വേറിട്ട വഴികൾ തേടിയ കാലം

അഭിഭാഷകനും നിയമജ്​ഞനുമായ അഡ്വ. കാളീശ്വരം രാജി​ന്റെ ആത്മകഥയുടെ രണ്ടാം ഭാഗം. എസ്​.എസ്​.എൽ.സി കഴിഞ്ഞ ഉടനെ ടെലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​പ​റേ​റ്റ​റാ​യി ജോ​ലി​ക്കു കയറുകയും വായന ജ്വരമായി ഉള്ളിൽ പടരുകയും ചെയ്ത കാലത്തെക്കുറിച്ചാണ്​ ഇൗ ലക്കം.അതിനിടെ, അച്ഛൻ മരിച്ചുപോയി. അപ്പോൾ ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന പതിനെട്ടു വയസ്സുകാരൻ. അച്ഛന് മരിക്കുമ്പോൾ 47 വയസ്സ്. 1982ൽ ഉണ്ടായ ആ വേർപാട് ഒരു ദുഃസ്വപ്നംപോലെ മനസ്സിലുണ്ട്. പലവിധം രോഗങ്ങൾ അലട്ടിയ മാതാവിനെയും എനിക്ക് താഴെയുള്ള രണ്ടു സഹോദരിമാരെയും ബാക്കിയാക്കിക്കൊണ്ട് അച്ഛൻ പോയി. മധ്യവർഗ കുടുംബത്തിന്റെ തുടർന്നുണ്ടായ...

അഭിഭാഷകനും നിയമജ്​ഞനുമായ അഡ്വ. കാളീശ്വരം രാജി​ന്റെ ആത്മകഥയുടെ രണ്ടാം ഭാഗം. എസ്​.എസ്​.എൽ.സി കഴിഞ്ഞ ഉടനെ ടെലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​പ​റേ​റ്റ​റാ​യി ജോ​ലി​ക്കു കയറുകയും വായന ജ്വരമായി ഉള്ളിൽ പടരുകയും ചെയ്ത കാലത്തെക്കുറിച്ചാണ്​ ഇൗ ലക്കം.

അതിനിടെ, അച്ഛൻ മരിച്ചുപോയി. അപ്പോൾ ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന പതിനെട്ടു വയസ്സുകാരൻ. അച്ഛന് മരിക്കുമ്പോൾ 47 വയസ്സ്. 1982ൽ ഉണ്ടായ ആ വേർപാട് ഒരു ദുഃസ്വപ്നംപോലെ മനസ്സിലുണ്ട്. പലവിധം രോഗങ്ങൾ അലട്ടിയ മാതാവിനെയും എനിക്ക് താഴെയുള്ള രണ്ടു സഹോദരിമാരെയും ബാക്കിയാക്കിക്കൊണ്ട് അച്ഛൻ പോയി. മധ്യവർഗ കുടുംബത്തിന്റെ തുടർന്നുണ്ടായ പ്രശ്നം പണത്തിന്റെ കുറവായിരുന്നില്ല. അമ്മക്ക് അധ്യാപികയുടെ ജോലിയുണ്ടായിരുന്നു. സഹാധ്യാപകരുടെ സഹകരണംകൊണ്ട് റിട്ടയർമെന്റ് വരെ അവർ ജോലിയിൽ തുടർന്നു.

ആ വരുമാനംകൊണ്ട് ഞങ്ങളെ പഠിപ്പിച്ചു. ശുദ്ധമനസ്സിന്റെ ഉടമയായ അമ്മക്ക് ആരെയും ​​െവറുക്കാൻ അറിയില്ലായിരുന്നു. അതിനി​ടെ പ്രീഡിഗ്രി കഴിഞ്ഞ ഞാൻ പയ്യന്നൂർ കോളജിൽ സസ്യശാസ്ത്ര ബിരുദം ഒന്നാംവർഷത്തിനു ചേർന്നുകഴിഞ്ഞിരുന്നു. എന്നാൽ, കേവലമൊരു സസ്യശാസ്ത്ര ബിരുദം നേടുകവഴി കുടുംബത്തെ സാമ്പത്തികമായി മുന്നോട്ടുനയിക്കാമെന്ന ആത്മവിശ്വാസം പതുക്കെപ്പതുക്കെ ഇല്ലാതായി. അങ്ങനെ പഠിത്തം ഉപേക്ഷിച്ചു; കോളജ് വിട്ടു.

ഒരു തൊഴിൽ തേടിയിറങ്ങി. ടെലിഫോൺ എക്സ്ചേഞ്ചിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓപറേറ്ററായി ജോലിക്കു കയറി. ഒരു ദിവസം ജോലിചെയ്താൽ കിട്ടുക പത്തൊമ്പത് രൂപ അമ്പതു പൈസ. കൃത്യജീവിത​ച്ചെലവിനുപോലും അത് മതിയാകുമായിരുന്നില്ല. മാസത്തിൽ ശമ്പളം കിട്ടുന്ന ദിവസത്തിൽ മാത്രമാണ് കുറച്ചു പണം ഒരുമിച്ചു കാണുക. ആ നോട്ടുകെട്ടുകൾ കിടക്കയിൽ വിതറി അതിനു​മേൽ അൽപസമയം കിടന്ന് ഒറ്റ ദിവസമെങ്കിലും പണത്തിനുമേൽ കിടന്നതായി ഊറ്റംകൊണ്ട സഹപ്രവർത്തകനെ ഇപ്പോഴും ഓർക്കുന്നു.

തലശ്ശേരി ടെലിഫോൺ എക്സ്ചേഞ്ചിൽ ഇങ്ങനെ ജോലി ചെയ്യവെ ബന്ധുവായ രാജാമണി ചേച്ചിയുടെ വീട്ടിൽ അവരെ കാണാൻ പോയി. അവരുടെ ഭർത്താവ് എം.പി. ഗോവിന്ദൻ നമ്പ്യാർ തലശ്ശേരിയിലെന്നല്ല, മലബാറിൽ മൊത്തം അറിയപ്പെടുന്ന മികച്ച അഭിഭാഷകനായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഗോവിന്ദൻ നമ്പ്യാർ കുറച്ചുകാലം അക്കാലത്തെ ‘മാതൃഭൂമി’യിൽ പ്രവർത്തിച്ചിരുന്നു. അന്ന് പത്രപ്രവർത്തനം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഗോവിന്ദൻ നമ്പ്യാർ കമ്യൂണിസ്റ്റ് പാർട്ടിയോട് (സി.പി.ഐ) ആഭിമുഖ്യം കാണിച്ചു. ഇതിലെല്ലാമുപരി ആദ്യകാലത്ത് തല​ശ്ശേരിയിൽപ്രാക്ടിസ് ചെയ്തിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഏറ്റവും പ്രിയപ്പെട്ട ജൂനിയർമാരിൽ ഒരാളായിരുന്നു, ഗോവിന്ദൻ നമ്പ്യാർ.

ടെലിഫോൺ എക്സ്ചേഞ്ചിലെ ജോലിക്കിടയിൽ തുടർന്നു​േപാന്ന വായനയും പരിസ്ഥിതി പ്രവർത്തനവും ചെറിയ നിലയിലുള്ള എഴുത്തും വിദ്യാഭ്യാസം പകുതിവെച്ച് മുടക്കേണ്ടിവന്ന എനിക്കുള്ള ചെറിയ ആശ്വാസം ആയിരുന്നു. മുമ്പ് കോളജിൽ പഠിക്കുമ്പോൾ നടന്ന ഒരു പ്രസംഗ മത്സരത്തിൽ സമ്മാനമായി ലഭിച്ച പുസ്തകങ്ങളിലൊന്ന് കെ.പി. അപ്പന്റെ ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ ആയിരുന്നു. മലയാള ഭാഷയുടെ സൗന്ദര്യം അപാരമാണെന്നും ആധുനിക ചിന്തകളെ സ്വീകരിക്കാനും വിനിമയം ചെയ്യാനുമുള്ള ഭാഷയുടെ ശേഷി സവിശേഷമാണെന്നും കെ.പി. അപ്പൻ തന്റെ രചനകളിലൂടെ വ്യക്തമാക്കിക്കൊണ്ടിരുന്നു.

 

സുകുമാർ അഴീക്കോട്,കെ. ദാമോദരൻ

അദ്ദേഹം ഒരു ജീനിയസ് ആയിരുന്നു. അ​ദ്ദേഹത്തോടു തോന്നിയ ആദരവ് ഭാഷയോടുള്ള എന്റെ ആദരവിന് അഭിമാനപൂരിതമായ അടിത്തറ നൽകി. പിൽക്കാലത്തെപ്പോ​ഴോ അദ്ദേഹത്തെ ടെലിഫോണിൽ വിളിച്ച് ‘സുവിശേഷം’ എന്നെ എങ്ങനെ സ്വാധീനിച്ചു എന്ന് നന്ദിപൂർവം വിശദീകരിച്ചു. കാഫ്കയെയും കാമുവിനെയും ​തൊട്ട് ഷോപ്പനവറിനെയും കാന്റിനെയും ഹെഗലിനെയുമെല്ലാം വായിക്കാൻ പ്രേരണ നൽകിയ ചെറിയ, എന്നാൽ മഹത്തായ രചനയായിരുന്നു, ‘​ക്ഷോഭിക്കുന്നവരുടെ സുവിശേഷം’.

ആയിടെ ഈ വായനശീലവും ഇവയെക്കുറിച്ച് പറയുന്ന ശീലവും കാരണം ടെലിഫോൺ എക്സ്ചേഞ്ചിലെ മുതിർന്ന സ്ഥിരം ജീവനക്കാരിൽ ചിലർ തമാശരൂപത്തിൽ എന്നാൽ, ​സ്നേഹത്തിൽ, എനിക്ക് കാമു എന്ന വിളിപ്പേരും തന്നു! മറ്റു ചിലർ ‘കാഫ്ക’യെന്നും വിളിക്കാൻ തുടങ്ങി. തോമസ് അക്വിനോസ് തൊട്ടിങ്ങോട്ടുള്ളവരുടെ തത്ത്വചിന്തകളെ വായിച്ചറിയാൻ, ചിലതെല്ലാം എഴുതി പങ്കിടാനായ കാലം ആയിരുന്നു, അത്.

കാഫ്കയുടെ പ്രസിദ്ധ രചനയാണല്ലോ ‘ദുർഗം’ (The Castle). ടെലിഫോൺ എക്സ്ചേഞ്ചിലെ ജോലി വിരസമായിരുന്നു. അതിനാൽ, എന്നെ അടക്കിഭരിക്കുന്ന അധികാരത്തിന്റെ കോട്ടകൂടിയാണത് എന്ന് തോന്നാതിരുന്നിട്ടില്ല. ‘വീക്ഷണം’പോലുള്ള പത്രങ്ങളിൽ നിരന്തരമായി പ്രതിഫലം ഇല്ലാതെ എഴുതുമായിരുന്നു. ഒരേ ദിവസത്തെ വാരാന്തപ്പതിപ്പിൽ അസ്ഹറുദ്ദീന്റെ ​ക്രിക്കറ്റിനെക്കുറിച്ചും പക്ഷിനിരീക്ഷണത്തെക്കുറിച്ചും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ചെറിയ വരുമാനത്തിനുവേണ്ടി ‘കുങ്കുമ’ത്തിലും ‘ചിത്രഭൂമി’യിലും എഴുതിയിട്ടുണ്ട്. കൃത്യമായ ധാരണയോ നിശ്ചയബോധമോ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ രക്ഷാകർതൃത്വത്തിന്റെ തികഞ്ഞ അഭാവത്തിൽ അന്ന് മാന്വൽ ആയി പ്രവർത്തിച്ച തലശ്ശേരി ടെലിഫോൺ എക്സ്ചേഞ്ചിലെ ‘‘നമ്പർ പ്ലീസ്’’ ജോലിയുടെ വിരസതയിൽ ദിവസങ്ങൾ തള്ളിനീക്കി.

അസ്തിത്വദുഃഖം യഥാർഥത്തിൽ ഭൗതികസാഹചര്യങ്ങൾ സൃഷ്ടിച്ച മടുപ്പിന്റെകൂടി പരിണിതഫലമായിരുന്നു. ഇന്നത്തെ ഡിജിറ്റൽ എക്സ്ചേഞ്ചിൽനിന്നും വ്യത്യസ്തമായി ഫോൺ എടുക്കുമ്പോൾ എക്സ്ചേഞ്ചിലെ ​ൈലറ്റ് തെളിയുകയും അതിൽ പ്ലഗ് കുത്തി ‘‘നമ്പർ പ്ലീസ്’’ പറഞ്ഞ് കണക്ഷൻ കൊടുക്കുകയും ചെയ്യുന്ന മാന്വൽ എക്സ്ചേഞ്ചായിരുന്നു അത്. ഇത്തരം സന്ദർഭങ്ങളിൽ, എന്നെപ്പോലുള്ള ആളുകളുടെ കാര്യത്തിലാകാം ദൈവം തന്റെ രക്ഷാകർതൃത്വം ​ഏറ്റെടുക്കുന്നത്. ഇങ്ങനെ മടുത്ത ദിവസങ്ങളിലൊരിക്കലാണ് നേരത്തേ പറഞ്ഞപോലെ എം.പി. ഗോവിന്ദൻ നമ്പ്യാർ എന്ന അഭിഭാഷകന്റെ വീട്ടിൽ പോകാനിടയായതും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിറഞ്ഞ അ​ലമാരയിൽ കണ്ണു പതിഞ്ഞതും.

 

വിൽ ഡ്യൂറന്റ്​

നിയമപുസ്തകങ്ങളുടെ കാര്യമല്ല, ഈ പറയുന്നത്. രാഷ്ട്രീയവും തത്ത്വചിന്തയും സാഹിത്യവുമായിരുന്നു ഒരു അലമാര നിറച്ചും. അവ ഓഫിസ് മുറിയിലായിരുന്നില്ല, വീട്ടിലെ സ്വീകരണ മുറിയിലായിരുന്നു സൂക്ഷിച്ചിട്ടുണ്ടായിരുന്നത്. ഓഫിസ് മുറിയിലാകട്ടെ നിയമപുസ്തകങ്ങളായിരുന്നു, നിറച്ചും. ഇത്രയും തിരക്കുള്ള അഭിഭാഷകനായിട്ടും ഇത്രമേൽ വിപുലമായ വായനശീലം അദ്ദേഹം സ്വായത്തമാക്കിയതോർത്ത് വിസ്മയിച്ചു. തിരിച്ച് വീണ്ടും ടെലിഫോൺ എക്സ്ചേഞ്ചിലെത്തി ‘‘നമ്പർ പ്ലീസ്’’ തുടർന്നുകൊണ്ടിരുന്നു. ആ തൊഴിലിൽ ഭാഷക്കോ ഭാവനക്കോ ചിന്തക്കോ സ്വപ്നങ്ങൾക്കോ സ്ഥാനമുണ്ടായിരുന്നില്ല.

എന്നാൽ, ഈ നിരാശയിലും മടുപ്പിലും ഉപേക്ഷിക്കപ്പെട്ട വിദ്യാഭ്യാസം കനത്ത ഒരു നഷ്ടബോധമായി എന്നെ പിന്തുടർന്നു. ഒരു ബിരുദം നേടാൻപോലും കഴിഞ്ഞില്ലല്ലോ എന്ന പ്രയാസം മനസ്സിന്റെ സമാധാനം കെടുത്തി. അത് പരിഹരിക്കാനായി ഹിന്ദി പ്രചാരസഭയുടെ ‘വിശാരദ്’ കോഴ്സിന് ചേർന്നുവെങ്കിലും അതുകൊണ്ടൊന്നും ടെലിഫോൺ എക്സ്ചേഞ്ച് എന്ന കോട്ടയിൽനിന്നും ഞാൻ മോചിപ്പിക്കപ്പെടില്ല എന്ന് ബോധ്യമുണ്ടായിരുന്നു. ഈ ലക്ഷ്യം നഷ്ടപ്പെട്ട ദിവസങ്ങളിൽ മനസ്സിൽ നിറഞ്ഞത് എം.പി. ഗോവിന്ദൻ നമ്പ്യാരുടെ സ്വീകരണമുറിയിലെ പുസ്തകങ്ങളായിരുന്നു. കോളജിൽ പഠനം പൂർത്തിയാക്കി ബിരുദമെടുത്തിരുന്നുവെങ്കിൽ പിന്നീട് ലോ കോളജിൽ ചേർന്ന് അഭിഭാഷകാനാകാൻ കഴിയുമായിരുന്നുവല്ലോ, എന്ന ചിന്ത മനസ്സിൽ കടന്നുകൂടി. അവിടെ ദൈവത്തിന്റെ രക്ഷാകർതൃത്വം ആരംഭിച്ചു.

ടെലിഫോൺ എക്സ്ചേഞ്ചിലെ ജോലിക്കൊപ്പം കാലിക്കറ്റ് സർവകലാശാലയിൽ തത്ത്വചിന്തയിൽ (ഫിലോസഫി) ബിരുദ കോഴ്സിന് സ്വകാര്യമായി രജിസ്റ്റർ ചെയ്തു. താൽപര്യപൂർവം പഠിച്ചു. ഹെഗലും മാർക്സും വരെ മാത്രമേ സിലബസിലെ തത്ത്വചിന്ത എത്തിയിരുന്നുള്ളൂ. ആധുനിക ദാർശനിക ചിന്തകളിൽ പലതും –സാർത്ര് മുതൽ ദെറിദ വരെ– സിലബസിൽ എത്തിയിരുന്നില്ല. തീരെ പരിഷ്കരിക്കപ്പെടാത്ത, പുതുക്കപ്പെടാത്ത സിലബസായിട്ടും പടിഞ്ഞാറൻ തത്ത്വചിന്തയുടെ യുക്തിഭദ്രതയും ധൈഷണികതയും വിശകലന രീതിയും ആകർഷകമായിത്തോന്നി. ലബനിസും ദെക്കാർത്തയും ഇമ്മാനുവൽ കാന്റും അന്യഥാ വിരസമായ ടെലിഫോൺ എക്സ്ചേഞ്ച് ദിനങ്ങളെ ജീവസ്സുറ്റതും സചേതനവുമാക്കി. ദെക്കാർത്തയെ വായിക്കുമ്പോൾ അദ്ദേഹത്തോട് തോന്നിയ ആഭിമുഖ്യം പിന്നീട് സ്പിനോസയെ വായിക്കുമ്പോഴേക്കും പതുക്കെപ്പതുക്കെ കുറഞ്ഞുവരുകയും പുതിയ ചായ്‍വുകൾ സൃഷ്ടിക്കുകയും ചെയ്​തു.

‘ഭാരതീയ ചിന്ത’ എന്ന കെ. ദാമോദരൻ കൃതി വായിക്കുമ്പോൾ ലഭിക്കുന്ന ഉൾക്കാഴ്ച ഇന്ത്യൻ തത്ത്വചിന്തയെ സംബന്ധിച്ച സിലബസിലെ ഭാഗങ്ങൾ ഒരിക്കലും നൽകിയിരുന്നില്ല എന്നതാണ് യാഥാർഥ്യം. യാന്ത്രികവും നിർജീവവുമായ ഭാഷ ജൈവികവും ഊർജസ്വ​ലവുമായ ഇന്ത്യൻ ദർശനങ്ങ​േളാട് ചെയ്ത മഹാപരാധം പ്രകടമായിരുന്നു. കെ. ദാമോദരനെ വായിക്കുമ്പോൾ നാം തത്ത്വചിന്ത മാത്രമല്ല വായിക്കുന്നത്. അതി​​െന്റ ചരിത്രവും രാഷ്ട്രീയവും കൂടിയാണ്. കെ. ദാമോദരന്റെ മാർക്സിസ്റ്റ് ആഭിമുഖ്യം പ​േക്ഷ ജൈന, ബുദ്ധ, ചാർവാക ചിന്തകളെയോ വേദോപനിഷത്തുകളെയോ ശരിയായി പരിചയപ്പെടുത്തുന്നതിന് പ്രതിബന്ധമായിരുന്നില്ല. അദ്ദേഹത്തിന്റെ മൗലികമായ എതിരഭിപ്രായങ്ങളെ ഭാരതീയ ദർശനങ്ങളുടെ സാരാംശവുമായി കൂട്ടിക്കുഴക്കാതിരിക്കാൻ ‘ഭാരതീയ ചിന്ത’യിൽ സവിശേഷ ശ്രദ്ധ ചെലുത്തിയതായി കാണാം.

ഇന്ത്യൻ ദാർശനിക പൈതൃകത്തെ ഏറക്കുറെ സമഗ്രമായി വിലയിരുത്തിയ ഭാരതീയ ചിന്തയിൽനിന്നും വ്യത്യസ്തമായ രീതിയായിരുന്നു, ‘തത്ത്വമസി’യിൽ സുകുമാർ അഴീക്കോട് സ്വീകരിച്ചത്. ഇങ്ങനെയൊരു താരതമ്യം നടത്താൻ പ്രേരിപ്പിച്ചത് ഒരുപക്ഷേ, ഒരു വിദ്യാർഥിയുടെ സഹജമായ ഉത്സാഹമായിരിക്കാം. എന്നാൽ, ഭാഷയിലെ മിതത്വം വശമില്ലാതിരുന്ന അക്കാലത്ത് ‘മാതൃഭൂമി വാരാന്തപ്പതിപ്പി’ൽ അഴീക്കോടിന്റെ ‘തത്ത്വമസി’, മലയാള സാഹിത്യത്തിലെ ധാരാളിത്തവും തത്ത്വചിന്തയിലെ ദാരിദ്ര്യവുമാണെന്ന് കത്തെഴുതാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അതൊരു നിഷ്‍കളങ്കമായ താരതമ്യമായിരുന്നതിനാൽ അഴീക്കോടെന്ന വലിയ മനുഷ്യനെയോ അദ്ദേഹത്തിന്റെ വലിയ ജീവിതത്തെയോ അദ്ദേഹം നൽകിയ വലിയ സംഭാവനകളെയോ കുറച്ചുകാണുന്നതായിരുന്നില്ല.

ഏതാണ്ടീ കാലയളവിൽതന്നെയാണ് വിൽ ഡ്യൂറന്റിന്റെ ‘സ്റ്റോറി ഓഫ് ഫിലോസഫി’ വായിക്കുന്നത്. ഭാഷയുടെയും ദർശനത്തിന്റെയും മോഹിപ്പിക്കുന്ന സമ്മേളനമാണീ പുസ്തകത്തിൽ കാണുക. തത്ത്വചിന്തയെ സംബന്ധിച്ച ഒരു സൈദ്ധാന്തിക ഗ്രന്ഥ​െമന്നതിനെക്കാൾ പുതുക്കക്കാർക്ക് വ്യത്യസ്ത ദാർശനികരെയും ദർശനങ്ങളെയും പരിചയപ്പെടുത്തുന്ന പുസ്തകമാണിത്.

​േപ്ലറ്റോ, അരിസ്റ്റോട്ടിൽ, ഫ്രാൻസിസ് ബേക്കൺ, സ്പിനോസ, വോൾട്ടയർ, ഇമ്മാനുവൽ കാന്റ്, ഷോപ്പനവർ, ഹെർബർട്ട് സ്​പെൻസർ, ഫെഡറിക് നീത്ഷെ എന്നിവർ തൊട്ട് ഹെൻറി ബർഗ്സൺ, ബെനിഡിറ്റോ ക്രോസ്, ബർട്രന്റ് റസൽ, ജോർജ് സൻത്യാഹ, വില്യം ജയിംസ്, ജോൺ ഡ്യൂയി തുടങ്ങിയ പ്രതിഭകളുടെ ജീവിതകഥകളും ചിന്താലോകവും വിൽ ഡ്യൂറന്റ് വിവരിക്കുന്നത് മോഹിപ്പിക്കുന്ന ഭാഷാശൈലിയിലൂടെയാണ്. 11 വർഷത്തെ ഗവേഷണവും മൂന്നുവർഷം നീണ്ടുനിന്ന എഴുത്തും ചേർന്നപ്പോഴാണ് ‘സ്റ്റോറി ഓഫ് ഫിലോസഫി’ യാഥാർഥ്യമായത്. ഓരോരോ ചിന്തകനെ വായിക്കുമ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവവേദ്യമാകുന്ന രചനാരീതിയാണ് വിൽ ഡ്യൂറന്റിന്റേത്.

 

കെ.പി. അപ്പൻ

ജീവിതകഥകളും ദർശനങ്ങളു​ം ചേർത്തുകൊണ്ടുള്ള ഈ ആഖ്യാനരീതി വായനക്കാരനെ കീഴ്പ്പെടുത്തുക മാത്രമല്ല ചെയ്യുക. ദർശനങ്ങൾക്കും ദാർശനികർക്കും പിറകെയുള്ള ഒരു നിത്യസഞ്ചാരത്തിന്റെ തുടക്കമായിരിക്കും ഈ കൃതി വായിച്ചുകഴിയുമ്പോ​േ​ഴക്കും സംഭവിക്കുന്നത്. എന്റെ അനുഭവവും മറ്റൊന്നല്ല. സിലബസിനു പുറത്തുള്ള തത്ത്വചിന്ത വായന സിലബസിനകത്തെ വായനയെ ലഘുവും എളുപ്പവുമാക്കിത്തീർത്തു. ഒടുവിൽ ജോലിക്കൊപ്പം നടത്തിയ വിദ്യാഭ്യാസം ഫലം കണ്ടു. കാലിക്കറ്റ് സർവകലാശാലയിൽനിന്നും ഒന്നാം റാ​ങ്കോടെ ഫിലോസഫിയിൽ ബിരുദം നേടി. ജീവിതത്തിലെ വലിയൊരു നഷ്ടം അങ്ങനെ മികച്ചൊരു നേട്ടത്തിന് വഴിമാറി.

ക്രിസ് പ്രെന്റിസിന്റെ ഒരു ലഘുഗ്രന്ഥമുണ്ട് –‘സെൻ ആൻഡ് ദ ആർട്ട് ഓഫ് ഹാപ്പിനസ്’ എന്ന പേരിൽ. മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന സകലതും ​പ്രപഞ്ചത്താൽ ആസൂത്രണം ചെയ്യപ്പെടുന്നവയാണെന്നും അവയെല്ലാം ആത്യന്തികമായി വ്യക്തിയുടെ നന്മക്കുവേണ്ടിയാണെന്നും പ്രഥമദൃഷ്ട്യാ നിർഭാഗ്യകരവും സങ്കടകരവുമായിത്തോന്നുന്ന സംഭവങ്ങൾപോലും പിന്നീട് സൗഭാഗ്യകരവും ആഹ്ലാദപ്രദവുമായ അനുഭവങ്ങളായി മാറുമെന്ന് ഉറച്ചു വിശ്വസിക്കാൻ ആഹ്വാനം ചെയ്യുന്നതുമാണ് പ്രെന്റിസി​ന്റെ പുസ്തകം. ഈ ആഹ്വാനം പലപ്പോഴും ശരിയായിരുന്നു. അനുഭവങ്ങൾ പ്രെന്റിസിനെ സാധൂകരിച്ചു. എന്റെ തുടർ വിദ്യാഭ്യാസം ഈ നിലക്കുള്ള അനുഭവസാക്ഷ്യമാണെന്നു പറയട്ടെ.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT
access_time 2024-11-04 05:30 GMT