കാലിനടിയിലെ മണ്ണ്​ ചോർന്നു​പോകുന്നതറിയാതെ ഒരു വകുപ്പും മന്ത്രിയും

കേരളത്തിലെ മണ്ണ്​ സംരക്ഷണ വകുപ്പിൽ എന്താണ്​ നടക്കുന്നത്​? തുക വകമാറ്റി ചെലവാക്കുന്നതി​​ന്റെയും അഴിമതിയുടെയും കെടുകാര്യസ്​ഥതയുടെയും കഥകളാണോ അവിടെനിന്ന്​ ഉയരുന്നത്​? ലക്ഷങ്ങൾ നഷ്​ടംവന്നത്​ എങ്ങനെയാണ്​? –‘മാധ്യമം’ ലേഖകൻ നടത്തുന്ന അ​ന്വേഷണം.മണ്ണ് ജീവനുള്ളൊരു ആവാസ സമൂഹമാണ്. മനുഷ്യരുള്‍പ്പെടെ കോടിക്കണക്കിനു ജീവികളുടെ ആവാസലോകം. ശാസ്ത്രജ്ഞര്‍ ഒരു ടീസ്പൂണ്‍ (കരണ്ടി) മണ്ണ് പഠനവിധേയമാക്കിയപ്പോള്‍ 500 കോടിയോളം ബാക്ടീരിയകളെയും രണ്ടുകോടിയോളം ആക്ടിനോമൈസൈറ്റിസുകളെയും പത്തു ലക്ഷത്തോളം പ്രോട്ടോസോവകളെയും രണ്ടു ലക്ഷത്തോളം ആല്‍ഗകളെയും ഫംഗസുകളെയുമാണ് കണ്ടെത്തിയത്. കാലാവസ്ഥാ...

കേരളത്തിലെ മണ്ണ്​ സംരക്ഷണ വകുപ്പിൽ എന്താണ്​ നടക്കുന്നത്​? തുക വകമാറ്റി ചെലവാക്കുന്നതി​​ന്റെയും അഴിമതിയുടെയും കെടുകാര്യസ്​ഥതയുടെയും കഥകളാണോ അവിടെനിന്ന്​ ഉയരുന്നത്​? ലക്ഷങ്ങൾ നഷ്​ടംവന്നത്​ എങ്ങനെയാണ്​? –‘മാധ്യമം’ ലേഖകൻ നടത്തുന്ന അ​ന്വേഷണം.

മണ്ണ് ജീവനുള്ളൊരു ആവാസ സമൂഹമാണ്. മനുഷ്യരുള്‍പ്പെടെ കോടിക്കണക്കിനു ജീവികളുടെ ആവാസലോകം. ശാസ്ത്രജ്ഞര്‍ ഒരു ടീസ്പൂണ്‍ (കരണ്ടി) മണ്ണ് പഠനവിധേയമാക്കിയപ്പോള്‍ 500 കോടിയോളം ബാക്ടീരിയകളെയും രണ്ടുകോടിയോളം ആക്ടിനോമൈസൈറ്റിസുകളെയും പത്തു ലക്ഷത്തോളം പ്രോട്ടോസോവകളെയും രണ്ടു ലക്ഷത്തോളം ആല്‍ഗകളെയും ഫംഗസുകളെയുമാണ് കണ്ടെത്തിയത്.

കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും മലിനീകരണവും അമിതമായ നഗരവത്കരണവും വഴി മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുമ്പോൾ അത് വീണ്ടെടുക്കാൻ പദ്ധതികൾ സർക്കാർതലത്തിൽ ആവിഷ്കരിക്കുന്നു. മണ്ണിനെ ചൂഷണം ചെയ്യുന്നതു തടയാനും മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താനും വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ചുവരാനുമാണ് പദ്ധതികൾ.

മണ്ണ് സംരക്ഷിക്കാനാണ്​ 1963ൽ സർക്കാർ മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന് രൂപംനൽകിയത്​. ഈ വകുപ്പ് 1969 മുതൽ കൃഷിവകുപ്പിന്റെ കീഴിൽ സോയിൽ കൺസർവേഷൻ യൂനിറ്റായി. ഈ യൂനിറ്റിനു കിഴിൽ മണ്ണ് പര്യവേക്ഷണ വിഭാഗവും മണ്ണ് സംരക്ഷണ വിഭാഗവും പ്രവർത്തനം നടത്തി. സംസ്ഥാനത്തെ പ്രകൃതിവിഭവ സംരക്ഷണവും പരിപാലനവും നീർത്തടാധിഷ്ഠിത വികസനവും മുൻഗണന നൽകേണ്ട വിഷയങ്ങളായി മാറിയപ്പോൾ 2012 മേയ് അഞ്ചിലെ ഉത്തരവ് പ്രകാരം മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പ് നിലവിൽ വന്നു. ഈ വകുപ്പിന്റെ ഭരണം കൃഷിവകുപ്പിനാണ്​.

കൃഷിമന്ത്രി പി. പ്രസാദി​ന്റെ വകുപ്പിൽ നടന്ന കെടുകാര്യസ്ഥതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ഫണ്ട് വകമാറ്റി ചെലവഴിക്കൽ. മണ്ണ് പര്യവേക്ഷണ ഡയറക്ടറേറ്റിൽ ഔദ്യോഗിക ചുമതലകൾ നിറവേറ്റുന്നതിൽ തടസ്സം നേരിടുന്നു എന്ന് ആരോപിച്ച് ഈ വകുപ്പിലെ ഫിനാൻസ് ഓഫിസർ കാർഷിക വികസന കർഷക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയതോടെയാണ് ‘നാടക’ത്തിന്റെ തിരശ്ശീല ഉയർന്നത്. ഇതേസമയം, കമ്പ്യൂട്ടർ, ലാപ് ടോപ്, പ്രിന്റർ, സ്കാനർ എന്നിവയുടെ വാങ്ങലുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിക്ക് പരാതി ലഭിച്ചു.

വനിതാ ജീവനക്കാർക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടി​ന്റെ പേരിൽ മണ്ണ് ഡയറക്ടറേറ്റിലെ ഒരുകൂട്ടം വനിതാ ജീവനക്കാരും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റിലെ മറ്റൊരു കൂട്ടം ഉദ്യോഗസ്ഥരും പരാതി നൽകി. ഈ പരാതികളുടെ അടിസ്ഥാനത്തിൽ മണ്ണ് ഡയറക്ടറേറ്റിലെ ഫിനാൻസ് സെക്ഷൻ ഹെഡ് ക്ലർക്കായ പി.എസ്. രാജഗോപാലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പരാതികളിന്മേൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ പരിശോധന വിഭാഗത്തിനോട് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നത് ചട്ടങ്ങളൊക്കെ മറികടന്ന് ഉദ്യോഗസ്ഥർ നടത്തുന്ന ധൂർത്താണ്.

പരാതികളിൽ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഇവയാണ്​: 1. ഡയറക്ടറേറ്റിലെ ഫിനാൻസ് സെക്ഷൻ ഹെഡ് ക്ലർക്കായ പി.എസ്. രാജഗോപാലിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ, ലാപ് ടോപ്, പ്രിന്റർ, സ്ക‌ാനർ തുടങ്ങിയവ വാങ്ങിയതിലെ അഴിമതി. 2. ഇ-ഓഫിസ് ഫയലുകളിൽ ഹെഡ് ക്ലർക്കായ രാജഗോപാൽ യഥാർഥ തസ്തികയായ ഹെഡ് ക്ലർക്ക് തസ്തികക്കു പകരം ജൂനിയർ സൂപ്രണ്ട് എന്ന് ഡിജിറ്റൽ സിഗ്നേച്ചർ ചാർത്തി. 3. വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലംമാറ്റങ്ങൾ. 4. പ്ലാൻ- നോൺ പ്ലാൻ ഫണ്ടുകളെ സംബന്ധിച്ച ഫയലുകൾ ഹെഡ് ക്ലർക്ക് ഫിനാൻസ് ഓഫിസർ തലത്തിൽ റൂട്ട് ചെയ്യാതെ നടപടികൾ സ്വീകരിക്കുന്നു. 5. രാജഗോപാൽ അനുമതിയില്ലാതെ ഔദ്യോഗിക യാത്രകൾ നടത്തി.

റീബിൽഡ് കേരളയിൽ വകമാറ്റിയത് ഒന്നര കോടി

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ, ഇടുക്കി, തൃശൂർ, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾക്കായി മണ്ണിടിച്ചിൽ തടയുന്നതിനും വെള്ളപ്പൊക്ക നിവാരണത്തിനും, മറ്റ് മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 2021 ജനുവരി 14ന് ആകെ 60.94 കോടി വകയിരുത്തി. ഇടുക്കി -15.63 കോടി, മലപ്പുറം -6.08, ആലപ്പുഴ -മൂന്ന്, തൃശൂർ -25, വയനാട് -എട്ട്, കോഴിക്കോട് -3.23 കോടി രൂപ എന്നിങ്ങനെയാണ് ആറ് ജില്ലകൾക്ക് ആകെ 60.94 കോടി രൂപ അനുവദിച്ചത്.

ഇതിൽതന്നെ തൃശൂർ, വയനാട്, ആലപ്പുഴ ജില്ലകൾക്ക് മാത്രമായിരുന്നു ട്രെയ്നിങ് ആൻഡ് ഡോക്യുമെന്റേഷൻ, കണ്ടിൻജൻസി, അഡ്മിനിസ്ട്രേഷൻ ഇനത്തിൽ തുക വകയിരുത്തിയത്. മറ്റുള്ള ജില്ലകളിൽ ഇതിനുള്ള ഭരണാനുമതി ലഭിച്ചിരുന്നില്ല. എന്നാൽ, മണ്ണ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഈ തുകകൾ ഉപയോഗിച്ച് വകുപ്പിൽ ഇ- ഓഫിസ് നടപ്പാക്കാനായി വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലേക്കും കമ്പ്യൂട്ടർ, ലാപ്ടോപ് മറ്റ് അനുബന്ധ ഉപകരണങ്ങൾ വാങ്ങി. ട്രെയ്നിങ് ആൻഡ് ഡോക്യുമെന്റേഷൻ, കണ്ടിൻജൻസി ഇനത്തിൽ തുകകൾ അനുവദിക്കാത്ത ജില്ലകളിൽപോലും പദ്ധതി തുകയിൽനിന്നും ഫണ്ട് വകമാറ്റി.

റീബിൽഡ് കേരള പദ്ധതിയുടെ തുക വകമാറ്റി ഡയറക്ടറേറ്റിലെയും വിവിധ ജില്ലകളിലെ ഓഫിസുകളിലെയും അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗപ്പെടുത്തിയെന്ന് വകുപ്പ് തന്നെ സമ്മതിച്ചു. വലിയതോതിലുള്ള വാങ്ങലാണ് ഇൗ ഫണ്ട് ഉപയോഗിച്ച് നടത്തിയതെന്ന് വിവിധ ജില്ലകളിലെ കണക്കുകൾ പരിശോധിച്ചതിൽ വ്യക്തമായി. മണ്ണിടിച്ചിൽ തടയാനും വെള്ളപ്പൊക്ക നിവാരണത്തിനും, പാടശേഖരത്തിലെ ബണ്ട് നിർമാണത്തിനും വെള്ളക്കെട്ട് ഒഴിവാക്കാനും അനുവദിച്ച തുക മൂന്ന് സാമ്പത്തിക വർഷങ്ങൾക്കുള്ളിൽ ചെലവഴിക്കാനാണ് ലക്ഷ്യമിട്ടത്.

റീബിൽഡ് കേരള വഴി ജില്ലകളിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതികളിൽ വരുന്ന ഭരണപരമായ ചെലവുകൾക്കും കണ്ടിൻജന്റ് ചെലവുകൾക്കുമാണ് തുക അനുവദിച്ചത്. അഡ്മിനിസ്ട്രേറ്റിവ് ആൻഡ് കണ്ടിൻജൻസി ഇനങ്ങളിൽ തുക വകയിരുത്തിയിട്ടില്ലാത്ത ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലും തുക വകമാറ്റി ഐ.ടി ഉപകരണങ്ങൾ വാങ്ങി.

റീബിൽഡ് കേരളയുടെ തുകയിൽനിന്നും 2.12 കോടി രൂപ വകമാറ്റുകയും 1,57,22,000 രൂപയുടെ കമ്പ്യൂട്ടർ, ലാപ് ടോപ്, സ്കാനർ, പ്രിന്റർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ വകുപ്പിലെ വിവിധ ഓഫിസുകളിലേക്ക് വാങ്ങിയെന്നുമാണ് ധനകാര്യ പരിശോധനയിലെ കണ്ടെത്തൽ. തൃശൂർ -72,31,000; മലപ്പുറം -8,22,000; ആലപ്പുഴ- 2,79,000; ഇടുക്കി- 33,92,000; കോഴിക്കോട് -7,98,000; വയനാട് -32,00,000 രൂപ എന്നിങ്ങനെ. പ്രളയാനന്തരമുള്ള കേരളത്തിലെ പുനർനിർമാണ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും മണ്ണിടിച്ചിൽ, വെള്ളപ്പൊക്കംപോലുള്ള പ്രകൃതിദുരന്തങ്ങൾ തടയുന്നതിനും വേണ്ടിയുള്ള പ്രധാന പദ്ധതിയായ റീബിൽഡ് കേരളയുടെ തുക വകമാറ്റി ചെലവഴിച്ച ഡയറക്ടർ ഉൾ​െപ്പടെയുള്ള ഉദ്യോഗസ്ഥരുടെ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനമാണെന്ന് കണ്ടെത്തി.

 

ധന ദുർവിനിയോഗത്തിന്റെ രാജപാതകൾ

ഇടുക്കി ജില്ലയിലെ മണ്ണ് സംരക്ഷണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് 2021ലെ ഉത്തരവ് പ്രകാരം 15.63 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇടുക്കിക്ക് ട്രെയ്നിങ് ആൻഡ് ഡോക്യു​െമന്റേഷൻ, കണ്ടിൻജൻസി ഇനത്തിൽ ഒരു തുകയും നീക്കി​െവച്ചിരുന്നില്ല. എന്നാൽ, ഈ ഇനത്തിൽ 42,74,017 രൂപ ചെലവഴിച്ചു. ഇതാകട്ടെ ഫണ്ട് വകമാറ്റി ചെലവഴിച്ചതാണ്. ഡയറക്ടർ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിൽ ഈ ഇനത്തിൽ തുക ആവശ്യമാണെന്ന് പരാമർശിച്ചിരുന്നില്ല.

ഇടുക്കി ജില്ല റീബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തി, 62 യു.പി.എസുകൾ വാങ്ങാൻ ഡയറക്ടർ 2021ൽ അനുമതി നൽകി. ഡയറക്ടറുടെ ഈ നടപടി മുൻ ഉത്തരവി​ന്റെ ലംഘനമാണ്. വകുപ്പിന്റെ ഗവേഷണ സ്ഥാപനമായ ചടയമംഗലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിലേക്ക് 20 ലക്ഷം രൂപയുടെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി. ജില്ലയിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക്​ അനുവദിച്ച തുക ഉപയോഗിച്ചാണ് വകുപ്പിലെ വിവിധ ഓഫിസുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയത്. ആർ.കെ.ഐ പദ്ധതിക്ക് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചത് ഡയറക്ടറുടെ ഗുരുതര കൃത്യവിലോപമാണ്.

മലപ്പുറം ജില്ലയിൽ കാഞ്ഞിരംപാറ, കാഞ്ഞമണ്ണ, കക്കറത്തോട്, പുളിക്കൽ നീർത്തടങ്ങളുടെ വികസനത്തിനും, വെറ്റിലപ്പാറ വില്ലേജിൽ ഓടക്കയം പ്രദേശത്തും എടവണ്ണ ഗ്രാമപഞ്ചായത്തിനും ഉരുൾപൊട്ടൽ നിവാരണ പ്രവൃത്തികൾക്കുമായി ആർ.കെ.ഐയിൽ ഉൾപ്പെടുത്തി 6.08 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതികളുടെ ട്രെയ്നിങ് ആൻഡ് ഡോക്യുമെന്റേഷൻ ഇനങ്ങൾക്കായി 11.96 ലക്ഷം രൂപയാണ് മലപ്പുറം ജില്ലക്ക് അനുവദിച്ചത്. എന്നാൽ, വകുപ്പ് ചെലവഴിച്ചത് 14,31,428 രൂപയാണ്. പരിശോധനയിൽ ഭരണാനുമതി ലഭിച്ച തുകയും വകുപ്പ് സമർപ്പിച്ച തുകയും തമ്മിൽ പൊരുത്തക്കേടു കണ്ടെത്തി.

ഉത്തരവിൽ ട്രെയ്നിങ് ആൻഡ് ഡോക്യുമെന്റേഷൻ ഇനങ്ങൾക്കായി അനുവദിച്ച 11.96 ലക്ഷം രൂപ ജില്ലയിലെ വിവിധ ഓഫിസുകളുടെയും ഡയറക്ടറേറ്റുകളുടെ ആധുനികവത്കരണത്തിനുമായി കമ്പ്യൂട്ടർ അധിഷ്ഠിത ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷം രൂപക്ക് ഡയറക്ടർ അനുമതി നൽകി. അതോടൊപ്പം ആർ.കെ.ഐ പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേരി മണ്ണ് സംരക്ഷണ കാര്യാലയത്തിലേക്ക് 91,300 രൂപയുടെ ഉപകരണങ്ങൾ വാങ്ങി. ഇ-ഓഫിസ് നടപ്പാക്കാനുള്ള ഐ.ടി ഉപകരണങ്ങൾക്ക് പുറമെ ഓഫിസുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി മേശ, അലമാര അടക്കമുള്ള ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും വാങ്ങിയെന്ന് കണ്ടെത്തി.

ആലപ്പുഴ ആർ.കെ.ഐയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചത് മാവേലിക്കര ബ്ലോക്കിലെ മണപ്പുറം പുഞ്ച, പട്ടണക്കാട് ബ്ലോക്കിലെ കൊട്ടളപ്പാടം എന്നീ പദ്ധതികൾക്കാണ്. ഇതിന് മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയിൽനിന്നും 2,98,900 രൂപക്ക് ഐ.ടി ഉപകരണങ്ങൾ വാങ്ങി. ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ മേലിൽ ഇത്തരം വീഴ്ച വരാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് അറിയിച്ചു.

തൃശൂരിൽ വെള്ളപ്പൊക്ക നിവാരണവും മറ്റ് അനുബന്ധ പ്രവൃത്തികളുമായി ബന്ധപ്പെട്ട് 2020ൽ 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 35 പ്രവൃത്തികൾക്കായി ഭരണപരവും ട്രെയ്നിങ് ചെലവുകൾക്കായി 1.98 കോടി രൂപ ചെലവഴിക്കാമെന്ന് ഉത്തരവിൽ അറിയിച്ചു. നീർത്തട പരിശീലനങ്ങളുടെ ആവശ്യത്തിന് ലഭിച്ച ഡേറ്റകളുടെ ശാസ്ത്രീയ അപഗ്രഥനങ്ങൾക്കും മറ്റും കൂടുതൽ ഉപകരണങ്ങൾ ആവശ്യമാണെന്ന ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ നിർദേശത്തി​ന്റെ അടിസ്ഥാനത്തിൽ വകുപ്പുതല പർച്ചേസ് കമ്മിറ്റി ചേർന്ന് തീരുമാനമെടുക്കുകയും ചെയ്തു. അതി​ന്റെ അടിസ്ഥാനത്തിൽ പ്രാപ്തി വികസന പരിശീലനങ്ങൾക്കായി ചടയമംഗലം ആസ്ഥാനമായ ഐ.ഡബ്ല്യു.ഡി.എം.കെയിലേക്ക് 65 ലക്ഷം അനുവദിക്കാൻ തീരുമാനിച്ചു.

എന്നാൽ, അഡീ. ഡയറക്ടർ ഇ-ഓഫിസ് നടപ്പാക്കാനായി കൂടുതൽ കമ്പ്യൂട്ടറുകൾ ആവശ്യമാണെന്ന് കത്ത് എഴുതി. അതി​ന്റെ അടിസ്ഥാനത്തിൽ വകുപ്പ് ആസ്ഥാനത്തും തൃശൂർ ജില്ലക്കും ചടയമംഗലം ഐ.ഡബ്ല്യു.ഡി.എം.കെക്കും വേണ്ട ഐ.ടി ഉപകരണങ്ങൾ വാങ്ങുന്നതിന് 75 ലക്ഷം രൂപ അനുവദിച്ചു. 74.28 ലക്ഷം രൂപക്ക് ലാപ് ടോപ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ വാങ്ങി. തുക വകമാറ്റി ചെലവഴിച്ചത്.

വയനാട് ജില്ലയിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിന് നാല് പദ്ധതികൾക്കായി എട്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. എന്നാൽ, പദ്ധതികൾക്ക് ട്രെയ്നിങ് ആൻഡ് ഡോക്യുമെന്റേഷൻ എന്നീ ഇനങ്ങളിൽ ഒരു തുകയും വകയിരുത്തിയില്ല. കുറുമ്പലക്കാട്ടെ വാട്ടർഷെഡി​ന്റെ ഭരണപരമായ ചെലവുകളിൽ ഉൾപ്പെടുത്തി 10 ലക്ഷത്തിന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വൈത്തിരി മണ്ണ് സംരക്ഷണ അസി. ഡയറക്ടറെ ചുമതലപ്പെടുത്തി. അത് പ്രകാരം 9.04 ലക്ഷം രൂപയുടെ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വാങ്ങി. പദ്ധതിയിൽ ഉൾപ്പെടുത്തി കാളിപ്പുഴ പദ്ധതിക്ക് രണ്ടു കോടി രൂപ അടങ്കലിൽ ഭരണാനുമതി ലഭിച്ചിരുന്നു. 10 ലക്ഷം രൂപ ഐ.ടി ഉപകരണങ്ങൾ വാങ്ങുന്നതിന് വകുപ്പ് ഡയറക്ടർ ഉത്തരവ് നൽകി. അതുപ്രകാരം 9.55 ലക്ഷം രൂപ ചെലവഴിച്ച് ഉപകരണങ്ങൾ വാങ്ങി.

കോഴിക്കോട് ജില്ലയിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിന് രണ്ട് പദ്ധതികൾക്കായി 3.23 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. എന്നാൽ, ട്രെയ്നിങ് ആൻഡ് ഡോക്യുമെന്റേഷൻ എന്നീ ഇനങ്ങളിൽ തുക നീക്കിവെച്ചിരുന്നില്ല. ജില്ലയിൽ ഭരണ- ട്രെയ്നിങ് ചെലവുകൾക്കായി കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 14.52 ലക്ഷം ചെലവഴിച്ചു.

വകുപ്പിൽ ഇ-ഓഫിസ് നടപ്പാക്കാനായി സാമ്പത്തിക വർഷങ്ങളിൽ ബജറ്റിൽ വകയിരുത്താത്തതിനാൽ റീ ബിൽഡ് കേരളയുടെ ഫണ്ട് വകുപ്പിലെ കമ്പ്യൂട്ടർവത്കരണത്തിനായി ഉപയോഗിച്ചത് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നാണ് പരിശോധന റിപ്പോർട്ട് അടിവരയിടുന്നത്. പ്രളയാനന്തര കേരളത്തിലെ പുനർനിർമാണ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും മണ്ണിടിച്ചിൽ, വെള്ളപ്പൊക്കംപോലുള്ള പ്രകൃതിദുരന്തങ്ങൾ തടയുന്നതിനും മറ്റുമുള്ള ബൃഹത്തായ പദ്ധതിയാണ് റീബിൽഡ് കേരള. റീബിൽഡ് കേരളക്ക് അനുവദിച്ച തുകയുടെ ദുർവ്യയം നടന്നിട്ടുള്ളത് ഡയറക്ടറുടെയും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെയും അറിവോടുകൂടിയാണെന്ന് പരിശോധനയിൽ വ്യക്തമായി.

പതാകവാഹിനി പ്ലാൻ ഫണ്ട് 1.06 കോടി

സംസ്ഥാന സർക്കാറി​ന്റെ പതാകവാഹിനി പദ്ധതിയായ ഇ-ഓഫിസ് സംവിധാനം മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിൽ നടപ്പാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ 2021 സെപ്റ്റംബർ ഒന്നിന് ടെക്നിക്കൽ കമ്മിറ്റി ചേർന്നു. ഐ.ടി സാമഗ്രികളുടെ സ്പെസിഫിക്കേഷനു അംഗീകാരം നൽകി. ഇതിനെത്തുടർന്ന് ഇതേ തീയതിയിൽ തന്നെ പർച്ചേസ് കമ്മിറ്റി ചേരുകയും ഇ-ഓഫിസ് നടപ്പാക്കാൻ പ്രത്യേക ബജറ്റ് വിഹിതമില്ലാത്തതിനാൽ 2021 ജൂലൈ അഞ്ചിലെ ഉത്തരവ് പ്രകാരം സോയിൽ സർവേ ഓർഗനൈസേഷൻ അധിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ ലഭിച്ച 80.7 ലക്ഷം രൂപ വിനിയോഗിച്ച് ഇ-ഓഫിസ് നടപ്പാക്കുന്നതിന് ആവശ്യമായ ഐ.ടി സാമഗ്രികൾ വാങ്ങാൻ തീരുമാനിച്ചു.

അതോടൊപ്പം കൂടാതെ 2021 സെപ്റ്റംബർ 27ലെ ഉത്തരവ് പ്രകാരം ‘Application’ എന്ന പ്രവൃത്തിക്കും 15 ലക്ഷത്തി​ന്റെ ഭരണാനുമതി ലഭിച്ചു. 2022 മാർച്ച് എട്ടിലെ ഉത്തരവ് പ്രകാരം മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പിന്റെ സബ് ഓഫിസുകളിൽ ഇ-ഓഫിസ് നടപ്പാക്കുന്നതിനായി ധനപുനർവിനിയോഗം വഴി ഒരുകോടി രൂപ അനുവദിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി പ്ലാൻ ഫണ്ടിൽ അനുവദിച്ച ഈ തുകകൾ ഉപയോഗിച്ചും വകുപ്പിൽ ഇ-ഓഫിസ് നടപ്പാക്കുന്നതിനായി ഐ.ടി അനുബന്ധ ഉപകരണങ്ങൾ വാങ്ങി.

വകുപ്പിൽ ഇ-ഓഫിസ് നടപ്പാക്കാനായി പല ഘട്ടങ്ങളിലായി വാങ്ങിയ ഉപകരണങ്ങൾ

ഈ പട്ടികയിൽനിന്നും ഇ-ഓഫിസ് നടപ്പാക്കാനായി വാങ്ങിയത് അത്യാധുനിക ഐ.ടി ഉപകരണങ്ങളാണ്. ആകെ 35 ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളാണ് വാങ്ങിയത്. 64 ലാപ്ടോപ് കമ്പ്യൂട്ടറുകളും വാങ്ങി. ഇതിൽതന്നെ ലാപ്ടോപ്പുകൾ എല്ലാം ഹൈ എൻഡ് സ്പെസിഫിക്കേഷനുള്ളതാണ്. ഏകദേശം ഒന്നരലക്ഷം രൂപ വീതം വിലയുള്ള മൂന്ന് ടച്ച് സ്ക്രീൻ ലാപ്ടോപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇ-ഓഫിസ് നടപ്പാക്കാൻ വേണ്ടിയാണ് ഇത്രയധികം വില കൂടിയ ഹൈ എൻഡ് ഉപകരണങ്ങൾ വാങ്ങിയത്. ഇ-ഓഫിസ് ആപ്ലിക്കേഷൻ പ്രവർത്തിക്കാൻ അടിസ്ഥാന സ്പെസിഫിക്കേഷൻ മതിയെന്നിരിക്കെയാണ് ഇത്തരത്തിൽ ധനദുർവ്യയം നടത്തിയത്.

ഇ-ഓഫിസ് നടപ്പാക്കുന്നതിനായി പ്ലാൻ ഫണ്ട് അനുവദിക്കുന്നതിന് മുമ്പേ തന്നെ വകുപ്പിൽ റീബിൽഡ് കേരളയുടെ ഫണ്ട് ഉപയോഗിച്ച് വലിയതോതിൽ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും വാങ്ങി. പിന്നീട് ഇ-ഓഫിസ് നടപ്പാക്കുന്നതിനായി പ്ലാൻ ഫണ്ട് ലഭിച്ചപ്പോൾ ആ തുകയും ഉപയോഗിച്ച് വകുപ്പിലേക്ക് ഹൈ എൻഡ് ലാപ്ടോപ്പുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങി.

മണ്ണ് വകുപ്പിൽ ഇ-ഓഫിസ് നടപ്പാക്കാനായി വാങ്ങിയ ഐ.ടി ഉപകരണങ്ങൾ ഒരു കോംപിറ്റന്റ് അതോറിറ്റി സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഈ ഉപകരണങ്ങൾ വിതരണം ചെയ്തശേഷം വകുപ്പിൽനിന്നും സ്റ്റോക്ക് എൻട്രി വരുത്തി തുക അനുവദിച്ചു. അതിനാൽ ടെക്ന‌ിക്കൽ കമ്മിറ്റി അംഗീകാരം നൽകിയ സ്പെസിഫിക്കേഷനുള്ള ഐ.ടി ഉപകരണങ്ങൾ തന്നെയാണോ വിതരണംചെയ്തതെന്ന് ആർക്കും ഉറപ്പില്ല. ഇത്തരത്തിൽ ഒരു കോംപിറ്റന്റ് അതോറിറ്റിയുടെ സാക്ഷ്യപ്പെടുത്തൽ ഇല്ലാതെ ഉപകരണങ്ങൾ വിതരണം ചെയ്തപ്പോൾ തന്നെ തുക അനുവദിച്ചുനൽകിയത് തെറ്റായാണ്. മണ്ണ് വകുപ്പിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തനിക്ക് ലഭിച്ച ലാപ്ടോപ് തിരികെ നൽകിയപ്പോൾ എഴുതിയ കത്ത് ചരിത്രരേഖയാണ്.

‘‘എന്റെ കാബിനിൽ ഞാൻ ഇതിനകം ഒരു പുതിയ കമ്പ്യൂട്ടർ ലഭിച്ചതിനാൽ, 2022 ഏപ്രിൽ 21ന് ഇ-ഓഫിസ് നടപ്പാക്കലുമായി ബന്ധപ്പെട്ട് എനിക്ക് നൽകിയ പുതിയ ലാപ്‌ടോപ് എനിക്ക് ആവശ്യമില്ല, കാരണം ഇത് നിഷ്‌ക്രിയമായി സൂക്ഷിക്കുന്നത് എന്റെ ഭാഗത്തുനിന്ന് ഉചിതമല്ല. ഞാൻ ഇതിനാൽ ലാപ്‌ടോപ് (BS 8DN3) എ.ഡി.എസ്.എസ് ആയ രഞ്ജിനിക്ക് കൈമാറുന്നു’’ എന്നാണ്.

ഇത്തരത്തിൽ റീബിൽഡ് കേരളയുടെ ഫണ്ട് ഉപയോഗിച്ച് വൻതോതിൽ വാങ്ങൽ നടത്തിയശേഷം ഇ-ഓഫിസ് നടപ്പാക്കാൻ ലഭിച്ച ഫണ്ട് ഉപയോഗിച്ച് ഹൈ എൻഡ് ലാപ്ടോപ്പുകൾ ഉദ്യോഗസ്ഥർക്ക് ആവശ്യമില്ലെങ്കിൽ വാങ്ങിക്കൂട്ടിയത് എന്തിനാണ്?

പി.എസ്. രാജഗോപാൽ ഏത് തസ്തികയിൽ?

മണ്ണ് പര്യവേക്ഷണ-സംരക്ഷണ ആസ്ഥാന കാര്യാലയത്തിൽ ഫിനാൻസ് വിഭാഗത്തിൽ ഹെഡ് ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് പി.എസ്. രാജഗോപാൽ. പരിശോധനയിൽ ഇ-ഓഫിസ് ഫയലുകളിൽ ഹെഡ് ക്ലർക്കായിരുന്ന രാജഗോപാൽ ജൂനിയർ സൂപ്രണ്ട് എന്ന ഉദ്യോഗപ്പേര് ഉപയോഗിച്ചെന്ന് കണ്ടെത്തി. രാജഗോപാൽ ഇ-ഓഫിസ് ഫയലുകളിൽ ജൂനിയർ സൂപ്രണ്ട് എന്ന ഉദ്യോഗപ്പേരിൽ ഡിജിറ്റൽ സിഗ്നേച്ചർ ചാർത്തുകയുംചെയ്തു. ഡയറക്ടറേറ്റിൽ ഇ-ഓഫിസ് നടപ്പാക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ പേര്, തസ്തിക ഉൾപ്പെടെയുള്ള വിവരങ്ങൾ നേരിട്ട് ശേഖരിച്ച സമയത്ത് രാജഗോപാലിന്റെ തസ്തിക ഹെഡ് ക്ലർക്ക് എന്നാണ് രേഖപ്പെടുത്തിയത്.

ജീവനക്കാരുടെ വിവരങ്ങൾ ഐ.ടി മിഷന് നൽകാനായി കമ്പ്യൂട്ടറിൽ ചേർക്കുന്ന സമയത്ത്, മറ്റെല്ലാ സെക്ഷൻ ഹെഡുകളും ജൂനിയർ സൂപ്രണ്ടുമാർ ആയതിനാൽ രാജഗോപാലി​ന്റെ തസ്തികയുടെ സ്ഥാനത്തും ജൂനിയർ സൂപ്രണ്ട് എന്ന് നോട്ടപിശകുമൂലം രേഖപ്പെടുത്തിയെന്നാണ് വകുപ്പ് നൽകിയ വിശദീകരണം.

ഡയറക്ടറേറ്റിൽ ഇ-ഓഫിസ് നടപ്പാക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ വിവരങ്ങൾ 2021 ആഗസ്റ്റ് 11നാണ് ഐ.ടി മിഷന് കൈമാറിയത്. എന്നാൽ, രാജഗോപാൽ ഇതിനുമുമ്പേയുള്ള തീയതികളിലെ കോപ്പികളിലും ജൂനിയർ സൂപ്രണ്ട് എന്ന സ്ഥാനപ്പേരിൽ ഒപ്പ് ചാർത്തിയതായി കണ്ടെത്തി. 2021 മാർച്ച് ഒന്നിലെ ഡയറക്ടറുടെ ഉത്തരവിൽ രാജഗോപാൽ ജൂനിയർ സൂപ്രണ്ട് എന്ന സ്ഥാനപ്പേരിൽ ഒപ്പ് ചാർത്തിയിരുന്നു. അതിനാൽ ഇ-ഓഫിസ് നടപ്പാക്കുന്നതിനുള്ള വിവരശേഖരണ സമയത്ത് സംഭവിച്ച നോട്ടപ്പിശകാണെന്ന വാദം അടിസ്ഥാനരഹിതമാണ്.

വകുപ്പിലെ ഫിനാൻസ് ഓഫിസർ തെറ്റ് ചൂണ്ടിക്കാട്ടിയതിനു ശേഷം മാത്രമാണ് ജൂനിയർ സൂപ്രണ്ട് എന്നതിന് പകരം ഹെഡ് ക്ലർക്ക് ആക്കുവാൻ ഐ.ടി മിഷനോട് ആവശ്യപ്പെട്ട് തിരുത്തൽ വരുത്തിയത്. ഇ-ഓഫിസ് വിവരശേഖരണ സമയത്ത് രാജഗോപാലിന്റെ അറിവോടെ വകുപ്പിൽനിന്നും ബോധപൂർവം തന്നെയാണ് ഇത്തരത്തിലൊരു വീഴ്ച സംഭവിച്ചതെന്നാണ് കണ്ടെത്തൽ.

ഹാജർ ബുക്കുകൾ പരിശോധിച്ചതിൽനിന്നും ഹെഡ്‌ക്ലർക്കായ രാജഗോപാലി​ന്റെ തസ്തിക ഹെഡ്‌ക്ലർക്ക്/ജൂനിയർ സൂപ്രണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായും കണ്ടെത്തി. രാജഗോപാൽ ഫിനാൻസ് സെക്ഷ​ന്റെ ചുമതല വഹിക്കുന്നതിനു മുമ്പ് ഈ സെക്ഷൻ ചുമതല വഹിച്ചിരുന്നത് ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരുന്നെന്നും അതുകൊണ്ടാണ് ഹാജർ ബുക്കിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നതെന്നുമുള്ള വിശദീകരണമാണ് ലഭിച്ചത്. ഇ-ഓഫിസ് ഫയലുകൾ, ഫെയർ കോപ്പികൾ, ഹാജർ ബുക്ക് തുടങ്ങിയവയിൽ എല്ലാം ജൂനിയർ സൂപ്രണ്ട് എന്ന സ്ഥാനപ്പേരാണ് രാജഗോപാൽ ഉപയോഗിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി.

പ്ലാൻ/ നോൺ പ്ലാൻ ഫണ്ടുകളെ സംബന്ധിച്ച ഫയലുകൾ ഹെഡ് ക്ലർക്കായ രാജഗോപാൽ ഫിനാൻസ് ഓഫിസർ തലത്തിൽ റൂട്ട് ചെയ്യാതെ നടപടികൾ സ്വീകരിക്കുന്നുവെന്നും ആരോപണമുണ്ടായി. വകുപ്പിലെ ബജറ്റ് എസ്റ്റിമേറ്റ് തയാറാക്കൽ വിവിധ ശീർഷകങ്ങളിലെ പ്ലാൻ/നോൺ പ്ലാൻ ഫണ്ടുകൾ വിതരണംചെയ്യൽ തുടങ്ങിയ ജോലികൾ വകുപ്പിലെ ഫിനാൻസ് ഓഫിസറുടെ ചുമതലയാണ്. ഇത്തരം ഫയലുകൾ വകുപ്പിലെ ഫിനാൻസ് ഓഫിസർ വഴിയാണ് റൂട്ട് ചെയ്യേണ്ടത്.

എന്നാൽ സമാന സ്വഭാവമുള്ള ഫയലുകൾ ഫിനാൻസ് സെക്ഷനിലെ ഹെഡ്‌ക്ലർക്കായ രാജഗോപാൽ ഫിനാൻസ് ഓഫിസർതലത്തിൽ റൂട്ട് ചെയ്യാതെയും ഉചിതമാർഗത്തിൽ അനുമതി തേടാതെയും നടപടികൾ സ്വീകരിക്കുന്നതായി വകുപ്പിലെ ഫിനാൻസ് ഓഫിസർ ആരോപണം ഉന്നയിച്ചിരുന്നു. ധനകാര്യ പരിശോധന വിഭാഗം ഫയലുകൾ പരിശോധിച്ചതിൽ ഈ ആരോപണത്തിൽ വസ്തുതയുള്ളതായി മനസ്സിലായി.

2022-23 സാമ്പത്തിക വർഷം മണ്ണ് സംരക്ഷണ വിഭാഗത്തി​ന്റെ വിവിധ ശീർഷകങ്ങളിൽ ശമ്പളം, വേതനം, ടി.എ, ഒ.ഇ.ആർ.ആർ.ടി, ആർ ആൻഡ് എം, പി.ഒ.എൽ എന്നീ ഇനങ്ങളിൽ ലഭിച്ച ബജറ്റ് പ്രൊവിഷൻ അലോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലിൽ ഫിനാൻസ് ഓഫിസറുടെ നിർദേശമില്ലാതെ തുക അലോട്ട് ചെയ്തിരിക്കുന്നു. ഈ തുക ബി.എ.എം.എസ് (BAMS) വഴി മണ്ണ് സംരക്ഷണ വിഭാഗത്തിലെ കീഴ് ഓഫിസുകളിലേക്ക് അലോട്ട് ചെയ്തതിനുശേഷം മാത്രമാണ് ഫയൽ ഫിനാൻസ് ഓഫിസർ കാണുന്നത്.

തുക അലോട്ട് ചെയ്തതിനുശേഷം സാധൂകരണം വാങ്ങുന്നതിനുവേണ്ടിയാണ് ഫയൽ ഫിനാൻസ് ഓഫിസർക്ക് സമർപ്പിച്ചത്. ഈ ഫയലിൽ ഫിനാൻസ് ഓഫിസർ തലത്തിൽ തുക അലോട്ട് ചെയ്യുന്നതിന് നിർദേശം നൽകിയിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെ തുക അലോട്ട് ചെയ്ത നടപടി ഉചിതമല്ലെന്നും ഫിനാൻസ് ഓഫിസർ ചൂണ്ടിക്കാട്ടി. പ്ലാൻ/ നോൺ പ്ലാൻ ശീർഷകങ്ങളിൽ തുകകൾ ഡയറക്ടറുടെ അനുമതിയോടുകൂടി മാത്രമേ അലോട്ട് ചെയ്യാവൂ എന്ന നിർദേശവും ഫിനാൻസ് ഓഫിസർ നൽകി.

ഈ ഫയലിൽ നോൺ പ്ലാൻ ശീർഷകത്തിൽ ലഭിച്ച തുകകൾ വകുപ്പിലെ ഫിനാൻസ് ഓഫിസറോ ഡയറക്ടറോ കാണാതെയാണ് അലോട്ട്മെന്റ് നൽകിയത്. അലോട്ട്മെന്റ് തുകകൾ വിതരണംചെയ്ത ശേഷമാണ് നടപടിക്രമങ്ങൾ പുറപ്പെടുവിക്കാൻ ഫയൽ സമർപ്പിക്കുന്നത്. ഫിനാൻസ് സെക്ഷൻ ഹെഡ് ക്ലർക്കായ രാജഗോപാലാണ് ഫിനാൻസ് ഓഫിസറോ ഡയറക്ടറോ അറിയാതെ നടപടിക്രമങ്ങൾപോലും പുറപ്പെടുവിക്കാതെ തുക അലോട്ട് ചെയ്തത്. പ്ലാൻ/ നോൺ പ്ലാൻ ഫണ്ടുകളുടെ അലോട്ട്‌മെന്റ് നൽകാൻ അധികാരമുള്ള ഉദ്യോഗസ്ഥനല്ലെന്നിരിക്കെ ഇത്തരത്തിൽ തുക അലോട്ട്മെന്റ് നടത്തിയത് രാജഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര കൃത്യവിലോപമാണ്.

ഡയറക്ടറേറ്റിൽ ഇ-ഓഫിസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങൾ ഐ.ടി മിഷന് നൽകിയപ്പോൾ രാജഗോപാലിന്റെ തസ്തികയുടെ സ്ഥാനത്ത് ജൂനിയർ സൂപ്രണ്ട് എന്ന് നോട്ടപ്പിശകുമൂലം രേഖപ്പെടുത്തിയെന്ന വകുപ്പിന്റെ വിശദീകരണം ഒരുവിധത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഇ -ഓഫിസ് നടപ്പാക്കുന്നതിനുള്ള വിവരശേഖരണത്തിന് മുമ്പുള്ള കാലയളവിൽതന്നെ ഹെഡ് ക്ലർക്ക് രാജഗോപാൽ ജൂനിയർ സൂപ്രണ്ട് എന്ന സ്ഥാനപ്പേരിൽ ഫയലുകൾ കൈകാര്യംചെയ്യുകയും ഫെയർ കോപ്പികളിൽ ജൂനിയർ സൂപ്രണ്ട് എന്ന സ്ഥാനപ്പേരിൽ ഒപ്പ് ചാർത്തുകയും ചെയ്തിരുന്നു.

മാനദണ്ഡങ്ങൾ പാലിക്കാത്ത പൊതു സ്ഥലംമാറ്റം

മണ്ണ് വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പൊതു സ്ഥലംമാറ്റം നടക്കുന്നത്. ഡയറക്ടറേറ്റിൽ ക്ലർക്ക് തസ്തികയിൽ 20 വർഷമായി സ്ഥലംമാറ്റത്തിനു വിധേയരാകാതെ ജോലി ചെയ്യുന്നവരുണ്ട്. സ്പാർക് അധിഷ്ഠിത ഓൺലൈൻ ട്രാൻസ്ഫർ സംവിധാനത്തിലൂടെ മാത്രമേ പൊതു സ്ഥലംമാറ്റം നടത്താൻ പാടുള്ളൂ എന്ന ഉത്തരവ് നിലനിൽക്കെ വകുപ്പിൽ 2022 വരെയും പൂർണതോതിൽ ഇത് നടപ്പാക്കിയിട്ടില്ല.

2022ൽ മാത്രമാണ് ഭാഗികമായെങ്കിലും സ്പാർക് അധിഷ്ഠിത ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കിയത്. സർക്കാർ ഉത്തരവ് നിലനിൽക്കെ അത് നടപ്പാക്കാൻ നടപടികൾ സ്വീകരിക്കാതെ ഓരോ കാരണങ്ങൾ പറഞ്ഞ് ഓൺലൈൻ വഴിയുള്ള പൊതു സ്ഥലംമാറ്റം നീട്ടിക്കൊണ്ടുപോകാനാണ് വകുപ്പിൽനിന്നും ശ്രമം നടന്നിട്ടുള്ളത്. ഇത് വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുള്ള ഗുരുതരമായ കൃത്യവിലോപമാണ്.

പ്ലാൻ/ നോൺ പ്ലാൻ ശീർഷകങ്ങളിലെ തുകകൾ ഡയറക്ടറുടെ അനുമതിയോടെ മാത്രമേ അലോട്ട് ചെയ്യാൻ പാടുള്ളൂ. ഇത്തരം ഫയലുകൾ ഫിനാൻസ് ഓഫിസർ വഴി റൂട്ട് ചെയ്തു ഡയറക്ടറുടെ അനുമതി വാങ്ങി നടപടിക്രമങ്ങൾ പുറപ്പെടുവിച്ചതിനു ശേഷം മാത്രം വേണം തുക അലോട്ട് ചെയ്യാൻ എന്നിരിക്കെ ഫിനാൻസ് സെക്ഷൻ ഹെഡ്‌ക്ലർക്കായ രാജഗോപാൽ ബജറ്റ് പ്രൊവിഷനിൽ ലഭിച്ച തുക നടപടിക്രമങ്ങൾ പാലിക്കാതെ സ്വന്തം തലത്തിൽ അലോട്ട്മെന്റ് നൽകിയത് ഗുരുതരമായ കൃത്യവിലോപമാണ്. വകുപ്പിലെ ഫിനാൻസ് ഓഫിസറോ ഡയറക്ടറോ അറിയാതെ തുക നൽകിയശേഷം അതിനുള്ള നടപടിക്രമങ്ങൾ പുറപ്പെടുവിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. പ്ലാൻ-നോൺ പ്ലാൻ ഫണ്ടുകൾ വിതരണം ചെയ്യുന്നത് ഫിനാൻസ് ഓഫിസർതലത്തിൽ ഫയൽ സമർപ്പിച്ച് ഡയറക്ടറുടെ അനുമതിയോടുകൂടി നടപടിക്രമങ്ങൾ പാലിച്ചാണ്. ഇതൊന്നും ഇവിടെ നടന്നിട്ടില്ല.

സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിനും നിയമനത്തിനുമായുള്ള പൊതു മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിച്ചാണ് നടത്തുന്നത്. ഇക്കാര്യത്തിൽ 2017 ഫെബ്രുവരി 25ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വകുപ്പുകളിലെ പൊതു സ്ഥലംമാറ്റങ്ങൾ നടക്കുന്നത്. ഈ ഉത്തരവനുസരിച്ച് എല്ലാ വകുപ്പുകളും ജീവനക്കാരുടെ ഇലക്ട്രോണിക് ഡേറ്റാബേസ് തയാറാക്കി സൂക്ഷിക്കേണ്ടതും സ്ഥലംമാറ്റത്തിന്റെയും നിയമനത്തിന്റെയും നടപടികൾ ഓൺലൈൻ സമ്പ്രദായത്തിൽ നടത്തേണ്ടതാണെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഇതി​ന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വകുപ്പുകളിലെ പൊതു സ്ഥലംമാറ്റവും നിയമനവും നടത്തുന്നത്.

മണ്ണ് പര്യവേക്ഷണ -സംരക്ഷണ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ പൂർണതോതിൽ നടപ്പാക്കിയിട്ടില്ല. 2017-18ൽ ഇലക്ട്രോണിക് നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ ഓൺലൈൻ ട്രാൻസ്ഫർ നടന്നിട്ടില്ല. 2019-20 ൽ കോവിഡും അനുബന്ധ സാഹചര്യങ്ങളും കാരണം ട്രാൻസ്ഫർ നടപടി പൂർത്തീകരിച്ചില്ല. 2021ൽ ഓൺലൈൻ ട്രാൻസ്ഫർ ആരംഭിച്ചിരുന്നുവെങ്കിലും കബനി പദ്ധതിയുടെ കീഴിലെ സൂപ്പർ ന്യൂമററി തസ്തികയുമായി ബന്ധപ്പെട്ട ജീവനക്കാരെ പുനർവിന്യസിക്കുന്നതിലെ പ്രശ്നങ്ങൾ കാരണം ഓൺലൈൻ പൊതു സ്ഥലംമാറ്റം നടന്നിട്ടില്ല.

 

കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിൽ ഒന്ന്

2022ൽ മാത്രമാണ് ഭാഗികമായെങ്കിലും സ്പാർക് അധിഷ്ഠിത പൊതു സ്ഥലംമാറ്റം നടന്നിട്ടുള്ളത്. സർക്കാർ വകുപ്പുകളിലെ പൊതു സ്ഥലംമാറ്റം ഓൺലൈൻ സമ്പ്രദായത്തിൽ കൂടി മാത്രമേ നടത്തേണ്ടതുള്ളൂവെന്ന സർക്കാർ ഉത്തരവി​ന്റെ ലംഘനമാണ് വകുപ്പിൽ നടന്നത്. ഉത്തരവിറങ്ങി ആറു വർഷക്കാലമായിട്ടും പൂർണതോതിൽ ഓൺലൈൻ പൊതു സ്ഥലംമാറ്റം നടപ്പാക്കിയിട്ടില്ല. വകുപ്പിലെ ഉദ്യോഗസ്ഥർക്ക് യഥേഷ്ടം തങ്ങൾക്ക് അനുയോജ്യമായ ഓഫിസുകൾ തിരഞ്ഞെടുത്ത് ജോലി ചെയ്യാനും അപ്രിയമുള്ള ഉദ്യോഗസ്ഥരെ വളരെ ദൂരത്തുള്ള ഓഫിസുകളിലേക്ക് സ്ഥലം മാറ്റാനും ഇതുമൂലം സാധിക്കുന്നു.

സ്ഥലംമാറ്റ അപേക്ഷ ഡയറക്ടറേറ്റിൽ സമർപ്പിച്ച് ഡയറക്ടറുടെ നടപടിക്രമമനുസരിച്ചാണ് പൊതു സ്ഥലംമാറ്റം നടത്തുന്നത്. ഇത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വഴിയൊരുക്കും. 23 വർഷമായി സ്ഥലംമാറ്റമില്ലാത്ത ഉദ്യോഗസ്ഥർ വരെയുണ്ട്. എട്ടുപേർ 10 വർഷത്തിലധികമായി ഡയറക്ടറേറ്റിലുണ്ട്. വകുപ്പിലെ സ്വാധീനം ഉപയോഗിച്ച് പല തസ്തികകളിലും കാലങ്ങളായി ഒരേ ഓഫിസിൽ ജോലി നോക്കുന്നവരുണ്ട്. ഇത് മറ്റുള്ള ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ അവസരനിഷേധമാണ്. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പൊതു സ്ഥലംമാറ്റം നടക്കുന്നതെന്ന പരാതിയിലെ ആരോപണം ശരിയാണെന്ന് പരിശോധനയിൽ വ്യക്തമായി.

‘സ്പെഷൽ ഡ്യൂട്ടി’ സമ്പ്രദായം

വിവിധ മണ്ണ് സംരക്ഷണ ഓഫി‌സുകൾ വഴി നടപ്പാക്കുന്ന പദ്ധതികളുടെ എണ്ണവും അടങ്കൽ തുകയും വിവിധ ജില്ലകളിൽ വ്യത്യസ്ത രീതിയിലാണ്. ചില ജില്ലകളിൽ കൂടുതൽ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുകയും, പദ്ധതിപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ജീവനക്കാരുടെ അപര്യാപ്തത ഉണ്ടാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പദ്ധതികൾ കുറവുള്ള ജില്ലകളിൽനിന്നും സമയബന്ധിതമായ പദ്ധതി പൂർത്തീകരണത്തിനുവേണ്ടി ജീവനക്കാരെ താൽക്കാലികമായി പുനർവിന്യസിക്കുന്ന സമ്പ്രദായമാണ് ‘സ്പെഷൽ ഡ്യൂട്ടി’.

പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കാൻ ആവശ്യമായി വരുന്ന സാങ്കേതിക ജീവനക്കാർക്കും മറ്റ് അനുബന്ധ ജീവനക്കാർക്കും ‘സ്പെഷൽ ഡ്യൂട്ടി’ കഴിയുന്നതും അവരവരുടെ ജില്ലകളിൽ നൽകുന്നു. എന്നാൽ ഇതിനേക്കാൾ പദ്ധതികൾ നടപ്പാക്കുന്ന മറ്റു സർക്കാർ വകുപ്പുകളിൽ ‘സ്പെഷൽ ഡ്യൂട്ടി’ സമ്പ്രദായം നിലനിൽക്കുന്നില്ല. വകുപ്പിലെ സ്പെഷൽ ഡ്യൂട്ടി സമ്പ്രദായം ദുരുപയോഗം ചെയ്തതായി ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗസ്ഥർ യഥേഷ്ടം തങ്ങൾക്ക് അനുയോജ്യമായ ഓഫിസുകൾ ‘സ്പെഷൽ ഡ്യൂട്ടി’ എന്ന പേരിൽ തിരഞ്ഞെടുക്കുന്നു. ഇത്തരത്തിൽ നടക്കുന്ന ‘സ്പെഷൽ ഡ്യൂട്ടി’ക്ക് സർക്കാർതല ഉത്തരവുകളോ അനുമതിയോ ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ അപേക്ഷ സമർപ്പിക്കുകയും ഡയറക്ടറുടെ നടപടിപ്രകാരം സ്ഥലം മാറ്റം ലഭിക്കുകയും ചെയ്യുന്നു.

നിലവിൽ ധാരാളം ഉദ്യോഗസ്ഥർ ‘സ്പെഷൽ ഡ്യൂട്ടി’ വ്യവസ്ഥയിൽ ജോലി ചെയ്യുന്നുണ്ട്. സ്പാർക് അധിഷ്ഠിത പൊതു സ്ഥലംമാറ്റം ലഭിച്ചശേഷം ഉദ്യോഗസ്ഥർക്ക് ‘സ്പെഷൽ ഡ്യൂട്ടി’ അപേക്ഷ കൊടുത്ത് വീണ്ടും പഴയ ഓഫിസിൽ ജോലി ചെയ്യാൻ സാധിക്കും. പൊതു സ്ഥലംമാറ്റത്തി​ന്റെ പ്രസക്തിതന്നെ ഇതുമൂലം നഷ്ടമാകുന്നു. ‘സ്പെഷൽ ഡ്യൂട്ടി’ വ്യവസ്ഥയിൽ നിയമിതനാകുന്ന വ്യക്തി മാതൃ ഓഫിസിലെയും സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഓഫിസുകളിലെയും ജോലിചെയ്യേണ്ടതുണ്ട്.

രണ്ട് ഓഫിസുകളിലെ ജോലികൾ എത്രത്തോളം കാര്യക്ഷമമായി ചെയ്യാൻ സാധിക്കുമെന്നതിൽ വ്യക്തതയില്ല. അംഗീകൃത തസ്തികകളും അവയുടെ എണ്ണവും നിർണയിച്ചിട്ടുള്ള ഡയറക്ടറേറ്റിൽ ഇത്രയധികം ഉദ്യോഗസ്ഥർ സ്പെഷൽ ഡ്യൂട്ടി വ്യവസ്ഥയിൽ ജോലിചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നതിൽ വ്യക്തതയില്ല. മലപ്പുറം, തൃശൂർ ജില്ല ഓഫിസുകളിലെ ക്ലർക്കുമാർ ഇത്തരത്തിൽ വകുപ്പ് ഡയറക്ടറേറ്റിൽ സ്പെഷൽ ഡ്യൂട്ടി ചെയ്യുന്നു. ഡയറക്ടറേറ്റിൽതന്നെ ജോലിനോക്കുന്ന മറ്റ് ഉദ്യോഗസ്ഥർക്ക് അധികച്ചുമതല നൽകാമെന്നിരിക്കെയാണ് മലപ്പുറം, തൃശൂർ ജില്ല മണ്ണ് സംരക്ഷണ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ സ്പെഷൽ ഡ്യൂട്ടിക്കായി നിയമിക്കുന്നത്.

സ്പെഷൽ ഡ്യൂട്ടി നിയമനം ലഭിച്ചവർ മാതൃ ഓഫിസിൽനിന്നും വിടുതൽ വാങ്ങി ഡയറക്ടറേറ്റിൽ ജോലിചെയ്യുന്നു. ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക് സൗകര്യമാകുംവിധം വീടിനടുത്തുള്ള ഓഫിസിൽ ജോലി ലഭിക്കുന്നു. മാതൃ ഓഫിസിൽ ഹാജരാകാതെ അവിടത്തെ ജോലികൾ എങ്ങനെ കാര്യക്ഷമമായി പൂർത്തിയാക്കാൻ സാധിക്കും എന്നതിലും വ്യക്തതയില്ല. ഡയറക്ടറേറ്റിന് സമാനമായി തൃശൂർ ജില്ല മണ്ണ് സംരക്ഷണ ഓഫിസിലും ധാരാളം ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഡ്യൂട്ടി വ്യവസ്ഥയിൽ നിയമിച്ചു. ഇത്തരത്തിൽ ക്രമപ്രകാരമല്ലാത്തതും വ്യക്തിതാൽപര്യങ്ങൾ മുൻനിർത്തിയുള്ളതുമായ ഉദ്യോഗസ്ഥ വിന്യാസമാണ് മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പിൽ സ്പെഷൽ ഡ്യൂട്ടി എന്ന പേരിൽ നടക്കുന്നത്.

ഡയറക്ടറേറ്റിൽ ക്ലർക്ക് ആയി ജോലിചെയ്യുന്ന ഉദ്യോഗസ്ഥ തളിപ്പറമ്പ് ഓഫിസിലേക്ക് മൂന്നു മാസത്തേക്ക് സ്പെഷൽ ഡ്യൂട്ടിക്ക് 2023 ജനുവരി 28ന് ഡയറക്ടർ അനുമതി നൽകി. ഈ വ്യക്തിയുടെ ആവശ്യപ്രകാരമാണ് സ്പെഷൽ ഡ്യൂട്ടി അനുവദിച്ചത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി കുറച്ചുനാൾ കണ്ണൂർ ജില്ലയിൽ നിൽക്കേണ്ടതിനാൽ തളിപ്പറമ്പ് ഓഫിസിലേക്ക് സ്പെഷൽ ഡ്യൂട്ടി ആവശ്യപ്പെട്ടു. ഒരു മാസത്തിനകം അത് അനുവദിച്ച് കിട്ടി. ഡയറക്ടറേറ്റിലെ ഫിനാൻസ് വിഭാഗത്തിലെ പ്രധാനപ്പെട്ട രണ്ട് സീറ്റുകൾ കൈകാര്യംചെയ്യുന്ന, ബജറ്റ് അലോക്കേഷനുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യംചെയ്യുന്ന സീറ്റുകളാണിവ. ഉത്തരവിൽ ഡയറക്ടറേറ്റിൽ കൈകാര്യം ചെയ്യുന്ന ഫിനാൻസ് സെക്ഷ​ന്റെ ഇ-ഫയലുകൾ തുടർന്നും കൈകാര്യം ചെയ്യേണ്ടതാണെന്ന് നിർദേശിച്ചിരിക്കുന്നു.

 

ഡയറക്ടറേറ്റിൽ ഫിനാൻസ് സെക്ഷനിലെ തിരക്കുള്ള സീറ്റുകളിലെ പ്രധാന ഫയലുകൾ തളിപ്പറമ്പ് ഓഫിസിലിരുന്ന് കൈകാര്യം ചെയ്യാമെന്ന സ്ഥിതിവിശേഷമാണ് ഇതുവഴിയുണ്ടായത്. തളിപ്പറമ്പ് ഓഫിസിൽ ക്ലർക്ക് തസ്തികയിൽ ഒഴിവുകളില്ല. അപ്പോഴാണ് തസ്തിക ഒഴിവില്ലാത്ത ഓഫിസിലേക്ക് അധികച്ചുമതല നൽകിയത്. ഈ വ്യക്തി തളിപ്പറമ്പ് ഓഫിസിൽ വരുന്നുണ്ടോ എന്നതിലും ഇവരുടെ ഹാജർ സംബന്ധിച്ച വിവരങ്ങളുമെല്ലാം അവ്യക്തമാണ്. ഇത്തരത്തിൽ മറ്റൊരു വകുപ്പിലും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് മണ്ണ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സ്പെഷൽ ഡ്യൂട്ടി വ്യവസ്ഥയിൽ നൽകുന്നത്.

റിപ്പോർട്ടിൽ നടപടി

റീബിൽഡ് കേരളയിൽ മണ്ണിടിച്ചിൽ തടയുന്നതിനും വെള്ളപ്പൊക്ക നിവാരണത്തിനും പാടശേഖരത്തിലെ ബണ്ട് നിർമാണത്തിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമായി അനുവദിച്ച പദ്ധതി തുക ഡയറക്ടറേറ്റിലെയും വകുപ്പിലെ മറ്റ് ഓഫിസുകളിലെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ഉപയോഗിച്ചത് ഗുരുതരമായ ചട്ടലംഘനമാണ്. പദ്ധതി തുക വകമാറ്റി ചെലവഴിക്കാൻ അനുമതി നൽകിയ വകുപ്പ് ഡയറക്ടറുടെ നടപടി അത്യന്തം ഗുരുതരമായ കൃത്യവിലോപമാണ്. ഇത്തരത്തിൽ പദ്ധതി തുക വകമാറ്റി ചെലവഴിച്ച വകുപ്പ് ഡയറക്ടർക്കെതിരെ ഭരണവകുപ്പ് ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നാണ് ഒന്നാമത്തെ ശിപാർശ.

മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിൽ ഇ-ഓഫിസ് സംവിധാനം നടപ്പാക്കാനായി വിലകൂടിയ ഹൈ എൻഡ് ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങിയത് പദ്ധതി തുകയുടെ ദുർവ്യയമാണ്. വകുപ്പിൽ കമ്പ്യൂട്ടർ, ലാപ്ടോപ്, മറ്റ് അനുബന്ധ ഉപകരണങ്ങളുടെ തൽസ്ഥിതി വിലയിരുത്തി ഇ-ഓഫിസ് നടപ്പാക്കുന്നതിനായി ഇനിയും ഐ.ടി ഉപകരണങ്ങൾ ആവശ്യമുണ്ടോയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഈ ഇനത്തിൽ ബജറ്റ് വിഹിതം റിലീസ് ചെയ്യുന്നുള്ളൂ എന്ന് ഭരണവകുപ്പ് ഉറപ്പ് വരുത്തണം. വകുപ്പിലെ ഹെഡ് ക്ലർക്കായ പി.എസ്. രാജഗോപാലിനെതിരെ കർശനമായ വകുപ്പുതല നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണം.

ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുംവിധം വസ്തുതാവിരുദ്ധമായി മറുപടി നൽകിയ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഭരണവകുപ്പ് ഉചിതമായ വകുപ്പുതല നടപടി സ്വീകരിക്കണം. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പൊതു സ്ഥലംമാറ്റമാണ് വകുപ്പിൽ നടന്നുവരുന്നത്. സ്പാർക് അധിഷ്ഠിതമായ ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം വകുപ്പിൽ നടപ്പാകാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിനും നിയമനത്തിനുമായുള്ള പൊതു മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നൽകി 2017 ഫെബ്രുവരി 25ന് ഉത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ വകുപ്പിലെ പൊതു സ്ഥലംമാറ്റം നടപ്പാക്കാനുള്ള നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണം. വകുപ്പിലെ പൊതു സ്ഥലംമാറ്റത്തിന്റെ നോഡൽ ഓഫിസറായി അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ ചുമതലപ്പെടുത്തണം.

സർക്കാർ അനുമതിയില്ലാതെ സ്പെഷൽ ഡ്യൂട്ടി വ്യവസ്ഥയിൽ ജോലിനോക്കിവരുന്ന ജീവനക്കാരെ അടിയന്തരമായി തിരികെ അവരവരുടെ മാതൃ ഓഫിസുകളിൽ നിയമിക്കണം. പ്ലാൻ-നോൺ പ്ലാൻ ഫണ്ടുകളുടെ അലോക്കേഷൻ സംബന്ധിച്ച ഫയലുകൾ ഫിനാൻസ് ഓഫിസർതലത്തിൽ സമർപ്പിച്ച് വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തോടെ നടപടി പുറപ്പെടുവിക്കണം.

എന്നാൽ, വകുപ്പ് ഡയറക്ടറേറ്റിൽ ഫിനാൻസ് സെക്ഷൻ ഹെഡ് ക്ലർക്കായ പി.എസ്. രാജഗോപാൽ ഇത്തരത്തിലുള്ള ഫയലുകളിൽ ഫിനാൻസ് ഓഫിസറോ വകുപ്പ് ഡയറക്ടറോ കാണാതെ നടപടികൾ സ്വീകരിച്ചു. ഉയർന്ന ഉദ്യോഗസ്ഥർ അറിയാതെ പ്ലാൻ-നോൺ പ്ലാൻ ഫണ്ടുകൾ അലോട്ട് ചെയ്തതു വഴി വകുപ്പിന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ തുക രാജഗോപാലിൽനിന്നും ഈടാക്കാനുള്ള നടപടി ഭരണവകുപ്പ് സ്വീകരിക്കണം. മേലിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനും ഭരണ വകുപ്പ് കർശന നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT