ചലച്ചിത്ര പ്രവർത്തകനായും സമാന്തര പ്രസിദ്ധീകരണ സംരംഭത്തിന്റെ നടത്തിപ്പുകാരനായുമൊക്കെ മറ്റൊരു സാംസ്കാരിക ലോകത്തിനായി പ്രവർത്തിച്ച ചെലവൂർ വേണു ജൂൺ 3ന് വിടപറഞ്ഞു. അദ്ദേഹത്തെ ഒാർമിക്കുകയാണ് സുഹൃത്തുകൂടിയായ ലേഖകൻ.
വിറക് പോലെയല്ല ചകിരി. ചകിരി ധൃതിപിടിച്ച് കത്തില്ല, അത് പതുക്കെപ്പതുക്കെ എരിഞ്ഞ് പിടിച്ച് ആളും, കോഴിക്കോട്ട് പുതിയപാലം ശ്മശാനത്ത് ചെലവൂർ വേണു ഏട്ടന്റെ ചിതക്കരികിൽനിന്ന് അവസാനമായി വിടപറയുമ്പോൾ ചിതയൊരുക്കിയ ശ്മശാനം സൂക്ഷിപ്പുകാരൻ പറഞ്ഞ അറിവാണ്. അദ്ദേഹത്തിന് വേണു ഏട്ടൻ ചിരപരിചിതനാണ്. കോഴിക്കോടിന്റെ പ്രിയപ്പെട്ട മനുഷ്യർ ആരു മരിച്ചാലും അവരെ അവസാന യാത്രയാക്കാൻ മാവൂർ റോഡ് ശ്മശാനത്തിൽ സ്ഥിരമായി എത്തിയിരുന്ന വേണു ഏട്ടന് ചിതയൊരുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മാവൂർ റോഡ് ശ്മശാനം അറ്റകുറ്റപ്പണി കാരണം അടച്ചിട്ടതിനാലാണ് വേണു ഏട്ടന്റെ സംസ്കാരം പുതിയപാലം ശ്മശാനത്തിലേക്ക് മാറ്റിയത്. ജൂൺ 3 വൈകീട്ട് നാലുമണി: ചകിരിയിൽ വേണു ഏട്ടന്റെ ശരീരം പതുക്കെപ്പതുക്കെ ദഹിച്ച്, ചരിത്രത്തിന് വളമായി.
കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്റെ ഇൻ പേഷ്യന്റ് സെന്ററിൽ വേണു ഏട്ടൻ കിടക്കുന്ന കിടപ്പു കണ്ട് അങ്ങനെ കിടത്തല്ലേ എന്നാഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തുപോയിട്ടുണ്ട്. ഇനിയൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് വീട്ടിലേക്ക് ഡോക്ടർമാർ മടക്കുന്ന ജീവിതങ്ങൾ ഒരു വലിയ വേദനയാണ്. ശരീരത്തിൽ ജീവന്റെ മിടിപ്പ് നിലക്കുന്നതെപ്പോഴെന്ന് ആർക്കും പ്രവചിക്കാനാവാത്തതുകൊണ്ട് വേണു ഏട്ടനും അതിനെക്കുറിച്ച് ബോധവാനായിരുന്നു. താൻ മരിച്ചാൽ രണ്ടു മണിക്കൂറിനകം തന്റെ ശരീരം കോഴിക്കോട് മെഡിക്കൽ കോളജിന് പഠനാവശ്യാർഥം കൈമാറണമെന്നും പൊതുദർശനമോ റീത്ത് വെക്കലോ പാടില്ലെന്നും വേണു ഏട്ടൻ വിൽപത്രം എഴുതിെവച്ചിരുന്നു. അടുത്ത സുഹൃത്തുക്കളെ അത് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, കുറേക്കാലം രോഗബാധിതനായി കിടപ്പിലായതിനാൽ മൃതദേഹം സംസ്കരിക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. അത് എല്ലാവരും മാനിക്കുകയും ചെയ്തു.
പൊലീസ് ബ്യൂഗിളിന്റെ അകമ്പടിയോ ആകാശത്തേക്കുള്ള വെടിപൊട്ടിക്കലോ ഉള്ള ഔദ്യോഗിക ബഹുമതികളുടെയൊന്നും അകമ്പടിയില്ലാത്ത ഒരു വിടപറച്ചിലായിരുന്നു വേണു ഏട്ടന്റേത്. അങ്ങനെയുള്ള ആദരവ് കിട്ടണമെങ്കിൽ സർക്കാർ പുരസ്കാരങ്ങൾ കിട്ടണം. പുരസ്കാരങ്ങൾക്കായുള്ള കിടമത്സരത്തിന്റെ പ്രസക്തി അവിടെയാണ്. അത് കിട്ടാത്തവർക്ക് അതിന് യോഗ്യത പ്രയാസമാണ്.
മലയാളത്തിലെ സമാന്തര സിനിമയുടെ, മലയാളി സമാന്തര മാധ്യമജീവിതത്തിന്റെ നാൾവഴികളെ അരനൂറ്റാണ്ടിലേറെ അർഥപൂർണമാക്കിയ ആ മനുഷ്യൻ സർക്കാർ ബഹുമതിയൊന്നുമില്ലാതെ തന്നെ പതുക്കെപ്പതുക്കെ ചകിരിയിൽ എരിഞ്ഞ് കഥാവശേഷനായി. മതേതരമായ ആ ജീവിതത്തിൽ മരണാനന്തരം മറ്റു ചടങ്ങുകൾ ഒന്നുമില്ലെന്ന് തീരുമാനിക്കപ്പെട്ടതുകൊണ്ട് വേണു ഏട്ടന്റെ ചാരം പുതിയപാലം ശ്മശാനത്തിന്റെ പച്ചപ്പിന് വളമാകുമെന്ന് ശ്മശാനം സൂക്ഷിപ്പുകാരൻ പറഞ്ഞു. എന്തൊക്കെ പൂക്കളാണ് അവിടത്തെ പച്ചപ്പിലുള്ളതെന്ന് ശ്രദ്ധിക്കാൻ വിട്ടു. ഇനിയവിടെ പൂ വിരിയുമ്പോൾ അതിൽ വേണു ഏട്ടന്റെ ഓർമയും കാണും.
മുഖ്യധാരയിൽ അലിഞ്ഞുപോകാത്ത മലയാളിയുടെ സമാന്തരജീവിതത്തെ രേഖപ്പെടുത്തുമ്പോൾ അതിൽ മറക്കാനാവാത്ത ഒരു വ്യക്തിത്വമാണ് ചെലവൂർ വേണു. 50 വർഷത്തിലേറെക്കാലം കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ഇവിടെ സജീവമാക്കി നിർത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചു. 1980ൽ കോഴിക്കോട്ട് ചെലവൂർ വേണുവിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട 14 ദിവസം നീണ്ട ഫിലിം ഫെസ്റ്റിവലാണ് കേരളത്തിൽ ഫിലിം ഫെസ്റ്റിവൽ സംസ്കാരത്തിന് തറക്കല്ലിട്ടത്. അതാണ് പിൽക്കാലത്ത് ഐ.എഫ്.എഫ്.കെക്ക് നിമിത്തമായ അടിവളം. 1968ൽ രൂപംകൊണ്ട അശ്വിനി ഫിലിം സൊസൈറ്റിയെ 1970 മുതൽ 50 വർഷത്തിലേറെക്കാലം ചെലവൂർ വേണു ഒറ്റക്ക് കൊണ്ടുനടന്നു.
2019 മേയ് 11ന് അശ്വിനി ഫിലിം സൊസൈറ്റിയുടെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ പരാമർശം ശ്രദ്ധേയമായിരുന്നു. ചെലവൂർ വേണു വിവാഹം കഴിക്കാൻ വൈകിയതുകൊണ്ടുമാത്രമാണ് അശ്വിനിക്ക് 50 വർഷം വരെ അതിജീവിക്കാൻ കഴിഞ്ഞതെന്നായിരുന്നു അടൂരിന്റെ നിരീക്ഷണം. ആണുങ്ങളുടെ മാത്രം സംഘാടക ലോകമായിരുന്ന ഫിലിം സൊസൈറ്റികൾ പ്രധാന സംഘാടകർ കല്യാണം കഴിക്കുന്നതോടെ മരിച്ചുവീഴുന്ന കാഴ്ച പതിവായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലാദ്യമായി 50 വർഷം ആഘോഷിക്കുന്ന ആദ്യത്തെ ഫിലിം സൊസൈറ്റിയാണ് അശ്വിനി എന്ന് അടൂർ ഓർമിച്ചു.
2016ൽ, തന്റെ എഴുപത്തിരണ്ടാം വയസ്സിലാണ് ചെലവൂർ വേണു തന്റെ ജീവിതപങ്കാളി സുകന്യയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് 80 വയസ്സ് പിന്നിട്ടത്. എട്ടു വർഷം നീണ്ട ദാമ്പത്യത്തിന്റെ കയറ്റിറക്കങ്ങൾ ഒരു രണ്ടാം ജീവിതം എന്നമട്ടിൽ അദ്ദേഹം ആഘോഷിച്ചു. പഴയ സമാന്തര ജീവിതത്തിന്റെ പോക്കുവെയിലിൽ ഒരുകാലത്ത് ഒരു പ്രസ്ഥാനമായി ഉദിച്ചുയർന്നിരുന്ന ‘സൈക്കോ’ വീണ്ടും തുടങ്ങാനായി മോഹിച്ചുനടന്നു. പിന്നെപ്പിന്നെ അങ്ങനെ മോഹിക്കൽ എന്നത് തന്നെ ആത്മമിത്രമായിരുന്ന കവി കടമ്മനിട്ട രാമകൃഷ്ണൻ പാടിയതുപോലെ ജീവിതത്തിന് ‘‘അർഥം കൊടുത്ത് പൊലിപ്പിച്ചെടുക്കൽ’’ മാത്രമായി സ്വയം തിരിച്ചറിഞ്ഞു. കടമ്മനിട്ട രാമകൃഷ്ണന്റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കുന്നത് ചെലവൂർ വേണുവിന്റെ ‘പ്രപഞ്ചം’ പബ്ലിക്കേഷൻസാണ്. എം. ഗംഗാധരൻ അവതാരിക എഴുതി. അത് പുറത്തിറങ്ങിയത് എൺപതുകളുടെ തുടക്കത്തിൽ ഒരു സംഭവംതന്നെയായിരുന്നു.
കോടികളുടെ മുതൽമുടക്കുള്ള അച്ചടിസ്ഥാപനങ്ങൾപോലും തങ്ങളുടെ പ്രസിദ്ധീകരണങ്ങൾ കമ്പോളത്തിൽ വിറ്റഴിക്കാനാവാതെ അടച്ചുപൂട്ടുന്ന ഇന്റർനെറ്റ് യുഗത്തിലാണ് ചെലവൂർ വേണു തന്റെ ‘സൈക്കോ’ എന്ന മനശ്ശാസ്ത്ര മാസിക വീണ്ടും ഇറക്കുന്നത് സ്വപ്നംകണ്ടു നടന്നത്. വലിയ സ്വപ്നങ്ങൾക്ക് പിറകെ വൃഥാ നടക്കുന്ന ഒരു കുട്ടി എന്നും ചെലവൂർ വേണു എന്ന മനുഷ്യനിൽ കെടാതെ നിന്നു.
മലയാളത്തിലെ ആദ്യത്തെ മനശ്ശാസ്ത്ര മാസിക ‘സൈക്കോ’, ആദ്യത്തെ സ്പോർട്സ് മാസിക ‘സ്റ്റേഡിയം’, ആദ്യത്തെ യൂത്ത് മാഗസിൻ ‘യുവഭാവന’, ആദ്യത്തെ വനിതാ മാസിക ‘രൂപകല’, ആദ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ മാഗസിൻ ‘സെർച്ച്ലൈറ്റ്’ എന്നിവക്കൊക്കെ തുടക്കമിടുകയും അവയുടെയൊക്കെ പ്രസാധകനാവുകയും ചെയ്ത ചെലവൂർ വേണുവിനെ മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ചരിത്രം സൃഷ്ടിച്ച പത്രാധിപർ എന്ന് വിശേഷിപ്പിക്കാനാവുമോ? ഇല്ല എന്ന് സാങ്കേതിക ചരിത്രം മുദ്രകുത്തും. കാരണം, ഇവിടെ പത്രപ്രവർത്തകനായി അംഗീകരിക്കപ്പെടണമെങ്കിൽ മുഖ്യധാരാ പത്രങ്ങളിൽ പണിയെടുക്കുന്ന, പത്ര മുതലാളിയുടെ ജേണലിസ്റ്റ് എന്ന ഉത്തരവുള്ള, എങ്കിൽ മാത്രം കിട്ടുന്ന ജേണലിസ്റ്റ് യൂനിയൻ മെംബർഷിപ് കൂടിയേ കഴിയൂ.
അതുകൊണ്ടുതന്നെ ജീവിതസായാഹ്നത്തിൽ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന ചെലവൂർ വേണുവിന്റെ പെൻഷൻ അപേക്ഷ പത്രമുടമയാണ്, പത്രപ്രവർത്തകനല്ല എന്ന സാങ്കേതിക കാര്യം ചൂണ്ടിക്കാട്ടി സർക്കാർ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നൽകിയ അപേക്ഷക്കാണ് സെക്രേട്ടറിയറ്റ് ഉദ്യോഗസ്ഥർ ചെലവൂർ വേണു പത്രമുടമയായിരുന്നു എന്ന് വിധിച്ച് പെൻഷൻ നിരസിച്ചത്. ചെലവൂർ വേണു സമാന്തരധാരയിൽ തുടക്കമിട്ട മേൽപറഞ്ഞ മാഗസിനുകളൊക്കെ പിൽക്കാലത്ത് മുഖ്യധാരാ മാധ്യമങ്ങൾ സ്വാംശീകരിച്ച് ലക്ഷങ്ങളും കോടികളും ലാഭമുണ്ടാക്കുന്ന മാസികകളാക്കി മാറ്റി.
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെയും സമാന്തര സിനിമാ പ്രസ്ഥാനത്തെയും തുണച്ച അരനൂറ്റാണ്ട് കാലത്തെ ജീവിതം എന്നത് ചെലവൂർ വേണുവിന് ഒരു കച്ചവടമായിരുന്നില്ല. ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അതുെവച്ച് ഉയരങ്ങളിലേക്ക് പടർന്നുകയറാൻ അദ്ദേഹം നോക്കിയതുമില്ല. ചലച്ചിത്ര അക്കാദമിയുടെയോ കെ.എസ്.എഫ്.ഡി.സിയുടെയോ അധ്യക്ഷനായി ഒരിക്കൽപോലും നാമനിർദേശം ചെയ്യപ്പെട്ടില്ല.
മലയാള സിനിമയിൽ പ്രവർത്തിച്ചതിന് നൽകുന്ന ഏറ്റവും വലിയ സർക്കാർ അംഗീകാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം നൽകാൻ ചെലവൂർ വേണു പരിഗണിക്കപ്പെടുമായിരുന്നോ? ഇന്ന് പടർന്നു പന്തലിച്ച, സിനിമക്ക് പുറമെ കോടികളുടെ ഉത്സവക്കാഴ്ച സമ്മാനിക്കുന്ന ഐ.എഫ്.എഫ്.കെ ഇവിടെ സാധ്യമായതിന്റെ വേരിൽ ചെലവൂർ വേണുവിന്റെ പേര് കാലം കൊത്തിെവച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹം ഇവിടെ ചെയ്തത് എന്തായിരുന്നു എന്ന് മനസ്സിലാക്കുന്ന ഒരു സംവിധാനം നമുക്ക് വേണമായിരുന്നു അങ്ങനെ ഒരു അംഗീകാരത്തെക്കുറിച്ച് ചിന്തിക്കണമെങ്കിൽപോലും. അതുണ്ടായില്ല ഇവിടെ. തിരിച്ചായിരുന്നു എങ്കിൽ പത്മ പുരസ്കാരങ്ങൾ വിട്ടേക്കാം, സിനിമക്ക് നൽകിയ സംഭാവനകളുടെ പേരിൽ ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹത്തെ തേടി എത്തുമായിരുന്നു.
സംവിധായകൻ ജോൺ എബ്രഹാമിനെ കോഴിക്കോട്ടെത്തിക്കുന്നത് ചെലവൂർ വേണുവാണ്. 1974ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി പീച്ചിയിൽ നടത്തിയ സർഗസംവാദം വഴിയാണ് ജോൺ ചെലവൂർ വേണുവിനൊപ്പം കോഴിക്കോട്ടേക്ക് വരുന്നത്. ജോണിന്റെ കോഴിക്കോടൻ ജീവിതം ‘സൈക്കോ’ കേന്ദ്രമായാണ് തുടങ്ങുന്നത്. ‘അഗ്രഹാരത്തിലെ കഴുത’യും ‘പിറക്കാതെ പോയ കയ്യൂരും’ ‘ഒഡേസ്സ’യും ‘അമ്മ അറിയാനു’മൊക്കെ ആ തുടക്കത്തിന്റെ ബാക്കിപത്രമാണ്.
എഴുപതുകൾ മുതൽ കോഴിക്കോട്ട് കേന്ദ്രമായ എല്ലാ സമാന്തര സിനിമകളുടെയും പ്രധാന സാന്നിധ്യമായി ചെലവൂർ വേണുവുണ്ട്. അറുപതുകളിൽ, സംവിധായകനാകാൻ മദിരാശിയിലേക്ക് രാമു കാര്യാട്ടിനെ തേടി പുറപ്പെട്ടുപോയ മനുഷ്യനാണ് ചെലവൂർ വേണു. തനിക്ക് സംവിധാനം ചെയ്യാൻ ചിന്ത രവീന്ദ്രൻ എഴുതിയ തിരക്കഥയാണ് നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഒരു നിർമാതാവ് വന്നപ്പോൾ ചിന്ത രവി തന്നെ സംവിധാനംചെയ്ത ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’. ജി. അരവിന്ദൻ, കെ.ജി. ജോർജ്, കെ.പി. കുമാരൻ, പി.എ. ബക്കർ, ജോൺ എബ്രഹാം, കെ. ആർ. മോഹനൻ, പി.ടി. കുഞ്ഞുമുഹമ്മദ്, പവിത്രൻ, ലെനിൻ രാജേന്ദ്രൻ, ടി.വി. ചന്ദ്രൻ, കെ. ഗോപിനാഥ് തുടങ്ങി എത്രയോ സംവിധായകർക്ക് ചെലവൂർ വേണുവും ‘സൈക്കോ’യും ഒരു അത്താണിയായി. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന തിരക്കിൽ ‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’ എന്നപോലെ, ആ തിരക്കിൽ സംവിധായകനാകാൻ ചെലവൂർ വേണു മറന്നു. സ്വയം സഞ്ചരിക്കുന്ന ഒരു ചലച്ചിത്രോത്സവമായി മാറി.
2013ൽ ഞാൻ ‘ജോൺ’ സിനിമ ആലോചിക്കുമ്പോൾ സ്വാഭാവികമായും അത് ചെലവൂർ വേണു ഏട്ടനിലും എത്താതെ മുന്നോട്ടുപോകില്ലായിരുന്നു. ചെലവൂർ വേണുവായി വേണു ഏട്ടൻ അതിൽ അഭിനയിക്കാനിടവരുന്നതും അങ്ങനെയാണ്. ജോൺ എബ്രഹാമിന്റെ സുഹൃത്തുക്കളായ രാമചന്ദ്രൻ മൊകേരിക്കും ശിൽപി ജീവൻ തോമസിനും ഒപ്പമായിരുന്നു അഭിനയം. അശരീരിയായ ജോണിനോട് സംസാരിച്ചുകൊണ്ട് വേണു ഏട്ടൻ നടന്നത് ജീവിച്ചിരുന്നപ്പോൾ എന്നപോലെത്തന്നെയായിരുന്നു. 2013ൽ തുടങ്ങിയ ആ യാത്രയിൽ 2023 മേയ് 31ന് ‘ജോൺ’ ശ്രീ തിയറ്ററിൽ എത്തിയപ്പോൾ വേണു ഏട്ടനും ഒപ്പം നിന്നു. തിയറ്ററിന് പുറത്തുനിന്ന് ഒപ്പം നിന്നവരോട് സംസാരിച്ചു.
മാധ്യമം ആഴ്ചപ്പതിപ്പിലെ എന്റെ ‘കാലാന്തരം’ പംക്തിയിൽ ‘ചെലവൂർ വേണു ഫിലിം ഫെസ്റ്റിവൽ’ എന്ന അധ്യായം കഴിഞ്ഞ നവംബർ 27ന് എഴുതാനിടയാകുന്നത് ആ നീണ്ട സൗഹൃദത്തെ രേഖപ്പെടുത്തണമെന്ന ആഗ്രഹത്താലായിരുന്നു. അപ്പോഴേക്കും കോഴിക്കോട് നഗരത്തിലേക്ക് വരുന്നത് കുറഞ്ഞുവന്നിരുന്നു. ‘കാലാന്തരം’ അച്ചടിച്ചുവന്ന മാധ്യമം ആഴ്ചപ്പതിപ്പിന്റെ കോപ്പി ചെലവൂരിലെ വീട്ടിൽ കൊണ്ടു ചെന്ന് കൊടുത്തപ്പോൾ ഇരുന്ന ഇരിപ്പിൽ അതു മുഴുവനും വായിച്ചുതീർത്താണ് വേണു ഏട്ടൻ തല പൊന്തിച്ചത്. തന്റെ പെൻഷൻ അപേക്ഷ സർക്കാർ തള്ളിക്കളഞ്ഞതിന്റെ വേദന പങ്കുെവച്ചത് അപ്പോഴാണ്.
മടങ്ങുമ്പോൾ നേരിയ മഴയുണ്ടായിരുന്നെങ്കിലും, വരേണ്ട എന്നു പറഞ്ഞിട്ടും കേൾക്കാതെ കുടയും പിടിച്ച് റോഡ് വരെ യാത്രയയക്കാൻ നടന്നുവന്നു. വണ്ടി മെയിൻറോഡിൽ െവച്ച് നടന്നായിരുന്നു വീട്ടിലേക്ക് പോയിരുന്നത്. ഞാൻ പോകുന്നതും നോക്കി റോഡുവക്കിൽതന്നെ നിൽക്കുന്ന വേണു ഏട്ടനെ കണ്ണാടിയിലൂടെ ഒരു നോക്കു കണ്ടു. പിന്നെ കാണുന്നത് വെള്ളിമാടുകുന്ന് നിർമല ആശുപത്രിയിൽ കിടപ്പിലായപ്പോഴായിരുന്നു.
ഡോ. സുരേഷിന്റെയും വേണു പൂവാട്ടുപറമ്പിന്റെയും മുൻകൈയിലാണ് മെഡിക്കൽ കോളജിലെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ തീരുമാനമാകുന്നത്. ആദ്യത്തെ പാലിയേറ്റിവ് നഴ്സിങ് വളന്റിയർ മീന അവിടെ ചുമതലയിൽ ഉണ്ടായിരുന്നതിന്റെ ആശ്വാസമുണ്ടായിരുന്നു. അവിടെ ഞാനും ദീദിയും കാണാൻ ചെന്നപ്പോൾ വേണു ഏട്ടൻ നീണ്ട മയക്കത്തിലായിരുന്നു. സുകന്യച്ചേച്ചി തട്ടിയുണർത്താൻ നോക്കിയപ്പോൾ കണ്ണു മിഴിച്ചു നോക്കി, കണ്ടു എന്ന് തോന്നി. വിളിക്കുമ്പോൾ നേരിയ അനക്കമുണ്ടായിരുന്നു, ശബ്ദം തിരിച്ചറിയുന്നതുപോലെ കൺപീലികൾ ഇളകുന്നുണ്ടായിരുന്നു. കൈ തൊട്ടു വിളിച്ചപ്പോൾ കൈ പിടിക്കാനെന്നോണം ഒരു കൈ കുറച്ച് ഉയർത്തി. ദൂരെ എവിടെയോ ഓർമ ഉള്ളപോലെ വിരലുകൾ നീണ്ടു വന്നു, അതൊരു വിട ചൊല്ലലായിരുന്നു. എത്രനാൾ എന്നറിയാത്ത ആ കിടപ്പ് നീണ്ടുപോയി.
മേയ് 2 രാത്രി, പാലിയേറ്റിവിലെ മീനയുടെ ജീവിതപങ്കാളി സുഹൃത്ത് വേണു പൂവാട്ടുപറമ്പ് വിളിച്ചു: ‘‘വേണു ഏട്ടന് ഓക്സിജൻ നൽകുന്നുണ്ട്, സ്ഥിതി മോശമാണ്.’’ പിന്നെ ജൂൺ 3ന് രാവിലെ പാലിയേറ്റിവിൽനിന്നും ലീന വിളിച്ചുപറഞ്ഞു, ‘‘വേണു ഏട്ടൻ’’, എത്തുമ്പോഴേക്കും പോയിരുന്നു. പഴയ കോഴിക്കോടിന്റെ ജീവനാഡിയായിരുന്ന ആളാണ് ആ കിടക്കുന്നത് എന്ന് മനസ്സിലാകുമായിരുന്നില്ല. ഒരാൾക്കൂട്ടത്തെ ഒപ്പം കൊണ്ടുനടന്ന ഏകാകിയായിരുന്നു ചെലവൂർ വേണു, ‘ഒരു ദേശത്തിന്റെ കഥ’യായിരുന്നു അത്. ആ ദേശം ഇന്നില്ല. വേണു ഏട്ടന് വിട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.