ബി.ആർ.പിയുടെ വാക്കും വഴിയും

ജൂൺ നാലിന്​ വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനും ചിന്തകനും സാമൂഹികനിരീക്ഷകനും ആക്ടിവിസ്​റ്റുമായിരുന്ന ബി.ആർ.പി. ഭാസ്​കറി​ന്റെ സംഭാവനകളെ അനുസ്​മരിക്കുകയാണ്​ ലേഖകൻ.

‘‘സത്യം, ധർമം, നീതി എന്നീ മൂന്ന് കൊച്ചുവാക്കുകൾക്കപ്പുറം എന്ത് തത്ത്വമാണ് പത്രപ്രവർത്തനമൂല്യങ്ങളിലുള്ളത്? ഇവയാണെങ്കിൽ ഏതൊരു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ആൾക്കും ബാധകമാണ്.’’-ബി.ആർ.പി. ഭാസ്കർ

സമകാലികമായ ഒരു വ്യക്തിത്വത്തിന്റെ മഹത്ത്വം വെളിപ്പെടുത്തണമെങ്കിൽ യുഗസ്രഷ്ടാക്കളുമായി താരതമ്യംചെയ്യുന്നൊരു സമീപനമുണ്ട്. അങ്ങനെയെങ്കിൽ ബി.ആർ.പി. ഭാസ്കറിന്റെ പൊതുമണ്ഡലത്തിലെ ഇടപെടലുകൾ സാമ്യപ്പെടുന്നത് സഹോദരൻ അയ്യപ്പന്റെ ചരിത്ര നിർണായകമായ പ്രവർത്തനങ്ങളുമായാണ്. ജാതിയാൽ വിഭജിതമായ സനാതന സാമൂഹിക ക്രമത്തിനോട് സമരമുഖം തുറന്നുകൊണ്ട് ഒരു പൊതുമണ്ഡല രൂപവത്കരണത്തിനായുള്ള തീക്ഷ്ണ പ്രയത്നങ്ങളായിരുന്നു സഹോദരൻ അയ്യപ്പന്റേതെങ്കിൽ നവോത്ഥാനാനന്തരം പുനർ ഫ്യൂഡലീകരിക്കപ്പെട്ടതും കക്ഷിരാഷ്ട്രീയത്തിന്റെ മേൽക്കോയ്‌മയിൽ ദുർബലമാക്കപ്പെട്ടതുമായ സിവിൽ സമൂഹത്തെയും പൊതുമണ്ഡലത്തെയും പുനർജീവസ്സുറ്റതാക്കുക എന്നതായിരുന്നു ബി.ആർ.പിയുടെ പ്രവർത്തനങ്ങളൂന്നിയത്.

പൗരസമൂഹത്തെ പുനർജീവസ്സുറ്റതാക്കുകയെന്നാൽ നവോത്ഥാന പൊതുമണ്ഡലത്തിലേക്ക് പ്രവേശനം സിദ്ധമാകാതിരുന്ന ദലിത് സമൂഹത്തിന്റെയും –ആദിവാസി ഗോത്ര വിഭാഗങ്ങളുടെയും ഒപ്പം നിന്നുകൊണ്ട് ദൃശ്യവത്കരണ അവകാശസമരങ്ങൾക്ക് പ്രയോഗതലത്തിലും മനുഷ്യാവകാശ വൈജ്ഞാനികൻ എന്ന നിലയിൽ വ്യവസ്ഥാപിത്വത്തിനെതിരെയും പുതിയൊരു സമരമുഖം തുറക്കുകകൂടിയാണ് ബി.ആർ.പി ചെയ്തത്. തമസ്കൃതരും ബഹിഷ്കൃതരുമായ ജനതയുടെ മൂകനായകത്വമാണ് ബി.ആർ.പിയുടെ എഴുത്തിലും ആക്ടിവിസത്തിലും അനുഭവവേദ്യമാവുക.

വിമത ധൈഷണികജീവിതത്തിനു മാതൃകയായ വാക് ലാവ് ഹാവെലിന്റെ ബുദ്ധിജീവികളെക്കുറിച്ചുള്ള നിരീക്ഷണം ഏറ്റവും അർഥവത്തായി യോജിക്കുന്നത് ബി.ആർ.പിക്കാണ്. വാക് ലാവ് ഹാവെൽ പറയുന്നു, ബുദ്ധിജീവികൾ സ്ഥിരം അലോസരമുണ്ടാക്കുന്നവരാകണം. ലോകത്തിന്റെ ദുരിതത്തിന് സാക്ഷ്യം വഹിക്കുന്നവരാണ് അവർ. സ്വതന്ത്രരായിരിക്കുന്നതിലൂടെ പ്രകോപനപരമായിരിക്കണം. മറഞ്ഞിരിക്കുന്നതും തുറന്നതുമായ എല്ലാ സമ്മർദങ്ങൾക്കും കൃത്രിമത്വങ്ങൾക്കും എതിരായി കലാപം ചെയ്യുകയാണ് അവരുടെ കടമ. വ്യവസ്ഥകളെക്കുറിച്ചു നിരന്തരം സംശയാലുവായിരിക്കണം. അധികാരത്തിന്റെ കുടിലതന്ത്രങ്ങൾക്കും കൊള്ളരുതായ്‌മക്കുമെതിരെ മൊഴിനൽകേണ്ടവരായിരിക്കണം.

ബാബു രാജേന്ദ്ര പ്രസാദ് മാധ്യമപ്രവർത്തകൻ എന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും നടത്തിയ ഇടപെടലൊക്കെ ഇതിന്റെ സാക്ഷ്യങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് ബി.ആർ.പി. ഭാസ്കർ കേരളത്തിൽ ശിഥിലീകൃതമായ പൊതുമണ്ഡലത്തിൽ സജീവമായത്. ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങൾവരെ ഈ ഇടപെടൽ സജീവമായി തുടർന്നു. ആക്ടിവിസ്റ്റ് പ്രവർത്തനങ്ങളിൽനിന്നും ഏറക്കുറെ പിന്മാറിയിരുന്നെങ്കിലും സമീപ വർഷങ്ങളിൽ ബി.ആർ.പി എഴുത്തിലൂടെയും പ്രതികരണങ്ങളിലൂടെയും തന്റെ നിലപാടുകൾ ഏറ്റവും തെളിമയോടെ പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ എന്ന അടിക്കുറിപ്പോടെയുള്ള ബി.ആർ.പിയുടെ ആത്മകഥാപരമായ പുസ്തകം ‘ന്യൂസ്റൂം’ മുഖ്യമായും 1952 ഫെബ്രുവരി 25ന് ‘ഹിന്ദു’ദിനപത്രത്തിൽ എഡിറ്റോറിയൽ ട്രെയ്നിയായി തുടങ്ങുന്ന പത്രപ്രവർത്തക ജീവിതത്തിന് ഔപചാരികമായി വിരാമമാകുന്ന തൊണ്ണൂറുകളുടെ ആരംഭം വരെയുള്ള അനുഭവങ്ങളുടെ പ്രതിപാദനമാണ്. ‘ഡെക്കാൻ ഹെറാൾഡി’ലായിരുന്നു ബി.ആർ.പി വിരമിക്കുന്ന വേളയിൽ ജോലിചെയ്തിരുന്നത്. ഔപചാരികമായി മാത്രമേ മാധ്യമപ്രവർത്തന ജീവിതത്തിനു വിരാമമാകുന്നുള്ളൂ.

കേരളത്തിലേക്ക് മടങ്ങുന്ന ബി.ആർ.പി ഫ്രീലാൻസ് മാധ്യമ പ്രവർത്തനം തുടരുന്നു. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ കൺസൽട്ടന്റ് എഡിറ്ററാകുന്നു. അതിന്റെ ഭാഗമായി സക്കറിയയുമായി ചേർന്നുകൊണ്ടു ആരംഭിച്ച മലയാള മാധ്യമ ചരിത്രത്തിലെ എക്കാലത്തെയും മാതൃകാപരമായ മികച്ച മാധ്യമവിമർശന പരിപാടിയായ ‘പത്രവിശേഷം’ വലിയ പ്രേക്ഷക അംഗീകാരം നേടിയെടുത്തതാണ്. സാമൂഹികപ്രശ്നങ്ങളെ സൂക്ഷ്മ ഗ്രാഹ്യത്തോടെ മനസ്സിലാക്കിക്കൊണ്ടുള്ള നിരീക്ഷണങ്ങളും നിർദേശങ്ങളും സിവിൽ സമൂഹത്തിനു മുമ്പാകെവെക്കുന്ന ലേഖനങ്ങളും മാധ്യമ കുറിപ്പുകളും ബി. ആർ.പി പ്രസിദ്ധീകരിച്ചിരുന്നു. ബി.ആർ.പിയുടെ മനുഷ്യാവകാശ പ്രവർത്തനത്തിന്റെ രേഖകളാണ് എഴുത്തിലൂടെയുള്ള ഓരോ ഇടപെടലും.

മനുഷ്യാവകാശങ്ങളെ മുൻനിർത്തിയുള്ള ബി.ആർ.പിയുടെ നാലു പതിറ്റാണ്ടെങ്കിലും നീണ്ടുനിൽക്കുന്ന കേരളം കേന്ദ്രിച്ചുള്ള സാമൂഹിക പ്രവർത്തനങ്ങളുടെ ജീവചരിത്രരേഖ ഇനിയും തയാറാക്കേണ്ടതുണ്ട്. കേരളത്തിലെ ബുദ്ധിജീവികളിലും സാമൂഹികപ്രവർത്തകരായ പലരിലും കണ്ടുവരുന്ന രോഗാതുരമായ ആത്മരതി ബി.ആർ.പിക്ക് അന്യമായിരുന്നു. തന്നെ മുൻനിർത്തി ആത്മനിഷ്ഠമായി തന്റെ തന്നെ ലോകാനുഭവങ്ങളെ അവതരിപ്പിക്കാൻ വിമുഖനായിരുന്നു ബി.ആർ.പി. ‘ന്യൂസ്റൂമി’ന്റെ ആമുഖത്തിൽ ബി.ആർ.പി ഇതു സൂചിപ്പിക്കുന്നുണ്ട്. ആത്മകഥ എഴുതാനുള്ള വലിയ വൈമുഖ്യം ബി.ആർ.പിക്കുണ്ടായിരുന്നു.

 

ബിജുരാജിനെപ്പോലുള്ളവരുടെ സ്നേഹപൂർവമുള്ള സമ്മർദത്തിനു വഴങ്ങിയാണ് ബി.ആർ.പി ‘ന്യൂസ് റൂം’ എഴുതിയത് തന്നെ. എഴുതിവന്നപ്പോൾ സ്വാതന്ത്ര്യാനന്തരം –ഏതാണ്ട് എഴു പതിറ്റാണ്ടിൽ– മാധ്യമരംഗത്തു പ്രവർത്തനതലത്തിലും സാങ്കേതികപരമായും സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും അതേപോലെ മാധ്യമ ഉടമസ്ഥതയുടെ സ്വഭാവത്തിലും മാധ്യമവും അധികാരരാഷ്ട്രീയവുമായുള്ള ബന്ധത്തിലും വന്ന പരിവർത്തനങ്ങളെക്കുറിച്ചുമുള്ള സൂക്ഷ്മമായ ഉൾക്കാഴ്ചകൾ പകരുന്നതും ഡോക്യുമെന്ററിയുടെ തലത്തിൽ അപഗ്രഥനാത്മകവുമായ സവിസ്തര രേഖയായി ബി.ആർ.പിയുടെ അനുഭവക്കുറിപ്പുകൾ.

ഏഴു പതിറ്റാണ്ടു കാലത്തിൽ മാധ്യമങ്ങൾക്ക് സംഭവിച്ച ഘടനാപരമായ പരിവർത്തനവും ദേശീയവും ആഗോളതലത്തിൽ സംഭവിച്ച ഗതിവിഗതികളും ചരിത്രസംഭവങ്ങളും മാധ്യമപ്രവർത്തനത്തിന് ഈ സംഭവങ്ങൾ സൃഷ്ടിച്ച ദീർഘകാല ആഘാതവും വിശദമായിതന്നെ ബി.ആർ.പി പ്രതിപാദിക്കുന്നുണ്ട്. ഈ പുസ്തകത്തിൽതന്നെ തന്നെ കുറച്ചുമാത്രം പ്രതിഷ്ഠിക്കാൻ ബി.ആർ.പി ശ്രമിച്ചിട്ടുണ്ട്. ബി.ആർ.പിയുടെ അനുഭവക്കുറിപ്പുകളിലൂടെ സഞ്ചരിക്കുന്ന ആർക്കും ബി.ആർ.പിയുടെ ഏകാഗ്ര വ്യക്തിത്വവും സത്യവും നീതിയും കൈവെടിയാതെ പ്രതിജ്ഞാബദ്ധമായും നിഷ്കപടമായും നിലപാടുകൾ സ്വീകരിച്ചിരുന്ന മാതൃകാപരമായ പ്രഫഷനൽ മാധ്യമപ്രവർത്തകന്റെ ആത്മവീര്യം അനുഭവപ്പെടുകതന്നെ ചെയ്യും. ആത്മവീര്യം എന്ന പ്രയോഗവും ബി.ആർ.പി ഇഷ്ടപ്പെടണമെന്നില്ല. സാഹചര്യങ്ങളാണ് നിലപാടുകളെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നേ ബി.ആർ.പി പറയൂ; മറ്റൊരു അവകാശവാദവും അദ്ദേഹത്തിനുണ്ടാവില്ല. ബി.ആർ.പി പ്രശംസയെ തീരെ ഗൗനിച്ചിരുന്നില്ല.

തിരുവനന്തപുരത്ത് സെക്ര​േട്ടറിയറ്റിന്റെ മുന്നിൽ മനുഷ്യാവകാശങ്ങൾക്കായി നടന്നിരുന്ന ദുർബലരുടെ പ്രക്ഷോഭങ്ങളുടെ നേതൃത്വനിരയിൽ ബി.ആർ.പിയെ കാണാമായിരുന്നു. വളരെ മൃദുവായ ഭാഷയിൽ വെല്ലുവിളികളോ വികാരപ്രകടനങ്ങളോ ഇല്ലാതെ കാഴ്ചയിൽ ചെറിയ ശരീരമുള്ള ഈ വലിയ മനുഷ്യൻ സംസാരിച്ചത് ചരിത്രപരമായി അധികാരവ്യവസ്ഥകൾ അമർച്ച ചെയ്ത്​ ഓരങ്ങളിലേക്ക് പുറന്തള്ളപ്പെട്ട മനുഷ്യർക്ക് നിർബന്ധമായും ലഭിക്കേണ്ട ഭരണകൂട പരിരക്ഷയെയും അവകാശങ്ങളെയും പറ്റിയാണ്. ബി.ആർ.പി റിബൽ രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല. ഭരണഘടനാദ്ധതമായ അവസരങ്ങൾക്ക് വേണ്ടിയാണ് ബി.ആർ.പി സംസാരിച്ചത്.

ഇന്ത്യയുടേതായ ചരിത്രസാഹചര്യത്തിൽ രൂപപ്പെട്ട അംബേദ്കറൈറ്റ് ലിബററ്റേറിയൻ (libertarian) നിലപാടുകളായിരുന്നു ബി.ആർ.പിയുടേത്. (Ambedkarite Libertarian എന്നതുക്കൊണ്ട് ഉദ്ദേശ്യക്കുന്നത് ഭരണഘടനാദത്തമായ മൗലികാവകാശം ഉറപ്പുവരുത്താൻ ഭരണകൂടം ബാധ്യസ്ഥമാണെന്നും വ്യക്തികളുടെ സ്വാച്ഛന്ദ്യം പരമപ്രധാനമാണെന്നും അത് ഭരണകൂടം ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമുള്ള ധാരണയെയാണ്​) എന്നാൽ, സംഘടിതമായ പ്രക്ഷോഭങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഈ നിലപാട്.

ആദിവാസി ഗോത്ര മഹാസഭ നടത്തിയ പ്രക്ഷോഭത്തിന്റെയും അതേപോലെ ചെങ്ങറയിൽ ഭൂമിക്കായി നടന്ന സമരത്തിന്റെയും സഹായസമിതിയുടെ മുൻനിരയിൽ ബി.ആർ.പിയുണ്ടായിരുന്നു. ബി.ആർ.പിയുടെ സമരസഖാക്കൾക്ക് അദ്ദേഹത്തെക്കുറിച്ചു സ്‌നേഹപൂർണമായ അനുഭവങ്ങൾ പങ്കുവെക്കാനുണ്ടാകും. തൊണ്ണൂറുകൾക്കുശേഷം സജീവമായി ഉയർന്നുവന്ന സിവിൽ സമൂഹ പ്രക്ഷോഭങ്ങളിൽ ബി.ആർ.പി പ്രവർത്തനതലത്തിൽനിന്നും വൈജ്ഞാനികമായും പിന്തുണ നൽകിയിരുന്നു. പുതുതായി ഉയർന്നുവന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രവർത്തകരുടെയും അതിനോട് ഐക്യപ്പെട്ടിരുന്ന മാധ്യമപ്രവർത്തകരുടെയും സിവിൽ സമൂഹ രാഷ്ട്രീയവുമായി അടുപ്പം പുലർത്തിയിരുന്ന പുതിയ തലമുറയുടെയും സർവാദരം നേടിയിരുന്നു.

ബി.ആർ.പി നേരിട്ട അധിക്ഷേപങ്ങൾക്കും കണക്കില്ല. മിക്കവാറും മാർക്സിസ്റ്റ് പാർട്ടിയിലെ ചില നേതാക്കളുടെയും പ്രവർത്തകരുടെയും പാർശ്വവർത്തികളുടെയും ഭാഗത്തുനിന്നാണ് കൂടുതലായും അധിക്ഷേപം കേൾക്കേണ്ടിവന്നിട്ടുണ്ടാവുക. അധികാരം തലക്കുപിടിച്ചിരുന്ന കാലത്ത് വി.എസിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി ബി.ആർ.പിയെ ‘ബി.പി.ആർ’ എന്നും മറ്റും പരിഹസിക്കുക കൂടി ചെയ്തിരുന്നു. ഇതേപോലെ സി.പി.എം വിഭാഗീയതയിൽ അപ്പക്കഷണം തേടിപ്പോയ ഒരു ‘മുതിർന്ന’ പത്രപ്രവർത്തകനും ബി.ആർ.പിയോടുള്ള ഈർഷ്യയും ഒപ്പം തന്നെ പാർട്ടി നേതാവിനോടുള്ള പാർശ്വവർത്തിത്വം പ്രകടിപ്പിക്കാനുമായും ബി.ആർ.പിയെ അപഹസിച്ചു സ്വയം അപഹസിതനായിരുന്നു.

ചരിത്രപരമായി അനീതികൾ നേരിടേണ്ടിവന്ന ജനതയുടെ അവകാശ രാഷ്ട്രീയത്തെപ്പറ്റിയാണ് ബി.ആർ.പി എഴുതിയതിലധികവും. സനാതന പാരമ്പര്യം എന്നതു ത​െന്നയൊരു മൗലികവാദമായിരിക്കെ അതിനെ നിരസിച്ചുകൊണ്ട് ഭരണഘടന പ്രദാനംചെയ്യുന്ന സാമൂഹിക അവകാശങ്ങളെ മുൻനിർത്തിയാണ് ദുർബല ജനവിഭാഗത്തിനുവേണ്ടി ബി.ആർ.പി തൂലിക ചലിപ്പിച്ചത്. സഹോദരൻ അയ്യപ്പന്റെ സാമൂഹികപ്രവർത്തനങ്ങളുമായി സാദൃശ്യപ്പെടുന്ന സാമൂഹിക രാഷ്ട്രീയമായിരുന്നു.

സഹോദരൻ അയ്യപ്പൻ സാമൂഹികപ്രവർത്തനരംഗത്തേക്ക് കടന്നുവന്നപ്പോൾ പുതുയുഗചേതന ഉൾക്കൊണ്ടു ജാതിവിരുദ്ധവും സാമൂഹിക സമത്വത്തിനും ശാസ്ത്രീയ വീക്ഷണത്തിനുമായി പ്രക്ഷോഭരംഗത്ത് സഹോദരപ്രസ്ഥാനത്തിന് പിന്തുണയുമായി പലരുമുണ്ടായിരുന്നു. ബി.ആർ.പിയുടെ ആക്ടിവിസ്റ്റ് രാഷ്ട്രീയം സജീവമാകുന്ന ഘട്ടത്തിൽ സിവിൽ സമൂഹവും പൊതുമണ്ഡലവും ഏതാണ്ട് ശിഥിലീകൃതമായിരുന്നു. ബി.ആർ.പിതന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ നവോത്ഥാന നേട്ടങ്ങൾ ഒന്നൊന്നായി കൈയൊഴിഞ്ഞിരുന്നുവെന്നു മാത്രമല്ല നവോത്ഥാനത്തിന്റെ തുടർച്ചകളൊക്കെ തന്നെ അറ്റുപോവുകയും ചെയ്തിരുന്നു അപ്പോഴേക്കും.

രാഷ്ട്രീയ പാർട്ടികൾ പണത്തിന്റെ സ്വാധീനത്തിനു വഴങ്ങിക്കഴിഞ്ഞിരുന്നു. മുതലാളിത വികസനം മാതൃക സ്വീകരിക്കുമ്പോൾ തന്നെ പുതിയ സംരംഭകത്വ പ്രവണതയൊന്നും നാമ്പെടുത്തതുമില്ല. രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും നവവർഗ ബ്യൂറോക്രസിക്കും ജനത്തിന്റെ ചെലവിൽ സമ്പത്തു സ്വയമാർജിക്കാനുള്ള വികസനപരിപാടികൾ മാത്രമേ ഏറ്റെടുക്കപ്പെട്ടിട്ടുള്ളൂ. പൂർവാർജിത സ്വത്തും സമ്പാദ്യവും സൃഷ്ടിച്ച സാമൂഹികമായ അസമത്വത്തെയും വിഭവാധികാരത്തിന്റെ പുനർക്രമീകരണത്തെയും ഉദ്ദേശിച്ചുള്ള ഭൂപരിഷ്‍കരണം സാമൂഹിക ദുർബല വിഭാഗങ്ങളെ അരികുവത്കരിക്കാൻ മാത്രമേ ഉതകിയുള്ളൂ എന്നു തെളിവുസഹിതം നവ സാമൂഹിക ദലിത് പ്രസ്ഥാനങ്ങൾ ഉയർത്തുന്ന വേളയിലാണ് നവലിബറൽ പദ്ധതിക്കനുസരിച്ചു ഭൂപരിഷ്കരണ ചട്ടങ്ങളിൽ മാറ്റംവരുത്തി രണ്ടാം പരിഷ്‍കരണത്തിനായുള്ള നീക്കങ്ങൾ വ്യവസ്ഥാപിത ഇടതുപക്ഷംതന്നെ മുന്നോട്ടുവെക്കുന്നത്.

ഈ കാലത്തിൽ ഭൂമിയുടെ രാഷ്ട്രീയം സാമൂഹിക അധികാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ബി.ആർ.പി വിശദീകരിച്ചിരുന്നു. സംവരണം എപ്രകാരം സാമൂഹിക അസമത്വത്തെ കുറച്ചുകൊണ്ടുവരുന്നതിൽ ഏറെ പ്രാധാന്യം വഹിക്കുന്നുവെന്നും ബി.ആർ.പി വിശദീകരിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ബി.ആർ.പിയുടെ മറ്റൊരു പ്രധാന ആകുലതയായിരുന്നു ന്യൂനപക്ഷം, പ്രത്യേകിച്ചും, മുസ്‍ലിം ജനത നേരിടേണ്ടിവന്നിരുന്ന പിന്നാക്കാവസ്ഥയും ഭരണകൂടത്തിന്റെ കണ്ണിലെ സംശയാസ്പദ അസ്തിത്വവും. അബ്ദുന്നാസിർ മഅ്ദനിയുടെ അകാരണമായ ജയിൽവാസത്തെക്കുറിച്ചു ബി.ആർ.പി നടത്തിയ ഇടപെടലുകൾ നീതിയുടെ രാഷ്ട്രീയമേറ്റെടുക്കേണ്ട പുതിയ മനുഷ്യാവകാശ രാഷ്ട്രീയത്തിന് ഒരു പുതിയകാല കാഴ്ചപ്പാട് നൽകുന്നതായിരുന്നു. ഇതേപോലെ ഡി.എച്ച്.ആർ.എം സംഘടനയെ ഭീകരവാദ മുദ്രയടിച്ചൊതുക്കാനുള്ള ശ്രമങ്ങളെയും ബി.ആർ.പി തുറന്നെതിർത്തിരുന്നു. മലയാളിയുടെ നീതിബോധമുയർത്താൻ ബി.ആർ.പി നടത്തിയ ഓരോ ഇടപെടലും ഡോക്യുമെന്റ് ചെയ്യപ്പെടേണ്ടതാണ്. ബി.ആർ.പിയുടെ എഴുത്തുകളും കുറിപ്പുകളും കോളം എഴുത്തുകളും വാള്യങ്ങൾ വരും.

നിർഭാഗ്യവശാൽ ഇതൊന്നുംതന്നെ സമാഹരിക്കപ്പെട്ടിട്ടില്ല. ആകെ നാല് പുസ്തകങ്ങളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം മലയാളത്തിലും ഒരെണ്ണം ഇംഗ്ലീഷിലും. ബി.ആർ.പി ലേഖനങ്ങൾ സമാഹരിച്ചിരിക്കാൻ വ്യക്തിപരമായി അത്രയൊന്നും ശ്രമിച്ചിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. ഇത് മലയാളി ബുദ്ധിജീവി ആക്ടിവിസ്റ്റുകളുടെ പൊതുശൈലിയിൽനിന്നും വ്യത്യസ്തമാണ്. പക്ഷേ, ബി.ആർ.പിയുടെ ലേഖനങ്ങൾ സമാഹരിക്കാത്തതിന്റെ നഷ്ടം മലയാളിക്കാണ്. കാരണം, ഓരോ ലേഖനങ്ങളും മലയാളിയുടെ സാമൂഹികജീവിതത്തിനെ നിർണയിക്കുന്ന അധികാര ബലാബലങ്ങളെക്കുറിച്ചും അധഃസ്ഥിതരുടെ പാർശ്വവത്കരണത്തെക്കുറിച്ചുമുള്ള നല്ല തെളിച്ചമുള്ള മലയാളത്തിൽ സാങ്കേതികവും സൈദ്ധാന്തികവുമായ ജാർഗണുകൾ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള വിമർശനാത്മക വിശകലനങ്ങളാണ്.

ബി.ആർ.പിയുടെ ‘ന്യൂസ് റൂം’ മാധ്യമപ്രവർത്തനത്തിന്റെ പോയകാലത്തെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ മാത്രമായിരുന്നില്ല സമകാലികമായ മാധ്യമപ്രവർത്തനത്തെക്കുറിച്ചുള്ള ധാരാളം പ്രതിഫലനങ്ങൾ ഇതിൽ കാണാം. മാധ്യമങ്ങളോടുള്ള രാഷ്ട്രീയക്കാരുടെ നിലപാടുകളെക്കുറിച്ചുള്ള അർഥവത്തായ നിരീക്ഷണങ്ങളും ബി.ആർ.പി പങ്കുവെക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇന്ദിര ഗാന്ധിയുമായി താരതമ്യംചെയ്തുകൊണ്ടു നരേന്ദ്ര മോദിയുടെ മുൻകൂട്ടി ചോദ്യങ്ങൾ എഴുതിവാങ്ങി നടത്തുന്ന വാർത്തസമ്മേളനത്തെക്കുറിച്ചുള്ളത്. മുൻകൂട്ടിയുള്ള ചോദ്യങ്ങൾ മാധ്യമപ്രവർത്തകരല്ല തയാറാക്കുന്നത് പകരം പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ് തയാറാക്കുന്നതെന്നാണ് ആരോപണം.

 

ബി.ആർ.പി. ഭാസ്​കർ കോഴിക്കോട്​ കെ.എൽ.എഫ്​ വേദിയിൽ എൻ.പി. രാജേന്ദ്രനും ജോൺ ബ്രിട്ടാസിനുമൊപ്പം

ബി.ആർ.പിയുടെ ജമ്മു-കശ്മീർ അനുഭവങ്ങളും സമകാലിക സാഹചര്യത്തെ പ്രതിഫലിക്കുന്നതാണ്. മാധ്യമപ്രവർത്തനത്തിന്റെ ശൈലിയും ഉള്ളടക്കവും മാത്രമല്ല മാധ്യമ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള തീരാത്ത ജിജ്ഞാസയും ബി.ആർ.പി നിലനിർത്തിയിരുന്നു. സാങ്കേതിക ഉപാധികൾ കൊണ്ടുവന്ന പരിവർത്തനങ്ങളെക്കുറിച്ചും ആഴത്തിൽ ബി.ആർ.പി വിലയിരുത്തുന്നുണ്ട്. ഒരുപക്ഷേ മാധ്യമ സാങ്കേതികവിദ്യയുടെ വികാസത്തെ മുൻനിർത്തിയാണ് താൻ പ്രവർത്തിച്ചിരുന്ന കാലത്തെ ദിനോസർ യുഗമെന്നു വിളിക്കുന്നത്. എഫ്.ബി പോപ്പുലറാകുന്ന മുതൽക്കേ ബി.ആർ.പി ഈ സമൂഹമാധ്യമത്തിൽ സജീവമായിരുന്നു. സമൂഹമാധ്യമത്തെ വളരെ ഗൗരവത്തിലെടുത്ത മുതിർന്ന പത്രപ്രവർത്തകരിലൊരാളായിരിക്കും ബി.ആർ.പി.

ബി.ആർ.പി അന്തരിച്ചത് ജൂൺ നാലിനാണ്. 18ാമത്തെ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ജനവിധി വരുന്ന ദിവസം. തലേ ദിവസങ്ങളിൽ ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ട എക്സിറ്റ് പോളിൽ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നായിരുന്നു. ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശങ്കയുയർത്തുന്നതായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എം.ജി. രാധാകൃഷ്ണൻ നടത്തിയ ബി.ആർ.പിയുമായുള്ള അവസാന അഭിമുഖങ്ങളിൽ ബി.ജെ.പിക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധതയില്ലായ്‌മയെപ്പറ്റി ബി.ആർ.പി പറയുന്നുണ്ട്. ബി.ആർ.പിയുടെ മരണവാർത്ത കേട്ട വേളയിൽ ആദ്യം അനുഭവപ്പെട്ടത് ബി.ആർ.പിയുടെ അനുഭവലോകവും കാലവും അവസാനിക്കുകയാണെന്നൊരു തോന്നൽ വിടവാങ്ങലിലുണ്ടായോ എന്നാണ്.

എന്നാൽ, തെരഞ്ഞെടുപ്പിലെ ജനവിധിയുടെ വിവരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നപ്പോൾ സന്തോഷം അലതല്ലവേ ഒരു വിഷമവും മനസ്സിനെ പിടികൂടി. ഇന്ത്യയിലെ നിസ്വരായ ജനം ഉയർത്തിയ പ്രതിരോധം ബി.ആർ.പി അറിയാതെ പോയല്ലോ എന്ന്. അങ്ങനെ ആലോചിക്കാൻ കാരണം ബി.ആർ.പി. ഭാസ്കർ നമുക്ക് കാണിച്ച ആദർശമാതൃക തന്നെ. ഉച്ചനീചത്വബദ്ധമായ സാമൂഹികജീവിതം ഐക്യദാർഢ്യത്തെ അസാധ്യമാക്കുന്നു. ഉച്ചനീചത്വവും സ്വേച്ഛാധിപത്യക്രമവും മാരകമായ കൂട്ടാണ്.

സ്വേച്ഛാധികാര പ്രവണതകളുള്ള രാഷ്ട്രീയ നേതൃത്വം അവർക്ക് അനുയോജ്യമായ ശ്രേണീബദ്ധഘടന സൃഷ്ടിക്കുന്നു. ഇതിനെ പൂർണമായും തിരസ്കരിക്കുന്നതാണ് ജനാധിപത്യത്തിന്റെ വാഗ്ദാനം. സമകാലികാവബോധമുള്ള ജനാധിപത്യം മനുഷ്യർ എന്ന നിലയിൽ പരസ്പരമുള്ള സമാനതകളെ ഉൾക്കൊള്ളുന്നതിനോടൊപ്പം വ്യത്യസ്തതകളെയും ബഹുമാനപൂർവം തിരിച്ചറിഞ്ഞംഗീകരിക്കുന്നതിനു പ്രാധാന്യം നൽകുന്നു. ഇതാണ് സമകാലികമായ മനുഷ്യാവകാശത്തിന്റെ ഉൾപ്രേരണ എന്ന നിലയിൽ സാമൂഹികപ്രവർത്തനത്തിലേക്ക് ബി.ആർ.പി സമന്വയിപ്പിച്ചത്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT