കാണാനിരിക്കുന്നത് കടിഞ്ഞാണിനുള്ള കളി

അവകാശപ്പെട്ടതുപോലെ എന്തുകൊണ്ടാണ്​ മോദിക്കും ബി.ജെ.പിക്കും നാനൂറ്​ സീറ്റുകൾ ലഭിക്കാതിരുന്നത്​? എന്തായിരുന്നു മോദിഭരണത്തി​ന്റെ സവിശേഷതകൾ? മുന്നിലുള്ള വഴി ഏതാണ്​? -വിശകലനം.പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയും ജയിലിലടച്ചും ഭരണഘടനാ സ്ഥാപനങ്ങളെ ഷണ്ഡീകരിച്ച് കാഴ്ചക്കാരാക്കിയും മാധ്യമങ്ങളെക്കൊണ്ട് അടിമവേല ചെയ്യിച്ചും കൈയൂക്കിലൂടെയും കള്ളക്കളിയിലൂടെയും മത്സരം ഏകപക്ഷീയമാക്കി നടത്തി രാജ്യം തൂത്തുവാരാമെന്ന് കണക്കുകൂട്ടിയ ബി.ജെ.പിയുടെ മുഖത്തേറ്റ അടിയായിപ്പോയി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. തെലങ്കാനയിൽ ബി.ആർ.എസ് നേതാവ് കവിതയും ഡൽഹിയിൽ മുഖ്യമന്ത്രി...

അവകാശപ്പെട്ടതുപോലെ എന്തുകൊണ്ടാണ്​ മോദിക്കും ബി.ജെ.പിക്കും നാനൂറ്​ സീറ്റുകൾ ലഭിക്കാതിരുന്നത്​? എന്തായിരുന്നു മോദിഭരണത്തി​ന്റെ സവിശേഷതകൾ? മുന്നിലുള്ള വഴി ഏതാണ്​? -വിശകലനം.

പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയും ജയിലിലടച്ചും ഭരണഘടനാ സ്ഥാപനങ്ങളെ ഷണ്ഡീകരിച്ച് കാഴ്ചക്കാരാക്കിയും മാധ്യമങ്ങളെക്കൊണ്ട് അടിമവേല ചെയ്യിച്ചും കൈയൂക്കിലൂടെയും കള്ളക്കളിയിലൂടെയും മത്സരം ഏകപക്ഷീയമാക്കി നടത്തി രാജ്യം തൂത്തുവാരാമെന്ന് കണക്കുകൂട്ടിയ ബി.ജെ.പിയുടെ മുഖത്തേറ്റ അടിയായിപ്പോയി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. തെലങ്കാനയിൽ ബി.ആർ.എസ് നേതാവ് കവിതയും ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഝാർഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ഹേമന്ത് സോറനും ജയിലിൽ പോകേണ്ടി വന്നത് ബി.ജെ.പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാനായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു.

അറസ്റ്റിലായ ദിവസം കെജ്രിവാളി​​​ന്റെ ഹരജി അടിയന്തര പരിഗണനക്കുള്ള പട്ടികയിൽ സുപ്രീംകോടതി രജിസ്ട്രാർ ഉൾപ്പെടുത്തിയിട്ടും അർധ രാത്രി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തയാറായില്ല. അതിന് പിറ്റേന്ന് സാധാരണ കോടതിയിൽ അടിയന്തരമായി പരിഗണിക്കേണ്ട പട്ടികയിലും കെജ്രിവാളിന്റെ ഹരജി ചീഫ് ജസ്റ്റിസ് ഉൾപ്പെടുത്തിയില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കവിതയുടെ ജാമ്യഹരജി തള്ളിയ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെ ബെഞ്ചിൽ പോയി പറയാനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്.

കവിതയുടെ ജാമ്യ ഹരജിയിൽ വിധി സഞ്ജീവ്​​ ഖന്നയുടെ ​െബഞ്ചിൽ കെജ്‍രിവാളിന് എതിരാകുമെന്ന് ഏറക്കുറെ ഉറപ്പായപ്പോഴാണ് അറസ്റ്റിനെതിരെ ആദ്യം സമർപ്പിച്ച ഹരജി സുപ്രീംകോടതിയിൽനിന്ന് പിൻവലിച്ചത്. വോട്ടുയന്ത്രത്തിലെ കളികൾ അറിയാൻ വിവിപാറ്റും എണ്ണണമെന്ന ആവശ്യവുമായി ചെന്നപ്പോഴും അടുത്ത സെപ്റ്റംബറിൽ ചീഫ് ജസ്റ്റിസ് ആകാനിരിക്കുന്ന ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിലേക്കാണ് വിട്ടത്. ബെഞ്ച് അത് തള്ളുകയും ചെയ്തു. ഇതെല്ലാംകൂടി ചേർത്തുവായിക്കുന്ന ജനത്തിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കെജ്രിവാളിന് പ്രചാരണത്തിന് ജാമ്യം നൽകുമ്പോഴേക്കും നിഷ്പക്ഷവും സ്വതന്ത്രവുമല്ലാത്ത തെരഞ്ഞെടുപ്പുമായി കമീഷൻ മുന്നോട്ടുപോയിരുന്നു.

പ്രധാനമന്ത്രിയും നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഏകപക്ഷീയമായി രണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിച്ച് നടത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. അവരുടെ ​നിയമനം സ്റ്റേ ചെയ്യാതിരുന്ന സുപ്രീംകോടതി നിയമനത്തിനായി കൈക്കൊണ്ട നടപടി ക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കൈകഴുകി. ഒഴിവു വന്ന തസ്തികകളിലേക്ക് രണ്ട് കമീഷണർമാരെ നിയമിച്ചത് സ്റ്റേ ചെയ്താൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവതാളത്തിലാകുമെന്നാണ് ഇതിന് കാരണം പറഞ്ഞത്.

കമീഷനും കോടതികളും കയറൂരിവിട്ട പ്രധാനമന്ത്രി

മൂന്നാം ഘട്ടം തൊട്ട് അവസാന ഘട്ടം വരെ നിരന്തരം വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നൽകിയ പരാതികളിലൊന്നും നടപടി കൈക്കൊള്ളാൻ തയാറാകാതെ തെരഞ്ഞെടുപ്പ് കമീഷൻ നോക്കുകുത്തിയായി നിന്നു. അതോടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും തരംതാണ വിദ്വേഷ പ്രചാരകനായ പ്രധാനമന്ത്രി എന്ന റെക്കോഡ് മോദി സ്വന്തമാക്കി. മോദിപ്പേടിയിൽ വല്ലതുമൊക്കെ ചെയ്തുവെന്ന് വരുത്താൻ പ്രധാനമന്ത്രിയുടെ വർഗീയ വിദ്വേഷ പരാമർശങ്ങൾക്ക് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് നോട്ടീസ് അയച്ച് കമീഷൻ സ്വയം നാണംകെട്ടു.

കമീഷൻ മാത്രമല്ല, മോദിയുടെ വിദ്വേഷപ്രചാരണം തടയാനുള്ള ആർജവം തങ്ങൾക്കില്ലെന്ന് തെളിയിച്ച് രാജ്യത്തെ ഉന്നത കോടതികളും കമീഷനോട് മത്സരിച്ചു. ഡൽഹി ഹൈകോടതിയും സുപ്രീംകോടതിയുമെല്ലാം മോദിക്കെതിരായ ആവലാതികൾ തള്ളി ചവറ്റുകൊട്ടയിലിട്ടു.

അതേസമയം, കമീഷനും കോടതികൾക്കും നൽകാൻ കഴിയാതിരുന്ന ശിക്ഷ ജനം മോദിക്കും ബി.ജെ.പിക്കും നൽകിയതോ​ടെ അത്തരം പ്രസംഗങ്ങൾ നടത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികൾ തോറ്റു. രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായി പ്രധാനമന്ത്രി സ്വയം വേഷം കെട്ടി ക്ഷേത്രനിർമാണം ഭരണനേട്ടമാക്കി അവതരിപ്പിച്ചിട്ടും ഉത്തർപ്രദേശിൽ ബി.ജെ.പി കടപുഴകി വീണു. അയോധ്യയിൽതന്നെ ബി.ജെ.പിയുടെ മന്ദിർ രാഷ്​ട്രീയം പൊട്ടി. കാശിയിലെത്തി വിശ്വനാഥ ഭക്തനായി ആടിയിട്ടും മോദിയുടെ ഭൂരിപക്ഷത്തിൽ മൂന്നര ലക്ഷം വോട്ടിടിഞ്ഞു.

രാമക്ഷേത്ര നിർമാണവും കാശി ഇടനാഴി വികസനവും നിരവധി ഭവനങ്ങളും ക്ഷേത്രങ്ങളും തകർത്ത് അവക്ക് മുകളിലൂടെയാണ് നടത്തിയതെന്ന് പറഞ്ഞ് ജനം മോദിക്കും ബി.ജെ.പിക്കുമെതിരെ പരസ്യമായി രംഗത്തു വന്നു. ബി.ജെ.പിക്കെതിരായ ജനരോഷം പുറത്തെത്തിക്കാതെ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നടങ്കം മൂടിവെച്ചപ്പോൾ ​വോട്ടെടുപ്പ് ദിവസം ജനം ബൂത്തിലെത്തി കണക്കുതീർത്തു.

 

കർഷകരോഷത്തെ മറികടന്ന ബി.ജെ.പി

കർഷക സമരത്തിന്റെ ഈറ്റില്ലമായിരുന്ന ഹരിയാനയിലും പഞ്ചാബിലും വലിയ ആഘാതമേൽക്കാതെ ബി.ജെ.പി പിടിച്ചുനിന്നു. കോൺഗ്രസ് ആം ആദ്മി പാർട്ടിയുമായി ചേർന്ന് തൂത്തുവാരുമെന്ന് പ്രതീക്ഷിച്ച ഹരിയാനയിൽ ഇത്രയും വിരുദ്ധവികാരത്തിനിടയിലും ബി.ജെ.പി ബലാബലത്തിലെത്തി. പഞ്ചാബിലാകട്ടെ വോട്ട് ശതമാനത്തിൽ ബി.​ജെ.പി വർധനയുണ്ടാക്കുകയുംചെയ്തു. കർഷക സമരം പഞ്ചാബിലും ഹരിയാനയിലും സൃഷ്ടിച്ച ബി.ജെ.പി വിരുദ്ധ വികാരമാണ് അവരുമായുള്ള സഖ്യം ആത്മഹത്യാപരമാകും എന്ന ആശങ്കയിൽ ശിരോമണി അകാലിദളിനെ എത്തിച്ചത്. അഞ്ചോ ആറോ സീറ്റ് വേണമെന്ന് ചോദിച്ച ബി.ജെ.പിക്ക് നാലിൽ കൂടുതൽ നൽകില്ലെന്ന് നിലപാടെടുത്താണ് ശിരോമണി അകാലിദൾ ചർച്ച പൊളിച്ചത്. അതോടെ പഞ്ചാബിലെ 13 ലോക്സഭ സീറ്റുകളിലേക്കും ഒറ്റക്ക് മത്സരിക്കാൻ ബി.ജെ.പി തീരുമാനിച്ചു.

പണമെറിഞ്ഞ് നേതാക്കളെയും വോട്ടർമാരെയും ഒരുപോലെ വരുതിയിലാക്കി. 13 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ലുധിയാനയിലെ കോൺഗ്രസ് സിറ്റിങ് എം.പിയും മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ പൗത്രനുമായ രവ്നീത് സിങ് ബിട്ടു ബി.ജെ.പിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ തോറ്റ ബിട്ടുവിനെ കേന്ദ്ര സഹ മന്ത്രിയാക്കി രാജ്യസഭയിലെത്തിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി. ശിരോമണി അകാലിദൾ പഴയ സ്വാധീനം വീ​ണ്ടെടുത്തിട്ടില്ല എന്നു തെളിയിച്ച തെരഞ്ഞെടുപ്പ് ഫലം നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന കണക്കുകൂട്ടലിൽ ഒറ്റക്ക് ഇറങ്ങിയ ബി.ജെ.പിയുടെ ഹിന്ദു വോട്ടുകളിൽ വർധനയുണ്ടാക്കി.

ഓളപ്പരപ്പിലെ ആവേശം ബൂത്തുകളിലെത്തിയില്ല

കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യത്തിലായ ഡൽഹിയിൽ ജാമ്യത്തിലിറങ്ങി കെജ്രിവാൾ പ്രചാരണം നടത്തിയിട്ടും ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തുവാരി. ഇതിന് പ്രധാന കാരണം ബൂത്തുതല പ്രവർത്തനത്തിൽ വരുത്തിയ വീഴ്ചയായിരുന്നു. ഇൻഡ്യ സഖ്യം കേവലം ഒരുമാസംകൊണ്ട് ഭരണഘടനാ സംരക്ഷണവും തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പിന്റെ അജണ്ടകളാക്കി ബി.ജെ.പിയെ പ്രചാരണത്തിൽ പ്രതിരോധത്തിലാക്കിയത് അപ്രതീക്ഷിതവും അത്ഭുതകരവുമായ മുന്നേറ്റമായിരുന്നു. പരസ്പരം പോരടിച്ചിരുന്ന നേതാക്കൾ ഒരു മെയ്യായിനിന്ന് പ്രചാരണത്തിൽ സൃഷ്ടിച്ച ഈ ഓളം താഴെ തട്ടിലെത്തിക്കുന്നതിൽ പാർട്ടികൾ പരാജയ​പ്പെട്ടു. പ്രാദേശിക നേതാക്കളെയും താഴെത്തട്ടിലുള്ള പ്രവർത്തകരെയും ബൂത്തുതലത്തിൽ സജ്ജമാക്കുന്നതിൽ സംസ്ഥാന, ജില്ല നേതാക്കൾ വരുത്തിയ കൃത്യവിലോപം ബൂത്ത് മാനേജ്മെന്റിൽ ഇൻഡ്യയെ പിന്നിലാക്കി.

ബിഹാറിലും യു.പിയിലും ഡൽഹിയിലും കടുത്ത മത്സരം നടന്ന പല ബൂത്തുകളിലും ഇൻഡ്യ സഖ്യത്തിന് ബൂത്ത് ഏജന്റുമാർപോലുമില്ലാതായി. ബിഹാറിൽ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന കിഷൻഗഞ്ച് മുതൽ ഡൽഹിയിൽ കോൺഗ്രസ് അഭിമാന പോരാട്ടമായി കണ്ട കനയ്യ കുമാറും മനോജ് തിവാരിയും ഏറ്റുമുട്ടിയ വടക്കു കിഴക്കൻ ഡൽഹി വരെ ഇതായിരുന്നു സ്ഥിതി. ബൂത്തുതല പ്രവൃത്തിക്കായി പാർട്ടികൾ നൽകിയ പണം പലയിടങ്ങളിലും നേതാക്കൾ താഴെ തട്ടിലെത്തിച്ചില്ല. അതോടെ, ​പ്രചാരണത്തിൽ ജയമുറപ്പിച്ച മണ്ഡലങ്ങളിൽപോലും വോട്ടെടുപ്പ് നാളിൽ ഇൻഡ്യക്ക് ബൂത്തുതല പ്രവർത്തനവും ബൂത്ത് ഏജന്റുമാരും ഇല്ലാതായി.

മറുഭാഗത്ത് ബി.ജെ.പി ആകട്ടെ വോട്ടെടുപ്പ് നാളിൽ ആർ.എസ്.എസ് കേഡറുകളെ ഇറക്കി പഴുതടച്ച ബൂത്തുതല പ്രവർത്തനത്തിലൂടെ തങ്ങൾക്കുള്ള വോട്ടുകളെല്ലാം ബൂത്തുകളിലെത്തിച്ചു. ഇതോടൊപ്പം പ്രതിപക്ഷ വോട്ടുകൾ ബൂത്തുകളിലെത്താതിരിക്കാൻ സാധ്യമായതെല്ലാം ചെയ്തു. പലയിടങ്ങളിലും തങ്ങൾ നിയോഗിച്ച ബൂത്ത് ഏജന്റുമാരെ പണം കൊടുത്ത് വീട്ടിലിരുത്തിയെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതോടെ, പല ബൂത്തുകളിലും ബി.ജെ.പി ബൂത്ത് ഏജന്റുകൾ മാത്രമായി. തങ്ങൾ ആഗ്രഹിക്കുന്ന ഫലം സൃഷ്ടിക്കാൻ ഇത് ബി.ജെ.പിയെ തുണച്ചുവെന്ന് ഫലം തെളിയിച്ചു.

വർഗീയതയുടെ വേരാഴ്ത്തി മറ്റു സംസ്ഥാനങ്ങളിലേക്ക്

മന്ദിർ-മസ്ജിദ് അജണ്ടകളും ഹിന്ദു- മുസ്‍ലിം വിദ്വേഷവും പഴയതുപോലെ ഏശാതിരുന്നതോടെ ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്ക് സമാനതയില്ലാത്ത വോട്ടുചോർച്ചയാണുണ്ടായത്. ഉത്തർപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും അവ സീറ്റുകളായി മാറിയെങ്കിലും ബിഹാറിലും മധ്യപ്രദേശിലും ഹരിയാനയിലും ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വോട്ടുചോർച്ച സീറ്റുകളിലേക്ക് എത്തിക്കാനായില്ലെ​ന്നേയുള്ളൂ. പ്രചാരണത്തിലെ മുന്നേറ്റം വോട്ടെടുപ്പ് ദിവസം വോട്ടുകളായി ബൂത്തുകളിലെത്തിക്കാൻ ഇൻഡ്യ സഖ്യത്തിന് കഴിയാതിരുന്നത് മാത്രമല്ല നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഒരുക്കിയത്. വിദ്വേഷത്തിന്റെ അജണ്ട ഹിന്ദി ഹൃഭയഭൂമി തള്ളിക്കളഞ്ഞപ്പോൾ ഇന്ത്യയുടെ ഹിന്ദുത്വ സാമ്രാട്ടായി നരേന്ദ്ര മോദിയെ വാഴിക്കാൻ ബി.ജെ.പിക്ക് വേരുകളില്ലാതിരുന്ന ചില സംസ്ഥാനങ്ങൾ തയാറായത് കൂടിയായിരുന്നു.

ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിക്ക് ലോക്സഭയിൽ അക്കൗണ്ട് തുറന്ന കേരളം മുതൽ ലോക്സഭയും നിയമസഭയും ഒന്നാകെ തൂത്തുവാരിയ ഒഡിഷ വരെ തീവ്ര ഹിന്ദുത്വത്തിന്റെ വർഗീയതക്ക് വളക്കൂറുള്ള മണ്ണായെന്ന് പൊതു തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കേരളത്തിൽ ജയിച്ചത് ഒരു ലോക്സഭാ മണ്ഡലത്തിലാണെങ്കിലും ആ ജയം വൻ ഭൂരിപക്ഷത്തിനായി. ആറ്റിങ്ങലിൽ ബി.ജെ.പി തോറ്റത് കേവലം സാ​ങ്കേതികമാണ്. ആയിരത്തിൽ താഴെ വോട്ടിന് കോൺഗ്രസ് ജയിച്ച മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇടതു സ്ഥാനാർഥിയേക്കൾ ആയിരം വോട്ടിന്റെ വ്യത്യാസമേ ബി.ജെ.പി സ്ഥാനാർഥിക്കുള്ളൂ. ഈ സ്ഥിതിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ സംസ്ഥാനത്തെ ഒരു ഡസനോളം നിയമസഭാ മണ്ഡലങ്ങൾ ബി.ജെ.പിക്ക് പിടിക്കാനാകുമെന്നും കണക്കുകൾ കാണിക്കുന്നു. കേന്ദ്ര മന്ത്രിസഭയിൽ സുരേഷ് ഗോപിക്ക് പുറമെ ഒരു ക്രിസ്ത്യൻ മന്ത്രിയെ കൂടി കേരളത്തിൽനിന്ന് ഉൾപ്പെടുത്തിയത് വെറുതെയല്ല.

ഈ തെരഞ്ഞെടുപ്പിൽ താമര വിരിയിക്കാനാകാതിരുന്ന തമിഴ്നാട്ടിൽ ബി.ജെ.പി വൻ വോട്ടുവർധനയാണുണ്ടാക്കിയത്. സീറ്റുകളുടെ എണ്ണത്തിൽ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഹിന്ദുക്കളിൽ പാർട്ടിക്കുള്ള അടിത്തറ ശക്തമാക്കുകയാണ് ബി.ജെ.പി. പഞ്ചാബിലേതുപോലെ മണ്ണ് അനുകൂലമാക്കിവെച്ച് സീറ്റുകൾക്കായി അൽപംകൂടി കാത്തിരിക്കാൻ അവർ തയാറാണ്. അതിനാണ് ഒരു എം.പിയുമില്ലാത്ത തമിഴ്നാട്ടിന് മൂന്ന് കേന്ദ്ര മന്ത്രിമാരെ നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഞെട്ടിച്ച കർണാടകയിൽ കോൺഗ്രസ് 14 സീറ്റുകൾ പ്രതീക്ഷിച്ചിടത്ത് നേട്ടം രണ്ടക്കത്തിലെത്തിക്കാനായില്ല. നേതാക്കളെ കേസിൽ കുരുക്കി ടി.ആർ.എസിനെ തകർത്ത് അവരു​ടെ വോട്ടുബാങ്കിലേക്ക് തെലങ്കാനയിലും ബി.ജെ.പി കടന്നുകയറി.

ഈ കേസുകൾകൊണ്ട് കോൺഗ്രസിന് മെച്ചമുണ്ടാകുമെന്ന് കരുതി മിണ്ടാതിരുന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തന്ത്രവും പാളി. ചന്ദ്രബാബു നായിഡുവിന്റെയും പവൻ കല്യാണിന്റെയും തോളിലേറി ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയം ആന്ധ്രപ്രദേശിലും ജയിച്ചു കയറിയപ്പോൾ ഇതുപോലെ തങ്ങൾക്ക് തോൾ വെച്ചുതന്ന ജഗൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസി​നെയും ഒഡിഷയിൽ നവീൻ പട്നായകിന്റെ ബിജു ജനതാദളിനെയും ബി.ജെ.പി നിലംപരിശാക്കി.

 

പ്രവൃത്തിയിൽ കാണാത്ത പ്രസംഗത്തിലെ സമവായം

പുതിയ മേഖലകളിലേക്ക് കടന്നുകയറുമ്പോൾ ഹിന്ദി ഹൃദയഭൂമിയിൽ കാലിനടിയിലെ മണ്ണ് കുത്തിയൊലിച്ചുപോയതാണ് ‘അബ് കീ ബാർ ചാർ സൗ പാർ’ (ഇക്കുറി 400 കടക്കും) എന്ന് വീമ്പടിച്ച ബി.ജെ.പിയെ സ്വന്തമായി 250പോലും തികക്കാത്ത ദയനീയ നിലയിലെത്തിച്ചത്. തെരഞ്ഞെടുപ്പ് കമീഷനെയും മാധ്യമങ്ങളെയും തങ്ങൾക്ക് അടിമവേല കൂടി ചെയ്യിച്ചില്ലായിരുന്നുവെങ്കിൽ ഹിന്ദി ബെൽറ്റിലെ ഭരണവിരുദ്ധ വികാരം തെന്നിന്ത്യയിലേക്കും പടർന്ന് ബി.ജെ.പിയും എൻ.ഡി.എയും കടപുഴകി വീണേനെ. യഥാർഥത്തിൽ തോൽവിയുടെ വ്യാപ്തി ഇതിലുമേറെയാണെന്നും കണ്ടതിലും വലുതാണ് കാണാനിരുന്നതെന്നും മോദിക്കും അമിത് ഷാക്കും അറിയാവുന്നതുകൊണ്ടാണ് ഭരണത്തിലേറുമ്പോഴും ഉള്ളു തുറന്നൊന്ന് ചിരിക്കാൻപോലും കഴിയാത്തത്.

ഇരുവരുടെയും അസ്വസ്ഥത പ്രത്യക്ഷപ്പെട്ട വേദികളിലെ അവരുടെ ശരീരഭാഷകളിൽനിന്ന് വ്യക്തം. 2047 വരെ ബി.ജെ.പി ഭരിക്കുമെന്ന് പറഞ്ഞ ഇരുവരും മുന്നണി കുരുക്കില്ലാതെ 2029 വരെ ഭരണം എങ്ങനെ അനായാസം കൊണ്ടുപോകാമെന്ന ചിന്തയിലേക്ക് മാറി. സമവായത്തെക്കുറിച്ച് എത്രയൊക്കെ പ്രസംഗിച്ചാലും അത് മോദിയുടെയും അമിത് ഷായുടെയും രക്തത്തിലുള്ളതല്ലെന്ന് മന്ത്രിനിർണയവും വകുപ്പു വിഭജനവും കാണിച്ചുതന്നു. നാല് മന്ത്രിമാ​രെ ചോദിച്ച കിങ് മേക്കർമാരായ തെലുഗുദേശം പാർട്ടിക്കും ജനതാദൾ യുവിനും കേവലം രണ്ട് മന്ത്രിമാരെ നൽകിയതും ഏഴ് എം.പിമാരുള്ള ഏക്നാഥ് ഷിൻഡെയുടെ ശിവസേനക്ക് ഒരേയൊരു മന്ത്രിയെ മാത്രം നൽകിയതും മൂന്നാമൂഴത്തിലും കടിഞ്ഞാൺ ഒരു നിലക്കും വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചുറച്ചാണ്.

കേന്ദ്ര സർക്കാറിനെയും ഏജൻസികളെയും ഉപയോഗിക്കണമെങ്കിൽ ഭരണനിയന്ത്രണം പൂർണമായും കൈപ്പിടിയിലാക്കണം. അതിന് സുപ്രധാന മ​ന്ത്രാലയങ്ങളെല്ലാം ബി.ജെ.പിയുടേതാക്കി. സർക്കാറിന്റെ നയപരമായ തീരുമാനങ്ങളെടുക്കുന്ന മന്ത്രിസഭാ സമിതികളിൽ ഘടകകക്ഷി നേതാക്കൾ ഇല്ലാത്ത തരത്തിലാണ് വകുപ്പുകൾ നൽകിയത്. ധനവും ആഭ്യന്തരവും പ്രതിരോധവും വിദേശകാര്യവും ഗതാഗതവും മാത്രമല്ല, കൃഷിയും റെയിൽവേ തുടങ്ങിയവപോലും വിട്ടുകൊടുത്തില്ല.

എയർ ഇന്ത്യ വിറ്റതോടെ സ്വന്തമായി ഓടിക്കാൻ വിമാനംപോലുമില്ലാത്ത വ്യോമയാന മന്ത്രാലയമാണ് ഏറ്റവും വലിയ ഘടകകക്ഷിയായ തെലുഗുദേശം പാർട്ടിക്ക് നൽകിയത്. കൃഷി ചോദിച്ച രണ്ട് ജനതാദളുകൾക്കും അത് നൽകിയില്ല. വരുന്നിടത്തുവെച്ചു കാണാമെന്ന നിലക്കാണ് മോദിയുടെയും അമിത് ഷായുടെയും മൂന്നാമൂഴത്തിലേക്കുള്ള കളി. ഇതിനെ പ്രതിരോധിക്കാൻ ശക്തമായ ഒരു പ്രതിപക്ഷം ഇത്തവണ ലോക്സഭയിലുണ്ട് എന്നതു മാത്രമാണ് പ്രതീക്ഷ.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.