സംവരണം എന്ന ആശയവും അതിന്റെ പ്രയോഗപാഠങ്ങളും തെറ്റിദ്ധാരണക്കും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടോ? എന്തുെകാണ്ടാണ് ജാതിസെന്‍സസ് നടപ്പാക്കണമെന്ന് ബഹുജനങ്ങളും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്? –ചിന്തകനും എഴുത്തുകാരനുമായ ലേഖകന്റെ വിശകലനവും നിരീക്ഷണങ്ങളും.
ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ രാഷ്ട്രീയം മതം, വിശ്വാസം, മുസ്ലിം വിരുദ്ധത തുടങ്ങിയ വിഷയങ്ങളിലൂന്നി പ്രചാരണതന്ത്രങ്ങൾ ആവര്‍ത്തിച്ചപ്പോൾ, കോണ്‍ഗ്രസ് നേതൃത്വം നല്കിയ ഇൻഡ്യ മുന്നണി ജനകീയപ്രശ്നങ്ങളും ഭരണഘടനാ സംരക്ഷണവും മുഖ്യ അജണ്ടയാക്കുകയും അതിന്റെ പിന്നിൽ ജനങ്ങൾ നില്‍ക്കുകയും ചെയ്തതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
ഇന്ത്യയിലെ പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ വിപുലമായ പിന്തുണയാണ് പ്രതിപക്ഷരാഷ്ട്രീയത്തിന് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കിയത് എന്ന് തെരഞ്ഞെടുപ്പിനുശേഷമുള്ള ഒട്ടുമിക്ക രാഷ്ട്രീയവിശകലനങ്ങളും ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കൊപ്പം ബി.ജെ.പി മുന്നണി വലിയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികനീതിയും സംവരണവും അപകടത്തിലാകും എന്നൊരു പ്രതീതി ജനങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നത് വസ്തുതയാണ്. ഉത്തര്‍പ്രദേശിൽ ഉള്‍പ്പെടെ ബി.ജെ.പി മുന്നണി നേരിട്ട പരാജയത്തിന്റെ രാഷ്ട്രീയപാഠങ്ങൾ വിശകലനം ചെയ്താൽ ഈ യാഥാർഥ്യം എളുപ്പത്തിൽ ബോധ്യപ്പെടും.
ഘടനാപരമായി ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും എന്തുകൊണ്ടാണ് ഇന്ത്യയിൽ സംവരണം പ്രസക്തമായ രാഷ്ട്രീയ അജണ്ടയായും വിപുലമായ സംവാദവിഷയമായും തുടരുന്നത്? ലോകത്തിലെ ഇതര രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി സാമ്പത്തികവും സാമൂഹികവുമായ വികാസത്തില്‍നിന്ന് ജാതിയെന്ന സാമൂഹികസ്ഥാപനത്തെ ഒഴിവാക്കി ഇന്ത്യയിൽ വിവിധ വിഭാഗങ്ങളുടെ ചലനാത്മകതയും ദൃശ്യതയും അളക്കാനാവില്ല എന്ന സത്യം, പ്രാതിനിധ്യം, അധികാര പങ്കാളിത്തം, വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ പ്രവേശനം എന്നിവയെ സംബന്ധിച്ച ധാരണകള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
സംവരണം എന്ന ആശയവും അതിന്റെ പ്രയോഗപാഠങ്ങളും ഏറെ തെറ്റിദ്ധാരണക്കും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അതിലേറ്റവും പ്രധാനം ഒരാള്‍ക്ക് കിട്ടുന്ന അവസരം മറ്റൊരാളുടെ അവസരത്തിന്റെ നിഷേധമായി മാറുന്നുവെന്ന പ്രബലമായ കാഴ്ചപ്പാടാണ്. അതായത്; അപരവിദ്വേഷത്തിനും ഹിംസക്കും കാരണമാകുന്ന പൊതുഭാവന സംവരണം എന്ന വ്യവഹാരത്തിന്റെ ആന്തരികമായ മെക്കാനിസത്തിലുണ്ട്. അതിന്റെ ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതിനു പകരം ജാതിവ്യവസ്ഥയുടെ നിലനിൽപിന്റെ കാരണം സംവരണം തുടരുന്നതാണ് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിദ്യാസമ്പന്നര്പോലുമുണ്ട്.
‘കാസ്റ്റ് ആന്‍ഡ് കാസ്റ്റ്ലെസ് നസ്: ടുവേര്‍ഡ്സ് എ ബയോഗ്രഫി ഓഫ് ജനറൽ കാറ്റഗറി’ എന്ന പഠനത്തില്‍, സാമൂഹിക ശാസ്ത്രജ്ഞനായ സതീഷ് ദേശ്പാണ്ഡെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരിഹാസം, ജനപ്രിയമായ തമാശകള്‍, യുക്തിരഹിതമായ മുന്‍വിധികൾ, വസ്തുതകള്‍ക്ക് പകരം അനുഭവവാദപരമായ (empirical) നിഗമനങ്ങള്‍ എന്നിവയെല്ലാമാണ് സംവരണ ചര്‍ച്ചകളിൽ കൂടുതൽ പ്രകടമാവുക. നമ്മുടെ സാമൂഹികജീവിതത്തെ ജാതിരഹിതമായി കാണാനുള്ള പുരോഗമന നിലപാടിന് വിഘാതം സൃഷ്ടിക്കുന്ന നടപടിയായി സംവരണത്തെ കാണുന്നതില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പുരോഗമന ബുദ്ധിജീവികളും വഹിച്ച പങ്ക് വിലയിരുത്തേണ്ടതുണ്ട്. എങ്കിലും, പഴയ യാന്ത്രികവാദ സമീപനങ്ങൾ ഏറക്കുറെ തിരുത്താൻ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും പൊതുബോധത്തിന്റെ നിർമിതിയിൽ ദീര്‍ഘകാലമായി തുടര്‍ന്ന സംവരണവിരുദ്ധത സഹായിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
ജാതിസെന്‍സസും സംവരണ സമവാക്യങ്ങളും
സംവരണം ഘടനാപരമായും സങ്കൽപനപരമായും ഏറെ അഴിച്ചുപണികള്‍ക്ക് വിധേയമായിട്ടുണ്ടെന്നു മുമ്പ് സൂചിപ്പിച്ചുവല്ലോ. അതിലേറെ പ്രധാനപ്പെട്ട ഒന്നായിരുന്നു സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സവർണ വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം നല്കുന്ന നിയമം 2019ല്‍ ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാർ പാര്‍ലമെന്റിൽ പാസാക്കിയത്. സാമ്പത്തികമായ പിന്നാക്കാവസ്ഥയെന്ന വിവക്ഷയില്‍ എല്ലാ വിഭാഗം ജനങ്ങളും ഉള്‍പ്പെടുമെന്നും അത് സവിശേഷമായി മേല്‍ജാതി സമൂഹങ്ങളെമാത്രം ബാധിക്കുന്ന കാര്യമല്ലെന്നും ഡോ. മോഹന്‍ ഗോപാലിനെപ്പോലുള്ള നിയമവിദഗ്ധര്‍ സുപ്രീംകോടതിയിൽ വാദിച്ചെങ്കിലും സവർണ സംവരണം എന്ന നീക്കത്തെ പുനഃപരിശോധിക്കാനോ റദ്ദുചെയ്യാനോ കോടതി തയാറായില്ല.
എന്നാല്‍, 1992ലെ ഇന്ദിരാ സാഹ്നി കേസില്‍ സംവരണപരിധി 50 ശതമാനത്തില്‍ ഉയരാന്പാടില്ലെന്ന നിലപാട് ഉന്നതനീതിപീഠം ആവര്‍ത്തിക്കുന്നതും കാണാം. സമീപകാലത്ത് ഹരിയാന സര്‍ക്കാർ, പൊലീസ്, ഇതര സെക്യൂരിറ്റി സ്റ്റാഫുകളുടെ നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം അഗ്നിവീർ പദ്ധതിയില്‍നിന്ന് വിരമിച്ചവര്‍ക്കായി മാറ്റിവെച്ചു. കർണാടക സര്‍ക്കാറാകട്ടെ, കർണാടകക്കാര്‍ക്കായി പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ 75 ശതമാനം മാറ്റിവെക്കാനുള്ള നിയമനിർമാണം നടത്തിക്കഴിഞ്ഞു.
പ്രദേശം, ഭാഷ, മറ്റിതര പരിഗണനകള്‍ എന്നിവ സംവരണം എന്ന വ്യവഹാരത്തിലേക്കും നടപടിക്രമങ്ങളിലേക്കും കടന്നുവരുകയും നീതി-നിയമപരമായ സാധൂകരണത്തിന്റെ ചര്‍ച്ചകളിലേക്ക് വികസിക്കുന്നതും സമീപകാലത്തായി പതിവാണ്. മഹാരാഷ്ട്രയിലെ മറാത്ത സമുദായത്തിന്റെ സംവരണ പ്രക്ഷോഭങ്ങളും നിയമപരമായ തിരിച്ചടികളുമാണ് മറ്റൊരു ഉദാഹരണം.
ഇന്ത്യയിലെ സമീപകാല രാഷ്ട്രീയ-സാമൂഹിക സംവാദങ്ങളെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും വിപുലമായ നിലയില്‍ ഗതിമാറ്റിയ ബിഹാറിലെ ജാതിസെന്‍സസിന്റെ കണക്കുകൾ ഈ സന്ദര്‍ഭത്തിൽ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ബിഹാറിലെ 64 ശതമാനം ജനങ്ങളും അതീവ പിന്നാക്ക വിഭാഗങ്ങളാണ് ( Most Backward Class) എന്നതാണ് സെന്‍സസ് പുറത്തുവിട്ട സുപ്രധാനമായ കണ്ടെത്തല്‍.
സമാനമായ നിലയില്‍ കർണാടകയിൽ സെന്‍സസ് നടത്തിയെങ്കിലും സാങ്കേതികമായ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് റിപ്പോര്‍ട്ടിനെ മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ സാമൂഹിക വികാസത്തിലും രാഷ്ട്രീയപ്രക്രിയകളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വിധ്വംസകത ഈ വ്യവഹാരങ്ങള്‍ക്കുണ്ട്. തമിഴ്നാട്ടിലാകട്ടെ പിന്നാക്ക വിഭാഗത്തിനുള്ള സംവരണത്തില്‍ ഉപവിഭാഗമായി 10.5 ശതമാനം വണ്ണിയാര്‍ സമുദായത്തിന് നല്‍കാനുള്ള എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിന്റെ നീക്കം നിയമപരമായ കുരുക്കിലുമാണ്.
വണ്ണിയാർ സമുദായത്തിന്റെ മുന്‍കൈയിലുള്ള രാഷ്ട്രീയപ്രസ്ഥാനമായ പട്ടാളി മക്കൾ കക്ഷി, ജാതിസെന്‍സസ് നടത്താന്‍ നിരന്തരമായി സമ്മർദം ചെലുത്തുന്നതിന്റെ രാഷ്ട്രീയയുക്തി ഇതില്‍നിന്നും വ്യക്തമാണ്. ബിഹാറിനെ പിന്തുടര്ന്നുകൊണ്ട് കോൺഗ്രസ് അധികാരത്തിലുള്ള തെലങ്കാനയിൽ ജാതിസെന്‍സസ് നടത്താന്‍ തത്ത്വത്തിൽ അംഗീകാരം നല്കിയതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങൾ, മണ്ഡൽ കമീഷൻ റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടും അധികാരത്തില്‍നിന്നും വികസനവ്യവഹാരങ്ങളിലും ഏറെ പിന്നിലാണെന്ന വസ്തുതക്കാണ് ഈ പുതിയ നീക്കങ്ങള്‍ അടിവരയിടുന്നത്.
ബിഹാറിലെ ജാതി സെന്‍സസിന്റെ ഭാഗമായുള്ള നടപടികളെ പട്ന ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞെങ്കിലും സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് ഈ വിഷയം വന്നിട്ടുണ്ട്. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാറിനെ പിന്തുണക്കുന്ന നിതീഷ് കുമാറും ജനതാദൾ യുനൈറ്റഡും രാഷ്ട്രീയമായി ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അതീവ പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയമായ അസംതൃപ്തിയും രാഷ്ട്രീയമായ ചാഞ്ചാട്ടങ്ങളെയും പ്രയോജനപ്പെടുത്തുന്ന സംഘ്പരിവാര്‍ അജണ്ടകള്‍ക്കുള്ള തിരിച്ചടികള്കൂടിയാണ് അനുപ്രിയ പട്ടേൽ നേതൃത്വംനല്കുന്ന അപ്ന ദൾ (സോനേലാല്‍) വിഭാഗവും സഞ്ജയ് നിഷാദ് നേതൃത്വംകൊടുക്കുന്ന നിഷാദ (Nirbal Indian Shoshit Hamara Aam Dal) പാര്‍ട്ടിയും ഉത്തര്‍പ്രദേശിലെ സര്‍ക്കാർ നിയമനങ്ങളില്‍ പിന്നാക്കവിഭാഗങ്ങളെ ഒഴിവാക്കുന്നതില്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചത്.
ഒരുപക്ഷേ, ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത രാഷ്ട്രീയസാഹചര്യം പിന്നാക്കവിഭാഗങ്ങളുടെ മുന്‍കൈയിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് കൂടുതൽ വിലപേശല്‍ശക്തി നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമെന്ന ആശയം വിപുലമായ നിലയിൽ സംവരണചര്‍ച്ചകളിൽ ഉയര്‍ത്തപ്പെടുന്നതിനെ പിന്നാക്കവിഭാഗങ്ങളും ദലിതരും കൂടുതലായി പിന്തുണക്കുന്നത് നമ്മുടെ രാഷ്ട്രീയപ്രക്രിയകളിലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.
സാമൂഹികനീതി, അവസരസമത്വം എന്നീ പ്രമേയങ്ങളാണ് സംവരണത്തിന്റെ അടിസ്ഥാനമെങ്കിലും മെറിറ്റും സാമൂഹികമായ പ്രിവിലേജും തമ്മിലുള്ള ബന്ധം മുഖ്യമായി പരിഗണിക്കപ്പെടാറില്ല. 2006ല്‍, യു.പി.എ സര്‍ക്കാറിന് നേതൃത്വംകൊടുത്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കുന്നതിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും വലിയ എതിര്‍പ്പാണ് ഇന്ത്യയിലെ വരേണ്യവിഭാഗങ്ങളില്നിന്നും വ്യവസായികളില്‍നിന്നും ഉണ്ടായത്.
യൂത്ത് ഫോര്‍ ഇക്വാലിറ്റിപോലുള്ള വലതു ഹിന്ദുത്വപക്ഷക്കാരും സവർണജാതി ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും സ്വകാര്യമേഖലയിലെ സംവരണം എന്ന ആശയത്തെ തുടക്കത്തിലേ അപകടകരമായി കണ്ടു. സ്വകാര്യമേഖലയുടെ വികാസവും പൊതുസ്ഥാപനങ്ങളുടെ പിന്മാറ്റവും സമൂഹത്തിലെ പിന്നണിവിഭാഗങ്ങളുടെ നിലനിൽപിനെയും അതിജീവനത്തെയും ആഴത്തിലും പരപ്പിലും സ്വാധീനിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന ഐ.ഐ.ടി, ഐ.ഐ.എം പോലുള്ള സ്ഥാപനങ്ങളിലും പിന്നാക്ക-ദലിത്-ആദിവാസികളുടെ തൊഴില്‍പങ്കാളിത്തം തുലോം കുറവാണെന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച രേഖകളും അതിന്മേൽ നടന്ന ചര്‍ച്ചകളും വിശദീകരിക്കുന്നുണ്ട്.
സതീഷ് ദേശ്പാണ്ഡെ, ഡോ.എ.കെ. വാസു
ഒരുഭാഗത്ത് തൊഴില്‍മേഖലയിൽ അദൃശ്യവത്കരണം ആസൂത്രിതമായി നടക്കുമ്പോള്‍ മറുവശത്ത് തൊഴില്‍മേഖലതന്നെ ഘടനാപരമായി ഇല്ലാതാകുന്ന പ്രതിഭാസവും കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമാക്കുന്നു. എങ്കിലും പൊതുബോധത്തിലും സ്വീകാര്യമായ ആഖ്യാനങ്ങളിലും സംവരണവിരുദ്ധതയും പ്രചാരണങ്ങളും ശക്തമായി വ്യാപിക്കുന്നത് അവഗണിക്കാനാവില്ല. കേരളത്തില്‍ പ്രബലമായ സമുദായങ്ങളും നേതാക്കന്മാരും പ്രചരിപ്പിക്കുന്ന വസ്തുതാപരമായ തെറ്റുകളും അയുക്തികളും ഈ സന്ദര്‍ഭത്തിലാണ് പരിശോധിക്കേണ്ടത്.
സംവരണത്തിന്റെ കേരളീയ പാഠങ്ങള്‍
ഇക്കഴിഞ്ഞ ജൂണ്‍ 25ന്, പി. ഉബൈദുല്ല നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി അന്നത്തെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്, കേരളത്തിലെ സര്‍ക്കാർ മേഖലയിലെ തൊഴിലിൽ വിവിധ സമുദായങ്ങളുടെ പങ്കാളിത്തത്തിന്റെ വ്യക്തമായ കണക്ക് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നതിന്റെ പശ്ചാത്തലത്തിലാവാം എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയും നവോത്ഥാന സമിതി ചെയര്‍മാനുമായ വെള്ളാപ്പള്ളി നടേശൻ മുസ്ലിം സമുദായം അമിതമായ നേട്ടങ്ങള്‍ സര്‍ക്കാറില്‍നിന്ന് ഉണ്ടാക്കുന്നുവെന്ന വിമര്‍ശനം ഉന്നയിച്ചതിന്റെ അടുത്തനാളിലാണ് ഈ കണക്ക് പൊതുസമൂഹത്തിന്റെ മുന്നില്‍ വന്നതെന്നതു കൗതുകകരമായി തോന്നാം.
സംഘ്പരിവാര്‍ ഇന്ത്യയിൽ നിരന്തരം ഉയര്‍ത്തുന്ന മുസ്ലിം വിദ്വേഷത്തിന്റെ കേരളീയ പതിപ്പ് ആയിരുന്നു വസ്തുതകളോട് ബന്ധമില്ലാത്ത വെള്ളാപ്പള്ളിയുടെ ആരോപണം എന്ന് വേഗത്തില്‍ മനസ്സിലാക്കാന്‍ ഈ നീക്കം കാരണമായി. ഈ കണക്കുപ്രകാരം ജനസംഖ്യയില്‍ 10-12 ശതമാനം വരുന്ന നായര്സമുദായം തൊഴില്‍മേഖലയുടെ 19.8 ശതമാനം കൈയടക്കിവെച്ചിരിക്കുന്നു. സവര്‍ണ ക്രിസ്ത്യൻ വിഭാഗമാവട്ടെ, 13.51 ശതമാനം, ഈഴവവിഭാഗം 21.09 ശതമാനം എന്നിങ്ങനെ പ്രാതിനിധ്യം ഉറപ്പിക്കുമ്പോള്‍, പട്ടികജാതിവിഭാഗം 9.49 ശതമാനവും പട്ടികവര്‍ഗം 1.92 ശതമാനവും തൊഴില്‍മേഖലയില്‍ ഉണ്ടെന്ന് ആ റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, 2011ലെ സെന്‍സസ് പ്രകാരം 26.56 ശതമാനമുള്ള മുസ്ലിം സമുദായത്തിന്റെ തൊഴില്‍മേഖലയിലെ പങ്കാളിത്തം കേവലം 13.52 ശതമാനം മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനസംഖ്യാനുപാതികമായി ഈഴവസമുദായം തൊഴില്പ്രാതിനിധ്യത്തിൽ തുല്യത പാലിക്കുമ്പോൾ ഹിന്ദു നായര്‍ സമുദായവും സവര്‍ണ ക്രൈസ്തവ വിഭാഗവും അർഹമായതിലും ഏറെ കൈവശംവെച്ചിരിക്കുകയും ചെയ്യുന്നതിന്റെ വസ്തുതയാണ് ഈ കണക്കുകളിലൂടെ പുറത്തുവന്നത്.
ഇതില്‍ ഏറ്റവും നഷ്ടവും അദൃശ്യതയും നേരിടുന്ന സമുദായം മുസ്ലിം വിഭാഗമായിട്ടും നമ്മുടെ പ്രബലമായ നരേറ്റിവുകൾ അവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണെന്ന വൈരുധ്യം നിലനില്ക്കുന്നു. വാസ്തവത്തിൽ തൊഴില്‍മേഖലയിലെ പ്രാതിനിധ്യവും സംവരണവും അതിശയോക്തിപരമായ വിഷയമായി സംവാദങ്ങളിലും പൊതുബോധത്തിലും നിലനില്ക്കുമ്പോൾ അമിതപ്രാതിനിധ്യമെന്ന യാഥാർഥ്യത്തെ ഭാവിയിൽ നമുക്ക് ചര്‍ച്ചചെയ്യേണ്ടി വരും. ‘ദ കാസ്റ്റ് ഓഫ് ദ മെറിറ്റ്’ എന്ന ഗ്രന്ഥത്തില്‍, പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ തൊഴില്‍മേഖലയിലെ ഇല്ലായ്മയല്ല, മറിച്ച് സവർണ ജാതി ഹിന്ദുക്കളുടെ അധികപങ്കാളിത്തമാവും ഭാവിയിലെ സംവരണ ചര്‍ച്ചകളുടെ കേന്ദ്രപ്രമേയമായി മാറുകയെന്ന് അരുന്ധതി സുബ്രഹ്മണ്യം നിരീക്ഷിക്കുന്നുണ്ട്. ജാതിസെന്‍സസും കേരളത്തിൽ സമീപകാലത്ത് ചര്‍ച്ചചെയ്ത കണക്കുകളും ഈ യാഥാർഥ്യത്തെയാണ് അഭിമുഖീകരിക്കുന്നത്.
പക്ഷേ, യാഥാർഥ്യം ഇങ്ങനെയാണെങ്കിലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉള്‍പ്പെടെ ജാതിസംവരണത്തിനെതിരെ നിരന്തരം പ്രതികരിക്കുന്നത് പതിവ് കാഴ്ചയാണ്. കേരളത്തിലെ പ്രബലസമുദായങ്ങളുടെ നിയന്ത്രണത്തിലും അധികാരത്തിലുമുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പൊതു ഖജനാവിന്റെ സിംഹഭാഗത്തിന്റെയും ഗുണഭോക്താക്കളെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഒന്നര പതിറ്റാണ്ടിനുമുമ്പ് ഈ സാമൂഹികാനീതി ചര്‍ച്ചചെയ്യാന്‍പോലും കേരളീയ സമൂഹം തയാറായിരുന്നില്ല എന്നോര്‍ക്കണം. പൊതു വിദ്യാഭ്യാസമേഖലയിലെ സ്വകാര്യ കോളനികള്‍ എന്ന ഗ്രന്ഥത്തിലൂടെ ഒ.പി. രവീന്ദ്രനും നിരന്തരമായ സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ ഡോ. എ.കെ. വാസുവും ഈ വിഷയത്തെ പൊതുമണ്ഡലത്തിന്റെ ശ്രദ്ധയിൽ നിലനിര്‍ത്തുമ്പോൾ ദലിത് വിഭാഗത്തില്‍നിന്നുള്ള ഗവേഷകരുടെയും അവരെ പിന്തുണക്കുന്നവരുടെയും മുന്‍കൈയിലുള്ള എയ്ഡഡ് മേഖല പ്രക്ഷോഭ സമിതി നിയമപോരാട്ടത്തിന്റെ വഴി സ്വീകരിക്കുകയും ചെയ്തിരിക്കുന്നത് പ്രധാനമാണ്.
‘കാസ്റ്റ് ഓഫ് മെറിറ്റ്’ -പുറംചട്ട
സമീപകാലത്തായി അച്ചടിമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ മേഖലയിലെ അനീതിയുടെ കണക്കുകൾ പുറത്തുവിടാൻ മടിച്ചു മടിച്ചാണെങ്കിലും തയാറായിട്ടുണ്ടെന്നത് സവിശേഷമായി പറയേണ്ടതുണ്ട്. എയ്ഡഡ് സ്ഥാപനങ്ങൾ സൃഷ്ടിച്ച സാമൂഹികാസമത്വത്തെക്കുറിച്ച് നിരന്തരം ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിൽപോലും നിയമനിർമാണം നടത്തിയിട്ടും സംവരണം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുത നിലനില്ക്കുന്നു. 8128 സ്ഥാപനങ്ങളില്‍ അധ്യാപകര്‍ 1,29,653 ഉം അനധ്യാപകര്‍ 14,760ഉം ഉള്ളതില്‍ പട്ടികജാതി-പട്ടികവര്ഗത്തിൽപെട്ടവർ കേവലം 560 പേര് മാത്രമാണുള്ളത്. അതായത്; 0.38 ശതമാനം.
ഇതില്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിൽ തൊഴില്‍പരമായി ഈ വിഭാഗങ്ങളുടെ പങ്കാളിത്തം 0.54 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ അഭിപ്രായ രൂപവത്കരണത്തിലും സംഘടനാനേതൃത്വത്തിലും ഭരണകൂടത്തെ നിയന്ത്രിക്കുന്നവരിലും വലിയൊരുവിഭാഗം സാമൂഹികമായ അസമത്വം സൃഷ്ടിക്കുന്ന ഈ വ്യവഹാരത്തിന്റെ ഗുണഭോക്താക്കളും പ്രചാരകരും ആണെന്ന യാഥാർഥ്യം നമ്മുടെ പുരോഗമന സമൂഹത്തില്‍ ഒരു ചോദ്യമായിപ്പോലും ഉയരുന്നില്ലായെന്നും കാണേണ്ടതുണ്ട്.
സംവരണം എന്നത് സാമൂഹികമായ വിഭജനങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് നിരന്തരം പറയുന്നവർ ഈ അനീതിക്കെതിരെ ഒരു വാക്കും പറയുന്നില്ലെന്നു മാത്രമല്ല, അനുവദനീയമായ കുറ്റകൃത്യത്തില്‍ (Sanctioned Crime) പങ്കാളികളുമാണ്. ഈയടുത്ത നാളിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായ ഡോ. രാജന് ഗുരുക്കൾ അധ്യാപകസമൂഹത്തെ മണ്ണുണ്ണികൾ എന്ന് വിശേഷിപ്പിച്ചപ്പോൾ കാലാകാലങ്ങളായി തുടരുന്ന ഈ അനീതിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.
കേരളത്തിലെ പ്രബല സമുദായങ്ങളും അതിനു നേതൃത്വംനല്കുന്നവരും സംവരണവിരുദ്ധതയും പിന്നാക്ക സമുദായങ്ങളുടെ ചലനാത്മകതയില്‍ ആശങ്കയും പുലര്‍ത്തുമ്പോള്‍ അവര്‍ കൈയടക്കിവെച്ചിരിക്കുന്ന അമിതാധികാരങ്ങളും പ്രാതിനിധ്യങ്ങളും മൂടിവെക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ സാമൂഹികനീതി സങ്കൽപങ്ങള്ക്ക് യഥാർഥത്തിൽ ഭരണഘടനയോടു മാത്രമാണ് കടപ്പാട്.
അതിന്റെ മൂല്യവ്യവസ്ഥയോടും നിയമപരമായ പരിരക്ഷയോടും ശത്രുത പ്രഖ്യാപിക്കാന്‍ സവർണജാതിസമുദായങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുമ്പോള്‍ കൂടുതല്‍ ക്രിയാത്മകവും പ്രായോഗികവുമായ നടപടികളാണ് ഉണ്ടാവേണ്ടത്. ഇന്ത്യൻ സാമൂഹികഘടനയിലെ ശ്രേണീകൃതമായ അസമത്വത്തിന്റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവരാൻ ജാതിസെന്‍സസ് നടപ്പാക്കണമെന്ന് ബഹുജനങ്ങളും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മൂന്നു വര്‍ഷമായി നമ്മുടെ ജനറല്‍ സെന്‍സസ് പ്രക്രിയകള്തന്നെ മരവിച്ചിരിക്കുന്ന സാഹചര്യത്തിൽ പുതിയ സര്‍ക്കാറിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ ഒരു സമീപനം പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് സമീപഭാവിയിൽ ഉത്തരം കിട്ടുമോ? തീര്‍ച്ചയായും, സാമൂഹികനീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർ ഈ ചോദ്യത്തിന് ഉത്തരം പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.