ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നു. ഇടതുപക്ഷം ഇത്തവണയും വൻ തിരിച്ചടികൾ ഏറ്റുവാങ്ങി. എന്താണ് ഇൗ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്? എന്താണ് പാഠങ്ങൾ? -മുതിർന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണങ്ങൾ.
തെരഞ്ഞെടുപ്പിനു മുമ്പ് േകരളത്തിൽ വന്ന് പ്രധാനമന്ത്രി നരേന്ദ്ര േമാദി പ്രവചിച്ചതുേപാലെ ബി.ജെ.പി ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറന്നു. പ്രധാനമന്ത്രിയുടെയും തൃശൂർ സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെയും ശ്രദ്ധയും അക്ഷീണപരിശ്രമവും കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ അശ്രദ്ധയും അലസതയും ദീർഘവീക്ഷണമില്ലായ്മയും ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും ഇൗ തെരഞ്ഞെടുപ്പുഫലത്തിനു പിന്നിലുണ്ട്. സ്ഥാനാർഥി നിർണയം മുതൽ യു.ഡി.എഫിന് ഇവിടെ പിഴച്ചു.
അതേസമയം, മണ്ഡലത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ ബി.ജെ.പിയും സുരേഷ് ഗോപിയും വിജയിച്ചു. ഇൗ വിജയത്തിനു വഴിയൊരുക്കിയ പ്രധാന മുന്നണികൾ അവരുെടതന്നെ കുഴിതോണ്ടാൻ തുടങ്ങുകയും െചയ്തു. ഇൗ വിജയത്തോടൊപ്പം ദേശീയതലത്തിൽ ഒരു വൻ വിജയം കാഴ്ചെവക്കാൻ എൻ.ഡി.എ മുന്നണിക്കു കഴിഞ്ഞില്ലെന്നതിനാൽ യു.ഡി.എഫിനും എൽ.ഡി.എഫിനും തൽക്കാലം സ്വന്തം കായബലം കുറയില്ലെന്ന് ആശ്വസിക്കാം. എൻ.ഡി.എ അജയ്യമാണെന്ന തോന്നൽ ഉണ്ടാക്കുന്നതായിരുന്നു ദേശീയ വിജയമെങ്കിൽ കേരളത്തിലെ മുന്നണികൾ ഘടകകക്ഷി ശോഷണം ഉൾപ്പെടെയുള്ള വലിയ ഭീഷണികളെ നേരിടേണ്ടിവരുമായിരുന്നു.
സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിനു മുന്നിൽ ഇൗ തെരെഞ്ഞടുപ്പുഫലം പുതിയ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒറ്റ മണ്ഡലത്തിലെ വിജയമാണ്, ബി.ജെ.പിക്ക് ഉണ്ടായതെങ്കിലും അവർ ഉയർത്തുന്ന ഭാവി വെല്ലുവിളികളെക്കുറിച്ച് ഇനിയും ഇൗ മുന്നണികൾ ബോധവാന്മാരാകുന്നില്ല എന്നതാണത്. ഒരൊറ്റ നിയമസഭാംഗംേപാലുമില്ലാത്ത സംസ്ഥാനത്താണ്, ഒരു ലോക്സഭാംഗത്തെ സൃഷ്ടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞത് എന്നത് െചറിയ കാര്യമല്ല.
തിരുവനന്തപുരത്തും ആറ്റിങ്ങലിലും ബി.ജെ.പി നൽകിയ വെല്ലുവിളിയെ ഇൗ മുന്നണികൾ എത്രമാത്രം ഗൗരവത്തോടെ കാണുന്നു എന്നത് വളരെ പ്രസക്തമാണ്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇേഞ്ചാടിഞ്ച് തരൂരിനെ വെള്ളം കുടിപ്പിച്ചശേഷമാണ്, അടിയറവു പറഞ്ഞത്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ, മൂന്നാം സ്ഥാനത്തായെങ്കിൽ പോലും അക്ഷരാർഥത്തിൽ ത്രിേകാണ മത്സരം കാഴ്ചെവച്ചുകൊണ്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ വളരെ അടുത്തെത്തി എന്നതും ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ ഏറ്റവും മുന്നിലായി എന്നതും ശ്രദ്ധിക്കെപ്പടേണ്ട കാര്യമാണ്.
പതിനൊന്ന് നിയമസഭ മണ്ഡലങ്ങളിലാണ്, ബി.ജെ.പി ഇക്കുറി ഒന്നാം സ്ഥാനത്തെത്തിയത് എന്ന കാര്യം ലാഘവത്തോടെ കണ്ടുകൂടാ. കേരളത്തിനു പുറത്ത് ഇൻഡ്യ മുന്നണിയിൽ ഒരുമിച്ചു നിൽക്കുന്നവരാണ്, ബി.ജെ.പിയെ ഇൗ വെല്ലുവിളി ഉയർത്തുന്ന മണ്ഡലത്തിലെങ്കിലും പൊതു ശത്രുവായി കാണാതിരുന്നത് എന്നതും ആലോചിക്കേണ്ട കാര്യമാണ്.
കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചു എന്ന് ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷേ പതിനെട്ടു മണ്ഡലങ്ങളിലെ വിജയം, യു.ഡി.എഫിന് ജനങ്ങൾ നൽകിയ അംഗീകാരമാണോ? യു.ഡി.എഫ് നേതൃത്വം പരിശോധിക്കേണ്ട കാര്യമാണത്. തിരുവനന്തപുരത്തും മാവേലിക്കരയിലും പത്തനംതിട്ടയിലും ആറ്റിങ്ങലിലും മറ്റും ജനം നിവൃത്തികേടുകൊണ്ട് വോട്ടുചെയ്തു എന്നേ പറയാനാകൂ. ആ മണ്ഡലങ്ങൾ സന്ദർശിച്ചവർ അവിടത്തെ ജനവിഭാഗങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടുണ്ട്.
ശക്തമായ ഭരണവിരുദ്ധ വികാരങ്ങൾമൂലം പൊറുതിമുട്ടിയവർ യു.ഡി.എഫിന് വോട്ടുചെയ്യാൻ നിർബന്ധിതരാകുകയായിരുന്നു. എന്നും കൂെട നിന്ന വിഭാഗങ്ങളെയെല്ലാം വെറുപ്പിച്ച സ്ഥാനാർഥികളായിരുന്നു, ഇൗ പറഞ്ഞ മണ്ഡലങ്ങളിലടക്കം പലേടത്തും യു.ഡി.എഫിന്റേത്. അത്രക്ക് അവർ വോട്ടർമാരിൽനിന്ന് അകന്നിരുന്നു. എന്നിട്ടും അവർക്ക് വോട്ടുകിട്ടിയത്, സംസ്ഥാന സർക്കാറിനോടുള്ള ജനത്തിന്റെ എതിർപ്പുമൂലമായിരുന്നു എന്ന് വ്യക്തം.
തൃശൂരിൽ ശ്രദ്ധേയമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി വിജയിച്ചത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ശശി തരൂരിനോട് കടുത്ത മത്സരമാണ് കാഴ്ചെവച്ചത്. 2014ൽ ഒ. രാജഗോപാലുമായി നടത്തിയ മത്സരത്തിനെ അനുസ്മരിപ്പിക്കുന്ന ഫിനിഷിങ്ങാണ്, ഇക്കുറി തരൂർ നടത്തിയത്. തന്റെ മണ്ഡലത്തെയും വോട്ടർമാരെയും അഭ്യുദയകാംക്ഷികളെയും അൽപംകൂടി കരുതലോടെ കണ്ടിരുന്നുവെങ്കിൽ തരൂരിന് ഇത്രമാത്രം വിഷമിക്കേണ്ടിവരില്ലായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് തരൂരിന്റെ ശക്തികേന്ദ്രങ്ങളായ തീരപ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അവിടത്തെ വോട്ടർമാർ പറഞ്ഞ ചില കാര്യങ്ങളുണ്ട്.
അവരുടെ ഒരു ആവശ്യവും തരൂരോ അദ്ദേഹത്തിന്റെ സ്റ്റാഫോ േകൾക്കാൻപോലും കൂട്ടാക്കിയിട്ടില്ല. അവരുടെ ഒരു പരിപാടിക്കും അദ്ദേഹം പോയില്ല. ഫലസ്തീൻ പ്രശ്നത്തിലും വിഴിഞ്ഞത്ത് തുറമുഖം വരുന്നതുമൂലമുണ്ടാകുന്ന പ്രശ്നത്തിലും തരൂർ തികച്ചും മോശമായ നിലപാട് സ്വീകരിച്ചു. എങ്കിലും ഇത്തവണ വോട്ടുചെയ്യും, വർഗീയ ഭീഷണികളെ ചെറുക്കാൻ എന്നാണവർ പറഞ്ഞത്. അവർ അത് ചെയ്തു എന്നത് തെരഞ്ഞെടുപ്പു ഫലത്തിൽനിന്നു വ്യക്തമാണ്. ആ പ്രദേശങ്ങളിലെ വോെട്ടണ്ണിയപ്പോഴാണ്, അദ്ദേഹം മുന്നിലെത്തിയത്. അതേസമയം, നഗരകേന്ദ്രത്തിലെയും ടെക്കികളുടെയും വോട്ട് ഇക്കുറി അദ്ദേഹത്തിനു നഷ്ടമായി എന്നും കണക്കുകളിൽനിന്ന് വ്യക്തം. 2019ലെ പതിനയ്യായിരത്തിൽപരം വോട്ടിന്റെ കഷ്ടിച്ചുള്ള രക്ഷപ്പെടലായിരുന്നു, 2014ലേതുപോലെ ഇക്കുറിയും തരൂരിന്റേത്! ആറ്റിങ്ങലിലും ആലപ്പുഴയിലും ബി.ജെ.പി, വോെട്ടണ്ണത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അതിനാൽ യു.ഡി.എഫിന്റെ ഗംഭീരവിജയത്തെക്കാൾ ശ്രദ്ധേയം, മതേതര കേരളത്തിലെ ബി.ജെ.പിയുടെ അക്കൗണ്ട് തുറക്കലാണ്.
കേരളത്തിൽ ഇതുവരെ പരിചിതമല്ലാത്ത ചില സാമൂഹിക മാറ്റങ്ങളാണ് ഇതിലൂടെ പ്രകടമാകുന്നത്. ഭൂരിപക്ഷ സമുദായങ്ങളിലെ മതേതരപക്ഷത്ത് നിലയുറപ്പിച്ചിരുന്ന ശക്തമായ നിലപാടുകളുള്ള കുറെ വോട്ടർമാരെങ്കിലും തുടർന്നുവന്ന സ്വന്തം രാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിച്ചുവെന്നതിന്റെ സൂചനയാണ് ബി.ജെ.പി സ്ഥാനാർഥികൾ പതിനൊന്ന് നിയമസഭ മണ്ഡലങ്ങളിൽ നടത്തിയ മുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്. ഇതിൽ മിക്കവയും സി.പി.എമ്മിന്റെ വോട്ട് കുറഞ്ഞ മണ്ഡലങ്ങളാണെന്നത് കൂടുതൽ ഉദ്വേഗം ജനിപ്പിക്കുന്നു. 2014ൽ പതിനഞ്ചു ശതമാനത്തോളം വോട്ടു ലഭിച്ച എൻ.ഡി.എ മുന്നണിക്ക് ഇക്കുറി വോട്ട് ശതമാനം ഇരുപതിനടുത്തേക്ക് വർധിപ്പിക്കാനും കഴിഞ്ഞു. ഇൗ പ്രവണത ആവർത്തിക്കുന്നപക്ഷം ഇവിടെത്ത മുന്നണികളുടെ രാഷ്ട്രീയ ഭാവി എന്താകും? കേരളത്തിന്റെ രാഷ്ട്രീയ-സാമുദായിക സന്തുലനത്തിന് എന്തു സംഭവിക്കും? ഇൗ തെരഞ്ഞെടുപ്പുഫലം ആ വക ചിന്തകൾ ഉണർത്തുന്നുണ്ട്.
സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തിലെ എഴുപത്തഞ്ചു ശതമാനത്തിലധികം വോട്ടർമാരെയും ഉൾെക്കാള്ളുന്നത് സി.പി.എം എന്ന ഒറ്റ പാർട്ടിയാണ്. പണ്ട് കോൺഗ്രസിലും ഇൗ വിഭാഗത്തിൽനിന്ന് നല്ല ഒരു ഒാഹരി ഉണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ആ വോട്ട്ബാങ്ക് കോൺഗ്രസിന് വലിയതോതിൽ നഷ്ടമായി. കുറെയൊക്കെ ബി.ജെ.പിയിലും ബാക്കി മറ്റു പാർട്ടികളിലും പോയി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വരെ ഇൗ വിഭാഗങ്ങളുടെ വോട്ട് പിടിച്ചുനിർത്താൻ ഇടതുപക്ഷത്തിനു സാധിച്ചു.
അതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൂടി ചേർന്നപ്പോൾ നിയമസഭയിലേക്ക് വലിയ ഭൂരിപക്ഷത്തിൽ രണ്ടാമതും നിയമസഭയിലേക്ക് വിജയിക്കാൻ ഇടതുമുന്നണിക്കു കഴിഞ്ഞു. ഇക്കുറി ആ ഭൂരിപക്ഷ സമുദായ വോട്ടുകൾ പിടിച്ചുനിർത്താൻ ഇടതു മുന്നണിക്കു കഴിയാതെ പോയതാണെങ്കിൽ അത് അപരിഹാര്യമാകും. എന്നും സി.പി.എമ്മിനോട് ആഭിമുഖ്യം കാട്ടിയിരുന്ന എസ്.എൻ.ഡി.പി പോലും ഇക്കുറി ശക്തമായ നിലപാടെടുക്കാതിരുന്നത് ഒരു പുതിയ സമസ്യയാണ്. ഇടതുമുന്നണി ഉണ്ടെങ്കിൽ മതേതര വിരുദ്ധ ശക്തികൾ കേരളത്തിൽ വേരുപിടിക്കില്ല എന്ന അവകാശവാദത്തിനാണ് അതോടെ പ്രസക്തിയില്ലാതാകുന്നത്.
ദേശീയതലത്തിൽ ഇൻഡ്യ മുന്നണിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും അവർ ഉണ്ടാക്കിയ മുന്നേറ്റം കേരളത്തിലെ യു.ഡി.എഫിന് ഗുണംചെയ്യും. രാഹുൽ ഗാന്ധിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ വിവിധ കക്ഷികളെ കൂട്ടിയിണക്കുന്നതിനായി എടുത്ത മുൻകൈയും പരിശ്രമവും യു.ഡി.എഫ് ഘടകകക്ഷികളെ കൂടുതൽ അടുപ്പിച്ചു നിർത്തുമെന്നതു മാത്രമല്ല, എതിർ മുന്നണിയിലെ കക്ഷികളെയും ആകർഷിക്കുന്നതാണ്. അത് യു.ഡി.എഫിനെ അൽപംകൂടി കെട്ടുറപ്പുള്ളതാക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ നല്ല പ്രകടനമല്ല, കോൺഗ്രസ് നടത്തുന്നതെങ്കിൽ മുന്നണിയിൽ തുടരുന്ന കാര്യം പുനർചിന്തിക്കണമെന്ന അഭിപ്രായം പ്രധാന ഘടകകക്ഷിയായ മുസ്‍ലിം ലീഗിൽ വരെ ഉയർന്നിരുന്നു. എന്തായാലും ആവക ചിന്തകൾക്ക് തടയിടാൻ ഇൻഡ്യ മുന്നണിയുടെ ഭേദപ്പെട്ട പ്രകടനത്തിനും യു.ഡി.എഫിന്റെ കേരളത്തിലെ വിജയത്തിനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇടതുമുന്നണിയിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുള്ള ഘടകകക്ഷികളെ യു.ഡി.എഫിലേക്ക് ആകർഷിക്കാനും ഇൗ വിജയം ഉതകും.
യു.ഡി.എഫ് വിജയിച്ച പതിനെട്ടു മണ്ഡലങ്ങളിൽ പത്തെണ്ണത്തിലും ഒരുലക്ഷത്തിലധികം ഭൂരിപക്ഷമുണ്ട് എന്നത് സർക്കാറിനെതിരായ ജനവികാരം പ്രകടമാക്കുന്നു. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഭൂരിപക്ഷം മൂന്നുലക്ഷത്തി അറുപത്തിനാലായിരത്തിലധികമുണ്ട്. മുസ്‍ലിം ലീഗിന്റെ മലപ്പുറത്ത് മൂന്നുലക്ഷത്തിലേറെയും പൊന്നാനിയിൽ രണ്ടുലക്ഷത്തി മുപ്പത്തയ്യായിരത്തിലേറെയുമുണ്ട്, ഭൂരിപക്ഷം. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി രണ്ടരലക്ഷത്തിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഏറ്റവുമധികം വർഗീയ പരാമർശങ്ങൾ പ്രചാരണത്തിൽ ഉയർന്നുവന്ന വടകരയിൽ ഒരുലക്ഷത്തിലേറെ വോട്ടുകളാണ്, കെ.കെ. ശൈലജയെക്കാൾ കൂടുതലായി യു.ഡി.എഫിന്റെ ഷാഫി പറമ്പിൽ നേടിയത്. ഇത്, ആർ.എം.പിയുടെയും കെ.കെ. രമയുടെയുംകൂടി വിജയമാകുന്നു.
എൻ.ഡി.എയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വർധന, ഇടതു മുന്നണിയുടെ വോട്ടിൽനിന്നാണെങ്കിൽ, അവരുടെ അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ടെങ്കിൽ, അത് ഏറെ ഗൗരവമുള്ള കാര്യമാണ്. കാരണം, ബി.ജെ.പിക്ക് ആകർഷിക്കാൻ കഴിയുന്ന അണികൾ ഇപ്പോൾ ഏറ്റവും കൂടുതലുള്ളത് ഇടതുമുന്നണിയിലാണ്. അത് അവർ ലാഘവത്തോടെ കാണേണ്ട കാര്യമല്ലെന്ന് ചുരുക്കം. ബി.ജെ.പിയെ സംസ്ഥാനത്ത് കടക്കാൻ അനുവദിക്കിെല്ലന്ന് ആവർത്തിച്ചു നടന്നിരുന്ന സി.പി.എമ്മിൽ നിന്നും ഇൗ വിധം വോട്ടുചോർച്ച ഉണ്ടായെങ്കിൽ അത് പാർട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ഗുരുതരമായി ബാധിക്കുകതന്നെ ചെയ്യും. ഘടകകക്ഷികൾക്ക് മുന്നണി നേതൃത്വത്തിൽ വിശ്വാസവും നഷ്ടപ്പെടും.
ബി.ജെ.പിയുടെ കേന്ദ്രസർക്കാറുമായി ഒത്തുതീർപ്പുകൾ ഉണ്ടാക്കുന്ന പാർട്ടിയാണ് സി.പി.എം എന്ന പേരുദേഷം ഇതിനിടയിൽതന്നെ അവർക്ക് കിട്ടിയിട്ടുമുണ്ട്. അതിനാൽ, 2019ലെ പരാജയംപോെല നിസ്സാരമായ താൽക്കാലിക പരാജയമായി ഇതിനെയും കാണാൻ സി.പി.എമ്മിന് കഴിയില്ല. പിണറായി വിജയന്റെ ധർമടം നിയമസഭ മണ്ഡലത്തിലും കെ.കെ. ശൈലജയുടെ മട്ടന്നൂർ നിയമസഭ മണ്ഡലത്തിലും വരെ ഇടതു മുന്നണി പിന്നിൽ പോയത് കൂടുതൽ ഗൗരവമുയർത്തുന്നു. 2021ൽ മട്ടന്നൂരിൽ ശൈലജക്ക് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്.
യു.ഡി.എഫ് വിജയിച്ച മണ്ഡലങ്ങളിൽ മിക്കവയിലും 2019നെക്കാൾ വോട്ടുകൾ വർധിച്ചു. അതേസമയം, കഴിഞ്ഞതവണത്തെക്കാൾ ഒരു മണ്ഡലം കൂടുതലായി കൈവിട്ടുപോയി. അത് കൊണ്ടുപോയത്, ദേശീയതലത്തിൽതന്നെ എതിരാളിയായ ബി.ജെ.പിയാണ് എന്നത് ഇരട്ടി ആഘാതം ഏൽപിക്കുന്നു. അതിനിടയിലും ഇൗ വിജയം അഭിമാനാർഹമാണ്. പക്ഷേ, ഇത് യു.ഡി.എഫ് തരംഗം എന്നൊെക്ക വിശേഷിപ്പിക്കാമെങ്കിലും ഇടതുപക്ഷ ഭരണവിരുദ്ധ തരംഗം എന്നേ കാണാനാകൂ. ഭരണം അത്രമേൽ ജനങ്ങളെ വെറുപ്പിച്ചതിനാലാകാം യു.ഡി.എഫ് സ്ഥാനാർഥികളിൽ പലരും ജനങ്ങൾക്ക് അനഭിമതരായിട്ടുകൂടി വോട്ടു കിട്ടിയത്.
എന്നും ഇടതുപക്ഷേത്താടൊപ്പം നിൽക്കുന്ന സർക്കാർ ജീവനക്കാരും കർഷകെത്താഴിലാളികളും സാധാരണക്കാരും ഇക്കുറി സർക്കാറിനെതിരായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണ ജനത്തെ വലച്ചപ്പോൾ ശമ്പളത്തിനും പെൻഷനും ഉണ്ടായ നിയന്ത്രണങ്ങൾ സർക്കാർ ജീവനക്കാെര എതിരാക്കി. ആറുലക്ഷത്തോളം വരുന്ന ജീവനക്കാരും അഞ്ചുലക്ഷം വരുന്ന പെൻഷനേഴ്സും കേരളത്തിലുണ്ട്.
അവരുടെ ആശ്രിതരടക്കം മുപ്പതുലക്ഷത്തിലധികം വോട്ടർമാർ കേരളത്തിലുണ്ട്. ഇവരാൽ സ്വാധീനിക്കെപ്പടുന്നവർ വേറെയും. ഇവർക്കായി ആരംഭിച്ച ‘മെഡിസെപ്പ്’ എന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പൂർണ പരാജയമായിരുന്നു. ശമ്പളപരിഷ്കരണം, പെൻഷൻ പരിഷ്കരണം, ഡി.എ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തികച്ചും നിസ്സംഗതയാണ് പുലർത്തിയിരുന്നത്. ഇതിനൊക്കെ വേണ്ടി സാധാരണ സമരംചെയ്യാറുള്ള ഇടതുപക്ഷ സംഘടനകൾ ഭരണകക്ഷിയുടെ ഭാഗമായതിനാൽ അമർഷം കടിച്ചുപിടിച്ച് മിണ്ടാതിരിക്കേണ്ട ഗതിേകടിലായിരുന്നു. എന്നാൽ, ഇൗ അമർഷം അവർ വോട്ടിങ്ങിൽ പ്രകടമാക്കിയതായി കരുതാൻ ന്യായമുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങളോട് അനുഭാവം കാട്ടുന്നുവെന്നു കരുതപ്പെട്ടുവന്ന ഇടതുപക്ഷം യഥാർഥ പ്രശ്നങ്ങളിൽ മുഖം തിരിഞ്ഞുനിന്നതും അവർക്ക് വിനയായി. രഞ്ജിത് ശ്രീനിവാസൻ കേസിലും ഷാൻ കേസിലുമുണ്ടായ ഇരട്ടത്താപ്പുനയം ഏറെ ആശയക്കുഴപ്പം ആ വിഭാഗങ്ങളിൽ ഉണ്ടാക്കി. റിയാസ് മൗലവിക്കേസിലും ഇതേ സമീപനം സർക്കാറിൽനിന്നുണ്ടാകുന്നതായി അവർക്ക് തോന്നി. വടകരയിൽ പ്രചാരണത്തിന്റെ ഭാഗമായി പ്രത്യക്ഷത്തിലും പരോക്ഷമായും ന്യൂനപക്ഷ വിരുദ്ധമായി പെരുമാറിയ സി.പി.എമ്മിന് ആവക അടവുകൾ പാളിപ്പോയപ്പോൾ ബന്ധപ്പെട്ട വിഭാഗങ്ങളുടെ ആ വിധത്തിലുള്ള അവിശ്വാസെത്തയും നേരിടേണ്ടിവന്നു. മണിപ്പൂർ സംഭവങ്ങളിലും ശരിയായവിധം പ്രതികരിക്കാതിരുന്ന സർക്കാറിനോടും ഭരണനേതൃത്വത്തോടും ക്രിസ്ത്യൻ വിഭാഗങ്ങൾക്കും അവിശ്വാസമുണ്ടായി.
ആലത്തൂരിലെ ആശ്വാസജയം ഇടതുമുന്നണിയുടെ വിജയമെന്ന് വിലയിരുത്താനാകുമോ? സി.പി.എമ്മിലെ ഏറ്റവും വിശ്വാസ്യതയും ജനപിന്തുണയുമുള്ള കെ. രാധാകൃഷ്ണൻ എന്ന നേതാവിന്റെ വ്യക്തിപരമായ വിജയമായേ അതിനെ കാണാനാകൂ. സംശുദ്ധമായ പ്രവർത്തന ചരിത്രമുള്ള നേതാവാണ് കെ. രാധാകൃഷ്ണൻ. എം.എൽ.എ എന്ന നിലയിലും സ്പീക്കർ പദവിയിലും രണ്ടുതവണ മന്ത്രിയായപ്പോഴും തന്റെ പ്രതിച്ഛായക്കൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സി.പി.എമ്മിൽനിന്ന് മുഖ്യമന്ത്രിയാകാൻ യോഗ്യനായ ഏക നേതാവ് എന്നുപോലും ജനം വിലയിരുത്തുന്ന രാധാകൃഷ്ണന്റെ വിജയം അതിനാൽ യാദൃച്ഛികമല്ല.
ശക്തമായ ഭരണവിരുദ്ധ വികാരെത്തപ്പോലും അതിജീവിക്കാൻ രാധാകൃഷ്ണനെ തുണച്ചത് അദ്ദേഹത്തിന്റെ പ്രതിച്ഛായതന്നെ. അങ്ങനെ രാധാകൃഷ്ണൻ ഇക്കുറി ഇടതുപക്ഷത്തിന്റെ ഏക ‘കനൽത്തരി’യായി. കഴിഞ്ഞതവണ, ആലപ്പുഴയിൽനിന്ന് വിജയിച്ച ഏക ഇടതുപക്ഷാംഗം ആരിഫാണ് ഇൗ പദവി ഇതുവരെ അലങ്കരിച്ചിരുന്നത്. ഇക്കുറി അവിടെ േകാൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അദ്ദേഹത്തെ തോൽപിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് മണ്ഡലത്തിലെ പ്രശ്നങ്ങളെ അവഗണിച്ചതായ പരാതി നേരത്തേതന്നെ വോട്ടർമാരിലുള്ളതാണ്.
ഇൗ പരാതി കോൺഗ്രസിന്റെ മിക്ക സ്ഥാനാർഥികൾക്കും എതിരെ നിലനിന്നിരുന്നു. തിരുവനന്തപുരത്തും ആറ്റിങ്ങലിലും പത്തനംതിട്ടയിലും മാവേലിക്കരയിലും ചാലക്കുടിയിലുമെല്ലാം ഇൗ പരാതി ഉണ്ടായിരുന്നു. എന്നാൽ, ഇതിനെയെല്ലാം നിഷ്പ്രഭമാക്കിയത്, ഭരണവിരുദ്ധവികാരം എന്നുവേണം കണക്കാക്കാൻ. തിരുവനന്തപുരത്ത് ശശി തരൂരിനെ രൂക്ഷമായി എതിർത്തുകൊണ്ടാണ്, അദ്ദേഹത്തിന് ഇക്കുറി അദ്ദേഹത്തിന്റെ വോട്ടർമാർ വോട്ടു ചെയ്തത് എന്നത് ഒരു വിരോധാഭാസമാണ്. ഫലസ്തീൻ വിഷയത്തിലും മണിപ്പൂർ വിഷയത്തിലും അദ്ദേഹത്തിൽനിന്നുണ്ടായ പ്രതികരണം ഉണ്ടാക്കിയ അമർഷം കടിച്ചമർത്തിക്കൊണ്ട് വോട്ടുചെയ്യാൻ അവരെ നിർബന്ധിതരാക്കിയത്, രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു.
ലോക്സഭാംഗമെന്ന നിലയിലുള്ള പ്രവർത്തനമികവുകൊണ്ട് നേട്ടമുണ്ടാക്കിയവർ, കൊല്ലെത്ത എൻ.കെ. പ്രേമചന്ദ്രനും ഇടുക്കിയിെല ഡീൻ കുര്യാേക്കാസും എറണാകുളെത്ത ഹൈബി ഇൗഡനും കോഴിക്കോട് എം.കെ. രാഘവനും മറ്റുമാണ്. നേട്ടങ്ങൾക്കിടയിലും തൃശൂരിലെ മുരളീധരന്റെ തോൽവിയും അതിലുപരി ബി.ജെ.പി സ്ഥാനാർഥിയുടെ വിജയവും കോൺഗ്രസിന് മനോവിഷമമുണ്ടാക്കുന്നതാണ്. വടകരയിലെ സ്വന്തം സീറ്റ് മതനിരപേക്ഷ പോരാട്ടത്തിന്റെ പേരിൽ ത്യജിച്ച് തൃശൂരിലെ വെല്ലുവിളി ഏറ്റെടുത്തയാളാണ് മുരളീധരൻ. ഇതുേപാലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലും അദ്ദേഹം വെല്ലുവിളി ഏറ്റെടുത്ത് ബലിയാടായ ചരിത്രമുണ്ട്. സ്വന്തം സഹോദരിയോടും കുടുംബാംഗങ്ങളോടുപോലും എതിർത്ത് മത്സരരംഗത്ത് നിൽക്കേണ്ടിവന്ന അദ്ദേഹത്തിന് പാർട്ടിയുടെ പൂർണപിന്തുണ ആ മണ്ഡലത്തിൽ കിട്ടിയില്ല.
സുരേഷ് ഗോപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ തൃശൂരിൽ പ്രചാരണത്തിനു വന്ന് റോഡ്ഷോയടക്കം നടത്തി. ഇടതുപക്ഷ സ്ഥാനാർഥി സുനിൽകുമാറിനുവേണ്ടി പിണറായി വിജയൻ വരികയും പാർട്ടി വോട്ടുകൾ സുനിൽകുമാറിനു തന്നെ ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയുംചെയ്തു. എന്നാൽ, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത മണ്ഡലങ്ങളിൽ വന്നിട്ടുപോലും തൃശൂരിൽ കയറാതിരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രദ്ധെവച്ചത് എന്തിനു വേണ്ടിയായിരുന്നു? സംസ്ഥാന കോൺഗ്രസ് നേതൃത്വം ആ മണ്ഡലെത്ത പൂർണമായും അവഗണിച്ചു.
കൂെട നിന്ന് സ്നേഹം കാട്ടിയവരും ചുംബനം നൽകിയവരും ഉൾപ്പെടെ പിന്നിൽനിന്നു കുത്തിയെന്നും ചതിച്ചുവെന്നും മുരളീധരൻ കരുതിയാൽ അതിൽ തെറ്റുണ്ടെന്ന് പറയാനാകില്ല. മുരളിക്കെതിരെ മത്സരിച്ച ഇടതു സ്ഥാനാർഥി വി.എസ്. സുനിൽകുമാർ വിജയിക്കുെമന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. സുനിൽകുമാറിന്റെ കറപുരളാത്ത പ്രതിച്ഛായതന്നെ കാരണം. മതേതരവിരുദ്ധ ശക്തികൾ ജയിക്കുന്ന അവസ്ഥ ഉണ്ടായാൽ വിജയസാധ്യതയുള്ള എതിർ സ്ഥാനാർഥിക്ക് ക്രോസ്വോട്ടുചെയ്ത് ജയിപ്പിക്കുന്ന ഒരു പ്രവണത സി.പി.എമ്മിൽ പലപ്പോഴും കണ്ടിരുന്നു. എന്നാൽ ഇക്കുറി, തൃശൂരിലും തിരുവനന്തപുരത്തും ആവക േവാട്ടിങ് ചോർച്ച ഉണ്ടാകരുതെന്ന കർശന നിലപാടിലായിരുന്നു സി.പി.എം നേതൃത്വം. അതുവഴി കടന്നുകയറാൻ ബി.ജെ.പിക്ക് വഴിതെളിയുകയും ചെയ്തു.
യു.ഡി.എഫ് സ്ഥാനാർഥികളുടെ ഏറ്റവും വലിയ മറ്റൊരു പ്രശ്നം വിഭവദാരിദ്ര്യമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം പോസ്റ്റർപോലും പലേടത്തും കുറവായിരുന്നു. പ്രചാരണം ഏറ്റവും കൊഴുപ്പിക്കാനായത് എൻ.ഡി.എ സ്ഥാനാർഥികൾക്കാണ്. ഇടതുപക്ഷത്തും ആർഭാടം കുറവായില്ല. കോൺഗ്രസിലെ അസ്വസ്ഥമാനസരെ കണ്ടുപിടിച്ച് അവരെക്കൊണ്ട് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ ബി.ജെ.പി മിടുക്കുകാട്ടിയിരുന്നു. അതിനാൽ തിരുവനന്തപുരത്തടക്കം കോൺഗ്രസ് സ്ഥാനാർഥികൾ പലരും തോൽക്കുമെന്ന പ്രചാരണവും തെരഞ്ഞെടുപ്പിനുമുമ്പ് കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് ഉയർന്നിരുന്നു. പലേടത്തും പുതിയ വോട്ടർമാരെ ചേർക്കുന്നതിന് കോൺഗ്രസ് ഇക്കുറി ശ്രദ്ധിച്ചിേട്ടയില്ലെന്നതും ചേർത്തു വായിക്കേണ്ടതാണ്.
േകാട്ടയം മണ്ഡലത്തിലെ ഫ്രാൻസിസ് ജോർജിന്റെ വിജയം ഇടതുമുന്നണിയിൽ പ്രശ്നങ്ങൾക്ക് വഴിെവക്കാൻ പര്യാപ്തമാണ്. കഴിഞ്ഞതവണ അവിടെ വിജയിച്ച മാണിഗ്രൂപ്പ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ ഇക്കുറി മാണിഗ്രൂപ്പിൽ തന്നെ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ചത്, പൂർണ ജയപ്രതീക്ഷയോടെയാണ്. ജോസഫ് ഗ്രൂപ്പിന് സ്വാധീനമില്ലാത്തതാണ് കോട്ടയം മണ്ഡലം. അവിടെ കോൺഗ്രസിന് വലിയ വോട്ട്ബാങ്കുണ്ട്. ഫ്രാൻസിസ് ജോർജിന് വ്യക്തിപരമായി സ്വാധീനവുമുണ്ട്. ഇതു രണ്ടും ചേർന്നപ്പോൾ ചാഴിക്കാടൻ നന്നായി തോറ്റു. ജോസ് കെ. മാണിയുടെ രാജ്യസഭാംഗത്വവും നഷ്ടമാകുന്ന കാലയളവിലാണ് ഇതും സംഭവിക്കുന്നത്.
അത് തിരിച്ചുനൽകാൻ ഇക്കുറി ഇടതുമുന്നണി തയാറാകില്ലെന്നതിനാൽ പാർലമെന്റിൽ ഇനി മാണിഗ്രൂപ്പിന് സാന്നിധ്യമുണ്ടാകില്ല. മാണി ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ടായിട്ടും മുന്നണിക്ക് ഗുണമുണ്ടായില്ലെന്ന വിമർശനവും മുന്നണി നേതൃത്വത്തിൽനിന്ന് അവർക്ക് കേൾേക്കണ്ടി വന്നേക്കാം. ആ പാർട്ടിയിൽ അസ്വസ്ഥത ഉണ്ടാക്കാൻ അത് കാരണമാകും എന്നതിൽ സംശയമില്ല. ഇടതു മുന്നണിയിൽ നിൽക്കുന്ന മാണിഗ്രൂപ്പിെന വീണ്ടും തങ്ങളുടെ തട്ടകത്തിലേക്ക് മടക്കി കൊണ്ടുവരാൻ ഇതു വഴിതെളിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ കരുതുന്നത്. അങ്ങനെ ഇത്തവണത്തെ തോൽവി, ഇടതു മുന്നണിയിൽ പലവിധ പ്രശ്നങ്ങൾക്ക് വഴിതെളിക്കുകയും യു.ഡി.എഫിന് പുതിയ പ്രതീക്ഷകൾ നൽകുകയും ചെയ്തേക്കാം.
മുസ്‍ലിം ലീഗിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം സമസ്ത വഴി സി.പി.എമ്മിൽനിന്നുണ്ടായതായി ആരോപണമുണ്ട്. സമസ്തയിൽ ആശയക്കുഴപ്പമുണ്ടായെങ്കിലും ലീഗിൽ അത് പ്രതിസന്ധി സൃഷ്ടിച്ചില്ലെന്നതാണ്, തെരഞ്ഞെടുപ്പു ഫലത്തിൽ പ്രകടമാകുന്നത്. വലിയ ഭൂരിപക്ഷത്തിൽ രണ്ടു സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ ലീഗ് േനതൃത്വത്തിനു കഴിഞ്ഞു. എതിർപക്ഷത്തു നിൽക്കുേമ്പാൾപോലും സി.പി.എമ്മുമായി നല്ല ബന്ധം പുലർത്തിവന്ന ചില ലീഗ് നേതാക്കൾപോലും അങ്ങനെ അകന്നുപോകുകയും ചെയ്തു എന്നതാണ് ഇതിലൂടെ ഉണ്ടായ മറ്റൊരു കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.