തുർക്കുമാൻ ഗേറ്റ്​

രക്തം പുരണ്ട തുർക്കുമാൻ ഗേറ്റ്

അടിയന്തരാവസ്​ഥയിലെ നിഷ്​ഠുരമായ അധ്യായമാണ്​ തുർക്കുമാൻ ഗേറ്റിലെ കുടിയൊഴിപ്പിക്കലും വെടിവെപ്പും. അക്കാലത്തെ ഒാർമകൾ പങ്കുവെക്കുകയാണ്​ മലയാളിയായ മുഹമ്മദ്​ ഹനീഫി​ന്റെ മകൻ യൂസുഫ്​.

സ്വാതന്ത്ര്യസമര കാലത്ത് കൊ​ണ്ടോട്ടിയിൽനിന്ന് ഡൽഹിയിലേക്കു വന്ന മുഹമ്മദാണ് പിൽക്കാലത്ത് തുർക്കുമാൻ ഗേറ്റിലെ സൂയി വാലാനിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് ഹനീഫ് ആയിത്തീർന്നത്. അന്തരിച്ച തന്റെ പിതാവ് പണിത, മുൻ പ്രധാനമന്ത്രിമാരായ ലാൽബഹാദൂർ ശാസ്ത്രിയും ഇന്ദിര ഗാന്ധിയുമൊക്കെ അതിഥികളായി വന്ന വീട്ടിലിരുന്നാണ് മുഹമ്മദ് ഹനീഫിന്റെ മകൻ യൂസുഫ് അടിയന്തരാവസ്ഥയും തുർക്കുമാൻ ഗേറ്റ് അധ്യായവുമെല്ലാം ഓർത്തെടുത്തത്.

1975 ജൂൺ 10ന് ഡൽഹിയിൽനിന്ന് കൊണ്ടോട്ടിയിലേക്ക് പോയ യൂസുഫ് ജൂലൈ 15ന് പിതൃസഹോദരനുമായി തിരി​ച്ചെത്തിയപ്പോഴുണ്ടായിരുന്ന സ്ഥിതി ഭീതിദമായിരുന്നുവെന്ന് പറഞ്ഞു. ഡൽഹിയിലെ കച്ചവടക്കാരും തെരുവുകച്ചവടക്കാരും ഭീതിയിലായിരുന്നു. ഒരു മനുഷ്യനും ഡൽഹിയിൽ മിണ്ടാനാകാത്ത സാഹചര്യമായി. ഡൽഹി മുനിസിപ്പൽ പ്രദേശത്ത് കേന്ദ്ര സർക്കാറിൽനിന്നല്ല, സഞ്ജയ് ഗാന്ധിയിൽനിന്നായിരുന്നു ഉത്തരവുകൾ വന്നിരുന്നത്. ഇന്ദിര ഗാന്ധിയുടെ മകനാണെന്ന അധികാരമാണ് സഞ്ജയ് ഗാന്ധി വിനിയോഗിച്ചത്.

സഞ്ജയ് ഗാന്ധിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു ആഭരണ വ്യാപാരിയായിരുന്ന റുക്സാന സുൽത്താന. ആദ്യ ഭർത്താവിൽനിന്ന് വിവാഹമോചനം നേടിയശേഷമാണ് അവർ സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തയായി മാറുന്നത്. അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കു​െമല്ലാം ഓരോ മാസവും നിശ്ചിത എണ്ണം മനുഷ്യരെ വന്ധ്യംകരണ ക്യാമ്പുകളിലെത്തിക്കണമെന്ന് ​േക്വാട്ട കൊടുത്തു. രോഗികളെ പോലും പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണം നടത്തി. ​േക്വാട്ട തികച്ചില്ലെങ്കിൽ ശമ്പളം നിഷേധിക്കുമെന്ന് പറഞ്ഞതിനാൽ പല സർക്കാർ ജീവനക്കാരും സ്വയം വന്ധ്യംകരണത്തിന് വിധേയരായി.

താൻ പഠിപ്പിച്ച സ്കൂളിലെ നാല് സീനിയറായ അധ്യാപകർ ഇതുപോലെ ​േക്വാട്ട തികക്കാൻ വന്ധ്യംകരണം നടത്തിയവരായിരുന്നു. ഒന്നുകിൽ വന്ധ്യംകരണം നടത്തുക, അ​ല്ലെങ്കിൽ ഇടിച്ചുനിരത്താനായി വീടുകളൊഴിഞ്ഞുകൊടുക്കുക എന്ന് റുക്സാനയും അവരുടെ ഗുണ്ടകളും ഭീഷണിപ്പെടുത്തി. സഞ്ജയ് ഗാന്ധിയെയും തന്നെയും ​ ചേർത്തുള്ള ഗോസിപ്പുകളൊന്നും റുക്സാനയെ തുർക്കുമാൻ ഗേറ്റ് തൊട്ട് ജമാമസ്ജിദ് വരെയുള്ള മനുഷ്യരെ വന്ധ്യംകരണം നടത്താനുള്ള പദ്ധതിയിൽനിന്ന് പിന്തിരിപ്പിച്ചില്ല. ജമാമസ്ജിദിനും തുർക്കുമാൻ ഗേറ്റിനുമിടയിൽ മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന ഗലികളിലുടനീളം അവർ വന്ധ്യംകരണ ക്യാമ്പുകൾ സ്ഥാപിച്ചു.

 

തുർക്കുമാൻ ഗേറ്റിൽ 1975ൽ കുടിയൊഴിപ്പിക്കൽ നടന്ന സ്​ഥലം,യൂസുഫ്​

പ്രദേശത്ത് സ്ഥാപിച്ച ഒരു ഡസനിലേറെ ക്യാമ്പുകളിൽ കേവലം ഒരു വർഷംകൊണ്ട് 13,000ത്തോളം പേരെ അവർ വന്ധ്യംകരണം ചെയ്യിച്ചു. കുടുംബാസൂത്രണത്തിനുള്ള വന്ധ്യംകരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ റുക്സാനയും സഞ്ജയ് ഗാന്ധിയെ പിന്തുണച്ച ഗുണ്ടകളും പണം ചോദിക്കുമായിരുന്നുവെന്ന് പലരും പരാതിപറഞ്ഞിരുന്നു. സഞ്ജയ് ഗാന്ധിയെയും കൂട്ടി തുർക്കുമാൻ ഗേറ്റിൽനിന്നും ജമാമസ്ജിദ് വരെ റുക്സാന പോയപ്പോൾ ജനം ചുറ്റിലും കൂടി ശല്യംചെയ്ത് പരിഹസിച്ചതാണ് തുർക്കുമാൻ ഗേറ്റിലെ ഇടിച്ചുനിരത്തലിനു പിന്നിലെ പ്രകോപനമെന്നാണ് യൂസുഫ് കരുതുന്നത്. അതുകൊണ്ടാണ് രാംലീല മൈതാനത്തോട് ചേർന്നുകിടക്കുന്ന ദർഗ ഫൈസേ ഇലാഹിക്ക് ചുറ്റിലുമുണ്ടായിരുന്ന ചേരികൾ മാത്രമല്ല, ഷാജഹാൻ ചക്രവർത്തിയുടെ കാലത്ത് നിർമിച്ച പഴയ വീടുകൾപോലും കൈയേറിയതാണ് എന്നുപറഞ്ഞ് ബുൾഡോസറുകർകൊണ്ട് തകർത്തതെന്ന് യൂസുഫ് പറയുന്നു.

നൂറ്റാണ്ടുകളായി ജീവിച്ചുവരുന്നവരെ കുടിയൊഴിപ്പിക്കാൻ ബുൾഡോസറുകൾ കൊണ്ടുവന്നതോടെ തുർക്കു​മാൻഗേറ്റ് രക്തപങ്കിലമായി. അക്കഥ ‘പാട്രിയറ്റ്’ പത്രത്തിനായി തുർക്കുമാൻ ഗേറ്റിലെ നരനായാട്ട് റിപ്പോർട്ട് ചെയ്ത ജോൺ ദയാൽ വിവരിക്കുന്നുണ്ട്. ഫൈ​​സേ ഇലാഹി ദർഗയോടു ചേർന്നുള്ള പള്ളി ഇമാം ഹാഫിസ് മുഹമ്മദ് അഭയം തേടിയ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന 300ഒാളം മനുഷ്യരെ പൊലീസ് കാണാതിരിക്കാനായി അകത്തുനിന്ന് അടച്ചുപൂട്ടിയിരുന്നു. നിരവധി തവണ വാതിലിൽ മുട്ടിയിട്ടും തുറക്കാതെവന്നതോടെ പുറത്തെത്തിയ വൻ പൊലീസ് ചവിട്ടിപ്പൊളിച്ച് അകത്തുകയറി.

ഇത് അല്ലാഹുവിന്റെ ഭവനമാണെന്നും ഇതിനകത്ത് അക്രമം അരുതെന്നും ഇമാം ഒച്ചവെച്ചുവെങ്കിലും പൊലീസുകാരുടെ അട്ടഹാസങ്ങളിൽ മുങ്ങി. വന്നുകേറി ലാത്തി കൊണ്ടടിച്ച് ഓരോരുത്ത​രെയായി പള്ളിക്കുള്ളിൽനിന്ന് വലിച്ചിടാൻ നോക്കിയെങ്കിലും ജനലുകളിൽ പിടിച്ചു തൂങ്ങിയും മറ്റും ജനം ചെറുത്തു. അതോടെ, പള്ളിക്ക് അകത്ത് കുടുങ്ങിയ 300ഒാളം മനുഷ്യർക്കുമേൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിക്കാൻ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു. മുതിർന്നവരുടെയും കുഞ്ഞുങ്ങളുടെയും കൂട്ട നിലവിളി ഉയർന്നു.

ശ്വാസംമുട്ടി ചുമച്ചുകൊണ്ടിരുന്ന മനുഷ്യർക്കു മേൽ ലാത്തികൂടി വീണുതുടങ്ങി. പുകയിൽ മുങ്ങി ചോര വീണ പള്ളിയിൽനിന്ന് ഉറുമ്പുകളെ പോലെ ജനം വാതിൽക്കലേക്ക് ഓടി. അല്ലാഹുവേ, നിന്നോട് അഭയം തേടിയ ഈ മക്കളെ കാക്കേണമേ എന്ന് പ്രാർഥിക്കുകയായിരുന്ന ഇമാമിനോട് എവിടെയാണ് നിന്റെ അല്ലാഹു എന്ന് ചോദിച്ചത് രണ്ട് പൊലീസുകാർക്കൊപ്പമുണ്ടായിരുന്ന ഒരു നെഹ്റു ബ്രിഗേഡുകാരനാണ്. നിന്റെ ദൈവത്തെയും ഇമാമിനെയും എല്ലാം വിളിച്ചോളൂ. എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾ കാണിച്ചുതരാമെന്ന് അയാൾ പരിഹസിച്ചു. ഇമാമിനെയും മകനെയും അറസ്റ്റ് ചെയ്യാൻ നെഹ്റു ബ്രിഗേഡുകാരൻ ഉത്തരവിട്ടു.

 

അടിയന്തരാവസ്​ഥയിൽ സഞ്​ജയ്​ ഗാന്ധി ഡൽഹിയിലെ ചേരികളിലൊന്ന്​ സന്ദർശിക്കുന്നു

പടച്ചവനേ, നിന്നെ നിന്ദിക്കുന്നവർക്ക് നീ ശിക്ഷ നൽകണേ എന്ന് പ്രാർഥിച്ച ഇമാമിനെയും വലിച്ച് പൊലീസ് പുറത്തെത്തുമ്പോഴേക്കും അവിടെയും യുദ്ധക്കളമായിരുന്നു. തുർക്ക് ​മാൻ ഗേറ്റിലെ വീടുകൾ ഇടിച്ചുനിരത്താൻ ബുൾഡോസറുകളുമായെത്തിയ പൊലീസ് സേനയെ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ജനം കല്ലെറിഞ്ഞ് ചെറുത്തുനിൽക്കുകയാണ്. അതിനിടെ കെട്ടിടത്തിന് മുകളിൽനിന്നൊരാൾ പൊലീസിനുനേരെ തുണിപൊക്കിക്കാണിച്ചതോടെ ഡി.​ഐ.ജി ഭിൻഡർ വെടിവെക്കാൻ ഉത്തരവിട്ടു. ലാത്തിയും തോക്കുംകൊണ്ട് ജനക്കൂട്ടത്തെ തള്ളിമാറ്റുന്നതിനിടെ പിറകിൽനിന്ന് 500ഒാളം പേർ ​പൊലീസിനെ ആക്രമിച്ചു.

ഹംദർദ് ദവാ ഖാനയുടെ ഭാഗത്തുനിന്ന് കല്ലുകളും സോഡക്കുപ്പികളുമായി ജനം പൊലീസിനെ എതിരിട്ടു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നിയന്ത്രണത്തിലാക്കി. സ്ഥലത്തെത്തിയ ജില്ല പൊലീസ് കമീഷണർ വെടിവെക്കാൻ ഉത്തരവിട്ടതോടെ ആളുകൾ മരിച്ചുവീണുതുടങ്ങി. വൈകീട്ട് നാലു മണിയാകുമ്പോഴേക്കും തുർക്കുമാൻ ഗേറ്റിൽ രക്തമൊഴുകി. അതോടെ ആളുകൾ തിരിഞ്ഞോടി. അവർക്കു പിന്നാലെ പൊലീസ് സന്നാഹവും ഗലികളിലെത്തി വെടിവെപ്പ് തുടർന്നു. തുടർന്ന് ഓരോ വീടും കയറിയിറങ്ങിയുള്ള നരമേധമായിരുന്നു.

അടച്ചിട്ട വീടുകളെല്ലാം ചവിട്ടിത്തുറന്ന് പുരുഷന്മാരെ വെടിവെച്ചും അടിച്ചും തൊഴിച്ചും വലിച്ചിഴച്ചുകൊണ്ടുപോയി. വീടുകളിൽ പുരുഷന്മാരില്ലാതായതോടെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും തുടങ്ങി. ഗലികൾക്കടിയിലെ ഫാക്ടറികളിൽ കയറി തൊഴിലാളികളെയും പിടിച്ചുകൊണ്ടുപോയി. നരമേധം നടത്തി മുന്നോട്ടുനീങ്ങിയ പൊലീസിനു പിന്നാലെ അതുവരെ ജനം തടുത്തുനിർത്തിയ 16 ബുൾഡോസറുകളും നീങ്ങി. സന്ധ്യക്ക് മാനം ചുവന്നുതുടങ്ങും മുമ്പ് ഗലികളിലെ നിരനിരയായുള്ള വീടുകൾക്കുമേൽ അവ കയറിയിറങ്ങി. ​ചെറുക്കാൻ നിന്നവരും വീടിനകത്തുനിന്ന് പുറത്തിറങ്ങാതെ പേടിച്ചകത്തിരുന്നവരും ബുൾഡോസറുകൾക്കടിയിൽപ്പെട്ട​​തോടെ മരണസംഖ്യ ഉയർന്നു.

 

റു​ക്സാ​ന സു​ൽ​ത്താ​ന

അന്ന് രാത്രിയും പിറ്റേന്നു പകലും രാവും ബുൾഡോസറുകൾ നിർത്താ​െത തുർക്കുമാൻഗേറ്റിലെ വീടുകളോരോന്നായി ഇടിച്ചുനിരത്തിക്കൊണ്ടിരുന്നു. അവശിഷ്ടങ്ങളിൽനിന്ന് ഒന്നും തിരഞ്ഞെടുക്കാൻപോലും ഇട നൽകാതെ നിരത്തിയിട്ട ട്രക്കുകളിലേക്ക് അവ കോരിയിട്ട് റിങ്റോഡിന്റെ വശങ്ങളിലേക്ക് കൊണ്ടുപോയി തട്ടി. ഒരാഴ്ച വരെ ബുൾഡോസറുകൾ തുർക്കുമാൻ ഗേറ്റിൽ ഇടിച്ചുനിരത്തൽ തുടർന്നു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധി ഡൽഹി മുനിസിപ്പൽ ​പ്രദേശത്തെ കൈയേറ്റങ്ങളൊഴിപ്പിക്കുമ്പോഴും ഷാജഹാന്റെ കാലംതൊട്ട് പണിത വീടുകളിൽ നൂറ്റാണ്ടുകളായി താമസിക്കുന്ന തങ്ങളെ ഒഴിപ്പിക്കില്ല എന്ന ധാരണ തുർക്കുമാൻ ഗേറ്റുകാർക്ക് തിരുത്തേണ്ടിവന്നു.

 

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.