മറക്കരുത്​ ആ ദിനങ്ങൾ

രാജ്യത്ത്​ നിഷ്​ഠുരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതി​ന്റെ ഒാർമകൾക്ക്​ അമ്പത്​ വയസ്സാകുന്നു. 1975 ജൂൺ 25ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ദിനങ്ങളെക്കുറിച്ചും വർത്തമാന അവസ്ഥകളെക്കുറിച്ചും എഴുതുകയാണ്​ മുൻ ജനപ്രതിനിധിയും പത്രപ്രവർത്തകനും അഭിഭാഷകനുമായ ലേഖകൻ. ഭരണഘടന​ക്കോ ഭരണഘടനാ സ്ഥാപനങ്ങൾക്കോ ഏകാധിപത്യത്തെ തടയാനാവില്ലെന്നും, ജനാധിപത്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജനതയുടെ ജാഗ്രതയിലും പ്രതിരോധത്തിലും മാത്രമാണ് നമുക്ക് ശരണമർപ്പിക്കാൻ കഴിയുകയെന്നും വാദിക്കുന്നു.OBITUARY ‘‘O’Cracy, D.E.M., beloved husband of T. Ruth, loving fatherof L.I. Bertie, brother of Faith, Hope and Justicia, expired on June 26.’’ 1975 ജൂൺ 28ന്, അടിയന്തരാവസ്ഥയുടെ മൂന്നാം ദിവസം. മുംബൈ ‘ടൈംസ് ഓഫ്...

രാജ്യത്ത്​ നിഷ്​ഠുരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതി​ന്റെ ഒാർമകൾക്ക്​ അമ്പത്​ വയസ്സാകുന്നു. 1975 ജൂൺ 25ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ദിനങ്ങളെക്കുറിച്ചും വർത്തമാന അവസ്ഥകളെക്കുറിച്ചും എഴുതുകയാണ്​ മുൻ ജനപ്രതിനിധിയും പത്രപ്രവർത്തകനും അഭിഭാഷകനുമായ ലേഖകൻ. ഭരണഘടന​ക്കോ ഭരണഘടനാ സ്ഥാപനങ്ങൾക്കോ ഏകാധിപത്യത്തെ തടയാനാവില്ലെന്നും, ജനാധിപത്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജനതയുടെ ജാഗ്രതയിലും പ്രതിരോധത്തിലും മാത്രമാണ് നമുക്ക് ശരണമർപ്പിക്കാൻ കഴിയുകയെന്നും വാദിക്കുന്നു.

OBITUARY

‘‘O’Cracy, D.E.M., beloved husband of T. Ruth, loving fatherof L.I. Bertie, brother of Faith, Hope and Justicia, expired on June 26.’’

1975 ജൂൺ 28ന്, അടിയന്തരാവസ്ഥയുടെ മൂന്നാം ദിവസം. മുംബൈ ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ പ്രത്യക്ഷപ്പെട്ട ക്ലാസിഫൈഡ് പരസ്യമാണിത്. പാലക്കാട്ടുകാരനായ അശോക് മഹാദേവൻ എന്ന 26കാരന്റെ കുസൃതിയായിരുന്നു അത്. ഇരുപത് രൂപ മുടക്കി പ്രസിദ്ധപ്പെടുത്തിയ ആ 22 വാക്കുകൾ സെൻസറുടെ കണ്ണുവെട്ടിച്ച് അടിയന്തരാവസ്ഥക്കെതിരെ നടത്തിയ ഏറ്റവും മികച്ച വിമർശനമായി. അന്ന് ‘റീഡേഴ്സ് ഡൈജസ്റ്റി’ന്റെ ​െഡപ്യൂട്ടി എഡിറ്ററായിരുന്നു മഹാദേവൻ. ഏതോ ഗോവൻ കുടുംബത്തിന്റെ ചരമ അറിയിപ്പായി മാത്രമാണ് സെൻസർ ആ പരസ്യത്തെ കണ്ടത്.

അടിയന്തരാവസ്ഥ ട്രാജഡിയും അതേസമയം കോമഡിയുമായിരുന്നു. നിരവധി നേതാക്കൾ അറസ്റ്റിലായപ്പോൾ അവരുടെ പേര് പ്രസിദ്ധപ്പെടുത്താൻ പത്രങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. അടിക്കുറിപ്പില്ലാതെയാണ് അറസ്റ്റിലായ നേതാക്കളുടെ ചിത്രം ഞങ്ങൾ ‘ഇന്ത്യൻ എക്സ്പ്രസി’ൽ ആദ്യദിവസം പ്രസിദ്ധപ്പെടുത്തിയത്. ചിത്രത്തിന് വിലക്കില്ലെന്നായിരുന്നു ന്യൂസ് എഡിറ്റർ ശിവറാമിന്റെ നിലപാട്. പിന്നീട് ചിത്രങ്ങളും വിലക്കപ്പെട്ടു. ആരെന്ന് ഇനിയും അറിഞ്ഞിട്ടില്ലാത്ത ഒരാൾ വിലക്ക് മറികടക്കുന്നതിന് കണ്ടുപിടിച്ച ഉപായം സിലോൺ റേഡിയോയുടെ നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ എന്ന പരിപാടിയായിരുന്നു. പാട്ട് ആവശ്യപ്പെടുന്നവരുടെ പേര് പരിപാടിയിൽ പറഞ്ഞിരുന്നു. ചലച്ചിത്രഗാനങ്ങൾ കേൾക്കാൻ അന്യഥാ സൗകര്യം കുറവായിരുന്ന അക്കാലത്ത് സിലോൺ റേഡിയോക്ക് കേരളത്തിൽ വ്യാപകമായി ശ്രോതാക്കളുണ്ടായിരുന്നു.

‘‘കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ’’ എന്ന ഗാനം ആവശ്യപ്പെട്ടുകൊണ്ട് നിരവധി കത്തുകൾ നിലയത്തിലെത്തി. ഓരോ സെൻട്രൽ ജയിലിന്റെയും സ്ഥലപ്പേര് പറഞ്ഞുകൊണ്ട് അവിടെ തടവുകാരായി കഴിയുന്ന നേതാക്കളുടെ പേരുകളാണ് ശ്രോതാക്കൾ കേട്ടത്. കണ്ണൂർ പള്ളിക്കുന്നിൽനിന്ന് പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇമ്പിച്ചി ബാവ, എം.വി. രാഘവൻ, പൂജപ്പുരയിൽനിന്ന് വി.എസ്. അച്യുതാനന്ദൻ, വിയ്യൂർ നിന്ന് പി. പരമേശ്വരൻ, അരങ്ങിൽ ശ്രീധരൻ, തമ്പാൻ

തോമസ് എന്നിവർ ആവശ്യപ്പെടുന്ന ഗാനം എന്ന രീതിയിലായിരുന്നു ഗാനം ആവശ്യപ്പെട്ട ശ്രോതാക്കളുടെ പേരുകൾ സിലോണിലെ റേഡിയോ നിലയം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്. അടിയന്തരഘട്ടങ്ങളിൽ ലഭിക്കുന്ന കോഡ് വായിച്ചെടുക്കാൻ ജനങ്ങൾക്ക് പ്രത്യേകമായ വൈഭവമുണ്ട്. ഡാവിഞ്ചി കോഡിന്റെ നിർധാരണം പോലെയാണത്. കർശനവും കർക്കശവുമായ സെൻസർഷിപ്പിന് പത്രങ്ങൾ വിധേയമായ അക്കാലത്ത് കാര്യങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും നവീനവും ഭാവനാപൂർണവുമായ മാർഗങ്ങൾ ജനങ്ങൾ കണ്ടെത്തി. ഇന്റർനെറ്റിന്റെ ആവിർഭാവത്തിന് മുമ്പുള്ള കാലമായിരുന്നു അത്. ഇക്കാലത്തുതന്നെയാണ് അബുവിന്റെ പ്രസിദ്ധമായ രാഷ്ട്രപതിക്കാർട്ടൂണും പ്രസിദ്ധീകൃതമായത്. പാർലമെന്റിനെ നോക്കുകുത്തിയാക്കി രാഷ്ട്രപതി ഭവനിൽനിന്ന് തുരുതുരാ ഓർഡിനൻസുകൾ ഇറങ്ങുന്നതിനെ പരിഹസിക്കുന്നതായിരുന്നു ബാത്ത്ടബിലെ രാഷ്ട്രപതിയുടെ ചിത്രീകരണം.

നരേന്ദ്ര മോദിയുടേതിൽനിന്ന് വ്യത്യസ്തമായി പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു ഇന്ദിര ഗാന്ധിയുടേത്. ഭരണഘടനയിലെ വ്യവസ്ഥയനുസരിച്ച് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിൽ ഭരണഘടനതന്നെ ഇല്ലാതായി. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന നാൽപത്തിരണ്ടാം ഭേദഗതിയിലൂടെ ഭരണഘടനയുടെ രൂപവും ഭാവവും മാറി. ഭരണഘടനയുടെ ബേസിക് സ്ട്രക്ചറിനെ സ്പർശിക്കുന്ന ഭേദഗതി പാടില്ലെന്ന് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി പറഞ്ഞതിന്റെ രണ്ടാം വർഷത്തിലായിരുന്നു ഭരണഘടനയുടെ അലകും പിടിയും അഴിച്ചുമാറ്റപ്പെട്ടത്. ജനാധിപത്യത്തെ രക്ഷിച്ച വിധിയെന്ന് കേശവാനന്ദ ഭാരതിയെ പ്രകീർത്തിച്ചത് വെറുതെയായി.

റായ്ബറേലിയിൽനിന്നുള്ള ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈകോടതി വിധിയോടുള്ള പ്രതികരണമായിരുന്നു അടിയന്തരാവസ്ഥ. അല്ലെങ്കിൽ പ്രതികൂലവിധി നിരുപാധികം സ്റ്റേ ചെയ്യുന്നതിന് വിസമ്മതിച്ച സുപ്രീംകോടതിയോടുള്ള പ്രതികരണം. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ശക്തിയാർജിച്ചുകൊണ്ടിരുന്ന ബഹുജനപ്രക്ഷോഭത്തെ രാജ്യത്തെ ശിഥിലീകരിക്കുന്നതിനുള്ള വിധ്വംസകവൃത്തിയായി വ്യാഖ്യാനിച്ചു. ഇതേ സമീപനം തന്നെയാണ് നരേന്ദ്ര മോദിയുടേത്.

രാജദ്രോഹം രാജ്യദ്രോഹമായി. വിമർശനം വിപ്ലവത്തിനും വിഘടനത്തിനുമുള്ള ആഹ്വാനമായി. അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഉൾപ്പെടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പൂർണമായി നിഷേധിക്കപ്പെട്ടു. പട്ടാളം നിശ്ശബ്ദമായി ബാരക്കിലിരുന്നപ്പോൾ പൊലീസ് ഭ്രാന്തമായി അഴിഞ്ഞാടി. പത്രങ്ങൾക്കുമേൽ മുൻകൂർ സെൻസർഷിപ്പിന്റെ കട്ടിയുള്ള കരിമ്പടം വീണു. രാജ്യം ജയിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ഏകാധിപത്യത്തിന്റെ തമോഗർത്തത്തിൽ നിപതിച്ചു. ജവഹർലാൽ നെഹ്റു കരുതലോടെ വളർത്തിയെടുത്ത ജനാധിപത്യമാണ് അദ്ദേഹത്തിന്റെ പുത്രി അലങ്കോലമാക്കിയത്.

1975 ജൂൺ 25 മുതൽ 1977 മാർച്ച് 23 വരെ 21 മാസം നീണ്ടുനിന്ന ഭീകരാവസ്ഥയായിരുന്നു ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ. ഫാഷിസവും ഏകാധിപത്യവും ചേർന്ന മിശ്രിതമായിരുന്നു അത്. ഒരു ഏകാധിപതിയുടെ ഭ്രാന്തമായ വികൽപത്തിന് മുതിർന്ന സൈനിക ഉദ്യോഗ സ്ഥരും സിവിൽ ഉദ്യോഗസ്ഥരും എങ്ങനെയാണ് നിർലജ്ജം വിധേയരാകുന്നതെന്ന് നാസി ജർമനിയുടെ ചരിത്രം വായിക്കുമ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട്. ഉത്തരം അടിയന്തരാവസ്ഥയിൽ കിട്ടി.

ഭരണഘടനാപരമായ പദവിയോ ഉത്തരവാദിത്തങ്ങളോ ഇല്ലാത്ത ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിൽരഹിതനായ ചെറുപ്പക്കാരന്റെ നിർദേശങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് മുതൽ വില്ലേജ് ഓഫിസ് വരെ സ്വീകാര്യതയുണ്ടായി. എല്ലാവരും അനുസരിക്കാൻ തയാറായി. എന്തുകൊണ്ടെന്നാൽ അയാൾ പ്രധാനമന്ത്രിയുടെ പുത്രനായിരുന്നു. അമ്മയെപ്പോലും ഭീഷണിപ്പെടുത്താൻ മടിയില്ലാത്ത മകന്റെ ആജ്ഞക്കു മുന്നിൽ ലോകത്തിലെ ഏറ്റവും ശക്തയായ വനിത നിസ്സഹായയായി. ആ വിമാനാപകടം സംഭവിച്ചിരുന്നില്ലെങ്കിൽ രാജീവ് ഗാന്ധിക്കു പകരം സഞ്ജയ് ഗാന്ധി പ്രധാനമന്ത്രിയാകുമായിരുന്നു. എങ്കിൽ ഹിറ്റ്ലറെ നിഷ്പ്രഭനാക്കുന്ന ഒരു ഇന്ത്യൻ കാലം ഉണ്ടാകുമായിരുന്നു.

സെൻസർഷിപ് ഇല്ലായിരുന്നുവെങ്കിലും അന്ന് പത്രങ്ങൾ വഴങ്ങുമായിരുന്നു. സെൻസർഷിപ് ഒഴിവാക്കിയിരുന്നുവെങ്കിൽ ഇന്ദിര ഗാന്ധിക്കെതിരെയുള്ള വലിയൊരു ആക്ഷേപം ഒഴിവാകുമായിരുന്നു. ഇരിക്കാൻ പറഞ്ഞപ്പോൾ അവർ ഇഴഞ്ഞു എന്ന് പത്രപ്രവർത്തകരെ ഉദ്ദേശിച്ച് എൽ.കെ. അദ്വാനി പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യപ്രേമികളും അഭിമാനികളുമായ പത്രപ്രവർത്തകർ കളമൊഴിയുകയോ അവരെ കളത്തിൽനിന്ന് പുറത്താക്കുകയോ ചെയ്തു. ‘ഇന്ത്യൻ എക്സ്പ്രസും’ ‘സ്റ്റേറ്റ്സ്മനും’ മാത്രമാണ് അടിയന്തരാവസ്ഥയെ അനുകൂലിക്കാതെ പഴുതുകൾ കണ്ടെത്തി പ്രതിരോധിച്ച രണ്ടു പത്രങ്ങൾ. സഞ്ജയ് ഗാന്ധിയായിരുന്നു എഡിറ്റർമാരെ നിശ്ചയിച്ചിരുന്നത്. ‘ഇന്ത്യൻ എക്സ്പ്രസി’ൽ എസ്. മൽഗോക്കർക്കു പകരം വി.കെ. നരസിംഹൻ പ്രതിഷ്ഠിതനായി. ബി.ജി. വർഗീസ് ‘ഹിന്ദുസ്ഥാൻ ടൈംസി’ൽനിന്ന് ബഹിഷ്കൃതനായി. ‘ശങ്കേഴ്സ് വീക് ലി’ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. ആർ.കെ. ലക്ഷ്മണിന്റെ കാർട്ടൂണുകൾ അപ്രത്യക്ഷമായി.

നേതാക്കൾ ജയിലിലാകുകയും രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പത്രങ്ങൾ ദൗത്യം മറന്ന് ഭരണകൂടത്തിന് അടിയറവ് പറഞ്ഞത്. ഏറ്റവും ലജ്ജാകരമായ അവസ്ഥയിൽ പ്രവർത്തിച്ചത് ജുഡീഷ്യറിയായിരുന്നു. ജീവിക്കുന്നതിനുള്ള പൗരന്റെ അവകാശം ഭരണകൂടത്തിന്റെ സൗമനസ്യം മാത്രമാണെന്ന് അറ്റോണി ജനറൽ നിരൺ ഡേ ഹേബിയസ്കോർപസ് കേസുകളിൽ പറഞ്ഞപ്പോൾ ജഡ്ജിമാർ നിശ്ശബ്ദം കേട്ടിരുന്നു.

എ.കെ.ജിയുടെ കേസിലെന്നപോലെ ഇവിടെയും ജഡ്ജിമാർ കരുതൽ തടങ്കലിനു ന്യായം കണ്ടെത്തി. ‘മിസ’ തുടങ്ങിയ കരിനിയമങ്ങൾ പ്രകാരം 1,12,890 പേരെ ജയിലിലാക്കിയതായി ഷാ കമീഷൻ കണ്ടെത്തി. ജയപ്രകാശ് നാരായണനായിരുന്നു അവരിൽ ഒന്നാമൻ. ഹേബിയസ് കോർപസ് കേസിലെ അഞ്ചു ജഡ്ജിമാരിൽ ഒരാൾ മാത്രം സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയും അലംഘനീയതയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷത്തോട് വിയോജിച്ചു. അതിനുള്ള ശിക്ഷ എച്ച്.ആർ. ഖന്നക്ക് കിട്ടി. ചീഫ് ജസ്റ്റിസ് എന്ന പദവിയാണ് അദ്ദേഹത്തിന് നഷ്ടമായത്. പക്ഷേ, അതിനേക്കാൾ മഹോന്നതമായ സ്ഥാനമാണ് ജുഡീഷ്യറിയുടെ ചരിത്രത്തിൽ അദ്ദേഹത്തിനുള്ളത്.

അടിയന്തരാവസ്ഥയിലെ ഏറ്റവും മികച്ച കോമഡിക്കുള്ള അവാർഡ് നൽകേണ്ടത് സുപ്രീംകോടതിക്കാണ്. അലഹബാദ് ഹൈകോടതി വിധിക്കെതിരെ സോപാധിക സ്റ്റേ മാത്രം നൽകിയ സുപ്രീംകോടതി ആറാം മാസം ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് സാധുവാക്കി. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്യാനാവില്ലെന്ന ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. ഒരു നടപടിയിലും സുപ്രീംകോടതി അസ്വാഭാവികമായി ഒന്നും കണ്ടില്ല. ഇന്ദിര ഗാന്ധിയുടെ ബുദ്ധി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർഥ് ശങ്കർ റേ ആയിരുന്നു. റേയുടെ പ്രതിജ്ഞാബദ്ധമായ ജുഡീഷ്യറി എന്ന സിദ്ധാന്തത്തോട് ജഡ്ജിമാർ വൈമനസ്യമില്ലാതെ പൊരുത്തപ്പെട്ടു. ഹേബിയസ് കോർപസ് കേസിൽ തന്റെ പിതാവ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റായിരുന്നുവെന്ന് പറയുന്നതിനുള്ള ആർജവം ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രകടിപ്പിച്ചു.

 

സോഷ്യലിസ്​റ്റും ട്രേഡ്​ യൂനിയൻ നേതാവുമായ ജോർജ്​ ഫെർണാണ്ടസ് അടിയന്തരാവസ്​ഥയിൽ അറസ്​റ്റിലായപ്പോൾ

ലോകവ്യാപകമായി ഹിപ്പികളുടെയും സ്ട്രീക്കിങ്ങിന്റെയും കാലമായിരുന്നു അത്. നീട്ടിവളർത്തിയ മുടിയുമായി നടക്കുന്ന യുവാക്കളുടെ മുടി മുറിക്കുന്ന ക്ഷൗരവിനോദത്തിൽ കേരള പൊലീസ് വ്യാപരിച്ചു. അതിന്റെ ഇന്നും ഓർമിക്കുന്ന പ്രതിഷേധത്തിന്റെ പ്രതീകമാണ് പന്ന്യൻ രവീന്ദ്രന്റെ നീട്ടിയ മുടി. അത് മാത്രമല്ല കേരള പൊലീസ് നടത്തിയത്. പുലിക്കോടൻ, പടിക്കൽ എന്നിങ്ങനെ അറിയപ്പെടുന്ന കിരാതർ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്റെ ആജ്ഞയനുസരിച്ച് കേരളത്തിൽ കിരാതമായ അഴിഞ്ഞാട്ടം നടത്തി. നക്സലൈറ്റ് എന്ന് മുദ്രകുത്തിയാൽ ആരെയും വേട്ടയാടാമെന്ന അവസ്ഥയായി. രാജൻ എന്ന എൻജിനീയറിങ് കോളജ് വിദ്യാർഥിക്ക് സംഭവിച്ച ദാരുണമായ ദുരന്തം കേരളത്തിൽ സംഭവിക്കുമെന്ന് നമ്മൾ കരുതിയതല്ല. മുഖ്യമന്ത്രി അച്യുതമേനോനെയും ആഭ്യന്തരമന്ത്രി കരുണാകരനെയും നേരിട്ട് അറിയാമായിരുന്നിട്ടും പ്രഫസർ ഈച്ചരവാരിയർക്ക് തന്റെ മകന് എന്തു സംഭവിച്ചു എന്നറിയാൻ കഴിഞ്ഞില്ല.

തീവണ്ടികൾ സമയനിഷ്ഠ പാലിക്കുന്നു, ഓഫിസുകളിൽ ജീവനക്കാർ കൃത്യമായെത്തുന്നു തുടങ്ങിയ കാരണങ്ങളാൽ അടിയന്തരാവസ്ഥക്ക് അനുകൂലമായ നിലപാടായിരുന്നു കേരളത്തിൽ. കേരളീയരുടെ പ്രകീർത്തിതമായ രാഷ്ട്രീയപ്രബുദ്ധതയെ സംശയിക്കത്തക്ക നിലപാടാണ് 1977ലെ പൊതു തെരഞ്ഞെടുപ്പിൽ ഉണ്ടായത്. യു.പി ഉൾപ്പെടെ ഒമ്പത് വടക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിനെ തൂത്തെറിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അത്. ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റു. ചരിത്രമായി മാറിയ ആ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള മുന്നറിയിപ്പാണ് 2024ൽ പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾ അവഗണിക്കാനുള്ളതല്ല. ചുവരെഴുത്തുകൾ കാണാതിരിക്കാനുള്ളതുമല്ല.

മോദിയുടെ ഗാരന്റിപോലെയായിരുന്നു അടിയന്തരാവസ്ഥയിലെ ഇന്ദിര ഗാന്ധിയുടെ ഇരുപതിന പരിപാടി. സഞ്ജയ് ഗാന്ധിയുടെ വകയായി അഞ്ചിന പരിപാടി കൂടിയുണ്ടായിരുന്നു. എല്ലാം ജനം തിരസ്കരിച്ചു. നിർബന്ധിത വന്ധ്യംകരണം, ബുൾഡോസർ ഉപയോഗിച്ച് കുടിലുകളും ചേരികളും തകർക്കൽ എന്നിവയായിരുന്നു സഞ്ജയിന്റെ പരിപാടികൾ.

റോമാ നഗരത്തിന്റെ പുനഃസൃഷ്ടിക്ക് ചേരികൾ ഒഴിവാക്കുന്നതിന് നീറോ അഗ്നിബാധയുണ്ടാക്കി. തീയില്ലാതെ തന്നെ അനഭിമതരെ പുകച്ചു പുറത്തുചാടിക്കാനുള്ള വിദ്യ സഞ്ജയിന് അറിയാമായിരുന്നു. അയാളുടെ മാരുതി കമ്പനിക്കുവേണ്ടി ആയിരക്കണക്കിനാളുകൾക്ക് ഭൂമി ഒഴിയേണ്ടിവന്നു. രാജ്യം മുഴുവൻ അയാൾ വന്ധ്യംകരണ ക്യാമ്പാക്കി. എല്ലാറ്റിനും അയാൾക്ക് എവിടെനിന്ന് അധികാരം കിട്ടി എന്ന് ആരും ചോദിച്ചില്ല. ചോദിക്കേണ്ടത് പ്രധാനമന്ത്രിയായിരുന്നു. ചോദിച്ചിരുന്നെങ്കിൽ അയാൾ ഇന്ദിര ഗാന്ധിയെ സ്ഥാനഭ്രഷ്ടയാക്കി സ്വയം പ്രധാനമന്ത്രി യാകുമായിരുന്നു. നാണംകെട്ട വൈതാളികരുടെ ആധിപത്യകാലത്ത് എന്തും സാധ്യമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നവജാതശിശുക്കൾക്ക് നൽകിയിരുന്ന പ്രിയങ്കരമായ പേരാണ് സഞ്ജയ്. ഇന്ന് കോൺഗ്രസുകാർ പോലും പറയാൻ അറയ്ക്കുന്ന പേരാണത്.

1976ൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് 1977ൽ നടന്നത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇന്ദിര ഗാന്ധിക്ക് ആശങ്കയുണ്ടായിരുന്നു. പുതിയ പാർലമെന്റിൽ നേതൃസ്ഥാനവും പ്രധാനമന്ത്രിപദവും ഏറ്റെടുക്കുന്നതിനുള്ള വെമ്പലിൽ സഞ്ജയ് ഗാന്ധിയാണ് തെരഞ്ഞെടുപ്പിനുവേണ്ടി നിർബന്ധിച്ചത്. സഞ്ജയ് ഗാന്ധിയുടെ ഇംഗിതമനുസരിച്ച് തയാറാക്കിയ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈതാളികർ വലിയ ആത്മവിശ്വാസത്തിലായിരുന്നു.

ഇന്ദിര ഗാന്ധി -അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം പത്രലേഖകരുടെ നടുക്ക്​ 

പക്ഷേ, ജനം ചിന്തിച്ചതും പ്രതികരിച്ചതും വേറൊരു വിധത്തിലായിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽനിന്ന് ഒരു സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. മൊറാർജി ദേശായ് പ്രധാനമന്ത്രിയായി ജനതാ പാർട്ടിയുടെ മന്ത്രിസഭയുണ്ടായി. നാൽപത്തിനാലാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആദിമവിശുദ്ധി വീണ്ടെടുക്കപ്പെട്ടു. അടിയന്തരാവസ്ഥ അനായാസം തോന്നുംപടി പ്രഖ്യാപിക്കാൻ കഴിയാത്തവിധം വ്യവസ്ഥകൾ കർശനമാക്കി. അതില്ലായിരുന്നുവെങ്കിൽ പ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കു തന്നെ നരേന്ദ്ര മോദി രാജ്യത്തെ കൊണ്ടുപോകുമായിരുന്നു.

അടിയന്തരാവസ്ഥയിലെ ഭരണകൂട അതിക്രമങ്ങളെക്കുറിച്ചന്വേഷിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.എസ്. ഷാ വിപുലമായ റിപ്പോർട്ടാണ് തയാറാക്കിയത്. ഭരണഘടന പ്രകാരമുള്ള നടപടിക്രമം പാലിക്കാതെ തികച്ചും ഭരണഘടനാവിരുദ്ധമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്ന് കമീഷൻ കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ കഴിയുംമുമ്പ് ജനതാ ഗവൺമെന്റ് നിലംപതിച്ചു. ഇന്ദിര ഗാന്ധിയുടെ അടുത്ത വരവിൽ എല്ലാം തമസ്കരിക്കപ്പെട്ടു.

ന്യൂയോർക്കിൽ വൈദ്യുതി ഇല്ലാതായ രാത്രിയിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി 1968ൽ നിർമിക്കപ്പെട്ട കോമഡി സിനിമയുടെ പേരാണ് ‘Where Were You When the Lights Went Out?’ വിളക്കുകൾ അണഞ്ഞപ്പോൾ എവിടെയായിരുന്നു എന്ന ചോദ്യം പലരോടും ചോദിക്കാനുണ്ട്. നിലപാടുകൾ ഉണ്ടായിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ജനാധിപത്യത്തിന്റെ വാസഗേഹത്തിൽ ഫാഷിസത്തിന് ഒരു മുറിയുണ്ട്. ഫാഷിസത്തി​ന്റെ അധിനിവേശത്തിന് അതുതന്നെ അധികം. ഭരണഘടനക്കോ ഭരണഘടനാ സ്ഥാപനങ്ങൾക്കോ ഏകാധിപത്യത്തെ തടയാനാവില്ല. ജനാധിപത്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജനതയുടെ ജാഗ്രതയിലും പ്രതിരോധത്തിലും മാത്രമാണ് നമുക്ക് ശരണമർപ്പിക്കാൻ കഴിയുക. നമുക്ക് നമ്മൾ മാത്രം.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT