നാനൂറിലധികം സീറ്റുകൾ നേടുമെന്ന ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും അവകാശവാദങ്ങൾ എന്തുകൊണ്ടാണ് പാഴായിപ്പോയത്? എവിടെയാണ് ബി.ജെ.പിക്ക് അടിപതറിയത്? ഹിന്ദി ബെൽറ്റിൽ എന്താണ് ശരിക്കും സംഭവിച്ചത്?പാർട്ടിയിലും എൻ.ഡി.എ സഖ്യത്തിലുമുള്ള മോദി-ഷാമാരുടെ ഏകാധിപത്യ പ്രവണതക്ക് കൂച്ചുവിലങ്ങിടുന്നതാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു ഫലം. കേന്ദ്ര ഭരണത്തിൽ മോദിയുടെ മൂന്നാമൂഴത്തിന് 400 സീറ്റുകൾ ലക്ഷ്യമിട്ട ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമായ 272 സീറ്റ്...
നാനൂറിലധികം സീറ്റുകൾ നേടുമെന്ന ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും അവകാശവാദങ്ങൾ എന്തുകൊണ്ടാണ് പാഴായിപ്പോയത്? എവിടെയാണ് ബി.ജെ.പിക്ക് അടിപതറിയത്? ഹിന്ദി ബെൽറ്റിൽ എന്താണ് ശരിക്കും സംഭവിച്ചത്?
പാർട്ടിയിലും എൻ.ഡി.എ സഖ്യത്തിലുമുള്ള മോദി-ഷാമാരുടെ ഏകാധിപത്യ പ്രവണതക്ക് കൂച്ചുവിലങ്ങിടുന്നതാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു ഫലം. കേന്ദ്ര ഭരണത്തിൽ മോദിയുടെ മൂന്നാമൂഴത്തിന് 400 സീറ്റുകൾ ലക്ഷ്യമിട്ട ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമായ 272 സീറ്റ് പോലും ലഭിച്ചില്ല. 240 സീറ്റുകളാണ് ബി.ജെ.പിക്ക് കിട്ടിയത്. കഴിഞ്ഞ തവണത്തേതിൽനിന്ന് 64 സീറ്റ് നഷ്ടം. 293 സീറ്റുകളാണ് എൻ.ഡി.എയുടെ ആകെ നേട്ടം. ഹിന്ദി ബെൽറ്റാണ് ബി.ജെ.പിയെ കുരുക്കിലാക്കിയത്. ഹിന്ദിബെൽറ്റിൽ പതറിയാൽ പശ്ചിമേന്ത്യയിൽനിന്ന് പകരമായി പ്രതീക്ഷിച്ച സീറ്റുകളും ലഭിച്ചില്ല.
2019ലെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദി ബെൽറ്റിൽ 49 സീറ്റുകളും പശ്ചിമേന്ത്യയിൽ 15 സീറ്റുകളും ബി.ജെ.പിക്ക് നഷ്ടമായി. അത്ഭുതങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ ഭരണത്തുടർച്ച ഉറപ്പിക്കാമെങ്കിലും ഇതുവരെയുള്ള രീതികളിൽ മോദി-ഷാമാർ മാറ്റംവരുത്തേണ്ടിവരും. പ്രധാന തീരുമാനങ്ങളെടുക്കും മുമ്പ് സഖ്യകക്ഷികളുമായും പാർട്ടിയിൽതന്നെയും ചർച്ച അനിവാര്യമാകും. പാർട്ടിയിൽ ഒതുക്കപ്പെട്ട രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി പോലുള്ള നേതാക്കളുടെ പ്രസക്തിയും വർധിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. മാത്രമല്ല, എൻ.ഡി.എ സഖ്യകക്ഷി നേതാക്കളായ ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവും ജെ.ഡി.യുവിന്റെ നിതീഷ് കുമാറും മുമ്പത്തെ പോലെ കിങ്മേക്കർമാരായി ഉയിർത്തെഴുന്നേൽക്കുകയുംചെയ്തു.
ഉത്തർപ്രദേശാണ് ബി.ജെ.പിയെ ഏറെ നിരാശപ്പെടുത്തിയത്. 2014ൽ 72 സീറ്റുകളും 2019ൽ 62 സീറ്റുകളും നേടിയ ബി.ജെ.പിക്ക് ഇത്തവണ 33 സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. രാമക്ഷേത്ര പ്രതിഷ്ഠപോലും ബി.ജെ.പിയെ തുണച്ചില്ല. അയോധ്യ നിൽക്കുന്ന ഫൈസാബാദ് മണ്ഡലംപോലും ബി.ജെ.പിയെ കൈവിട്ടു എന്നത് നിസ്സാരമല്ല. കഴിഞ്ഞ രണ്ട് തവണയും അഞ്ച് സീറ്റിൽ ഒതുങ്ങിയ സമാജ് വാദി പാർട്ടി 37 സീറ്റുമായി സംസ്ഥാനത്ത് വലിയ ഒറ്റക്കക്ഷിയായി.
യാദവന്മാരും ഒ.ബി.സിക്കാരുമല്ലാത്തവർക്കും ദലിതുകൾക്കും സീറ്റ് നൽകി അഖിലേഷ് യാദവ് നടത്തിയ പരീക്ഷണം കുറിക്കുകൊണ്ടു. ഹിന്ദു-മുസ്ലിം വിരോധം ആളിക്കത്തിക്കാൻ മോദി-ഷാമാർ ശ്രമിച്ചിട്ടും അതുണ്ടായില്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ താലി പൊട്ടിച്ചെടുത്തും സ്വത്ത് കവർന്നും മുസ്ലിംകൾക്ക് നൽകുമെന്ന പൊള്ളയായ മോദിയുടെ ആരോപണം വെറും കാറ്റായി വീണു. ഹിന്ദു-മുസ്ലിം വിരോധം മടുത്തവരാണ് ജനം. ശാന്തമായ ജീവിതമാണ് ഏവരുടെയും ലക്ഷ്യം. രജ്പുത് സമുദായക്കാരുടെ ബി.ജെ.പിയുമായുള്ള അകൽച്ച പ്രകടമായിരുന്നു. കോൺഗ്രസ് ഒന്നിൽനിന്ന് അഞ്ചിലേക്കുയർന്നു.
ബിഹാറിൽ അഞ്ച് സീറ്റ് നഷ്ടത്തിൽ 12ൽ ഒതുങ്ങി ബി.ജെ.പി. അഖിലേഷിനെ പോലെ ബിഹാറിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് യാദവന്മാരും ഒ.ബി.സിക്കാരുമല്ലാത്തവർക്കും ദലിതുകൾക്കും സീറ്റ് നൽകിയത് വിജയം കണ്ടു. കുശ് വാഹ സമുദായക്കാർക്കും തേജസ്വി സീറ്റു നൽകി. കഴിഞ്ഞ തവണ വട്ടപ്പൂജ്യമായിരുന്ന ആർ.ജെ.ഡി നാല് സീറ്റാണ് ഇക്കുറി നേടിയത്. ജെ.ഡി.യു 12 സീറ്റുകളും എൽ.ജെ.പി (രാംവിലാസ്) അഞ്ചും കോൺഗ്രസ് മൂന്നും സിപി.ഐ-എം.എൽ രണ്ടും സീറ്റുകളും നേടി. ഹരിയാനയിൽ അഞ്ച് സീറ്റ് നഷ്ടത്തിൽ അഞ്ച് സീറ്റും രാജസ്ഥാനിൽ 10 സീറ്റ് നഷ്ടത്തിൽ 14 സീറ്റുമാണ് ബി.ജെ.പിക്ക് ഇത്തവണ കിട്ടിയത്.
പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്തിൽ 25 ഉം മഹാരാഷ്ട്രയിൽ ഒമ്പതും സീറ്റുകളാണ് ബി.ജെ.പിക്ക് കിട്ടിയത്. കഴിഞ്ഞതവണ ഗുജറാത്തിൽ 26ഉം മഹാരാഷ്ട്രയിൽ 23ഉം സീറ്റുകൾ നേടിയിരുന്നു. ഗുജറാത്തിലെ ബനസ്കാഠ പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പിലേത് പോലെ 26ൽ 26സീറ്റുകളും നേടാനുള്ള ബി.ജെ.പിയുടെ ശ്രമത്തെയാണ് കോൺഗ്രസ് പരാജയപ്പെടുത്തിയത്. ഗുജറാത്തിയായ മോദിയുടെ ഭരണത്തുടർച്ചയെന്ന പ്രചാരണമാണ് ഗുജറാത്തിൽ ബി.ജെ.പിയെ തുണച്ചത്. ബനസ്കാഠ പിടിച്ച കോൺഗ്രസ് സഖ്യത്തിന് മറ്റ് എട്ട് സീറ്റുകളിൽ ബി.ജെ.പിയോട് കടുത്ത മത്സരം കാഴ്ചവെക്കാനുമായി. ഗുജറാത്തിൽ തിരിച്ചുവരവിന് കൊതിക്കുന്ന കോൺഗ്രസ് അണികൾക്ക് ആത്മവീര്യം നൽകുന്നതാണ് ഇതെല്ലാം.
രണ്ടാംനിര നേതാക്കളെയും ജനസ്വാധീനമുള്ളവരെയും അടർത്തിയെടുത്തും ഒതുക്കിയും കോൺഗ്രസിനെ ദുർബലമാക്കിയാണ് ബി.ജെ.പി ഗുജറാത്തിൽ ഇതുവരെ തേരോട്ടം നടത്തിയത്. ഇത്തവണയും അത് ആവർത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ബനസ്കാഠയിൽ ജയിച്ച് ജെനിബെൻ താക്കോർ ബി.ജെ.പിയുടെ ആ സ്വപ്നത്തിന് തടയിട്ടു. ബനസ്കാഠ ലോക്സഭ സീറ്റിനു കീഴിലുള്ള വാവ് നിയമസഭ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ് ജെനിബെൻ. അവരുടെ താഴേക്കിടയിലുള്ള ജനസ്വാധീനവും താക്കോർ സമുദായത്തിന്റെ പിന്തുണയും കോൺഗ്രസിന് തുണയായി.
കോൺഗ്രസിന്റെ തിരിച്ചുവരവിന് ഗുജറാത്ത് പി.സി.സി പ്രസിഡന്റ് ശക്തിസിങ് ഗോഹിലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് ജെനിബെൻ താക്കോറിന്റെ ജയം. കൂടാതെ എട്ടോളം സീറ്റുകളിൽ കടുത്ത മത്സരത്തിന് കോൺഗ്രസിനും സഖ്യകക്ഷിയായ ആം ആദ്മി പാർട്ടിക്കും കഴിഞ്ഞിട്ടുണ്ട്. കച്ച്, പത്താൻ, സബർകാഠ, വൽസാട്, ആനന്ദ്, സുരേന്ദ്ര നഗർ, ഭറൂച്ച് എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറഞ്ഞു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഉത്തർപ്രദേശിലേതു പോലെ ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് നൽകിയത്. ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെല്ലാം മറാത്തികൾ അട്ടിമറിച്ചു. കോൺഗ്രസ്, ശിവസേന, എൻ.സി.പി കൂട്ടുകെട്ടിൽ സംസ്ഥാനത്ത് രൂപപ്പെട്ട മഹാ വികാസ് അഘാഡി (എം.വി.എ) മറാത്തി, മുസ്ലിം, ദലിത്, മറാത്ത വോട്ടുകളുടെ ഏകീകരണത്തിന് വഴിവെച്ചു. ഇത് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഭീഷണിയാകുമെന്ന് കണ്ടാണ് ബി.ജെ.പി ഏക്നാഥ് ഷിൻഡെയിലൂടെ ശിവസേനയെയും അജിത് പവാറിലൂടെ എൻ.സി.പിയേയും പിളർത്തിയത്.
ഷിൻഡെയെ മുഖ്യമന്ത്രിയും അജിതിനെ ഉപമുഖ്യമന്ത്രിയുമാക്കി മറാത്തി, മറാത്ത വോട്ടു ബാങ്കിൽ വിള്ളലുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. പാർട്ടി പിളർത്തിയവർക്ക് പാർട്ടി പേരും ചിഹ്നവും നൽകി അംഗീകാരമേകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും മഹാരാഷ്ട്ര നിയമസഭ സ്പീക്കർക്കും വോട്ടിങ്ങിലൂടെ ജനം മറുപടി നൽകി. മുംബൈ നഗരത്തിലെ ആറ് സീറ്റുകളിൽ നാലും എം.വി.എ (ദേശീയതലത്തിൽ ഇൻഡ്യ േബ്ലാക്ക്) പിടിച്ചു.
നഗരത്തിൽ ശിവസേന ഉയർത്തിക്കൊണ്ടുവന്ന ഗുജറാത്തി-മറാത്തി പോര് ഫലം കണ്ടു. ബി.ജെ.പി സഖ്യം ജയിച്ച രണ്ടു സീറ്റിൽ ഒന്നിൽ ഷിൻഡെ പക്ഷ സ്ഥാനാർഥി ജയിച്ചത് 48 വോട്ടിനാണ്. നഗരത്തിലെയും വിദർഭ, ഉത്തര മഹാരാഷ്ട്ര, മറാത്ത് വാഡ മേഖലയിലെയും ഇൻഡ്യ േബ്ലാക്കിന്റെ നേട്ടം ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടുമുള്ള ജനങ്ങളുടെ കൂറാണ് വ്യക്തമാക്കുന്നത്. ഉദ്ധവ് താക്കറെയെ മുന്നിൽ നിർത്തിയായിരുന്നു എം.വി.എയുടെ ശ്രമങ്ങൾ. അത് വിജയമായി. വർഗീയത മുറ്റുന്ന ബാൽതാക്കറെയുടെ ഹിന്ദുത്വയിൽനിന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദുത്വയിലേക്കുള്ള ഉദ്ധവ് താക്കറെയുടെ നയമാറ്റം മുസ്ലിംകൾക്കും ദലിതുകൾക്കും കമ്യൂണിസ്റ്റുകൾക്കുമിടയിൽ അദ്ദേഹത്തെ സ്വീകാര്യനാക്കി.
ശരദ് പവാറാണ് എം.വി.എ സഖ്യത്തിന്റെ ശിൽപി. എം.വി.എയുടെ ചുവടുപിടിച്ചാണ് ദേശീയതലത്തിലെ ‘ഇൻഡ്യ േബ്ലാക്ക്’ രൂപെപ്പട്ടത്. 28ലേറെ പാർട്ടികൾ ഇൻഡ്യ േബ്ലാക്കിലുണ്ട്. പ്രാദേശിക തലത്തിൽ സഖ്യകക്ഷികൾ പരസ്പരം കൊമ്പുകോർത്തെങ്കിലും ദേശീയതലത്തിൽ അവർ ഒറ്റക്കെട്ടാണ്. സംവരണവുമായി ബന്ധപ്പെട്ട മറാത്ത രോഷവും കർഷകരുടെ പ്രതിഷേധവും മറ്റു ഭരണവിരുദ്ധ വികാരങ്ങളും മഹാരാഷ്ട്രയിൽ എൻ.ഡി.എക്ക് പ്രതികൂലമായി. ഉദ്ധവ് പക്ഷം, ശരദ് പവാർ പക്ഷം എന്നിവരുടെ കൂട്ടുകെട്ടിൽ ഇടക്ക് കൈവിട്ടുപോയ ദലിത്, മുസ്ലിം, മറാത്ത വോട്ടുകൾ തിരിച്ചുപിടിക്കാൻ കോൺഗ്രസിനുമായി. കഴിഞ്ഞതവണത്തെ ഒന്നിൽനിന്ന് 13ലേക്ക് കയറിയ കോൺഗ്രസാണ് സംസ്ഥാനത്തെ വലിയ ഒറ്റക്കക്ഷി. സീറ്റുവിഭജനത്തിൽ വിട്ടുവീഴ്ചയോടെ നിന്ന കോൺഗ്രസിനാണ് വലിയ നേട്ടം.
കുടുംബ തട്ടകമായ ബരാമതിയിൽ പവാറിന്റെ മകൾ സുപ്രിയ സുലെയെ തോൽപിച്ച് അദ്ദേഹത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കാമെന്ന ബി.ജെ.പിയുടെ കുതന്ത്രത്തിനും തിരിച്ചടിയാണുണ്ടായത്. അജിത് പവാറിലൂടെ പവാറിനെ മൂലക്കിരുത്തുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. ബരാമതിയിൽ അജിതിന്റെ ഭാര്യ സുനേത്രയായിരുന്നു എൻ.ഡി.എ സ്ഥാനാർഥി. അവരെ ഒന്നരലക്ഷത്തിലേറെ വോട്ടിന് സുപ്രിയ തോൽപിച്ച് പവാറിന്റെ ആത്മാഭിമാനം കാത്തു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ദേശീയതലത്തിൽ പവാറിന്റെ പ്രസക്തി വർധിപ്പിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ രാജ് താക്കറെയും വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കറുമായിരുന്നു ബി.ജെ.പിയുടെ മറ്റ് തുറുപ്പുശീട്ട്. അതും കാര്യമായി വിജയിച്ചില്ല. പ്രകാശ് അംബേദ്കറുടെ സ്ഥാനാർഥികൾ കാരണം അഞ്ച് സീറ്റുകൾ ഇൻഡ്യ േബ്ലാക്കിന് നഷ്ടപ്പെട്ടതായി കണക്കാക്കാം. ഒരു സീറ്റ് കോൺഗ്രസിനും നാല് സീറ്റ് ഉദ്ധവ് പക്ഷത്തിനുമാണ് നഷ്ടമായത്. രാജ് താക്കറെക്ക് സ്വാധീനമുള്ള മുംബൈ, നാസിക് മേഖലകളിൽ ചലനമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല.
നാഗ്പൂരടക്കം ഒമ്പത് സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. നാഗ്പൂരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വിജയം അദ്ദേഹത്തിനു മാത്രം അർഹതപ്പെട്ടതാണെന്ന് പറയുന്നതിൽ തെറ്റില്ല. അദ്ദേഹത്തിന്റെ പരാജയത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മോദി-ഷാമാരും ചരടുവലി നടത്തിയെന്ന ആരോപണമുണ്ട്. നാഗ്പൂരിൽ പ്രകാശ് അംബേദ്കർ സ്ഥാനാർഥിയെ നിർത്തിയില്ല എന്നതും ശ്രദ്ധേയമാണ്. മോദി-ഷാമാർ നാഗ്പൂരിൽ പ്രചാരണത്തിനുണ്ടായിരുന്നില്ല. മുസ്ലിംകൾക്കും ദലിതുകൾക്കും ഒരേപോലെ സ്വീകാര്യനാണ് ഗഡ്കരി. അവരുടെ വോട്ടുകൾ കിട്ടാതെപോകുമെന്ന ആശങ്കയാലാണ് മോദി-ഷാമാരെ ക്ഷണിക്കാത്തതെന്നാണ് ഗഡ്കരിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.
മോദി അധികാരത്തിൽ വരുകയും പാർട്ടിയുടെ കടിഞ്ഞാൺ പൂർണമായും മോദി-ഷാമാരുടെ കൈകളിൽ ഒതുങ്ങുകയും ചെയ്തതിൽ പിന്നെ ആർ.എസ്.എസും ബി.ജെ.പിയും തമ്മിലെ ആശയവിനിമയം നിന്നുവെന്നാണ് പറയപ്പെടുന്നത്. ആർ.എസ്.എസ് ഇല്ലാതെ തന്നെ മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിക്ക് കാലൂന്നിനിൽക്കാം എന്ന സൂചന പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകുകയും ചെയ്തിരുന്നു. ഇതോടെ ബി.ജെ.പിക്കുവേണ്ടി താഴേത്തട്ടിൽ പ്രവർത്തിക്കുന്നത് ആർ.എസ്.എസ് കുറച്ചു.
ഇത് ഹിന്ദിബെൽറ്റിൽ ബി.ജെ.പിക്ക് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. ഭരണ നേട്ടങ്ങളോ ദേശസുരക്ഷയോ ഉയർത്തിക്കാട്ടുന്നതിന് പകരം മോദിയെ മാത്രമുയർത്തിക്കാട്ടിയുള്ള പ്രചാരണം ബി.ജെ.പിക്ക് തിരിച്ചടിയായെന്നാണ് ആർ.എസ്.എസിന്റെ വിലയിരുത്തൽ. പാർട്ടിക്കും മാതൃസംഘടനയായ ആർ.എസ്.എസിനും മീതേയാണ് മോദി സ്വയം പ്രതിഷ്ഠിച്ചതെന്നാണ് ആരോപണം. സ്വന്തം നേട്ടത്തിന് അഴിമതിക്കാരായ പ്രതിപക്ഷ നേതാക്കളെ അടർത്തിയെടുത്ത് ‘വെളുപ്പിക്കുന്ന’ മോദി-ഷാമാരുടെ പ്രവണതയും ആർ.എസ്.എസിന് ഉൾക്കൊള്ളാനായിട്ടില്ല.
ജാട്ട്, കർഷക, രജ്പുത്തുകളുടെ രോഷവും ബി.ജെ.പിക്ക് വിനയായി. രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ജാട്ടുകളുടെ രോഷം ബി.ജെ.പിക്ക് പ്രതികൂലമായതായാണ് നിരീക്ഷണം. ഭരണഘടന തിരുത്തപ്പെടുമെന്ന ഭീതിയിലായിരുന്നു ദലിതുകൾ. മോദി-ഷാമാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തത് അതിരുവിട്ട നടപടിയായി ബി.ജെ.പിയിൽ തന്നെ സംസാരമുണ്ട്. എല്ലാം മോദിയും ഷായും തീരുമാനിക്കും എന്ന നിലപാടിനാണ് പുതിയ രാഷ്ട്രീയ സാഹചര്യം വിലങ്ങുതടിയാകുന്നത്. ഇനി പാർട്ടിയിലും എൻ.ഡി.എ സഖ്യത്തിലും കൂടിയാലോചനകൾ അനിവാര്യമാകും. വാജ്പേയി ഭരണകാലത്തേതുപോലെ എൻ.ഡി.എ സഖ്യകക്ഷികൾക്ക് പ്രാധാന്യമേറും. ബി.ജെ.പിയുടെ സംഘടനാ തെരഞ്ഞെടുപ്പും മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും അടുത്തുവരുകയാണ്. അതിനു മുമ്പേ മോദി-ഷാമാരുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് സ്വയം വിലയിരുത്തലുകൾ അനിവാര്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.