസിപ്പിക്കുന്നു. അത് ഏതെങ്കിലും ഉപദേശത്തിൽനിന്നോ പ്രബോധനത്തിൽനിന്നോ ശുദ്ധമായിരിക്കണം. അത് നമ്മുടെ വിധി രൂപപ്പെടുത്തുന്ന ഒരു പുതിയ താൾപോലെയുമാവണം.
അരാജകത്വത്തെ പിന്തുണക്കുന്ന കാഫ്ക ഈ പുസ്തകത്തിലെ സംഭാഷണങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചെക്ക് അരാജകത്വവാദികളോട് ഐക്യദാർഢ്യം പുലർത്തുന്ന കാഫ്കയും അവിടെ അവതരിക്കുന്നു. അരാഷ്ട്രീയമായ നയം സൂക്ഷിക്കുമ്പോഴും രാഷ്ട്രീയ വീക്ഷണത്തിന്റെ മൂർച്ച അദ്ദേഹം വെളിപ്പെടുത്തുന്നു. ഫലസ്തീനിലെ ജൂതസമൂഹത്തിന്റെ സ്ഥാനത്തെ പറ്റി അന്വേഷണങ്ങൾ നടത്തുന്ന കാഫ്കയെ ഗുസ്താവ് ഓർക്കുന്നുണ്ട്. ഒന്നാം ലോകയുദ്ധസമയത്ത് സയണിസ്റ്റുകളും ലോകനേതാക്കളും തമ്മിൽ നിരവധി ചർച്ചകൾ നടന്നു, ബ്രിട്ടൻ ഫലസ്തീനിലെ ജൂത ജനതക്ക് ഒരു രാഷ്ട്രത്തിനായി പിന്തുണയേകി.
അക്കാലത്തെ ജൂത-ഫലസ്തീൻ വിരോധമാണ് കാഫ്കയുടെ ‘കുറുനരികളും അറബികളും’ എന്ന കഥക്കാധാരം. വംശീയമായ ചിന്ത അതിദ്രുതം വ്യാപിച്ച അക്കാലത്തെ അറബി-ജൂത വെറുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ എഴുതപ്പെട്ടത്. വംശീയമായ മുൻധാരണ ഇരുകൂട്ടരുടെ ഇടയിലും നിലനിന്നു. അതേ തുടർന്നുള്ള സംഘർഷങ്ങൾ ശമിക്കുകയും ചെയ്തില്ല. ‘കുറുനരികളും അറബികളും’ ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കത്തിൽ ഫലസ്തീനിലെ അറബ്, ജൂത വംശത്തിന്റെ മുൻവിധിക്ക് ഊന്നൽ കൊടുക്കുന്നു.
ജൂതരുടെ കഠിനമായ അലച്ചിലിനെ കുറിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. കാഫ്കയുടെ അലഞ്ഞുതിരിയലുകൾ വേറൊരു തലത്തിൽ പ്രയാസമേറിയതും സങ്കീർണവുമാണ്. ആന്തരിക മരുഭൂമിയിൽ അലഞ്ഞുനടക്കുന്ന കാഫ്കക്കും നിർവചിക്കപ്പെട്ടതായ ഒരു തന്നിടമില്ല. കാഫ്ക ഒരു ആന്തരിക കുടിയേറ്റമോ രാജ്യഭ്രഷ്ടോ അനുഭവിച്ചതായി ഉറപ്പിച്ചു പറയാം. ഒരുപക്ഷേ കാഫ്കക്ക് എഴുത്ത് എന്ന പ്രക്രിയ ഒരു തിരഞ്ഞെടുപ്പാകാം. സ്വയം അനുഷ്ഠിക്കേണ്ടിവന്ന ഭ്രഷ്ടിനെ മറികടക്കാൻ എഴുത്തിൽ അഭയം തേടിയ ഒരാളായി കാഫ്കയെ അവരോധിക്കുന്നതിൽ യുക്തിയുണ്ട്.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കൂ: ‘‘കഴിഞ്ഞ നാൽപത് കൊല്ലങ്ങളായി ഞാൻ കാനൻ ഭൂമികയിൽനിന്ന് അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒരപരിചിതനെപ്പോലെ ഞാൻ ഇടക്കിടെ പിന്നിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നു. എന്റെ പൂർവികരിൽനിന്ന് എനിക്ക് പകർന്നുകിട്ടിയ പാരമ്പര്യം ഇതാണ്. ചിലപ്പോഴത് വിപരീതമായി മരുഭൂമികളിൽ അലഞ്ഞുതിരിയുമ്പോലെ തോന്നിപ്പിക്കുമെങ്കിലും ഞാൻ ഓരോ നിമിഷവും അതിലേക്ക് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു. ഇതിനിടയിലെപ്പോഴോ ഞാൻ മരുഭൂമികളിൽ ഉണ്ടായിരുന്നു. അവിടെനിന്ന് കണ്ട കാഴ്ചകളെല്ലാം കടുത്ത നിരാശയുളവാക്കുന്നത് മാത്രമായിരുന്നെന്നും പറയണം.
മുഖ്യമായും അന്നത്തെ ഞാൻ നികൃഷ്ടരിൽ നികൃഷ്ടൻ ആയിരുന്നുവെന്നും.’’ യഥാർഥ ലോകത്തുനിന്ന് വിടുതൽ നേടിക്കൊണ്ട് സ്വന്തമായി നിർമിച്ചെടുത്ത ലോകത്ത് കഴിയുന്ന കാഫ്കയാണ് നമുക്ക് മുന്നിലുള്ളത്. ജീവിതത്തിന്റെ അവസാന നാളുകളിലൊഴിച്ച് ഏറക്കുറെ പ്രാഗിൽതന്നെ ജീവിച്ച കാഫ്ക എന്നാൽ, യാത്രകളെ പറ്റിയുള്ള പുസ്തകങ്ങൾ ധാരാളം വായിച്ചിരുന്നു. വിഖ്യാത എഴുത്തുകാരായ ഗൊയ്ഥെയും ഫൊണ്ടയ്നും ഹെബേലും ഫ്ലോബേറും നടത്തിയ സഞ്ചാരങ്ങൾ കാഫ്കയെ ഭ്രമിപ്പിച്ചു. അമേരിക്കയും ചൈനയുമൊക്കെ അദ്ദേഹത്തിന്റെ കഥകളിൽ കടന്നുവരുന്നുമുണ്ട്. ദൈനംദിന ജീവിതത്തിന്റെ വിരസതകളെയകറ്റാൻ യാത്രകൾ സഹായകമാവുമെന്നു വിശ്വസിച്ച അദ്ദേഹം പ്രാഗിലിരുന്നുകൊണ്ട് ‘ലോകപര്യടനം’ നടത്തി.
കാഫ്ക വിഭാവനംചെയ്ത യാത്രയുടെ അനന്തരഫലം ഒരു യുട്ടോപ്യൻ വ്യവസ്ഥയെ സങ്കൽപിക്കുന്നു എന്ന് ‘Kafka’s Travels’ എന്ന പുസ്തകത്തിൽ ജോൺ സിൽകോസ്കി ഊന്നിപ്പറയുന്നു. എഴുത്തുകാർ യാത്ര ചെയ്യുന്നിെല്ലങ്കിലും അവർ ഭാവനയിൽ താണ്ടുന്ന ദൂരം അളക്കാവുന്നതല്ല. ഫലസ്തീനിലേക്കും ബർലിനിലേക്കും മറ്റുമുള്ള യാത്രാപദ്ധതികൾ കാഫ്ക കാമുകിമാരോടും സുഹൃത്തുക്കളോടും ചർച്ച ചെയ്യുന്നതിനെ അങ്ങനെയാണ് നോക്കിക്കാണേണ്ടത്. ക്ഷയരോഗം മൂർച്ഛിച്ച സമയത്ത് അദ്ദേഹത്തിന് വീട് വിടേണ്ടിവരുമെന്ന് ഉറപ്പായി. ആ ഘട്ടത്തിൽ യാത്ര ചെയ്യാനുള്ള ഭയം കാഫ്കയെ പിടികൂടി. എഴുത്ത് മുടങ്ങുമോ എന്ന ആധി അദ്ദേഹത്തെ ആഴത്തിൽ ബാധിച്ചു എന്നാണ് കരുതേണ്ടത്. എഴുത്തുമേശയിൽനിന്നുള്ള വിട്ടുനിൽക്കൽ അത്രയും കഠിനമായി ഗണിക്കുന്ന ഒരാളുടെ വ്യഥ ഇതിലൂടെ പ്രകടമാണ്.
1909 -1912 കാലത്ത് യൂറോപ്പിൽ നടത്തിയ ഹ്രസ്വയാത്രകളാണ് കാഫ്ക എന്ന എഴുത്തുകാരനെ ജനിപ്പിച്ചതെന്നു മാക്സ് ബ്രോഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡയറിയിൽ ഇരുന്നൂറു പുറങ്ങളിലായി കാഫ്ക ആ അനുഭവം കുറിച്ചുവെച്ചിരുന്നു. 1912ൽ ‘The Judgement’ പ്രസിദ്ധീകരിച്ചതിനുശേഷം അദ്ദേഹം യാത്രകൾ ചെയ്യുന്നത് നിർത്തി. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹം രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു യാത്രചെയ്തത്.
സ്റ്റേറ്റിന്റെ കാർമികത്വത്തിലുള്ള നിരീക്ഷണസമ്പ്രദായത്തെ നേരിടാൻ കഴിയാതെ അവ്യക്തതയുടെ കയങ്ങളിലേക്ക് വീഴുന്ന സാധാരണക്കാരുടെ ആഖ്യാനങ്ങൾ കാഫ്കയുടെ കൃതികളിൽ മാത്രമല്ല ഇന്ന് പ്രത്യക്ഷമാവുന്നത്. ജോസഫ് കെ എത്ര കണ്ട് നിഷ്കളങ്കനെന്ന ചോദ്യം പിൽക്കാലത്തു ചിലർ ആരാഞ്ഞെങ്കിലും സ്റ്റേറ്റിന്റെ സംവിധാനം വ്യക്തിയുടെ മേൽ അധിനിവേശം ചെയ്യുന്നത് തീർത്തും അപലപനീയമാണ്. 2013ൽ എഡ്വേഡ് സ്നോഡൻ പുറത്തുവിട്ട രേഖകൾ പ്രകാരം ആക്ടിവിസ്റ്റുകളുടെയും ഹാക്കർമാരുടെയും മറ്റ് പ്രധാന വ്യക്തികളുടെയും പ്രശസ്തി ഇല്ലാതാക്കാനായി അമേരിക്കയിലെ NSAയും ബ്രിട്ടീഷ് സംവിധാനമായ GCHQയും നിർദേശങ്ങൾ രൂപപ്പെടുത്തിയെന്നു ലോകം മനസ്സിലാക്കി. ജോസഫ് കെയെ സംബന്ധിച്ച് നോവലിൽ രഹസ്യവിവരങ്ങൾ സമാഹരിക്കുന്നതുപോലെ ഒരു രാഷ്ട്രത്തിന്റെ പൗരരെക്കുറിച്ച് സൂക്ഷ്മമായി ശേഖരിച്ച ധാരാളം വിവരങ്ങളുള്ളത് ആധുനിക ജനാധിപത്യ രാജ്യങ്ങളുടെ അടിസ്ഥാന ഘടകത്തിനു വിഘാതമാകുന്നു.
സ്വകാര്യതക്ക് വിലക്കുകൾ വരുകയും ഭരണകൂടങ്ങൾ ഒരു Kafkaesque ആവരണം സമൂഹത്തിനു മേലാപ്പായി സൃഷിക്കുകയുമാണ്. പാനോപ്റ്റിക് ഘടനക്ക് സമാനമായി ഭൗതിക/ ഡിജിറ്റൽ തലത്തിൽ സ്ഥാപിതമാവുന്ന വ്യവസ്ഥയെയാണ് പ്രവചനസ്വഭാവത്തോടെ കാഫ്ക സങ്കൽപിച്ചത്. വിട്ടുമാറാത്ത ഊഹാപോഹങ്ങളിലൂടെ നീങ്ങുന്ന കാഫ്കയുടെ ‘വിചാരണ’യിലും ‘കോട്ട’യിലും കേന്ദ്ര കഥാപാത്രങ്ങൾ എത്തിപ്പെടുന്ന ദുർഘടസന്ധികൾ ഇന്നത്തെ ലോകത്തിന് ഒട്ടും അപരിചിതമല്ല. കാഫ്ക വിഭാവനം ചെയ്യുന്ന ഇടങ്ങളിലെ മനുഷ്യർ അഭിമുഖീകരിക്കുന്ന സന്ദേഹങ്ങളും ഭീതികളും ലളിതയുക്തികളാൽ പരിഹരിക്കാനാവില്ല. കാഫ്ക എഴുത്തുകാരെ മരവിപ്പിക്കുന്നു എന്ന് സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ച ഇമ്രെ കെർട്സ് നിരീക്ഷിച്ചത് ഇവിടെ എടുത്തുപറയണം.
‘‘ജോസഫ് കെയെ ആരോ അപകീർത്തിപ്പെടുത്തിയിരിക്കണം, ഒരു സുപ്രഭാതത്തിൽ, ഒരു തെറ്റും ചെയ്യാതെ, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു’’ എന്ന് തുടങ്ങുന്ന ‘ദി ട്രയലി’ലെ സന്ദർഭം ഏതു നിമിഷവും നമ്മുടെയൊക്കെ ജീവിതപരിസരത്തിൽ സംഭവിക്കാം. ഈ ഒരു ബോധോദയം പകർന്നുതരുന്നതിൽ കാഫ്ക ഒരു പ്രവാചകനെ പോലെ പ്രവർത്തിച്ചു എന്നത് തീർത്തും പ്രാധാന്യമർഹിക്കുന്നു. എണ്ണമറ്റ പഠനങ്ങളും ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും കാഫ്കയുടെ പ്രസക്തിയെ ഉറപ്പിക്കുന്നുണ്ട്. സമഗ്രാധിപത്യത്തിന്റെ ഭീതികളെ സുവ്യക്തമായി അവതരിപ്പിച്ച എഴുത്തുകാരന്റെ കൃതികൾ അദ്ദേഹത്തിന്റെ മരണാനന്തരം പാഠപുസ്തകങ്ങളെ പോലെയാവുന്നതിൽ അത്ഭുതംകൂറേണ്ട കാര്യമില്ല.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രത്യേകതരമായ സന്ദർഭത്തിൽ കാഫ്കയെ വായിക്കുന്നവർ തങ്ങൾക്ക് ചുറ്റുമുള്ള അധികാരവലയങ്ങളെ കുറിച്ച് രാഷ്ട്രീയമായ ബോധ്യമുള്ളവരാണ്. കാഫ്ക എഴുതി പൂർത്തിയാകാത്ത ഒഴിഞ്ഞ ഇടങ്ങളെ ഭംഗിയായി, ഒരു വിടവുമില്ലാതെ യോജിപ്പിക്കാൻ ഇന്ന് സാധിക്കും. വരുംകാലങ്ങളിലെയും സമകാലത്തെയും രാഷ്ട്രീയ-അധികാര ഉപജാപങ്ങൾക്കെതിരെയുള്ള പ്രതിപ്രവർത്തനമായി ഒരു നൂറ്റാണ്ടു മുന്നേ എഴുതപ്പെട്ട കാഫ്കയുടെ രചനകൾ ഇന്നും ഭാവിയിലും നിലനിൽക്കുമെന്ന് തീർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.