പൊ​തുപ്ര​വ​ർ​ത്ത​ന​വും നി​യ​മ​പ​ഠ​ന​വും

ടെ​​​ല​ി​​ഫോ​​​ൺ എ​​​ക്സ്ചേ​​​ഞ്ചി​​​ലെ ജോലി വിട്ട്​ നിയമപഠനത്തിനു ചേരാൻ തീരുമാനിക്കുന്നു. പഠനത്തിനൊപ്പം ട്യൂഷൻ സെന്ററിൽ ജോലിചെയ്യുന്നു. ആ അനുഭവം എഴുതുന്നതിനൊപ്പം താൻകൂടി പങ്കാളിയായ ‘പരിസരവേദി’യുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കുന്നു.ഉ​ള്ള തൊ​ഴി​ൽ -ദി​വ​സവേ​ത​ന​മാ​ണെ​ങ്കി​ലും- ഉ​പേ​ക്ഷി​ക്കു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ത​ത്ത്വചി​ന്ത​യി​ലെ ബി​രു​ദം ‘ഭ​ക്ഷ്യ​സു​ര​ക്ഷ’ ഉ​റ​പ്പുന​ൽ​കാ​ൻ പോ​ന്ന​താ​യി​രു​ന്നി​ല്ല. ക​ഷ്ടി​ച്ചു മു​ന്നോ​ട്ടു​പോ​യ ‘പ​രി​സ​ര​വേ​ദി’ ബു​​ള്ള​​റ്റി​​ൻ ആ​​ക​​ട്ടെ, വ​​രു​​മാ​​ന​​ത്തി​​നു​​ള്ള...

ടെ​​​ല​ി​​ഫോ​​​ൺ എ​​​ക്സ്ചേ​​​ഞ്ചി​​​ലെ ജോലി വിട്ട്​ നിയമപഠനത്തിനു ചേരാൻ തീരുമാനിക്കുന്നു. പഠനത്തിനൊപ്പം ട്യൂഷൻ സെന്ററിൽ ജോലിചെയ്യുന്നു. ആ അനുഭവം എഴുതുന്നതിനൊപ്പം താൻകൂടി പങ്കാളിയായ ‘പരിസരവേദി’യുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കുന്നു.

ഉ​ള്ള തൊ​ഴി​ൽ -ദി​വ​സവേ​ത​ന​മാ​ണെ​ങ്കി​ലും- ഉ​പേ​ക്ഷി​ക്കു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ത​ത്ത്വചി​ന്ത​യി​ലെ ബി​രു​ദം ‘ഭ​ക്ഷ്യ​സു​ര​ക്ഷ’ ഉ​റ​പ്പുന​ൽ​കാ​ൻ പോ​ന്ന​താ​യി​രു​ന്നി​ല്ല. ക​ഷ്ടി​ച്ചു മു​ന്നോ​ട്ടു​പോ​യ ‘പ​രി​സ​ര​വേ​ദി’ ബു​​ള്ള​​റ്റി​​ൻ ആ​​ക​​ട്ടെ, വ​​രു​​മാ​​ന​​ത്തി​​നു​​ള്ള ഉ​​പാ​​ധി​​യു​​മാ​​യി​​രു​​ന്നി​​ല്ല. ടെ​​​ലിഫോ​​ൺ എ​​ക്സ​്ചേ​​ഞ്ചി​​ലെ ത​​ന്നെ കെ.​​കെ. സ​​ത്യ​​നും നാ​​ട്ടി​​ലെ കെ.​​പി. ത​​മ്പാ​​നും മ​​റ്റും ന​ൽ​കി​യ പി​ന്തു​ണ​യി​ൽ അ​ത​ങ്ങ​നെ ന​ട​ന്നുപോ​യി എ​ന്നുമാ​ത്രം. പ​ക്ഷേ, ടെ​ല​ിഫോ​ൺ എ​ക്സ്ചേ​ഞ്ചി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ്നേ​ഹ​ത്തി​നോ പി​ന്തു​ണ​ക്കോ ആ ​തൊ​ഴി​ലി​ന്റെ ഏ​ക​താ​ന​ത​യോ അ​തു ന​ൽ​കു​ന്ന മ​ടു​പ്പോ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ങ്ങ​നെ​യെ​ല്ലാ​മാ​ണ് ഒ​ടു​വി​ൽ ആ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ടെലിഫോൺ എ​ക്സ്ചേ​ഞ്ചി​ലെ ജോ​ലി വി​ടാ​നും കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജി​ൽ നി​യ​മബി​രു​ദ പ​ഠ​ന​ത്തി​ന് ചേ​രാ​നും. അ​തി​നു പ്ര​ചോ​ദ​ന​മാ​യ​ത് എം.​പി. ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ എ​ന്ന വ​ലി​യ അ​ഭി​ഭാ​ഷ​ക​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ ഒ​രു യാ​ദൃ​ച്ഛിക സ​ന്ദ​ർ​ശ​ന​മാ​ണെ​ന്ന​ത് വി​ചി​ത്ര​മാ​യി തോ​ന്നാം. എ​ന്നാ​ൽ, ചി​ല യാ​ദൃ​ച്ഛികത​ക​ളാ​ണ് ചി​ല​പ്പോ​ൾ ആ​സൂ​ത്ര​ണ​ങ്ങ​ളാ​യി പ​രി​ണ​മി​ക്കു​ക.

ജോ​ലി വി​ടു​ന്ന​തി​നെ​ക്കു​റി​ച്ചു​ണ്ടാ​യ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​​പ്പോ​ഴും നി​യ​മവി​ദ്യാ​ഭ്യാ​സ സ​മ​യ​ത്ത് ജീ​വി​ക്കാ​നു​ള്ള വ​രു​മാ​നം ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​യി​രു​ന്നു. ചി​ല സ​മാ​ന്ത​ര കോ​ള​ജു​ക​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക്ലാ​സ് എ​ടു​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന​ന്വേ​ഷി​ച്ചുനോ​ക്കി. കോ​ഴി​ക്കോ​ട്ടെ രാ​മ​ദാ​സ് വൈ​ദ്യ​രു​ടെ സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നു, ഇ​ത്ത​രം അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്. ടെലിഫോൺ എ​ക്സ്ചേ​ഞ്ചി​ലെ ജോ​ലിസ​മ​യ​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു ബു​ള്ള​റ്റി​നി​ൽ പ്ര​കൃ​തി കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള കു​റി​പ്പു ക​ണ്ട് ‘പ​രി​സ​ര​വേ​ദി’​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​ൻ വ​ന്ന ഒ​രു വ​ലി​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും അ​ക്കാ​ല​ത്ത് കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്- ‘ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​’ലെ എ​ൻ. മാ​ധ​വ​ൻ​കു​ട്ടി. മാ​ധ​വ​ൻ കു​ട്ടി​യും ഭാ​ര്യ നി​ർ​മ​ല​ ചേ​ച്ചി​യു​മാ​യു​ള്ള സ്നേ​ഹ സൗ​ഹൃ​ദം ആ​രം​ഭി​ച്ച​ത് ഇ​ക്കാ​ല​ത്താ​ണ്. അ​തി​ന്നും തു​ട​രു​ന്നു. അ​വ​രും വ​രു​മാ​ന​ര​ഹി​ത​മാ​യ ലോ ​കോ​ള​ജ് ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്.

സ​മാ​ന്ത​ര ജോ​ലി​ക്കു​ള്ള അ​ന്വേ​ഷ​ണം തു​ട​ർ​ന്നു. ചെ​റി​യൊ​രു വ​രു​മാ​ന​മി​ല്ലാ​തെ പ​ഠി​ത്തം തു​ട​രാ​ൻ ക​ഴി​യി​ല്ല. വീ​ട്ടി​ൽ അ​മ്മ​യു​ടെ വ​രു​മാ​നം സ​ഹോ​ദ​രി​മാ​രു​ടെ പ​ഠ​ന​ത്തി​നും മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ വ​ലി​യൊ​രു സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം -ലോ ​കോ​ള​ജി​ലെ സ​മ്പ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​തു പോ​ലെ- എ​നി​ക്കി​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ, കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഒ​രു സ​മാ​ന്ത​ര കോ​ള​ജി​ൽ സാ​യാ​ഹ്ന കോ​ഴ്സു​ക​ൾ ഉ​ണ്ടാ​യി​ട്ടും പ്രി​ൻ​സി​പ്പ​ൽ വെ​ട്ടി​ത്തു​റ​ന്നു പ​റ​ഞ്ഞു, ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യം ഷേ​ക്സ്പി​യ​റി​നെ​യും വേ​ഡ്സ്‍വ​ർ​ത്തി​നെ​യും ഷെ​ല്ലി​യെ​യും മി​ൽ​ട്ടണെ​യു​മാ​ണ്; അ​ല്ലാ​തെ ബ​ർ​ട്ര​ന്റ് റ​സ​ലി​നെ​യോ ഹെ​ഗ​ലി​നെ​യോ കാ​ന്റി​നെ​യോ അ​ല്ല. ഞാ​ൻ നേ​ടി​യ ഫി​ലോ​സ​ഫി ബി​രു​ദ​ത്തി​ന്റെ പ്ര​യോ​ജ​ന​മി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചു​ള്ള ഒ​രോ​ർ​മ​പ്പെടു​ത്ത​ലാ​യി​രു​ന്നോ അ​തെ​ന്ന​റി​യി​ല്ല. എ​ന്നാ​ൽ, നി​യ​മബി​രു​ദം അ​ങ്ങ​നെ നി​ഷ്പ്ര​യോ​ജ​ന​മാ​കില്ല എ​ന്ന പ്ര​തീ​ക്ഷ അ​പ്പോ​ഴും ജ്വ​ലി​ച്ചുനി​ന്നു. അ​തി​നു ക​ള​മൊ​രു​ക്കി​യ എ​ന്റെ ബി​രു​ദം എ​ന്റെ ജീ​വ​നു തു​ല്യ​മാ​യി​രു​ന്നു. ഒ​രുവേ​ള, ജീ​വ​ൻത​ന്നെ​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ കോ​ഴി​ക്കോ​ട്ടെ ബ​ന്ധു​വാ​യ ദി​വാ​ക​രേ​ട്ട​ന്റെ ശി​പാ​ർ​ശ​യി​ൽ ത​ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പി.​സി.​കെ. രാ​ജ ന​ട​ത്തി​യ ട്യൂ​ഷ​ൻ സെ​ന്റ​റി​ൽ വൈ​കു​ന്നേ​ര ക്ലാ​സു​ക​ൾ കൈ​കാ​ര്യംചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടി. അ​തുകൂ​ടാ​തെ കോ​ഴി​ക്കോ​ട്ടെ ഒ​രു വ​ലി​യ അ​ഭി​ഭാ​ഷ​ക​ന്റെ മ​ക​ന് ട്യൂ​ഷ​നെ​ടു​ത്തു. ഇ​തെ​ല്ലാം ചെ​റി​യ വ​രു​മാ​ന മാ​ർ​ഗ​മാ​യി. ഇ​ങ്ങ​നെ വീ​ട്ടി​ൽ പോ​യി പ​ഠി​പ്പി​ച്ച അ​ഭി​ഭാ​ഷ​ക​ന്റെ മ​ക​നെ ഒ​രു​പാ​ടു കാ​ല​ത്തി​നു ശേ​ഷം കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി ക​ണ്ടു. അ​​പ്പോ​ഴേ​ക്കും ജീ​വി​തം മാ​റി​മ​റി​ഞ്ഞി​രു​ന്നു. ഇ​ന്നും കോ​ട​തി​യി​ൽ ആ ‘​കു​ട്ടി’​യെ കാ​ണു​മ്പോ​ൾ ന​ട​ന്നുതീ​ർ​ത്ത വ​ഴി​ക​ൾ ഓ​ർ​മവ​രും. ജീ​വി​തഘ​ടി​കാ​ര​ത്തി​ന്റെ സൂ​ചി​ക​ൾ ത​നി​യെ പി​റ​കോ​ട്ട് ച​ലി​ക്കും.

ഏ​​താ​​യാ​​ലും ലോ​​ കോ​​ള​​ജ് വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നി​​ട​​യി​​ലും ‘പ​​രി​​സ​​ര​​വേ​​ദി’ ബു​​ള്ള​​റ്റി​​ൻ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​വും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന​​വും തു​​ട​​രാ​​നാ​​യി. കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ളജി​​​ലെ ബ്ര​​ഹ്മ​​പു​​ത്ര​​നും കൃ​​ഷ്ണ​​കു​​മാ​​റും വേ​​ദി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ​​ സ​​ജീ​​വ​​മാ​​യ പി​​ന്തു​​ണ​​യാ​​ണ് ന​​ൽ​​കി​​യ​​ത്. ടെ​​ലി​​​ഫോ​​ൺ എ​​ക്സ്ചേ​​ഞ്ചി​​ലെ സ​​ത്യ​​നും അ​​തി​​നി​​ടെ മെ​​ഡി​​ക്ക​​ൽ കോ​​ളജി​​ൽ എം.​​ബി.​​ബി.​​എ​​സ് കോ​​ഴ്സി​​നു ചേ​​ർ​​ന്നുക​​ഴി​​ഞ്ഞി​​രു​​ന്നു. സ​​ത്യ​​നും വേ​​ദി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സ​​ജീ​​വ പ​​ങ്കാ​​ളി​​ത്തം തു​​ട​​ർ​​ന്നു.

ആ​​യി​​ടെ ‘പ​​രി​​സ​​ര​​വേ​​ദി’ ന​​ട​​ത്തി​​യ ഒ​​രു സ​​മ​​ര​​ത്തി​​ന്റെ ക​​ഥ ഇ​​ന്ന് ആ​​രി​​ലും കൗ​​തു​​ക​​മു​​യ​​ർ​​ത്തി​​യേ​​ക്കാം. ആ​​കാ​​ശവാ​​ണി​​യി​​ൽ പ​​ര​​സ്യ​​ങ്ങ​​ൾ പ്ര​​ക്ഷേ​​പ​​ണം ചെ​​യ്യു​​ന്ന​​തി​​നെ​​തി​​രെ​​യാ​​യി​​രു​​ന്നു ആ ​​സ​​മ​​രം! ആ​​കാ​​ശ​​വാ​​ണി​​യെ പ​​ര​​സ്യ​​വാ​​ണി​​യാ​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ലെ വാ​​ണി​​ജ്യ​​ത​​ാൽ​​പ​​ര്യ​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​കൊ​​ണ്ട് ഞ​​ങ്ങ​​ൾ ‘പ​​രി​​സ​​ര​​വേ​​ദി​​’യു​​ടെ ബാ​​ന​​റി​​ൽ ഒ​​രുദി​​വ​​സ​​ത്തെ നി​​രാ​​ഹാ​​ര സ​​മ​​രം ന​​ട​​ത്തി -കോ​​ഴി​​ക്കോ​​ട് ആ​​കാ​​ശ​​വാ​​ണി കെ​​ട്ടി​​ട​​ത്തി​​നു മു​​ന്നി​​ൽ​​. മ​​റ്റൊ​​രു സ​​മ​​രം ന​​ട​​ത്തി​​യ​​ത് ചി​​ല ഡോ​​ക്ട​​ർ​​മാ​​രു​​ടെ നി​​ക്ഷി​​പ്ത താ​​ൽ​​പ​​ര്യ​​ത്തി​​ലൂ​​ന്നി​​യ ചി​​കി​​ത്സാ​​രീ​​തി​​ക​​ളെ വി​​മ​​ർ​​ശി​​ക്കാ​​നാ​​യി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ അ​​ശ്ര​​ദ്ധ​​​മൂലമുള്ള മ​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​കു​​ല​​ത​​ക​​ളും പ​​ങ്കു​​വെ​​ച്ചു. ഇത്തരം ഒരു വിഷയത്തിൽ മുഖ്യമന്ത്രിക്ക് ആയിരം രോ​​ഗി​​ക​​ളെക്കൊ​​ണ്ട് ക​​ത്ത​​യ​​ച്ച് ക​​ാമ്പ​​യി​​ൻ സം​​ഘ​​ടി​​പ്പി​​ച്ചു. അ​​ന്ന് ഇ.​​കെ. നാ​​യ​​നാ​​ർ ആ​​യി​​രു​​ന്നു മു​​ഖ്യ​​മ​​​ന്ത്രി. ഈ ​​സ​​മ​​ര​​ത്തെ നാ​​യ​​നാ​​രു​​ടെ ഉ​​ലു​​വ പ്രേ​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ബി.​​എം.​​ ഗ​​ഫൂ​​ർ ‘മാ​​തൃ​​ഭൂ​​മി’​​യ​​ിൽ കാ​​ർ​​ട്ടൂ​​ൺ വ​​ര​​ച്ചു. ‘പ​​രി​​സ​​ര​​വേ​​ദി​​’യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ആ​​സ്ഥാ​​നം ത​​ല​​ശ്ശേ​​രി​​യി​​ൽനി​​ന്ന് കോ​​ഴി​​ക്കോ​​ട്ടേ​​ക്ക് മാ​​റി. ചാ​​ല​​പ്പു​​റ​​ത്തെ താ​​മ​​സി​​ച്ചുവ​​ന്ന ലോ​​ഡ്ജ് മു​​റി​​ത​​ന്നെ​​യാ​​യി​​രു​​ന്നു പ​​രി​​സ്ഥിതി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ​​യും ‘പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​’ത്തി​​​ന്റെ​​യും ആ​​സ്ഥാ​​നം.

അ​​തി​​നി​​ടെ ഏ​​തോ ഒ​​രു പ​​രി​​പാ​​ടി​​യു​​മാ​​യി​​ ബ​​ന്ധ​​പ്പെ​​ട്ട് ജോ​​ർ​​ജ് ​ഫെ​​ർ​​ണാ​​ണ്ട​​സ് കോ​​ഴി​​ക്കോ​​ട് വ​​ന്ന​​പ്പോ​​ൾ പോ​​യി സം​​സാ​​രി​​ച്ചു -തൊ​​ഴി​​ൽ മേ​​ഖല​​യി​​ലെ ചൂ​​ഷ​​ണ​​ങ്ങ​​​ളെ​​ക്കു​​റി​​ച്ചും മ​​റ്റും. ‘പ​​രി​​സ​​രവേ​​ദി’ ബു​​ള്ള​​റ്റി​​നി​​ൽ മി​​ക​​ച്ച എ​​ഴു​​ത്തു​​കാ​​ർകൂ​​ടി എ​​ഴു​​താ​​ൻ തു​​ട​​ങ്ങി. സി​​വി​​ക് ച​​ന്ദ്ര​​നും സ​​ച്ചി​​ദാ​​ന​​ന്ദനും മ​​റ്റും പ​​​ങ്കെ​​ടു​​ത്ത ജീ​​വി​​തശൈ​​ലി രാ​​ഷ്ട്രീ​​യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ച​​ർ​​ച്ച ബു​​ള്ള​​റ്റി​​നി​​ൽ ഇ​​ടം​​പി​​ടിച്ച​​തും ഇ​​ക്കാ​​ല​​ത്താ​​ണ്. ധൈ​​ഷ​​ണി​​ക സം​​വാ​​ദ​​ങ്ങ​​ളും ലി​​റ്റി​​ൽ മാ​​ഗ​​സി​​നു​​ക​​ളും കേ​​ര​​ള​​ത്തി​​ന്റെ ബൗ​​ദ്ധിക പ​​രി​​സ​​ര​​​ത്തെ ആ​​ഴ​​ത്തി​​ൽ സ്വാ​​ധീ​​നി​​ച്ച കാ​​ല​​ഘ​​ട്ടംകൂ​​ടി​​യാ​​യി​​രു​​ന്നു എ​​ൺ​​പ​​തു​​ക​​ൾ.

പി​​ൽക്കാ​​ല​​ത്ത് കാ​​സ​​ർ​​കോ​​ട് ജി​​ല്ല​​യി​​ലെ തൃ​​ക്ക​​രി​​പ്പൂ​​രി​​ലെ നി​​ർ​​ദി​​ഷ്ട​​ താ​​പ​​നി​​ല​​യത്തി​​നെ​​തി​​രെ​​യും ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ പെ​​രി​​ങ്ങോ​​ത്തെ നി​​ർ​​ദിഷ്ട ആ​​ണ​​വ നി​​ല​​യ​​ത്തി​​നെ​​തി​​രെയും ന​​ട​​ന്ന ജ​​ന​​കീ​​യ സ​​മ​​ര​​ങ്ങ​​ളി​​ൽ ഇ​​ത​​ര സം​​ഘ​​ട​​ന​​ക​​ൾ​​ക്കും വ്യ​​ക്തി​​ക​​ൾ​​ക്കു​​മൊ​​പ്പം ‘പ​​രി​​സ​​ര​​വേ​​ദി’​​യും അ​​തി​​ന്റേ​​താ​​യ പ​​ങ്കു​​വ​​ഹി​​ച്ചു. പ​​രി​​സ്ഥി​​തി​​ക്കും ജീ​​വ​​നും ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​മാ​​യി​​രു​​ന്ന ഈ ​​പ​​ദ്ധ​​ത​​ിക​​ൾ ന​​ട​​ക്കാ​​തെ പോ​​യ​​ത് ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ മാ​​ത്ര​​മ​​ല്ല, കേ​​ര​​ള​​ത്തി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കാ​​കെ ആ​​ശ്വാ​​സം ന​​ൽ​​കി​​യെ​​ന്നു​​വേ​​ണം കാ​​ണാ​​ൻ.

പൊ​​തുജനാ​​രോ​​ഗ്യ​​വു​​മാ​​യി​​ ബ​​ന്ധ​​പ്പെ​​ട്ട മേ​​ഖ​​ല​​ക​​ളി​​ൽ പ​​യ്യ​​ന്നൂ​​രി​​ലെ പ​​ബ്ലിക് ഹെ​​ൽ​​ത്ത് ഫോ​​റം സ​​ജീ​​വ​​മാ​​യി ഇ​​ട​​പെ​​ട്ട കാ​​ലം​​കൂ​​ടി​​യാ​​യി​​രു​​ന്നു ഇ​​ത്. അ​​ന്ന് പ്ര​​വ​​ർ​​ത്തി​​ച്ച രീ​​തി​​യി​​ൽ ശ​​ക്ത​​മാ​​യും വ്യാ​​പ​​ക​​മാ​​യും പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ഇ​​​പ്പോ​​ൾ ന​​വ​​സാ​​മൂ​​ഹി​​ക പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ക​​ഴി​​യു​​ന്നി​​ല്ല. അ​​തി​​ന്റെ കാ​​ര​​ണ​​ങ്ങ​​ൾ പ​​ല​​താ​​ണ്. പ​​രി​​സ്ഥി​​തി​​യു​​ടെ രാ​​ഷ്ട്രീ​​യം വ്യ​​ക്ത​​മാ​​ക്കി​​ പു​​സ്ത​​ക​​മെ​​ഴു​​തി​​യ ആ​​ൻ​​ഡ്രെ ഗോ​​ർ​​സ് പി​​ൽക്കാല​​ത്ത് ‘ദ ​​ഇ​​മ്മെ​​റ്റീരി​​യ​​ൽ’​​ എ​​ന്ന ഗ്ര​​ന്ഥം എ​​ഴു​​തു​​ക​​യു​​ണ്ടാ​​യി. ഡി​​ജി​​റ്റ​​ൽ സാ​​​ങ്കേ​​തി​​ക​​വി​​ദ്യയും വി​​വ​​ര​​സാ​​​ങ്കേ​​തി​​ക​​ത​​യുടെ അ​​തി​​പ്ര​​സ​​ര​​വും എ​​ങ്ങ​​നെ സാ​​മ്പ​​ത്തി​​ക-​​സാ​​മൂ​​ഹി​​ക-​​രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​ന്നു എ​​ന്ന് വ്യ​​ക്തമാ​​ക്കു​​ന്ന​​താ​​ണീ കൃ​​തി. ഇ​​ന്ന് ലോ​​ക​​ത്ത് സ​​ജീ​​വ​​മാ​​യി വ​​രു​​ന്ന വ​​ല​​തു​​പ​​ക്ഷ പോ​​പുലി​​സ്റ്റ് ഓ​​ട്ടോ​​ക്ര​​സി​​ക​​ളു​​ടെ കു​​ത്തൊ​​ഴു​​ക്കി​​ൽ ഗോ​​ർ​​സി​​നെ വീ​​ണ്ടും വീ​​ണ്ടും വാ​​യി​​ക്കു​​ന്ന​​ത് ന​​ന്നാ​​യി​​രി​​ക്കു​​മെ​​ന്നു തോ​​ന്നു​​ന്നു. ഈ ​​മാ​​റി​​യ ലോ​​ക​​സാ​​ഹ​​ച​​ര്യം കേ​​ര​​ള​​ത്തി​​ലും അ​​തി​​ന്റെ ത​​ണു​​ത്ത കാ​​റ്റ് വി​​ത​​ച്ചി​​ട്ടു​​ണ്ടാ​​കാം.​​ വേ​​റി​​ട്ട ചി​​ന്ത​​ക​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ​​യും മൗ​​ലി​​ക​​ദ​​ർ​​ശ​​ന​​ങ്ങ​​ളു​​ടെ​​യും പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ മ​​ന്ദീ​​ഭ​​വി​​പ്പി​​ച്ച​​തി​​ൽ സാ​​​ങ്കേ​​തി​​ക​​വി​​ദ്യ മു​​ത​​ൽ അ​​ന്യ​​വ​​ത്കര​​ണംവ​​രെ നി​​ര​​വ​​ധി ഘ​​ട​​ക​​ങ്ങ​​ൾ​​ക്ക് പ​​ങ്കു​​ണ്ടാ​​കാം.

ലോ​​ കോ​​ള​​ജ് പ​​ഠ​​ന​​കാ​​ല​​ത്തും വാ​​യ​​ന ന​​ന്നാ​​യി തു​​ട​​ർ​​ന്നു. പക്ഷേ, പു​​സ്ത​​ക​​ങ്ങ​​ൾ വാ​​ങ്ങി ​​വാ​​യി​​ക്കു​​ന്ന​​തി​​ന് പ​​ണ​​മി​​ല്ലാ​​യ്മ പ​​രി​​മി​​തി​​യാ​​യി​​ത്തു​​ട​​ർ​​ന്നു. ന​​ഗ​​ര​​ത്തി​​ലെ ഒ​​രു ബു​​ക്സ്റ്റാ​​ളി​​ൽ പോ​​യി നി​​ര​​ന്ത​​രം അ​​പ്പ​​പ്പോ​​ൾ വ​​രു​​ന്ന വാ​​രി​​ക​​ക​​ളും മാ​​സി​​ക​​ക​​ളും വാ​​യി​​ക്കു​​ന്ന സ്വ​​ഭാ​​വ​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തൊ​​രു ശീ​​ല​​മാ​​യ​​പ്പോ​​ൾ പു​​സ്ത​​ക​​ക്ക​​ട​​ക്കാ​​ര​​ൻ അ​​തു ശ്ര​​ദ്ധി​​ച്ചു -അ​​ദ്ദേ​​ഹം സൗ​​മ്യ​​ഭാ​​വ​​ത്തി​​ൽ മാ​​നാ​​ഞ്ചി​​റ​​ക്ക​​ടു​​ത്തു​​ള്ള ലൈ​​ബ്ര​​റി​​യെ​​ക്കു​​റി​​ച്ച് എ​​ന്നെ ഓ​​ർ​​മ​​പ്പെ​​ടു​​ത്തി. അ​​വി​​ടെ​​യാ​​ണ് സൗ​​ജ​​ന്യ​​മാ​​യ വാ​​യ​​ന​​ക്കു​​ള്ള സ്ഥ​​ല​​മെ​​ന്ന് പ​​റ​​യാ​​തെ പ​​റ​​ഞ്ഞു!

​ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​ണ് ലോ ​​കോ​​ള​​ജി​​ലെ വി​​ദ്യാ​​ഭ്യാ​​സം തു​​ട​​ർ​​ന്ന​​ത്. പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തോ​​ടു​​ള്ള ക​​മ്പം സ്റ്റു​​ഡ​​ന്റ് എ​​ഡി​​റ്റ​​റാ​​യി മ​​ത്സ​​രി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ചു. കെ.​​എ​​സ്.​​യു, എ​​സ്.​​എ​​ഫ്.​​ഐ, എ.​​ബി.​​വി.​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കെ​​തി​​രെ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ ‘പ​​രി​​സ​​ര​​വേ​​ദി’ ബു​​ള്ള​​റ്റി​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘പ​​രി​​ച​​യ​​സ​​മ്പ​​ത്തും’ മെ​​റി​​റ്റാ​​യി ക​​ണ്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​റ്റെ​​ല്ലാ സ്ഥാ​​ന​​ങ്ങ​​ളി​​ലും വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന​​യു​​ടെ പ്ര​​തി​​നി​​ധി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​പ്പോ​​ൾ സ്റ്റു​​ഡ​​ന്റ് എ​​ഡി​​റ്റ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യ എ​​ന്നെ​​യാ​​യി​​രു​​ന്നു. അ​​ത് കേ​​വ​​ലം ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പു വി​​ജ​​യം എ​​ന്ന​​തി​​നേ​​ക്കാ​​ൾ, സ്വ​​ത​​ന്ത്ര​​ചി​​ന്ത​​ക്ക് സ​​ഹ​​പാ​​ഠി​​ക​​ളി​​ൽ​​നി​​ന്ന് -അ​​വ​​ർ പ്ര​​തി​​നി​​ധാനംചെയ്യു​​ന്ന ത​​ല​​മു​​റ​​യി​​ൽ​​നി​​ന്ന്- ല​​ഭി​​ച്ച സ്നേ​​ഹം നി​​റ​​ഞ്ഞ ഐ​​ക്യ​​ദാ​​ർ​​ഢ്യ​​ത്തി​​ന്റെ ആ​​ശ്ലേ​​ഷ​​മാ​​യി​​രു​​ന്നു.

 

അഡ്വ. എം.​പി. ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ,എ​ൻ. മാ​ധ​വ​ൻ​കു​ട്ടി

എ​​ഡി​​റ്റ​​റെ​​ന്ന നി​​ല​​യി​​ൽ സാ​​മാ​​ന്യം നി​​ല​​വാ​​ര​​മു​​ള്ള കോ​​ള​​ജ് മാ​​ഗ​​സി​​ൻ പു​​റ​​ത്തി​​റ​​ക്കാ​​നാ​​യി. ലി​​റ്റി​​ൽ മാ​​ഗ​​സി​​നു​​ക​​ളെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന ​മാ​​ഗ​​സി​​ൻ ക​​വ​​ർ പ​​തി​​വു​​രീ​​തി​​ക​​ളി​​ൽനി​​ന്നു​​ള്ള വ്യ​​തി​​ച​​ല​​ന​​മാ​​യി​​രു​​ന്നു. വ​​ർ​​ണ​​ശ​​ബ​​ളി​​മ​​ക്കും പു​​റം​​മോ​​ടി​​ക്കു​​മ​​പ്പു​​റം ഉ​​ൾ​​ക്കാ​​മ്പി​​ൽ ശ്ര​​ദ്ധി​​ച്ചു​​കൊ​​ണ്ട് കാ​​മ്പ​​സി​​ലെ ആ​​ധു​​നി​​ക​​ത​​യെ, അ​​തി​​ന്റെ വി​​പ്ല​​വാ​​ത്മ​​ക​​മാ​​യ ചൈ​​ത​​ന്യ​​ത്തോ​​ടെ ആ​​വി​​ഷ്‍ക​​രി​​ക്കു​​ന്ന​​തി​​ന് നി​​റ​​ങ്ങ​​ളു​​ടെ​​യും ധാ​​രാ​​ളി​​ത്ത​​ത്തി​​ന്റെ​​യും ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നു. ഒ​​രു​​വേ​​ള ജീ​​വി​​ത​​ത്തി​​ന്റെ നി​​റ​​ങ്ങ​​ൾ ക​​റു​​പ്പും വെ​​ളു​​പ്പും മാ​​ത്ര​​മാ​​യി ചു​​രു​​ങ്ങി​​യ ഒ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ന്റെ ആ​​വി​​ഷ്‍ക​​ര​​ണ​​ത്തി​​ന് നി​​റ​​ങ്ങ​​ൾ അ​​നാ​​വ​​ശ്യ​​മാ​​യ ആ​​ഡം​​ബ​​ര​​ങ്ങ​​ളാ​​യി​​ത്തീ​​ർ​​ന്നു.

ഇക്കാലയളവിൽ പരിമിതമായി മാത്രം തുടർന്നു, എഴുത്ത്. ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലെ ബാലപംക്തിയിലെ കവിതകളായും പിന്നീട് വാരാന്തപ്പതിപ്പിൽ ജർമൻ ഗ്രീൻപാർട്ടിയെക്കുറിച്ചുള്ള ലേഖനമായും മറ്റും രചനകൾ വെളിച്ചം കണ്ടു. അപ്പോഴും പരിസ്ഥിതിപ്രവർത്തനത്തിനും മറ്റുമായി ജീവിതം നീക്കിവെക്കണമെന്ന ആഗ്രഹം മനസ്സിൽനിന്നും മാഞ്ഞുപോയിരുന്നില്ല. വടക്കേ ഇന്ത്യയിലെ ഒരു ഫൗണ്ടേഷ​ന്റെ ഫെലോഷിപ്പിനുവേണ്ടി അപേക്ഷിച്ചു. കേരളം മുഴുക്കെ ആയിരത്തോളം പരിസ്ഥിതി പഠനക്ലാസുകൾ നടത്താനുള്ളതായിരുന്നു പദ്ധതി. എന്റെ പ്രായം അത്തരമൊരു പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിയുന്നവിധത്തിലാണോ എന്ന് ഫൗണ്ടേഷൻ തന്നെ സംശയിച്ചോ എന്നറിയില്ല.

ഒപ്പം, ഫൗ​ണ്ടേഷനിൽനിന്നും പണം വാങ്ങി​ നടത്തുന്ന പരിസ്ഥിതിപ്രവർത്തനം എത്രകണ്ട് സ്വതന്ത്രമായിരിക്കും എന്ന ചോദ്യം എന്നെത്തന്നെ മഥിച്ചുകൊണ്ടിരുന്നു. അതൊരു ധാർമിക പ്രശ്നംകൂടിയായിരുന്നു. പുറമെനിന്ന് സഹായം സ്വീകരിച്ചു നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ പണം നൽകുന്നവർ ഒരുതരത്തിലും ഇടപെടാതിരിക്കുമോ? ഇടപെട്ടാൽ എന്താണ് ചെയ്യാൻ കഴിയുക? ഈ ധർമസങ്കടം കാരണം ​ഫെലോഷിപ് നേടാനുള്ള ഉത്സാഹംതന്നെ പതുക്കെപ്പതുക്കെ ഇല്ലാതായി. ഒടുവിൽ അഭിമുഖത്തിനുശേഷം ആ വാർത്ത വന്നു. എനിക്ക് ഫെലോഷിപ് ഇല്ല. ഒരുപക്ഷേ, അത് ലഭിച്ചിരുന്നുവെങ്കിൽ എന്റെ ജീവിതംതന്നെ മറ്റൊരു വിധത്തിലായേനെ.

എന്നാൽ, നിയമബിരുദം നേടിയ ശേഷവും അഭിഭാഷകനായി ജോലിചെയ്ത് ജീവിക്കാനുള്ള വരുമാനം ലഭിക്കുമോ എന്ന കാര്യത്തിൽ നല്ല ആശങ്ക ഉണ്ടായിരുന്നു. ഇന്നത്തേക്കാൾ മോശമായിരുന്നു, അന്നത്തെ യുവ അഭിഭാഷകരുടെ വരുമാന സാധ്യതകൾ. അതിനാൽത്തന്നെ വീട്ടിൽ നല്ല സാമ്പത്തികാടിത്തറയില്ലെങ്കിൽ തൊഴിലിലെ ആദ്യത്തെ കുറച്ചു വർഷങ്ങൾ അത്യധികം പ്രയാസം നിറഞ്ഞതായിരിക്കുമെന്ന് അറിയാമായിരുന്നു.

പൊതുപ്രവർത്തനത്തോടും എഴുത്തിനോടുമുള്ള അഭിനിവേശം കാരണം നിയമ വിദ്യാഭ്യാസത്തിന് അർഹമായ പരിഗണന കൊടുക്കുന്നില്ലെന്ന് തോന്നിയപ്പോൾ, അതിനകം നല്ല അടുപ്പത്തിലായിരുന്ന നിർമലച്ചേച്ചി (നേരത്തേ സൂചിപ്പിച്ച ‘ഇന്ത്യൻ എക്സ്പ്രസി’ലെ മാധവൻകുട്ടിയുടെ ഭാര്യ) ആണ് നിയമവിദ്യാഭ്യാസത്തെ ഗൗരവത്തിലെടുക്കാൻ നിരന്തരം പ്രേരിപ്പിച്ചത്. അവർ എനിക്ക് സ്വന്തം ചേച്ചിയെപ്പോലെയോ അതിനേക്കാൾ വലുതോ ആയിരുന്നു. വൈജ്ഞാനികവും ധൈഷണികവുമായ കാര്യങ്ങളിൽ മാധവൻകുട്ടി ഒരു സുഹൃത്തും വഴികാട്ടിയുമായപ്പോൾ ചേച്ചി നൽകിയത് അപാരമായ സ്നേഹവും സഹായവും ആയിരുന്നു. അക്കാലത്ത് മിക്ക ദിവസവും അത്താഴം കഴിക്കുന്നത് ചേച്ചിയുടെ ചാലപ്പുറത്തുള്ള വീട്ടിൽവെച്ചായിരുന്നു.

ഏതായാലും നിർമലച്ചേച്ചിയുടെ പ്രേരണ ഫലംകണ്ടു. നിയമവിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി. അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ഡിഗ്രി പൂർത്തിയാക്കാനാകാതെ പഠനം നിർത്തേണ്ടിവന്ന എനിക്ക് ബിരുദം നേടാനും പിന്നീട് നിയമബിരുദം നേടാനും കഴിഞ്ഞു. പ്രവചനാതീതമാണ് ജീവിതത്തിലെ മാർഗങ്ങളും ലക്ഷ്യങ്ങളും എന്ന് ഞാനും മനസ്സിലാക്കി.

(തു​ട​രും) 

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT