തമിഴ്നാട്ടിലും രാജസ്ഥാനിലും ലഭിച്ച സീറ്റുകൾ കാരണം സി.പി.എമ്മിന് ദേശീയപദവി നഷ്ടമാകില്ല. പക്ഷേ, കേരളത്തിൽ വലിയ പരാജയം ഇടതുപക്ഷം നേരിട്ടു. ബംഗാളിലാകെട്ട തിരിച്ചുവരാനുമായില്ല. എന്താണ് ഇടതിന്റെ പരാജയത്തിന് പിന്നിൽ? തിരിച്ചുവരവ് സാധ്യമാണോ? –മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകന്റെ വിശകലനം.അസ്തമയത്തിലേക്ക് അടുപ്പിക്കുന്നുവെന്ന് തോന്നിച്ച ഇന്ത്യൻ ജനാധിപത്യത്തിലും മതേതരത്വത്തിലും സർവോപരി നമ്മുടെ സാധാരണ ജനതയിലും വിശ്വാസമുറപ്പിക്കുന്നതാണ് ഈ ദേശീയ തെരഞ്ഞെടുപ്പ് വിധി....
തമിഴ്നാട്ടിലും രാജസ്ഥാനിലും ലഭിച്ച സീറ്റുകൾ കാരണം സി.പി.എമ്മിന് ദേശീയപദവി നഷ്ടമാകില്ല. പക്ഷേ, കേരളത്തിൽ വലിയ പരാജയം ഇടതുപക്ഷം നേരിട്ടു. ബംഗാളിലാകെട്ട തിരിച്ചുവരാനുമായില്ല. എന്താണ് ഇടതിന്റെ പരാജയത്തിന് പിന്നിൽ? തിരിച്ചുവരവ് സാധ്യമാണോ? –മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകന്റെ വിശകലനം.
അസ്തമയത്തിലേക്ക് അടുപ്പിക്കുന്നുവെന്ന് തോന്നിച്ച ഇന്ത്യൻ ജനാധിപത്യത്തിലും മതേതരത്വത്തിലും സർവോപരി നമ്മുടെ സാധാരണ ജനതയിലും വിശ്വാസമുറപ്പിക്കുന്നതാണ് ഈ ദേശീയ തെരഞ്ഞെടുപ്പ് വിധി. ഒരു പരിധിവരെ എങ്കിലും അടിയന്തരാവസ്ഥക്കു ശേഷമുണ്ടായതുപോലെ ആത്മവിശ്വാസവും ആശ്വാസവുമേകുന്ന ജനവിധി.
പക്ഷേ, 1977ലെ തെരഞ്ഞെടുപ്പിൽ ദേശീയധാരയിൽനിന്ന് വ്യത്യസ്തമായിരുന്നു അന്ന് കേരളത്തിലുണ്ടായ വിധി. ഇന്നും അത്ര ആശ്വാസകരമല്ലാത്ത അംശങ്ങൾ കേരളത്തിന്റെ ജനവിധിയിലുണ്ട്. സാമുദായിക രാഷ്ട്രീയം എന്നും ശക്തമായിരുന്നെങ്കിലും മതാധിഷ്ഠിത രാഷ്ട്രീയത്തിന് കീഴടക്കാനാകാത്ത ഇന്ത്യയിലെ അവസാനത്തെ മതേതരക്കോട്ട എന്നതായിരുന്നു കേരളത്തിന്റെ അവകാശവാദം. ഇത് കുറെക്കാലമായി ക്രമേണ ദുർബലപ്പെട്ട് വരുകയായിരുന്നുവെങ്കിലും ഈ തെരഞ്ഞെടുപ്പ് ഏറക്കുറെ അതിന്റെ അന്ത്യം കുറിച്ചിരിക്കുകയാണ്. തൃശൂരിലെ ബി.ജെ.പിയുടെ വിജയവും സംസ്ഥാനത്താകെയുള്ള അവരുടെ വോട്ട് വർധനയും കേരള ചരിത്രത്തിലെ ഒരു വഴിത്തിരിവാണ്. കേരളത്തിലെ ഇരുധ്രുവ രാഷ്ട്രീയത്തിന്റെ അന്ത്യമായെന്ന് പറയാം.
മുമ്പ് ബി.ജെ.പി ജയിച്ചിട്ടുണ്ടെങ്കിലും അവരുടെ ബാലികേറാമലയായി നിലനിൽക്കുന്ന ദ്രാവിഡക്കോട്ടയായി തമിഴ്നാട് ഇന്ന് തലയുയർത്തിനിൽക്കുകയും ചെയ്യുന്നു. കേരളത്തിന്റെ ചരിത്രം വഴിമാറിയതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? ഉത്തരവാദിത്തം ആർക്കാണ്? ഉറപ്പായും ഒരിക്കൽ ഭൂരിപക്ഷവും മതേതരത്വത്തിൽ ഉറച്ചുനിന്ന ഇവിടത്തെ സമൂഹത്തിൽ സമീപകാലത്ത് വ്യാപിച്ചുവന്ന പുതിയ രാഷ്ട്രീയ-സാമൂഹിക-സാമുദായിക മനോഭാവം ഇതിൽ മുഖ്യമാണ്. ഇന്ത്യയിൽ (ലോകത്തും) ആകെ വ്യാപിക്കുന്ന പ്രവണതകളിൽനിന്നും ഒരു സംസ്ഥാനത്തിനോ സമൂഹത്തിനോ പൂർണമായും ഒഴിഞ്ഞുനിൽക്കുക അനായാസമല്ല.
സമൂഹത്തിന്റെ പൊതുബോധത്തിലും മൂല്യപ്രമാണത്തിലും വരുന്ന പരിണാമങ്ങൾക്ക് അവരുടെ ജീവിതാനുഭവങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് എന്നപോലെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാംസ്കാരിക വിനിമയങ്ങൾക്കും പങ്കുണ്ട്. മത-ജാതി പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ-പൗരസമൂഹ പ്രസ്ഥാനങ്ങൾ, മാധ്യമങ്ങൾ അടക്കമുള്ള ബഹുജന സാംസ്കാരിക സംവിധാനങ്ങൾ എന്നിവക്കൊക്കെ ഇതിൽ നിർണായക പങ്കുണ്ട്. ഇവയിൽ ചിലവ നേരിട്ടുതന്നെ ഈ മാറ്റത്തിന്റെ കാരണഭൂതരാകുമ്പോൾ മറ്റുള്ളവ പരോക്ഷമായാവാം. ഒരേസമയം ഈ പരിണാമത്തിന്റെ സ്രഷ്ടാവായും സൃഷ്ടിയായും ഇവയെല്ലാം പരസ്പരപൂരകവുമാകുന്നുണ്ട്. അതേസമയം, സമൂഹചിന്തയിലുള്ള മൗലികമായ മാറ്റത്തെ ചെറുക്കാൻ പ്രത്യയശാസ്ത്രപരമായി സ്വയം പ്രതിബദ്ധമായ പ്രസ്ഥാനങ്ങൾക്ക് ഇതിലുള്ള ഉത്തരവാദിത്തം മറ്റുള്ളവയേക്കാൾ ഉയരത്തിലാണ്.
ഈ ദൗത്യത്തിലുള്ള അവയുടെ പരാജയം ഈ മാറ്റത്തിന്റെ ആക്കം വർധിപ്പിക്കുന്നു. ഇവിടെയാണ് കേരളത്തിന്റെ മതേതരബോധത്തിലുണ്ടായ ഇടിവിന് മതേതരമൂല്യങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കുള്ള ഉത്തരവാദിത്തം. കേരളത്തിലെ പരമ്പരാഗതമായ ഇരുധ്രുവ മതേതര രാഷ്ട്രീയ മേധാവിത്വത്തിന്റെ കടിഞ്ഞാൺ ഏന്തുന്ന രണ്ട് മുന്നണികളുമാണ് അതിന്റെ മുന്നിൽ. ഈ രണ്ട് മതേതര മുന്നണികളുടെയും വിവിധ പരാജയങ്ങൾക്ക് പുറമെ അധികാരത്തിനായി മാത്രം ഏറിയും കുറഞ്ഞും വിവിധ മത-ജാതി നേതൃത്വങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നീക്കുപോക്കുകൾക്ക് മതേതരത്വത്തിന്റെ തിരിച്ചടിയിൽ വലിയ പങ്കുണ്ട്.
എന്നാൽ, ഇപ്പോഴത്തെ ബി.ജെ.പി മുന്നേറ്റത്തിൽ ഈ രണ്ട് മുന്നണികളിൽ ആർക്കാണ് ഏറ്റവും അടിയന്തരമായ ഉത്തരവാദിത്തമെന്ന് ചോദിച്ചാൽ സമൂഹത്തെ മറ്റൊരു വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നവിധം സ്വന്തം കടമകളിൽ പരാജയപ്പെട്ട ഭരണമുന്നണിക്കാണെന്നാണ് ഈ ലേഖകന്റെ പക്ഷം. ജനങ്ങളെ മതേതരബോധത്തിൽ ഉറപ്പിച്ചുനിർത്തുന്നതിൽ ദീർഘകാലാടിസ്ഥാനത്തിലുണ്ടായ ആശയപരമായ പാളിച്ച മാത്രമല്ല, അവരുടെ ജീവിതം മെച്ചമാക്കുന്നതിനുള്ള ഭരണപരമായ ഉത്തരവാദിത്തത്തിലും ആത്മാർഥതയിലും ഇടത് ജനാധിപത്യ മുന്നണി പരാജയപ്പെട്ടിരിക്കുന്നു.
കാര്യക്ഷമത, മൂല്യബോധം, പ്രത്യയശാസ്ത്രം, പ്രയോഗം എന്നിവയിൽ മാത്രമല്ല സ്വന്തം നേതാക്കളും പ്രവർത്തകരും വ്യത്യസ്തം എന്നു തെളിയിച്ച പ്രസ്ഥാനങ്ങൾ ആ വലിയ വഴികളിൽനിന്ന് മാറുമ്പോൾ ജനം (സ്വന്തം പക്ഷത്തുണ്ടായിരുന്നവരടക്കം) ഇടുങ്ങിയ മറ്റു വഴികൾ തേടുന്നതിൽ അത്ഭുതപ്പെടാനില്ല. കേരളത്തിലെ ഇടതുപക്ഷത്തിന്റെ വലിയ പരാജയത്തിനും ബി.ജെ.പിയുടെ വിജയത്തിനുമുള്ള അടിയന്തര കാരണങ്ങളിൽ മുഖ്യം വ്യാപകമായ സംസ്ഥാന ഭരണവിരുദ്ധ വികാരംതന്നെയാണ്. തമിഴ്നാട്ടിൽ സ്ഥിതി വ്യത്യസ്തമായത് ആ വികാരത്തെ തടയാൻ എം.കെ. സ്റ്റാലിന്റെ സർക്കാറിന് കഴിഞ്ഞതുമാണ്.
കേരളത്തിൽ എന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ശക്തി തെളിയിക്കാനാകുന്ന ഭരണകക്ഷിക്കാണ് മുൻതൂക്കമെന്നും അതുകൊണ്ടുതന്നെ സംസ്ഥാന രാഷ്ട്രീയത്തിന് അതിൽ വലിയ പങ്കില്ലെന്നുമാണ് പരാജയപ്പെടുമ്പോഴൊക്കെ ഇടതുപക്ഷത്തിന്റെ ന്യായം. ദേശീയതലത്തിലെങ്കിലും തങ്ങൾ പരാജയമാണെന്ന സമ്മതം ആ ന്യായവാദത്തിലുണ്ടെങ്കിലും അതിൽ കുറെ ശരിയുമുണ്ട്. പക്ഷേ, കനപ്പെട്ട സംസ്ഥാന ഭരണവിരുദ്ധവികാരം അലയടിച്ച ലോക്സഭ തെരഞ്ഞെടുപ്പുകളും ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി രൂപംകൊണ്ട 1980 മുതൽ 2019 വരെ നടന്ന പതിനൊന്ന് തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും ഭൂരിപക്ഷം നേടിയത് ആ മുന്നണിയാണ്. 1980ലും 2004ലും മാത്രമായിരുന്നു ഇടത് ജനാധിപത്യ മുന്നണിയുടെ വിജയം.
2004ൽ ഒരൊറ്റ സീറ്റുപോലും കോൺഗ്രസിന് കിട്ടാതെപോയതാണ് യു.ഡി.എഫിന്റെ ഏറ്റവും കനത്ത പരാജയം. മുസ്ലിം ലീഗിന് കിട്ടിയ ഏക സീറ്റ് ആയിരുന്നു യു.ഡി.എഫിന്റെ ഏകവിജയം. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി തുടർഭരണം നേടാൻ അരയും തലയും മുറുക്കിയ ബി.ജെ.പിയെ മുട്ടുകുത്തിച്ച് ഇന്ത്യയിൽ ആകെ കോൺഗ്രസ് വിജയിച്ചപ്പോഴായിരുന്നു കേരളത്തിലെ ആ നാണംകെട്ട തോൽവി. യാദൃച്ഛികമാകാം, സീറ്റുനില പോലും സമാനം. അന്ന് എൽ.ഡി.എഫിന് 18, യു.ഡി.എഫിന് ഒന്ന്, എൻ.ഡി.എക്ക് ഒന്ന്. ഇന്ന് യു.ഡി.എഫിന് 18, എൽ.ഡി.എഫിന് ഒന്ന്, എൻ.ഡി.എക്ക് ഒന്ന്. മുഖ്യമന്ത്രി എ.കെ. ആന്റണി നയിച്ച സർക്കാറിനെതിരെ അലയടിച്ച പ്രതിഷേധമായിരുന്നു അന്നത്തെ ഫലത്തിന് പിന്നിൽ. തുടർന്നായിരുന്നു സോണിയ ഗാന്ധിയെ യാത്ര അയച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ ആന്റണി നടത്തിയ നാടകീയമായ രാജി പ്രഖ്യാപനം.
കേരളത്തിലെ ഇപ്പോഴത്തെ ലോക്സഭ തെരഞ്ഞെടുപ്പ് വിധിയുടെ പിന്നിലും സമാനമായ അളവിലുള്ള സംസ്ഥാന ഭരണവിരുദ്ധ വികാരമാണ്. പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആന്റണി അന്ന് രാജിവെക്കാൻ സ്വയം സന്നദ്ധമായി. അന്ന് സോണിയ മാത്രമല്ല, ആന്റണിയുടെ ഏറ്റവും ഉറ്റ ചങ്ങാതികളായ ഉമ്മൻ ചാണ്ടിയോ ആര്യാടൻ മുഹമ്മദോ പോലും അന്ന് അദ്ദേഹത്തെ രാജിയിൽനിന്നും തടഞ്ഞുമില്ല. മാത്രമല്ല, ആന്റണിയുടെ രീതികളോട് –പ്രത്യേകിച്ചും അദ്ദേഹത്തിന്റെ കരുണാകര പ്രീണനം –അവരെല്ലാവരും പാർട്ടിക്കകത്ത് വലിയ പ്രതിഷേധം തന്നെ നിരന്തരമായി ഉയർത്തുകയും ചെയ്തിരുന്നതാണ്. രാജിയിലൂടെ ജനാധിപത്യത്തിൽ തികച്ചും അനുകരണീയമായ മാതൃകയാണ് അന്ന് ആന്റണി സ്വീകരിച്ചതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അങ്ങനെ സ്വന്തം പ്രതിച്ഛായയും അദ്ദേഹം ഭേദമാക്കി. അന്ന് ഡൽഹിയിലേക്ക് പോയ ആന്റണി പിന്നെ ഇന്നുവരെ കേരളരാഷ്ട്രീയത്തിൽനിന്നുതന്നെ ഒഴിഞ്ഞുനിൽക്കുകയും ചെയ്തു.
ജനാധിപത്യമര്യാദ അനുസരിച്ച് കേരളത്തിൽ ഇന്ന് ഭരണത്തിന് നേതൃത്വം വഹിക്കുന്ന സി.പി.എമ്മിൽനിന്നും മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും ഉണ്ടാകേണ്ടത് സമാനമായ ജനാധിപത്യ ഉത്തരവാദിത്തമാണ്. രാജിവരെ അവർ പോകാൻ ഇടയില്ല. ചുരുങ്ങിയപക്ഷം തെറ്റ് ഏറ്റുപറഞ്ഞുകൊണ്ട് ഭരണ ശൈലിയിലും മറ്റ് രീതികളിലും സമൂലമായ മാറ്റം വരുത്താനുള്ള സന്നദ്ധതയെങ്കിലും പ്രകടിപ്പിക്കുമോ? തെരഞ്ഞെടുപ്പിൽ പരാജയവും വിജയവും അസാധാരണമല്ല.
പക്ഷേ, വിജയത്തിന്റെ എന്നപോലെ പരാജയത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുക ജനങ്ങളുടെ സന്ദേശം ഉൾക്കൊള്ളുന്നതിന്റെയും തിരുത്താനുള്ള സന്നദ്ധതയുടെയും തെളിവാണ്. ഇന്നത്തെ സി.പി.എമ്മിലെയും എൽ.ഡി.എഫിലെയും സാഹചര്യങ്ങൾ പരിശോധിച്ചാൽ അതിനുള്ള സാധ്യത വിരളം. ഇതിനകംതന്നെ ജനവിധി ഒട്ടുംതന്നെ സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ അല്ലെന്നും ജനങ്ങളുടെ ബി.ജെ.പി വിരുദ്ധവികാരം യു.ഡി.എഫ് മുതലാക്കിയതാണെന്നുമുള്ള വിതണ്ഡവാദങ്ങൾ നിരത്തിക്കഴിഞ്ഞു. സി.പി.എമ്മും ഇടതുപക്ഷവും ഇന്ന് നേരിടുന്ന ദുര്യോഗത്തിന്റെയും തെളിവാണ് ആ വാദവും.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കനത്ത പരാജയം നേരിട്ട തങ്ങൾ രണ്ടു വർഷം കഴിഞ്ഞപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീരവിജയം നേടി ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയില്ലേ എന്നതാണ് സി.പി.എമ്മിന്റെ മറുചോദ്യം. പക്ഷേ, ആ പരാജയം ഒരു തരംഗത്തിന്റെ ഫലമായിരുന്നു. ശബരിമല സമരം ഉയർത്തിയ വൈകാരികതയും രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർഥിത്വവും കോൺഗ്രസിന് ദേശീയതലത്തിൽ കൽപിക്കപ്പെട്ട ജയസാധ്യതയുമായിരുന്നു ആ തരംഗത്തിന്റെ കാരണങ്ങൾ. അവ ഒന്നും ഇക്കുറി ഉണ്ടായിരുന്നില്ല.
എന്നിട്ടും ഇത്ര കനത്ത പരാജയമുണ്ടായാൽ ഭരണവിരുദ്ധവികാരമല്ലാതെ മറ്റെന്താണ് കാരണം? പ്രത്യേകിച്ചും ധർമടമടക്കമുള്ള മലബാറിലെ ഇടതു കോട്ടകളിൽപോലും കണ്ട അഭൂതപൂർവമായ യു.ഡി.എഫ് തേരോട്ടത്തിന് വിശദീകരണമെന്ത്? തരംഗങ്ങളില്ലാതിരിക്കുമ്പോഴും യു.ഡി.എഫ് സ്ഥാനാർഥികൾപോലും പ്രതീക്ഷിക്കാത്ത ഈ വമ്പൻ ഭൂരിപക്ഷത്തിന് എന്താണ് കാരണം? ഇടതുപക്ഷത്തിന്റെ അനുകൂലികൾപോലും വോട്ട് മാറി ചെയ്യുകയും പോളിങ് കുറഞ്ഞതിന്റെ പിന്നിൽ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഉറച്ച വോട്ടർമാർപോലും വിട്ടുനിന്നതാണെന്നുമുള്ള ആരോപണത്തിൽ കഴമ്പില്ലാതില്ല.
2019ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് രണ്ട് വർഷത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് കാരണമാകട്ടെ കോവിഡ് കാലത്ത് സർക്കാറിനും മുഖ്യമന്ത്രിക്കും ഉണ്ടായ മതിപ്പ് എന്ന അസാധാരണ കാരണമല്ലാതെ മറ്റൊന്നുമല്ല. പ്രകൃതിദുരന്തം, യുദ്ധം, വ്യാധി തുടങ്ങിയവയുടെ ഘട്ടങ്ങളിൽ സാമാന്യമായെങ്കിലും മികവ് പ്രകടിപ്പിക്കുകയും ദുരിതങ്ങളിൽ ഉഴലുന്ന ജനതക്ക് ആശ്വാസം എത്തിക്കുകയും ചെയ്യുന്ന ഭരണാധികാരികൾക്ക് ഒപ്പം ജനങ്ങൾ ഉണ്ടാകുന്നത് പതിവാണ്.
എന്നാൽ, തങ്ങൾക്ക് വോട്ട് ചെയ്യണമെന്നല്ലാതെ 2021ൽ അധികാരമേറിയ സർക്കാറിന് അനുകൂലമായി ചിന്തിക്കാനോ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാനോ ഒരു പ്രധാന നേട്ടമെങ്കിലും മുന്നോട്ടുവെക്കാൻ ഉണ്ടായിരുന്നുവോ? സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിലൂടെയാണ് കേരളം ഇക്കാലത്ത് കടന്നുപോകുന്നതെന്ന് ആർക്കും സംശയമില്ല. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും കേന്ദ്ര വിവേചനത്തിന്റെ തലയിൽ ഏറ്റുകയാണ് സർക്കാർ ചെയ്തത്. തീർച്ചയായും അത് ഒരു വലിയ കാരണവുമാണ്. പക്ഷേ ഒരു സർക്കാറിന് ഇങ്ങനെയുള്ള സാഹചര്യങ്ങളിലും ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തുവോ എന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രതികൂല മനോഭാവമുള്ള കേന്ദ്രത്തിന്റെ മുന്നിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനാവുന്നില്ലെങ്കിൽ അങ്ങനെയുള്ള ഒരു സർക്കാർ തുടരുന്നതിനെന്ത് ന്യായം?
മാത്രമല്ല, കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ പരാതി ഉയരാത്ത ഏതെങ്കിലും ഒരു കാലമുണ്ടായിട്ടുണ്ടോ? പക്ഷേ, അപ്പോഴും വലിയ ജനപ്രീതി നേടിയ വലിയ ആശയങ്ങളും പദ്ധതികളും ആവിഷ്കരിക്കാൻ ഇടതുപക്ഷത്തിനായിട്ടുണ്ട്. ലോകമാദരിച്ച ‘കേരള മോഡൽ’ വികസനം ശക്തമാക്കിയ ആദ്യ ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കാരങ്ങളും മുതൽ സാക്ഷരതാ പ്രസ്ഥാനവും ജില്ല കൗൺസിൽ സമ്പ്രദായവും ജനകീയാസൂത്രണവും മാവേലി സ്റ്റോറുകളും കുടുംബശ്രീയും വി.എസ് സർക്കാറിന്റെ തുടക്കത്തിൽ എങ്കിലും കൊണ്ടുവന്ന ഭൂമാഫിയ വിരുദ്ധ നടപടികളും പൊതുജനാരോഗ്യ-വിദ്യാഭ്യാസ ശാക്തീകരണവും ഒക്കെ ഉൾപ്പെടുന്നു.
എന്നാൽ, 2016 മുതൽ അധികാരത്തിലുള്ള രണ്ട് സർക്കാറിനും ഉയർത്തിക്കാണിക്കാൻ എന്തുണ്ട്? തുടരെ ആഞ്ഞടിച്ച നിപ, ഓഖി, പ്രളയങ്ങൾ എന്നിവ സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളും അവക്കെതിരെ സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടാമെങ്കിലും തെരഞ്ഞെടുപ്പിൽ സ്വന്തം ക്രിയാത്മക നേട്ടങ്ങൾ വിശദീകരിക്കാൻ നാലു വർഷമായിട്ടും ആയില്ലെങ്കിൽ അത് പരാജയമായിതന്നെ എണ്ണപ്പെടും. ക്രിയാത്മകമായ നേട്ടങ്ങളില്ലെന്ന് മാത്രമല്ല അധികാരമേറ്റതു മുതൽ ഈ സർക്കാർ നേരിടുന്നത് ആരോപണങ്ങളുടെ കുത്തൊഴുക്കാണ്. അവയിൽ കുറെയൊക്കെ രാഷ്ട്രീയാരോപണങ്ങളാകാം. പക്ഷേ, ഗുരുതരമായ ആരോപണങ്ങൾക്കും ഒട്ടും കുറവില്ല. ആരിൽനിന്നായാലും ആരോപണങ്ങൾക്ക് മറുപടി നൽകാനോ വിശദീകരണം നൽകാനോ ഉള്ള ഉത്തരവാദിത്തം ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും അതിലേറെ സർക്കാറുകൾക്കുമുണ്ട്.
ഉയർന്ന ആരോപണങ്ങൾക്ക് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നൽകുന്നതിൽ പരാജയപ്പെട്ടതാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ തകർച്ചയുടെ കാരണം. ആ സർക്കാർ നേരിട്ട ആരോപണങ്ങൾ രൂപത്തിലും ഭാവത്തിലും അത്ഭുതകരമായി ആവർത്തിക്കപ്പെടുന്ന കാഴ്ചയാണിപ്പോൾ. പക്ഷേ, മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ വരെ ആരോപണങ്ങളുടെ കുന്തമുന ഉയരുമ്പോഴും മറുപടിപോലും നൽകാതെ അക്കാര്യം ചോദിക്കുന്നവരെ അടിച്ചിരുത്തുകയാണ് ഇന്നത്തെ രീതി. മറ്റുള്ളവരോട് സാമാന്യ മര്യാദയോടെ പെരുമാറാൻപോലും അറിയുന്ന നേതാക്കൾ ഇന്ന് സി.പി.എമ്മിൽ വളരെ വിരളമായിരിക്കുന്നു. ടി.വി ചാനലുകൾ മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങൾ നിശ്ചയിക്കുന്ന വർത്തമാനകാലത്ത് ഇതൊക്കെ ഭരണവിരുദ്ധ വികാരം ശക്തമാക്കിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ.
നിരന്തരമായി ഉയരുന്ന ഗുരുതരമായ ആരോപണങ്ങൾ വികലമാക്കുന്ന പ്രതിച്ഛായ മെച്ചമാക്കാൻ ഈ സർക്കാറും മുന്നണിയും ഒരു ചെറുവിരൽ അനക്കാൻപോലും തയാറാകാത്ത കാഴ്ച അമ്പരപ്പിക്കുന്നതാണ്. സാധാരണ ഭരണകൂടങ്ങൾ ഇതിനെ നല്ല മാർഗത്തിൽ മറികടക്കുക ജനപ്രീതി നേടുന്ന പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടോ, ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകർഷിക്കുന്ന പുതിയ ആഖ്യാനങ്ങൾകൊണ്ടോ ആണ്. (മത-സാമുദായിക വികാരങ്ങൾ ഇളക്കി ജനശ്രദ്ധ വ്യതിചലിപ്പിക്കുന്ന തിന്മയുടെ മാർഗം അവലംബിക്കുന്ന ഭരണകൂടങ്ങളുമുണ്ട്.) വിമർശകരെ അംഗരക്ഷകരെക്കൊണ്ട് തല്ലിയൊതുക്കുകയോ ആക്രോശിച്ചു നിശ്ശബ്ദരാക്കുകയോ ചെയ്തില്ലെങ്കിലും ഉമ്മൻ ചാണ്ടി സർക്കാറും ഇക്കാര്യത്തിൽ വ്യത്യസ്തമായിരുന്നില്ല.
അതിന്റെ ഫലം അവർ അനുഭവിക്കുകയും ചെയ്തു. ഇതിന്റെ പിന്നിൽ തികഞ്ഞ ബുദ്ധിശൂന്യത, അല്ലെങ്കിൽ ജനങ്ങളോടുള്ള പുച്ഛം അതുമല്ലെങ്കിൽ എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ലെന്ന ധാർഷ്ട്യം. ഇവയെല്ലാം വ്യത്യസ്ത അളവിൽ ഈ സർക്കാറിൽ കാണാം. ഇവയുടെയൊക്കെ അടിസ്ഥാന കാരണം പാർട്ടിയിൽ മുമ്പൊരിക്കലും കാണാത്ത അധികാര കേന്ദ്രീകരണമാണ്. അടി മുതൽ മുടി വരെ ഒരു അഭിപ്രായഭിന്നതയും ചോദ്യംചെയ്യലും തിരുത്തലും അനുവദിക്കാത്തവിധം വളർന്നുകഴിഞ്ഞ ജനാധിപത്യവിരുദ്ധമായ കേന്ദ്രീകരണം ഏതൊരു സംഘടനയുടെയും ഉള്ളു പൊള്ളയാക്കുന്നു. തുറന്ന ആശയസംവാദമില്ലാത്ത സംഘടനകളിൽ സ്വയം തിരുത്തലുകൾ അസാധ്യം.
ഈ തെരഞ്ഞെടുപ്പിൽ ഫലിക്കാതെ പോയത് സമീപകാലത്ത് മുസ്ലിം ജനവിഭാഗത്തിൽ സി.പി.എം വർധിപ്പിച്ച സ്വാധീനവുമാണ്. ഇതിന് പല കാരണങ്ങളുണ്ട്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി മോദി സ്വീകരിച്ച നഗ്നമായ മുസ്ലിം വിദ്വേഷം സമുദായത്തെ ആകെ കോൺഗ്രസിന്റെ കീഴിൽ അണിനിരത്തിയതാകാം അതിൽ പ്രധാനം. ഒരുപക്ഷേ മറ്റ് തെരഞ്ഞെടുപ്പുകളിൽ അതായിരിക്കില്ല സ്ഥിതി. സി.പി.എമ്മിന്റെ ‘മുസ്ലിം പ്രീണന നയ’വും സമസ്തയിൽ ‘പിളർപ്പുണ്ടാക്കാനുള്ള’ തന്ത്രങ്ങളും ആ സമുദായംതന്നെ തള്ളിക്കളഞ്ഞുവെന്നാണ് ഒരു വാദം. മറ്റൊരു തെരഞ്ഞെടുപ്പിലും ഇല്ലാത്തവിധം സി.എ.എ പോലെയുള്ള ‘മുസ്ലിം വിഷയങ്ങൾ’ സി.പി.എം ഉയർത്തിയത് വർഗീയ വോട്ട് മാത്രം കണ്ണുവെച്ചാണെന്ന വിമർശനമുണ്ട്.
ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണം സി.പി.എം നിരന്തര വിഷയമാക്കിയത് തീവ്രവാദികളായ ഹമാസ് അനുകൂല നിലപാട് ആണെന്നും അത് ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഒരുപോലെ വെറുപ്പിച്ചെന്ന വാദവും കേൾക്കുന്നുണ്ട്. കുറെയൊക്കെ ഇവയിലൊക്കെ ശരിയുണ്ടാകാം. പക്ഷേ, ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ചരിത്രത്തിൽ അസ്തിത്വപരമായി ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടത്തിൽ ഇന്ത്യയുടെ മുഖ്യ മതേതര കക്ഷിയായ കോൺഗ്രസ് പോലും മൃദുഹിന്ദുത്വത്തിൽ അഭയംതേടുമ്പോൾ, എന്നും ഫലസ്തീൻ ജനതക്കൊപ്പം നിന്ന ഇന്ത്യ വഴിമാറുമ്പോൾ കൊച്ചുകേരളത്തിലെ ഒരു പ്രസ്ഥാനമെങ്കിലും അവ നിരന്തരമായി ഉയർത്തിയതിൽ ശരിയാണ് കൂടുതൽ എന്നാണ് ഈ ലേഖകന്റെ നിലപാട്. എന്തായാലും മറ്റു പാർട്ടികളുടെ സഹായത്തോടെ തമിഴ്നാട്ടിലും രാജസ്ഥാനിലും ലഭിച്ച സീറ്റുകൾ കാരണം ദേശീയപദവി നഷ്ടമാകാതെ രക്ഷപ്പെട്ടത് മാത്രമാകാം ഈ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഏക നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.