മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ഐ.എ.എസ് ഓഫിസർ ദിവ്യ എസ്. അയ്യർ ആശ്ലേഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ ചിത്രത്തോടുള്ള ചില പ്രതികരണങ്ങളെ പരിശോധിക്കുകയാണ് ലേഖകൻ.
സ്നേഹവും സൗഹൃദവുമുള്ളവർ തമ്മിൽ ഹൃദയംതുറന്ന് ഇടപെടുന്നതും ആശ്ലേഷിക്കുന്നതുമെല്ലാം ആഹ്ലാദകരമായ കാഴ്ചയാണ്. സ്നേഹത്തിന്റെ മാത്രമായ ആ ഭാഷക്ക് അതിർവരമ്പുകൾ കൽപിക്കേണ്ടതുമില്ല. അധികാര വലുപ്പച്ചെറുപ്പങ്ങളില്ലാതെ ഇടപെടാൻ കഴിയുന്നതും തികഞ്ഞ മാനവികതയാണ്. മുൻ മന്ത്രി കെ. രാധാകൃഷ്ണനും ഐ.എ.എസ് ഓഫിസർ ദിവ്യ എസ്. അയ്യരും ആലിംഗനംചെയ്യുന്നതിനെയും ആ സന്ദർഭത്തിലെടുത്ത ചിത്രത്തെയും തികഞ്ഞ ഇഷ്ടത്തോടെ കാണുന്നു. ചിത്രത്തെയും ഇരുവരുടെയും ചിത്തവൃത്തിയെയും ആദരിക്കുകയും ചെയ്യുന്നു. അടുത്തുനിൽക്കുന്നതും പരസ്പരം തൊട്ടുനിൽക്കുന്നതും സ്നേഹത്തിന്റെ സാക്ഷ്യംതന്നെ. അവർ തമ്മിൽ സൂക്ഷിക്കുന്ന പരസ്പരസ്നേഹത്തെയും ബഹുമാനത്തെയും സർവാത്മനാ മാനിക്കുന്നു.
ഇനിയുള്ള വിശകലനങ്ങളിലൊന്നിലും മുൻമന്ത്രി കെ. രാധാകൃഷ്ണനോ ഐ.എ.എസ് ഓഫിസർ ദിവ്യ എസ്. അയ്യരോ വാദിയോ പ്രതിയോ അല്ല എന്ന് ഒരിക്കൽകൂടി അടിവരയിട്ട് സൂചിപ്പിക്കട്ടെ. എന്നാൽ, ആ ചിത്രത്തെ ഉപാദാനമാക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ചിലരെങ്കിലും നടത്തിയ അടിക്കുറിപ്പുകളെയും വ്യാഖ്യാനങ്ങളെയും പ്രശ്നവത്കരിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു.
നോവലിസ്റ്റ് ബെന്യാമിന്റെ അടിക്കുറിപ്പ് നോക്കുക, ‘‘അകറ്റിനിർത്തലുകളുടെ കാലത്ത് ആയിരം അർഥതലങ്ങളുള്ള ഒരു ആശ്ലേഷം Salute you dear Divya.’’ ഈ വാചകം ഒട്ടും നിഷ്കളങ്കമല്ല. അവർപോലും അറിയാതെ ആശ്ലേഷണത്തിനിടയിലായി ഒട്ടും ശരിയല്ലാത്ത കുറച്ചധികം അനാവശ്യ ചിന്തകളെ തിരുകിക്കയറ്റുന്നുണ്ട് ഈ വാചകം. ഇരുവർക്കും സല്യൂട്ട് എന്ന് പറഞ്ഞിരുന്നെങ്കിൽപോലും അതിൽ ഒരു നീതിയുണ്ടെന്ന് പറയാൻ കഴിഞ്ഞേനെ. എന്നാൽ, ഈ വാചകത്തിൽ പ്രോട്ടോകോൾ പ്രകാരം ഉന്നതസ്ഥാനീയനായ വകുപ്പ് മന്ത്രിയെ ആശ്ലേഷിച്ച് സ്നേഹം പ്രകടിപ്പിച്ച ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ ഒരു മഹാത്യാഗം പ്രവർത്തിച്ചിരിക്കുന്നു എന്ന ടോൺ ബെന്യാമിൻ ഭാഷ്യത്തിൽ വ്യക്തമാണ്.
ബെന്യാമിൻ ദിവ്യ എസ്. അയ്യർക്കു മാത്രം നന്ദി പറയുമ്പോൾ, മേൽജാതിയായ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് താനെന്ന അഹംബോധം തൊട്ടുതീണ്ടാതെ കീഴ്ജാതിക്കാരനായ ഒരാളെ അവർ ആശ്ലേഷിച്ചു എന്ന ധ്വനിയാണവിടെയുള്ളത്. പന്തിഭോജനംപോലെയോ ക്ഷേത്രപ്രവേശന വിളംബരംപോലെയോ വലിയ ഒരു വിപ്ലവമാണ് ആശ്ലേഷം എന്ന ബെന്യാമിന്റെ ചിന്ത ഒട്ടും ആശാസ്യകരവുമല്ല. അതുകൊണ്ടാണ് ആ ചിത്രം സംബന്ധിച്ച അടിക്കുറിപ്പ് പലതരത്തിൽ ചർച്ചചെയ്യപ്പെട്ടത്.
ശ്രീധന്യ ഐ.എ.എസും മന്ത്രി കെ. രാധാകൃഷ്ണനുമായിരുന്നു തൽസ്ഥാനത്തെങ്കിൽ ഇങ്ങനെയൊരു അടിക്കുറിപ്പ് ഒരു ബെന്യാമിനാലും ചേർക്കപ്പെടില്ലായിരുന്നു എന്ന മറുവശംകൂടി ചിന്തിച്ചാൽ കാര്യങ്ങൾ കുറച്ചുകൂടി കൃത്യമായി ബോധ്യപ്പെടും. ചരിത്രപരമായും സാമൂഹികശാസ്ത്രപരമായും തുടരുന്ന ജാതി അധികാര ബന്ധങ്ങളാണ് ബെന്യാമിൻമാർകളെക്കൊണ്ട് ഇങ്ങനെയൊക്കെ എഴുതാൻ പ്രേരിപ്പിക്കുന്നത്. കേരളീയ സാമൂഹിക ജീവിതത്തിന്റെ നടപ്പുദീനമായ ഈ ജാതിയധികാര ബന്ധത്തെ വിശകലനം ചെയ്യാൻ മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’ എന്ന കൃതിയിലെ അധികാരബന്ധങ്ങളെ സൂക്ഷ്മമായി നോക്കുന്നത് നന്നായിരിക്കും ആശാന്റെ ‘ദുരവസ്ഥ’ എന്ന ഖണ്ഡകാവ്യത്തിലെ ദലിത് കഥാപാത്രമായ ചാത്തന്, കുടിലാണെങ്കിലും സ്വന്തമായ വാസസ്ഥലമെന്ന അധികാരയിടമുണ്ട്.
ഈ കൃതിയിലെ സാവിത്രി അന്തർജനം അഭയാർഥിയാണ്,സാവിത്രിക്കപ്പോൾ സ്വന്തം വീടില്ല. ‘ദുരവസ്ഥ’യിലെ ചാത്തന് അമ്മയും പെങ്ങളുമുണ്ട് സ്വന്തമായ കൃഷിപാഠമുണ്ട്. കൃഷിപ്പണിയോട് ചേർന്നൊരു വിശാല ആവാസ ഭൂമികയിലാണ് ചാത്തന് ഉണ്മയുള്ള ജൈവ പരിസരമുള്ളത്.
‘ദുരവസ്ഥ’യിലെ സാവിത്രി സർവതും നഷ്ടപ്പെട്ട, സ്വന്തക്കാരും ബന്ധക്കാരുമില്ലാത്ത വഴിയാധാരപ്പെട്ട അഗതിയായ സ്ത്രീയാണ്. എന്നിട്ടും ആശാന്റെ ‘ദുരവസ്ഥ’യിൽ ആരിലാണ് അധികാരം നിലനിൽക്കുന്നത്? അഭയം കൊടുത്ത ചാത്തനിലാണോ, അഭയാർഥിയായി എത്തിയ സാവിത്രി അന്തർജനത്തിലാണോ? തീർച്ചയായും അധികാര കേന്ദ്രമാവുന്നത് സാവിത്രി അന്തർജനം തന്നെയാണ്. അഭയാർഥിയായിരിക്കുമ്പോഴും, ചാത്തന്റെ കുടിലിൽ ഇരന്നു ചെന്നെത്തുമ്പോഴും ആ ‘തൃക്കാൽവരവ്’ ചാത്തനോടുള്ള പരിഗണനയായി സാഹിത്യമെഴുത്ത് തലതിരിച്ചിടുന്നുണ്ട്.
സാവിത്രി അന്തർജനത്തിന്റെ മഹദ് ത്യാഗമായാണ് ‘ദുരവസ്ഥ’ പിന്നീടും വിലയിരുത്തപ്പെട്ടത്. ഇത് വലിയൊരു പ്രശ്നമേഖലയാണ്. ‘ദുരവസ്ഥ’യുടെ അവസാനഭാഗത്ത് ചാത്തനെ മൃഗവത്കരിക്കുന്നുണ്ട്. ചാത്തന് അവിടെ ശബ്ദമില്ല. ചിന്തയുമില്ല. ചാത്തനെ ഞാൻ ‘‘കുളിപ്പിച്ചെടുക്കുമെന്ന’’ തമ്പുരാട്ടിയുടെ പ്രഖ്യാപനമാണ് കവിതയിലാകെ മുഴങ്ങിനിൽക്കുന്നത്. ഇവിടത്തെ ഉള്ളായ്മയുടെയും ഇല്ലായ്മയുടെയും നിയാമകം സ്ഥാവരജംഗമ വസ്തുക്കളല്ല, ജീവിത പരിസരങ്ങളുമല്ല, അധികാരമല്ല, മറിച്ച് ജാതിയൊന്നു മാത്രമാണ് എല്ലാ സീമകളെയും അതിലംഘിച്ച് കേറിനിൽക്കുന്നത്.
‘സകുടുംബം ശ്യാമള’ എന്ന സിനിമയിൽ മന്ത്രിയാണോ (ഉർവശി) ഐ.എ.എസ് ഉദ്യോഗസ്ഥനാണോ (നെടുമുടി വേണു) ഉയർന്ന പദവിയിൽ എന്നൊരു ചോദ്യമുണ്ട്, മന്ത്രി തന്നെ ഉയർന്ന പദവി എന്ന് സിനിമ ആവർത്തിക്കുകയും ചെയ്യുന്നു. നൂറുവർഷം മുമ്പ് ആശാൻ പിൻപറ്റിയ പൊതുബോധത്തിൽ ജാതിബോധം അതേപടിയുണ്ട്. സമൂഹത്തിൽ കല്ലിച്ചുപോയ പിന്തിരിപ്പൻ ബോധ്യങ്ങളെ അതേപടി വിഴുങ്ങിവെക്കുകയും എഴുത്തധികാരം വഴി അത്തരം അബോധങ്ങളെ പുനർനിർമിക്കുകയും ചെയ്യുന്ന സാഹിത്യകർത്താക്കളെയാണ് ഞാനിവിടെ പൈങ്കിളിസാഹിത്യകർത്താക്കൾ എന്ന് വിശേഷിപ്പിക്കുന്നത്.
മലയാള സാഹിത്യ പാഠ്യപദ്ധതികൾ ഏറെ ആഘോഷിച്ചിട്ടുള്ള ഒരാലിംഗന ചിത്രണമാണ് കൃഷ്ണകുചേലാലിംഗനം. കാലങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോൾ പഴയ രണ്ടു സതീർഥ്യർ തമ്മിൽ നടത്തുന്നതിന്റെ സ്നേഹാതിരേകത്തിന്റെ വാങ്മയമായി മാത്രമല്ല, രണ്ട് സാമ്പത്തിക വൈരുധ്യങ്ങൾ തമ്മിലുള്ള ആശ്ലേഷമായും ഈ ആലിംഗനം ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.
‘‘മാറത്തെ വിയർപ്പുവെള്ളം കൊണ്ടുനാറും സതീർഥ്യനെ
മാറത്തുണ്മയോടു ചേർത്തു ഗാഢം പുണർന്നു.
കൂറുമൂലം തൃക്കൈകൊണ്ടു കൈപിടിച്ചുകൊണ്ടുപരി
കേറിക്കൊണ്ടു ലക്ഷ്മീതല്പത്തിന്മേലിരുത്തി.’’
‘വിയർപ്പ് നാറ്റ’വും ‘ലക്ഷ്മീതൽപ’വും തമ്മിലുള്ള അന്തരമാണ് അവിടെ ചർച്ചയുണ്ടാക്കുന്നത്. ഭരണം എന്ന അധികാരം കൃഷ്ണനിലും ജാതിയെന്ന അധികാരം കുചേലനിലുമാണ് ഈ കൃതിയിലുള്ളത്. അക്കാലത്ത് പോലും കൃഷ്ണന്റെ മഹത്ത്വമായിതന്നെയാണ് ആ ആലിംഗനത്തെ കൃതിയിൽ രാമപുരത്ത് വാര്യർ പറയുന്നത്. ഈ മഹത്ത്വം കുചേലന്റേതാണ് എന്ന തിരിച്ചിടലാണ് ബെന്യാമിന്റെ അടിക്കുറിപ്പിൽ അടയിരിക്കുന്നത്.
എനിക്കു വ്യക്തിപരമായി പരിചയമുള്ള ഒരാൾ ഇന്ത്യയുടെ രാഷ്ട്രപതിയാവുന്നത് 1997ലാണ്. ചരിത്രപുരുഷനായ, ബഹുമാനപ്പെട്ട കെ.ആർ. നാരായണൻ എന്ന് സൂചിപ്പിച്ചുകൊണ്ട് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഡൽഹിയിലെത്തി രാഷ്ട്രപതി കെ.ആർ. നാരായണനെ കണ്ടു സംസാരിച്ച സന്ദർഭത്തെ എഴുതുന്നുണ്ട്. അതിലെ സുപ്രധാനമായ വാചകമിതാണ്,
‘‘പിരിയുംമുമ്പ് ഞാൻ തൊഴുകൈയോടെ പറഞ്ഞു:
അങ്ങ് ഈ പരമോന്നതസ്ഥാനത്ത് ഇരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. അതു നേരിൽ കാണാനാണ് ഞാൻ വന്നത്.’’ രാഷ്ട്രപതിയുടെ മുഖത്തെ സൗമ്യമായ ചിരി മാഞ്ഞു: ഒരിക്കലും കണ്ടിട്ടില്ലാത്ത ഗൗരവത്തോടെ എന്റെ തോളിൽ സ്പർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു. അതാണ് ഇന്ത്യയുടെ ട്രാജഡി.’’
രാഷ്ട്രപതി കെ.ആർ. നാരായണൻ പറഞ്ഞ ആ വാചകത്തിന്റെ ഗൗരവം ജീവിതത്തിന്റെ സമഗ്രതയിൽ തിരിച്ചറിയുന്നതുകൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഇങ്ങനെയൊരു തുറന്നെഴുത്ത് നടത്തുന്നത്. അദ്ദേഹത്തിന്റെ ആ ഹൃദയവിശാലതയെ ആദരിക്കുന്നു. മന്ത്രി കെ. രാധാകൃഷ്ണൻ ഒരു ബ്രാഹ്മണനോ നായരോ ആയിരുന്നുവെങ്കിൽ ബെന്യാമിൻ ഇങ്ങനെ പറയില്ലായിരുന്നു എന്ന് ഈ അടിക്കുറിപ്പിനെയും സമീപിക്കാനാവും. ബാലചന്ദ്രൻ ചുള്ളിക്കാടിന് താൻ പറഞ്ഞ വാചകത്തിന്റെ മറുപുറം പിടികിട്ടി എന്നതും ബെന്യാമിനും അദ്ദേഹത്തിന്റെ ‘മരംപെയ്ത്തുകാർക്കും’ പറഞ്ഞ വാചകത്തിന്റെ മറുപുറം പിടികിട്ടിയില്ല എന്നതുമാണ് നവ സാംസ്കാരിക ചർച്ചകളിലെ ദുരവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.