പത്രപ്രവർത്തനത്തോടുള്ള താൽപര്യം നിമിത്തം ‘മാധ്യമ’ത്തിൽ സബ് എഡിറ്ററായി ചേർന്ന കാലത്തെക്കുറിച്ചാണ് ഇൗ ലക്കത്തിലെ എഴുത്ത്. പൂർണസമയ അഭിഭാഷകനാകാൻ തീരുമാനിച്ച സാഹചര്യങ്ങളും വ്യക്തമാക്കുന്നു.നിയമബിരുദം നേടിയതുകൊണ്ടുമാത്രം അഭിഭാഷകനായി എൻറോൾ ചെയ്ത് പ്രാക്ടിസ് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ സമാന്തര വിദ്യാലയങ്ങളിലെ ജോലി വിവിധയിടങ്ങളിലായി തുടർന്നുകൊണ്ടിരുന്നു. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമായി വീണ്ടും അധ്യാപകന്റെ റോളിൽ. ട്യൂഷൻ സെന്ററുകൾ അക്കാലത്ത് അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടത്താവളങ്ങളായിരുന്നു. എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോൾ,...
പത്രപ്രവർത്തനത്തോടുള്ള താൽപര്യം നിമിത്തം ‘മാധ്യമ’ത്തിൽ സബ് എഡിറ്ററായി ചേർന്ന കാലത്തെക്കുറിച്ചാണ് ഇൗ ലക്കത്തിലെ എഴുത്ത്. പൂർണസമയ അഭിഭാഷകനാകാൻ തീരുമാനിച്ച സാഹചര്യങ്ങളും വ്യക്തമാക്കുന്നു.
നിയമബിരുദം നേടിയതുകൊണ്ടുമാത്രം അഭിഭാഷകനായി എൻറോൾ ചെയ്ത് പ്രാക്ടിസ് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ സമാന്തര വിദ്യാലയങ്ങളിലെ ജോലി വിവിധയിടങ്ങളിലായി തുടർന്നുകൊണ്ടിരുന്നു. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമായി വീണ്ടും അധ്യാപകന്റെ റോളിൽ. ട്യൂഷൻ സെന്ററുകൾ അക്കാലത്ത് അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടത്താവളങ്ങളായിരുന്നു. എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോൾ, നിരാശനിറഞ്ഞ ജീവിതസാഹചര്യങ്ങളെ വെളിപ്പെടുത്താതെ ട്യൂഷൻ സെന്ററുകളിൽ എന്നെ പഠിപ്പിച്ച അധ്യാപകരെ ഓർത്തുപോയി.
എന്റെ വിദ്യാഭ്യാസത്തിനുശേഷം ഞാനും അവരിൽ ഒരാളായി പുനരവതരിക്കുന്നതായി തോന്നി. എനിക്കു മുന്നിൽ പുതിയ തലമുറയിലെ പുതിയ കുട്ടികൾ. നിരാശ കലർന്ന യൗവനങ്ങൾക്കുള്ള ഈ ഇടക്കാലാശ്വാസ കേന്ദ്രങ്ങൾ പക്ഷേ, ജീവിതത്തെ ആസൂത്രണംചെയ്യാൻ പോന്നവയാണെന്ന് ആരുംതന്നെ കരുതിക്കാണില്ല. എന്നാൽ, ഇവിടെ ചൂഷണത്തിന്റെ തോത് കുറവായിരുന്നു. കിട്ടുന്ന വരുമാനത്തിൽനിന്ന് മാന്യമായ ഒരു വേതനം അധ്യാപകർക്ക് നൽകാൻ മലബാറിലെ പല സമാന്തര വിദ്യാലയ ഉടമകളും ശ്രദ്ധിച്ചിരുന്നു. ടെലിഫോൺ എക്സ്ചേഞ്ചിലെ തൊഴിലുമായി തട്ടിച്ചുനോക്കുമ്പോൾ എത്രയോ ഭേദമായിരുന്നു ഈ ട്യൂഷൻ സെന്ററുകളിലെ തൊഴിലും ജീവിതവും.
അപ്പോഴും പത്രപ്രവർത്തനത്തോടുള്ള താൽപര്യം തുടർന്നുകൊണ്ടേയിരുന്നു. അത്യാവശ്യം എഴുത്തും. എന്നാൽ, സ്ഥിരവരുമാനം ലഭിക്കണമെങ്കിൽ ഒരു പത്രസ്ഥാപനത്തിൽതന്നെ ജോലിക്കു കയറണമെന്ന് തോന്നി.
ഈ തോന്നലാണ് ‘മാധ്യമം’ പത്രത്തിൽ സബ് എഡിറ്ററായി ജോലിക്കു കയറാൻ കാരണമായത്. അന്ന് പി.കെ. ബാലകൃഷ്ണനായിരുന്നു ‘മാധ്യമ’ത്തിന്റെ എഡിറ്റർ. പത്രം തുടങ്ങിയ കാലഘട്ടം. തികച്ചും സ്വതന്ത്രവും ധീരവുമായ ഇടപെടലുകളിലൂടെ സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ‘മാധ്യമ’ത്തിന്റെ വരവ്. അതിന്നും തുടരുന്നുവെന്ന് പറയുന്നതിൽ സന്തോഷമുണ്ട്.
നിയമബിരുദം നേടിയിട്ടും എന്തിനാണ് പത്രപ്രവർത്തകന്റെ ജോലി സ്വീകരിക്കുന്നത് എന്ന ചോദ്യം അഭിമുഖസമയത്ത് എന്റെ നേർക്കുയർന്നു. ‘‘വിചാരണ കോടതിയിൽ ഒരു അഭിഭാഷകൻ പറയുന്ന വാക്കുകൾ തന്റെ കക്ഷിക്കുവേണ്ടി മാത്രമായിരിക്കും; എന്നാൽ, ഒരു പത്രപ്രവർത്തകൻ നിർഭയമായി എഴുതുന്ന വാക്കുകൾ ചരിത്രത്തിന്റെ ഭാഗമായിത്തീരാൻ കെൽപുള്ളവയാണ്.’’ ഈ അഭിപ്രായത്തോടെയാണ് ഞാനെന്റെ തീരുമാനത്തെ ന്യായീകരിച്ചത്. ഒ. അബ്ദുറഹ്മാൻ, ഒ. അബ്ദുല്ല എന്നിവർ മുതൽ വി.കെ. ഹംസ വരെയുള്ളവർ ചേർന്ന് നടത്തിയതായിരുന്നു ആ അഭിമുഖം.
എന്നാൽ, അതിനുമുമ്പും ‘മാധ്യമ’ത്തിൽ എഴുതിത്തുടങ്ങിയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് താപനിലയങ്ങളുടെ കാര്യത്തിൽ സ്വീകരിച്ചുപോന്ന നിലപാടുകളെ വിമർശിക്കുന്ന ഒരു പരമ്പര അക്കാലത്ത് ‘മാധ്യമ’ത്തിൽ എഴുതിയിരുന്നു. ജോൺസിയിൽനിന്ന് പഠിച്ച ഡീപ് ഇക്കോളജിയുടെ കാഴ്ചപ്പാടുമായി ചേർന്നുപോകുന്നതായിരുന്നില്ല പരിഷത്തിന്റെ സമീപനം. ശാസ്ത്രീയമായ മുൻകരുതലുകൾ വൻകിട പദ്ധതികളിൽ സ്വീകരിക്കാവുന്നതാണെന്നും അങ്ങനെ മലിനീകരണ ഭീഷണി ലഘൂകരിക്കാമെന്നുമായിരുന്നു പരിഷത്തിന്റെ നിലപാട്.
എന്നാൽ, പാരിസ്ഥിതിക പ്രതിസന്ധികൾ മുതലാളിത്തത്തെ തന്നെ എങ്ങനെ പ്രതിസന്ധിയിലാക്കുമെന്നും അതിനെ ‘അതിജീവിക്കാൻ’ മുതലാളിത്തം നടത്തുന്ന പരിശ്രമങ്ങൾ പലതും പുതിയ സാമ്പത്തിക അസമത്വങ്ങൾ സൃഷ്ടിക്കുമെന്നും പുതിയതരം ദരിദ്രർ അതുവഴി സൃഷ്ടിക്കപ്പെടുമെന്നും മറ്റുമുള്ള ആന്ദ്രെ ഗോർസിന്റെ ആശയങ്ങൾ മനസ്സിൽ കൊണ്ടുനടന്ന എനിക്ക് പരിഷത്തിന്റെ സമീപനം സ്വീകാര്യമായിത്തോന്നിയതേയില്ല.
വിഭവശോഷണവും മലിനീകരണവും സൃഷ്ടിക്കുന്ന വിപത്തുകൾ ധനികരെ എന്നതിനേക്കാൾ ദരിദ്രരെയാണ് ബാധിക്കുകയെന്നും നാളിതുവരെ സൗജന്യമായിരുന്ന പലതും മുതലാളിത്ത വികസനത്തോടെ സമ്പന്നരുടെ കുത്തകയായിത്തീരുമെന്നും ഗോർസ് നിരീക്ഷിച്ചു. മുതലാളിത്ത രാഷ്ട്രീയം വ്യക്തമായി വിശകലനംചെയ്ത ബുദ്ധിജീവിയാണ് അദ്ദേഹം. മലിനീകരണം നിയന്ത്രിക്കാൻവേണ്ടി മുതലാളിത്തം കണ്ടുപിടിച്ച യന്ത്രം തന്നെ പിന്നീട് മലിനീകരണം സൃഷ്ടിക്കുമ്പോഴുണ്ടാകുന്ന വിപത്തുകളെക്കുറിച്ച് ഗോർസ് സരസമായി സൂചിപ്പിക്കുന്നുണ്ട്. ഇത്തരം ചിന്തകൾക്കടുത്തെത്തിയിരുന്നില്ല അന്നത്തെ (ഇന്നത്തെയും) ഇടതുപക്ഷ പരിസ്ഥിതിവാദംപോലും.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമീപനത്തിലും ഒരുതരം രാഷ്ട്രീയമായ യാഥാസ്ഥിതികത്വം വ്യക്തമായിരുന്നു. ഇക്കാര്യം വിശദീകരിക്കുന്നതായിരുന്നു, ‘മാധ്യമം’ പത്രത്തിലെഴുതിയ എന്റെ ലേഖനം. അതിന് പരിഷത്തിനുവേണ്ടി എം.പി. പരമേശ്വരൻ മറുപടിയെഴുതി. തുടർന്ന് വീണ്ടും അതിനുള്ള മറുപടി ഞാനും എഴുതി. ഒരു പത്രത്തിന്റെ തുടക്കകാലത്തുതന്നെ നടന്ന ഈ സംവാദം ജനശ്രദ്ധയാകർഷിച്ചു. പരിസ്ഥിതി, പൗരാവകാശം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിൽ ‘മാധ്യമം’ പത്രത്തിന്റെ ഇടപെടൽ പത്രപ്രവർത്തനത്തിന്റെ പ്രതിപക്ഷാത്മകതക്ക് അടിവരയിടുന്നതായിരുന്നു. കേരളത്തിന്റെ മാധ്യമചരിത്രത്തിൽ ആരോഗ്യകരമായ ഒരു വ്യതിയാനമായിരുന്നു അത്.
ഇത്തരം ലേഖനങ്ങൾ മുമ്പുതന്നെ ‘മാധ്യമ’ത്തിൽ എഴുതിയതുകൊണ്ടുകൂടിയാകണം പത്രം എന്നെ സബ് എഡിറ്ററായി ജോലിയിൽ നിയമിച്ചു. അന്ന് ജോർജുകുട്ടി മുതൽ മൊയ്തു വാണിമേൽ വരെയുള്ളവരും എന്നെപ്പോലെ പത്രത്തിൽ നവാഗതരായിരുന്നു. പി.കെ. ബാലകൃഷ്ണനായിരുന്നു പത്രാധിപരെങ്കിലും അബ്ദുറഹ്മാൻ സാഹിബിന്റെ നേരിട്ടുള്ള നേതൃത്വമാണ് പത്രത്തിന്റെ രൂപഭാവങ്ങളും ഉള്ളടക്കവും നിശ്ചയിച്ചത്. അതേസമയം, പി.കെ. ബാലകൃഷ്ണന്റെ പൊതുവായ മേൽനോട്ടം മുതിർന്ന പത്രപ്രവർത്തകർക്കെന്നപോലെ ഞങ്ങൾ യുവാക്കൾക്കും വലിയ പ്രചോദനമായിരുന്നു നൽകിയത്.
ആയിടക്ക് 1988 ജൂലൈയിലാണ് പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ മുൻകൈയിൽ കേന്ദ്രസർക്കാർ അപകീർത്തി ബിൽ നിയമമാക്കാനായി ശ്രമിച്ചത്. അടിയന്തരാവസ്ഥക്കുശേഷം പത്രസ്വാതന്ത്ര്യത്തിനു നേരെ ഉണ്ടായ ആദ്യത്തെ കടുത്ത ഭീഷണി ഈ ബില്ലിന്റെ രൂപത്തിലാണ് വന്നതെന്നുപറയാം. സർക്കാറിനെതിരായ അഴിമതിയാരോപണങ്ങളുടെയും വിമർശനങ്ങളുടെയും മുനയൊടിക്കുക എന്നതായിരുന്നു ബില്ലിന്റെ ഉദ്ദേശ്യം.
ബോഫോഴ്സ് അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നിയമനിർമാണോദ്യമം എന്നു പറയുമ്പോൾതന്നെ ഉള്ളടക്കത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഒരു ഏകദേശ ചിത്രം രൂപവത്കരിച്ചെടുക്കാവുന്നതേയുള്ളൂ. എല്ലാവിധ എതിർപ്പുകളെയും ക്രിമിനൽ കുറ്റകൃത്യങ്ങളാക്കി വ്യാഖ്യാനിക്കാൻ പോന്ന ബില്ലിലെ വ്യവസ്ഥകൾക്കെതിരെ രാജ്യവ്യാപകമായിത്തന്നെ എതിർപ്പുണ്ടായി.
പ്രതിപക്ഷവും ആയിരക്കണക്കിന് പത്രപ്രവർത്തകരും ബുദ്ധിജീവികളും അഭിഭാഷകരും സാമൂഹികപ്രവർത്തകരും നിർദിഷ്ട നിയമത്തിനെതിരെ രംഗത്തുവന്നു. ഒടുവിൽ കേന്ദ്രത്തിന് പത്തിമടക്കേണ്ടിവന്നു. ഈ നിയമനിർമാണ സംരംഭം പരാജയപ്പെട്ടു. അപ്പോൾ വിജയിച്ചത് ജനങ്ങളും ജനാധിപത്യവുമായിരുന്നു. ഇന്നത്തെ കാലത്ത് അചിന്ത്യമായ വിഷയങ്ങൾ!
ഈ ബില്ലിനെതിരെ ഒരു ലേഖനം ‘മാധ്യമ’ത്തിൽ എഴുതിയപ്പോൾ, പത്രാധിപരായ പി.കെ. ബാലകൃഷ്ണൻ അതിനെ മുക്തകണ്ഠം പ്രശംസിച്ചതായി അറിഞ്ഞപ്പോൾ വലിയ സന്തോഷവും അഭിമാനവുമാണ് തോന്നിയത്. എഴുത്തിന്റെ ലോകത്തെ ആ വലിയ മനുഷ്യനിൽനിന്നു കേട്ട നല്ല വാക്കുകൾ തുടക്കക്കാരനായ എനിക്ക് അക്ഷരങ്ങളുടെ ശക്തിവിശേഷത്തെക്കുറിച്ചുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ പോന്നതായിരുന്നു.
പി.കെ. ബാലകൃഷ്ണൻ,ഒ. അബ്ദുറഹ്മാൻ
പിന്നെയും കുറേ മാസങ്ങൾ ‘മാധ്യമ’ത്തിൽ തുടർന്നു. ഔദ്യോഗിക പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ വേണുക്കുറുപ്പ് മുതലുള്ള സമാരാധ്യർ പറഞ്ഞുതന്നു. കുറച്ചെല്ലാം അവ പ്രയോഗത്തിൽ വരുത്താൻ ശ്രമിച്ചു. പത്രപ്രവർത്തനത്തിലെ (ജീവിതത്തിലെയും) മൂല്യബോധത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ടുള്ളതായിരുന്നു ‘മാധ്യമ’ത്തിൽനിന്ന് ലഭിച്ച ശിക്ഷണം എന്നു പറയാതെ വയ്യ. ആനുകാലിക രാഷ്ട്രീയത്തിലും ദൈനംദിന രാഷ്ട്രജീവിതത്തിലുമായി നടത്തിയ എളിയ ഇടപെടലുകളുടെ കാലമായിരുന്നു അത്.
മുഴുവൻസമയ പത്രപ്രവർത്തകനായി അഭിഭാഷകവൃത്തിയിലേർപ്പെടാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ, അഭിഭാഷകന് എഴുതുന്നതിനോ പ്രഭാഷണം നടത്തുന്നതിനോ ക്ലാസുകൾ എടുക്കുന്നതിനോ ഒരു തടസ്സവും ഇല്ലെന്ന് ബാർ കൗൺസിൽ ചട്ടങ്ങൾതന്നെ വ്യക്തമാക്കുന്നുണ്ട്. ഈ നിയമയാഥാർഥ്യം മറ്റൊരുതരം ചിന്തയിലേക്ക് നയിച്ചു. അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടുതന്നെ എഴുത്തും (ആ നിലക്കുള്ള ഫ്രീലാൻസ് പത്രപ്രവർത്തനവും) മറ്റും തുടരുവാൻ കഴിയുമെങ്കിൽ ആ സാധ്യത ഉപയോഗപ്പെടുത്തിക്കൂടേ! അങ്ങനെ നിയമവിദ്യാഭ്യാസത്തിന് അതിന്റേതായ സ്വാഭാവിക ഫലപ്രാപ്തിയുണ്ടാക്കിക്കൂടേ?
ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് ‘മാധ്യമ’ത്തിൽനിന്ന് പടിയിറങ്ങിയത്. എന്നാൽ, വേദന നിറഞ്ഞതായിരുന്നു ആ വിടവാങ്ങൽ. എന്നെ പതുക്കെ ഡൽഹിയിൽ നിയമിക്കാനുള്ള ഉദ്ദേശ്യം അന്ന് മാനേജ്മെന്റിനുണ്ടായിരുന്നതായും പറഞ്ഞുകേട്ടിട്ടുണ്ട്. അതിനാൽതന്നെ ‘മാധ്യമം’ വിട്ടുപോകാനുള്ള എന്റെ പെട്ടെന്നുള്ള തീരുമാനം മാനേജ്മെന്റിനും പ്രയാസമുണ്ടാക്കിയിരിക്കണം. പക്ഷേ, പത്രത്തിൽ വരുന്നതിനു മുമ്പും ജോലിചെയ്യുമ്പോഴും പിന്നീട് പത്രം വിട്ടപ്പോഴും ഒരുപോലെ സ്നേഹസൗഹൃദം നിറഞ്ഞ ബന്ധമാണ് ‘മാധ്യമ’വുമായി എനിക്കുള്ളത്.
ഒ. അബ്ദുല്ല,മൊയ്തു വാണിമേൽ
ഇപ്പോഴാകട്ടെ, ആ ബന്ധം കൂടുതൽ സുദൃഢമായിട്ടേയുള്ളൂ. ‘ഓർമയിലെ ഋതുഭേദങ്ങൾ’ പങ്കുവെക്കാനായി ‘മാധ്യമം ആഴ്ചപ്പതിപ്പു’തന്നെ തിരഞ്ഞെടുക്കാൻ കാരണമായതും കാലത്തെ അതിജീവിച്ച ഈ വിശ്വാസമാണ്. പലപല തൊഴിലുകൾ പലപ്പോഴായി ചെയ്തുപോന്നെങ്കിലും ഇനി രണ്ടും കൽപിച്ച് അഭിഭാഷകവൃത്തിയിൽ ഇറങ്ങിയേ മതിയാവൂ. അതിന്റെ അന്തിമഫലം എന്തായിരുന്നാലും. ഇത് ഒരുതരം ബോധ്യപ്പെടൽ ആയിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.